Thursday, July 28, 2016

ബന്ധങ്ങള്‍ ബന്ധനങ്ങള്‍ (നോവലറ്റ്) - അദ്ധ്യായം രണ്ട്

വീടിനു മുന്നില്‍ പരന്നുകിടക്കുന്ന നെല്‍‌പാടത്തിന്റെ വരമ്പത്തുകൂടി ആരോ നടന്നുവരുന്നു. തന്റെ കുട്ടിക്കാലത്ത് കൂട്ടുകാരുമൊത്ത് പന്തു കളിച്ചും കബഡി കളിച്ചും രസിച്ച ആ കാലം. മഴക്കാലമായാല്‍ പാടം മഴവെള്ളം കൊണ്ട് നിറഞ്ഞു കവിയും. വാഴ വെട്ടി ചങ്ങാടമുണ്ടാക്കി കൂട്ടുകാരുമൊത്ത് വെള്ളത്തിലൂടെ തുഴഞ്ഞു നടന്ന ആ ബാല്യകാലം !! പാടത്തിന്റെ ഓരത്തായി ഒരു കുളമുണ്ടായിരുന്നു. അതിന്റെ പേരുപോലും മറന്നു. അതിപ്പോഴും ഉണ്ടോ ആവോ. വേനല്‍ക്കാലമായാല്‍ പാടത്താണ് ഞങ്ങളുടെ കളിക്കളം. സന്ധ്യയാകുമ്പോള്‍ കൂട്ടുകാരുമൊത്ത് ആ കുളത്തിലായിരുന്നു നീന്തിത്തുടിച്ചിരുന്നത്.

കൊയ്ത്തുപാട്ടിന്റെ ഈണം ചെവികളില്‍ മുഴങ്ങുന്നു...! പുഴയുടെ താളം....ഗ്രാമത്തിന്റെ സുഗന്ധം...മണ്ണിന്റെ മണം....പാലപ്പൂവിന്റെ ഗന്ധം....!! എല്ലാം അയാളുടെ ഓര്‍മ്മകളിലെ വെള്ളിത്തിരയില്‍ തെളിഞ്ഞു വന്നു.

"കുറ്റിക്കാട്ടുകൊളം വറ്റിവരണ്ടു കെടക്ക്വാ...ചേറും ചെളീമൊക്കെണ്ട്. ആരാ വൃത്തിയാക്കാന്‍ ? പഞ്ചായത്തീന്ന് ആരാണ്ടൊക്കെ വന്നു നോക്കിപ്പോണത് കണ്ടൂന്ന് ആ വാരസ്യാര് പറേണ കേട്ടു."

അച്ഛമ്മയുടെ വാക്കുകള്‍ വീണ്ടും രവിയെ പരിസരബോധത്തിലേക്ക് തിരിച്ചുകൊണ്ടുവനു. ശരിയാണ്, ആ കുളത്തിന് നാട്ടുകാരിട്ട പേരാണ് 'കുട്ടിക്കാട്ടുകുളം' എന്ന്. ഒരുപക്ഷേ കുളത്തിനു ചുറ്റും കുറ്റിക്കാടുകള്‍ വളര്‍ന്നു നില്‍ക്കുന്നതു കൊണ്ടായിരിക്കാം ആ പേരു വന്നത്. ആ.....ആര്‍ക്കറിയാം.

"ഇപ്പോ വീട്ടിനകത്തല്ലേ കുളീം തേവാരോമൊക്കെ.....ശിവ...ശിവ...കാലം പോയ പോക്കേ...!"

അച്ഛമ്മ തോര്‍ത്തും സോപ്പും വെച്ചു നീട്ടിയിട്ടു പറഞ്ഞു

"കെണറ്റീങ്കരേലൊള്ള കുളിമുറീല് പൈപ്പും വെള്ളോണ്ട്, നന്നായൊന്നു കുളിച്ചു വാ...."

തോര്‍ത്തും സോപ്പും വാങ്ങി രവി വീണ്ടും അകത്തേക്കു കയറി.

"താന്‍ കൊണ്ടുവന്ന ബാഗും സ്യൂട്ട്കെയ്സും കാണാനില്ലല്ലോ !" അയാള്‍ ചുറ്റും നോക്കി.

"അതൊക്കെ തെക്കേ മുറീല് വെച്ചിട്ടുണ്ട്"

വാതിലിന്റെ പുറകില്‍ നിന്ന് വീണ്ടും ആ ശബ്ദം. തെക്കെ മുറിയില്‍ കയറി. ഒരു കൈലിയും തോര്‍ത്തും മടക്കി കട്ടിലില്‍ വെച്ചിരിക്കുന്നു. പാന്റും ഷര്‍ട്ടും മാറ്റി കൈലിയെടുത്തുടുത്തു.

"ഹൊ എന്തൊരു ചൂട്" അയാള്‍ സ്വഗതം പറഞ്ഞു. ബാഗില്‍ നിന്ന് ഷേവിംഗ് സെറ്റ് എടുത്ത് തിരിഞ്ഞപ്പോള്‍ വാതില്‍ക്കല്‍ അച്ഛമ്മ.

"ആരാ അച്ഛമ്മേ നേരത്തെ കണ്ട ആ പെണ്ണ്?" രവി ചോദിച്ചു

"നീ മറന്നു അല്ലേ? എനിക്കറിയാം നിനക്കവളെ മനസ്സിലായില്യാന്ന്. എങ്ങനെ മനസ്സിലാവാനാ?കൊല്ലം പത്തിരുപതായില്യേ?"

അച്ഛമ്മ പറയുന്നതുകേട്ട് രവിക്ക് കുറ്റബോധവും ജാള്യതയും തോന്നി.

"ഗായത്രീ, ഇവിടെ വര്ആ...നിന്നെ ഇവന് മനസ്സിലായില്യാത്രേ.."

അപ്പോഴും തന്റെ മുന്‍പില്‍ വരാന്‍ പോകുന്നതാരാണെന്ന് യാതൊരു ഊഹവുമില്ലാതെ നില്‍ക്കുകയാണ് രവി. വാതിലിനു പുറകില്‍ അനക്കം കേട്ടപ്പോള്‍ അച്ഛമ്മ വീണ്ടും വിളിച്ചു.

'ഇവ്ടെ വാ കുട്ട്യേ. എന്തിനാ നാണിക്കണേ? നിന്നെ ആരും പിടിച്ചു തിന്നില്യ കുട്ട്യേ.."

അച്ഛമ്മയുടെ സംസാരം കേട്ട് അവള്‍ അകത്തേക്കു വന്നു.

"സൂക്ഷിച്ചു നോക്ക്‌ആ, ആരാന്നു നിനക്കു പിടികിട്ടോന്ന് നോക്കണോലോ"

അടുക്കളയിലെ പുകപടലത്തില്‍ നിന്നതുകൊണ്ടാകാം പാറിപ്പറന്ന മുടിയും കരുവാളിച്ച മുഖവുമായി അവള്‍ മുന്നില്‍ വന്നുനിന്നെങ്കിലും പെട്ടെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല.

"ഗായത്രി, വളരെ പരിചയമുള്ള പേര് !! സാധാരണ നാടന്‍ പെണ്‍‌കുട്ടികളെപ്പോലെ തലകുനിച്ചുനിന്ന് പെരുവിരല്‍ കൊണ്ട് കളം വരയ്ക്കുന്ന പ്രകൃതത്തില്‍ നിന്ന് വ്യത്യസ്ഥമായി ധൈര്യപൂര്‍‌വ്വം തന്റെ മുന്‍പില്‍, തന്റെ മുഖത്തേക്കുതന്നെ നോക്കി പരിഭവമൂറുന്ന ചെറുപുഞ്ചിരിയോടെ നില്‍ക്കുന്ന ഇവളാര്‌?" രവി വിഷണ്ണനായി.

"നീ ഓര്‍ക്കണില്യേ ഗായത്രിയെ?" അച്ഛമ്മ വീണ്ടും ചോദിക്കുകയാണ്.

"മുത്തശ്ശി ഒന്നു മിണ്ടാതിരി, എന്നെ അറിയുമോന്നു നോക്കാലോ.." ഗായത്രി പറഞ്ഞു.

രവി വല്ലാത്തൊരവസ്ഥയിലായി.

"ശങ്കരമാമന്റെ മോള് ഗായത്രിയെ നീ ഓര്‍ക്കണില്യ അല്ലേ?" അച്ഛമ്മയുടെ വാക്കുകള്‍ രവിയുടെ മസ്തിഷ്ക്കത്തിലൂടെ ഒരു കൊള്ളിയാന്‍ പോലെ മിന്നി.

"ഗായത്രി......ശങ്കര മാമന്‍...!"

മനസ്സിലൂടെ ഒരായിരം ചിന്തകള്‍ ഒരുനിമിഷം കൊണ്ട് മിന്നിമറഞ്ഞു.

"ഈശ്വരാ..."

"രവിയേട്ടന്‍ ഞങ്ങളെ മറന്നാലും ഞങ്ങള്‍ക്ക് രവിയേട്ടനെ മറക്കാന്‍ കഴിയുമോ?" അമ്പരപ്പോടെ നില്‍ക്കുന്ന രവിയെ നോക്കി അവള്‍ പറഞ്ഞു.

"ഗായത്രീ...നീ?

"രവിയേട്ടന്‍ പോയി കുളിച്ചിട്ടു വാ. അപ്പോഴേക്കും ഊണ് റെഡിയാക്കട്ടെ.." അവള്‍ അടുക്കളയിലേക്കു നീങ്ങി.

"പാവ്വാ ആ കുട്ടി. ഏതു നേരോം ഇവിടാ. ഞങ്ങക്കും വേണ്ടേ ആരെങ്കിലുമൊരു തൊണ..." അച്ഛമ്മ നെടുവീര്‍പ്പിട്ട് അടുക്കളയിലേക്കു പോയി.

വടക്കുവശത്തുള്ള കിണറിനടുത്തേക്ക് നടക്കുമ്പോള്‍ ചിന്തകള്‍ കാടു കയറി. കിണറിനോടു ചേര്‍ന്നുള്ള കുളിമുറിയില്‍ കയറി കതകടച്ചു. ഷവര്‍ തുറന്നു. നല്ല തണുത്ത വെള്ളം ശരീരത്തിലൂടെ ഒലിച്ചിറങ്ങി. ദേഹമാസകലം ഒന്നു തണുത്തു. പക്ഷേ തന്റെ മനസ്സ് അപ്പോഴും നെരിപ്പോടുപോലെ പുകയുകയായിരുന്നു എന്ന് രവി അറിഞ്ഞു. ശരീരമാസകലം സോപ്പു കുമിളകള്‍ പതഞ്ഞുപൊങ്ങുന്നതും നിമിഷനേരം കൊണ്ട് അവ പൊട്ടിപ്പോകുന്നതും അയാള്‍ കണ്ടു. ഒരുകണക്കിന് തന്റേയും ജീവിതം ഇതുപോലെയല്ലേ. നിമിഷനേരം കൊണ്ടല്ലെങ്കിലും കൈവിട്ടുപോയ ജീവിതം ഈ സോപ്പുകുമിളകളെപ്പോലെ തന്നെയായിരുന്നില്ലേ? അയാള്‍ സ്വയം സമാധാനിക്കാന്‍ ശ്രമിച്ചു.

വിസ്തരിച്ചുള്ള കുളി കഴിഞ്ഞപ്പോള്‍ ആകെ ഒരു ഉന്മേഷം തോന്നി. അടുക്കളവശത്തുകൂടിത്തന്നെ രവി അകത്തേക്കു കയറി. അപ്പോഴും ഗായത്രിയും അച്ഛമ്മയും അടുക്കളയില്‍ ധൃതിയില്‍ എന്തൊക്കെയോ വറുക്കുകയും പൊരിക്കുകയുമൊക്കെ ചെയ്യുന്നുണ്ടായിരുന്നു. പപ്പടവും കൊണ്ടാട്ടവുമൊക്കെ വറുക്കുന്നതിന്റെ മണം അടുക്കളയാകെ നിറഞ്ഞു നില്‍ക്കുന്നു. തല തുവര്‍ത്തിക്കൊണ്ടുതന്നെ അയാള്‍ തെക്കേ മുറിയിലേക്കു പോയി. മുറിയുടെ വാതില്‍ക്കല്‍ അച്ഛന്‍ നില്‍ക്കുന്നു !

"എന്താ അച്ഛാ" രവി ചോദിച്ചു.

"ഒന്നൂല്യാ...നിന്നെ നേരാംവണ്ണം ഒന്നു കണ്ടില്യാ....അതാ ഇവിടെ നിന്നേ..."

"അച്ഛന്‍ അകത്തേക്കു വരൂ" അയാള്‍ വിളിച്ചു.

"വേണ്ടാ, നീ ഉടുപ്പൊക്കെ മാറി വാ." അച്ഛന്‍ തിരിഞ്ഞു നടന്നു.

രവി വേഷം മാറി.

"ഡല്‍ഹിയിലേക്കാള്‍ ചൂടാണല്ലോ നാട്ടില്‍." അയാള്‍ സ്വയം പറഞ്ഞു.

ഒരു കൈലിമുണ്ടും ടീഷര്‍ട്ടും ധരിച്ച് അയാള്‍ മുറിക്കു പുറത്തിറങ്ങി. അടുക്കളയില്‍ നിന്ന് അപ്പോഴും അച്ഛമ്മയുടേയും ഗായത്രിയുടേയും സംസാരം കേള്‍ക്കാം. രണ്ടുപേരും നല്ല തിരക്കിലാണെന്നു തോന്നുന്നു. ഇരുപതു വര്‍ഷങ്ങള്‍ക്കുശേഷം വീട്ടിലെത്തിയ തന്നെ സല്‍ക്കരിക്കാനുള്ള ബദ്ധപ്പാടിലാണ് രണ്ടുപേരും.

"ന്നാലും ഈശ്വരന്‍ കനിവുള്ളോനാ....എത്ര നേര്‍ച്ചേം വഴിപാടുകളുമാ കഴിച്ചേന്ന് നിയ്ക്ക് തന്നെ നിശ്ചയോല്യ. കൃഷ്ണാ.....ഗുരുവായൂരപ്പാ...നീ തന്നെ തുണ"

അച്ഛമ്മ ആരോടോ സംസാരിക്കുകയാണ്. അടുക്കളയില്‍ മറ്റാരോ വന്നിട്ടുണ്ടെന്നു തോന്നുന്നു.

ഉച്ചച്ചൂടിന്റെ കാഠിന്യം കൊണ്ട് തൊടിയിലും വീടിനു ചുറ്റും നില്‍ക്കുന്ന അടയ്കാമരത്തൈകളുടേയും വാഴകളുടേയും തെങ്ങിന്‍ തൈകളുടേയും കൂമ്പുകള്‍ വാടിനില്‍ക്കുന്നത് കാണാമായിരുന്നു. ഇടക്കിടെ വീശിയെത്തുന്ന ചെറുകാറ്റാണ് ആകെ ആശ്വാസം.

ഉമ്മറത്തുനിന്ന് രവി മുറ്റത്തേക്കിറങ്ങി. എന്തെല്ലാം മാറ്റങ്ങളാണ് തന്റെ അസാന്നിദ്ധ്യത്തില്‍ ഇവിടെ നടന്നിരിക്കുന്നത് ! മുറ്റത്തിനു ഇടതുവശത്തായി പണ്ട് ഒരു കാലിത്തൊഴുത്തുണ്ടായിരുന്നത് ഓര്‍ത്തു. അതിനു തൊട്ടടുത്തായി ഒരു വലിയ മുരിങ്ങമരമുണ്ടായിരുന്നു. വേനല്‍ക്കാലത്ത് ആ മുരിങ്ങ പൂക്കും. നിറയെ മുരിങ്ങാപ്പൂ പൂത്തുനില്‍ക്കുന്നതു കാണാന്‍ നല്ല ഭംഗിയാണ്. മുരിങ്ങാപ്പൂ തോരന്‍ തനിക്കു വലിയ ഇഷ്ടമായിരുന്നു. അമ്മ ഉണ്ടാക്കുന്ന മുരിങ്ങാപ്പൂ തോരന് ഒരു പ്രത്യേക രുചിയാണ്. അതുണ്ടാക്കുന്ന ദിവസം അടുക്കളയില്‍ അമ്മയെ ചുറ്റിപ്പറ്റി താന്‍ നില്‍ക്കുമായിരുന്നു.

രവി പതുക്കെ നടന്ന് ആ മുരിങ്ങ നിന്നിടത്തു ചെന്നു നിന്നു. അവിടെ തൊഴുത്തോ മുരിങ്ങമരമോ ഇന്നില്ല. പകരം എന്തൊക്കെയോ പാഴ്ചെടികള്‍ വളര്‍ന്നു നില്‍ക്കുന്നു. അമ്മയുടെ ഓര്‍മ്മകള്‍ അയാളെ തെക്കു വശത്തേക്കു നയിച്ചു. ഒരുനിമിഷം ആ കണ്ണുകള്‍ അമ്മയുടെ അസ്ഥിത്തറയില്‍ പതിഞ്ഞു.

"വന്നൂന്ന് കേട്ടു...സുഖാണോ?"

ചോദ്യം കേട്ട് രവി തിരിഞ്ഞു നോക്കി. പ്രായമേറെ ചെന്ന ഒരാള്‍ മുന്നില്‍ നില്‍ക്കുന്നു ! വെയിലത്തു നടന്നു വന്നിട്ടാണെന്നു തോന്നുന്നു മുഖമൊക്കെ കരുവാളിച്ചു കിടക്കുന്നു. മടക്കിപ്പിടിച്ച കുടയുമുണ്ട് കൈയില്‍.

"മനസ്സിലായില്യ ഉവ്വോ?" ആഗതന്‍ ചോദിച്ചു.

തെല്ല് ജാള്യതയോടെ രവി അടുത്തേക്കു ചെന്നു.

"കൊല്ലം പത്തിരുപതായില്യേ. എങ്ങനെ ഓര്‍മ്മ വരാനാ...? തന്നേംല്ല എനിക്കും പ്രായം കൊറെ ആയില്യേ?"

രവി ഒന്നു പതറി.

"അതല്ല, ഞാന്‍.......എനിക്ക്...."

"സാരംല്യ.....ശ്രീധരന്‍ എപ്പോഴും പറയാറുണ്ട് നിങ്ങടെ ചങ്ങാത്തത്തെക്കുറിച്ച്..."

"അയ്യോ, കണാരന്‍ ചേട്ടന്‍..!!"

ശ്രീധരന്റെ അച്ഛന്‍ കണാരന്‍ ചേട്ടന്‍ ! അവിശ്വാസത്തോടെ രവി അയാളെ നോക്കി. കരുണാകരന്‍ ചേട്ടനെ 'കണാരന്‍' എന്നാണ് നാട്ടുകാര്‍ വിളിക്കുന്നത്.

"ചേട്ടാ എനിക്ക് പെട്ടെന്ന് മനസ്സിലായില്ല, അതുകൊണ്ടാ....."

"സാരംല്യ...ആളെ മനസ്സിലായില്യാന്ന് എനിക്ക് ബോദ്ധ്യായി. കവലേല്‍ വെച്ചാ അറിഞ്ഞത് വന്നൂന്ന്. ഒരു കാറ് ഇങ്ങോട്ട് പോരണ കണ്ടൂന്ന് എല്ലാരും പറേണ കേട്ടു. ആ വറീത് മാപ്ല്യാ പറഞ്ഞെ കാറ് ഇങ്ങോട്ടാ പോന്നേന്ന്. അപ്പൊ എനിക്ക് കാര്യം പിടികിട്ടി. ഏതായാലും വന്നൂലോ. അത് നന്നായി"

കണാരന്‍ ചേട്ടന്‍ പറഞ്ഞു നിര്‍ത്തി.

"ശ്രീധരനിപ്പോള്‍ എവിടെയാ കണാരന്‍ ചേട്ടാ ?" രവി ചോദിച്ചു.

"അവന്റെ കാര്യം പറഞ്ഞാ കഷ്ടാണ്. കൊറെ നാള് ഷാര്‍ജേലോ മറ്റോ ആയിരുന്നു. കല്യാണോം കഴിഞ്ഞ് രണ്ട് മക്കളായപ്പോ എല്ലാം അവസാനിപ്പിച്ച് പോരണോന്ന് തോന്നി, പോരുകേം ചെയ്തു. ഇപ്പൊ ഏതാണ്ടൊക്കെ ചെയ്യണ്‌ണ്ട്. കൃഷിപ്പണീംണ്ട്." കണാരന്‍ ചേട്ടന്‍ നിര്‍ത്തി.

"കുമാരനോ?" ശ്രീധരന്റെ അനുജനാണ് കുമാരന്‍.

"അവന്‍ കത്തറിലാ. മൂന്നും നാലും കൊല്ലം കൂടുമ്പോ വരും. രണ്ടു മാസം കഴിയുമ്പോ തിരിച്ചു പോകും. അവനും പ്രാരാബ്ധക്കാരനായേ..."

"അപ്പോള്‍ കണാരന്‍ ചേട്ടന്‍ ?" രവിയുടെ ചോദ്യം കേട്ട് അദ്ദേഹം ഒരു നെടുവീര്‍പ്പിട്ടു.

"എന്റെ കാര്യം അങ്ങനങ്ങു തട്ടീം മുട്ടീം പോണു. അല്ലാതെന്താ പറയാനാ. സ്വത്തും മൊതലും പൊത്തിപ്പിടിച്ച് എത്ര നാളാന്നെച്ചാ നടക്കാ.നാരായണീടെ കാലം കഴിഞ്ഞപ്പൊ എന്റെ ചെറകൊടിഞ്ഞില്ലേ. പിന്നെ കൊത്തിപ്പറിക്കാന്‍ ദൈവം മൂന്നെണ്ണത്തിനെ തരികേം ചെയ്തു. അവര്‌ടെ കൊത്തിപ്പറി സഹിക്കാതായപ്പോ ഞാനെല്ലാം വിട്ടുകൊടുത്തു. ഇപ്പോ അവിടേം ഇവിടേം ഒക്കെയായി കഴിഞ്ഞുപോകുന്നു. ഇനിയിപ്പൊ എത്ര നാളുണ്ടെന്ന് ആര്‍ക്കറിയാം. നാരായണീടെ അടുത്തെത്തിക്കാന്‍ സകല ദൈവങ്ങളോടും ഞാന്‍ പറഞ്ഞുനോക്കി. സമയായില്യാത്രേ..."

കണാരന്‍ ചേട്ടന്‍ ഒന്നു നെടുവീര്‍പ്പിട്ടു.

"ശ്രീദേവി?" രവി ചോദിച്ചു.

മൂന്നു മക്കളാണ് കണാരന്‍ ചേട്ടന്. മൂത്ത മകനാണ് ശ്രീധരന്‍. രണ്ടാമത്തെ മകള്‍ ശ്രീദേവി. ഇളയവനാണ് കുമാരന്‍.

"ശ്രീദേവിയെ കെട്ടിച്ചിരിക്കണത് തൃപ്രയാര്‍ക്കാ. അവള്‍ക്ക് രണ്ടു മക്കളുണ്ട്. അവന് ബിസിനസ്സാ. തരക്കേടില്യ. കൊറച്ചു നാള് മോള്‍ടെ അടുത്തു പോയി നില്‍ക്കും. കൊറെ ദിവസം തറവാട്ടിലും നില്‍ക്കും." കണാരന്‍ ചേട്ടന്‍ നിര്‍ത്തി.

"ഊണ് കാലായി ട്ടോ, വന്നോളൂ..." അച്ഛമ്മയാണ് വിളിക്കുന്നത്.

"വരൂ ചേട്ടാ, ഊണു കഴിക്കാം.." രവി വിളിച്ചു.

"വേണ്ടാ, ഞാനിപ്പോ കഞ്ഞി കുടിച്ചിട്ടാ വരണേ..." കണാരന്‍ ചേട്ടന്‍ പറഞ്ഞു.

"എന്നാലും അല്പം കഴിക്കാം, വരൂ..."

രവിയുടെ പുറകെ കണാരന്‍ ചേട്ടനും അകത്തേക്കു കയറി.

"എന്തൊരു ഉഷ്ണാ ഭഗവാനേ ഇത്."

തോളില്‍ കിടന്ന തോര്‍ത്തുകൊണ്ട് മുഖം തുടച്ച് കണാരന്‍ ചേട്ടന്‍ പറഞ്ഞു.

ഊണു മേശയില്‍ ചോറും കറികളും നിരത്തി വെച്ചിരിക്കുന്നു. ഒരറ്റത്തെ കസേരയില്‍ അച്ഛനുമിരിപ്പുണ്ട്.

"ന്താ മേന്ന്‌നേ, ഇപ്പൊ സുഖം തോന്നണുണ്ടോ.." കണാരന്‍ ചേട്ടന്‍ ചോദിച്ചു.

"ന്റെ സുഖോം ദുഖോം കണാരനറിയാലോ?" അച്ഛന്റെ ക്ഷീണിച്ച ശബ്ദം.

"വാ കൈ കഴുകൂ ചേട്ടാ" രവി വിളിച്ചു.

"വേണ്ട മോനെ, ഞാനിപ്പൊ കഴിച്ചതേ ഉള്ളൂ. ഞാനിവിടെ ഇരുന്നോളാം." കണാരന്‍ ചേട്ടന്‍ കസേരയിലിരുന്നു.

"ന്നാ ഇച്ചിരെ സംഭാരം എടുക്കട്ടെ?" അച്ഛമ്മ ചോദിച്ചു.

"ആവാലോ, ഈ ചൂടിന് അല്പം ആശ്വാസോം കിട്ടും."

"ഗായത്രി കൊണ്ടുവന്ന സംഭാരം അദ്ദേഹം കുടിച്ചു. അച്ഛന്റെ മുന്‍പില്‍ ഒരു സ്റ്റീല്‍ പാത്രത്തില്‍ അല്പം കഞ്ഞിയും തൊട്ടടുത്ത് അച്ചാറും പപ്പടം ചുട്ടതും ഇരിക്കുന്നതു കണ്ടു.

"അവനിപ്പൊ ഇങ്ങനൊക്യാ കഴിക്കൂ. പ്ലഷറും ഷുഗറൊക്കെ കൂടുതലാന്നാ വൈദ്യര് പറേണെ..." അച്ഛമ്മ പറഞ്ഞു.

പച്ചമോരും ഉപ്പിലിട്ടതും കൂട്ടുകറിയും പിന്നെ തനിക്കിഷ്ടപ്പെട്ട കാളനുമൊക്കെയുണ്ട്. എല്ലാം ഒന്നോടിച്ചു നോക്കി. എത്ര നാളായി ഇങ്ങനെയുള്ള ഭക്ഷണം കഴിച്ചിട്ട്. കൊണ്ടാട്ടം വറുത്തതൊരെണ്ണമെടുത്തു കടിച്ച് രവി ഓര്‍ത്തു. കഴിഞ്ഞ രണ്ടുമൂന്നു കൊല്ലങ്ങളായി സ്വയം പാചകം ചെയ്യുകയായിരുന്നു. എന്തൊക്കെയോ വെട്ടിപ്പുഴുങ്ങും. പുസാ റോഡിലെ സബ്‌ജി മാര്‍ക്കറ്റില്‍ നിന്ന് എന്തെങ്കിലുമൊക്കെ പച്ചക്കറികള്‍ വാങ്ങും. വീട്ടില്‍ ചെന്നു കയറിയാല്‍ തലയ്ക്കാകെ പെരുപ്പു കയറും. യാതൊരു അടുക്കും ചിട്ടയുമില്ലാതെ എല്ലാം അവിടവിടെ വലിച്ചു വാരിയിട്ടിരിക്കുകയാണ്. എല്ലാം അടുക്കിപ്പെറുക്കി വെക്കാന്‍ പലതവണ ആലോചിച്ചതാണ്. ഒന്നിനും മനസ്സനുവദിക്കുകയില്ല. ഭക്ഷണം വല്ലതും ഉണ്ടാക്കിയെങ്കിലായി. ചിലപ്പോള്‍ വൈകീട്ട് ഓഫീസില്‍ നിന്ന് വരുന്ന വഴി കരോള്‍ ബാഗിലെ അജ്മല്‍ഖാന്‍ റോഡിലുള്ള പട്ടര് സ്വാമിയുടെ മെസ്സില്‍ നിന്ന് ആഹാരം കഴിക്കും. അവിടത്തെ പച്ചരി ചോറും സാമ്പാര്‍ സാദവും തൈര് സാദവുമൊന്നും തനിക്ക് പിടിക്കുകയില്ല. വല്ല മസാല ദോശയോ നെയ്‌റോസ്റ്റോ ഉത്തപ്പമോ വാങ്ങി കഴിക്കും.

(തുടരും....)

അദ്ധ്യായം ഒന്ന്  

No comments:

Post a Comment