'ഡിജിറ്റല്‍ ഇന്ത്യ'യുടെ പേരില്‍ കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ നോട്ട് നിരോധനം ജനങ്ങളിലേല്പിച്ചേക്കാവുന്ന ആഘാതങ്ങളെക്കുറിച്ച് പ്രധാന മന്ത്രി നരേന്ദ്ര മോദി മുന്‍കൂട്ടി ചിന്തിച്ചിരുന്നില്ലെന്നതിന്റെ തെളിവുകളാണ് ഇപ്പോള്‍ ഇന്ത്യയില്‍ നടമാടിക്കൊണ്ടിരിക്കുന്നത്. ഇന്ത്യയെ വിവരാധിഷ്ഠിത സമ്പദ്‌വ്യവസ്ഥയും ഡിജിറ്റല്‍ ശാക്തീകരണ സമൂഹവുമുള്ളതാക്കിത്തീര്‍ക്കുക, സര്‍ക്കാരിന്റെ വിവിധ മന്ത്രാലയങ്ങളെയും വകുപ്പുകളെയും ഒരു കുടക്കീഴില്‍ കൊണ്ടുവന്ന് ഒരൊറ്റ ബൃഹത്തായ കാഴ്ചപ്പാടിലേക്ക് നെയ്‌തെടുക്കുക എന്നീ ലക്ഷ്യങ്ങളായിരുന്നല്ലോ 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ആശയം കൊണ്ട് ഉദ്ദേശിച്ചിരുന്നത്.
പ്രധാനമന്ത്രിയായി ചുമതലയേറ്റതിനുശേഷം അമേരിക്കയുള്‍പ്പടെ നിരവധി വിദേശ രാജ്യങ്ങളില്‍ സന്ദര്‍ശനം നടത്തുകയും, അവിടങ്ങളിലെല്ലാം ടെക്‌നോളജിയുടെ വളര്‍ച്ചയും ഉപയോഗവും അതിന്റെ ഗുണങ്ങളേയും ഗുണഭോക്താക്കളേയും നേരില്‍ കണ്ട് മനസ്സിലാക്കി, അതുപോലെ ഇന്ത്യയിലും മാറ്റങ്ങള്‍ വരുത്താമെന്ന ചിന്തയാണ് 'ഡിജിറ്റല്‍ ഇന്ത്യ' എന്ന ആശയം അദ്ദേഹം നടപ്പിലാക്കാന്‍ തീരുമാനിച്ചത്. ബ്രോഡ് ബാന്‍ഡ് ഹൈവേകള്‍, ഇ-ഗവേര്‍ണന്‍സ്, മൊബൈല്‍ കണക്ടിവിറ്റി, ഇ-ക്രാന്തി- ഇലക്‌ട്രോണിക് സേവനം മുതലായവയാണ് ലക്ഷ്യം വെച്ചതെങ്കിലും, അതിന്റെ മുന്നോടിയായിട്ടെന്നോണം നോട്ട് നിരോധനം കൊണ്ടുവന്നത് ബുദ്ധിപരമായിരുന്നോ എന്ന സംശയം ബലപ്പെട്ടുകൊണ്ടിരിക്കുന്ന സ്ഥിവിശേഷങ്ങളാണ് പിന്നീട് സംഭവിച്ചത്. തൊഴിലില്ലായ്മയും ദാരിദ്ര്യവും വര്‍ഷംതോറും കൂടിക്കൂടി വരുന്ന ഇന്ത്യയില്‍ നോട്ടുകള്‍ അസാധുവാക്കി 'ക്യാഷ്‌ലസ്' ക്രയവിക്രയങ്ങള്‍ നടപ്പിലാക്കാന്‍ തുനിഞ്ഞതുതന്നെ ആന മണ്ടത്തരമാണെന്നാണ് പൊതുകാഴ്ചപ്പാട്. ശരാശരി മൂന്നിലൊന്നു തൊഴിലാളികള്‍ക്കും വര്‍ഷം മുഴുവന്‍ ജോലിയില്ലാത്ത രാജ്യത്ത്, ഉള്ളവരില്‍ അറുപത്തെട്ട് ശതമാനം പേര്‍ക്കും പതിനായിരം രൂപയില്‍ താഴെ മാത്രം ശമ്പളമുള്ള രാജ്യത്ത്, ഒരു അര്‍ദ്ധരാത്രിയില്‍ നോട്ട് നിരോധനം കൊണ്ടുവന്നതുതന്നെ തെറ്റാണെന്ന് പറയപ്പെടുന്നു.
2015 ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സര്‍വേ പ്രകാരം നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമങ്ങളിലാണ് ഏറ്റവും കൂടുതല്‍ തൊഴില്‍രഹിതരുള്ളത്. ഗ്രാമ പ്രദേശങ്ങളില്‍ ജോലി ചെയ്യുന്ന 42 ശതമാനം പേര്‍ക്കും 12 മാസം ജോലി ഇല്ല. അവര്‍ കൂടുതലും കാര്‍ഷിക മേഖലയിലാണ് ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. 77% ഗ്രാമവാസികള്‍ക്കും ലഭിക്കുന്നത് 10,000 അല്ലെങ്കില്‍ അതില്‍ താഴെയാണ് വരുമാനം. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം നടന്ന ആദ്യ സാമ്പിള്‍ സര്‍വ്വേയിലെ വിവരങ്ങളാണിവ. യുപിഎ സര്‍ക്കാരിനേപ്പോലെ എന്‍ഡിഎ സര്‍ക്കാരിനും ഇക്കാര്യത്തില്‍ മാറ്റമൊന്നും വരുത്താന്‍ സാധിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നത്. ഇങ്ങനെയുള്ള ഒരു രാജ്യത്ത് ഒരു സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കുക അസാദ്ധ്യമാണെന്ന് മനസ്സിലാക്കാതെയുള്ള എടുത്തു ചാട്ടമായിരുന്നു നോട്ട് നിരോധനം. അത് ജനങ്ങളുടെ ജീവിതം തന്നെ മാറ്റിമറിച്ചു. സ്വതന്ത്ര ഇന്ത്യയില്‍ പൗരന്മാര്‍ക്ക് കൂച്ചുവിലങ്ങിടുന്നതിനു തുല്യമായി നോട്ടു നിരോധനം മാറി. ഡിജിറ്റല്‍ പണമിടപാട്, നെറ്റ് ബാങ്കിംഗ്, ഡെബിറ്റ് കാര്‍ഡ്, കെഡ്രിറ്റ് കാര്‍ഡ്, സ്വൈപ്പിംഗ് മെഷീനുകള്‍ ഇവയൊക്കെയാണ് ലക്ഷ്യമിടുന്നതെങ്കിലും, ഇതൊന്നും കറന്‍സി പിന്‍വലിച്ചതിന് പരിഹാരമാവുമോ എന്നാണ് ചോദ്യം.
ഇത്തരം പണമിടപാടുകളില്‍ ഒളിഞ്ഞിരിക്കുന്ന ചതിക്കുഴികളെക്കുറിച്ചു പലരും അജ്ഞരാണ്. സാധാരണക്കാരിലാണ് ഈ അജ്ഞത ഏറ്റവും കൂടുതല്‍ പ്രകടമാകുന്നത്. അത് മുതലാക്കി അവരുടെ പണം വിഴുങ്ങാന്‍ വമ്പന്‍ സ്രാവുകളെ പോലെ ചൂണ്ടയിട്ടിരിക്കുകയാണ് സുരക്ഷിതമല്ലാത്ത സാങ്കേതികവിദ്യകളും. എലിയെ പേടിച്ചു ഇല്ലം ചുടുന്നതുപോലെയാണ് കളളപ്പണം ഇല്ലാതാക്കാന്‍ നോട്ടുകള്‍ അസാധുവാക്കിയ കേന്ദ്രത്തിന്റെ നടപടിയെന്ന് ഇതിനോടകം ധനതത്വശാസ്ത്രജ്ഞര്‍ പോലും പ്രതികരിച്ചു കഴിഞ്ഞു. പണം ഡിജിറ്റലായി സൂക്ഷിക്കാന്‍ യാതൊരു ഗ്യാരണ്ടിയും നല്‍കാതെ, പണം സുരക്ഷിതമാണെന്ന തോന്നല്‍ ഉണ്ടാക്കാനേ ഇതുകൊണ്ട് സാധിക്കുളളൂ എന്നറിവുള്ള ബാങ്ക് അധികൃതര്‍ക്കും വ്യക്തമായ ഉത്തരങ്ങളില്ല. ഇത്തരത്തിലുളള പണമിടപാടില്‍ ബാങ്കുകളും യാതൊരു ഉത്തരവാദിത്വവും ഏറ്റെടുക്കുന്നില്ല.
ഈ ഡിജിറ്റലൈസേഷന്‍ കൊണ്ട് ആര്‍ക്കാണ് ഗുണം കിട്ടുന്നത്? സൈബര്‍ ക്രിമിനലുകള്‍ക്ക് യഥേഷ്ടം നുഴഞ്ഞുകയറാനും, ബാങ്ക് അക്കൗണ്ടുകളിലെ വിവരങ്ങള്‍ ചോര്‍ത്തിയെടുത്ത് ദുരുപയോഗം ചെയ്യാനും കൂടുതല്‍ സൗകര്യമായി. കഴിഞ്ഞ ഏതാനും വര്‍ഷങ്ങളില്‍ ഇന്ത്യയില്‍, പ്രത്യേകിച്ച് കേരളത്തില്‍, നടന്ന ഓണ്‍ലൈന്‍ തട്ടിപ്പുകള്‍, സൈബര്‍ കുറ്റകൃത്യങ്ങള്‍, എടിഎം തട്ടിപ്പുകള്‍ എന്നിവ തന്നെ ഉദാഹരണങ്ങളായി എടുക്കാം. അടിസ്ഥാന വിദ്യാഭ്യാസമോ, ലോകപരിചയമോ ഒന്നുമില്ലാത്ത സാധാരണക്കാര്‍ മുതല്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരടക്കം നിരവധി പേരുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അജ്ഞാത സംഘങ്ങള്‍ പണം പിന്‍വലിച്ച സംഭവങ്ങള്‍ നിരവധിയാണ്. എടിഎം എന്താണെന്നോ അതെങ്ങനെ പ്രവര്‍ത്തിക്കുന്നെന്നോ സാമാന്യ പരിജ്ഞാനം പോലുമില്ലാത്തവരാണ് തട്ടിപ്പില്‍ ഏറ്റവും കൂടുതല്‍ കുടുങ്ങുന്നത്. പിന്‍ നമ്പര്‍ കാര്‍ഡിന്റെ പുറകില്‍ എഴുതുകയോ അല്ലെങ്കില്‍ ഒരു ചെറിയ പേപ്പറില്‍ എഴുതി കാര്‍ഡിന്റെ കൂടെ വെക്കുകയോ ചെയ്തുകൊണ്ടാണ് മിക്കവരും എടിഎംന്റെ മുന്‍പിലെത്തുന്നത്. ഈ സാഹചര്യമാണ് തട്ടിപ്പുകാര്‍ ചൂഷണം ചെയ്യുന്നത്.
സൈബര്‍ ക്രിമിനലുകളുടെ ആക്രമണത്തിന് ഇരയായവരില്‍ ഒന്നാം സ്ഥാനം ഈജിപ്റ്റിനും രണ്ടാം സ്ഥാനം ഇന്ത്യയ്ക്കുമാണെന്ന് വിവിധ സൈബര്‍ സുരക്ഷാ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പാക്കിസ്ഥാന്‍ മൂന്നും യുഎഇ നാലും ബ്രിട്ടന്‍ അഞ്ചും ജര്‍മ്മനി ഏഴും അമേരിക്ക ഒന്‍പതും ചൈന പത്താം സ്ഥാനത്തുമാണുള്ളത്. യുഎഇയ്ക്ക് പുറമെ ഗള്‍ഫ് രാജ്യങ്ങളായ സൗദി അറേബ്യയും ഖത്തറും സൈബര്‍ ക്രിമിനലുകളുടെ ലക്ഷ്യങ്ങളാണെന്നും പറയുന്നു. ബാങ്കിംഗ്, വിദ്യാഭ്യാസം, എന്‍ജിനീയറിംഗ്, വ്യവസായം, ഔഷധനിര്‍മാണം, സൈനിക രഹസ്യങ്ങള്‍ എന്നീ മേഖലകളിലാണ് മുഖ്യമായും സൈബര്‍ ആക്രമണകാരികള്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്. റഷ്യയാണ് അതിന്റെ പ്രഭവ കേന്ദ്രമെന്നും പറയുന്നു. അത്യാധുനിക സോഫ്റ്റ്‌വെയറുകളുപയോഗിച്ച് ലോകത്തിന്റെ ഏതു കോണിലുള്ള സര്‍വറുകളിലും നുഴഞ്ഞു കയറാനും രഹസ്യങ്ങള്‍ ചോര്‍ത്താനും കഴിവുള്ളവരാണത്രേ ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ അവരെ വെല്ലാന്‍ കെല്പുള്ള സാങ്കേതിക പരിജ്ഞാനം ഇന്ത്യയിലെ വിവരസാങ്കേതിക വിഭാഗം പര്യാപ്തമാണോ എന്ന് പരിശോധിക്കണം. സൈബര്‍ ആക്രമണത്തില്‍ രണ്ടാം സ്ഥാനത്തുള്ള ഇന്ത്യയില്‍ നിന്നും ക്രിമിനലുകള്‍ പ്രതിവര്‍ഷം തട്ടിയെടുക്കുന്നത് 81,000 കോടി രൂപയാണെന്നു കേള്‍ക്കുമ്പോള്‍ ഇപ്പോള്‍ നടക്കുന്ന ഡിജിറ്റലൈസേഷന്‍ പൂര്‍ത്തിയായിക്കഴിഞ്ഞാല്‍ 'ഡിജിറ്റല്‍ ഇന്ത്യ'യുടെ അവസ്ഥ എന്തായിത്തീരുമെന്നത് പ്രവചനാതീതമാണ്.
ഏതാനും മാസങ്ങള്‍ക്കു മുന്‍പ് ബോംബെയിലിരുന്നുകൊണ്ട് കേരളത്തിലെ പലരുടേയും അക്കൗണ്ടുകളില്‍ നിന്ന് ലക്ഷങ്ങള്‍ പിന്‍വലിച്ച വിദേശികളടങ്ങുന്ന എടിഎം തട്ടിപ്പു സംഘങ്ങളുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പ്രവാസികളുടെ ബാങ്ക് അക്കൗണ്ടുകളില്‍ നിന്ന് അവരറിയാതെ പണം തട്ടിപ്പുകാരുടെ അക്കൗണ്ടുകളിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്ത കഥയും വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. മേല്പറഞ്ഞ റഷ്യന്‍ ആസ്ഥാനമായ സൈബര്‍ ക്രിമിനലുകളായിരുന്നു അതിന്റെ പുറകില്‍. അവരുടെ ശൃംഖലയിലെ കണ്ണികളായിരുന്നു റുമേനിയയില്‍ നിന്നെത്തി കേരളത്തിലുള്ള എടിഎംല്‍ നിന്ന് പണം പിന്‍വലിച്ചത്. ഇത്തരം തട്ടിപ്പുകള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഫലവത്തായ പ്രതിരോധ മാര്‍ഗങ്ങള്‍ അവലംബിക്കുകയോ, അക്കൗണ്ടുകളില്‍ നിന്ന് അനധികൃതമായി മോഷ്ടിച്ച പണം ഇടപാടുകാര്‍ക്ക് തിരിച്ചു നല്‍കുകയോ ബാങ്കുകള്‍ ഇതുവരെ ചെയ്തിട്ടില്ല. ഇങ്ങനെയുള്ള സാഹചര്യങ്ങള്‍ നിലനില്‍ക്കേ പുതിയ ഡിജിറ്റല്‍ സംവിധാനം ഗുണത്തേക്കാളേറെ ദോഷമല്ലേ ചെയ്യുകയുള്ളൂ. അതോടൊപ്പം സൈബര്‍ ക്രിമിനലുകള്‍ക്ക് യഥേഷ്ടം വിഹരിക്കാനുള്ള സാഹചര്യം സൃഷ്ടിക്കുകയും ചെയ്യും. സമ്പൂര്‍ണ്ണ സാക്ഷരത നേടിയെന്ന് അവകാശപ്പെടുന്ന കേരളത്തില്‍ ഇങ്ങനെയുള്ള സംഭവങ്ങള്‍ നടക്കുമ്പോള്‍ അതൊന്നുമില്ലാത്ത അന്യ സംസ്ഥാനങ്ങളിലെ ജനങ്ങളുടെ സ്ഥിതി എന്തായിരിക്കുമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. ഈ സംസ്ഥാനങ്ങളിലെ പാവപ്പെട്ടവനും കര്‍ഷകനും ധനികനും എല്ലാം ഒരുപോലെ ഡിജിറ്റലാവാന്‍ പറയുന്നത് ന്യായമാണോ എന്നും ചിന്തിക്കേണ്ടതാണ്.
ഏറ്റവും കൂടുതല്‍ ബാങ്ക് തട്ടിപ്പുകള്‍ നടക്കുന്ന കേരളത്തിലെ ഗ്രാമപ്രദേശങ്ങളില്‍ കറന്‍സിരഹിത ഇടപാടുകള്‍ നടത്താന്‍ ജനങ്ങളെ പ്രേരിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാര്‍ ഇപ്പോള്‍ ചെയ്യുന്നത്. അതിന് സമ്മാനവും പ്രഖ്യാപിച്ചിട്ടുണ്ട്. ഡിസംബര്‍ 31-നകം എല്ലാ വില്ലേജുകളെയും കറന്‍സിരഹിത പദവിയിലേക്ക് ഉയര്‍ത്തുകയാണ് ലക്ഷ്യം. ഡെബിറ്റ് കാര്‍ഡ് ഉപയോഗിച്ചുളള ഇടപാടുകള്‍, ഇ-വാലറ്റ്, സ്മാര്‍ട്ട് ഫോണ്‍, ഫീച്ചര്‍ ഫോണ്‍ ഉപയോഗിച്ചുളള ഇടപാടുകള്‍ മുതലായവയിലാണ് പരിശീലനം നല്‍കുന്നത്. ഇത് എത്രത്തോളം വിജയിക്കുമെന്നും എത്രപേരുടെ പണം തട്ടിപ്പിലൂടെ നഷ്ടപ്പെടുമെന്നും ഇപ്പോള്‍ പ്രവചിക്കാനാവില്ല. ഈ മേഖലകളില്‍ ഹൈടെക് സാങ്കേതികവിദ്യകളുപയോഗിച്ചാണ് സൈബര്‍ കുറ്റവാളികള്‍ ഇന്ത്യയുടെ വമ്പന്‍ പ്രതിരോധ ബജറ്റിനോളം പോന്ന തുക ഓരോ വര്‍ഷവും തട്ടിയെടുക്കുന്നത്. ഓരോ വര്‍ഷവും ആഗോളതലത്തില്‍ ക്രിമിനല്‍ കുറ്റകൃത്യങ്ങളില്‍ എട്ട് മുതല്‍ 10 ശതമാനം വരെ വര്‍ധനയുണ്ടാവുന്നുവെങ്കില്‍ ഇന്ത്യയിലെ വര്‍ധനയുടെ തോത് കഴിഞ്ഞ വര്‍ഷം 17 ശതമാനത്തോളമായിരുന്നു എന്നു കേള്‍ക്കുമ്പോഴാണ് സംഭവത്തിന്റെ ഗൗരവം മനസ്സിലാകുന്നത്.
മോദി സര്‍ക്കാരിന്റെ മെയ്ക്ക് ഇന്‍ ഇന്ത്യ, സ്റ്റാര്‍ട്ട് അപ് ഇന്ത്യ, ഡിജിറ്റല്‍ ഇന്ത്യ പദ്ധതികള്‍ അടിസ്ഥാനപരമായി പ്രശ്നങ്ങളില്‍ യാതൊരു മാറ്റവുമുണ്ടാക്കിയിട്ടില്ല. കള്ളപ്പണ വേട്ട തകൃതിയായി രാജ്യമെങ്ങും നടക്കുന്നുണ്ട്. കോടിക്കണക്കിന് കള്ളപ്പണം പിടിച്ചെടുത്ത് ബാങ്കുകളില്‍ നിക്ഷേപിക്കുന്നുമുണ്ട്. അതേ നിലയില്‍ തന്നെ സമാന്തരമായി സാധാരണക്കാരുടെ ദൈനംദിന ജീവിതവും ആകെ താറുമാറായിക്കൊണ്ടിരിക്കുന്നു. ഇന്ത്യ മുഴുവന്‍ ഡിജിറ്റലാക്കുമെന്ന മോദിയുടെ ആഗ്രഹം സഫലമാകണമെങ്കില്‍ മേല്പറഞ്ഞ സൈബര്‍ സെക്യൂരിറ്റിയുടെ കാര്യത്തിലും ഉത്തരവാദിത്വമേറ്റെടുക്കണം.
അമേരിക്കയിലും മറ്റിതര രാജ്യങ്ങളിലും വിവര സാങ്കേതിക വിദ്യകളും ഡിജിറ്റല്‍ സംവിധാനവും ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നില്ല. കാരണം അത്രയും കെട്ടുറപ്പോടെ, വിശ്വസനീയതയോടെ, എല്ലാവിധ മാനദണ്ഡങ്ങളും പാലിച്ചാണ് ഇവിടങ്ങളിലെല്ലാം ഡിജിറ്റലൈസേഷന്‍ നടപ്പിലാക്കിയിരിക്കുന്നത്. ശമ്പളവും, പെന്‍ഷനും, ആനുകൂല്യങ്ങളുമെല്ലാം ബാങ്കുവഴിയാണ് നടക്കുന്നത്. ഓണ്‍ലൈന്‍ പര്‍ച്ചെയ്സിംഗും, വ്യാപാരവും, ബില്‍ പെയ്മെന്റുകളും, ഓട്ടോമാറ്റിക് പെയ്മന്റുകളുമൊക്കെ യാതൊരു പ്രശ്നങ്ങളുമില്ലാതെ ഭദ്രമായി നടക്കുന്നു. ക്യാഷ് കൈയ്യിലില്ലെങ്കിലും എടിഎം-ക്രഡിറ്റ് കാര്‍ഡുകള്‍ കൊണ്ട് നമുക്ക് ക്രയവിക്രയങ്ങള്‍ നടത്താന്‍ യാതൊരു ബുദ്ധിമുട്ടുമില്ല. ബാങ്കുകളിലെ എടിഎം കാര്‍ഡുകള്‍ ലോകത്ത് എവിടെ വേണമെങ്കിലും ഉപയോഗിക്കാം. ബാങ്ക് ഡെപ്പോസിറ്റുകള്‍, ട്രാന്‍സ്ഫറുകള്‍ എല്ലാം ഓണ്‍ലൈന്‍ വഴി ചെയ്യാം. അക്കൗണ്ടുകള്‍ ഓണ്‍ലൈന്‍ വഴി പരിശോധിക്കാം.... ഇവയൊക്കെ സുരക്ഷിതമായ സാങ്കേതികതത്വത്തോടെ ബാങ്കുകളും സര്‍ക്കാരിതര സ്ഥാപനങ്ങളും ജനങ്ങള്‍ക്കായി ഒരുക്കിത്തന്നിട്ടുണ്ട്. എടിഎം/ക്രഡിറ്റ് കാര്‍ഡുകളില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപാടുകള്‍ നടന്നതായി സംശയം തോന്നിയാല്‍ ബാങ്കുകള്‍ എത്രയും പെട്ടെന്ന് അതിന് പരിഹാരങ്ങളും ചെയ്തുതരുന്നു. എന്നാല്‍ ഇന്ത്യയിലോ? ബാങ്ക് മാനേജരും മറ്റു ഉദ്യോഗസ്ഥരും ഉള്‍പ്പെട്ട സംഘങ്ങള്‍ പോലും അക്കൗണ്ടുകളില്‍ കൃത്രിമം കാണിച്ച് ഇടപാടുകാരുടെ പണം മോഷ്ടിച്ചതിന് പിടിക്കപ്പെടുന്ന ഒരു രാജ്യത്ത് സമ്പൂര്‍ണ്ണ ഡിജിറ്റല്‍ സംവിധാനം ഒരുക്കുക അസാധ്യമാണെന്ന് മോദി സര്‍ക്കാരിനും റിസര്‍വ്വ് ബാങ്കിനും അറിയാതെ പോയത് ദൗര്‍ഭാഗ്യകരമായിപ്പോയി.
ഇപ്പോള്‍ പ്രയോഗത്തില്‍ കൊണ്ടുവന്നിരിക്കുന്ന നോട്ട് നിരോധനത്തിലൂടെയുള്ള ഡിജിറ്റല്‍ പണമിടപാടില്‍ പണം നഷ്ടപ്പെടുന്നവരുടെ എണ്ണം ദിനംപ്രതി കൂടിവരികയാണെന്ന് പല റിപ്പോര്‍ട്ടുകളും ചൂണ്ടിക്കാണിക്കുന്നു. നോട്ട് നിരോധനത്തിലൂടെ ഡിജിറ്റല്‍ പണമിടപാടുകളും ഓണ്‍ലൈന്‍ മാര്‍ക്കറ്റിംഗും വലിയതോതില്‍ വര്‍ധിച്ചതോടൊപ്പം പരാതികളും പ്രശ്‌നങ്ങളും വര്‍ധിച്ചുവരുന്നതായാണ് പറയപ്പെടുന്നത്. ഇക്കഴിഞ്ഞ ദിവസമാണ് ഗായകന്‍ ഉണ്ണികൃഷ്ണന്റെ ബാങ്ക് അക്കൗണ്ടില്‍ നിന്ന് ഒന്നരലക്ഷം രൂപ ഓണ്‍ലൈന്‍ വഴി ആരോ തട്ടിയെടുത്തത്. അതേ ദിവസം തന്നെ കേന്ദ്ര സര്‍വ്വകലാശാലാ ജീവനക്കാരിയുടെ അക്കൗണ്ടില്‍ നിന്നും അറുപതിനായിരത്തോളം രൂപയും പിന്‍വലിച്ചത്രേ. സാധാരണ ഗതിയില്‍ ബാങ്കില്‍ നിന്നാണ് വിളിക്കുന്നതെന്നും, പുതിയ കാര്‍ഡ് ഇഷ്യൂ ചെയ്യാന്‍ നിലവിലെ കാര്‍ഡിന്റെ വിവരങ്ങള്‍ ചോദിച്ചു മനസ്സിലാക്കിയാണ് ക്രിമിനലുകള്‍ പണം പിന്‍വലിക്കാറ്. എന്നാല്‍ ഈ കേസില്‍ അതുപോലുമില്ലാതെയാണ് പണം പിന്‍വലിച്ചതത്രേ. ഇത്തരം കേസുകളില്‍ ബാങ്കുകാര്‍ പോലീസിലറിയിച്ച് അവര്‍ സൈബര്‍ സെല്ലിലറിയിച്ച് കാത്തിരിക്കുകയാണ് പതിവ്. പണം നഷ്ടപ്പെട്ടവര്‍ക്ക് അത് തിരിച്ചുകിട്ടാന്‍ ഒരുപക്ഷേ കാലങ്ങളെടുക്കും.
നോട്ട് നിരോധനത്തിലൂടെ കള്ളപ്പണ വേട്ട പുരോഗമിക്കുകയും കോടിക്കണക്കിന് രൂപ കണ്ടുകെട്ടുകയും ചെയ്യുന്ന സര്‍ക്കാരിന്റെ നീക്കങ്ങളെ സസൂക്ഷ്മം നിരീക്ഷിച്ചുകൊണ്ടിരിക്കുന്ന സൈബര്‍ ക്രിമിനലുകളെ എങ്ങനെ നേരിടുമെന്ന് സര്‍ക്കാരിന് ഇതുവരെ ഒരു രൂപവും കിട്ടിയിട്ടില്ല. രാജ്യമെങ്ങുമുള്ള ബാങ്കുകള്‍ പുതിയ അക്കൗണ്ടുകള്‍ തുടങ്ങി കോടിക്കണക്കിന് രൂപ ഡെപ്പോസിറ്റുകളും വാങ്ങി എല്ലാം ഭദ്രമായി എന്നു ചിന്തിച്ച് സ്വസ്ഥമായി ഇരിക്കുന്നു. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളും റിസര്‍വ്വ് ബാങ്കും 'എല്ലാം ശരിയായി' എന്ന മട്ടില്‍ ആശ്വാസം കൊള്ളുന്നു. പക്ഷെ, ഇതിന്റെയെല്ലാം അന്ത്യം സൈബര്‍ ക്രിമിനലുകളുടെ കടന്നു കയറ്റവും ബാങ്ക് അക്കൗണ്ടുകള്‍ ഹാക്ക് ചെയ്ത് ജനങ്ങളുടെ പണം മോഷ്ടിക്കലുമാണെന്ന് അവര്‍ അറിയുന്നില്ല. ഈ ക്രിമിനലുകളെ എങ്ങനെ നേരിടാമെന്നുള്ള യാതൊരു സംവിധാനവും ബാങ്കുകള്‍ ഒരുക്കിയിട്ടില്ലെന്നുള്ളതും ഭീകരമായ ഒരു സത്യമാണ്. കൈയ്യിലുള്ള പണം മുഴുവന്‍ ബാങ്കുകളില്‍ നിക്ഷേപിച്ചിട്ടുള്ള സാധാരണക്കാരനെ കാത്തിരിക്കുന്നത് ഒരു വന്‍ ദുരന്തമാണെന്ന് അവര്‍ അറിയുന്നതേ ഇല്ല.

No comments:
Post a Comment