Saturday, August 26, 2017

പൗരസ്വാതന്ത്ര്യം കീറിമുറിക്കുന്ന ഡിജിറ്റല്‍ യുഗത്തിന്റെ അന്ത്യം

അന്തസോടെ ജീവിക്കാനുള്ള പൗരന്‍റെ മൗലികാവകാശത്തിന്‍റെ ഭാഗമാണ് സ്വകാര്യതയെന്ന സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധി അവകാശങ്ങളെക്കുറിച്ചു സന്ദേഹം ജനിപ്പിക്കുന്ന ചുറ്റുപാടുകളില്‍ ജനങ്ങള്‍ക്ക് ആത്മധൈര്യം പകരുന്നതാണ്. ജീവിതസ്വാതന്ത്ര്യത്തിന്‍റെ അവിഭാജ്യ ഘടകമായി സ്വകാര്യതയെ നിര്‍വചിക്കുക വഴി പൗരന്‍റെ ആ മൗലികാവകാശം സംരക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും 547 പേജുള്ള വിധിന്യായത്തിലെ ആറു പ്രത്യേക വിധികളിലൂടെ പരമോന്നത കോടതി വ്യക്തമാക്കുന്നു. ചരിത്രപരമായ ഈ വിധി ന്യായം രാജ്യത്തിന്‍റെ ജനാധിപത്യത്തിനും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തിനും കൂടുതല്‍ കരുത്തു പകരുമെന്നതിൽ സംശയമില്ല.

സ്വകാര്യതയുടെ അതിര്‍വരമ്പുകൾ നിർവചിക്കുകയെന്നത് അതീവ സങ്കീര്‍ണമായ പ്രക്രിയയാണ്. വ്യക്തിക്കും സര്‍ക്കാരിനും മറ്റ് ഏജന്‍സികള്‍ക്കും ഇതു സംബന്ധിച്ച് വിഭിന്നങ്ങളായ കാഴ്ചപ്പാടുകളാണുള്ളത്. സ്വകാര്യത മൗലികാവകാശമല്ലെന്ന 1954 ലെയും 1962 ലെയും വിധിപ്രസ്താവങ്ങളെ അസാധുവാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് പുതിയ അധ്യായം എഴുതിച്ചേര്‍ത്തത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിശോധിക്കുന്നതിനിടയിലാണ് സ്വകാര്യത പ്രശ്നമായി കടന്നുവന്നത്. കാര്‍ഡ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ സ്വകാര്യതയുടെ ലംഘനമാണു നടത്തുന്നതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആക്ഷേപം. അതിനാല്‍ സ്വകാര്യത നിര്‍വചിക്കേണ്ടത് ആവശ്യമായിവന്നു. ഒരു പൗരന് തന്നെ സംബന്ധിച്ച സ്വകാര്യവിവരങ്ങളുടെ മേല്‍ എത്രത്തോളം അവകാശമുണ്ടെന്നു നിര്‍ണയിക്കാന്‍ സാധിക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് പ്രശ്നം ഭരണഘടനാ ബഞ്ചിനു വിട്ടത്. സ്വകാര്യത നിര്‍വചിക്കപ്പെടുകയും ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ പല പുതിയ നിയമങ്ങളും ഇനി ഉണ്ടാകേണ്ടതുണ്ട്.

ജീവിതത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അവിഭാജ്യഭാഗമാണ് സ്വകാര്യതയെന്നതിനാല്‍ അതിന്‍റെ ലംഘനം ഗൗരവമായി അധികാരികളും കോടതികളും കാണേണ്ടിവരും. ഭരണഘടന ഉറപ്പുനല്‍കുന്ന ഈ അവകാശം നിഷേധിക്കപ്പെടുന്ന ഏതു സാധാരണക്കാരനും, വിദേശപൗരനു തന്നെയും, നീതിക്കായി ഭരണഘടനയുടെ 32, 226 വകുപ്പുകള്‍ പ്രകാരം കോടതികളെ അഭയം പ്രാപിക്കാം. എല്ലാ മൗലികാവകാശങ്ങളും ഇനി സ്വകാര്യതയുമായി ചേര്‍ത്തുവായിക്കേണ്ടിവരുമെന്നതാണ് മറ്റൊരു കാര്യം. തുല്യത, അഭിപ്രായ സ്വാതന്ത്യം, സംസാര സ്വാതന്ത്ര്യം, മതവിശ്വാസം, ലൈംഗികത തുടങ്ങി അന്തസോടെ ജീവിക്കുന്നതിനു വേണ്ട എല്ലാ മേഖലകളിലും സ്വകാര്യതയ്ക്കുള്ള സ്ഥാനം ഇതോടെ വര്‍ധിക്കുകയാണ്.

ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍റെ സ്വകാര്യത വല്ലാതെ കീറിമുറിക്കപ്പെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ അതിനു സഹായിക്കുകയും ചെയ്യുന്നു. നവമാധ്യമങ്ങളുടെ വരവോടെ ആപത്തിലായ മേഖലയാണ് സ്വകാര്യത. ആരുടെ വ്യക്തിജീവിതത്തിലും എത്തിനോക്കുന്നതിനുള്ള സാങ്കേതികജ്ഞാനം കൈവന്നപ്പോള്‍ സ്വകാര്യതയെന്നതു പലര്‍ക്കും സങ്കല്‍പ്പമായി. സര്‍ക്കാരും സാധാരണ ജീവിതങ്ങളില്‍ കടന്നുകയറാന്‍ തുടങ്ങി. ജനങ്ങളില്‍നിന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ അവര്‍തന്നെ സ്വകാര്യ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറുന്ന പ്രവണതയും വര്‍ധിച്ചു. ഇത്തരം ഏര്‍പ്പാടുകള്‍ യഥേഷ്ടം നടക്കുമ്പോള്‍ അതിനു മുന്നില്‍ നിസഹായതയോടെ നില്‍ക്കാന്‍ മാത്രമേ ജനങ്ങള്‍ക്കു കഴിഞ്ഞിരുന്നുള്ളൂ. ഭരണഘടനയ്ക്കു രൂപം നല്‍കിയവര്‍ സ്വകാര്യതയെ വ്യക്തമായി നിര്‍വചിക്കാതിരുന്നതു മനഃപൂര്‍വമാണെന്നു കരുതാനാവില്ല. സ്വകാര്യതയ്ക്ക് അവര്‍ പ്രാധാന്യം കല്‍പ്പിക്കാതിരുന്നതുകൊണ്ടുമല്ല. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുകയും അവ സ്വകാര്യ കച്ചവടക്കാര്‍ക്കു വില്‍ക്കുകയും ചെയ്യുന്ന കാലം അവര്‍ സ്വപ്നത്തില്‍പോലും കണ്ടിട്ടുണ്ടാവില്ല. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമായാണ് അവര്‍ കണ്ടത്. എന്നാല്‍ ഡിജിറ്റല്‍ യുഗ ഭീകരതയില്‍ സര്‍ക്കാരും വഴിമാറി. ഭരണകൂടങ്ങള്‍ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ സ്വകാര്യത ഭഞ്ജിക്കുമ്പോള്‍ സേവനദാതാക്കള്‍ സ്വകാര്യ വിവരങ്ങള്‍ ഉപയോക്താക്കളെ കുരുക്കാനുള്ള ചൂണ്ടയാക്കുന്നു.

സ്വകാര്യത മൗലികാവകാശമായി കാണാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കേരളത്തിന്‍റെ നിലപാട് മറിച്ചുമായിരുന്നു. രാജ്യത്തെ കോടിക്കണക്കായ നിര്‍ധനരുടെ ജീവിതത്തെക്കാള്‍ വലുതല്ല, വരേണ്യവര്‍ഗത്തില്‍പ്പെട്ട ചിലരുടെ സ്വകാര്യതയെന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനവാദം. ഭൂരിപക്ഷം പൗരന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവര്‍ക്കു ക്ഷേമപദ്ധതികള്‍ എത്തിക്കാനുള്ള നീക്കങ്ങളെ തടയുന്നതിനാണ് സ്വകാര്യത ഉയര്‍ത്തിപ്പിടിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. മാറിവരുന്ന ഭരണകൂടങ്ങളുടെ ദയാരഹിതമായ കടന്നുകയറ്റങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ വിധിന്യായം വഴിതെളിക്കുമ്പോള്‍ ഇന്നലെ വരെ കാണാതിരുന്ന നീതിയുടെ പ്രകാശം പല മേഖലകളിലേക്കും കടന്നുചെല്ലുന്നത് വരുംനാളുകളില്‍ ദൃശ്യമാകും.

Monday, August 21, 2017

ഉദ്യോഗസ്ഥരുടെ അനാസ്ഥയിലും അഴിമതിയിലും പൊലിയുന്ന ജീവിതങ്ങള്‍

അശുഭകരമായ വാര്‍ത്തകളാണ് ഈ ദിവസങ്ങളില്‍ ഇന്ത്യയുടെ വടക്കന്‍ സംസ്ഥാനമായ ഉത്തര്‍ പ്രദേശില്‍ നിന്നു വരുന്നത്. ഗൊരഖ്പുര്‍ മെഡിക്കല്‍ കോളെജില്‍ കുരുന്നുകളുടെ കൂട്ടക്കൊലയെ ചുറ്റിപ്പറ്റി ഉയര്‍ന്ന വിവാദങ്ങള്‍ കെട്ടടങ്ങും മുന്‍പ്, മുസഫര്‍നഗര്‍ ജില്ലയിലെ ഖതൗളിയില്‍ രണ്ടു ഡസനോളം ആളുകളുടെ ജീവനെടുത്ത ട്രെയ്ന്‍ ദുരന്തമാണ് യുപിയെ രാജ്യത്തിന്‍റെ സവിശേഷ ശ്രദ്ധയിലേക്കു കൊണ്ടു വരുന്നത്. ഇതുവരെ ലഭ്യമായ വിവരം അനുസരിച്ച് 23 പേര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു. 156 പേര്‍ പരുക്കേറ്റ് വിവിധ ആശുപത്രികളിലുണ്ട്. മരണ സംഖ്യ ഉയരുമെന്ന ആശങ്ക തുടരുന്നു. ഒഡിഷയിലെ പുരിയില്‍ നിന്ന് ഉത്തരഖണ്ഡിലെ ഹരിദ്വാറിലേക്കു പോയ ഉത്കല്‍ ഹൈസ്പീഡ് സൂപ്പര്‍ ഫാസ്റ്റ് എക്സ്പ്രസ് ട്രെയ്ന്‍ ആണ് അപകടത്തില്‍പ്പെട്ടത്. റെയ്‌ലുകളും സ്ലീപ്പറുകളുമടക്കം ട്രാക്കില്‍ വന്‍ അഴിച്ചുപണി നടക്കുമ്പോള്‍, മണിക്കൂറില്‍ നൂറു കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞെത്തിയ ട്രെയ്ന്‍ പൊടുന്നനെ അപകടത്തില്‍പ്പെട്ടു മറിയുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാക്കില്‍ നിന്നു കുതിച്ചുയര്‍ന്ന കോച്ചുകള്‍ അടുത്തുള്ള വീടുകളിലേക്കും കോളെജ് മന്ദിരത്തിലേക്കും പാഞ്ഞുകയറി. ഖതൗളി ചെറു പട്ടണത്തില്‍ ജനത്തിരക്കുണ്ടായിരുന്നെങ്കിലും അപകടസ്ഥലത്ത് പൊതുനിരത്തോ, മാര്‍ക്കറ്റോ ഇല്ലാതിരുന്നതു തുണയായി. കോളെജ് സമയം കഴിഞ്ഞതിനാല്‍, മതിലും തകര്‍ത്ത് ക്യാംപസിലേക്കു പാഞ്ഞുകയറിയ കോച്ചുകള്‍ അതിനു പുറത്തുള്ളവര്‍ക്ക് അപകടം വരുത്തിയില്ല.

ഖതൗളി ട്രെയ്ന്‍ അപകടം അട്ടിമറിയാണെന്നു സംശയിക്കുന്നവരുണ്ട്. എന്നാല്‍, അതിനു പിന്നില്‍ ഭീകരരടക്കമുള്ള ബാഹ്യ ശക്തികള്‍ക്കു വലിയ പങ്കില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥര്‍ പറയുന്നു. അതേസമയം, ഭീകര വിരുദ്ധ സ്ക്വാഡും അന്വേഷണ രംഗത്തുണ്ട്. റെയ്‌ല്‍വേയുടെ തന്നെ പിഴവുകളാണ് അപകടത്തിനു കാരണമെന്നും പറയുന്നുണ്ട്. ഖതൗളി സ്റ്റേഷന്‍ അധികൃതരും റെയ്ല്‍‌വേ എന്‍ജിനീയറിങ് വിഭാഗവും തമ്മില്‍ അതിന്‍റെ പേരിലുള്ള തര്‍ക്കവും രൂക്ഷം. അപകടമുണ്ടായ ട്രാക്കില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്ന വിവരം തങ്ങള്‍ ഖതൗളി സ്റ്റേഷന്‍ അധികൃതരെ അറിയിച്ചെന്ന് എന്‍ജിനീയറിങ് വിഭാഗം വിശദീകരിക്കുന്നു. അപകടത്തില്‍പ്പെട്ട ഉത്കല്‍ എക്സ്പ്രസിനു തൊട്ടുമുന്‍പ് ട്രെയ്നുകള്‍ വേഗം കുറച്ചാണു കടന്നുപോയത്. ഖതൗളി സ്റ്റേഷനില്‍ നിന്നു നല്‍കിയ സുരക്ഷാ മുന്നറിയിപ്പിനെ തുടര്‍ന്നായിരുന്നത്രേ, ഇത്. എന്നാല്‍, ഈ മുന്നറിയിപ്പ് ഉത്കല്‍ എക്സ്പ്രസ് ട്രെയ്‌നിന്‍റെ ലോക്കോ പൈലറ്റിനു ലഭിച്ചില്ല. പണി നടക്കുന്ന കാര്യം അറിയാതെ, പരമാവധി വേഗത്തില്‍ വന്ന ട്രെയ്ന്‍ പാളം തെറ്റി, കംപാര്‍ട്ട്മെന്‍റുകള്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നുവത്രേ. ഇടിയുടെ ആഘാതം ഏറെ കനത്തതായതു മൂലമാണ് ഒരു കോച്ച് മറ്റുള്ളവയുടെ മേല്‍ പതിച്ചതും ഒരെണ്ണം ട്രാക്കില്‍ നിന്നു തെറിച്ച് മീറ്ററുകള്‍ അകലെയുള്ള വീടിനു മുകളിലേക്കും കോളെജ് കെട്ടിടത്തിലേക്കും പാഞ്ഞു കയറിയതും.

സുരക്ഷിതത്വത്തില്‍ ഒരുറപ്പും പാലിക്കാന്‍ ഇപ്പോഴും കഴിയുന്നില്ല ഇന്ത്യന്‍ റെയ്‌ൽവേയ്ക്ക്. അപകടങ്ങളില്ലാത്ത ഒരൊറ്റ വര്‍ഷം പോലും അടുത്ത കാലത്തൊന്നും ഉണ്ടായിട്ടില്ല. ഓപ്പറേഷനിലും വരുമാനത്തിലും എന്‍ജിനീയറിങ് വൈഭവത്തിലുമെല്ലാം കാര്‍ക്കശ്യം പുലര്‍ത്തുന്ന ഇന്ത്യന്‍ റെയ്‌‌ല്‍വേ, സുരക്ഷയുടെ കാര്യത്തില്‍ ബഹുദൂരം പുറകിലാണ്. അതില്‍ മിക്കതും റെയ്‌ൽവേ ഉദ്യോഗസ്ഥരുടെ അനാസ്ഥ മൂലവും. സിഗ്നലിങ് സംവിധാനത്തിലെ തകരാർ മൂലം ഒരേ ട്രാക്കില്‍ മുഖാമുഖം വന്ന ട്രെയ്നുകള്‍ അനവധി. ട്രാക്കു മാറി അപകടത്തില്‍പ്പെട്ടതും ലോക്കോ പൈലറ്റ് ഇല്ലാതെ ട്രെയ്ന്‍ ഓടിയതും ട്രെയ്നുകള്‍ സിഗ്നല്‍ മറികടന്നു പോകുന്നതുമെല്ലാം ആവര്‍ത്തിക്കപ്പെടുന്ന വാര്‍ത്തകളാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരത്തു നിന്നു ചെന്നൈയിലേക്കു പോയ ചെന്നൈ സൂപ്പര്‍ ഫാസ്റ്റിന്‍റെ എന്‍ജിന്‍ ബോഗിയില്‍ നിന്നു വേര്‍പെട്ട് ഓടിയതു വലിയ വാര്‍ത്തയായിരുന്നു. ട്രെയ്‌നിന്‍റെ വേഗം കുറവായതു കൊണ്ടു മാത്രമാണ് അപകടത്തിന്‍റെ ആഴം കുറഞ്ഞത്. ഉത്കല്‍ എക്സ്പ്രസിന്‍റെ വേഗത്തിലായിരുന്നു ചെന്നൈ എക്സ്പ്രസ് എങ്കില്‍, കേരളത്തില്‍ ഇന്നു കണ്ണീര്‍ കടലിരമ്പുമായിരുന്നു.

ഓരോ അപകടം ഉണ്ടാകുമ്പോഴും ശരിയായ കാരണം കണ്ടുപിടിക്കുകയും കുറ്റക്കാരെ കണ്ടെത്തി ശക്തമായ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നെങ്കില്‍, പതിനായിരങ്ങള്‍ ശമ്പളം പറ്റി, റെയ്‌ല്‍വേ ജീവനക്കാരും ഉദ്യോഗസ്ഥരും നടത്തുന്ന അട്ടിമറിയും അനാസ്ഥയും അവസാനിപ്പിക്കാമായിരുന്നു. ഖതൗളി അപകടത്തിന്‍റെ ശരിയായ കാരണത്തെക്കുറിച്ച് റെയ്‌ല്‍വേ ഇതുവരെ ഒന്നും മിണ്ടിയിട്ടില്ല. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് പ്രഥമദൃഷ്ട്യാ കുറ്റക്കാരായവരെ കണ്ടെത്തണമെന്നു റെയ്‌ല്‍വേ മന്ത്രി സുരേഷ് പ്രഭു നിര്‍ദേശിച്ചിട്ടുണ്ട്. അതുപ്രകാരം അന്വേഷണവും തുടങ്ങിയിട്ടുണ്ട്. പണ്ട് പെരുമണ്‍ കായലില്‍ ഐലന്‍റ് എക്സ്പ്രസ് പാളം തെറ്റി മറിഞ്ഞതിനെക്കുറിച്ച് അന്വേഷിച്ച റെയ്‌ല്‍വേ സേഫ്റ്റി കമ്മിഷണര്‍ കണ്ടെത്തിയ കാരണം മാത്രം ഉദാഹരണമാക്കിയാല്‍ മതി, എത്ര അപകടങ്ങള്‍ നടന്നാലും ഇന്ത്യന്‍ റെയ്‌ല്‍വേ പാഠം പഠിക്കില്ല എന്നു തിരിച്ചറിയാന്‍. കേരളത്തിലെന്നല്ല, ഇന്ത്യയിലൊരിടത്തും കേട്ടിട്ടില്ലാത്ത ടൊര്‍ണാഡോ ചുഴലിക്കാറ്റാണ് ഐലന്‍റ് എക്സ്പ്രസിനെ പൊക്കിയെടുത്ത് അഷ്ടമുടിക്കായലിലെറിഞ്ഞതെന്നായിരുന്നു അന്നത്തെ കണ്ടുപിടിത്തം. ഇത്തരം വിചിത്രമായ അന്വേഷണങ്ങളും റിപ്പോര്‍ട്ടുകളും തുടര്‍നടപടികളുമാണ് റെയ്‌ൽവേയില്‍ ഉണ്ടാകുന്നതെങ്കില്‍ ദുരന്തങ്ങള്‍ കുറയാന്‍ ഒരു വഴിയുമില്ല. യാത്രക്കാരുടെ ആയുസിനായി മനസറിഞ്ഞു പ്രാര്‍ഥിക്കുക മാത്രമേ വഴിയുള്ളൂ.

Thursday, August 10, 2017

ആളെക്കൊല്ലുന്ന ആശുപത്രികള്‍

ചികിത്സയെന്നല്ല, അൽപ്പം മനുഷ്യത്വം പോലും ലഭിക്കില്ല നമ്മുടെ സംസ്ഥാനത്തെ പല ആശുപത്രികളിലും എന്ന പരാതി പഴക്കം ചെന്നതാണ്. എത്രയെത്ര അനുഭവങ്ങൾ നിരത്താനുണ്ട് ഇതുമായി ബന്ധപ്പെട്ട്. തലവേദനയൊഴിവാക്കാൻ വാതിലുകൾ കൊട്ടിയടച്ച് കർത്തവ്യത്തിൽ നിന്ന് തടിതപ്പുന്നവയിൽ സർക്കാർ ആശുപത്രികൾ വരെയുണ്ട്. ഇത്തരം ആശുപത്രികൾക്കെതിരേ പരാതികൾ ഉയരുമ്പോൾ അന്വേഷണവും നടപടികളുമെല്ലാം പ്രഖ്യാപിക്കാറുമുണ്ട്. പക്ഷേ, അതൊന്നും ആരുടെയും മനം മാറ്റുന്നില്ല എന്നതിനു പ്രകടമായ ഉദാഹരണമാണ് മുരുകന്‍റെ ദാരുണാന്ത്യം. ഇനിയും ഇതാവർത്തിക്കരുതേയെന്ന് ആത്മാർഥമായി ആഗ്രഹിക്കാത്ത സുമനസുകളുണ്ടാവില്ല. പക്ഷേ, അതിലൊരുറപ്പും അവർക്കു തന്നെയും ഉണ്ടാവുകയുമില്ല. നമ്മുടെ ആതുര സേവന രംഗം അത്തരത്തിലായിപ്പോയിരിക്കുന്നു.

ഞായറാഴ്ച രാത്രി ദേശീയപാതയിൽ ചാത്തന്നൂരിനു സമീപം ബൈക്കപകടത്തിൽ പരുക്കേറ്റ തിരുനെൽവേലി സ്വദേശി മുരുകന് അടിയന്തര ചികിത്സ നൽകാൻ തയാറാകാതിരുന്ന വിവിധ ആശുപത്രികളിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് വരെ ഉൾപ്പെടുന്നുണ്ട്. കൂട്ടിരിക്കാൻ ആളില്ല, വെന്‍റിലേറ്റർ സൗകര്യമില്ല തുടങ്ങി പലവിധ കാരണങ്ങൾ പറഞ്ഞ് മുരുകനെ മടക്കിയയച്ച ആശുപത്രികൾ ആ യുവാവിന്‍റെ ജീവനെടുക്കുകയായിരുന്നു. ഒരു ജീവൻ രക്ഷിക്കാനുള്ള ഒരു രാത്രിയുടെ പരക്കം പാച്ചിലിനെ അര ഡസനോളം സ്വകാര്യ, സർക്കാർ ആശുപത്രികൾ യാതൊരു വിലയും കൽപ്പിക്കാതെ അവഗണിച്ചു എന്നത് അതീവ ഗുരുതരമായ സാഹചര്യത്തെയാണു കാണിക്കുന്നത്. ഒന്നു പ്രവേശിപ്പിക്കാമോ എന്ന് ഫോൺ വഴി അന്വേഷിച്ചപ്പോൾ മറ്റു നിരവധി ആശുപത്രികളും രക്ഷപെടാനുള്ള കാരണങ്ങൾ കണ്ടെത്തി ഒഴിഞ്ഞുമാറി എന്നാണു റിപ്പോർട്ടുകൾ. കൈനിറയെ പണവും ആവശ്യത്തിന് ആൾബലവും എല്ലാമായാണ് മുരുകനെ കൊണ്ടുചെന്നിരുന്നതെങ്കിൽ ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നോ. സ്വാധീനശക്തിയുള്ള ആരെങ്കിലുമെല്ലാം രംഗത്തുണ്ടായിരുന്നെങ്കിൽ മെഡിക്കൽ കോളെജിൽ വെന്‍റിലേറ്റർ ഒഴിവില്ലാതെ വരുമായിരുന്നോ. മുരുകനെ കൊണ്ടുവന്നവർക്ക് അതിനൊന്നുമുള്ള ത്രാണിയില്ലാതെ പോയി.

എന്തിനേറെ, മുരുകന്‍റെ മൃതദേഹത്തോടു പോലും ക്രൂരത കാണിച്ചു മറ്റൊരു സർക്കാർ ആശുപത്രിയെന്നാണു റിപ്പോർട്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിരാവിലെ മുരുകൻ സന്നദ്ധസംഘടനയുടെ ആംബുലൻസിൽത്തന്നെ മരിക്കുന്നത്. പിന്നീട് ഈ ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോകാൻ ജില്ലാ ആശുപത്രി മൃതദേഹം വിട്ടുനൽകിയില്ലത്രേ. ആശുപത്രി വളപ്പില്‍ മാറ്റിയിട്ടിരിക്കുന്ന ആംബുലൻസ് സ്ഥലത്തില്ലെന്നു പറഞ്ഞു ജില്ലാ ആശുപത്രി അധികൃതർ. ഇതര സംസ്ഥാനക്കാരനായതുകൊണ്ട് ഇത്രയൊക്കെ മതി എന്നാണോ മനോഭാവം. ഏതു ഭാഷക്കാരൻ, ഏതു ദേശക്കാരൻ, ഏതു വിഭാഗക്കാരൻ എന്നൊക്കെ നോക്കിയിട്ടാണോ ആശുപത്രി സൗകര്യങ്ങൾ തീരുമാനിക്കേണ്ടത്.

ഇപ്പോൾ ഈ സംഭവം സംസ്ഥാനമൊട്ടാകെ ചർച്ചാവിഷയമായിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ടവരെല്ലാം ഞെട്ടൽ പ്രകടിപ്പിക്കുന്നുണ്ട്. ക്രൂരതയെ അപലപിക്കുന്നുണ്ട്. ആശുപത്രികള്‍ക്കെതിരേ പൊലീസും മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികളില്‍ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഈ ചൂടെല്ലാം കഴിയുമ്പോൾ വീണ്ടും പഴയപടിയാവാതിരിക്കണം ആശുപത്രികൾ. അതിനുള്ള ജാഗ്രതയും നടപടികളും വീഴ്ചയില്ലാതെ ഉണ്ടാവുകയാണു വേണ്ടത്. ചികിത്സ നിഷേധിച്ച രോഗി മരിച്ചു, ആശുപത്രികൾ തള്ളിപ്പുറത്താക്കിയതിനാൽ ഓട്ടൊറിക്ഷയിൽ പ്രസവിച്ചു, കടവരാന്തയിൽ പുഴുവരിച്ചു കിടന്നു എന്നിങ്ങനെയുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങൾ ദൈവത്തിന്‍റെ സ്വന്തം നാടെന്ന നമ്മുടെ അവകാശവാദത്തിനു മേലുള്ള കരിനിഴലുകളാണ്.

അപകടങ്ങളിൽ പരുക്കേറ്റവരെ ആരാണു കൊണ്ടുവന്നതെന്നുപോലും നോക്കാതെ അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നാണ് കഴിഞ്ഞവർഷം സുപ്രീം കോടതി പുറപ്പെടുവിച്ച ഏറെ ശ്രദ്ധേയമായ മാർഗനിർദേശം. അതീവ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നവരെയും കൊണ്ട് ആശുപത്രിയിലെത്തുന്ന സുമനസുകളെ ആശുപത്രി അധികൃതരും പൊലീസും എല്ലാം പലവിധത്തിൽ കഷ്ടപ്പെടുത്തുന്നതു മൂലം അപകടം കണ്ടാലും ജനങ്ങൾ മാറിപ്പോകുന്ന അവസ്ഥ മാറ്റിയെടുക്കാനായിരുന്നു ഇങ്ങനെയൊരു മാർഗനിർദേശം. ഇതൊന്നും അറിയാത്തവരല്ല കണ്ണിൽ ചോരയില്ലാതെ ചികിത്സാ സൗകര്യങ്ങൾ കണ്ണടച്ചു നിഷേധിക്കുന്നത്. ജീവൻ രക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുക എന്നതാണ് ആതുര സേവന രംഗത്തുള്ളവരുടെ ദൗത്യം. അല്ലാതെ ജീവൻ നഷ്ടപ്പെടുത്താൻ ഇടവരുത്തുകയല്ല. ഇനിയും ഇത് ആവർത്തിച്ചു ബോധ്യപ്പെടുത്തേണ്ടതുണ്ടോ നമ്മുടെ ആശുപത്രികളെ.