2012-ലെ ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ തന്നെ ഒരു പ്രത്യേക മതവിഭാഗത്തിന്റെ കണ്‍വന്‍ഷനായിരുന്നു എന്ന് പലരും അടക്കം പറഞ്ഞിരുന്നു. കാരണം, പതിവിനു വിപരീതമായി ഒരുകൂട്ടം കൃസ്ത്യന്‍ പുരോഹിതരുടെ സാന്നിദ്ധ്യവും ഒരു കൃസ്ത്യന്‍ ചാനലിന്റെ ലോഞ്ചിങ്ങും അന്ന് അവിടെ അരങ്ങേറിയിരുന്നു. അങ്ങനെ ഒരു ചടങ്ങ് അവിടെ സംഘടിപ്പിച്ചത് എന്തിനാണെന്ന് അന്ന് പലരും സംശയം പ്രകടിപ്പിച്ചിരുന്നു. എന്നാല്‍, ആ ചാനല്‍ ഫൊക്കാനയുടെ സ്‌പോണ്‍സര്‍ ആയിരുന്നു എന്നായിരുന്നു അന്ന് ബന്ധപ്പെട്ടവരില്‍ നിന്ന് കിട്ടിയ അറിവ്. എന്നാല്‍, മതസംഘടനകള്‍ ഫൊക്കാന കൈയടക്കുന്നതിന്റെ മുന്നോടിയായിരുന്നു ആ പരിപാടി എന്നായിരുന്നു അന്നവിടെ കൂടിയിരുന്ന ദൃക്സാക്ഷികള്‍ പറഞ്ഞത്.
ഫൊക്കാന എന്ന സാമൂഹ്യ-സാംസ്ക്കാരിക സംഘടനയില്‍ എങ്ങനെ ഒരു മത സംഘടന അംഗത്വമെടുത്തു എന്നത് ഒരു ചോദ്യം തന്നെയാണ്. നായര്‍ മഹാമണ്ഡലം ആന്റ് അസ്സോസിയേറ്റ്സ് (NAMAM) ഒരു മതസംഘടനയാണെന്നും അതിന്റെ സ്ഥാപകനായ മാധവന്‍ നായര്‍ ഒരിക്കലും ഫൊക്കാനയുടെ പ്രസിഡന്റ് ആകുന്നത് ന്യായീകരിക്കാനാവില്ലെന്നും എതിര്‍ സ്ഥാനാര്‍ത്ഥിയായ തമ്പി ചാക്കോയും അദ്ദേഹത്തിന്റെ പാനലും വാദിക്കുമ്പോള്‍ നാമം ഒരു സാമൂഹ്യ-സാംസ്ക്കാരിക സംഘടനയാണെന്ന് മറുഭാഗവും വാദിക്കുന്നു. ഈ വാഗ്വാദമാണ് കണ്‍വന്‍ഷന്‍ വേളയില്‍ നടന്ന ജനറല്‍ കൗണ്‍സിലില്‍ ഉയര്‍ന്നതും അവസാനം ബഹളത്തില്‍ കലാശിച്ചതെന്നും പങ്കെടുത്തവര്‍ പറയുന്നു.
ജൂണ്‍ 1 മുതല്‍ 3 വരെ കാനഡയില്‍ അരങ്ങേറിയ ഫൊക്കാന കണ്‍വന്‍ഷനില്‍ നടന്ന സംഭവവികാസങ്ങള്‍ ദൗര്‍ഭാഗ്യകരമായിപ്പോയി. ഫൊക്കാനയെ കെട്ടുറപ്പും, സുതാര്യവുമായ ഒരു മഹാസംഘടനയാക്കി മാറ്റും എന്ന് ജനങ്ങള്‍ക്ക് വാഗ്ദാനം നല്‍കിയവര്‍ തന്നെ അധികാരക്കസേരയ്ക്കുവേണ്ടി തമ്മില്‍ത്തല്ലി പിരിഞ്ഞപ്പോള്‍ വാഗ്ദാനം നല്‍കിയവരുടെ വിശ്വാസ്യതയാണ് തകര്‍ന്നത്. ഇക്കഴിഞ്ഞ ജൂണ്‍ 18-ന് ഫൊക്കാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥി മാധവന്‍ നായര്‍ പാനലിന്റെ പ്രസ് കോണ്‍ഫറന്‍സില്‍ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളില്‍ ഒന്ന് " ഫൊക്കാന ഒരു കണ്‍വന്‍ഷന്‍ സംഘടന"യാണെന്നാണല്ലോ അറിയപ്പെടുന്നത് എന്നായിരുന്നു. എന്നാല്‍ അന്ന് അതിന് മറുപടി തന്നവരുടെ സത്യസന്ധതയേയും ആത്മാര്‍ത്ഥതയേയും ഖണ്ഡിക്കുന്നതായിരുന്നു കണ്‍വന്‍ഷന്‍ നഗരിയിലെ തിരഞ്ഞെടുപ്പ് പ്രക്രിയയില്‍ സംഭവിച്ചത്.
ഫൊക്കാന തകര്‍ച്ചയിലേക്കോ അതോ പിളര്‍പ്പിലേക്കോ എന്നാണ് ഇപ്പോഴത്തെ ചോദ്യം. ഒരു പിളര്‍പ്പിനുകൂടി ഇനി ബാല്യമില്ല എന്നുതന്നെ പറയാം. അപ്പോള്‍ തകരുമോ? ലേഖകന്റെ ചോദ്യങ്ങള്‍ക്ക് ചിലര്‍ തന്ന മറുപടികളാണ് ഇവിടെ കൊടുക്കുന്നത്.
ഫൊക്കാനയുടെ ചിരകാല പ്രവര്‍ത്തകനും, ഹൂസ്റ്റണ്‍ റീജന്‍ മുന്‍ വൈസ് പ്രസിഡന്റും, 2012 ഹൂസ്റ്റണ്‍ കണ്‍വന്‍ഷന്‍ ചെയര്‍മാനുമായിരുന്ന ഏബ്രഹാം ഈപ്പന്റെ അഭിപ്രായത്തില്‍ "മരത്തിന്റെ വളവും ആശാരിയുടെ കുറ്റവും കൊണ്ടാണ് തൂണ് വളഞ്ഞുപോയത്" എന്നാണ്....!! നാമം എന്ന സംഘടന ഒരു മതസംഘടനയാണെങ്കില്‍ ഒരിക്കലും ഫൊക്കാനയില്‍ അംഗത്വം കൊടുക്കരുതായിരുന്നു. അല്ലെങ്കില്‍ അവര്‍ ഫൊക്കാനയില്‍ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിച്ചതിനുശേഷം കൂടിയ ജനറല്‍ കൗണ്‍സിലില്‍ ആ പ്രശ്നം കൊണ്ടുവരികയും കൈയ്യോടെ അത് തിരസ്ക്കരിക്കുകയും ചെയ്യാമായിരുന്നു. അതിനുപകരം ഇലക്ഷന്‍ ദിവസത്തില്‍ ആ പ്രശ്നം കൊണ്ടുവന്നത് ഉചിതമല്ല. കൂടാതെ തിരഞ്ഞെടുപ്പ് പ്രക്രിയകള്‍ ആരംഭിച്ചപ്പോള്‍, സ്ഥാനാര്‍ത്ഥികളുടെ പേരും വിലാസവും സംഘടനയുടെ പേരും മറ്റും സൂക്ഷ്മമായി പരിശോധിക്കേണ്ട ചുമതല ഇലക്ഷന്‍ കമ്മീഷണര്‍ക്കായിരുന്നു. അദ്ദേഹം എന്തുകൊണ്ട് അത് ചെയ്തില്ല?
തമ്പി ചാക്കോയും മാധവന്‍ നായരെ പിന്തുണയ്ക്കുന്ന ടി.എസ്. ചാക്കോയും ഫൊക്കാനയുടെ ചിരകാലപ്രവര്‍ത്തകരെന്നതിലുപരി സ്ഥാപക നേതാക്കളുമാണ്. അവരുടെ സേവനങ്ങളെ മാനിച്ച് രണ്ടുപേര്‍ക്കും അഡ്വൈസറി ബോര്‍ഡില്‍ സ്ഥാനവും കൊടുത്തു. തമ്പി ചാക്കോ അതിന്റെ ആജീവനാന്ത *ചെയര്‍മാനുമാണ്. പിന്നെ എങ്ങനെ ഈ രണ്ടുപേരും രണ്ടു ചേരികളില്‍ നിന്ന് പ്രസിഡന്റ് പദവിക്കുവേണ്ടി മത്സരബുദ്ധിയോടെ പെരുമാറുന്നു? അത് ഒരിക്കലും സമ്മതിക്കാന്‍ പാടില്ല. അത് സംഘടനയോടും, സംഘടനയെ വളര്‍ത്തി വലുതാക്കിയ പ്രവര്‍ത്തകരോടും ചെയ്യുന്ന നീതികേടാണ് .
എബ്രഹാം ഈപ്പന്റെ അഭിപ്രായത്തില്‍ സമവായത്തിന് ഇനിയും സമയമുണ്ട്. ഫൊക്കാനയുടെ മോസ്റ്റ് സീനിയര്‍ നേതാക്കളുമായി ഒരു ചര്‍ച്ച നടത്തി സമവായം കണ്ടുപിടിക്കാനാകുമെന്നാണ് അദ്ദേഹത്തിന്റെ അഭിപ്രായം. ഫൊക്കാന പ്രവര്‍ത്തകര്‍ക്ക് വേണ്ട മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കൊടുക്കേണ്ട വ്യക്തികള്‍ തന്നെ രണ്ടു ചേരിയില്‍ നിന്ന് പോരടിക്കുമ്പോള്‍, അവരെ ഇനി അഡ്വൈസറി ബോര്‍ഡില്‍ നിലനിര്‍ത്തുന്നത് കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുമെന്നാണ് എബ്രഹാം ഈപ്പന്റെ അഭിപ്രായം. വ്യക്തികളല്ല സംഘടനയാണ് പ്രധാനം. അദ്ദേഹം പറഞ്ഞു. ഫൊക്കാനയില്‍ ഇപ്പോള്‍ ഉരുത്തിരിഞ്ഞ പ്രശ്നം ചില തല്പരകക്ഷികളുടെ സ്വാര്‍ത്ഥമനോഭാവമാണെന്ന് എബ്രഹാം ഈപ്പന്‍ പറഞ്ഞു.
(*തമ്പി ചാക്കോ അഡ്വൈസറി ബോര്‍ഡ് ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് 2016 ജനുവരിയില്‍ തന്നെ രാജിവെച്ചിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്)
പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത മറ്റൊരു വ്യക്തിയുടെ അഭിപ്രായത്തില്‍ ഫൊക്കാന നാഥനില്ലാ കളരിയായതിന്റെ പ്രത്യക്ഷ തെളിവാണ് ഉപദേശക സമിതി അംഗങ്ങള്‍ തന്നെ അധികാരത്തിനുവേണ്ടി രണ്ടു ചേരിയായി തിരിഞ്ഞ് പോരാടിയത് എന്നാണ്. രണ്ടുപേരേയും "ആജീവനാന്ത ഉപദേശക സമിതി"യില്‍ ചേര്‍ത്തതു തന്നെ തഴക്കവും പഴക്കവുമുള്ള നേതാക്കളാണെന്നതിലുപരി, ഫൊക്കാനയുടെ സ്ഥാപക നേതാക്കള്‍ എന്ന പരിഗണന കൂടി കണക്കിലെടുത്താണെന്നാണ് ഫൊക്കാന പ്രവര്‍ത്തകര്‍ ഒന്നടങ്കം പറയുന്നത്. ഇപ്പോള്‍ 'വേലി തന്നെ വിളവ് തിന്ന' അവസ്ഥയിലായി കാര്യങ്ങള്‍.
കൂടാതെ, കടുത്ത വ്യക്തിവൈരാഗ്യവും വര്‍ഗീയവാദവും മേമ്പൊടിയായി പണസ്വാധീനവും മലയാളികളുടെ പ്രിയ ഫൊക്കാനയെ ഗ്രസിച്ചിരിക്കുന്നു. തുടര്‍ച്ചയായി ഭരണത്തില്‍ തുടര്‍ന്ന ഒരു വിഭാഗം ക്രിസ്ത്യന്‍ വര്‍ഗീയവാദികളോടുകൂടി നായര്‍ സമുദായത്തിന്റെ പേരില്‍ ഒരു സംഘടന കൂടി പണമിറക്കി കളിച്ച് ഫൊക്കാന പിടിച്ചെടുക്കാന്‍ ശ്രമിച്ചതിനെ പരമ്പരാഗതമായി ഫൊക്കാനയെ പിന്തുണക്കുന്നവര്‍ എതിര്‍ത്തതാണ് ഇലക്ഷന്‍ നടക്കാതെ പോകാനുള്ള കാരണമെന്നും ഈ അഭ്യുദയകാംക്ഷി വിശ്വസിക്കുന്നു.
രൂക്ഷമായ ഈ പ്രതിസന്ധി മറികടക്കാന്‍ ഇരുകൂട്ടരും വിട്ടുവീഴ്ച ചെയ്ത് ഉടന്‍ തന്നെ രമ്യതപ്പെട്ടില്ലെങ്കില്‍ ഫൊക്കാനയുടെ അന്ത്യം അത് നട്ട് വളര്‍ത്തി വലുതാക്കി എന്ന് വീമ്പിളക്കുന്നവരുടെ കൈ കൊണ്ട് തന്നെയായിരിക്കും. മധ്യസ്ഥ ശ്രമങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടുകൊണ്ടിരിക്കുമ്പോള്‍ സ്ഥിരം മധ്യസ്ഥരെ മാറ്റി പൊതുജനങ്ങളുടെ ഹൃദയമിടിപ്പ് അറിയാവുന്ന ഫൊക്കാനയുടെ സഹയാത്രികരായ വിവേകമുള്ള പത്ര-മാധ്യമ പ്രവര്‍ത്തകരെ പരീക്ഷിക്കാവുന്നതാണെന്നും ഇദ്ദേഹം വിശ്വസിക്കുന്നു.
പ്രശ്‌നം പരിഹരിക്കുന്നതിന് പ്രശ്‌നം എന്താണന്ന് മനസിലാക്കുകയാണ് ആദ്യപടി. ഫൊക്കാനയുടെ ഇന്നത്തെ പ്രശ്‌നം ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍ തനിക്ക് കിട്ടിയ ഭരണം വിട്ടുകൊടുക്കാതെ ഭരണഘടനാവിരുദ്ധമായി വര്‍ഗീയവാദികളോട് കൂട്ടുചേര്‍ന്ന് ഭരണം നിലനിര്‍ത്താന്‍ ശ്രമിക്കുന്നതാണ്. അതിന് അദ്ദേഹം കണ്ടെത്തിയ ന്യായവാദങ്ങള്‍ ജനറല്‍ ബോഡി പൂര്‍ണമായി നിരസിച്ചു. തെറ്റ് മനസിലാക്കി ഭരണഘടന അനുശാസിക്കുംവിധം നിഷ്പക്ഷമായി പ്രവര്‍ത്തിക്കേണ്ട ബോര്‍ഡ് ഓഫ് ട്രസ്റ്റിയും ഇലക്ഷന്‍ കമ്മിഷണര്‍മാരും ജനഹിതമനുസരിച്ച് പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോയാല്‍ ഫൊക്കാനയിലെ യഥാര്‍ഥ പ്രശ്‌നം പരിഹരിക്കപ്പെടും.
ഫൊക്കാന ഇക്കാലമത്രയും ഉണ്ടാക്കിയ സല്‍പേര് നിലനിര്‍ത്തണമെങ്കില്‍ കടിച്ചുതൂങ്ങിക്കിടക്കുന്ന മുതിര്‍ന്ന ഭാരവാഹികള്‍ ഉടനടി പിന്മാറുകയും, നിയമപ്രകാരം ഭരണം ലഭിക്കേണ്ട തമ്പി ചാക്കോ ടീമിനെ ഭരണം നടത്താന്‍ അനുവദിക്കുകയും ചെയ്യണം. ഇപ്പോള്‍ വിട്ടുവീഴ്ച ചെയ്യുന്ന നേതാക്കന്മാര്‍ക്ക് അടുത്ത ടേമിലേക്ക് അവസരം നല്‍കാന്‍ ധാരണയാവുകയും ചെയ്താല്‍ നേരം ഇരുട്ടിവെളുക്കും മുമ്പ് ഫൊക്കാന പൂര്‍വ്വാധികം ഉന്മേഷത്തോടെ ഉയിര്‍ത്തെഴുന്നേല്‍ക്കും.
തലനാരിഴ കീറി നിയമവ്യാഖ്യാനവും പ്രതിവ്യാഖ്യാനവുമായി മുന്നോട്ട് പോവാനാണ് ഭാവമെങ്കില്‍ പ്രതികരണശേഷിയുള്ള അമേരിക്കന്‍ മലയാളി അവരുടെ ഫൊക്കാന എന്നന്നേക്കുമായി കുഴിച്ചുമൂടും. അതിനുമുമ്പ് ഫൊക്കാനയെ സ്‌നേഹിക്കുന്നവര്‍ ആരെങ്കിലും അവശേഷിക്കുന്നുവെങ്കില്‍ ഇരുകൂട്ടരെയും വിളിച്ച് ഭരണത്തില്‍ തുടരുന്നവരും തുടരാന്‍ ആഗ്രഹിക്കുന്നവരും ഇനിയും ഭരണം ലഭിക്കാത്തവര്‍ക്ക് വിട്ടുകൊടുക്കുന്നതാണ് സാമാന്യ മര്യാദ. ഈ മര്യാദ കാണിക്കാന്‍ കൂട്ടാക്കാതെ ഭരണഘടനാ ലംഘനത്തിലൂടെ വീണ്ടും വീണ്ടും തുടരാനുള്ള അധികാരക്കൊതി ഫൊക്കാനയുടെ അന്ത്യത്തിന് ആക്കം കൂട്ടുമെന്നതില്‍ സംശയം വേണ്ട. - ഒരു അഭ്യുദയകാംക്ഷി.
മറ്റൊരാളുടെ അഭിപ്രായം ഫൊക്കാന എന്ന സാമൂഹ്യ-സാംസ്ക്കാരിക സംഘടനയില്‍ കയറിപ്പറ്റാന്‍ ഒരു മതനേതാവ് വഴിവിട്ട മാര്‍ഗം സ്വീകരിച്ചത് വളരെ മോശമായിപ്പോയി എന്നാണ്. അദ്ദേഹത്തിന്റെ NAMAM എന്ന സംഘടന വളരെ നല്ല രീതിയിലുള്ള പ്രവര്‍ത്തനങ്ങളാണ് കാഴ്ചവെച്ചുകൊണ്ടിരുന്നത്. എന്തോ ബിസിനസ് താല്പര്യം മുന്നില്‍ കണ്ടുകൊണ്ടാണ് ഫൊക്കാനയില്‍ അംഗത്വമെടുക്കാന്‍ വളഞ്ഞ വഴി സ്വീകരിച്ചത്. അതിന് കൂട്ടുപിടിച്ചത് ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ചെയര്‍മാനേയും. അവര്‍ രണ്ടുപേരുമാണ് ഈ പ്രശ്നത്തിനെല്ലാം കാരണക്കാര്‍. മാധവന്‍ നായര്‍ എന്തോ ഒളിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നുള്ളതിന് തെളിവാണ് ഫൊക്കാന കണ്‍വന്‍ഷന്‍ വരെ ആക്ടീവ് ആയിരുന്ന നാമത്തിന്റെ വെബ്സൈറ്റ് ഫൊക്കാന തിരഞ്ഞെടുപ്പ് കോലാഹലത്തിനുശേഷം പെട്ടെന്ന് അപ്രത്യക്ഷമായത്. www.namam.org എന്ന വെബ്സൈറ്റ് ഇപ്പോള്‍ നിലവിലില്ല എന്നാണ് ഗൂഗിളില്‍ അടിച്ചാല്‍ കിട്ടുന്നത്. അതിനര്‍ത്ഥം നാമം എന്തിനുവേണ്ടി നിലകൊള്ളുന്നു എന്ന സത്യം ജനങ്ങള്‍ക്ക് ലഭിക്കാതിരിക്കാനാണെന്നാണ് അദ്ദേഹം പറയുന്നത്.
ഫൊക്കാനയുടെ അന്തസ്സും ആഭിജാത്യവും കളഞ്ഞുകുളിയ്ക്കാന്‍ ഫൊക്കാനയിലെ തന്നെ ചിലര്‍ ശ്രമിച്ചത് ദൗഭാഗ്യകരമാണ്. അത് അനുവദിച്ചുകൂടെന്നും അദ്ദേഹം പറയുന്നു.കൂടാതെ എത്രയും വേഗം ഒരു സമവായം കണ്ടെത്തി പ്രശ്നത്തിന് പരിഹാരം കാണണമെന്നും അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ഇരുഭാഗത്തേയും പലരുമായി അടുത്ത സ്നേഹബന്ധം വെച്ചുപുലര്‍ത്തുന്നതുകൊണ്ട് പേര് വെളിപ്പെടുത്തരുതെന്ന അഭ്യര്‍ത്ഥനയുണ്ടെന്നും അദ്ദേഹം പറഞ്ഞു.
No comments:
Post a Comment