ചെറുകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ചെറുകഥ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2024 ഏപ്രിൽ 11, വ്യാഴാഴ്‌ച

ആദ്യത്തെ കണ്മണി (കഥ)

 


ആശുപത്രിയില്‍ നിന്ന് ഇറങ്ങിയതു മുതല്‍ മനസ്സിനകത്തൊരു വീര്‍പ്പുമുട്ടലായിരുന്നു. ശ്രീയേട്ടനും മറ്റേതോ ലോകത്താണെന്നു തോന്നുന്നു.

യൂസുഫ് സറായിയില്‍ നിന്ന് ഗ്രീന്‍പാര്‍ക്കിലേക്ക് തിരിയുന്ന വളവിലെത്തിയപ്പോള്‍ പെട്ടെന്നാണ് കാര്‍ സഡന്‍ ബ്രേക്കിട്ട് നിര്‍ത്തിയത്. മുമ്പില്‍ നിര്‍ത്തിയിരുന്ന ഒരു ഓട്ടോറിക്ഷയുടെ പുറകില്‍ തൊട്ടുരുമ്മി നിന്നതും ഓട്ടോറിക്ഷാ ഡ്രൈവര്‍ ഇറങ്ങി വന്ന് എന്തൊക്കെയോ വിളിച്ചുപറയുകയും ചെയ്തിട്ടും ശ്രീയേട്ടന്‍ സ്റ്റിയറിംഗ് വീലില്‍ പിടിച്ച് അനങ്ങാതിരിക്കുന്നതുകണ്ട് ഞാന്‍ ചോദിച്ചു...

"എന്താ ശ്രീയേട്ടാ ഇത്. അയാള്‍ വന്ന് പറയുന്നതൊന്നും കേള്‍ക്കുന്നില്ലേ?"

ശ്രീയേട്ടന് അപ്പോഴാണ് പരിസരബോധം വന്നത്. ഉടനെ പുറത്തിറങ്ങി ഓട്ടോയുടെ അടുത്ത് പോയി  ഡ്രൈവറുമായി എന്തൊക്കെയോ സംസാരിക്കുന്നതു കണ്ടു. 

"ശ്രീയേട്ടാ, ഇങ്ങനെ അശ്രദ്ധയോടെ കാറോടിച്ചാല്‍ അപകടങ്ങള്‍ ഉണ്ടാകുമെന്നറിയില്ലേ? എന്നിട്ടും..."

"ഞാനെന്തൊക്കെയോ ഓര്‍ത്തിരുന്നുപോയി. അതാ..." ശ്രീയേട്ടന്‍റെ എക്സ്ക്യുസ്.

സഫ്ദര്‍ജംഗ് ഹോസ്പിറ്റലില്‍ നിന്ന് ഇറങ്ങിയപ്പോള്‍ മുതല്‍ ഞാന്‍ ശ്രീയേട്ടനെ ശ്രദ്ധിക്കുകയായിരുന്നു. ആകെ ടെന്‍ഷനടിച്ചിരിക്കുകയാണെന്ന് ആ മുഖഭാവം കണ്ടാലറിയാം. അല്ലെങ്കിലും അങ്ങനെയാണ് ശ്രീയേട്ടന്‍. നിസ്സാര കാരണം മതി പിന്നെ ആ ദിവസം മുഴുവന്‍ അതേക്കുറിച്ച് ആലോചിച്ച് നടക്കും.

ശ്രീയേട്ടനു മാത്രമല്ല എന്‍റെ ഉള്ളവും പിടയ്ക്കുകയായിരുന്നു. പിന്നെ എല്ലാം ദൈവത്തിനു വിട്ടുകൊടുത്ത് ഞാന്‍ സമാധാനിക്കുകയാണ്.

ഇന്നലെ രാവിലെ മുതല്‍ ആകെ ഒരു തളര്‍ച്ച പോലെ തോന്നിയതാണ്. ശ്രീയേട്ടനോട് അക്കാര്യം പറഞ്ഞില്ല. പക്ഷെ, വൈകീട്ട് ഓഫീസില്‍ നിന്നു വന്ന ശ്രീയേട്ടന്‍ എന്‍റെ കിടപ്പുകണ്ട് ആകെ വേവലാതി പൂണ്ടു. എന്തുകൊണ്ട് രാവിലെ പറഞ്ഞില്ലെന്നായി പരിഭവം. ഞാന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. പക്ഷെ, ശ്രീയേട്ടന്‍ അത് കേട്ടില്ല. രാത്രിയായപ്പോഴേക്കും തീരെ വയ്യെന്നായി. നീതി ബാഗില്‍ താമസിക്കുന്ന ഡോക്ടര്‍ മാലിനിയെ വിളിച്ചു. തല്‍ക്കാലം മരുന്നൊന്നും കൊടുക്കേണ്ടെന്നും എന്തെങ്കിലും കൂടുതല്‍ കോംപ്ലിക്കേഷന്‍സ് ഉണ്ടാകുകയാണെങ്കില്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകാനും നിര്‍ദ്ദേശിച്ചു. എന്തായാലും രാവിലെ ഹോസ്പിറ്റലിലേക്ക് വരൂ. ഒരു ചെക്കപ്പ് നടത്തിയേക്കാമെന്ന് ഡോക്ടര്‍ പറഞ്ഞതനുസരിച്ചാണ് ഇന്ന് പോയത്.

രാവിലെ എട്ടു മണിയായപ്പോഴേക്കും സഫ്ദര്‍ജംഗ് ഹോസ്പിറ്റലിലെത്തി. കൗണ്ടറില്‍ പേര് രജിസ്റ്റര്‍ ചെയ്തു. ഒന്‍പതു മണിക്ക് ഡോക്ടറെ കാണാനുള്ള കാര്‍ഡ് തന്നു. ഡോക്ടറെ പരിചയമുള്ളതുകൊണ്ട് അവര്‍ തന്നെ നേരത്തെ എന്‍റെ പേരും മറ്റു വിവരങ്ങളും കൊടുത്തിരുന്നതുകൊണ്ട് കാര്യങ്ങള്‍ എളുപ്പമായി...

ഡോക്ടര്‍ വിവരങ്ങളെല്ലാം ചോദിച്ചറിഞ്ഞു. എന്നോട് ചോദിക്കുന്ന ചോദ്യങ്ങള്‍ക്ക് ശ്രീയേട്ടന്‍ മറുപടി പറയുന്നതുകേട്ട് ഡോക്ടര്‍ക്ക് ചിരി വന്നു. അതു കണ്ടിട്ടാകാം ശ്രീയേട്ടന്‍ പിന്നീടൊന്നും പറഞ്ഞില്ല. തലേദിവസത്തെ വിവരങ്ങള്‍ വള്ളിപുള്ളി വിടാതെ ശ്രീയേട്ടന്‍ പറഞ്ഞുകൊടുത്തെങ്കിലും എന്നോട് കാര്യങ്ങള്‍ തിരക്കി. 

"ഇന്നലെ രാവിലെ കിച്ചനില്‍ നില്‍ക്കുമ്പോള്‍ തലകറങ്ങുന്നതുപോലെ തോന്നി. കൗണ്ടര്‍ ടോപ്പില്‍ പിടിച്ചതുകൊണ്ട് താഴെ വീണില്ല. പക്ഷെ വയറിന്‍റെ ഇടതുവശം സ്ലാബില്‍ ഇടിച്ചോ എന്നൊരു സംശയം."

"കേട്ടോ ഡോക്ടര്‍ ഇവള്‍ അങ്ങനെയാണ്. ഇന്നലെ ആ സംഭവം നടന്നു കഴിഞ്ഞപ്പോള്‍ തന്നെ ഞാന്‍ പറഞ്ഞതാ ഡോക്ടറെ കാണണമെന്ന്. കൂട്ടാക്കിയില്ല." ശ്രീയേട്ടന്‍ പരിഭവത്തോടെ പറഞ്ഞു.

ഡോക്ടര്‍ വിശദമായിത്തന്നെ പരിശോധനയും നടത്തി. വിളര്‍ച്ചയും മറ്റും കണ്ടതുകൊണ്ടാകാം ഒരു ടോണിക്കിന് കുറിപ്പു തന്നു. മറ്റൊരു മരുന്നും തല്‍ക്കാലം കഴിക്കേണ്ടെന്നും കുഴപ്പമൊന്നും കാണുന്നില്ലെന്നും പറഞ്ഞു. എങ്കിലും ഒന്ന് സ്കാന്‍ ചെയ്തു കളയാമെന്ന് പറഞ്ഞപ്പോള്‍ സംശയം തോന്നി. 

ഡോക്ടര്‍ സ്കാനിംഗിനുള്ള ഏര്‍പ്പാടുകള്‍ ചെയ്തു.

സ്കാനിംഗിനായി അല്പസമയം കാത്തുനില്‍ക്കേണ്ടി വന്നു. വെയ്റ്റിംഗ് റൂമില്‍ കാത്തിരുന്ന ഞങ്ങളെ ഡോക്ടര്‍ അകത്തേക്ക് വിളിപ്പിച്ചു. ഞങ്ങള്‍ വന്നപ്പോള്‍ കണ്ട ഡോക്ടറുടെ മുഖഭാവമല്ല ഇപ്പോള്‍..! ഡോക്ടര്‍ക്ക് പറയാനുള്ളത് അത്ര സുഖമുള്ള വിവരങ്ങളായിരിക്കില്ല എന്ന് അപ്പോഴേ ഊഹിച്ചു. ഡോക്ടര്‍ ഞങ്ങളെ നോക്കി ചിരിക്കാന്‍ ശ്രമിച്ചെങ്കിലും അതില്‍ ഒരു കൃത്രിമത്വം പതിയിരിക്കുന്നില്ലേ എന്നെനിക്കു തോന്നി. ഒരുതരം നിസ്സംഗതയോ നിസ്സഹായതയോ ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടെന്ന് തോന്നി. 

"എന്തെങ്കിലും പ്രശ്നമുണ്ടോ ഡോക്ടര്‍?"

ആകാംക്ഷയോടെ ഞങ്ങള്‍ ചോദിച്ചു.

"നിങ്ങള്‍ ഇരിക്കൂ" 

ഡോക്ടറുടെ മുഖഭാവം ശ്രദ്ധിച്ചുകൊണ്ടു തന്നെ ഞങ്ങള്‍ ഇരുന്നു. ഈ ഔപചാരികതയൊന്നും പതിവില്ലാത്തതാണല്ലൊ. ഞാന്‍ ശ്രീയേട്ടനെ നോക്കി. ശ്രീയേട്ടനും ഒന്നും മനസ്സിലാവുന്നില്ലെന്ന് എനിക്കും തോന്നി.

"വളരെ പ്രധാനപ്പെട്ട ചില കാര്യങ്ങള്‍ എനിക്ക് നിങ്ങളോട് പറഞ്ഞേ പറ്റൂ. നിങ്ങള്‍ ടെന്‍ഷനടിക്കേണ്ടതില്ല. എല്ലാം ദൈവ നിശ്ചയമെന്ന് മനസ്സിലാക്കിയാല്‍ മതി.."

ഡോക്ടറുടെ മുഖവുരയില്‍ തന്നെ എന്തോ പന്തികേടു തോന്നി.

"എന്താ ഡോക്ടര്‍?"

"കഴിഞ്ഞ പ്രാവശ്യത്തെ സ്കാനിംഗില്‍ കണ്ട പോലെയല്ല ഇപ്പോള്‍ കാണുന്നത്. കുട്ടിയുടെ പൊസിഷന്‍ അല്പം മാറിയിട്ടുണ്ട്.."

"ഡോക്ടര്‍ പറഞ്ഞുവരുന്നത്?"

"ഈ പൊസിഷനിലാണ് കുഞ്ഞ് വളരുന്നതെങ്കില്‍ ഒരുപക്ഷെ അതൊരു റിസ്ക് ആകാന്‍ സാധ്യതയുണ്ട്. അതായത് കുഞ്ഞിനോ അമ്മയ്ക്കോ അത് ദോഷകരമായി ബാധിക്കാം. ഗര്‍ഭ പാത്രത്തിനും ക്ഷതമേല്‍ക്കാന്‍ സാധ്യത കൂടും. കുഞ്ഞ് ജനിക്കുമ്പോള്‍ നോര്‍മലാകാനുള്ള സാധ്യതയും കുറവാണ്.."

പിന്നീട് ഡോക്ടര്‍ പറഞ്ഞതെല്ലാം ഞെട്ടലോടെയാണ് കേട്ടിരുന്നത്. ശ്രീയേട്ടന്‍റെ മുഖം വലിഞ്ഞു മുറുകുന്നത് ഞാന്‍ ശ്രദ്ധിച്ചു. എന്‍റേയും അവസ്ഥ മറിച്ചായിരുന്നില്ല. യാന്ത്രികമായിരുന്നു ഡോക്ടറോട് ഓരോ കാര്യങ്ങള്‍ ചോദിച്ചത്. അപ്പോഴും പ്രതീക്ഷകളായിരുന്നു മനസ്സു നിറയെ.

"നിങ്ങള്‍ ഇപ്പോള്‍ ഇതേക്കുറിച്ച് ആലോചിച്ച് മനസ്സ് വിഷമിപ്പിക്കേണ്ട. എന്‍റെ കണ്ടെത്തലുകള്‍ ശരിയാണോ എന്ന് എന്‍റെ സീനിയര്‍ ഡോക്ടര്‍ മല്‍ഹോത്രയുമായി ഒന്ന് കണ്‍സള്‍ട്ട് ചെയ്യട്ടേ. അദ്ദേഹം ഈ ഹോസ്പിറ്റലിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റാണെന്ന് അറിയാമല്ലോ. ഇവിടെ മാത്രമല്ല, അമേരിക്കയില്‍ പോലും അദ്ദേഹം അറിയപ്പെട്ട ഗൈനക്കോളജിസ്റ്റാണ്. അവിടത്തെ ജോലി ഉപേക്ഷിച്ചാണ് ഈ ഹോസ്പിറ്റലില്‍ അദ്ദേഹം പ്രാക്ടീസ് ചെയ്യുന്നത്. തീര്‍ച്ചയായും ഒരു പോസിറ്റീവ് റിപ്പോര്‍ട്ട് അദ്ദേഹം തരുമെന്ന പ്രതീക്ഷയുണ്ട്. വിവരങ്ങള്‍ ഞാന്‍ ഫോണ്‍ ചെയ്ത് പറയാം. ഇങ്ങോട്ട് വരേണ്ട ആവശ്യമില്ല." 

ഡോക്ടര്‍ പറഞ്ഞു നിര്‍ത്തി.

"ശ്രീയേട്ടാ, ഡോക്ടര്‍ പറഞ്ഞതോര്‍ത്ത് വണ്ടിയോടിച്ചാല്‍ നമ്മള്‍ എവിടെയായിരിക്കും എത്തുക എന്നറിയാമല്ലോ. അതുകൊണ്ട് വീട്ടില്‍ ചെന്നിട്ട് നമുക്ക് ആലോചിക്കാം. ഇപ്പോള്‍ സൂക്ഷിച്ച് ഓടിക്കുക." ശ്രീയേട്ടന്‍ തന്‍റെ മുഖത്തേക്ക് നോക്കി കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.

ഹൗസ് ഖാസിലെ വീടെത്തുന്നതുവരെ ശ്രീയേട്ടന്‍ ഒരക്ഷരം ഉരിയാടിയില്ല. 

"എനിക്ക് നല്ല ക്ഷീണം. ഞാനൊന്ന് കിടക്കട്ടെ.."

വീട്ടിലെത്തിയ ഉടനെ ശ്രീയേട്ടന്‍ പറഞ്ഞു.

മനസ്സിലൂടെ ഒരായിരം ചിന്തകള്‍ കടന്നുപോയി. ഡ്രസ്സ് മാറി ബാല്‍ക്കണിയില്‍ പോയി നിന്നു. ഡോക്ടര്‍ എന്തായിരിക്കും ഇനി പറയാന്‍ പോകുന്നത്? കുഞ്ഞിന് എന്തെങ്കിലും സംഭവിക്കുമോ? ഡോക്ടര്‍ മല്‍ഹോത്ര എന്തെങ്കിലും പോംവഴി പറയുമോ? ആകാംക്ഷ കൊണ്ട് ശരീരത്തിന് വിറയല്‍ വന്നതുപോലെ. വിവാഹം കഴിഞ്ഞ് നീണ്ട നാലു വര്‍ഷങ്ങള്‍ക്കുശേഷമാണ് ഞങ്ങളുടെ ആദ്യത്തെ കണ്മണി പിറക്കാന്‍ പോകുന്നത്. അത് ആണായാലും പെണ്ണായാലും ഞങ്ങളുടെ കണ്മണി തന്നെ. നാട്ടില്‍ നിന്ന് അഛനും അമ്മയുമൊക്കെ വിളിക്കുമ്പോള്‍ ഒരേ ഒരു ചോദ്യമാണ്. ഓരോരോ ഒഴികഴിവുകള്‍ പറഞ്ഞ് തോറ്റു. ഇപ്പോള്‍ അവരുടെയും മനസ്സ് തണുത്തിരിക്കുകയാണ്. അതിനിടയില്‍ ഇങ്ങനെയൊരു വാര്‍ത്ത കൂടി കേട്ടാലത്തെ അവസ്ഥ ഓര്‍ക്കാന്‍ കൂടി വയ്യ.

ഊണു കഴിയ്ക്കാന്‍ ശ്രീയേട്ടനെ വിളിച്ചുണര്‍ത്തി. എന്തൊക്കെയോ കഴിച്ചെന്നു വരുത്തി. തീരെ വിശപ്പു തോന്നുന്നില്ല. എങ്കിലും എന്തെങ്കിലും കഴിച്ചല്ലേ പറ്റൂ. ശ്രീയേട്ടന്‍റെ നിര്‍ബ്ബന്ധത്തിന് വഴങ്ങി താനും കഴിച്ചെന്നു വരുത്തി. 

രാവിലെ മുതല്‍ ഹോസ്പിറ്റലിലായിരുന്നതുകൊണ്ട് നല്ല ക്ഷീണം തോന്നി. കട്ടിലില്‍ ചെന്നു കിടന്നതേ ഉറക്കം കണ്‍പോളകളെ തഴുകിയുറക്കി. ശ്രീയേട്ടന്‍ വിളിച്ചപ്പോഴാണ് കണ്ണുതുറന്നത്. സമയം അഞ്ചു മണി! ഹോ... ഇത്രനേരവും ഞാന്‍ ഉറങ്ങിയോ? ശ്രീയേട്ടന്‍ ഉണ്ടാക്കിയ ചൂടു ചായ മൊത്തിക്കുടിച്ചപ്പോള്‍ ഒരുേډഷം തോന്നി. 

കുട്ടികളുടെ കലപില ശബ്ദം കേട്ട് ബാല്‍ക്കണിയിലേക്ക് ചെന്നു. വീടിനു മുന്‍പിലെ പാര്‍ക്കില്‍ കുട്ടികള്‍ ഓടിക്കളിക്കുകയാണ്. ഹൗസിംഗ് കോളനിയിലെ മിക്ക വീടുകളില്‍ നിന്നും അമ്മമാര്‍ കുട്ടികളേയും കൊണ്ടു ഈ പാര്‍ക്കിലാണ് വരുന്നത്. കുട്ടികള്‍ക്കാണെങ്കില്‍ ഏറെ സന്തോഷം. അവരുടെ നിഷ്ക്കളങ്കമായ ചിരിയും കുസൃതിത്തരങ്ങളും ഏറെ നേരം നോക്കി നിന്നു. പാര്‍ക്കിനു പുറത്ത് ഐസ് ക്രീം വണ്ടിയുടെ മണിയടി കേട്ടപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടായി. മക്കള്‍ക്ക് അവര്‍ക്കിഷ്ടപ്പെട്ട ഐസ് ക്രീം വാങ്ങിക്കൊടുക്കുന്ന തിരക്കിലായ അമ്മമാരെ നോക്കി നെടുവീര്‍പ്പിട്ടു. തനിക്കും ഇതുപോലെ തന്‍റെ കുഞ്ഞിന് ഐസ് ക്രീം വാങ്ങിക്കൊടുക്കാന്‍ കഴിയുമോ? മനസ്സ് വെമ്പി.

വൈകുന്നേരം പണിക്കരു ചേട്ടനും ശാന്ത ചേച്ചിയും വന്നു. ഞങ്ങള്‍ ഹോസ്പിറ്റലില്‍ പോകുന്ന കാര്യം അവരോടു പറഞ്ഞിരുന്നു. മാളവ്യ നഗറിലാണവര്‍ താമസിക്കുന്നത്. ഞങ്ങളുടെ കുടുംബ സുഹൃത്തുക്കളില്‍ ഏറ്റവും അടുപ്പമുള്ളവരും അവര്‍ തന്നെ. ഡല്‍ഹി ഡവലപ്മെന്‍റ് അഥോറിറ്റിയില്‍ നിന്ന് ചീഫ് എഞ്ചിനീയറായി വിരമിച്ച പണിക്കരു ചേട്ടനും എയിംസിലെ സ്റ്റാഫ് നഴ്സ് ശാന്ത ചേച്ചിയും മാളവ്യ നഗര്‍ ഡിഡിഎ ഫ്ളാറ്റിലാണ് താമസം. ശാന്ത ചേച്ചി എനിക്ക് അമ്മയും ചേച്ചിയുമൊക്കെയാണ്. അത്രയും സ്നേഹമാണ് അവര്‍ക്ക് എന്നോട്. മക്കളില്ലാത്ത അവര്‍ക്ക് ഞങ്ങള്‍ മക്കളെപ്പോലെയാണ്. 

"രണ്ടു പേരുമെന്താ ആകെ ടെന്‍ഷനടിച്ചിരിക്കുന്നത്?"

വന്നപാടെ സ്വതസിദ്ധമായ ഫലിതത്തോടെ പണിക്കരു ചേട്ടന്‍ ചോദിച്ചു.

ശാന്ത ചേച്ചി എന്നെയും കൂട്ടി അടുക്കളയിലേക്ക് പോയി. ഉണ്ടായ സംഭവങ്ങളെല്ലാം ചേച്ചിയോടു പറഞ്ഞു. അവസാനം ചേച്ചി പറഞ്ഞു...

"ഡോക്ടര്‍ അങ്ങനെയൊരു സംശയം പറഞ്ഞ സ്ഥിതിക്ക് ഇനി അതേക്കുറിച്ച് ആലോചിക്കണോ?"

"എനിക്കൊന്നും അറിയില്ല ചേച്ചീ. ഞാനാകെ തകര്‍ന്നിരിക്കുകയാണ്."

"അങ്ങനെ പറഞ്ഞാല്‍ ശരിയാകുമോ മോളെ. തീരുമാനമെടുക്കണമെങ്കില്‍ എത്രയും വേഗം വേണം. വൈകിയാല്‍...."

"ചേച്ചീ, അതിന് ഞാന്‍...."

"മോളുടെ വിഷമം എനിക്ക് മനസ്സിലാകും. ഏതായാലും ഡോക്ടര്‍ മാലിനി നാളെ വിവരം പറയുമല്ലോ. അപ്പോള്‍ എന്താണെന്നു വെച്ചാല്‍ തീരുമാനിക്കാം. അതുവരെ ടെന്‍ഷനൊന്നും പാടില്ല."

ചേച്ചി ഉപദേശിച്ചു.

ഇതേ അനുഭവം തന്നെയായിരുന്നു ശ്രീയേട്ടന്‍റേയും. പണിക്കരു ചേട്ടന്‍ ഒരു ജ്യേഷ്ഠനെപ്പോലെ ശ്രീയേട്ടനെ ഉപദേശിച്ചു. നാളെ വരാമെന്നു പറഞ്ഞ് രണ്ടു പേരും പോയി. 

വളരെ വൈകിയാണ് രാത്രി കിടന്നത്. ഉറക്കം വരാതെ തിരിഞ്ഞും മറിഞ്ഞും എത്രനേരമാണ് കിടന്നതെന്ന് അറിയില്ല. ശ്രീയേട്ടനും ഉറങ്ങിയിട്ടില്ലെന്നു മനസ്സിലായി. 

ചിന്തകള്‍ കാടു കയറുകയാണ്. ഇങ്ങനെയൊക്കെ സംഭവിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതേ ഇല്ല. അന്നത്തെ ആ സംഭവമാണ് എല്ലാത്തിനും തുടക്കമിട്ടത്. ആര്‍.കെ.പുരം സെക്ടര്‍ നാലിലുള്ള ശ്രീയേട്ടന്‍റെ സുഹൃത്ത് രവിയുടെ മകന്‍റെ പിറന്നാള്‍ ആഘോഷത്തില്‍ പങ്കെടുത്ത് തിരിച്ചു വരുന്ന വഴിയാണ് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയാത്ത ആ സംഭവം നടന്നത്. പാര്‍ട്ടി കഴിഞ്ഞ് തിരിച്ചു വരുന്ന വഴി സരോജിനി നഗറും രാജ് നഗറും ചേരുന്ന ജംഗ്ഷനില്‍ ഗ്രീന്‍ സിഗ്നല്‍ കാത്തു നില്‍ക്കുകയായിരുന്ന ശ്രീയേട്ടന്‍റെ ബൈക്കിനു പുറകില്‍ പെട്ടെന്നാണ് ആ ബസ് വന്നിടിച്ചത്. ഇടിയുടെ ആഘാതത്തില്‍ ഞങ്ങള്‍ രണ്ടു പേരും തെറിച്ചു വീണു. ഭാഗ്യത്തിന് സൈഡിലേക്ക് വീണതുകൊണ്ട് മറ്റു വാഹനങ്ങളില്‍ നിന്ന് രക്ഷപ്പെട്ടു. അപ്പോഴേക്കും തൊട്ടടുത്തുള്ള ബസ് സ്റ്റോപ്പില്‍ നിന്ന് ആളുകള്‍ ഓടിക്കൂടി ആരൊക്കെയോ ചേര്‍ന്ന് തന്നെ താങ്ങിയെഴുന്നേല്പിച്ചു. തലയ്ക്കകത്ത് ഒരു പെരുപ്പ് പോലെ തോന്നി. ആകെ മൂടിക്കെട്ടിയ പോലെ ഒന്നും വ്യക്തമായി കാണാന്‍ കഴിഞ്ഞില്ല. ശ്രീയേട്ടാ എന്ന എന്‍റെ വിളി കേട്ടിട്ടെന്നോണം ഒരു മലയാളി അടുത്തു വന്നു. പേടിക്കേണ്ടെന്ന് ആശ്വസിപ്പിച്ച് ചുറ്റും നോക്കി. അപ്പോഴേക്കും ശ്രീയേട്ടനെ രണ്ടു പേര്‍ താങ്ങി നടത്തിച്ച് അടുത്തേക്ക് വന്നു. ശ്രീയേട്ടന്‍റെ നെറ്റിയില്‍ നിന്ന് രക്തം ഒഴുകുന്നുണ്ടായിരുന്നു. അത് കണ്ടതോടെ ഞാന്‍ ബോധം കെട്ടു. 

ബോധം വീണപ്പോള്‍ ഞങ്ങള്‍ സഫ്ദര്‍ജംഗ് ഹോസ്പിറ്റലിന്‍റെ അത്യാഹിത വിഭാഗത്തിലായിരുന്നു. കണ്ണു തുറന്നപ്പോള്‍ ചുറ്റും നഴ്സുമാരും ഡോക്ടര്‍മാരുമുണ്ട്.

"ശ്രീയേട്ടന്‍.....?" ഞാന്‍ ചുറ്റും നോക്കി.

എന്‍റെ നോട്ടം കണ്ട് നഴ്സുമാരില്‍ ഒരാള്‍ പറഞ്ഞു..

"പേടിക്കേണ്ട. ഹസ്ബന്‍റിന് കുഴപ്പമൊന്നുമില്ല. ഒരു ചെറിയ മുറിവ്. അത് ഡ്രസ് ചെയ്തു. ആള്‍ ഇപ്പോഴിങ്ങെത്തും..."

പറഞ്ഞു തീരും മുന്‍പേ ശ്രീയേട്ടനെത്തി. എന്നെ ആശ്വസിപ്പിച്ചു. അപകട സമയത്ത് ഞങ്ങള്‍ക്കു വേണ്ട എല്ലാ സഹായങ്ങളും ചെയ്ത ആ മലയാളിയും കൂടെയുണ്ടായിരുന്നു. ആരാണെന്നോ എവിടത്തുകാരനെന്നോ ഒന്നും അറിയാത്ത ആ മനുഷ്യന്‍ ഞങ്ങളെ ആശ്വസിപ്പിക്കാനും സഹായിക്കാനും കൂടെയുണ്ടായിരുന്നു. ശ്രീയേട്ടന്‍ അയാള്‍ക്ക് നന്ദി പറഞ്ഞു. പക്ഷെ ആ മനുഷ്യന്‍ പോകാന്‍ കൂട്ടാക്കിയില്ല. ഡോക്ടറെ കാണാനും, വിവരങ്ങളന്വേഷിക്കാനുമൊക്കെ അയാള്‍ ഓടി നടന്നു. കൂട്ടത്തില്‍ ശ്രീയേട്ടന്‍റെ ആര്‍.കെ. പുരത്തുള്ള സുഹൃത്തിനെ വിവരമറിയിക്കാമെന്നും പറഞ്ഞു. ഞങ്ങളെ താങ്ങിയെടുത്ത് കാറില്‍ കയറ്റിയതുകൊണ്ടാകാം അയാളുടെ ഷര്‍ട്ടിലും മറ്റും രക്തം പറ്റിപ്പിടിച്ചിരിക്കുന്നത് ഞാന്‍ കണ്ടു. ശ്രീയേട്ടനും അതു കണ്ടു...

"നിങ്ങളുടെ ഷര്‍ട്ടില്‍ രക്തക്കറയുണ്ട്. വീട്ടിലേക്ക് പോയ്ക്കോ. ഞങ്ങള്‍ക്ക് കുഴപ്പമൊന്നുമില്ലല്ലോ..." ശ്രീയേട്ടന്‍ പറഞ്ഞു.

"അതു സാരമില്ല. നിങ്ങളുടെ സുഹൃത്തിന്‍റെ ഫോണ്‍ നമ്പര്‍ തരൂ. ഞാന്‍ അവരെ വിളിച്ച് വിവരങ്ങള്‍ പറയാം. അവര്‍ വന്നിട്ട് ഞാന്‍ പൊയ്ക്കൊള്ളാം..." 

അയാള്‍ അതു പറഞ്ഞപ്പോഴാണ് ശ്രീയേട്ടന്‍റെ മൊബൈല്‍ പോക്കറ്റില്‍ ഇല്ല എന്ന് മനസ്സിലായത്. അത് അപകടം നടന്ന സമയത്ത് എവിടെയോ തെറിച്ചു പോയിരുന്നു. ശ്രീയേട്ടന്‍റെ വിഷമം കണ്ട് അയാള്‍ പറഞ്ഞു... അത് സാരമില്ല. സെക്ടര്‍ നാലില്‍ ക്വാര്‍ട്ടേഴ്സ് നമ്പര്‍ പറഞ്ഞാല്‍ മതി. ഞാന്‍ അവിടെ പോയി വിവരം അറിയിക്കാം എന്ന്...

ശ്രീയേട്ടന്‍ അയാള്‍ക്ക് അഡ്രസ് പറഞ്ഞുകൊടുത്തു. അയാള്‍ പോകുന്നതിനു മുന്‍പ് ശ്രീയേട്ടന്‍ കെട്ടുതാലിയടക്കം എന്‍റെ ആഭരണങ്ങള്‍ മുഴുവനും, ശ്രീയേട്ടന്‍റെ കൈയ്യില്‍ കെട്ടിയിരുന്ന ബ്രെയ്സ്ലെറ്റും വാച്ചും എന്തിനു പറയുന്നു മോതിരം വരെ ഊരി കര്‍ച്ചീഫില്‍ പൊതിഞ്ഞ് അയാളെ ഏല്പിച്ചു. ആശുപത്രിയിലെത്തിയപ്പോള്‍ എന്‍റെ ആഭരണങ്ങള്‍ ഊരിയെടുത്തത് ഒരു മലയാളി നഴ്സ് ആയിരുന്നു. അവരത് ശ്രീയേട്ടനെ ഏല്പിച്ചിരുന്നു. 

ആഭരണങ്ങള്‍ അയാളെ ഏല്പിച്ചപ്പോള്‍ അയാള്‍ അമ്പരന്നു. അതൊക്കെ ഇവിടെത്തന്നെ സൂക്ഷിച്ചാല്‍ മതിയെന്ന് അയാള്‍ പറഞ്ഞെങ്കിലും ശ്രീയേട്ടന്‍ സമ്മതിച്ചില്ല. ആശുപത്രിയില്‍ എന്തും സംഭവിക്കാം. അതുകൊണ്ട് ഈ ആഭരണങ്ങള്‍ രവിയെ ഏല്പിച്ചാല്‍ മതിയെന്നു പറഞ്ഞാണ് കൊടുത്തുവിട്ടത്. മനസ്സില്ലാമനസ്സോടെ അയാളതു വാങ്ങുകയും ചെയ്തു. ഒരു മണിക്കൂറിനകം ശ്രീയേട്ടന്‍റെ സുഹൃത്തുക്കള്‍ ആശുപത്രിയിലെത്തി. പിന്നീട് കാര്യങ്ങളെല്ലാം ദ്രുതഗതിയിലായി. അതിനിടെ വിവരമറിഞ്ഞ് പണിക്കരു ചേട്ടനും എത്തിയിരുന്നു. എല്ലാ കാര്യങ്ങളും ചെയ്തു തരാന്‍ പണിക്കരു ചേട്ടനും സുഹൃത്തുക്കളുമുണ്ടായിരുന്നു. പക്ഷെ, ഞങ്ങളെ ആശുപത്രിയിലെത്തിച്ച ആ മലയാളിയെ മാത്രം കണ്ടില്ല. അതെനിക്ക് അത്ഭുതമായി തോന്നി. തമ്മില്‍ യാതൊരു പരിചയവുമില്ലാത്ത ഞങ്ങളെ ഇവിടെ എത്തിച്ച് ആ മനുഷ്യന്‍ എവിടെപ്പോയി? ഇക്കാര്യം സുഹൃത്തുക്കളുമായി ശ്രീയേട്ടന്‍ സംസാരിച്ചു. അപ്പോഴാണ് മറ്റൊരു സംഭവം ഞങ്ങള്‍ അറിയുന്നത്.

ആശുപത്രിയില്‍ നിന്ന് ഇറങ്ങിയ അയാള്‍ ആര്‍.കെ. പുരം വരെ ഓട്ടോറിക്ഷയില്‍ വന്നു. പക്ഷെ, ശ്രീയേട്ടന്‍ പറഞ്ഞു കൊടുത്ത ക്വാര്‍ട്ടേഴ്സ് നമ്പറില്‍ അന്വേഷിച്ചപ്പോള്‍ അത് തെറ്റായ അഡ്രസ്സാണെന്നു മനസ്സിലായി. അപകടം നടന്ന ആ വെപ്രാളത്തിനിടയില്‍ ശ്രീയേട്ടന്‍ പറഞ്ഞുകൊടുത്ത ക്വാര്‍ട്ടേഴ്സ് നമ്പര്‍ തെറ്റായിരുന്നു. അവിടെ ചെന്നപ്പോഴാണ് അത് ഒരു ഹിന്ദിക്കാരന്‍ താമസിക്കുന്നതാണെന്ന് മനസ്സിലായത്. തൊട്ടടുത്ത ബ്ലോക്കിലും അയാള്‍ അന്വേഷിച്ചു. ഷര്‍ട്ടിലും പാന്‍റിലുമൊക്കെ പറ്റിപ്പിടിച്ചിരിക്കുന്ന ചോരക്കറ കണ്ട് ആളുകള്‍ അയാളെ തടഞ്ഞുവെച്ച് ചോദ്യങ്ങള്‍ ചോദിക്കാന്‍ തുടങ്ങി. പോലീസിനെ വിളിക്കുന്ന ഘട്ടമെത്തിയപ്പോഴാണ് അതേ ബ്ലോക്കില്‍ തന്നെ താമസിക്കുന്ന ഒരു മലയാളിയുടെ ശ്രദ്ധയില്‍ പെടുന്നത്. അയാള്‍ വന്നു കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവത്തിന്‍റെ ഗൗരവം മനസ്സിലായത്. ആ മലയാളിയാണ് ശ്രീയേട്ടന്‍റെ സുഹൃത്തിനെ വിവരമറിയിക്കുന്നത്. 

"ശ്രീയേട്ടാ, അപ്പോള്‍ ആ ആഭരണമൊക്കെ...?"

എന്‍റെ വെപ്രാളം കണ്ട് ശ്രീയേട്ടനും ആകെ അസ്വസ്ഥനായി. അയാളാണെങ്കില്‍ ഇവരോടൊപ്പം വന്നിട്ടുമില്ല. ദൈവമേ ഞങ്ങളുടെ ആഭരണവും കൊണ്ട് അയാള്‍ കടന്നു കളഞ്ഞോ? ഈശ്വരാ..... 

ഞങ്ങളുടെ മുഖഭാവം കണ്ട് സുഹൃത്തുക്കള്‍ പരസ്പരം നോക്കി. എന്താണ് കാര്യമെന്നും തിരക്കി. അപ്പോഴാണ് ശ്രീയേട്ടന്‍ ആഭരണത്തിന്‍റെ കാര്യം പറഞ്ഞത്. അതു കേട്ടതോടെ അവര്‍ ശ്രീയേട്ടന്‍ കൊടുത്തുവിട്ട കര്‍ച്ചീഫ് പൊതി എടുത്തു നീട്ടി. ഇത് അയാള്‍ ഏല്പിച്ചതാണ്. എല്ലാം ഉണ്ടോ എന്ന് നോക്കാനും ആവശ്യപ്പെട്ടു. ശ്രീയേട്ടന്‍ കൊടുത്തുവിട്ട എല്ലാ ആഭരണങ്ങളും ഭദ്രമായി അയാള്‍ ഏല്പിച്ചിരിക്കുന്നു!!  ഒരു നന്ദി വാക്കുപോലും കേള്‍ക്കാന്‍ നില്‍ക്കാതെ അയാള്‍ പോയതെന്തേ? 

"അതാണ് ദൈവത്തിന്‍റെ വിളയാട്ടം. നാം നന്മ ചെയ്താല്‍ നമുക്കത് തിരിച്ചുതരാന്‍ ദൈവം ആരെയെങ്കിലും നിയോഗിക്കും. അതില്‍പെട്ട ഒരാളായിരിക്കാം നിങ്ങളെ ഭ്രദ്രമായി ഇവിടെ എത്തിച്ചതും നിങ്ങളുടെ സ്വര്‍ണ്ണാഭരണങ്ങള്‍ ഭദ്രമായി ദാ ഇവരെ ഏല്പിച്ചതും. നേരെ മറിച്ച് ആ ആഭരണങ്ങളുമായി അയാള്‍ കടന്നു കളഞ്ഞിരുന്നെങ്കിലോ? അയാളുടെ പേരോ നാടോ ജോലി സ്ഥലമോ നിങ്ങള്‍ക്കറിയില്ല. എന്നാല്‍ ആപത്തു വന്നപ്പോള്‍ നിങ്ങള്‍ക്ക് രക്ഷകനായി അജ്ഞാതനായ അയാളെത്തി. ദൈവത്തോട് നന്ദി പറയുക. എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നിങ്ങള്‍ അയാളെ കാണും.." പണിക്കരു ചേട്ടന്‍ പറഞ്ഞു നിര്‍ത്തി. 

അന്നത്തെ ഒരു ദിവസം എനിക്ക് ആശുപത്രിയില്‍ കഴിയേണ്ടി വന്നു. ഗര്‍ഭിണിയായിരുന്നതുകൊണ്ട് വിശദമായ ചെക്കപ്പ് തന്നെ വേണ്ടി വന്നു. ദൈവാനുഗ്രഹം കൊണ്ട് മാരകമായ മുറിവുകളൊന്നുമുണ്ടായിരുന്നില്ലെങ്കിലും ഞങ്ങള്‍ ആശങ്കയിലായിരുന്നു. ഗൈനക്കോളജിസ്റ്റിന്‍റെ റിപ്പോര്‍ട്ട് പ്രകാരം കുഞ്ഞിന്‍റെ കാര്യത്തില്‍ സംശയമുണ്ടെന്നും ഫാമിലി ഡോക്ടറുമായി കണ്‍സള്‍ട്ട് ചെയ്യാനും നിര്‍ദ്ദേശിച്ചു. 

പിറ്റേ ദിവസം ഹോസ്പിറ്റലില്‍ നിന്ന് ഡിസ്ചാര്‍ജ് ചെയ്തു. ആകാംക്ഷാഭരിതമായ ദിനങ്ങളായിരുന്നു പിന്നീടങ്ങോട്ട്. പ്രാര്‍ത്ഥനകളും വഴിപാടുകളുമായി ദിവസങ്ങള്‍ തള്ളിനീക്കുമ്പോള്‍ കുഞ്ഞിന് യാതൊരു ആപത്തും വരരുതേ എന്നായിരുന്നു പ്രാര്‍ത്ഥന. ഡോക്ടര്‍ മാലിനിയുടെ ട്രീറ്റ്മെന്‍റിലായിരുന്നു ഇത്ര നാളും. അവരാണെങ്കില്‍ എന്‍റെ കാര്യത്തില്‍ വളരെ താല്പര്യത്തോടെയാണ് നോക്കുന്നതും.

"ഇതെന്തൊരു ഉറക്കമാ, നേരമെത്രയായീന്നാ വിചാരം?"

ശ്രീയേട്ടന്‍റെ ചോദ്യം കേട്ടാണ് കണ്ണു തുറന്നത്. ദൈവമേ, ഞാന്‍ ഇത്രയും നേരം കിടന്നുറങ്ങിയോ.. രാത്രി എപ്പോഴാണ് ഉറങ്ങിയതെന്നു പോലും ഓര്‍മ്മയില്ല. പെട്ടെന്ന് എഴുന്നേറ്റു.

"സോറി ശ്രീയേട്ടാ, ഞാന്‍ എന്തൊക്കെയോ സ്വപ്നങ്ങള്‍ കണ്ടു. ഒന്നും ഓര്‍ക്കാന്‍ കഴിയുന്നില്ല..." 

"സാരമില്ല, ക്ഷീണം കൊണ്ട് ഉറങ്ങുമ്പോഴാണ് നമ്മള്‍ കൂടുതല്‍ സ്വപ്നങ്ങള്‍ കാണുന്നത്. ഇന്നലെ രാത്രി ഉറക്കത്തില്‍ നീ എന്തൊക്കെയോ പറയുന്നത് കേട്ടു. മനസ്സിലെ വിഷമങ്ങള്‍ സ്വപ്നത്തിലൂടെ പരിഹരിക്കപ്പെടുമെന്ന് ആരോ പറഞ്ഞു കേട്ടിട്ടുണ്ട്. അതൊക്കെ പോട്ടെ, നമ്മുടെ കുഞ്ഞിനെ സ്വപ്നം കണ്ടോ?"

ശ്രീയേട്ടന്‍റെ ചോദ്യത്തിന് മറുപടി കൊടുക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

രാവിലത്തെ ജോലികളൊക്കെ യാന്ത്രികമായി ചെയ്തു തീര്‍ത്തു. ആകാംക്ഷയേക്കാള്‍ ഉത്ക്കണ്ഠയായിരുന്നു മനസ്സു നിറയെ. ഡോക്ടര്‍ മാലിനി എന്തായിരിക്കും പറയുക. ഡോക്ടര്‍ മല്‍ഹോത്രയുടെ റിപ്പോര്‍ട്ട് എന്തായിരിക്കും? ഒന്നും സംഭവിക്കരുതേ എന്ന് മനസ്സ് മന്ത്രിച്ചു.

"ഈശ്വരാ, കുഞ്ഞിന് ആപത്തൊന്നും വരുത്തരുതേ...." മനമുരുകി പ്രാര്‍ത്ഥിച്ചു.

എന്‍റെ വേവലാതി കണ്ട് ശ്രീയേട്ടന്‍ ആശ്വസിപ്പിച്ചു.

"ഇങ്ങനെ വേവലാതിപ്പെട്ട് മനസ്സ് വിഷമിപ്പിക്കാതെ. ഡോക്ടര്‍മാര്‍ അവരുടെ കഴിവിന്‍റെ പരമാവധി ശ്രമിക്കുന്നില്ലേ. ഇനിയെല്ലാം ദൈവത്തിനു വിട്ടുകൊടുക്കുക. ഗുരുവായൂരപ്പന്‍ നമുക്ക് തുണയാകുമെന്ന് വിശ്വസിക്ക്."

ശ്രീയേട്ടന്‍റെ സമാധാനപ്പെടുത്തല്‍ തനിക്ക് ധൈര്യം തന്നു.

"മോള്‍ക്കറിയാമോ എന്‍റെ അമ്മ എന്നെ ഗര്‍ഭം ധരിച്ചിരുന്ന സമയത്ത് നാമിപ്പോള്‍ നേരിടുന്നതുപോലെയുള്ള വിഷമഘട്ടത്തിലൂടെ കടന്നുപോയിട്ടുള്ളവരാണ്. അവര്‍ അതൊക്കെ സഹിച്ച് സംയമനം പാലിച്ചതുകൊണ്ട് ഞാനിപ്പോഴും ജീവിച്ചിരിക്കുന്നു."

ശരിയാണ് ശ്രീയേട്ടന്‍റെ അമ്മ പറഞ്ഞ് ഈ വിവരം എനിക്കറിയാം. ശ്രീയേട്ടനെ ഗര്‍ഭം ധരിച്ചിരിക്കുന്ന സമയത്താണ് അമ്മ മുറ്റത്ത് കാല്‍ വഴുതി വീണത്. അടുക്കളവശത്തുനിന്ന് മുറ്റത്തേക്കിറങ്ങിയതായിരുന്നു അമ്മ. എങ്ങനെയോ കാല്‍ വഴുതി തെന്നി വീഴുകയായിരുന്നു. ഉടനെ ആശുപത്രിയിലെത്തിച്ച് സ്കാനിംഗ് അടക്കമുള്ള പരിശോധനകള്‍ നടത്തി. പക്ഷെ റിപ്പോര്‍ട്ട് അനുകൂലമായിരുന്നില്ല. 

കുഞ്ഞിനെ നഷ്ടപ്പെടാന്‍ സാധ്യതയുണ്ടെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി. അബോര്‍ഷന്‍ നടത്താന്‍ ഡോക്ടര്‍ മാത്രമല്ല ബന്ധുക്കളും സുഹൃത്തുക്കളുമെല്ലാം നിര്‍ബ്ബന്ധിച്ചു. പക്ഷെ അമ്മ സമ്മതിച്ചില്ല. ഗുരുവായൂരപ്പ ഭക്തയായ അമ്മ എല്ലാം ഭഗവാനിലര്‍പ്പിച്ചു. ആരോഗ്യപരമായ അനവധി പ്രശ്നങ്ങളുണ്ടായിട്ടും അമ്മ ഭഗവാനില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. എല്ലാം ഭഗവാന്‍ നോക്കിക്കൊള്ളുമെന്ന അടിയുറച്ച വിശ്വാസത്തില്‍ അമ്മ ജീവിച്ചു. അവസാനം ഡോക്ടര്‍മാരേയും ബന്ധുക്കളേലും അത്ഭുതപ്പെടുത്തിക്കൊണ്ട് അമ്മ ഒരു ആണ്‍കുഞ്ഞിന് ജന്മം നല്‍കി. അതാണ് ശ്രീയേട്ടന്‍....!

തന്‍റെ മുഖഭാവം ശ്രീയേട്ടന്‍ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏതായാലും ഡോക്ടറുടെ ഫോണ്‍ വരുന്നതുവരെ കാത്തിരിക്കാമെന്ന് രണ്ടുപേരും തീരുമാനിച്ചു. 

ഒച്ചിഴയുന്ന പോലെയാണ് സമയം നീങ്ങിക്കൊണ്ടിരിക്കുന്നത്. പത്തു മണിയായിട്ടും ഡോക്ടര്‍ വിളിച്ചില്ലല്ലോ എന്നോര്‍ത്ത് മനസ്സ് വീണ്ടും തുടികൊട്ടാന്‍ തുടങ്ങി. പന്ത്രണ്ടു മണി കഴിഞ്ഞപ്പോഴാണ്  ഡോക്ടര്‍ മാലിനിയുടെ ഓഫീസില്‍ നിന്ന് ഫോണ്‍ വന്നത്. ആകാംക്ഷയോടെ ശ്രീയേട്ടന്‍ ഫോണെടുത്തു. 

ഡോക്ടര്‍ എന്താണ് പറയുന്നതെന്ന് തനിക്ക് കേള്‍ക്കാന്‍ സാധിച്ചില്ലെങ്കിലും സുഖകരമായ വാര്‍ത്തയല്ലെന്ന് ശ്രീയേട്ടന്‍റെ മുഖത്ത് മിന്നിമറയുന്ന ഭാവവ്യത്യാസങ്ങളില്‍ നിന്ന് ഞാന്‍ മനസ്സിലാക്കി. അവസാനം നെടുവീര്‍പ്പോടെ ശ്രീയേട്ടന്‍ ഫോണ്‍ ഡിസ്കണക്റ്റ് ചെയ്തു. 

"എന്താണ് ഡോക്ടര്‍ പറഞ്ഞത് ശ്രീയേട്ടാ" ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

ശ്രീയേട്ടന്‍ ദയനീയമായി എന്നെ നോക്കി.

"നമ്മള്‍ പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചു. ഡോക്ടര്‍ മല്‍ഹോത്രയുടെ റിപ്പോര്‍ട്ട് അനുകൂലമല്ലെന്നാണ് ഡോ. മാലിനി പറയുന്നത്. കുഞ്ഞിന്‍റെ കാര്യത്തില്‍ ഗ്യാരന്‍റിയില്ലെന്ന്. തന്നെയുമല്ല, ഈ നിലയില്‍ തുടര്‍ന്നാല്‍ ഒന്നുകില്‍ കുഞ്ഞിന് അംഗവൈകല്യം ഉണ്ടാകാന്‍ സാധ്യതയുണ്ട്. ഒരുപക്ഷെ അമ്മയ്ക്കും കുഞ്ഞിനും ആപത്തുവരാനും സാധ്യതയുണ്ടെന്നാണ് ഡോ. മല്‍ഹോത്ര പറയുന്നതത്രേ...." ശ്രീയേട്ടന്‍ പറഞ്ഞു നിര്‍ത്തി.

തലയ്ക്കകത്ത് കടന്നല്‍ കൂട് ഇളകിയ പ്രതീതിയാണ് അപ്പോള്‍ തോന്നിയത്. ശരീരം വിയര്‍ത്തു. തല കറങ്ങുന്നതുപോലെ തോന്നി. ഡൈനിംഗ് ടേബിളില്‍ തല ചായ്ച്ചു കുറെ നേരം കണ്ണടച്ചിരുന്നു. തന്‍റെ വിഷമം മനസ്സിലാക്കിയ ശ്രീയേട്ടന്‍ സമാധാനിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 

"ഒരാഴ്ചക്കുള്ളില്‍ തീരുമാനം അറിയിച്ച് ആശുപത്രിയിലേക്ക് ചെല്ലാനാണ് ഡോക്ടര്‍ പറഞ്ഞത്" ശ്രീയേട്ടന്‍ പറഞ്ഞത് ഒരു അശരീരി പോലെ മുഴങ്ങി. 

അന്നും വൈകീട്ട് പണിക്കരു ചേട്ടനും ശാന്ത ചേച്ചിയും വന്നു. നടന്ന സംഭവങ്ങളെല്ലാം അവരുമായി പങ്കു വെച്ചു. ഗര്‍ഭിണികള്‍ ഏറേ ശ്രദ്ധിക്കേണ്ട സമയത്താണ് ആ ആക്സിഡന്‍റ് സംഭവിച്ചത്. ശരീരത്തിന് ആയാസമുണ്ടാക്കുന്ന വിധത്തിലുള്ള ഇരുചക്രവാഹനങ്ങളേയും ഓട്ടോറിക്ഷ മുതലായ വാഹനങ്ങളിലെ യാത്രയൊക്കെ ഒഴിവാക്കണമെന്നും അങ്ങനെ ചെയ്യാതെ വന്നാല്‍ കുഞ്ഞിന് വൈകല്യം വരെ സംഭവിക്കാമെന്നാണ് ഡോക്ടര്‍ പറഞ്ഞതെന്ന് ശ്രീയേട്ടന്‍ അവരെ ധരിപ്പിച്ചു. വളരെ നേരത്തെ ആലോചനയ്ക്കു ശേഷം രണ്ടുപേരും ഒരേ അഭിപ്രായത്തില്‍ എത്തി. ഡോക്ടര്‍ മാലിനി പറഞ്ഞതുപോലെ അബോര്‍ട്ട് ചെയ്യുക, വൈകിയാണെങ്കിലും റിസ്ക് ആണെന്ന് അറിഞ്ഞിട്ടും അതു മാത്രമേ പോംവഴിയുള്ളൂ എങ്കില്‍ അത് നടക്കട്ടേ എന്നാണ് രണ്ടു പേരും പറഞ്ഞത്.

അമ്മയാകുക എന്നത് ഏതൊരു സ്ത്രീയുടേയും ആത്മനിര്‍വൃതിയുടെ അപൂര്‍വ്വ നിമിഷങ്ങളാണ്, ഏതൊരു സ്ത്രീയുടേയും അഭിലാഷമാണ്. ആ നിമിഷങ്ങളാണ് ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ എരിഞ്ഞില്ലാതാകാന്‍ പോകുന്നത്. തന്‍റെ ദുഃഖത്തില്‍ പങ്കുചേര്‍ന്ന് പണിക്കരു ചേട്ടനും ശാന്ത ചേച്ചിയും ഒരു മകളോടെന്ന പോലെ, വാത്സല്യത്തോടെ എന്നെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു. 

"ദൈവത്തോട് പ്രാര്‍ത്ഥിക്കൂ മോളേ..." ഇറങ്ങാന്‍ നേരം ശാന്ത ചേച്ചി ഉപദേശിച്ചു.

പിന്നീടുള്ള ദിവസങ്ങള്‍ മെഴുകുതിരി പോലെ ഉരുകിത്തീരുന്ന മനസ്സുമായാണ് ഞാന്‍ തള്ളിനീക്കിയത്. ഗുരുവായൂരപ്പനെ മനസ്സുരുകി പ്രാര്‍ത്ഥിച്ചു. രക്ഷിക്കണമെന്ന് കേണപേക്ഷിച്ചു. ഒടുവില്‍ ഡോക്ടര്‍ പറഞ്ഞ ആ ദിവസവും വന്നെത്തി.

രാവിലെ തന്നെ പണിക്കരു ചേട്ടനും ചേച്ചിയും വന്നു. എന്നെ സമാധാനിപ്പിക്കുകയും ധൈര്യം നല്‍കുകയും ചെയ്തു. ആശുപത്രിയിലേക്ക് ചേച്ചിയും കൂടെ വന്നു. ആശുപത്രിയുടെ ഗേറ്റ് കടക്കുമ്പോള്‍ തന്നെ തന്‍റെ ഹൃദയമിടിപ്പ് കൂടി. ശാന്ത ചേച്ചി സമാധാനിപ്പിച്ചു.

"മോളേ, ഇങ്ങനെ വിഷമിക്കാതെ. ഇതെല്ലാം ദൈവ നിയോഗമാണെന്ന് വിചാരിച്ചാല്‍ മതി. ഈ കുഞ്ഞിനെ ലാളിയ്ക്കാനുള്ള ഭാഗ്യം ദൈവം നിങ്ങള്‍ക്ക് തന്നില്ല. ഈശ്വരേഛ അതാണെങ്കില്‍ അങ്ങനെ നടക്കട്ടേ..." ശാന്ത ചേച്ചി ആശ്വസിപ്പിച്ചു. 

ഗുരുവായൂരപ്പനെ മനസ്സില്‍ ധ്യാനിച്ച് ഞാന്‍ മുന്‍പോട്ടു നടന്നു. ഒരുപക്ഷെ ഈ അവസാന നിമിഷത്തിലെങ്കിലും ഗുരുവായൂരപ്പന്‍ രക്ഷയ്ക്കെത്തിയാലോ ! എന്‍റെ മനസ്സ് മന്ത്രിച്ചു.

കാര്‍ പാര്‍ക്ക് ചെയ്ത് ശ്രീയേട്ടനും അപ്പോഴേക്കും അവിടെയെത്തി. ഞങ്ങള്‍ രണ്ടു പേരും സംസാരിച്ചു നടന്നു നീങ്ങുന്നതിനിടെ ശാന്ത ചേച്ചി ഒരു സ്ത്രീയുമായി സംസാരിച്ചു നില്‍ക്കുന്നതു കണ്ടു. എന്നെ കൈചൂണ്ടി എന്തോ പറയുന്നുണ്ട്. പരിചയമില്ലാത്ത ഒരു സ്ത്രീയാണ്. ഒരുപക്ഷെ ചേച്ചിയുടെ സഹപ്രവര്‍ത്തകയോ പരിചയക്കാരിയോ ആകാം.

ചേച്ചിയും ആ സ്ത്രീയും ഞങ്ങളുടെ അടുത്തേക്ക് വന്നു. ശരിയാണ് മാളവ്യ നഗറിലെ ചേച്ചിയുടെ അയല്‍ക്കാരിയാണ്. അവര്‍ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞു. ഞങ്ങള്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ മറ്റൊരു സ്ത്രീ ഒരു കുഞ്ഞുമായി അവിടെ വന്നു. സ്ട്രോളറിലിരിക്കുന്ന കുഞ്ഞ് എന്നെ നോക്കി ചിരിച്ചു. നിഷ്ക്കളങ്കമായ ആ ചിരിയില്‍ എന്‍റെ ദുഃഖങ്ങളെല്ലാം അലിഞ്ഞില്ലാതായ പോലെ തോന്നി. ശാന്ത ചേച്ചിയുടെ അയല്‍ക്കാരിയുടെ മകളാണ് കുഞ്ഞിന്‍റെ അമ്മ. കരോള്‍ ബാഗിലാണ് താമസമെന്നു പറഞ്ഞു. ഞങ്ങള്‍ സംസാരിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ തന്നെ ഞാന്‍ കുഞ്ഞിനെ ശ്രദ്ധിക്കുകയായിരുന്നു. ആ കുഞ്ഞിന്‍റെ കാലുകള്‍ രണ്ടും വളഞ്ഞിരിക്കുന്ന പോലെ തോന്നി. അതുപോലെ ശരീരത്തിനനുസരിച്ചുള്ള കൈകളല്ല, നന്നേ ചെറിയ കൈകള്‍ ! ഞാന്‍ അത്ഭുതപ്പെട്ടു. എനിക്ക് തോന്നിയതാണോ !! 

എന്‍റെ നോട്ടം കണ്ടിട്ടെന്നോണം ആ സ്ത്രീ പറഞ്ഞു...

"എന്‍റെ പേരക്കുട്ടിയാണ്. അവന്‍ ജനിച്ചത് ചില വൈകല്യങ്ങളോടെയാണ്. ജനിച്ച് രണ്ടു വയസ്സിനോടകം അവന്‍റെ ശരീരത്തില്‍ എത്ര ഓപ്പറേഷന്‍ നടത്തി എന്ന് പറഞ്ഞാല്‍ ആരും വിശ്വസിക്കുകയില്ല. ഇനിയും പല ഓപ്പറേഷനുകളും നടത്താനുണ്ട്. അതിന്‍റെ ഫോളോ അപ്പിനുവേണ്ടി വന്നതാണ്. ഇവള്‍ കരോള്‍ ബാഗിലായതുകൊണ്ട് ദൂരമല്ലേ.. എന്‍റെ കൂടെയാണ് താമസം. ഈ മാസം ഒരു ഓപ്പറേഷന്‍ കൂടിയുണ്ട്. അതുകഴിഞ്ഞിട്ടേ ഇവള്‍ പോകുകയുള്ളൂ...."

അപ്പോഴും ആ കുഞ്ഞ് എന്നെ നോക്കി കൊച്ചരിപ്പല്ലുകള്‍ കാട്ടി ചിരിച്ചുകൊണ്ടിരുന്നു..

(ശുഭം)


2024 മാർച്ച് 5, ചൊവ്വാഴ്ച

നഗരമേ സാക്ഷി (കഥ)



സെന്‍റ് ജോണ്‍സ് ആശുപത്രിയിലെ മുന്നൂറ്റിപ്പതിനാലാം നമ്പര്‍ മുറിയുടെ ജനാലക്കരുകില്‍ നിന്നുകൊണ്ട് ഞാന്‍ പുറത്തേക്കു നോക്കി. അങ്ങു ദൂരെ നിയോണ്‍ ബള്‍ബുകളാല്‍ അലംകൃതമായ മഹാനഗരം. ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ്, ഒന്നുമല്ലാതെ ഞാന്‍ കാലുകുത്തിയ ആ നഗരം ഇന്ന് ഏറെ മാറിയിരിക്കുന്നു, ഞാനും. കാലത്തിന്‍റെ മാറ്റത്തില്‍ ഞാന്‍ മാറിയതാണോ, അതോ ഈ നഗരം എന്നെ മാറ്റിയതോ?

ആരോ വന്നു തോളത്തു തട്ടി. തിരിഞ്ഞുനോക്കിയപ്പോള്‍ ഡോക്ടറാണ്. മലയാളിയായ ഡോ. ഏബ്രഹാം തോമസ്. അദ്ദേഹത്തെ പരിചയപ്പെട്ടത് ഒരു മഹാഭാഗ്യമായി ഞാന്‍ കരുതി. യാന്ത്രികമായ ഈ ജീവിതത്തില്‍ കടന്നുവരുന്ന അപൂര്‍വ്വം ചിലരില്‍ ഒരാള്‍. 

"എന്താ കിനാവു കാണുകയാണോ അതോ നിലാവു കണ്ട് ആസ്വദിക്കുകയാണോ?"

ഡോക്ടറുടെ ചോദ്യം എന്നെ നിസ്സംഗതയിലാഴ്ത്തി.

"മനസ്സു മുരടിച്ച ഞാന്‍ എങ്ങനെയാ ഡോക്ടറേ കിനാവു കാണുന്നത്. ചുറ്റുപാടും കുറെ ബള്‍ബുകള്‍ പ്രകാശിക്കുന്നുണ്ടെന്നല്ലാതെ നിലാവെന്ന് പറയുന്നതൊന്നുണ്ടോ?"

"താന്‍ സമാധാനമായിരിക്കൂ. ഞങ്ങളെക്കൊണ്ട് കഴിയാവുന്നതുപോലെയൊക്കെ ചെയ്യുന്നുണ്ട്. പിന്നെ, തനിക്കറിയാമല്ലോ ഈ സ്റ്റേജില്‍ നിന്നൊരു റിക്കവറി.....! എനി വേ, ലെറ്റസ് ഹോപ്പ് ഫോര്‍ ദ ബെസ്റ്റ്...."

തോളത്തു തട്ടി ഡോക്ടര്‍ നടന്നു നീങ്ങി.

ജനാലയോടു ചേര്‍ത്തിട്ടിരിക്കുന്ന കസേരയില്‍ ഞാന്‍ വീണ്ടും ഇരുന്നു. തളര്‍ന്നുറങ്ങുന്ന അവളുടെ മുഖത്തേക്കു നോക്കാന്‍ പോലും സാധിക്കാതെ വെറുതെ പുറത്തേക്ക് നോക്കിയിരുന്നു. 

പാവം, എത്ര മാത്രം ക്ഷീണിച്ചിരിക്കുന്നു അവള്‍. മരുന്നുകളുടെ റിയാക്‌ഷനാകാം മുഖം വല്ലാതെ കരുവാളിച്ചിട്ടുണ്ട്. ഐ.സി.യു.വിലും മുറിയിലുമായി നിന്ന് അവളെ കാണാന്‍ തുടങ്ങിയിട്ട് ഇന്നേക്ക് രണ്ടാഴ്ച കഴിഞ്ഞിരിക്കുന്നു. ഇനി ഒരു തിരിച്ചുവരവ് പ്രതീക്ഷിക്കാമോ?, അറിയില്ല. ഞാന്‍ വീണ്ടും എഴുന്നേറ്റു ജനാലയ്ക്കരുകില്‍ പോയി നിന്നു. പകല്‍ ചൂടിന്‍റെ ആധിക്യത്തില്‍ നിന്ന് മോചനം നേടി മഹാനഗരം തളര്‍ന്നുറങ്ങുകയാണ്. ഞാന്‍ മാത്രം ഇതാ ഇവിടെ ഉറക്കം വരാതെ തളര്‍ന്നുറങ്ങുന്ന തന്‍റെ പ്രിയതമയേയും മഹാനഗരത്തേയും കണ്ടുകൊണ്ടിരിക്കുന്നു. മുറിയില്‍ നിന്നിറങ്ങി ഇടനാഴിയിലൂടെ നടന്ന് വെറുതെ പുറത്തേക്കിറങ്ങി. ആ സമയത്ത് മുഖത്തടിച്ച കാറ്റിനു ഓര്‍മ്മകളുടെ ഒരു സുഗന്ധമുണ്ടെന്നെനിക്കു വെറുതെ തോന്നി. മനസ്സ് ഒരല്പം പിറകോട്ടു പോയ പോലെ.

അവള്‍ ഒരിക്കലും ഒന്നിലും അധികം സന്തോഷിച്ചിരുന്നില്ല. പണമില്ലാതിരുന്നപ്പോഴും കൈനിറയെ സമ്പത്തായപ്പോഴും എല്ലാം അവള്‍ക്ക് ഒരേ ഭാവമായിരുന്നു. എന്നെ മാറ്റിയ ഈ നഗരത്തിന് അവളെ ഒന്നു തൊടാന്‍ പോലും പറ്റിയില്ലല്ലോ എന്ന് ഞാന്‍ പലപ്പോഴും ഓര്‍ക്കാറുണ്ട്. ഈ മഹാനഗരത്തെ ഒരിക്കലും അവള്‍ സ്നേഹിച്ചിരുന്നില്ല. പേടിയായിരുന്നു അവള്‍ക്ക്, നഗരത്തിന്‍റെ തിരക്കുകളെ, വളര്‍ച്ചയെ. കാരണം, ഈ നഗരം ഒരിക്കല്‍ തന്‍റെ ഭാര്‍ത്താവിനേയും മകളേയും തന്നില്‍ നിന്ന് തട്ടിയെടുക്കുമെന്നവള്‍ ഭയപ്പെട്ടിരുന്നു. ഇന്ന് അതും സംഭവിച്ചിരിക്കുന്നു. 

ഇരുപതു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഈ നഗരത്തിലെത്തിയ താന്‍ മാറ്റത്തിന്‍റെ കുത്തൊഴുക്കിലൂടെ ഒഴുകി നഗരജീവിതത്തിലലിഞ്ഞു. പിന്നെ മകള്‍, അവളും ഈ നഗരത്തിന്‍റെ തിരക്കുകളില്‍ അലിഞ്ഞില്ലാതായില്ലേ...! ഒരിക്കല്‍ അവള്‍ പറഞ്ഞത് ശരിയാണെന്നെനിക്കു തോന്നി.... "നമുക്കുള്ളതെല്ലാം ഊറ്റിക്കുടിക്കുന്ന യക്ഷിയുടെ ഭാവമാണ് ഈ നഗരത്തിന്.." എന്ന്.

സെല്‍ഫോണില്‍ ഞാന്‍ ഒന്നുകൂടി മോളുടെ നമ്പര്‍ ഡയല്‍ ചെയ്തു. വോയ്സ്മെയിലിലേക്കാണ് ഇപ്പോഴും കോള്‍ പോകുന്നത്. ഒന്നുകില്‍ ഫോണ്‍ സ്വിച്ച്ഡ് ഓഫ് ആയിരിക്കാം അല്ലെങ്കില്‍ പരിധിക്കു പുറത്തായിരിക്കാം...! അവളും ഞങ്ങളുടെ പരിധിക്കു പുറത്തുപോയിട്ട് ഏറെയായി. തമ്മില്‍ കണ്ടിട്ട് നാളുകളാകുന്നു. കൃത്യമായി പറഞ്ഞാല്‍, ജനുവരി ഒന്നാം തിയ്യതിയാണ് അവളെ അവസാനമായി കണ്ടത്.  പുതുവര്‍ഷാഘോഷത്തിന്‍റെ ലഹരിയിറങ്ങാതെ വീട്ടിലേക്ക് കയറി വന്ന മകളെ, ജന്മം നല്‍കിയ പിതാവ് വഴക്കു പറഞ്ഞു എന്ന കാരണവുമായി അവള്‍ വീടു വിട്ടിറങ്ങിയത് അന്നായിരുന്നു. അന്നത്തെ ആ സംഭവമാണ് ഞങ്ങളുടെ ജീവിതത്തെ തന്നെ ആകെ തകിടം മറിച്ചത്.

വെറും രണ്ടു വയസ്സുള്ളപ്പോള്‍, തന്‍റെ വിരല്‍ത്തുമ്പില്‍ തൂങ്ങി ഒരായിരം കുസൃതിച്ചോദ്യങ്ങളുമായി തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്ന് അമേരിക്കയെന്ന സ്വപ്നഭൂവിലേക്ക് പറന്നുയര്‍ന്നപ്പോള്‍ വിചാരിച്ചിരുന്നില്ല ഒരിക്കല്‍ ആ കുസൃതിക്കുടുക്ക ഞങ്ങളുടെ ജീവിതത്തെ തന്നെ മാറ്റി മറിക്കുമെന്ന്. 

ന്യൂയോര്‍ക്കിലെ യോങ്കേഴ്സില്‍ അമ്മാമ്മയോടൊപ്പം താമസിച്ചുകൊണ്ടുതന്നെ ഞാന്‍ ജോലിക്ക് ശ്രമിച്ചു. മോളുടെ ബേബി സിറ്റിംഗും മറ്റും ഭാരിച്ച പണിയായതുകൊണ്ട് ഭാര്യയെ തത്ക്കാലം ജോലിക്കു വിടേണ്ടെന്ന് അമ്മാമ്മ തന്നെ നിര്‍ദ്ദേശിച്ചു. യോങ്കേഴ്സില്‍ തന്നെയുള്ള സ്റ്റ്യുവാര്‍ട്ട് സ്റ്റാമ്പിംഗ് കമ്പനിയില്‍ താത്ക്കാലികമായി ഒരു ജോലി തരപ്പെടുത്തി തന്നത് അച്ചായന്‍റെ ഒരു സുഹൃത്തായിരുന്നു. ഞാന്‍ ജോലി കഴിഞ്ഞു വരുന്നതുവരെ മോള്‍ കാത്തിരിക്കും. ഓവര്‍ടൈം ഉള്ള ദിവസം വൈകിയാണ് വീട്ടിലെത്താറുള്ളതെങ്കിലും ഞാന്‍ വരുന്നതുവരെ മോള്‍ കാത്തിരിക്കുമായിരുന്നു. എന്‍റെ കൂടെയല്ലാതെ അവള്‍ ഭക്ഷണം കഴിക്കില്ല.'മോളെ ഇങ്ങനെ വഷളാക്കുന്നത് ഡാഡി തന്നെയാ..' ഭാര്യ ഇടക്കിടെ പരിഭവം പറയും. 

കാലങ്ങള്‍ കഴിഞ്ഞു. മെട്രോ സബ്‌വേയില്‍ തരക്കേടില്ലാത്ത ജോലി ലഭിച്ചപ്പോള്‍ ഒരു വീടു വേണമെന്ന ആഗ്രഹവും മുളച്ചു. എല്‍മ്സ്ഫോര്‍ഡില്‍ ഒരു വീട് ശരിയാകുന്നതുവരെ അമ്മാമ്മയുടെ സഹായം ഞങ്ങള്‍ക്ക് കിട്ടിക്കൊണ്ടിരുന്നു. മോള്‍ വളര്‍ന്ന് കൗമാരത്തിലേക്ക് കടന്നതുമുതല്‍ ഭാര്യയുടെ അങ്കലാപ്പും വര്‍ദ്ധിച്ചു വന്നു. അതൊക്കെ വെറും തോന്നലാണെന്നും ഒട്ടും പരിഭ്രമം വെണ്ടെന്നും ഞാന്‍ അവളെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 

എല്‍മ്സ്ഫോര്‍ഡില്‍ താമസം തുടങ്ങിയതിനു ശേഷമാണ് മോളുടെ സ്വഭാവത്തില്‍ വന്ന മാറ്റങ്ങള്‍ ശ്രദ്ധിച്ചു തുടങ്ങിയത്. സ്കൂളില്‍ നിന്ന് വൈകി വരുന്നത് ഒരു പതിവാക്കിയപ്പോള്‍ അതേക്കുറിച്ച് ഞാന്‍ ചോദിച്ചപ്പോഴാണ് ആദ്യത്തെ പൊട്ടിത്തെറി... 

"Dad, I am not a baby any more. I know what I am doing... "

പെട്ടെന്നുള്ള മോളുടെ പ്രതികരണം എന്നെ വല്ലാതെ അലട്ടി. എന്താണിങ്ങനെ? ഞാന്‍ സ്വയം ചോദിച്ചു.

"അച്ചായനെന്തിനാ ഇങ്ങനെ ടെന്‍ഷനടിക്കുന്നത്? സ്കൂളില്‍ അവള്‍ക്കെന്തെങ്കിലും ചെയ്യാന്‍ കാണുമായിരിക്കും...... വല്ല ഹോം വര്‍ക്കോ എക്സ്ട്രാ ക്ലാസ്സോ അങ്ങനെ വല്ലതും..." 

ഒരിക്കല്‍ ഞാന്‍ ഉപദേശിക്കുമായിരുന്ന ഭാര്യ എന്നെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കും. 

പക്ഷെ, അത്യാവശ്യമായി ഗൈഡന്‍സ് കൗണ്‍സിലര്‍ക്ക് എന്നെ കാണണമെന്നുള്ള സന്ദേശം ലഭിച്ചപ്പോള്‍ എനിക്കാകെ ടെന്‍ഷനായി. പറഞ്ഞ ദിവസം സ്കൂളില്‍ ചെന്നു.

"Your daughter has been skipping classes and her attendance is poor at this time...."

പിന്നീട് അവര്‍ പറഞ്ഞതൊന്നും കേള്‍ക്കാനുള്ള ശേഷി എനിക്കില്ലായിരുന്നു. അന്നാണ് എന്‍റെ സര്‍വ്വ നിയന്ത്രണങ്ങളും വിട്ട് മോളോട് പരുഷമായി സംസാരിക്കേണ്ടി വന്നത്. അതൊരു തുടക്കം മാത്രമായിരുന്നു. സ്കൂള്‍ സമയങ്ങളില്‍ മോളെ ഒരു സ്പാനിഷ് ചെറുപ്പക്കാരന്‍റെ കൂടെ പല സ്ഥലങ്ങളിലും വെച്ച് കാണാറുണ്ടെന്ന കാര്യം സുഹൃത്തുക്കള്‍ പറഞ്ഞപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. "ദൈവമേ, കാര്യങ്ങള്‍ കൈവിട്ടു പോകുകയാണോ?"

ഭാര്യയോട് വിവരങ്ങള്‍ പറയേണ്ടെന്നു തീരുമാനിച്ചു. പക്ഷെ, അവള്‍ ജോലി ചെയ്യുന്ന വെസ്റ്റ്ചെസ്റ്റര്‍ മെഡിക്കല്‍ സെന്‍ററില്‍ മലയാളികളെല്ലാവരും വിവരങ്ങള്‍ അറിഞ്ഞു. ഒരു ദിവസം ജോലി കഴിഞ്ഞ് അവള്‍ വന്നത് വളരെ മൂഡിയായിട്ടായിരുന്നു. കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അവള്‍ വിതുമ്പി. 

"ഞാന്‍ അന്നേ അച്ചായനോട് പറഞ്ഞതല്ലേ ഫിഫ്ത്ത് ഗ്രേഡ് കഴിഞ്ഞാലുടനെ മോളെ നാട്ടില്‍ പഠിപ്പിക്കാമെന്ന്?"

അവളുടെ ചോദ്യത്തിന് എനിക്ക് ഉത്തരമില്ലായിരുന്നു. 

"എന്തെങ്കിലും ഒരു വഴി നമുക്ക് കണ്ടു പിടിക്കാം. നീ സമാധാനമായിരിക്ക്..." ഞാനവളെ സമാധാനിപ്പിച്ചു.

ഈ നഗരത്തിന്‍റെ കാപട്യം മകളെ ഞങ്ങളില്‍ നിന്നകറ്റുമെന്ന് ഒരുപക്ഷെ അവള്‍ മുന്‍കൂട്ടി കണ്ടിരുന്നിരിക്കണം. എന്നാല്‍ അവളുടെ വാക്കുകള്‍ക്ക് ഒരു പെണ്‍കുട്ടിയുടെ അമ്മയുടെ ആകുലതയ്ക്കപ്പുറമുള്ള പ്രാധാന്യം ഞാന്‍ കൊടുത്തില്ല. കൊടുത്തിരുന്നെങ്കില്‍ ഒരുപക്ഷെ ഇന്ന് എനിക്കൊപ്പം ഈ ഹോസ്പിറ്റലില്‍ അമ്മയ്ക്കുവേണ്ടി പ്രാര്‍ത്ഥിക്കാന്‍ എന്‍റെ മകളും ഉണ്ടാകുമായിരുന്നു.

സുഹൃത്തുക്കളായ ചെറിയാനോടും ഫിലിപ്പിനോടും സംസാരിച്ചിരിക്കെ മകളുടെ പ്രശ്നവും പങ്കുവെച്ചു. കുടുംബപരമായ പല കാര്യങ്ങളിലും അവരുടെ ഉപദേശം എനിക്ക് വളരെ ഉപകാരപ്രദമായിട്ടുണ്ട്.

"അലക്സേ, കുട്ടികളുടെ ഈ പ്രായമാണ് എല്ലാ മാതാപിതാക്കളേയും ഉത്ക്കണ്ഠാകുലരാക്കുന്നത്. തനിക്ക് മോളെ നാട്ടില്‍ പഠിപ്പിക്കാനായിരുന്നു താത്പര്യമായിരുന്നെങ്കില്‍ അത് വളരെ നേരത്തേ ആകാമായിരുന്നു. ഇനിയിപ്പോള്‍..... ഇറ്റ് ഈസ് ടൂ ലേറ്റ്. മോള്‍ നാട്ടില്‍ വരുമോ എന്നു കണ്ടറിയണം." ഫിലിപ്പ് പറഞ്ഞു നിര്‍ത്തി. 

"ഒരു കാര്യം ചെയ്യൂ. ഏതായാലും നാട്ടിലേക്ക് ഒരു വെക്കേഷന്‍ പ്ലാന്‍ ചെയ്ത് മോളെ നാട്ടിലേക്ക് കൊണ്ടു പോ. പ്ലസ് ടൂവിന് കോട്ടയത്തെ ഏതെങ്കിലും നല്ലൊരു സ്കൂള്‍ കണ്ടുപിടിച്ച് അവിടെ അഡ്മിഷന്‍ തരപ്പെടുത്താം. അതു കഴിഞ്ഞാല്‍ നല്ല കോളേജുകളും നാട്ടിലുണ്ടല്ലോ. അഡ്മിഷന്‍റെ കാര്യമൊക്കെ എനിക്ക് വിട്ടുതന്നേക്കൂ. പിന്നെ മോളെ നാട്ടില്‍ പഠിപ്പിക്കാനാണ് കൊണ്ടുപോകുന്നതെന്ന് ഒരു കാരണവശാലും മോള്‍ അറിയരുത്. അവിടെ ചെന്നതിനു ശേഷം മാത്രമേ അറിയാവൂ. സ്കൂളില്‍ നിന്ന് ടി.സി. പോലും ഇപ്പോള്‍ വാങ്ങരുത്."

ചെറിയാന്‍റെ അഭിപ്രായം കേട്ടപ്പോള്‍ എനിക്കും അതു നല്ല ഐഡിയയാണെന്നു തോന്നി. ഭാര്യയോടു മാത്രം വിവരങ്ങള്‍ പറഞ്ഞു. സംഗതി രഹസ്യമായിരിക്കണമെന്നും നിര്‍ദ്ദേശിച്ചു. 

 സ്കൂള്‍ വെക്കേഷന്‍ അടുത്തു. അതിനു മുന്‍പു തന്നെ ട്രാവല്‍ ഏജന്‍സിയില്‍ വിളിച്ച് ടിക്കറ്റെല്ലാം ഏര്‍പ്പാടു ചെയ്തിരുന്നു. അങ്ങനെ യാത്രയുടെ ദിവസവും അടുത്തു. മോള്‍ക്ക് യാതൊരു സംശയത്തിനും ഇടകൊടുക്കാതെ വളരെ ശ്രദ്ധയോടെയാണ് കാര്യങ്ങള്‍ നീക്കിയത്.

ജെ.എഫ്.കെ. എയര്‍പോര്‍ട്ടില്‍ എത്തുന്നതുവരെ ടെന്‍ഷനായിരുന്നു. മോളെങ്ങാന്‍ വിവരമറിഞ്ഞാല്‍ എല്ലാം കുഴഞ്ഞതുതന്നെ. പക്ഷെ, അതുണ്ടായില്ല. ഞങ്ങളെ യാത്രയയക്കാന്‍ ഫിലിപ്പും ചെറിയാനും അവരുടെ കുടുംബവും എത്തിയിരുന്നു. ഫിലിപ്പിന്‍റെ മകള്‍ ജൂലിയും മകന്‍ ജിന്‍സും ചെറിയാന്‍റെ മകള്‍ സീനയും കൂട്ടത്തിലുണ്ട്. ബോര്‍ഡിംഗ് പാസ്സെടുത്ത് എല്ലാവരും കോഫി ബാറിനടുത്തേക്ക് നടന്നു.

കുട്ടികള്‍ മൂന്നു പേരും ചിപ്സും സോഡയുമായി കുറെ മാറിയിരുന്ന് അവരുടെ ലോകത്തില്‍ ലയിച്ച് എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിക്കുകയും മറ്റും ചെയ്യുന്നത് അകലെയിരുന്ന് ഞങ്ങള്‍ കാണുന്നുണ്ടായിരുന്നു. ഇടയ്ക്ക് മോളുടെ സെല്‍ഫോണില്‍ ആരോ വിളിച്ചതായി തോന്നി. അവള്‍ മറ്റുള്ളവരുടെ അടുത്തുനിന്ന് എഴുന്നേറ്റു പോകുന്നതും ഫോണില്‍ ആരോടോ ഗൗരവമായി സംസാരിക്കുന്നതും ഞാന്‍ കാണുന്നുണ്ടായിരുന്നു. ഫോണ്‍ സംഭാഷണം നിര്‍ത്തി അവള്‍ തിരിച്ചുവന്ന് ചെറിയാന്‍റേയും ഫിലിപ്പിന്‍റേയും മക്കളുമായി എന്തോ കാര്യമായ ചര്‍ച്ച നടത്തുന്നതു കണ്ടപ്പോള്‍ എന്‍റെ ഉള്ളൊന്നു കാളി. മകള്‍ ഇടക്കിടെ എന്നെ നോക്കുന്നുമുണ്ട്. "ദൈവമേ, ഞങ്ങളുടെ ഈ യാത്രയെക്കുറിച്ച് ആരെങ്കിലും അവള്‍ക്ക് സൂചന കൊടുത്തുകാണുമോ?"

ബോര്‍ഡിംഗിനുള്ള സമയമായി. ഞങ്ങള്‍ മൂന്നു പേരും യാത്ര പറഞ്ഞ് നേരെ സെക്യൂരിറ്റി ചെക്കിംഗിനായി നീങ്ങി. അതുവരെ കാണാത്ത ഒരു ഭാവമാറ്റം മോളുടെ മുഖത്ത് പ്രകടമായിരുന്നു. എന്നാല്‍ യാതൊരു ഭാവഭേദവും കാണിക്കാതെ അവളും ഞങ്ങളെ അനുഗമിച്ചു. സെക്യൂരിറ്റി ചെക്കിംഗിന് ക്യൂവില്‍ നിന്നിരുന്ന ഞങ്ങളുടെ ഊഴം വന്നു. ഓരോ യാത്രക്കാരേയും നിരീക്ഷിച്ചുകൊണ്ട് നിന്നിരുന്ന എയര്‍പോര്‍ട്ട് പോലീസ് ഞങ്ങളെ ക്യൂവില്‍ നിന്ന് മാറ്റി നിര്‍ത്തിയപ്പോള്‍ ഉള്ളൊന്നു പിടഞ്ഞു. പക്ഷെ നിസ്സംഗതയോടെ മോള്‍ മാറി നിന്നപ്പോള്‍ സംഗതി അത്ര പന്തിയല്ലെന്ന് എനിക്കു തോന്നി. 

ഇമിഗ്രേഷന്‍ അധികൃതരുടെ ചോദ്യങ്ങള്‍ക്കു മുന്‍പില്‍ ഞാനും ഭാര്യയും നിന്നു വിയര്‍ത്തു. മകളെ അവളുടെ അറിവോ സമ്മതമോ കൂടാതെ രഹസ്യമായി നാടുകടത്താന്‍ ശ്രമിച്ച ഞങ്ങളെ അറസ്റ്റു ചെയ്യുകയാണെന്നും, അതിന്‍റെ പേരില്‍ അവര്‍ കേസ് ചാര്‍ജ് ചെയ്യുമെന്നും അറിഞ്ഞപ്പോള്‍ ഭാര്യ മോഹാലസ്യപ്പെട്ടു വീണു. ഞങ്ങള്‍ക്ക് യാത്രാമംഗളങ്ങള്‍ നേര്‍ന്ന് തിരിച്ചുപോയ ചെറിയാനെ ഉടന്‍ തന്നെ ഞാന്‍ ഫോണില്‍ ബന്ധപ്പെട്ട് കാര്യങ്ങള്‍ ധരിപ്പിച്ചു. ഞങ്ങളെ ഡിറ്റന്‍ഷന്‍ സെന്‍ററിലേക്ക് മാറ്റുകയും മകളെ അവരുടെ കസ്റ്റഡിയില്‍ വെക്കുകയും ചെയ്തതോടെ ഇനി ജീവിച്ചിരുന്നിട്ട് കാര്യമില്ലെന്നു തോന്നി. മകളുടെ ബോയ് ഫ്രണ്ടായിരുന്നു എയര്‍പോര്‍ട്ട് അധികൃതരെ വിളിച്ച് വിവരം ധരിപ്പിച്ചതെന്നും, അയാളെ ഞങ്ങളുടെ രഹസ്യ പ്ലാനിനെക്കുറിച്ച് അറിയിച്ചത് ഫിലിപ്പിന്‍റെ മകള്‍ ജൂലിയായിരുന്നു എന്നും അറിഞ്ഞപ്പോള്‍ ആദ്യമായി ആ കുടുംബത്തോട് വെറുപ്പു തോന്നി. ഭൂമി കീഴ്മേല്‍ മറിയുകയാണോ ദൈവമേ.... ഞാന്‍ സ്വയം ശപിച്ചു.

കേസും കോടതിയുമൊക്കെയായി ഏകദേശം ഒരു വര്‍ഷത്തോളം അങ്ങനെ കഴിഞ്ഞു. ഇതിനോടകം മകളുടെ മേല്‍ എന്‍റെ അവകാശങ്ങള്‍ക്ക് കോടതി കടിഞ്ഞാണിട്ടു. ഒരു പിതാവിന്‍റെ അവകാശങ്ങളുടെ മേലുള്ള അതിരുവിട്ട കടന്നുകയറ്റമായിരുന്നു അത്. വികലമായ അമേരിക്കന്‍ കുടുംബ ജീവിതത്തെക്കുറിച്ചോര്‍ത്ത് എന്‍റെ മനസ്സ് വ്യാകുലപ്പെട്ടു. എന്നെപ്പോലെ എത്രയോ ഹതഭാഗ്യരായ മാതാപിതാക്കള്‍ നിസ്സഹായാവസ്ഥയില്‍ ജീവിക്കുന്നുണ്ടാകാം. സംസ്ക്കാര സമ്പന്നമായ, പവിത്രമായ കുടുംബമെന്ന നിര്‍വ്വചനത്തില്‍ ഉള്‍പ്പെടുത്താവുന്ന എത്ര കുടുംബങ്ങളുണ്ട് ഇന്ന് അമേരിക്കയില്‍? മാതാപിതാക്കള്‍ വെറും രക്ഷകര്‍ത്താക്കള്‍ മാത്രമാകുന്ന പ്രവണതയാണല്ലോ എല്ലായിടത്തും കാണുന്നത്. നിസ്സഹായരായ മാതാപിതാക്കള്‍ നിസ്സംഗത പാലിക്കേണ്ടി വരുന്ന അവസ്ഥ ! തമ്മില്‍ പൊരുത്തപ്പെടാനാവാത്ത വ്യത്യസ്ഥ സംസ്ക്കാര രീതികളുമായി, കുറ്റാരോപണങ്ങളും ശത്രുതാ മനോഭാവവുമായി ഒരുമിച്ചൊരു കൂരയില്‍ കഴിയേണ്ടിവരുന്നതുകൊണ്ടാണ് വളരെയധികം മലയാളി കുടുംബങ്ങള്‍ മുകള്‍പ്പരപ്പില്‍ പച്ച പിടിച്ച അഗ്നിപര്‍വ്വതങ്ങള്‍ പോലെ കഴിയേണ്ടി വരുന്നത്.

മാതാപിതാക്കളെ തെല്ലും ഭയപ്പെടാതെ എവിടെയും എപ്പോഴും സഞ്ചരിക്കാനുള്ള ഒരു ലൈസന്‍സായി  കോടതിയുത്തരവു മാറിയപ്പോള്‍ ആറ്റുനോറ്റു വളര്‍ത്തിയ സ്വന്തം പുത്രിയെയാണ് ഞങ്ങള്‍ക്ക് നഷ്ടമായത്. അതോടൊപ്പം ഭാര്യയുടെ ആരോഗ്യവും നിത്യേനയെന്നോണം വഷളായിക്കൊണ്ടിരുന്നു. നിസ്സഹായാവസ്ഥയില്‍, തകര്‍ന്ന മനസ്സുമായി ഞാന്‍ ദിനങ്ങള്‍ തള്ളി നീക്കിക്കൊണ്ടിരിക്കവേ ഒരു ഡിസംബര്‍ 31-നാണ് ആ സംഭവം നടന്നത്. 

ബോയ്ഫ്രണ്ടിന്‍റെ കൂടെ പുതുവത്സരാഘോഷങ്ങളെല്ലാം കഴിഞ്ഞ് രാവിലെ രണ്ടു മണിക്കാണ് മകള്‍ വീട്ടിലേക്ക് കയറി വന്നത്. ഉള്ളില്‍ തീയുമായി കാത്തിരുന്ന ഭാര്യ നേരത്തെ കിടന്നുറങ്ങി. മകള്‍ എവിടെയായിരിക്കുമെന്ന് ഒരു നിശ്ചയവുമില്ലാതെ ഞാന്‍ ലിവിംഗ് റൂമില്‍ സോഫയിലിരുന്ന് ടി.വി.യിലെ ഓരോ ചാനലുകളും അലസമായി മാറ്റിക്കൊണ്ടിരുന്നു. മനസ്സിലെ മരവിപ്പ് മാറാന്‍ കൂട്ടിനായി അല്പം മദ്യവും അകത്താക്കിയിരുന്നു. രാത്രി പന്ത്രണ്ടു മണി... ഒരു മണി......രണ്ടു മണി..! വാതില്‍ തുറക്കുന്ന ശബ്ദം കേട്ട് അല്പം മദ്യാലസ്യത്തിലായിരുന്ന ഞാന്‍ ചാടിയെഴുന്നേറ്റു ! എന്‍റെ നോട്ടമോ ഭാവവ്യത്യാസമോ കണ്ടില്ലെന്നു നടിച്ച്, യാതൊരു കൂസലും കൂടാതെ അകത്തേക്ക് കയറി വന്ന മകളുടെ ചെകിട്ടത്തായിരുന്നു ആദ്യത്തെ അടി. അപ്രതീക്ഷിതമായി കിട്ടിയ അടിയുടെ ആഘാതത്തില്‍ നിന്നു മുക്തയാകുന്നതിനു മുന്‍പേ എന്‍റെ കൈ വീണ്ടും ഉയര്‍ന്നു താണു. അതോടെ മകളുടെ സമനില തെറ്റി. പിന്നീട് നടന്നത് പിതാവിന്‍റേയും പുത്രിയുടേയും അവകാശങ്ങളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചുമുള്ള വാക്പയറ്റുകളും ചോദ്യോത്തരങ്ങളുടെ മാറ്റുരയ്ക്കലുകളുമായിരുന്നു. അതില്‍ വിജയിച്ചത് മകളും. ഒച്ചയും ബഹളവും കേട്ട് ഭാര്യ എഴുന്നേറ്റു വന്നതൊന്നും ഞാനറിഞ്ഞില്ല. കത്തിജ്വലിച്ചു നില്‍ക്കുന്ന മകളുടെ മുന്‍പില്‍ ഒരു മെഴുകുതിരി പോലെ ഞാന്‍ ഉരുകിയൊലിച്ചു. ധാര്‍മ്മിക ബോധം തെല്ലുമില്ലാതെയുള്ള അവളുടെ ചോദ്യശരങ്ങള്‍ക്കു മുന്‍പില്‍ ഞാനൊരു നെരിപ്പോടായി എരിഞ്ഞു. യുദ്ധത്തില്‍ തോറ്റ പടയാളിയെപ്പോലെ ഞാന്‍ ബെഡ്റൂമിലേക്ക് നടന്നു. ജീവശ്ചവം കണക്കെ കട്ടിലിലിരിക്കുന്ന ഭാര്യയുടെ ഒരായിരം ചോദ്യങ്ങള്‍ ഒളിഞ്ഞിരിക്കുന്ന, ആ കരഞ്ഞു കലങ്ങിയ കണ്ണുകളെ അഭിമുഖീകരിക്കാന്‍ ഞാന്‍ പാടുപെട്ടു. എല്ലാ നിയന്ത്രണങ്ങളും ചങ്ങല പൊട്ടിച്ചു പുറത്തുചാടിയ നിമിഷങ്ങളായിരുന്നു അത്. ആ കാളരാത്രി ഞങ്ങള്‍ രണ്ടുപേരും ഉറങ്ങാതെ കഴിച്ചുകൂട്ടി. എപ്പോഴോ ഞാനൊന്നു മയങ്ങി.

എന്തോ താഴെ വീഴുന്ന ശബ്ദം കേട്ടാണ് ഞെട്ടിയുണര്‍ന്നത്. എഴുന്നേറ്റ് ലിവിംഗ് റൂമിലേക്കു നടന്നു. ഭാര്യയെ കാണുന്നില്ലല്ലോ...! കിച്ചനിലേക്ക് നടക്കുന്നതിനിടയില്‍ കണ്ടു മകളുടെ മുറിയുടെ വാതിലിന്നരികില്‍ ഭാര്യ കിടക്കുന്നു! ഓടിച്ചെന്ന് കുലുക്കി വിളിച്ചു. അനക്കമില്ല..! "ദൈവമേ, ഇതെന്തു പറ്റി.."

ഭാര്യയുടെ കൈയ്യില്‍ ചുരുട്ടിപ്പിടിച്ചിരിക്കുന്ന കടലാസ് അപ്പോഴാണ് കണ്ണില്‍പെട്ടത്. ഞാനതെടുത്തു വായിച്ചു.. 

"Mom and Dad, I can't tolerate this anymore. I am leaving...."

കണ്ണില്‍ ഇരുട്ടു കയറുന്നതുപോലെ. വീഴുമെന്നു തോന്നിയപ്പോള്‍ നിലത്തുതന്നെ കുത്തിയിരുന്നു. എത്രനേരം അങ്ങനെ ഇരുന്നെന്നറിയില്ല. കണ്ണു തുറന്നപ്പോള്‍ ഭാര്യ അപ്പോഴും അതേ കിടപ്പുതന്നെ. ഓടി കിച്ചനില്‍ നിന്ന് അല്പം തണുത്ത വെള്ളം കൊണ്ടുവന്നു മുഖത്തു തെളിച്ചു. അല്പം കഴിഞ്ഞപ്പോള്‍ അവള്‍ കണ്ണു തുറന്നു. ക്ഷീണിതയായി എന്‍റെ മുഖത്തേക്ക് നോക്കിയപ്പോള്‍ അതു നേരിടാനുള്ള കരുത്തില്ലാതെ ഞാന്‍ മുഖം താഴ്ത്തി. ഒന്നും മിണ്ടാതെ അവള്‍ ബാത്ത് റൂമിലേക്ക് കയറി.

യാന്ത്രികമായി ഞങ്ങള്‍ ദിനങ്ങള്‍ തള്ളിനീക്കി. അവള്‍ എന്നോടു സംസാരിക്കുന്നതു തന്നെ വിരളമായി. എല്ലാം എന്‍റെ കുറ്റം കൊണ്ട് സംഭവിച്ചതാണെന്ന് അവള്‍ ചിന്തിക്കുന്നുണ്ടാകാം. മകളുടെ തിരോധാനം ഞങ്ങള്‍ക്ക് താങ്ങാവുന്നതിലപ്പുറമായിരുന്നു. എവിടെയാണ് ഞങ്ങളുടെ പുന്നാര മോള്‍ എന്നുപോലും അറിയാന്‍ വയ്യാത്ത അവസ്ഥ. ഭാര്യയുടെ മൗനം അപകടകരമാണെന്ന് എനിക്കറിയാമായിരുന്നു. പക്ഷെ, എന്തോ ദൃഢനിശ്ചയത്തിലായിരുന്നു അവള്‍. രാത്രിയില്‍ ഉറങ്ങാതെ കട്ടിലില്‍ എഴുന്നേറ്റിരുന്ന് കരയുന്നത് പതിവ് കാഴ്ചയായി. ദിവസങ്ങളും ആഴ്ചകളും മാസങ്ങളും കഴിയുന്തോറും അവളുടെ ആരോഗ്യനിലയും വഷളായിക്കൊണ്ടിരുന്നു. ജോലിക്ക് പോകുന്നതുപോലും വിരളമായി. ചില ദിവസങ്ങളില്‍ ജോലിക്കു പോയാല്‍ ഉടനെ തിരിച്ചുപോരും. അവസാനം അമ്മാമ്മ തന്നെ മുന്‍കൈയ്യെടുത്താണ് ഈ ഹോസ്പിറ്റലിലെത്തിച്ചത്. ഉയര്‍ന്ന രക്തസമ്മര്‍ദ്ദവും, ഷുഗറും, ഡിപ്രഷനുമൊക്കെയായപ്പോള്‍ അസുഖത്തിന്‍റെ കാഠിന്യവും കൂടി. ലാബ് റിപ്പോര്‍ട്ടില്‍ എന്തോ സംശയം തോന്നിയതനുസരിച്ചാണ് കൂടുതല്‍ പരിശോധനയ്ക്കായി ഡോക്ടര്‍ റഫര്‍ ചെയ്തത്. ഡോക്ടര്‍ സംശയിച്ചതുപോലെ തന്നെ രക്താര്‍ബ്ബുദമെന്ന മാരകരോഗം അവളെ കാര്‍ന്നു തിന്നുകൊണ്ടിരിക്കുന്ന സത്യം ഞെട്ടലോടെയാണ് കേട്ടത്. എന്‍റെ എല്ലാ നിയന്ത്രണങ്ങളും വിട്ടു. ആഴക്കടലിലെ പൊങ്ങുതടി പോലെ ഞാന്‍ ഒഴുകി നടന്നു. ആശ്വാസവാക്കുകള്‍ പറഞ്ഞ് സമാധാനിപ്പിക്കാന്‍ പലരുമുണ്ടായിരുന്നു. ഭാര്യയുടെ മുഖത്തെ നിസ്സംഗത എന്നെ വല്ലാതെ ഉലച്ചു. മരണം അവള്‍ ചോദിച്ചു വാങ്ങാന്‍ തന്നെ തീരുമാനിച്ച രീതിയിലായിരുന്നു അവളുടെ പെരുമാറ്റവും സംസാരവുമെല്ലാം.

ഇതിനോടകം പല പ്രാവശ്യം ഞാന്‍ മോളുടെ സെല്‍ ഫോണിലേക്ക് വിളിച്ചു നോക്കുന്നുണ്ടായിരുന്നു. ഒരു പ്രാവശ്യം ഫോണെടുത്തു. മമ്മി ഹോസ്പിറ്റലിലാണെന്ന് പറഞ്ഞപ്പോഴും ഒരു മൂളലായിരുന്നു മറുപടി. പെട്ടെന്ന് ഫോണ്‍ ഡിസ്കണക്റ്റ് ചെയ്യുകയും ചെയ്തു. തകര്‍ന്ന മനസ്സുമായി വിസിറ്റേഴ്സ് റൂമിലെ കസേരയിലിരുന്ന് എപ്പോഴാണ് ഉറങ്ങിയതെന്നറിഞ്ഞില്ല...!

ആരുടെയൊക്കെയോ കാല്‍പെരുമാറ്റം കേട്ടാണ് ഞെട്ടിയെഴുന്നേറ്റത്. മുന്നൂറ്റിപ്പതിനാലാം നമ്പര്‍ മുറിയിലേക്ക് ഡോക്ടര്‍മാരും നഴ്സുമാരും കയറുകയും ഇറങ്ങുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്തായിരിക്കും ഇത്ര എമര്‍ജന്‍സി! മറ്റൊരു പേഷ്യന്‍റും ആ മുറിയിലുണ്ട്. ആകാംക്ഷയുടെ നിമിഷങ്ങള്‍ ഇഴഞ്ഞുനീങ്ങി. പെട്ടെന്ന് എല്ലാം നിശ്ശബ്ദമായ പോലെ ...!

ഡോക്ടര്‍ എബ്രഹാം മുറിയില്‍ നിന്നിറങ്ങി വരുന്നുണ്ട്. അടുത്തുവന്നു നിന്ന അദ്ദേഹം ഒന്നും പറഞ്ഞില്ല. പക്ഷെ അദ്ദേഹത്തിന്‍റെ മുഖം എല്ലാം പറയുന്നുണ്ടായിരുന്നു. അതെ, പ്രതീക്ഷിച്ചതു തന്നെ സംഭവിച്ചുകഴിഞ്ഞിരിക്കുന്നു. ഇക്കാലമത്രയും എന്നെ മുന്നോട്ടു നയിച്ച അവള്‍ ഇനിയില്ല. നിര്‍വ്വികാരനായി നിന്ന എന്‍റെ തോളില്‍ തട്ടി ഡോക്ടര്‍ നടന്നു നീങ്ങി. ഞാന്‍ മോളെ വിളിച്ചു. ഫോണ്‍ റിംഗ് ചെയ്യുന്നുണ്ട്. പക്ഷെ മറ്റാരോ ആണ് ഫോണെടുത്തത്. മോളെവിടെ എന്നു ചോദിച്ചില്ല. ഫോണെടുത്ത കുട്ടിയോട് വിവരം പറഞ്ഞു. 'അറിയിച്ചേക്കാം' എന്നു പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തു. 

വിവരങ്ങളറിഞ്ഞ് പലരും എത്തിത്തുടങ്ങി. അവരുടെ ആശ്വാസ വാക്കുകളൊന്നും ഞാന്‍ കേട്ടില്ല...! ഓരോ മുഖങ്ങളിലും ഞാനെന്‍റെ മകളെ തേടി..! ഇല്ല, അവളെ കണ്ടില്ല.. ! ആ സമയത്താണ് സെല്‍ഫോണ്‍ ശബ്ദിച്ചത്. മോളുടെ നമ്പറില്‍ നിന്ന് ടെക്സ്റ്റ് മെസ്സേജാണ്...!!

"Dad, my hearty condolences. Don't wait for me, I can't come....!"


2024 ഫെബ്രുവരി 6, ചൊവ്വാഴ്ച

ഏകാന്തപഥികന്‍

 


ചുക്കിച്ചുളിഞ്ഞ്, അഴുക്കും പൊടിയും പിടിച്ച്‌ മുഷിഞ്ഞ സഞ്ചിയില്‍നിന്നും വീണ്ടും അയാള്‍ ഒരു റൊട്ടിക്കഷ്ണം തപ്പിയെടുത്തു. തന്റെ ശരീരത്തിലേക്ക്‌ കത്തിയമരുന്ന സൂര്യകിരണങ്ങളില്‍നിന്നും അല്‍പമൊന്ന്‌ തെന്നിമാറി തെരുവോരത്തെ ആ വൃക്ഷത്തിന്‍മേല്‍ ചാരിയിരുന്നു. അല്പം വിശ്രമിക്കാന്‍ ഒരിടം കിട്ടിയ ആശ്വാസത്തില്‍ അയാളിലൂടെ ഒരു ദീര്‍ഘനിശ്വാസം കടന്നുപോയി.

വൃക്ഷത്തിന്മേല്‍ ചാരിയിരുന്ന്‌ ഉണക്കറൊട്ടി ചവച്ചുകൊണ്ടിരിക്കവേ വയറൊട്ടിയ സഞ്ചിയിലേക്കുതന്നെ അയാള്‍ നോക്കി. ഇനിയൊരു കഷ്ണം റൊട്ടിപോലും അതില്‍ ശേഷിപ്പില്ലെന്ന്‌ അയാളറിത്തു. ഈ അവസ്ഥയില്‍ എങ്ങനെ യാത്ര തുടരും എന്നയാള്‍ ചിന്തിച്ചു. അയാളുടെ മനസ്സിന്റെ ആഴങ്ങളില്‍നിന്നും ഏതോ ഒരു നിശ്ചയദാര്‍ഢ്യത ഉരുണ്ടുരുണ്ടുവന്ന്‌ അയാളുടെ ക്ഷീണിച്ച കണ്ണുകള്‍ക്ക്‌ തിളക്കമേകി. മരച്ചില്ലുകളുടെ മണ്ണില്‍ പതിത്തുകിടന്ന നിഴലുകളിലേക്ക്‌ നോക്കി ഒരു ദീര്‍ഘനിശ്വാസം കൂടി പൊഴിച്ചുകൊണ്ട്‌ യാത്ര തുടരാനായി അയാള്‍ എഴുന്നേറ്റു.

യാന്ത്രികമായ വിരലനക്കങ്ങളിലൂടെ വയറൊട്ടിയ സഞ്ചിയടക്കമുള്ള വലിയ യാത്രാഭാണ്ഠം അയാളുടെ ചുമലിലേക്ക്‌ വലിഞ്ഞു കയറി. സുദീര്‍ഘമായ യാത്രയിലുടനീളം ഭാരിച്ച ഭാണ്ഠം തൂക്കിയിട്ട ചുമലിലെ തൊലിയില്‍ ഇതിനകം തഴമ്പ്‌ പ്രത്യക്ഷപ്പെട്ടു കഴിഞ്ഞിരുന്നു. എന്നിട്ടും ഭാണ്ഠത്തിന്റെ തൂക്കുകയര്‍ ചുമലിലൂടെ വലിഞ്ഞു മുറുകുമ്പോള്‍ തൊലിയില്‍ നീറുന്ന വേദന. പക്ഷേ, തൊലിപ്പുറത്തെ ഈ വേദനയൊന്നും യാത്രയുടെ തടസ്സമായി കാണാന്‍ അയാള്‍ക്ക്‌ കഴിയുമായിരുന്നില്ല. കണ്ണുകളെ അകലേക്ക്‌ പായിച്ചുകൊണ്ട്‌ പടിഞ്ഞാറേ ദിക്ക്‌ ലക്ഷ്യമാക്കി അയാള്‍ നടന്നു.

നിറയെ വെള്ളക്കൊക്കുകള്‍ കൂടുകൂട്ടിയ ഒരു മാവിന്റെ ചുവട്ടില്‍ അയാള്‍ വീണ്ടും തളര്‍ന്നിരുന്നു. തളര്‍ച്ച ബാധിച്ചുതുടങ്ങിയ കണ്ണുകള്‍ കൊണ്ട്‌ ആകാശത്തേക്ക്‌ കഴുത്തുയര്‍ത്തി വെറുതെ ഒന്നു നോക്കി. തങ്ങളുടെ നിളമുള്ള തൂവെള്ള ചിറകുകള്‍ വിടര്‍ത്തി ചുറ്റുഭാഗത്തുനിന്നും മാവിന്‍ ചില്ലകളിലേക്ക്‌ പറന്നടുക്കുന്ന കൊക്കുകളുടെ സന്ദര്യം കണ്‍പോളകളുടെ തളര്‍ച്ചയെ ശമിപ്പിക്കുന്നതായി അയാള്‍ക്കു തോന്നി. തന്റെ തലയ്ക്കു മുകളില്‍, മാവിന്‍ ചില്ലകളില്‍ പരസ്പരം ശൃംഗരിച്ചും ചിറകിട്ടടിച്ചും സംഘനൃത്തമാടുന്ന കൊക്കുകളെത്തന്നെ നോക്കിയിരിക്കേ ഏതോ ദാര്‍ശനിക വിചാരത്തില്‍ അയാള്‍ മുങ്ങി. ധവളിമയാര്‍ന്ന ഉടയാടകളണിഞ്ഞ്‌ ആകാശത്തു നിന്നുമിറങ്ങിവന്ന മാലാഖമാരാണോ ഇവര്‍ എന്നൊരു സുന്ദരഭാവന ഒരു നിമിഷം അയാളുടെ അകതാരില്‍ വിരിഞ്ഞുനിന്നു.

അടുത്ത നിമിഷം അയാള്‍ അയാളിലേക്കുതന്നെ തിരിച്ചുവന്നു. താന്‍ ധരിച്ചിരുന്ന വസ്ത്രത്തിന്റെ നിറം വിയര്‍പ്പും ചെമ്മണ്ണും പുരണ്ട്‌ മധ്യാഹ്നം പിന്നിട്ട ആകാശത്തിന്റെ നിറമായിത്തുടങ്ങിയത്‌ ശ്രദ്ധയില്‍ പതിഞ്ഞു. തന്റെ കൈയിലെ സഞ്ചിയിലേക്കും കണ്ണോടിച്ചു. അതിനകത്ത്‌ ഒന്നുമുണ്ടായിരുന്നില്ലെന്നും അയാള്‍ക്കറിയാമായിരുന്നു. എങ്കിലും പുകയുന്ന വയറിനെ സാക്ഷിനിര്‍ത്തി അബോധമായ ഏതോ പ്രേരണയാലെ അയാളുടെ കൈപ്പത്തി സഞ്ചിയിലേക്ക്‌ നിങ്ങി. സഞ്ചിക്കുള്ളില്‍ നിന്നും ഉയര്‍ന്നുവന്ന കൈയില്‍ പക്ഷെ, അത്ഭുതമെന്നോണം ഒരു കഷ്ണം റൊട്ടിയുണ്ടായിരുന്നു. യാതൊതു ഭാവമാറ്റവുമില്ലാതെ ആ റൊട്ടിക്കഷ്ണം കാര്‍ന്നു തിന്നു.  കരിഞ്ഞുണങ്ങിയ വയറിന്റെ ഏതോ ഒരു മൂലയില്‍ വിശ്രമിക്കാന്‍ മാത്രമേ ആ റൊട്ടിക്കഷ്ണത്തിനാകുമായിരുന്നുള്ളൂ. എങ്കിലും, ഈ യാത്രയിലുടനീളം താനൊരിക്കലും വയറു നിറയെ തിന്നിരുന്നില്ലല്ലോ എന്നയാള്‍ ആശ്വാസം കൊണ്ടു.

തളര്‍ച്ച മാറിയോ എന്നുറപ്പുവരുത്താനൊന്നും നില്‍ക്കാതെ അയാള്‍ വിണ്ടും യാത്ര തുടര്‍ന്നു. പൊള്ളുന്ന പുഴിയിലൂടെയും കാലാണ്ടുപോകുന്ന ചതുപ്പു നിലങ്ങളിലൂടെയും നഗ്നപാദനായി നടന്നു നീങ്ങി. തളര്‍ച്ച തികട്ടിവരുമ്പോഴൊക്കെ ഹൃദയാന്തരാളത്തില്‍നിന്നും ഒരു ഘോഷയാത്രയായി ഉയര്‍ന്നുവന്നുകൊണ്ടിരുന്ന ദീര്‍ഘ നിശ്വാസങ്ങള്‍ പ്രാര്‍ത്ഥനകളെന്നപോലെ യാത്രയിലുടനീളം അയാളുടെ ശ്വാസനാളത്തെ വിമലികരിച്ചുകൊണ്ടിരുന്നു. ആട്ടിടയന്മാര്‍ ആട്ടിന്‍വറ്റങ്ങളെ തെളിച്ചു കൊണ്ടുപോയ കാല്‍പാടുകള്‍ പതിഞ്ഞ ഒരു കുന്നിന്‍ചെരുവില്‍ അയാള്‍ ഒരിക്കല്‍ കൂടി വിശ്രമിക്കാനിരുന്നു.

ചെന്നായ്ക്കള്‍ മാന്തിപ്പൊളിച്ച തന്റെ വലതു കക്ഷത്തിലെ മാംസപേശികള്‍ വല്ലാതെ നീറ്റുന്നുണ്ടായിരുന്നു. മരണത്തില്‍നിന്ന്‌ രക്ഷപ്പെട്ടുവെങ്കിലും ചെന്നായ്ക്കളുടെ കടിയേറ്റ്‌ ചോരയൊലിച്ചുകൊണ്ടിരുന്ന ആട്ടിന്‍കുട്ടിയുടെ ഇപ്പോഴത്തെ അവസ്ഥ എന്തായിരിക്കുമെന്ന്‌ ഒരു നിമിഷത്തേക്ക്‌ അയാള്‍ ഉത്ക്കണ്ഠപ്പെട്ടു. വേഴാമ്പലുകള്‍ മലമുഴക്കിക്കരയാറുള്ള, രാത്രികാലങ്ങളില്‍ വെള്ളിടി വെട്ടാറുള്ള ഒരു താഴ്‌വരയില്‍ വെച്ചാണ്‌ ചെന്നായ്ക്കളുടെ ആക്രമണത്തില്‍നിന്ന്‌ തലനാരിഴക്ക്‌ രക്ഷപ്പെട്ടത്‌. ആത്മരക്ഷക്കായി ആര്‍ത്തുകരത്തുകൊണ്ട്‌ ഓടുകയായിരുന്ന ആട്ടിന്‍കുട്ടിയെ രക്ഷിക്കുവാന്‍ തുനിഞ്ഞപ്പോഴാണ്‌ ആക്രമണകാരികളായ ചെന്നായ്ക്കള്‍ അപ്രതീക്ഷിതമായി തന്റെ നേരെ പാഞ്ഞുവന്നത്‌. ചെന്നായ്ക്കളുമായി ഏറ്റുമുട്ടുന്നതിനിടയില്‍ ആട്ടിന്‍കുട്ടി എങ്ങോട്ടോ രക്ഷപ്പെട്ടിരുന്നു. മുറിവേറ്റ ശരീരവുമായി അയാള്‍ അടുത്തുകണ്ട പാറക്കൂട്ടങ്ങള്‍ക്കിടയില്‍ അഭയം തേടി. ആ താഴ്‌വരയാകെ ആട്ടിന്‍കുട്ടിയുടെ ഇളം ചോരയ്ക്കായി ചെന്നായ്ക്കള്‍ പേപിടിച്ച പോലെ ഓടി നടന്നു.

മലഞ്ചെരുവില്‍നിന്നും പറിച്ചെടുത്ത ഏതോ ഓഷധച്ചെടിയുടെ ഇലയുടെ നീര്‌ പിഴിഞ്ഞ് അയാള്‍ നീറുന്ന തന്റെ വലതു കക്ഷത്ത്‌ തടവി. നീറ്റല്‍ അല്പം കുറഞ്ഞപ്പോള്‍ തൊട്ടടുത്ത പാറക്കല്ലില്‍ തലചായ്ച്ച്‌ മയക്കത്തിലേക്കു വഴുതിവിണു. ഒരു ഫിലിം റോള്‍ ഇതള്‍ വിരിയുന്ന പോലെ പാതിയടത്ത കണ്‍കളിലേക്ക്‌ ഭൂതകാലം ഇഴഞ്ഞു വരുന്നു. സൂര്യന്‌ കീഴെ കത്തിനില്‍ക്കുന്ന പരുപരുത്ത മരുഭൂമി. അതില്‍ സഹനത്തിന്റെ പ്രതീകം പോലെ തളരാതെ ചുവടുകള്‍ വെച്ചു നീങ്ങുന്ന ഒരൊട്ടകം. ഒട്ടകത്തിന്റെ കണ്‍കളില്‍
ഹേമന്ദത്തിന്റെ കുളിരുമായി ഒടുവില്‍ തന്നെ തേടിയെത്തുന്ന ഒരു മന്ദമാരുതനെക്കുറിച്ചുള്ള ഒടുങ്ങാത്ത പ്രതീക്ഷയുടെ തിളക്കം …! ഭൂതത്തില്‍ നിന്നും ഭാവിയിലേക്കുള്ള ഒരു കുതിച്ചു ചാട്ടം പോലെ പൊടുന്നനെ ഫിലിം റോളുകള്‍ കൂട്ടത്തോടെ തെന്നിമാറി… എവിടെയോ ഒരിടത്ത്‌ ഒട്ടകം മുട്ടുകുത്തി… ഒരു നവവധുവിന്റെ പ്രണയാര്‍ദ്രമായ ആലിംഗനം പോലെ വര്‍ണഭംഗിയാര്‍ന്ന ഉടയാടകള്‍ വിടര്‍ത്തി പറന്നുവന്ന്‌ മന്ദമാരുതന്‍ ഒട്ടകത്തെ പൊതിഞ്ഞു… ഒട്ടകം ഉന്മാദത്തിന്റെ സമതലങ്ങളിലൂടെ ആറാടി… നീരുറവകള്‍ കുതിച്ചുല്ലസിച്ചു പായുന്ന പാലാഴികളുടെ കളകളാരവങ്ങള്‍.. പ്രണയിനിമാരുടെ പാദസരക്കിലുക്കങ്ങള്‍ … കര്‍ണാനന്ദകരങ്ങളായ അനേകം സിംഫണികളുടെ ശീലുകളില്‍ ഒഴുകിയൊഴുകി വരുന്ന സംഘഗാനങ്ങള്‍….!

കൈയിലെന്തോ തുടരെത്തുടരെ കടിച്ചപ്പോള്‍ അയാള്‍ ഞെട്ടിയുണര്‍ന്നു. നല്ലവണ്ണം കൊഴുത്തു ചുവന്ന മൂന്നുനാല്‌ ഉറുമ്പുകളാണ്‌. നോക്കിയപ്പോള്‍ താന്‍ ചാരിക്കിടന്നിരുന്ന പാറക്കല്ലിന്റെ അടിഭാഗത്തുള്ള ഒരു മാളത്തില്‍ നിന്നും ഉത്ഭവിച്ച്‌ തന്റെ മുന്നിലൂടെ തെല്ലകലെയുള്ള വൃക്ഷച്ചുവട്ടിലേക്ക്‌ നീണ്ടു പോകുന്ന പതിനായിരക്കണക്കിന്‌ ഉറുമ്പുകളുടെ ജാഥ. ചുണ്ടില്‍ തൂക്കിപ്പിടിച്ച ഭാരവുമായി ഒന്നിനു പിന്നാലെ ഒന്നായി ചലിക്കുന്ന ആ ഉറുമ്പിന്‍നിരയിലൂടെ കണ്ണയച്ചു. ആ ചുവപ്പു രേഖയുടെ അറ്റം കണ്ടെത്താന്‍ അയാള്‍ക്കായില്ല. വൃക്ഷച്ചുവട്ടിലെത്തിയ രേഖ നേരെ വൃക്ഷത്തിന്റെ മുകളിലേക്ക്‌ …. ഏറ്റവും വലിയ ശിഖരത്തിലൂടെ കൂടുതല്‍ ഉയരത്തിലേക്ക്‌.

എല്ലാ കാഴ്ചകളും കൂട്ടി വായിച്ചപ്പോള്‍ ഉള്ളില്‍ നിന്നുയര്‍ന്നുവന്ന ഒരു ദീര്‍ഘനിശ്വാസത്തോടെ അയാള്‍ തന്റെ സഞ്ചിയിലേക്ക്‌ നോക്കി. ക്ഷീണമകറ്റാന്‍ സഞ്ചിയിലൊന്നുമില്ലെന്ന അറിവ്‌ അയാളെ നിരാശപ്പെടുത്തിയില്ല. തഴമ്പ്‌ വീണ അയാളുടെ കൈപ്പത്തി പതിവ്‌ യാന്ത്രികതയിലെന്നോണം സഞ്ചിയിലേക്ക്‌ ഈഴ്‌ന്നിറങ്ങി. ഒരത്ഭുത വിദ്യ പോലെ അയാള്‍ സഞ്ചിയില്‍ നിന്നും ഒരു കഷ്ണം ഉണക്കറൊട്ടി കൂടി പുറത്തെടുത്തു. മനസ്സില്‍ ദൈവത്തിനോട്‌ നന്ദിപറഞ്ഞ്‌ ആ ഉണക്ക റൊട്ടി വായിലിട്ട്‌ ചവച്ചരക്കാന്‍ തുടങ്ങി. സ്വാദിഷ്ടമായ ഒരു ഭക്ഷണ പദാര്‍ത്ഥമെന്നപോലെ അപ്പോള്‍ അയാളുടെ കണ്ണില്‍ തിളക്കവും ചുണ്ടില്‍ പുഞ്ചിരിയും കൂടുകെട്ടിയിരുന്നു.

തന്റെ ലക്ഷ്യമേതാണെന്ന തിരിച്ചറിവോടെ അയാള്‍ വീണ്ടും ചുവടുകള്‍ മുന്നോട്ടുവെച്ച്‌ നടത്തമാരംഭിച്ചു. അയാളുടെ പാദങ്ങള്‍ നഗ്നമായിരുന്നെങ്കിലും ചരല്‍കല്ലുകള്‍ തുളച്ചു കയറുമ്പോഴുണ്ടാകുന്ന വേദന അറിയാതിരിക്കാന്‍ മാത്രം നിശ്ചയദാര്‍ഢ്യത മനസ്സ്‌ നിറയെ അപ്പോള്‍ തളംകെട്ടി നിന്നിരുന്നു. കനത്ത ഭാണ്ഡം തോളില്‍ നിന്ന് അടര്‍ത്തി മാറ്റിയാലും വീഴാത്ത വിധം അള്ളിപ്പിടിച്ചു
കിടന്നിരുന്നു.

ഓരോ ചുവടുകളിലും കാലുകള്‍ ശ്രമപ്പെട്ട്‌ എടുത്ത്‌ വെച്ചുകൊണ്ട്‌ നടന്നടുക്കുന്ന ആ ഏകാന്തപഥികനെ അകലെ ആകാശച്ചെരുവില്‍ ഭൂമിയില്‍ തലവെച്ചു വിശ്രമിക്കുന്ന അസ്തമയ സൂര്യന്‍ കണ്ടു. പഴുത്തു ചുവന്നു നില്‍ക്കുന്ന അസ്തമയ സൂര്യനെ അയാള്‍ ഗൗനിച്ച ലക്ഷണമേയില്ല. അസ്തമയസൂര്യനുമപ്പുറം മന്ദമാരുതന്‍ പാറിക്കളിക്കുന്ന, പ്രണയഗാനങ്ങളുടെ ശീലുകള്‍ നിറയുന്ന, പാലാഴികള്‍ കളകളാരവം മുഴക്കുന്ന, നക്ഷത്ര സത്രങ്ങളൊരുക്കി തന്നെ കാത്തിരിക്കുന്ന ഏതോ ഒരു ഭൂമിക, അത്‌ മാത്രമായിരുന്നു അയാളുടെ അകക്കണ്ണില്‍ നിറഞ്ഞുനിന്നിരുന്ന ഒരേയൊരു ലക്ഷ്യം.

2023 നവംബർ 8, ബുധനാഴ്‌ച

ആദ്യരാത്രിയിലെ കുമ്പസാരം

 


അവള്‍ പാലുമായി വരുമ്പോള്‍ അയാള്‍ ചിന്താമഗ്നനായി ജനാലക്കരികില്‍ ഇരുട്ടിന്റെ പാളികളില്‍ മുഖമമര്‍ത്തി നില്‍ക്കുകയായിരുന്നു. ഒരു നവവധുവിന്റെ എല്ലാ ഭാവഹാദികളോടുംകൂടി മന്ദംമന്ദം നടന്നുവന്ന്‌ അവള്‍ അയാളുടെ പിറകില്‍ വന്നു നിന്നു. വാതില്‍ തുറന്നടഞ്ഞതും, അവളുടെ പാദചലനങ്ങള്‍ തനിക്കു പിന്നില്‍ വന്നവസാനിച്ചതും അയാളറിഞ്ഞിരുന്നു.

വടക്കുനോക്കിയന്ത്രം എന്ന സിനിമയിലെ ശ്രീനിവാസനെപ്പോലെ നാടകീയമായി മുഖമുയര്‍ത്തി, ശബ്ദം കരുതലോടെ നിയന്ത്രിച്ച്‌ അവളെ നോക്കി അയാള്‍ തനിക്കാവുന്നത്ര ദൃഢതയോടെ പറഞ്ഞു…

“നമ്മുടെ രാത്രി തുടങ്ങും മുമ്പേ എനിക്കു ചിലതു പറയാനുണ്ട്‌. നിനക്കത്‌ കേള്‍ക്കാനുള്ള ധൈര്യം കാണുമെന്ന്‌ ഞാന്‍ ഊഹിക്കുന്നു. നമ്മളിനിയും ജീവിതം തുടങ്ങിയിട്ടില്ലാത്ത സ്ഥിതിക്ക്‌ എല്ലാം കേട്ടതിനുശേഷം നിനക്കൊരു തീരുമാനമെടുക്കാം ….”

“എനിക്കു സമ്മതം. വിരോധമില്ലെങ്കില്‍ നമുക്കിരുവര്‍ക്കും പറയാനുള്ളതെല്ലാം ഈ രാത്രി തന്നെ പറഞ്ഞു തീര്‍ക്കാം.”

അവള്‍ പറഞ്ഞു.

അയാള്‍ തൂടങ്ങി…

“എനിക്കൊരു പ്രേമബന്ധമുണ്ട്‌”

“ഞാനൂഹിച്ചു.”

അയാള്‍ പറഞ്ഞു നിര്‍ത്തും മുമ്പേ അവളങ്ങനെ പറഞ്ഞപ്പോള്‍ അയാള്‍ പതുക്കെയൊന്നു പതറാതിരുന്നില്ല.

“ഞങ്ങള്‍ തമ്മിലിപ്പോഴും നല്ല അടുപ്പത്തില്‍ തന്നെയാണ്‌. ഒരുപക്ഷെ നമ്മുടെ ഈ ബന്ധം അവസാനിച്ചാല്‍ ഞങ്ങള്‍ തമ്മില്‍ വിവാഹിതരായെന്നു വരാം.”

പ്രതീക്ഷിച്ച പ്രശ്നങ്ങളൊന്നുമില്ല. അവള്‍ കൗതുകത്തോടെ കേട്ടിരിക്കുന്നുണ്ട്‌.

“നിന്റെ അഛന്‍ വെച്ചു നീട്ടിയ സ്ത്രീധനത്തിന്റെ ആകര്‍ഷണ വലയത്തില്‍ കുടുങ്ങിയാണ്‌ ഞാനീ കല്ല്യാണത്തിനു സമ്മതിച്ചത്‌”

“ഞാനതും ഈഹിച്ചതു തന്നെ” – അവള്‍ ഭാവഭേദമന്യേ പറഞ്ഞു.

“വിവാഹത്തിനുശേഷവും ഞാനവളുമായുള്ള ബന്ധം തൂടര്‍ന്നെന്നിരിക്കും. നിനക്കതില്‍ എതിര്‍പ്പുണ്ടെങ്കില്‍ ഇപ്പോള്‍ പറയണം.”

പറഞ്ഞു തീര്‍ത്തപ്പോഴേക്കും അയാള്‍ വിയര്‍ത്തിരുന്നു. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പു തുള്ളികള്‍ തുടയ്ക്കാന്‍ അയാള്‍ മുതിരാതിരുന്നത്‌ മനഃപ്പൂര്‍വ്വമായിരുന്നു.

“എനിക്കെതിര്‍പ്പൊന്നുമില്ല”

അവള്‍ക്ക്‌ യാതൊരു ഭാവവ്യത്യാസവുമുണ്ടായിരുന്നില്ല. അയാളുടെ പ്രതീക്ഷകള്‍ക്കു വിപരീതമായിരുന്നു അത്‌. പൂര്‍ണ്ണമായി വിശ്വസിക്കാന്‍ കഴിഞ്ഞില്ലെങ്കിലും എല്ലാം ശുഭമായി പര്യവസാനിച്ചതില്‍ അയാള്‍ക്കു സന്തോഷം തോന്നി. അയാള്‍ ദീര്‍ഘമായൊന്നു നെടുവീര്‍പ്പിട്ടു.

“നിനക്കെന്തെങ്കിലും പറയണമെന്നുണ്ടോ?” അയാള്‍ അവളോടു ചോദിച്ചു.

“എനിക്കു പറയാനുണ്ടായിരുന്നതെല്ലാം തന്നെയാണ്‌ നിങ്ങളിപ്പോള്‍ പറഞ്ഞത്‌. എങ്ങിനെയാണ് അത് അവതരിപ്പിക്കുക എന്നോര്‍ത്ത്‌ വിഷമിച്ചിരിക്കുകയായിരുന്നു ഞാന്‍. ഇനി എന്റെ കാര്യത്തില്‍ നിങ്ങള്‍ക്കെതിര്‍പ്പുണ്ടോ എന്നു മാത്രം അറിഞ്ഞാല്‍ മതി.”

അവളയാളെ സാകൂതം നോക്കി.

സംഗതികളുടെ പൂര്‍ണ്ണ രൂപം ഇപ്പോഴാണയാള്‍ക്കു പിടികിട്ടിയത്‌. കുറച്ചു നേരത്തെ ചിന്തയ്ക്കുശേഷം അയാള്‍ ദൃഢമായി പറഞ്ഞു..

“എനിക്കു വിരോധമില്ല”

അവള്‍ ചിരിച്ചു. ഒപ്പം അയാളും. പിന്നെ അവര്‍ രണ്ടുപേരും ഒരുമിച്ച്‌ ആദ്യരാത്രിയിലേക്കു കടന്നപ്പോള്‍ ഒരു കൊതുക്‌ മൂളിപ്പാട്ടു പാടി അവരെ വട്ടമിട്ട്‌ പറന്നത്‌ അസൂയ കൊണ്ടാകാം.

2022 മാർച്ച് 2, ബുധനാഴ്‌ച

ആത്മഹത്യ (ചെറുകഥ)


 ആദ്യ രാത്രിയില്‍ ബെഡ്റൂമിന്റെ അരണ്ട വെളിച്ചത്തില്‍ അയാളുടെ കരവലയങ്ങളിലൊതുങ്ങി കിടക്കവെ അവള്‍ ചാദിച്ചു..

“മൂന്നു പ്രാവശ്യം ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിട്ടും മരിക്കാത്ത ആളാണെന്ന്‌ കേട്ടിട്ടുണ്ട്‌.”

തലയുയര്‍ത്തി അയാളവളെ മെല്ലെ നോക്കി. കണ്ണുകള്‍ അയാളില്‍ നിന്നെടുക്കാതെ അവള്‍ വീണ്ടും ചോദിച്ചു...

“എന്തിനാ ആത്മഹത്യ ചെയ്യണമെന്നു തോന്നിയിരുന്നത്‌?”

“വെറുതെ” നിസ്സംഗതയോടെ അയാള്‍ പറഞ്ഞു.

“വെറുതെ ആരെങ്കിലും ആത്മഹത്യ ചെയ്യുമോ?”

അയാളൊന്നും മിണ്ടിയില്ല. മച്ചിലേക്ക്‌ കണ്ണുംനട്ടു കിടന്ന അയാള്‍ നെടുവീര്‍പ്പിട്ടു.

“പ്രേമനൈരാശ്യം വല്ലതും തോന്നിയിട്ടായിരുന്നോ?”

"പ്രേമം. ആരു പ്രേമിക്കാന്‍........ ആര്‍ക്കും എന്നെ വേണ്ടായിരുന്നു.”

അയാളറിയാതെ തന്നെയാണ്‌ അയാളില്‍നിന്നും ആ വാക്കുകള്‍ പുറത്തു ചാടിയതെന്ന്‌ അവള്‍ക്കു തോന്നി. അവളയാളെ സൂക്ഷിച്ചു നോക്കി. അയാളൂടെ കണ്ണുകള്‍ ജനാലയ്ക്കു പുറത്ത്‌ അഗാധമായ ഇരുട്ടിന്റെ സാന്ത്വനങ്ങളിലെവിടെയോ ആയിരുന്നു.

“ആത്മഹത്യ ചെയ്താലെന്തെന്ന്‌ ഞാനും ചിലപ്പോഴെല്ലാം ആലോചിക്കാറുണ്ടായിരുന്നു. പക്ഷെ ധൈര്യമുള്ളവര്‍ക്കല്ലേ അതിനൊക്കെ കഴിയൂ... ഞാനൊരു ഭീരുവായിരുന്നു. അതിനാല്‍ ശ്രമിച്ചില്ല"

അറിയാതെയുയര്‍ന്ന ഒരു നെടുവീര്‍പ്പിനെ വേഗം മറച്ചുപിടിച്ച്‌ അവള്‍ നിഷ്ക്കളങ്കയെപ്പോലെ ചിരിച്ചു. അതയാള്‍ക്കൊരു പൂതിയ അറിവായിരുന്നു. കണ്ണിമയ്ക്കാതെ അയാളവളെ ചുഴിഞ്ഞു നോക്കി, അവിശ്വസനീയതോടെ. അവളുടെ കണ്ണുകളുടെ ആഴങ്ങളിലെവിടെയെങ്കിലും ആത്മഹത്യയോടുള്ള ഭ്രാന്തമായൊരഭിനിവേശം പതിയിരിപ്പുണ്ടോ...

“ഇനിയിപ്പോള്‍ ധൈര്യമുള്ള ഒരാള്‍ കൂടെയുണ്ടല്ലോ, തരം കിട്ടിയാല്‍ ഒന്നു പരീക്ഷിച്ചു നോക്കാം അല്ലേ........?”

അതു പറഞ്ഞ്‌ അവള്‍ വിണ്ടും ചിരിച്ചു. ആ ചിരിയില്‍ എന്തൊക്കെയോ നിഗൂഢതകള്‍ പതിയിരിക്കുന്നുവോ എന്നയാള്‍ സംശയിച്ചു. ഒരുള്‍ക്കിടിലത്തോടെ അയാളവളെ വരിത്തു മുറുക്കി.

“അറം പറ്റുന്ന വാക്കുകളൊന്നും ഇപ്പോള്‍ പറയരുത്‌. ഇനിയൊരിക്കലും ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിക്കില്ല. എനിക്കിപ്പോള്‍ നീ കൂട്ടിനുണ്ടല്ലോ......” അയാളവളുടെ ചെവിയില്‍ മന്ത്രിച്ചു.

അവളൊന്നും മിണ്ടിയില്ല, ഒന്നും കേട്ടുമില്ല. അയാളുടെ മുടിയിഴകളില്‍കൂടി അവളുടെ വിരലുകള്‍ തലോടി നടന്നു. അയാളുടെ 

ചുടുനിശ്വാസങ്ങള്‍ അവളുടെ കവിള്‍ത്തടങ്ങളില്‍ പതിച്ചു. പാതി കൂമ്പിയ അവളുടെ കണ്ണുകള്‍ അപ്പോഴും ജനാലക്ക് പുറത്തെ ഇരുട്ടിന്റെ മാസ്മരികതയിലെവിടെയോ ആയിരുന്നു. അയാളുടെ കരവലയങ്ങളിലൊതുങ്ങി അവള്‍ കുറുങ്ങി. ഭദ്രമായ കരവലയങ്ങിലാണു താനെന്ന ചിന്താബോധം അവളുടെ മനസ്സില്‍ ധൈര്യത്തിന്റെ വിത്തുകള്‍ പാകി.


ശുഭം


2018 ഡിസംബർ 15, ശനിയാഴ്‌ച

ജീവിതം എത്ര സുന്ദരം (കഥ)

വളരെ ആര്‍ഭാടമായിരുന്നു അവളുടെ വിവാഹം. മനസ്സിനിണങ്ങിയ പുരുഷന്‍. ബന്ധുമിത്രാദികളും സുഹൃത്തുക്കളും വാനോളം പുകഴ്ത്തി.

അന്നു വൈകുന്നേരം അവളുടെ അമ്മ ഒരു വിവാഹ സമ്മാനം അവള്‍ക്കു നല്‍കി. ആകാംക്ഷയോടെ അവള്‍ ആ കവര്‍ തുറന്നു. ഒരു സേവിംഗ്സ് ബാങ്ക് പാസ്സ്ബുക്ക് !

"പാസ്സ് ബുക്കോ?" അവള്‍ അമ്മയോട് ചോദിച്ചു.

"അതെ മോളെ, നിന്‍റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളിലൊന്നാണ് ഇന്ന് നടന്നത്. ഈ പാസ്സ് ബുക്ക് നീ ഭദ്രമായി സൂക്ഷിക്കുക. വിവാഹ ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തു സംഭവങ്ങളുണ്ടായാലും നീ കുറച്ചു പണം ഇതില്‍ നിക്ഷേപിക്കണം. ഓരോ പ്രാവശ്യവും നീ അതു ചെയ്യുമ്പോള്‍ എന്തിനു ചെയ്തു എന്ന് എഴുതിയിടുകയും വേണം. നിന്‍റെ ഭര്‍ത്താവിനോടും ഇക്കാര്യം പറയണം. ആദ്യത്തെ നിക്ഷേപം ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഒരു കാര്യം. ഈ പണം ഒരു കാരണവശാലും ചിലവാക്കരുത്."

അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ക്ക് ചിരി വന്നു. അവള്‍ ആ പാസ്സ് ബുക്ക് തുറന്നു നോക്കി. ആയിരം രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു !

"ഈ അമ്മയുടെ ഒരു കാര്യം...." അവള്‍ സ്വയം പറഞ്ഞു.

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. അവരുടെ ജീവിതത്തില്‍ പല സംഭവങ്ങളും നടന്നു. നല്ല ജോലി, പുതിയ വീട്, ഉദ്യോഗക്കയറ്റം, ശമ്പള വര്‍ദ്ധന, പുതിയ വാഹനം എന്നിങ്ങനെ പലതും അവര്‍ക്ക് ലഭിച്ചു. ഇതിനോടകം രണ്ടു കുട്ടികളും ജനിച്ചു. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ഇരുവരും ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ മറന്നില്ല.
പക്ഷെ, ആ സന്തോഷ ദിനങ്ങള്‍ക്ക് മങ്ങലേല്‍ക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. നിസ്സാര കാര്യങ്ങളെച്ചൊല്ലി പരസ്പരം പഴിചാരി ഇരുവരും വഴക്കടിക്കുക ഒരു പതിവായി. പരസ്പരം സംസാരിക്കുന്നതുതന്നെ വിരളമായി. പ്രശ്നങ്ങള്‍ ഓരോന്നായി അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിച്ചു തുടങ്ങി. ഇങ്ങനെ ജീവിക്കുന്നതില്‍ ഭേദം വേര്‍പിരിയുകയാണ് നല്ലതെന്ന് അവര്‍ തീരുമാനിച്ചു.

അവള്‍ ഈ വിവരം അമ്മയോടു പറഞ്ഞു.

"എനിക്ക് ഈ ജീവിതം മടുത്തു അമ്മേ. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു."

അമ്മ പറഞ്ഞു, "അതിനെന്താ മോളെ, വേര്‍പിരിയാന്‍ തീരുമാനിച്ചെങ്കില്‍ അങ്ങനെ ചെയ്യുക. പക്ഷേ, ഒരു കാര്യം. വേര്‍പിരിയുന്നതിനു മുന്‍പ് ഞാന്‍ തന്ന ആ പാസ്സ് ബുക്കിലെ പണം മുഴുവന്‍ പിന്‍വലിക്കാന്‍ മറക്കരുത്. ഒരു രേഖയും ബാക്കി വെക്കരുത്."

അമ്മയുടെ ഉപദേശം കേട്ട് അവള്‍ സന്തോഷിച്ചു.

"ശരിയാണ്, ഈ പണം മുഴുവന്‍ ഞാന്‍ പിന്‍വലിക്കും."

അവള്‍ നേരെ ബാങ്കിലേക്ക് പോയി. അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള പേപ്പറുകള്‍ ശരിയാക്കിക്കൊണ്ടിരുന്ന സമയം അവളുടെ കണ്ണുകള്‍ പാസ്സ് ബുക്കില്‍ ഉടക്കി. അതിലെ ഓരോ പേജുകളും അവള്‍ ശ്രദ്ധയോടെ നോക്കി.  ആവശ്യത്തിലധികം പണം. അവള്‍ വീണ്ടും വീണ്ടും നോക്കി. ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങള്‍ അവള്‍ ഓര്‍ത്തു. അവളുടെ ഓര്‍മ്മകള്‍ പുറകിലേക്ക് സഞ്ചരിച്ചു......ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങളോര്‍ത്ത് അവളുടെ കണ്ണുകള്‍ നിറഞ്ഞു. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ ഒഴുകി.

പാസ്സ് ബുക്ക് ബാഗിലിട്ട് അവള്‍ വീട്ടിലേക്ക് തിരിച്ചു. ഭര്‍ത്താവിനെ പാസ്സ് ബുക്ക് ഏല്പിച്ചിട്ടു പറഞ്ഞു..

 "വിവാഹമോചനത്തിനു മുന്‍പ് അതില്‍ കാണുന്ന പണം മുഴുവന്‍ എടുത്ത് ചിലവാക്കുക" എന്ന്.

ഒന്നും പറയാതെ ഭര്‍ത്താവ് ആ പാസ്സ് ബുക്ക് വാങ്ങി നിസ്സംഗതനായി നടന്നു നീങ്ങി.

അവളുടെ മനസ്സു വിങ്ങി. ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിച്ച ആ കാലങ്ങളെ ഓര്‍ത്ത് അവള്‍  നല്ല നാളുകളെയോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു. ഒരുപാട് കരഞ്ഞു. ഇനി അധികം വൈകാതെ ഞങ്ങള്‍ തമ്മില്‍ എന്നന്നേക്കുമായി പിരിയുകയാണ്.

അടുത്ത ദിവസം അയാള്‍ ആ പാസ്സ്ബുക്ക് തിരിച്ച് അവള്‍ക്ക് നല്‍കി. അത്ഭുതത്തോടെയും  സംശയത്തോടെയും അവള്‍ അതു തുറന്നു നോക്കി.

5000 രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു ! തൊട്ടടുത്ത് ഒരു കുറിപ്പും. ആ കുറിപ്പില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു....
"നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കി. ഇത്രയും വര്‍ഷങ്ങള്‍ നാം ഇരുവരും പങ്കുവെച്ച സ്നേഹവും പരിചരണവും മനസ്സിലാക്കാന്‍ വൈകിപ്പോയി. എന്നോട് ക്ഷമിക്കുക.  നമുക്ക് വേര്‍പിരിയാനാകുമോ?"

അയാളുടെ കൈകള്‍ അവളുടെ തോളില്‍ അമര്‍ന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവള്‍ മെല്ലെ അയാളുടെ തോളിലേക്ക് ചാഞ്ഞു. അയാളുടെ കരവലയത്തിലമര്‍ന്നപ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു... "ഞാനെത്ര ഭാഗ്യവതിയാണ്."

ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു.... സ്നേഹത്തിന്‍റെ കണ്ണീര്‍ !

ആ പാസ്സ് ബുക്ക് പെട്ടിയില്‍ വെക്കുന്നിനിടയില്‍ അവര്‍ പറഞ്ഞു...

 "ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ പരസ്പരം മനസ്സിലാക്കി ജീവിച്ചാല്‍ എത്ര സുന്ദരമായിരിക്കും ആ ജീവിതം..!"


2018 ജൂൺ 3, ഞായറാഴ്‌ച

മഴത്തുള്ളിക്കിലുക്കം (ചെറുകഥ)

രാവിലെ പെയ്തു തുടങ്ങിയ മഴ ഇതുവരെ അവസാനിച്ചിട്ടില്ല. രാത്രിയായപ്പോഴേക്കും മഴയ്ക്ക് കോപിച്ച മുഖം ആണെന്നു തോന്നി. ആരോടോ പക തീര്‍ക്കുന്നതുപോലെ തിമര്‍ത്തു പെയ്യുകയാണ്. പതിവുപോലെ ഈ സമയത്ത് കറണ്ടും ഇല്ല. മേശപ്പുറത്തിരുന്ന് കത്തിത്തീരുന്ന പഴയ റാന്തല്‍ വിളക്കിന്റെ തിരി ഒന്നുകൂടി നീട്ടി. പുക പിടിച്ച ചില്ലിലൂടെ നേരിയ വെളിച്ചം അരിച്ചിറങ്ങുന്നുണ്ട്. എന്റെ ജീവിതം പോലെ തന്നെയാണെന്നു തോന്നി ആ ചില്ലും. ജനലില്‍ കൂടി അടിച്ചു കയറിയ കാറ്റിന് അസാധാരണമായ തണുപ്പനുഭവപ്പെട്ടു. ഒരുപക്ഷേ മഴയായതുകൊണ്ടായിരിക്കണം ഇത്രയും തണുപ്പ്.

ഈ രാത്രിയില്‍ ഇനി വിശേഷിച്ച് ഒന്നും ചെയ്തു തീര്‍ക്കാനില്ല. ജനാലയില്‍ കൂടി വെറുതെ വെളിയിലേക്കു നോക്കി. ഒന്നുംതന്നെ കാണാന്‍ കഴിയുന്നില്ല. ഇരുട്ട് ഇരുട്ടിനെ മൂടിവെച്ചിരിക്കുകയാണ്. റാന്തലിന്റെ തിരി താഴ്ത്തി കട്ടിലില്‍ വന്നുകിടന്നു. മുറി മുഴുവന്‍ ഇപ്പോള്‍ ഇരുട്ടായി. പുറത്തെ ഇരുട്ട് മുറിക്കുള്ളിലേക്ക് കടന്ന് ആനന്ദനൃത്തം വെയ്ക്കുന്നുണ്ടാകുമോ? ഇരുട്ടല്ലേ….കാണാന്‍ കഴിയുന്നില്ല. കണ്ണടച്ചു കിടന്നാലും കണ്ണുതുറന്നു കിടന്നാലും ഇരുട്ടു തന്നെ.

ചിന്തകള്‍ മനസ്സിലേക്ക് അനുവാദം ചോദിക്കാതെ കടന്നു വരുന്നു. ഇനിയൊരിക്കലും മനസ്സിലേക്ക് കടന്നു വരരുത് എന്നാഗ്രഹിച്ച ചിന്തകള്‍ തന്നെയാണ് ആദ്യമേ എത്തുന്നത്. വിളിക്കാതെ കടന്നുവരുന്ന ഒരു അതിഥിയെപ്പോലെ. രൂപങ്ങളെല്ലാം നിഴലുകള്‍ പോലെയാണ് ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നെയെപ്പോഴോ നിഴലുകള്‍ക്കിടയില്‍ പല മുഖങ്ങളും കണ്ടുതുടങ്ങി. കഴിവുള്ള ഒരു ഛായാഗ്രഹകന്റെ ഫ്രെയിമില്‍ തെളിയുന്നതുപോലെ ഒരു തിരിവിളക്കിന്റെ വെട്ടത്തില്‍ ആ മുഖവും മനസ്സില്‍ തെളീഞ്ഞു. മായ്ക്കാന്‍ ശ്രമിച്ചിട്ടും മായാത്ത ഒരു നനുത്ത പുഞ്ചിരിയുമായി……ഒരു മഴക്കാലത്ത് മനസ്സിലേക്കു കടന്നു വന്ന അവള്‍ …..അതെ, കൃത്യമായി പറയുകയാണെങ്കില്‍ ഏഴു വര്‍ഷം. അന്നത്തെ മഴയ്ക്ക് ഏഴഴകായിരുന്നു. ആ നനവ് മനസ്സില്‍ സന്തോഷം തരുമായിരുന്നു. അന്നൊക്കെ മഴയുടെ ഫ്രെയിമുകളില്‍ അവളുടെ ആ മുഖവും കാണാമായിരുന്നു. പ്രണയം ഇല്ലായിരുന്നു ആദ്യമൊക്കെ.

പക്ഷെ, കണ്ണടയ്ക്കുമ്പോള്‍ അവളുടെ മുഖം മനസ്സിലേക്കു വരുമ്പോഴും, ഫോണ്‍ ബെല്ലടി കേള്‍ക്കുമ്പോള്‍ അത് അവള്‍ ആയിരിക്കണേ എന്നു മനസ്സു പറഞ്ഞു തുടങ്ങിയപ്പോഴും ഒരു കാര്യം മനസ്സിലായി……എനിക്കവളോട്  പ്രണയം ആയിരുന്നെന്ന്.

ഒരു മഴ ദിവസം അവളോടു കാര്യം പറഞ്ഞപ്പോള്‍ ഇതുവരെ കാണാത്ത ഒരു മുഖഭാവവുമായി എന്റെ കണ്ണുകളിലേക്കു നോക്കി നിന്നു. ആരാലും അറിയപ്പെടാതെ കിടന്ന ഉള്ളിന്റെയുള്ളിലെ പ്രണയത്തെ നനയിച്ചുകൊണ്ടായിരുന്നു ആ മഴ അന്നേരം പെയ്തതെന്നു തോന്നി. ജനലഴികളില്‍ പിടിച്ചു പുറത്തേക്കു നോക്കി നിന്ന അവളുടെ പുറകില്‍ ഞാനുണ്ടായിരുന്നു. ഇടിമിന്നലിന്റെ വെളിച്ചത്തില്‍ അവളുടെ മുഖം ……..കാറ്റില്‍ പറക്കുന്ന അവളുടെ മുടിയിഴകള്‍ മാടിയൊതുക്കി അവളുടെ പിന്‍‌കഴുത്തില്‍ എന്റെ ചുടുചുംബനമേറ്റ് തിരിഞ്ഞുനോക്കിയ അവളൂടെ മിഴികള്‍ നനവാര്‍ന്നിരുന്നുവോ…?

ഒരിക്കല്‍ അവളുടെ ഇ-മെയിലില്‍ ആ സന്ദേശം വന്നു. “……നീ ഓര്‍ക്കുന്നുവോ അന്ന് നമ്മള്‍ ആദ്യമായി കണ്ട ആ ദിനം….നേര്‍ത്ത ചാറ്റല്‍ മഴയില്‍ പാടവരമ്പത്തുകൂടി നാം നടന്നത്…..നീ എനിക്ക് ആമ്പല്‍‌ പൂക്കള്‍ പറിച്ചു തന്നത്…..ഒരു കുടക്കീഴില്‍ മഴ നനയാതെ നിന്നോട് ചേര്‍ന്ന് നടന്നത്…..പിന്നീട് നമ്മുടെ സമാഗമങ്ങളില്‍ എല്ലാം മഴയല്ലായിരുന്നുവോ? എന്നും നമുക്കു സന്തോഷം തന്നിരുന്ന മഴ……നാം പോലും അറിയാതെ നമുക്കിടയില്‍ മഴയും വളര്‍ന്നു. ആ മഴയ്ക്ക് നിന്റെ ഗന്ധമായിരുന്നു. മഴയില്‍ മുങ്ങിയ നമ്മുടെ പ്രണയദിനങ്ങള്‍ …..ഒരിക്കലും നമ്മുടെ പ്രണയം പെയ്തൊഴിഞ്ഞിരുന്നില്ല. പിന്നെന്താണ് നീ എന്നെ ഉപേക്ഷിച്ചു പോയത്…? എന്റെ ലോകത്ത് ഞാന്‍ ഇപ്പോള്‍ തനിച്ചാണ്. നീ പോയതില്‍‌പിന്നെ ഞാന്‍ മഴ കണ്ടിരുന്നില്ല. പക്ഷേ നിനക്കറിയാമോ ഞാനെന്റെ മണിവീണയില്‍ മുഖം അമര്‍ത്തി ശ്രുതികള്‍ ഉണര്‍ത്താതെ കാത്തിരിക്കുന്നത് ആ മഴയ്ക്കുവേണ്ടി മാത്രമാണ്. എന്റെ കനവുകളുടെ കനത്ത ഇരുളില്‍ വെള്ളിനൂലുകളായി അവ പെയ്യുന്നത് ഓര്‍ത്തുകൊണ്ട് അടുത്ത മഴ എത്തുന്നതിനു മുന്‍പെങ്കിലും നീ എന്റെ അരികില്‍ എത്തുമോ…? എനിക്ക് നിന്നെ ഇഷ്ടമാണ്….”

മറുപടി ഒരിക്കലും കൊടുക്കാന്‍ സാധിച്ചില്ല…..ഇന്നീ നിമിഷം വരെ !! പണ്ടൊക്കെ അര്‍ത്ഥമില്ലാത്ത ശല്യം എന്നു പറഞ്ഞിരുന്ന ഫോണ്‍ കോളുകളും ഇന്‍സ്റ്റന്റ് മെസ്സേജുകളും പിന്നീട് അവളുടെ ആ മുഖത്തെ ഓര്‍മ്മിപ്പിക്കുന്നതായി. അവയ്ക്കും അവയുടേതായ ആത്മാവും ജീവനും ഉണ്ടെന്നു തോന്നിപ്പോയി. പിന്നെ പല പാതകള്‍ തിരഞ്ഞിട്ടും, ദൂരസ്ഥലങ്ങളില്‍ ജീവിതം തേടി പോയപ്പോഴും ഒന്നുമാത്രം കൂട്ടിനുണ്ടായിരുന്നു…..ആ മിസ്ഡ് കോളുകള്‍ . ജീവിതം അവള്‍ക്കുവേണ്ടിയായിരിക്കണം എന്ന കണക്കുകൂട്ടലായിരുന്നു എല്ലാത്തിനും.

പണ്ടെപ്പോഴോ കൂട്ടുകാര്‍ക്കിടയില്‍ പ്രണയത്തെക്കുറിച്ച് ഒരു ചര്‍ച്ച വന്നപ്പോള്‍ മദ്യലഹരിയില്‍ ഒരു കൂട്ടുകാരന്‍ മദ്യക്കുപ്പി പൊതിഞ്ഞുകൊണ്ടുവന്ന കടലാസ്സിലെ ഒരു വാചകം വായിച്ചത് ഓര്‍മ്മ വരുന്നു. “ആരും ആര്‍ക്കുവേണ്ടിയും കാത്തു നില്‍ക്കാത്ത, കാതോര്‍ക്കാത്ത ഇന്നത്തെ ലോകത്ത് എനിക്കുവേണ്ടി മാത്രം കരം നീട്ടുന്ന, കരുതുന്ന, കരളുരുകുന്ന ഒരാള്‍, കെട്ടുകാഴ്ചകളും കൊട്ടും കുരവകളുമില്ലാതെ സ്വന്തം മനസ്സിലേക്ക് എന്നെ ആരതിയുഴിഞ്ഞു കയറ്റുന്ന ഒരാള്‍, തികച്ചും വിശേഷമായ ഒരാള്‍ ….. ഈ മനോഹര സങ്കല്പമാണ് പ്രണയം….” സത്യമാണെന്നു തോന്നി. ആ ആളെയാണ് ജീവിതത്തിലേക്ക് സ്വീകരിക്കാന്‍ കഴിയാതെ യാത്രയാക്കിയിട്ട് ഞാന്‍ നടന്നകന്നത്.

മഴ വീണ്ടും കനക്കുന്നു. ഈ മഴയെ നേരിടാനുള്ള കരുത്ത് എനിക്കില്ല. എന്തെന്നില്ലാത്ത ഒരു പരവേശം. ഇനി ഏതാനും മിനിറ്റുകള്‍‌കൂടി മാത്രമേ കാണൂ. ഓര്‍മ്മകളും ചിന്തകളും തലച്ചോറില്‍ കിടന്നു മറിയുന്നു. കല്ലും മുള്ളും നിറഞ്ഞൊരു പാത പോലെ, പിടിച്ചാല്‍ കിട്ടാത്ത ഒരു പരല്‍ മീനിനെപ്പോലെ …. കയറാന്‍ വയ്യാത്ത ഒരു വഴുവഴുക്കന്‍ പാറ പോലെ ജീവിതം കൈയ്യില്‍ നിന്നു വഴുതിത്തുടങ്ങി. ഇനി തിരിച്ചു പോക്കില്ല.

കണ്ണില്‍ ഇപ്പോള്‍ ഇരുട്ടു കയറിത്തുടങ്ങി. മിസ്ഡ് കോളുകളെ സ്നേഹിച്ച ഞാന്‍ ഇനി ഇപ്പോള്‍ മുതല്‍ നിലവിലില്ലാത്തവനോ അല്ലെങ്കില്‍ ഔട്ട് ഓഫ് റേഞ്ച് ആയവനോ ആയിക്കൊണ്ടിരിക്കുന്നു. “പ്രണയം തിരുത്താനാവാത്ത തെറ്റും മറയ്ക്കാനാവാത്ത മുറിവും ആണ്” എന്ന വാചകം ആവട്ടെ എന്റെ അവസാനത്തെ ചിന്ത.

വിട……ആ മഴത്തുള്ളികള്‍ക്കിടയിലൂടെ അയാള്‍ നടന്ന് അപ്രത്യക്ഷനായി.   

2018 മേയ് 23, ബുധനാഴ്‌ച

സാന്ത്വനം (കഥ)


ഭാരമില്ലാത്ത പൊങ്ങുതടി പോലെ തന്‍റെ ശരീരം..ആശ്രയത്തിനായുള്ള ആഗ്രഹത്തില്‍ തളര്‍ന്ന കൈകാലുകള്‍.... തണുപ്പിലൂടെ അനസ്യൂതം താഴോട്ട് പതിക്കുമ്പോഴാണ്, ശ്വാസകോശം കൈയ്യടക്കിയ ഉച്ഛാസ വായു ജീവന്‍ ഊറ്റിയെടുക്കും എന്ന ബോധം മനസ്സിനെ ആക്രമിച്ചത്. അലറിക്കരഞ്ഞപ്പോള്‍ ചുണ്ടിനപ്പുറം സഞ്ചരിക്കാന്‍ സ്വതന്ത്രമല്ലാത്ത ശബ്ദം തുടക്കത്തില്‍ തന്നെ ഒടുങ്ങി.

പായല്‍ പടര്‍ന്ന കറുത്ത ചെളിയില്‍ കാലുകള്‍ തട്ടിയപ്പോള്‍, ഇളകുന്ന ജലത്തിനും ഉരുകുന്ന സൂര്യനും ഇടയിലെ ജീവവായുവിനായി, മരണവെപ്രാളത്തിന്‍റെ പിന്‍ബലത്തോടെ ശരീരം ഉയരാന്‍ തുടങ്ങി. വെള്ളത്തിന് മുകളില്‍ പരന്ന വെളിച്ചം കണ്ണിലും ശുദ്ധവായു നെഞ്ചിലുമെത്തി. പക്ഷെ കാലുറയ്ക്കാന്‍ പ്രതലം നഷ്ടപ്പെട്ടപ്പോള്‍ വീണ്ടും ജലത്തിന്‍റെ ആലിംഗനത്തിലേക്ക്. ജീവനാഡിയിലെ മരണത്തിന്‍റെ തണുത്ത കൈകള്‍ മുറുകാന്‍ തുടങ്ങി.

കണ്ണു തുറക്കുമ്പോള്‍ വിഷാദച്ചിരിയുമായി ഡോക്ടര്‍ ഡയാന തൊട്ടടുത്ത് തന്നെയുണ്ട്. കൈയ്യില്‍ നനഞ്ഞ പഞ്ഞി. ചുറ്റുവട്ടവും കൂടി നില്‍ക്കുന്ന നഴ്സുമാര്‍. ഡോക്ടറുടെ വിരലുകള്‍ നെറ്റിയില്‍ സാന്ത്വനത്തിന്‍റെ ചൂടുമാ യെത്തി.

"എന്താ സൂസന്‍, ക്ഷീണമുണ്ടോ..?"

"അതേ" എന്ന് തലകുലുക്കി..

"വിശ്രമിക്കൂ..."

ഒന്നുകൂടി തലകുലുക്കി. എന്തിനോ കണ്ണ് വീണ്ടും നിറഞ്ഞു.

"സൂസന്‍...ഇങ്ങനെയായാലോ....ടോമി എത്തിയിട്ടുണ്ട്.."

ആ നിമിഷം ശരീരത്തിലൂടെ ഒരു തരിപ്പ് പാഞ്ഞുപോയി. ടോമിച്ചന്‍റെ പരു പരുത്ത വിരലുകള്‍ക്കേ എന്നെ സാന്ത്വനിപ്പിക്കാന്‍ കഴിയൂ എന്ന തിരിച്ചറിവ് മാത്രം ശേഷിച്ചു. നെറ്റിയിലെ നഷ്ടമായ തണുപ്പിനായി കണ്ണുയര്‍ത്തിയത് ഒഴുകാന്‍ പാകത്തിന് കണ്ണുനീര്‍ തളം കെട്ടിയ ഡോക്ടറുടെ കണ്ണുകളിലേക്കാ യിരുന്നു. തിരിഞ്ഞു നടക്കാന്‍ തുടങ്ങുന്ന അവരെ നോക്കിയപ്പോള്‍ മനസ്സ് വീണ്ടും ഓര്‍മ്മിപ്പിച്ചു....

"പഴയ സൂസന്‍ മരിച്ചിരിക്കുന്നു"

രണ്ടു ദിവസമായി ഈ മുറിയില്‍ തന്നെയായിരുന്നു. മരുന്നുകളുടെ ഗന്ധം പേറുന്ന അന്തരീക്ഷത്തില്‍ ഭൂതകാലത്തിന്‍റെ ഓര്‍മ്മ പോലെ നരച്ച കര്‍ട്ടണുകളില്‍ പരതിയ കണ്ണ്, പതുക്കെ കറങ്ങുന്ന ഫാനിന്‍റെ മധ്യത്തിലെ സ്വര്‍ണ്ണ വര്‍ണ്ണത്തിലെത്തി നിന്നു.

അടഞ്ഞു കിടക്കുന്ന ചില്ലുവാതിലിനപ്പുറത്തൂടെ ഇടക്കിടെ നീങ്ങുന്ന പാദപതനങ്ങളില്‍ നിന്ന് ടോമിച്ചന്‍റെ കാലൊച്ച വേര്‍തിരിക്കാന്‍ ശ്രമിച്ചു. ആ ശ്രമം വിഫലമായപ്പോള്‍ 'ടോമിച്ചന് നീ ആരുമല്ലെന്ന് മനസ്സിലാക്കുന്നതിലാണ് നിന്‍റെ ശമനതാളം' എന്ന് ഹൃദയം ശഠിക്കാന്‍ തുടങ്ങി. മനസ്സ് പ്രണയത്തിന്‍റെ പ്രതിരോധം തീര്‍ത്തു.

ഹൃദയത്തിന്‍റെ കണക്കുകൂട്ടലുകള്‍ക്കപ്പുറം എന്‍റെ ടോമിച്ചന് ഒരു മനസ്സുണ്ടെന്നും അതിന് ഈയുള്ളവളില്‍ കളങ്കം കാണാനാവില്ലെന്നും മനസ്സ് ആശ്വസിപ്പിക്കുമ്പോഴും പലരും കവര്‍ന്ന ഞാനെന്ന ഭാര്യയെ മനസ്സിലാക്കാന്‍ അദ്ദേഹത്തിനാവില്ലെന്ന് തന്നെ ഹൃദയം വിധി പ്രഖ്യാപിച്ചിരുന്നു.

'സ്നേഹത്തിന്‍റെ അടിസ്ഥാനമായ പരസ്പര വിശ്വാസത്തിനേറ്റ കനത്ത പ്രഹരത്തെ അതിജീവിക്കാന്‍ മാത്രം നിന്‍റെ ചാരിത്ര്യം വളര്‍ന്നിട്ടില്ലെന്ന' കര്‍ക്കശമായ കണക്കുകൂട്ടല്‍ ഹൃദയം അവതരിപ്പിച്ചപ്പോഴും, ടോമിയെന്ന പേരില്‍ ഒളിഞ്ഞിരിക്കുന്ന എന്‍റെ ജീവന്‍ തേടി മനസ്സ് അലയുന്നുണ്ടാ യിരുന്നു. കാത്തുസൂക്ഷിച്ച ആ സ്നേഹവുമായി സംവദിക്കവേ ഹൃദയം അത് വെറും വ്യാമോഹമാക്കി. വിധി കാത്തിരുന്ന പുള്ളിയായ ഞാന്‍ ആ ഏറ്റുമുട്ടലില്‍ ഹൃദയപക്ഷം ചേര്‍ന്നു.

ഇന്നലെ ഡോക്ടര്‍ ചോദിച്ചിരുന്നു "എങ്ങനെ നിങ്ങളുടെ കുടുംബ ജീവിതം"

ശാരീരികമായി അകന്നാണ് താമസമെങ്കിലും ഒരിക്കലും ഞങ്ങളുടെ മനസ്സുകള്‍ക്കിടയില്‍ ഒരു വിടവ് സൃഷ്ടിക്കാന്‍ ദൂരത്തിനും കാലത്തിനും കഴിഞ്ഞിട്ടില്ലായിരുന്നു. ഒരേ സമയം ഒരുപോലെ ചിന്തിക്കാനും പരസ്പരം സംസാരിക്കാനും കഴിയുന്ന ഒരു അപൂര്‍വ്വ ബന്ധം. ഒരിക്കല്‍ വിളിച്ചപ്പോള്‍ ടോമിച്ചന്‍ പറഞ്ഞു "സൂസന്‍... നമുക്കിടയില്‍ ഒരു ടെലിപ്പതി നിലനില്‍ക്കുന്നു എന്നാണ് ബെന്നി പറയുന്നത്" എന്നു പറഞ്ഞ് ചിരിച്ചു.

കൂടുതല്‍ അറിയാത്തതിനാല്‍ അന്വേഷിച്ചപ്പോഴാണ് മനസ്സുകളുടെ ആശയവിനിമയത്തിന് തീവ്രമായ വ്യക്തിബന്ധത്തിന്‍റെ തിരിച്ചറിവ് മതി എന്നും അതിനെയാണ് ടെലിപ്പതികൊണ്ട് അര്‍ത്ഥമാക്കുന്നതെന്നും ടോമിച്ചന്‍ സൂചിപ്പിച്ചത്.

ഡോക്ടറുടെ കാരുണ്യം നിറഞ്ഞ മുഖത്തുനോക്കി ഞാനല്ല സംസാരിച്ചത്, എന്‍റെ കണ്ണുകളായിരുന്നു. കത്തുന്ന മനസ്സ് ഒഴുകിയൊലിച്ചു. തോരാത്ത ഒഴുക്കിനിടയില്‍ എങ്ങനെയോ പറഞ്ഞു ...

"എനിക്ക് ടോമിച്ചനില്ലാതെ ജീവിക്കാനാവില്ല."

നിറഞ്ഞ കണ്ണുകള്‍ക്കിടയിലൂടെ ഡയാന ഡോക്ടറുടെ വിളര്‍ത്ത മുഖം കാണുന്നുണ്ടായിരുന്നു. മുള കീറുമ്പോലെ തേങ്ങിക്കരഞ്ഞപ്പോള്‍ അവര്‍ ചേര്‍ത്തുപിടിച്ചു. ചുട്ടുപൊള്ളുന്ന മേനിക്ക് അതു സുഖമുള്ള കുളിരായി.

തൊട്ടടുത്തു നില്‍ക്കുന്ന ഡോക്ടര്‍ എന്തോ ആംഗ്യം കാണിച്ചപ്പോഴാണ് അവര്‍ മുഖത്തേക്ക് നോക്കാതെ സംസാരം തുടര്‍ന്നത്. കൂനിക്കൂടിയിരിക്കുന്ന എന്‍റെ കൈകള്‍ അവരുടെ തണുത്ത വിലലുകള്‍ക്കകത്ത് ഭദ്രമായിരുന്നു.

"സൂസന്‍... ഒരു പ്രധാന കാര്യം പറയാനുണ്ട്. നിങ്ങളെ അറിയിക്കാതിരുന്നത് ശരിയല്ല. മാത്രവുമല്ല അത് ടോമിയെ അറിയിക്കണോ എന്ന് തീരുമാനിക്കേണ്ടത് സൂസനാ."

അവര്‍ എന്‍റെ ഉത്തരം പ്രതീക്ഷിച്ചിട്ടില്ലെങ്കിലും മൂളി.

"സൂസനെ ദ്രോഹിച്ചവരെ അറസ്റ്റു ചെയ്തു. അതില്‍ ഒരാളുടെ മെഡിക്കല്‍ ടെസ്റ്റില്‍ ഒരു രോഗവും സ്ഥിരീകരിച്ചിട്ടുണ്ട്. അത് നിങ്ങളിലേക്ക് പകരാ തിരിക്കാന്‍ നമുക്ക് പരമാവധി ശ്രമിക്കാം. അതിനുവേണ്ടി എന്തെല്ലാം ചെയ്യാം എന്നും ഞങ്ങള്‍ ആലോചിക്കുന്നുണ്ട്. ഈ വിവരം ഭര്‍ത്താവിനെ അറിയിക്കണോ..?"

എനിക്ക് കൂടുതല്‍ ആലോചിക്കേണ്ട ആവശ്യമില്ലായിരുന്നു.

"അറിയിക്കണം...പ്ലീസ്. അല്ലാതെ എനിക്ക് അദ്ദേഹത്തെ ഇനി നേരിടാനാ വില്ല. എന്നെ ഉപേക്ഷിക്കാന്‍ കൂടെ നിര്‍ബ്ബന്ധിക്കാന്‍ നിങ്ങള്‍ക്കാവുമോ..? ഡോക്ടര്‍ക്ക് പറയാമോ അദ്ദേഹത്തിന്‍റെ സൂസന്‍ മരിച്ചെന്ന്. ഇത് ആരോ ചവച്ച് അശുദ്ധമാക്കിയ ശരീരം മാത്രമാണ് ഇവിടെ ബാക്കിയുള്ളതെന്ന്? എനിക്ക് ടോമിച്ചനെ കാണണ്ട. എനിക്കതിന് കഴിയില്ല."

അത്രയും പറഞ്ഞവസാനിപ്പിച്ചപ്പോഴേക്കും ശബ്ദം പതറിയിരുന്നു. തലയിണയില്‍ മുഖം അമര്‍ത്തി കരഞ്ഞു.

ഒന്നും പറയാതെ അവര്‍ തിരിഞ്ഞു നടന്നപ്പോള്‍ ആഗ്രഹിച്ചത് ഒരു സാന്ത്വനമാണ്.....ആരെങ്കിലും ഒന്ന് അടുത്തിരുന്നെങ്കില്‍ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചുപോയി.

ഇപ്പോള്‍ അവര്‍ ടോമിച്ചനുമായി സംസാരിക്കുകയാവും. ഡോക്ടറുടെ മുമ്പില്‍ ശിരസ്സ് കുനിച്ച് എല്ലാം സഹിച്ച് കേള്‍ക്കുന്ന ആ തകര്‍ന്ന മുഖം ഇവിടെ കിടന്നുതന്നെ കാണാനാവുന്നുണ്ട്.

ദുര്‍ബ്ബലമായ മനസ്സ് ശരീരത്തേയും തളര്‍ത്തിയിരുന്നു. കണ്ണുകള്‍ താനേ അടഞ്ഞുപോയി. ആരോ അടുത്തു വന്നു നില്‍ക്കുന്നതുപോലെ തോന്നി. ക്ഷീണിച്ച കണ്ണുകള്‍ വലിച്ചു തുറന്ന് ആഗതനെ നോക്കി. ഇടവക വികാരിയാണ്. ആ മുഖത്തേക്ക് നോക്കാനുള്ള കെല്പില്ലാതെ മുഖം തിരിച്ചെങ്കിലും അച്ചനെ അവഗണിക്കാന്‍ കഴിഞ്ഞില്ല. ആ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നിമറയുന്നത് കണ്ണീരിനിടയിലും അവ്യക്തമായി ഞാന്‍ കാണുന്നുണ്ടായിരുന്നു. അദ്ദേഹം അടുത്തു വന്നു നിന്ന് എന്തൊക്കെയോ ചോദിച്ചു. കലുഷിതമായ മനസ്സ് ആ ആശ്വാസവചനങ്ങളില്‍ കേന്ദ്രീകരിക്കാന്‍ ബുദ്ധിമുട്ടി.

"സൂസന്‍......" അദ്ദേഹം വാത്സല്യത്തോടെ വിളിച്ചു.

വിതുമ്പലടക്കാന്‍ കഴിയാതെ ഞാന്‍ ചുണ്ടുകള്‍ കടിച്ചുപിടിച്ചു.....

"ഇത് ദൈവത്തിന്‍റെ പരീക്ഷണമാണ്. ദുര്‍ബ്ബല ഹൃദയമുള്ള വിശ്വാസികളെ സംബന്ധിച്ച് അപവാദം ഒരു നശീകരണമാണ്. ഇവിടെ സൂസനല്ല കുറ്റക്കാരിയെന്ന് അറിയാമല്ലോ. ആര് എന്തൊക്കെ പറഞ്ഞാലും എല്ലാം കാണുന്നവനും അറിയുന്നവനുമായ ദൈവത്തെ മനസ്സില്‍ ധ്യാനിക്കുക. ഈ പ്രതിസന്ധിക്ക് അതുമാത്രമേ ഒരു പരിഹാരമുള്ളൂ. സൂസന്‍ തികഞ്ഞ ഒരു ദൈവ വിശ്വാസിയല്ലേ. ദൈവ വിശ്വാസത്തില്‍ സുരക്ഷ കണ്ടെത്തുന്നവര്‍ ചിന്താശൂന്യരായി പെരുമാറുകയോ ഉത്ക്കണ്ട്ഠപ്പെടുകയോ ചെയ്യുകയില്ല. അവരുടെ സുദൃഢ വിശ്വാസവും, ദൈവിക നിയതിക്കു വഴങ്ങാനുള്ള കഴിവുമാണ് ഇത്തരം അവസരങ്ങളില്‍ മറ്റുള്ളവരില്‍ നിന്ന് അവരെ വ്യത്യസ്തരാക്കുന്നത്."

അച്ചന്‍റെ ഉപദേശം തന്‍റെ മനസ്സില്‍ വികാരവിചാരങ്ങളുടെ വേലിയേറ്റം സൃഷ്ടിക്കുന്ന പ്രതീതിയാണ് ഉളവാക്കിയത്. തെറ്റുകാരിയല്ലാത്ത തന്നെ തെറ്റിലേക്ക് വലിച്ചിഴച്ച് അപവാദങ്ങളുടെ തീച്ചൂളയിലിട്ട് ചുട്ടെടുക്കാനാണ് സാമൂഹ്യ ദ്രോഹികള്‍ ശ്രമിച്ചത്. അത് അനുവദിച്ചുകൂടാ. തന്‍റെ ആത്മനിയന്ത്രണം മനസ്സിലാക്കിയിട്ടെന്നപോലെ അച്ചന്‍ തുടര്‍ന്നു..

"കുഞ്ഞേ, നീ ദൈവ വിശ്വാസിയാണെന്ന് എല്ലാവര്‍ക്കും അറിയാം. അതുകൊണ്ടു തന്നെ ഞാന്‍ പറയുകയാണ് ദൈവത്തിന്‍റെ അറിവോടും നിയന്ത്രണത്തോടും കൂടിയാണ് എന്തും സംഭവിക്കുന്നതെന്നും, വിശ്വാസത്തില്‍ അടിയുറച്ചു വിശ്വസിച്ചു ജീവിക്കുന്നവര്‍ എത്ര വഷളായ ആരോപണങ്ങള്‍ക്ക് വിധേയരായാല്‍ പോലും ഗുണപരമായ എന്തോ അതില്‍ ഒളിഞ്ഞു കിടപ്പുണ്ടെന്നും അവര്‍ മനസ്സിലാക്കുന്നു. അപവാദങ്ങളുടെ അനന്തര ഫലമായുള്ള വിഷമങ്ങളാല്‍ പലപ്പോഴും വിശ്വാസികള്‍ പരീക്ഷിക്കപ്പെട്ടേക്കും. പക്ഷെ അതെല്ലാം ദൈവിക പരീക്ഷണമാണെന്നും, ഓരോ പ്രശ്നത്തിനും പരിഹാരമുണ്ടെന്നും, ക്ഷമയുടെ പ്രതിഫലം സ്വര്‍ഗമാണെന്നും വിശ്വാസി മനസ്സിലാക്കുന്നു. അതിനാല്‍ ദുഃഖത്തിനോ നൈരാശ്യത്തിനോ അവര്‍ കീഴ്പ്പെടുകയില്ല."

തന്‍റെ മുഖത്തെ ഭാവമാറ്റം ശ്രദ്ധിച്ച അച്ചന്‍റെ മുഖം മന്ദഹസിച്ചു.

"ഞാന്‍ പറയുന്നത് കുഞ്ഞിന് മനസ്സിലാകുന്നുണ്ടോ?"

അച്ചന്‍ പറഞ്ഞത് പൂര്‍ണ്ണമായും എനിക്ക് മനസ്സിലായി എന്ന അര്‍ത്ഥത്തില്‍  തലകുലുക്കി.

"അതുപോരാ. ആത്മവിശ്വാസത്തോടെ വേണം എല്ലാം നോക്കിക്കാണാന്‍. ജീവിത വിജയത്തിന് ഏറെ ആവശ്യമുള്ള ഗുണങ്ങളിലൊന്നാണത്. ചിലര്‍ക്ക് ചില സമയങ്ങളില്‍ ഈ ഗുണം അവരില്‍ നിന്ന് അകന്നു പോകുന്നു എന്നതാണ് സത്യം. ആവശ്യത്തിനു മാത്രമുള്ള ആത്മവിശ്വാസമില്ലാത്തതുകൊണ്ട് നമ്മള്‍ വിജയിക്കേണ്ട പലയിടത്തും പരാജയപ്പെട്ടുപോകുന്നു. അതു പാടില്ല. കുഞ്ഞിന് ആത്മവിശ്വാസം നഷ്ടപ്പെടുന്നതുകൊണ്ടാണ് ആവശ്യമില്ലാത്ത വേവലാതികള്‍ മനസ്സിനെ കീഴടക്കുന്നത്."

അച്ചന്‍ നിര്‍ത്തി.

"ഇല്ല അച്ചോ... അച്ചന്‍റെ വാക്കുകള്‍ കേട്ടപ്പോള്‍ എന്നില്‍ എന്തൊക്കെയോ മാറ്റങ്ങള്‍ സംഭവിക്കുന്നുവെന്ന് ഞാന്‍ തിരിച്ചറിയുന്നുണ്ട്."

ക്ഷീണിതയാണെങ്കിലും തളര്‍ന്ന ശബ്ദത്തില്‍ ഞാന്‍ പറഞ്ഞു.

"ങാ, അങ്ങനെ വേണം. ആത്മവിശ്വാസം ഉണ്ടാകുന്നതിന് നമുക്ക് ആദ്യം വേണ്ടത് നമ്മുടെ സ്നേഹപിതാവായ ദൈവത്തിലുള്ള ഉറച്ച വിശ്വാസമാണ്. അത് കുഞ്ഞിന് വേണ്ടുവോളമുണ്ടെന്ന് മനസ്സിലാക്കിക്കൊണ്ടു തന്നെയാണ് ഞാന്‍ പറയുന്നത്. തളരരുത്."

തന്‍റെ അടുത്തുനിന്ന് പ്രാര്‍ത്ഥിച്ച അച്ചന്‍ എല്ലാം ശരിയാകുമെന്ന ആശ്വാസവചനവും ചൊരിഞ്ഞ് യാത്രയായി.

വീണ്ടും മനസ്സ് ഏകാഗ്രതയില്‍ നിന്ന് വ്യതിചലിച്ചു. സത്യത്തെ വികൃതമാക്കുന്നതിന്‍റെ നേര്‍ക്കാഴ്ചകള്‍ നമ്മളെ ആകുലപ്പെടുത്തുന്നു. നുണകള്‍ കെട്ടിച്ചമയ്ക്കുന്നതും, നുണകളെ സത്യം പോലെ അവതരിപ്പിക്കുന്നതും പലര്‍ക്കും ഒരു രസമാണ്. നുണ പറയാനും പറയിപ്പിക്കാനും മുതിര്‍ന്നവരും കുട്ടികളും ഒരുപോലെ മത്സരിക്കുന്നു. അധികാരത്തിനായുള്ള വടം വലിക്കിടയില്‍ കൊടികളുടെ വര്‍ണ്ണങ്ങള്‍ക്കനുസരിച്ച് കൊന്നും കൊലവിളിച്ചും നാടിളകിയപ്പോള്‍ മനസ്സ് നൊന്തു പ്രാര്‍ത്ഥിച്ചിരുന്നു. "ഈ മനുഷ്യര്‍ക്ക് നല്ല മനസ്സ് വരുത്തണേ ദൈവമേ...." എന്ന്.

ഒരു ദിവസം വൈകുന്നേരം ഏതാനും കൂട്ടുകാരോടൊപ്പം വന്ന അയല്‍ വാസിയായ മീശ മുളയ്ക്കാത്ത കൊച്ചു പയ്യന്‍ കൈയ്യില്‍ കയറിപ്പിടിച്ചത് മുതല്‍ മര്‍ദ്ദിതര്‍ മര്‍ദ്ദകരോട് ചോദിക്കുന്ന ചോദ്യം ഞാനും ചോദിച്ചുകൊണ്ടിരുന്നു.

"എന്തിനാവും ഇവരെന്നെ ദ്രോഹിക്കുന്നത്..."

നാളെ പാര്‍ട്ടിക്കാര്‍ക്ക് കൊന്നവന്‍ നേതാവും കൊല്ലപ്പെട്ടവന്‍ രക്തസാക്ഷിയും ആവുമായിരിക്കും. പക്ഷെ അതിനൊഴുകിയ രക്തത്തിന്, തകര്‍ത്തെറിഞ്ഞ മാനത്തിന്, നഷ്ടമായ ആയുഷ്ക്കാല സമ്പാദ്യങ്ങള്‍ക്ക് ആരാവും മറുപടി പറയേണ്ടത്. ഇതിനായി എല്ലാം കവര്‍ന്ന് ചവച്ചു തുപ്പിയ എന്‍റെ കണ്ണീര് ഇവര്‍ക്ക് ഏത് ഗണത്തില്‍ പെടുത്താനാവും.

നല്ല അയല്‍വാസിയായി രണ്ടു ദിവസം മുമ്പ് ഫോണ്‍ ചെയ്യാന്‍ വീട്ടില്‍ വന്നവന്‍ ഒരു മൃഗത്തിന്‍റെ ക്രൗര്യവുമായിട്ടായിരുന്നു എത്തിയത്. കട്ടിലിനരികില്‍ കൈകളും ശബ്ദവും ബന്ധിച്ച് ഓരോരുത്തരായി വേട്ടയാടുമ്പോള്‍ ബാക്കിയുള്ളവര്‍ പൂട്ടി വെച്ച അലമാരയില്‍ ധനത്തിനായി ആര്‍ത്തി കാണിച്ചു. അത് പങ്കു വെക്കുന്നതിലെ കാര്‍ക്കശ്യം കണ്ടപ്പോള്‍ പകല്‍ക്കൊള്ളയ്ക്കെത്തിയ അവര്‍ക്കുള്ള ബോണസ്സായിരുന്നു എന്‍റെ ശരീരവും കണ്ണീരും എന്ന് ബോധ്യമായി.

ബോധം തെളിയുമ്പോള്‍ ഡയാന ഡോക്ടറുടെ മുഖമാണ് മുമ്പില്‍. പുറത്തുള്ള സന്ദര്‍ശകരെക്കുറിച്ച് അവര്‍ സൂചിപ്പിച്ചു. ആര്‍ക്കും മുഖം കൊടുക്കു ന്നില്ലെന്ന് ഉറപ്പിച്ചു പറഞ്ഞു. വന്നവരില്‍ പലരും അവര്‍ക്ക് തടയാനാവാത്ത അധികാരികളായിരുന്നുവത്രേ. ആരോടും പരാതി പറഞ്ഞില്ല.... എന്നിട്ടും ഒരു വനിതാ നേതാവ് വന്നപ്പോള്‍, അവരില്‍ ഒരു സ്തീയെ കണ്ടപ്പോള്‍, എത്ര ശ്രമിച്ചിട്ടും മനസ്സ് തുറക്കാതിരിക്കാനായില്ല. നെഞ്ചുരുകി കരഞ്ഞപ്പോള്‍ അവര്‍ നിറകണ്ണുകളോടെ ആശ്വസിപ്പിച്ചു.

ആശുപത്രിയില്‍ ആദ്യമായി പരിചയപ്പെട്ട മോളി സിസ്റ്ററാണ് ഇന്ന് പത്രത്തില്‍ നിറഞ്ഞ അവരുടെ പുഞ്ചിരിക്കുന്ന മുഖവും നീണ്ട പ്രസ്താവനയും കാണിച്ചുതന്നത്. പാര്‍ട്ടി പ്രവര്‍ത്തകരെ അവഹേളിക്കാന്‍ പത്രക്കാര്‍ കെട്ടിച്ചമച്ചതാണ് ഈ സൂസന്‍ കേസ് എന്നും, അവര്‍ എന്നോട് വിശദമായി സംസാരിച്ചെന്നും തുടങ്ങുന്ന നീണ്ട പ്രസ്താവന.

"ഇവരൊക്കെയാണ് ചേച്ചീ സ്ത്രീകളുടെ പുരോഗമനത്തിനായി വേഷം കെട്ടുന്ന മൃഗങ്ങള്‍...." മോളി അമര്‍ഷം പ്രകടിപ്പിച്ചു.

വെറുതെ കറുത്ത അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു. വേട്ട മൃഗത്തെ വീണ്ടും വീണ്ടും വേട്ടയാടുന്ന മഷിക്കറുപ്പ്. എന്‍റെ ഭൂതകാലത്തെവിടെയെങ്കിലും ഒരു ഇമ്മോറല്‍ ട്രാഫിക് കേസ് കാണാത്തതില്‍ വിഷമം തോന്നിയ ലേഖകര്‍. നേരിട്ടെന്നെ വേട്ടയാടിയവരേക്കാള്‍ കൂടുതല്‍ മീഡിയകളിലൂടെ, മാധ്യമ ങ്ങളിലൂടെ ഞാന്‍ വീണ്ടും വേട്ടയാടപ്പെടുന്നു എന്നറിഞ്ഞപ്പോള്‍ ഒരുതരം നിസ്സംഗത മനസ്സില്‍ നിറഞ്ഞു. മാധ്യമ പ്രവര്‍ത്തനത്തിന് മൈലേജ് കിട്ടാന്‍ എക്സ്ക്ലൂസീവ് വാര്‍ത്തകള്‍ സൃഷ്ടിക്കുവാന്‍ വ്യാജ ആരോപണങ്ങള്‍ കെട്ടിച്ചമച്ച് വ്യാജ സാക്ഷികളെ നിരത്തുന്നവരും ക്രിസ്തുവിന്‍റെ മേല്‍ വ്യാജ ആരോപണമുന്നയിച്ച് കുരിശിലേറ്റിയവരുടെ പിന്‍തലമുറക്കാരാണ്.

"ഒരു ചിത്രം കൂടി ഒട്ടിച്ച് ഈ മൃഗങ്ങള്‍ക്ക് ആര്‍ത്തി തീര്‍ക്കാമായിരുന്നു" എന്ന് മോളി പിറുപിറുത്തപ്പോള്‍ എന്‍റെ വിധി എന്ന് സമാധാനിച്ച് പതുക്കെ കണ്ണടച്ചു. ആരോടും പരാതി പറയാനില്ലാത്ത മനസ്സില്‍, ഉള്ളുരുകുന്ന ടോമിച്ചനായിരുന്നു.

ഇനിയെന്ത്.... രണ്ടു ദിവസമായി ഞാന്‍ എന്നോടു ചോദിക്കുന്ന ചോദ്യം ആവര്‍ത്തിക്കുമ്പോഴാണ് കര്‍ട്ടനിട്ട ചില്ലുവാതില്‍ തുറന്നടഞ്ഞത്. അതിന് സമീപം ടോമിച്ചന്‍...!! ഷേവ് ചെയ്യാത്ത മുഖം കരുവാളിച്ചിരിക്കുന്നു..! ഒന്നുകൂടെ നോക്കാന്‍ ശക്തിയില്ലാതെ പതുക്കെ മുഖം തിരിച്ച നിമിഷം മനസ്സ് തീരുമാനിച്ചു. ഇല്ല, ഞാനെന്ന അശുദ്ധിയെ സ്വീകരിക്കാന്‍ ഈ വിശുദ്ധിയെ അനുവദിക്കരുത്.

തന്‍റെ തലയില്‍ തലോടിയ ആ കൈകള്‍ കവര്‍ന്നപ്പോള്‍ അറിയാതെയാണെ ങ്കിലും അമര്‍ത്തിവെച്ചിരുന്ന സങ്കടം അണപൊട്ടിയൊഴുകി.

"ഇതെന്താ മോളെ, നീ ഇങ്ങനെ ദുഃഖിക്കുന്നതെന്തിന്? അച്ചന്‍ നിന്നോട് കുറെ കാര്യങ്ങള്‍ പറഞ്ഞില്ലേ. എന്നോടും പറഞ്ഞു."

ഗദ്ഗദകണ്ഠനായി ടോമിച്ചന്‍ തന്‍റെ കൈകള്‍ കവര്‍ന്നു. ആ കൈകളിലെ ഇളം ചൂടിനോട് ചേര്‍ന്നപ്പോള്‍ പ്രതിഷേധിച്ചു കൊണ്ടിരുന്ന തനിക്ക് ആ സ്നേഹത്തിന്‍റെ ഉള്ളുരുക്കത്തോട് അധികസമയം എതിര്‍ത്തു നില്‍ക്കാനായില്ല. മരണക്കയത്തിലെ കച്ചിത്തുരുമ്പായി ആ കൈകള്‍ നെഞ്ചോടു ചേര്‍ത്തു.... സ്നേഹത്തിന്‍റെ അധികാരത്തോടെ........കൂടുതല്‍ ശക്തിയോടെ......!!

2017 ഡിസംബർ 24, ഞായറാഴ്‌ച

അഗ്നിപരീക്ഷ (കഥ)

എത്ര നേരമായി ഈ കടല്‍ത്തീരത്ത് താനിങ്ങനെ ഒറ്റയ്ക്കിരിക്കുന്നു! നീലാകാശവും കടലിന്റെ നീലിമയും അകലെ ചക്രവാളത്തിൽ സൂര്യകിരണങ്ങൾ ഏറ്റു തിളങ്ങുന്ന ഒരു വെൺമേഘവും തന്റെ ഭാവനയെ തോൽപ്പിക്കുന്ന പ്രകൃതി സൗന്ദര്യം പോലെ നിലകൊണ്ടു. ആ വെൺമേഘം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഹിമമലപോലെ എനിക്ക് തോന്നി. വിശാലമായ ഈ തീരവും സമുദ്രത്തിലെ തിരമാലകളുമൊക്കെ കാണുവാൻ ചെറുപ്പം മുതലേ തനിക്ക് ഹരമായിരുന്നു.

ബീച്ചിലൂടെ ഒറ്റയ്ക്കും തെറ്റയ്ക്കും കുടുംബവുമായും ജനങ്ങള്‍ നടന്നു നീങ്ങുന്നു. കടലപ്പൊതികളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും കൈമാറി കൊറിച്ചുകൊണ്ടു നടക്കുന്ന കാമുകീകാമുകന്മാര്‍. അലക്ഷ്യമായി അവരെ സാകൂതം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അത് എന്റെ ശ്രദ്ധയില്‍ പെട്ടത്! അല്പം അകലെയായി തിരമാലകളെ നോക്കി നില്‍ക്കുന്ന ആ സ്ത്രീ! എവിടെയോ കണ്ടു മറന്ന മുഖം! എവിടെയാണ്? ശരിക്കും നല്ല പരിചയമുണ്ടല്ലോ...! ഇനി എനിക്ക് തോന്നിയതാണോ? കണ്ടുമറന്ന നിരവധി മുഖങ്ങള്‍ മനസ്സില്‍ മിന്നായം പോലെ തെളിഞ്ഞു വന്നു... കാലമെത്ര കഴിഞ്ഞാലും പ്രായമെത്ര കഴിഞ്ഞാലും ചിലരുടെ മുഖം നമ്മുടെ മനസ്സില്‍ മായാതെ പതിഞ്ഞുകിടക്കും.. എത്ര കാലം കഴിഞ്ഞാലും അവരെ മറക്കാനും കഴിയില്ല.

ഏതായാലും ഒന്ന് അന്വേഷിക്കുക തന്നെ. ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും ആ സ്ത്രീ എതിര്‍ ദിശയിലേക്ക് നടന്നു കഴിഞ്ഞിരുന്നു.. ഞാന്‍ നടത്തത്തിനു വേഗത കൂട്ടി. പക്ഷെ, മണലിലൂടെയുള്ള നടത്തമായതുകൊണ്ട് വേഗത പോരാ...

"ഒന്നു നില്‍ക്കണേ...."

എന്റെ ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി. അടുത്തു ചെന്ന എന്റെ മുഖത്തേക്ക് സംശയത്തോടെ ഉറ്റുനോക്കിക്കൊണ്ടു അവര്‍ നിന്നു. എന്റെ ഉള്ളൊന്നു പിടഞ്ഞു. ഞാന്‍ അടുത്തേക്ക് ചെന്നു അവരെ സൂക്ഷിച്ചു നോക്കി. മുഖത്ത് അവിടവിടെ ചുളിവുകള്‍ വീണിട്ടുണ്ട്. അല്പാല്പം നര കയറിയ തലമുടി ഭംഗിയായി ഒതുക്കി കെട്ടിവെച്ചിരിക്കുന്നു.  എന്റെ നോട്ടവും മുഖഭാവവും കണ്ടിട്ടെന്നോണം അവരുടെ മുഖത്തും അമ്പരപ്പ് നിഴലിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.

"ഏട്ടത്തീ......!" രണ്ടും കല്പിച്ച് ഞാന്‍ വിളിച്ചു.

"ഇന്ദൂ... നീ... ഇവിടെ?"

"ഏട്ടത്തീ... ഏട്ടത്തി ഇവിടെ? എന്തൊരത്ഭുതമായിരിക്കുന്നു..!"

ഏട്ടത്തി എന്റെ കൈ കവര്‍ന്ന് ആലിംഗനം ചെയ്തു.

"നീയെന്നെ മറന്നിട്ടില്ല അല്ലേ...?"

ഏട്ടത്തിയുടെ ചോദ്യം കേട്ട് എന്റെ മനസ്സ് നൊന്തു.

"എന്ത് ചോദ്യമാ ഏട്ടത്തീ ഈ ചോദിക്കുന്നത്? ഞാന്‍ മറക്കാനോ? എനിക്ക് ഏട്ടത്തിയെ മറക്കാന്‍ കഴിയ്വോ ?"

ഏട്ടത്തി എന്റെ കൈപിടിച്ച് അല്പം അകലേക്ക് മാറി ഇരുന്നു.

"നീയെങ്ങനെ എന്നെ കണ്ടു പിടിച്ചു? ഞാനിവിടെയുണ്ടെന്ന് നിനക്കെങ്ങനെ മനസ്സിലായി?"

ഏട്ടത്തിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ചുരുക്കത്തില്‍ മറുപടി പറഞ്ഞു.

ഏട്ടത്തി എന്റെ കൈകളിലുള്ള പിടി വിട്ടില്ല... കുറെ നേരം മുഖത്തേക്കു നോക്കിയിരുന്നു. വാക്കുകളേക്കാൾ സ്പർശന ഭാഷയായിരിക്കും ചിലപ്പോള്‍ കൂടുതല്‍ നമുക്കു മനസ്സിലാകുക. ഏട്ടത്തിയുടെ മൗനം അവരുടെ മാനസിക സംഘര്‍ഷത്തിന്റെ ആഴമെത്രയെന്ന് ഞാന്‍ മനസ്സിലാക്കി. ആ മുഖത്ത് എന്തൊക്കെയോ ഭാവപ്രകടനങ്ങള്‍.. എന്തോക്കെയോ ഓര്‍ത്തെടുക്കാനുള്ള വെമ്പലാണോ അതെന്ന് ഞാന്‍ ഓര്‍ത്തുപോയി... ഒടുവില്‍ ഞാന്‍ തന്നെ മുഖവുരയിട്ടു.

"ഏട്ടത്തീ... ഏട്ടത്തിയെ ഇവിടെ കണ്ടുമുട്ടുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതേ ഇല്ല. ഇതാണ് പറയുന്നത് മനുഷ്യന്‍ ചിന്തിക്കുന്നത് ഒന്ന് ദൈവം വിധിക്കുന്നത് മറ്റൊന്ന് എന്ന്. മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും വ്യത്യസ്ഥ അച്ചുതണ്ടില്‍ കറങ്ങുന്നു. എന്നാല്‍ ദൈവം വിധിക്കുന്നതേ നടപ്പിലാകൂ. ഇതാണോ ഏട്ടത്തി ജീവിതത്തിന്റെ വഴിത്തിരിവ് എന്നു പറയുന്നത്."

ഒരു നിമിഷം ഞാന്‍ ഭൂതകാലത്തേക്ക് ഊളിയിട്ടു.

"നീ ഇവിടെ എങ്ങനെ എത്തിയെന്ന് ആദ്യം പറ" ഏട്ടത്തി ചോദിച്ചു.

"ഏട്ടത്തീ... തിരുവനന്തപുരത്താണ്  ഭര്‍ത്താവ് വിഷ്ണുവിനു ജോലി. മൂന്നു വർഷമായി ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്നു. ഇന്ന് ഇവിടെ വരേണ്ട ആവശ്യമുണ്ടായിരുന്നു. അല്പം കാറ്റുകൊള്ളാമെന്ന് വെച്ചാണ് ഈ ബീച്ചില്‍ വന്നത്..."

എന്തിനാണ് ഇവിടെ വന്നതെന്ന് തല്‍ക്കാലം ഏട്ടത്തിയോട് പറയേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെയാണ് ഏട്ടന്റെ ഫോൺ വന്നത്. കോളേജ് വിദ്യാർത്ഥികളുമായി ഒരു സ്റ്റഡി ടൂറിന് വരുന്നുണ്ടെന്നും, കോവളത്തെ ഹോട്ടലിലാണ് താമസം ഏര്‍പ്പാടു ചെയ്തിരിക്കുന്നതെന്നും പറഞ്ഞു. ഭര്‍ത്താവിനാണെങ്കില്‍ കൂടെ വരാന്‍ കഴിയില്ലെന്നു പറഞ്ഞു. അതുകൊണ്ട് ഒറ്റയ്ക്കാണ് വന്നത്. ഹോട്ടലില്‍ എത്തിയപ്പോള്‍ എല്ലാവരും പുറത്തുപോയി എന്ന് പറഞ്ഞു. കാത്തു നില്‍ക്കാന്‍ സമയമില്ല. ഫോണില്‍ സംസാരിക്കാമെന്നു വെച്ചാല്‍ സെല്‍‌ഫോണ്‍ റേഞ്ച് ഇല്ല എന്ന അറിയിപ്പാണ് വരുന്നത്. അതുകൊണ്ട് ഏട്ടന് കൊടുക്കാന്‍ ഒരു കുറിപ്പെഴുതി റിസപ്ഷനില്‍ കൊടുത്തിട്ട് ഞാനിങ്ങു പോന്നു. തിരിച്ചു പോകുന്നതിനു മുന്‍പ് ഈ ബീച്ചിലൊന്നു വരണമെന്നു തോന്നി. അതുകൊണ്ട് ഏട്ടത്തിയേയും കാണാന്‍ കഴിഞ്ഞു.

"ഏട്ടത്തി ഇപ്പോള്‍ എവിടെയാണ്? എന്തു ചെയ്യുന്നു?" ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

"ഞാനും തിരുവനന്തപുരത്ത് തന്നെയാണ്. അവിടെ ഒരു സ്‌കൂളില്‍ അദ്ധ്യാപികയാണ്..."

"ങേ....! തിരുവനന്തപുരത്തോ? എത്ര നാളായി അവിടെ?"

"കുറച്ചു നാളുകളായി" ഏട്ടത്തി തുടര്‍ന്നു

"ഇന്ദൂ നീ ഇവിടെത്തന്നെ ഇരിക്ക്. ഞാനൊരു പത്തുപതിനഞ്ച് മിനിറ്റിനകം തിരിച്ചുവരാം. നീ എങ്ങും പോയേക്കരുത്.."

അത്രയും പറഞ്ഞ് ഏട്ടത്തി പോയി. വിധിയുടെ വിളയാട്ടം ഒന്നു വേറെ തന്നെ. ഞാന്‍ ആത്മഗതം ചെയ്തു.

കാലം മറവിയുടെ മടിത്തട്ടില്‍ ഒളിപ്പിച്ചു വെച്ച ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് ഓടിയെത്താന്‍ തുടങ്ങി. ഏറെക്കാലത്തിനുശേഷം എന്റെ അസ്ഥിരമായ മനസ്സ് ഒരിക്കൽ കൂടി ഞങ്ങളുടെ ബംഗ്ലൂരുവിലെ ആ വീട്ടിലെത്തി. സന്തോഷഭരിതമായ ഞങ്ങളുടെ കുടുബത്തിലേക്ക് വധുവിന്റെ വേഷത്തില്‍ ഏട്ടത്തി എത്തിയ നിമിഷം.! കുടുംബാംഗങ്ങളെല്ലാവരും ആഹ്ലാദത്തോടെയാണ്  ഏട്ടത്തിയെ സ്വീകരിച്ചത്. ഞങ്ങളുടെ കുടുംബവുമായി ഏട്ടത്തി പൊരുത്തപ്പെട്ടു പോകുമോ എന്ന ആശങ്കയെ നിഷ്‌പ്രഭമാക്കി ഏട്ടത്തി എല്ലാവരേയും കൈയ്യിലെടുത്തു. സത്യത്തില്‍ ഞാന്‍ പോലും അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.

ദിവസങ്ങള്‍ കഴിയുന്തോറും ഏട്ടത്തിയുടെ പെരുമാറ്റം എല്ലാവരിലും സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. ഏട്ടനാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ ഏട്ടത്തിയുമായി സല്ലപിക്കാനും തമാശകള്‍ പറയാനും ചുറ്റും കൂടും. രണ്ടുപേരുടേയും സംസാരവും തമാശ പറച്ചിലും പൊട്ടിച്ചിരികളുമൊന്നും അമ്മയ്ക്ക് അത്ര രസിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഏട്ടന്റെ പ്രകൃതം ശരിക്കാറിയാവുന്ന അച്ഛനും ഞാനും അതത്ര കാര്യമായെടുക്കാറില്ല. അന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എനിക്ക് ഏട്ടത്തി ഒരു കൂട്ടുകാരിയെപ്പോലെയായിരുന്നു. ഏട്ടത്തിയുമായി സംസാരിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ല.

ഏട്ടനാകട്ടെ ഈ ലോകത്തൊന്നുമല്ല എന്ന പോലെയാണ് ഏട്ടത്തിയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നത്. അമ്മയാകട്ടെ ദിവസങ്ങള്‍ കഴിയുന്തോറും ആധിയെടുത്ത് എന്തൊക്കെയോ ചിന്തിച്ചുകൊണ്ടു നടക്കുന്ന  പോലെയായിരുന്നു. തന്റെ സ്നേഹം മറ്റൊരാള്‍ പങ്കിട്ടെടുക്കുന്നത് അമ്മയ്ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ഏട്ടത്തിയുടെ ചെറിയ ചെറിയ തെറ്റുകള്‍ക്കു വരെ അമ്മ ശാസിക്കാനും കുറ്റം പറയാനും തുടങ്ങി. അമ്മയുടെ പെരുമാറ്റം ചില സന്ദര്‍ഭങ്ങളില്‍ അതിരു വിടുമ്പോള്‍ ഞാന്‍ ഉപദേശിക്കും. പക്ഷെ, അമ്മ അമ്മയുടെ ലോകത്ത് അമ്മയ്ക്കിഷ്ടമുള്ള പോലെയായിരുന്നു ജീവിച്ചത്. ഏട്ടനേയും അത് അസ്വസ്ഥനാക്കി. അമ്മയുടെ അസൂയയാണ് ഇതിനെല്ലാം കാരണമെന്ന് ഏട്ടന്‍ ഏട്ടത്തിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഞാനും എന്റെ കഴിവിന്റെ പരമാവധി അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം വൃഥാവിലയാകുകയായിരുന്നു.

ഏട്ടത്തി അമ്മയെ ഒരു അമ്മായിയമ്മയായിട്ടല്ല കണ്ടിരുന്നത്. സ്വന്തം അമ്മയെപ്പോലെ തന്നെ എല്ലാ ബഹുമാനങ്ങളും നല്‍കിയിരുന്നു. അമ്മ എന്തു പറഞ്ഞാലും യാതൊരു എതിര്‍പ്പോ നീരസമോ പ്രകടിപ്പിക്കാറില്ല. അമ്മ വഴക്കു പറയുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിച്ച് അകന്നു പോകാറാണ് പതിവ്. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയായിരുന്ന ഏട്ടത്തി വിവാഹം പ്രമാണിച്ച് അവധിയെടുത്തിരിക്കുകയായിരുന്നു. അതും അമ്മയെ ചൊടിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം അദ്ധ്യാപിക എന്നു പറഞ്ഞാല്‍ നല്ല ശമ്പളം കിട്ടുന്ന ജോലിയാണെന്ന് അമ്മയ്ക്കറിയാം. മകന്റെ ഭാര്യ വീട്ടില്‍ തന്നെ അടങ്ങിയൊതുങ്ങി ജീവിച്ച്, വെച്ചുവിളമ്പിയാല്‍ മതിയെന്നാണ് അമ്മയുടെ ചിന്താഗതി. ഇടയ്ക്കിടെ അമ്മ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നടന്നിരുന്നുവെങ്കിലും അവയെല്ലാം ബന്ധുമിത്രാദികളില്‍ നിന്ന് മറച്ചു വെയ്ക്കാന്‍ ഞങ്ങള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ എല്ലാം തകര്‍ന്നു വീഴുന്നതിന് ഞങ്ങളുടെ കുടുംബം സാക്ഷിയാകേണ്ടി വന്നു. എല്ലാ പ്രശ്നങ്ങളും സന്ദര്‍ഭോചിതമായി കൈകാര്യം ചെയ്ത് നിഷ്‌പ്രഭമാക്കാറുള്ള ഏട്ടത്തി പോലും അടി തെറ്റി വീണു.

ആ ദിവസം ശിശുദിനമായിരുന്നു. ഏട്ടത്തിയുടെ സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടു ദിവസത്തെ പഠന ടൂറിനായി പോയതാണ്. പോകാന്‍ നേരം അമ്മ എതിര്‍ത്തുവെങ്കിലും അച്ഛനും ഏട്ടനും ഞാനുമൊക്കെ അമ്മയെ പറഞ്ഞു മനസ്സിലാക്കി. 'കണ്ടവരുടെ കൂടെയൊക്കെ കറങ്ങിയടിക്കുന്നത്' അമ്മയ്ക്ക് സ്വീകാര്യമായിരുന്നില്ല. അമ്മയുടെ സ്വഭാവം അറിയാമായിരുന്ന ഏട്ടനും ഏട്ടത്തിയും അത് കാര്യമാക്കിയില്ല.

ഏട്ടത്തി യാത്ര തിരിക്കുന്നതിനു തലേ ദിവസം അതേക്കുറിച്ച് വീട്ടില്‍ സംസാരവുമുണ്ടായിരുന്നു. പക്ഷേ ഏട്ടത്തിക്ക് പോയേ പറ്റൂ. ജോലിയുടെ ഒരു ഭാഗമാണതെന്ന് അമ്മയ്ക്കറിയില്ലല്ലോ. രണ്ടു ബസ്സുകളിലായാണ് ടൂര്‍ പോയത്. നിർഭാഗ്യവശാൽ രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചു വരാന്‍ ആരംഭിച്ചപ്പോഴാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം അറിയുന്നത്. ഒരു വാഹനവും ഓടാന്‍ ഹര്‍ത്താലുകാര്‍ അനുവദിച്ചില്ല. മൈസൂരില്‍ നിന്ന് പുറപ്പെട്ട ബസുകളെല്ലാം വഴിയില്‍ തടഞ്ഞു. ഗത്യന്തരമില്ലാതെ കുട്ടികളേയും കൂട്ടി അദ്ധ്യാപകര്‍ അടുത്തുള്ള ഹോട്ടലിലെത്തി. എന്നാല്‍, പരിമിതമായ മുറികളാണ് അവിടെയുണ്ടായിരുന്നത്. തൊട്ടടുത്തുള്ള മറ്റൊരു ഹോട്ടലിലും അതുതന്നെ ഗതി. രണ്ടു ഹോട്ടലുകളിലും ലഭ്യമായ മുറികള്‍ ബുക്ക് ചെയ്ത് അന്ന് അവിടെ കഴിച്ചുകൂട്ടി. പിറ്റേ ദിവസം ഉച്ചയോടെയാണ് അവര്‍ക്ക് അവിടെ നിന്ന് യാത്ര തിരിക്കാനായത്.

തിരിച്ച് സ്കൂളിലെത്തിയപ്പോഴേക്കും ഏട്ടത്തിക്ക് അവരുടെ അമ്മയുടെ ഫോണ്‍ വന്നു. അച്ഛന് പെട്ടെന്ന് അറ്റാക്ക് വന്നെന്നും ആശുപത്രിയിലാണെന്നും കേട്ടപ്പോള്‍ ഏട്ടത്തിയാകെ വിഷമിച്ചു. ഏട്ടന് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഏട്ടര്‍ തന്നെയാണ് പറഞ്ഞത് നേരെ വീട്ടിലേക്ക് പൊയ്ക്കൊള്ളാന്‍. അതുകൊണ്ടുതന്നെ അടുത്ത ട്രെയ്നിന് ഏട്ടത്തി പാലക്കാട്ടുള്ള അവരുടെ വീട്ടിലേക്ക് പോയി.

ഈ വിവരങ്ങളൊന്നും ഏട്ടന്‍ അമ്മയോട് പറഞ്ഞിരുന്നില്ല. ഏട്ടനറിയാം അമ്മ അറിഞ്ഞാലത്തെ അവസ്ഥ. അതുകൊണ്ടുതന്നെ രണ്ടു ദിവസം കഴിഞ്ഞിട്ട് പറയാമെന്ന് ഏട്ടന്‍ വിചാരിച്ചു. പക്ഷെ, എന്നോട് കാര്യങ്ങളെല്ലാം പറഞ്ഞു. അമ്മയോട് ഇപ്പോള്‍ പറയേണ്ടെന്ന് പറയുകയും ചെയ്തു.

പാലക്കാട്ടു നിന്ന് ഏട്ടത്തി ഒന്നുരണ്ടു പ്രാവശ്യം ഫോണ്‍ ചെയ്തു. അച്ഛന് ഭേദമായെന്നും രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ അതിനിടെ അമ്മയ്ക്കും ചില സംശയങ്ങളായി. സ്കൂളില്‍ നിന്ന് ടൂറിനു പോയ ഏട്ടത്തി എന്തേ തിരിച്ചുവരാത്തതെന്നായിരുന്നു അമ്മയ്ക്കറിയേണ്ടിയിരുന്നത്. ഒന്നു രണ്ടു പ്രാവശ്യം ഏട്ടന്‍ അമ്മയുമായി തര്‍ക്കിക്കുന്നതും ഞാന്‍ കേട്ടു. ഒടുവില്‍ ഏട്ടന് സത്യം തുറന്നു പറയേണ്ടി വന്നു. അമ്മ പിന്നീട് ഒരക്ഷരം ഉരിയാടിയില്ല. മൗനമായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെയായിരുന്നു അമ്മയുടെ മുഖഭാവം. ഞാനെന്തെങ്കിലും ചോദിച്ചാല്‍ കടിച്ചുകീറാന്‍ വരും. അതുകൊണ്ട് പിന്നീട് ഒന്നും ചോദിക്കാന്‍ നില്‍ക്കാറില്ല.

ദിവസങ്ങള്‍ക്കുശേഷമാണ് ഏട്ടത്തി തിരിച്ചെത്തിയത്. അച്ഛന്റെ അസുഖവും യാത്രയും അലച്ചിലുമെല്ലാം കൊണ്ട് മാനസികവും ശാരീരികവുമായ വിഷമതകള്‍ ഏട്ടത്തിയെ അലട്ടിയിരുന്നു. വീട്ടിലെത്തിയാല്‍ എല്ലാത്തിനും ആശ്വാസമാകുമെന്നു കരുതിയ ഏട്ടത്തിയെ എതിരേറ്റത് മ്‌ളാനമുഖങ്ങളായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ഏട്ടത്തി കുഴഞ്ഞു. എല്ലാവര്‍ക്കും ഒരു അകല്‍ച്ച പോലെ.

വൈകീട്ട് സ്കൂളില്‍ നിന്നെത്തിയ ഞാന്‍ വീട്ടിലെ മൂകത കണ്ട് അത്ഭുതപ്പെട്ടു. ആരും ആരോടും ഉരിയാടുന്നില്ല. ഏട്ടനാണെങ്കില്‍ എത്തിയിട്ടുമില്ല. ഏട്ടത്തി ഏകയായി അവരുടെ മുറിയിലിരിക്കുന്നു. എന്തോ പ്രശ്നമുണ്ട്. ഞാന്‍ മനസ്സിലൂഹിച്ചു. ഏട്ടത്തിയുടെ അടുത്തിരുന്ന് ഞാന്‍ കാര്യങ്ങള്‍ തിരക്കി. അവരുടെ മുഖം മ്‌ളാനത കൊണ്ട് മൂടിയിരുന്നു. ഞാന്‍ കുറെ സമാധാനിപ്പിച്ചു. ഏട്ടത്തി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ അവരനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളുടെ പ്രതിബിംബമുണ്ടായിരുന്നു. എല്ലാം ശരിയാകുമെന്ന് സാന്ത്വനപ്പെടുത്തി ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു. പക്ഷെ, അമ്മ എന്നെ ഒരക്ഷരം പറയാന്‍ അനുവദിച്ചില്ല.

ഏട്ടന്‍ വൈകിയാണ് എത്തിയത്. ഏട്ടത്തി വന്ന വിവരം ഞാന്‍ ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. നിസ്സംഗതയോടെയുള്ള ഒരു മൂളലാണ് ഏട്ടനില്‍ നിന്ന് കേട്ടത്. വീട്ടിലെത്തിയ ഏട്ടന്‍ മുറിയിലേക്ക് പോയെങ്കിലും ഏട്ടത്തിയുമായി സംസാരിക്കുന്നത് കേട്ടില്ല. എന്താണ് ഈ ഏട്ടന് സംഭവിച്ചതെന്ന് ഞാനോര്‍ത്തു.

ഏട്ടന്‍ വരുമ്പോള്‍ ആശ്വസിപ്പിക്കും എന്ന് മോഹിച്ച ഏട്ടത്തിക്ക് കിട്ടിയ പ്രഹരം പോലെയായി ഏട്ടന്റെ പ്രതികരണം. ഹൃദയം പുറത്തെടുത്ത് മുള്ളില്‍ കൊരുത്തുവെച്ചപോലെയായി ഏട്ടത്തിയുടെ അവസ്ഥ.

"നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്. ആരെങ്കിലും എന്നോട് അതൊന്നു പറയൂ..."

ഏട്ടത്തി ഏട്ടനോട് പറയുന്നത് കേട്ടു.

എന്നാല്‍ ഏട്ടനാകട്ടേ അത് കേള്‍ക്കാത്ത ഭാവം നടിച്ച് പുറത്തേക്കിറങ്ങി. ഞാന്‍ ഏട്ടന്റെ പുറകെ കൂടി. കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഒന്നിനും ഏട്ടന്‍ വ്യക്തമായ ഉത്തരം തന്നില്ല. ഈ വീട്ടില്‍ എല്ലാവര്‍ക്കും ഇതെന്തു പറ്റി? ഞാന്‍ ആലോചിച്ചു. വൈകിട്ട് അച്ഛന്‍ വന്നപ്പോഴും സ്ഥിതി അതു തന്നെ. ഏട്ടത്തിയോട് വീട്ടിലെ വിവരങ്ങളും അച്ഛന്റെ അസുഖവിവരവുമൊക്കെ അച്ഛന്‍ തിരക്കി. പക്ഷെ, എന്തുകൊണ്ടാണ് അമ്മയും ഏട്ടനും ഏട്ടത്തിയോട് അകലം ഭാവിക്കുന്നതെന്നു മാത്രം പറഞ്ഞില്ല.

ഏട്ടന്റെ കണ്ണിൽ ഇത്രയും സംശയത്തിന് കാരണമെന്താണെന്നു മനസ്സിലായില്ല. അമ്മ കെട്ടിച്ചമച്ച കഥകള്‍ കേട്ടിട്ടാണോ ഏട്ടന്റെ ഈ സ്വഭാവ മാറ്റം? ചൂടുപിടിച്ച വീട്ടിലെ അന്തരിക്ഷത്തില്‍ ഏട്ടത്തി വീര്‍പ്പുമുട്ടുകയായിരുന്നു. ഏട്ടത്തി ടൂറിനു പോയതും പാലക്കാട്ട് പോയതുമൊക്കെയാണോ ഇവര്‍ കുറ്റമായി കണ്ടിരിക്കുന്നത്. ഏട്ടത്തിയുടെ മാനസികാവസ്ഥയെക്കുറിച്ച് ആലോചിക്കാതെ ഏട്ടനും അവരെ വിചാരണ ചെയ്യുകയാണോ. ഒരു മാസം എങ്ങനെയോ കടന്നുപോയി. അമ്മയാണെങ്കില്‍ ഏതു നിമിഷവും ഏട്ടത്തിയുടെ കുറ്റം കണ്ടുപിടിക്കാന്‍ അവരുടെ പുറകെയാണ്. അച്ഛൻ അമ്മയെ ഉപദേശിച്ചു നോക്കി. ഏട്ടനാണെങ്കില്‍ അമ്മ പറയുന്നതിനപ്പുറം പോകുന്നുമില്ല. വീട്ടിലെ പ്രശ്നങ്ങള്‍ അയല്‍ക്കാരില്‍ പലരും അറിയാന്‍ തുടങ്ങി. അതോടെ ഏട്ടത്തിയെ കാണുമ്പോള്‍ അവര്‍ അര്‍ത്ഥം വെച്ച് നോക്കുകയും കുശുകുശുക്കലുമായി. ഏട്ടത്തിയെ സംബന്ധിച്ചിടത്തോളം അത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതേക്കുറിച്ച് അവര്‍ ഏട്ടനുമായി സംസാരിക്കുകയും ചെയ്തു.

എന്റെ മനസ്സില്‍ ഭീതിയായിരുന്നു. എന്തായിരിക്കും ഇനി സംഭവിക്കാന്‍ പോകുക.. നിഷ്ക്കളങ്ക മനസ്സിനുടമയായിരുന്ന ഏട്ടന്‍ എന്തിനാണ് ഏട്ടത്തിയെ ഇങ്ങനെ അകറ്റി നിര്‍ത്തുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ചോദിക്കുകയും ചെയ്തു. തന്റെ നിരപരാധിത്വം പറഞ്ഞു മനസ്സിലാക്കാന്‍ ഏട്ടത്തിയും ശ്രമിച്ചു. പക്ഷെ, ഏട്ടന്റെ പ്രതികരണം അന്നുവരെ ഏട്ടനോട് തോന്നിയിരുന്ന ബഹുമാനവും ആദരവും ഇല്ലാതാക്കി. ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിച്ചിരുന്ന ഏട്ടത്തിക്ക് സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പ്രത്യാശ നശിച്ചു.

ഞാനും ഒരു പ്രതിസന്ധിയിലായിരുന്നു. ഏട്ടത്തിയെ ഇത്രയും വെറുക്കാന്‍ ഏട്ടത്തി ചെയ്ത കുറ്റമെന്ത് എന്നായിരുന്നു എന്റെ ചിന്ത. ടൂറ് പോയതാണെങ്കില്‍, അതിൽ എന്താണ് ഏട്ടത്തിയുടെ പിഴവ് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഏട്ടനു ഏട്ടത്തിയുമായുള്ള ബന്ധം ഇരുവരും മനസ്സിൽ ബന്ധിപ്പിക്കുകയും വിശ്വാസത്തിൽ മുറുകെ പിടിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ആ വിശ്വാസത്തില്‍ ആരെങ്കിലും വിള്ളൽ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അതിനെ നിഷ്‌പ്രഭമാക്കാന്‍ അവര്‍ക്ക് കഴിയില്ലേ? ഭർത്താവിന്റെ അവഗണന ഭാര്യയെ സംബന്ധിച്ച് ഭയാശങ്കകള്‍ക്കല്ലേ ഇടവരുത്തൂ.

വീട്ടില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും ഏട്ടത്തി അവരുടെ വീട്ടില്‍ അത് അറിയിച്ചിരുന്നില്ല. ഹൃദ്രോഗിയായ അച്ഛന്‍ തന്നെ അതിനു കാരണം. ഒരു സഹോദരനുള്ളത് തിരുവനന്തപുരത്ത് എവിടെയോ ആണെന്നു മാത്രം ഞങ്ങള്‍ക്കറിയാം. വിവാഹ ദിവസം കണ്ടതാണ്. ഏട്ടത്തി എല്ലാ വിവരങ്ങളും സഹോദരനെ അറിയിച്ചിരുന്നുവെന്ന് ഞങ്ങളറിയുന്നത് ഒരു ദിവസം ഏട്ടന്‍ ദ്വേഷ്യപ്പെട്ട് ഏട്ടത്തിയോട് സംസാരിക്കുന്നതു കേട്ടാണ്.

അതുവരെ സം‌യമനം പാലിച്ചിരുന്ന ഏട്ടത്തിയുടെ ശബ്ദം ഉയര്‍ന്നതും അന്നാണ്.

"ഞാന്‍ ഇതുവരെ ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചു ജീവിക്കുകയായിരുന്നു. ഇനി എനിക്ക് വയ്യ" എന്ന് ഏട്ടത്തി തീര്‍ത്തു പറഞ്ഞു. തന്നെയുമല്ല ഏട്ടത്തിയുടെ സഹോദരന്‍ വരുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വീട്ടിലുള്ളവരെല്ലാം അല്പം പരിഭ്രമിച്ചോ എന്ന് തോന്നി. പറഞ്ഞതുപോലെ രണ്ടു ദിവസത്തിനുശേഷം അദ്ദേഹം വീട്ടിലെത്തി. ഏട്ടത്തി എന്തോ തീരുമാനിച്ചുറച്ചാണ് നിന്നിരുന്നത്.

"അഭിലാഷ്, അവളെന്നോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ കുറച്ചു നാള്‍ അവള്‍ ഞങ്ങളുടെ വീട്ടില്‍ നില്‍ക്കട്ടെ. അതുവരെ അവള്‍ക്ക് ലോംഗ് ലീവ് എടുക്കാമല്ലോ. നിങ്ങളുടെയൊക്കെ മനസ്സ് ശാന്തമാകുമ്പോള്‍ അറിയിച്ചാല്‍ മതി. ഞാന്‍ തന്നെ അവളെ ഇവിടെ കൊണ്ടുവിടാം..."

ഏട്ടത്തിയുടെ സഹോദരന്‍ ഏട്ടനോട് പറഞ്ഞു. അതിന് ഏട്ടന്‍ മറുപടി പറയുന്നതിനു മുന്‍പേ അമ്മ ഇടപെട്ടു..

"അതു തന്നെയാണ് നല്ലത്. നിങ്ങളുടെ വീട്ടിലാകുമ്പോള്‍ എല്ലാറ്റിനും സൗകര്യവുമാകും. ഇവിടെ പറ്റില്ല...."

അമ്മ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകാതെ ഞാന്‍ അച്ഛന്റെ മുഖത്തേക്കു നോക്കി. ഏട്ടനാണെങ്കില്‍ ഒരക്ഷരം മിണ്ടുന്നുമില്ല. ഇതിനോടകം ഏട്ടത്തി തന്റെ ഡ്രസ്സുകളെല്ലാം അടങ്ങുന്ന സ്യൂട്ട് കേസുമായി പുറത്തേക്ക് വന്നു. ആരും ഒന്നും മിണ്ടുന്നില്ല. ഏട്ടന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിന്ന ഏട്ടത്തിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആ മുഖഭാവം കണ്ടാലറിയാമായിരുന്നു. എന്നാല്‍ നിസ്സംഗനായി, ദൂരേക്ക് കണ്ണുപായിച്ച് ഏട്ടന്‍ നിന്നതേ ഉള്ളൂ. പടിയിറങ്ങുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ഏട്ടത്തി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു...വേദനയില്‍ നിറഞ്ഞ ഒരു ചിരി....!

ഏട്ടത്തി പോയതിനുശേഷം ഏട്ടന്‍ ആകെ അസ്വസ്ഥനായിരുന്നു. പണ്ടത്തെപ്പോലെ ആരോടും അധികം സംസാരിക്കാറില്ല. ഞാനും പലതവണ അതേക്കുറിച്ച് ചോദിച്ചു. ദ്വേഷ്യപ്പെട്ടില്ലെങ്കിലും കുറ്റബോധം ആ മനസ്സിനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഏട്ടത്തി പോയി ഒരു മാസത്തോളമായപ്പോഴാണ് പ്രശ്നം എന്തായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്. സ്കൂള്‍ ടൂറിനു പോയതും അതുകഴിഞ്ഞ് ഏട്ടത്തിയുടെ വീട്ടില്‍ പോയി ദിവസങ്ങളോളം താമസിച്ചതുമൊക്കെ ഏട്ടത്തിക്ക് മറ്റാരുമായോ ബന്ധമുണ്ടായിരുന്നതുകൊണ്ടാണെന്ന് അമ്മ ധരിച്ചുവശായതാണ് എല്ലാത്തിനും കാരണം. അമ്മ അത് ഏട്ടനെ പറഞ്ഞു ധരിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. അതറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ അസ്വസ്ഥയായി. ദൈവമേ എന്തൊരു കൊടും പാതകമാണ് അമ്മ ചെയ്തത്. ഏട്ടത്തിയെപ്പോലെ ഇത്രയും നിഷ്ക്കളങ്കയായ ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കാന്‍ അമ്മയ്ക്ക് എങ്ങനെ തോന്നി. മനസ്സിനെ ഏറെ വേദനിപ്പിച്ചു. ഏതായാലും ഏട്ടനോട് ചോദിക്കുകതന്നെ എന്ന് തീരുമാനിച്ചാണ് അന്ന് ഞാന്‍ ഏട്ടന്റെ അടുത്തെത്തിയത്.

"എന്തിനാണ് ഏട്ടാ ഈ പാതകത്തിന് ഏട്ടന്‍ കൂട്ടു നിന്നത്? മനഃസ്സാക്ഷിയെ വഞ്ചിക്കാന്‍ ഏട്ടനെങ്ങനെ തോന്നി"

തന്റെ ചോദ്യത്തിന് ഏട്ടന്‍ പ്രതികരിച്ചില്ല. എന്നാല്‍ ഒരു കാര്യം പറഞ്ഞു....

"നിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഞാന്‍ അശക്തനാണ്. അമ്മയെ ധിക്കരിച്ച് ഈ വീട്ടില്‍ കഴിയാമെന്ന് നിനക്ക് തോന്നുന്നുണ്ടോ?"

മറുചോദ്യത്തിന് മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അച്ഛനും അതേ അവസ്ഥയിലായിരുന്നു. എല്ലാം മൗനമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

സംശയ രോഗം പിടിപെട്ടാല്‍ വ്യക്തിയെ മാത്രമല്ല കുടുംബ ബന്ധങ്ങളേയും സമൂഹത്തെപ്പോലും ഛിന്നഭിന്നമാക്കും. സ്‌നേഹക്കൂടുതലായാലും അസൂയ കൊണ്ടായാലും സംശത്തിന്റെ വിത്ത്‌ മനസ്സില്‍ പതിഞ്ഞ്‌ കഴിഞ്ഞാല്‍ അത്‌ വളര്‍ന്ന്‌ ഒരു വന്‍വൃക്ഷം പോലെ പടര്‍ന്നു പന്തലിക്കും. മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ പലരുടേയും ജീവിതങ്ങള്‍ കത്തിയമര്‍ന്നു ചാമ്പലാകും. ഏട്ടനും വന്നു ഭവിച്ചത് അതാണ്. ഏട്ടത്തിയോടുള്ള അമിത സ്നേഹവും കരുതലും അമ്മയില്‍ അസൂയയുണ്ടാക്കി. തളിര്‍ത്ത് പൂത്തുവളര്‍ന്ന അവരുടെ സ്നേഹവല്ലരിയെ അമ്മ വേരോടെ പിഴുതെറിഞ്ഞു.

"ഇന്ദു ഇരുന്ന് മുഷിഞ്ഞോ?"

ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഏട്ടത്തിയാണ്. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് പോയതാണ്.

"ഇല്ല ഏട്ടത്തീ.. ഞാന്‍ മുഷിഞ്ഞതൊന്നുമില്ല. ഓരോ കാര്യങ്ങള്‍ ഓര്‍ത്ത് അങ്ങനെ ഇരുന്നതാണ്..."

"ങാ, പഴയ കാര്യങ്ങള്‍ ഓര്‍ത്ത് മനസ്സ് പുണ്ണാക്കാതെ പുതിയതിനെക്കുറിച്ച് ആലോചിച്ച് ഭാവിയെ ശോഭനമാക്കണം. അതല്ലെങ്കില്‍ ജീവിതം പരാജയമാണെന്ന് ധരിച്ച് വേണ്ടാത്തതൊക്കെ ചെയ്യാന്‍ തോന്നും.."

ഏട്ടത്തിയുടെ ഫിലോസഫി കേട്ട് ഞാനൊന്നു ചിരിച്ചു.

എന്തൊക്കെയോ ഏട്ടത്തിയോട് ചോദിക്കണമെന്നുണ്ട്. ചോദ്യങ്ങളെല്ലാം മനസ്സില്‍ നമ്പറിട്ട് സൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏത് ചോദ്യമാണ് ആദ്യം ചോദിക്കേണ്ടതെന്ന കണ്‍ഫ്യൂഷനില്‍ ഏട്ടത്തിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആ മുഖത്തെ പേശികള്‍ അവരുടെ പ്രായം വിളിച്ചോതുന്നുണ്ടായിരുന്നു. താന്‍ അറിഞ്ഞ ഏട്ടത്തി തന്നെയാണോ ഇതെന്നുപോലും സംശയിച്ചു.

"എന്താ ഇന്ദൂ ഇങ്ങനെ നോക്കുന്നത്? എന്താണ് ഇന്ദുവിന് ചോദിക്കാനുള്ളത്?"

"ദൈവമേ ഈ ഏട്ടത്തി എന്റെ മനസ്സു വായിച്ചറിഞ്ഞോ?"

"എനിക്കറിയാം ഇന്ദുവിന് ഒരുപാട് ചോദ്യങ്ങള്‍ എന്നോട് ചോദിക്കാനുണ്ടെന്ന്."

"ഏട്ടത്തീ, എനിക്കങ്ങനെ വിളിക്കാമോ എന്നറിയില്ല" ഞാന്‍ സംശയം ചോദിച്ചു..

"അതിനെന്താ ഇന്ദൂ. ഏട്ടത്തി എന്നാല്‍ ഒരു സ്ഥാനപ്പേരല്ല, ബഹുമാനമാണ്. ഇന്ദുവിന്റെ വീട്ടില്‍ ഒരു വധുവും, ഭാര്യയും, മരുമകളും, ഏട്ടത്തിയുമായിട്ടല്ലേ ഞാന്‍ വന്നു കയറിയത്. ഒരുപാട് സ്നേഹവും പരിചരണവും നിങ്ങളെനിക്ക് തന്നിട്ടുണ്ട്. ഞാനതൊക്കെ സന്തോഷത്തോടെ ഓര്‍ക്കാറുമുണ്ട്. കാലങ്ങള്‍ കഴിയുമ്പോള്‍ ചിലര്‍ പലതും മറക്കാറുണ്ട്. ഇപ്പോള്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ ഇന്ദുവിന്റെ വീട്ടില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോന്നിട്ട്...! ഇവിടെ ഇപ്പോള്‍ ഇന്ദു എന്നെ തിരിച്ചറിഞ്ഞു, ഏട്ടത്തീ എന്ന് വിളിച്ചു. എനിക്ക് സന്തോഷമായി. ഇന്ദു അങ്ങനെ തന്നെ വിളിച്ചാല്‍ മതി..."

"ഏട്ടത്തീ, ഒരു കാര്യം ചോദിക്കട്ടെ... എന്തിനാണ് ഏട്ടത്തീ ആയുധം വെച്ച് കീഴടങ്ങി ഞങ്ങളുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഏട്ടത്തിക്ക് കുറച്ചുകൂടി ക്ഷമിക്കാമായിരുന്നില്ലേ?"

"ഞാന്‍ ആയുധങ്ങൾ വെച്ച് കീഴടങ്ങിയതല്ല ഇന്ദൂ. അതത്ര എളുപ്പവുമായിരുന്നില്ല. എന്നോട് കാണിച്ച അനീതി ശക്തമായി എതിർത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്റെ അവസ്ഥ എന്ന് ഒരുനിമിഷം നിങ്ങള്‍ ചിന്തിച്ചിരുന്നോ? അതാണ് ഞാന്‍ ഇറങ്ങിപ്പോന്നത്. ഞാനങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നിങ്ങളുടെ വീട്ടില്‍ ഞാനൊരു അധികപ്പറ്റായേനെ. തന്നെയുമല്ല ആ വീട്ടിലെ സ്വൈര്യത എല്ലാം തകര്‍ന്നു തരിപ്പണവുമാകുമായിരുന്നു. എന്റെ അവകാശങ്ങൾക്കു വേണ്ടി ഞാൻ പോരാടിയിരുന്നില്ലേ? പക്ഷെ, സ്വന്തം മനഃസ്സാക്ഷിയെ വഞ്ചിക്കുന്നത് ചിലര്‍ക്ക് ഒരു രസമാണ്. എന്റെ അഗ്നിപരീക്ഷണ കാലഘട്ടമായിരുന്നു അത്. ചിലര്‍ പറയും ജാതക ദോഷമാണെന്ന്.

"മമ്മീ, ആരാ മമ്മീ ഇത്?"

ഞങ്ങളുടെ അടുത്തേക്ക് ഒരു പത്തുപതിനഞ്ചു വയസ്സു തോന്നിക്കുന്ന ഒരു കുട്ടി ഓടി വന്നു.

"ങാ, മോനെ ഇതാണ് ഇന്ദു. ഇന്ദു ആന്റി"

"ഹായ് ആന്റി" അവന്‍ തന്റെ നേരെ നോക്കി പറഞ്ഞു.

"ഹായ് മോനെ, മോന്റെ പേരെന്താ?"

"അജയ്"

ദൈവമേ, ഈ കുട്ടിയെ ഞാന്‍ എവിടെയോ കണ്ടു പരിചയമുണ്ടല്ലോ. നല്ല പരിചയമുള്ള മുഖഛായ..! ആ കുട്ടിയുടെ മുഖത്തേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്ന എന്നെ ഏട്ടത്തി ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടില്ല.

"മോന്‍ പോയി കളിച്ചോ, മമ്മി ഇപ്പോള്‍ വരാം കേട്ടോ" ഏട്ടത്തിയുടെ സംസാരം എന്നെ പരിസരബോധത്തിലേക്ക് തിരികെ കൊണ്ടു വന്നു.

നടന്നകലുന്ന അവനെത്തന്നെ ഞാന്‍ നോക്കിയിരുന്നു. കൈവീശിയുള്ള ആ നടത്തം, ആ ആകാരം എല്ലാം ഏട്ടന്റേതു തന്നെ. ഞാന്‍ ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി.

"ഇന്ദു സംശയിക്കുന്നതു തന്നെ... അവന്‍ ഇന്ദുവിന്റെ ഏട്ടന്‍ അഭിലാഷിന്റെ മകനാണ്..!!"

"ഏട്ടത്തീ....." എന്റെ ശബ്ദം അല്പം ഉയര്‍ന്നോ എന്നൊന്നു സംശയിച്ചു.

"അതെ ഇന്ദൂ. അന്ന് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന, അല്ല ഇറക്കിവിട്ട, ആ സമയത്ത് ഇവന്‍ എന്റെയുള്ളില്‍ രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഏട്ടനോട് അത് പറയാനിരുന്ന ദിവസമാണ് എനിക്ക് അവിടെ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നത്."

ഏട്ടത്തി പറഞ്ഞത് കേട്ട് തലയ്ക്കകത്ത് വെള്ളിടി വെട്ടിയ പോലെ തോന്നി. മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ പതിഞ്ഞു. ദൈവമേ എന്തൊരു പരീക്ഷണമാണിത്. എനിക്കിതു വിശ്വസിക്കാന്‍ കഴിയുന്നില്ല.

"ഏട്ടത്തീ, ഇത് സത്യമാണോ? എന്നിട്ട് എന്തുകൊണ്ട് ഈ കാര്യം അന്ന് ഏട്ടത്തി പറഞ്ഞില്ല. ഒരുപക്ഷേ, അത് കേള്‍ക്കുമ്പോഴെങ്കിലും ഏട്ടന്‍ അമ്മയെ പറഞ്ഞ് മനസ്സിലാക്കുമായിരുന്നില്ലെ? അച്ഛനോടോ എന്നോടോ പറഞ്ഞു കൂടായിരുന്നോ?"

"ഇന്ദൂ, നീ പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. അഥവാ ഞാന്‍ ഇക്കാര്യം അന്ന് പറഞ്ഞെന്നിരിക്കട്ടെ. എന്തായിരിക്കും നിങ്ങളുടെയൊക്കെ പ്രതികരണം. എന്നെ ഒരു അഴിഞ്ഞാട്ടക്കാരിയെന്ന് മുദ്യകുത്തി വീട്ടില്‍ നിന്ന് ഇറക്കി വിടാനൊരുങ്ങുന്ന സമയത്ത് ഇക്കാര്യം കൂടി കേട്ടാല്‍ നല്ല മനസ്സോടെ അമ്മയും ഏട്ടനും എന്നെ സ്വീകരിക്കുമായിരുന്നോ? അമ്മയുടെ വാക്കുകേട്ട് തന്റെ ഭാര്യയെ സംശയിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് എന്തായിരിക്കും പ്രതികരണമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അത് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണമായി മാറുകയും ചെയ്യും.

രണ്ടാമതായി, അഭിലാഷും ഞാനുമായി ഒരിക്കലും വേര്‍പിരിയാനാകാത്ത വിധം സ്നേഹിച്ചിരുന്നു. അത് അഭിലാഷിനും അറിയാം. പക്ഷേ ജീവിതത്തിലെ ഏറ്റവും ദുർബലമായ നിമിഷം വന്നപ്പോള്‍ എന്നെ ഒറ്റപ്പെടുത്തി. ആ സമയത്ത്, എന്റെ നേരെ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്ന സമയത്ത്, ഏതെങ്കിലും തീവണ്ടിയുടെ മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്താലോ എന്നുവരെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പേടിത്തൊണ്ടനെപ്പോലെ എന്റെ രക്ഷകനാകുന്നതിനു പകരം എന്നെ തള്ളിപ്പറഞ്ഞ് ഉപദ്രവിക്കാനല്ലേ ഏട്ടന്‍ മുതിര്‍ന്നത്. എന്നെ ഒരു പരിഹാസ കഥാപാത്രമാക്കി. അദ്ദേഹത്തിന്റെ ഭാര്യയായ ഞാന്‍ ഒരു മനുഷ്യ സ്ത്രീയാണെന്ന പരിഗണന പോലും തന്നില്ല."

"ഏട്ടത്തീ, നിങ്ങള്‍ തമ്മില്‍ വേര്‍പിരിയുമെന്ന് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്തെങ്കിലും സൗന്ദര്യപ്പിണക്കമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അമ്മയുടെ സ്വഭാവം അറിയാമായിരുന്നല്ലോ. പക്ഷെ ഏട്ടന്‍ അങ്ങനെ മാറുമെന്ന് ഒരിക്കലും ചിന്തിച്ചില്ല.... എല്ലാം എത്ര പെട്ടെന്നായിരുന്നു..."

"ഇന്ദൂ, അതാണ് മനുഷ്യന്‍. സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ, പരിഗണിക്കാതെ ഒരു ഭര്‍ത്താവിനും നീതി പുലര്‍ത്താനാവില്ല. ഭാര്യ, കുടുംബം, സമൂഹം ഇവയൊക്കെ പരസ്പര പൂരകങ്ങളാണ്. ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ കുടുംബത്തേയും ഒരു പരിധിവരെ സഹിക്കാം. എന്നാല്‍ സമൂഹത്തില്‍ നിന്നുള്ള അവഗണനയും പരിഹാസവും എല്ലായ്പ്പോഴും നിർദ്ദയവും ക്രൂരവുമായിരിക്കും. അത് സഹിക്കുന്നത് അത്ര എളുപ്പവുമല്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ യഥാർത്ഥ സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ, ആര്‍ക്കും അവരെ വേപെടുത്താനാവില്ല. നിരപരാധിയാണെങ്കിലും, എനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അമ്മ പലരോടും പലതും പറയുന്നതും ഞാന്‍ കേട്ടു. അഗ്നികുണ്ഡത്തില്‍ വീണ് ഉരുകുന്ന അവസ്ഥയിലായിരുന്നു ഞാന്‍. എന്നാല്‍ അത് ഇന്ദുവിന്റെ ഏട്ടന്‍ പോലും തിരിച്ചറിഞ്ഞില്ല. ഭര്‍ത്താവിനെ മാത്രം മനസ്സില്‍ ധ്യാനിച്ച് ജീവിച്ച ഒരു ഭാര്യയെ ആരോ എന്തോ പറയുന്നതുകേട്ട് നിര്‍ദ്ദാക്ഷിണ്യം വീടിനു പുറത്താക്കി കുടുംബ മഹിമ കാത്തുസൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഒരിക്കലും സത്യസന്ധരായിരിക്കില്ല എന്നാണ് ഇന്ദുവിന്റെ ഏട്ടന്റെ പെരുമാറ്റത്തില്‍ നിന്ന് ഞാന്‍ പഠിച്ചത്. ഭാര്യക്ക് പിന്തുണ നല്‍കുന്നതിനു പകരം അമ്മ പറയുന്നത് കേട്ട് അവളുടെ ചാരിത്ര്യശുദ്ധിയെ ചോദ്യം ചെയ്യുന്ന ഭര്‍ത്താവ് എങ്ങനെ നീതിമാനാകും? എങ്ങനെ ഒരു പുരുഷനായിത്തീരും?"

ഏട്ടത്തിയുടെ ഓരോ വാക്കുകളും കാരമുള്ളുകള്‍ പോലെ എന്റെ മനസ്സില്‍ തറച്ചു. ശരിയാണ് ഏട്ടത്തി പറയുന്നത്. തെറ്റിദ്ധാരണകള്‍ മനസ്സിലിട്ട് ഊതി വീര്‍പ്പിച്ച് മറ്റുള്ളവരെ തേജോവധം ചെയ്യുന്നവരെ എങ്ങനെ വിശ്വസിക്കും? അത് അച്ഛനായാലും അമ്മയായാലും സഹോദരങ്ങളായാലും.

"ശ്ശോ, കഷ്ടമായിപ്പോയി. ഇപ്പോള്‍ ഏട്ടന്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍.... ഏട്ടന്റെ മകനെ കണ്ടിരുന്നെങ്കില്‍.... ഒരുപക്ഷെ...!"

ഞാന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഏട്ടത്തിയുടെ പൊട്ടിച്ചിരിയാണ് മുഴങ്ങിയത്.

"ഹഹഹ.... നീ എന്തു വിചാരിച്ചു ഇന്ദൂ. എന്റെ മകന്‍ ജനിച്ചപ്പോള്‍ അവനേയും കൊണ്ട്, അവന്‍ അഭിലാഷിന്റെ മകനാണെന്ന സര്‍ട്ടിഫിക്കറ്റുമായി നിങ്ങളുടെ വീട്ടില്‍ വരുമെന്നോ? എന്റെ നിരപരാധിത്വം തെളിയിക്കുമെന്നോ? ഒരിക്കലുമുണ്ടാകുകയില്ല. കാരണം, അഭിലാഷിന്റെ ജീവന്റെ തുടിപ്പ് എന്റെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയപ്പോഴാണ് എന്നെ അവിടെ നിന്ന് ഒഴിവാക്കിയത്. പിന്നീട് വിവാഹ മോചനത്തിനുള്ള നോട്ടീസ് കൈപ്പറ്റുമ്പോള്‍ എന്റെ ശരീരം വിറയ്ക്കുകയായിരുന്നു. ഇതൊന്നുമറിയാതെ ആറു മാസമെത്തിയ ഭ്രൂണം എന്റെ ഉദരത്തില്‍ ഗാഢനിദ്രയിലായിരുന്നു. അഭിലാഷിനെ സംബന്ധിച്ചിടത്തോളം എന്നിലുള്ള ഉത്തരവാദിത്വം അവിടം കൊണ്ട് തീര്‍ന്നു. പക്ഷേ എനിക്ക് ജീവിക്കണമായിരുന്നു. എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന് അമ്മ വേണം. എനിക്ക് ആ കുഞ്ഞും. മനസ്സാന്നിദ്ധ്യം വീണ്ടെടുക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നുവെങ്കിലും ഞാന്‍ എന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു. ദൈവം എന്നെ കാത്തു എന്നുവേണം പറയാന്‍...."

"എന്റെ തെറ്റിന് ഞാന്‍ ഇപ്പോള്‍ മാപ്പു ചോദിക്കാം സുനന്ദേ... പൊറുക്കാന്‍ കഴിയാത്ത അപരാധമാണ് ഞാന്‍ ചെയ്തത്.."

ശബ്ദം കേട്ട് രണ്ടുപേരും ഞെട്ടി...!! അഭിലാഷ് അവരുടെ പുറകില്‍ നില്‍ക്കുന്നത് ഇരുവരും കണ്ടില്ല.

"അയ്യോ ഏട്ടന്‍" ഇന്ദു ഞെട്ടിത്തരിച്ചു നിന്നു...

"ഏട്ടന്‍ എപ്പോള്‍ വന്നു? ഇവിടെ ഇപ്പോള്‍?"

"ഞാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ നീ കൊടുത്ത എഴുത്തു കണ്ടു. ഇവിടെ കാണുമെന്നു എഴുതിയിരുന്നുവല്ലോ. അതുകൊണ്ട് വന്നതാണ്."

ഏട്ടത്തിയാണെങ്കില്‍ നിര്‍‌വ്വികാരതയോടെ ഇരിക്കുന്നു. ഏട്ടന്‍ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ഏട്ടത്തിയെ അവിടെ കാണുമെന്നോ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുമെന്നോ ഒരിക്കലും കരുതിയില്ല. എല്ലാം ഒരു വിസ്മയം പോലെ. ഏട്ടനാണെങ്കില്‍ ആകെ കണ്‍ഫ്യൂഷനിലായി. ഏട്ടത്തിയെ അഭിമുഖീകരിക്കാനുള്ള പ്രയാസം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

"അയാം റിയലി സോറി സുനന്ദ. എന്റെ തെറ്റുകള്‍ മനസ്സിലാക്കിയപ്പോഴേക്കും വളരെ വൈകിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീ എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു. ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. നിന്നെ കണ്ടുമുട്ടുന്നതിനു മുന്‍പ് ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചറിഞ്ഞില്ലായിരുന്നു. നിന്റെ സ്നേഹം എന്റെ ഹൃദയത്തെ തലോടിയപ്പോഴും അത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. നീ എന്നെ എല്ലാം കാണാന്‍ പഠിപ്പിച്ചു. എല്ലാം മനസ്സിലാക്കാന്‍ പഠിപ്പിച്ചു. നിന്നെയോര്‍ത്ത് ഞാന്‍ വളരെ വേദനിച്ചിട്ടുണ്ട്. ഞാന്‍ എന്നെത്തന്നെ ശപിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്. ദേ ഇവള്‍ക്കറിയാം. എന്നെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നത് ഇവളാണ്. അച്ഛനും അമ്മയും മരിച്ചതിനുശേഷം ഞാന്‍ ഒറ്റപ്പെട്ടതുപോലെയായി. ഇവളാണെങ്കില്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം പോകുകയും ചെയ്തു. ബാംഗ്ലൂരുവിലെ വീട്ടിലിപ്പോള്‍ ശ്മശാന മൂകതയാണ്. അതുകൊണ്ട് ഞാന്‍ അങ്ങോട്ട് പോകാറേ ഇല്ല. അമ്മാവന്റെ ഒരു മകന്‍ അവിടെ ഇടക്കിടെ താമസിക്കും. അവരാണ് ആ വീട് ഇപ്പോള്‍ നോക്കുന്നത്. നിനക്കറിയാമോ ഞാന്‍ പല തവണ പാലക്കാട്ട് വന്നിരുന്നു. പക്ഷെ നിങ്ങള്‍ അവിടം വിട്ട് പോയെന്നും അച്ഛനും അമ്മയും മരിച്ചുവെന്നുമൊക്കെ ഞാന്‍ അറിഞ്ഞിരുന്നു.. എന്നാലും എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നിന്നെ കണ്ടുമുട്ടുമെന്ന്..."

ഇത്രയും പറഞ്ഞ് ഏട്ടന്‍ ഏട്ടത്തിയുടെ കൈ നുകര്‍ന്നു. പെട്ടെന്ന് ഏട്ടത്തി കൈ പിന്‍‌വലിച്ചു.

"വേണ്ട...ഇനിയൊരു കുമ്പസാരം വേണ്ട. ഇപ്പോള്‍ വിശദീകരണം നല്‍കി നിങ്ങള്‍ പരിശുദ്ധനാകാന്‍ ശ്രമിക്കുകയും വേണ്ട. എന്നെ വിശ്വസിപ്പിക്കാനും ശ്രമിക്കേണ്ട. ഇറ്റ് ഈസ് ടൂ ലേറ്റ്. ഞാന്‍ എന്നെത്തന്നെ ശപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നിങ്ങള്‍ എന്നോട് ചെയ്ത ക്രൂരതയില്‍ ഞാന്‍ വെന്തു വെണ്ണീറായില്ല. പകരം തിളച്ചുമറിയുന്ന തീച്ചൂളയില്‍ ചുട്ടെടുത്ത കാരിരുമ്പ് പോലെ എന്റെ മനസ്സ് ഉറച്ചു പോയി. ആര്‍ക്കും ഇനി അത് തകര്‍ക്കാനാവില്ല. ഞാന്‍ എന്റെ മനഃസ്സാക്ഷിയെ ഒരിക്കലും വഞ്ചിച്ചിട്ടില്ല. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞില്ലേ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് എന്നെ കണ്ടുമുട്ടുമെന്ന്. അതെ, പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം നാം വീണ്ടും ഈ പ്രദേശത്ത് കണ്ടുമുട്ടി. അത് നിയോഗമാണ്. ദൈവ നിശ്ചയമാണ്. ദൈവമാണ് നമ്മളെ ഇവിടെ എത്തിച്ചത്. ചിലത് അറിയാനും അറിയിക്കാനും...."

ഏട്ടത്തി തറപ്പിച്ചു തന്നെ പറഞ്ഞു. തിരിച്ചുപറയാനൊന്നുമില്ലാതെ ഞാനും ഏട്ടനും സ്തംബ്ധരായി നിന്നു.

"തെറ്റുകള്‍ മനസ്സിലാക്കി നിങ്ങള്‍ എന്നെത്തേടി വരുമെന്നും, എന്നെയും മകനേയും കൂട്ടിക്കൊണ്ടുപോകുമെന്നും പ്രതീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. പക്ഷെ പുരുഷനാണെന്നും, സ്ത്രീയോട് മാപ്പ് പറയുന്നത് കുറച്ചിലാണെന്നും അഭിമാനത്തിന്റെ പ്രശ്നമാണെന്നും ധരിച്ചുവശായി ജീവിക്കുന്ന നിങ്ങളെപ്പോലെയുള്ളവര്‍ സ്ത്രീയുടെ അഭിമാനത്തേയും സ്ത്രീത്വത്തേയും ചവിട്ടി മെതിച്ചാലല്ലേ തൃപ്തിയാകൂ. നിങ്ങൾ എന്നെ പുറന്തള്ളുകയും എന്നെ വിവാഹമോചനത്തിന് നിർബന്ധിതയാക്കുകയും ചെയ്ത ആ അപരാധത്തിന്റെ നീര്‍ച്ചുഴിയില്‍ പെട്ട് ഞാന്‍ ഉഴലുകയായിരുന്നു. നിങ്ങളുടെ തെറ്റ് മനസ്സിലാക്കി തീർച്ചയായും എന്റെയടുത്തു വരുമെന്ന് ഞാന്‍ വൃഥാ ആശിച്ചുപോയിരുന്നു. എന്നാൽ നിങ്ങളുടെ മനുഷ്യത്വമില്ലായ്മയും അഹങ്കാരവും അഹന്തയും നിങ്ങളെ എന്നെന്നേക്കുമായി എന്നില്‍ നിന്നകറ്റി."

"സുനന്ദേ, നീ എന്നെ വിശ്വസിക്കൂ. എല്ലാം എന്റെ തെറ്റാണെന്ന് ഞാന്‍ സമ്മതിച്ചില്ലേ... ഈ കൂടിക്കാഴ്ച ഒരു നിയോഗമാണെന്ന് നീ തന്നെ പറഞ്ഞില്ലേ. ശരിയാണ്, ഒരു നിയോഗമാണ്. അതുകൊണ്ട്....."

"അതുകൊണ്ടെന്താ? ഞാന്‍ വീണ്ടും നിങ്ങള്‍ പറയുന്നതു വിശ്വസിച്ച് നിങ്ങളുടെ കൂടെ കൂടുമെന്നോ? ഒരിക്കലുമില്ല. ഇപ്പോള്‍ പറഞ്ഞില്ലേ തെറ്റു പറ്റിയെന്ന്. ശരികളെ മുറുകെ പിടിച്ച് ജീവിച്ച എനിക്കുണ്ടായ നഷ്ടങ്ങൾ തന്നെയല്ലേ ശരികളില്ല എന്നുള്ളതിന്‌ തെളിവ്‌. തെറ്റുകള്‍ ചെയ്തുകൂട്ടുന്ന നിങ്ങള്‍ അതൊക്കെ ശരികളാക്കി മാറ്റി. എന്നെ ആരും വിശ്വസിച്ചില്ല. ഭർത്താവു കൂടെ നിൽക്കുമെന്നു കരുതിയെങ്കിലും അതും ഉണ്ടായില്ല. മാനസികമായി പൂർണ്ണമായും തകർന്ന എന്നെ ജീവിക്കാന്‍ പഠിപ്പിച്ചത് എന്റെ അച്ഛനാണ്. ഞാൻ സാവധാനം ജീവിക്കാൻ പഠിച്ചു. നിങ്ങളുടെ പ്രലോഭനം ജീവിതത്തിൽ മുൻകൂട്ടി കാണാതെ പോയി, കാരണം ജീവിതകാലം മുഴുവൻ നിങ്ങള്‍ പറയുന്നതുപോലെ ജീവിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. നിങ്ങള്‍തന്നെ നെയ്തെടുത്ത സംശയത്തിന്റെ വലയില്‍ എന്നെ കുരുക്കി, അതിന്റെ പേരില്‍ എന്നെ ഉപേക്ഷിച്ച ആ മനുഷ്യന് ഇനി എന്റെ ജീവിതത്തിൽ ഇടമില്ലെന്നുതന്നെ ഞാന്‍ നിശ്ചയിച്ചു."

"സുനന്ദേ, നീ പറഞ്ഞല്ലോ മകന്‍ എന്ന്. എവിടെ? എവിടെ ആ മകന്‍?"

"നിങ്ങള്‍ എന്നെ ഉപേക്ഷിച്ച സമയം നിങ്ങളുടെ ജീവന്റെ തുടിപ്പ് എന്നില്‍ വളരുന്നുണ്ടായിരുന്നു. ആ സത്യം മറച്ചുവെച്ചുകൊണ്ടു തന്നെയാണ് നിങ്ങളയച്ച ഡൈവൊഴ്സ് പേപ്പറുകളില്‍ ഞാന്‍ ഒപ്പു വെച്ചത്. എന്റെ ഉദരത്തില്‍ നിങ്ങളുടെ കുഞ്ഞ് വളരുന്നുണ്ടെന്നറിഞ്ഞാല്‍ ആ അവകാശം പറഞ്ഞുകൊണ്ട് നിങ്ങളും നിങ്ങളുടെ അമ്മയും എന്നെ സ്വൈര്യമായി ജീവിക്കാന്‍ സമ്മതിക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ മനഃപ്പൂര്‍‌വ്വം അത് രഹസ്യമായിത്തന്നെ ഞാന്‍ സൂക്ഷിച്ചു."

അതു കേട്ട ഏട്ടന്‍ സ്തംബ്ധനായി. ആ മുഖം വലിഞ്ഞു മുറുകുന്നത് ഞാന്‍ കണ്ടു. കൈകള്‍ കൊണ്ട് തല താങ്ങിപ്പിടിച്ച് കുറെ നേരം കീഴ്പ്പോട്ടു നോക്കിയിരുന്നു.

"ഏട്ടാ", ഞാന്‍ വിളിച്ചു. തന്റെ നേരെ നോക്കിയ ഏട്ടന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു.

"ഏട്ടത്തി പറയുന്നത് ശരിയാണ്. ഞാന്‍ ആ മോനെ കണ്ടു. അവന്‍ ഇവിടെയുണ്ട്."

എന്റെ സംസാരം കേട്ട് ഏട്ടന്‍ ചാടിയെഴുന്നേറ്റു.

"ങേ.... എവിടെ, എവിടെ എന്റെ മോന്‍?"

ഒരു ഭ്രാന്തനെപ്പോലെ ഏട്ടന്‍ ചുറ്റുപാടും നോക്കി. ബീച്ചില്‍ ഇരുള്‍ പരക്കാന്‍ തുടങ്ങിയിരുന്നു.

"സുനന്ദേ, പ്ലീസ്. എന്റെ മോനെ ഒന്ന് കാണാന്‍ അനുവദിച്ചുകൂടെ. അവന്‍ എവിടെയാണെന്നു പറ. ഞാന്‍ ദൂരെ നിന്ന് കണ്ടുകൊള്ളാം. ഒരിക്കലും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല. എവിടെയായിരുന്നാലും സുഖമായി ജീവിക്കുന്നുണ്ടെന്ന് കേട്ടാല്‍ മാത്രം മതി." ഏട്ടന്‍ കെഞ്ചി.

ഞാനും ഏട്ടത്തിയോട് യാചിച്ചു. ഒരു പ്രാവശ്യം ഏട്ടന് ആ മകനെ കാണാനുള്ള അനുവാദം നല്‍കാന്‍ അപേക്ഷിച്ചു. ഏട്ടത്തി ദൃഢനിശ്ചയത്തിലാണെന്ന് അറിയാമായിരുന്നിട്ടും ഒരുപക്ഷെ അവരെ രണ്ടുപേരെയും വീണ്ടും ഒരുമിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതില്പരം സന്തോഷം വേറെ എന്തുണ്ട് എന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഏട്ടത്തിയുടെ പ്രതികരണം അതിനുള്ള സാധ്യതയ്ക്ക് മങ്ങലേല്പിച്ചെങ്കിലും ഒരുപക്ഷെ പിന്നീട് മനസ്സു മാറിയാലോ എന്ന ചിന്തയും മനസ്സില്‍ ഉരുണ്ടുകൂടി. ഇതൊരു നല്ല തുടക്കമാകണേ എന്ന് ഞാന്‍ മൗനമായി പ്രാര്‍ത്ഥിച്ചു. ഇത്രയുമായ സ്ഥിതിക്ക് ഏട്ടത്തിയോട് അത് ചോദിക്കാനും ഒരു പേടി.

"ഇന്ദൂ, നീ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഞാനിപ്പോള്‍ ദുര്‍ബ്ബലയായ, പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്ന സ്ത്രീയല്ല. എനിക്കെന്റേതായ ലക്ഷ്യങ്ങളുണ്ട്, അഭിപ്രായങ്ങളുണ്ട്. എന്റെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ ചുറ്റും നല്ലവരായ മനുഷ്യരുണ്ട്. അവരെ തള്ളിപ്പറഞ്ഞ് ജീവിക്കാന്‍ എനിക്കാവില്ല."

"ഏട്ടത്തീ, ഞാന്‍ പറഞ്ഞുവരുന്നത് ...............?"

"മനസ്സിലായി. വീണ്ടും നിന്റെ ഏട്ടനുമായി ജീവിക്കാന്‍ സാധിക്കുമോ എന്നല്ലേ നീ ചോദിക്കാന്‍ തുനിഞ്ഞത്? എങ്കില്‍ കേട്ടോളൂ.... അത് ഒരിക്കലും സാധ്യമല്ല..."

"ഏട്ടത്തീ, ഇപ്പോള്‍ അതിനൊരു മറുപടി തരേണ്ട. ആലോചിച്ച് മറുപടി തന്നാല്‍ മതി. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ ഇങ്ങനെയൊരു സാഹചര്യം ഒത്തുവന്നത്. ഏട്ടത്തിക്കറിയാമോ, ഏട്ടന്റെ മനസ്സില്‍ നിന്ന് ഏട്ടത്തി ഇതുവരെ പോയിട്ടില്ല. അതുകൊണ്ട് വേറെ വിവാഹവും കഴിച്ചിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ഏട്ടത്തിയെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഏട്ടന്‍....."

എല്ലാം ശ്രദ്ധയോടെ കേട്ട് സുനന്ദ ഊറിച്ചിരിച്ചു. സ്വാര്‍ത്ഥതയാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത്. എത്ര ലാഘവത്തോടെയാണ് ഇവര്‍ എന്നോട് ആവശ്യപ്പെടുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിസ്സഹായയായി ഞാന്‍ ഇവരുടെ മുന്‍പില്‍ നിന്നിട്ടുണ്ട്. മനുഷ്യത്വത്തിന്റെ ലാഞ്ഛന പോലും കാണിക്കാതെ നിഷ്ക്കരുണം എന്നെ ഒഴിവാക്കിയവരാണ് ഇപ്പോള്‍ തിരിച്ചു വിളിക്കുന്നത്.

"എന്താ സുനന്ദേ ആലോചിക്കുന്നത്. ഇന്ദു പറഞ്ഞത് ശരിയാണ്. ഞാന്‍ ഇപ്പോഴും അവിവാഹിതനായി കഴിയുന്നതു തന്നെ നിനക്കു വെണ്ടിയാണ്..." അഭിലാഷ് പറഞ്ഞു നിര്‍ത്തി.

"അഭിലാഷ്, ഞാന്‍ നേരത്തെ പറഞ്ഞില്ലേ... പ്രതീക്ഷകള്‍ ഉണ്ടായിരുന്നു എനിക്ക്. നിങ്ങളുടെ മകനെ പ്രസവിച്ച് അഞ്ച് വയസ്സാകുന്നതുവരെ ആ പ്രതീക്ഷയുടെ തിരിനാളം ഞാന്‍ കെടാതെ സൂക്ഷിച്ചു, നിഷ്ഫലമാണെന്നറിഞ്ഞിട്ടും.."

സുനന്ദ അകലേക്ക് കൈചൂണ്ടി.

"അതാ അവിടെ ഒരാള്‍ മൂന്നു കുട്ടികളുമായി ഇരിക്കുന്നതു കണ്ടോ? അതില്‍ ആ വലിയ കുട്ടിയാണ് അഭിലാഷിന്റെ മകന്‍ അജയ്. മറ്റേ ആണ്‍കുട്ടിയെ കണ്ടോ അവനാണ് അര്‍ജുന്‍. ആ പെണ്‍കുട്ടിയെ കണ്ടോ അവളാണ് സൗമ്യ." ഏട്ടത്തി പറഞ്ഞു നിര്‍ത്തി.

ഞങ്ങള്‍ ആകാംക്ഷയോടെ ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി. ഇരുള്‍ പരക്കാന്‍ തുടങ്ങിയ ബീച്ചില്‍ അകലെയായി ആ നാലു പേരെയും അവ്യക്തമായി ഞങ്ങള്‍ കണ്ടു.

സങ്കോചമൊന്നുമില്ലാതെ ഏട്ടത്തി തുടര്‍ന്നു....

"ആ ആള്‍ അവരുടെ അച്ഛനാണ്, അതായത് എന്റെ ഭര്‍ത്താവ്. അര്‍ജുനും സൗമ്യയും ഞങ്ങള്‍ക്കുണ്ടായ മക്കള്‍. അജയ് അവരുടെ വല്യേട്ടനും. ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന കുടുംബം ഇന്ന് സന്തുഷ്ടമാണ്. ഞാന്‍ പറഞ്ഞില്ലേ അഭിലാഷിന്റെ മകനെ പ്രസവിച്ച് അഞ്ച് വര്‍ഷം ഞാന്‍ കാത്തിരുന്നുവെന്ന്. എന്റെ എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാവുന്ന, എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി വന്ന ചന്ദ്രബോസ് ആണ് എന്നെ വിവാഹം കഴിച്ചത്. മൂന്നു മക്കളേയും സ്വന്തം മക്കളായിട്ടു തന്നെയാണ് അദ്ദേഹം വളര്‍ത്തുന്നത്. അദ്ദേഹം ഇം‌പോര്‍ട്ട്-എക്സ്പോര്‍ട്ട് ബിസിനസ് നടത്തുന്നു. ഞങ്ങള്‍ തിരുവനന്തപുരത്ത് താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ബാക്കി വിവരങ്ങള്‍ ഞാന്‍ ഇന്ദുവിനോട് പറഞ്ഞിട്ടില്ലേ."

ഏട്ടത്തി എഴുന്നേറ്റു... ഏട്ടന്റെ വധുവായി വീട്ടിലേക്ക് കയറി വന്ന ഏട്ടത്തിയല്ല ഇപ്പോള്‍ മുമ്പില്‍ നില്‍ക്കുന്നത്. ആ മുഖത്ത് എന്തൊക്കെയോ വെട്ടിപ്പിടിച്ച യോദ്ധാവിന്റെ ഭാവമുണ്ടായിരുന്നു... ഇനിയൊരിക്കലും ഇങ്ങനെ കണ്ടുമുട്ടാനുള്ള സാഹചര്യം സൃഷ്ക്കാന്‍ ശ്രമിക്കാതിരിക്കാം എന്നു പറഞ്ഞ് ഞങ്ങളെ സ്തംബ്ധരാക്കി ഏട്ടത്തി തിരിഞ്ഞു നടന്നു.

പകലിനോട് വിട ചൊല്ലി അങ്ങകലെ ചെഞ്ചായം പൂശിയ ചക്രവാളത്തില്‍, ഓടി ഒളിക്കാന്‍ തിടുക്കം കൂട്ടിയ പകലിന്റെ നെറുകയില്‍ അസ്തമന സൂര്യന്‍ സിന്ധൂരപൊട്ട് ചാര്‍ത്തി മറ്റൊരു രാത്രിയെ കൂടി വരവേറ്റു.

ശുഭം