Monday, April 29, 2013

ഉറവകള്‍ വറ്റിയ മലയാള മണ്ണില്‍ വഞ്ചനയുടെ കഥകള്‍

കേരളം ഇന്ന്‌ നേരിടുന്ന വന്‍ പ്രതിസന്ധിയാണ്‌ കുടിവെള്ള ക്ഷാമം. അപകടകരമാം വിധം ജലസ്രോതസ്സുകള്‍ വറ്റി വരണ്ടിട്ടും ബന്ധപ്പെട്ട അധികാരികള്‍ അവയെല്ലാം നിസ്സാരമായി കാണുന്ന അവസ്ഥ കേരളത്തിലെ പതിവു കാഴ്‌ചയായി മാറിക്കൊണ്ടിരിക്കുകയാണ്‌. വെള്ളത്തിന്‍റെ വില അറിയാത്തവരായിരുന്നു മലയാളികള്‍. സൂര്യ ചന്ദ്രന്മാര്‍ പ്രകാശിക്കുന്ന കാലത്തോളം കുളിക്കാനും കുടിക്കാനും കൃഷി നടത്താനുമുള്ള വെള്ളത്തിന്‌ ഒരു പഞ്ഞവും വരില്ലെന്ന്‌ ഉറച്ചു വിശ്വസിച്ചിരുന്നവര്‍.

പക്ഷെ, ഇന്ന്‌ കേരളവും കേരളീയരും ആകെ മാറിയിരിക്കുന്നു. 'ഇന്നത്തെ കാര്യം ഇന്ന്‌...നാളത്തെ കാര്യം നാളെ' എന്ന മനോഭാവവുമായി ജീവിക്കുന്ന കേരളീയര്‍ സ്വയം കുഴി തോണ്ടുന്ന അവസ്ഥയിലേക്ക്‌ കാര്യങ്ങള്‍ നീങ്ങുന്ന കാഴ്‌ചയാണ്‌ നമുക്കു കാണാന്‍ കഴിയുക. സ്വാര്‍ത്ഥതയാണോ നിരുത്തരവാദിത്വമാണോ അതിന്‌ പ്രചോദനം നല്‍കുന്നതെന്നറിയില്ല. കേരളത്തെ വരള്‍ച്ചയിലേക്ക്‌ മന:പ്പൂര്‍വ്വം തള്ളിവിട്ട്‌ അയല്‍സംസ്ഥാനങ്ങളിലേയോ ബഹുരാഷ്ട്ര കുത്തക മുതലാളിമാരുടേയോ കുപ്പിവെള്ളത്തില്‍ അഭയം പ്രാപിക്കുന്ന ദയനീയ കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തിലെവിടെയും നമുക്കു കാണാന്‍ കഴിയുക.

പണ്ടത്തെപ്പോലെ വഴിവക്കിലെ ചായക്കടകളില്‍ നിന്നോ കിണറുകളില്‍ നിന്നോ ലഭിക്കുന്ന വെള്ളം വിശ്വസിച്ച്‌ കുടിക്കാന്‍ പറ്റാത്ത അവസ്ഥയാണിന്ന്‌ കേരളത്തില്‍ . ഹോട്ടലുകളില്‍ കയറിയാല്‍ ചൂടുവെള്ളം വേണോ തണുത്ത വെള്ളം വേണോ എന്ന ചോദ്യത്തിന്‌ തണുത്ത വെള്ളം എന്നു പറഞ്ഞാല്‍ ഫ്രിഡ്‌ജില്‍ നിന്ന്‌ തണുത്ത വെള്ളത്തിന്റെ ബോട്ടില്‍ എടുത്തു തരുന്ന അവസ്ഥ (അതിന്‌ പണം വേറെ കൊടുക്കണം). ഈ ബോട്ടിലാകട്ടേ കേരളത്തിനു വെളിയില്‍ നിന്ന്‌ വരുന്നവയും. ചുടുവെള്ളമാകട്ടേ എവിടെ നിന്നു ലഭിക്കുന്നു എന്നു പോലും അറിയില്ല. ചിലപ്പോള്‍ മലിനജലം ആയിരിക്കാം. ചുട്ടുപൊള്ളുന്ന ചൂടില്‍ ചൂടുവെള്ളം കുടിക്കാന്‍ വിധിച്ച കേരളീയര്‍.

ജലസ്രോതസുകള്‍ കുഴിച്ചുമൂടാനും വഴിതിരിച്ചു വിടാനും എന്നന്നേക്കുമായി കൊട്ടി അടയ്‌ക്കാനുമൊന്നും ഒരു മടിയുമില്ലാത്തവര്‍, കുടിവെള്ള സ്രോതസുകളില്‍ മാലിന്യം കലര്‍ത്തിയും ചെളി നിറച്ചും നമ്മുടെ നീര്‍ത്തടങ്ങളുടെ ഉറവ കെടുത്തിയവര്‍., അതിനുള്ള വിലയാണ്‌ ഇപ്പോള്‍ മിക്ക സ്ഥലങ്ങളിലും കേരളീയര്‍ അനുഭവിക്കുന്നത്‌.

ജലസ്രോതസുകളെല്ലാം വറ്റി വരണ്ടുകിടക്കുന്ന കാഴ്‌ചയാണ്‌ ഇന്ന്‌ കേരളത്തില്‍ നമുക്കു കാണാന്‍ കഴിയുക. കിണറുകളില്‍പ്പോലും തുള്ളി വെള്ളമില്ല. തെക്കന്‍ കേരളത്തില്‍ ആയിരം ലിറ്റര്‍ വ്യാപ്‌തിയുള്ള ഒരു ടാങ്ക്‌ വെള്ളത്തിന്‌ ആയിരം രൂപ വരെ വില നല്‍കണം. അതും അമിത തോതില്‍ കോളിഫോം ബാക്‌റ്റീരിയ നിറഞ്ഞ മലിനവെള്ളവും. ഇത്‌ ഒരു വശം. പൂര്‍ണ്ണമായും കേരളത്തിന്‍റെ അതിര്‍ത്തിക്കുള്ളില്‍ ഉറവ തെളിയുന്ന വള്ളം, കേരളത്തിന്‍റെ മണ്ണില്‍ അണ കെട്ടി തടഞ്ഞ്‌, കേരളത്തിലൂടെതന്നെ തുരങ്കവും കനാലുകളുമുണ്ടാക്കി, സ്വന്തം നാട്ടിലേക്ക്‌ ഒഴുക്കിവിട്ട്‌ നാലു ജില്ലകളില്‍ ഈ കൊടും വേനലിലും ജസസമൃദ്ധമായി കൃഷി ചെയ്യുന്നുണ്ട്‌ തമിഴ്‌നാട്‌. ഏതു നേരത്തും അവിടെ കുടിവെള്ളത്തിന്‌ ഒരു കുറവുമില്ല.

കേരളത്തിന്‍റെ ഏറ്റവും വലിയ നദിയായ പെരിയാര്‍ വരണ്ടുണങ്ങുമ്പോള്‍, അതിന്‍റെ പ്രഭവ സ്ഥാനത്തുള്ള മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന്‌ നിര്‍ബാധം വെള്ളം ഒഴുക്കിക്കൊണ്ടുപോകുന്ന തമിഴ്‌നാടിന്‍റെ വെള്ളക്കൊതി ഇന്നോ ഇന്നലെയോ തുടങ്ങിയതല്ല. മുല്ലപ്പെരിയാര്‍ അണക്കെട്ടിന്‍റെ ഉയരം കൂട്ടാനും ഒഴുക്കു നീട്ടാനും അധികാരം സ്ഥാപിക്കാനും ഏതു ദ്രാവിഡ പാര്‍ട്ടി അധികാരത്തില്‍ വന്നാലും മത്സരിക്കും തമിഴ്‌നാട്‌. സംസ്ഥാന വാര്‍ഷിക ബജറ്റില്‍ മുല്ലപ്പെരിയാര്‍ വെള്ളം കൊണ്ടുവരാന്‍ കേരളത്തിലെ രാഷ്ട്രീയ ഉദ്യോഗസ്ഥ പ്രഭുക്കന്മാര്‍ക്കു മാസപ്പടി കൊടുക്കാനുള്ള തുക പോലും വകയിരുത്താറുണ്ട്‌, തമിഴകം ഭരിക്കുന്നവര്‍. ഈ ഒറ്റുകാശ്‌ ഇരന്ന്‌, കൈ നീട്ടിവാങ്ങി, പിറന്ന നാടിനെ പറ്റിക്കുന്നവരുടെ മറ്റൊരു നാണക്കേടിന്‍റെ കഥ കൂടി പുറത്തു വന്നിരിക്കുന്നു. കേരളത്തിന്‍റെ ഹജൂര്‍ കച്ചേരിയുടെ അകത്തളങ്ങളില്‍ ഭദ്രമായിരിക്കേണ്ട സുപ്രധാന ഫയലുകളിലെ വിവരങ്ങളും, വെള്ളവുമായി ബന്ധപ്പെട്ടു സംസ്ഥാനം നടത്തുന്ന കേസുകളുടെ ഉള്ളടക്കങ്ങളും സര്‍ക്കാര്‍ ശമ്പളം പറ്റുന്ന ഉദ്യോഗസ്ഥര്‍ തന്നെ തമിഴ്‌നാട്ടിനു ചോര്‍ത്തിക്കൊടുക്കുന്ന വാര്‍ത്ത അതീവ ഞെട്ടലോടെ മാത്രമേ ജനങ്ങള്‍ക്കു കേള്‍ക്കാന്‍ കഴിയൂ.

കേരളവും തമിഴ്‌നാടും കര്‍ണാടകവും തമ്മില്‍ നിരവധി ജല തര്‍ക്കങ്ങളുണ്ട്‌. പലതിലും വലിയ കേസുകളും നിലവിലുണ്ട്‌. അവയുടെ ഉള്ളടക്കവും മേല്‍നടപടികളും സംബന്ധിച്ച വിവരങ്ങള്‍ തമിഴ്‌നാടിനു വേണ്ടി ചോര്‍ത്തപ്പെട്ടിട്ടുണ്ടെങ്കില്‍ സംസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അതീവഗുരുതരമായ സംഭവം തന്നെയാണത്‌. തലസ്ഥാന നഗരത്തോടു ചേര്‍ന്നു സ്വന്തം വീടും തമിഴ്‌നാട്‌ സര്‍ക്കാരില്‍ ജോലിയുമുള്ള ഒരു മലയാളിയാണ്‌ വിവരങ്ങള്‍ ചോര്‍ത്തിയതെന്നാണു വിവരം. സെക്രട്ടേറിയറ്റില്‍ ദുരൂഹമായ സാഹചര്യങ്ങളില്‍ കയറിയിറങ്ങി വിവരങ്ങള്‍ ശേഖരിക്കുകയായിരുന്ന ഇയാളുടെ ദുര്‍ന്നടത്തങ്ങളെക്കുറിച്ച്‌ സംസ്ഥാന ഇന്‍റലിജന്‍സ്‌ വിഭാഗം മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും റിപ്പോര്‍ട്ട്‌ നല്‍കിയിരിക്കുകയാണ്‌. ഈ ഉദ്യോഗസ്ഥന്‍ സെക്രട്ടേറിയറ്റില്‍ കടക്കുന്നത്‌ തടയണമെന്നുമുണ്ട്‌ നിര്‍ദേശം. മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്‌തു. കൂടുതല്‍ അന്വേഷണം നടക്കുകയാണെന്ന മറുപടിയാണ്‌ ഇരുവരും നല്‍കിയത്‌. എന്നാല്‍, ഈ മറുപടിയാണോ കേരളം പ്രതീക്ഷിക്കുന്നത്‌.

രാഷ്ട്രീയ നേതാക്കള്‍ക്കും സെക്രട്ടേറിയറ്റിലെ ഉന്നത ഉദ്യോഗസ്ഥര്‍ക്കും തമിഴ്‌നാട്ടില്‍ ഉല്ലാസ യാത്ര നടത്തുന്നതിനും മക്കള്‍ക്ക്‌ ഉന്നത വിദ്യാഭ്യാസം തരപ്പെടുത്തുന്നതിനും ഒത്താശ നല്‍കി, തമിഴിനാടിനു വേണ്ടി ലോബിയിങ്‌ നടത്തുകയാണത്രേ, അവരുടെ പബ്ലിക്‌ റിലേഷന്‍സ്‌ വിഭാഗത്തിലെ ഉദ്യോഗസ്ഥനായ ഉണ്ണിക്കൃഷ്‌ണന്‍ എന്ന മലയാളി ചെയ്യുന്നത്‌. വെറുമൊരു അഭ്യൂഹമല്ല ഇത്‌. സംസ്ഥാന ഇന്‍റലിജന്‍സ്‌ മേധാവി ടി.പി. സെന്‍ കുമാര്‍ നല്‍കിയ റിപ്പോര്‍ട്ടിലെ പരാമര്‍ശങ്ങളാണ്‌. വെറുതേ അന്വേഷിക്കുന്നു എന്നു പറഞ്ഞാല്‍പ്പോരാ, അതു മുഖവിലയ്‌ക്കെടുത്ത്‌ വളരെ വിപുലമായ അന്വേഷണത്തിനു സര്‍ക്കാര്‍ ഉത്തരവിടണം.

കൈക്കൂലിയും പാരിതോഷികങ്ങളും കൈപ്പറ്റി, ജനങ്ങളെയും ദേശത്തെയും വഞ്ചിക്കുന്നവര്‍ രാഷ്ട്രീയത്തിന്‍റെ തലപ്പത്തായാലും സെക്രട്ടേറിയറ്റിനുള്ളിലായാലും ഒരു ദിവസം പോലും തല്‍സ്ഥാനങ്ങളില്‍ ഉണ്ടാകരുത്‌. കഴിഞ്ഞ കാല്‍ നൂറ്റാണ്ടായി ജല തര്‍ക്ക കേസുകളിലൊന്നും കേരളം ജയിക്കുന്നില്ല. മുല്ലപ്പെരിയാര്‍ കേസില്‍പ്പോലും കേരളത്തിന്‍റെ വാദങ്ങളെല്ലാം നിഷ്‌കരുണം തഴയപ്പെടുന്നു. സംസ്ഥാനത്തിന്‍റെ താത്‌പര്യങ്ങള്‍ സംരക്ഷിക്കാതെ, മറുപക്ഷത്തിന്‍റെ പിച്ചക്കാശ്‌ വാങ്ങി കീശയില്‍ തള്ളുന്നവര്‍ വിളവു തിന്നുന്ന വേലിയെക്കാള്‍ കൊടിയ വഞ്ചകരാണ്‌. അവരെ കണ്ടെത്തി പടിയിറക്കി ചാണക വെള്ളം തളിക്കാതെ ഗതിപിടിക്കില്ല, ഒരിറ്റു കുടിവെള്ളത്തിനു വേണ്ടി നെട്ടോടമോടുന്ന കേരളത്തിലെ ലക്ഷക്കണക്കായ ജനങ്ങള്‍ക്കാര്‍ക്കും.

Saturday, April 20, 2013

സ്ത്രീപീഡനത്തിന് എന്താണ് പരിഹാരം?

അഞ്ചുവയസ്സുകാരിയായ ബാലികക്കുപോലും രക്ഷയില്ലാത്ത ഒരു നാട്ടില്‍, സ്ത്രീപീഡനത്തിന് എന്താണ് പരിഹാരമെന്ന ചോദ്യം വീണ്ടും ഉയരുന്നു. ദല്‍ഹിയില്‍ മുമ്പ് പെണ്‍കുട്ടി ക്രൂരമായി കൊല്ലപ്പെട്ടപ്പോള്‍ ഉയര്‍ന്ന ഒരു പരിഹാരനിര്‍ദേശം, പ്രതിയെ ഷണ്ഠീകരിക്കുക എന്നതായിരുന്നു. എന്നാല്‍, കുറ്റകൃത്യത്തിന്റെ  രീതിയും അതിലുള്‍പ്പെടുന്നവരുടെ സാമൂഹികാവസ്ഥയും ഈ പരിഹാരത്തെ പരിഹാസ്യമാക്കുന്നു. അതുകൊണ്ടുതന്നെയാണ്, മുമ്പത്തെ കൊടുംക്രൂരതയില്‍ നടുങ്ങുകയും പ്രതിഷധേത്താല്‍ ആളിക്കത്തുകയും ചെയ്ത ഒരു സമൂഹത്തിനിടയില്‍നിന്നുതന്നെ അതിനേക്കാള്‍ ക്രൂരമായി പീഡിപ്പിക്കപ്പെട്ട ഒരു ഇരയും പീഡനകനായ ഒരു പ്രതിയും ഉണ്ടായത്.

നിയമം കര്‍ശനമാക്കല്‍, അത് വിട്ടുവീഴ്ചയില്ലാതെ പാലിക്കല്‍ തുടങ്ങിയ നിയമനടപടികള്‍ പഴുതില്ലാതെ നടപ്പാക്കിയാലും സ്ത്രീകളെക്കുറിച്ച് പുരുഷാധിപത്യസമൂഹം നിലനിര്‍ത്തിയിരിക്കുന്ന ആധിപത്യബോധം തുടരുന്നിടത്തോളം ഇത്തരം ക്രൂരതകള്‍ ആവര്‍ത്തിക്കും. പെണ്ണായിപ്പിറന്നവര്‍ പുരുഷന്റെ  ഉപഭോഗത്തിനുള്ളതാണ് എന്ന, സമൂഹത്തിന്റെ  ബോധതലത്തില്‍തന്നെ പ്രബലമായി നില്‍ക്കുന്ന ബോധമാണ് അഞ്ചുവയസ്സായ പെണ്‍കുട്ടിയോടുപോലും ചിന്തിക്കാന്‍ പോലും സാധിക്കാത്ത അത്ര പൈശാചികമായ പീഡനം നടത്താന്‍ മനുഷ്യനെ പ്രേരിപ്പിക്കുന്നത്. മദ്യം, മയക്കുമരുന്ന്, മറ്റ് ജീവിതാവസ്ഥകള്‍ തുടങ്ങിയവ ഈ പൈശാചികാവസ്ഥക്ക് കരുത്തുപകരുന്നു. അഞ്ചുവയസ്സുകാരിയെ എങ്ങനെയാണ് ഒരു മനുഷ്യന് ലൈംഗികാവയവയമുള്ള ഒരു സത്തയായി കാണാന്‍ കഴിയുന്നത് എന്നത് അല്‍ഭുതപ്പെടുത്തുന്ന കാര്യമാണ്. അത് സ്വബോധം നഷ്ടപ്പെട്ട ഒരു മനുഷ്യനും സമൂഹത്തിനും മാത്രം കരുതാന്‍ കഴിയുന്ന കാര്യമാണ്. അതുകൊണ്ടുതന്നെ സ്ത്രീപീഡനത്തിനെതിരായ ബോധവല്‍ക്കരണം എന്നാല്‍, പെണ്ണിനോടുള്ള പുരുഷന്റെയും  സമൂഹത്തിന്റെയും  ബോധനിലവാരത്തിലുള്ള നവീകരണം എന്നാണ് ശരിക്കും അര്‍ഥമാക്കേണ്ടത്. അത് ഭരണകൂടവും നിയമവും നീതിന്യായ വ്യവസ്ഥയും മാത്രം ഉള്‍പ്പെട്ട ഒരു പരിഹാരമല്ല. എല്ലാ തലത്തിലുംപെട്ട പൗരന്മാരും സ്ത്രീപുരുഷന്മാരും അടങ്ങുന്ന പരിഹാരമാണ്. ഇത് എല്ലാവരും ഇര ചേര്‍ക്കപ്പെടുകയും എല്ലാവരും പ്രതി ചേര്‍ക്കപ്പെടുകയും ചെയ്യുന്ന പ്രക്രിയയാണ്. അരുന്ധതിറോയ് സൂചിപ്പിച്ച ഒരു വിഭാഗത്തിന്റെ  മാത്രം പ്രശ്നമല്ല. ഇരകളിലും പീഡകരിലും എല്ലാ തട്ടിലുമുള്ളവരുണ്ടെന്നോര്‍ക്കണം.

ഈയൊരു പരിഹാരത്തിലേക്ക് സമൂഹത്തെ നയിക്കേണ്ട ഉത്തരവാദിത്തമുള്ള ഭരണകൂടം എന്താണ് ചെയ്യുന്നത്? കുറ്റകൃത്യത്തെ വെറും ക്രമസമാധാനപ്രശ്നമായി സമീപിക്കുന്നു. ദല്‍ഹിയില്‍ മുമ്പ് പെണ്‍കുട്ടി മരിച്ചപ്പോള്‍ ആവേശപൂര്‍വം പ്രഖ്യാപിച്ച നടപടികളില്‍ എത്ര ശതമാനം നടപ്പാക്കിയിട്ടുണ്ട് എന്ന് പരിശോധിക്കുന്നത് ഈ സാഹചര്യത്തില്‍ കൗതുകകരമായിരിക്കും. അന്ന് പ്രഖ്യാപിച്ച കോടികളുടെ പദ്ധതികളില്‍ എത്രയെണ്ണത്തിന് ഫണ്ട് അനുവദിച്ചു? അത് ആരും തിരക്കില്ല.

ഇത്തരം സംഭവങ്ങളോടുള്ള പ്രതികരണങ്ങളെയും പ്രതിഷേധത്തെയും കണ്ണീര്‍വാതകവും ഷെല്ലുകളുമുപയോഗിച്ച് നേരിടാന്‍ മാത്രം പരിശീലനം ലഭിച്ച ഒരു പോലീസ് സേനക്ക്  പ്രതിഷേധക്കാരിയായ പെണ്‍കുട്ടിയുടെ കരണത്തടിക്കാന്‍ മാത്രമേ കഴിയൂ. ആ പ്രതിഷേധത്തെ രാഷ്ട്രീയമായി നേരിടാന്‍ ആ പൊലീസുകാരനാകില്ല. അങ്ങനെ നേരിടാന്‍ ആ പൊലീസുകാരന് ഉപ്പും ചോറും നല്‍കുന്ന ഭരണകൂടം അയാളെ പരിശീലിപ്പിച്ചിട്ടുമില്ല. കാര്യങ്ങള്‍ എങ്ങനെയെങ്കിലും ഒത്തുതീര്‍പ്പാക്കാനാണ് അയാളോട് ഭരണകൂടം ആഞ്ജാപിക്കുന്നത്. അതുകൊണ്ടാണ് പരാതിയുമായി പൊലീസ് സ്റ്റേഷനിലെത്തിയ ആ ബാലികയുടെ പിതാവിനുനേരെ ഒരു പൊലീസുകാരന്‍ രണ്ടായിരം രൂപ എടുത്തുനീട്ടിയത്. അത് നിരസിച്ച സാധാരണക്കാരനായ ആ പിതാവിന്റെ  ആര്‍ജവം, അദ്ദേഹത്തേക്കാള്‍ എത്രയോ ഉയരത്തിലാണെന്ന് നാം കരുതുന്ന വ്യക്തികള്‍ക്കുള്ളതിനേക്കാള്‍ ഉന്നതമാണെന്ന ആശ്വാസം മാത്രമാണ് ഇപ്പോഴുള്ളത്.

Wednesday, April 10, 2013

തിരിച്ചുവരവിനായി ഗണേഷിന്റെ കരണം മറിച്ചില്‍ വീണ്ടും

അച്ഛന്റെ കേരള കോണ്‍ഗ്രസില്‍ ഒരു വിലയുമില്ലാത്ത ഒരു അഞ്ചുരൂപാ അംഗമായി തുടരുക മാത്രമാണ് ഇനി ഗണേഷ് കുമാറിന് വിധി. ആ വിധിയെ മറികടക്കാനുള്ള അവസാന കരണം മറിച്ചിലാണ് യാമിനിയുമായുള്ള ഒത്തുതീര്‍പ്പ്. പ്രശ്നം ഒത്തുതീരുകയും യാമിനി പരാതി പിന്‍വലിക്കുകയും ചെയ്താല്‍ വീണ്ടും മന്ത്രിയായി തിരിച്ചെത്താനാകുമെന്നാണ് ഗണേഷിന്റെ കണക്കുകൂട്ടല്‍ . അതിന് മുഖ്യമന്ത്രിയുടെയും മുന്നണിയുടെയും പിന്തുണയുമുണ്ട്.

മന്ത്രി സ്ഥാനം നഷ്ടപ്പെടാതിരിക്കാന്‍ ഗണേഷ് എന്തുവേണമെങ്കിലും ചെയ്യും എന്ന് കഴിഞ്ഞദിവസങ്ങളില്‍ തെളിഞ്ഞതാണ്. സ്വന്തം രാഷ്ട്രീയഭാവിയെ ഓര്‍ത്തുമാത്രമാണ്, ഭാര്യയില്‍നിന്നുള്ള കൊടിയ പീഡനങ്ങള്‍ ഗണേഷ് സഹിച്ചത്. പുരുഷ വര്‍ഗത്തിനാകെ അപമാനകരമായ പീഡനങ്ങളാണ് താന്‍ ഏറ്റുവാങ്ങിയിരുന്നതെന്ന് അദ്ദേഹം തന്നെ ഏറ്റുപറഞ്ഞിട്ടുണ്ടല്ലോ. എന്നിട്ടും ‘കമാ’എന്നൊരക്ഷരം മിണ്ടിയില്ല. ഒടുവില്‍ എല്ലാ വഴിയും അടഞ്ഞപ്പോള്‍ മാത്രമാണ്, ചോരപുരണ്ട ചിത്രങ്ങളുമായി വിവാഹമോചനത്തിന് കോടതിയില്‍ അപേക്ഷ നല്‍കി ഒരു മുഴം മുന്‍പേ എറിഞ്ഞത്. അത് പക്ഷേ, പാളിപ്പോയി എന്നുമാത്രം. അതുവരെ ഈ ചോരപുരണ്ട ചിത്രങ്ങള്‍ ഗണേഷ് തന്റെ പ്രിയ സമ്പാദ്യമായി ആരെയും കാണിക്കാതെ കാത്തുസൂക്ഷിച്ചുവച്ചിരിക്കുകയായിരുന്നുവെന്ന് ഓര്‍ക്കണം.

മന്ത്രി സ്ഥാനം നിലനിര്‍ത്താന്‍ ആരുടെയൊക്കെ കാല്‍ക്കല്‍ വീണു. ആദ്യം, കാമുകിയുടെ ഭര്‍ത്താവിന്റെ. ആ കമഴ്ന്നടിച്ചുകിടക്കല്‍ ഭാര്യ തന്നെയാണല്ലോ നമ്മോട് വിളിച്ചുപറഞ്ഞത്. പിന്നെ അച്ഛന്റെ. അതുവരെ ശത്രുവായിരുന്ന അച്ഛനെ ഒരു സുപ്രഭാതത്തില്‍ 'മഹാന്‍' എന്നാണ് ഗണേഷ് വിളിച്ചത്. അതോടെ പിള്ളയുടെ ഉള്ളം അല്‍പമൊന്നുരുകി.

'കഷ്ടപ്പെട്ട്' സമ്പാദിച്ച' സ്വത്തില്‍ പാതിയും തന്റെ ശരീരത്തില്‍ 16 വര്‍ഷമായി കുച്ചുപ്പുടി നടത്തിക്കൊണ്ടിരിക്കുന്ന ഭാര്യക്ക് ഒരു വിഷമവുമില്ലാതെ നല്‍കാന്‍ തയ്യാറായി. അതിനുവേണ്ടി പണം കടം വാങ്ങി കാത്തിരുന്നു. പക്ഷേ, പണത്തിനുമീതെ പറക്കാത്ത യാമിനിക്ക് അത് പോരായിരുന്നു. ഇപ്പോള്‍ പിടിച്ചാല്‍ എല്ലാം കിട്ടും എന്ന് ആരോ അവരെ ഉപദേശിച്ചിരിക്കണം. അത് സ്വന്തം അമ്മായിഅച്ഛന്‍ തന്നെയാണെന്നാണ് സംസാരം. വഴിയേ പോകുന്ന ഏതെങ്കിലും കൊച്ചന്മാര്‍ ഡി.എന്‍ . എ. ടെസ്റ്റുനടത്തി ഗണേഷ് അച്ഛനാണെന്നു തെളിയിച്ച് വീട്ടില്‍ താമസമാക്കാന്‍ വരുന്നത് സഹിക്കാന്‍ പറ്റില്ലെന്ന് പിള്ള പറഞ്ഞിരുന്നുവെന്ന് യാമിനി ഒരു ചാനലില്‍ പറയുന്നതുകേട്ടു. ('സ്വന്തം പിള്ള'യുടെ ദുര്‍നടപ്പുകളെക്കുറിച്ച് പിള്ളയോളം അറിവുള്ളവരുണ്ടാകില്ല. കാരണം, ഈ പിള്ളയും ഒരിക്കല്‍ ഗണേഷിന്റേതു പോലൊരു പിള്ളയായിരുന്നുവെന്നാണ് കിംവദന്തി). കരാര്‍ പാലിച്ച് സ്വത്തും വാങ്ങി യാമിനി പോകുന്നതും ഗണേഷ് മന്ത്രിസ്ഥാനത്ത് തുടരുന്നതും വെറുതെയങ്ങ് പിള്ളക്ക് നോക്കിയിരിക്കാനാകുമോ? അതിനാണോ, ഇത്രയും നാള്‍ ഈ കളിയൊക്കെ കളിച്ചത്? അതുകൊണ്ട് മക്കളുടെ പേരില്‍ ഫിക്സഡ് ഡെപ്പോസിറ്റ് എന്നത് ഗണേഷിന്റെ സൂത്രപ്പണിയാണെന്ന് അച്ഛന്‍ മരുമകളോട് ഓതിക്കൊടുത്തിരിക്കും.

മന്ത്രിസ്ഥാനമില്ലാതെ വെറും അഞ്ചുരൂപ മെമ്പറായി ഗണേഷ് ഈ ദിവസങ്ങളില്‍ എങ്ങനെയാണ് ജീവിച്ചത്? അദ്ദേഹത്തിനുമാത്രമേ അറിയൂ. തന്റെ കാല്‍ക്കല്‍ വീണ്ടും എത്തിയ ഗണേഷിനോട് യാമിനി ജീവനാംശം ആവശ്യപ്പെട്ടു. തീര്‍ന്നില്ല, ഗണേഷ് മാപ്പുപറയണമെന്നും. ഇതില്‍ മാത്രമാണിനി തര്‍ക്കം. മാപ്പുപറയാന്‍ ഗണേഷിന് ഒരു മടിയുമില്ല. മാസം രണ്ട് ലക്ഷം രൂപയാണ് ജീവനാംശമായി നല്‍കേണ്ടത്. അതുണ്ടാക്കാന്‍ മന്ത്രിയാകുകയല്ലാതെ നിവൃത്തിയില്ലല്ലോ. അതുകൊണ്ട് ഒന്നര പതിറ്റാണ്ടിലെ ചോരപുരണ്ട ദിനങ്ങള്‍ മറക്കാം. ആരുടെ കാലിലും വീഴാം. എത്ര നാണംകെട്ടിട്ടായാലും ഒടുവില്‍ ഒരു ഷാജി കൈലാസ് ചിത്രത്തിലേതുപോലെ തിരിച്ചുവരണം. അതിനായി എത്ര അഭിഭാഷകരും സിനിമാക്കാരുമാണ് തിരുവനന്തപുരത്ത് മജിസ്ട്രേറ്റിന്റെ ചേംബറില്‍ കാത്തുകിടന്നത്, മണിക്കൂറുകളോളം. സാക്ഷാല്‍ ഷാജി കൈലാസും എത്തി ചര്‍ച്ചക്ക്. പരസ്യമായി മാപ്പു പറയണമെന്ന യാമിനിയുടെ ആവശ്യത്തില്‍ തട്ടിയാണ് ചര്‍ച്ച പൊളിഞ്ഞത്. ഇതിനക്കോള്‍ വലിയ അപമാനത്തിന്റെ വടുക്കള്‍ ശരീരത്തില്‍ പേറി നടക്കുന്ന ഗണേഷിന് മാപ്പ് എന്ന രണ്ടക്ഷരം പറയാന്‍ എന്താണ് മടി? വരും ദിവസങ്ങളില്‍ കേരളത്തിന് അതുംകേള്‍ക്കാം. ഒരു കരച്ചില്‍ കൂടി കാണാം. തീര്‍ച്ച.

എം.എല്‍ .എ. സ്ഥാനം കൂടി തെറിപ്പിക്കാനുള്ള പിള്ളയുടെ പാരക്കുള്ള മറുപാര ഉണ്ടാക്കലാണ് ഗണേഷിന്റെ ഇപ്പോഴത്തെ ജീവിതലക്ഷ്യം. തന്റെ പാര്‍ട്ടിയുടെ വകുപ്പ് കോണ്‍ഗ്രസിന് സ്വമേധയാ നല്‍കി പാര്‍ട്ടിയെ സ്വന്തം കക്ഷത്തുവക്കാനാണ് പിള്ളയുടെ പ്ളാന്‍ . എന്നാല്‍, വേണമെങ്കില്‍ ഒരു കേരള കോണ്‍ഗ്രസിനെ പുതുതായി ഉണ്ടാക്കി ഗണേഷിനെ അതിന്റെ മന്ത്രിയാക്കാനാണ് ഉമ്മന്‍ചാണ്ടിയുടെ പദ്ധതി. ഇതില്‍ ഏത് ജയിക്കുമെന്നത് കണ്ടറിയാന്‍ നമുക്ക് കാത്തിരുന്നേ മതിയാകൂ.