Sunday, July 31, 2016

മൂന്നാര്‍ ദൗത്യവും കരിമ്പൂച്ചകളും

ഓര്‍മ്മയുണ്ടോ 2007 മെയ് മാസം? അന്നാണ് അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ നിയോഗിച്ച 'മൂന്നാര്‍ ദൗത്യസേന' സമ്മര്‍കാസില്‍ എന്ന അഞ്ചു നിലയുള്ള റിസോര്‍ട്ട് ഇടിച്ചുനിരത്തിയത്. കൃത്യമായി പറഞ്ഞാല്‍ 2007 മെയ് പതിമൂന്നാം തിയ്യതി. വെറും രണ്ടു മാസമേ ആയിരുന്നുള്ളൂ ആ റിസോര്‍ട്ട് അവിടെ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട്. ആ റിസോര്‍ട്ട് ഇടിച്ചുപൊളിച്ച് തവിടുപൊടിയാക്കുന്നത് മലയാളികള്‍ അവിശ്വസനീയതയോടെയാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടിരുന്നത്. മൂന്നാറിലേക്ക് ജെ.സി.ബി. ഉരുണ്ടുതുടങ്ങിയപ്പോള്‍ മലയാളികളൊന്നടങ്കം രോമാഞ്ചകുഞ്ചിതരായി...ഹാവൂ അങ്ങനെ അനധികൃതമായി കൈയ്യേറിയ മൂന്നാറിലെ ഭൂമി തിരിച്ചു പിടിക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയ ദൗത്യസേനയെ ജനങ്ങള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. 

കൈയ്യേറ്റമൊഴിപ്പിക്കലിന് പുതിയ പാത വെട്ടിത്തുറന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റെഡ് സല്യൂട്ടുകളുടെ പ്രവാഹമായിരുന്നു പിന്നീട്. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെയുയര്‍ന്നു. മെയ് മാസം മുതല്‍ ജൂണ്‍ ആദ്യവാരം വരെ 91 കെട്ടിടങ്ങള്‍ ഇടിച്ചുനിരത്തിയപ്പോള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനായത് പന്തീരായിരത്തോളം ഏക്കര്‍ ഭൂമിയാണ്.
ഇടിച്ചുനിരത്തലില്‍ ഏറ്റവും പ്രമാദമായ പേരാണ് 'ക്ലൗഡ് നയന്‍.' ഏറേ കാലത്തെ നിയമ പോരാട്ടത്തിനൊടുവില്‍ ഹൈക്കോടതിയുടെ വിധിയാണ് 'ക്ലൗഡ് നയന്‍' നിലം ‌പൊത്താനിടയായത്.

ഏലം കൃഷിക്ക് അനുവദിച്ച സ്ഥലത്ത് റിസോര്‍ട്ട് നിര്‍മ്മാണം നടത്തിയതിനാണ് ക്ലൗഡ് നയന്റെ മുന്‍പില്‍ അച്യുതാനന്ദന്റെ ബുള്‍ഡോസര്‍ ഉരുണ്ടു ചെന്നു നിന്നത്. ഒരു പ്രമുഖ യു.ഡി.എഫ്. മന്ത്രിയുടെ ബന്ധുവിന്റെ പേരിലുള്ളതായിരുന്നു ക്ലൗഡ് നയന്‍. 2.87 ഏക്കറോളം സ്ഥലത്ത് ഏകദേശം പത്തുകോടിയോളം രൂപ മുടക്കിയാണ് അത് പണിതത്. പക്ഷേ വി.എസ്. അയച്ച മൂന്നു 'പൂച്ചകള്‍ക്ക്' (ദൗത്യസംഘം സ്‌പെഷല്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍, അന്ന് ഐ.ജി.യായിരുന്ന ഋഷിരാജ് സിംഗ്,  അന്നത്തെ ഇടുക്കി കളക്ടര്‍ രാജുനാരായണസ്വാമി) പാലും പഴവും കൊടുത്ത് അച്യുതാനന്ദന്‍ പറഞ്ഞയച്ചത് ഇരയെ പിടിക്കാന്‍ തന്നെയായിരുന്നു. അതുകൊണ്ട് ആ പൂച്ചകള്‍ മുന്‍‌പിന്‍ നോക്കാതെ ക്ലൗഡ് നയനെ ശരിക്കും പെരുമാറി. അവരുടെ 'കലിപ്പ്' അവിടം കൊണ്ട് തീര്‍ന്നില്ല. പത്തോളം റിസോര്‍ട്ടുകളാണ് അവര്‍ പൊളിച്ചടുക്കിയത്. അന്നത്തെ സ്‌പെഷ്യല്‍ ഓഫീസര്‍ സുരേഷ്‌കുമാറിന്റെ രൗദ്രഭാവവും 'എന്നെത്തൊട്ടാല്‍ വിവരമറിയും' എന്ന മട്ടിലുള്ള സംസാരരീതിയും ബോഡി ലാംഗ്വേജുമൊന്നും ജനങ്ങള്‍ മറക്കാനിടയില്ല. സുരേഷ്‌കുമാറും ഋഷിരാജ് സിംഗും രാജുനാരായണസ്വാമിയും ചൂണ്ടിക്കാണിച്ചിടത്തെല്ലാം ബുള്‍ഡോസര്‍ കയറിയിറങ്ങി. ഏതാണ്ട് മൂന്നു മാസത്തോളം ആ പൂച്ചകള്‍ മൂന്നാറില്‍ ക്യാമ്പ് ചെയ്തു. ചാനലുകാര്‍ അവരുടെ ഒബി വാനുകള്‍ സ്ഥിരമായി തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്ത് "തത്സമയം" സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരുന്നു.

വി.എസിന്റെ റേറ്റിംഗ് കുത്തനെ കൂടുന്നതുകണ്ട് പാര്‍ട്ടിയില്‍ തന്നെ കുശുകുശുപ്പ് ആരംഭിച്ചു. ഇങ്ങനെ പോയാല്‍ പിണറായിയേയും കൊടിയേരിയേയുമൊക്കെ പോളിറ്റ് ബ്യൂറോ മൂലയ്ക്കലിരുത്തുമെന്നുവരെ അന്ന് സംസാരമുണ്ടായിരുന്നു. പക്ഷെ മറുത്തൊന്നും പറയാതെ പാര്‍ട്ടിയും വി.എസിനെ പിന്തുണച്ചുകൊണ്ടിരുന്നു. എന്നാല്‍ സി.പി.ഐ.യുടെ നെഞ്ചകം പുകയുകയായിരുന്നു. കാരണം, അവരുടെ ഓഫീസും അച്യുതാനന്ദന്റെ 'പൊളിച്ചടുക്കല്‍' ലിസ്റ്റില്‍ ഉണ്ടായിരുന്നു. പൂച്ചകളുടെ കണ്ണുകള്‍ അധികം താമസിയാതെ മേല്പടി ഓഫീസ് കെട്ടിടത്തിലും പതിഞ്ഞു...ബുള്‍ഡോസര്‍ ഉരുണ്ടു...കെട്ടിടത്തിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി...അതോടെ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐ.യിലെ കെ.പി. രാജേന്ദ്രന്‍ കണ്ണുരുട്ടി. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ പേരില്‍ പട്ടയമുള്ള സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നതെന്നും, അതില്‍ തൊട്ടാല്‍ കളി മാറുമെന്നും വി.എസിന് മുന്നറിയിപ്പ് കൊടുത്തു. ആ 'പൊളി'ക്ക് സുല്ലിട്ട് പൂച്ചകള്‍ മറ്റൊരു ദിശയിലെക്ക് നീങ്ങി.

അവര്‍ നേരെ പോയത് മറ്റൊരു ഹോട്ടലിന്റെ മുന്നിലേക്കാണ്. 'ധന്യശ്രീ' എന്ന് പേരുള്ള ആ ഹോട്ടല്‍ പൊളിക്കാന്‍ ചെന്നപ്പോഴാണ് അറിയുന്നത് അത് മറ്റൊരു സി.പി.എം. നേതാവും വി.എസിന്റെ വിശ്വസ്തനുമായ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണിയുടേതാണെന്ന്. അവിടെയും പൂച്ചകള്‍ക്ക് പിന്മാറേണ്ടി വന്നു. എം.എം. മണി വി.എസുമായി തെറ്റിപ്പിരിഞ്ഞത് അതോടെയാണ്. അദ്ദേഹം നേരെ പോയത് പിണറായി പക്ഷത്തേക്കാണ്. ഇനിയെങ്ങാനും ഒഴിപ്പിക്കലെന്നും പറഞ്ഞ് ആരെങ്കിലും ഇങ്ങോട്ടു വന്നാല്‍ വരുന്നവരുടെ കാലു വെട്ടുമെന്ന വിവാദ പ്രഖ്യാപനം മണി നടത്തിയതോടെ പൂച്ചകള്‍ക്ക് പേടിയായി. മണി പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നറിയാവുന്ന അച്യുതാനന്ദന്‍ കണ്ണടച്ചു....പതിവു ശൈലിയില്‍ തന്നെ...ഞാനൊന്നും കണ്ടില്ലേ എന്ന മട്ടില്‍.

പാര്‍ട്ടിയില്‍ നിന്നും കൂട്ടുകക്ഷിയായ സി.പി.ഐ.യില്‍ നിന്നും കലാപക്കൊടി ഉയര്‍ന്നതോടെ വി.എസ്സിന് ദൗത്യസംഘത്തെ പിന്‍വലിക്കേണ്ടിവന്നു. പൂച്ചകളേയും തിരിച്ചുവിളിച്ചു. അക്കാലത്ത് കേരളത്തിലും മറുനാട്ടിലുമൊക്കെ ഉയര്‍ന്നുവന്ന ഒരു ചോദ്യമായിരുന്നു ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി എങ്ങനെ അനധികൃതമായി ഓരോരുത്തര്‍ കൈവശപ്പെടുത്തി എന്ന്. അതേക്കുറിച്ച് അന്വേഷണമാരംഭിച്ചപ്പോഴാണ് "രവീന്ദ്രന്‍ പട്ടയ"ത്തിന്റെ പേര് ഉയര്‍ന്നു വന്നത്. അതെന്തു പട്ടയം ??

നേരത്തെ ദേവികുളം ഡപ്യൂട്ടി തഹസില്‍ദാരായിരുന്ന ഒരു രവീന്ദ്രന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് കുറെ പേര്‍ക്ക് പട്ടയം നല്‍കി. 1999ല്‍ തൊടുപുഴയില്‍ നടത്തിയ പട്ടയമേളയിലൂടെ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ പിന്നീട് 'രവീന്ദ്രന്‍ പട്ടയം' എന്ന പേരില്‍ വിവാദമായി മാറിയിരുന്നു. എല്ലാം അനധികൃതം. ഈ പട്ടയമേളയില്‍ പട്ടയവിതരണം നടത്തിയത് മന്ത്രി കെ.ഇ. ഇസ്മയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദേശത്തിന്റെ പേരിലാണ് മൂന്നാറിലെ സി.പി.ഐ. ഓഫീസിന് പട്ടയം നല്‍കിയത്. സി.പി.ഐയ്ക്കു പുറമെ സി.പി.എം. ഓഫീസിനും പട്ടയം നല്‍കിയിട്ടുണ്ടായിരുന്നു. ഇങ്ങനെ പട്ടയം നല്‍കിയ ഭൂമിയുടെ കരം 2007 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവത്രെ. വി.എസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആദ്യത്തെ സം‌രംഭമായിരുന്നു മൂന്നാറിലെ കൈയ്യേറ്റഭൂമി തിരിച്ചു പിടിക്കുക എന്നത്. ആ തീരുമാനത്തിനു ശേഷം കൈയ്യേറ്റ ഭൂമിയുടെ കരം വാങ്ങുന്നത് നിര്‍ത്തി, ഭൂമി വില്‍ക്കുന്നതിനും ആധാരം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും കലാപക്കൊടി ഉയരുകയും, വി.എസിന്റെ ഒറ്റയാള്‍ പട്ടാള ശൈലിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ മൂന്നാര്‍ ദൗത്യം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു എന്നു മാത്രമല്ല, അദ്ദേഹം പറഞ്ഞ വ്യാജ പട്ടയങ്ങളില്‍ ഒന്നുപോലും റദ്ദാക്കാന്‍ ഭരണത്തില്‍നിന്നും ഇറങ്ങുന്നതുവരെ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.

ആ പട്ടയത്തിന്റെ പേരില്‍ പിന്നീട് സംഭവിച്ചത് സര്‍ക്കാര്‍ തന്നെ നിയമക്കുരുക്കില്‍ അകപ്പെടുന്നതാണ്. നിയമവിരുദ്ധമായി കൈക്കലാക്കിയ സര്‍ക്കാര്‍ സ്വത്ത് തിരിച്ചു പിടിക്കാന്‍ ചെന്ന സര്‍ക്കാരിനെ കൈയ്യേറ്റക്കാര്‍ തന്നെ നിയമക്കുരുക്കിലാക്കി. അതായത് കടുവയെ കിടുവ പിടിച്ചതുപോലെയായി കാര്യങ്ങള്‍. കോടതി ഇടപെട്ട് എല്ലാ ദൗത്യങ്ങള്‍ക്കും തടയിട്ടു. അതോടെ ദൗത്യസംഘത്തിന്റെ ദൗത്യം സങ്കീര്‍ണമായി. പല ഫയലുകളും സ്റ്റേയില്‍ കുടുങ്ങി. നിരവധി വിവാദങ്ങളില്‍ കുടുങ്ങി ദൗത്യസംഘം മലയിറങ്ങി. പിന്നീടൊരിക്കലും അത്തരമൊരു ഒഴിപ്പിക്കല്‍ മൂന്നാറിലുണ്ടായില്ല. മൂന്നാര്‍, ചിന്നക്കനാല്‍ തുടങ്ങിയ പ്രകൃതിരമണീയ സ്ഥലങ്ങളില്‍ നൂറുകണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി ഇപ്പോഴും കൈയ്യേറ്റക്കാരുടെ കൈയ്യില്‍ തന്നെയാണത്രേ....

"പൂച്ച കറുത്തതോ വെളുത്തതോ ആയിക്കോട്ടെ, എലിയെ പിടിച്ചാല്‍ പോരേ.." എന്ന അച്യുതാനന്ദന്‍ ഡയലോഗിന് അക്കാലത്ത് വളരെ പ്രചാരണം കിട്ടിയിരുന്നു. മിമിക്രി കലാകാരന്മാര്‍ അത് അനുകരിച്ച് കൈയ്യടികളും നേടിയിരുന്നു. മൂന്നാറില്‍ നിന്നിറങ്ങിയ ആ പൂച്ചകളെ പിന്നീട് ജനം കണ്ടിട്ടില്ല. അന്നത്തെ പൂച്ചകളില്‍ അച്യുതാനന്ദന്റെ അടുത്ത അനുയായിയായ, 'കരിം‌പൂച്ച' എന്നറിയപ്പെട്ടിരുന്ന, സുരേഷ്‌കുമാറിനായിരുന്നു ഏറ്റവും കൂറ്റുതല്‍ ശനിദശ. സുരേഷ്‌കുമാറിനെ അപ്രധാനമായ തസ്തികകള്‍ നല്‍കി എവിടെയോ ഒതുക്കി. ഋഷിരാജ് സിംഗിനെ അവിടെയുമിവിടെയുമൊക്കെയിട്ട് തട്ടിക്കളിച്ച് അവസാനം അദ്ദേഹത്തിനുതന്നെ മടുപ്പു തോന്നിയപ്പോള്‍ ഡല്‍ഹിക്ക് പോയി കേന്ദ്ര സര്‍‌വീസില്‍ ചേര്‍ന്നു. രാജു നാരായണസ്വാമിയുടെ പൊടിപോലും പിന്നെ കണ്ടിട്ടില്ല. ഇപ്പോള്‍ കൃഷി വകുപ്പ് സെക്രട്ടറിയാണ് അദ്ദേഹം.

കാലം മാറി, കഥ മാറി. യു.ഡി.എഫ്. ഭരിച്ചു. ഒന്നും ശരിയായില്ല. ശരിയാക്കാന്‍ എല്‍.ഡി.എഫിന്റെ പിണറായി വിജയന്‍ മുഖ്യമന്ത്രിയായി. കാര്യങ്ങള്‍ ഏതാണ്ടൊക്കെ ശരിയായ ദിശയിലേക്ക് നയിക്കാന്‍ അദ്ദേഹത്തിന് നിരവധി പേരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ വേണമായിരുന്നു. അവിടെയും പിഴവു പറ്റിക്കൊണ്ടിരിക്കുകയാണ്. ഇവിടെയും കൂട്ടുകക്ഷികള്‍ തന്നെ കാരണക്കാര്‍. ഇടക്കിടെ ചൊറിഞ്ഞുകൊടുക്കാന്‍ അച്യുതാനന്ദനമുണ്ട്. ഇതിനിടയിലാണ് പണ്ടത്തെ കരിം‌പൂച്ച രണ്ടു വര്‍ഷം കൂടി സര്‍‌വീസ് കാലാവധി നിലനില്‍ക്കേ റിട്ടയര്‍മെന്റ് വാങ്ങിയത്. അതിനുശേഷമാണ് അച്യുതാനന്ദന്‍ എന്തുകൊണ്ടാണ് മൂന്നാര്‍ ദൗത്യത്തില്‍ നിന്ന് പിന്മാറിയതെന്നുള്ള സത്യം അദ്ദേഹം ചാനലില്‍ വെളിപ്പെടുത്തിയത്. മൂന്നാര്‍ കൈയ്യേറ്റം ഒഴിപ്പിക്കാന്‍ പറഞ്ഞത് വി.എസ്. ആണെന്നും അതില്‍ നിന്ന് പിന്മാറാന്‍ പറഞ്ഞതും വി.എസ്. തന്നെയാണെന്നുമാണ് സുരേഷ്‌കുമാറിന്റെ വെളിപ്പെടുത്തല്‍. പാര്‍ട്ടിയുടെയും ഇടതുമുന്നണിയുടെയും സമ്മര്‍ദ്ദമാണ് വിഎസിനെ ഇത്തരത്തില്‍ ഒരു പിന്‍മാറ്റത്തിനായി പ്രേരിപ്പിച്ചതെന്നാണ് സുരേഷ്‌കുമാര്‍ ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞത്. ഇടതുമുന്നണിയില്‍ സിപിഐയുടേതായിരുന്നു മുഖ്യ സമ്മര്‍ദ്ദമത്രെ..!! മൂന്നാറില്‍ സിപിഐയുടെ ഓഫീസാണ് ഇടിച്ചു നിരത്താന്‍ ചെന്നത്. അവിടെ ചെന്നപ്പോഴാണറിയുന്നത് അത് അവരുടെ ഓഫീസല്ല മറിച്ച് ഓഫീസിന്റെ മറവില്‍ പ്രവര്‍ത്തിക്കുന്ന ഒരു അഞ്ചുനില റിസോര്‍ട്ടാണെന്ന്...!! മുന്‍ മുഖ്യമന്ത്രി പികെ വാസുദേവന്‍ നായരുടേതാണ് ആ സ്ഥലമെന്നും അറിഞ്ഞത്രേ...!

മൂന്നാറില്‍ ഭൂമി കൈവശപ്പെടുത്തിയവരില്‍ ഉന്നത ഉദ്യോഗസ്ഥന്മാരും, രാഷ്‌ട്രീയ നേതാക്കളുമുണ്ടെന്ന് സുരേഷ്‌കുമാര്‍ പറയുന്നു. ഇടതുവലതു വ്യത്യാസമന്യെ മിക്കവാറും എല്ലാ പാര്‍ട്ടിക്കാരും ഇവിടെ ഭൂമി സ്വന്തമാക്കിയിട്ടുണ്ടെന്നാണ് ഐഎഎസ് പദവിയില്‍ നിന്നും നേരത്തെ വിടുതല്‍ വാങ്ങി പുറത്തുവരുന്ന സുരേഷ്‌കുമാര്‍ പറയുന്നത്. മുഖ്യമന്ത്രിയെന്ന നിലയ്ക്ക് അച്യുതാനന്ദന്‍ തന്നെ ഏല്പിച്ച ദൗത്യം പൂര്‍ത്തീകരിക്കുക എന്നത് തന്റെ ഉത്തരവാദിത്വമായിരുന്നു എന്നും, അവിടെ രാഷ്‌ട്രീയ ചേരിതിരിവോ സ്വാധീനമോ തനിക്ക് നോക്കേണ്ടതില്ലായിരുന്നു എന്നും സുരേഷ്‌കുമാര്‍ പറയുന്നു. ഇനി വിദ്യഭ്യാസ മേഖലയില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കാനും അനുഭവങ്ങളെ അടിസ്ഥാനമാക്കി പുസ്തക രചനയ്ക്കും തയ്യാറെടുക്കുകയാണ് സുരേഷ്‌കുമാര്‍. അങ്ങനെ ആ പൂച്ച കൂട്ടില്‍ നിന്ന് പുറത്തുചാടി. ഇനി അച്യുതാനന്ദന്റെ  ഭരണകാലത്ത് എന്തെല്ലാം അഴിമതികളും സ്വജനപക്ഷപാതവും നടന്നു എന്നുമൊക്കെ സുരേഷ്‌കുമാറിന്റെ രചനയിലൂടെ നമുക്ക് മനസ്സിലാക്കാം എന്ന് പ്രത്യാശിക്കാം.

വാല്‍‌ക്കഷണം: അഴിമതിയില്‍ മുങ്ങിക്കുളിച്ച കേരളത്തെ സം‌ശുദ്ധീകരിക്കാന്‍ പിണറായി നിയോഗിച്ചിട്ടുള്ള വിജിലന്‍സ് ഡയറക്ടര്‍ ഡോ. ജേക്കബ് തോമസ്, മൂന്നാറിലെ കൈയ്യേറ്റ ഭൂമികള്‍ തിരിച്ചുപിടിക്കാന്‍ ശ്രമിക്കുമോ എന്നാണ് ഇനി ജനങ്ങള്‍ക്ക് അറിയേണ്ടത്.

Friday, July 29, 2016

മിഥ്യാഭിമാനഗര്‍‌വങ്ങള്‍ (ചിന്താശകലം)

ഫ്രഞ്ചു സാഹിത്യകാരനായിരുന്ന ഫ്ലോബേര്‍ ഒരിക്കല്‍ പറഞ്ഞു, ശൂന്യതയെക്കുറിച്ച് ഒരു ഗ്രന്ഥമെഴുതാന്‍ തനിക്കാഗ്രഹമുണ്ടെന്ന്. കേട്ടാല്‍ അസംബന്ധമെന്നു തോന്നാം; പക്ഷേ കൂടുതല്‍ ആലോചിക്കുന്തോറും 'ശൂന്യത' എന്ന വിഷയത്തിന്റെ വൈപുല്യം സ്പഷ്ടമാകും.

നാം കാണുന്നതും കേള്‍ക്കുന്നതും അനുഭവിക്കുന്നതുമെല്ലാം ആദിയുമന്തവുമില്ലാത്ത മഹാശൂന്യതയ്ക്കിടയിലെ ചില നുള്ളുനുറുങ്ങുകള്‍ മാത്രമാണ്. ആകാശം എന്നു വിളിക്കുന്ന അപാരതയുടെ കഥ തന്നെ ഓര്‍മ്മിക്കുക. ശൂന്യതയുടെ മഹാസമുദ്രമല്ലെ അത്.

ആ അനന്തവിശാലമായ സമുദ്രത്തിലെ ചില ചെറുതുരുത്തുകളല്ലേ സൂര്യചന്ദ്രാദിഗോളങ്ങളും നക്ഷത്രങ്ങളും ഭൂമിയുമെല്ലാം? കാലത്തെപ്പോലെ തന്നെ ആദ്യന്തഹീനവും അതിരില്ലാത്തതുമാണ് ശൂന്യതയും, സങ്കല്പത്തിനും ഭാവനയ്ക്കും അതീതം.

ലോകത്തേയും പ്രപഞ്ചത്തേയും ആവരണം ചെയ്തു നില്‍ക്കുന്ന, എന്തെന്നും, എന്തിനെന്നും എത്രയെന്നുമറിയാത്ത, ശൂന്യതയേക്കാള്‍ ഗഹനമായ ഒരു ചിന്താവിഷയം വേറെ എന്തുണ്ട്. ആ ശൂന്യതയുടെ ചില ശകലങ്ങള്‍ നമ്മുടെ ജീവിതത്തിലേക്കും മനസ്സിലേക്കും കടന്നുവരുമ്പോള്‍ നാം ആകുലചിത്തരാകുന്നു.

എന്നാല്‍, നാം ഉണ്ടായ നാള്‍ മുതല്‍ ഇല്ലാതാകുന്ന നാള്‍ വരെ നമ്മെ വലയം ചെയ്തു നില്‍ക്കുകയാണ്‌ ശൂന്യതയെന്ന് ആരാണ് ഓര്‍മ്മിക്കുന്നത് ! മനുഷ്യന്റെ മിഥ്യാഭിമാനഗര്‍‌വങ്ങളെല്ലാം എത്ര ബാലിശം; എത്ര നിസ്സാരം !

Thursday, July 28, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം രണ്ട്

വീടിനു മുന്നില്‍ പരന്നുകിടക്കുന്ന നെല്‍‌പാടത്തിന്റെ വരമ്പത്തുകൂടി ആരോ നടന്നുവരുന്നു. തന്റെ കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് പന്തു കളിച്ചും കബഡി കളിച്ചും രസിച്ച ആ കാലം. മഴക്കാലമായാല്‍ പാടം മഴവെള്ളം കൊണ്ട് നിറഞ്ഞു കവിയും. വാഴ വെട്ടി ചങ്ങാടമുണ്ടാക്കി കൂട്ടുകാരുമൊത്ത് വെള്ളത്തിലൂടെ തുഴഞ്ഞു നടന്ന ആ ബാല്യകാലം !! പാടത്തിന്റെ ഓരത്തായി ഒരു കുളമുണ്ടായിരുന്നു. അതിന്റെ പേരുപോലും മറന്നു. അതിപ്പോഴും ഉണ്ടോ ആവോ. വേനല്‍ക്കാലമായാല്‍ പാടത്താണ് ഞങ്ങളുടെ കളിക്കളം. സന്ധ്യയാകുമ്പോള്‍ കൂട്ടുകാരുമൊത്ത് ആ കുളത്തിലായിരുന്നു നീന്തിത്തുടിച്ചിരുന്നത്.

കൊയ്ത്തുപാട്ടിന്റെ ഈണം ചെവികളില്‍ മുഴങ്ങുന്നു...! പുഴയുടെ താളം....ഗ്രാമത്തിന്റെ സുഗന്ധം...മണ്ണിന്റെ മണം....പാലപ്പൂവിന്റെ ഗന്ധം....!! എല്ലാം അയാളുടെ ഓര്‍മ്മകളിലെ വെള്ളിത്തിരയില്‍ തെളിഞ്ഞു വന്നു.

"കുറ്റിക്കാട്ടുകൊളം വറ്റിവരണ്ടു കെടക്ക്വാ...ചേറും ചെളീമൊക്കെണ്ട്. ആരാ വൃത്തിയാക്കാന്‍ ? പഞ്ചായത്തീന്ന് ആരാണ്ടൊക്കെ വന്നു നോക്കിപ്പോണത് കണ്ടൂന്ന് ആ വാരസ്യാര് പറേണ കേട്ടു."

അച്ഛമ്മയുടെ വാക്കുകള്‍ വീണ്ടും രവിയെ പരിസരബോധത്തിലേക്ക് തിരിച്ചുകൊണ്ടുവനു. ശരിയാണ്, ആ കുളത്തിന് നാട്ടുകാരിട്ട പേരാണ് 'കുട്ടിക്കാട്ടുകുളം' എന്ന്. ഒരുപക്ഷേ കുളത്തിനു ചുറ്റും കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതു കൊണ്ടായിരിക്കാം ആ പേരു വന്നത്. ആ.....ആര്‍ക്കറിയാം.

"ഇപ്പോ വീട്ടിനകത്തല്ലേ കുളീം തേവാരോമൊക്കെ.....ശിവ...ശിവ...കാലം പോയ പോക്കേ...!"

അച്ഛമ്മ തോര്‍ത്തും സോപ്പും വെച്ചു നീട്ടിയിട്ടു പറഞ്ഞു

"കെണറ്റീങ്കരേലൊള്ള കുളിമുറീല് പൈപ്പും വെള്ളോണ്ട്, നന്നായൊന്നു കുളിച്ചു വാ...."

തോര്‍ത്തും സോപ്പും വാങ്ങി രവി വീണ്ടും അകത്തേക്കു കയറി.

"താന്‍ കൊണ്ടുവന്ന ബാഗും സ്യൂട്ട്കെയ്സും കാണാനില്ലല്ലോ !" അയാള്‍ ചുറ്റും നോക്കി.

"അതൊക്കെ തെക്കേ മുറീല് വെച്ചിട്ടുണ്ട്"

വാതിലിന്റെ പുറകില്‍ നിന്ന് വീണ്ടും ആ ശബ്ദം. തെക്കെ മുറിയില്‍ കയറി. ഒരു കൈലിയും തോര്‍ത്തും മടക്കി കട്ടിലില്‍ വെച്ചിരിക്കുന്നു. പാന്റും ഷര്‍ട്ടും മാറ്റി കൈലിയെടുത്തുടുത്തു.

"ഹൊ എന്തൊരു ചൂട്" അയാള്‍ സ്വഗതം പറഞ്ഞു. ബാഗില്‍ നിന്ന് ഷേവിംഗ് സെറ്റ് എടുത്ത് തിരിഞ്ഞപ്പോള്‍ വാതില്‍ക്കല്‍ അച്ഛമ്മ.

"ആരാ അച്ഛമ്മേ നേരത്തെ കണ്ട ആ പെണ്ണ്?" രവി ചോദിച്ചു

"നീ മറന്നു അല്ലേ? എനിക്കറിയാം നിനക്കവളെ മനസ്സിലായില്യാന്ന്. എങ്ങനെ മനസ്സിലാവാനാ?കൊല്ലം പത്തിരുപതായില്യേ?"

അച്ഛമ്മ പറയുന്നതുകേട്ട് രവിക്ക് കുറ്റബോധവും ജാള്യതയും തോന്നി.

"ഗായത്രീ, ഇവിടെ വര്ആ...നിന്നെ ഇവന് മനസ്സിലായില്യാത്രേ.."

അപ്പോഴും തന്റെ മുന്‍പില്‍ വരാന്‍ പോകുന്നതാരാണെന്ന് യാതൊരു ഊഹവുമില്ലാതെ നില്‍ക്കുകയാണ് രവി. വാതിലിനു പുറകില്‍ അനക്കം കേട്ടപ്പോള്‍ അച്ഛമ്മ വീണ്ടും വിളിച്ചു.

'ഇവ്ടെ വാ കുട്ട്യേ. എന്തിനാ നാണിക്കണേ? നിന്നെ ആരും പിടിച്ചു തിന്നില്യ കുട്ട്യേ.."

അച്ഛമ്മയുടെ സംസാരം കേട്ട് അവള്‍ അകത്തേക്കു വന്നു.

"സൂക്ഷിച്ചു നോക്ക്‌ആ, ആരാന്നു നിനക്കു പിടികിട്ടോന്ന് നോക്കണോലോ"

അടുക്കളയിലെ പുകപടലത്തില്‍ നിന്നതുകൊണ്ടാകാം പാറിപ്പറന്ന മുടിയും കരുവാളിച്ച മുഖവുമായി അവള്‍ മുന്നില്‍ വന്നുനിന്നെങ്കിലും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

"ഗായത്രി, വളരെ പരിചയമുള്ള പേര് !! സാധാരണ നാടന്‍ പെണ്‍‌കുട്ടികളെപ്പോലെ തലകുനിച്ചുനിന്ന് പെരുവിരല്‍ കൊണ്ട് കളം വരയ്ക്കുന്ന പ്രകൃതത്തില്‍ നിന്ന് വ്യത്യസ്ഥമായി ധൈര്യപൂര്‍‌വ്വം തന്റെ മുന്‍പില്‍, തന്റെ മുഖത്തേക്കുതന്നെ നോക്കി പരിഭവമൂറുന്ന ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന ഇവളാര്‌?" രവി വിഷണ്ണനായി.

"നീ ഓര്‍ക്കണില്യേ ഗായത്രിയെ?" അച്ഛമ്മ വീണ്ടും ചോദിക്കുകയാണ്.

"മുത്തശ്ശി ഒന്നു മിണ്ടാതിരി, എന്നെ അറിയുമോന്നു നോക്കാലോ.." ഗായത്രി പറഞ്ഞു.

രവി വല്ലാത്തൊരവസ്ഥയിലായി.

"ശങ്കരമാമന്റെ മോള് ഗായത്രിയെ നീ ഓര്‍ക്കണില്യ അല്ലേ?" അച്ഛമ്മയുടെ വാക്കുകള്‍ രവിയുടെ മസ്തിഷ്ക്കത്തിലൂടെ ഒരു കൊള്ളിയാന്‍ പോലെ മിന്നി.

"ഗായത്രി......ശങ്കര മാമന്‍...!"

മനസ്സിലൂടെ ഒരായിരം ചിന്തകള്‍ ഒരുനിമിഷം കൊണ്ട് മിന്നിമറഞ്ഞു.

"ഈശ്വരാ..."

"രവിയേട്ടന്‍ ഞങ്ങളെ മറന്നാലും ഞങ്ങള്‍ക്ക് രവിയേട്ടനെ മറക്കാന്‍ കഴിയുമോ?" അമ്പരപ്പോടെ നില്‍ക്കുന്ന രവിയെ നോക്കി അവള്‍ പറഞ്ഞു.

"ഗായത്രീ...നീ?

"രവിയേട്ടന്‍ പോയി കുളിച്ചിട്ടു വാ. അപ്പോഴേക്കും ഊണ് റെഡിയാക്കട്ടെ.." അവള്‍ അടുക്കളയിലേക്കു നീങ്ങി.

"പാവ്വാ ആ കുട്ടി. ഏതു നേരോം ഇവിടാ. ഞങ്ങക്കും വേണ്ടേ ആരെങ്കിലുമൊരു തൊണ..." അച്ഛമ്മ നെടുവീര്‍പ്പിട്ട് അടുക്കളയിലേക്കു പോയി.

വടക്കുവശത്തുള്ള കിണറിനടുത്തേക്ക് നടക്കുമ്പോള്‍ ചിന്തകള്‍ കാടു കയറി. കിണറിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ കയറി കതകടച്ചു. ഷവര്‍ തുറന്നു. നല്ല തണുത്ത വെള്ളം ശരീരത്തിലൂടെ ഒലിച്ചിറങ്ങി. ദേഹമാസകലം ഒന്നു തണുത്തു. പക്ഷേ തന്റെ മനസ്സ് അപ്പോഴും നെരിപ്പോടുപോലെ പുകയുകയായിരുന്നു എന്ന് രവി അറിഞ്ഞു. ശരീരമാസകലം സോപ്പു കുമിളകള്‍ പതഞ്ഞുപൊങ്ങുന്നതും നിമിഷനേരം കൊണ്ട് അവ പൊട്ടിപ്പോകുന്നതും അയാള്‍ കണ്ടു. ഒരുകണക്കിന് തന്റേയും ജീവിതം ഇതുപോലെയല്ലേ. നിമിഷനേരം കൊണ്ടല്ലെങ്കിലും കൈവിട്ടുപോയ ജീവിതം ഈ സോപ്പുകുമിളകളെപ്പോലെ തന്നെയായിരുന്നില്ലേ? അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

വിസ്തരിച്ചുള്ള കുളി കഴിഞ്ഞപ്പോള്‍ ആകെ ഒരു ഉന്മേഷം തോന്നി. അടുക്കളവശത്തുകൂടിത്തന്നെ രവി അകത്തേക്കു കയറി. അപ്പോഴും ഗായത്രിയും അച്ഛമ്മയും അടുക്കളയില്‍ ധൃതിയില്‍ എന്തൊക്കെയോ വറുക്കുകയും പൊരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പപ്പടവും കൊണ്ടാട്ടവുമൊക്കെ വറുക്കുന്നതിന്റെ മണം അടുക്കളയാകെ നിറഞ്ഞു നില്‍ക്കുന്നു. തല തുവര്‍ത്തിക്കൊണ്ടുതന്നെ അയാള്‍ തെക്കേ മുറിയിലേക്കു പോയി. മുറിയുടെ വാതില്‍ക്കല്‍ അച്ഛന്‍ നില്‍ക്കുന്നു !

"എന്താ അച്ഛാ" രവി ചോദിച്ചു.

"ഒന്നൂല്യാ...നിന്നെ നേരാംവണ്ണം ഒന്നു കണ്ടില്യാ....അതാ ഇവിടെ നിന്നേ..."

"അച്ഛന്‍ അകത്തേക്കു വരൂ" അയാള്‍ വിളിച്ചു.

"വേണ്ടാ, നീ ഉടുപ്പൊക്കെ മാറി വാ." അച്ഛന്‍ തിരിഞ്ഞു നടന്നു.

രവി വേഷം മാറി.

"ഡല്‍ഹിയിലേക്കാള്‍ ചൂടാണല്ലോ നാട്ടില്‍." അയാള്‍ സ്വയം പറഞ്ഞു.

ഒരു കൈലിമുണ്ടും ടീഷര്‍ട്ടും ധരിച്ച് അയാള്‍ മുറിക്കു പുറത്തിറങ്ങി. അടുക്കളയില്‍ നിന്ന് അപ്പോഴും അച്ഛമ്മയുടേയും ഗായത്രിയുടേയും സംസാരം കേള്‍ക്കാം. രണ്ടുപേരും നല്ല തിരക്കിലാണെന്നു തോന്നുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ തന്നെ സല്‍ക്കരിക്കാനുള്ള ബദ്ധപ്പാടിലാണ് രണ്ടുപേരും.

"ന്നാലും ഈശ്വരന്‍ കനിവുള്ളോനാ....എത്ര നേര്‍ച്ചേം വഴിപാടുകളുമാ കഴിച്ചേന്ന് നിയ്ക്ക് തന്നെ നിശ്ചയോല്യ. കൃഷ്ണാ.....ഗുരുവായൂരപ്പാ...നീ തന്നെ തുണ"

അച്ഛമ്മ ആരോടോ സംസാരിക്കുകയാണ്. അടുക്കളയില്‍ മറ്റാരോ വന്നിട്ടുണ്ടെന്നു തോന്നുന്നു.

ഉച്ചച്ചൂടിന്റെ കാഠിന്യം കൊണ്ട് തൊടിയിലും വീടിനു ചുറ്റും നില്‍ക്കുന്ന അടയ്കാമരത്തൈകളുടേയും വാഴകളുടേയും തെങ്ങിന്‍ തൈകളുടേയും കൂമ്പുകള്‍ വാടിനില്‍ക്കുന്നത് കാണാമായിരുന്നു. ഇടക്കിടെ വീശിയെത്തുന്ന ചെറുകാറ്റാണ് ആകെ ആശ്വാസം.

ഉമ്മറത്തുനിന്ന് രവി മുറ്റത്തേക്കിറങ്ങി. എന്തെല്ലാം മാറ്റങ്ങളാണ് തന്റെ അസാന്നിദ്ധ്യത്തില്‍ ഇവിടെ നടന്നിരിക്കുന്നത് ! മുറ്റത്തിനു ഇടതുവശത്തായി പണ്ട് ഒരു കാലിത്തൊഴുത്തുണ്ടായിരുന്നത് ഓര്‍ത്തു. അതിനു തൊട്ടടുത്തായി ഒരു വലിയ മുരിങ്ങമരമുണ്ടായിരുന്നു. വേനല്‍ക്കാലത്ത് ആ മുരിങ്ങ പൂക്കും. നിറയെ മുരിങ്ങാപ്പൂ പൂത്തുനില്‍ക്കുന്നതു കാണാന്‍ നല്ല ഭംഗിയാണ്. മുരിങ്ങാപ്പൂ തോരന്‍ തനിക്കു വലിയ ഇഷ്ടമായിരുന്നു. അമ്മ ഉണ്ടാക്കുന്ന മുരിങ്ങാപ്പൂ തോരന് ഒരു പ്രത്യേക രുചിയാണ്. അതുണ്ടാക്കുന്ന ദിവസം അടുക്കളയില്‍ അമ്മയെ ചുറ്റിപ്പറ്റി താന്‍ നില്‍ക്കുമായിരുന്നു.

രവി പതുക്കെ നടന്ന് ആ മുരിങ്ങ നിന്നിടത്തു ചെന്നു നിന്നു. അവിടെ തൊഴുത്തോ മുരിങ്ങമരമോ ഇന്നില്ല. പകരം എന്തൊക്കെയോ പാഴ്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. അമ്മയുടെ ഓര്‍മ്മകള്‍ അയാളെ തെക്കു വശത്തേക്കു നയിച്ചു. ഒരുനിമിഷം ആ കണ്ണുകള്‍ അമ്മയുടെ അസ്ഥിത്തറയില്‍ പതിഞ്ഞു.

"വന്നൂന്ന് കേട്ടു...സുഖാണോ?"

ചോദ്യം കേട്ട് രവി തിരിഞ്ഞു നോക്കി. പ്രായമേറെ ചെന്ന ഒരാള്‍ മുന്നില്‍ നില്‍ക്കുന്നു ! വെയിലത്തു നടന്നു വന്നിട്ടാണെന്നു തോന്നുന്നു മുഖമൊക്കെ കരുവാളിച്ചു കിടക്കുന്നു. മടക്കിപ്പിടിച്ച കുടയുമുണ്ട് കൈയില്‍.

"മനസ്സിലായില്യ ഉവ്വോ?" ആഗതന്‍ ചോദിച്ചു.

തെല്ല് ജാള്യതയോടെ രവി അടുത്തേക്കു ചെന്നു.

"കൊല്ലം പത്തിരുപതായില്യേ. എങ്ങനെ ഓര്‍മ്മ വരാനാ...? തന്നേംല്ല എനിക്കും പ്രായം കൊറെ ആയില്യേ?"

രവി ഒന്നു പതറി.

"അതല്ല, ഞാന്‍.......എനിക്ക്...."

"സാരംല്യ.....ശ്രീധരന്‍ എപ്പോഴും പറയാറുണ്ട് നിങ്ങടെ ചങ്ങാത്തത്തെക്കുറിച്ച്..."

"അയ്യോ, കണാരന്‍ ചേട്ടന്‍..!!"

ശ്രീധരന്റെ അച്ഛന്‍ കണാരന്‍ ചേട്ടന്‍ ! അവിശ്വാസത്തോടെ രവി അയാളെ നോക്കി. കരുണാകരന്‍ ചേട്ടനെ 'കണാരന്‍' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.

"ചേട്ടാ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല, അതുകൊണ്ടാ....."

"സാരംല്യ...ആളെ മനസ്സിലായില്യാന്ന് എനിക്ക് ബോദ്ധ്യായി. കവലേല്‍ വെച്ചാ അറിഞ്ഞത് വന്നൂന്ന്. ഒരു കാറ് ഇങ്ങോട്ട് പോരണ കണ്ടൂന്ന് എല്ലാരും പറേണ കേട്ടു. ആ വറീത് മാപ്ല്യാ പറഞ്ഞെ കാറ് ഇങ്ങോട്ടാ പോന്നേന്ന്. അപ്പൊ എനിക്ക് കാര്യം പിടികിട്ടി. ഏതായാലും വന്നൂലോ. അത് നന്നായി"

കണാരന്‍ ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.

"ശ്രീധരനിപ്പോള്‍ എവിടെയാ കണാരന്‍ ചേട്ടാ ?" രവി ചോദിച്ചു.

"അവന്റെ കാര്യം പറഞ്ഞാ കഷ്ടാണ്. കൊറെ നാള് ഷാര്‍ജേലോ മറ്റോ ആയിരുന്നു. കല്യാണോം കഴിഞ്ഞ് രണ്ട് മക്കളായപ്പോ എല്ലാം അവസാനിപ്പിച്ച് പോരണോന്ന് തോന്നി, പോരുകേം ചെയ്തു. ഇപ്പൊ ഏതാണ്ടൊക്കെ ചെയ്യണ്‌ണ്ട്. കൃഷിപ്പണീംണ്ട്." കണാരന്‍ ചേട്ടന്‍ നിര്‍ത്തി.

"കുമാരനോ?" ശ്രീധരന്റെ അനുജനാണ് കുമാരന്‍.

"അവന്‍ കത്തറിലാ. മൂന്നും നാലും കൊല്ലം കൂടുമ്പോ വരും. രണ്ടു മാസം കഴിയുമ്പോ തിരിച്ചു പോകും. അവനും പ്രാരാബ്ധക്കാരനായേ..."

"അപ്പോള്‍ കണാരന്‍ ചേട്ടന്‍ ?" രവിയുടെ ചോദ്യം കേട്ട് അദ്ദേഹം ഒരു നെടുവീര്‍പ്പിട്ടു.

"എന്റെ കാര്യം അങ്ങനങ്ങു തട്ടീം മുട്ടീം പോണു. അല്ലാതെന്താ പറയാനാ. സ്വത്തും മൊതലും പൊത്തിപ്പിടിച്ച് എത്ര നാളാന്നെച്ചാ നടക്കാ.നാരായണീടെ കാലം കഴിഞ്ഞപ്പൊ എന്റെ ചെറകൊടിഞ്ഞില്ലേ. പിന്നെ കൊത്തിപ്പറിക്കാന്‍ ദൈവം മൂന്നെണ്ണത്തിനെ തരികേം ചെയ്തു. അവര്‌ടെ കൊത്തിപ്പറി സഹിക്കാതായപ്പോ ഞാനെല്ലാം വിട്ടുകൊടുത്തു. ഇപ്പോ അവിടേം ഇവിടേം ഒക്കെയായി കഴിഞ്ഞുപോകുന്നു. ഇനിയിപ്പൊ എത്ര നാളുണ്ടെന്ന് ആര്‍ക്കറിയാം. നാരായണീടെ അടുത്തെത്തിക്കാന്‍ സകല ദൈവങ്ങളോടും ഞാന്‍ പറഞ്ഞുനോക്കി. സമയായില്യാത്രേ..."

കണാരന്‍ ചേട്ടന്‍ ഒന്നു നെടുവീര്‍പ്പിട്ടു.

"ശ്രീദേവി?" രവി ചോദിച്ചു.

മൂന്നു മക്കളാണ് കണാരന്‍ ചേട്ടന്. മൂത്ത മകനാണ് ശ്രീധരന്‍. രണ്ടാമത്തെ മകള്‍ ശ്രീദേവി. ഇളയവനാണ് കുമാരന്‍.

"ശ്രീദേവിയെ കെട്ടിച്ചിരിക്കണത് തൃപ്രയാര്‍ക്കാ. അവള്‍ക്ക് രണ്ടു മക്കളുണ്ട്. അവന് ബിസിനസ്സാ. തരക്കേടില്യ. കൊറച്ചു നാള് മോള്‍ടെ അടുത്തു പോയി നില്‍ക്കും. കൊറെ ദിവസം തറവാട്ടിലും നില്‍ക്കും." കണാരന്‍ ചേട്ടന്‍ നിര്‍ത്തി.

"ഊണ് കാലായി ട്ടോ, വന്നോളൂ..." അച്ഛമ്മയാണ് വിളിക്കുന്നത്.

"വരൂ ചേട്ടാ, ഊണു കഴിക്കാം.." രവി വിളിച്ചു.

"വേണ്ടാ, ഞാനിപ്പോ കഞ്ഞി കുടിച്ചിട്ടാ വരണേ..." കണാരന്‍ ചേട്ടന്‍ പറഞ്ഞു.

"എന്നാലും അല്പം കഴിക്കാം, വരൂ..."

രവിയുടെ പുറകെ കണാരന്‍ ചേട്ടനും അകത്തേക്കു കയറി.

"എന്തൊരു ഉഷ്ണാ ഭഗവാനേ ഇത്."

തോളില്‍ കിടന്ന തോര്‍ത്തുകൊണ്ട് മുഖം തുടച്ച് കണാരന്‍ ചേട്ടന്‍ പറഞ്ഞു.

ഊണു മേശയില്‍ ചോറും കറികളും നിരത്തി വെച്ചിരിക്കുന്നു. ഒരറ്റത്തെ കസേരയില്‍ അച്ഛനുമിരിപ്പുണ്ട്.

"ന്താ മേന്ന്‌നേ, ഇപ്പൊ സുഖം തോന്നണുണ്ടോ.." കണാരന്‍ ചേട്ടന്‍ ചോദിച്ചു.

"ന്റെ സുഖോം ദുഖോം കണാരനറിയാലോ?" അച്ഛന്റെ ക്ഷീണിച്ച ശബ്ദം.

"വാ കൈ കഴുകൂ ചേട്ടാ" രവി വിളിച്ചു.

"വേണ്ട മോനെ, ഞാനിപ്പൊ കഴിച്ചതേ ഉള്ളൂ. ഞാനിവിടെ ഇരുന്നോളാം." കണാരന്‍ ചേട്ടന്‍ കസേരയിലിരുന്നു.

"ന്നാ ഇച്ചിരെ സംഭാരം എടുക്കട്ടെ?" അച്ഛമ്മ ചോദിച്ചു.

"ആവാലോ, ഈ ചൂടിന് അല്പം ആശ്വാസോം കിട്ടും."

"ഗായത്രി കൊണ്ടുവന്ന സംഭാരം അദ്ദേഹം കുടിച്ചു. അച്ഛന്റെ മുന്‍പില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ അല്പം കഞ്ഞിയും തൊട്ടടുത്ത് അച്ചാറും പപ്പടം ചുട്ടതും ഇരിക്കുന്നതു കണ്ടു.

"അവനിപ്പൊ ഇങ്ങനൊക്യാ കഴിക്കൂ. പ്ലഷറും ഷുഗറൊക്കെ കൂടുതലാന്നാ വൈദ്യര് പറേണെ..." അച്ഛമ്മ പറഞ്ഞു.

പച്ചമോരും ഉപ്പിലിട്ടതും കൂട്ടുകറിയും പിന്നെ തനിക്കിഷ്ടപ്പെട്ട കാളനുമൊക്കെയുണ്ട്. എല്ലാം ഒന്നോടിച്ചു നോക്കി. എത്ര നാളായി ഇങ്ങനെയുള്ള ഭക്ഷണം കഴിച്ചിട്ട്. കൊണ്ടാട്ടം വറുത്തതൊരെണ്ണമെടുത്തു കടിച്ച് രവി ഓര്‍ത്തു. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലങ്ങളായി സ്വയം പാചകം ചെയ്യുകയായിരുന്നു. എന്തൊക്കെയോ വെട്ടിപ്പുഴുങ്ങും. പുസാ റോഡിലെ സബ്‌ജി മാര്‍ക്കറ്റില്‍ നിന്ന് എന്തെങ്കിലുമൊക്കെ പച്ചക്കറികള്‍ വാങ്ങും. വീട്ടില്‍ ചെന്നു കയറിയാല്‍ തലയ്ക്കാകെ പെരുപ്പു കയറും. യാതൊരു അടുക്കും ചിട്ടയുമില്ലാതെ എല്ലാം അവിടവിടെ വലിച്ചു വാരിയിട്ടിരിക്കുകയാണ്. എല്ലാം അടുക്കിപ്പെറുക്കി വെക്കാന്‍ പലതവണ ആലോചിച്ചതാണ്. ഒന്നിനും മനസ്സനുവദിക്കുകയില്ല. ഭക്ഷണം വല്ലതും ഉണ്ടാക്കിയെങ്കിലായി. ചിലപ്പോള്‍ വൈകീട്ട് ഓഫീസില്‍ നിന്ന് വരുന്ന വഴി കരോള്‍ ബാഗിലെ അജ്മല്‍ഖാന്‍ റോഡിലുള്ള പട്ടര് സ്വാമിയുടെ മെസ്സില്‍ നിന്ന് ആഹാരം കഴിക്കും. അവിടത്തെ പച്ചരി ചോറും സാമ്പാര്‍ സാദവും തൈര് സാദവുമൊന്നും തനിക്ക് പിടിക്കുകയില്ല. വല്ല മസാല ദോശയോ നെയ്‌റോസ്റ്റോ ഉത്തപ്പമോ വാങ്ങി കഴിക്കും.

(തുടരും....)

അദ്ധ്യായം ഒന്ന്  

Tuesday, July 26, 2016

ക്ഷണപ്രഭാചഞ്ചലം

'ക്ഷണപ്രഭാചഞ്ചല'മാണ് ജീവിതം എന്ന ചൊല്ല് അര്‍ത്ഥവത്താണ്. തുടക്കവും ഒടുക്കവും എവിടെയെന്നു തിട്ടമില്ലാത്തതാണല്ലോ കാലം. ദീര്‍ഘജീവിതമെന്നു നാം കരുതുന്ന ജീവിതം പോലും അതീവഹ്രസ്വമാണ്. കാണാറാകുന്നതിനും കാണാതെയാകുന്നതിനും ഇടയ്ക്കുള്ള കാലയളവാണ് ജീവിതം.  ഏറിയാലും കുറഞ്ഞാലും അതൊരു ഇടവേള തന്നെ.

പൂന്താനത്തിന്റെ ജ്ഞാനപ്പാനയില്‍ പറഞ്ഞതുപോലെ ...

"കണ്ടുകണ്ടങ്ങിരിക്കും ജനങ്ങളെ കണ്ടില്ലെന്നു വരുത്തുന്നതും ഭവാന്‍..
രണ്ടു നാലു ദിനംകൊണ്ടൊരുത്തനെ തണ്ടിലേറ്റി നടത്തുന്നതും ഭവാന്‍
മാളിക മുകളേറിയമന്നന്റെ തോളില്‍ മാറാപ്പു കേറ്റുന്നതും ഭവാന്‍
എണ്ണിയെണ്ണികുറയുന്നിതാ‍യുസ്സും മണ്ടി മണ്ടി കരേറുന്നു മോഹവും
കൂടിയല്ലാ പിറക്കുന്ന നേരത്തും
കൂടിയല്ലാ മരിക്കുന്ന നേരത്തും
മധ്യേയിങ്ങനെ കാണുന്ന നേരത്തു
മത്സരിക്കുന്നതെന്തിനു നാം വൃഥാ"

അതെ, 'കണ്ടുകണ്ടങ്ങിരിക്കു'ന്നതിനിടയില്‍ ചിലര്‍ കാണാതെയാകുന്നു. ഈ മറിമായത്തിന് ഏവരും വിധേയരാകുമെന്നും തീര്‍ച്ച. എപ്പോള്‍, എങ്ങനെ, എവിടെവെച്ച്.....അതൊന്നും ആര്‍ക്കും നിശ്ചയവുമില്ല. ജീവിത സുരക്ഷിതത്വത്തിനുവേണ്ടി മണിമാളിക പടുത്തുയര്‍ത്തിയവന്‍, പെരുവഴിയില്‍ ഉരുണ്ടുവീണു മരിക്കുന്നു. സുഖശയനത്തിനു സപ്രമഞ്ചക്കട്ടിലും മൃദു മെത്തകളും, പട്ടുതലയിണകളും കരുതി വെച്ചവന്‍ കല്ലും മുള്ളും നിറഞ്ഞ പരുപരുത്ത ഭൂമിയില്‍ കിടന്നാവും കണ്ണടയ്ക്കുക. ജനിക്കുന്നതും മരിക്കുന്നതും ഒറ്റയ്ക്കാണെന്നു ചിന്തിക്കാത്തവര്‍ മൂഢന്മാരാണ്.

നാം തേടുന്നത് പലതും നേടുന്നില്ല; നേടുന്നതാകട്ടേ കൂടെ കൊണ്ടുപോകാനും ആവതില്ല. ഇതാണ് സത്യമെങ്കിലും, ഈ സത്യം ഏവരും അറിയുന്നുവെങ്കിലും, അതാരും ഓര്‍മ്മിക്കുന്നില്ലെന്നുള്ളതല്ലേ മഹാത്ഭുതം ? ഈ അത്ഭുതത്തെക്കുറിച്ചുള്ള ബോധമാണ് തത്വജ്ഞാനം.

സോക്രട്ടീസ് പറഞ്ഞു: 'തത്വജ്ഞാനിയുടെ വികാരമത്രേ അത്ഭുതം; തത്വജ്ഞാനമാകട്ടേ അത്ഭുതത്തില്‍ നിന്നാണ് തുടങ്ങുന്നതും.

Sunday, July 24, 2016

"ധര്‍മ്മവും അധര്‍മ്മവും"

'ധര്‍മ്മ'ത്തെക്കുറിച്ച് പലരും വായ്‌തോരാതെ സംസാരിക്കാറുണ്ട്.  എന്നാല്‍ അവരില്‍ എത്ര പേര്‍ക്ക് 'ധര്‍മ്മ'ത്തിന്റെ അര്‍ത്ഥവും വ്യാപ്തിയും മനസ്സിലാക്കാന്‍ സാധിച്ചിട്ടുണ്ട്? സത്‌പ്രവൃത്തികള്‍ ചെയ്യുന്നവരെ സല്‍‌ഗുണര്‍ എന്നും ധര്‍മ്മം ചെയ്യുന്നവരെ ധര്‍മ്മിഷ്ടര്‍ എന്നും സം‌ബോധന ചെയ്യുന്നു. ഇക്കൂട്ടരുടെ പ്രവര്‍ത്തനങ്ങള്‍ക്ക് പ്രതിരോധം സൃഷ്ടിക്കാന്‍ തമസ്സിന്റെ ശക്തികള്‍ വാദകോലാഹലങ്ങളിലൂടെ പ്രയത്‌നിക്കുന്നു. അവരുടെ വഴിമുടക്കാന്‍ അപഃശകുനങ്ങള്‍ ഉണ്ടാക്കുന്നു. പക്ഷേ,  ഉദിച്ചുയരുന്ന സൂര്യതേജസ്സിനു മുന്നില്‍ കൂരിരുട്ട് അലിഞ്ഞില്ലാതാകുന്നതുപോലെ അവ ക്ഷിപ്രനേരം കൊണ്ട് നിഷ്‌പ്രഭമാകുന്നു.

ലോകത്തിന്റെ നിലനില്പിനെ സഹായിക്കാന്‍ 'ധര്‍മ്മ' പ്രചരണം അത്യന്താപേക്ഷിതമാണ്. 'ധര്‍മ്മം' എന്നാല്‍ അനുഷ്ഠിക്കേണ്ട കടമ എന്നര്‍ത്ഥം. സല്‍‌പ്രവൃത്തികളിലൂടെയല്ലാതെ ഒരു ജനവിഭാഗവും നന്നാവുകയില്ല. ധര്‍മ്മത്തിന്റെ ആവശ്യകതയെക്കുറിച്ച് എല്ലാ ആത്മീയ ഗുരുക്കന്മാര്‍ക്കും ഏകാഭിപ്രായമാണുണ്ടായിരുന്നത്.

എല്ലാത്തരം കൃത്യവിലോപത്തെ ഒഴിവാക്കുവാനും, കര്‍മ്മത്തിന്റെ പാത സം‌ശുദ്ധമാക്കുവാനും ധാര്‍മ്മികബോധം നമ്മെ സഹായിക്കുന്നു. എല്ലാവരേയും സമഭാവനയോടെ കാണേണ്ടതാണ്. നീതിയും, അവസരവും ആര്‍ക്കും നിഷേധിച്ചുകൂടാ. ദുര്‍‌വാസനകളെ പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള പ്രവര്‍ത്തനങ്ങള്‍ കാലത്തിന്റെ വളര്‍ച്ചയെ പിന്നോക്കം പായിക്കും.

ഒഴിവുകഴിവു പറഞ്ഞ് കര്‍മ്മത്തില്‍ നിന്നും പിന്മാറുവാന്‍ ശ്രമിക്കുന്ന അലസന്മാരെ കര്‍മ്മോന്മുഖരാക്കുവാന്‍ ധാര്‍മ്മികബോധം സഹായിക്കും. ഇരുളും, വെളിച്ചവും, ലോകജീവിതത്തിലാവശ്യമാണെങ്കിലും, സത്തയില്ലായ്മയുടെ പ്രതിരൂപമാണ് ഇരുള്‍. 'ധര്‍മ്മം' പ്രകാശമാണ്. പ്രകാശത്തിനു മുന്നില്‍ ഇരുളിന് നില്‍ക്കക്കള്ളിയുണ്ടാവില്ല.

ധര്‍മ്മവും അധര്‍മ്മവും ഒരേ നാണയത്തിന്റെ രണ്ടു വശങ്ങളാണ്. നെല്‍‌പാടങ്ങളിലെ നെല്‍‌ച്ചെടികളോടൊപ്പം, അപകടകാരികളായ 'കള'കളും തഴച്ചു വളരുന്നില്ലേ..! വേണ്ട സമയത്ത് കളകള്‍ പറിച്ചുനീക്കിയില്ലെങ്കില്‍ നെല്‍‌ച്ചെടി പാടേ നശിച്ചുപോകും. ഇതുപോലെയാണ് 'ധര്‍മ്മ'ത്തിന്റെ കാര്യവും. അധര്‍മ്മത്തെ തുടച്ചുനീക്കി, ധാര്‍മ്മികബോധത്തിന്റെ വളര്‍ച്ചയ്ക്ക് സഹായകമായ നിലപാട് സ്വീകരിക്കുവാന്‍ ഓരോ പൗരനും തയ്യാറാകണം. എങ്കിലേ ഈ ലോകം നന്മയുടെ സുഖമറിയൂ.
**************************************************************
"തന്നിഷ്ടം ധര്‍മ്മമായിത്തീരും
കള്ളനെപ്പോലെയാം നൃപന്‍
അസത്യം പറയും കക്കും ചുമ്മാ കൊല്ലും നൃജീവികള്‍
പണംമാത്രം കലിയിലെ ജന്മാചാരഗുണാത്രയം
ബലത്തില്‍ മാത്രമൂന്നുന്നു ധര്‍മ്മം, ന്യായം വ്യവസ്ഥയും
ദാമ്പത്യഹേതുഭോഗേച്ഛ മായം
കച്ചവടങ്ങളില്‍
രതി പുംസ്ത്രീത്വനിദാനം പൂ ണൂല്‍മാത്രം ദ്വിജത്വവും
കുടുംബഭാരം കേമത്തം: കീര്‍ത്തിക്കായ് ധര്‍മ്മസേവനം
ദുഷ്ടപ്രജകളാലേവം നിറയുംക്ഷിതിമണ്ഡലം
സംരക്ഷിക്കില്ല നീചന്മാര്‍ വൃദ്ധമാതാക്കളെ..."

(ശ്രീമഹാഭാഗവത വിവര്‍ത്തനം - അക്കിത്തം.)

Friday, July 22, 2016

മഹാത്മാഗാന്ധിയുടെ നാട്ടില്‍ ദളിതര്‍ക്ക് പീഡനം

സംഘ്‌പരിവാര്‍-ആര്‍.എസ്.എസ്.-ബി.ജെ.പി-ശിവസേന കൂട്ടുകെട്ട് കേന്ദ്രഭരണം കൈയ്യടക്കിയ അന്നുമുതല്‍ ഇന്ത്യയുടെ നാനാഭാഗങ്ങളില്‍ അക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞതിന്റെ തെളിവുകളാണ് ഓരോ ദിവസത്തെ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബീഫിന്റെ പേരില്‍ എത്രയോ നിരപരാധികളെയാണ് മൃഗതുല്യമായി മര്‍ദ്ദിച്ചു കൊല്ലുന്നത്...!! അവര്‍ നമ്മോട് പറയുന്ന നീറുന്ന കഥകളില്‍ നിന്നു തന്നെ അനീതിയുടെ, കൊടിയ അക്രമങ്ങളുടെ ഇരകളാക്കാന്‍ വിധിക്കപ്പെട്ട ഒരു ജനസമൂഹത്തിന്റെ ദൈന്യത വായിച്ചെടുക്കാം. ഇത്രയൊക്കെ രാജ്യത്ത് സംഭവിച്ചിട്ടും തെല്ലും കൂസലില്ലാതെ ഭരണാധികാരികള്‍ മൗനം ദീക്ഷിക്കുന്നത് അതിലേറെ ഗൗരവത്തോടെയാണ് കാണേണ്ടത്.

ഏറെ ദേശീയ-അന്തര്‍ദ്ദേശീയ ശ്രദ്ധ പിടിച്ചുപറ്റിയ സംഭവമായിരുന്നു ദാദ്രി കൊലപാതകം. 2015 സെപ്റ്റംബര്‍ 28-ന് ബീഫ് വീട്ടില്‍ സൂക്ഷിച്ചുവെന്നും, അത് കഴിച്ചുവെന്നും ആരോപിച്ചാണ് മുഹമ്മദ് അഖ്‌ലാഖ് എന്ന 52കാരനെ ഹിന്ദുത്വ തീവ്രവാദികള്‍ അതിക്രൂരമായി മര്‍ദ്ദിച്ചുകൊന്നത്. പിതാവിനെ രക്ഷിക്കാന്‍ ശ്രമിച്ച മകനെയും അവര്‍ ക്രൂരമായി മര്‍ദ്ദിച്ചു. ആ സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായവരില്‍ മിക്കവരും ബി.ജെ.പിയുടെ പ്രാദേശിക നേതാക്കളായിരുന്നു. അന്ന് ആ സംഭവത്തെ ന്യായീകരിച്ചും, വിവാദകരമായ പരാമര്‍ശങ്ങളുമായി പല മുന്‍നിര ബി.ജെ.പി നേതാക്കളും രംഗത്തുവന്നിട്ടും പ്രധാനമന്ത്രി നരേന്ദ്ര മോദി മാത്രം മൗനിയായി. പ്രധാനമന്ത്രിയുടെ ഈ മൗനത്തിനെതിരെ രാജ്യവ്യാപകമായി പ്രതിഷേധങ്ങളുയര്‍ന്നപ്പോഴാണ് പേരിന് മാത്രം അദ്ദേഹം മൗനം വെടിഞ്ഞത്. ഈ രക്തത്തില്‍ എനിക്ക് പങ്കില്ല എന്ന ധ്വനിയില്‍ "ഇത്തരം സംഭവങ്ങള്‍ ദു:ഖകരമാണ്. എന്നാല്‍ കേന്ദ്ര സര്‍ക്കാറിന് ഇതില്‍ ഒരു ഉത്തരവാദിത്വവുമില്ല" എന്നു പറഞ്ഞ് അന്ന് അദ്ദേഹം കൈകഴുകി.

അതുകഴിഞ്ഞാണ് പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയുടെ മുംബൈയിലെയും പുനെയിലേയും സംഗീത പരിപാടികള്‍ ശിവസേനയുടെ എതിര്‍പ്പിനെ തുടര്‍ന്ന് റദ്ദാക്കിയത്. ലോകമൊട്ടാകെ ഈ സംഭവം ഏറെ വിവാദമുയര്‍ത്തി.  ജാതിയുടെ പേരിലും, ബീഫിന്റെ പേരിലും ഇന്ത്യയുടെ പല ഭാഗങ്ങളിലും അക്രമങ്ങള്‍ അരങ്ങേറി. അവയൊന്നും തന്നെ മോദിയുടെ ശ്രദ്ധയില്‍ പെട്ടില്ല. 'ഹിന്ദുക്കളും മുസ്ലീങ്ങളും പരസ്പരം പോരടിക്കാതെ ദാരിദ്ര്യത്തിനെതിരെ ഒരുമിച്ചു നില്‍ക്കണ'മെന്ന ഒരു അഭിപ്രായം മോദി ബീഹാറില്‍ നടന്ന തെരഞ്ഞെടുപ്പു റാലിയില്‍ പറഞ്ഞതല്ലാതെ സഖ്യകക്ഷികള്‍ ചെയ്യുന്ന അനീതിയെ വെച്ചുപൊറുപ്പിക്കില്ല എന്നോ, നിയമം കര്‍ശനമാക്കുമെന്നോ അദ്ദേഹം പറഞ്ഞിട്ടില്ല.  പ്രതിപക്ഷം ധ്രുവീകരണത്തിനുവേണ്ടി രാഷ്ട്രീയം കളിക്കുകയാണെന്നും, ബി.ജെ.പി എല്ലാകാലത്തും വ്യാജ മതേതരത്വത്തെ എതിര്‍ത്തിട്ടുണ്ടെന്നുമുള്ള ന്യായവാദങ്ങളാണ് അദ്ദേഹം നിരത്തിയത്.

1997 ല്‍ ബീഹാറിലെ ലക്ഷ്മണ്‍പൂരില്‍ ഒരു വയസ്സുള്ള കുഞ്ഞുള്‍പ്പെടെ 58 ദളിതരെയാണ് സവര്‍ണ്ണരുടെ ഫാസിസ്റ്റ് സംഘടനായ രണ്‍വീര്‍ സേന കൊന്നു തള്ളിയത്. ഇതിലെ പ്രതികളെയെല്ലാം തന്നെ പിന്നീട് തെളിവുകളുടെ അഭാവത്തില്‍ ഉന്നത നീതിപീഠം വിട്ടയച്ചു എന്നതു കൂടി ഇതിനോട് കൂട്ടി വായിക്കേണ്ടതുണ്ട്. അതേ വര്‍ഷം തന്നെയാണ് മഹാരാഷ്ട്രയിലെ രമാഭായ് കോളനിയില്‍ അംബേദ്കര്‍ പ്രതിമയില്‍ ചെരുപ്പുമാല ചാര്‍ത്തിയതില്‍ പ്രതിഷേധിച്ച ജനക്കൂട്ടത്തിനു നേരെ പോലീസ് വെടി വച്ചതും 10 പേര്‍ അവിടെ കൊല്ലപ്പെട്ടതും. 2006 ലെ ഖേര്‍ലാഞ്ചി കൂട്ടക്കൊലയുള്‍പ്പെടെ ചെറുതും വലുതുമായ ആക്രമണങ്ങള്‍ നിരന്തരം ദളിതര്‍ക്ക് നേരിടേണ്ടി വരുന്നു. ഇതിലൊന്നും തന്നെ പ്രതികള്‍ ശിക്ഷിക്കപ്പെടുന്നില്ലെന്നു മാത്രമല്ല പോലീസ് തന്നെ പ്രതികളായ ഉന്നത ജാതിക്കാരുടെ കൂലിക്കരായി മാറി കേസുകള്‍ ദുര്‍ബകലമാക്കുന്നതാണ് വര്‍ത്തമാന ഇന്ത്യന്‍ യാഥാര്‍ത്ഥ്യം.

ഇപ്പോള്‍ ഗുജറാത്തില്‍ ദളിതര്‍ക്കുനേരെ നടക്കുന്ന ക്രൂര പ്രവര്‍ത്തികളും സമാനസ്വഭാവമുള്ളതാണ്. ചത്ത പശുവിന്റെ തൊലിയുരിഞ്ഞതിന്റെ പേരില്‍ നാല് ദളിത് യുവാക്കളെ ഗോരക്ഷാ പ്രവര്‍ത്തകരെന്ന് പറയുന്നവര്‍ നടുറോഡില്‍ നഗ്നരാക്കി മര്‍ദ്ദിച്ചത് ലോകവ്യാപകമായ എതിര്‍പ്പിന് വഴിവെച്ചിരിക്കുകയാണ്. ലോകരാഷ്‌ട്രങ്ങള്‍ സന്ദര്‍ശിച്ച് തന്റെ 'മോടി' വര്‍ദ്ധിപ്പിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്ന മോദി, തന്റെ തട്ടകമായ ഗുജറാത്തില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങളെക്കുറിച്ച് അറിഞ്ഞതേയില്ല. ഇപ്പോള്‍ ദളിതര്‍ക്ക് നേരെയുണ്ടായ അക്രമത്തില്‍ പ്രതിഷേധിച്ച് കൂടുതല്‍ സ്ഥലങ്ങളിലേക്ക് പ്രക്ഷോഭം വ്യാപിക്കുകയാണ്. മനുഷ്യരെ സ്നേഹിക്കാന്‍ അറിയാത്തവരാണ് പശുക്കളെ സ്നേഹിക്കുന്നത്. ഗോസംരക്ഷണത്തിന്റെ പേരില്‍ ദളിത്-ന്യൂനപക്ഷങ്ങള്‍ക്കെതിരെ നടക്കുന്ന സംഘടിതമായ ആക്രമണങ്ങള്‍ക്കെതിരെയുള്ള ശക്തമായ പ്രതികരണമാണ് ഇപ്പോള്‍ ഗുജറാത്തില്‍ കാണുന്നത്. ദളിതര്‍ സംഘടിതരായാണ് പ്രക്ഷോഭം നടത്തുന്നത്. അവര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നിരവധി എന്‍.ജി.ഒ.കളും രംഗത്തുണ്ട്. തങ്ങളോടുള്ള അവഗണനയിലും നിന്ദ്യവും ക്രൂരവുമായ പ്രവര്‍ത്തികളിലും പ്രതിഷേധിച്ച് ദളിത് യുവാക്കള്‍ ആത്മഹത്യാ ശ്രമവും നടത്തുന്നുണ്ട്.

ദളിതര്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിച്ച് പതിനെട്ടോളം ദളിത് യുവാക്കളാണ് ആത്മഹത്യാ ശ്രമം നടത്തിയതെന്ന് റിപ്പോര്‍ട്ടുകളുണ്ട്. തങ്ങള്‍ക്കുനേരെയുള്ള ആക്രമങ്ങളില്‍ സര്‍ക്കാരിന്റെ ശ്രദ്ധ പതിപ്പിക്കാനാണ് ജീവിതം അവസാനിപ്പിക്കുക എന്ന കടുത്ത തീരുമാനമെടുക്കാന്‍ ഇവരെ പ്രേരിപ്പിച്ചത്. സ്വന്തം ഗ്രാമത്തില്‍ പോലും മനഃസ്സമാധാനത്തോടെ ജീവിക്കാന്‍ അനുവദിക്കാത്ത ഉയര്‍ന്ന ജാതിക്കാരുടെ പീഡനമാണ് ദളിത് യുവാക്കളുടെ പ്രതിഷേധത്തിന് മറ്റൊരു കാരണം. പോലീസില്‍ പരാതി നല്‍കിയാല്‍ പോലും യാതൊരു നടപടിയും സ്വീകരിക്കില്ലെന്നു മാത്രമല്ല, കൂടുതല്‍ ഉപദ്രവങ്ങളും ഉണ്ടാകുമെന്ന് അവര്‍ പറയുന്നു. പല കുടുംബങ്ങളും ഗ്രാമം ഉപേക്ഷിച്ച് പോകേണ്ടതായി വന്നിട്ടുണ്ടെന്നും അവര്‍.

"ഞങ്ങള്‍ ദളിതരായി ജനിച്ചത് ഞങ്ങളുടെ തെറ്റാണോ" എന്നാണ് അവര്‍ ചോദിക്കുന്നത്. സദാ സമയം ഉയര്‍ന്ന ജാതിക്കാരെ പേടിച്ച് ജീവിക്കേണ്ട ഗതികേടിലാണ് ഞങ്ങളെന്നും അവര്‍ പറയുന്നു.
അധികൃതരുടെ കണ്ണു തുറപ്പിക്കാന്‍ ആത്മഹത്യയല്ലാതെ മറ്റു പോം‌വഴികളൊന്നുമില്ല എന്നാണ് ദളിത് യുവാക്കള്‍ പറയുന്നത്. ഒന്നോ പത്തോ പേര്‍ ആത്മഹത്യ ചെയ്താല്‍ ബാക്കിയുള്ളവര്‍ക്കെങ്കിലും നീതി ലഭിക്കുമല്ലോ എന്നും അവര്‍ പറയുന്നു. ഇങ്ങനെ ചെയ്തതുകൊണ്ട് ഒരു ഗുണമുണ്ടായത് ഗുജറാത്തിലെ ദളിതര്‍ ഒറ്റക്കെട്ടായി തങ്ങള്‍ക്കെതിരെ നടക്കുന്ന ആക്രമങ്ങളില്‍ പ്രതിഷേധിക്കാന്‍ രംഗത്തിറങ്ങി എന്നുള്ളതാണ്. അതെ, ക്ഷമയുടെ നെല്ലിപ്പലക കണ്ട അവര്‍ക്ക് മറ്റു വഴികളൊന്നും ഉണ്ടായിരുന്നില്ല.

'പുര കത്തുമ്പോള്‍ വാഴ വെട്ടുന്ന'വരെപ്പോലെ ഇവിടെയും വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ അനുകമ്പയുമായി ഗുജറാത്തില്‍ എത്തി. കാലങ്ങളായി ദളിതര്‍ അനുഭവിക്കുന്ന വേദനകള്‍ കണ്ടില്ലെന്നു നടിച്ച കോണ്‍‌ഗ്രസ് ഇപ്പോള്‍ മുഖം മിനുക്കാന്‍ ഇറങ്ങിയതും രാഷ്‌ട്രീയ ലക്ഷ്യം തന്നെ. ഗുജറാത്തിലെ ദളിതരുടെ പ്രശ്നം പാര്‍ലമെന്റില്‍ ചര്‍ച്ചയ്ക്കു വന്നപ്പോള്‍ സുഖനിദ്രയിലാണ്ട കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെ നാമെല്ലാം കണ്ടതാണ്. അദ്ദേഹമാണ് ഇപ്പോള്‍ ദളിതരുടെ രക്ഷകനായി ഗുജറാത്തില്‍ എത്തിയിരിക്കുന്നത്. കൂടാതെ എ‌എ‌പി നേതാവും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാളും. ഇവര്‍ രണ്ടുപേരും അവിടെ പോയത് ദളിതരുടെ കണ്ണീരൊപ്പാനോ അവര്‍ക്കുവേണ്ട സം‌രക്ഷണം ഉറപ്പുവരുത്താനോ ഒന്നുമല്ല. ദളിതരുടെ മനസ്സില്‍ ഇടം നേടാനാണ് അനുകമ്പയുമായി  സന്ദര്‍ശനമെന്ന പേരില്‍ അവിടെ എത്തിയത്. 2017 ല്‍ നടക്കുന്ന തിരഞ്ഞെടുപ്പാണ് അവരുടെ ലക്ഷ്യം. വോട്ട് ബാങ്ക് ബലപ്പെടുത്തുക എന്ന ഒരൊറ്റ ഉദ്ദേശമേ അവര്‍ക്കുള്ളൂ. നീതിക്കുവേണ്ടി പോരാടുന്ന ദളിതരെ രാഷ്‌ട്രീയ ലാഭത്തിനുവേണ്ടി ബലിയാടുകളാക്കുന്നത് കരണീയമല്ലതന്നെ.

ഏത് പാര്‍ട്ടി വന്നാലും ദളിതര്‍ ഇനി അടിയറവ് പറയുന്ന പ്രശ്നമേ ഇല്ല എന്ന സന്ദേശമാണ് അവര്‍ ലോകത്തെ അറിയിക്കുന്നത്.  അതെ, മൗലികാവകാശങ്ങള്‍ പോലും അപ്രാപ്യമാം വിധം അടിച്ചമര്‍ത്തപ്പെട്ട ഒരു വിഭാഗത്തിന്റെ ഉയര്‍ത്തെപഴുന്നേല്‍പ്പ് കാലത്തിന്റെ ആവശ്യം കൂടിയാണ്. ദളിതരോടുള്ള സമീപനത്തില്‍ മാറ്റം വരണമെന്നും, എത്രയും വേഗത്തില്‍ നീതി വേണമെന്നതുമാണ് അവരുടെ ആവശ്യം. സ്വന്തം രാജ്യത്ത് അടിമകളെപ്പോലെ ജീവിക്കാതെ സമാധാനപൂര്‍വം ജീവിക്കാനാണ് അവര്‍ ആഗ്രഹിക്കുന്നത്. അതിന് എല്ലാ രഷ്‌ട്രീയപ്പാര്‍ട്ടികളും ഒരുമിച്ച് പ്രവര്‍ത്തിക്കണം. കുറ്റവാളികളെ ശിക്ഷിക്കുകയും അതോടൊപ്പം ദളിതര്‍ക്ക് നീതി ലഭിക്കുകയും വേണം. അഹിംസയിലൂന്നിയ സത്യാഗ്രഹം എന്ന സമര സിദ്ധാന്തത്തിലൂടെ ലോക ശ്രദ്ധേയനായ രാഷ്‌ട്രപിതാവ് മഹാത്മാ ഗാന്ധിയുടെ നാട്ടിലാണ് ഇത്തരമൊരു അധര്‍മ്മം നടക്കുന്നതെന്നും കൂട്ടിവായിക്കണം.

"ആദ്യം നിങ്ങളെ അവര്‍ അവഗണിക്കും, പിന്നെ പരിഹസിക്കും, പിന്നെ പുഛിക്കും, പിന്നെ ആക്രമിക്കും എന്നിട്ടായിരിക്കും നിങ്ങളുടെ വിജയം."

മഹാത്മാ ഗാന്ധി





Thursday, July 21, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - നോവലറ്റ് ആരംഭിക്കുന്നു

സമര്‍പ്പണം

കാല്‍നൂറ്റാണ്ടിലേറെയായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്ത് ഇന്ത്യയുടെ തലസ്ഥാന നഗരിയിലും അറേബ്യന്‍ രാജ്യങ്ങളിലും ജീവിച്ച് അവസാനം അമേരിക്കയിലെത്തിയ എനിക്ക്, മാതൃഭൂമിയോടുള്ള പൊക്കിള്‍കൊടി ബന്ധം വിഛേദിക്കാനാകുന്നില്ല. ഞാന്‍ ജനിച്ച നാട്, നാട്ടുകാര്‍, കൂട്ടുകാര്‍, സഹപാഠികള്‍ എന്നിവരൊക്കെ എപ്പോഴും എന്റെ മനസ്സില്‍ വെള്ളിത്തിരയിലെന്നപോലെ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു.

ജീവിതായോധനത്തിനായുള്ള പരക്കം പാച്ചിലില്‍ പലയിടങ്ങളിലും വെച്ച് കണ്ടുമുട്ടിയവരുടേയും ദീര്‍ഘനാളത്തെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടിയവരുടേയും ജീവിതാനുഭവങ്ങളും, അവരുടെ ജീവിതത്തില്‍ വന്നുഭവിച്ച സംഭവവികാസങ്ങളും എന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെ നുറുങ്ങുകളും കൂട്ടിയിണക്കിയതാണ് ഈ നോവലറ്റ്. ജീവിച്ചിരിക്കുന്നവരും കാലയവനികക്കുള്ളില്‍ മറഞ്ഞവരുമൊക്കെ വിവിധ കഥാപാത്രങ്ങളായി ഈ നോവലറ്റിലൂടെ പുനര്‍ജ്ജനിക്കാം.

1970-80 കാലഘട്ടത്തിലേക്ക് ഈ കഥ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ കണ്ടുമറന്ന പല മുഖങ്ങളും ഇതിലൂടെ നിങ്ങള്‍ ദര്‍ശിച്ചേക്കാം. ഒരുപക്ഷേ, നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഈ കഥയിലെ കഥാപാത്രങ്ങളായി രൂപാന്തരപ്പെട്ടേക്കാം. അത് വെറും യാദൃശ്ചികാമാണെന്നേ എനിക്ക് പറയാന്‍ കഴിയൂ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മടിക്കരുത്.

അദ്ധ്യായം 1

വീട്ടിലെത്തിയ രവികുമാര്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. ഇരുപതു കൊല്ലങ്ങള്‍കൊണ്ട് താന്‍ പഴയ രവി അല്ലാതായിട്ടുണ്ടെന്ന് അയാള്‍ക്കറിയാം. തന്റെ വേഷം മാത്രമല്ല, ജീവിതശൈലിയിലും ആകെ മാറ്റം വന്നിട്ടുണ്ട്.

പടിപ്പുര കടന്ന് മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍ അയാള്‍ കുറെ നേരം നിന്നു. ഒരുനിമിഷം ബാല്യകാല സ്മരണയിലേക്ക് ഓര്‍മ്മകള്‍ ഊളിയിട്ടു. ഈ ഇലഞ്ഞിമരത്തിന് എന്തെല്ലാം കഥകളറിയാം ! താന്‍ പിച്ചവെച്ചു നടന്നതും ബാല്യവും കൗമാരവും പിന്നിട്ടതുമെല്ലാം എല്ലാം ഈ ഇലഞ്ഞിമരത്തിനറിയാം. ഉച്ചച്ചൂടിന്റെ കാഠിന്യത്തെ തണുപ്പിക്കാനെന്നോണം ഒരു തെളിര്‍കാറ്റ് തഴുകിത്തലോടിയപ്പോള്‍ ഇലഞ്ഞിമരക്കൊമ്പുകളും ഇളകിയാടി. ഇത്രയും ചൂട് നാട്ടില്‍ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. നഗരങ്ങളിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ചൂടിനെ ആവാഹിച്ചെടുത്ത് മനുഷ്യന്റേയും മണ്ണിന്റേയും മേല്‍ അടിച്ചേല്പിക്കുന്നു. നഗരം ഒരു കോണ്‍ക്രീറ്റ് ചൂളയാണ്. നമ്മുടെ ഗ്രാമങ്ങളും അതിന്റെ തീജ്വാലയിലേക്ക് ചെന്നു വീണ് ഉരുകിത്തുടങ്ങിയിരിക്കുകയാണെന്ന് ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു. ശരീരമാകെ ആവിയില്‍ പുഴുങ്ങിയതുപോലെ.

"ആരെയും കാണുന്നില്ലല്ലോ..!" സംശയത്തോടെ ചുറ്റും നോക്കി. വടക്കേ തൊടിയില്‍ നിന്ന് ആരോ നടന്നുപോകുന്നതുപോലെ തോന്നി. തന്റെ വേഷം കണ്ടിട്ടാകാം മനസ്സിലാകാത്തതുപോലെ അവര്‍ അടുക്കള വശത്തുകൂടി അകത്തേക്കു കയറി.

ജീര്‍ണ്ണിച്ചു തുടങ്ങിയ ആ നാലുകെട്ടിന്റെ പടിപ്പുരയ്ക്കടുത്ത് ഒരപരിചിതനെപ്പോലെ അപ്പോഴും രവി നില്‍ക്കുകയായിരുന്നു. തന്നെ പരിഹസിക്കുന്നതുപോലെ ഇലഞ്ഞിമരക്കൊമ്പുകള്‍ പതിയെ തല കുലുക്കുന്നുണ്ടായിരുന്നു അപ്പോഴും.

ഉമ്മറത്തേക്കുള്ള വാതില്‍ തുറന്ന് ആരോ ഇറങ്ങിവരുന്നു ! ഉച്ചവെയിലിന്റെ കാഠിന്യം കൊണ്ട് പടിപ്പുര മുറ്റത്ത് നില്‍ക്കുന്നതാരാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. വരാന്തയിലേക്ക് അവര്‍ ഇറങ്ങിവന്നപ്പോഴേക്കും രവി മുറ്റത്തെത്തിയിരുന്നു.

"ആരാ, മനസ്സിലായില്ല്യാലോ?"

തലമുടിയെല്ലാം നരച്ച്, പ്രായാധിക്യം കൊണ്ട് മുഖത്തെ മാംസപേശികളൊട്ടി, തീരെ ക്ഷീണിതയായി തന്റെ മുന്നില്‍ നില്‍ക്കുന്ന അവരെ കണ്ടപ്പോള്‍ ഉള്ളിന്റെയുള്ളില്‍ ഒരു തീക്കനല്‍ വീണപോലെ അയാള്‍ക്കു തോന്നി.

"അച്ഛമ്മ," രവി മന്ത്രിച്ചു.

ഉമ്മറവാതിലിനു പുറകില്‍ നിന്ന് അപ്പോഴും രണ്ടു കണ്ണുകള്‍ അയാളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

"ആരാന്നു ചോദിച്ചിട്ട് മിണ്ടാതെ നിക്ക്വാണോ?"

അച്ഛമ്മയുടെ ചോദ്യം കേട്ട് രവി ഉമ്മറത്തേക്കു കയറി. തന്നെ മനസ്സിലായിട്ടില്ലെന്നു ആ മുഖം കണ്ടാലറിയാം. ബ്രീഫ് കെയ്സും എയര്‍ബാഗും താഴെ വെച്ച്, സണ്‍ഗ്ലാസ്സെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് അച്ഛമ്മയുടെ മുന്‍പില്‍ രവി ചെന്നു നിന്നു. അത്ഭുതത്തോടെ, അതിലേറെ അങ്കലാപ്പോടെ തന്നെ നോക്കി നിന്ന അച്ഛമ്മയുടെ രണ്ടു കൈകളൂം പുകര്‍ന്നപ്പോള്‍ അമ്പരപ്പ് ആ മുഖത്ത് മിന്നിമറയുന്നത് രവി കണ്ടു.

"അച്ഛമ്മേ....." രവിയുടെ വിളി കേട്ട് അവിശ്വസനീയതയോടെ അയാളെ നോക്കി നിന്ന അച്ഛമ്മയുടെ കവിളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങുന്നത് അയാള്‍ കണ്ടു.

'ന്നാലും ന്റെ കുട്ടി വന്നൂലോ, മരിക്കണേനു മുമ്പ് ദൈവം ആ ആഗ്രഹോം സാധിപ്പിച്ചു തന്നു.....സമാധാനായി."

രവിയുടെ കൈകള്‍ രണ്ടും കൂട്ടിയെടുത്ത് ആ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ അയാളുടേയും നിയന്ത്രണം വിട്ടു. അയാള്‍ അച്ഛമ്മയെ ചേര്‍ത്തു പിടിച്ചു.

"അച്ഛനെവിടെ?" രവിയുടെ ചോദ്യം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അച്ഛമ്മ അയാളേയും കൂട്ടി അകത്തേക്കു കയറി. കഷായത്തിന്റേയും അരീഷ്ടത്തിന്റേയും എണ്ണയുടേയും കുഴമ്പിന്റേയും സമ്മിശ്രഗന്ധം വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. നിറം മങ്ങിയ ചുവരുകളും ജീര്‍ണ്ണിച്ചു തുടങ്ങിയ കട്ടിളപ്പടികളും, വാതിലുകളും, ജനല്‍‌പാളികളുമെല്ലാം പഴയ പ്രതാപങ്ങള്‍ക്ക് പുഴുക്കുത്തേറ്റത് വിളിച്ചോതുന്നുണ്ടായിരുന്നു. ഇടുങ്ങിയ ഒരു മുറിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കണ്ടു അസ്തപ്രജ്ഞനായ ഒരാള്‍ കട്ടിലില്‍ കിടക്കുന്നു.

"അച്ഛന്‍....!!" പ്രകാശം മങ്ങിയ ആ കണ്ണുകള്‍ അത്ഭുതത്തോടെ അയാളെ അടിമുടി ശ്രദ്ധിക്കുകയായിരുന്നു.

"ഈ വന്നിരിക്കണ ആളെ മനസ്സിലായോ?" അച്ഛമ്മയുടെ ചോദ്യം കേട്ട് അമ്പരപ്പോടെ ആ കണ്ണുകള്‍ രവിയുടെ നേരെ തിരിഞ്ഞു.

"ആരാ..." എന്ന മട്ടില്‍ വീണ്ടും അച്ഛമ്മയെ നോക്കി.

"നമ്മുടെ കുട്ടനാ.." അച്ഛമ്മയുടെ പരിചയപ്പെടുത്തലില്‍ വിശ്വാസം വരാതെ രവിയെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി അയാളുടെ കരതലങ്ങള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ഒരക്ഷരം ഉരിയിടാതെ അച്ഛന്‍ കുറെ നേരം കണ്ണടച്ചു കിടന്നു.

"കൃഷ്ണാ...ഗുരുവായൂരപ്പാ.... നീ എന്റെ പ്രാര്‍ത്ഥന കേട്ടു." അച്ഛന്റെ സ്വരം രവിയെ വല്ലാതെ വേദനിപ്പിച്ചു.

"ന്താ കുട്ടാ, ഞങ്ങളെയൊന്നും നിനക്കു വേണ്ടാതായോ? അതിനു മാത്രം എന്തു തെറ്റാ ഞങ്ങളു ചെയ്തേ?" കിടന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന്‍ പറഞ്ഞു.

"വേണ്ടാ, കിടന്നോളൂ" രവി അച്ഛനെ വിലക്കി.

"എത്ര നേരോന്ന്വെച്ചാ ഈ കെടപ്പ് കെടക്കണെ, ന്റെ കണ്ണടയുന്നതിനു മുന്‍പ് നിന്നെയൊന്നു കാണണംന്നുണ്ടായിരുന്നു. കണ്ടു, സമാധാനമായി." 

അച്ഛന്റെ വാക്കുകളില്‍ നിരാശയും സങ്കടവും. അച്ഛന്റെ അസുഖവിവരത്തിന് പല കത്തുകളും കിട്ടിയെങ്കിലും ഒന്നിനും മറുപടി അയക്കാനോ അതേക്കുറിച്ച് അന്വേഷിക്കാനോ താന്‍ തുനിഞ്ഞില്ല. അവസാനം രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെന്ന വിവരം അറിഞ്ഞപ്പോഴാണ് താന്‍ നാട്ടിലേക്ക് പുറപ്പെട്ടത്. രവി ആലോചിക്കുകയായിരുന്നു. പൂര്‍ണ്ണമനസ്സോടെയായിരുന്നില്ല ഈ യാത്ര. അയാള്‍ മനസ്സിലോര്‍ത്തു.

ബദ്ധപ്പെട്ട് അച്ഛന്‍ എഴുന്നേറ്റ് രവിയുടെ അടുത്തെക്കു വന്നു. വിറയാര്‍ന്ന കൈകള്‍കൊണ്ട് ഗാഢമായി പുണര്‍ന്നു. രവിയുടെ ശരീരം വിയര്‍ത്തു. വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന്റെ ഒരു സ്പര്‍ശനം....!! അച്ഛന്റെ ചൂട് തന്റെ ശരീരത്തിലേക്ക്....വര്‍ഷങ്ങളായി കാത്തിരുന്ന അച്ഛന്റെ സ്പര്‍ശനം...ചെറുപ്പകാലത്ത് ഇങ്ങനെ ഒരു ആലിംഗനം താന്‍ എത്രയോ കൊതിച്ചിട്ടുണ്ട്. രവി മനസ്സിലോര്‍ത്തു. അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ കൊതിച്ച കുട്ടിക്കാലം. അന്ന് അച്ഛനോട് പരിഭവമോ വെറുപ്പോ തോന്നിയിരുന്നു.പക്ഷേ, ഇപ്പോള്‍ അതെല്ലാം അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി. രവിയുടെ കണ്ണുകള്‍ നിറഞ്ഞു.

"നിന്നെ, നിന്റെ അമ്മയെ....നിങ്ങളോടൊത്തുള്ള നിമിഷങ്ങള്‍....ജീവിതം...എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു." 

അച്ഛന്റെ സ്വരം ഇടറുന്നതും കണ്ണുകള്‍ നിറയുന്നതും രവി അറിഞ്ഞു. അയാള്‍ അച്ഛന്റെ കണ്ണുകള്‍ തുടച്ചു. അച്ഛന്‍ അയാളുടെ കൈകളില്‍ മുറുകെ പിടിച്ചു. ഈ രംഗം കണ്ടു നിന്ന അച്ഛമ്മയും കണ്ണുനീര്‍ തുടയ്ക്കുന്നത് കണ്ടു.

"എന്താ അച്ഛാ ഇത്?" ഗദ്ഗദത്തോടെ രവി ചോദിച്ചു.

"ഒന്നൂല്ല്യ...ഓരോന്നോര്‍ത്തപ്പോള്‍......."

തിരുവായ്ക്ക് എതിര്‍‌വായ് പാടില്ലെന്ന് ആജ്ഞാപിക്കുന്ന, സ്വന്തം ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ നിഷ്ക്കാസനം ചെയ്ത പാരമ്പര്യമുള്ള 'ജി.എം.'എന്ന ഓമനപ്പേരില്‍ നാട്ടുകാള്‍ വിളിക്കുന്ന വില്വമംഗലത്തെ ഗംഗാധര മേനോന്‍ എന്ന അച്ഛന്റെ ശൗര്യം നിറഞ്ഞ മുഖഭാവവും സ്വഭാവവും ഓര്‍മ്മയില്ലാഞ്ഞിട്ടല്ല. പക്ഷേ, അന്നത്തെ പരാക്രമങ്ങളൊക്കെ അടങ്ങി, ചെയ്തുകൂട്ടിയ അപരാധങ്ങളും പാപങ്ങളും വിസ്മൃതിയിലാഴ്ത്തി പശ്ചാത്താപം മനസ്സില്‍ പേറി ജീവശ്ഛവം പോലെ നടക്കുന്ന ഒരു മനുഷ്യക്കോലമായി അച്ഛന്‍ മാറിക്കഴിഞ്ഞു എന്ന് ഒരിക്കല്‍ അമ്മായി എഴുതിയതായി ഓര്‍മ്മയുണ്ട്. ഏതായാലും നാട്ടില്‍ പോയി എല്ലാവരേയും കണ്ട് ഉടനെ തിരിച്ചു പോകണമെന്ന ഉദ്ദേശത്തിലാണ് ഇപ്പോഴത്തെ ഈ വരവ്.

"ന്നാ കുട്ടാ, നീയിത് കുടിയ്ക്ക്" നീട്ടിപ്പിടിച്ച നാരങ്ങാവെള്ളം നിറച്ച ഗ്ലാസ്സുമായി അച്ഛമ്മ.

ഉച്ചവെയിലിനു നല്ല ചൂട്. വായുസഞ്ചാരമില്ലാത്ത ആ മുറിയില്‍ എങ്ങനെ അത്രനേരം നിന്നു എന്നറിയില്ല. തുറന്നിട്ട ജനലില്‍ കൂടി അല്പം പോലും വായുസഞ്ചാരമില്ല. മുകളില്‍ തൂക്കിയിട്ടിരിക്കുന്ന ഫാനിലേക്കു നോക്കിയ രവിയെക്കണ്ട് അച്ഛമ്മ പറഞ്ഞു; 

"കറന്റു പോയതാ കുട്ടാ, ഇനി മൂന്നു മണിക്കേ വരൂ..."

ദാഹംകൊണ്ട് നാരങ്ങാ വെള്ളം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു. അന്തരീക്ഷത്തിലെ ചൂടൊക്കെ എവിടെയോ പൊയ്‌മറഞ്ഞു. ശരീരത്തിലും മനസ്സിലും എന്തോ ഒരു ഊര്‍ജ്ജം നിറഞ്ഞതുപോലെ. തന്നെത്തെന്നെ സൂക്ഷിച്ചു നോക്കിനില്‍ക്കുന്ന അച്ഛന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ അദ്ദേഹം തലകുമ്പിട്ടു നിന്നു.

ഇരുപതു കൊല്ലങ്ങള്‍ക്കു മുന്‍പ് 'ഇറങ്ങെടാ ഈ വീട്ടില്‍ നിന്ന്...ഇതെന്റെ വീടാ...എന്റെ ആജ്ഞകളനുസരിച്ച് ജീവിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി...അല്ലാത്തവര്‍ പടിക്കു പുറത്ത്' എന്ന് ആക്രോശിച്ച് തന്റെ കഴുത്തിനു പിടിച്ച് പുറത്തേക്കു തള്ളിയിട്ട മനുഷ്യനാണോ തന്റെ മുന്‍പില്‍ നില്‍ക്കുന്നത്..?' വിശ്വസിക്കാന്‍ പ്രയാസം തോന്നി രവിക്ക്. അന്നത്തെ ആ രംഗം ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല. അന്ന് പടികടന്നുപോയ താനാണ് ഇവിടെ ആ മനുഷ്യന്റെ മുന്‍പില്‍....!! ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സംഭവം.

ഒത്ത ഉയരവും അതനുസരിച്ചുള്ള തടിയും മുന്‍‌കോപക്കാരനും സദാ ശൗര്യം നിറഞ്ഞ കണ്ണുകളൂം അച്ഛന്റെ മുഖമുദ്രയായിരുന്നു. അച്ഛന്റെ ആജ്ഞ ധിക്കരിക്കുവാന്‍ ആര്‍ക്കും അക്കാലത്ത് ധൈര്യമുണ്ടായിരുന്നില്ല. അമ്മ പോലും വളരെ സൂക്ഷിച്ചേ അച്ഛനോട് സംസാരിച്ചിരുന്നുള്ളൂ. ആ അച്ഛനാണോ ശോഷിച്ച് ഒരു അസ്ഥിപജ്ഞരക്കോലത്തില്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്നത് !! രവി ഒരുനിമിഷം ഓര്‍ത്തു. ഒരുപക്ഷേ സത്യാവസ്ഥ മനസ്സിലാക്കാതെ സ്വന്തം മകനെ അടിച്ചു പുറത്താക്കിയതില്‍ പശ്ചാത്താപമുണ്ടാകാം. അല്ലെങ്കില്‍ ചെയ്ത തെറ്റിന് മൗനമായി ക്ഷമാപണം നടത്തുകയുമാകാം. എന്തുതന്നെയാകട്ടേ, അന്നത്തെ ആ സംഭവമാണ് തന്നെ താനാക്കി മാറ്റിയത്. രവി മനസ്സിലോര്‍ത്തു.

മനുഷ്യന്റെ അവസ്ഥകള്‍ മാറിമറിയുന്നതിനു ഒരു സമയക്ലിപ്തതയില്ല. നൊടിയിടകൊണ്ട് അവസ്ഥന്തരം പ്രാപിക്കുന്ന ജീവിതത്തിന്റെ വഴിത്തിരിവിനു പലതും ഹേതുവാകാറുണ്ട്. അച്ഛന്റെ ഈ അവസ്ഥയും അതില്‍നിന്നു വിഭിന്നമല്ല. സൗഭാഗ്യത്തില്‍ ജനിച്ച്, സ്വര്‍ണ്ണത്തൊട്ടിലില്‍ വളര്‍ന്ന്, സര്‍‌വ്വൈശ്വര്യങ്ങളോടെയും ജീവിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ ജീവിതം നാശത്തിന്റെ ദിശയിലേക്കു തിരിയുന്ന കാഴ്ചകള്‍ നമുക്കു ചുറ്റും ഒരുപാടു കാണാം. അച്ഛന്റെ വീഴ്ചയിലും ഈ കാരണങ്ങളാണെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു. രവി ആത്മഗതം ചെയ്തു.

കത്തിജ്വലിച്ചു നിന്നവര്‍ വെറും ചാരമായി മാറുന്നതും, ജീവിതത്തിന്റെ പല തുറകളിലും നാം കാണുന്ന അനുഭവങ്ങളാണ്. അഹങ്കാരം മൂത്ത് സര്‍‌വ്വതിലും ആധിപത്യം നേടാനുള്ള മനുഷ്യന്റെ സ്വാര്‍ത്ഥമായ അതിമോഹങ്ങള്‍ പലപ്പോഴും അവരുടെ ആധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്ന നാശത്തിലേക്കുള്ള ഒരു ദുരന്ത വഴിത്തിരിവായി മാറുന്നതും നാം നമുക്കു ചുറ്റും കാണുന്നു. രവിയുടെ ചിന്തകള്‍ കാടുകയറി.

അകത്തുനിന്ന് ഉമ്മറത്തേക്കിറങ്ങുവാന്‍ തുടങ്ങുമ്പോഴേക്കും കണ്ടു അടുക്കള വാതില്‍ക്കല്‍ അവളെ. താന്‍ പടിപ്പുര കടന്നുവന്നപ്പോള്‍ വടക്കേ തൊടിയില്‍ നിന്ന് അകത്തേക്കു കയറിപ്പോയവള്‍ !

"ആരായിരിക്കും അവള്‍?" പെട്ടെന്ന് ആളെ തിരിച്ചറിയാഞ്ഞതുകൊണ്ട് ഉമ്മറത്തേക്കിറങ്ങി.

"ഓ.....വെല്യ സായിപ്പായപ്പോള്‍ ഈ പാവങ്ങളെയൊന്നും കണ്ടാലറിയുകയില്ല.."

തിരിഞ്ഞുനോക്കിയപ്പോഴേക്കും വാതിലിനു പുറകിലേക്ക് മാറിക്കഴിഞ്ഞു അവള്‍...!!

'ആരായിരിക്കും?' പഴയ മുഖങ്ങളെല്ലാം മനസ്സിലൂടെ മിന്നിമറഞ്ഞെങ്കിലും ഈ രൂപം എങ്ങും തെളിഞ്ഞു വരുന്നില്ല.

"നല്ല ചൂടാ കുട്ടാ...ആ ഡ്രസ്സൊക്കെ ഒന്നു മാറി നന്നായൊന്നു കുളിക്ക്. അപ്പോഴേക്കും ഊണ് കാലാവും.."

അച്ഛമ്മയുടെ വാക്കുകേട്ട് രവി തിരിഞ്ഞു നോക്കി.

(തുടരും)

സ്നേഹത്തിന് പ്രസക്തിയുണ്ടോ?

പലരും ചോദിക്കുന്ന ചോദ്യമാണ് കടമകളും, ബാധ്യതകളും നിറഞ്ഞ ജീവിതത്തില്‍ സ്നേഹത്തിന് എത്രമാത്രം പ്രസക്തിയുണ്ട് എന്ന്. സ്നേഹിക്കുന്നവര്‍ വേദനകളുടെ ചുഴികളില്‍ മുങ്ങിത്താഴുകയല്ലേ ചെയ്യുന്നത് എന്ന്. ശരിയാണ്, നാം എത്രത്തോളം അഗാധമായി സ്നേഹം കൊടുത്താലും തിക്തഫലങ്ങളായിരിക്കും നമുക്ക് തിരിച്ചുകിട്ടുക. എന്നുവെച്ച് നമുക്ക് ആരേയും സ്നേഹിക്കാതിരിക്കാന്‍ സാധിക്കുമോ? ഇല്ല, കാരണം മനുഷ്യന്‍ സമൂഹജീവിയാണ്. സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട ജീവിതം മനുഷ്യന് അസാധ്യമാണ്. വ്യക്തിഗത ജീവിതംപോലും സാമൂഹ്യജീവിതത്തിന്റെ ഭാഗമാണ്.

രാഷ്‌ട്രത്തിന്റെ ഏറ്റവും ചെറിയ ഘടകമാണ് കുടുംബം. ഇതര രാജ്യങ്ങളിലെ ജനങ്ങളേക്കാള്‍, കുടുംബ ബന്ധങ്ങള്‍ക്ക് വളരെയേറെ പ്രാധാന്യം കല്പിക്കുന്നവരാണ് ഭാരതീയര്‍. അതുകൊണ്ടുതന്നെ ഒരു കുടുംബത്തില്‍‌പെട്ട വ്യക്തികള്‍ക്ക് പരസ്പരം ചില കടമകളും, ബാധ്യതകളുമുണ്ടെന്ന് നാം കരുതുകയും ചെയ്യുന്നു. കാര്യസാധ്യത്തിനുവേണ്ടി മാത്രം സ്നേഹം ഭാവിക്കുന്ന ഒരു വിഭാഗമുണ്ടെന്നത് വാസ്തവം തന്നെ. എന്നാല്‍, എല്ലാവരും അത്തരക്കാരല്ല. കടമകള്‍ നിറവേറ്റുമ്പോഴുണ്ടാകുന്ന ചാരിതാര്‍ത്ഥ്യം എത്ര വലുതാണ്..! വിവേകശാലികള്‍ ഒരിക്കലും കടമകളെക്കുറിച്ച് പരാതിപ്പെടാറില്ല.

സ്നേഹം ചിലര്‍ക്ക് വേദന നല്‍കാറുണ്ട്. എന്നുകരുതി, ആരും ആരേയും സ്നേഹിക്കാതിരിക്കുന്നില്ല. സ്നേഹിക്കുവാനും സ്നേഹിക്കപ്പെടുവാനുമുള്ള അദമ്യമായ ദാഹം മനുഷ്യമനസ്സുകള്‍ക്കുണ്ട്. സ്നേഹത്തിന്റെ പേരില്‍ ചിലപ്പോള്‍ ത്യാഗങ്ങള്‍ സഹിക്കേണ്ടി വരും. പക്ഷേ, അത് സ്നേഹത്തിന്റെ ഒരു ദോഷവശമാണെന്ന ചിന്താഗതി വെച്ചുപുലര്‍ത്തുന്നത് അഭികാമ്യമല്ല.

Tuesday, July 19, 2016

ജനാധിപത്യത്തില്‍ ജനാഭിപ്രായത്തിന് മുന്‍‌തൂക്കം കൊടുക്കണം

എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ എത്തി രണ്ടുമാസം പിന്നിടുമ്പോള്‍ സര്‍ക്കാരിനെ വലിയ രാഷ്ട്രീയ പ്രതിസന്ധിയിലേക്ക് തള്ളിവിട്ട വ്യക്തിയാണ് എംകെ ദാമോദരന്‍. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവ് ആയിരിക്കേ സര്‍ക്കാരിന് എതിരായ കേസുകളില്‍ എംകെ ദാമോദരന്‍ എതിര്‍ കക്ഷിക്ക് വേണ്ടി ഹാജരായത് സര്‍ക്കാരിനെ വിഷമിപ്പിച്ചില്ലെങ്കിലും ലക്ഷക്കണക്കിന് പാര്‍ടി പ്രവര്‍ത്തകരെ കുറച്ചാന്നുമല്ല വിഷമിപ്പിച്ചത്. എംകെ ദാമോദരന്റെ നിയമനത്തിന് എതിരെ പാര്‍ട്ടിക്കാര്‍ ഉള്‍പ്പെടെയുള്ളവരില്‍ നിന്നും സര്‍ക്കാരിനും പാര്‍ട്ടി നേതൃത്വത്തിനുമെതിരെ ശക്തമായ വിമര്‍ശനങ്ങളാണ് ഉയര്‍ന്നത്. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും അതൃപ്തിയുടെ അപസ്വരം കേള്‍ക്കാന്‍ തുടങ്ങിയത് പിണറായി വിജയനെ ശരിക്കും പ്രതിക്കൂട്ടില്‍ നിര്‍ത്തുകയായിരുന്നു. തുടക്കത്തില്‍ വെറും നിയമോപദേഷ്ടാവാണെന്നും ഫ്രീ സര്‍‌വ്വീസാണെന്നുമൊക്കെ പറഞ്ഞിരുന്നെങ്കിലും, ദാമോദരന് ഔദ്യോഗിക പദവി കൊടുത്തതുമുതലാണ് സ്വന്തം പാര്‍ട്ടിയില്‍ നിന്നും സഖ്യകക്ഷികളില്‍ നിന്നും പ്രതിപക്ഷത്തുനിന്നും എതിര്‍പ്പുകള്‍ വന്നു തുടങ്ങിയത്. എല്‍.ഡി.എഫിന്‍െറ പ്രതിച്ഛായക്ക് കളങ്കം സൃഷ്ടിക്കുകയാണ് എം.കെ. ദാമോദരന്‍ എന്ന് സി.പി.ഐ. ആരോപിച്ചതോടെ മുഖ്യമന്ത്രിക്ക് പിടിച്ചു നില്‍ക്കാനായില്ല. മുഖ്യ നിയമോപദേഷ്ടാവായി നിയമിച്ചശേഷം ദാമോദരന്‍ അന്യസംസ്ഥാന ലോട്ടറി തട്ടിപ്പില്‍ ആരോപണവിധേയനായ സാന്‍റിയാഗോ മാര്‍ട്ടിനും ക്വാറി ഉടമകള്‍ക്കും കശുവണ്ടി വികസന കോര്‍പറേഷന്‍ അഴിമതിയില്‍ ഐ.എന്‍.ടി.യു.സി നേതാവിനും വേണ്ടി സംസ്ഥാന സര്‍ക്കാറിനെതിരെ ഹാജരായതുതന്നെ നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയായിരുന്നു.

നേരത്തേ ഐസ്‌ക്രീം കേസ് അട്ടിമറി ആരോപിച്ച് ദാമോദരനെതിരെ ഉള്‍പ്പെടെ വി.എസ്. അച്യുതാനന്ദന്‍ നല്‍കിയ കേസില്‍ സുപ്രീം കോടതിയില്‍ സംസ്ഥാനം എതിര്‍നിലപാട് സ്വീകരിച്ചിരുന്നു. സര്‍ക്കാര്‍ അധികാരമേറ്റ് ഒരു മാസത്തിനുള്ളില്‍ തന്നെ ഉണ്ടായ ഈ സംഭവങ്ങള്‍ മൂലം സമൂഹത്തില്‍ മോശം പ്രതിച്ഛായ ഉണ്ടായെന്ന് സി.പി.ഐ സി.പി.എമ്മിനെ അറിയിച്ചിരുന്നു. മുഖ്യ നിയമോപദേശകന്‍ എന്ന പദവിയില്‍ സര്‍ക്കാറിന്‍െറ ഭാഗമായ ഉദ്യോഗസ്ഥന്‍ സര്‍ക്കാറിന്‍െറയും മുന്നണിയുടെയും താല്‍പര്യത്തിനെതിരായി നില്‍ക്കുന്നത് ശരിയല്ലെന്ന് സി.പി.ഐ നേതാക്കള്‍ ചൂണ്ടിക്കാട്ടി.

പിണറായി വിജയന്‍ നയം വ്യക്തമാക്കിയ ഒരു വിഷയത്തില്‍ സി.പി.ഐ പരസ്യമായി ഭിന്നാഭിപ്രായം പ്രകടിപ്പിച്ചത് സര്‍ക്കാറിന്‍െറ പ്രവര്‍ത്തനത്തെ ബാധിക്കുമെന്ന് കരുതുന്നു. സര്‍ക്കാറിന്‍െറ ശമ്പളം പറ്റാതെയാണ് ദാമോദരന്‍ ജോലി ചെയ്യുന്നതെന്നും ഏത് കേസും ഏറ്റെടുക്കാന്‍ അദ്ദേഹത്തിന് അവകാശമുണ്ടെന്നുമാണ് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍, പിണറായി വിജയന്‍െറ ഈ നിലപാടിനോട് എതിര്‍പ്പുള്ളവര്‍ സി.പി.എമ്മില്‍ തന്നെയുണ്ടായിരുന്നു. പിണറായിയുടെ അപ്രീതി ഭയന്ന് ആരും മിണ്ടിയില്ലെന്നേ ഉള്ളൂ.

ഇ.കെ. നായനാര്‍ മുഖ്യമന്ത്രി ആയിരുന്ന കാലത്ത് അഡ്വക്കറ്റ് ജനറല്‍ പദവി വഹിച്ച ദാമോദരനെതിരെ പാര്‍ട്ടിയില്‍ കടുത്ത വിമര്‍ശനമുണ്ടായിരുന്നു. ഐസ്‌ക്രീം കേസുമായി ബന്ധപ്പെട്ട് അദ്ദേഹത്തിനെതിരെ സാമ്പത്തിക ആരോപണം വരെ ഉന്നയിക്കപ്പെട്ടിരുന്നു. മുഖ്യമന്ത്രിയുടെ നിയമോപദേഷ്ടാവിന്‍െറ പദവിയിലിരിക്കെ സര്‍ക്കാറിനെതിരായ കേസുകള്‍ ദാമോദരന്‍െറ നിയമ കമ്പനി ഏറ്റെടുക്കുകയും ദാമോദരന്‍ തന്നെ ചില കേസുകളില്‍ ഹാജരാകുകയും ചെയ്യുന്നുണ്ട്.

ലോട്ടറി മാഫിയ രാജാവായി അറിയപ്പെടുന്ന സാന്‍റിയാഗോ മാര്‍ട്ടിന്‍െറ സ്വത്തുക്കള്‍ കണ്ടുകെട്ടാനുള്ള എന്‍ഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍െറ നടപടിയില്‍ മാര്‍ട്ടിന് വേണ്ടി ഒന്നിലധികം തവണ ദാമോദരന്‍ കോടതിയില്‍ ഹാജരായി. വിജിലന്‍സ് രജിസ്റ്റര്‍ ചെയ്ത കശുവണ്ടി അഴിമതിക്കേസിലെ പ്രതി ഐ.എന്‍.ടി.യു.സി സംസ്ഥാന പ്രസിഡന്‍റ് ആര്‍. ചന്ദ്രശേഖരന്‍െറ വക്കാലത്തും ദാമോദരന്‍െറ നിയമ കമ്പനിക്കാണ്. പാറമട ഉടമകളുടെ കേസും ദാമോദരനെയാണ് ഏല്‍പിച്ചത്. ലാവലിന്‍ കേസില്‍ പിണറായി വിജയന് വേണ്ടി കോടതിയില്‍ ഹാജരായത് ദാമോദരനാണ്.

എന്നാല്‍, ഇത്രയധികം കോലാഹലങ്ങളുണ്ടായിട്ടും തന്റെ തീരുമാനത്തില്‍ നിന്ന് ഒരടിപോലും പിന്നോട്ടില്ല എന്ന് ശഠിച്ച മുഖ്യമന്ത്രിക്ക് അടി തെറ്റിയത് സോഷ്യല്‍ മീഡിയ രംഗത്തുവന്നതോടെയാണ്.
കൂടാതെ ബി.ജെ.പി. സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ കോടതിയില്‍ കേസും ഫയല്‍ ചെയ്തു. അധികാരത്തിലെത്തി രണ്ടു മാസം തികയുന്നതിനു മുന്‍പു തന്നെ വളരെ പ്രാധാന്യത്തോടെ എടുത്ത തീരുമാനങ്ങളില്‍ നിന്ന് പിന്നോക്കം പോകേണ്ടി വന്നത് ഇടതു സര്‍ക്കാരിന് ഒരേ സമയം ആശ്വാസവും ആഘാതവുമാണ്. ക്യാബിനറ്റ് തീരുമാനങ്ങള്‍ വിവരാവകാശത്തില്‍ ഉള്‍പ്പെടുത്തുകയില്ല എന്നു പറഞ്ഞ സര്‍ക്കാര്‍ പിന്നീട് എല്ലാ തീരുമാനങ്ങളും 48 മണിക്കൂറിനകം ഉത്തരവാകുമെന്നും ഉത്തരവായാലുടനെ അതു പബ്ലിക് ഡൊമൈനിലെത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പ്രഖ്യാപിച്ചതും ഇടതു സര്‍ക്കാരിനേറ്റ ആഘാതം തന്നെ. ജനാധിപത്യത്തില്‍ ജനാഭിപ്രായത്തിനാണ് കൂടുതല്‍ പ്രാധാന്യം എന്ന് തെളിയിക്കുന്നതാണ്  ഈ തിരുത്തല്‍ നടപടികള്‍.

Saturday, July 16, 2016

ഭീകരതയെ വേരോടെ പിഴുതെറിയേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്വം

വടക്കന്‍ കേരളത്തില്‍ നിന്ന് ഒരു സംഘം യുവതീയുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരാകുകയും, അവസാനം അവര്‍ സിറിയയില്‍ എത്തിയെന്നും ഐഎസില്‍ ചേര്‍ന്നെന്നുമുള്ള സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, കേരളത്തില്‍ നിന്ന് ഒറ്റയും തെറ്റയുമായി ചിലര്‍ അങ്ങനെയുള്ളവരുടെ കൂടെ കൂടിയിട്ടുണ്ടെങ്കിലും, 21 പേര്‍ ഒരുമിച്ച്, അതും കുടുംബത്തിലെ എല്ലാ അംഗങ്ങളും, ഐസിസില്‍ ചേരാന്‍ ഇറങ്ങിപ്പുറപ്പെട്ടത് ഞെട്ടലുണ്ടാക്കുന്നു. ക്രൈസ്തവ വിശ്വാസികളായ ചിലര്‍ മതം മാറിയാണ് ഈ പ്രവര്‍ത്തനത്തിനിറങ്ങിത്തിരിച്ചതെന്നു കേള്‍ക്കുമ്പോള്‍ അവിടെ മതപരിവര്‍ത്തനവും ലൗ ജിഹാദുമൊക്കെ കടന്നു വരുന്നു.

നിര്‍ഭാഗ്യവശാല്‍ ഇന്ന് ലോകമാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന 'ജിഹാദ് ജ്വരം' ഇസ്ലാമിന്റെ പേരിലാണ്. സമാധാനം കാംക്ഷിക്കുന്ന ഒരു ജനസമൂഹമാണ് ഇസ്ലാം മത വിശ്വാസികള്‍. അവരില്‍‌പെട്ട ചിലര്‍ തീവ്രവാദികളായതും നിരപരാധികളെ കൊന്നൊടുക്കുന്നതും ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍‌ആന്‍ സൂക്തങ്ങളെ ദുര്‍‌വ്യാഖ്യാനം ചെയ്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ പേരില്‍, ഇസ്ലാമിന്റെ കാവല്‍ക്കാരാണെന്ന വ്യാജേന യുദ്ധം ചെയ്യുന്നവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ടാകാം.

യുദ്ധക്കൊതിയന്മാരല്ല ദൈവങ്ങള്‍. എല്ലാ മതഗ്രന്ഥങ്ങളും മാനവകുലത്തെ നന്മകളിലേക്ക് നയിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. 'നമ്മളില്‍ വിശ്വസിക്കാത്തവരെ ഉന്മൂലനം ചെയ്യാന്‍' ഒരു വേദഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. എന്നാല്‍ എല്ലാ വേദഗ്രന്ഥങ്ങളും ദുര്‍‌വ്യാഖ്യാനം ചെയ്യപ്പെടുകയും അതില്‍ ചിലര്‍ വിശ്വസിക്കുകയും ചെയ്യപ്പെടുമ്പോഴാണ് പരസ്പര വിശ്വാസവും സ്നേഹവും മനുഷ്യമനസ്സുകളില്‍ നിന്ന് ഓടിയൊളിക്കുന്നത്. യുദ്ധം ചെയ്യാന്‍ അഹ്വാനം ചെയ്ത ദൈവത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ അറിവുകള്‍ ഇന്നു പലരിലുമുണ്ട്. ഇത് ചരിത്രത്തെക്കുറിച്ച് വ്യക്തമായ അവബോധം ഇല്ലാത്തതുകൊണ്ടാണ്. യുദ്ധം കൊതിക്കുന്ന ഒരു ദൈവത്തിലല്ല ഇസ്ലാം വിശ്വസിക്കുന്നത്. എങ്കിലും യുദ്ധം അനിവാര്യമായ പല കാലഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. ആ യുദ്ധങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ ഖുര്‍‌ആനിലൂടെ തന്നെ അറിയേണ്ടിയിരിക്കുന്നു. ബദ്‌ര്‍ യുദ്ധം, ഉഹ്‌ദ് യുദ്ധം, ഖന്‍ദഖ് യുദ്ധം എന്നിവ അവയില്‍ ചിലത്.

സഹോദരന്മാരായ ഈസയും (ബെക്സണ്‍) യഹ്യയും (ബെറ്റ്സണ്‍)
ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്‌ര്‍ യുദ്ധം. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ നേതൃത്വത്തില്‍ മദീനയിലെ മുസ്‌ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മില്‍ ക്രിസ്തുവര്‍ഷം 624 മാര്‍ച്ച് 13-നാണ് ഈ യുദ്ധം നടന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടല്‍ മൂലമാണെന്ന് ഇസ്‌ലാമിക വിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് മറ്റുള്ളവരും കരുതുന്നു. ഖുര്‍ആനില്‍ കൃത്യമായി പരാമര്‍ശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്.

എന്നാല്‍, മനുഷ്യര്‍ ധാര്‍മ്മീകമായി അധഃപതിക്കുമ്പോള്‍ ആദ്യപടിയായി അവരെ യുദ്ധത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ ഖുര്‍‌ആനിലൂടെ ദൈവം പഠിപ്പിച്ചിട്ടില്ല. അവരെ അധര്‍മ്മത്തില്‍നിന്ന് മോചിപ്പിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും തേടണമെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. പാപവും പാപം വഴിയുള്ള ധാര്‍മ്മീക അധഃപതനവും ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. ഖുര്‍‌ആന്റേയും ഇസ്ലാമിന്റേയും പേരുപറഞ്ഞ് ലോകത്താകെ ഭീതി പരത്തുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഐസിസ് പോലുള്ള ഭീകരസംഘടനയെ ഉന്മൂലനം ചെയ്യാന്‍ ലോകരാഷ്‌ട്രങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ഭീകരരുടേ ലക്ഷ്യം ഒന്നേയുള്ളൂ..... ദുഷ്ടത പ്രവര്‍ത്തിപ്പിച്ച് ലോകത്തെ പൂര്‍ണ്ണമായും സാത്താന്‍റെ അധീനതയില്‍ എത്തിക്കുക. മനുഷ്യര്‍ പാപത്തില്‍ പതിച്ച് ആത്മാവ് നഷ്ടപ്പെടുമ്പോള്‍, നഷ്ടം പ്രധാനമായും ഓരോ വ്യക്തികള്‍ക്കും തന്നെയായിരിക്കും. ഒരു വ്യക്തിയുടേയോ സമൂഹത്തിന്‍റെയോ പ്രവര്‍ത്തിയുടെ ഫലം ലോകം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്നത് നീതിയല്ല. 'ക്യാന്‍സര്‍' ബാധിച്ച അവയവം മുറിച്ചുനീക്കുന്നത് ആദ്യത്തെ ഘട്ടമല്ല. മറിച്ച്, മറ്റു ചികിത്സാവിധികള്‍ ഫലിക്കാതെ വരുമ്പോഴാണ്. പാപികള്‍ സമൂഹത്തിന് ആകമാനം ഭീഷണിയാകുമ്പോള്‍ അവരെ നീക്കം ചെയ്യേണ്ടത് സമാധാനകാംക്ഷികളായ മനുഷ്യകുലത്തിന്‍റെ ആവശ്യമാണ്.

എവിടെയാണ് ഈ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതെന്ന് മുന്‍‌കൂട്ടി പറയാനാവാത്ത ഒരവസ്ഥയിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഏതു നിമിഷവും എവിടേയും ഭീകരര്‍ ചാടിവീഴാം..റോഡുകളില്‍, പാര്‍ക്കുകളില്‍, ആശുപത്രികളില്‍, ദൈവാലയങ്ങളില്‍, ഷോപ്പിംഗ് മാളുകളില്‍, വിമാനത്താവളങ്ങളില്‍, റെയില്‍‌വേ സ്റ്റേഷനുകളില്‍ എന്നുവേണ്ട എവിടെയൊക്കെയോ ജനങ്ങള്‍ സ്വൈര്യജീവിതം നയിക്കുന്നുണ്ടോ അവിടെയെല്ലാം ഇക്കൂട്ടരുണ്ട്. ചിലപ്പോള്‍ നമ്മുടെ കണ്‍‌മുന്‍പിലായിരിക്കാം. പ്രവചനാതീതമായി അവര്‍ എല്ലായിടത്തുമുണ്ട്. അവരെ പെട്ടെന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്.

ഇക്കഴിഞ്ഞ ജൂണ്‍ 14-ന് ദക്ഷിണ ഫ്രാന്‍സില്‍ ഭീകരതയുടെ കറുത്ത കൈകള്‍ 84 നിരപരാധികളെയാണ് കൊന്നൊടുക്കിയത്. ഫ്രഞ്ച്‌ ദേശീയ ദിനം ആഘോഷിക്കാനെത്തിയ ജനക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ട്രെയ്‌ലര്‍ ഓടിച്ചു കയറ്റിയാണ് ഒരു കൊടും ഭീകരന്‍ അത്രയും പേരെ കുരുതി കൊടുത്തത്. അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഒന്നനങ്ങാന്‍ പോലും സമയം കൊടുക്കാതെ ആ കൂറ്റന്‍ ട്രക്കിനടിയില്‍ പെട്ടാണ് അത്രയും പേരുടെ ജീവന്‍ പോയത്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അനേകം പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യ ദിനം എങ്ങനെയാണോ അതാണ് ഫ്രഞ്ചുകാര്‍ക്ക് അവരുടെ ദേശീയ ദിനം. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമൊക്കെ ഏറ്റവും വിലകല്‍പ്പിക്കുന്ന ജനതയ്ക്കു നേരേയാണ് ഭീകരന്‍ അക്രമം അഴിച്ചുവിട്ടത്.

പ്രവാചകനെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണമുന്നയിച്ച് ഷാര്‍ളി ഹെബ്‌ദോ ആക്രമിച്ച് 12 പേരെയാണ് കൊലയാളികള്‍ തോക്കിനിരയാക്കിയത്. അതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഭക്ഷ്യ മാര്‍ക്കറ്റില്‍, അതിനുശേഷം കഴിഞ്ഞ നവംബറില്‍ പാരിസിലെ ഒരു സംഗീതവിരുന്നിനിടെ നൂറിലേറെ പേരെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയതിന്‍റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല ഫ്രഞ്ചു ജനതയുടെ മനസില്‍ നിന്ന്. വെടിയേറ്റ് സാരമായി പരുക്കേറ്റ പലരും ഇപ്പോഴും ആശുപത്രികളിലാണ്. പലര്‍ക്കും മനസിന്‍റെ സമനില തന്നെ തെറ്റിയിരിക്കുന്നു. ഇതിനു പിന്നാലെയായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റെ ഫ്രാന്‍സ്വ ഒളാന്ദ് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത ഫുട്ബോള്‍ ടൂര്‍ണമെന്‍റിനിടെ ആക്രമണം. ഫ്രാന്‍സ്- ജര്‍മനി മത്സരം കാണാനെത്തിയ 89 പേരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. പിന്നീടു നാലു റസ്റ്റോറന്റുകളും ഭീകരരുടെ പൈശാചികതയ്ക്കു വേദിയായി. 2015ന്‍റെ തുടക്കം മുതല്‍ 2016ന്‍റെ പാതി വരെ പിന്നിടുമ്പോള്‍ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഭയക്കുകയാണു ഫ്രാന്‍സ്.

സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും പ്രഖ്യാപിച്ച 1789 ജൂലൈ 14ന്റെ ബാസ്റ്റീ കലാപത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ സമാപനവേളയിലാണ്‌ അതിദാരുണമായ ഭീകരത അരങ്ങേറിയതെന്നത്‌ യാദൃച്ഛികമാവാം. മുപ്പത്തിയൊന്നുകാരനായ അക്രമി ഫ്രാന്‍സില്‍ ജനിച്ച ടുണീഷ്യന്‍ വംശജനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലും, ഫ്രാന്‍സിലും, ബ്രിട്ടനിലും മറ്റു പല രാജ്യങ്ങളിലും വിദേശ വംശജര്‍ ജനിക്കുന്നുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസവും ജോലിയുമെല്ലാം ലഭിക്കുന്നുമുണ്ട്. മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനു പകരം ഇത്തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇതര വംശജര്‍ക്കും ഭീഷണിയാണ്. കഴിഞ്ഞ 18 മാസങ്ങള്‍ക്കിടയില്‍ ഫ്രാന്‍സില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്‌. ഷാര്‍ലി ഹെബ്ദോയ്ക്കും തുടര്‍ന്ന്‌ പാരിസിലും നടന്ന കൂട്ടക്കൊലകളില്‍ ഭീകരര്‍ ആസൂത്രിതവും കൂട്ടായതുമായ ആക്രമണമാണ്‌ നടത്തിയതെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കു കൂടി നീട്ടിയ ഫ്രഞ്ച് പ്രസിഡന്റ്‌ ഫ്രാന്‍ന്‍സ്‌ ഇസ്ലാമിക ഭീകരതയ്ക്കെതിരെ യുദ്ധത്തിലാണെന്ന്‌ പ്രഖ്യാപിക്കുകയും, ഇറാഖിലും സിറിയയിലും നടക്കുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 10,000 കരുതല്‍ സേനകളെ കൂടി വിന്യസിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഐഎസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകമൊട്ടാകെ പടര്‍ന്നു പിടിച്ചിട്ടുണ്ടെങ്കിലും, കേരളത്തില്‍ അതിന്റെ വേരുകളുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഇങ്ങനെ ഒരു പ്രതിഭാസം ഉടലെടുക്കാന്‍ കാരണമെന്താണെന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇസ്ലാം മത വിശ്വാസികള്‍ പറയുന്നു അവരെ മനഃപ്പൂര്‍‌വ്വം ഭീകരരായി ചിത്രീകരിക്കാന്‍ ബി.ജെ.പി. ആര്‍ എസ് എസ് സംഘ്പരിവാര്‍ എന്നീ സംഘടനകള്‍ ശ്രമിക്കുന്നതാണെന്ന്. അതോടൊപ്പം തന്നെ മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും നടക്കുന്നുണ്ട്. തീവ്ര ആത്മീയതയില്‍ അഭയം തേടിയവര്‍ വീണ്ടുവിചാരത്തിന് തയ്യാറാവണമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഖുര്‍ആനും നബിചര്യയും അനുസരിച്ച് പതിറ്റാണ്ടുകളോളം പ്രബോധനം ചെയ്ത മുജാഹിദ് പ്രസ്ഥാനത്തിന് തീവ്രതപോരെന്ന് ആരോപിച്ച് പുറത്തുപോയവര്‍ എത്തിപ്പെട്ട ആത്മീയതീവ്രതയും നിഗൂഢതയും ലജ്ജാവഹമാണെന്നും, ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ ചെറുപ്പക്കാരുടെ തീവ്ര ആത്മീയ ആഭിമുഖ്യം പുറത്തുകൊണ്ടുവരണമെന്നും, മന്ത്രവാദം, മാരണം തുടങ്ങിയ വിഷയങ്ങളില്‍ അതിരുവിട്ട ചര്‍ച്ചകള്‍ നടത്തി യുവാക്കളുടെ മനസ്സും മസ്തിഷ്കവും നശിപ്പിച്ചവരാണ് യുവാക്കളുടെ തിരോധാനത്തിന് പിന്നില്‍ ആശയപരിസരമൊരുക്കിയതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അതിനര്‍ത്ഥം കേരളത്തില്‍ നിന്ന് കാണാതായവര്‍ ഐഎസ് ക്യാമ്പിലെത്താന്‍ സാധ്യതയുണ്ടെന്നാണ്.

ഭീകരതയുടെ വേരറുക്കുക എന്നത്‌ ഭരണാധികാരികളുടെ ഉത്തരവാദിത്തവും ജനങ്ങളുടെ ആവശ്യവുമാണ്‌. കൂടുതല്‍ കൂടുതല്‍ സൈനികശേഷികൊണ്ടും ആയുധശേഷികൊണ്ടും മാത്രം കൈവരിക്കാവുന്ന ഒന്നല്ല ജനങ്ങളുടെ ജീവിതസുരക്ഷ. മതപരമോ ആശയപരമോ ആയ ഭീകരതയെ ഔദ്യോഗികവും സൈനികവുമായ ഭീകരതകൊണ്ട്‌ നേരിട്ട്‌ പരാജയപ്പെടുത്താമെന്നും അതുവഴി ജനങ്ങള്‍ക്ക്‌ സുരക്ഷ നല്‍കാമെന്നുമുള്ള സങ്കല്‍പ്പം തന്നെ അസ്ഥാനത്തും അടിസ്ഥാനരഹിതവുമാണെന്ന്‌ സംഭവഗതികള്‍ ഒന്നൊന്നായി തെളിയിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചത് ശുഭസൂചകമാണ്. സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കൂടുതല്‍ സഹായം വേണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് അറിവ്. മലയാളികള്‍ ഐ.എസില്‍ ചേരുന്നുവെന്നത് സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിയമപരമായ അതീവ സൂക്ഷ്മതയോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍െറ എല്ലാ സഹായവും ഉണ്ടാകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


"ഞാനും ആ ആനയെ സ്വന്തമാക്കി" - മറിയാമ്മ പിള്ള

2012 ജൂലൈയില്‍ ഹ്യൂസ്റ്റണില്‍ വെച്ച് നടത്തിയ ഫൊക്കാന കണ്‍‌വന്‍ഷനില്‍ മറിയാമ്മ പിള്ളയെ പ്രസിഡന്റായി തിരഞ്ഞെടുത്തതിന്റെ ആഹ്ലാദപ്രകടനങ്ങളാണ് ഈ വാര്‍ത്തയില്‍. അന്ന് ഫൊക്കാനയ്ക്കു വേണ്ടി ഞാനെഴുതിയ ഈ റിപ്പോര്‍ട്ട് വീണ്ടും പുനഃപ്രസിദ്ധീകരിക്കുന്നത് ഇപ്പോഴത്തെ ഫൊക്കാന നേതാക്കള്‍ക്കു കൂടി വേണ്ടിയാണ്. അന്ന് ആഹ്ലാദപ്രകടനം നടത്തിയവരെല്ലാം ഇന്നും ഫൊക്കാനയിലുണ്ട്. പിന്നെ എന്തുകൊണ്ട് ഇപ്രാവശ്യത്തെ ടൊറോന്റോയില്‍ നടന്ന കണ്‍‌വന്‍ഷന്‍ അലങ്കോലപ്പെട്ടു? എന്തുകൊണ്ട് 2016-18 കാലഘട്ടത്തിലേക്കുള്ള പ്രസിഡന്റിനേയും ഇതര ഭാരവാഹികളേയും തിരഞ്ഞെടുക്കാന്‍ അവര്‍ പരാജയപ്പെട്ടു? ഓരോരുത്തരും അവരവരുടെ കര്‍മ്മമണ്ഡലങ്ങളില്‍ പ്രാവീണ്യം നേടിയവരായിരുന്നു.  പ്രതിസന്ധി സൃഷ്ടിക്കാതെ ഫൊക്കാനയില്‍ ഒരു സമവായത്തിന്   എന്തുകൊണ്ട് അവര്‍ ശ്രമിച്ചില്ല? സ്ഥാനമാനങ്ങള്‍ക്കോ വിലപേശലിനോ പ്രസക്തിയില്ലാ എന്ന് ഘോരഘോരം പ്രസംഗിച്ച നേതാക്കള്‍, അമേരിക്കന്‍ മലയാളികള്‍ക്ക് എന്തൊക്കെയോ ചെയ്തുകൊടുക്കുമെന്ന് ശപഥം ചെയ്തവര്‍, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുമെന്ന് പറഞ്ഞവര്‍, യുവതലമുറയെ മുഖ്യധാരയില്‍ എത്തിക്കുമെന്ന് പറഞ്ഞവര്‍, വനിതകള്‍ക്ക് പ്രാധാന്യം നല്‍കുമെന്ന് ഉറപ്പുകൊടുത്തവര്‍..... അവരെല്ലാം അധികാരഭ്രമത്തില്‍ അവരെത്തന്നെ മറന്നുപോയതിന്റെ തിക്തഫലം ഫൊക്കാന എന്ന സംഘടനയെ നാശത്തിന്റെ പടുകുഴിയിലേക്ക് തള്ളിവിടുമെന്ന് തീര്‍ച്ച. ടൊറോന്റോയില്‍ കടിപിടി കൂടിയവരെല്ലാം ഇന്നല്ലെങ്കില്‍ നാളെ കനത്ത വില നല്‍കേണ്ടി വരും.

"കുറച്ച് ആളുകളെ എല്ലാ കാലവും വിഡ്ഢികളാക്കാം. എല്ലാ ആളുകളേയും കുറച്ച് കാലത്തേക്കും വിഡ്ഢികളാക്കാം. എന്നാല്‍ എല്ലാവരേയും എക്കാലത്തേക്കും വിഡ്ഢികളാക്കുക അസാധ്യമാണ്."

ഏബ്രഹാം ലിങ്കണ്‍
"ഞാനും ആ ആനയെ സ്വന്തമാക്കി" - മറിയാമ്മ പിള്ള                   ജൂലൈ 11, 2012

ഹൂസ്റ്റണ്‍: മൂന്നു പതിറ്റാണ്ടുകളിലേറെക്കാലം അമേരിക്കന്‍ മലയാളികള്‍ ദത്തെടുത്ത്‌ വളര്‍ത്തി വലുതാക്കിയ ആ ആന പുരുഷ ഹസ്‌തങ്ങളില്‍ നിന്ന്‌ മോചനം നേടി ഒരു വനിതയുടെ കൈയ്യില്‍ അവസാനം എത്തിച്ചേര്‍ന്നത്‌ ഒരു മഹാത്ഭുതമായി ! ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിതാ പ്രസിഡന്റ്‌ അവരോധിതയായത്‌ സ്‌ത്രീ പ്രാതിനിധ്യം വരും കാലങ്ങളില്‍ ഫൊക്കാന എന്ന സംഘടനയില്‍ പ്രതിഫലിച്ചു കാണാം എന്ന സന്ദേശം നല്‍കുകയാണ്‌.

അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടന ഫൊക്കാനയുടെ അമരക്കാരിയാകാന്‍ ചിക്കാഗോയില്‍ നിന്നുള്ള ശ്രീമതി മറിയാമ്മ പിള്ള രംഗപ്രവേശം ചെയ്‌തത്‌ തികച്ചും യാദൃശ്ചികമായിരുന്നു എന്നാണ്‌ ജിജ്ഞാസുക്കള്‍ പറയുന്നത്‌. ഫൊക്കാന പോലുള്ള മഹാപ്രസ്ഥാനം നയിക്കുവാന്‍ മറിയാമ്മ പിള്ളയ്‌ക്ക്‌ കഴിയുമോ എന്നും ചില ഉല്‌പതിഷ്‌ണുക്കള്‍ ചോദിച്ചിരുന്നു. പിന്നെ അത്ര പെട്ടെന്ന്‌ പുരുഷ മേധാവിത്വം വിട്ടുകൊടുക്കുന്നവരല്ലല്ലോ മലയാളികള്‍ ! ചില ദോഷൈകദൃക്കുകളാകട്ടേ മുറുമുറുത്തു.....നെറ്റി ചുളിച്ചു...... ചിക്കാഗോക്കാരെ ഗോബാക്ക്‌ വിളിച്ചു. പക്ഷേ, പതറാതെ സംയമനം പാലിച്ച്‌ മറിയാമ്മ പിള്ള സധൈര്യം മുന്നോട്ടുപോയി !!

ഫൊക്കാനയുടെ പതിനഞ്ചാമത്‌ അന്തര്‍ദ്ദേശീയ കണ്‍വന്‍ഷന്‍ ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസ ഹോട്ടലില്‍ അരങ്ങേറിയതിന്റെ രണ്ടാം ദിവസം നിര്‍ണ്ണായക തീരുമാനങ്ങള്‍ എടുക്കുന്നതിന്റെ തിരക്കിലായിരുന്നു പ്രവര്‍ത്തകരെല്ലാം. അടുത്ത കണ്‍വന്‍ഷന്‍ എവിടെയായിരിക്കും? ആരായിരിക്കും പ്രസിഡന്റ്‌? എന്നീ രണ്ടു ചോദ്യങ്ങളായിരുന്നു എല്ലാവരുടേയും മനസ്സില്‍. വാഷിംഗ്‌ടണ്‍ ഡി.സി.യില്‍ നിന്നുള്ള സനല്‍ ഗോപിനാഥും ചിക്കാഗോയില്‍ നിന്നുള്ള മറിയാമ്മ പിള്ളയുമായിരുന്നു പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികള്‍.

ചിക്കാഗോയില്‍ നടത്തിയ രണ്ടു കണ്‍വന്‍ഷനുകള്‍ നഷ്ടത്തിലായിരുന്നു എന്നും, മറിയാമ്മ പിള്ളയ്‌ക്ക്‌ ജനപിന്തുണയില്ലെന്നുമൊക്കെ പലരും അഭിപ്രായങ്ങള്‍ പറയുന്നതു കേട്ടിരുന്നു. പക്ഷേ, സന്ദേഹങ്ങള്‍ക്ക്‌ വിരാമമിട്ടുകൊണ്ട്‌ മറിയാമ്മ പിള്ളയുടെ വിജയം പ്രഖ്യാപിച്ചപ്പോള്‍ അതുവരെ ആകാംക്ഷാഭരിതരായി നിലകൊണ്ടവരുടെ ശ്വാസം നേരെ വീണു.

നറുക്കു വീണത്‌ മറിയാമ്മ പിള്ളയ്‌ക്കാണെന്ന്‌ അറിഞ്ഞതോടെ അതുവരെ വിയോജിപ്പു പ്രകടിപ്പിച്ചവര്‍ പോലും അഭിനന്ദനങ്ങളും അനുമോദനങ്ങളുമായി ചിക്കാഗോക്കാരുടെ `മറിയാമ്മ ചേച്ചിയെ' ആലിംഗനങ്ങള്‍ കൊണ്ട്‌ വീര്‍പ്പുമുട്ടിക്കുന്ന അപൂര്‍വ്വകാഴ്‌ചയും കാണാനിടയായി. സ്‌ത്രീകളുടെ വിജയമായും സ്‌ത്രീശക്തിയായും ചിലരതിനെ പ്രകീര്‍ത്തിക്കുകയും ചെയ്യുന്നത്‌ കണ്ടു. അതാണ്‌ ഫൊക്കാന. അഭിപ്രായവ്യത്യാസങ്ങള്‍ക്ക്‌ അവധികൊടുത്ത്‌ എല്ലാവരും വിജയം ആഘോഷിച്ചു.

ഫൊക്കാനയുടെ ചരിത്രത്തില്‍ ആദ്യമായി ഒരു വനിത പ്രസിഡന്റായി അവരോധിക്കുന്നത്‌ ഭാവിയില്‍ ഈ സംഘടനയിലെ ചിലരുടെ ഛിദ്രസ്വഭാവങ്ങള്‍ക്ക്‌ അറുതി വരുത്താനും ഐക്യവും മമതയും തിരികെ കൊണ്ടുവരാനും സാധിതമാകുമെന്ന്‌ നമുക്കു പ്രതീക്ഷിക്കാം.
അമേരിക്കയുടെ ഇതരഭാഗക്കാര്‍ക്ക്‌ മറിയാമ്മ പിള്ള അപരിചിതയായിരിക്കാമെങ്കിലും ചിക്കാഗോക്കാര്‍ക്ക്‌ അവര്‍ ചിരപരിചിതയാണ്‌. മലയാളി സ്‌ത്രീകള്‍ക്ക്‌ അഭിമാനിക്കാവുന്ന വ്യക്തിത്വമാണ്‌ മറിയാമ്മ പിള്ളയുടേതെന്ന്‌ ചിക്കാഗോയിലെ മലയാളികള്‍ സാക്ഷ്യപ്പെടുത്തുന്നു. പൊതുപ്രവര്‍ത്തന രംഗത്ത്‌ മാത്രമല്ല, ജീവകാരുണ്യ പ്രവര്‍ത്തന രംഗത്തും മത-സാമുദായിക രംഗത്തും സാംസ്‌ക്കാരിക രംഗത്തും ഒരുപോലെ ശോഭിക്കുന്ന മറിയാമ്മ പിള്ളയെപ്പോലെയുള്ള സ്‌ത്രീകള്‍ ഫൊക്കാന പോലുള്ള സംഘടനകളുടെ തലപ്പത്ത്‌ വന്നാല്‍ തീര്‍ച്ചയായും ആ സംഘടന പുഷ്ടി പ്രാപിക്കുമെന്ന്‌ ഒരു വിഭാഗം വിശ്വസിക്കുന്നു.

മറിയാമ്മ പിള്ളയുടെ സാന്ത്വനത്തിന്റെ തലോടലേല്‍ക്കാത്തവര്‍ ചുരുക്കമത്രേ. പ്രതിഫലേഛയില്ലാതെ മറ്റുള്ളവരെ സഹായിക്കുന്നവര്‍ വിരളമായ ഇക്കാലത്ത്‌ മറിയാമ്മ പിള്ളയെപ്പോലെയുള്ള വ്യക്തികള്‍ ഫൊക്കാനയുടെ പ്രസിഡന്റു സ്ഥാനത്തേക്ക്‌ വരുന്നത്‌ തികച്ചും അഭികാമ്യമാണെന്നും ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. മറിയാമ്മ പിള്ള അഭയം നല്‍കിയിട്ടുള്ള നിരവധി വ്യക്തികളും കുടുംബങ്ങളും ചിക്കാഗോയിലും അമേരിക്കയുടെ വിവിധ മേഖലകളിലുമുണ്ടെന്ന്‌ അവരെ അടുത്തറിയാവുന്നവര്‍ പറയുന്നു. 40 വര്‍ഷങ്ങള്‍ക്കു മുന്‍പ്‌ അമേരിക്കയിലെത്തി കഠിനപ്രയത്‌നത്തിലൂടെ തന്റെ കര്‍മ്മപാത വെട്ടിത്തെളിയിച്ച്‌ മുന്നോട്ടു ഗമിക്കുമ്പോഴും സാമൂഹ്യസേവനം തപശ്ചര്യയാക്കി മാറ്റിയ ചിക്കോഗാക്കാരുടെ മറിയാമ്മ ചേച്ചിയെ അമേരിക്കന്‍ മലയാളികള്‍ ഒന്നടങ്കം ആദരിക്കുന്ന കാലം വിദൂരമല്ല.

വടക്കേ അമേരിക്കയിലങ്ങോളമിങ്ങോളം വസിക്കുന്ന എല്ലാ മലയാളികളുടേയും സാമൂഹിക-സാംസ്‌ക്കാരിക പ്രശ്‌നങ്ങള്‍ക്ക്‌ പരിഹാരം കണ്ടെത്താന്‍ എപ്പോഴും മുന്‍നിരയിലുണ്ടാകുമെന്ന സന്ദേശമാണ്‌ അവര്‍ നല്‌കുന്നത്‌. മലയാളികളുടെ ഐക്യം മാത്രമല്ല ഫൊക്കാനയുടെ ലക്ഷ്യം. കലാപരമായും രാഷ്ട്രീയപരമായും അടുത്ത തലമുറയെ വാര്‍ത്തെടുക്കുക എന്ന ദൗത്യവും ഫൊക്കാനയുടെ പ്രവര്‍ത്തന മേഘലയില്‍ ഉള്‍പ്പെടുന്നു. മറിയാമ്മ പിള്ള കൂട്ടിച്ചേര്‍ത്തു. ജാതി-മത-ദേശ ചിന്തകളില്ലാതെ എല്ലാ മലയാളികളേയും ഒന്നിച്ചണിനിരത്തുകയും, അവരുടെ?കൂട്ടായ പരിശ്രമങ്ങളിലൂടെ നഷ്ടമായ പ്രൗഢിയും പ്രതാപവും തിരിച്ചുകൊണ്ടു വരാനുള്ള ബാധ്യതയും തന്നില്‍ അര്‍പ്പിതമായിരിക്കുകയാണെന്ന്‌ അവര്‍ പറഞ്ഞു.

യുവജനങ്ങളെ നേതൃത്വനിരയിലേക്ക്‌ കൊണ്ടുവരാനും, രഷ്ട്രീയ-സാമൂഹിക-സാംസ്‌ക്കാരികപരമായി അവരെ മുഖ്യധാരയ്‌ലെത്തിക്കാനും മറിയാമ്മ പിള്ള വഹിച്ച പങ്ക്‌ പ്രശംസനീയമാണ്‌. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണ്‌ ചിക്കാഗോയില്‍ അവര്‍ സംഘടിപ്പിച്ച യുവജനോത്സവം. യുവജനങ്ങളുടെ കൂട്ടായ്‌മയുടെ കരുത്ത്‌ വിളിച്ചോതുന്നതായിരുന്നു അത്‌.









ഉത്തരവ് തൊന്തരവാകുമ്പോള്‍......!

'എല്‍.ഡി.എഫ്. വരും, എല്ലാം ശരിയാകു'മെന്ന് കേട്ടപ്പോള്‍ ജനം അന്ധാളിച്ചു. ഈ 'എല്ലാം' എന്നു പറഞ്ഞതിലെ 'ക്ലൂ' എന്താണെന്ന് പിണറായിയോ അച്യുതാനന്ദനോ കോടിയേരിയോ പറഞ്ഞതേ ഇല്ല. അതിന്റെ ഗുട്ടന്‍സ് ഇപ്പോള്‍ പിടികിട്ടിക്കൊണ്ടിരിക്കുന്നു. നമ്മള്‍ വിചാരിച്ച പോലെയൊന്നുമല്ല കാര്യങ്ങളുടെ കിടപ്പ്. എം.കെ. ദാമോദരനെ നിയമോപദേഷ്ടാവായി പിണറായി വിജയന്‍ അപ്പോയിന്റ് ചെയ്തെന്നു കേട്ടതുമുതലാണ് എല്ലാവര്‍ക്കും കലിപ്പ് തുടങ്ങിയത്. ദാമോദരന്‍ കാശൊന്നും വാങ്ങുന്നില്ല, ചക്കാത്തിനാണ് ഉപദേശം തരുന്നതെന്ന് പറഞ്ഞ് പിണറായി കൈകഴുകി. അപ്പോള്‍ പിന്നെ എന്താണ് പ്രശ്നം? അവിടെയാണ് പ്രധാന 'ക്ലൂ' കിടക്കുന്നത്. പറഞ്ഞു പറഞ്ഞ് പപ്പന്‍ കുളത്തില്‍ ചാടി എന്നു പറഞ്ഞതുപോലെ ദാമോദരനെ നിയമോപദേഷ്ടാവായി അപ്പോയിന്റ്മെന്റ് ചെയ്തതായുള്ള നിയമനോത്തരവുകള്‍ ഇറക്കാന്‍ പിണറായി വിജയനെ പ്രേരിപ്പിച്ചതിന്റെ ക്രഡിറ്റ് മുഴുവന്‍ അദ്ദേഹത്തെ ആരോപണങ്ങള്‍ കൊണ്ട് പൊറുതി മുട്ടിച്ചവര്‍ക്കാണ്.

അടുത്തത്  മാധ്യമ ഉപദേഷ്ടാവായി വാഴിച്ച ജോണ്‍ ബ്രിട്ടാസാണ്. എല്‍.ഡി.എഫിന്റെ വിജയഗാഥയുടെ രചന ജോണ്‍ ബ്രിട്ടാസാണത്രേ...!! 'എല്‍.ഡി.എഫ്. വരും, എല്ലാം ശരിയാകും' എന്ന ഒറ്റ മന്ത്രവാക്യത്തിലാണ് യു.ഡി.എഫിനെ തറപറ്റിച്ച് എല്‍ഡി‌എഫ് വിജയം കൊയ്തതെന്ന് ജനസംസാരം. സംഗതി സത്യമാണെങ്കില്‍ ബ്രിട്ടാസിന് ഇമ്മിണി ബല്യ പോസ്റ്റ് തന്നെ കൊടുക്കണം. അതും കൊടുത്തു. രണ്ടു നിയമനോത്തരവുകളിലെ 'ക്ലൂ' കണ്ടുപിടിക്കാനും ശ്രദ്ധിച്ചു വായിക്കാനും ശ്രമിക്കാത്തവരാണ് യഥാര്‍ത്ഥ വിഡ്ഢികള്‍. പിണറായി വിജയന്‍ ഇങ്ങനെ കടുംപിടി പിടിക്കുമ്പോഴേ മറുവശം ശ്രദ്ധിക്കേണ്ടതായിരുന്നു. പോയ ബുദ്ധി പോയി. ഇനി പറഞ്ഞിട്ടെന്തു കാര്യം.

ബ്രിട്ടാസിന്റെ നിയമന ഉത്തരവ് ഇങ്ങനെ ആരംഭിക്കുന്നു - മാധ്യമ സംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ മീഡിയാ അഡ്വൈസര്‍ എന്ന തസ്തിക. നിയമസംബന്ധമായ വിഷയങ്ങളില്‍ ഉപദേശം നല്‍കുന്നതിനായി എന്നാണ് എംകെഡിയെ നിയമിച്ച ഉത്തരവ് ആരംഭിക്കുന്നത്. ഈ വാചകങ്ങള്‍ രണ്ടിലും ആരെയാണ് ഇവര്‍ ഉപദേശിക്കുന്നത് എന്നു പറയുന്നില്ല. നോട്ട് ദിസ് പോയിന്റ്.

മാധ്യമമോ നിയമമോ പോയിട്ട് ആസ്‌ട്രോ ഫിസിക്‌സില്‍പ്പോലും എന്തെങ്കിലും ഉപദേശം ആവശ്യമുളള ആളല്ല പിണറായി വിജയന്‍. അപ്പോള്‍ ബ്രിട്ടാസിന്റേയും ദാമോദരന്റേയും ദൗത്യമെന്താണ്. മാധ്യമ സംബന്ധമായ വിഷയങ്ങളില്‍ അത്യാവശ്യം ശങ്ക തീര്‍ക്കാന്‍ തൊട്ടടുത്ത്  ദേശാഭിമാനി റസിഡന്റ്  എഡിറ്ററായിരുന്ന പ്രഭാവര്‍മ്മയുണ്ട്.  കണ്ണപ്പച്ചേകവര്‍ ജീവിച്ചിരിക്കുമ്പോള്‍ ആറ്റുമ്മണമ്മേല്‍ കുഞ്ഞിരാമനെന്തുപദേശിക്കാന്‍?

നിയമസംബന്ധമായ വിഷയങ്ങളിലും ഉത്തരവ് തഥൈവ. മുഖ്യമന്ത്രിയ്ക്കാണ് ദാമോദരന്‍ ഉപദേശം നല്‍കേണ്ടത് എന്ന് എവിടെയും പറയുന്നില്ല.  തസ്തികയുടെ പേര് മുഖ്യമന്ത്രിയുടെ ലീഗല്‍ അഡ്വൈസര്‍ എന്നാണ്. അതു ശരി തന്നെ. പക്ഷേ, ഇവിടെ മുഖ്യമന്ത്രി പിണറായി വിജയനാണ്. ഉപദേശമൊന്നും കേള്‍ക്കുന്ന ശീലം അദ്ദേഹത്തിനില്ല. അതിനി ജസ്റ്റിസ് പി. സദാശിവത്തിന്റെ ഒപ്പിട്ട് ഒരു സര്‍ക്കാര്‍ ഉത്തരവു പുറത്തിറങ്ങിയെന്നുവച്ച് മാറുന്ന ശീലമല്ല.  ഉപദേശമായിട്ടല്ലെങ്കിലും നിയമസംബന്ധിയായി മറ്റു വല്ലതും അറിയണമെങ്കില്‍ മുഖ്യമന്ത്രിയുടെ ഓഫീസിനു തൊട്ടു കീഴെ നിയമവകുപ്പുണ്ട്. പിണറായിയുടെ ഗുഡ് ബുക്കിലാണ് എ കെ ബാലന്റെ  സ്ഥാനം. പ്രൈവറ്റ് സെക്രട്ടറി സി പി പ്രമോദ് പാലക്കാട്ടെ അറിയപ്പെടുന്ന ക്രിമിനല്‍ അഭിഭാഷകനും. അതും പോരെങ്കില്‍ നിയമവകുപ്പ് സെക്രട്ടേറിയറ്റിലുണ്ട്. ജില്ലാ ജഡ്ജിയെയാണ് നിയമസെക്രട്ടറിയായി നിയമിക്കുക. വക്കീലിനെക്കാള്‍ നല്ല ഉപദേശം ജഡ്ജി തരും.

ഇനിയതൊന്നുമല്ല, നിയമത്തിന്റെ  ദര്‍ശനവും സിദ്ധാന്തവും സംബന്ധിയായ സംശയങ്ങളാണെങ്കില്‍ ഡോ. എന്‍ കെ ജയകുമാര്‍ മുഖ്യമന്ത്രിയുടെ ഓഫീസിലുണ്ട്. നിയമസര്‍വകലാശാലയുടെ വൈസ് ചാന്‍സലറായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ ചുറ്റുവട്ടത്ത് ഇത്രയും പേരുള്ളപ്പോള്‍ അദ്ദേഹത്തിനു നിയമം ഉപദേശിക്കാന്‍ എറണാകുളത്ത് ഓഫീസും തുറന്നിരിക്കുന്ന എം കെ ദാമോദരന്റെ ആവശ്യമില്ല. മുഖ്യമന്ത്രിയ്ക്കു വേണ്ടി മറ്റു മാധ്യമങ്ങളെയും മാധ്യമപ്രവര്‍ത്തകരെയും കൈരളിയിലെയും പീപ്പിളിലെയും സഹപ്രവര്‍ത്തകരെയും ഉപദേശിക്കുകയാകുന്നു ബ്രിട്ടാസിന്റെ ജോലി. ദാമോദരനാണെങ്കില്‍ നിയമമേഖലയിലെ മറ്റുളളവരെ മുഖ്യമന്ത്രിയ്ക്കു വേണ്ടി ഉപദേശിക്കും.

ഉദാഹരണത്തിന് റിപ്പോര്‍ട്ടര്‍ ചാനലില്‍ മുഖ്യമന്ത്രിയ്‌ക്കെതിരെ ഒരു വാര്‍ത്ത വന്നുവെന്നു വെയ്ക്കുക. ഉടന്‍ ബ്രിട്ടാസ് ഫോണെടുത്ത് നികേഷിനെ വിളിക്കും. എന്നിട്ട് ഇപ്രകാരം ഉപദേശമാരംഭിക്കും. … ഡേയ് നികേഷേ.. നീ ഈ ചെയ്യുന്നത് ശരിയാണോ.. ഒന്നുമില്ലേലും നിന്റെ അച്ഛന്റെയൊപ്പം രാഷ്ട്രീയപ്രവര്‍ത്തനം തുടങ്ങിയതല്ലേ. അതെങ്കിലും നീ ഓര്‍ക്കേണ്ടേ. അതൊക്കെപ്പോട്ട്. അഴീക്കോട്ട് നിനക്ക് മത്സരിക്കാന്‍ സീറ്റു തന്നതാരാ? ജയിക്കാത്തത് നിന്റെ കൈയിലിരിപ്പുകൊണ്ടല്ലേ?  ആ മനുഷ്യനെതിരെ നിന്റെ ചാനലില്‍ ഇങ്ങനെ വാര്‍ത്ത വരുന്നത് ഉചിതമാണോ?  നിനക്ക് മറ്റെന്തെങ്കിലും പ്രശ്‌നമുണ്ടോ… ഞാന്‍ വിജയേട്ടനോട് സംസാരിക്കണോ… ഇങ്ങനെ പോകും സംസാരം.

ഇനി മറ്റേ സര്‍ക്കാര്‍ ഉത്തരവിന്റെ  ആദ്യ വാചകം വായിക്കുക. മാധ്യമസംബന്ധമായ വിഷയങ്ങളില്‍ (എം വി നികേഷ് കുമാറിന്) ഉപദേശം നല്‍കുന്നതിനായി മുഖ്യമന്ത്രിയുടെ മീഡിയാ അഡ്വൈസര്‍ എന്ന തസ്തിക … വാചകത്തിന് എന്തെങ്കിലും ഗ്രാമര്‍ മിസ്റ്റേക്കുണ്ടോ… ഇല്ലാലോ.. അതാണ് കാര്യം.

ഇനി, എം കെ ദാമോദരന്‍ വക ഉപദേശം. സര്‍ക്കാരിനെയും മുഖ്യമന്ത്രിയെയുമൊക്കെ കിട്ടുന്ന താപ്പിന് കേറി വിമര്‍ശിക്കുന്ന ചില ജഡ്ജിമാരുണ്ട്. അങ്ങനെയൊക്കെ വരുമ്പോള്‍, വല്ല വിരുന്നു സല്‍ക്കാരത്തിനോ കല്യാണപ്പാര്‍ട്ടിയ്‌ക്കോ ഇടയില്‍ മേപ്പടി ജഡ്ജി എം കെ ദാമോദരന്റെ മുന്നില്‍ വന്നു പെടും. അല്ല, പെടണം. അപ്പോ ഇങ്ങനെ ചോദിക്കണം.. നിങ്ങളിങ്ങനെയൊക്കെ ചെയ്യാമോ.. നാളേം നമ്മള്‍ കാണേണ്ടേ… റിട്ടയര്‍മെന്റ് കഴിഞ്ഞാലും തമ്മില്‍ത്തമ്മില്‍ കാണേണ്ടേ..

ഇനി പറയൂ…  ഇവരെങ്ങനെ സെക്രട്ടേറിയറ്റിലെ ഫയലു കാണും.. കോണ്‍ഫ്‌ളിക്ട് ഓഫ് ഇന്ററസ്റ്റുമായി ബന്ധപ്പെട്ട വാദവിവാദങ്ങളുടെ സാംഗത്യമെന്ത്… കാര്യമറിയാതെ ബഹളം വെച്ചതിന് പിണറായിയോട് മാപ്പുപറയുകയല്ലേ ചെയ്യേണ്ടത്..