ഈയ്യിടെ അമേരിക്കയിലെ ഒരു അച്ചടി മാധ്യമത്തില്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളെ വിമര്‍ശിച്ചുകൊണ്ടുള്ള ഒരു ലേഖനം വായിക്കാനിടയായി. അച്ചടി മാധ്യമങ്ങളുടെ നിലനില്പ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവോടെ ചോദ്യചിഹ്നമായിരിക്കുന്നു എന്ന ധ്വനിയോടെയുള്ള വിമര്‍ശനങ്ങള്‍ ഇതിനു മുന്‍പും കേട്ടിട്ടുണ്ട്. ആ ഒരു നിഗമനം ഒട്ടും ശരിയല്ല എന്നാണ് എന്റെ അഭിപ്രായം. ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അച്ചടി മാധ്യമങ്ങളുടെ അന്തകനായിത്തീരുകയാണെന്ന ധാരണയോടെ പല സമ്മേളനങ്ങളിലും ചില അമേരിക്കന്‍ മലയാളി പത്രപ്രതിനിധികള്‍ വേവലാതിയോടെ സംസാരിക്കുന്നതും കേട്ടിട്ടുണ്ട്. സത്യത്തില്‍ ഈ അച്ചടി മാധ്യമങ്ങളുടെ ആരോപണം ശരിയാണോ?
പരസ്യങ്ങള്‍ക്ക് ഭീമമായ തുക വാങ്ങി പ്രസിദ്ധീകരിക്കുന്ന പല പത്രങ്ങളും ഇന്ന് അടച്ചുപൂട്ടലിന്റെ വക്കിലാണെന്നത് സത്യം തന്നെ. ചിലരാകട്ടേ ഓണ്‍ലൈനിലേക്ക് ചുവടുമാറ്റുകയും, മറ്റു ചിലര്‍ അവ രണ്ടും സമാന്തരമായി മുന്നോട്ടു കൊണ്ടുപോകുകയും ചെയ്യുന്നു. എന്നാല്‍, ഇക്കാരണമൊന്നും പരമ്പരാഗത ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് ഭീഷണിയല്ല, പരസ്യങ്ങള്‍ക്കാണെങ്കിലും വലിയ നിഷ്ക്കര്‍തയില്ല. ടെക്‌നോളജിയുടെ അനന്തസാധ്യത മുതലെടുത്ത്, അത് വേണ്ടുവോളം ഉപയോഗപ്രദമാക്കുകയും ആ ഒഴുക്കിനനുസരിച്ച് നീന്തുന്ന ജനങ്ങളെയാണ് ഇന്ന് നാം കാണുന്നത്. അവര്‍ മൈക്രോ വായനയിലേക്ക് മന്ദം മന്ദം മാറിക്കൊണ്ടിരിക്കുന്നു. പണ്ടുകാലത്ത് ഒരു പത്രം കൈയ്യിലെടുത്ത് അതിന്റെ മുക്കും മൂലയും അരിച്ചുപെറുക്കി വായിക്കുന്ന സ്വഭാവം ജനങ്ങള്‍ക്കുണ്ടായിരുന്നു. എന്നാല്‍ ഇന്ന് മൈക്രോ വായനകളാണ് ഏറെ പേരും ഇഷ്ടപ്പെടുന്നത്. പ്രധാന വാര്‍ത്തകള്‍....ഓടിച്ചൊരു വായന..., ടാബ്ലറ്റും, ഐഫോണും, ഐപാഡും, വാട്സ്‌ആപ്പുമൊക്കെയായി, യാത്രയില്‍ പോലും ഒരു ത്വരിത വായന... പത്രം ചുരുട്ടിക്കെട്ടി കക്ഷത്തില്‍ വെച്ച് പോകുന്നിടത്തെല്ലാം നിവര്‍ത്തിപ്പിടിച്ചിരുന്ന് വായിക്കുന്നില്ലെന്ന് ചുരുക്കം.
അച്ചടി മാധ്യമങ്ങളുടെ നിലനില്‍പ് പരസ്യങ്ങളെ ആശ്രയിച്ചാണ്. അതുകൊണ്ടുതന്നെ പല പത്രങ്ങളും ചില വാര്‍ത്തകള്‍ തമസ്ക്കരിക്കാന്‍ നിര്‍ബ്ബന്ധിതരാകുന്നു. രാഷ്‌ട്രീയ കൂട്ടുകെട്ടോ മതങ്ങളുടെ സ്വാധീനമോ ഒക്കെ ആകാം അതിനു കാരണം. പ്രധാനപ്പെട്ട പല വാര്‍ത്തകളും അച്ചടി മാധ്യമങ്ങള്‍ തിരസ്കരിക്കുമ്പോള്‍ ജനം ആ വാര്‍ത്ത അറിയുന്നത് ഓണ്‍ലൈന്‍ മീഡിയ വഴിയായിരിക്കും. പരസ്യം നല്‍കുന്നവര്‍ക്ക് പേന അടിയറവ് വെക്കാന്‍ നിര്‍ബന്ധിതമാകുന്ന മുഖ്യധാരാ മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിടേണ്ടി വരുന്ന അവസ്ഥയാണ് ഇവിടെ തെളിഞ്ഞു വരുന്നത്. അതുകൊണ്ടുതന്നെ തങ്ങളുടെ പരസ്യദാതാക്കള്‍ക്കെതിരായ വാര്‍ത്തകളെ പാടേ വിഴുങ്ങുന്ന മുഖ്യധാരാ മാധ്യമ സംസ്കാരത്തിന് വെല്ലുവിളി തന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍.
ഇന്ത്യാ പ്രസ് ക്ലബ്ബ് ഓഫ് നോര്‍ത്ത് അമേരിക്കയുടെ ദ്വൈവാര്‍ഷിക സെമിനാറുകളില്‍ കേള്‍ക്കുന്ന ഒരു സ്ഥിരം പല്ലവിയാണ് അച്ചടി മാധ്യമങ്ങളുടെ പതം പറച്ചില്‍. പല അച്ചടി മാധ്യമങ്ങളും ചരമഗീതം പാടേണ്ട അവസ്ഥയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നു വരവോടെ സംജാതമായിരിക്കുന്നതെന്നാണ് അവരുടെ പരാതി. എന്നാല്‍, അമേരിക്കയിലെ ഒരു സീനിയര്‍ പത്രാധിപനായ ജോയിച്ചന്‍ പുതുക്കുളം ഒരിക്കല്‍ പറഞ്ഞതുപോലെ 'ഒരാള്‍ മരിച്ചാല്‍ ശവമടക്ക് കഴിഞ്ഞതിനുശേഷമാണോ മരണവാര്‍ത്ത ലോകം അറിയേണ്ടത് ?' - അദ്ദേഹം അങ്ങനെ ചോദിച്ചതിനു കാരണവുമുണ്ട്. ഇന്ന് അമേരിക്കയില്‍ എവിടെ ഒരു മരണം നടന്നാലും നിമിഷങ്ങള്‍ക്കകം അത് ഓണ്‍ലൈനില്‍ ചരമ വാര്‍ത്തയായി പ്രത്യക്ഷപ്പെടും. അമേരിക്കയിലെ എല്ലാ അച്ചടി മാധ്യമങ്ങളും ആഴ്ചയിലൊരിക്കലാണ് പ്രസിദ്ധീകരിക്കുന്നത്. ഇവിടെയാണ് ശ്രീ ജോയിച്ചന്റെ ചോദ്യത്തിന് പ്രസക്തിയേറുന്നത്. ചരമ വാര്‍ത്ത മാത്രമല്ല, മറ്റു പല വാര്‍ത്തകളും ആഴ്ചയിലൊരിക്കല്‍ പ്രസിദ്ധീകരിക്കുന്ന അച്ചടി മാധ്യമങ്ങള്‍ വഴി ജനങ്ങള്‍ അറിഞ്ഞിട്ടെന്തു പ്രയോജനം? അപ്പോള്‍ 24 മണിക്കൂറും അപ്‌ഡേറ്റു ചെയ്യുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളെ ജനങ്ങള്‍ ആശ്രയിക്കുന്നതുകൊണ്ട് എന്താണ് തെറ്റ്?
മുഖ്യധാരാ മാധ്യമങ്ങള്‍ ഏതെങ്കിലും രാഷ്‌ട്രീയ-മത വിഭാഗങ്ങളാല്‍ സ്വാധീനം ചെലുത്തപ്പെട്ടവരോ അല്ലെങ്കില്‍ ആഭിമുഖ്യം പുലര്‍ത്തുന്നവരോ ആണെങ്കില്‍ തീര്‍ച്ചയായും വാര്‍ത്തകള്‍ മുക്കാനും ഈ മാധ്യമങ്ങള്‍ ശ്രമിച്ചെന്നിരിക്കും. അഴിമതി, അക്രമം, പീഡനം, കൊലപാതകം എന്നിവ കൊണ്ട് അവര്‍ പേജുകള്‍ നിറയ്ക്കുമ്പോള്‍, ജനങ്ങള്‍ അറിയേണ്ട വാര്‍ത്തകള്‍ അവര്‍ തമസ്ക്കരിക്കുന്നു. ഈ പ്രവണത ആരംഭിച്ചതോടെയാണ് ഒരു ബദല്‍ മാര്‍ഗമെന്ന നിലക്ക് ആരെയും ഭയക്കാതെ, ആരേയും പ്രീണിപ്പിക്കാതെ, ചങ്കൂറ്റത്തോടെ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ തയ്യാറായി ഓണ്‍ലൈന്‍ മാധ്യമങ്ങളും സോഷ്യല്‍ മീഡിയകളും രംഗപ്രവേശം ചെയ്തത്. നിലവിലുള്ള മാധ്യമ സംസ്കാരത്തെ തന്നെ തിരുത്തിയെഴുതുകയാണ് പരസ്പര പൂരകങ്ങളായി നിലകൊള്ളുന്ന ഇത്തരം നവമാധ്യമങ്ങള്‍.
അച്ചടി മാധ്യമങ്ങളിലെ വാര്‍ത്തകള്‍ എന്നെന്നും നിലനില്‍ക്കുമെന്നാണ് ചിലരുടെ വാദം. എത്ര അര്‍ത്ഥശൂന്യമാണ് ഈ ചിന്താഗതി...! ഈ ഡിജിറ്റല്‍ യുഗത്തില്‍ ഇങ്ങനെയുള്ള ബാലിശമായ ചിന്താഗതികള്‍ വെച്ചുപുലര്‍ത്തുന്നതു തന്നെ അജ്ഞത കൊണ്ടാണ്. ഏത് വാര്‍ത്തയും ഡിജിറ്റലായി ആര്‍കൈവ്സ് ചെയ്യാനുള്ള സംവിധാനം ഇന്ന് ലഭ്യമാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമം അവരുടെ ഡാറ്റാബേസ് നശിപ്പിക്കാത്തിടത്തോളം കാലം ആ സൈറ്റിലെ വാര്‍ത്തകള്‍ അവിടെയുണ്ടാകും, എത്ര കാലം കഴിഞ്ഞാലും. ഇനി ആര്‍ക്കെങ്കിലും സ്വന്തം വാര്‍ത്തകളോ മറ്റോ ആര്‍ക്കൈവ്സ് ചെയ്യണമെങ്കില്‍ അതും സ്വന്തം നിലയില്‍ തന്നെ ചെയ്യുകയും ചെയ്യാം. ഈ അടുത്ത കാലത്ത് മറ്റൊരു മാധ്യമ പ്രവര്‍ത്തകനായ ശ്രീ എ.സി. ജോര്‍ജ്ജ് ഹൂസ്റ്റണില്‍ നിന്ന് എഴുതിയ ഒരു ലേഖനത്തില്‍ കണ്ടു ഒരു ഗ്രോസറിക്കടയില്‍ മീന്‍ വെട്ടുന്നത് ഒരു മലയാള പത്രം നിരത്തി വെച്ചാണെന്ന്. അതാണ് സംഭവിക്കുന്നത്. വായിച്ചു കഴിഞ്ഞാല്‍ മീന്‍ വെട്ടാനോ, ഇറച്ചി പൊതിയാനോ, അതുമല്ലെങ്കില്‍ വല്ല ആക്രിക്കാര്‍ക്കോ കൊടുത്തു കഴിഞ്ഞാല്‍ പിന്നെ ആ പത്രത്തിന്റെ പൊടിപോലും കാണില്ല. അച്ചടി മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ എത്ര കാലം സൂക്ഷിച്ചു വെക്കാനാകും? പേപ്പര്‍ കട്ടിംഗ് സൂക്ഷിച്ചു വെക്കുന്ന കാലവും അസ്തമിക്കുകയാണ്.
ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ ഏതു സമയത്തും എവിടെവെച്ചും വായിക്കാനുമുള്ള ടെക്നോളജി ഇന്ന് സുലഭമാണെന്ന് പറഞ്ഞുകഴിഞ്ഞു. അമേരിക്കയിലെ എഴുത്തുകാര്‍ക്ക് അവരുടേ കൃതികള്‍ നിമിഷനേരം കൊണ്ട് ലോകമൊട്ടാകെ പ്രചരിപ്പിക്കാന്‍ ഏറ്റവും നല്ല മീഡിയം ഓണ്‍ലൈന്‍ മാധ്യമങ്ങളാണ്. ചിലരുടെ രചനകള്‍ ഫെയ്സ്ബുക്ക് പേജ് വഴി പോസ്റ്റ് ചെയ്യുമ്പോള്‍ പതിനായിരക്കണക്കിന് പേര്‍ക്കാണ് അത് ഷെയര്‍ ചെയ്ത് പോകുന്നത്. അങ്ങനെ ആ എഴുത്തുകാരനേയും അവരുടെ സാഹിത്യത്തേയും ലോകത്തിന് പരിചയപ്പെടുത്തുന്ന പ്രക്രിയ കൂടി ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ചെയ്തുകൊടുക്കുന്നു. ഈയൊരു സൗകര്യമാണ് അച്ചടി മാധ്യമങ്ങള്‍ക്ക് ഇല്ലാത്തതും.
ജനങ്ങള്‍ക്ക് അറിയേണ്ടുന്ന പല വാര്‍ത്തകളും ഇന്ന് അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. അതിന്റെ കാരണം കോടികളുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കുന്ന ബിസിനസ് സാമ്രാജ്യം തന്നെ. പ്രമുഖ ബ്രാന്‍ഡ് വിതരണക്കാര്‍ രാജ്യവ്യാപകമായി അവരുടെ ഉത്പ്പന്നങ്ങള്‍ വിറ്റഴിക്കാന്‍ ആശ്രയിക്കുന്നത് മാധ്യമങ്ങളേയാണ്, അവയില്‍ കൂടുതലും പത്രങ്ങളും ചാനലുകളുമാണ്. കോടികളുടെ പങ്ക് ചാനലുകള്‍ക്കും മാധ്യമങ്ങള്‍ക്കും പരസ്യങ്ങള്‍ വഴി അവര്‍ നല്‍കുന്നു. പത്രത്താളുകളില്‍ പരസ്യങ്ങള്‍ നിറയുന്നു. അതുകൊണ്ട് തന്നെ അവര്‍ നടത്തുന്ന അഴിമതിയെക്കുറിച്ചോ, അവരുടെ ഉത്പ്പന്നങ്ങളുടെ ഗുണമില്ലായ്മയെക്കുറിച്ചോ മറ്റോ ഉള്ള വാര്‍ത്തകളും ഈ പരസ്യങ്ങള്‍ക്കു പിന്നില്‍ ഒളിക്കുന്നു. വെബ്സൈറ്റുകള്‍ മാത്രമാണ് ഇത്തരം വാര്‍ത്തകള്‍ ഏറ്റെടുക്കാന്‍ തയ്യാറാവുന്നത്.
അമേരിക്കയില്‍ വളര്‍ന്നു വരുന്ന മറ്റൊരു പ്രവണതയാണ് പരസ്യങ്ങള്‍ വാര്‍ത്തകളായി പത്രക്കാര്‍ക്ക് കൊടുക്കുന്നത്. സ്റ്റേജ് ഷോകള്‍, റിയാലിറ്റി ഷോകള്‍ മുതലായ, പ്രവേശന ഫീസ് വെച്ച് നടത്തുന്ന പരിപാടികളുടെ പരസ്യങ്ങള്‍ ദൃശ്യ മാധ്യമങ്ങളെ ഒഴിവാക്കി സംഘാടകര്‍ അതൊരു വാര്‍ത്തയായി മാധ്യമങ്ങള്‍ക്ക് കൊടുക്കുന്നു. പരസ്യമാണോ വാര്‍ത്തയാണോ എന്ന് വേര്‍തിരിച്ചറിയാനാവാതെ ചില അച്ചടി മാധ്യമങ്ങള്‍ അത് പ്രസിദ്ധീകരിക്കുന്നു, മറ്റു ചിലര്‍ അത് തിരസ്ക്കരിക്കുന്നു. എന്നാല്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളാകട്ടെ അത് അപ്പാടെ പ്രസിദ്ധീകരിക്കുകയും ചെയ്യും. അത് പ്രസിദ്ധീകരിക്കരുതെന്ന് പറയാന്‍ ഉത്തരവാദിത്വപ്പെട്ട ആരും തന്നെ ഇല്ല. ഒരു ഓണ്‍ലൈന്‍ തിരസ്ക്കരിച്ചാല്‍ മറ്റുള്ളവര്‍ അത് പ്രസിദ്ധീകരിക്കും. പരസ്പരധാരണയും സഹകരണവും ഇല്ലാത്തതാണ് അതിനു കാരണം. പരസ്യവും വാര്‍ത്തയും വേര്‍തിരിച്ചുകണ്ട് അവയെ നിയന്ത്രിക്കാന്‍ ഒരു സംഘടനയും അമേരിക്കയില്‍ നിലവിലില്ല. ഉള്ള സംഘടനയ്ക്കാകട്ടെ അക്കാര്യത്തില്‍ ഇടപെടാന്‍ താല്പര്യവുമില്ല.
ചില പത്രക്കാര്‍ക്ക് പരസ്യങ്ങള്‍ ലഭിക്കുന്നതോടെ വാര്‍ത്ത വാര്‍ത്തയായും പരസ്യം പരസ്യമായും മുന്നോട്ട് പോകുമെന്ന് പറയാനുള്ള ആര്‍ജവം അവര്‍ക്ക് ചോര്‍ന്നു പോകുന്നു. വാര്‍ത്ത വാര്‍ത്തയായിത്തന്നെ മുന്നോട്ട്പോകുമെന്ന് പറയാനുള്ള ചങ്കൂറ്റമുണ്ടാകുമ്പോഴാണ് മാധ്യമങ്ങളുടെ നേരെ ജനങ്ങള്‍ക്ക് വിശ്വാസമുണ്ടാവുക. പരസ്യം തരുന്നവരോടുള്ള കടപ്പാടിനും ബഹുമാനത്തിനും ഒരു ലക്ഷ്മണ രേഖയുണ്ടാകണം. സമൂഹത്തിന് അറിയാനവകാശമുള്ള ഒരു സുപ്രധാന വാര്‍ത്തയെ പാടേ തിരസ്കരിക്കുകയും തമസ്കരിക്കുകയും ചെയ്യുന്ന തലത്തിലേക്ക് ആ ബഹുമാനവും കടപ്പാടും മാറുമ്പോള്‍ മാധ്യമ ധര്‍മത്തിന്‍റെ അടിവേരുകളിലാണ് കത്തി വീഴുന്നത്.
കോടിക്കണക്കിന് രൂപയൊന്നും അമേരിക്കന്‍ അച്ചടി മാധ്യമങ്ങള്‍ക്ക് കിട്ടാറില്ല. എങ്കിലും, അമേരിക്കയിലെ എല്ലാ സംഘടനകളുടേയും ദൈനംദിന വാര്‍ത്തകളും വിശേഷങ്ങളും മാലോകരെ അറിയിച്ചുകൊണ്ടിരിക്കുന്നത് മാധ്യമങ്ങള്‍ തന്നെ. അതില്‍ ഏറ്റവും മുന്‍പന്തിയില്‍ നില്‍ക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെ. അച്ചടി മാധ്യമങ്ങള്‍ പോലെ ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കും ചിലവുണ്ട്. എന്നാല്‍, വളരെ ചുരുക്കം പരസ്യങ്ങളേ അവര്‍ക്ക് കിട്ടുന്നുള്ളൂ എങ്കിലും, ഒട്ടുമിക്ക പത്രപ്രവര്‍ത്തകരും സ്വന്തമായി ജോലി ഉള്ളവരും വരുമാനമുള്ളവരുമാകയാല്‍ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തനം ഒരു പാഷന്‍ അല്ലെങ്കില്‍ മലയാള ഭാഷയോടുള്ള ഒരു അഭിനിവേശം അതുമല്ലെങ്കില്‍ ഒരു സാമൂഹ്യസേവനം എന്ന നിലയ്ക്ക് സ്വന്തം കൈയ്യില്‍ നിന്ന് പണം മുടക്കി അത് നടത്തുന്നു, പരാതിയില്ലാതെ....പരിഭവമില്ലാതെ....!! ചില ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ പെയ്ഡ് ന്യൂസുകള്‍ ഉണ്ടെങ്കിലും എല്ലാ മാധ്യമങ്ങളും അങ്ങനെയല്ല.
പല സംഘടനകളും അച്ചടി-ദൃശ്യ മാധ്യമങ്ങള്‍ക്ക് പരസ്യയിനത്തില്‍ നിശ്ചിത തുക നല്‍കാറുണ്ട്. പക്ഷെ, ഓണ്‍ലൈന്‍ മാധ്യമങ്ങളെ അവര്‍ പാടെ അവഗണിച്ച മട്ടാണ്. അച്ചടി മാധ്യമങ്ങളേക്കാള്‍ കൂടുതല്‍ പേരില്‍ അവരുടെ വാര്‍ത്തകളും വിശേഷങ്ങളും എത്തിച്ചുകൊടുക്കുന്നത് ഓണ്‍ലൈന്‍ മാധ്യമങ്ങളാണെന്ന് അവര്‍ മനസ്സിലാക്കുന്നില്ല. എന്നാല്‍, മറ്റു ചില സംഘടനകള്‍ അവര്‍ക്ക് താല്പര്യമുള്ള അച്ചടി/ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പണം കൊടുക്കുന്നുണ്ടെന്നുള്ളതും സത്യമാണ്. അങ്ങനെ ഒന്നോ രണ്ടോ മാധ്യമങ്ങളെ സ്വാധീനിച്ച് മറ്റു മാധ്യമങ്ങളെ തഴയുന്ന പ്രവണതയും ശരിയല്ല. അതുപോലെതന്നെ ഏതെങ്കിലും ഒരു മാധ്യമത്തിന് 'എക്സ്‌ക്ലൂസീവ് റൈറ്റ്സ്' കൊടുക്കുന്നതും ശരിയല്ല.
അച്ചടി മാധ്യമങ്ങളേക്കാള്‍ കരുത്തും ആര്‍ജ്ജവവും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കു തന്നെയാണ്. സത്യസന്ധമായി വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാന്‍ പല മുഖ്യധാരാ മാധ്യമങ്ങളും വിസമ്മതിക്കുമ്പോള്‍
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതേറ്റെടുക്കുന്നു, ധൈര്യപൂര്‍വ്വം അവ പ്രസിദ്ധീകരിക്കുന്നു. ഭരണകൂടങ്ങളെപ്പോലും വിറപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ട്. ടെക്‌നോളജിയുടെയും വിവര സാങ്കേതികവിദ്യയുടേയും കരുത്തറിഞ്ഞ് തന്നെയാണ് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്ന ദൗത്യവുമായി ജൂലിയന്‍ അസാഞ്ജെ ‘വിക്കിലീക്സ്’ ആരംഭിച്ചത്. ലക്ഷക്കണക്കിന് വിവരങ്ങളാണ് വിക്കിലീക്സ് ചോര്‍ത്തി പുറത്തുവിട്ടിട്ടുള്ളത്. അതുപോലെ എത്രയെത്ര രഹസ്യങ്ങള്‍ 'രഹസ്യ ഓപ്പറേഷനിലൂടെ' നവമാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നു. പരമ്പരാഗത മാധ്യമങ്ങള്‍ ചെയ്യാന്‍ മടിക്കുന്നതാണ് സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.
ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ അതേറ്റെടുക്കുന്നു, ധൈര്യപൂര്‍വ്വം അവ പ്രസിദ്ധീകരിക്കുന്നു. ഭരണകൂടങ്ങളെപ്പോലും വിറപ്പിച്ച ഓണ്‍ലൈന്‍ മാധ്യമങ്ങളുണ്ട്. ടെക്‌നോളജിയുടെയും വിവര സാങ്കേതികവിദ്യയുടേയും കരുത്തറിഞ്ഞ് തന്നെയാണ് ഔദ്യോഗിക രഹസ്യങ്ങള്‍ ചോര്‍ത്തുകയെന്ന ദൗത്യവുമായി ജൂലിയന്‍ അസാഞ്ജെ ‘വിക്കിലീക്സ്’ ആരംഭിച്ചത്. ലക്ഷക്കണക്കിന് വിവരങ്ങളാണ് വിക്കിലീക്സ് ചോര്‍ത്തി പുറത്തുവിട്ടിട്ടുള്ളത്. അതുപോലെ എത്രയെത്ര രഹസ്യങ്ങള്‍ 'രഹസ്യ ഓപ്പറേഷനിലൂടെ' നവമാധ്യമങ്ങള്‍ പുറത്തുകൊണ്ടു വന്നിരിക്കുന്നു. പരമ്പരാഗത മാധ്യമങ്ങള്‍ ചെയ്യാന്‍ മടിക്കുന്നതാണ് സോഷ്യല്‍ മീഡിയകളും ഓണ്‍ലൈന്‍ മാധ്യമങ്ങളും ചെയ്യുന്നത്. അതുകൊണ്ടുതന്നെയാണ് ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പ്രസക്തിയേറുന്നത്.
രണ്ടോ മൂന്നോ ദിവസങ്ങള്‍ക്കുശേഷം നടക്കുന്ന ഒരു പരിപാടിയുടെ വാര്‍ത്തകള്‍ ഒരാഴ്ച കഴിഞ്ഞ് പത്രത്തില്‍ വന്നതുകൊണ്ട് എന്തു പ്രയോജനം? വാര്‍ത്തകള്‍ അപ്പപ്പോള്‍ അപ്ഡേറ്റ് ചെയ്യാനുള്ള സംവിധാനം ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്കുണ്ട്. പരസ്യം കിട്ടിയോ ഇല്ലയോ എന്ന് അവര്‍ അന്വേഷിക്കാറില്ല. എന്നിരുന്നാലും പല സംഘടനകളുടേയും പ്രവര്‍ത്തനങ്ങള്‍ ലോകജനതയെ അറിയിച്ചുകൊണ്ടിരിക്കുന്നു.
പ്രാദേശിക അച്ചടി മാധ്യമങ്ങളേക്കാള്‍ എന്തുതന്നെയായാലും ലോകമാകെ വായനക്കാരുള്ള ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ തന്നെയാണ് പുതുയുഗത്തിന്റെ ശക്തി. പരസ്യം നല്‍കുന്നവര്‍ക്ക് പേന അടിയറവെക്കാന്‍ നിര്‍ബന്ധിതമാക്കുന്ന അച്ചടി മാധ്യമങ്ങള്‍ ഏതാണ്ട് അസ്തമനത്തോടടുക്കുകയാണ്. മുഖ്യധാരാ മാധ്യമങ്ങള്‍ മുക്കുന്ന വാര്‍ത്തകള്‍ മരിക്കുന്ന കാലം അസ്തമിച്ച് കഴിഞ്ഞുവെന്നും വാര്‍ത്ത മുക്കുന്ന പത്രമുതലാളിമാര്‍ നവമാധ്യമങ്ങളെ കണ്ടില്ലെന്ന് നടിക്കരുതെന്നുമാണ് സോഷ്യല്‍ മീഡിയയിലെ പുതിയ സംസാരം. എന്ത് തന്നെയായാലും മുഖ്യധാരാമാധ്യമങ്ങള്‍ മനസ്സിലാക്കേണ്ട ഒന്നുണ്ട്. സ്വാര്‍ഥതാല്‍പര്യങ്ങളുടെ പേരില്‍ വാര്‍ത്തകള്‍ എത്ര മൂടിവെച്ചാലും അവ പുറത്തുകൊണ്ടുവരുന്ന നവ മാധ്യമങ്ങളും സോഷ്യല്‍ മീഡിയയും നിങ്ങളെ വിചാരണ ചെയ്യാന്‍ സജീവമായി രംഗത്തുണ്ട്. മാധ്യമസ്വാതന്ത്ര്യം എന്നത് വാര്‍ത്തകള്‍ ജനങ്ങളിലേക്കെത്തിക്കാനുള്ള സ്വാതന്ത്ര്യമാണ്. അല്ലാതെ ജനങ്ങളില്‍ നിന്നും മൂടിവെക്കാനുള്ള സ്വാതന്ത്ര്യമല്ല.
മുന്‍പ് സൂചിപ്പിച്ചപോലെ അമേരിക്കയിലെ ഓണ്‍ലൈന്‍ മാധ്യമ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും ജീവിക്കാന്‍ തൊഴിലുണ്ട്. അവര്‍ക്ക് വരുമാനമുണ്ട്. അവര്‍ പ്രതിനിധാനം ചെയ്യുന്ന മാധ്യമങ്ങളില്‍ പരസ്യങ്ങള്‍ നല്‍കുകയോ നല്‍കാതിരിക്കുകയോ ചെയ്യുന്നത് സംഘടനകളുടേയും സംഘടനാ നേതാക്കളുടേയും മനോധര്‍മ്മമനുസരിച്ചിരിക്കും. എന്നാല്‍, അച്ചടി മാധ്യമങ്ങള്‍ അമേരിക്കയിലെ പത്രപ്രവര്‍ത്തനം അവരുടെ കുത്തകയാക്കി വെച്ചുകൊണ്ടിരിക്കുന്നതിനെ മാധ്യമ പ്രവര്‍ത്തനമെന്നല്ല പറയേണ്ടത്.
പരസ്യങ്ങളുടെ ദൗര്‍ലഭ്യം മൂലം പത്രങ്ങളുടെ അച്ചടി മുടങ്ങിയാല്‍ അതിന്റെ കാരണം ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കടന്നുവരവാണെന്ന് പറയുന്നത് അര്‍ത്ഥശൂന്യമാണ്. സമകാലീനസാഹചര്യത്തില്‍ അച്ചടി- ദൃശ്യമാധ്യമങ്ങളുടെ പ്രസക്തി അപ്രത്യക്ഷമായിക്കൊണ്ടിരിക്കെ സാധാരണ മനുഷ്യന്‍ ആശയാവിഷ്കാരത്തിനായി നവമാധ്യമങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ അത്ഭുതപ്പെടാനില്ല. സോഷ്യല്‍ മീഡിയയും പരസ്പരപൂരകമായി നില്‍ക്കുന്ന ഓണ്‍ലൈന്‍ മാധ്യമങ്ങളും ഇത്തരം ആശയാവിഷ്കാരത്തിനുള്ള വേദികളാണ്.
No comments:
Post a Comment