Monday, June 17, 2013

മുഖ്യമന്ത്രി സംശയത്തിന് അതീതനാകണം; ഒഴിഞ്ഞുനില്‍ക്കണം

സോളാര്‍ പാനല്‍ തട്ടിപ്പില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്റെ നിഴലിലായ സ്ഥിതിക്ക് നിരപരാധിത്വം തെളിയിക്കാന്‍ അദ്ദേഹം തല്‍ക്കാലത്തേക്ക് ഒഴിഞ്ഞുനില്‍ക്കുകയാണ് വേണ്ടതെന്ന വാദം നീതിയുക്തമായ ഒന്നാണ്. സംശയരഹിതനായ ഒരു മുഖ്യമന്ത്രി എന്നത് ജനാധിപത്യത്തില്‍ ജനങ്ങളുടെ ഏറ്റവും അടിസ്ഥാനപരമായ അവകാശമാണ്. അത് തിരിച്ചറിഞ്ഞ് ഉമ്മന്‍ചാണ്ടി പ്രവര്‍ത്തിക്കണം.

ഇതുവരെ പുറത്തുവന്ന വിവരങ്ങളെല്ലാം ഉമ്മന്‍ചാണ്ടിക്കെതിരെ വിരല്‍ചൂണ്ടുന്നതാണ്. ഒന്നാം പ്രതി ബിജു രാധാകൃഷ്ണന്‍ മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡും മുഖ്യമന്ത്രി ഒപ്പിട്ടതെന്നുപറയുന്ന കത്തുകളും മറ്റ് ഔദ്യോഗിക രേഖകളും കാണിച്ചാണ് ഇടപാടുകാരെയെല്ലാം പറ്റിച്ചിരിക്കുന്നത്. ഇവ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് സംഘടിപ്പിച്ചതായിരിക്കാം. മാത്രമല്ല, മുഖ്യമന്ത്രി തന്നെ ബിജുവുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയതായും ഇയാളുടെ കുടുംബപ്രശ്നം ഒത്തുതീര്‍ക്കാന്‍ വരെ ഇടപെട്ടതായും എം.ഐ ഷാനവാസ് എം.പിയെ പോലുള്ളവര്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്. മന്ത്രി ഗണേഷ് കുമാറിന്റെ അവിഹിതബന്ധമായതുകൊണ്ടാകാം ഉമ്മന്‍ചാണ്ടി ഇടപെട്ടത്. എന്നാലും, ഈ ഇടപെടല്‍ ഉന്നത സ്ഥാനത്തിരിക്കുന്ന മുഖ്യമന്ത്രിയെക്കുറിച്ച് ജനങ്ങളുടെ കണ്ണില്‍ സംശയം ജനിപ്പിക്കുന്ന അവസ്ഥയിലെത്തിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ രാഷ്ട്രീയത്തിന്റേയും ഭരണസംവിധാനത്തിന്റേയും ധാര്‍മികത ഉയര്‍ത്തിപ്പിടിച്ച് ഉമ്മന്‍ചാണ്ടി മാറിനില്‍ക്കുകയാണ് വേണ്ടത്.

ആദ്യം മുഖ്യമന്ത്രിയുടെ ഓഫീസിലെ ഏതാനും സഹായികള്‍ മാത്രം ഉള്‍പ്പെട്ട ഒരു കേസാണ് ഇത് എന്നാണ് കരുതിയിരുന്നത്. എന്നാല്‍, മന്ത്രിമാരും ഭരണകക്ഷി നേതാക്കളും എം.പിമാരുമെല്ലാം അടങ്ങുന്ന അധികാര ദുര്‍വിനിയോഗം, സത്യപ്രതിജ്ഞാ ലംഘനം, അഴിമതി തുടങ്ങിയ കുറ്റകൃത്യങ്ങളെല്ലാം ഇതിലുള്‍പ്പെടുന്നുണ്ട്. കേസിലെ പ്രതികള്‍ ഉന്നതസ്ഥാനങ്ങളില്‍ കയറിപ്പറ്റി തട്ടിപ്പ് നടത്തിയത് മുഖ്യമന്ത്രിയുമായുള്ള ബന്ധം ഉപയോഗിച്ചാണ് എന്ന് വ്യക്തമാണ്. അതീവ സുരക്ഷാ സംവിധാനമുള്ള വിജ്ഞാന്‍ ഭവനില്‍ പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ വരെ പ്രതികള്‍ക്ക് അനായാസം പ്രവേശനം ലഭിച്ചുവെന്നത് ഞെട്ടിപ്പിക്കുന്ന കാര്യമാണ്. സ്വന്തം ഭാര്യയെ വിഷംകൊടുത്തു കൊന്നു എന്നതടക്കം അനേകം കേസുകളിലെ പ്രതിയായ തട്ടിപ്പുകാരനുമായി സര്‍ക്കാര്‍ ഗസ്റ്റ്ഹൗസില്‍ ഒരു മണിക്കൂര്‍ മുഖ്യമന്ത്രി ചര്‍ച്ച നടത്തിയെന്ന വിവരം ഭരണകക്ഷിയിലെ എം.പി തന്നെയാണ് വെളിപ്പെടുത്തിയത്. നിയമസഭയില്‍ ഇതുസംബന്ധിച്ച് വിശദീകരണം നല്‍കിയപ്പോഴെല്ലാം പ്രതികളുമായി ബന്ധപ്പെട്ടതിന്റെ ഇത്തരം വിശദാംശങ്ങള്‍ ഉമ്മന്‍ചാണ്ടി മറച്ചുവക്കുകയാണ് ചെയ്തത്.

അധികാരത്തിലുള്ള ഉമ്മന്‍ചാണ്ടിയെ ചുറ്റിപ്പറ്റി എക്കാലത്തും ഒരു ആള്‍ക്കൂട്ടമുണ്ടായിരുന്നു. ജനകീയനാണെന്ന അദ്ദേഹത്തിന്റെ പ്രതിച്ഛായയെ മുന്‍നിര്‍ത്തി ഈ ആള്‍ക്കൂട്ടത്തെ വെറുതെവിടുകയാണ് ഇതുവരെ ചെയ്തിരുന്നതെങ്കില്‍, ഇപ്പോള്‍ ലഭിക്കുന്ന വിവരങ്ങളനുസരിച്ച്, ഈ ആള്‍ക്കൂട്ടത്തിലെ പലരും കളങ്കിതരാണെന്നും മുഖ്യമന്ത്രി പദത്തെ ദുരുപയോഗം ചെയ്യുകയായിരുന്നുവെന്നും തെളിഞ്ഞിരിക്കുന്നു. ഇത് മുഖ്യമന്ത്രി അറിഞ്ഞായാലും അല്ലെങ്കിലും അദ്ദേഹത്തിന് ഇക്കാര്യത്തില്‍ ഉത്തരവാദിത്തമുണ്ട്. ദല്‍ഹിയിലെ മുഖ്യമന്ത്രിയുടെ ‘പ്രതിപുരുഷന്‍’ എന്നറിയപ്പെടുന്ന തോമസ് കുരുവിള എന്തടിസ്ഥാനത്തിലാണ് അവിടെ മുഖ്യമന്ത്രിയുടെ കാര്യങ്ങള്‍ നോക്കിനടത്താന്‍ നിയുക്തനായത്? കോട്ടയത്തുനിന്ന് കടം കയറി നാടുവിട്ട അയാള്‍ അവിടെ കോടീശ്വരനായാണ് കഴിയുന്നത്. കേരള ഹൗസില്‍ മുഖ്യമന്ത്രിക്കൊപ്പം താമസം, ഉന്നത തല യോഗങ്ങളില്‍ മുഖ്യമന്ത്രിയോടൊപ്പം പ്രത്യക്ഷപ്പെടുക, അദ്ദേഹത്തിന്റെ പേരില്‍ അവിഹിതമായ ഫോണ്‍വിളികള്‍... ഇതെല്ലാം ഉമ്മന്‍ചാണ്ടി അറിഞ്ഞിട്ടില്ല എങ്കില്‍ അത് അദ്ദേഹത്തിന്റെ കഴിവുകേടാണ്. മാത്രമല്ല, മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫില്‍പെട്ട ദരിദ്രനാരായണന്മാര്‍, ചുരുങ്ങിയ കാലത്തിനിടക്ക് എങ്ങനെ സമ്പന്നന്‍മാരായി എന്നത് മുഖ്യമന്ത്രിയും അറിഞ്ഞിരിക്കേണ്ടതല്ലേ? അധികാരമുള്ള വ്യക്തി തന്റെ ചുറ്റുമുള്ളവരുടെ ശ്വാസഗതി പോലും കൃത്യമായി അളക്കാന്‍ കഴിയുന്ന ആളായിരിക്കണം. ഉമ്മന്‍ചാണ്ടി എപ്പോഴും ഉദ്ഘോഷിക്കുന്ന സുതാര്യത എന്ന ആദര്‍ശത്തിന്റെ ഏറ്റവും അടിസ്ഥാനകാര്യങ്ങളിലൊന്നാണിത്. അല്ലാതെ, ഓടിക്കൂടുന്നവരെയെല്ലാം ചേര്‍ത്തുപിടിച്ച് കൂട്ടയോട്ടം നടത്തുന്നതോ സ്വന്തം ഓഫീസ് സദാ തുറന്നിടുന്നതോ അല്ല സുതാര്യത എന്ന് ഉമ്മന്‍ചാണ്ടി അറിയണം. സ്വന്തം ഓഫീസിന്റേയും പദവിയുടെയും വാതിലുകള്‍ തുറന്നിടുമ്പോള്‍ അതിലൂടെ കടന്നുവരുന്ന പൊടിയും അഴുക്കും തിരിച്ചറിയാനാകുന്നില്ലെങ്കില്‍, ഇതുവരെ രാഷ്ട്രീയത്തില്‍നിന്ന് ഉമ്മന്‍ചാണ്ടി എന്ന പൊതുപ്രവര്‍ത്തകന്‍ നേടിയെടുത്ത അനുഭവസമ്പത്തിന് എന്താണ് വില?

മുഖ്യമന്ത്രിയുടെ രാജിക്ക് കാരണമായ നിരവധി രാഷ്ട്രീയ സാഹചര്യങ്ങളും ഇപ്പോള്‍ നിലനില്‍ക്കുന്നുണ്ട്. അതിലൊന്ന്, ഈ സംഭവത്തില്‍ സ്വന്തം മുന്നണിയില്‍നിന്നും പാര്‍ട്ടിയില്‍നിന്നുപോലും ആവശ്യത്തിന് പിന്തുണ ലഭിക്കാത്ത കാര്യമാണ്. സഹപ്രവര്‍ത്തകര്‍ പോലും അദ്ദേഹത്തെ പ്രതിസ്ഥാനത്ത് കാണുന്നുവെന്നതിന്റെ സൂചനയാണിത്. മുഖ്യമന്ത്രിയെ പിന്തുണയ്ക്കാന്‍ കോണ്‍ഗ്രസ് നേതൃത്വമോ ഘടകകക്ഷികളോ രംഗത്തെത്താത്തത് പ്രതിപക്ഷ സമരത്തിന് ശക്തിപകരുമെന്നതില്‍ സംശയമില്ല. വിവാദങ്ങള്‍ ഉയര്‍ന്ന് ദിവസങ്ങള്‍ പിന്നിട്ടിട്ടും ഐ ഗ്രൂപ്പിന്റെ കാര്യമായ പിന്തുണ മുഖ്യമന്ത്രിക്ക് ലഭിച്ചിട്ടില്ല. മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ മുഖ്യമന്ത്രിതന്നെ പരിഹരിക്കട്ടെയെന്ന നിലപാടിലാണവര്‍ . രമേശ് ചെന്നിത്തല പേരിനുവേണ്ടിയെങ്കിലും മുഖ്യമന്ത്രിക്ക് പിന്തുണ നല്‍കി. മുന്നണിയുടേയും സ്വന്തം പാര്‍ട്ടിയുടേയും പിന്തുണ നേടാനായില്ലെങ്കില്‍ പ്രതിപക്ഷ ആക്രമണങ്ങള്‍ക്കിടയില്‍ മുഖ്യമന്ത്രി ഒറ്റപെടും. പാര്‍ട്ടി പിന്തുണയില്ലങ്കെില്‍ മുന്നണിയുടെ പിന്തുണയോടെ പിടിച്ചു നില്‍ക്കാമെന്ന മുഖ്യമന്ത്രിയുടെ പ്രതീക്ഷകള്‍ക്ക് മുന്നണിയിലെ ചെറുകക്ഷികളുടെ നിലപാടുകള്‍ തിരിച്ചടിയാകും. ഇതെല്ലാം സര്‍ക്കാറിന്റെ സുഗമമായ നടത്തിപ്പിന് വിഘാതമാണ്.

ഒരു കാര്യം പ്രത്യേകം ഓര്‍ക്കേണ്ടത്, ഒരു തട്ടിപ്പുകാരിയുടെ ജാമ്യത്തിലാണ് ഇപ്പോള്‍ കേരള ജനത കഴിയുന്നത്. സംസ്ഥാന ഭരണമൊട്ടാകെ ഈ തട്ടിപ്പുകാരിയെ ചുറ്റിപ്പറ്റിയുള്ള വിവാദത്തില്‍ മുങ്ങിക്കഴിയുമ്പോള്‍ ഭരണയന്ത്രം ആകെ നിശ്ചലമായിരിക്കുകയാണ്. മുഖ്യമന്ത്രിക്കെതിരായ പ്രതിപക്ഷ സമരം കൂടി ചൂടുപിടിക്കുമ്പോള്‍ കേരളം അക്ഷരാര്‍ഥത്തില്‍ നിശ്ചലമാകും. ഈ അവസ്ഥയില്‍ നിന്ന് ജനതയെ രക്ഷിക്കേണ്ട ചുമതല മുഖ്യമന്ത്രിക്കാണുള്ളത്. അതുകൊണ്ടുതന്നെ സ്ഥിതി കൂടുതല്‍ വഷളാകുന്നതിനുമുമ്പ് മന്ത്രിസഭയിലെ രണ്ടാംസ്ഥാനക്കാരനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനെ സ്ഥാനമേല്‍പ്പിച്ച് ഉമ്മന്‍ചാണ്ടി തല്‍ക്കാലത്തേക്ക് മാറിനില്‍ക്കുകയാണ് വേണ്ടത്. മുഖ്യമന്ത്രി സ്വയം ജനങ്ങളുടെ സംശയം ദൂരീകരിക്കുമെന്ന് പാര്‍ട്ടി നേതാവ് എം.എം ഹസന്‍ പറയുന്നുണ്ടെങ്കിലും അതിന് ഉമ്മന്‍ചാണ്ടി ഇതുവരെ സന്നദ്ധനായിട്ടില്ല. ഇത് സംശയകരമായ സാഹചര്യമാണ് സൃഷ്ടിച്ചിരിക്കുന്നത്. ഈ സംശയത്തിന്റെ നിഴലില്‍നിന്ന് ഭരണകൂടം എന്ന ഉന്നത സ്ഥാപനത്തെ തീര്‍ച്ചയായും മുക്തമാക്കേണ്ടത് മുഖ്യമന്ത്രി എന്ന നിലയില്‍ ഉമ്മന്‍ചാണ്ടിയുടെ ഏറ്റവും പ്രാഥമികമായ കര്‍ത്തവ്യമാണ്. അത് അദ്ദേഹം നിറവേറ്റുക തന്നെ വേണം.