Monday, May 31, 2010

ഉണ്ണിത്താനും ഉടുമുണ്ടും പിന്നെ മുരളിയും

ഏതൊരച്ചനും ആഗ്രഹിക്കുന്നതാണ് തനിക്കൊരു പിന്‍ഗാമി വേണം അല്ലെങ്കില്‍ തന്റെ ബിസിനസ്സ് സീക്രട്ട് സ്വന്തം മക്കള്‍ക്ക് കൈമാറണമെന്നത്. പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്ന സാക്ഷാല്‍ ലീഡര്‍ക്കും അങ്ങനെയൊരു മോഹം മനസ്സില്‍ മുളച്ചുപൊന്തിയതിന് ഇത്രയധികം കാഹളം മുഴക്കേണ്ട കാര്യമെന്തെന്ന് സാധാരണക്കാര്‍ ചോദിക്കുന്നതിലെന്താണ് തെറ്റ്. രാഷ്ട്രീയ ഗോദായിലേക്ക് വിരല്‍തുമ്പില്‍ പിടിച്ച് കയറ്റി, കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ പതിനെട്ടടവും പൂഴിക്കടകനും പഠിപ്പിച്ച് മെയ്‌വഴക്കവും കൈതഴക്കവും വന്ന പോരാളിയാക്കിയപ്പോള്‍ ''അഛാ, അഛനഛന്റെ വഴി, എനിക്കെന്റെ വഴി..'' എന്നു പറഞ്ഞ് വഴിപിരിഞ്ഞുപോയ മുരളി മാനസാന്തരപ്പെട്ട് തിരിച്ചു വരുന്നത് കേട്ടപ്പോള്‍ ഏതൊരഛനെയുംപോലെ ലീഡറുടേയും മനസ്സൊന്നു കുളിര്‍ത്തു. വീട്ടില്‍ നിന്നിറങ്ങിപ്പോയ മുടിയനായ പുത്രനാണെങ്കിലും കാക്കയ്ക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞു തന്നെയല്ലേ.

നടക്കാന്‍ വയ്യെങ്കിലും ഇന്ദ്രപ്രസ്ഥത്തിന്റെ വരാന്തയിലൂടെ തലങ്ങും വിലങ്ങും നടന്നത് വെറുതെയായില്ല എന്ന് ലീഡര്‍ക്കും തോന്നിത്തുടങ്ങിയപ്പോഴാണ് അനന്തപുരിയിലുള്ള നേതാക്കള്‍ക്ക് വെകിളി പിടിച്ചത്. പിന്നെ പാരകളുടെ പ്രവാഹമായി. ''എനിക്ക് സ്ഥാനമാനങ്ങള്‍ ഒന്നും വേണ്ട, അടങ്ങിയൊതുങ്ങി സല്‍സ്വഭാവിയായി ഞാനാ മൂലയിലെങ്ങാനും ചുരുണ്ടുകൂടിക്കൊള്ളാം'' എന്ന് പറഞ്ഞിട്ടും മുരളിയുടെ തിരിച്ചുവരവിന് പാര പണിയാന്‍ അഹോരാത്രം പരിശ്രമിക്കുകയാണ് കേരളത്തിലെ കോണ്‍ഗ്രസ്സ് നേതാക്കള്‍.


''നല്ലവനെങ്കില്‍ നല്ലവന്‍ ചീത്തയായാല്‍ തനിതറ....'' എന്ന് തെളിയിച്ച നേതാവാണ് മുരളി. 2004ല്‍ മറ്റൊരു കോണ്‍ഗ്രസ്സ് നേതാവ് രാജ്‌മോഹന്‍ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞ് ഉത്ഘാടനകര്‍മ്മം നിര്‍വ്വഹിച്ചാണ്  തന്റെ കഴിവ് അദ്ദേഹം പ്രകടിപ്പിച്ചത്.ഉടുതുണി പൊക്കാനും പറിച്ചെറിയാനും പേരുകേട്ടവരാണല്ലോ കേരളീയര്‍. അതും രാഷ്ട്രീയക്കാര്‍. ഉണ്ണിത്താനെ അറിയില്ലേ...? മഞ്ചേരിയില്‍ വെച്ച് ഒരു പെണ്ണിന്റെ കൂടെ പോലീസ് പൊക്കിയ നേതാവ്? അസാന്മാര്‍ഗ്ഗിക നടപടിക്ക് കേസെടുത്തതു കാരണം കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെടുകയും അന്വേഷണത്തെ നേരിട്ട് അഗ്നിശുദ്ധി വരുത്തി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചു വന്ന നേതാവ്....!താന്‍ നിരപരാധിയാണെന്ന ''ക്ലീന്‍ ചിറ്റുമായി'' പുറത്തിറങ്ങിയ ഉണ്ണിത്താന്‍ താന്‍ നേരിട്ട ദുര്‍ഗതി ഇനിയൊരാള്‍ക്കും വരല്ലേ എന്ന ദൃഢപ്രതിജ്ഞയെടുത്ത് പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞു. പുരുഷനും സ്ത്രീക്കും ഏതു പാതിരാത്രിക്കും എവിടേയും നിര്‍ഭയം സഞ്ചരിക്കാവുന്ന ഒരു ബില്ലിന്റെ കരടുരേഖയുണ്ടാക്കുന്നതിന്റെ പണിപ്പുരയിലാണത്രേഈ നേതാവ്. സദാചാരബോധമില്ലാത്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കപട മുഖംമൂടി വലിച്ചുകീറിയിട്ടേ ഞാനടങ്ങൂ എന്നാണ് ഉണ്ണിത്താന്‍ ശപഥം ചെയ്തിരിക്കുന്നത്. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും ഒന്നിച്ചു താമസിക്കാമെന്ന സുപ്രീം കോടതി വിധിയാണ് ഉണ്ണിത്താന്റെ തുറുപ്പു ചീട്ട്.


മുരളി കോണ്‍ഗ്രസ്സിലേക്ക് തിരിച്ചുവന്നാല്‍ തക്കം കിട്ടിയാല്‍ ഉണ്ണിത്താന്റെ മുണ്ടുരിയുമെന്നുറപ്പ്. ഇത് നേരത്തെ മുന്നില്‍ കണ്ട ഉണ്ണിത്താന്‍ മുണ്ടിനു പകരം പാന്റും ഷര്‍ട്ടുമാക്കാന്‍ ആലോചിച്ച് നല്ല തയ്യല്‍ക്കാരെ അന്വേഷിച്ചു നടക്കുമ്പോഴാണ് മഞ്ചേരിയിലെ തയ്യല്‍ക്കടയെക്കുറിച്ച് കേള്‍ക്കുന്നത്. നേരെ വെച്ചുപിടിച്ചു മഞ്ചേരിയിലേക്ക്. അവിടെ ചെന്നപ്പോഴാണ് അറിയുന്നത് തയ്യല്‍ക്കട നടത്തുന്നത് പണ്ട് തന്റെ കൂടെ ജനസേവനത്തിനിറങ്ങിത്തിരിച്ച ജയലക്ഷ്മിയാണെന്ന്. ഹായ്... എന്തൊരത്ഭുതം! പഴയ നേതാവിനെക്കണ്ടപ്പോള്‍ ജയലക്ഷ്മിയ്ക്കും സന്തോഷമായി.

ഒരു നാലു ജോഡി പാന്റും ഷര്‍ട്ടും തല്‍ക്കാലം തയ്പ്പിക്കണം. തന്റെ ആവശ്യം ഉണ്ണിത്താന്‍ അറിയിച്ചു. ജയലക്ഷ്മി ആദ്യം ഷര്‍ട്ടിന്റെ അളവെടുത്തു. കുടവയറുള്ള ഉണ്ണിത്താന്റെ പാന്റിന്റെ അളവ് കൃത്യമായി എടുക്കണമെങ്കില്‍ ഇച്ചിരി ബുദ്ധിമുട്ടുണ്ട്. അതുകൊണ്ട് ഉണ്ണിത്താന് മുണ്ട് അഴിക്കേണ്ടിവന്നു. വളരെ സൗകര്യമായി പാന്റിന്റെ അളവെടുത്തുകൊണ്ടിരിക്കുമ്പോഴാണ് ഏതോ ഏമ്പോക്കികള്‍ ഒളിഞ്ഞുനിന്ന് അതു കണ്ടത്. അയാള്‍ വിളിച്ചുകൂവി ജനങ്ങളെ കൂട്ടിയപ്പോള്‍ പണ്ട് മുരളി ഉടുമുണ്ടുരിഞ്ഞപ്പോള്‍ അന്തംവിട്ടു നിന്നപോലെ ഉണ്ണിത്താനുംനിന്നുപോയി. അത്രേയുള്ളൂ.  ഹോട്ടലില്‍ കയറിയാല്‍ തൂമന്ദഹാസവുമായി തൂശനിലയില്‍ തുമ്പപ്പൂ ചോറു വിളമ്പുന്ന സുന്ദരികളും, സാരിക്കടയില്‍ ചെന്നാല്‍ സാരിയുടുത്ത് ശരീരവടിവു കാണിച്ചു തരുന്ന തരുണീമണികളുമുള്ള നമ്മുടെ കേരളത്തില്‍ ഉണ്ണിത്താനെപ്പോലുള്ളവര്‍ ഒരു തയ്യല്‍ക്കടയില്‍ ചെന്ന് പാന്റിന്റെ അളവെടുത്തത് ഇത്ര പൊല്ലാപ്പാക്കുന്നതെന്തിനാണെന്നാണ് കോണ്‍ഗ്രസ്സ് നേതൃത്വം ചോദിക്കുന്നത്.

മുരളിയെ തിരിച്ചെടുത്ത് കേരളത്തിലേക്ക് വിട്ടാല്‍ ആരുടെയൊക്കെ ഉടുമുണ്ടുരിയുമെന്ന് ദൈവത്തിനു മാത്രമേ അറിയൂ. ഹൈക്കമാന്റ് മുരളിയെ എ.ഐ.സി.സി. സെക്രട്ടറിയാക്കാമെന്നു പറഞ്ഞിട്ടും മുരളിക്കതു വേണ്ട. കാരണം തന്റെ കര്‍മ്മമണ്ഡലം വടക്കേ ഇന്ത്യയിലാക്കുന്നത് മുരളിക്ക് ഇഷ്ടമല്ല. അവിടെയെല്ലാവരും പാന്റ്‌സും കുര്‍ത്ത പൈജാമയുമൊക്കെയാണ് ധരിക്കുന്നത്. കേരളത്തിലാണെങ്കില്‍ എല്ലാവരും മുണ്ടാണ് ഉടുക്കുന്നത്. ഉരിയാന്‍ എളുപ്പം അതാണ്. ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയുമൊക്കെ മുണ്ടാണുടുക്കുന്നത്. മുരളി തിരിച്ചു വന്നാല്‍ ആരുടെ മുണ്ടാണ് ഉരിഞ്ഞെറിയുന്നതെന്നുള്ള അങ്കലാപ്പിലാണ് നേതാക്കളെല്ലാം. മുരളിയുടെ നോട്ടം അവരുടെ ഉടുമുണ്ടിലാണ്. അതു തന്നെയാണ് നേതാക്കളുടെ പേടിയും. അതുകൊണ്ടാണത്രേ മുരളിയെ തിരിച്ചെടുത്താലും കേരളത്തിലേക്ക് വിടരുതെന്ന് അവര്‍ ആവര്‍ത്തിച്ച് പറയുന്നത്. പാര്‍ട്ടിക്കിട്ട് പാരപണിതവരേയും അച്ചടക്കലംഘനം നടത്തിയവരേയും ചവിട്ടിക്കൊന്നവരേയുമൊക്കെ കോണ്‍ഗ്രസ്സില്‍ തിരിച്ചെടുത്തിട്ടും എന്തുകൊണ്ട് എന്നെ മാത്രം തിരിച്ചെടുക്കുന്നില്ല എന്നാണ് മുരളി ചോദിക്കുന്നത്. ഈ മുണ്ടുരിയല്‍ സ്വഭാവമുള്ളയാളെ എങ്ങനെ വിശ്വസിക്കുമെന്ന് കേരള നേതൃത്വവും ചോദിക്കുന്നു. ഇനിയാരുടേയും മുണ്ടുരിയുകയില്ല എന്നും മുണ്ടിലേക്ക് നോക്കുകപോലും ചെയ്യുകയില്ല എന്നും രാഹുല്‍ ഗാന്ധിയുടെ കാല്‍ക്കള്‍ വീണ് പറഞ്ഞതിനുശേഷമാണത്രേ മുരളിയെ ''പരിഗണനയ്ക്കായി'' ഇന്ദ്രപ്രസ്ഥത്തിലേക്ക് വിളിപ്പിച്ചിരിക്കുന്നത്.ഏതായാലും ഹൈക്കമാന്റ് വല്ലാത്തൊരു പ്രതിസന്ധിയിലാണെന്നാണ് പിന്നാമ്പുറ സംസാരം.