Thursday, August 30, 2018

പ്രളയത്തിലും രാഷ്ട്രീയം കളിക്കുന്ന വേതാളങ്ങള്‍

കേരളത്തില്‍ വന്‍ നാശം വിതയ്ക്കുകയും നാനൂറോളം പേരുടെ ജീവന്‍ നഷ്ടപ്പെടുകയും 35,000 കോടി രൂപയുടെ നാശനഷ്ടങ്ങള്‍ വരുത്തിവെക്കുകയും ചെയ്ത മഹാപ്രളയം ജനങ്ങളെ മാറ്റി ചിന്തിക്കാനും സര്‍ക്കാരിന് ഒരു പുനര്‍ചിന്തനത്തിനും വഴിയൊരുക്കിയിരിക്കുകയാണ്. പ്രകൃതി ദുരന്തം ആര്‍ക്കെങ്കിലും സൃഷ്ടിക്കാനോ പൂര്‍ണ്ണമായും ഒഴിവാക്കാനോ കഴിയുന്ന ഒന്നല്ല. പല വികസിത രാജ്യങ്ങളിലും ഇത്തരത്തില്‍ പ്രകൃതിക്ഷോഭവും പ്രളയവും കൊണ്ട് അനേകായിരങ്ങള്‍ മരിക്കുകയും വന്‍ നാശനഷ്ടങ്ങള്‍ ഉണ്ടാകുകയും ചെയ്ത ചരിത്രം നമുക്ക് മുന്നിലുണ്ട്. കേരളം കണ്ട ഏറ്റവും വലിയ ദുരന്തമാണ് ഇപ്പോള്‍ സംഭവിച്ചത്. അശാസ്ത്രീയമായി അണക്കെട്ടുകള്‍ തുറന്നുവിട്ടതുകൊണ്ടാണ് ഈ പ്രളയമുണ്ടായതെന്ന് വാദിക്കാമെങ്കിലും പ്രകൃതിയോട് കാണിച്ച ക്രൂരതക്ക് കിട്ടിയ ശിക്ഷയായി ഈ പ്രളയത്തെ കണക്കാക്കാം. പ്രകൃതിയുടെ സന്തുലിതാവസ്ഥക്ക് കോട്ടം വരുത്തുന്ന രീതിയിലുള്ള നിര്‍മ്മിതികള്‍, ജലപ്രവാഹം തടഞ്ഞുനിര്‍ത്തുന്ന അണക്കെട്ടുകള്‍, വ്യാപകമായി നശിപ്പിക്കപ്പെട്ട തോടുകളും പുഴകളും കുളങ്ങളും മരങ്ങളും, പാറമടകള്‍ ഇവയൊക്കെ ഈ ദുരന്തത്തിന് കാരണമായിട്ടുണ്ടെന്നാണ് പരിസ്ഥിതി സം‌രക്ഷകരുടെ നിരീക്ഷണം. എന്നാല്‍ ഈ ദുരന്തം കേരള ചോദിച്ചു വാങ്ങിയതാണെന്നാണ് പരിസ്ഥിതി ഗവേഷകരുടെ അഭിപ്രായം.

ദുരന്തം ജനങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുമ്പോള്‍ തന്നെ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ച ഒരു കാര്യമായിരുന്നു പ്രളയാനന്തരം 'രാഷ്ട്രീയം' പതിയെ ഉയര്‍ന്ന് വരുമെന്ന്. ജാതി, മത, ലിംഗ, രാഷ്ട്രീയ മാനങ്ങളെ പ്രളയം കവര്‍ന്നെടുത്ത നാളുകളില്‍ മനുഷ്യന്റെ തോളും നട്ടെല്ലുമെല്ലാം എത്ര പേര്‍ക്കാണ് താങ്ങായത്. അത്തരമൊരു ദുരിത വേളയില്‍ മനുഷ്യന്‍ മനുഷ്യനെ എത്രമേലാണ് സ്‌നേഹിച്ചത്. പരസ്പരം കണ്ടിട്ടു പോലുമില്ലാത്ത ആളുകള്‍ സോഷ്യല്‍ മീഡിയയിലൂടെയും മറ്റുമായി പലര്‍ക്കും ജീവിതം തിരിച്ചു നല്‍കി. മാനവിക സ്‌നേഹത്തിനെന്തൊരു തിളക്കമാണെന്ന് പരസ്പരം എല്ലാവരും പാടി. എന്നാല്‍ വെള്ളം തിരിച്ചിറങ്ങിയപ്പോള്‍ മുതല്‍ രാഷ്ട്രീയ, ആരോപണ പ്രത്യാരോപണങ്ങളുടെ നാളുകളിലേക്ക് തിരിച്ച് നടക്കുകയാണ് മലയാളി.

പ്രളയത്തിന് കാരണമായത് അണക്കെട്ടുകള്‍ ഒന്നിച്ച് തുറന്നതാണെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവു തന്നെയാണ് ആരോപണത്തിന് തുടക്കമിട്ടത്. ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി വാര്‍ത്തകളുണ്ടായി. കേന്ദ്ര സര്‍ക്കാരുമായി വിദേശ സഹായത്തിന്റെ പേരിലുള്ള തടസ്സ ചര്‍ച്ചകളാണ് മറ്റൊരു പ്രധാന വിഷയമായത്. ഇത്തരത്തിലുള്ള ചര്‍ച്ചകളെയെല്ലാം പോസിറ്റീവായി കാണാം. പക്ഷേ സംയമനത്തിന്റെയും, നിലപാടിന്റെയും ഔന്നത്യത്തില്‍ നില്‍ക്കുമ്പോഴും ഇനിയെങ്കിലും കാമ്പുള്ള ചര്‍ച്ചകളിലേക്ക് നീങ്ങാന്‍ മുഖ്യമന്ത്രിക്കാകുമോ?. യഥാര്‍ത്ഥ പാരിസ്ഥിതിക സംരക്ഷണത്തിന്റെ ബാലപാഠങ്ങളെ ഉള്‍ക്കൊണ്ട് പുതിയ നയരൂപീകരണം വേണമെന്ന് പറയാന്‍ പ്രതിപക്ഷം തയ്യാറാകുമോ?

സര്‍ക്കാരിനെതിരെ പരോക്ഷ വിമര്‍ശനവുമായി നിയമസഭയില്‍ രംഗത്തെത്തിയ ഭരണ പരിഷ്‌കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ്. അച്യുതാനന്ദന്റെ വാക്കുകള്‍ ഈ അവസരത്തില്‍ ഓര്‍ക്കേണ്ടതാണ്. തന്റെ സര്‍ക്കാരിന്റെ മുന്‍കാല നടപടികള്‍ക്ക് തുരങ്കം വെച്ചവരെ തുറന്ന് കാണിക്കാനുള്ള അവസരമായി അദ്ദേഹം ഈ സാഹചര്യത്തെ ഉപയോഗപ്പെടുത്തിയെങ്കിലും പറയുന്നതില്‍ കാര്യമില്ലാതില്ല. നയരൂപീകരണത്തിലെ പിഴവാണ് ദുരന്തത്തിന്റെ വ്യാപ്തിക്കിടയാക്കിയതെന്ന് വി.എസ് പറഞ്ഞു. മൂന്നാറിലെ അനധികൃത നിര്‍മ്മാണങ്ങള്‍ പൊളിച്ച് മാറ്റാന്‍ മുന്‍പ് നടപടിയെടുത്തപ്പോള്‍ തടഞ്ഞതിനെ അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. ഓപ്പറേഷന്‍ തുടരണമെന്ന് അദ്ദേഹം പറയുമ്പോള്‍ പിഴവറ്റ രീതിയില്‍ സംസ്ഥാനത്താകമാനം ഇത്തരം അനധികൃത നിര്‍മ്മാണങ്ങള്‍ക്കെതിരെയുള്ള നടപടികളെടുക്കാന്‍ നിയമ നിര്‍മ്മാണത്തെ കുറിച്ച് സര്‍ക്കാര്‍ ഗൗരവമായി ആലോചിക്കേണ്ട ഘട്ടമാണിത്. അനധികൃത ക്വാറികള്‍ക്കെതിരെ നടപടിയെടുക്കണം. നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ വെള്ളം ചേര്‍ക്കുന്നതിനെ കുറിച്ച് വി.എസ് എടുത്ത് പറയുമ്പോള്‍ സര്‍ക്കാരിന് പുനരാലോചിച്ചേ പറ്റൂ. കീഴാറ്റൂരും, മലപ്പുറത്തുമെല്ലാമുള്ള പാതകളുടെ സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് നടക്കുന്ന സംവാദങ്ങളില്‍ സി.പി.എം ഉള്‍പ്പെടെ ഇനി പുനരാലോചന നടത്തേണ്ട ഘട്ടമാണിത്.

ഗാഡ്ഗില്‍ ചൂണ്ടിക്കാട്ടിയത് ശരി വെയ്ക്കുന്ന സംഭവങ്ങളാണ് നടക്കുന്നത്. റിപ്പോര്‍ട്ടിനെ രാഷ്ട്രീയമായിട്ടാണ് സമീപിച്ചത് അല്ലാതെ ശാസ്ത്രീയമായിട്ടല്ലെന്ന് വി.എസ് അവസാനമായി പറഞ്ഞു വെയ്ക്കുമ്പോള്‍ ഇതുവരെ പറഞ്ഞതെല്ലാം ഈ ഒരൊറ്റ വരിയില്‍ ആറ്റി കുറുക്കിയിട്ടുണ്ട്. കേവലം ഡാം തുറന്നതിന്റെ സാങ്കേതിക ശാസ്ത്രീയ കുറ്റപ്പെടുത്തലുകള്‍ക്കുമപ്പുറം ആത്മാര്‍ത്ഥതയുണ്ടെങ്കില്‍ ഗാഡ്ഗില്‍ റിപ്പോര്‍ട്ട് നടപ്പിലാക്കാന്‍ ആര്‍ജ്ജവം കാണിക്കാന്‍ സര്‍ക്കാരിന് പിന്തുണ നല്‍കാന്‍ പ്രതിപക്ഷത്തിനാകുമോ?. അതല്ലാതെ കേവല വോട്ട് രാഷ്ട്രീയത്തിന്റെ മറപറ്റി അര്‍ത്ഥ ഗര്‍ഭ മൗനം പാലിച്ച് ഇതില്‍ നിന്ന് തടിയൂരുന്നുവെങ്കില്‍ കേവലം നിയമസഭാ രാഷ്ട്രീയ തെരുവ് നാടകമാടുന്നുവെന്നേ ജനത്തിന് തോന്നൂ.

ഈ മഹാപ്രളയത്തില്‍ നിന്നും പാഠം ഉള്‍ക്കൊണ്ട് പരിസ്ഥിതി പ്രത്യാഘാതം തടയുന്നതിനായി സര്‍ക്കാര്‍ കര്‍ശന നടപടികള്‍ക്കൊരുങ്ങുന്നുണ്ടെങ്കിലും അത് വെറും പ്രസ്താവനയില്‍ ഒതുങ്ങുകയില്ലെന്ന് വിശ്വസിക്കാമോ? സംസ്ഥാനത്ത് ഈ നൂറ്റാണ്ടിനിടയിലുണ്ടായ ഏറ്റവും വലിയ ദുരന്തം മുന്നറിയിപ്പായി കണ്ട് പരിസ്ഥിതി ദുര്‍ബ പ്രദേശങ്ങളില്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിക്കപ്പെടുന്നവര്‍ക്കെതിരേ മുഖം നോക്കാതെയുള്ള നടപടിയെടുക്കാന്‍ സര്‍ക്കാരിന് കഴിയണം. വികസനത്തിന്റെ അതിര്‍ത്തി വരമ്പുകള്‍ നിശ്ചയിക്കേണ്ട ഘട്ടമാണിത്. ഇപ്പോള്‍ ഇല്ലെങ്കില്‍ ഇനിയില്ല. ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനെതിരെയുള്ള പഴയ മലയോര ക്രൈസ്തവ പ്രതിഷേധത്തിന് ഊര്‍ജ്ജം പകരാന്‍ ഓടി നടന്ന നേതാവാണ് ഇന്നത്തെ മുഖ്യമന്ത്രി. തെറ്റുപറ്റിയെന്ന് പറയുന്നത് തന്നെ ഒരു വലിയ രാഷ്ട്രീയ പ്രവര്‍ത്തനമാണ്. അത് തിരുത്തുന്നതാവട്ടെ ചരിത്രവും. ഉപരിപ്ലവ ചര്‍ച്ചകള്‍ക്കപ്പുറം അതിന് തയ്യാറായാല്‍ മാറിയ കാഴ്ച്ചപ്പാടോടെ പരിസ്ഥിതി സംരക്ഷണത്തിലൂന്നിയ വികസന നയങ്ങള്‍ നടപ്പിലാക്കിയ ഭരണാധികാരിയെന്ന് തലമുറ നിങ്ങളെ പഠിക്കും. പക്ഷേ പ്രളയാനന്തര രാഷ്ട്രീയ ചര്‍ച്ചകള്‍ ഇപ്പോഴും തകര്‍ന്ന കോണ്‍ക്രീറ്റ് അവശിഷ്ടങ്ങളില്‍ കുടുങ്ങി കിടക്കുകയാണ്. ഇതിന് മാറ്റം ഉണ്ടാകുമോ എന്ന് വരും ദിവസങ്ങളിലെ സര്‍ക്കാര്‍ നിലപാടുകളിലൂടെ അറിയാം.

Tuesday, August 28, 2018

ദുരിതബാധിതരെ ചൂഷണം ചെയ്യുന്നവര്‍

1924-ലെ (99-ലെ) വെള്ളപ്പൊക്കത്തിനുശേഷം ചരിത്ര രേഖകളില്‍ എഴുതിച്ചേര്‍ക്കാവുന്ന മറ്റൊരു മഹാപ്രളയത്തിനാണ് കേരളം ഇപ്പോള്‍ സാക്ഷ്യം വഹിച്ചത്. നൂറ്റാണ്ടിനുശേഷം കേരളത്തിന്റെ ഒരു ഭാഗം കശക്കിയെറിഞ്ഞ ഈ പ്രളയത്തിന് പക്ഷെ ഓമനപ്പേരുകളൊന്നും കൊടുത്തതായി കേട്ടില്ല. അമേരിക്കയിലായിരുന്നെങ്കില്‍ എന്തെങ്കിലുമൊക്കെ ഒരു പേര് ഈ പ്രളയത്തോടൊപ്പം കാണുമായിരുന്നു, കേള്‍ക്കാന്‍ സുഖമുള്ള പേര്.

ഈ പ്രളയം കൊണ്ട് നേട്ടമാണോ കോട്ടമാണോ കേരളത്തിനുണ്ടായതെന്ന് ചോദിച്ചാല്‍ നേട്ടമാണെന്നേ പറയാന്‍ കഴിയൂ. കാരണം, വീടുകളടക്കം വിലപിടിപ്പുള്ള സര്‍‌വ്വതും പലര്‍ക്കും നഷ്ടപ്പെട്ടെങ്കിലും കേരളീയരുടെ മനസ്സ് ഒരു ശുദ്ധികലശം ചെയ്തതുതന്നെയാണ് മഹാ നേട്ടമായത്. ആ നേട്ടം ശാശ്വതമായി നിലനില്‍ക്കട്ടേ എന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്നു.

ജാതി, മത, വർഗ, വർണ, വിവേചനമില്ലാതെ മനുഷ്യൻ ഒന്ന് എന്ന സാർവലൗകികതയാണ് മാനവികതയുടെ കാതൽ എന്ന് കേരളീയര്‍ക്ക് മനസ്സിലാക്കിക്കൊടുക്കാന്‍ ഒരു മഹാപ്രളയം തന്നെ വേണ്ടിവന്നു. കൂടാതെ സ്നേഹവും സൗഹൃദവും സേവന സന്നദ്ധതയും മാത്രമല്ല, നന്മയും നീതിയും കാരുണ്യവും എന്താണെന്നും കേരളീയര്‍ പഠിച്ചു. ആ വിലമതിക്കാനാവാത്ത നേട്ടമല്ലേ ഈ പ്രളയം കൊണ്ട് കേരളീയര്‍ക്ക് ലഭിച്ചത്. പണ്ഡിതനും, പാമരനും, ധനികനും,  ദരിദ്രനുമെല്ലാം ഒരുമിച്ച് ഭക്ഷണം പാകം ചെയ്ത് ഒരുമിച്ച് കഴിച്ച് ഒരേ കൂരക്കീഴില്‍ അന്തിയുറങ്ങിയത് ഒരു അത്ഭുത പ്രതിഭാസമല്ലാതെ മറ്റെന്താണ്. അതുകൊണ്ടാണ് ഈ പ്രളയം കോട്ടമല്ല നേട്ടമാണ് ഉണ്ടാക്കിയതെന്ന് പറഞ്ഞത്.

"കണ്ണു തെറ്റിയാല്‍ അടിവസ്ത്രം വരെ അടിച്ചു മാറ്റും" എന്ന് പണ്ട് പ്രവാസി മലയാളികള്‍ പറഞ്ഞിരുന്നു. കൃത്യമായി പറഞ്ഞാല്‍ കൊച്ചി വിമാനത്താവളത്തിന്റെ ആരംഭ കാലത്ത് ഗള്‍ഫില്‍ നിന്ന് വരുന്ന മലയാളികളെ കൊള്ളയടിച്ച കസ്റ്റംസുകാരെക്കുറിച്ചാണ്. അക്കാലത്ത് ഗള്‍ഫില്‍ നിന്ന് വരുന്ന ആരേയും ആക്രാന്തം മൂത്ത കസ്റ്റംസ് ഉദ്യോഗസ്ഥര്‍ വെറുതെ വിടുമായിരുന്നില്ല. യാത്രക്കാരുടെ പെട്ടി തുറന്ന് അതിലുള്ള സാധനങ്ങളില്‍ പകുതിയും അവര്‍ അടിച്ചുമാറ്റിയിരുന്നു. എതിര്‍ക്കുന്നവരെ ഡ്യൂട്ടിയടിക്കുമെന്ന് പറഞ്ഞ് വിരട്ടിയാണ് അവരത് ചെയ്തിരുന്നതെന്ന് കേട്ടിട്ടുണ്ട്. അങ്ങനെയാണ് കസ്റ്റംസുകാര്‍ക്ക് "അടിവസ്ത്രം വരെ അടിച്ചു മാറ്റുന്നവര്‍" എന്ന പേരു വീണത്. ഏതാണ്ട് അതുപോലെ തന്നെയാണ് ഇപ്പോള്‍ കേരളത്തിലും നടക്കുന്നത്. ഇവിടെ ദുരിതാശ്വാസ കേന്ദ്രത്തിലേക്ക് കൊണ്ടുവരുന്ന വസ്ത്രങ്ങളില്‍ സ്ത്രീകളുടെ അടിവസ്ത്രം വരെ അടിച്ചു മാറ്റിയവരെക്കുറിച്ചാണ് പറഞ്ഞുവരുന്നത്.

പ്രളയം കൊണ്ട് നേട്ടം കൊയ്തത് ആരൊക്കെ എന്നു ചോദിച്ചാല്‍ ആദ്യത്തെ പേരുകള്‍ വരുന്നത് ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്ക് ജനങ്ങള്‍ എത്തിച്ച വസ്ത്രങ്ങളും മറ്റു നിത്യോപയോഗ സാധനങ്ങളും മോഷ്ടിക്കാന്‍ വന്ന ചില പാര്‍ട്ടി പ്രവര്‍ത്തകരുടേയും, സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേയും ഏതാനും ചില പോലീസ് ഉദ്യോഗസ്ഥരുടേതുമാണ്. രണ്ടാമതായി വിമാനക്കമ്പനികളാണ്. കൂടാതെ അവശ്യസാധനങ്ങള്‍ക്ക് ഒറ്റയടിക്ക് വിലകൂട്ടി വിറ്റ ചില കടയുടമകളും. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങള്‍ മോഷണം നടത്തുന്നതു കൂടാതെ പാര്‍ട്ടിയുടെ പേരില്‍ കടകള്‍ കൊള്ളയടിക്കുന്ന മറ്റൊരു വിഭാഗവും നിരവധി സ്ഥലങ്ങളില്‍ പ്രശ്നങ്ങള്‍ സൃഷ്ടിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
കേരളം ഒന്നടങ്കം ഏറ്റവും വലിയ ദുന്തത്തെ നേരിടുമ്പോഴാണ് മനഃസ്സാക്ഷിക്ക് നിരക്കാത്ത ഇത്തരത്തിലുള്ള പ്രവര്‍ത്തികള്‍ ഉത്തരവാദപ്പെട്ട ചിലരില്‍ നിന്നുണ്ടായത്. പരാതികള്‍ ലഭിച്ചപ്പോള്‍ ചൂഷകരായ ചിലര്‍ക്ക് മുന്നറിയുപ്പുമായി കേരളാ പൊലീസും രംഗത്ത് വന്നെങ്കിലും പിന്നീട് അവരില്‍ തന്നെ ചിലര്‍ ക്യാമ്പിലേക്ക് കൊണ്ടുവന്ന സാധന സാമഗ്രികളില്‍ കൈയ്യിട്ടു വാരാന്‍ തുടങ്ങി. പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന്റെ അവസ്ഥ മുതലാക്കി ചില ഹോട്ടലുകളും ചൂഷണം ചെയ്തതായി വാര്‍ത്തകള്‍ കണ്ടു.

ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് കൊണ്ടുവരുന്ന സാധനങ്ങളുടെ മോഷണം തടയാന്‍ പോലീസിനെ നിയോഗിച്ചെങ്കിലും 'വേലി തന്നെ വിളവു തിന്നുന്ന' പോലെയായി അവരും. സാധനങ്ങള്‍ അടിച്ചുമാറ്റുന്നതു മാത്രമല്ല, അടിച്ചുമാറ്റുന്നവര്‍ക്ക് കൂട്ടുനില്‍ക്കുകയും ചെയ്തത് പോലീസില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസം നഷ്ടപ്പെടാന്‍ കാരണമായി. അതോടെ ക്യാമ്പുകളിലുള്ളവര്‍ തന്നെ ജാഗ്രതയോടെ കാവല്‍ നില്‍ക്കുകയും കള്ളന്മാരെ കൈയ്യോടെ പിടികൂടാനും തുടങ്ങി. എന്നാല്‍ ഇങ്ങനെയുള്ള ചൂഷണങ്ങള്‍ തടയാന്‍ നേരിട്ട് ദുരിതാശ്വാസ ക്യാമ്പില്‍ സാധനങ്ങള്‍ എത്തിക്കാതെ ചില പോലീസ് സ്റ്റേഷനുകളില്‍ കളക്ഷന്‍ സെന്റര്‍ തുറക്കുവാനുള്ള സം‌വിധാനമൊരുക്കിയതിന്റെ അടിസ്ഥാനത്തിലാണ് കൊച്ചിയില്‍ കളക്ഷന്‍ സെന്റര്‍ ആരംഭിച്ചത്. അവിടെ നിന്നാണ് സ്ത്രീകള്‍ക്ക് നല്‍കാനായി കൊണ്ടുവന്ന അടിവസ്ത്രങ്ങളും നൈറ്റിയും മറ്റും ഒരു പോലീസുകാരി മോഷ്ടിച്ചത്.

പൊലീസ് സ്റ്റേഷനിലെത്തിച്ച സാധനങ്ങള്‍ തരം തിരിച്ച് പായ്ക്ക് ചെയ്യാനായി ചുമതലപ്പെടുത്തിയ സീനിയര്‍ വനിതാ പൊലീസ് ഓഫീസറാണത്രേ സാധനങ്ങള്‍ മോഷ്ടിച്ചത്. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു പാക്കിംഗ് തുടങ്ങിയത്. പാക്കറ്റുകളില്‍ പുതിയ* വസ്ത്രങ്ങളാണെന്ന് കണ്ട പോലീസുകാരി തന്റെ ബന്ധുക്കളെ വിളിച്ചുവരുത്തിയാണ് ആറു കാറുകളിലായി സാധനങ്ങള്‍ കടത്തിയത്. ഈ സംഭവത്തിന്റെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ പതിഞ്ഞത് അവര്‍ അറിഞ്ഞില്ല. സംഭവത്തെക്കുറിച്ച് പൊലീസ് രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയെന്നും അറിയുന്നു.

*ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് വ്യക്തികളും സംഘടനകളും മറ്റും നല്‍കുന്ന സാധനങ്ങള്‍, പ്രത്യേകിച്ച് വസ്ത്രങ്ങള്‍ പുതിയതായിരിക്കണം എന്ന നിബന്ധന വെച്ചത് ഇങ്ങനെ അടിച്ചുമാറ്റാനായിരുന്നു എന്ന് ചില ദോഷൈകദൃക്കുകള്‍ പറഞ്ഞിരുന്നുവെങ്കിലും അത് ശരിയാണെന്ന് ഇപ്പോള്‍ തോന്നുന്നു.

അടുത്തതായി പ്രളയക്കെടുതിയില്‍ നെടുമ്പാശേരി വിമാനത്താവളം അടച്ചതോടെ ഗള്‍ഫ് റൂട്ടുകളില്‍ വിമാനക്കമ്പനികള്‍ നടത്തുന്ന ചൂഷണമാണ്. നെടുമ്പാശേരിയില്‍ നിന്ന് പുറപ്പെടേണ്ട പല ഫ്ലൈറ്റുകളും തിരുവനന്തപുരം, കരിപ്പൂര്‍, കോയമ്പത്തൂര്‍ മുതലായ വിമാനത്താവളങ്ങളില്‍ നിന്നാണ് പുറപ്പെട്ടിരുന്നത്. ഓണം ബക്രീദ് മുതലായ ആഘോഷങ്ങളോടനുബന്ധിച്ച് യാത്രക്കാരുടെ തിരക്കു മുതലെടുത്താണ് ടിക്കറ്റ് നിരക്ക് 14 ഇരട്ടിയോളമാക്കി വിമാനക്കമ്പനിക്കാര്‍ ചൂഷണം ആരംഭിച്ചത്. കരിപ്പൂരില്‍ നിന്ന് ദുബൈയിലേക്കുള്ള സാധാരണ വിമാന നിരക്കായ 4,500 രൂപയില്‍ നിന്ന് ബക്രീദ് ദിനത്തില്‍ 29,000 രൂപയാക്കിയപ്പോള്‍ തൊട്ടടുത്ത ദിവസങ്ങളിലെല്ലാം അത് 60,000 രൂപയിലധികമാക്കിയാണ് പ്രവാസികളെ വിമാനക്കമ്പനി ചൂഷണം ചെയ്തത്. ഓണം, ബക്രീദ് പ്രമാണിച്ചും പ്രളയക്കെടുതിയാലും നാട്ടിലേക്കു മടങ്ങുന്നവരും നാട്ടില്‍ നിന്ന് ഗള്‍ഫിലേക്കു പോകുന്നവരും വിമാനക്കമ്പനികളുടെ കടുത്ത ചൂഷണത്തിന് ഇരകളാവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഓണം, ബക്രീദ്, വിഷു, ക്രിസ്മസ് വേളകളിലും ഗള്‍ഫ് രാജ്യങ്ങളില്‍ സ്‌കൂളുകള്‍ അടയ്ക്കുന്ന സമയത്തുമെല്ലാം വിമാനക്കമ്പനിക്കാര്‍ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടാറുണ്ടെങ്കിലും 60,000 രൂപയ്ക്കു മുകളില്‍ കടക്കുന്നത് ഇതാദ്യമാണെന്നാണ് പ്രവാസികള്‍ പറയുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ സര്‍വിസ് നിര്‍ത്തിയതാണ് പ്രധാനമായും വിമാനക്കമ്പനികള്‍ മുതലെടുക്കുന്നത്. സ്പൈസ് ജെറ്റ്, ഇന്‍ഡിഗോ, ജെറ്റ് എയര്‍വേയ്‌സ്, എയര്‍ ഇന്ത്യ എക്സ്‌പ്രസ് അടക്കമുള്ള കമ്പനികളാണ് നിരക്കു കുത്തനെ കൂട്ടി പ്രവാസികളെ മറ്റൊരു ദുരിതത്തിലേക്ക് തള്ളിവിട്ടതെന്നും പരാതിയുയര്‍ന്നിട്ടുണ്ട്. വിമാനക്കമ്പനികളുടെ ഇത്തരത്തിലുള്ള പകല്‍ക്കൊള്ളയ്ക്കെതിരെ പ്രവാസികള്‍ ശബ്ദമുയര്‍ത്താറുണ്ടെങ്കിലും അവയെല്ലാം വൃഥാവിലയാകുകയെന്നാണ് അവര്‍ പറയുന്നത്. ബന്ധപ്പെട്ട അധികൃതരോടും കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളോടും നിരന്തരം അഭ്യര്‍ത്ഥിച്ചിട്ടും യാതൊരു പ്രയോജനവുമില്ലെന്നും അവര്‍ പറയുന്നു. ഇപ്പോള്‍ കേരളത്തിലെ പ്രളയക്കെടുതി മുന്നില്‍ കണ്ടുകൊണ്ട് നിരക്കു വര്‍ധിപ്പിക്കരുതെന്ന് വ്യോമയാന മന്ത്രി സുരേഷ് പ്രഭു അഭ്യര്‍ഥിച്ചിരുന്നെങ്കിലും വിമാനക്കമ്പനികള്‍ അതു ചെവിക്കൊണ്ടിട്ടില്ലെന്നു പറയുന്നു. പ്രളയക്കെടുതിയില്‍ കടുത്ത സാമ്പത്തിക, മാനസിക പ്രയാസങ്ങള്‍ അനുഭവിക്കുന്നതിനിടയില്‍ ഇത്തരത്തിലുള്ള ചൂഷണം നടത്തുന്ന വിമാനക്കമ്പനികള്‍ക്കെതിരെ വ്യാപക പ്രതിഷേധവും ഉയരുന്നുണ്ട്.

അടുത്തതായി പൊതുജനങ്ങള്‍ എങ്ങനെ ഈ പ്രളയം ചൂഷണം ചെയ്തു എന്നതാണ്. ഉപയോഗശൂന്യമായ വസ്ത്രങ്ങള്‍ വാരിക്കെട്ടി ദുരിതാശ്വാസ കേന്ദ്രങ്ങളിലേക്കയച്ചവരെക്കുറിച്ച് ക്യാമ്പ് വൊളണ്ടിയര്‍മാര്‍ പറയുന്നത് സോഷ്യല്‍ മീഡിയകളില്‍ ഇപ്പോള്‍ ചര്‍ച്ചാവിഷയമായിരിക്കുകയാണ്. അധികൃതര്‍ ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ ക്യാമ്പുകള്‍ ഉപയോഗിക്കുന്നു എന്ന ആക്ഷേപവും വ്യാപകമാണ്. കൂടാതെ ചില ബിസിനസ് സ്ഥാപനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പുകള്‍ക്ക് അയച്ചുകൊടുത്ത സാധനങ്ങള്‍ വര്‍ഷങ്ങള്‍ പഴക്കമുള്ളവയാണെന്നതിനു തെളിവാണ് ആലപ്പുഴ അര്‍ത്തുങ്കല്‍ സെന്റ് ഫ്രാന്‍സിസ് അസീസി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ദുരിതാശ്വാസ ക്യാമ്പില്‍ ലഭിച്ച സാധനങ്ങള്‍. ഇവിടേക്കെത്തിയ സാധനങ്ങളുടെ കൂട്ടത്തില്‍ 30 വര്‍ഷം പഴക്കമുള്ള ടൂത്ത് ബ്രഷ് കൂടി ഉള്‍പ്പെട്ടതാണ് സന്നദ്ധസേവകരെയും അധികൃതരെയും ഒരുപോലെ ആശയക്കുഴപ്പത്തിലാക്കിയത്.

1988 മെയ് മാസത്തില്‍ നിര്‍മ്മിച്ച ടൂത്ത് ബ്രഷിന്റെ വിലയായി രേഖപ്പെടുത്തിയിരിക്കുന്നത് 2.50 രൂപയാണ്. ഇത്രയും പഴക്കമുള്ള സാധനങ്ങള്‍ എങ്ങനെ ക്യാമ്പിലെത്തിയെന്നാണ് ഇപ്പോള്‍ എല്ലാവരുടെയും ചോദ്യം. 'നിങ്ങളുടെ പഴയ സാധനങ്ങള്‍ ഒഴിവാക്കാനുള്ള അവസരമായി ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ കാണരുതെന്നും പുതിയ സാധനങ്ങള്‍ മാത്രമേ സംഭാവന ചെയ്യാവൂ' എന്നും അധികൃതര്‍ നിരവധി തവണ ആവശ്യപ്പെട്ടിരുന്നു എന്നു പറയുന്നു. എന്നാല്‍, ഉപയോഗ്യ ശൂന്യമായ വസ്തുക്കളും മുഷിഞ്ഞ വസ്ത്രങ്ങളും നിരവധി പേര്‍ ക്യാമ്പിലേക്ക് ഇപ്പോഴും എത്തിച്ചുകൊണ്ടിരിക്കുന്നു എന്നും, ഇത് സന്നദ്ധപ്രവര്‍ത്തകര്‍ക്കും തലവേദനയായി മാറിയിരുന്നു എന്നും, ആ വക സാധനങ്ങള്‍ മിക്കയിടങ്ങളിലും കുന്നുകൂടി കിടക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.

അതിനിടെ ഈ പ്രളയം മനുഷ്യനിര്‍മ്മിതിയാണെന്നും, ദുരന്തനിവാരണ അഥോറിറ്റിയുടെ ജാഗ്രതയില്ലായ്മയാണെന്നും, കെ‌എസ്‌ഇ‌ബിയുടെ ലാഭക്കൊതിയാണെന്നുമൊക്കെയുള്ള പ്രസ്താവനകള്‍ നിരന്തരം പുറത്തുവന്നുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ, ലോകമൊട്ടാകെയുള്ള ജനത ഒറ്റക്കെട്ടായി നിന്ന് കേരളം നേരിട്ട നാശനഷ്ടങ്ങള്‍ പരിഹരിക്കാന്‍ മുന്നോട്ടുവന്നത് ഒരുപക്ഷെ ചരിത്രത്തില്‍ തന്നെ ആദ്യ സംഭവമായിരിക്കാം. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിച്ച് സമയബന്ധിതമായി പൂര്‍ത്തിയാക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്റെ മന്ത്രിസഭാംഗങ്ങളും ഉദ്യോഗസ്ഥരും കാണിക്കുന്ന ശുഷ്ക്കാന്തി പ്രശംസനീയം തന്നെ.  പ്രളയക്കെടുതിയിലെ നാശനഷ്ടങ്ങള്‍ എത്ര കോടി വരുമെന്ന കൃത്യമായ ഒരു കണക്കില്ലെങ്കിലും ആ നാശനഷ്ടങ്ങളെ അതിജീവിക്കാന്‍ കഴിയുമെന്ന മുഖ്യമന്ത്രിയുടെ ആത്മധൈര്യമാണ് ജനങ്ങള്‍ക്ക് ശക്തി പകര്‍ന്നത്. നിരന്തരം പത്ര സമ്മേളനങ്ങള്‍ നടത്താനോ ചാനല്‍ ചര്‍ച്ചകളില്‍ സജീവമാകാനോ അവര്‍ നിന്നില്ല. എല്ലാവരും കര്‍മ്മോത്സുകരായി ജനങ്ങളോടൊപ്പം നിന്നതുകൊണ്ട് ജനങ്ങളും അവരോടൊപ്പം ചേര്‍ന്നു. 

ദുരിതാശ്വാസ നിധിയിലേക്കുള്ള സംഭാവനകളുടെ കണക്ക് ചോദിച്ച് പ്രകോപനം സൃഷ്ടിക്കാനുള്ള ചിലരുടെ ശ്രമങ്ങള്‍ക്ക് മറുപടിയായി മുഖ്യമന്ത്രിയുടെ ഒരു പത്രസമ്മേളനം തന്നെ ധാരാളം. അക്കൗണ്ടിലേക്ക് എത്ര വന്നു, എത്ര ചിലവായി, ഓഖി ദുരന്തത്തില്‍ പെട്ടവര്‍ക്ക് വേണ്ടി ലഭിച്ച പണമൊക്കെ എന്തു ചെയ്തു എന്ന ചോദ്യങ്ങള്‍ക്കെല്ലാം ഇന്നലെ അദ്ദേഹം നടത്തിയ പത്രസമ്മേളനത്തില്‍ കണക്കുകള്‍ നിരത്തി വിവരിച്ചു. ഒന്‍പതുവയസ്സുള്ള കുട്ടികള്‍ മുതല്‍ 90 വയസ്സുകാര്‍ വരെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയച്ചു എന്നു കേള്‍ക്കുമ്പോള്‍ 1924-ലെ വെള്ളപ്പൊക്കത്തില്‍ നാശനഷ്ടങ്ങള്‍ വന്നപ്പോള്‍ ദുരിത നിവാരണത്തിന് പണം സമാഹരിക്കാന്‍ ഗാന്ധിജി തിരഞ്ഞെടുത്ത മാര്‍ഗമാണ് ഓര്‍മ്മ വന്നത്. ബ്രിട്ടീഷ് ഗവണ്മെന്റുമായി സഹകരിക്കാന്‍ പോലും തയ്യാറായ ഗാന്ധിജി തന്റെ പ്രസിദ്ധീകരണങ്ങളായ യംഗ് ഇന്ത്യ, നവജീവന്‍ തുടങ്ങിയ മാധ്യമങ്ങള്‍ വഴി ജനങ്ങളോട് ആ​​ഹ്വാ​​നം ചെയ്തത് രാ​​ജ്യ​​ത്തെ​​ങ്ങു​​മു​​ള്ള മ​​നു​​ഷ്യസ്നേ​​ഹി​​ക​​ളെ സ്പ​​ർ​​ശി​​ച്ചതായി ചരിത്ര രേഖകളിലുണ്ട്. അന്ന് കു​​ട്ടി​​ക​​ളട​​ക്ക​​മു​​ള്ള​​വ​​രാണ് പണം അയച്ച് സഹായിച്ചത്. അദ്ദേഹം സ്വീ​​ക​​രി​​ച്ച പ​​ണ​​ത്തി​​ന്‍റെ ക​​ണ​​ക്ക് സമയാസമയങ്ങളില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്തു. ഇന്നത്തെപ്പോലെ സോഷ്യല്‍ മീഡിയകളോ ചാനലുകളോ പത്രങ്ങളോ ഒന്നും ഇല്ലാതിരുന്ന ആ കാലഘട്ടത്തിലാണ് ഗാന്ധിജി അത് ചെയ്തതെന്നോര്‍ക്കണം. ഗാന്ധിജിയുടെ ആഹ്വാനം കൊച്ചുകുട്ടികളുടെ മനസ്സില്‍ വരെ ആഴത്തില്‍ പതിയുകയും തങ്ങളാല്‍ കഴിയുന്ന എല്ലാ സഹായങ്ങളും ചെയ്തുകൊടുത്തതായി ചരിത്രമുണ്ട്. പ​​ണ​​മാ​​യും സ്വര്‍ണ്ണ​ണ​​മായുമൊക്കെയാണത്രേ സം​​ഭാ​​വ​​ന​​കള്‍ ലഭിച്ചത്. പ​​ല​​രും ഒ​​രു ദി​​വ​​സ​​ത്തെ ഭ​​ക്ഷ​​ണം വേ​​ണ്ടെ​​ന്നു​​വ​​ച്ച് ആ ​​പ​​ണം സം​​ഭാ​​വ​​ന ചെ​​യ്തു. ഒ​​രു പെ​​ണ്‍​​കു​​ട്ടി താ​​ന്‍ മോ​​ഷ്ടി​​ച്ചെ​​ടു​​ത്ത മൂ​​ന്നു പൈ​​സ​​യാ​​ണ് അ​​യ​​ച്ചു​​കൊ​​ടു​​ത്ത​​തെന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ ഈ പ്രളയദുരന്തത്തിന് തമിഴ്‌നാട്ടിലെ ഒരു ഒന്‍പതു വയസ്സുകാരി സൈക്കിള്‍ വാങ്ങാന്‍ സ്വരുക്കൂട്ടി വെച്ചിരുന്ന 4000 രൂപ ദുരിതാശ്വാസ നിധിയിലേക്ക് അയച്ചുകൊടുത്തതാണ് ഓര്‍മ്മ വരുന്നത്.  ത​ങ്ങ​ളു​ടെ സ​ഹാ​യം സ്വീ​ക​രി​ക്കു​മെ​ങ്കില്‍ അ​ധി​കൃ​ത​ര്‍ നി​യ​മി​ക്കു​ന്ന ക​മ്മി​റ്റി​യു​മാ​യി സ​ഹ​ക​രി​ക്കു​മെ​ന്ന് ഗാന്ധിജി തന്റെ ലേഖനത്തില്‍ വ്യക്തമാക്കിയിരുന്നു. സ​ഹാ​യം വേ​ണ്ടെ​ന്നാ​ണു നി​ല​പാ​ടെ​ങ്കി​ല്‍,​ ക​മ്മി​റ്റി​യില്‍ ചേ​രാ​തെ വ്യ​ക്തി​പ​ര​മാ​യി ആ​വും ​വി​ധ​ത്തില്‍ സ​ഹാ​യി​ക്കുമെന്നും അതിനാല്‍ നി​ല​പാ​ടു നോ​ക്കാ​തെ ദു​രി​ത നി​വാ​ര​ണ​ത്തി​ന് ഇ​റ​ങ്ങാ​ന്‍ ഏ​വ​രും ത​യ്യാറാകണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു. അത് വിജയിക്കുകയും ചെയ്തു. 

ഏതാണ്ട് ഇതുപോലെയൊക്കെത്തന്നെയല്ലേ ഈ പ്രളയക്കെടുതിയെ അതിജീവിക്കാന്‍ പിണറായി വിജയന്‍ ചെയ്തതും ചെയ്തുകൊണ്ടിരിക്കുന്നതും. വരവു ചിലവ് കണക്കുകള്‍ ചോദിക്കുന്നവര്‍ സര്‍ക്കാരിനൊപ്പം ചേര്‍ന്ന് ദുരന്ത നിവാരണം ത്വരിതപ്പെടുത്തുകയല്ലേ ചെയ്യേണ്ടത്? ഗാന്ധിജി പറഞ്ഞതുപോലെ "ഈ ​ഭ​യാ​ന​ക ദു​ര​ന്ത​ത്തെ അ​തി​ജീ​വി​ക്കാ​ന്‍ സര്‍​ക്കാ​രു​മാ​യി പ​ങ്കു​ചേ​രു​ന്ന​തി​ന് കോ​ണ്‍​ഗ്ര​സു​കാര്‍ മ​ടി​ക്കേ​ണ്ട​തി​ല്ല. ആ​പ​ത്തു​കാ​ല​ത്ത് വി​ചി​ത്ര ബ​ന്ധ​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് സ്വാ​ഭാ​വി​ക​മാ​യി കാ​ണ​ണം." 





Wednesday, August 22, 2018

പുര കത്തുമ്പോള്‍ വാഴ വെട്ടുന്നവര്‍

അപ്രതീക്ഷിതമായി ആഞ്ഞടിച്ച പ്രകൃതി ദുരന്തത്തില്‍ പെട്ട് സര്‍‌വ്വതും നശിച്ച കേരളത്തിലെ ജനങ്ങളെ കൈയ്മെയ് മറന്ന് സഹായിച്ചു കൊണ്ടിരിക്കുന്ന വ്യക്തികള്‍ക്കും സന്നദ്ധസംഘടനകള്‍ക്കും എത്ര നന്ദി പറഞ്ഞാലാണ് തൃപ്തിയാകുക? മഹാപ്രളയത്തിന്റെ സം‌ഹാര താണ്ഡവത്തില്‍ തകര്‍ത്തെറിഞ്ഞ കുടുംബങ്ങള്‍ സ്വന്തം രാജ്യത്ത് അല്ലെങ്കില്‍ സ്വന്തം ഗ്രാമത്തില്‍ അഭയാര്‍ത്ഥികളെപ്പോലെയായി. വര്‍ഷങ്ങളുടെ സമ്പാദ്യം മുഴുവന്‍ കുത്തൊഴുക്കില്‍ ഒലിച്ചു പോകുന്നത് നിസ്സഹായതയോടെ നോക്കി നില്‍ക്കാനേ അവര്‍ക്ക് കഴിഞ്ഞുള്ളൂ. ഉരുള്‍ പൊട്ടലിലും മലവെള്ളപ്പാച്ചിലിലും എത്രയോ പേരുടെ ജീവന്‍ പൊലിഞ്ഞു. ചിലര്‍ ആ കുത്തൊഴുക്കില്‍പെട്ട് വിസ്മൃതിയിലാണ്ടു പോയപ്പോള്‍ ബാക്കിയായവര്‍ വിവിധ അഭയ കേന്ദ്രങ്ങളിലേക്കയക്കപ്പെട്ടു.

മനുഷ്യജീവനുകളെ എങ്ങനെയും രക്ഷപ്പെടുത്തിയെടുക്കാന്‍ തദ്ദേശീയരും സര്‍ക്കാരും വിവിധ സൈനിക വിഭാഗങ്ങളും അക്ഷീണം പ്രയത്നിച്ചപ്പോള്‍ രക്ഷപ്പെട്ടത് ലക്ഷങ്ങള്‍. സ്വദേശത്തുനിന്നും വിദേശത്തു നിന്നും സഹായങ്ങളുടെ പ്രളയമാണ് ഇപ്പോള്‍ കേരളത്തിലേക്ക് ഒഴുകി ക്കൊണ്ടിരിക്കുന്നത്. ഈ മഹാപേമാരിയും പ്രളയവും കേരളം ചോദിച്ചു വാങ്ങിയതാണെന്ന് ഒരു കൂട്ടര്‍ വാദിക്കുമ്പോള്‍ മറുവശം അത് രാഷ്ട്രീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നു. ഇടതും വലതും അങ്ങോട്ടു മിങ്ങോട്ടും പഴിചാരുമ്പോള്‍ സര്‍‌വ്വതും നഷ്ടപ്പെട്ടവര്‍ നെഞ്ചത്തടിച്ചു അലമുറയിടുകയാണ്. കാരണം, അവരുടെ സമ്പാദ്യങ്ങള്‍ മുഴുവന്‍ നിമിഷ നേരം കൊണ്ടാണ് കുത്തിയൊലിച്ചു പോയത്. സഹായം നല്‍കി അവരെയൊക്കെ സമാശ്വസിപ്പിക്കുന്നതിനു പകരം 'നീയൊക്കെ അവിടെ കിടന്ന് അനുഭവിക്ക്' എന്ന മട്ടില്‍ കേന്ദ്രം നിലയുറപ്പിക്കുകയാണ്, ഇവരൊക്കെ ചത്തൊടുങ്ങിയിട്ടു വേണം ആ ചെളിയില്‍ താമര വിരിയിക്കാന്‍ എന്ന മട്ടില്‍. "തിന്നുകയുമില്ല തീറ്റിക്കുകയുമില്ല" എന്ന ഈ മുടന്തന്‍ ന്യായം അവര്‍ക്കു തന്നെ വിനയാകുമെന്ന് അടുത്ത തെരഞ്ഞെടുപ്പു വരുമ്പോള്‍ അറിയാം.

അണക്കെട്ടുകളില്‍ നിന്നും മലകളില്‍ നിന്നും വരുന്ന കുത്തൊഴുക്കില്‍ പെട്ട് നിരവധി വിഷ ജന്തുക്കളും നാട്ടിലിറങ്ങിയിട്ടുണ്ട്. ഉഗ്ര വിഷമുള്ള പാമ്പുകളും, തേള്‍, പഴുതാര മുതലായ വിഷ ജന്തുക്കളും വെള്ളം കയറിയ വീടുകളില്‍ കയറിക്കൂടിയിട്ടുള്ളത് പല ചാനലുകളിലൂടെ കാണിച്ചു കൊണ്ടിരിക്കുന്നു. എന്നാല്‍ അവയേക്കാള്‍ വിഷമുള്ള മനുഷ്യജന്തുക്കളും ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ കയറി അവിടത്തെ അന്തേവാസികളെ ദ്രോഹിക്കുന്നു എന്നു കേള്‍ക്കുമ്പോള്‍ കേരളത്തില്‍ സമാനമായ മറ്റൊരു പ്രളയം വന്ന് അവരൊക്കെ അടിഞ്ഞു പോകട്ടേ എന്ന് അറിയാതെ പ്രാര്‍ത്ഥിച്ചുപോയെങ്കില്‍ തെറ്റു പറയാന്‍ കഴിയില്ല. സ്ത്രീകളേയും പെണ്‍‌കുട്ടികളേയും ഉപദ്രവിക്കുക, അന്തേവാസികള്‍ക്ക് നല്‍കാന്‍ കൊണ്ടുവരുന്ന അവശ്യ വസ്തുക്കള്‍ ബലമായി പിടിച്ചെടുക്കുക, ഫെയ്സ്ബുക്ക്, വാട്സ്‌ആപ്പ് വഴി അനാവശ്യ പോസ്റ്റുകള്‍ പ്രചരിപ്പിക്കുക എന്നീ ദുഷ്‌പ്രവര്‍ത്തികളാണ് അവര്‍ ചെയ്തുകൊണ്ടിരിക്കുന്നത്.

കേരളത്തില്‍ നടന്നുവന്നിരുന്ന വര്‍ഗീയത ഈ പ്രളയത്തിലൂടെ ഒലിച്ചുപോയെന്നും, എല്ലാവരും ഒരു പാഠം പഠിച്ചെന്നുമൊക്കെ നാം നിത്യവും കേള്‍ക്കുന്നു. ഹിന്ദുക്കള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ മുസ്ലിങ്ങള്‍ പള്ളികള്‍ തുറന്നു കൊടുക്കുന്നു, മുസ്ലിങ്ങള്‍ക്ക് പ്രാര്‍ത്ഥിക്കാന്‍ ഹൈന്ദവ ക്ഷേത്രങ്ങള്‍ തുറന്നു കൊടുക്കുന്നു, അതുപോലെ ക്രൈസ്തവര്‍ക്ക് പ്രാര്‍ത്ഥിക്കാനും ഇക്കൂട്ടര്‍ അവരവരുടെ ആരാധനാലയങ്ങള്‍ തുറന്നു കൊടുക്കുന്നു..... എത്ര മനോഹരമാണീ കാഴ്ച. പക്ഷെ, കേരളത്തില്‍ ഈ അടുത്ത കാലത്തു ഉരുത്തിരിഞ്ഞ മതവൈര്യം വടക്കേ ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്താണെന്ന് എത്ര പേര്‍ക്കറിയാം? മതവൈര്യം ആളിക്കത്തുന്ന സംസ്ഥാനങ്ങളാണ് ഉത്തരേന്ത്യയില്‍ മിക്കതും. എന്നാല്‍ ദൈവത്തിന്റെ സ്വന്തം നാടെന്നു വിശേഷിപ്പിക്കുന്ന നമ്മുടെ കൊച്ചുകേരളത്തില്‍ അതൊന്നും തൊട്ടുതീണ്ടിയിട്ടില്ലായിരുന്നു, കുറച്ചു വര്‍ഷങ്ങള്‍ മുന്‍പു വരെ. ഉത്തരേന്ത്യയില്‍ നിന്നുള്ള ചില സ്വാമിമാരും, സന്യാസിമാരും, രാഷ്ട്രീയക്കാരും കേരള മണ്ണില്‍ കാലെടു വെക്കുകയും, അവരെ പൂജിക്കാനും വണങ്ങാനും അവരുടെ ആശ്രിതവത്സലരാകാനും കേരളത്തില്‍ ഒരു കൂട്ടര്‍ രംഗത്തിറങ്ങിയതോടെ മതവൈര്യം വളര്‍ത്തി വലുതാക്കാന്‍ കേരളത്തില്‍ വളക്കൂറുള്ള മണ്ണുണ്ടെന്ന് അവര്‍ക്ക് മനസ്സിലായി. അക്കൂട്ടരെ ഉന്നം വെച്ചുകൊണ്ടാണ് ഈ പ്രളയത്തിനുശേഷം മാനസാന്തരം വന്ന ചിലരുടെ പ്രവര്‍ത്തികള്‍ മേലെ ഉദ്ധരിച്ചത്.

പ്രളയക്കെടുതിയുടെ ആഘാതത്തില്‍ നിന്ന് കേരള ജനത മോചിതരാകും മുന്‍പേ ഇതാ മറ്റൊരു വര്‍ഗീയ വിഷവാഹിനി സ്വാമി രംഗപ്രവേശം ചെയ്തു കഴിഞ്ഞു.  കേന്ദ്രത്തില്‍ ബിജെപി അധികാരത്തില്‍ വന്നതിനുശേഷം നിരവധി മനുഷ്യരെയാണ് 'ഗോ രക്ഷകര്‍' എന്ന ഓമനപ്പേരിലറിയപ്പെടുന്ന ഗുണ്ടകള്‍ തല്ലിക്കൊന്നിട്ടുള്ളത്. എന്നാല്‍ കേരളത്തില്‍ മാത്രം അക്കൂട്ടരുടെ വിളയാട്ടം നടന്നിട്ടില്ല. അവരതിന് ശ്രമിക്കുന്നുണ്ടെങ്കിലും കേരളത്തില്‍ മാത്രം അത് വിലപ്പോയില്ല. എന്നാല്‍ ഇപ്പോള്‍ മേല്പറഞ്ഞ സ്വാമി അതേ ഗോ രക്ഷകന്റെ വേഷത്തില്‍ പ്രസ്താവനകളിറക്കി ജനങ്ങളെ പ്രകോപിപ്പിക്കാന്‍ ശ്രമിക്കുകയാണ്. കേരളത്തില്‍ ഇപ്പോഴുണ്ടായ പ്രളയം കേരളീയര്‍ ബീഫ് കഴിക്കുന്നതുകൊണ്ടാണെന്ന വാദവുമായാണ് ഹിന്ദുമഹാ സഭാ നേതാവ് ചക്രപാണി മഹാരാജ് രംഗത്തെത്തിയിരിക്കുന്നത്. കേരളത്തില്‍ പശുക്കളെ കൊല്ലുന്നതുകൊണ്ടാണ് പ്രളയമുണ്ടായതെന്നാണ് ചക്രപാണിയുടെ വാദം. കൂടാതെ, പ്രളയത്തില്‍ അകപ്പെട്ടവരില്‍ ബീഫ് കഴിക്കാത്തവരെ മാത്രം ഹിന്ദുക്കള്‍ സഹായിച്ചാല്‍ മതിയെന്നും ഈ ചക്രപാണി പറയുന്നു. ഭൂമിയോട് പാപം ചെയ്തവര്‍ക്ക് പ്രകൃതി നല്‍കിയ ശിക്ഷയാണത്രേ പ്രളയം. കഴിക്കാന്‍ മറ്റു ഭക്ഷണപദാര്‍ഥങ്ങള്‍ ഉണ്ടായിരിക്കുമ്പോഴാണ് കേരളത്തിലെ ജനങ്ങള്‍ പശുവിനെ കൊല്ലുകയും അതിന്റെ മാംസം കഴിക്കുകയും ചെയ്യുന്നതെന്നാണ് ഈ സ്വാമിയുടെ വാദം. പശുമാംസം കഴിച്ച് ഹിന്ദു മതവികാരം വ്രണപ്പെടുത്താന്‍ ശ്രമിച്ചവരോടും റോഡില്‍ പശുവിനെ അറുത്തവരോടും ക്ഷമിക്കരുതെന്നും, ചീത്ത മനുഷ്യര്‍ മൂലം നിഷ്‌കളങ്കരായവരും അപകടത്തില്‍ പെട്ടു എന്നും, ബീഫ് കഴിക്കുന്നവരെ സഹായിക്കണമെങ്കില്‍ ഇനി ഒരിക്കലും ബീഫ് കഴിക്കില്ലെന്ന് സത്യം ചെയ്യിക്കണമെന്നുമാണ് ചക്രപാണി ആവശ്യപ്പെടുന്നത്. പ്രളയ ദുരന്തത്തില്‍ പെട്ട ഇവരെ രക്ഷിച്ചാല്‍ അവര്‍ ബീഫ് ചോദിക്കുമെന്നായിരുന്നു ഗോസംരക്ഷകരുടെ വാദം. പ്രളയം കേരളം അര്‍ഹിക്കുന്നതാണെന്നും അവര്‍ പറയുന്നു. പ്രളയം ആരംഭിച്ച ഘട്ടത്തില്‍ ദേശീയ മാധ്യമങ്ങള്‍ കേരളത്തിലെ അവസ്ഥയോട് മുഖം തിരിച്ചിരുന്നു. ബീഫ് നിരോധനത്തിനെതിരെ വ്യാപകമായി ബീഫ് ഫെസ്റ്റ് നടത്തിയതിനുള്ള ശിക്ഷയാണെന്നായിരുന്നു കേരളത്തിനെതിരെ വരുന്ന ചില വിദ്വേഷ പോസ്റ്റുകള്‍.

ഇപ്പോള്‍ കേരളത്തില്‍ ചികിത്സയില്‍ കഴിയുന്ന മറ്റൊരു സ്വാമി അഗ്നിവേശ് ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത് ശ്രദ്ധിക്കാം:

"ജാര്‍ഖണ്ഡില്‍ ആക്രമണത്തിന് ഇരയായതിനു ശേഷം വയറിന്റെ ഇടതുവശത്ത് ആഴത്തില്‍ മുറിവുണ്ടായി. ഇപ്പോള്‍ ജേക്കബ് വടക്കഞ്ചേരിയുടെ ചികിത്സയിലാണ്. ഇനി ഒരുമാസമോ അതിലധികമോ മുറിവുണങ്ങാന്‍ ആവശ്യമാണ്. അദ്ദേഹം പറയുന്നതുപോലെ, നിരാഹാരമടക്കമുള്ള മുറകള്‍ പരിശീലിക്കുകയാണ് ഇപ്പോള്‍. സംഘപരിവാര്‍ എന്നെ നിലത്തേക്കു തള്ളിയിട്ടു. എന്റെ കണ്ണട ചവിട്ടിപ്പൊട്ടിച്ചു. വാച്ചും വസ്ത്രവുമെല്ലാം നശിപ്പിച്ചു. എന്തിനാണ് ഉപദ്രവിക്കുന്നതെന്നു കൈകൂപ്പി ചോദിച്ചിട്ടും അവര്‍ മറുപടി പറഞ്ഞില്ല. നമുക്ക് ചര്‍ച്ച ചെയ്യാമെന്നു പറഞ്ഞിട്ടും അവര്‍ കേട്ടില്ല. ഞാന്‍ മാപ്പു ചോദിക്കാന്‍ തയാറാണെന്നു പറഞ്ഞിട്ടും ആക്രമണം നിര്‍ത്തിയില്ല. മഹത്തായ പാരമ്പര്യം പിന്തുടരുന്ന സംസ്ഥാനമാണു കേരളം. എങ്ങനെയിതു സംഭവിച്ചു എന്നു ചോദിച്ചാല്‍ അറിയില്ല. അത് കൊച്ചി മഹാരാജാവിന്റെ കാലത്തിനു മുമ്പേ തുടങ്ങിയതാണ്. വിദ്യാഭ്യാസത്തിലും മതസൗഹാര്‍ദത്തിലും ഏറെ മുന്നിലാണു കേരളം. ക്രിസ്തുവിന്റെ അനുയായിയായിരുന്ന തോമാശ്ലീഹ വന്നിട്ടുള്ള നാടാണിത്. സംശയിക്കുകയും തര്‍ക്കിക്കുകയും സ്വയം മാറുകയും ചെയ്യുകയെന്നത് ഒരു മനുഷ്യന്റെ ജന്മാവകാശമാണ്. അങ്ങനെയാണ് നമ്മര്‍ വികസിച്ചതും വളര്‍ന്നതും. നിര്‍ഭാഗ്യവശാല്‍ ‘മോഡി’ യുഗത്തില്‍ രാജ്യമെമ്പാടും അലയടിക്കുന്ന സംഭവങ്ങള്‍ കേരളത്തെയും ബാധിക്കുന്നുണ്ടെന്നാണു കരുതുന്നത്. എങ്കിലും ഇവിടുത്തെ ഇടതു സര്‍ക്കാര്‍ അതിനെ നന്നായി കൈകാര്യം ചെയ്യുന്നുണ്ട്. ഇവിടുത്തെ മനുഷ്യസമ്പത്തിനെക്കുറിച്ചും സര്‍ക്കാരിനു ധാരണയുണ്ട്. രാഷ്ട്രീയ ബോധത്തെക്കുറിച്ചും യുവാക്കളെക്കുറിച്ചും നല്ല ബോധ്യമുണ്ട്. കോണ്‍ഗ്രസും ജനാധിപത്യ മൂല്യങ്ങളില്‍ അടിയുറച്ചാണിവിടെ മുന്നോട്ടു പോകുന്നത്. സംഘപരിവാറിന്റെ വളര്‍ച്ചയെ എങ്ങനെ പ്രതിരോധിക്കണമെന്ന് അവര്‍ക്കു ബോധ്യമുണ്ട്. ഞാന്‍ കേരളത്തില്‍ അങ്ങേയറ്റം സുരക്ഷിതനാണ്. ഞാന്‍ ആവശ്യപ്പെടാതെ തന്നെ എനിക്കാവശ്യമായ എല്ലാ സുരക്ഷയും അവര്‍ നല്‍കുന്നു. അക്കാര്യത്തില്‍ പിണറായി വിജയനോട് നന്ദിയുണ്ട്. എന്റെ എല്ലാ യാത്രകള്‍ക്കും ആവശ്യമായ സുരക്ഷ അദ്ദേഹം ഇടപെട്ടു നല്‍കുന്നുണ്ട്. ഒരു ഭീഷണിയും ഇവിടെയില്ല. ബിജെപി ഭരിക്കാത്ത സംസ്ഥാനങ്ങള്‍ നോക്കിയാലും അതിലും കൂടുതല്‍ സുരക്ഷ ഇവിടെയുണ്ട്." സ്വാമിമാരിലും സന്യാസിമാരിലും വിവിധ ചിന്താഗതിയുള്ളവരുണ്ടെന്ന് ഇതില്‍ നിന്ന് മനസ്സിലാക്കാവുന്നതേ ഉള്ളൂ.

അണക്കെട്ടുകളില്‍ നിന്ന് തുറന്നുവിട്ട വെള്ളത്തിന്റെ കുത്തൊഴുക്കില്‍ പെട്ട് ഒരു പ്രദേശം മുഴുവന്‍ നാശങ്ങള്‍ വിതച്ചപ്പോള്‍ മനുഷ്യരെ രക്ഷിക്കാന്‍ പലരുമുണ്ടായിരുന്നു. എന്നാല്‍ ആ കുത്തൊഴുക്കില്‍ ഒലിച്ചുപോയ മിണ്ടാപ്രാണികളെക്കുറിച്ച് ആരും ഒരക്ഷരവും മിണ്ടുന്നില്ല. ആടുമാടുകളുടെ കൂട്ടത്തില്‍ പശുവും പന്നിയും കോഴിയും താറാവും പട്ടിയും പൂച്ചയും മറ്റു വളര്‍ത്തു മൃഗങ്ങളൊക്കെയുണ്ടായിരുന്നു. അവയൊക്കെ എവിടെ? ആ മിണ്ടാപ്രാണികളെക്കുറിച്ച് വേവലാതിയില്ലാത്ത എല്ലാ കപടസ്വാമികളേയും സന്യാസിമാരേയും കേരളത്തില്‍ നിന്ന് അടിച്ചോടിക്കണം.

മലവെള്ളപ്പാച്ചിലില്‍ ജീവന്മരണ പോരാട്ടം നടത്തുന്നവരെ ജാതിയോ മതമോ വിശ്വാസമോ നോക്കാതെ രക്ഷപ്പെടുത്തുന്ന രംഗങ്ങള്‍ ശ്വാസമടക്കിപ്പിടിച്ചാണ് നാമെല്ലാം കണ്ടത്. ചില രംഗങ്ങള്‍ കരളലിയിക്കുന്നതുമായിരുന്നു. നേവിയും എയര്‍ഫോഴ്സും കരസേനയും ഒത്തൊരുമിച്ചു നടത്തിയ രക്ഷാപ്രവര്‍ത്തനങ്ങള്‍ ഈ യുഗത്തില്‍ ജീവിച്ച ഒരാളും മറക്കാനിടയില്ല. അതുപോലെ മത്സ്യത്തൊഴിലാളികള്‍ ഇത്രയും ധൈര്യശാലികളും സേവനമനസ്ക്കരുമാണെന്നും നമ്മളില്‍ പലര്‍ക്കും അറിയില്ലായിരുന്നു. മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞതുപോലെ "അവരാണ് കേരളത്തിന്റെ യഥാര്‍ത്ഥ സൈനികര്‍..!!" ഇപ്പോള്‍ കേരളത്തില്‍ നടന്ന രക്ഷാപ്രവര്‍ത്തനങ്ങള്‍ ചരിത്രത്തിന്റെ ഏടുകളില്‍ തങ്കലിപികളാല്‍ എഴുതിച്ചേര്‍ക്കേണ്ടതാണ്. ദുരിതാശ്വാസ കേന്ദ്രങ്ങളില്‍ അഭയം തേടിയവര്‍ക്ക് ഉണ്ണാനും ഉടുക്കാനും യഥേഷ്ടം വിഭവങ്ങളെത്തിച്ച സന്നദ്ധ സേവകര്‍ക്കും സംഘടനകള്‍ക്കും എത്ര നന്ദി പറഞ്ഞാലാണ് തൃപ്തിയാകുക. സ്വാമി ചക്രപാണിയെപ്പോലുള്ള പ്രാണികളെ കേരളത്തിന്റെ മണ്ണില്‍ വളരാന്‍ അനുവദിച്ചാല്‍ ദൈവം പോലും ക്ഷമിച്ചെന്നു വരില്ല. 

ദുരിതമുഖത്ത് ഹിന്ദുവും മുസല്‍മാനും ക്രിസ്ത്യാനിയുമെല്ലാം കൈകകോര്‍ത്ത കാഴ്ചയ്ക്കാണ് കേരളം സാക്ഷ്യം വഹിച്ചു കൊണ്ടിരിക്കുന്നത്. വെന്നിയോട് നദി കരകവിഞ്ഞൊഴുകിയതിനെ തുടര്‍ന്ന് മലിനമാക്കപ്പെട്ട വയനാട്ടിലെ വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രം ശുചീകരിച്ചത് കോഴിക്കോട് മുക്കത്തു നിന്നും വന്ന മുസ്ലിം യുവാക്കളായിരുന്നു. വെള്ളം കയറി നാശം വിതച്ച വീടുകള്‍ ശുചീകരിക്കാനിറങ്ങിയ ഇവരോട് ക്ഷേത്രത്തിന്റെ അവസ്ഥ വളരെ മോശമാണെന്നും പറ്റുമെങ്കില്‍ ഞങ്ങള്‍ക്കൊപ്പം നിന്ന് ഒന്നു സഹായിക്കണമെന്നും ക്ഷേത്രഭാരവാഹികള്‍ ആവശ്യപ്പെടുകയായിരുന്നു. ഞങ്ങള്‍ മുസ്ലീങ്ങളാണെന്നും അമ്പലത്തില്‍ കയറിയാല്‍ കുഴപ്പമുണ്ടാകുമോ എന്ന അവരുടെ ചോദ്യത്തിന് 'അതിനൊന്നും ഇനി പ്രസക്തിയില്ല' എന്ന ഉറപ്പാണത്രേ ഈ ഇരുപതംഗ മുസ്ലിം യുവാക്കളെ ക്ഷേത്രം വൃത്തിയാക്കാന്‍ പ്രേരിപ്പിച്ചത്. പിന്നെ ഇവര്‍ ഒത്തുചേര്‍ന്ന് ക്ഷേത്ര ശുചീകരണങ്ങള്‍ വേഗത്തിലാക്കുകയായിരുന്നു. ഇവര്‍ക്ക് വേണ്ട എല്ലാ സഹായത്തിനും ക്ഷേത്രഭാരവാഹികളും ഒപ്പമുണ്ടായിരുന്നു. വെന്നിയോട് ശ്രീ മഹാവിഷ്ണു ക്ഷേത്രത്തില്‍ പ്രവേശിച്ചത് 18 മുസ്ലിം യുവാക്കളുടെ സംഘമാണ്. ചെളിയും മണ്ണും നിറഞ്ഞ ക്ഷേത്രത്തിന്റെ ശ്രീകോവിലിന്റെ ഉള്ള് ഒഴികെ ഭിത്തിവരെ മുസ്ലിം യുവാക്കള്‍ ശുചിയാക്കി. ക്ഷേത്രം മണ്ണും ചെളിയും അഴുക്കും കൊണ്ടു നിറഞ്ഞിരുന്നു. ഇതേ മാതൃകയിലാണ് പാലക്കാട് മണ്ണാര്‍ക്കാട് അയ്യപ്പക്ഷേത്രം നാലു മണിക്കൂര്‍ നീണ്ട ശുചീകരണത്തിലൂടെ വീണ്ടും പഴയത് പോലെയാക്കിയത് മണ്ണാര്‍ക്കാട് സമസ്ത കേരള സുന്നി സ്റ്റുഡന്റ്‌സ് ഫെഡറേഷനില്‍ പെടുന്ന 20 മുസ്ലിം യുവാക്കളായിരുന്നു. കോല്‍പ്പുഴയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ക്ഷേത്രം നാലു ദിവസം മുമ്പാണ് ചെളിയും മണ്ണും കയറി മലിനമായത്. ജാതിമത ചിന്തകള്‍ക്ക് അപ്പുറത്ത് അവരുടെ സഹായത്തെ ഏറെ മതിക്കുന്നതായി ക്ഷേത്രം നടത്തിപ്പ് കമ്മറ്റി പറയുന്നു. അരാഫ നോമ്പ് കാലത്താണ് രണ്ട് ജില്ലകളിലെ രണ്ട് ക്ഷേത്രങ്ങളില്‍ മതവിവേചനത്തിന്റെ വര മാഞ്ഞുപോയത്. യുദ്ധത്തില്‍ പോലും ഓരോരുത്തരുടേയും ആരാധനാലയങ്ങള്‍ സംരക്ഷിക്കുക എന്നത് ഓരോരുത്തരുടെയും കടമയാണെന്നാണ് ഇസ്‌ളാം പറയുന്നത്. പ്രളയം പോലെയുള്ള പരീക്ഷണ കാലത്ത് ചെയ്തില്ലെങ്കില്‍ ഞങ്ങള്‍ വിശ്വസിക്കുന്ന ദൈവത്തോട് മറുപടി പറയേണ്ടി വരുമെന്നും ഇവര്‍ പറയുന്നു. ഏറ്റവും സ്പര്‍ശിച്ചത് തങ്ങളെ സ്വീകരിക്കാന്‍ ക്ഷേത്രം ഭാരവാഹികള്‍ കാട്ടിയ മനസാണെന്നും അവര്‍ പറയുന്നു. പ്രധാന പൂജാരിയുടെ പോലും സഹായമില്ലാതെയാണ് ശ്രീകോവിലില്‍ പോലും ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. എസ്‌കെഎസ്എസ്എഫിന്റെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ മറക്കാന്‍ കഴിയാത്തതാണെന്നും ശ്രീകോവില്‍ വരെ മാലിന്യം അടിഞ്ഞു കിടക്കുന്ന സ്ഥിതിയിലായിരുന്നെന്നും മണ്ണാര്‍കാട് അയ്യപ്പക്ഷേത്രം ഭാരവാഹികള്‍ വ്യക്തമാക്കി (വീഡിയോ കാണുക: https://youtu.be/ZWIQxxFmfaQ )

ഇതിനിടെ കേരളത്തിലെ പ്രളയം മനുഷ്യനിര്‍മ്മിതമാണെന്നാണ് പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗില്‍ പറയുന്നത്. എന്നാല്‍ അത് അംഗീകരിക്കാന്‍ കൂട്ടാക്കാതെ പരസ്പരം പഴിചാരി ഭരണ-പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗം കൊഴുപ്പിക്കുകയാണ്. വെള്ളപ്പൊക്കം ഇത്ര ആഘാതമാകാന്‍ കാരണം അണക്കെട്ടുകള്‍ ഒന്നിച്ചു തുറന്നു വിട്ടതുകൊണ്ടാണെന്ന് ഗാഡ്ഗില്‍ പറയുമ്പോള്‍ അത് സമ്മതിക്കാതെ കെ‌എസ്‌ഇ‌ബിയും രംഗപ്രവേശം ചെയ്തു കഴിഞ്ഞു. അശാസ്ത്രീയമായി ഡാമുകള്‍ ഒന്നിച്ച് തുറന്ന് വിട്ടതാണ് കേരളത്തില്‍ പ്രളയക്കെടുതിക്ക് ഇത്രയും ആക്കം കൂട്ടിയതെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തല്‍. വര്‍ഷങ്ങളായി പശ്ചിമഘട്ടത്തില്‍ നടന്നുവരുന്ന ഘനന പ്രവര്‍ത്തനങ്ങളും പ്രകൃതി ദുരന്തത്തിന്റെ ശക്തി കൂട്ടി മനുഷ്യനിര്‍മ്മിതമായ ദുരന്തത്തിനാണ് കേരളം സാക്ഷിയായതെന്നും അദ്ദേഹം തറപ്പിച്ചു പറയുന്നു.

അതിസങ്കീര്‍ണ്ണമായ പ്രക്യതി ദുരന്തത്തിലൂടെയാണ് കേരളം കടന്നു പോയത്. പശ്ചിമഘട്ടത്തില്‍ പ്രവര്‍ത്തിക്കുന്ന ക്വാറികളും മണ്ണിടിച്ചിലുമാണ് ദുരന്തം വരുത്തിവെച്ചതിന് പ്രധാന കാരണം. ശാസ്ത്രീയമായി ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിക്കാതെ അപ്രതീക്ഷിതമായി ഡാമുകള്‍ തുറന്ന് വിട്ടതാണ് സുരക്ഷിതമായ പല സ്ഥലങ്ങളെയും വെള്ളത്തിനടയിലാക്കിയത് ഗാഡ്ഗില്‍ പറയുന്നു. കേരളത്തില്‍ പ്രവര്‍ത്തിക്കുന്ന നിയമവിരുദ്ധമായ പല പാറമടകളും സര്‍ക്കാര്‍ നിയമ വിധേയമാക്കുകയാണ്. ഇത് വീണ്ടും ദുരന്തമാവര്‍ത്തിക്കാന്‍ കാരണമാകും. 50 വര്‍ഷങ്ങള്‍ പഴക്കമുള്ള ഡാമുകള്‍ ഡീകമ്മീഷന്‍ ചെയ്യണമെന്ന തന്റെ റിപ്പോര്‍ട്ടിലെ നിര്‍ദ്ദേശങ്ങളെക്കുറിച്ച് ചിന്തിക്കേണ്ടിയിരിക്കുന്നു. ദുരന്തത്തില്‍ തകര്‍ന്ന പ്രദേശങ്ങള്‍ പുനര്‍നിര്‍മ്മിക്കുപ്പോള്‍ ശാസ്ത്രീയമായതും പ്രകൃതിക്ക് അനുയോജ്യമായ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തണമെന്നും ഗാഡ്ഗില്‍ മുന്നറിയിപ്പ് നല്‍കുന്നു.

അതേസമയം, ബാണാസുര അണക്കെട്ട് തുറന്നതില്‍ പാളിച്ചയുണ്ടായെന്ന് സമ്മതിച്ച് ചീഫ് സെക്രട്ടറി ടോം ജോസ് രംഗത്തെത്തി. മുന്നറിയിപ്പ് നല്‍കുന്നതില്‍ കമ്യൂണിക്കേഷന്‍ ഗ്യാപ് ഉണ്ടായിട്ടുണ്ടെന്നും എന്നാല്‍ മറ്റ് ഡാമുകള്‍ തുറക്കുന്നതില്‍ പാളിച്ചയുണ്ടായിട്ടില്ലെന്നും ടോം ജോസ് പറയുന്നു. ബാണാസുര അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് മുന്നറിയിപ്പു നല്‍കിയില്ലെന്ന് വയനാട് ജില്ലാ കലക്ടര്‍ നേരത്തെ ആരോപിച്ചിരുന്നു. എന്നാല്‍, കൃത്യമായ വിവരം നല്‍കിയിരുന്നുവെന്നതിന്റെ തെളിവുകള്‍ തന്റെ പക്കലുണ്ടെന്നായിരുന്നു കെ.എസ്.ഇ.ബി ചെയര്‍മാന്റെ വാദം. ബാണാസുര അണക്കെട്ടു മുന്നറിയിപ്പില്ലാതെ തുറന്നുവെന്ന ആരോപണം കെ.എസ്.ഇ.ബി ചെയര്‍മാന്‍ എന്‍.എസ് പിള്ള നിഷേധിച്ചിരുന്നു. ബാണാസുരയുമായി ബന്ധപ്പെട്ട ആരോപണം സത്യത്തിന് നിരക്കാത്തതാണ്. ഇടുക്കി തുറക്കുന്നതിനു മുമ്പ് തന്നെ ബാണാസുര തുറന്നിരുന്നു. ജലനിരപ്പ് ഉയര്‍ന്ന സമയത്ത് തന്നെ ഇതുസംബന്ധിച്ച് അറിയിപ്പു കൊടുത്തിരുന്നെന്നുമായിരുന്നു അദ്ദേഹം പറഞ്ഞത്. ഉത്തരവാദപ്പെട്ടവര്‍ രക്ഷപ്പെടാന്‍ ഇങ്ങനെ പരസ്പരം പഴിചാരുമ്പോഴും ചെളിവാരിയെറിയുമ്പോഴും ആ ചെളിയില്‍ സര്‍‌വ്വസ്വവും പൂണ്ടുപോയ സാധാരണ ജനങ്ങള്‍ നിങ്ങള്‍ക്ക് മാപ്പു തരില്ല.

Sunday, August 5, 2018

കുട്ടികളുള്‍പ്പടെയുള്ളവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് സൂക്ഷിച്ചതിന് ഇന്ത്യാക്കാരന് നാലു വര്‍ഷം തടവും നാടുകടത്തലും ശിക്ഷ

ന്യൂയോര്‍ക്ക്: കുട്ടികളുള്‍പ്പടെയുള്ളവരുടെ അശ്ലീല വീഡിയോകളും ചിത്രങ്ങളും ഡൗണ്‍ലോഡ് ചെയ്ത് കം‌പ്യൂട്ടറില്‍ സൂക്ഷിച്ച കുറ്റത്തിന് ഇന്ത്യാക്കാരന് നാലു വര്‍ഷം തടവും നാടുകടത്തലും ശിക്ഷ വിധിച്ചു. കൂടാതെ പത്തു വര്‍ഷത്തെ നല്ല നടപ്പിനും വീഡിയോയില്‍ ഉള്‍പ്പെട്ട രണ്ടു പേര്‍ക്ക് 1000 ഡോളര്‍ വീതം നഷ്ടപരിഹാരവും നല്‍കണം. പിറ്റ്സ്ബര്‍ഗില്‍  താമസിക്കുന്ന അഭിജിത് ദാസിനാണ് യു.എസ്. ഫെഡറല്‍ കോടതി ശിക്ഷ വിധിച്ചത്.

കഴിഞ്ഞ വര്‍ഷം നവംബറിലാണ് അഭിജിത്ത് ദാസിനെ (28) പോലീസ് അറസ്റ്റ് ചെയ്തത്. യൂണിവേഴ്സിറ്റി ഓഫ് പിറ്റ്സ്ബര്‍ഗില്‍ നിന്ന് കെമിസ്‌ട്രിയില്‍ ഉപരിപഠനത്തിനും ഡോക്ടറേറ്റ് ഡിഗ്രി സമ്പാദിക്കാനുമാണ് അഭിജിത്ത് കഴിഞ്ഞ വര്‍ഷം സ്റ്റുഡന്റ് വിസയില്‍ അമേരിക്കയിലെത്തിയത്. എന്നാല്‍ അമേരിക്കയിലെ നിയമങ്ങളെക്കുറിച്ചുള്ള അജ്ഞത കൊണ്ടോ മറ്റോ അശ്ലീല സൈറ്റുകളില്‍ നിന്ന് നഗ്ന ചിത്രങ്ങളും കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകളും സ്വന്തം കം‌പ്യൂട്ടറില്‍ ഡൗണ്‍‌ലോഡ് ചെയ്ത് സൂക്ഷിക്കുകയായിരുന്നു.

സൈബര്‍ ക്രൈം വിഭാഗത്തിന്റെ നിര്‍ദ്ദേശ പ്രകാരം അഭിജിത്തിന്റെ വീട്ടില്‍ പോലീസ് നടത്തിയ റെയ്ഡില്‍ അശ്ലീല ദൃശ്യങ്ങള്‍ സൂക്ഷിച്ചിരുന്ന കം‌പ്യൂട്ടര്‍ പിടിച്ചെടുത്തിരുന്നു. 1000 ചിത്രങ്ങളും 380 വീഡിയോകളുമാണ് ഈ കം‌പ്യൂട്ടറില്‍ ഉണ്ടായിരുന്നത്. ഇതില്‍ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങളും ഉള്‍പ്പെട്ടിരുന്നു. ഇതാണ് അഭിജിത്തിനു ശിക്ഷ വിധിക്കാന്‍ കാരണമായത്.

അന്ന് 25,000 ഡോളര്‍ ബോണ്ടിന്റെ ജാമ്യത്തില്‍ അഭിജിത്തിനെ വിട്ടയച്ചിരുന്നു. ഫെഡറല്‍ നിയമപ്രകാരം 20 വര്‍ഷത്തെ ജയില്‍ ശിക്ഷയോ 250,000.00 ഡോളര്‍ പിഴയോ അല്ലെങ്കില്‍ ഇവ രണ്ടുമോ ആണ് ശിക്ഷ. അതാണ് ഇപ്പോള്‍ നാലു വര്‍ഷത്തെ ജയില്‍ ശിക്ഷയും 2000 ഡോളര്‍ പിഴയും നല്ല നടപ്പും നാടുകടത്തലുമായി ചുരുങ്ങിയത്.

നാലു വര്‍ഷത്തെ ജയില്‍ ശിക്ഷ കഴിഞ്ഞാല്‍ അഭിജിത്തിനെ ഇമിഗ്രേഷന്‍ അധികൃതര്‍ക്ക് കൈമാറുമെന്നും അവരാണ് നാടുകടത്തല്‍ നടപടിക്രമം പൂര്‍ത്തിയാക്കുന്നതെന്നും അതുകൊണ്ടുതന്നെ പത്തു വര്‍ഷത്തെ നല്ല നടപ്പിന് പ്രസക്തിയില്ലെന്നും അഭിജിത്തിന്റെ അഭിഭാഷകന്‍ സമീര്‍ സര്‍ണ പറഞ്ഞു. നാടുകടത്തിയാല്‍ പിന്നീട് അമേരിക്കയിലേക്ക് തിരിച്ചുവരാന്‍ ഉദ്ദേശമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Friday, August 3, 2018

കുമ്പസാരം എന്തിന് നിരോധിക്കണം ?

കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് നാലു വൈദികര്‍ ഒരു വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ചെന്ന വാര്‍ത്ത കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളേയും ഞെട്ടിച്ചു. അത്ര സുഖകരമല്ലാത്ത ആ വാര്‍ത്തയെ പൊടിപ്പും തൊങ്ങലും വെച്ച് മറ്റു പലരും ദുരുപയോഗം ചെയ്തു എന്നത് മറ്റൊരു വശം. ഒരു കൂട്ടര്‍ ക്രൈസ്തവ വൈദികരെ ഒന്നടങ്കം കുറ്റക്കാരാക്കി മുദ്ര ചാര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു കൂട്ടരാകട്ടേ വീട്ടമ്മയെ ദുര്‍നടപ്പുകാരിയാക്കി ചിത്രീകരിക്കാനുമാണ് ശ്രമിച്ചത്.

കുമ്പസാരം മാത്രമല്ല എല്ലാ മതങ്ങള്‍ക്കും അവരുടെ വിശ്വാസാചാരങ്ങളില്‍ ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. വിശ്വാസ ജീവിതത്തിന്‍റെ ആധാരശിലകള്‍ എന്നറിയപ്പെടുന്ന, ജനകോടികള്‍ പിന്തുടരുന്ന ആചാരങ്ങള്‍ ഉരുത്തിരിയുന്നത് ഈ പ്രമാണങ്ങള്‍ വഴിയാണ്. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് ആത്യന്തികമായി നന്മയും സമാധാനവും ശാന്തിയും പുലരണമെന്നാണ്. ക്രൈസ്തവ സമൂഹത്തിലെ ഒരു വിശ്വാസമാണ് കുമ്പസാരം അഥവാ ദണ്ഡവിമോചനം (indulgences). കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ താത്ക്കാലികമായ ശിക്ഷയില്‍നിന്നും ഒരു വ്യക്തിക്ക്‌ സഭയില്‍നിന്നും ക്രിസ്‌തു ഭാരമേല്പിച്ച പുണ്യത്തിന്റെയും ഭണ്‌ഡാരത്തിന്റെയും യോഗ്യത മൂലം പൂര്‍ണ്ണമായോ ഭാഗികമായോ ലഭിക്കുന്ന ഇളവുകളാണ്‌ ഇത്. ഒരു വ്യക്തി മരിച്ചു കഴിയുമ്പോള്‍ അയാള്‍ക്ക് ശുദ്ധീകരണസ്ഥലത്ത് (Purgatory) ലഭിക്കാവുന്ന ശിക്ഷയില്‍ ഇളവുകള്‍ അനുവദിക്കുവാന്‍ മാർപാപ്പയ്ക്ക് അധികാരമുണ്ടെന്ന വിശ്വാസമാണ് ദണ്ഡവിമോചനം എന്ന് അറിയപ്പെടുന്നത്. ഒരു വ്യക്തി മരിക്കുമ്പോള്‍ അയാളുടെ ആത്മാവ് ഒന്നുകില്‍ സ്വര്‍ഗത്തില്‍ അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്നതായിരുന്നു പരമ്പരാഗതമായ വിശ്വാസം. കത്തോലിക്കാ വിശ്വാസമനുസരിച്ച് പാപസങ്കീര്‍ത്തനം അഥവാ കുമ്പസാരം എന്ന പ്രക്രിയയിലൂടെ താന്‍ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നു. പാപങ്ങളില്‍നിന്ന് മോചനം ലഭിച്ചാലും അയാളുടെ ആത്മാവിന് സ്വർഗത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയില്‍ ഒരു നിശ്ചിതകാലം വലിയ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടു കഴിയേണ്ടതുണ്ട്. ഭൂമിയിലെ ജീവിതകാലത്ത് ചെയ്ത പാപങ്ങളുടെ പരിഹാരാര്‍ഥം ഒരു പ്രായശ്ചിത്തം എന്ന നിലയിലാണ് ശുദ്ധീകരണസ്ഥലത്ത് ഈ വിധം കഴിയേണ്ടത്. എന്നാല്‍ ഭൂമിയിലെ ജീവിതകാലത്ത് ചില സദ്പ്രവൃത്തികള്‍ ചെയ്താല്‍ ശുദ്ധീകരണസ്ഥലത്തിലെ കാലാവധിയില്‍ കുറെ ഇളവുകള്‍ ലഭിക്കുമെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. ഇപ്രകാരം ലഭിക്കുന്ന ശിക്ഷാ ഇളവിനെയാണ് ദണ്ഡവിമോചനം എന്നു പറയുന്നത്. പ്രാര്‍ഥന, പരിത്യാഗം, ഉപവാസം, ദാനധര്‍മങ്ങള്‍ തുടങ്ങിയ സദ്പ്രവൃത്തികളിലൂടെയാണ് ഇപ്രകാരം ദണ്ഡവിമോചനം നേടേണ്ടത്. ക്രൈസ്തവ സഭകള്‍ അതിവിശുദ്ധമെന്നു കരുതുന്ന ഈ വിശ്വാസ പ്രമാണങ്ങള്‍ ഒന്നോ രണ്ടോ അതുമല്ലെങ്കില്‍ വിരലിലെണ്ണാവുന്ന ചിലര്‍ ദുരുപയോഗം ചെയ്തെന്നു വെച്ച് ഒരു സമൂഹത്തെ തന്നെ അടച്ചാക്ഷേപിക്കുന്നതും, അവര്‍ തുടര്‍ന്നുവരുന്ന വിശ്വാസാചാരങ്ങളെ പാടേ നിരോധിക്കണമെന്നുമൊക്കെ നിര്‍ബ്ബന്ധം പിടിക്കുന്നത് രാഷ്ട്രീയ ലക്ഷ്യമല്ലാതെ പിന്നെന്താണ്.

കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ ശുപാര്‍ശയാണ് ഇപ്പോള്‍ വിവാദത്തിനും പ്രതിഷേധത്തിനും വഴിവച്ചിരിക്കുന്നത്. കുമ്പസാരം തന്നെ നിര്‍ത്തലാക്കണമെന്നും നിരോധിക്കണമെന്നും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും, മതവിശ്വാസം വ്യക്തിയെ ഹനിക്കുന്നെങ്കില്‍ അത് ഉപേക്ഷിക്കാനുള്ള അവകാശവുമുണ്ടെന്നുമാണ് കോടതിയുടെ പരാമര്‍ശം. കുമ്പസാരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. കുമ്പസാരം വ്യക്തി സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പറയാന്‍ പറ്റില്ല. കുമ്പസാരിക്കുമ്പോള്‍ എന്ത് പറയണം എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു.

അതേസമയം, കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്മെയിലിങ്ങിന് ഇരകളാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും, ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കമ്മിഷന്‍ സമര്‍പ്പിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറയുന്നു. സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനും പുരുഷന്മാര്‍ സാമ്പത്തികതട്ടിപ്പിനും കുമ്പസാരത്തിലൂടെ ഇരകളാകുന്നു. ഇങ്ങനെ ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണത്രേ കുമ്പസാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്നാണ് രേഖാ ശര്‍മ്മ പറയുന്നത്. പക്ഷെ, വനിതാ കമ്മിഷന്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ അപാകതയില്ല. എന്നാല്‍, അവ സുചിന്തിതവും മതവികാരങ്ങളെ വ്രണപ്പെടുത്താത്തതും സമൂഹത്തിന്‍റെ ഭദ്രത ഉറപ്പിക്കുന്നതുമാകണം. കുമ്പസാര രഹസ്യത്തിന്‍റെ മറവില്‍ വീട്ടമ്മയെ ഏതാനും വൈദികര്‍ ചേര്‍ന്നു പീഡിപ്പിച്ചതടക്കം കേസുകള്‍ ചൂണ്ടിക്കാട്ടിയാണു കമ്മിഷന്‍ അഭിപ്രായ പ്രകടനം നടത്തിയത് എന്നതു ശരിതന്നെ. എന്നാല്‍, കുമ്പസാരം വിശുദ്ധമായി കരുതപ്പെടുന്നത് എന്തുകൊണ്ടെന്നു കമ്മിഷന്‍ പഠിക്കുകയും ആ വിശുദ്ധിയിലേക്കുള്ള മടക്കം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ക്കു പ്രേരിപ്പിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ധാരാളം സ്ത്രീകളുടെ പരാതികള്‍ കമ്മിഷനിലേക്കു പ്രവഹിച്ചതിനെ തുടര്‍ന്നായിരുന്നു നിരീക്ഷണം. എന്നാല്‍, എല്ലാ തെറ്റും ക്ഷമിക്കാന്‍ സദാ സന്നദ്ധനായ ദൈവത്തിന്‍റെ മുന്നില്‍ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് മനസിനെ ശുദ്ധമാക്കുന്നതിലൂടെ ജീവിതത്തില്‍ കൈവരുന്ന ആശ്വാസമാണ് സഭ പ്രധാനമായും കാണുന്നത്. അതു മനസിലാക്കിയിരുന്നെങ്കില്‍ വനിതാ കമ്മിഷന്‍ ഇപ്രകാരമൊരു വിമര്‍ശനം നടത്തുമായിരുന്നില്ല.

കുമ്പസാരത്തിന്‍റെ പ്രാധാന്യം മനസിലാക്കി അതിന്‍റെ പവിത്രത സൂക്ഷിക്കേണ്ട ചിലര്‍ തന്നെയാണ് അതു നഷ്ടമാക്കിയതെന്നും പറയേണ്ടിവരും. ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യവും നടത്തിയ പ്രസ്താവനകള്‍ക്ക് ഇവിടെ പ്രസക്തിയേറുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും ഒരു വ്യക്തി ചില വൈദികരുടെ മേല്‍ ഉന്നയിച്ചിട്ടുളള ‘കുമ്പസാരം ദുരുപയോഗപ്പെടുത്തി’ എന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണു സഭയുടെ ആദ്യം മുതലുളള നിലപാടെന്നുമാണ് കാതോലിക്കാ ബാവാ പറഞ്ഞത്.

ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക് ആശ്വാസപ്രദമാണെന്നു തെളിഞ്ഞിട്ടുളള മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സൂസൈപാക്യം പറഞ്ഞത്. കുമ്പസാരം തെറ്റുകള്‍ക്കുള്ള മനശാസ്ത്ര പരിഹാരമാണ്. ജീവന് ബലി കഴിച്ചും മരണം വരെ കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് പുരോഹിതന്‍മാര്‍. എന്നാല്‍ മനുഷ്യരുടെ കൂട്ടമായ സഭയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നു. സഭയെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദത്തില്‍ പുരോഹിതന്മാര്‍ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തല്‍, ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.