Thursday, July 21, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - നോവലറ്റ് ആരംഭിക്കുന്നു

സമര്‍പ്പണം

കാല്‍നൂറ്റാണ്ടിലേറെയായി ദൈവത്തിന്റെ സ്വന്തം നാട്ടില്‍നിന്ന് പലായനം ചെയ്ത് ഇന്ത്യയുടെ തലസ്ഥാന നഗരിയിലും അറേബ്യന്‍ രാജ്യങ്ങളിലും ജീവിച്ച് അവസാനം അമേരിക്കയിലെത്തിയ എനിക്ക്, മാതൃഭൂമിയോടുള്ള പൊക്കിള്‍കൊടി ബന്ധം വിഛേദിക്കാനാകുന്നില്ല. ഞാന്‍ ജനിച്ച നാട്, നാട്ടുകാര്‍, കൂട്ടുകാര്‍, സഹപാഠികള്‍ എന്നിവരൊക്കെ എപ്പോഴും എന്റെ മനസ്സില്‍ വെള്ളിത്തിരയിലെന്നപോലെ മിന്നിമറഞ്ഞുകൊണ്ടിരിക്കുന്നു.

ജീവിതായോധനത്തിനായുള്ള പരക്കം പാച്ചിലില്‍ പലയിടങ്ങളിലും വെച്ച് കണ്ടുമുട്ടിയവരുടേയും ദീര്‍ഘനാളത്തെ പ്രവാസ ജീവിതത്തില്‍ കണ്ടുമുട്ടിയവരുടേയും ജീവിതാനുഭവങ്ങളും, അവരുടെ ജീവിതത്തില്‍ വന്നുഭവിച്ച സംഭവവികാസങ്ങളും എന്റെ സ്വന്തം ജീവിതാനുഭവങ്ങളുടെ നുറുങ്ങുകളും കൂട്ടിയിണക്കിയതാണ് ഈ നോവലറ്റ്. ജീവിച്ചിരിക്കുന്നവരും കാലയവനികക്കുള്ളില്‍ മറഞ്ഞവരുമൊക്കെ വിവിധ കഥാപാത്രങ്ങളായി ഈ നോവലറ്റിലൂടെ പുനര്‍ജ്ജനിക്കാം.

1970-80 കാലഘട്ടത്തിലേക്ക് ഈ കഥ നിങ്ങളെ കൂട്ടിക്കൊണ്ടുപോകുമ്പോള്‍ കണ്ടുമറന്ന പല മുഖങ്ങളും ഇതിലൂടെ നിങ്ങള്‍ ദര്‍ശിച്ചേക്കാം. ഒരുപക്ഷേ, നിങ്ങളോ നിങ്ങളുടെ സുഹൃത്തുക്കളോ ബന്ധുക്കളോ ഈ കഥയിലെ കഥാപാത്രങ്ങളായി രൂപാന്തരപ്പെട്ടേക്കാം. അത് വെറും യാദൃശ്ചികാമാണെന്നേ എനിക്ക് പറയാന്‍ കഴിയൂ. അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും അറിയിക്കാന്‍ മടിക്കരുത്.

അദ്ധ്യായം 1

വീട്ടിലെത്തിയ രവികുമാര്‍ ചുറ്റുമൊന്നു കണ്ണോടിച്ചു. ഇരുപതു കൊല്ലങ്ങള്‍കൊണ്ട് താന്‍ പഴയ രവി അല്ലാതായിട്ടുണ്ടെന്ന് അയാള്‍ക്കറിയാം. തന്റെ വേഷം മാത്രമല്ല, ജീവിതശൈലിയിലും ആകെ മാറ്റം വന്നിട്ടുണ്ട്.

പടിപ്പുര കടന്ന് മുറ്റത്തെ ഇലഞ്ഞിമരച്ചുവട്ടില്‍ അയാള്‍ കുറെ നേരം നിന്നു. ഒരുനിമിഷം ബാല്യകാല സ്മരണയിലേക്ക് ഓര്‍മ്മകള്‍ ഊളിയിട്ടു. ഈ ഇലഞ്ഞിമരത്തിന് എന്തെല്ലാം കഥകളറിയാം ! താന്‍ പിച്ചവെച്ചു നടന്നതും ബാല്യവും കൗമാരവും പിന്നിട്ടതുമെല്ലാം എല്ലാം ഈ ഇലഞ്ഞിമരത്തിനറിയാം. ഉച്ചച്ചൂടിന്റെ കാഠിന്യത്തെ തണുപ്പിക്കാനെന്നോണം ഒരു തെളിര്‍കാറ്റ് തഴുകിത്തലോടിയപ്പോള്‍ ഇലഞ്ഞിമരക്കൊമ്പുകളും ഇളകിയാടി. ഇത്രയും ചൂട് നാട്ടില്‍ ഉണ്ടാകുമെന്ന് അറിഞ്ഞിരുന്നില്ല. നഗരങ്ങളിലെ കോണ്‍ക്രീറ്റ് കെട്ടിടങ്ങള്‍ ചൂടിനെ ആവാഹിച്ചെടുത്ത് മനുഷ്യന്റേയും മണ്ണിന്റേയും മേല്‍ അടിച്ചേല്പിക്കുന്നു. നഗരം ഒരു കോണ്‍ക്രീറ്റ് ചൂളയാണ്. നമ്മുടെ ഗ്രാമങ്ങളും അതിന്റെ തീജ്വാലയിലേക്ക് ചെന്നു വീണ് ഉരുകിത്തുടങ്ങിയിരിക്കുകയാണെന്ന് ആരോ പറഞ്ഞത് ഓര്‍മ്മ വരുന്നു. ശരീരമാകെ ആവിയില്‍ പുഴുങ്ങിയതുപോലെ.

"ആരെയും കാണുന്നില്ലല്ലോ..!" സംശയത്തോടെ ചുറ്റും നോക്കി. വടക്കേ തൊടിയില്‍ നിന്ന് ആരോ നടന്നുപോകുന്നതുപോലെ തോന്നി. തന്റെ വേഷം കണ്ടിട്ടാകാം മനസ്സിലാകാത്തതുപോലെ അവര്‍ അടുക്കള വശത്തുകൂടി അകത്തേക്കു കയറി.

ജീര്‍ണ്ണിച്ചു തുടങ്ങിയ ആ നാലുകെട്ടിന്റെ പടിപ്പുരയ്ക്കടുത്ത് ഒരപരിചിതനെപ്പോലെ അപ്പോഴും രവി നില്‍ക്കുകയായിരുന്നു. തന്നെ പരിഹസിക്കുന്നതുപോലെ ഇലഞ്ഞിമരക്കൊമ്പുകള്‍ പതിയെ തല കുലുക്കുന്നുണ്ടായിരുന്നു അപ്പോഴും.

ഉമ്മറത്തേക്കുള്ള വാതില്‍ തുറന്ന് ആരോ ഇറങ്ങിവരുന്നു ! ഉച്ചവെയിലിന്റെ കാഠിന്യം കൊണ്ട് പടിപ്പുര മുറ്റത്ത് നില്‍ക്കുന്നതാരാണെന്ന് അവര്‍ക്ക് മനസ്സിലായില്ല. വരാന്തയിലേക്ക് അവര്‍ ഇറങ്ങിവന്നപ്പോഴേക്കും രവി മുറ്റത്തെത്തിയിരുന്നു.

"ആരാ, മനസ്സിലായില്ല്യാലോ?"

തലമുടിയെല്ലാം നരച്ച്, പ്രായാധിക്യം കൊണ്ട് മുഖത്തെ മാംസപേശികളൊട്ടി, തീരെ ക്ഷീണിതയായി തന്റെ മുന്നില്‍ നില്‍ക്കുന്ന അവരെ കണ്ടപ്പോള്‍ ഉള്ളിന്റെയുള്ളില്‍ ഒരു തീക്കനല്‍ വീണപോലെ അയാള്‍ക്കു തോന്നി.

"അച്ഛമ്മ," രവി മന്ത്രിച്ചു.

ഉമ്മറവാതിലിനു പുറകില്‍ നിന്ന് അപ്പോഴും രണ്ടു കണ്ണുകള്‍ അയാളെ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു.

"ആരാന്നു ചോദിച്ചിട്ട് മിണ്ടാതെ നിക്ക്വാണോ?"

അച്ഛമ്മയുടെ ചോദ്യം കേട്ട് രവി ഉമ്മറത്തേക്കു കയറി. തന്നെ മനസ്സിലായിട്ടില്ലെന്നു ആ മുഖം കണ്ടാലറിയാം. ബ്രീഫ് കെയ്സും എയര്‍ബാഗും താഴെ വെച്ച്, സണ്‍ഗ്ലാസ്സെടുത്ത് ഷര്‍ട്ടിന്റെ പോക്കറ്റിലിട്ട് അച്ഛമ്മയുടെ മുന്‍പില്‍ രവി ചെന്നു നിന്നു. അത്ഭുതത്തോടെ, അതിലേറെ അങ്കലാപ്പോടെ തന്നെ നോക്കി നിന്ന അച്ഛമ്മയുടെ രണ്ടു കൈകളൂം പുകര്‍ന്നപ്പോള്‍ അമ്പരപ്പ് ആ മുഖത്ത് മിന്നിമറയുന്നത് രവി കണ്ടു.

"അച്ഛമ്മേ....." രവിയുടെ വിളി കേട്ട് അവിശ്വസനീയതയോടെ അയാളെ നോക്കി നിന്ന അച്ഛമ്മയുടെ കവിളിലൂടെ കണ്ണീര്‍ ഒലിച്ചിറങ്ങുന്നത് അയാള്‍ കണ്ടു.

'ന്നാലും ന്റെ കുട്ടി വന്നൂലോ, മരിക്കണേനു മുമ്പ് ദൈവം ആ ആഗ്രഹോം സാധിപ്പിച്ചു തന്നു.....സമാധാനായി."

രവിയുടെ കൈകള്‍ രണ്ടും കൂട്ടിയെടുത്ത് ആ നെഞ്ചോടു ചേര്‍ത്തു നിര്‍ത്തിയപ്പോള്‍ അയാളുടേയും നിയന്ത്രണം വിട്ടു. അയാള്‍ അച്ഛമ്മയെ ചേര്‍ത്തു പിടിച്ചു.

"അച്ഛനെവിടെ?" രവിയുടെ ചോദ്യം പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് അച്ഛമ്മ അയാളേയും കൂട്ടി അകത്തേക്കു കയറി. കഷായത്തിന്റേയും അരീഷ്ടത്തിന്റേയും എണ്ണയുടേയും കുഴമ്പിന്റേയും സമ്മിശ്രഗന്ധം വീടിനുള്ളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടായിരുന്നു. നിറം മങ്ങിയ ചുവരുകളും ജീര്‍ണ്ണിച്ചു തുടങ്ങിയ കട്ടിളപ്പടികളും, വാതിലുകളും, ജനല്‍‌പാളികളുമെല്ലാം പഴയ പ്രതാപങ്ങള്‍ക്ക് പുഴുക്കുത്തേറ്റത് വിളിച്ചോതുന്നുണ്ടായിരുന്നു. ഇടുങ്ങിയ ഒരു മുറിയിലേക്ക് കാലെടുത്തുവെച്ചപ്പോള്‍ കണ്ടു അസ്തപ്രജ്ഞനായ ഒരാള്‍ കട്ടിലില്‍ കിടക്കുന്നു.

"അച്ഛന്‍....!!" പ്രകാശം മങ്ങിയ ആ കണ്ണുകള്‍ അത്ഭുതത്തോടെ അയാളെ അടിമുടി ശ്രദ്ധിക്കുകയായിരുന്നു.

"ഈ വന്നിരിക്കണ ആളെ മനസ്സിലായോ?" അച്ഛമ്മയുടെ ചോദ്യം കേട്ട് അമ്പരപ്പോടെ ആ കണ്ണുകള്‍ രവിയുടെ നേരെ തിരിഞ്ഞു.

"ആരാ..." എന്ന മട്ടില്‍ വീണ്ടും അച്ഛമ്മയെ നോക്കി.

"നമ്മുടെ കുട്ടനാ.." അച്ഛമ്മയുടെ പരിചയപ്പെടുത്തലില്‍ വിശ്വാസം വരാതെ രവിയെ ഒന്നുകൂടി സൂക്ഷിച്ചു നോക്കി അയാളുടെ കരതലങ്ങള്‍ കൂട്ടിപ്പിടിച്ചുകൊണ്ട് ഒരക്ഷരം ഉരിയിടാതെ അച്ഛന്‍ കുറെ നേരം കണ്ണടച്ചു കിടന്നു.

"കൃഷ്ണാ...ഗുരുവായൂരപ്പാ.... നീ എന്റെ പ്രാര്‍ത്ഥന കേട്ടു." അച്ഛന്റെ സ്വരം രവിയെ വല്ലാതെ വേദനിപ്പിച്ചു.

"ന്താ കുട്ടാ, ഞങ്ങളെയൊന്നും നിനക്കു വേണ്ടാതായോ? അതിനു മാത്രം എന്തു തെറ്റാ ഞങ്ങളു ചെയ്തേ?" കിടന്നിടത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ അച്ഛന്‍ പറഞ്ഞു.

"വേണ്ടാ, കിടന്നോളൂ" രവി അച്ഛനെ വിലക്കി.

"എത്ര നേരോന്ന്വെച്ചാ ഈ കെടപ്പ് കെടക്കണെ, ന്റെ കണ്ണടയുന്നതിനു മുന്‍പ് നിന്നെയൊന്നു കാണണംന്നുണ്ടായിരുന്നു. കണ്ടു, സമാധാനമായി." 

അച്ഛന്റെ വാക്കുകളില്‍ നിരാശയും സങ്കടവും. അച്ഛന്റെ അസുഖവിവരത്തിന് പല കത്തുകളും കിട്ടിയെങ്കിലും ഒന്നിനും മറുപടി അയക്കാനോ അതേക്കുറിച്ച് അന്വേഷിക്കാനോ താന്‍ തുനിഞ്ഞില്ല. അവസാനം രോഗം മൂര്‍ദ്ധന്യാവസ്ഥയിലാണെന്ന വിവരം അറിഞ്ഞപ്പോഴാണ് താന്‍ നാട്ടിലേക്ക് പുറപ്പെട്ടത്. രവി ആലോചിക്കുകയായിരുന്നു. പൂര്‍ണ്ണമനസ്സോടെയായിരുന്നില്ല ഈ യാത്ര. അയാള്‍ മനസ്സിലോര്‍ത്തു.

ബദ്ധപ്പെട്ട് അച്ഛന്‍ എഴുന്നേറ്റ് രവിയുടെ അടുത്തെക്കു വന്നു. വിറയാര്‍ന്ന കൈകള്‍കൊണ്ട് ഗാഢമായി പുണര്‍ന്നു. രവിയുടെ ശരീരം വിയര്‍ത്തു. വര്‍ഷങ്ങള്‍ക്കുശേഷം അച്ഛന്റെ ഒരു സ്പര്‍ശനം....!! അച്ഛന്റെ ചൂട് തന്റെ ശരീരത്തിലേക്ക്....വര്‍ഷങ്ങളായി കാത്തിരുന്ന അച്ഛന്റെ സ്പര്‍ശനം...ചെറുപ്പകാലത്ത് ഇങ്ങനെ ഒരു ആലിംഗനം താന്‍ എത്രയോ കൊതിച്ചിട്ടുണ്ട്. രവി മനസ്സിലോര്‍ത്തു. അച്ഛന്റെ വിരലില്‍ തൂങ്ങി നടക്കാന്‍ കൊതിച്ച കുട്ടിക്കാലം. അന്ന് അച്ഛനോട് പരിഭവമോ വെറുപ്പോ തോന്നിയിരുന്നു.പക്ഷേ, ഇപ്പോള്‍ അതെല്ലാം അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നി. രവിയുടെ കണ്ണുകള്‍ നിറഞ്ഞു.

"നിന്നെ, നിന്റെ അമ്മയെ....നിങ്ങളോടൊത്തുള്ള നിമിഷങ്ങള്‍....ജീവിതം...എനിക്ക് നഷ്ടപ്പെടുത്തേണ്ടി വന്നു." 

അച്ഛന്റെ സ്വരം ഇടറുന്നതും കണ്ണുകള്‍ നിറയുന്നതും രവി അറിഞ്ഞു. അയാള്‍ അച്ഛന്റെ കണ്ണുകള്‍ തുടച്ചു. അച്ഛന്‍ അയാളുടെ കൈകളില്‍ മുറുകെ പിടിച്ചു. ഈ രംഗം കണ്ടു നിന്ന അച്ഛമ്മയും കണ്ണുനീര്‍ തുടയ്ക്കുന്നത് കണ്ടു.

"എന്താ അച്ഛാ ഇത്?" ഗദ്ഗദത്തോടെ രവി ചോദിച്ചു.

"ഒന്നൂല്ല്യ...ഓരോന്നോര്‍ത്തപ്പോള്‍......."

തിരുവായ്ക്ക് എതിര്‍‌വായ് പാടില്ലെന്ന് ആജ്ഞാപിക്കുന്ന, സ്വന്തം ഇഷ്ടങ്ങള്‍ക്ക് എതിരു നില്‍ക്കുന്നവരെ നിഷ്ക്കാസനം ചെയ്ത പാരമ്പര്യമുള്ള 'ജി.എം.'എന്ന ഓമനപ്പേരില്‍ നാട്ടുകാള്‍ വിളിക്കുന്ന വില്വമംഗലത്തെ ഗംഗാധര മേനോന്‍ എന്ന അച്ഛന്റെ ശൗര്യം നിറഞ്ഞ മുഖഭാവവും സ്വഭാവവും ഓര്‍മ്മയില്ലാഞ്ഞിട്ടല്ല. പക്ഷേ, അന്നത്തെ പരാക്രമങ്ങളൊക്കെ അടങ്ങി, ചെയ്തുകൂട്ടിയ അപരാധങ്ങളും പാപങ്ങളും വിസ്മൃതിയിലാഴ്ത്തി പശ്ചാത്താപം മനസ്സില്‍ പേറി ജീവശ്ഛവം പോലെ നടക്കുന്ന ഒരു മനുഷ്യക്കോലമായി അച്ഛന്‍ മാറിക്കഴിഞ്ഞു എന്ന് ഒരിക്കല്‍ അമ്മായി എഴുതിയതായി ഓര്‍മ്മയുണ്ട്. ഏതായാലും നാട്ടില്‍ പോയി എല്ലാവരേയും കണ്ട് ഉടനെ തിരിച്ചു പോകണമെന്ന ഉദ്ദേശത്തിലാണ് ഇപ്പോഴത്തെ ഈ വരവ്.

"ന്നാ കുട്ടാ, നീയിത് കുടിയ്ക്ക്" നീട്ടിപ്പിടിച്ച നാരങ്ങാവെള്ളം നിറച്ച ഗ്ലാസ്സുമായി അച്ഛമ്മ.

ഉച്ചവെയിലിനു നല്ല ചൂട്. വായുസഞ്ചാരമില്ലാത്ത ആ മുറിയില്‍ എങ്ങനെ അത്രനേരം നിന്നു എന്നറിയില്ല. തുറന്നിട്ട ജനലില്‍ കൂടി അല്പം പോലും വായുസഞ്ചാരമില്ല. മുകളില്‍ തൂക്കിയിട്ടിരിക്കുന്ന ഫാനിലേക്കു നോക്കിയ രവിയെക്കണ്ട് അച്ഛമ്മ പറഞ്ഞു; 

"കറന്റു പോയതാ കുട്ടാ, ഇനി മൂന്നു മണിക്കേ വരൂ..."

ദാഹംകൊണ്ട് നാരങ്ങാ വെള്ളം ഒറ്റവലിക്ക് കുടിച്ചു തീര്‍ത്തു. അന്തരീക്ഷത്തിലെ ചൂടൊക്കെ എവിടെയോ പൊയ്‌മറഞ്ഞു. ശരീരത്തിലും മനസ്സിലും എന്തോ ഒരു ഊര്‍ജ്ജം നിറഞ്ഞതുപോലെ. തന്നെത്തെന്നെ സൂക്ഷിച്ചു നോക്കിനില്‍ക്കുന്ന അച്ഛന്റെ മുഖത്തേക്കു നോക്കിയപ്പോള്‍ അദ്ദേഹം തലകുമ്പിട്ടു നിന്നു.

ഇരുപതു കൊല്ലങ്ങള്‍ക്കു മുന്‍പ് 'ഇറങ്ങെടാ ഈ വീട്ടില്‍ നിന്ന്...ഇതെന്റെ വീടാ...എന്റെ ആജ്ഞകളനുസരിച്ച് ജീവിക്കാന്‍ തയ്യാറുള്ളവര്‍ മാത്രം ഇവിടെ ജീവിച്ചാല്‍ മതി...അല്ലാത്തവര്‍ പടിക്കു പുറത്ത്' എന്ന് ആക്രോശിച്ച് തന്റെ കഴുത്തിനു പിടിച്ച് പുറത്തേക്കു തള്ളിയിട്ട മനുഷ്യനാണോ തന്റെ മുന്‍പില്‍ നില്‍ക്കുന്നത്..?' വിശ്വസിക്കാന്‍ പ്രയാസം തോന്നി രവിക്ക്. അന്നത്തെ ആ രംഗം ഒരിക്കലും മറക്കാന്‍ കഴിയുമായിരുന്നില്ല. അന്ന് പടികടന്നുപോയ താനാണ് ഇവിടെ ആ മനുഷ്യന്റെ മുന്‍പില്‍....!! ഓര്‍ക്കാന്‍ ഇഷ്ടപ്പെടാത്ത സംഭവം.

ഒത്ത ഉയരവും അതനുസരിച്ചുള്ള തടിയും മുന്‍‌കോപക്കാരനും സദാ ശൗര്യം നിറഞ്ഞ കണ്ണുകളൂം അച്ഛന്റെ മുഖമുദ്രയായിരുന്നു. അച്ഛന്റെ ആജ്ഞ ധിക്കരിക്കുവാന്‍ ആര്‍ക്കും അക്കാലത്ത് ധൈര്യമുണ്ടായിരുന്നില്ല. അമ്മ പോലും വളരെ സൂക്ഷിച്ചേ അച്ഛനോട് സംസാരിച്ചിരുന്നുള്ളൂ. ആ അച്ഛനാണോ ശോഷിച്ച് ഒരു അസ്ഥിപജ്ഞരക്കോലത്തില്‍ തന്റെ മുന്‍പില്‍ നില്‍ക്കുന്നത് !! രവി ഒരുനിമിഷം ഓര്‍ത്തു. ഒരുപക്ഷേ സത്യാവസ്ഥ മനസ്സിലാക്കാതെ സ്വന്തം മകനെ അടിച്ചു പുറത്താക്കിയതില്‍ പശ്ചാത്താപമുണ്ടാകാം. അല്ലെങ്കില്‍ ചെയ്ത തെറ്റിന് മൗനമായി ക്ഷമാപണം നടത്തുകയുമാകാം. എന്തുതന്നെയാകട്ടേ, അന്നത്തെ ആ സംഭവമാണ് തന്നെ താനാക്കി മാറ്റിയത്. രവി മനസ്സിലോര്‍ത്തു.

മനുഷ്യന്റെ അവസ്ഥകള്‍ മാറിമറിയുന്നതിനു ഒരു സമയക്ലിപ്തതയില്ല. നൊടിയിടകൊണ്ട് അവസ്ഥന്തരം പ്രാപിക്കുന്ന ജീവിതത്തിന്റെ വഴിത്തിരിവിനു പലതും ഹേതുവാകാറുണ്ട്. അച്ഛന്റെ ഈ അവസ്ഥയും അതില്‍നിന്നു വിഭിന്നമല്ല. സൗഭാഗ്യത്തില്‍ ജനിച്ച്, സ്വര്‍ണ്ണത്തൊട്ടിലില്‍ വളര്‍ന്ന്, സര്‍‌വ്വൈശ്വര്യങ്ങളോടെയും ജീവിച്ചവര്‍ ഒരു സുപ്രഭാതത്തില്‍ ജീവിതം നാശത്തിന്റെ ദിശയിലേക്കു തിരിയുന്ന കാഴ്ചകള്‍ നമുക്കു ചുറ്റും ഒരുപാടു കാണാം. അച്ഛന്റെ വീഴ്ചയിലും ഈ കാരണങ്ങളാണെന്ന് താന്‍ ഉറച്ചു വിശ്വസിക്കുന്നു. രവി ആത്മഗതം ചെയ്തു.

കത്തിജ്വലിച്ചു നിന്നവര്‍ വെറും ചാരമായി മാറുന്നതും, ജീവിതത്തിന്റെ പല തുറകളിലും നാം കാണുന്ന അനുഭവങ്ങളാണ്. അഹങ്കാരം മൂത്ത് സര്‍‌വ്വതിലും ആധിപത്യം നേടാനുള്ള മനുഷ്യന്റെ സ്വാര്‍ത്ഥമായ അതിമോഹങ്ങള്‍ പലപ്പോഴും അവരുടെ ആധിപത്യത്തിന്റെ അടിത്തറ തകര്‍ക്കുന്ന നാശത്തിലേക്കുള്ള ഒരു ദുരന്ത വഴിത്തിരിവായി മാറുന്നതും നാം നമുക്കു ചുറ്റും കാണുന്നു. രവിയുടെ ചിന്തകള്‍ കാടുകയറി.

അകത്തുനിന്ന് ഉമ്മറത്തേക്കിറങ്ങുവാന്‍ തുടങ്ങുമ്പോഴേക്കും കണ്ടു അടുക്കള വാതില്‍ക്കല്‍ അവളെ. താന്‍ പടിപ്പുര കടന്നുവന്നപ്പോള്‍ വടക്കേ തൊടിയില്‍ നിന്ന് അകത്തേക്കു കയറിപ്പോയവള്‍ !

"ആരായിരിക്കും അവള്‍?" പെട്ടെന്ന് ആളെ തിരിച്ചറിയാഞ്ഞതുകൊണ്ട് ഉമ്മറത്തേക്കിറങ്ങി.

"ഓ.....വെല്യ സായിപ്പായപ്പോള്‍ ഈ പാവങ്ങളെയൊന്നും കണ്ടാലറിയുകയില്ല.."

തിരിഞ്ഞുനോക്കിയപ്പോഴേക്കും വാതിലിനു പുറകിലേക്ക് മാറിക്കഴിഞ്ഞു അവള്‍...!!

'ആരായിരിക്കും?' പഴയ മുഖങ്ങളെല്ലാം മനസ്സിലൂടെ മിന്നിമറഞ്ഞെങ്കിലും ഈ രൂപം എങ്ങും തെളിഞ്ഞു വരുന്നില്ല.

"നല്ല ചൂടാ കുട്ടാ...ആ ഡ്രസ്സൊക്കെ ഒന്നു മാറി നന്നായൊന്നു കുളിക്ക്. അപ്പോഴേക്കും ഊണ് കാലാവും.."

അച്ഛമ്മയുടെ വാക്കുകേട്ട് രവി തിരിഞ്ഞു നോക്കി.

(തുടരും)

3 comments:

  1. വളരെ നന്ദി... തുടര്‍ച്ചയായി വായിക്കാന്‍ മറക്കരുത്...

    ReplyDelete
  2. നല്ല തുടക്കം. ആശംസകള്‍

    ReplyDelete