Monday, February 24, 2020

'നമസ്തേ ട്രം‌പ്': അമേരിക്കയുടെ നേട്ടവും ഇന്ത്യയുടെ കോട്ടവും

അമേരിക്കയില്‍ പ്രസിഡന്റ് തെരഞ്ഞെടുപ്പ് ആസന്നമായിരിക്കെ, ഇരിക്കുന്ന കസേര വരെ തെറിച്ചു പോയേക്കാവുന്ന അവസ്ഥയില്‍ ഇം‌പീച്ച്മെന്റിനെ നേരിട്ട് തലനാരിഴയ്ക്ക് രക്ഷപ്പെട്ട പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പ് ധൃതി പിടിച്ച് ഒരു ഇന്ത്യാ സന്ദര്‍ശനം തല്ലിക്കൂട്ടിയെടുത്തപ്പോള്‍ പലര്‍ക്കും സംശയമായിരുന്നു. 'ഇങ്ങേരിത് എന്തിന്റെ പുറപ്പാടാണ്' എന്നുവരെ ചോദിച്ചവരുണ്ട്.

ട്രം‌പിന്റെ ഈ അസാധാരണ സന്ദര്‍ശനം മോദിയുമായുള്ള ചങ്ങാത്തം കൊണ്ടൊന്നുമല്ലെന്ന് ആഴത്തില്‍ ചിന്തിച്ചാല്‍ മനസ്സിലാകും. ഇരുവരും തമ്മില്‍ എട്ടാമത്തെ കൂടിക്കാഴ്ചയാണ് അഹമ്മദാബാദില്‍ നടന്നത്. അടുത്ത കാലങ്ങളില്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാറുകളില്‍ യാതൊരു നീക്കുപോക്കും ഉണ്ടാക്കാതെ ഇത്രയും വലിയൊരു രാജ്യാന്തര കൂടിക്കാഴ്ച എന്തിനായിരുന്നു?

വെറും മൂന്ന് മണിക്കൂര്‍ മാത്രം ദൈര്‍ഘ്യമേറിയ നമസ്‌തേ ട്രംപ് പരിപാടിയ്ക്കായി 120 കോടി രൂപയാണ് ഇന്ത്യന്‍ സര്‍ക്കാര്‍ ചെലവാക്കിയിരിക്കുന്നത്. ഇന്ത്യയിലെ ജനങ്ങളുടെ പണമെടുത്ത് ഒരു മെഗാ ഷോ നടത്തി  ഒരു രാജ്യത്തിന്റെ തലവനെ സ്വീകരിച്ചാനയിക്കുമ്പോള്‍ അതില്‍ ഇന്ത്യന്‍ ജനതയ്ക്ക് എന്ത് നേട്ടമാണുണ്ടാകുക എന്ന ചോദ്യം ഉയരുന്നതില്‍ അസാധാരണമായി ഒന്നുമില്ല. ഇന്ത്യ സന്ദര്‍ശിക്കാന്‍ ഒരുങ്ങുന്നതിന് മുമ്പ് മാധ്യമങ്ങളെ കണ്ട ട്രംപ് ഇന്ത്യയുമായുള്ള നയതന്ത്ര ബന്ധത്തെക്കുറിച്ച് പറയാതെ പകരം നമസ്‌തേ ട്രംപ് പരിപാടിയില്‍ തന്നെ കാണാനെത്തുന്ന ലക്ഷക്കണക്കിന് ആളുകളുടെ കണക്കാണ് പറഞ്ഞത്. നമസ്‌തേ ട്രംപ് പരിപാടിയാകട്ടെ പരസ്പരം പുകഴ്ത്താനും വാഴ്ത്താനുമുള്ള അവസരമാക്കി ഇരു രാജ്യതലവന്‍മാരും മാറ്റി.

അമേരിക്കയില്‍ പ്രസിഡന്റ് ട്രംപിന്റെ പ്രതിച്ഛായ ഇടിഞ്ഞിരിക്കുന്ന സമയമാണിത്. ഒരു ഇംപീച്ച്‌മെന്റ് നടപടി നേരിട്ട ട്രംപിന് തിരഞ്ഞെടുപ്പിനെ നേരിടാനുള്ള കരുത്തും ക്ഷയിച്ചു. ഈ സാഹചര്യത്തില്‍ തന്റെ പ്രതിച്ഛായ വീണ്ടെടുക്കേണ്ടത് ട്രംപിന്റെ ആവശ്യകതയാണ്. അമേരിക്കയില്‍ ഏകദേശം 40 ലക്ഷത്തോളം ഇന്ത്യക്കാരുണ്ട്. മാത്രമല്ല, ഗുജറാത്തി വ്യവസായികളുടെ പണമാണ് അമേരിക്കയില്‍ ട്രംപിനെ തിരഞ്ഞെടുപ്പില്‍ സഹായിക്കാന്‍ പോകുന്നത്. അമേരിക്കയുടെ നയത്തെപ്പോലും സ്വാധീനിക്കാന്‍ ശേഷിയുള്ള അവരുടെ ആതിഥ്യം സ്വീകരിക്കാനാണ് ട്രംപ് എത്തുന്നതെന്ന ഒരു ആക്ഷേപമുണ്ട്.

പരസ്പരം ഗുണം ചെയ്യുന്ന ഒരു നയതന്ത്ര ബന്ധത്തിന് വേണ്ടിയാണ് ഈ 120 കോടി ചെലവാക്കിയിരുന്നതെങ്കില്‍ അതില്‍ ആര്‍ക്കും പ്രശ്‌നമുണ്ടാകുമായിരുന്നില്ല. എന്നാല്‍ രാജ്യത്തിന്റെ താല്‍പ്പര്യം സംരക്ഷിക്കുന്ന ഒരു കരാറും പ്രത്യക്ഷത്തില്‍ ഈ സന്ദര്‍ശനം കൊണ്ട് ഉണ്ടാകുന്നില്ല. മാത്രമല്ല, വ്യാപാരക്കരാറില്‍പ്പോലും തന്റെ നയത്തില്‍ അണുവിട മാറ്റം വരുത്താന്‍ തയ്യാറാകാത്ത പ്രസിഡന്റിന് വേണ്ടിയാണ് രാജ്യം കോടികള്‍ മുടക്കുന്നതും ചുവപ്പ് പരവതാനി വിരിക്കുന്നതും. മാത്രമല്ല, ഇന്ത്യയെ ദോഷകരമായി ബാധിക്കുന്ന രീതിയില്‍ താലിബാനുമായി വരുന്ന 29-ാം തിയതി ഉടമ്പടിയ്‌ക്കൊരുങ്ങുകയാണ് അമേരിക്ക.

അമേരിക്കയിലെ പ്രതിരോധ വ്യവസായ ഭീമനായ ലോക്‌ഹീഡ്‌ മാര്‍ട്ടിന്‍ ഗ്രൂപ്പ്‌ നിര്‍മിച്ച എംഎച്ച്‌–60 ആര്‍ ഹെലികോപ്‌ടറുകള്‍ വാങ്ങാനുള്ള 21,000 കോടിയുടെ  കരാറിലാണ് ഇന്ത്യ ഒപ്പിടുന്നത്. ഇതടക്കം 50,000 കോടിയോളം രൂപയുടെ ആയുധ കരാറിനാണ്‌ ചര്‍ച്ച നടക്കുന്നത്‌. സമുദ്ര നിരീക്ഷണ ഡ്രോണുകള്‍, പി–81 മുങ്ങിക്കപ്പല്‍ വേധ ആയുധ സംവിധാനം, ദീര്‍ഘദൂര നിരീക്ഷണ വിമാനങ്ങള്‍ എന്നിവ വാങ്ങാനും പദ്ധതി തയ്യാറാണ്‌.

അമേരിക്കയിലെ വെസ്റ്റിംഗ്‌ഹൗസില്‍നിന്ന്‌ ആറ്‌ ആണവ റിയാക്ടര്‍ വാങ്ങാനുള്ള പദ്ധതി പ്രഖ്യാപനം ചൊവ്വാഴ്‌ച മോഡിയും ട്രംപും ചേര്‍ന്ന്‌ നടത്തുമെന്നാണ്‌ സൂചന. രണ്ടര ലക്ഷം കോടി രൂപയുടെ ഇടപാടിലൂടെ പ്രതിസന്ധിയിലായ അമേരിക്കന്‍ ആണവ വ്യവസായ മേഖലയ്‌ക്ക്‌ പുത്തനുണര്‍വ്‌ പകരനാണ്‌ ട്രംപ്‌ ലക്ഷ്യമിടുന്നത്.

അമേരിക്ക ഫസ്റ്റ് എന്ന് മാത്രം പറയുന്ന പ്രസിഡന്റ് ട്രംപിന്റെ കക്ഷത്തില്‍ കൊണ്ടുപോയി തലവെച്ചുകൊടുക്കുന്ന നടപടികളാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സ്വീകരിച്ചുകൊണ്ടിരിക്കുന്നത്. ഇതിനായി ഏറ്റവും വലിയ സുഹൃത്തുക്കളെപ്പോലും വെറുപ്പിക്കാനും മടിയ്ക്കുന്നില്ല. റഷ്യയുമായുള്ള ബന്ധം കുറച്ചത് ഉദാഹരണം.

ഇന്ത്യയിലെ 22 കിലോ മീറ്റര്‍ റോഡ് ഷോയിലൂടെ അമേരിക്കയില്‍ രാഷ്ട്രീയമായി ഒരു മൈലേജുണ്ടാക്കാന്‍ ശ്രമിക്കുകയാണ് ട്രംപ് എന്നത് അനിഷേധ്യമായ വസ്തുതയാണ്. തിരഞ്ഞെടുപ്പില്‍ ജയിക്കാന്‍ തെക്കന്‍ ഏഷ്യയിലെ മുഴുവന്‍ ജനങ്ങളെയും ട്രംപ് ലക്ഷ്യമിടുന്നുണ്ട്. ഇനി അമേരിക്കയിലുള്ള പാക് ജനതയെ ലക്ഷ്യം വെച്ച്ഒരു വലിയ പരിപാടി  അമേരിക്കയില്‍ സംഘടിപ്പിക്കാനും ട്രംപ് മടിച്ചേക്കില്ല.

അമേരിക്കയുടെ ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ നേടിയെടുക്കുക എന്നതിലുപരി ഒരിക്കലും ഇന്ത്യ എന്ന രാജ്യത്തിന്റെ താല്‍പ്പര്യത്തെ സംരക്ഷിക്കുന്നതല്ല ഈ സന്ദര്‍ശനം എന്നാണ് പ്രത്യക്ഷത്തില്‍ മനസസിലാക്കാന്‍ കഴിയുന്നത്. പലരും ഉള്ളുകളി കുറഞ്ഞ സന്ദര്‍ശനമാണെന്ന് പറയുന്നുണ്ടെങ്കിലും അത് എത്രമാത്രം വിശ്വാസ യോഗ്യമാണ് എന്നത് സംശയമാണ്. കെട്ടിപ്പിടുത്തവും കൈപിടിച്ച് നടക്കലും തോളില്‍ തട്ടലുമല്ലാതെ എന്താണ് രാജ്യത്തിന് വേണ്ടി മോദിയും ട്രംപും ചെയ്യുന്നത്? ഇന്ത്യക്കാരുടെ കയ്യില്‍ നിന്നും പണം വാങ്ങിയതിന് ശേഷം അവരെ മതിലടച്ച് ഒളിപ്പിച്ച് അമേരിക്കന്‍ സാമ്രാജ്യത്തിന്റെ തലവന്റെ കണ്ണ് കുളിര്‍പ്പിക്കുകയാണ് മോദി. എന്നിട്ട് ലക്ഷക്കണക്കിന് ആളുകളെ അണിനിരത്തി, ട്രംപിനെ വാനോളം പുകഴ്ത്തി മനസ്സും തരളിതമാക്കുന്നു. എന്തിനാണ് ഈ പ്രഹസനം? ഒരു മേളം എന്നതിനപ്പുറം വേറെ എന്തെങ്കിലുമുണ്ടോ? കാത്തിരുന്ന് കാണാം.

Friday, February 21, 2020

ആ അപകടം ഒഴിവാക്കാമായിരുന്നു

സേലം -  കോയമ്പത്തൂര്‍ ബൈപാസില്‍ അവിനാശിയില്‍ വ്യാഴാഴ്ച പുലര്‍ച്ചെ ഉണ്ടായ ബസപകടത്തില്‍ 19 യാത്രക്കാര്‍ മരണമടഞ്ഞുവെന്ന വാര്‍ത്തയുടെ ഞെട്ടലിലാണ് കേരളം. ബംഗളൂരുവില്‍ നിന്ന് എറണാകുളത്തേക്കു വരികയായിരുന്ന കെ.എസ്.ആര്‍.ടി.സിയുടെ വോള്‍വോ ബസില്‍ കണ്ടെയ്നര്‍ ലോറി ഇടിച്ചുകയറുകയായിരുന്നു. രണ്ട് വാഹനങ്ങളും നല്ല വേഗത്തിലായിരുന്നിരിക്കണം. വെളുപ്പിന് മൂന്നു മണിയായതിനാല്‍ റോഡില്‍ വാഹനങ്ങള്‍ കുറവാകും. എറണാകുളത്തുനിന്ന് നിറയെ ടൈലുകളും കയറ്റി പുറപ്പെട്ട കണ്ടെയ്നര്‍ ലോറിയുടെ മുന്‍വശത്തെ ടയറുകളിലൊന്ന് പൊട്ടി നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു എന്നാണ് അറിയാന്‍ കഴിഞ്ഞത്. അതിന്‍റെ ആഘാതത്തില്‍ മീഡിയനും മറികടന്നെത്തിയ കണ്ടെയ്നര്‍ ലോറി എതിരെ വന്ന ബസിന്‍റെ വലതുഭാഗത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. മരണമടഞ്ഞവരെല്ലാം ആ ഭാഗത്ത് ഇരുന്നവരാണെന്നാണു വിവരം. 48 യാത്രക്കാരുണ്ടായിരുന്ന ബസിലെ 42 പേരും മലയാളികളായിരുന്നു. മരണമടഞ്ഞവരില്‍ ഏറെപ്പേരും മലയാളികള്‍ തന്നെ. മരിച്ചവരില്‍ ബസിന്‍റെ ഡ്രൈവറും  കണ്ടക്ടറും ഉള്‍പ്പെടുന്നു. രാവിലെ ഏഴിന് എറണാകുളത്തെത്തേണ്ട ബസ് ബുധനാഴ്ച രാത്രിയാണ് ബംഗളൂരുവില്‍ നിന്ന് തിരിച്ചത്. ഷെഡ്യൂള്‍ പ്രകാരം ചൊവ്വാഴ്ച പുറപ്പെട്ട് ബുധനാഴ്ച രാവിലെ എറണാകുളത്ത് എത്തേണ്ടതായിരുന്നു കെ.എസ്.ആര്‍.ടി.സിയുടെ പ്രസ്റ്റീജ് സര്‍വീസുകളിലൊന്നായ ഈ ബസ്. ചൊവ്വാഴ്ച യാത്രക്കാര്‍ കുറവായതിനാല്‍ ഷെഡ്യൂളില്‍ മാറ്റം വരുത്തി ബുധനാഴ്ചയാക്കുകയായിരുന്നു. ആ മാറ്റം വലിയ ദുരന്തത്തില്‍ കലാശിക്കുകയും ചെയ്തു. വിധിയെ തടുക്കാന്‍ ആര്‍ക്കുമാവില്ലെന്നാണല്ലോ പറയാറുള്ളത്.

വാഹനാപകടങ്ങളും അവയിലെ മരണങ്ങളും സംസ്ഥാനത്ത് നിത്യസംഭവമാണ്. ഒട്ടേറെ ജാഗ്രതയും കരുതലുകളുമെടുത്തിട്ടും വാഹനാപകടങ്ങള്‍ കൂടുന്നതല്ലാതെ കുറയുന്നില്ല. ശരാശരി ഒരു ഡസന്‍ പേരെങ്കിലും പ്രതിദിനം വാഹനാപകടങ്ങളില്‍പ്പെട്ട് മരണപ്പെടുന്നുണ്ടെന്നാണ് പൊലീസിന്‍റെ കണക്ക്. പരിക്കേറ്റ് ആശുപത്രിയിലാകുന്നവര്‍ അനവധിയാണ്. വാഹനപ്പെരുപ്പം മാത്രമല്ല അപകടങ്ങള്‍ക്ക് വഴിവയ്ക്കുന്നതെന്ന് പൊലീസ് രേഖകള്‍ പരിശോധിച്ചാലറിയാം. വലിയ അപകടങ്ങളിലധികവും ഉണ്ടാകുന്നത് രാത്രികാലങ്ങളിലാണെന്ന് സ്ഥിതിവിവരക്കണക്കുണ്ട്. രാത്രികാലത്ത് മിക്കവാറും വിജനമായിത്തീരുന്ന ഹൈവേകളില്‍ എല്ലാ വാഹനങ്ങളും പരമാവധി സ്പീഡിലാകും. ശ്രദ്ധ ഒന്നു പാളുകയോ ഉറക്കച്ചടവു ബാധിക്കുകയോ ചെയ്താല്‍ വലിയ അപകടത്തിലേക്കായിരിക്കും നയിക്കുക. പരിചയമില്ലാത്ത റോഡുകളിലെ രാത്രി യാത്ര അതീവ അപകട സാദ്ധ്യതകള്‍ നിറഞ്ഞതാണ്. കുടുംബാംഗങ്ങളുമൊത്തുള്ള രാത്രിയാത്ര എത്രയെത്ര കുടുംബങ്ങളെയാണ് ഇല്ലാതാക്കിയിട്ടുള്ളത്.

അവിനാശിയിലുണ്ടായ ബസപകടം ബസ് ജീവനക്കാരുടെ പിഴവുമൂലം സംഭവിച്ചതല്ല. ഇരുദിശകളിലേക്കും പ്രത്യേകം പ്രത്യേകം പോകാവുന്ന റോഡാണ് ഇവിടെയുള്ളത്. കണ്ടെയ്നര്‍ ലോറിയുടെ ടയര്‍ പൊട്ടി നിയന്ത്രണം നഷ്ടപ്പെട്ട് മറുഭാഗത്തെ റോഡില്‍ വന്നുപെട്ടതാണ് അപകടം സൃഷ്ടിച്ചത്. അമിതഭാരം വഹിച്ചിരുന്ന കണ്ടെയ്നര്‍ ലോറിയുടെ അമിത വേഗവും അപകടത്തിന്‍റെ ആഘാതം വര്‍ദ്ധിപ്പിച്ചിരിക്കാം. ലോറി ഡ്രൈവറെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. വിശദമായ പരിശോധനകളിലൂടെ മാത്രമേ അപകട കാരണം കണ്ടെത്താനാവൂ. വിജനമായ സ്ഥലത്തുവച്ചാണ് അപകടം നടന്നതെന്നതിനാല്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കും താമസമുണ്ടായെന്നാണ് കേള്‍ക്കുന്നത്. നാട്ടുകാരും അതുവഴി എത്തിയ മറ്റു വാഹനങ്ങളിലെ ആള്‍ക്കാരുമെല്ലാം ചേര്‍ന്നാണ് ആദ്യം രക്ഷാപ്രവര്‍ത്തനം തുടങ്ങിയത്. ഇതുപോലുള്ള ദുരന്ത സ്ഥലങ്ങളില്‍ ആദ്യം ഓടി എത്താറുള്ളതും സ്ഥലവാസികള്‍ തന്നെയാണ്. വിവരം അറിഞ്ഞ മാത്രയില്‍ സംസ്ഥാനത്തെ രണ്ട് മന്ത്രിമാരും കെ.എസ്.ആര്‍.ടി.സിയിലെ ഉന്നതന്മാരുമൊക്കെ സ്ഥലത്തെത്തി അനന്തര നടപടികള്‍ക്കു നേതൃത്വം നല്‍കിയത് വളരെ സഹായമായി. മരണപ്പെട്ടവരുടെ പോസ്റ്റ്മോര്‍ട്ടവുമായി ബന്ധപ്പെട്ട കാര്യങ്ങളും പരിക്കേറ്റവര്‍ക്ക് മെച്ചപ്പെട്ട ചികിത്സ ഉറപ്പാക്കുന്നതിലും മന്ത്രിമാരുടെയും ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിദ്ധ്യം ഏറെ സഹായകമായി. ഏറെ പരിചയസമ്പന്നരായിരുന്നു അപകടത്തില്‍പ്പെട്ട വോള്‍വോയുടെ ഡ്രൈവറും കണ്ടക്ടറും എന്നാണ് ട്രാന്‍സ്പോര്‍ട്ട് കോര്‍പറേഷനുമായി ബന്ധപ്പെട്ടവരില്‍ നിന്നു ലഭിച്ച വിവരം. തങ്ങളുടേതല്ലാത്ത കാരണം കൊണ്ടുണ്ടായ വന്‍ ദുരന്തത്തില്‍ സ്വജീവനുകള്‍ നല്‍കിയാണ് ഇരുവരും ഒപ്പം നിന്നതെന്നത് ദുരന്തസ്മരണയായി എന്നും അവശേഷിക്കും.

ഐ.ടി നഗരമായ ബംഗളൂരുവില്‍ പതിനായിരക്കണക്കിനു മലയാളികളാണ് ജോലിചെയ്യുന്നത്. നാട്ടിലേക്കുള്ള ഇവരുടെ യാത്രാദുരിതം പറഞ്ഞറിയിക്കാനാകാത്തതാണ്. ട്രെയിനുകള്‍ ഏറെ ഉണ്ടെങ്കിലും അതൊന്നും മതിയാകാത്തവണ്ണമാണ് യാത്രക്കാരുടെ ബാഹുല്യം. വലിയ സംഖ്യ നല്‍കി ബസുകളിലാണ് പലരും ഈ റൂട്ടില്‍ യാത്ര ചെയ്യുന്നത്. ബന്ദിപ്പൂര്‍ വഴി രാത്രിയാത്രാ വിലക്കുള്ളത് കൂടുതല്‍ ബുദ്ധിമുട്ടുകളും സൃഷ്ടിക്കുന്നു. ബസിലെ തിരക്കും യാത്രാക്ളേശവും കുറയ്ക്കാന്‍ കൂടുതല്‍ ട്രെയിനുകള്‍ കേരളത്തിലേക്ക് ഓടിക്കുക മാത്രമാണ് പരിഹാരമാര്‍ഗം. അതിനാകട്ടേ ഒരു നടപടിയുമില്ലതാനും. രാത്രി യാത്രയുടെ അപകടം അറിഞ്ഞുകൊണ്ടു തന്നെയാകും പലരും അതു തിരഞ്ഞെടുക്കുന്നത്. ഒരു രാത്രി യാത്രയുടെ ദുരന്തത്തില്‍ സ്വന്തം വീടുകളിലെത്താന്‍ തിരിച്ച എത്രയോ പേരുടെ യാത്രയാണ് അവിനാശിയിലെ പൊതുനിരത്തില്‍ അവസാനിച്ചത്. ആ കുടുംബങ്ങളുടെ തീരാദുഃഖം എത്രയെന്ന് പറഞ്ഞറിയിക്കാനാവില്ല.