Friday, December 30, 2016

കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍

കേരള രാഷ്‌ട്രീയം, പ്രത്യേകിച്ച് യുഡി‌എഫ് എപ്പോഴും കലക്കവെള്ളം പോലെയാണ്. ഒരിയ്ക്കലും തെളിയാത്ത രീതിയില്‍ അതങ്ങനെ കലങ്ങിമറിഞ്ഞുകൊണ്ടിരിക്കും. അതുകൊണ്ടുതന്നെ 'കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നവര്‍ ' ഈ പാര്‍ട്ടിയില്‍ ധാരാളമുണ്ടുതാനും. പൊളിറ്റിക്കലി കറക്റ്റായി പറഞ്ഞാല്‍ നേരെ ചൊവ്വേ ഭരിയ്ക്കാനറിയാത്ത ഒരു പാര്‍ട്ടിയും പരസ്പരം പാരകളാകുന്ന പ്രവര്‍ത്തകരും. എപ്പോഴെങ്കിലും വെള്ളമൊന്ന് തെളിഞ്ഞുവന്നാല്‍ ഉടനെ ഇറങ്ങും ആരെങ്കിലും അത് വീണ്ടും കലക്കാന്‍. അതാണിപ്പോഴും സംഭവിച്ചുകൊണ്ടിരിക്കുന്നത്.

ഇപ്പോഴത്തെ കോലാഹലം 'പ്രതിപക്ഷത്തിന് മൂച്ച് പോരാ' എന്ന കെ. മുരളീധരന്റെ പ്രസ്താവനയെക്കുറിച്ചാണ്. ഇരിക്കുന്ന കൊമ്പ് മുറിയ്ക്കലോ മലര്‍ന്നു കിടന്നു തുപ്പുകയോ ഒക്കെയാണെന്ന് വേണമെങ്കില്‍ പറയാം. പ്രതിപക്ഷത്തിരുന്നുകൊണ്ട് പ്രതിപക്ഷത്തെത്തന്നെ കുറ്റം പറഞ്ഞാല്‍ പ്രതിപക്ഷത്തിരിക്കുന്നവര്‍ ക്ഷമിക്കുകയില്ല എന്ന ഒരു സാമാന്യ ബോധമെങ്കിലും കരുണാകര പുത്രനായ ഈ മുരളീധരന് ഇല്ലാതെ പോയതെന്തേ? മുരളിയെ ചൊറിയാനുള്ള ഒരവസരവും കെ.പി.സി.സി. വക്താവ് രാജ്മോഹന്‍ ഉണ്ണിത്താന്‍ പാഴാക്കുകയില്ല. കാരണം കുറെ കാലങ്ങള്‍ക്കുമുന്‍പ്, അതായത് 2004-ല്‍ പരസ്യമായി ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞവനാണ് ഈ മുരളീധരന്‍.

പതിറ്റാണ്ടുകളോളം കേരള രാഷ്ട്രീയത്തില്‍ തിളങ്ങിനിന്നിരുന്ന സാക്ഷാല്‍ ലീഡര്‍ കരുണാകരന്‍ തനിക്കൊരു പിന്‍‌ഗാമി വേണമെന്ന ആഗ്രഹത്താലാണ് മുരളീധരനെ രാഷ്‌ട്രീയത്തിലിറക്കി കളി പഠിപ്പിച്ചത്. പക്ഷെ രാഷ്‌ട്രീയ ചാണക്യനായ കരുണാകരനെപ്പോലും ഞെട്ടിപ്പിക്കുന്ന തരത്തിലായിരുന്നു മുരളീധരന്റെ പ്രകടനം. സ്ഥാനത്തും അസ്ഥാനത്തും കൈയ്യിട്ടു വാരുന്ന പ്രകൃതം. മകനെ രാഷ്ട്രീയ ഗോദായിലേക്ക് വിരല്‍തുമ്പില്‍ പിടിച്ച് കയറ്റി, കാക്കയ്ക്കും പരുന്തിനും കൊടുക്കാതെ പതിനെട്ടടവും പൂഴിക്കടകനും പഠിപ്പിച്ച് മെയ്‌വഴക്കവും കൈതഴക്കവും വന്ന പോരാളിയാക്കിയപ്പോള്‍ ''അഛാ, അഛനഛന്റെ വഴി, എനിക്കെന്റെ വഴി..'' എന്നു പറഞ്ഞ് ഒരിയ്ക്കല്‍ വഴിപിരിഞ്ഞുപോയതാണ് മുരളി. ഒടുവില്‍ മാനസാന്തരപ്പെട്ട് തിരിച്ചുവന്ന് അച്ഛനോടും പാര്‍ട്ടിയോടും മാപ്പുപറഞ്ഞ് തിരിച്ചു കയറി. അന്ന് ആ തിരിച്ചു വരവ് മുരളി ആഘോഷിച്ചത് രാജ്മോഹന്‍ ഉണ്ണിത്താന്റെ ഉടുമുണ്ട് പറിച്ചെറിഞ്ഞുകൊണ്ടാണ്. പാര്‍ട്ടി ഒന്നാണെങ്കിലും അന്നത്തോടെ ഉണ്ണിത്താനുമെടുത്തു ഒരു ശപഥം 'എന്നെങ്കിലും ഞാന്‍ നിന്നെ എടുത്തോളാമെന്ന്.'

അന്നുമുതല്‍ ഉണ്ണിത്താന്റെ കണ്ണ് മുരളീധരനിലും മുരളീധരന്റെ കണ്ണ് ഉണ്ണിത്താനിലുമായി കാലം കടന്നുപോയി. അതിനുശേഷം ഉണ്ണിത്താന്‍ ചെന്നു പെട്ടത് ഒരു പെണ്ണ് കേസിലാണ്. മഞ്ചേരിയില്‍ വെച്ച് ഒരു പെണ്ണിന്റെ കൂടെ പോലീസ് പൊക്കിയതോടെ പോലീസ് അസാന്മാര്‍ഗ്ഗിക നടപടിക്ക് കേസെടുത്തതു കാരണം കോണ്‍ഗ്രസ് പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യപ്പെട്ടു. അന്വേഷണത്തെ നേരിട്ട് അഗ്നിശുദ്ധി വരുത്തി പൂര്‍വ്വാധികം ശക്തിയോടെ തിരിച്ചുവരികയും ചെയ്തു. അന്നും ഉണ്ണിത്താന്‍ ഒരു ശപഥം ചെയ്തു. താന്‍ നേരിട്ട ദുര്‍ഗതി ഇനിയൊരാള്‍ക്കും വരാതിരിക്കാനുള്ള ഒരു നിയമനിര്‍മ്മാണത്തിനു തന്നെ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തുമെന്നായിരുന്നു ആ ശപഥം. അതിന്റെ ആദ്യ പടിയായി പുരുഷനും സ്ത്രീക്കും ഏതു പാതിരാത്രിക്കും എവിടേയും നിര്‍ഭയം സഞ്ചരിക്കാവുന്ന ഒരു ബില്ലിന്റെ കരടുരേഖയുണ്ടാക്കുകയെന്ന ദൗത്യവും ഏറ്റെടുത്തു. സദാചാരബോധമില്ലാത്ത കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ കപട മുഖംമൂടി വലിച്ചുകീറിയിട്ടേ ഞാനടങ്ങൂ എന്നാണ് അന്ന് ഉണ്ണിത്താന്‍ പറഞ്ഞത്. പ്രായപൂര്‍ത്തിയായ ഏതൊരു പുരുഷനും സ്ത്രീക്കും എവിടെയും പോകാമെന്നും, ഒന്നിച്ചു താമസിക്കാമെന്നുമുള്ള സുപ്രീം കോടതി വിധിയാണ് ഉണ്ണിത്താന്‍ തുറുപ്പു ചീട്ടായി എടുത്തത്. അതെങ്ങുമെത്തിയില്ലെന്നു മാത്രമല്ല കോണ്‍‌ഗ്രസ് ഭരണം കൈവിട്ടുപോയി ഇപ്പോള്‍ ഇടതുപക്ഷം ഭരണത്തില്‍ വരികയും ചെയ്തു. ഇക്കാലമത്രയും മുരളീധരനും ഉണ്ണിത്താനും രണ്ടു ദ്രുവങ്ങളിലായിരുന്നു ജീവിതം.

പിണറായി സര്‍ക്കാര്‍ കൊണ്ടുവന്ന പല ഭരണപരിഷ്ക്കാരങ്ങളും ദഹിക്കാത്ത കോണ്‍‌ഗ്രസ് പക്ഷെ അതിനെ പ്രതിരോധിക്കുന്നതില്‍ പരാജയപ്പെട്ടുകൊണ്ടിരിക്കുന്നു. പ്രതിപക്ഷം കൊണ്ടുവരുന്ന ഓരോ ആരോപണങ്ങളുടേയും മുനകള്‍ അപ്പപ്പോള്‍ ഒടിച്ചു കളഞ്ഞ് എല്‍‌ഡി‌എഫ് ഭരണം മുന്നോട്ടു കൊണ്ടുപോകുന്നു. ഉമ്മന്‍‌ചാണ്ടിയോ, സുധീരനോ, രമേശ് ചെന്നിത്തലയോ സാക്ഷാല്‍ എ.കെ. ആന്റണിപോലും മുട്ടുകുത്തുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ പോയപ്പോഴാണ് അടങ്ങിയൊതുങ്ങി നില്‍ക്കാന്‍ പഠിച്ചിട്ടില്ലാത്ത മുരളീധരന്‍ തന്നെ ഒരു വെടിപൊട്ടിച്ചത്. കേരളത്തില്‍ പ്രതിപക്ഷമില്ലെന്ന വെടി പൊട്ടിച്ചതോടെ യുഡി‌എഫില്‍ മാലപ്പടക്കത്തിന് തീകൊടുത്ത പോലെയായി. ആകെ പൊട്ടിത്തെറി. യുഡി‌എഫില്‍ തന്നെ ഘടകകക്ഷികള്‍ ചേരി തിരിഞ്ഞ് മുരളീധരന് അനുകൂലമായും പ്രതികൂലമായും പടക്കം പൊട്ടിക്കാന്‍ തുടങ്ങി. വെള്ളം കലങ്ങി, ഇനി മീന്‍ പിടിച്ചാല്‍ മതി എന്നു ധരിച്ച് ചിലര്‍ അരയും തലയും മുറുക്കി തയ്യാറെടുത്തു.  ആര്‍‌എസ്‌പിയും, കേരള കോണ്‍ഗ്രസും (ജേക്കബ്), മുസ്ലീം ലീഗുമൊക്കെ അവരവര്‍ക്ക് തോന്നുന്ന രീതിയില്‍ പ്രസ്താവനകളിറക്കി. 'കേരളത്തില്‍ പ്രതിപക്ഷമില്ല' എന്നു മാത്രമേ മുരളി പറഞ്ഞുള്ളൂ. എന്നാല്‍ മറ്റുള്ളവരുടെ പ്രസ്താവനകള്‍ കേട്ടാല്‍ ഒരു കാര്യം ഉറപ്പിക്കാം. അവരെല്ലാം തന്നെ അസം‌തൃപ്തരായിരുന്നു. ഉദാഹരണത്തിന് മുസ്ലിം ലീഗ് ദേശീയ സെക്രട്ടറിയും എംപിയുമായ ഇ.ടി. മുഹമ്മദ് ബഷീറിന്റെ അഭിപ്രായം തന്നെ എടുക്കാം. അദ്ദേഹം പറയുന്നു "വല്ലപ്പോഴും യുഡിഎഫ് കൂടി പിരിയുമെന്നല്ലാതെ ജനങ്ങളെ അണിനിരത്തിയുളള സമരങ്ങളൊന്നും നടക്കുന്നില്ല. പ്രതിപക്ഷത്തിന്റെ ധര്‍മ്മം കേരളത്തില്‍ നിര്‍വഹിക്കപ്പെടുന്നില്ലെന്ന് സംശയമില്ലാതെ പറയാം. പ്രതിപക്ഷത്തിന്റെ
ഒരു ധര്‍മ്മം കേരളത്തില്‍ പൂര്‍ണമായിട്ട് നിര്‍വഹിക്കപ്പെടുന്നുണ്ടോ എന്നു ചോദിച്ചാല്‍ ഇല്ലാന്നുളള അഭിപ്രായക്കാരാണ് ഞങ്ങളും. പ്രതിപക്ഷത്തിന് ജനാധിപത്യത്തില്‍ ഒരു ധര്‍മ്മം ഉണ്ടല്ലോ, ആ ധര്‍മ്മം നിര്‍വഹിക്കുന്നതില്‍, സര്‍ക്കാരിന്റെതായ ദുഷ്‌ചെയ്തികള്‍ തുറന്നുകാണിച്ച് അതിനെതിരായിട്ട് ജനങ്ങളെ ബോധവല്‍ക്കരിക്കുന്ന കാര്യങ്ങളാണ്. ഇടതുപക്ഷം ഒരു ദയനീയ പരാജയമാണ്. അത് വേണ്ടത്ര ഉയര്‍ത്തിക്കാട്ടി ഇക്കാര്യത്തില്‍ ജനങ്ങളെ അണിനിരത്താന്‍ പറ്റിയ സന്ദര്‍ഭങ്ങള്‍, ആ സന്ദര്‍ഭങ്ങള്‍ പോലും യഥാര്‍ത്ഥത്തില്‍ നമുക്ക് ഉപയോഗപ്പെടുത്താന്‍ കഴിയാതെ പോയിട്ടുണ്ടെന്നത് സത്യമാണ്. ഞങ്ങളുടെ ഉദ്ദേശം എന്നുപറയുന്നത്, കോണ്‍ഗ്രസിനെ കുറ്റപ്പെടുത്തുക എന്നുളളതല്ല, അങ്ങനെ ഒരു അജണ്ട ഞങ്ങള്‍ക്കില്ല. അത് വേറെ സംഗതികളാണ്. ഞങ്ങള്‍ അടക്കമുളള ആളുകള്‍ ജനങ്ങളുടെ മുമ്പില്‍ പറയേണ്ട കാര്യമുണ്ട്. കോണ്‍ഗ്രസിനകത്തുളള വിഷയങ്ങള്‍ അവരാണ് പറയേണ്ടത്. ഗവണ്‍മെന്റിന് ഇപ്പോള്‍ ഒരു ശല്യവുമില്ലല്ലോ. ജനങ്ങളെ അണിനിരത്തേണ്ട സമയമാണ്. അസംബ്ലി തെരഞ്ഞെടുപ്പില്‍ സജീവമായിട്ട് ഒരു ടീമായി വര്‍ക്ക് ചെയ്തിരുന്നു. അതിനുശേഷം ബാക്കി കാര്യങ്ങളൊന്നും കൂടിയിട്ടില്ല. എപ്പോഴെങ്കിലും യുഡിഎഫ് കൂടി അങ്ങ് പിരിയുമെന്നല്ലാതെ ജനങ്ങളെ മുഴുവന്‍ അണിനിരത്തേണ്ട സമരങ്ങളുടെ സന്ദര്‍ഭങ്ങളായല്ലോ. എന്നിട്ടും കാര്യമായിട്ടൊന്നും നടക്കുന്നില്ലല്ലോ.” സത്യത്തില്‍ ഇതു കേട്ടപ്പോള്‍ ഓര്‍മ്മ വന്നത് നിയുക്ത അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രം‌പിനെയാണ്. അദ്ദേഹം ഈയ്യിടെ ഒരു പടക്കം പൊട്ടിച്ചു. ഇസ്രയേല്‍ പലസ്തീനികളുടെ സ്ഥലം കൈയ്യേറി നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിനെതിരെ യു.എന്‍. പ്രമേയം പാസാക്കി. അതിനെ വീറ്റോ ചെയ്യാന്‍ അമേരിക്ക തയ്യാറായില്ല. ഇസ്രയേലികള്‍ക്ക് കലിപ്പ് വരാന്‍ അത് കാരണവുമായി. പ്രസിഡന്റായി അധികാരമേറ്റെടുത്തിട്ടില്ലെങ്കിലും ട്രം‌പ് ഉടനെ ട്വീറ്റ് ചെയ്തു... 'ഈ ഐക്യരാഷ്ട്ര സഭ എന്നു പറഞ്ഞാല്‍ ഒരു മഹാസംഭവമൊന്നുമല്ല, അത് വെറുമൊരു ക്ലബ്ബ്. കുറെ പേര്‍ക്ക് വന്നിരുന്ന് സൊറ പറയാനുള്ളൊരു സ്ഥലം, അത്ര തന്നെ. ഞാന്‍ അധികാരമേറ്റെടുക്കട്ടെ, എല്ലാം ശരിയാക്കുന്നുണ്ട്...' എന്ന്. എല്ലാം ശരിയാക്കുന്നുണ്ട് എന്നു പറഞ്ഞത് ഐക്യരാഷ്‌ട്ര സഭയെ പിരിച്ചു വിടുമെന്നോ അതോ പലസ്തീനികള്‍ക്കിട്ട് വീണ്ടും കൊട്ടുകൊടുത്ത് അവരുടെ ഭൂമിയൊക്കെ ഇസ്രയേലികള്‍ക്ക് പതിച്ചുകൊടുക്കുമെന്നാണോ  ട്രം‌പ് ഉദ്ദേശിച്ചത്  എന്നറിയില്ല.

മുസ്ലീം ലീഗും കൂടി ഉള്‍പ്പെട്ട മന്ത്രിസഭയായിരുന്നല്ലോ കേരളം ഭരിച്ചിരുന്നത്. അവര്‍ക്ക് എന്തുകൊണ്ട് ഭരണം നഷ്ടപ്പെട്ടു എന്ന് ചിന്തിക്കാനുള്ള കഴിവില്ലാഞ്ഞിട്ടാണോ? അച്യുതാനന്ദന്‍ സര്‍ക്കാരിനെ വലിച്ച് താഴെയിട്ട് ഭരണം കൈയ്യടക്കിയവരാണ് യുഡി‌എഫ്. നാലു കൊല്ലം ഭരിച്ച അവരെ എന്തുകൊണ്ട് ജനങ്ങള്‍ കൈയൊഴിഞ്ഞു എന്ന് ചിന്തിക്കാതെ ഇപ്പോഴും ചേരിതിരിഞ്ഞ് വിഴുപ്പലക്കുകയല്ലാതെ ജനങ്ങളെ കൈയ്യിലെടുക്കാനുള്ള യാതൊരു പുതിയ പദ്ധതികളും അവര്‍ക്കില്ല. ഇനി പിണറായി സര്‍ക്കാരിനെ വലിച്ചു താഴെയിടണം. അതിനുള്ള തന്ത്രങ്ങള്‍ മെനഞ്ഞുകൊണ്ടിരിക്കുമ്പോഴാണ് മുരളീധരന്‍ വീണ്ടും കുഴലൂതിയത്. എന്നാല്‍ മുരളീരവത്തിന് മറുപടി കൊടുത്തത് ഉണ്ണിത്താനായിരുന്നു. വടി കൊടുത്ത് അടി വാങ്ങിയ പോലെയായി ഉണ്ണിത്താന്‍. കോണ്‍ഗ്രസിനെ അവഹേളിക്കുന്ന കെ. മുരളീധരന്‍ സ്ഥിരം പ്രശ്‌നക്കാരനാണെന്നും, മൂന്നു പാര്‍ട്ടികളുടെ സംസ്ഥാന പ്രസിഡന്റ് സ്ഥാനത്തെത്തിയ കേരള രാഷ്ട്രീയത്തിലെ ഏക വ്യക്തിയായ മുരളീധരന്‍ പഴയ പാത (ഗുണ്ടായിസം) സ്വീകരിക്കാനുള്ള പുറപ്പാടാണോയെന്ന് സംശയമുണ്ടെന്നുമാണ് ഉണ്ണിത്താന്‍ പ്രതികരിച്ചത്. അതാ വന്നു മുരളീധരന്റെ മറുപടി. 'വീട്ടുകാര്‍ സംസാരിക്കുന്നിടത്ത് കുശിനിക്കാരന് എന്താണ് കാര്യം, പാര്‍ട്ടിയുടെ നിലപാട് പറയേണ്ടത് പാര്‍ട്ടി പ്രസിഡന്റാണ്, അതിനു പകരം മറ്റുള്ളവര്‍ കുരയ്ക്കേണ്ട' എന്നാണ് മുരളി ചോദിച്ചത്. ഉന്തിന്റെ കൂടെ ഒരു തള്ളും എന്നു പറഞ്ഞതുപോലെ 'അനാശാസ്യ കേസില്‍ പ്രതിയായി താന്‍ പാര്‍ട്ടിക്ക് നാണക്കേടുണ്ടാക്കിയിട്ടില്ല' എന്നും മുരളി കൂട്ടിച്ചേര്‍ത്തു. ഇതോടെ ഇവര്‍ രണ്ടുപേരും വീണ്ടും ഏറ്റുമുട്ടുമെന്നുറപ്പായ സീനിയര്‍ നേതാക്കള്‍ രംഗപ്രവേശം ചെയ്ത് അരങ്ങ് കൊഴുപ്പിച്ചു. ഇതെല്ലാം കണ്ടും കേട്ടും പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ഊറിച്ചിരിച്ചു. അവര്‍ അങ്കവും കണ്ടു താളിയും പറിച്ചു.

എന്നാല്‍ ഉണ്ണിത്താന്‍ കെ.പി.സി.സി. വക്താവ് എന്ന തന്റെ ഔദ്യോഗിക പദവി രാജിവെച്ചതോടെ പ്രശ്നം കൂടുതല്‍ സങ്കീര്‍ണ്ണമായി. ഡിസംബര്‍ 28-ന് കൊല്ലം ഡിസിസി ഓഫീസില്‍ പാര്‍ട്ടി പരിപാടിക്കെത്തിയ ഉണ്ണിത്താനെ കൈയ്യേറ്റം ചെയ്യുകയും, ചീമുട്ടയെറിയുകയും ചെയ്താണ് മുരളീപക്ഷക്കാര്‍ പകരം വീട്ടിയത്. കോണ്‍ഗ്രസ് ജന്മദിനാഘോഷ സമ്മേളനത്തില്‍ പങ്കെടുക്കാനാണ് ഉണ്ണിത്താന്‍ എത്തിയത്. ഓഫീസിലെക്ക് കയറാന്‍ സമ്മതിക്കാതെ 'ഗോ ബാക്ക്' വിളിച്ചും മുരളീസംഘം കത്തിക്കയറി. കാറിന്റെ ചില്ലു തകര്‍ത്ത് തനി ഗുണ്ടകളെപ്പോലെയാണ് അവര്‍ പെരുമാറിയതെന്ന് ഉണ്ണിത്താന്‍ പറയുന്നു. 2004-ല്‍ തന്നെ ആക്രമിച്ച അതേ ഗുണ്ടകള്‍ തന്നെയാണ് അവരെന്നും, അവര്‍ മുരളി തീറ്റിപ്പോറ്റുന്ന ഗുണ്ടകളാണെന്നുമാണ് ഉണ്ണിത്താന്‍ പറയുന്നത്. ഈ സംഭവങ്ങളെല്ലാം കോണ്‍‌ഗ്രസിന്റെ മുതിര്‍ന്ന നേതാക്കള്‍ നോക്കിനില്‍ക്കേയാണ് നടന്നതെന്ന് കേള്‍ക്കുമ്പോള്‍ 'എന്തിനാണമ്മാവാ എന്നെ തല്ലുന്നത്, ഞാന്‍ നേരെയാവില്ല' എന്ന പഴഞ്ചൊല്ലാണ് ഓര്‍ത്തുപോകുന്നത്. ഈ വിഴുപ്പലക്കലും തെരുവിലെ തമ്മിലടിയും നടന്നത് ഇന്ത്യന്‍ നാഷണല്‍ കോണ്‍‌ഗ്രസിന്റെ സ്ഥാപകദിനത്തിലായിരുന്നു എന്നത് ലജ്ജാകരം തന്നെ.

ബ്രിട്ടീഷുകാരില്‍ നിന്ന് ഇന്ത്യയെ മോചിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 1885 ഡിസംബര്‍ 28-ന് രൂപീകരിച്ച ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ തായ്‌വേര് അറുക്കുന്ന പ്രവര്‍ത്തികളാണ് പില്‍ക്കാലത്തു വന്ന കോണ്‍ഗ്രസുകാര്‍ ചെയ്തുകൊണ്ടിരുന്നത്. അവരത് ഇപ്പോഴും ചെയ്തുകോണ്ടേയിരിക്കുന്നു. കോണ്‍ഗ്രസിന്റെ ചരിത്രമറിയാവുന്ന ആരും ഈ അനീതിക്ക് കൂട്ടു നില്‍ക്കുകയില്ല. രാജ്യത്തിന്‍റെ രാഷ്‌ട്രീയ സ്വാതന്ത്ര്യത്തിനും ജനാധിപത്യ സംരക്ഷണത്തിനും വേണ്ടി ഒരുമയോടെ പ്രവര്‍ത്തിക്കും എന്ന പ്രതിജ്‍ഞയോടെ ആരംഭിച്ച ഒരു മഹാപ്രസ്ഥാനത്തെയാണ് താന്‍‌പോരിമയിലൂടെയും അധികാരക്കൊതിയോടെയുമുള്ള നേതാക്കള്‍ അപഹാസ്യമാക്കുന്നത്. ജനങ്ങള്‍ നെഞ്ചേറ്റിയ ഒരു രാഷ്‌ട്രീയ പ്രസ്ഥാനത്തെയാണ് അധികാരത്തിലേക്കുള്ള എളുപ്പ വഴിയാക്കി ചിലര്‍ മാറ്റിയെടുത്തുകൊണ്ടിരിക്കുന്നത്. അധികാരത്തിന്‍റെ നാണം കെട്ട വഴികളിലൂടെയുള്ള നേതാക്കളുടെ സഞ്ചാരം ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് എന്ന മഹാപ്രസ്ഥാനത്തിന്‍റെ മാനം കെടുത്തി. ഭരണ പരാജയങ്ങള്‍ ഒരു തുടര്‍ക്കഥപോലെ പിന്തുടര്‍ന്നിട്ടും നേതാക്കള്‍ അവരുടെ സ്വഭാവങ്ങളില്‍ മാറ്റം വരുത്തിയില്ല. ഫലമോ 130 വര്‍ഷങ്ങള്‍ പിന്നിട്ടപ്പോള്‍ പാര്‍ട്ടി ഛിന്നഭിന്നമായി.

ഇന്ത്യയില്‍ ഇന്ന് നിലവിലുള്ള എല്ലാ പാര്‍ട്ടികളും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസില്‍ നിന്ന് ഭിന്നിച്ചകന്നുണ്ടായവയാണെന്നത് ചരിത്ര സത്യമാണ്. അവരൊക്കെ പിരിഞ്ഞുപോയത് ആദര്‍ശത്തിന്റെ പേരിലല്ല, മറിച്ച് അധികാരത്തിനുവേണ്ടിയുള്ള നാണംകെട്ട ഏറ്റുമുട്ടലുകളെത്തുടര്‍ന്നുണ്ടായ ഭാഗം വയ്ക്കലായിരുന്നു. പിളര്‍ത്താന്‍ കഴിവുള്ളവരൊക്കെ പുതിയ പാര്‍ട്ടിയുണ്ടാക്കി. അതിനു കഴിയാത്തവര്‍ അകത്തിരുന്ന് തമ്മില്‍ത്തല്ലിയും കുതികാല്‍ വെട്ടിയും പരസ്പരം പഴിച്ചും ഭത്സിച്ചും താന്തങ്ങളുടെ തരാതരത്തിന് പ്രസ്ഥാനത്തെ ക്ഷീണിപ്പിച്ചു. അവരുടെ പിന്തുടര്‍ച്ചക്കാരാണ് ഇപ്പോള്‍ നാം കാണുന്നതും കേള്‍ക്കുന്നതുമായവര്‍. എന്തുകൊണ്ടാണ് കോണ്‍‌ഗ്രസിന് ഒരു സ്ഥിരഭരണം കേന്ദ്രത്തിലോ സംസ്ഥാനങ്ങളിലോ ലഭിക്കാതെ പോകുന്നതെന്ന ചോദ്യത്തിന് ഒരൊറ്റ ഉത്തരമേ ഉള്ളൂ.... അധികാരത്തിനുവേണ്ടിയുള്ള തൊഴുത്തില്‍ കുത്ത്. ആ സത്യം ഇപ്പോഴും കോണ്‍ഗ്രസ് നേതാക്കള്‍ അംഗീകരിക്കുന്നില്ല. പാര്‍ട്ടിക്കുള്ളിലെ കലഹങ്ങള്‍ പാര്‍ട്ടിയില്‍ തന്നെ പറഞ്ഞുതീര്‍ക്കുന്നതിനു പകരം അവരത് തെരുവിലേക്കെറിയുന്നു. പാര്‍ട്ടിയെ സം‌രക്ഷിക്കേണ്ടവര്‍ തന്നെ തെരുവു ഗുണ്ടകളെപ്പോലെ ആക്രോശിക്കുന്നതും തെറി വിളിക്കുന്നതും അഴിഞ്ഞാടുന്നതും കേരളീയ പൊതുസംസ്കാരത്തിനു തീരെ ചേര്‍ന്നതല്ല. പരസ്പര ബഹുമാനമില്ലാതെ കൊലവിളിച്ചും തെറി വിളിച്ചും വിലസുന്ന കോൺഗ്രസുകാരെ സമൂഹം വെറുത്തെങ്കില്‍ അതവര്‍ ചോദിച്ചു വാങ്ങിയതാണ്. 1885-ല്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍‌ഗ്രസിന് രൂപം നല്‍കിയ അലന്‍ ഒക്ടോവിയോ ഹ്യൂം എന്ന ബ്രിട്ടീഷ് സായിപ്പോ രാഷ്ട്ര പിതാവ് മാഹാത്മാഗാന്ധിയോ ഒരിക്കലും ചിന്തിച്ചുകാണില്ല തങ്ങള്‍ രൂപീകരിച്ച ഈ പ്രസ്ഥാനം പില്‍ക്കാലത്ത് ഒരുപറ്റം തെരുവുഗുണ്ടകളുടെ കൈപ്പിടിയിലാകുമെന്ന്.

Thursday, December 22, 2016

'ഡിജിറ്റല്‍ ഇന്ത്യ'യില്‍ പതിയിരിക്കുന്ന അപകടങ്ങള്‍

'ഡിജിറ്റല്‍ ഇന്ത്യ'യുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ജനങ്ങളിലേല്പിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി മുന്‍‌കൂട്ടി ചിന്തിച്ചിരുന്നില്ലെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും ഡിജിറ്റല്‍ ശാക്തീകരണ സമൂഹവുമുള്ളതാക്കിത്തീര്‍ക്കുക,   സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഒരൊറ്റ ബൃഹത്തായ കാഴ്ചപ്പാടിലേക്ക് നെയ്‌തെടുക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നല്ലോ 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ആശയം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.

പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം അമേരിക്കയുള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും, അവിടങ്ങളിലെല്ലാം ടെക്‌നോളജിയുടെ വളര്‍ച്ചയും ഉപയോഗവും അതിന്റെ ഗുണങ്ങളേയും ഗുണഭോക്താക്കളേയും നേരില്‍ കണ്ട് മനസ്സിലാക്കി, അതുപോലെ ഇന്ത്യയിലും മാറ്റങ്ങള്‍ വരുത്താമെന്ന ചിന്തയാണ് 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ആശയം അദ്ദേഹം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബ്രോഡ് ബാന്‍ഡ് ഹൈവേകള്‍, ഇ-ഗവേര്‍ണന്‍സ്, മൊബൈല്‍ കണക്ടിവിറ്റി, ഇ-ക്രാന്തി- ഇലക്‌ട്രോണിക് സേവനം മുതലായവയാണ് ലക്ഷ്യം വെച്ചതെങ്കിലും, അതിന്റെ മുന്നോടിയായിട്ടെന്നോണം നോട്ട് നിരോധനം കൊണ്ടുവന്നത് ബുദ്ധിപരമായിരുന്നോ  എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിവിശേഷങ്ങളാണ് പിന്നീട് സംഭവിച്ചത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ഷംതോറും കൂടിക്കൂടി വരുന്ന ഇന്ത്യയില്‍ നോട്ടുകള്‍ അസാധുവാക്കി 'ക്യാഷ്‌ലസ്' ക്രയവിക്രയങ്ങള്‍ നടപ്പിലാക്കാന്‍ തുനിഞ്ഞതുതന്നെ ആന മണ്ടത്തരമാണെന്നാണ് പൊതുകാഴ്ചപ്പാട്. ശരാശരി മൂന്നിലൊന്നു തൊഴിലാളികള്‍ക്കും വര്‍ഷം മുഴുവന്‍ ജോലിയില്ലാത്ത രാജ്യത്ത്, ഉള്ളവരില്‍ അറുപത്തെട്ട് ശതമാനം പേര്‍ക്കും പതിനായിരം രൂപയില്‍ താഴെ മാത്രം ശമ്പളമുള്ള രാജ്യത്ത്, ഒരു അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധനം കൊണ്ടുവന്നതുതന്നെ തെറ്റാണെന്ന് പറയപ്പെടുന്നു.

2015 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍‌വേ പ്രകാരം നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍‌രഹിതരുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന 42 ശതമാനം പേര്‍ക്കും 12 മാസം ജോലി ഇല്ല. അവര്‍ കൂടുതലും കാര്‍ഷിക മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 77% ഗ്രാമവാസികള്‍ക്കും ലഭിക്കുന്നത് 10,000 അല്ലെങ്കില്‍ അതില്‍ താഴെയാണ് വരുമാനം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടന്ന ആദ്യ സാമ്പിള്‍ സര്‍വ്വേയിലെ വിവരങ്ങളാണിവ. യുപിഎ സര്‍ക്കാരിനേപ്പോലെ എന്‍ഡിഎ സര്‍ക്കാരിനും ഇക്കാര്യത്തില്‍ മാറ്റമൊന്നും വരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു രാജ്യത്ത് ഒരു സമ്പൂര്‍ണ്ണ  ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുക അസാദ്ധ്യമാണെന്ന് മനസ്സിലാക്കാതെയുള്ള എടുത്തു ചാട്ടമായിരുന്നു  നോട്ട് നിരോധനം. അത് ജനങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ പൗരന്മാര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനു തുല്യമായി നോട്ടു നിരോധനം മാറി. ഡിജിറ്റല്‍ പണമിടപാട്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, കെഡ്രിറ്റ് കാര്‍ഡ്, സ്വൈപ്പിംഗ് മെഷീനുകള്‍ ഇവയൊക്കെയാണ് ലക്ഷ്യമിടുന്നതെങ്കിലും, ഇതൊന്നും കറന്‍സി പിന്‍വലിച്ചതിന് പരിഹാരമാവുമോ എന്നാണ് ചോദ്യം.

ഇത്തരം പണമിടപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചു പലരും അജ്ഞരാണ്. സാധാരണക്കാരിലാണ് ഈ അജ്ഞത ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. അത് മുതലാക്കി അവരുടെ പണം വിഴുങ്ങാന്‍ വമ്പന്‍ സ്രാവുകളെ പോലെ ചൂണ്ടയിട്ടിരിക്കുകയാണ് സുരക്ഷിതമല്ലാത്ത സാങ്കേതികവിദ്യകളും. എലിയെ പേടിച്ചു ഇല്ലം ചുടുന്നതുപോലെയാണ് കളളപ്പണം ഇല്ലാതാക്കാന്‍ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രത്തിന്റെ നടപടിയെന്ന് ഇതിനോടകം ധനതത്വശാസ്ത്രജ്ഞര്‍ പോലും പ്രതികരിച്ചു കഴിഞ്ഞു. പണം ഡിജിറ്റലായി സൂക്ഷിക്കാന്‍ യാതൊരു ഗ്യാരണ്ടിയും നല്‍കാതെ, പണം സുരക്ഷിതമാണെന്ന തോന്നല്‍ ഉണ്ടാക്കാനേ ഇതുകൊണ്ട് സാധിക്കുളളൂ എന്നറിവുള്ള ബാങ്ക് അധികൃതര്‍ക്കും വ്യക്തമായ ഉത്തരങ്ങളില്ല. ഇത്തരത്തിലുളള പണമിടപാടില്‍ ബാങ്കുകളും യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല.

ഈ ഡിജിറ്റലൈസേഷന്‍ കൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടുന്നത്? സൈബര്‍ ക്രിമിനലുകള്‍ക്ക് യഥേഷ്ടം നുഴഞ്ഞുകയറാനും, ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്യാനും കൂടുതല്‍ സൗകര്യമായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, നടന്ന ഓണ്‍‌ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, എടി‌എം തട്ടിപ്പുകള്‍ എന്നിവ തന്നെ ഉദാഹരണങ്ങളായി എടുക്കാം. അടിസ്ഥാന വിദ്യാഭ്യാസമോ, ലോകപരിചയമോ ഒന്നുമില്ലാത്ത സാധാരണക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അജ്ഞാത സംഘങ്ങള്‍ പണം പിന്‍‌വലിച്ച സംഭവങ്ങള്‍ നിരവധിയാണ്. എടി‌എം എന്താണെന്നോ അതെങ്ങനെ പ്രവര്‍ത്തിക്കുന്നെന്നോ സാമാന്യ പരിജ്ഞാനം പോലുമില്ലാത്തവരാണ് തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ കുടുങ്ങുന്നത്. പിന്‍ നമ്പര്‍ കാര്‍ഡിന്റെ പുറകില്‍ എഴുതുകയോ അല്ലെങ്കില്‍ ഒരു ചെറിയ പേപ്പറില്‍ എഴുതി കാര്‍ഡിന്റെ കൂടെ വെക്കുകയോ ചെയ്തുകൊണ്ടാണ് മിക്കവരും എടി‌എംന്റെ മുന്‍പിലെത്തുന്നത്. ഈ സാഹചര്യമാണ് തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നത്.

സൈബര്‍ ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായവരില്‍ ഒന്നാം സ്ഥാനം ഈജിപ്റ്റിനും രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുമാണെന്ന് വിവിധ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ മൂന്നും യുഎഇ നാലും ബ്രിട്ടന്‍ അഞ്ചും ജര്‍മ്മനി ഏഴും അമേരിക്ക ഒന്‍പതും ചൈന പത്താം സ്ഥാനത്തുമാണുള്ളത്‌. യുഎഇയ്ക്ക്‌ പുറമെ ഗള്‍ഫ്‌ രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും സൈബര്‍ ക്രിമിനലുകളുടെ ലക്ഷ്യങ്ങളാണെന്നും പറയുന്നു. ബാങ്കിംഗ്, വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, വ്യവസായം, ഔഷധനിര്‍മാണം, സൈനിക രഹസ്യങ്ങള്‍ എന്നീ മേഖലകളിലാണ്‌ മുഖ്യമായും സൈബര്‍ ആക്രമണകാരികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യയാണ് അതിന്റെ പ്രഭവ കേന്ദ്രമെന്നും പറയുന്നു. അത്യാധുനിക സോഫ്റ്റ്‌വെയറുകളുപയോഗിച്ച് ലോകത്തിന്റെ ഏതു കോണിലുള്ള സര്‍വറുകളിലും നുഴഞ്ഞു കയറാനും രഹസ്യങ്ങള്‍ ചോര്‍ത്താനും കഴിവുള്ളവരാണത്രേ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ വെല്ലാന്‍ കെല്പുള്ള സാങ്കേതിക പരിജ്ഞാനം ഇന്ത്യയിലെ വിവരസാങ്കേതിക വിഭാഗം പര്യാപ്തമാണോ എന്ന് പരിശോധിക്കണം. സൈബര്‍ ആക്രമണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും ക്രിമിനലുകള്‍ പ്രതിവര്‍ഷം തട്ടിയെടുക്കുന്നത്‌ 81,000 കോടി രൂപയാണെന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ 'ഡിജിറ്റല്‍ ഇന്ത്യ'യുടെ അവസ്ഥ എന്തായിത്തീരുമെന്നത് പ്രവചനാതീതമാണ്.

ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ബോംബെയിലിരുന്നുകൊണ്ട് കേരളത്തിലെ പലരുടേയും അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍‌വലിച്ച വിദേശികളടങ്ങുന്ന എടി‌എം തട്ടിപ്പു സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അവരറിയാതെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കഥയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മേല്പറഞ്ഞ റഷ്യന്‍ ആസ്ഥാനമായ സൈബര്‍ ക്രിമിനലുകളായിരുന്നു അതിന്റെ പുറകില്‍. അവരുടെ ശൃംഖലയിലെ കണ്ണികളായിരുന്നു റുമേനിയയില്‍ നിന്നെത്തി കേരളത്തിലുള്ള എടി‌എംല്‍ നിന്ന് പണം പിന്‍‌വലിച്ചത്. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലവത്തായ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുകയോ, അക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി മോഷ്ടിച്ച പണം ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കുകയോ ബാങ്കുകള്‍ ഇതുവരെ ചെയ്തിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കേ പുതിയ ഡിജിറ്റല്‍ സം‌വിധാനം ഗുണത്തേക്കാളേറെ ദോഷമല്ലേ ചെയ്യുകയുള്ളൂ.  അതോടൊപ്പം സൈബര്‍ ക്രിമിനലുകള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ അതൊന്നുമില്ലാത്ത അന്യ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഈ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവനും കര്‍ഷകനും ധനികനും എല്ലാം ഒരുപോലെ ഡിജിറ്റലാവാന്‍ പറയുന്നത് ന്യായമാണോ എന്നും ചിന്തിക്കേണ്ടതാണ്.

ഏറ്റവും കൂടുതല്‍ ബാങ്ക് തട്ടിപ്പുകള്‍ നടക്കുന്ന കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ കറന്‍സിരഹിത ഇടപാടുകള്‍ നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. അതിന് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 31-നകം എല്ലാ വില്ലേജുകളെയും കറന്‍സിരഹിത പദവിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇടപാടുകള്‍, ഇ-വാലറ്റ്, സ്മാര്‍ട്ട് ഫോണ്‍, ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ചുളള ഇടപാടുകള്‍ മുതലായവയിലാണ് പരിശീലനം നല്‍കുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നും എത്രപേരുടെ പണം തട്ടിപ്പിലൂടെ നഷ്ടപ്പെടുമെന്നും ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഈ മേഖലകളില്‍ ഹൈടെക്‌ സാങ്കേതികവിദ്യകളുപയോഗിച്ചാണ്‌ സൈബര്‍ കുറ്റവാളികള്‍ ഇന്ത്യയുടെ വമ്പന്‍ പ്രതിരോധ ബജറ്റിനോളം പോന്ന തുക ഓരോ വര്‍ഷവും തട്ടിയെടുക്കുന്നത്‌. ഓരോ വര്‍ഷവും ആഗോളതലത്തില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ എട്ട്‌ മുതല്‍ 10 ശതമാനം വരെ വര്‍ധനയുണ്ടാവുന്നുവെങ്കില്‍ ഇന്ത്യയിലെ വര്‍ധനയുടെ തോത്‌ കഴിഞ്ഞ വര്‍ഷം 17 ശതമാനത്തോളമായിരുന്നു എന്നു കേള്‍ക്കുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാകുന്നത്.

മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ അടിസ്ഥാനപരമായി പ്രശ്നങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാക്കിയിട്ടില്ല. കള്ളപ്പണ വേട്ട തകൃതിയായി രാജ്യമെങ്ങും നടക്കുന്നുണ്ട്. കോടിക്കണക്കിന് കള്ളപ്പണം പിടിച്ചെടുത്ത് ബാങ്കുകളില്‍ നിക്ഷേപിക്കുന്നുമുണ്ട്. അതേ നിലയില്‍ തന്നെ സമാന്തരമായി സാധാരണക്കാരുടെ ദൈനംദിന ജീവിതവും ആകെ താറുമാറായിക്കൊണ്ടിരിക്കുന്നു. ഇന്ത്യ മുഴുവന്‍ ഡിജിറ്റലാക്കുമെന്ന മോദിയുടെ ആഗ്രഹം സഫലമാകണമെങ്കില്‍ മേല്പറഞ്ഞ സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തിലും  ഉത്തരവാദിത്വമേറ്റെടുക്കണം.

അമേരിക്കയിലും മറ്റിതര രാജ്യങ്ങളിലും വിവര സാങ്കേതിക വിദ്യകളും ഡിജിറ്റല്‍ സം‌വിധാനവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. കാരണം അത്രയും കെട്ടുറപ്പോടെ, വിശ്വസനീയതയോടെ, എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടങ്ങളിലെല്ലാം ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളവും, പെന്‍ഷനും, ആനുകൂല്യങ്ങളുമെല്ലാം ബാങ്കുവഴിയാണ് നടക്കുന്നത്. ഓണ്‍‌ലൈന്‍ പര്‍ച്ചെയ്സിംഗും, വ്യാപാരവും, ബില്‍ പെയ്മെന്റുകളും, ഓട്ടോമാറ്റിക് പെയ്മന്റുകളുമൊക്കെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ഭദ്രമായി നടക്കുന്നു. ക്യാഷ് കൈയ്യിലില്ലെങ്കിലും എടി‌എം-ക്രഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് നമുക്ക് ക്രയവിക്രയങ്ങള്‍ നടത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ബാങ്കുകളിലെ എടി‌എം കാര്‍ഡുകള്‍ ലോകത്ത് എവിടെ വേണമെങ്കിലും ഉപയോഗിക്കാം. ബാങ്ക് ഡെപ്പോസിറ്റുകള്‍, ട്രാന്‍സ്ഫറുകള്‍ എല്ലാം ഓണ്‍ലൈന്‍ വഴി ചെയ്യാം. അക്കൗണ്ടുകള്‍ ഓണ്‍‌ലൈന്‍ വഴി പരിശോധിക്കാം.... ഇവയൊക്കെ സുരക്ഷിതമായ സാങ്കേതികതത്വത്തോടെ ബാങ്കുകളും സര്‍ക്കാരിതര സ്ഥാപനങ്ങളും ജനങ്ങള്‍ക്കായി ഒരുക്കിത്തന്നിട്ടുണ്ട്. എടി‌എം/ക്രഡിറ്റ് കാര്‍ഡുകളില്‍ ഏതെങ്കിലും തരത്തിലുള്ള  അനധികൃത ഇടപാടുകള്‍ നടന്നതായി സംശയം തോന്നിയാല്‍ ബാങ്കുകള്‍ എത്രയും പെട്ടെന്ന് അതിന് പരിഹാരങ്ങളും ചെയ്തുതരുന്നു. എന്നാല്‍ ഇന്ത്യയിലോ? ബാങ്ക് മാനേജരും മറ്റു ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘങ്ങള്‍ പോലും അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ച് ഇടപാടുകാരുടെ പണം മോഷ്ടിച്ചതിന് പിടിക്കപ്പെടുന്ന ഒരു രാജ്യത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സം‌വിധാനം ഒരുക്കുക അസാധ്യമാണെന്ന് മോദി സര്‍ക്കാരിനും റിസര്‍‌വ്വ് ബാങ്കിനും അറിയാതെ പോയത് ദൗര്‍ഭാഗ്യകരമായിപ്പോയി.

ഇപ്പോള്‍ പ്രയോഗത്തില്‍ കൊണ്ടുവന്നിരിക്കുന്ന നോട്ട് നിരോധനത്തിലൂടെയുള്ള ഡിജിറ്റല്‍ പണമിടപാടില്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു. നോട്ട് നിരോധനത്തിലൂടെ ഡിജിറ്റല്‍ പണമിടപാടുകളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും വലിയതോതില്‍ വര്‍ധിച്ചതോടൊപ്പം പരാതികളും പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നതായാണ് പറയപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഗായകന്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ ഓണ്‍ലൈന്‍ വഴി ആരോ തട്ടിയെടുത്തത്. അതേ ദിവസം തന്നെ കേന്ദ്ര സര്‍വ്വകലാശാലാ ജീവനക്കാരിയുടെ അക്കൗണ്ടില്‍ നിന്നും അറുപതിനായിരത്തോളം രൂപയും പിന്‍‌വലിച്ചത്രേ. സാധാരണ ഗതിയില്‍ ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും, പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യാന്‍ നിലവിലെ കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയാണ് ക്രിമിനലുകള്‍ പണം പിന്‍‌വലിക്കാറ്. എന്നാല്‍ ഈ കേസില്‍ അതുപോലുമില്ലാതെയാണ് പണം പിന്‍‌വലിച്ചതത്രേ. ഇത്തരം കേസുകളില്‍ ബാങ്കുകാര്‍ പോലീസിലറിയിച്ച്  അവര്‍ സൈബര്‍ സെല്ലിലറിയിച്ച് കാത്തിരിക്കുകയാണ് പതിവ്. പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുകിട്ടാന്‍ ഒരുപക്ഷേ കാലങ്ങളെടുക്കും.

നോട്ട് നിരോധനത്തിലൂടെ കള്ളപ്പണ വേട്ട പുരോഗമിക്കുകയും കോടിക്കണക്കിന് രൂപ കണ്ടുകെട്ടുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ ക്രിമിനലുകളെ എങ്ങനെ നേരിടുമെന്ന് സര്‍ക്കാരിന് ഇതുവരെ ഒരു രൂപവും കിട്ടിയിട്ടില്ല. രാജ്യമെങ്ങുമുള്ള ബാങ്കുകള്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങി കോടിക്കണക്കിന് രൂപ ഡെപ്പോസിറ്റുകളും വാങ്ങി എല്ലാം ഭദ്രമായി എന്നു ചിന്തിച്ച് സ്വസ്ഥമായി ഇരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റിസര്‍‌വ്വ് ബാങ്കും 'എല്ലാം ശരിയായി' എന്ന മട്ടില്‍ ആശ്വാസം കൊള്ളുന്നു. പക്ഷെ, ഇതിന്റെയെല്ലാം അന്ത്യം സൈബര്‍ ക്രിമിനലുകളുടെ കടന്നു കയറ്റവും ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ജനങ്ങളുടെ പണം മോഷ്ടിക്കലുമാണെന്ന് അവര്‍ അറിയുന്നില്ല. ഈ ക്രിമിനലുകളെ എങ്ങനെ നേരിടാമെന്നുള്ള യാതൊരു സം‌വിധാനവും ബാങ്കുകള്‍ ഒരുക്കിയിട്ടില്ലെന്നുള്ളതും ഭീകരമായ ഒരു സത്യമാണ്. കൈയ്യിലുള്ള പണം മുഴുവന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാരനെ കാത്തിരിക്കുന്നത് ഒരു വന്‍ ദുരന്തമാണെന്ന് അവര്‍ അറിയുന്നതേ ഇല്ല.

Friday, December 16, 2016

തിയ്യേറ്ററുകളിലൊതുങ്ങുന്ന ദേശസ്നേഹം

സിനിമാ തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും, ആ സമയത്ത് എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവും തുടര്‍ന്നുള്ള കോലാഹലങ്ങളും വിവാദങ്ങളും അടങ്ങുന്നതിനു മുന്‍പുതന്നെ വിവാദം കൊഴുപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ട ഘട്ടത്തിലെത്തിയിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങള്‍.
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ആസ്വാദനത്തിന്റെ പുത്തന്‍‌തലങ്ങള്‍ക്കപ്പുറം അരാജകത്വത്തിന്റെ പുതിയ പാഠങ്ങളാണ് ദേശീയഗാനത്തിന്റെ കാരണം പറഞ്ഞ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദേശീയഗാനം വര്‍ഗീയവത്ക്കരിക്കുന്നതും, ദേശീയഗാനത്തോടുള്ള അനാദരവും ചലച്ചിത്രമേളയില്‍ ഒരു പതിവു കാഴ്ചയായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് തിയ്യേറ്ററുകള്‍ക്ക് ചുറ്റും റോന്തു ചുറ്റുന്ന കാഴ്ചയാണത്രേ തിരുവനന്തപുരത്തെ ചലച്ചിത്ര മേളയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ആരൊക്കെ ഇരിക്കുന്നു, ആരൊക്കെ ദേശീയഗാനത്തെ ആദരിക്കുന്നില്ല, ആരൊക്കെ മൊബൈലില്‍ സംസാരിക്കുന്നു, ആരൊക്കെ അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു എന്നെല്ലാം കൃത്യമായി കണ്ടുപിടിക്കാന്‍ ചിലര്‍ തിയ്യേറ്ററിനകത്തുതന്നെയുണ്ടുതാനും. അനാദരവ് കാണിക്കുന്നവരുടെ ഫോട്ടോ എടുത്ത് വാട്സ്‌ആപ്പ് വഴി പുറത്തു കാത്തുനില്‍ക്കുന്ന പോലീസിന് കൈമാറുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കൂട്ടത്തില്‍ ഒരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകരും ക്യാമറയുമായി അകത്തുണ്ടെന്നും, അവര്‍ കൈമാറുന്ന ദൃശ്യങ്ങള്‍ നോക്കി ദേശീയഗാനാലാപനം കഴിഞ്ഞയുടനെ പോലീസ് അകത്തു കയറി അതീവ സന്തോഷത്തോടെ ഇരയുടെ അടുത്തേയ്ക്ക് പാഞ്ഞടുത്ത് അയാളെ അല്ലെങ്കില്‍ അവരെ കൈയ്യോടെ പിടികൂടുകയും ചെയ്യുന്നു. എതിര്‍ത്താല്‍ അറസ്റ്റ്, ഇല്ലെങ്കില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ദേശസ്നേഹത്തെക്കുറിച്ച് സ്റ്റഡി ക്ലാസെടുത്ത് ജാമ്യത്തില്‍ വിടുക. ഇതാണ് ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്നത്.

ഇത്രയുമായപ്പോള്‍ സ്വാഭാവികമായി ആരും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ്... 'ഇതെന്താ ഇപ്പോള്‍ ഇങ്ങനെ' എന്ന്. ആദ്യകാലങ്ങളില്‍ സിനിമ കഴിഞ്ഞയുടനെ സ്‌ക്രീനില്‍ ദേശീയപതാക കാണിച്ച് ദേശീയഗാനവും കേള്‍പ്പിക്കുമായിരുന്നു. ആ പതിവ് നിര്‍ത്തിയിട്ട് എത്രയോ കാലങ്ങളായി. അതിനുശേഷം എത്രയോ സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചു, എത്രയോ ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ മാറിമാറി വന്നു പോയി. ഇപ്പോള്‍ ഇങ്ങനെ ഒരു ദേശസ്നേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മനസ്സിലുദിക്കാന്‍ കാരണമെന്ത്? അതിലെന്തെങ്കിലും ദുരൂഹതയുണ്ടോ? എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ? അതില്‍ സുപ്രീം കോടതിക്കും പങ്കുണ്ടോ? നാഴികക്കു നാല്പതു വട്ടം ദേശീയഗാനം പാടിയാലോ, കേട്ടാലോ മാത്രമേ ദേശസ്നേഹം തോന്നുകയുള്ളോ? ചലച്ചിത്ര മേളയില്‍ എഴുന്നേറ്റു നില്‍ക്കാത്തവരുടെ ഫോട്ടോ എടുക്കാനും പോലീസിനെക്കൊണ്ട് പിടിപ്പിക്കാനും ഉത്സാഹം കാണിക്കുന്നത് ബി.ജെ.പി. പ്രവര്‍ത്തകരാണെന്നു കേള്‍ക്കുമ്പോള്‍ മേല്പറഞ്ഞ സംശയങ്ങള്‍ക്ക് ആക്കം കൂടും. ചലച്ചിത്രങ്ങളെ എപ്പോഴും വെറുപ്പോടെ കണ്ടിരുന്ന ചില സംഘടനകളുടെ പ്രവര്‍ത്തകരാണ് ചലച്ചിത്ര മേളയിലേക്ക് ഇടിച്ചു കയറിക്കൊണ്ടിരിക്കുന്നതത്രേ. ഒരു പ്രത്യേക ഗ്രൂപ്പായാണ് അവര്‍ തീയേറ്ററുകളില്‍ എത്തുന്നത്. അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും, താമസവും ഭക്ഷണവുമുള്‍പ്പടെ, അവരുടെ മാതൃസംഘടനയുടെ ഓഫീസില്‍ ചെയ്തുകൊടുക്കുന്നു. ഓരോ ദിവസവും പ്രതിഷേധിക്കാനുള്ള പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമൊക്കെ ഈ ഓഫീസിലിരുന്ന് എഴുതി തയ്യാറാക്കി, അന്നന്ന് കാണേണ്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് വാട്‌സാപ്പില്‍ മെസേജ് നല്‍കി കൂട്ടമായാണ് ഇവര്‍ തീയേറ്റിലെത്തുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവരോടൊപ്പം അരാജകവാദികളായ പതിവ് ബുദ്ധിജീവികളും കൂടി ചേര്‍ന്നാണ് ദേശീയ ഗാനവിവാദം കൊഴുപ്പിക്കുന്നതെന്നും പറയുന്നു. സുപ്രീം കോടതി എന്തു കാരണത്താലാണ് തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിട്ടതെന്നാണ് ഇപ്പോഴും മനസ്സിലാകാത്തത് ! തിയ്യേറ്ററിനെന്താണ് പ്രത്യേകത? സിനിമ കാണാന്‍ തിയ്യേറ്ററിലിരിക്കുന്നവര്‍ക്ക് മാത്രം മതിയോ ദേശസ്നേഹം? മറ്റുള്ളവര്‍ക്ക് വേണ്ടേ? എന്തുകൊണ്ട് സുപ്രീം കോടതിയടക്കം എല്ലാ കോടതികളിലും അത് നടപ്പിലാക്കുന്നില്ല? ജഡ്ജിമാര്‍ക്കും, അഭിഭാഷകര്‍ക്കും മറ്റു കോടതി ജീവനക്കാര്‍ക്കാര്‍ക്കും ദേശസ്നേഹം വേണ്ടേ? എന്തുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, കോളേജുകള്‍, പ്രൈവറ്റ് ഓഫീസുകള്‍, കമ്പനികള്‍, ഫാക്ടറികള്‍, റെയില്‍‌വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ദേശീയ ഗാനം കേള്‍പ്പിച്ചുകൂടാ? അവിടെയുള്ളവര്‍ക്കൊന്നും ദേശസ്നേഹം വേണമെന്നില്ലേ? ആരാധനാലയങ്ങളില്‍ വരുന്നവര്‍ക്ക് ദേശസ്നേഹം വേണ്ടെ? എന്തുകൊണ്ട് സിനിമാ തിയ്യേറ്ററുകളില്‍ മാത്രം ദേശീയഗാനം കേള്‍പ്പിക്കാനും ജനങ്ങള്‍ എഴുന്നേറ്റു നില്‍ക്കാനും സുപ്രീം കോടതി ഉത്തരവിറക്കി? ആരുടെ പ്രേരണയില്‍? ബി.ജെ.പി-ആര്‍‌എസ്‌എസ്-ശിവസേന-സംഘ്‌പരിവാര്‍ അജണ്ടയാണോ സുപ്രീം കോടതി നടപ്പിലാക്കിയത്?

ഈ ദേശീയഗാനത്തിന്റേയും ദേശഭക്തിയുടേയും പിറകില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്താണെന്ന് ഇപ്പോഴല്ലെങ്കില്‍ പിന്നീട് ജനങ്ങള്‍ക്ക് മനസ്സിലാകും. കഴിഞ്ഞ വര്‍ഷം (2015-ല്‍) സ്‌കൂളുകളില്‍ സൂര്യനമസ്ക്കാരം നിര്‍ബ്ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയതു തന്നെ ഒരു ഉദാഹരണമായിട്ടെടുക്കാം. ഒരു മതേതര രാഷ്‌ട്രമായ ഇന്ത്യയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എന്നും സൂര്യനമസ്ക്കാരം ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് പിന്നില്‍ പതിയിരിക്കുന്ന അപകടം മണത്തറിഞ്ഞ് രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തി. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ് ഹിന്ദുമത/സനാതന ധര്‍മ്മ വിശ്വാസം. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ മുതലായ ദേവന്മാരും, അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. സൂര്യനെ നമസ്ക്കരിക്കുന്നതും ദൈവപരിവേഷം നല്‍കുന്നതും ക്രൈസ്തവരും, മുസ്ലീങ്ങളും, മറ്റു ചില മതവിഭാഗങ്ങളും വിശ്വസിക്കുന്നില്ല. അതവരുടെ വിശ്വാസങ്ങളെ ഹനിക്കുന്നതാണ്. അതേച്ചൊല്ലിയാണ് വിവാദങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് ആളിപ്പടര്‍ന്നത്. അപകടം മണത്ത ബി.ജെ.പി. കണ്ടുപിടിച്ച മറ്റൊരു പോം‌വഴിയാണ് എല്ലാ സ്‌കൂളുകളിലും യോഗാ നിര്‍ബ്ബന്ധമാക്കല്‍. ആയുരാരോഗ്യപരിപാലനത്തിന് യോഗയാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. ആ യോഗയുടെ പേരിലായിരുന്നു പിന്നീടുള്ള വിവാദങ്ങള്‍. യോഗ ചെയ്യുന്നതിനു മുന്‍പ് സൂര്യ നമസ്ക്കാരം നിര്‍ബ്ബന്ധമാണല്ലോ. ജൂണ്‍ 21-ന് യോഗ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന സൂര്യനമസ്‌ക്കാരം മുസ്ലീം സംഘടനകളുടെ കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് പിന്‍ വലിച്ചിരുന്നു. ഇഷ്ടമുള്ളവര്‍ മാത്രം സൂര്യനമസ്‌ക്കാരം ചെയ്താല്‍ മതിയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിവാദത്തോട് സ്വീകരിച്ചത്. അപ്പോഴും പ്രതിഷേധത്തിന് ആക്കം കൂടിയതല്ലാതെ കുറഞ്ഞില്ല. കാരണം 'ഓം' ഉരുവിട്ടുകൊണ്ട് യോഗ അഭ്യസിക്കണമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വിവരമാണ് കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. അതിനെതിരെ ബിജെപി മുസ്ലീം അനുകൂല സംഘടനകളും രംഗത്തെത്തിയതോടെ സൂര്യനമസ്ക്കാരം, 'ഓം' മുതലായവ വേണമെങ്കില്‍ മാത്രം ചെയ്താല്‍ മതിയെന്ന നിബന്ധന വെച്ചതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്.

യോഗയെക്കുറിച്ച് ഇവിടെ പ്രതിപാദിച്ചതിന്റെ കാരണം ഇപ്പോള്‍ ദേശഭക്തിയുടെ മറവില്‍ ദേശീയഗാനം അടിച്ചേല്പിക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് പറയാനാണ്. ബി.ജെ.പി.-ആര്‍.എസ്.എസ്.-സംഘ്‌പരിവാര്‍ പ്രവര്‍ത്തകരാണ് ദേശീയഗാനത്തിന്റെ 'രക്ഷകരായി' അവതരിച്ച് തിയ്യേറ്ററുകളില്‍ കടന്നുകൂടി എഴുന്നേറ്റു നില്‍ക്കാത്തവരെ കണ്ടുപിടിച്ച് പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിപ്പിക്കുന്നതെന്നതു തന്നെയാണ് അതിന്റെ മറ്റൊരു കാരണവും. ഒരു ചെറിയ സംഭവം പോലും വലിയൊരു പ്രസ്ഥാനമാക്കി മാറ്റാനുള്ള മോദിയുടെ കഴിവ് ഒന്നു വേറെ തന്നെയാണല്ലോ. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിപ്പിക്കണമെന്ന മോദിയുടെ നിര്‍ദ്ദേശം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചത് മോദി ഭക്തരില്‍ ആവേശം ജനിപ്പിച്ചിരുന്നു. ഇത് മോദി വിരുദ്ധര്‍ക്കെതിരായ ഭക്തരുടെ പ്രവര്‍ത്തനങ്ങളുടെ വീര്യം കൂട്ടുകയും ചെയ്തിരുന്നു. ആ വീരസ്യമാണ് ഇപ്പോള്‍ ദേശീയഗാനത്തില്‍ കയറിപ്പിടിച്ചിരിക്കുന്നത്. ദേശീയഗാനത്തെ ആദരിക്കരുത് എന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. പത്തുപേര്‍ കൂടുന്നിടത്തൊക്കെ ദേശീയഗാനമാലപിക്കണമെന്ന സുപ്രീം കോടതിയുടെ അടുത്ത വിധി വരുമ്പോള്‍ അതനുസരിക്കാന്‍ നിര്‍ബ്ബന്ധിതരാകേണ്ടിവരുന്ന പൗരന്മാരുടെ നിസ്സഹായവസ്ഥയും മുന്‍‌കൂട്ടി കാണണമല്ലോ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിരോധിച്ചുകൊണ്ട് ഈ അടുത്തയിടെ സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 'ശബ്ദമലിനീകരണ'മാണ് അതിന് കാരണം കണ്ടുപിടിച്ചത്. എന്നാല്‍, അതും മറ്റൊരു രഹസ്യ അജണ്ടയുടെ ഭാഗമാണോ എന്ന സംശയം ബലപ്പെടണമെങ്കില്‍ ആരാധനാലയങ്ങളില്‍ ഇനി മുതല്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം. യോഗയുടെ മറവില്‍ സൂര്യനമസ്ക്കാരം നിര്‍ബ്ബന്ധമാക്കാന്‍ ശ്രമിച്ചതുപോലെ, ദേശഭക്തിയുടെ മറവില്‍ ദേശീയ ഗാനം കൊണ്ടുവന്നതുപോലെ അതും സംഭവിക്കാം.

ഈ വിഷയത്തില്‍ പലരും പല അഭിപ്രായങ്ങളും പറയുന്നത് ചാനലുകളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും അറിഞ്ഞതില്‍ നിന്ന് മനസ്സിലാകുന്നത്, ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവര്‍ ദേശവിരുദ്ധരാണെന്നോ, അവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നവര്‍ ദേശസ്നേഹികളാണെന്നോ അല്ല. മറിച്ച്, പ്രകോപനങ്ങള്‍ സൃഷ്ടിച്ച് ജാതി-മത-വിശ്വാസങ്ങളില്‍ വിഷം കലര്‍ത്തുക എന്ന ഗൂഢലക്ഷ്യമാണെന്നാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണല്ലോ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കൊടുങ്ങല്ലൂരിലുള്ള വീടിനു മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം. പ്രകടനം നടത്തിയതോ ബി.ജെ.പി.ക്കാരും. മറ്റൊരു പാര്‍ട്ടിക്കാരും അങ്ങോട്ടു ചെന്നതുമില്ല. പ്രകടനക്കാരില്‍ ആരും തന്നെ ദേശീയ പതാക ഏന്തിയിരുന്നില്ല, പകരം ബി.ജെ.പി.യുടെ കൊടിയായിരുന്നു കൈയില്‍. കൂടാതെ പ്രകടനക്കാര്‍  ദേശീയഗാനത്തെ മുദ്രാവാക്യം പോലെയാണ് വിളിച്ചതെന്നും, അത് ഭരണഘടനയുടെ ലംഘനമാണെന്നും കാണിച്ച് റവല്യൂഷണറി യൂത്ത് ഭാരവാഹികള്‍ പരാതി കൊടുത്തപ്പോള്‍ പോലീസിന്റെ ഭാഷ്യം ഇങ്ങനെയായിരുന്നു.... "പ്രതിഷേധസൂചകമായി ദേശീയഗാനം ആലപിച്ചതില്‍ കേസെടുക്കാനാകില്ല, നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് ഈ വിഷയത്തില്‍ കേസെടുക്കാനാകില്ല, ദേശീയഗാനം ആലപിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ എഴുന്നേറ്റുനില്‍ക്കുകയായിരുന്നു....!" ഇതില്‍ നിന്നും മനസ്സിലാകുന്നത് ദേശീയഗാനം എങ്ങനെയാണ് ആലപിക്കേണ്ടതെന്നും, അത് ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദകളെന്താണെന്നും പോലീസിനോ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കോ അറിയില്ല എന്നാണ്. പോലീസിന്റെ നോട്ടത്തില്‍ പ്രകടനക്കാര്‍ കമലിന്റെ വീട്ടു പടിക്കല്‍ കൊടിയുമേന്തി നിന്ന് അട്ടഹസിക്കുകയും മുഷ്ടി ചുരുട്ടി ദേശീയഗാനം മുദ്രാവാക്യമായി വിളിച്ചുകൂവുകയുമായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസിന്റെ വിവരക്കേട് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. മറ്റൊരു വശം ചിന്തിച്ചാല്‍ പോലീസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഉത്തരവുകള്‍ അനുസരിക്കുക എന്നതാണല്ലോ അവരുടെ ഉത്തരവാദിത്വം. നമ്മുടെ ഭരണകൂടവും നീതിന്യായപീഠവും ദേശസ്‌നേഹത്തിന്റെ മാര്‍ക്കറ്റിംഗ് ഏറ്റെടുത്താല്‍ ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. ദേശസ്‌നേഹം എന്താണ്, അത് എങ്ങനെയാണ് ഓരോരുത്തരിലും ഉളവാകുന്നത് എന്നെല്ലാം മനസ്സിലാക്കാതെയുള്ള നടപടികള്‍ ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമാണെന്ന് പറയാതെ വയ്യ.

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഓരോ സിനിമകളും പ്രദര്‍ശിപ്പിക്കുമ്പോള്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് അപ്രായോഗികമാണെന്ന് പറഞ്ഞ കമലിന്റെ വസതിക്കു മുമ്പില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യമായി ആലപിച്ചതാണോ അനാദരവ് അതോ കമല്‍ പറഞ്ഞതാണോ ശരി? ബി.ജെ.പി.-ആര്‍‌.എസ്.എസ്. ആണോ ഭാരതീയരെ ദേശസ്നേഹം പഠിപ്പിക്കേണ്ടത്? രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോദ്സെയെ പൊടിതപ്പിയെടുത്ത് രാഷ്‌ട്രപിതാവായി വാഴിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത് ബി.ജെ.പി. സഖ്യകക്ഷികള്‍ കേന്ദ്രഭരണത്തില്‍ വന്നതിനു ശേഷമാണ്. ഈ സഖ്യകക്ഷികള്‍ക്ക് ദേശീയഗാനത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കാനും മറ്റുള്ളവരെ പാഠം പഠിപ്പിക്കാനും അര്‍ഹതയുണ്ടോ? ദേശീയ പതാകയോടും, ദേശീയഗാനത്തോടും അതുപോലെ ദേശസ്നേഹപരമായ എന്തിനോടും ആദരവ് കാണിക്കാത്തവരാണ് ആര്‍.എസ്.എസ്. ഇന്ത്യയൊട്ടാകെ കാവിക്കൊടി പറത്താനും, ദേശസ്നേഹത്തിന്റെ പേരില്‍ ഇന്ത്യയെ കാവിവത്ക്കരിക്കാനുമുള്ള ഗൂഢമായ നീക്കമാണ് ഇപ്പോള്‍ ഉന്നയിക്കുന്ന ദേശീയഗാന ഭക്തി. ദേശീയഗാനം ഒരു പാര്‍ട്ടിയുടേയും സ്വത്തല്ല. അത് രാഷ്‌ട്രത്തിന്റെ സ്വത്താണ്. അതായത് ഓരോ ഭാരതീയന്റേയും സ്വത്ത്. ദേശീയഗാനത്തെ അനാദരിച്ചവരുടെ പേരില്‍ കേസെടുക്കണമെന്നു വിധിച്ച സുപ്രീം കോടതിയോടും, ആ വിധിയെ അപ്പാടെ തലയിലേറ്റി കൈവിലങ്ങുമായി നടക്കുന്ന പോലീസിനോടും ഒന്നേ ചോദിക്കാനുള്ളൂ. സിനിമാ തിയ്യേറ്ററുകളില്‍ പോകുന്നവര്‍ക്ക് മാത്രം മതിയോ ദേശഭക്തി? ദേശീയഗാനത്തെ അവര്‍ മാത്രം ആദരിച്ചാല്‍ മതിയോ? ദേശഭക്തി പ്രകടിപ്പിക്കാന്‍ ദേശീയഗാനം കേള്‍ക്കണമെന്നുണ്ടോ? അതുപോലെ ദേശീയഗാനം കേള്‍ക്കുന്നവരൊക്കെ ദേശഭക്തിയുള്ളവരാണോ?
ഇത്തരുണത്തില്‍ Prevention of Insults to National Honour Act 1971 പ്രകാരം 1986-ലെ സുപ്രീം കോടതിയുടെ തന്നെ ഒരു സുപ്രധാന വിധി പരിശോധിക്കാം..... "1986- ലെ ബിജോ ഇമ്മാനുവേല്‍ വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള കേസില്‍ ദേശീയ ഗാനം ചൊല്ലുന്ന തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്നും അങ്ങനെ ചൊല്ലാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് തങ്ങളെ പുറത്താക്കിയ നടപടി റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് യഹോവ സാക്ഷി വിശ്വാസികളായ മൂന്ന് കുട്ടികളുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി. കേസില്‍ വിധി പറഞ്ഞ ജഡ്ജി ജസ്റ്റീസ് ഒ. ചിന്നപ്പ റെഡ്ഡി ദേശിയഗാനം ആലപിക്കുമ്പോള്‍ കൂടെ ചൊല്ലണം എന്നില്ലെന്നും സംസാരിക്കാന്‍ അവകാശമുള്ളത് പോലെ മിണ്ടാതിരിക്കാനും അവകാശം ഉണ്ടെന്നും പ്രസ്താവിച്ചു. മതവിശ്വാസ പ്രകാരം ഒരാള്‍ക്ക് ദേശിയഗാനം ചൊല്ലുന്നതില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം അതനുവദിച്ചു തരുന്നുണ്ടെന്നും വിധിയില്‍ പറയുന്നു. Prevention of Insults to national honor act 1971 പ്രകാരം ദേശീയ ഗാനം ചൊല്ലാതിരിക്കുന്നത് നിയമലംഘനം ആയി കണക്കാക്കാം എന്നിരിക്കെ പ്രസ്തുത വിധിപ്രകാരം ദേശീയഗാനം ആലപിക്കാതിരിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് തരുന്നു..." (Bijoe Emmanuel & Ors V. State of Kerala & Ors [1986] INSC 167), എന്നാണ് പറഞ്ഞിരിക്കുന്നത്.

ദേശീയ ഗാനത്തോട് ആദരവ് കാണിക്കണമെന്ന് ഓരോ ഭാരതീയനും അറിയാം. അത് ഓരോരുത്തരുടെയും ഭരണഘടനാപരമായ കടമയാണ്. ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ നമ്മള്‍ അനുഭവിക്കുമ്പോള്‍ ആ ഭരണഘടന അനുശാസിക്കുന്ന കടമകള്‍ നിര്‍വ്വഹിക്കാനും ഓരോരുത്തരും ബാധ്യസ്ഥരാണ്. എന്നാല്‍ എഴുന്നേറ്റ് നിന്നുകൊണ്ട് വേണം ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കാന്‍ എന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ല. മേല്പറഞ്ഞ1971 ലെ ദേശീയതയെ അവഹേളിക്കുന്നത് തടയല്‍ നിയമത്തിലെ സെക്ഷന്‍ മൂന്നില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. "ആരെങ്കിലും മനഃപ്പൂര്‍വ്വം ദേശീയ ഗാനാലാപനത്തെ തടയുകയോ ദേശീയ ഗാനം ആലപിക്കുന്ന സമ്മേളനത്തെ അലങ്കോലപ്പെടുത്തുകയോ ചെയ്താല്‍ ആ വ്യക്തി മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടതാണ്" എന്നാണ് നിയമം. ഇവിടെ എവിടെയും എഴുന്നേറ്റ് നിന്ന് ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. ദേശീയഗാനം ആലപിക്കാത്തവരേയും എഴുന്നേറ്റു നില്‍ക്കാത്തവരെയും രാജ്യദ്രോഹികളായി കണക്കാക്കണമെന്നോ ശിക്ഷിക്കണമെന്നോ പറഞ്ഞിട്ടില്ല. തന്നെയുമല്ല, സിനിമാ തിയ്യേറ്ററില്‍ മാത്രം ദേശീയഗാനം കേള്‍പ്പിക്കണമെന്നും പറഞ്ഞിട്ടില്ല. ദേശസ്നേഹം പ്രകടിപ്പിക്കാന്‍ ദേശീയഗാനം കേള്‍ക്കണമെന്നും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തത് അനാദരവാകും?
ഇപ്പോള്‍ അതേ സുപ്രീം കോടതി തന്നെ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആ സമയത്ത് തിയേറ്ററിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്ന് ആദരവ് കാണിക്കണമെന്നും ഉത്തരവിറക്കിയത് കുറുന്തോട്ടിക്ക് വാതം പിടിച്ച പോലെയാണ്. സുപ്രീം കോടതി തന്നെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നു. ഉത്തരവ് പാലിച്ച പോലീസും ഭരണഘടനാ വിരുദ്ധവുമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ചു മാത്രമേ ഒരു വ്യക്തിക്കെതിരെ കേസെടുക്കാന്‍ സാധിക്കൂ. നിയമം തന്നെ നിലവിലില്ലെങ്കില്‍ കുഴങ്ങുന്നത് പോലീസായിരിക്കും. ഒരു സംഘടനയുടെ, അല്ലെങ്കില്‍ ഒരു പാര്‍ട്ടിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഇല്ലാത്ത നിയമത്തിന്റെ പേരില്‍ കേസെടുത്താല്‍ അത് മൗലീകാവകാശ ധ്വംസനത്തില്‍ പെടും. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം മൂന്നിലെ 20-ാം അനുച്ഛേദത്തില്‍ അത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. (Article 20 {Protection in respect of conviction for offenses} No person shall be convicted of any offence except for violation of a law in force at the time of the commission of the act charged as an offence, not be subjected to a penalty greater than that which might have been inflicted under the law in force at the time of the commission of the offence). അതായത് ഒരു കുറ്റത്തിന് ശിക്ഷ നല്‍കേണ്ടത് ആ കുറ്റം ചെയ്യപ്പെടുന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരമാണ്. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ ശിക്ഷിക്കാന്‍ നിലവിലുള്ള ഒരു നിയമവും പറയുന്നില്ല.

ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നില്‍ക്കാത്തവരെ മര്‍ദ്ദിച്ച സംഭവവും നടക്കുന്നുണ്ട്. മര്‍ദ്ദിച്ചവര്‍ ദേശസ്നേഹികളായതുകൊണ്ടല്ല, മറിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് അവരത് ചെയ്തത്. അത്തരം 'ദേശസ്നേഹികളുടെ' ഉദ്ദേശശുദ്ധിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഒരു പൗരന്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യപ്പെടാനോ അവരെ അനാവശ്യമായി ആക്രമിക്കാനോ ഒരു നിയമവും അനുശാസിക്കുന്നില്ല. ദേശീയ ഗാനാലാപന സമത്ത് എഴുന്നേറ്റു നില്‍ക്കാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് നിയമലംഘനവും, ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇവിടെ ബി.ജെ.പി. അഭിനവ രാജ്യസ്നേഹികളായി വേഷം മാറിയെങ്കില്‍ തീര്‍ച്ചയായും ഇത് അവരുടെ 'രഹസ്യ അജണ്ട'യുടെ ഭാഗം തന്നെയാണ്. നിയമലംഘനം നടത്തുന്ന പോലീസുകാരേയും, അവരെ സം‌രക്ഷിക്കുന്ന സര്‍ക്കാരുകളേയും, ആ സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന പാര്‍ട്ടിയേയും ശിക്ഷിക്കേണ്ട സുപ്രീം കോടതി തന്നെയാണ് ഈ വിപത്തുകളെല്ലാം വരുത്തി വെച്ചിരിക്കുന്നത്. ആ കോടതിയെ ആര് നിയന്ത്രിക്കും? ഒരാളുടെ ദേശസ്‌നേഹം വിലയിരുത്തപ്പെടേണ്ടതും കണക്കിലെടുക്കേണ്ടതും അയാള്‍ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ചിട്ടു വേണ്ട. ദേശസ്നേഹം സിനിമാ തിയ്യേറ്ററുകളില്‍ ഒതുങ്ങേണ്ട ഒന്നല്ല. ദേശസ്നേഹം രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ ഭാരതീയന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. അത് പ്രകടിപ്പിക്കേണ്ടത് ഏതൊരു ഭാരതീയന്റേയും പൗരാവകാശവുമാണ്.
ജയ് ഹിന്ദ്

Tuesday, December 13, 2016

വിഘടനവാദികളായ ശിവസേനയുടെ തന്ത്രങ്ങള്‍ ! (ലേഖനം)

സ്വന്തം രാജ്യത്തെ ജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുകയെന്ന നിയുക്ത യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിന്റെ മാതൃക പ്രധാനമന്ത്രി നരേന്ദ്ര മോദിയും നടപ്പാക്കണമെന്ന ശിവസേനയുടെ നിര്‍ദ്ദേശം വിവേകശൂന്യാമാണെന്നു വേണം പറയാന്‍. ശിവസേനയുടെ ഈ നിര്‍ദ്ദേശത്തിന് അവര്‍ നിരത്തുന്ന കാരണങ്ങളാണ് അതിലേറെ രസകരം. ഇന്ത്യയില്‍ ജോലി ചെയ്യുന്ന എല്ലാ പാക് കലാകാരന്‍മാരെയും മറ്റു ജോലികള്‍ ചെയ്യുന്നവരെയും എത്രയും പെട്ടെന്ന് ഒഴിവാക്കാന്‍ മോദി തയ്യാറാകണമെന്നാണ് ശിവസേന ആവശ്യപ്പെടുന്നത്. "പാക്കിസ്ഥാനി കലാകാരന്മാരും ടെക്‌നീഷ്യന്മാരും ടെലിവിഷന്‍ പ്രവര്‍ത്തകരും ഇന്ത്യയിലേക്ക് വന്നു പണം നേടുകയാണ്. സൗഹൃദത്തിന്റെയും ബന്ധങ്ങളുടെയും പേരു പറഞ്ഞാണ് അവര്‍ ഇവിടെ വരുന്നത്. അവര്‍ ഒറ്റുകാരാണ്. ഇന്ത്യയെ നശിപ്പിക്കുക എന്ന ഒറ്റ ലക്ഷ്യമേ അവര്‍ക്കുള്ളൂ. ഇന്ത്യക്കാരുടെ പണമാണ് അവര്‍ ഇവിടെ നിന്നും കൊണ്ടുപോകുന്നത്. അത് അനുവദിച്ചുകൂടാ..." അങ്ങനെ പോകുന്നു  ശിവസേനയുടെ വിശദീകരണം. അതിനാല്‍ ട്രംപ് പറഞ്ഞതുപോലെ ഒരു നിര്‍ദ്ദേശം ഇന്ത്യയ്ക്ക് നടപ്പിലാക്കാന്‍ സാധിക്കുമോ എന്നാണ് ശിവസേന ചോദിക്കുന്നത്. പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ ജോലി ലഭിക്കരുത്. കൂടാതെ ആരാണോ പാക്കിസ്ഥാനികള്‍ക്ക് ജോലി നല്‍കുന്നത് അവരെ ഇന്ത്യയുടെ ശത്രുക്കളായി പ്രഖ്യാപിക്കണമെന്നും ശിവസേന ആവശ്യപ്പെടുന്നു. ഡൊണാള്‍ഡ് ട്രംപിനെപ്പോലെയൊരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന കാര്യമാണെങ്കില്‍ മോദിക്ക് തീര്‍ച്ചയായും അത് നടപ്പാക്കാന്‍ സാധിക്കുമെന്നും ശിവസേന പറയുന്നു.

അമേരിക്കക്കാരുടെ ജോലി കളയാന്‍ മറുനാട്ടുകാരെ അനുവദിക്കില്ലെന്നു കഴിഞ്ഞ ദിവസമാണ് ട്രംപ് പ്രഖ്യാപിച്ചത്. എച്ച്1ബി വിസയടക്കം എല്ലാ പുറം ജോലിക്കാരുടെ വിസയിലും നിയന്ത്രണം ഏര്‍പ്പെടുത്തുമെന്നും, അമേരിക്കന്‍ കമ്പനികളിലെ താത്ക്കാലിക ജോലിക്കാരെയെല്ലാം പറഞ്ഞുവിടുമെന്നും ട്രം‌പ് വെളിപ്പെടുത്തിയിരുന്നു. ലക്ഷക്കണക്കിന് ഇന്ത്യക്കാര്‍ അടക്കമുള്ളവരുടെ തൊഴില്‍ സാധ്യതയെ ബാധിക്കുന്നതാണ് ട്രംപിന്റെ പ്രഖ്യാപനം. ഐടി മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന ഇന്ത്യക്കാരുടെ ഭാവി അനിശ്ചിതത്തിലാക്കുകയും ചെയ്യും. അടുത്തിടെ ഡിസ്‌നി വേള്‍ഡ് അടക്കമുള്ള അമേരിക്കന്‍ കമ്പനികള്‍ ഇന്ത്യക്കാര്‍ അടക്കമുള്ള ജീവനക്കാരെ നിയമിച്ചിരുന്നു. ഇതുമൂലം അമേരിക്കക്കാരായ ജീവനക്കാര്‍ക്കാണ് തൊഴില്‍നഷ്ടം സംഭവിച്ചതെന്നും ട്രം‌പ് പറഞ്ഞിരുന്നു.

ട്രം‌പിന്റെ പ്രസ്താവനയില്‍ ഒളിഞ്ഞുകിടക്കുന്ന വിപത്ത് എന്താണെന്ന് അറിഞ്ഞിട്ടുതന്നെയാണോ ശിവസേന മോദിയോട് അങ്ങനെയൊരു നിര്‍ദ്ദേശം വെച്ചത്? ഒരു വഴിക്കു ചിന്തിച്ചാല്‍ ട്രം‌പ് പറയുന്നതിലും ശരികളുണ്ട്. കാരണം, വര്‍ഷം തോറും മില്യന്‍ കണക്കിന് വിദ്യാര്‍ത്ഥികളാണ് കോളേജ് വിദ്യാഭ്യാസം പൂര്‍ത്തിയാക്കി പുറത്തു കടക്കുന്നത്. നാഷണല്‍ സെന്റര്‍ ഫോര്‍ എജ്യുക്കേഷണല്‍ സ്റ്റാറ്റിസ്‌റ്റിക്സ് കണക്കനുസരിച്ച് 2016-17 വര്‍ഷങ്ങളില്‍ കോളെജുകളും യൂണിവേഴ്സിറ്റികളും 1,018,000 അസ്സോസിയേറ്റ്സ് ഡിഗ്രിയും, 1.9 മില്യന്‍ ബാച്‌ലേഴ്സ് ഡിഗ്രിയും, 798,000 മാസ്റ്റേഴ്സ് ഡിഗ്രിയും, 181,000 ഡോക്ടേഴ്സ് ഡിഗ്രിയും വിതരണം ചെയ്യുമെന്നാണ് പറയുന്നത് (http://nces.ed.gov/fastfacts/display.asp?id=372). ഇങ്ങനെ ബിരുദം സമ്പാദിച്ച് പുറത്തിറങ്ങുന്നവര്‍ക്ക് ജോലി ചെയ്യാനുള്ള സാഹചര്യം സൃഷ്ടിക്കേണ്ടത് പ്രസിഡന്റ് എന്ന നിലയില്‍ ട്രം‌പിന്റെ ഉത്തരവാദിത്വമാണ്. അമേരിക്കയിലെ കോളേജ് വിദ്യാഭ്യാസമെന്നു പറഞ്ഞാല്‍ ഭീമമായ പണച്ചിലവുള്ളതാണ്. മിക്കവരും സ്റ്റുഡന്റ് ലോണ്‍, പാരന്റ് ലോണ്‍ മുതലായവ കൊണ്ടാണ് അവരുടെ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്നത്. ഡിഗ്രി കരസ്ഥമാക്കി ഒരു ജോലി ലഭിച്ച് ബാങ്കുകളില്‍ നിന്നെടുത്ത ലോണ്‍ തിരിച്ചടച്ചു തീര്‍ക്കാന്‍ വര്‍ഷങ്ങളെടുക്കും. അങ്ങനെയുള്ളവര്‍ക്ക് മാന്യമായ ശമ്പളത്തില്‍ ജോലി പോലും ലഭിച്ചില്ലെങ്കിലോ? ആ ആശങ്കയാണ് ട്രം‌പിനെ അങ്ങനെ ചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്ന് ഊഹിക്കാം. എന്നാല്‍ മറുവശത്ത് എച്ച്1 ബി പോലുള്ള വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി വിദേശിയരുടെ, പ്രത്യേകിച്ച് ഇന്ത്യക്കാരുടെ, തൊഴിലിനെ ബാധിക്കുന്നതാണ് ട്രം‌പിന്റെ പ്രഖ്യാപനം. വര്‍ഷങ്ങളായി എച്ച്1ബി വിസയില്‍ അമേരിക്കയില്‍ ജോലി ചെയ്യുന്ന നിരവധി ഇന്ത്യക്കാര്‍ക്ക് ഒരു വന്‍ തിരിച്ചടിയായിരിക്കുമത്. അങ്ങനെ സംഭവിക്കില്ല എന്ന് പ്രതീക്ഷിക്കാം.

അമേരിക്കയില്‍ ജോലി ചെയ്യുന്ന ഇന്ത്യാക്കാരുടെ ആശങ്കകള്‍ കണക്കിലെടുക്കാതെ, അവരുടെ ഭാവിയെക്കുറിച്ച് ആശങ്കപ്പെടാതെ നരേന്ദ്ര മോദിക്ക് തലതിരിഞ്ഞ നിര്‍ദ്ദേശം കൊടുത്ത ശിവസേനയുടെ ലക്ഷ്യം എന്താണ് ? ഭാരതീയരില്‍ തന്നെ വിഭാഗീയത അല്ലെങ്കില്‍ വിഘടന മനോഭാവം സൃഷ്ടിക്കുക. രാജ്യസ്നേഹമല്ല അവരുടേത്, മറിച്ച് മറാത്ത സ്നേഹമാണ്. മറാത്തികള്‍ മാത്രം മഹാരാഷ്‌ട്രയില്‍ ജോലി ചെയ്താല്‍ മതി എന്നാണ് ശിവസേനയുടെ നയം.  ഇന്ത്യക്കാരായിരുന്നിട്ടുപോലും അന്യസംസ്ഥാനക്കാരെ വിരട്ടിയോടിക്കുന്ന പാരമ്പര്യമാണ് മറാഠികള്‍ക്കുള്ളത്. അമേരിക്കയിലുള്ളതുപോലെ ഇന്ത്യക്കാരെ ജോലിയില്‍ നിന്ന് പുറത്താക്കി എത്ര പാക്കിസ്ഥാനികള്‍ക്കാണ് ഇന്ത്യന്‍ കമ്പനികള്‍ ജോലി കൊടുത്തിട്ടുള്ളത്? പാക്കിസ്ഥാനിയെ കണ്ടാല്‍ ബദ്ധശത്രുക്കളെപ്പോലെ കാണുന്ന ശിവസേനയെ ഭയന്നിട്ടുവേണോ രാജ്യത്തെ മറ്റുള്ളവര്‍ ജീവിക്കാന്‍. ബിജെപിയുടെ സഖ്യകക്ഷിയാണെന്ന ഒരൊറ്റ കാരണത്താല്‍ നരേന്ദ്ര മോദി ശിവസേനയുടെ കളിപ്പാവയാകുകയില്ല എന്ന് പ്രതീക്ഷിക്കാം.

ഉറി ആക്രമണത്തെത്തുടര്‍ന്ന് മുംബൈയില്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിച്ചിരുന്ന പാക് കലാകാരന്മാരെയും ടെക്‌നീഷ്യന്മാരേയും ശിവസേനയുടെ ആഹ്വാനപ്രകാരം പുറത്താക്കിയിരുന്നു. ഉത്തരവ് കിട്ടിയ ഉടനെ അവര്‍ രാജ്യം വിടുകയും ചെയ്തു. മറ്റൊരു പ്രധാനപ്പെട്ട സംഭവമായിരുന്നു പാക് ഗസല്‍ ഗായകന്‍ ഗുലാം അലിയെ ഇന്ത്യയില്‍ പാടാന്‍ അനുവദിക്കാതിരുന്നത്. അദ്ദേഹം മുബൈയില്‍ പാടാനെത്തിയ ശേഷം അപമാനിതനായി തിരിച്ചുപോകേണ്ടിവന്നു. മുംബൈയില്‍ പാടാന്‍ അനുവദിക്കുകയില്ലെന്ന ശിവസേനയുടെ താക്കീതിനെത്തുടര്‍ന്ന് അദ്ദേഹത്തെ ഡല്‍ഹിയില്‍ പാടാന്‍ ക്ഷണിച്ചെങ്കിലും അവിടേയും ശിവസേന പ്രതിഷേധവുമായെത്തിയതോടെയാണ് പാക്കിസ്ഥാനിലേക്ക് തിരിച്ചു പോകേണ്ടി വന്നത്. ഇനി ഇന്ത്യയിലേക്ക് പാടാന്‍ വരില്ലെന്നും അദ്ദേഹം പറയുകയും ചെയ്തു. എന്നാല്‍, മുംബൈയിലും ഡല്‍ഹിയിലും പാടാന്‍ അനുവദിക്കാത്ത ശിവസേനയ്ക്ക് തിരിച്ചടിയെന്നോണം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമൂല്‍ കോണ്‍ഗ്രസ് നേതാവുമായ മമത ബാനര്‍ജി അദ്ദേഹത്തെ കൊല്‍ക്കത്തയിലേക്ക് ക്ഷണിച്ചു. അസഹിഷ്ണുതയ്ക്കുള്ള പ്രതിരോധമെന്ന നിലയ്ക്കാണ് ഗുലാം അലിയെ ക്ഷണിച്ചത്. ഈ വര്‍ഷം ജനുവരിയില്‍ അദ്ദേഹം വരികയും കൊല്‍ക്കത്തയില്‍ പരിപാടി അവതരിപ്പിക്കുകയും ചെയ്തു. തുടര്‍ന്നാണ് അദ്ദേഹത്തെ കേരളത്തില്‍ പാടാന്‍ ക്ഷണിച്ചത്. സാംസ്ക്കാരിക കേരളം അദ്ദേഹത്തെ രണ്ടു കൈയ്യും നീട്ടി സ്വീകരിച്ചു. ജനുവരി 15ന് തിരുവനന്തപുരത്തും 17ന് കോഴിക്കോട്ടും അദ്ദേഹം പരിപാടി അവതരിപ്പിച്ചു. ഡിവൈഎഫ്‌ഐ ഉള്‍പ്പെടെയുള്ള യുവജന സംഘടനകളുടെ ക്ഷണപ്രകാരമാണ് അദ്ദേഹം കേരളത്തിലെത്താമെന്ന് സമ്മതിച്ചതെന്നതും ഇവിടെ പ്രത്യേകം പരാമര്‍ശിക്കേണ്ടതാണ്. കാരണം, ശിവസേനയുടെ ശാഖകള്‍ കേരളത്തിലുമുണ്ടല്ലോ. എന്നാല്‍ അങ്ങനെ പ്രതിഷേധവുമായി അവര്‍ രംഗത്തുവരികയാണെങ്കില്‍ പ്രതിരോധിക്കുമെന്ന ഉറച്ച തീരുമാനത്തിലായിരുന്നു ഡി‌വൈ‌എഫ്‌ഐ.

കലാകാരന്മാരെ മാറ്റി നിര്‍ത്തിയാല്‍, പിന്നെയുള്ളത് സ്പോര്‍ട്സിലാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റര്‍മാരെ ഇന്ത്യയില്‍ കളിയ്ക്കാന്‍ അനുവദിക്കുകയില്ല എന്ന ശിവസേനയുടെ താക്കീതു പ്രകാരം അവരെ ഇന്ത്യയില്‍ കളിയ്ക്കാന്‍ അനുവദിച്ചിട്ടില്ല. എന്നുവെച്ച് ശിവസേന പറയുന്നതെല്ലാം അപ്പാടെ സ്വീകരിച്ച് അതേപടി പ്രവര്‍ത്തിച്ചാല്‍ പ്രധാനമന്ത്രി എന്ന സ്ഥാനത്തിന് എന്തു പ്രസക്തി?

സത്യത്തില്‍ ഇന്ത്യയും പാക്കിസ്ഥാനുമായുള്ള പ്രശ്നം ഒരു വണ്‍‌വേ ട്രാഫിക് പോലെയാണോ എന്ന് പലപ്പോഴും സംശയിക്കാറുണ്ട്. എപ്പോഴും ശത്രുതയുടെ കനലുകൾ വിതറി, ഭാവിയിലെ സാമ്പത്തിക ചൂഷണത്തിന് വഴിതെളിക്കുക എന്നത് കോളനി വാഴ്ചയുടെ ചരിത്ര സത്യങ്ങളാണ്. ഇന്നും അത് നിർബാധം തുടർന്നുകൊണ്ടിരിക്കുന്നു. സ്വാതന്ത്ര്യാനന്തര ഇന്ത്യയെ നയിച്ച നെഹ്റു മുതലുള്ള എല്ലാ ഭരണാധികാരികളും പല സമയങ്ങളിൽ വിവിധ രൂപങ്ങളിൽ അയൽ ബന്ധങ്ങൾ സൗഹൃദമാക്കാൻ ശ്രമിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണം ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ശ്രമിച്ചിട്ടുണ്ട്. പരസ്പരം യോജിപ്പിന്റെ മേഖലയിൽ എത്തുന്ന ഘട്ടങ്ങളിലൊക്കെ സംഘടിത തല്പര കക്ഷികളുടെ ഇടപെടലുകൾ ഉണ്ടാകും, അറിഞ്ഞോ അറിയാതെയോ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി ഈ കക്ഷികളിൽപ്പെട്ടവരാണ് ഇന്ന് കേന്ദ്രം ഭരിക്കുന്നതെന്ന സത്യം നിലനില്‍ക്കുന്നു. അവര്‍ തന്നെ പാക്കിസ്ഥാനെ കുറ്റപ്പെടുത്തുകയും ചെയ്യുന്നു. സത്യത്തില്‍ പാക്കിസ്ഥാന്‍ മാത്രമാണോ കുറ്റക്കാര്‍? അതോ സംഘ്‌പരിവാര്‍, ആര്‍‌എസ്‌എസ്, ശിവസേന മുതലായ വര്‍ഗീയ സഖ്യമാണോ?

മഹാരാഷ്ട്ര നവനിര്‍മ്മാണ്‍ സേന (എം‌എന്‍‌എസ്), ശിവസേന മുതലായ വര്‍ഗീയ പാര്‍ട്ടികള്‍ ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഇടപെട്ട് ചെയ്തുകൂട്ടുന്ന അന്യായങ്ങള്‍ ചില്ലറയല്ല. അവരുടെ വര്‍ഗ്ഗീയവിദ്വേഷ-വിഭാഗീയ രാഷ്ട്രീയത്തെ പ്രോത്സാഹിപ്പിക്കുന്നത് ബിജെപിയുടെ മാത്രമല്ല, എല്ലാ രാഷ്‌ട്രീയ കക്ഷികളുടേയും അടിത്തറ ഇളക്കുമെന്നു തീര്‍ച്ച. ഇന്ത്യയിലെ വിവിധ വര്‍ഗീയ സംഘടനകളുടെ അജണ്ടയെക്കാള്‍ എളുപ്പത്തില്‍ പ്രചരിക്കാനാവുന്നതും, അതിനേക്കാള്‍ എത്രയോ ഇരട്ടി അപകടസാധ്യതകളുമുള്ള ഒരു പ്രാദേശികവാദമാണ്‌ എം.എന്‍.എസ്സിന്റെയും ശിവസേനയുടേയും. ഇന്ത്യയൊട്ടാകെ പ്രചരണം ഏറ്റെടുത്തു നടത്താന്‍ ആഗ്രഹിക്കുന്ന വലിയ ഒരു അജണ്ടയെ, കൂടുതല്‍ സൗകര്യപ്രദമായ ചെറു യൂണിറ്റുകളായി പ്രാദേശികമായി കൈകാര്യം ചെയ്യാന്‍ ശിവസേന-എം.എന്‍.എസ് കൂട്ടുകെട്ടിന് കഴിയുന്നു എന്നതുകൊണ്ടാണ് അവയെ കൂടുതല്‍ അപകടകരം എന്നു വിളിക്കേണ്ടിവരുന്നത്. മഹാരാഷ്ട്ര എന്ന സംസ്ഥാനത്തിന്റെ സ്വത്വരാഷ്ട്രീയവുമായി അതിന്‌ യാതൊരു പുലബന്ധവുമില്ല. ഇന്ത്യ എന്ന സമഗ്രവികാരം പോലും അതിലില്ല. ആകെയുള്ളത്‌, മാനസികവൈകല്യം മൂര്‍ച്ഛിച്ച ഏതാനും മാഫിയകളും, അധികാരമോഹികളും മാത്രമാണ്‌. എങ്കിലും മറാത്തകളെ പ്രതിനിധീകരിക്കുന്നു എന്നു വരുത്തിത്തീര്‍ക്കാന്‍ അവര്‍ക്ക് കഴിയുന്നു.

ഇപ്പോള്‍ ഡൊണാള്‍ഡ് ട്രം‌പിനെ മാതൃകയാക്കാന്‍ മോദിക്ക് വേദമോദിക്കൊടുത്ത ശിവസേന 1960-കളില്‍ മഹാരാഷ്ട്രയില്‍ ദക്ഷിണേന്ത്യക്കാര്‍ക്കെതിരെ നടത്തിയ ആക്രമണങ്ങളെക്കുറിച്ച് ഒരു വിചിന്തനം നടത്തുന്നത് ഉചിതമായിരിക്കും. അന്ന് തെക്കേ ഇന്ത്യക്കാര്‍ക്കെതിരെ വ്യാപകമായ അക്രമമാണ് ശിവസേന അഴിച്ചുവിട്ടത്. ഹോട്ടലുകളില്‍ പണിയെടുക്കുന്നവരും, തെരുവു കച്ചവടക്കാരും, ചായക്കടക്കാരും, പലവ്യജ്ഞന കച്ചവടക്കാരുമൊക്കെ അന്ന് ശിവസേനയുടെ അക്രമങ്ങളില്‍ ബലിയാടുകളായി. അതിന്റെ തുടര്‍ച്ചയെന്നോണമാണ് ഏതാനും വര്‍ഷങ്ങള്‍ക്കു മുന്‍പ് മഹാരാഷ്‌ട്രയില്‍ നടന്ന സംഭവങ്ങള്‍. ഭിക്ഷാംദേഹികളായി അലഞ്ഞു തിരിഞ്ഞു നടക്കുന്ന, നിസ്വരും, സാധാരണക്കാരും വൃദ്ധരുമായ സാധുക്കളെയും, ബീഹാറികളടക്കമുള്ള വടക്കേ ഇന്ത്യക്കാരേയും, കാലാകാലമായി ബോംബെയില്‍ കുടിയേറിപ്പാര്‍ത്ത്‌ അദ്ധ്വാനിച്ചു ജീവിക്കുന്ന ബംഗ്ളാദേശികളേയും, മുസ്ലീമുകള്‍ക്കും നേരെയായിരുന്നു നവനിര്‍മ്മാണ സേന അക്രമം അഴിച്ചുവിട്ടത്. മറാത്ത മറാഠികള്‍ക്കു മാത്രമുള്ളതാണ്, മറ്റുള്ളവര്‍ക്ക് ഇവിടെ എന്തു കാര്യം എന്നാണ് അവര്‍ ചോദിച്ചത്.

ഇന്ത്യന്‍ ബഹുസ്വരതയുടെ അഭിമാനമാക്കി മുംബൈയെ മാറ്റിത്തീര്‍ത്തതിന്റെ കുത്തകാവകാശം മറാത്തികളില്‍ മാത്രം ഒതുങ്ങുന്നതല്ല. ഉത്തര്‍പ്രദേശുകാരന്റെയും ബീഹാറിയുടെയും ബംഗാളിയുടെയും മലയാളിയുടെയും തമിഴന്റെയുമൊക്കെ നിരവധി തലമുറകള്‍ സ്നേഹിച്ചും സഹവസിച്ചും, കഠിനാദ്ധ്വാനം ചെയ്ത്‌ വിയര്‍പ്പൊഴുക്കിയും സൃഷ്ടിച്ചതാണ്‌ ഇന്നു നമ്മള്‍ കാണുന്ന മുംബൈ (ബോംബെ) എന്ന മഹാനഗരം. അവരെക്കൂടാതെയുള്ള ഒരു നിലനില്‍പ്പ്‌ ഭാവിയില്‍ അതിനുണ്ടാകാനും പോകുന്നില്ല. സാധാരണക്കാരായ മറാത്തികള്‍ ഇത്‌ നിശ്ചയമായും തിരിച്ചറിയുന്നുണ്ടാകും. എങ്കിലും ഇന്ന് അവര്‍ ഈ തെരുവുഗുണ്ടകളുടെ കാട്ടുനീതിയുടെ ഭീഷണമായ വലയത്തിനകത്ത്‌ പെട്ടുപോയിരിക്കുന്നു. അതില്‍നിന്ന് അവരെ പുറത്തുകടക്കാന്‍ സഹായിക്കേണ്ടത് ഓരോ ഇന്ത്യക്കാരന്റെയും ഓരോ ജനാധിപത്യ-മതേതരവിശ്വാസിയുടെയും ചരിത്രപരവും ധാര്‍മ്മികവുമായ കര്‍ത്തവ്യമാണ്.

ഈ വര്‍ഗീയ പാര്‍ട്ടികളുടെ വക്താവായി പ്രധാന മന്ത്രി നരേന്ദ്ര മോദി മാറുകയില്ല എന്നുതന്നെയാണ് നന്മകള്‍ കാംക്ഷിക്കുന്ന ഏതൊരു ഭാരതീയന്റേയും വിശ്വാസം. അമേരിക്കയേയും ഇന്ത്യയേയും താരതമ്യം ചെയ്ത് ഒരു ദ്രുവീകരണമാണ് ശിവസേന ലക്ഷ്യമിടുന്നതെങ്കില്‍, അത് ഇന്ത്യന്‍ ജനാധിപത്യത്തിന് കളങ്കമായി അവശേഷിക്കുകയും, അതിന്റെ കാരണക്കാരനായി നരേന്ദ്ര മോദി ചരിത്രത്തില്‍ ഇടം‌പിടിക്കുകയും ചെയ്യും. പാക്കിസ്ഥാന്‍ വംശജര്‍ക്ക് ഇന്ത്യയിലേക്കുള്ള പ്രവേശനം കര്‍ശനമായി നിയന്ത്രിച്ചിരിക്കുന്ന സാഹചര്യത്തില്‍ എങ്ങനെയാണ് അവര്‍ക്ക് ഇന്ത്യന്‍ കമ്പനികള്‍ ജോലി കൊടുക്കുന്നത്? കേരളത്തിലേക്ക് അന്യസംസ്ഥാന തൊഴിലാളികള്‍ വന്ന് പണിയെടുക്കുന്നതുപോലെ, മെക്സിക്കോയില്‍ നിന്ന് ദിവസവും അമേരിക്കയില്‍ വന്ന് ജോലി ചെയ്യുന്ന ഹിസ്പാനിക്കുകളെപ്പോലെ , പാക്കിസ്ഥാനികള്‍ക്ക് ഇന്ത്യയില്‍ വന്ന് ജോലി ചെയ്യാന്‍ സാധിക്കുമോ? അഥവാ വന്നാല്‍ നിമിഷനേരം കൊണ്ട് അവരെ പിടികൂടാനുള്ള സം‌വിധാനം നിലനില്‍ക്കേ എന്തുകൊണ്ടാണ് ശിവസേന ഇങ്ങനെയൊരു നിര്‍ദ്ദേശം പ്രധാനമന്ത്രിയുടെ മുന്‍പില്‍ അവതരിപ്പിച്ചതെന്ന് മനസ്സിലാകുന്നില്ല. ഒരു പാക്കിസ്ഥാനിക്കും ഇന്ത്യയില്‍ ജോലി ചെയ്യാന്‍ (നയതന്ത്രജ്ഞകാര്യാലയമൊഴികെ) അനുമതിയില്ലെന്ന് ശിവസേന നേതാക്കള്‍ക്ക് അറിവില്ലാത്തതുകൊണ്ടാണോ? അല്ല,  പ്രകോപനം സൃഷ്ടിക്കുകയാണ് അവരുടെ ലക്ഷ്യം. ഇന്ത്യയും പാക്കിസ്ഥാനും ഒരിക്കലും രമ്യതയിലെത്തരുതെന്ന ഒരൊറ്റ ലക്ഷ്യത്തില്‍ ഭീകരര്‍ അതിര്‍ത്തിയിലൂടെ നുഴഞ്ഞു കയറി ഇന്ത്യയെ ആക്രമിക്കുന്നു. ഇന്ത്യയിലാണെങ്കില്‍ അതേ ലക്ഷ്യത്തോടെ ശിവസേനയും അവരോട് സഖ്യമുള്ള വര്‍ഗീയ പാര്‍ട്ടികളും പ്രകോപനങ്ങള്‍ സൃഷ്ടിച്ച് പ്രശ്നങ്ങള്‍ വഷളാക്കുന്നു. പാക്കിസ്ഥാന്റെ പേരു പറഞ്ഞ് മതേതര ഇന്ത്യയെ ജാതി-മത-വര്‍ഗ-ദേശപരമായി വിഘടിപ്പിക്കുകയെന്ന വര്‍ഗീയ പാര്‍ട്ടികളുടെ ഗൂഢ ലക്ഷ്യങ്ങളെ ബുദ്ധിപൂര്‍‌വ്വം കൈകാര്യം ചെയ്യാനും, ഉചിതമായ തീരുമാനമെടുക്കാനും പ്രധാനമന്ത്രിക്ക് കഴിയണം.

Friday, December 9, 2016

നോട്ടു നിരോധനവും മോദിയുടെ നിസ്സംഗതയും

കള്ളപ്പണക്കാരെ പിടിക്കാന്‍ പ്രധാനമന്ത്രി മോദി കാണിച്ച അതിബുദ്ധി ഇന്ന് രാജ്യത്തെ കോടിക്കണക്കിന് ജനങ്ങളെ ദുരിതത്തിലേക്ക് തള്ളിവിട്ടു കൊണ്ടിരിക്കുകയാണ്. ബാങ്കില്‍ കിടക്കുന്ന സ്വന്തം പണം പോലും അത്യാവശ്യത്തിന് പിന്‍‌വലിക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ് ഇന്ത്യയിലെ ജനങ്ങള്‍. ബാങ്കുകളുടെ മുന്‍പില്‍ യാചകരെപ്പോലെ പകല്‍ മുഴുവന്‍ പൊരിവെയിലില്‍ ക്യൂ നില്‍ക്കുന്ന ജനങ്ങളുടെ തിരക്ക് ദിവസം തോറും കൂടുന്നതല്ലാതെ കുറയുന്നില്ല. ആ ക്യൂവില്‍ നിന്നവരില്‍ തന്നെ എത്രയോ പേര്‍ ആത്മഹത്യ ചെയ്തു ! 'റോമാ സാമ്രാജ്യം കത്തിയെരി ഞ്ഞപ്പോള്‍ വീണ വായിച്ച നീറോ ചക്രവര്‍ത്തി'യുടെ കഥ പോലെയാണ് ഇപ്പോഴും മോദി. താന്‍ ചെയ്തത് ഒരു പുണ്യകര്‍മ്മമാണെന്ന് ജനങ്ങളെ ബോധ്യപ്പെടുത്താനെന്നോണം സ്വന്തം അമ്മയെ പോലും മോദി ക്യൂവില്‍ നിര്‍ത്തി. ഇന്ത്യയുടെ ഓരോ മുക്കിലും മൂലയിലും ജനങ്ങള്‍ പൊരി വെയിലില്‍ ക്യൂ നിന്ന് പൊരിഞ്ഞിട്ടും അതൊക്കെ 'രാജ്യസ്നേഹ'മാണെന്ന് വരുത്തിത്തീര്‍ക്കുകയാണ് മോദി ഇപ്പോഴും.

സത്യത്തില്‍ ഈ നോട്ടു നിരോധനം നവംബര്‍ 8 അര്‍ദ്ധരാത്രിയില്‍ പ്രഖ്യാപിക്കാനുള്ള കാരണമെന്താണ്. ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടിയത് അര്‍ദ്ധരാത്രിയായിരുന്നതുകൊണ്ടാണോ? അതോ എല്ലാവരും ഉറക്കമാ യിരിക്കും, രാവിലെ ഉണര്‍ന്നെഴുന്നേല്‍ക്കുമ്പോള്‍ കേള്‍ക്കട്ടേ എന്നു കരുതിയാണോ? മോദി ഒരു ഏകാധിപതിയെപ്പോലെയാണ് നോട്ട് നിരോധനത്തില്‍ തീരുമാനമെടുത്തതെന്നാണ് സമീപകാലങ്ങളില്‍ വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. തനിക്ക് പ്രിയമുള്ളവരെയൊക്കെ നേരത്തേ തന്നെ വിവരങ്ങള്‍ രഹസ്യമായി അറിയിച്ചിരുന്നു എന്നാണ് അനൗദ്യോഗിക വിവരം. നവംബര്‍ 8-ന് സം‌പ്രേക്ഷണം ചെയ്യേണ്ട വിളംബരം നേരത്തെ തന്നെ റെക്കോര്‍ഡ് ചെയ്ത്, എഡിറ്റ് ചെയ്ത് നവംബര്‍ 8 ന് പുറത്തിറക്കാന്‍ പറ്റുന്ന വിധം റെഡിയാക്കി വെച്ചിരുന്നു എന്ന ദൂരദര്‍ശന്‍ മാധ്യമ പ്രവര്‍ത്തകന്റെ വെളിപ്പെടുത്തല്‍, മോദിയ്ക്ക് എന്തൊക്കെയോ രഹസ്യ അജണ്ടയുണ്ടായി രുന്നുവെന്നാണ് സൂചിപ്പിക്കുന്നത്.

നോട്ട് നിരോധനം കൊണ്ട് മോദി എന്താണ് ഉദ്ദേശിച്ചിരുന്നത്? യഥാര്‍ത്ഥത്തില്‍ കള്ളപ്പണം പുറത്തുകൊണ്ടുവരാന്‍ തന്നെയായിരുന്നോ? അതിന്റെ പിന്നാമ്പുറക്കഥകള്‍ എന്താണ്? നോട്ട് നിരോധനം തുടങ്ങി ഒരു മാസം പിന്നിടുമ്പോള്‍ ആ പിന്നാമ്പുറക്കഥകളാണ് ഓരോന്നായി ഇപ്പോള്‍ പുറത്തു വന്നുകൊണ്ടിരിക്കുന്നത്. അതില്‍ സുപ്രധാനമായത് 500, 1000 നോട്ടുകളുടെ നിരോധനമാണ്. ഈ നോട്ടുകള്‍ അസാധുവാക്കി എന്തിനാണ് 2000 രൂപയുടെ നോട്ട് പുറത്തിറക്കിയത് എന്നാണ് കോടതി ഇപ്പോള്‍ ചോദിക്കുന്നത്. അതിന് ശരിയായ നിര്‍‌വ്വചനം ഇതുവരെ നല്‍കിയിട്ടില്ല. ഇവിടെ ഒരു സംശയം ജനിക്കുന്നത് സ്വാഭാവികം. കള്ളപ്പണക്കാര്‍ക്ക് കൂട്ടി വെക്കാന്‍ എളുപ്പത്തിനാണോ 2000 രൂപയുടെ കറന്‍സി ഇറക്കിയത് എന്ന ചോദ്യത്തിന്റെ ഉത്തരം നല്‍കാന്‍ മോദിക്കോ റിസര്‍‌വ്വ് ബാങ്ക് ഗവര്‍ണ്ണര്‍ക്കോ കഴിഞ്ഞിട്ടില്ല. 2000 രുപയുടെ നോട്ടില്‍ എന്തൊക്കെയോ ഡിജിറ്റല്‍ സം‌വിധാനമൊരുക്കിയിട്ടുണ്ടെന്നൊക്കെ വ്യാജവാര്‍ത്തകള്‍ പ്രചരിച്ചതല്ലാതെ അങ്ങനെയൊരു സം‌വിധാനമേ ഇല്ല എന്ന് റിസര്‍‌വ്വ് ബാങ്ക് സമ്മതിച്ചിട്ടുണ്ട്. സ്വന്തം മന്ത്രിസഭാംഗങ്ങളെപ്പോലും വിശ്വാസമില്ല എന്നതിന് തെളിവു കൂടിയാണത്രേ നോട്ട് നിരോധനത്തെക്കുറിച്ചുള്ള വിവരങ്ങള്‍ രഹസ്യമാക്കി വെച്ചതിന്റെ കാരണമെന്നും പറയുന്നു. എന്നാല്‍, മോദിക്കും മോദിയുടെ അടുത്ത അനുയായികള്‍ക്കും ഈ രഹസ്യം അറിയാമായിരുന്നു എന്ന റിപ്പോര്‍ട്ടും ഇപ്പോള്‍ പുറത്തുവന്നിട്ടുണ്ട്.

വിദേശ ബാങ്കുകളിലുള്ള കള്ളപ്പണം തിരിച്ചുകൊണ്ടുവരുമെന്ന് ആണയിട്ട് സത്യം ചെയ്ത് വോട്ട് നേടി അധികാരത്തില്‍ വന്ന മോദി, ആ വാഗ്ദാന ങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് തനിക്ക് വോട്ട് ചെയ്ത ജനങ്ങളുടെ ചോറില്‍ കൈയ്യിട്ടു വാരിയത്. തനിക്ക് വോട്ട് ചെയ്തവരെത്തന്നെ കള്ളപ്പണക്കാരാക്കി ത്തീര്‍ക്കുകയായിരുന്നു മോദി.  വോട്ട് അസാധുവാക്കല്‍ പരാജയപ്പെട്ടാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം താന്‍ ഏറ്റുകൊള്ളാമെന്ന് കറന്‍സി പിന്‍‌വലിക്കാനുള്ള തീരുമാനം പ്രഖ്യാപിക്കുന്നതിന് തൊട്ടുമുമ്പ് കൂടിയ മന്ത്രിസഭാ യോഗത്തില്‍ മോദി പ്രഖ്യാപിച്ചിരുന്നതായി ആ യോഗത്തില്‍ പങ്കെടുത്ത മൂന്ന് മന്ത്രിമാര്‍ വെളിപ്പെടുത്തിയെന്നാണ് ഇപ്പോള്‍ അറിയുന്നത്. എന്നാല്‍ അതിനു മുന്‍പേ നോട്ടു നിരോധിക്കാനുള്ള തീരുമാനത്തെക്കുറിച്ച് മോദിയെക്കൂടാതെ മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരിക്കേ അദ്ദേഹ ത്തിന്റെ വിശ്വസ്തനായിരുന്ന ഹഷ്മുക്ക് ആദിയക്ക് എല്ലാ വിവരവും അറിയാമായിരുന്നുവത്രേ. കൂടാതെ ഹഷ്‌മുഖിന്റെ കീഴിലുള്ള അഞ്ച് ഗവേഷകര്‍ക്കും ഇക്കാര്യം സംബന്ധിച്ച വിവരം ലഭിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അങ്ങനെ മോദിയും മോദിയുടെ ആളും പിന്നെ ആ അഞ്ചുപേരും ചേര്‍ന്നാണ് രാജ്യത്തെ കോടിക്കണക്കിന് വരുന്ന ജനസമൂഹത്തെ ഒറ്റ രാത്രികൊണ്ട് ദരിദ്ര നാരായണന്മാരാക്കി മാറ്റിയത്.  രാജ്യത്തെ 85 ശതമാനത്തോളം വരുന്ന കറന്‍സി ഒറ്റ രാത്രികൊണ്ട് റദ്ദാക്കുമെന്ന വാര്‍ത്ത പുറത്തായാല്‍ അനധികൃത നിക്ഷേപമെല്ലാം സ്വര്‍ണത്തിലേക്കും മറ്റ് രീതിയിലുള്ള നിക്ഷേപത്തിലേക്കും മാറ്റിയേക്കുമെന്ന കണക്കു കൂട്ടലുകളാണ് ഈ സംഘത്തെ മോദി പറഞ്ഞു ധരിപ്പിച്ചിരുന്നത്.

നോട്ട് അസാധുവാക്കുന്ന പ്രഖ്യാപനം മോദി ജനങ്ങളെ അറിയിക്കുന്നതിനു മുന്‍പേ അറിയേണ്ടവര്‍ അറിഞ്ഞിരുന്നു എന്നതിനു തെളിവാണ് ഇപ്പോള്‍ പുറത്തു വന്ന മറ്റൊരു റിപ്പോര്‍ട്ട്.  നോട്ട് അസാധുവാക്കല്‍ പ്രഖ്യാപനത്തിന് തൊട്ടു മുന്‍ മാസത്തെ അവസാന രണ്ടാഴ്ചക്കിടയില്‍ ബാങ്കുകളില്‍ എത്തിയത് മൂന്നു ലക്ഷം കോടി രൂപയാണത്രേ. സെപ്റ്റംബര്‍ 16 മുതല്‍ 30 വരെയുള്ള കാലയളവിലാണ് ഇത്ര വലിയ തുക ബാങ്കിലെത്തിയത്. 2001ന് ശേഷം രണ്ടാഴ്ചക്കിടയില്‍ ഇത്രയേറെ തുക ഒരുമിച്ച് അക്കൗണ്ടിലത്തെുന്നത് ആദ്യമാണെന്നാണ് ബാങ്കുകള്‍ പറയുന്നത്. അസാധുവാക്കല്‍ പ്രഖ്യാപനം നടന്ന നവംബര്‍ എട്ടിന് മുമ്പത്തെ ഒരാഴ്ചക്കിടെ 1.2 ലക്ഷം കോടിയും ബാങ്കുകളിലെത്തിയിരുന്നു. അസാധുവാക്കല്‍ നടപടികള്‍ അറിഞ്ഞവര്‍ നേരത്തേ തുക നിക്ഷേപിച്ചതാവാമെന്ന സംശയത്തിലാണ് ബാങ്കിംഗ് വിദഗ്ധര്‍. 12 വര്‍ഷത്തിനിടെ ശരാശരി നിക്ഷേപത്തില്‍ ഏറ്റവും വര്‍ധനവുണ്ടായതും ഈ ദിവസങ്ങളിലാണ്. സാധാരണ ഒരു ലക്ഷം കോടി രൂപയുടെ വര്‍ധനവാണ് ഉണ്ടാകുന്നത്. എന്നാല്‍, സെപ്റ്റംബര്‍ അവസാനം 2.87 ലക്ഷം കോടിയുടെ നിക്ഷേപ വര്‍ധനവ് ഉണ്ടായി.  ബാങ്കുകളിലേക്ക് ഇത്രയധികം നിക്ഷേപം ഒരുമിച്ച് വന്നതിനെക്കുറിച്ച് റിസര്‍വ് ബാങ്കിന് നേരത്തേ വിവരം കിട്ടിയിരുന്നു. ഇതിന്‍െറ വിശദാംശങ്ങള്‍ അന്വേഷിച്ച് മാധ്യമപ്രവര്‍ത്തകരും സാമ്പത്തിക വിദഗ്ധരും ആര്‍.ബി.ഐയെ സമീപിച്ചെങ്കിലും വിവരങ്ങള്‍ നല്‍കിയില്ല. ഇതിനുശേഷമാണ് അസാധുവാക്കല്‍ പ്രഖ്യാപനം നടക്കുന്നത്.

മാധ്യമങ്ങളുടെ ചോദ്യങ്ങള്‍ക്ക് റിസര്‍‌വ്വ് ബാങ്ക് നല്‍കുന്ന വിശദീകരണം കരുതല്‍ ധനാനുപാതം 100 ശതമാനമാക്കി ഉയര്‍ത്തിയത് സെപ്റ്റംബര്‍ 16നാണെന്നും ഇതാണ് വന്‍തുക ബാങ്കിലെത്താന്‍ കാരണമെന്നുമാണ്. അസാധാരണ നിക്ഷേപത്തിന് പിന്നില്‍ ദുരൂഹുതയുണ്ടെന്ന വാദം കേന്ദ്ര ധനമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി തള്ളുകയായിരുന്നു. ആഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ 15 വരെയുള്ള പേ കമീഷന്‍ കുടിശ്ശിക വിതരണം ചെയ്തത് കൊണ്ടാണ് ഇത്ര വലിയ തുക ഒരുമിച്ച് ബാങ്കിലെത്തിയതെന്നാണ്  അദ്ദേഹത്തിന്‍െറ വിശദീകരണം. എന്നാല്‍, കുടിശ്ശികയിനത്തില്‍ 45,000 കോടി രൂപ മാത്രമാണ് സെപ്റ്റംബറിലെ ആദ്യ ആഴ്ച സര്‍ക്കാര്‍ കൈമാറിയിരിക്കുന്നതെന്നും, ഇതാവട്ടെ ശമ്പള അക്കൗണ്ടിലാണ് നിക്ഷേപിച്ചതെന്നും വിവിധ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മോദിയെ രൂക്ഷമായി വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് രംഗത്തെത്തിയത് ഇത്തരുണത്തില്‍ ശ്രദ്ധേയമാണ്. നോട്ട് നിരോധന ത്തിലൂടെ യുദ്ധകാലത്തേതിന് സമാനമായ അവസ്ഥയാണ് സംജാതമായിരി ക്കുന്നതെന്നും രാജ്യത്തെ സാധാരണക്കാര്‍ അതിദാരുണമായ അവസ്ഥയിലാ ണെന്നുമാണ് സാമ്പത്തിക വിദഗ്ധന്‍കൂടിയായ മന്‍മോഹന്‍ ആരോപിക്കുന്നത്. അദ്ദേഹം 'ദ ഹിന്ദു' പത്രത്തില്‍ എഴുതിയ ലേഖനത്തിലൂടെയാണ് തന്റെ നിലപാട് വ്യക്തമാക്കിയിരിക്കുന്നത്. നോട്ട് നിരോധനം ഒരു അത്ഭുതപ്രതിഭാസമോ ബുദ്ധിപരമായ നീക്കമോ ആയിരുന്നില്ല, മറിച്ച് ജനങ്ങളോടുള്ള വെല്ലുവിളിയാണെന്നാണ് അദ്ദേഹം പറയുന്നത്. മറ്റു രാജ്യങ്ങളില്‍ ജനങ്ങള്‍ക്ക് ആവശ്യമായ സമയം അനുവദിച്ച് കൊടുത്തതിന് ശേഷം മാത്രമേ നോട്ടുകള്‍ പിന്‍വലിക്കുകയുള്ളൂ. എന്നാല്‍ പെട്ടെന്ന് അര്‍ധരാത്രിയില്‍ പ്രഖ്യാപനം നടത്തിയതുവഴി രാജ്യത്തെ പാവപ്പെട്ട ജനങ്ങളാണ് ബുദ്ധിമുട്ടുകള്‍ അനുഭവിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തുന്നു. ജനങ്ങളുടെ ദൈനംദിന ചെലവുകള്‍ക്കായുളള പണത്തിന് മണിക്കൂറുകളോളം ക്യൂ നില്‍ക്കുക, ക്യൂവില്‍ നില്‍ക്കുന്നവര്‍ തന്നെ മരിച്ചു വീഴുക, ക്യൂവില്‍ നിന്ന് ഗര്‍ഭിണികള്‍ തളര്‍ന്നു വീഴുക, വിദ്യാര്‍ത്ഥികളുടെ പഠിപ്പ് മുടങ്ങുക, പണം കിട്ടാതെ വന്ന് ആത്മഹത്യ ചെയ്യുക എന്നിവ തികച്ചും ഹൃദയഭേദകമായ കാഴ്ച തന്നെയാണെന്ന് മന്മോഹന്‍ സിംഗ് പറയുന്നു. യുദ്ധകാലങ്ങളിലായിരുന്നു കുടിവെള്ള ത്തിനും ഭക്ഷണത്തിനുമായി ജനങ്ങള്‍ ഇത്രയേറെ കാത്തുനില്‍ക്കേണ്ടി വന്നിട്ടുളളതെന്നും അദ്ദേഹം പറയുന്നു. തന്റെ രാജ്യത്ത്, താന്‍ പ്രധാനമന്ത്രി യായിരുന്ന രാജ്യത്തെ ജനങ്ങള്‍ക്ക് ദിവസേനയുളള ചെലവുകള്‍ക്കായി റേഷന്‍ കണക്കില്‍ വിതരണം ചെയ്യുന്ന പണത്തിനായി ഇങ്ങനെ ക്യൂ നില്‍ക്കേണ്ടി വരുമെന്ന് ഒരിക്കലും ചിന്തിച്ചിട്ടുപോലുമില്ലെന്ന് അദ്ദേഹം തന്റെ ലേഖനത്തില്‍ വ്യക്തമാക്കുന്നു.

ലോക്‌സഭാ തെരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ മോദി ഉയര്‍ത്തിയ ഒരേയൊരു മുദ്രാവാക്യമായിരുന്നു 'കള്ളപ്പണം'. ഏതു വിധേനയും വിദേശ ബാങ്കുകളില്‍ നിന്ന് അവ തിരിച്ച് കൊണ്ടുവന്ന് ഒരു വീട്ടിലെ ഓരോ അംഗങ്ങള്‍ക്കും 3 ലക്ഷം രൂപ വീതം നല്‍കുമെന്നും, ഒരു വീട്ടില്‍ അഞ്ച് അംഗങ്ങളുണ്ടെങ്കില്‍ മൊത്തം 15 ലക്ഷം രൂപവരെ കിട്ടുമെന്നും അദ്ദേഹം വിളംബരം ചെയ്ത വീഡിയോ ഇന്ന് യൂട്യൂബില്‍ വ്യാപകമാണ്. മോദിയുടെ മോഹനവാഗ്ദാനങ്ങള്‍ കേട്ട് 15 ലക്ഷം മോഹിച്ചവരാണ് ഇന്ന് പൊരി വെയിലത്തും പെരുമഴയിലും ബാങ്കുകളുടെ മുന്‍പില്‍ ക്യൂ നില്‍ക്കുന്നത്. അത് കണ്ടിട്ടും, കണ്ടില്ലെന്ന് നടിച്ച് വീണ്ടും ജനങ്ങളെ പെരുവഴിയിലാ ക്കാനാണ് മോദിയുടെ ശ്രമം. 50 ദിവസങ്ങള്‍ കൊണ്ട് കള്ളപ്പണമെല്ലം കണ്ടുകെട്ടും എന്നു പറയുന്നുണ്ടെങ്കിലും ഒരു മാസം കഴിഞ്ഞിട്ടും ജനങ്ങളുടെ ദുരിതത്തിന് അറുതി വന്നിട്ടില്ല. കള്ളപ്പണമല്ല ഇന്ത്യയെ നോട്ടുരഹിതമാക്കാനാണ് ശ്രമിക്കുന്നതെന്ന് ഇപ്പോള്‍ മോദി പറയുന്നു. അക്ഷരാഭ്യാസം പോലുമില്ലാത്ത സാധാരണ ജനങ്ങളോട് 'മോബൈല്‍ ഫോണ്‍, വാട്സ്‌ആപ്പ്, ഡിജിറ്റല്‍' എന്നൊക്കെ പറഞ്ഞ് അവരേയും തെറ്റിദ്ധരിപ്പിച്ചു കൊണ്ടിരിക്കുന്നു. റിസര്‍‌വ്വ് ബാങ്ക് ആണെങ്കില്‍ ദിവസേന ഓരോ നിയമങ്ങളാണ് പുറപ്പെടുവിചുകൊണ്ടിരിക്കുന്നത്. ഒന്നിനും ഒരു സുതാര്യതയില്ല.

ഇന്ത്യയിലെ സാധാരണ ജനങ്ങള്‍ നിത്യജീവിതത്തിന് പണം കണ്ടെത്താന്‍ നെട്ടോട്ടമോടുമ്പോള്‍ ബി.ജെ.പി. നേതാക്കന്മാര്‍ കോടിക്കണക്കിന് രൂപ ചിലവഴിച്ചാണ് വിവാഹങ്ങള്‍ നടത്തുന്നത്. അവര്‍ക്ക് യാതൊരു നിബന്ധനയുമില്ല. അതേ സമയം കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ ആയിരക്കണക്കിന് വിവാഹങ്ങളാണ് മാറ്റിവെയ്ക്കപ്പെട്ടിരിക്കുന്നത്. ഈ വിവാഹങ്ങളെല്ലാം മുന്‍‌കൂട്ടി തീരുമാനിച്ചവയാണ്. വിവാഹാവശ്യങ്ങള്‍ ക്കായി ബാങ്കില്‍ സൂക്ഷിച്ചിരുന്ന പണം പോലും തിരിച്ചെടുക്കാന്‍ പറ്റാത്ത അവസ്ഥയില്‍ സാധാരണ ജനങ്ങളെ ബുദ്ധിമുട്ടിലാക്കിയിട്ടു വേണമായി രുന്നോ 'ഡിജിറ്റല്‍ ഇന്ത്യ' എന്ന മോദിയുടെ സ്വപ്നം സാക്ഷാത്ക്കരിക്കാന്‍. നോട്ടു നിരോധനത്തിലൂടെ ലക്ഷക്കണക്കിനു ജനങ്ങള്‍ ദുരിതമനുഭവിക്കുമ്പോള്‍ ആര്‍ക്കാണ് സത്യത്തില്‍ നേട്ടമുണ്ടായിരിക്കുന്നത്? മോദിയുടെ ഉറ്റമിത്രങ്ങളായ വമ്പന്‍ സ്രാവുകള്‍ക്ക് തന്നെ.

അന്‍പത് ദിവസങ്ങള്‍കൊണ്ട് എല്ലാം ശരിയാകുമെന്ന മോദിയുടെ പ്രവചനം അസ്ഥാനത്താകുകയാണെന്നുള്ളതിന്റെ വ്യക്തമായ തെളിവാണ് സുപ്രീം കോടതിയുടെ വിമര്‍ശങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ നല്‍കിയ മറുപടി. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട ഹര്‍ജികളും നിയന്ത്രണം ഏര്‍പ്പെടുത്തി യതിനെ തുടര്‍ന്ന് ഇടപാടുകള്‍ തടസപ്പെട്ടതില്‍ രാജ്യത്തെ സഹകരണ ബാങ്കുകള്‍ സമര്‍പ്പിച്ച ഹര്‍ജികളും പരിഗണിക്കവെയാണ് സുപ്രീം കോടതി കേന്ദ്രത്തിനോട് ചോദ്യങ്ങള്‍ ചോദിച്ചത്.  നോട്ട് നിരോധിക്കാനുള്ള തീരുമാനം ഭരണഘടനാപരമാണോ?, എപ്പോഴാണ് നോട്ട് നിരോധിക്കാന്‍ തീരുമാനം എടുത്തത്?, തീര്‍ത്തും രഹസ്യമായ തീരുമാനമായിരുന്നോ അത്?, നോട്ട് നിയന്ത്രണത്തിന് പകരം എന്തിനാണ് നിരോധനം?, എന്തുകൊണ്ടാണ് 24000രൂപ മാത്രം പിന്‍വലിക്കാന്‍ അനുവദിക്കുന്നു?, ഒരു വ്യക്തിക്ക് ഈ തുക മതിയാകുമോ?, സഹകരണ ബാങ്കുകളോട് വിവേചനം കാണിച്ചിട്ടുണ്ടോ?, ജില്ലാ ബാങ്കുകള്‍ക്ക് നിരോധനം കൊണ്ടുവന്നത് എന്തിന്? എന്നിങ്ങനെയുളള ചോദ്യങ്ങളാണ് സുപ്രീം കോടതി കേന്ദ്രത്തോട് ഉന്നയിച്ചത്.

ഈ ചോദ്യങ്ങളുടെ മുന്‍പില്‍ കേന്ദ്രം പകച്ചുനില്‍ക്കുകയാണിപ്പോള്‍. ഇതേ ചോദ്യങ്ങള്‍ തന്നെയാണ് പൊതുജനങ്ങളും ഇക്കഴിഞ്ഞ മാസം ചോദിച്ചു കൊണ്ടിരുന്നത്. അപ്പോഴൊക്കെ മോദിയും അരുണ്‍ ജെയ്‌റ്റ്‌ലിയും രാജ്‌നാഥ് സിംഗുമൊക്കെ ഓരോരോ ന്യായവാദങ്ങള്‍ നിരത്തുകയായിരുന്നു. എന്നാല്‍ പൊതുജനങ്ങളല്ലല്ലോ സുപ്രീം കോടതി. അവരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി ബാങ്കുകളില്‍ ആവശ്യമായ കറന്‍സികള്‍ ഇല്ലാത്തതിനാലാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയെന്ന കാര്യം കേന്ദ്രത്തിന് സമ്മതിക്കേണ്ടി വന്നു. ഒരു 'വലിയ മാറ്റത്തിന്' വേണ്ടിയാണത്രേ ചെറിയ തരത്തിലുളള ഈ ബുദ്ധിമുട്ടുകളുണ്ടായതെന്നാണ് അറ്റോര്‍ണി ജനറല്‍ കോടതിയോട് പറഞ്ഞിരിക്കുന്നത്. കൂടാതെ നിക്ഷേപകരെ തിരിച്ചറിയാന്‍ വേണ്ടി കൂടിയാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയതെന്നും കേന്ദ്രം വ്യക്തമാക്കിയത്രേ. മോദിയുടെ രഹസ്യ അജണ്ട എന്ന് മേലെ ഉദ്ധരിച്ചത് അതുതന്നെ. നിക്ഷേപകരെ തിരിച്ചറിയുന്നതും നോട്ട് നിരോധനവുമായിട്ടെന്തു ബന്ധം? 50 ദിവസം കൊണ്ട് എല്ലാം ശരിയാകുമെന്നാണ് മോദി പറഞ്ഞതെങ്കില്‍ ഇപ്പോള്‍ ആവശ്യപ്പെടുന്നത് 1015 ദിവസങ്ങളാണ്. നോട്ട് നിരോധനവുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങള്‍ അവസാനിക്കുമെന്നും കോടതിയെ കേന്ദ്രം അറിയിച്ചു കഴിഞ്ഞു. ജസ്റ്റിസ് ടി.എസ് ഠാക്കൂര്‍ അധ്യക്ഷനായ ബെഞ്ചിലാണ് കേന്ദ്രം ഇത് വ്യക്തമാക്കിയിരിക്കുന്നത്.

അപ്പോള്‍ മുന്‍‌കൂട്ടി യാതൊരു ധാരണകളുമില്ലാതെയാണോ ഈ നോട്ട് നിരോധനം കൊണ്ടുവന്നത്? 50 ദിവസങ്ങളെന്ന് എന്തിനാണ് മോദി പറഞ്ഞത്? ഒരു രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ വിശ്വാസ്യതയെയല്ലേ ഇവിടെ ചോദ്യം ചെയ്യപ്പെടുന്നത്. ഈ അവസ്ഥയില്‍ മുന്നോട്ടു പോയാല്‍ ഇന്ത്യയുടെ സമ്പദ് വ്യവസ്ഥയ്ക്ക് ഇതിന്റെ അനന്തരഫലങ്ങള്‍ അനുഭ വിക്കേണ്ടി വരുമെന്നത് തീര്‍ച്ചയാണ്. കള്ളപ്പണം രാജ്യത്തെ പ്രധാന പ്രശ്‌നം തന്നെയാണ്. എന്നാല്‍ കള്ളപ്പണക്കാര്‍ കെട്ടുകണക്കിന് പണം സൂക്ഷിക്കുന്നില്ല. അവരത് റിയല്‍ എസ്റ്റേറ്റിലോ, സ്വര്‍ണമായിട്ടോ, മറ്റു രാജ്യങ്ങളിലെ നിക്ഷേപമായിട്ടോ മാറ്റുകയാണ് ചെയ്യാറുളളത്. 'അതിബുദ്ധിയുള്ള പൊന്മാന്‍ കിണറ്റിലേ മുട്ടയിടൂ' എന്നു പറഞ്ഞതുപോലെ, ഇതെല്ലാം അറിയാവുന്ന അതിബുദ്ധിമാനായ മോദി പൊന്മാനെപ്പോലെ ആയതാണ് കഷ്ടം.

Monday, December 5, 2016

അവമതിക്കപ്പെടുന്ന സ്‌ത്രീത്വം

"ഞാനും ഞാനുമെന്റാളും ആ നാല്‍പ്പതു പേരും
പൂമരം കൊണ്ട് കപ്പലുണ്ടാക്കി
കപ്പലിലാണേ ആ കുപ്പായക്കാരി
പങ്കായം പൊക്കി ഞാനൊന്ന് നോക്കീ
ഞാനൊന്ന് നോക്കീ.. അവള്‍ എന്നെയും നോക്കീ
നാല്പതുപേരും ശിഷ്യന്മാരും ഒന്നിച്ചു നോക്കി.."

ചലച്ചിത്രതാരം ജയറാമിന്റെ മകന്‍ കാളിദാസ് ജയറാം പാടി അഭിനയിച്ച മലയാള ചിത്രമായ "പൂമര"ത്തിലെ സൂപ്പര്‍ ഹിറ്റായി സോഷ്യല്‍ മീഡിയകളില്‍ പ്രചരിക്കുന്ന ഒരു ഗാനത്തിന്റെ വരികളാണിത്. ഇതിന്റെ പാരഡികളും ട്രോളുകളും പാരലലായി സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുമുണ്ട്. ഇത് ഇപ്പോള്‍ എഴുതാന്‍ ഒരു കാരണവുമുണ്ട്.

ഇന്ന് ഫെയ്സ്ബുക്കിലെ ഒരു വനിതയുടെ പോസ്റ്റിംഗ് വായിച്ചപ്പോള്‍ സത്യത്തില്‍ കണ്ണു തള്ളിപ്പോയി. ഇതുവരെ ആരും എഴുതിക്കാണാത്ത ഒരു പോസ്റ്റ് ആയിരുന്നു അത്. അമേരിക്കയില്‍ 'പൊക്കി നോക്കലുകാര്' കുറവാണെങ്കിലും, 'തൊട്ടു നോക്കലുകാര്' ഇഷ്ടം പോലെയുണ്ടെന്നതിനു തെളിവു കൂടിയാണ് ആ പോസ്റ്റ്. എത്ര പേര്‍ ആ തൊട്ടുനോക്കല്‍ കണ്ടു എന്നോ എത്ര പേര്‍ ഒന്നിച്ചു നോക്കി എന്നോ അറിയില്ല.

സംഗതി കേള്‍ക്കുമ്പോള്‍ അത്ര ഗൗരവമല്ല എന്ന് പലര്‍ക്കും തോന്നാമെങ്കിലും, ആ സ്ത്രീരത്നം പറയുന്നതിലും കാര്യമുണ്ട്. ഈ സെല്‍‌ഫി വന്നതിനുശേഷം എത്രയെത്ര അത്യാഹിതങ്ങളാണ് ഈ ലോകത്ത് ദിനം‌പ്രതി നടക്കുന്നത്. ഓടുന്ന ട്രെയ്നിനു മുന്‍പിലേക്ക് ചാടി സെല്‍‌ഫിയെടുക്കുന്നവരും, സിംഹക്കൂട്ടില്‍ കയറി സെല്‍‌ഫിയെടുക്കുന്നവരും, കടലില്‍ ചാടി സെല്‍‌ഫിയെടുക്കുന്നവരുമൊക്കെ ഉണ്ടെന്ന് കേള്‍ക്കുമ്പോഴാണ് അതിന്റെ ഗൗരവം നമുക്ക് മനസ്സിലാകുന്നത്. സെല്‍‌ഫിയെ പ്രൊമോട്ട് ചെയ്തത് നരേന്ദ്ര മോദിയാണെന്നു പറഞ്ഞാലും അതിശയോക്തിയില്ല. കാരണം സെല്‍‌ഫിയെ അദ്ദേഹം അത്രത്തോളം ഇഷ്ടപ്പെടുന്നു.

ഇവിടെ സെല്‍‌ഫിയെടുത്ത് വിവാദം സൃഷ്ടിച്ചത് സമൂഹത്തില്‍ അറിയപ്പെടുന്നവരും സംഘടനാ പ്രവര്‍ത്തകരുമാണെന്നതാണ് അത്ഭുതം. ഒരുപക്ഷേ അവര്‍ അറിഞ്ഞുകൊണ്ട് ചെയ്തതായിരിക്കില്ല. എങ്കിലും, സംഗതി ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചു കഴിഞ്ഞു... "വൈറല്‍" ആയോ എന്നറിയില്ല. ഇന്നത്തെ നിലക്ക് തുടരുകയാണെങ്കില്‍ ഉടനെ വൈറലാകാന്‍ സാധ്യതയുണ്ട്.

അമേരിക്കയില്‍ കൊച്ചുകുട്ടികളെ ആദ്യം പഠിപ്പിക്കുന്ന ബാലപാഠങ്ങള്‍ ഇവയാണ്.... അനാവശ്യമായി ആരേയും ശരീരത്തില്‍ സ്പര്‍ശിക്കാന്‍ അനുവദിക്കരുത്, അപരിചിതരോട് സംസാരിക്കരുത്, അവരോട് അടുത്തിടപഴകരുത്, അവരില്‍ നിന്ന് ഒന്നും സ്വീകരിക്കരുത്.... എന്നിത്യാദി കാര്യങ്ങളാണ് കുഞ്ഞുങ്ങളെ ആദ്യം പഠിപ്പിക്കുന്നത്. വളര്‍ന്നു വരുമ്പോള്‍ അവരുടെ മനസ്സില്‍ അത് അടിയുറച്ചു കിടക്കും. ഇത് എല്ലാ കുട്ടികളേയും പഠിപ്പിക്കുന്നുണ്ട്. എന്നാല്‍ മലയാളികള്‍ക്ക് മാത്രം അത് ബാധകമല്ല എന്ന രീതിയിലാണ് പലരും പെരുമാറുന്നതെന്ന് ചില മലയാളിപ്പാര്‍ട്ടികളില്‍ ചെന്നാല്‍ കാണാം. അവര്‍ക്ക് കുട്ടികളെന്നോ മുതിര്‍ന്നവരെന്നോ നോട്ടമില്ലാതെ അടുപ്പം കാണിക്കുന്നവരെയെല്ലം കെട്ടിപ്പിടിക്കലും, തോളില്‍ കൈയ്യിട്ട് ചേര്‍ത്ത് പിടിക്കലും, തരം കിട്ടിയാല്‍ ഉമ്മ കൊടുക്കലുമൊക്കെ ഒരു ഹരമായി കാണുന്നു. അല്പം മദ്യം അകത്തു ചെന്നാല്‍ ആ ചേര്‍ത്തു പിടിക്കലിന്റെ 'ഗ്രിപ്പ്' അല്പം കൂട്ടുമെന്നു മാത്രം.

ഗ്രൂപ്പ് ഫോട്ടോകള്‍ക്ക് പോസ് ചെയ്ത് നില്‍ക്കുകയോ ഇരിക്കുകയോ ആണെങ്കില്‍ തോളിലൂടെ കൈയ്യിട്ട് നില്‍ക്കുന്ന പതിവ് മിക്കവാറും എല്ലാവര്‍ക്കുമുണ്ട്. വളരെ അടുത്ത സുഹൃത്തുക്കളെപ്പോലും (പുര്‍ഷന്മാര്‍) ചിലര്‍ തോളിലൂടെ കൈയ്യിട്ടു നിര്‍ത്തി ഫോട്ടോ എടുക്കുന്നതും കണ്ടിട്ടുണ്ട്. അരോചകമാണെങ്കിലും പലരും അത് പുറത്തു പറയാറില്ല എന്നു മാത്രം. എന്നാല്‍, ഒരു സ്‌ത്രീയുടെ തോളില്‍, അതും അന്യ സ്‌ത്രീയുടെ, കൈയ്യിട്ട് നിന്ന് ഫോട്ടോ എടുക്കുമ്പോള്‍ മാനറിസമാണ് നഷ്ടപ്പെടുന്നത്. പലരും, പ്രത്യേകിച്ച് സംഘടനാ പ്രവര്‍ത്തകര്‍ (സ്‌ത്രീകളും പുരുഷന്മാരും) അടുത്തടുത്തുനിന്ന് ഫോട്ടോ എടുക്കുന്നതില്‍ എതിര്‍പ്പ് പ്രകടിപ്പിക്കാറില്ല. എന്നാല്‍ ഒറ്റയ്ക്ക് ഒരു മൂലയിലേക്ക് മാറ്റി നിര്‍ത്തി കെട്ടിപ്പിടിച്ചുകൊണ്ട് നിന്ന് ഫോട്ടോ എടുക്കാന്‍ ഏതൊരു സ്‌ത്രീയും സമ്മതിക്കില്ല. അപ്പോള്‍ മദ്യപിച്ച ഒരു പുരുഷന്‍ ഒരു അന്യസ്ത്രീയുടെ തോളിലൂടെ കൈയ്യിട്ട് ചേര്‍ത്തു നിര്‍ത്തുമ്പോള്‍ അത് അതിരുവിട്ട പ്രവര്‍ത്തിയാണെന്നല്ലേ പറയാന്‍ കഴിയൂ. ഫെയ്സ്ബുക്കിലെ പോസ്റ്റ് പ്രകാരം ഇവിടെയും സംഭവിച്ചത് അതുതന്നെ. ആ പോസ്റ്റ് കണ്ട് ആദ്യം ഒന്നമ്പരന്നു. ഇത് സത്യമാണോ എന്ന് തോന്നുകയും ചെയ്തു. സമൂഹത്തില്‍ അറിയപ്പെടുന്ന വ്യക്തികളുടേതാകുമ്പോള്‍ അവിശ്വസിക്കേണ്ട കാര്യവുമില്ല. കമന്റുകളുടെ പ്രവാഹമാണ് പിന്നീട് കണ്ടത്. അതും ഭൂരിഭാഗവും സ്ത്രീകളുടെ. അവരാകട്ടേ സമൂഹത്തില്‍ പല വേദികളിലും പ്രത്യക്ഷപ്പെടുന്നവരും സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവരും. അവരുടെ പ്രതികരണങ്ങള്‍ വായിക്കുമ്പോഴാണ് അവരിലാരെങ്കിലുമൊക്കെ ഇത്തരം പ്രതിസന്ധികള്‍ നേരിട്ടവരാണെന്ന് മനസ്സിലാകുന്നത്. എല്ലാവര്‍ക്കും ഒന്നേ പറയാനുള്ളൂ.... 'കാര്യങ്ങള്‍ തുറന്നു പറയാന്‍ ചങ്കൂറ്റം കാണിച്ചതിന് അഭിനന്ദനങ്ങള്‍..!' അതെ, ഒരു മലയാളി സ്‌ത്രീ ഇത്രയും ബോള്‍ഡ് ആയി ഫെയ്സ്ബുക്കില്‍ പോസ്റ്റ് ഇടണമെങ്കില്‍ അവര്‍ക്ക് മനോവ്യഥയുണ്ടായിട്ടുണ്ടെന്ന് തീര്‍ച്ച.

സ്‌ത്രീകളെ അല്ലെങ്കില്‍ സ്ത്രീത്വത്തെ അവമതിക്കുന്ന ഒരു പുരുഷ സമൂഹമല്ല അമേരിക്കന്‍ മലയാളികളുടേതെന്ന് പറയാതിരിക്കാന്‍ വയ്യ. എന്നാല്‍, അതേ മലയാളി സമൂഹത്തില്‍ ഉള്‍പ്പെട്ട സ്ത്രീകള്‍ ഇതുപോലെയുള്ള സാഹചര്യങ്ങളിലൂടെ കടന്നുപോകുന്നുണ്ടെന്നും, അത് പ്രകടിപ്പിക്കാനും അവരുടെ ആശങ്കകള്‍ പങ്കു വെയ്ക്കാനും ഫെയ്സ്ബുക്ക് പോലുള്ള സോഷ്യല്‍ മീഡിയകളെ അഭയം പ്രാപിച്ചെങ്കില്‍ അത് മലയാളി പുരുഷ സമൂഹത്തിനു നേരെയുള്ള വിരല്‍ ചൂണ്ടലാണ്. അതിനവരെ കുറ്റക്കാരിയാക്കാന്‍ സാധിക്കുകയില്ല. എഴുതിയതില്‍ ചിലതൊക്കെ അതി ഭാവുകത്വമാണെന്ന് തോന്നാമെങ്കിലും യാഥാര്‍ത്ഥ്യം ചിലപ്പോള്‍ നമ്മുടെ കാഴ്ചകള്‍ക്കും ചിന്തകള്‍ക്കും അപ്പുറത്തായിരിക്കുമെന്നാണ് സമകാലിക സംഭവങ്ങളും വാര്‍ത്തകളും നമ്മളോടു പറയുന്നത്. പരിഷ്കൃത സമൂഹം എന്ന് നമ്മള്‍ സ്വയം പുകഴ്ത്തുമ്പോഴും, വിദ്യാസമ്പന്നര്‍ എന്ന് അഹങ്കരിക്കുമ്പോഴും ഒരു വശത്ത്‌ വലിയൊരു വിഭാഗം വല്ലാത്ത മൂല്യച്യുതിയിലേക്ക് കൂപ്പു കുത്തുകയാണെന്നതിന്റെ തെളിവു കൂടിയാണ് ഇപ്പറഞ്ഞ സംഭവം. തന്റെ നിസ്സഹായവസ്ഥ ഫെയ്സ്ബുക്കില്‍ പോസ്റ്റ് ചെയ്ത വനിതയും അതില്‍ പ്രതിപാദിക്കുന്ന വ്യക്തികളും സമൂഹത്തില്‍ അറിയപ്പെടുന്നവരാണ്, സംഘടനാ പ്രവര്‍ത്തകരാണ്. അതുകൊണ്ടുതന്നെ അവര്‍ക്ക് ഇനിയും പല വേദികളിലും കണ്ടുമുട്ടാനും, ചിലപ്പോള്‍ സഹവര്‍ത്തിക്കാനും സാഹചര്യങ്ങളുണ്ടാകും. അപ്പോഴൊക്കെ ഒരു അകലം പാലിക്കുക എന്നതില്‍ കവിഞ്ഞ് തെറ്റിദ്ധാരണകള്‍ ദൂരീകരിക്കേണ്ടതും അനിവാര്യമാണ്. അതവര്‍ക്ക് വിട്ടുകൊടുക്കാം.

സ്ത്രീ അമ്മയാണെന്നും, സഹോദരിയാണെന്നും, മകളാണെന്നും, മരുമകളും കൂട്ടുകാരിയുമാണെന്നും, അബലയാണെന്നും അല്ലെന്നുമൊക്കെ എല്ലാവരും പറയാറുണ്ട്. പക്ഷെ, സാഹചര്യം ഒത്തുവന്നാല്‍ അവയൊക്കെ വിസ്മരിക്കുകയും ചെയ്യുന്നവരുമുണ്ട്. ഇവിടെ അങ്ങനെയൊരു സാഹചര്യമുണ്ടായിരിക്കാന്‍ സാധ്യതയില്ല. നേരത്തെ സൂചിപ്പിച്ചപോലെ ഒരു തെറ്റിദ്ധാരണയാകാം.

ഇന്ന് അമേരിക്കയിലുള്ള മിക്കവാറും എല്ലാ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകളിലും സ്‌ത്രീ പ്രാതിനിധ്യം ഏറെയാണ്. പുരുഷന്മാരേക്കാള്‍ കര്‍മ്മോത്സുകരാണവര്‍. പുരുഷാധിപത്യമുള്ള സംഘടനകളില്‍ ഒന്നോ രണ്ടോ സ്‌ത്രീകളും കാണും. ഉത്തരവാദിത്വത്തോടെ അവര്‍ കാര്യനിര്‍‌വ്വഹണങ്ങളില്‍ വ്യാപൃതരാകുന്നതും നമുക്ക് കാണാന്‍ കഴിയും. അവരുടേതായ ചിന്തകളും ആശയങ്ങളും, അവയിലൂടെ അവര്‍ തിരഞ്ഞെടുക്കുന്ന ഇടങ്ങളില്‍ ഏതൊരു മനുഷ്യനെയും (പുരുഷനെയും) പോലെ സ്വൈര്യ വിഹാരം നടത്താനുള്ള ഇച്ഛാശക്തിയാണ് അവരെ ഈ സംഘടനയിലൂടെ മുന്നോട്ടു നയിക്കുന്നത്. ആ സ്വൈര്യവിഹാരം കാണുമ്പോള്‍ ചിലര്‍ക്ക് തെറ്റിദ്ധാരണകളുണ്ടാകാം. 'ങാ... ഇവള്‍ വളയുന്ന കൂട്ടത്തിലാണ്' എന്ന തെറ്റിദ്ധാരണയും ചിലര്‍ക്കുണ്ടാകാം. 'അല്ല, ഞങ്ങള്‍ അത്തരക്കാരല്ല' എന്ന ഒരു മുന്നറിയിപ്പായി മേല്പറഞ്ഞ ഫെയ്സ്ബുക്ക് പോസ്റ്റിനെ കാണുകയാണെങ്കില്‍ ഭാവിയില്‍ ഇത്തരത്തിലുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കാം. അതോടൊപ്പം സ്‌ത്രീകള്‍ക്കു നേരെയുള്ള അതിക്രമങ്ങളെ എങ്ങനെ നേരിടാം? എവിടെയാണ് നമുക്ക് പിഴക്കുന്നത്‌? എന്താണ് പരിഹാരം? എന്നീ വിഷയങ്ങളെക്കുറിച്ച് സംഘടനകള്‍ ചര്‍ച്ച ചെയ്യേണ്ട ഒരു പ്രധാന വിഷയവുമായി ഇതിനെ കണക്കാക്കുകയും ചെയ്യാം.