Friday, March 29, 2013

സൗദിയിലുള്ള മലപ്പുറത്തുകാര്‍; കേരളത്തില്‍ അതേ ജോലി ചെയ്യുന്ന ബംഗാളി

ഗള്‍ഫില്‍ എത്ര ഇന്ത്യക്കാരുണ്ട് എന്നുചോദിച്ചാല്‍ നമ്മുടെ കേന്ദ്ര സര്‍ക്കാറും പ്രവാസികാര്യവകുപ്പും മേലോട്ടുനോക്കും. സൗദിയില്‍ എത്ര മലയാളികളുണ്ട് എന്നുചോദിച്ചാലും തഥൈവ. കേരളത്തില്‍നിന്ന് എത്രപേര്‍ വര്‍ഷംതോറും ഗള്‍ഫിലേക്കുപോകുന്നുവെന്നതിന്റെ കണക്ക് ആരുടെയും കൈയിലില്ല. ഗള്‍ഫ് രാജ്യങ്ങളിലെ ഇന്ത്യന്‍ എംബസികള്‍ക്കുപോലും അറിയില്ല, എത്ര ഇന്ത്യക്കാര്‍ അതാതുരാജ്യങ്ങളില്‍ ജോലി ചെയ്യുന്നുണ്ട് എന്ന കാര്യം. വിമാനത്താവളങ്ങളില്‍നിന്നും മറ്റും ലഭിക്കുന്ന കണക്കും സര്‍ക്കാരിതര ഏജന്‍സികളുടെ സര്‍വേകളുമാണ് ഏകദേശ എണ്ണം നല്‍കുന്നത്. പ്രവാസികളുടെ പ്രാഥമിക വിവരം പോലും കൈയിലില്ലാത്ത ഇന്ത്യന്‍ സര്‍ക്കാര്‍ എങ്ങനെയാണ്, സൗദി അറേബ്യയിലെ ആറു ലക്ഷം മലയാളി തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കാന്‍ പോകുന്നത്?

പ്രധാനമന്ത്രി ഇടപെടണമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും ആവശ്യപ്പെട്ടിട്ടുണ്ട്. ആര്‍ക്കും വേണ്ടാത്ത പ്രവാസികാര്യവകുപ്പിനെക്കൊണ്ട് ഒന്നും നടക്കില്ല എന്ന് മുഖ്യമന്ത്രിക്കും തോന്നിക്കാണണം. 'സൗദിയിലെ മലയാളികളെ അവിടെത്തന്നെ പുനരധിവസിപ്പിക്കും' എന്ന മരമണ്ടത്തരം ഒരു ചാനലിലൂടെ നമ്മുടെ പ്രവാസികാര്യവകുപ്പു മന്ത്രി തട്ടിവിടുന്നതു കേട്ടപ്പോള്‍ ഈ മന്ത്രിക്ക് ഇത്രയും വിവരമില്ലാതായിപ്പോയോ എന്നു തോന്നി.   സൗദിയില്‍ ഇപ്പോള്‍ ഇന്ത്യക്ക് നടത്താന്‍ കഴിയുന്ന ഏറ്റവും വലിയ ഇടപെടല്‍, തിരിച്ചുവരുന്നവര്‍ക്ക് എംബസി മുഖേന ഔട്ട് പാസ് നല്‍കുക എന്നതുമാത്രമാണ്. നിയമക്കുരുക്കില്‍നിന്നും തടവുശിക്ഷയില്‍നിന്നും പ്രവാസികള്‍ക്ക് സംരക്ഷണം നല്‍കുക എന്നതുമാത്രം. മറ്റൊന്നും സൗദിയില്‍ ഇന്ത്യക്ക് ചെയ്യാനാകില്ല. കാരണം, സ്വദേശിവത്ക്കരണം  ജി.സി.സി രാജ്യങ്ങള്‍ നയമായി സ്വീകരിച്ച കാര്യമാണ്. ഇതിന് രാഷ്ട്രീയവും സാമ്പത്തികവുമായ നിരവധി കാരണങ്ങളുണ്ട്.

തൊഴില്‍രഹിതരായ സ്വദേശി യുവാക്കളുടെ വളര്‍ന്നുവരുന്ന അസംതൃപ്തിയും പ്രതിഷേധവുമാണ് സ്വദേശിവല്‍ക്കരണത്തിന് ഗള്‍ഫ് ഭരണകൂടങ്ങളെ പ്രേരിപ്പിക്കുന്ന പ്രധാന കാരണം. അറബ് രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട പ്രക്ഷോഭങ്ങള്‍ക്ക് ഈ അസംതൃപ്ത യുവസമൂഹമാണ് നേതൃത്വം നല്‍കിയത്. ജി.സി.സിയില്‍ ബഹ്റൈനിലാണ് യുവാക്കള്‍ നേരിട്ട് പ്രക്ഷോഭത്തിനിറങ്ങിയത്. ജനാധിപത്യപരമായി മുന്നോട്ടുപോയ പ്രക്ഷോഭത്തിന്റെ ഒരു മുദ്രാവാക്യം തൊഴില്‍ എന്നതായിരുന്നു. അമേരിക്കയോട് അമിതവിധേയത്വം പ്രകടിപ്പിക്കുന്ന ബഹ്റൈന്‍ ഭരണകൂടം നടപ്പാക്കുന്ന നവലിബറലിസത്തിന്റെ ഇരകളായി തങ്ങള്‍ മാറിക്കൊണ്ടിരിക്കുന്നു എന്ന യാഥാര്‍ത്ഥ്യമാണ് യുവാക്കളെ തെരുവിലേക്ക് വലിച്ചിഴച്ചത്. ബഹ്റൈന്‍ പ്രക്ഷോഭത്തെ ആയുധം കൊണ്ട് അടിച്ചമര്‍ത്താന്‍ ആദ്യം സൈന്യത്തെ അയച്ചത് സൗദി അറേബ്യയാണെന്നുകൂടി ഓര്‍ക്കുക. മാത്രമല്ല, ബഹ്റൈന്‍ പ്രക്ഷോഭത്തെ വെറും സുന്നി- ഷിയ പ്രശ്നമാക്കി മാറ്റാനും സൗദി ശ്രമിച്ചു. ജനാധിപത്യത്തിനും സാമ്പത്തിക സമത്വത്തിനും വേണ്ടിയുള്ള, മൂലധന സാമ്രാജ്യത്വത്തിനെതിരായ മുദ്രാവാക്യങ്ങള്‍ ഏറ്റവും ഭീഷണിയാകുക തങ്ങള്‍ക്കാണെന്ന് സൗദി ഭരണകൂടം തിരിച്ചറിഞ്ഞു. ബഹ്റൈനില്‍നിന്ന് ഊര്‍ജ്ജമുള്‍ക്കൊണ്ട് സൗദിയിലും ചെറിയ തോതില്‍ പ്രക്ഷോഭസൂചനകള്‍ കണ്ടപ്പോള്‍ തന്നെ അത് അടിച്ചമര്‍ത്തുകയും ചെയ്തു.

ഇതേതുടര്‍ന്നാണ്, ജി.സി.സി ഭരണകൂടങ്ങള്‍ സ്വദേശിവല്‍ക്കരണം ശക്തമാക്കുംവിധമുള്ള തൊഴില്‍ പരിഷ്കാരങ്ങള്‍ക്ക് തുടക്കം കുറിച്ചത്. സ്പോണ്‍സര്‍ഷിപ്പ് വ്യവസ്ഥ ഉദാരമാക്കി ബഹ്റൈനില്‍ ഇതിന് തുടക്കമായി. ജി.സി.സി രാജ്യങ്ങളുടെ ബജറ്റുകളില്‍ മില്യന്‍ കണക്കിന് പണം തൊഴില്‍രഹിതര്‍ക്കുള്ള പദ്ധതികള്‍ക്കായി നീക്കിവെച്ചു. വിദേശി തൊഴില്‍ റിക്രൂട്ടുമെന്‍റിന് കടിഞ്ഞാണിട്ടു. യു.എ.ഇയും ഖത്തറും കുവൈത്തുമെല്ലാം ഇത്തരം നിയന്ത്രണങ്ങള്‍ വര്‍ഷങ്ങള്‍ക്കുമുമ്പേ തുടങ്ങിയതാണ്. എന്നാല്‍, സൗദിയില്‍ പ്രശ്നം രൂക്ഷമായപ്പോഴാണ് കേരള സര്‍ക്കാര്‍ ഉണര്‍ന്നത്. കാരണം, ആറുലക്ഷം മലയാളികളാണ് സൗദി അറേബ്യയില്‍ ജോലി ചെയ്യുന്നത്. ഏറെയും പുതിയ നിയമം കര്‍ശനമാക്കിയാല്‍ തിരിച്ചുവരേണ്ടിവരുന്നവര്‍. ഗ്രോസറി കടകള്‍, റസ്റ്റോറന്‍റുകള്‍, പച്ചക്കറി കടകള്‍, തയ്യല്‍ക്കടകള്‍, സൂപ്പര്‍മാര്‍ക്കറ്റുകള്‍, ഹോട്ടലുകള്‍, ഫര്‍ണീച്ചര്‍ കടകള്‍, ആശുപത്രികള്‍, സ്കൂളുകള്‍ തുടങ്ങിയ സ്ഥാപനങ്ങളിലെ തൊഴിലാളികളാണ്. പുതിയ നിയമത്തിന്റെ ഇരകള്‍. ഇവരിലേറെയും മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലക്കാരാണ്.

ലേഖകനും വര്‍ഷങ്ങള്‍ക്കു മുന്‍പ് ഒരു സൗദി മലയാളിയായിരുന്നു. അന്ന് കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പണി പൂര്‍ത്തിയായിരുന്നില്ല. വിമാനത്താവളവും അനുബന്ധ സ്ഥാപനങ്ങളുടേയും പണികളില്‍ ഏര്‍പ്പെട്ടിരുന്നവര്‍ ബഹുഭൂരിഭാഗവും ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങി ഇതര രാജ്യക്കാരായിരുന്നു. അവിദഗ്ധ തൊഴിലാളികളില്‍ ഭൂരിഭാഗവും ഇന്ത്യക്കാരായിരുന്നു. അതും യു.പി., രാജസ്ഥാന്‍ എന്നിവിടങ്ങളില്‍ നിന്നുള്ളവര്‍ . അമേരിക്കന്‍ ബെക്റ്റലിന്റെ കീഴില്‍ ഒരു സൗദി കമ്പനിയായിരുനു എയര്‍പോര്‍ട്ട് ഫര്‍ണിഷിംഗ് ഏറ്റെടുത്ത് നടത്തിയിരുന്നത്.  അന്ന്  ഓഫീസ് മാനേജരായിരുന്ന മലയാളിയായ വിന്‍സന്റ് പറഞ്ഞ ഒരു കാര്യമാണ് ഇപ്പോള്‍ മനസ്സിലോടിയെത്തുന്നത്. 'ഈ കൊയ്ത്ത് അധികകാലം നീണ്ടു നില്‍ക്കുകയില്ല. ഇവിടെ തൊഴില്‍ പ്രശ്നം രൂക്ഷമാകുന്ന ഒരു സമയം വരും. അന്ന് നമ്മള്‍ മലയാളികള്‍ കരയിലും കടലിലുമല്ലാത്ത അവസ്ഥയിലാകും' എന്ന്. ഇപ്പോള്‍ സൗദിയിലെ അവസ്ഥ കേട്ടപ്പോള്‍ അദ്ദേഹം അന്ന് പറഞ്ഞ കാര്യങ്ങളാണ് ഓര്‍മ്മ വരുന്നത്.

കഴിഞ്ഞ 30 വര്‍ഷങ്ങളായി സൗദിയിലെ ഖസീമില്‍ ബിസിനസ്സ് നടത്തുന്ന സഹോദരനെ രണ്ടു ദിവസം മുന്‍പ് പോലീസ് പിടിച്ചുകൊണ്ടുപോയി എന്നറിഞ്ഞയുടന്‍ ഞാന്‍ ഫോണ്‍ ചെയ്തു. ഒരു സൗദിയുടെ പേരില്‍ ലൈസന്‍സുള്ള കടയാണ് നടത്തുന്നതെങ്കിലും സ്പോണ്‍സര്‍ മറ്റൊരാളാണ്. നിയമം പ്രാബല്യത്തിലായതിന്റെ പിറ്റേ ദിവസം രാവിലെ 4 മണിക്കാണ് താമസ സ്ഥലത്തുനിന്ന് പോലീസ് പിടിച്ചുകൊണ്ടുപോയതെന്നാണ് പറയുന്നത്. പക്ഷെ, സ്പോണ്‍സര്‍ ഉടനെ സ്ഥലത്തെത്തി വേണ്ടതു ചെയ്തതുകൊണ്ട് വിട്ടയച്ചു. ഒരു സൗദിയെ ജോലിയില്‍ നിയമിക്കാനുള്ള വരുമാനമൊന്നും കടയില്‍ ഇല്ല എന്നാണ് അവന്‍ പറയുന്നത്.

സൗദിയിലെ പ്രശ്നം തൊഴിലാളികളേക്കാള്‍ ചെറുകിട തൊഴിലുടമകളെ ബാധിക്കുന്നതാണ്. പതിനായിരക്കണക്കിന് മലയാളികള്‍ രണ്ടും മൂന്നും തൊഴിലാളികളെ വെച്ച് മേല്‍പ്പറഞ്ഞ തരത്തിലുള്ള ചെറുകിട സ്ഥാപനങ്ങള്‍ നടത്തുന്നുണ്ട്. ഇവരുടെ പ്രതിമാസ വരുമാനം 4000- 5000 റിയാലാണ്. രണ്ട് തൊഴിലാളികള്‍ക്ക് 1500- 2000 റിയാല്‍ വീതം ശമ്പളം കൊടുത്താല്‍ ബാക്കി തൊഴിലുടമക്ക് കിട്ടുന്ന ലാഭം വെറും 1000 റിയാലാണ്. പുതിയ നിയമമനുസരിച്ച്, ഈ സ്ഥാപനങ്ങളില്‍ 3000 റിയാല്‍ ശമ്പളത്തിന് ഒരു സൗദി പൗരനെ കൂടി വച്ചാല്‍ സ്ഥിതി  എന്താകും? കട പൂട്ടാതെ അയാള്‍ക്ക് നിവൃത്തിയില്ല. ഇങ്ങനെ പതിനായിരക്കണക്കിന് ചെറുകിട സ്ഥാപനങ്ങളും അവയിലെ മലയാളി തൊഴിലാളികളുമാണ് വഴിയാധാരമാകുന്നത്. പുതിയ നിയമം അനുസരിക്കാമെന്നുവച്ചാലോ? മാസം 3000 റിയാലിന് ജോലി ചെയ്യാന്‍ ഒരു സൗദി പൗരനെ നിങ്ങള്‍ക്ക് കിട്ടുമോ? ഇല്ല. അതുകൊണ്ട്, നിയമം കര്‍ശനമാക്കിയാല്‍ കട അടച്ചുപൂട്ടി നാട്ടിലേക്കുവരേണ്ടിവരും. സൗദിയിലെ മൂന്നുലക്ഷത്തോളം ചെറുകിട സ്ഥാപനങ്ങളില്‍ ഒന്നിലും സ്വദേശികള്‍ ജോലി ചെയ്യുന്നില്ല. ഇവയാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്.

സ്വകാര്യ മേഖലയെ പ്രതികൂലമായി ബാധിക്കുന്ന തരത്തില്‍ നിയമം ധൃതിപ്പെട്ട് നടപ്പാക്കില്ലെന്ന് സൗദി തൊഴില്‍മന്ത്രി എന്‍ജി. ആദില്‍ ഫഖീഹിന്റെ ഉറപ്പുമാത്രമാണ് ഈ സന്ദര്‍ഭത്തിലെ ഏക പ്രതീക്ഷ. തൊഴിലുടമ, തൊഴിലാളി, സര്‍ക്കാര്‍ എന്നീ വിഭാഗങ്ങളുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുമെന്നും അദ്ദേഹം പറയുന്നു. മൂന്ന് മാസത്തിനകം 180,000 സ്ഥാപനങ്ങള്‍ പുതിയ നിയമം നടപ്പാക്കിയിട്ടുണ്ടെന്നാണ് സൗദിയിലെ ജനറല്‍ ഓര്‍ഗനൈസേഷന്‍ ഫോര്‍ സോഷ്യല്‍ ഇന്‍ഷൂറന്‍സ് (ഗോസി) കണക്കുകള്‍ വ്യക്തമാക്കുന്നത്. അമേരിക്കയിലെ സോഷ്യല്‍ സെക്യൂരിറ്റി പോലെയാണ് 'ഗോസി'യും. പക്ഷെ, ഒരു വ്യത്യാസം മാത്രം. അമേരിക്കയില്‍ സോഷ്യല്‍ സെക്യൂരിറ്റി ആനുകൂല്യം ലഭിക്കുന്നതുപോലെ വിദേശികള്‍ക്ക് ലഭിക്കുകയില്ല. തിരിച്ചു വരാന്‍ ഉദ്ദേശമില്ലാതെ ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ അക്കൗണ്ടില്‍ ഉള്ള തുക ഒരുമിച്ച് നല്‍കും. സ്വദേശികള്‍ക്ക് ഈ നിയമം ബാധകമല്ല.

മറ്റൊരു യാഥാര്‍ത്ഥ്യം കൂടിയുണ്ട്; നിയമവിരുദ്ധമായി ഗള്‍ഫില്‍ എത്തുന്നവരെ പ്രവാസിയായി കരുതാനാവില്ല. ഇന്ത്യയിലായാലും നിയമവിരുദ്ധമായി താമസിക്കുന്നത് കുറ്റമാണ്.അവരെ തിരിച്ചയക്കും. ഏത് രാജ്യവും ചെയ്യുന്ന നടപടിയാണിത്. അതുകൊണ്ട് സൗദിയില്‍നിന്നുള്ള തിരിച്ചുവരവ് അനിവാര്യതയായി അംഗീകരിക്കുക മാത്രമാണ് കേരള- കേന്ദ്ര സര്‍ക്കാറുകള്‍ക്ക് ചെയ്യാനുള്ളത്. ഈ സര്‍ക്കാറുകളുടെ ഇടപെടല്‍ സൗദിയിലല്ല വേണ്ടത്, കേരളത്തിലാണ്. പ്രവാസികളുടെ പുനരധിവാസത്തെക്കുറിച്ച് വാതോരാതെ പറഞ്ഞുകൊണ്ടിരിക്കുന്ന മന്ത്രിമാര്‍, സ്വന്തം ഉറപ്പുകളുടെ നിഷ്ഫലതയോര്‍ത്ത് ലജ്ജിക്കണം. പ്രവാസികള്‍ അയക്കുന്ന കോടികളുടെ നേട്ടം ഒരുളുപ്പുമില്ലാതെ പങ്കിടുന്ന സര്‍ക്കാറുകള്‍ അവര്‍ക്കുവേണ്ടി എന്താണ് ചെയ്തതെന്ന് ആലോചിക്കേണ്ട സന്ദര്‍ഭം കൂടിയാണിത്. 1995 മുതല്‍ സ്വദേശിവത്കരണ നയം സൗദിയിലുണ്ട്. 2008ല്‍ അത് ശക്തമാക്കുകയും ചെയ്തു. ഇത്രയും കാലം കിട്ടിയിട്ടും സര്‍ക്കാര്‍ അനങ്ങിയില്ല. ഒപ്പം, പ്രവാസികളുടെ വരുമാനം കൊള്ളയടിച്ച് ജീവിക്കുന്ന കേരളത്തിലെ ആശ്രിതസമൂഹവും നെഞ്ചില്‍ കൈവെച്ച് ആത്മപരിശോധന നടത്തണം, തങ്ങളുടെ കുടുംബത്തിലെ പ്രവാസി അംഗത്തിനുവേണ്ടി തങ്ങള്‍ എന്തു ചെയ്തു എന്ന്.

സ്വന്തം കുടുംബം സംരക്ഷിക്കാന്‍ ജീവിതം ബലിയര്‍പ്പിച്ച് നാട് വിടേണ്ടിവന്നവരാണ് ഗള്‍ഫ് പ്രവാസികള്‍ . സ്വന്തം കുടുംബാംഗവും സ്വന്തം പൗരനും വിദേശത്തേക്ക് എന്ത് തൊഴിലിനാണ് പോകുന്നത്, അവിടെ എങ്ങനെയാണ് അയാള്‍ ജീവിക്കുക എന്നീ ഉദ്ക്കണ്ഠകള്‍ കുടുംബത്തിനും സര്‍ക്കാറിനും വേണ്ടതാണ്. എന്നാല്‍, പ്രവാസികളെ സൗകര്യപൂര്‍വം മറക്കുകയും അവരയക്കുന്ന പണത്തെ കെട്ടിപ്പിടിച്ചിരിക്കുകയും ചെയ്യുക എന്നതില്‍ കവിഞ്ഞ് കുടുംബങ്ങളും സര്‍ക്കാറും അരനൂറ്റാണ്ടിനിടെ മറ്റൊന്നും ചെയ്തിട്ടില്ല. ഈ കൊടുംകൃതഘ്നതയാണ് പ്രവാസികളുടെ ജീവിതത്തെ ഇത്രമേല്‍ ആലംബഹീനമാക്കിയത്. എത്ര ദുരിതജീവിതമായാലും ‘പോയി പണം വാരുന്ന യന്ത്രമാകൂ’എന്ന് ഓരോ കുടുംബവും ഓരോ പ്രവാസിയെയും നിര്‍ബന്ധിച്ചുകൊണ്ടിരിക്കും. സ്വന്തം കുടുംബങ്ങളുടെ തീരാത്ത പ്രാരാബ്‌ധങ്ങളില്‍ കുടുങ്ങി പ്രവാസിക്ക് ജീവിതത്തിലെ വിലപ്പെട്ട വര്‍ഷങ്ങള്‍ ഗള്‍ഫില്‍ കഴിയേണ്ടിവരും. മറുഭാഗത്ത്, വിദേശത്ത് തൊഴിലെടുക്കാന്‍ പോകുന്നവര്‍ക്ക് അതിനുള്ള യോഗ്യത ഉണ്ടോ എന്ന പ്രാഥമികമായ ചോദ്യം പോലും സര്‍ക്കാര്‍ പ്രവാസിയോട് ചോദിക്കാറില്ല. അവര്‍ക്ക് ഒരുതരത്തിലുള്ള പരിശീലനവും നല്‍കില്ല. അവരുടെ മനുഷ്യാവകാശങ്ങള്‍ സംരക്ഷിക്കപ്പെടുന്നുണ്ടോ എന്ന അന്വേഷണവുമില്ല. അങ്ങനെ പ്രവാസികളുടെ അനാഥത്വം പൂര്‍ണമാകുന്നു.

സ്വന്തം നാട് ഏറെ മാറിപ്പോയത് പ്രവാസികള്‍ അറിഞ്ഞിട്ടില്ല. ഇന്ത്യയില്‍ തന്നെ ഏറ്റവുമധികം പ്രവാസികള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന സംസ്ഥാനം സ്വന്തം കേരളമാണെന്ന് സൗദിയിലെ റസ്റ്റോറന്‍റുകളില്‍ പൊറോട്ടയുണ്ടാക്കുന്ന മലപ്പുറത്തുകാരന്‍ അറിയുന്നുണ്ടോ? സൗദിയില്‍ തങ്ങള്‍ക്ക് കിട്ടുന്നതിനേക്കാള്‍ ഇരട്ടി വരുമാനം കേരളത്തില്‍ പണിയെടുക്കുന്ന ബംഗാളിയും ഒഡീഷക്കാരനും കിട്ടുന്നുണ്ടെന്ന് പ്രവാസികള്‍ക്ക് അറിയാമോ? സ്വന്തം നാട്ടിലേക്ക് പണമയക്കാനെത്തുന്ന അന്യസംസ്ഥാനതൊഴിലാളികളുടെ തിരക്ക് വര്‍ധിച്ചതിനെതുടര്‍ന്ന് പെരുമ്പാവൂരിലും കൊച്ചിയിലും ദേശസാല്‍കൃതബാങ്കുകള്‍ക്ക് സായാഹ്നശാഖകള്‍ തുറക്കേണ്ട സാഹചര്യമുണ്ടാകുന്നുവെന്ന് പ്രവാസികള്‍ അറിയുന്നുണ്ടോ?

കേരളത്തിലെത്തുന്ന ബംഗാളിയും ആന്ധ്രക്കാരനും തമിഴ്നാട്ടുകാരനും ഒഡീഷക്കാരനും എന്തുജോലിയാണ് ചെയ്യുന്നത്. കെട്ടിടനിര്‍മ്മാണം,  റസ്റ്റോന്‍റ് ജോലി, പാചകം, മുടിവെട്ട്, ഡ്രൈവിംഗ് തുടങ്ങിയവ. സൗദിയിലുള്ള മലപ്പുറത്തുകാര്‍ ചെയ്യുന്ന അതേ ജോലികള്‍ . അപ്പോള്‍, സ്വഭാവികമായ സംശയം ഇതാണ്: എന്തിനാണ് ഇവിടത്തേക്കാള്‍ കുറഞ്ഞ കൂലിക്ക് ഇതേ ജോലി സൗദിയില്‍ ചെയ്യുന്നു? ഈ ചോദ്യത്തിന്റെ ഉത്തരത്തിലെത്താന്‍ വേണ്ട മാനസികമായ പാകത ഓരോ മലയാളിയും ഈ പ്രതിസന്ധിഘട്ടത്തില്‍ ആര്‍ജിക്കേണ്ടിയിരിക്കുന്നു.

സ്വന്തം നാട്ടില്‍ പൊറോട്ടയുണ്ടാക്കാനും മുടി വെട്ടാനും കെട്ടിടം പണിക്കുപോകാനും തയ്യാറായാല്‍, ഗള്‍ഫുകാരനെന്ന വ്യാജമായ സ്വത്വബോധം തകര്‍ക്കാനായാല്‍ തിരിച്ചുവരുന്ന ഓരോ പ്രവാസിക്കും കേരളത്തില്‍ ഇടമുണ്ട്, ജീവിതമുണ്ട്. സൗദിയിലേതിനേക്കാള്‍ സുഖകരമായി ജീവിക്കാവുന്ന സാഹചര്യമുണ്ട്. ഈയൊരു ആത്മവിശ്വാസം തിരിച്ചുവരുന്നവര്‍ക്ക് ഉണ്ടാക്കിക്കൊടുക്കേണ്ടത് സമൂഹവും സര്‍ക്കാരുമാണ്. തിരിച്ചെത്തുന്നവരെ ആഹ്ളാദത്തോടെ സ്വീകരിക്കുകയാണ് സമൂഹം ചെയ്യേണ്ടത്. ഒറ്റപ്പെടുത്താതെ അവര്‍ക്കൊപ്പം നില്‍ക്കുക. പുതിയ ജീവിതത്തിനുള്ള ധൈര്യം പകരുക.

സര്‍ക്കാറിന് ചെയ്യാനുള്ളതോ? പത്തും ഇരുപതും വര്‍ഷങ്ങള്‍ ഗള്‍ഫില്‍ ജോലി ചെയ്ത ഇവര്‍ അതാതു തൊഴിലില്‍ തങ്ങള്‍ക്കുണ്ടായിരുന്ന അവിദഗ്ധതയെ സമര്‍ത്ഥ മറികടന്നിരിക്കും. വര്‍ഷങ്ങളുടെ തൊഴില്‍ പരിചയമുള്ള ഇവര്‍ വിദഗ്ധതൊഴിലാളികള്‍ തന്നെയാണ്. ഒരു കട നടത്താനും എ.സി നന്നാക്കാനും വാഹനങ്ങളുടെ റിപ്പയറിംഗിനും ഹോട്ടല്‍ പണിക്കും ഏറ്റവും അനുയോജ്യരായിരിക്കും ഇവര്‍ . അതുകൊണ്ടുതന്നെ, തിരിച്ചെത്തിയവരെ അവര്‍ക്ക് യോജിച്ച തൊഴില്‍ മേഖലക്കനുസരിച്ച് ചിട്ടപ്പെടുത്തി, നാട്ടില്‍ അതേ തൊഴില്‍ ചെയ്യാനോ, പുതിയത് കണ്ടെത്താനോ ഉള്ള സാമ്പത്തികവും അല്ലാത്തതുമായ പിന്തുണ സര്‍ക്കാര്‍ നല്‍കണം. അങ്ങനെ ചെറുകിട സാമ്പത്തിക മേഖലയില്‍ പ്രവാസികളെക്കൊണ്ട് പുതിയ ഉണര്‍വുണ്ടാകട്ടെ. ഗ്രാമീണ ചെറുകിട വ്യവസായ- വ്യാപാര കൂട്ടായ്മകളും ഉല്‍പ്പാദന യൂണിറ്റുകളും വിപണനസംരംഭങ്ങളുമായി കേരളത്തിന്റെ നാട്ടിന്‍പുറങ്ങള്‍ ഉണരട്ടെ. അന്യസംസ്ഥാനതൊഴിലാളികളുടെ മേലുള്ള വര്‍ധിച്ച ആശ്രിതത്വം അവസാനിപ്പിച്ച് കേരളം ഒരു സ്വാശ്രയ സമൂഹമായി വളരാനുള്ള ഒരു നിമിത്തമായി ഈ പ്രതിസന്ധിഘട്ടത്തെ നാം മാറ്റിയെടുക്കണം.

കേരളത്തില്‍നിന്ന് ഇപ്പോള്‍ ഗള്‍ഫില്‍ പോകുന്ന പ്രവാസികള്‍ അധികവും വിദഗ്ധ ജോലിക്കാരാണ്. യു.പിയില്‍നിന്നും രാജസ്ഥാനില്‍നിന്നുമൊക്കെയാണ് അവിദഗ്ധ തൊഴിലാളികള്‍ കൂടുതലായി ഇപ്പോള്‍ ഗള്‍ഫിലെത്തുന്നത്. കേരളത്തെക്കാള്‍ ഈ പ്രശ്നം കൂടുതല്‍ ബാധിക്കുക ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളെയായിരിക്കും. അതുകൊണ്ടുതന്നെ, വിദഗ്ധതൊഴിലാളികള്‍ക്ക് ഹാനികരമാകാത്ത വിധം കേരളം സമചിത്തയോടെ വേണം പ്രശ്നം അഭിമുഖീകരിക്കാന്‍ .

Friday, March 22, 2013

നയതന്ത്ര വിജയമോ നാണക്കേടോ?

കടല്‍ക്കൊല കേസില്‍ പ്രതികളായ നാവികര്‍ തിരിച്ചെത്തിയത് ഇന്ത്യയുടെ നയതന്ത്രവിജയമെന്ന് കൊട്ടിഘോഷിക്കുന്നത് അര്‍ത്ഥശൂന്യമാണെന്ന് ഇതുസംബന്ധിച്ച് പുറത്തുവരുന്ന വിവരങ്ങള്‍ തെളിയിക്കുന്നു. ഇറ്റലി മുന്നോട്ടുവച്ച നിരവധി നിബന്ധനകള്‍ യാതൊരു മടിയുമില്ലാതെ അംഗീകരിച്ചാണ് ഇന്ത്യ അന്താരാഷ്ട്ര സമൂഹത്തിനുമുന്നില്‍ സ്വന്തം മാനം രക്ഷിക്കാന്‍ വിട്ടുവീഴ്ച നടത്തിയത്. മാത്രമല്ല, പ്രശ്നത്തില്‍ ഇന്ത്യയുടെ അഭിമാനം ലോകസമൂഹത്തിനു മുന്നില്‍ ഉയര്‍ത്തിപ്പിടിച്ച ഇന്ത്യന്‍ നീതിന്യായ സംവിധാനത്തിന്റെ വിശ്വാസ്യതക്കും സ്വാതന്ത്ര്യത്തിനും ഗുരുതരമായ പോറലേല്‍പ്പിക്കുന്നതാണ് നാവികരെ തിരിച്ചെത്തിക്കാന്‍ ഇന്ത്യന്‍ ഭരണകൂടം ഇറ്റലിയുമായുണ്ടാക്കിയ ഒത്തുതീര്‍പ്പുധാരണകള്‍ . ഈ കേസിലെ വിചാരണയെയും വിധി പ്രഖ്യാപനത്തെപ്പോലും സ്വാധീനിക്കുകയെന്ന ലക്ഷ്യത്തോടെയാണ് ഇന്ത്യ- ഇറ്റലി ധാരണ രൂപപ്പെട്ടിട്ടുള്ളതെന്ന് വ്യക്തം.

നാവികര്‍ക്ക് വധശിക്ഷ നല്‍കില്ല എന്ന ഉറപ്പാണ് ഇതില്‍ ഏറ്റവും പ്രധാനം. കേസിന്റെ വിചാരണക്ക് പ്രത്യേക കോടതി രൂപീകരിച്ചിട്ടേയുള്ളൂ. കേസില്‍ എന്ത് ശിക്ഷ നല്‍കണമെന്ന കാര്യം തീരുമാനിക്കുന്നത് വിചാരണക്കുശേഷം കോടതിയാണ്. ആ നിലക്ക് വിചാരണ പോലും തുടങ്ങുന്നതിനുമുമ്പ് വധശിക്ഷ നല്‍കില്ല എന്ന ഉറപ്പ് നല്‍കപ്പെട്ടത് ഇന്ത്യയുടെ ഏറ്റവും വലിയ കീഴടങ്ങലാണ്. മാത്രമല്ല, പ്രത്യേക കോടതിക്കുമേല്‍, ഈ ഉറപ്പ് വന്‍ സമ്മര്‍ദ്ദമാണുണ്ടാക്കുക. വധശിക്ഷ നല്‍കില്ല എന്നു പറഞ്ഞിട്ടില്ല, അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വമായ കേസ് അല്ല എന്നുമാത്രമേ ഇറ്റലിക്ക് നല്‍കിയ കത്തില്‍ പറഞ്ഞിട്ടുള്ളൂ എന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ഷിദ് പറയുന്നത്.  അപൂര്‍‌വ്വങ്ങളില്‍ അപൂര്‍‌വ്വമായ കേസല്ല എന്ന് വിധിക്കുന്നത് ഇന്ത്യന്‍ വിദേശകാര്യമന്ത്രിയാണോ എന്നതാണ് ഇവിടെ ഉയരുന്ന സംശയം. അതുകൊണ്ടുതന്നെ ഉന്നത ഭരണനേതൃത്വം ഇടപെട്ട ഒരു ഒത്തുതീര്‍പ്പ് നാടകമായിരുന്നു നാവികരുടെ തിരിച്ചുവരവ് എന്ന് വ്യക്തമായിരിക്കുകയാണ്. വധശിക്ഷ ലഭിച്ചേക്കുമെന്ന ഭയം മൂലമാണ് നാവികരെ തിരിച്ചയക്കാന്‍ ഇറ്റലി മടിച്ചതെന്ന് ഇറ്റാലിയന്‍ വിദേശകാര്യ സഹമന്ത്രി സ്റ്റെഫാന്‍ ഡി മിസ്തുര പറഞ്ഞിട്ടുള്ളത് ഇതോടൊപ്പം ചേര്‍ത്തുവായിക്കുക.

തിരിച്ചെത്തിയാല്‍ നാവികരെ അറസ്റ്റ് ചെയ്യില്ലെന്നാണ് ഇറ്റലിക്ക് ഇന്ത്യ നല്‍കിയ മറ്റൊരു ഉറപ്പ്. ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം ഇതുസംബന്ധിച്ച് ഉറപ്പുനല്‍കിയിരുന്നു. ഇതനുസരിച്ച് ഇന്ത്യന്‍ സമയം പുലര്‍ച്ചെ 5.30നാണ് നാവികര്‍ പ്രത്യേക സൈനിക വിമാനത്തില്‍ ഇറ്റലിയില്‍നിന്ന് പുറപ്പെട്ടത്. ഇന്ത്യയിലെത്തിയ അവര്‍ പോയത് ഇറ്റാലിയന്‍ എംബസിയിലേക്ക്. അവിടെനിന്നാണ് ചാണക്യപുരി സ്റ്റേഷനിലെത്തി തങ്ങള്‍ തിരിച്ചെത്തിയ വിവരം അറിയിച്ചത്. ജാമ്യ വ്യവസ്ഥ ലംഘിക്കുമെന്ന് പ്രഖ്യാപിച്ച ഒരു കുറ്റവാളിക്കും ഇന്ത്യയില്‍ ഇത്തരമൊരു ഇളവ് ലഭിക്കില്ല. വിചാരണാവേളയില്‍ ജയിലില്‍ പാര്‍പ്പിക്കില്ല, തടവുശിക്ഷ ഇറ്റലിയില്‍ അനുഭവിച്ചാല്‍ മതി എന്നീ നാണംകെട്ട വ്യവസ്ഥകളും ഇന്ത്യ സമ്മതിച്ചിട്ടുണ്ട്.

വിചാരണ ഇന്ത്യക്കു പുറത്തേക്ക് കൊണ്ടുപോകുകയാണ് ഇറ്റലിയുടെ അടുത്ത ലക്ഷ്യം. വിചാരണക്ക് സ്ഥാപിച്ച പ്രത്യേക കോടതിയില്‍ ഇറ്റലി ഉന്നയിക്കുന്ന ആദ്യ ആവശ്യം ഇതായിരിക്കും. ഈ ആവശ്യം പ്രത്യേക കോടതിയില്‍ ഉന്നയിക്കാന്‍ ഇന്ത്യ സമ്മതവും നല്‍കിട്ടുണ്ട്. അന്താരാഷ്ട്ര തലത്തിനും ഇന്ത്യ ഇത്തരം നാണംകെട്ട കീഴടങ്ങലുകള്‍ നടത്തിയാല്‍ വിജയം ഇറ്റലിക്ക് ഉറപ്പാണ്.

തുടക്കം മുതല്‍ പ്രതികളായ ഇറ്റാലിയന്‍ നാവികര്‍ക്ക് അനുകൂലമായ നിലപാടായിരുന്നു ഇന്ത്യന്‍ സര്‍ക്കാറിന്റേത്. ക്രിസ്മസ് ആഘോഷിക്കാന്‍ നാട്ടില്‍ പോകാന്‍ നാവികര്‍ക്ക് അവസരം നല്‍കി. മരിച്ചവരുടെ ബന്ധുക്കള്‍ക്കുമുണ്ട് ക്രിസ്മസ് എന്ന് കോടതിക്കുതന്നെ ഓര്‍മിപ്പിക്കേണ്ടിവന്നു. തിരിച്ചുവരാമെന്ന ഉറപ്പില്‍, വോട്ടു ചെയ്യാന്‍ നാട്ടിലേക്കുവിട്ടു. തപാല്‍ വോട്ട് സംവിധാനം നിലവിലുള്ള രാജ്യമാണ് ഇറ്റലി എന്ന വസ്തുത കോടതിയില്‍നിന്ന് മറച്ചുപിടിച്ചാണ് ഇറ്റലി തട്ടിപ്പുകാട്ടിയത്. നാവികര്‍ക്കു വേണമെങ്കില്‍ ഇന്ത്യയിലിരുന്നുതന്നെ വോട്ടു ചെയ്യാന്‍ കഴിയും. എന്നാല്‍, കേസില്‍ തങ്ങള്‍ മുന്നോട്ടുവക്കുന്ന വ്യവസ്ഥകളിലേക്ക് ഇന്ത്യയെ കൊണ്ടുവരിക എന്നതായിരുന്നു ഇറ്റലിയുടെ ലക്ഷ്യം. അതിന് നാവികരെ ഉപയോഗിച്ച് ഒരു സമ്മര്‍ദ്ദ തന്ത്രം പ്രയോഗിക്കുകയായിരുന്നു ഇറ്റലി.

ഇന്ത്യയുമായി താരതമ്യപ്പെടുത്തിയാല്‍ ഒരു ദുര്‍ബല രാജ്യമാണ് ഇറ്റലി. നയതന്ത്രവുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ഇന്ത്യക്ക് അന്താരാഷ്ട്ര സമൂഹത്തിലുള്ള മേല്‍ക്കൈ ഇല്ലാത്ത രാജ്യം. എന്നിട്ടും സ്വന്തം പൗരന്മാരുടെ ജീവനുമായി ബന്ധപ്പെട്ട വിഷയത്തില്‍ ഇന്ത്യ നിര്‍ലജ്ജം കീഴടങ്ങിയതിനു പുറകില്‍ രണ്ടേ രണ്ട് കാരണങ്ങളേ കാണുന്നുള്ളൂ. ഒന്ന്, ഇറ്റലി കത്തോലിക്കാസഭയുടെ ആസ്ഥാനമാണ് എന്നതാണ്. രണ്ട്, സോണിയാഗാന്ധിയുടെ സാന്നിധ്യവും. ഈ രണ്ടു ഘടകങ്ങളും കേസില്‍ തുടക്കം മുതല്‍ ഇടപെട്ടതിന്റെ വ്യക്തമായ സൂചനകളുണ്ട്.

സ്വന്തം രാജ്യത്തെ പൗരന്മാര്‍ക്ക് യാതൊരു പരിഗണനയും നല്‍കാത്ത ഇന്ത്യന്‍ ഭരണാധികാരികളുടെ ഇരട്ടത്താപ്പ് നയമാണ് ഇവിടെ വ്യക്തമാകുന്നത്. വിദേശരാജ്യങ്ങളിലെ ജയിലുകളില്‍ നിസ്സാര കുറ്റത്തിന് ശിക്ഷിക്കപ്പെട്ട് കഴിയുന്ന അനേകം ഇന്ത്യക്കാരുണ്ട്, പ്രത്യേകിച്ച് ഗള്‍ഫ് നാടുകളില്‍ . അമേരിക്കയിലാകട്ടേ ഇന്ന് ഏറെ ചര്‍ച്ചാവിഷയമായിരിക്കുന്ന ആനന്ദ് ജോണ്‍ കേസ് തന്നെ ഉദാഹരണം. ലോകത്തൊരിടത്തും കേള്‍ക്കാത്ത ശിക്ഷയാണ് ഈ യുവാവിന് ന്യൂയോര്‍ക്ക് കോടതി നല്‍കിയിരിക്കുന്നത്; 59 വര്‍ഷം !! ചെയ്ത കുറ്റമോ ഇറ്റാലിയന്‍ നാവികര്‍ ചെയ്തതിന്റെ പതിനായിരത്തില്‍ ഒരു ശതമാനം പോലുമില്ല..!!

ഈ യുവാവിന്റെ കേസില്‍ അട്ടിമറി നടന്നിട്ടുണ്ടെന്ന് ഇപ്പോള്‍ ഏറെക്കുറെ വ്യക്തമായി. അമേരിക്കന്‍ നീതിന്യായവ്യവസ്ഥിതിയെ അട്ടിമറിച്ചുകൊണ്ട് കോടതി മുറിയില്‍ പോലീസും, വക്കീലന്മാരും, ജഡ്ജിയും നടത്തിയ അവിഹിത ഇടപാടുകളുടെ ബലിയാടായി ആനന്ദ് ജോണ്‍ കഴിഞ്ഞ ആറു വര്‍ഷങ്ങളായി മന്‍‌ഹാട്ടനിലെ ഇരുട്ടറയില്‍ ഏകനായി കഴിയുന്നത് ഇന്ത്യന്‍ ഭരണാധികാരികള്‍ അറിഞ്ഞില്ലെന്നുണ്ടോ? ഒരു ഇന്ത്യന്‍ പൗരനെ അമേരിക്കന്‍ കോടതി മുറിക്കുള്ളില്‍ കീറിമുറിച്ചപ്പോള്‍ നമ്മുടെ മന്ത്രിമാരും, മന്തിപുംഗവന്മാരും ന്യൂയോര്‍ക്കിലേയും ഇതര പ്രദേശങ്ങളിലേയും നക്ഷത്ര ഹോട്ടലുകളില്‍ സുഖവാസം നയിക്കുകയായിരുന്നു. വര്‍ഷാവര്‍ഷം അവരിവിടെ വിരുന്നിനു വരുന്നു. ആരും ആനന്ദിനെക്കുറിച്ച് അന്വേഷിച്ചില്ല...ഹതഭാഗ്യനായ ആ ചെറുപ്പക്കാരന്റെ ദുര്‍‌വ്വിധിയോര്‍ത്ത് ദു:ഖിച്ചില്ല. എന്തിനേറെ ആനന്ദ് ജോണിനെ തിരിഞ്ഞു നോക്കിയതു പോലുമില്ല. അങ്ങ് ഇന്ത്യയിലാകട്ടേ രണ്ട് ഇറ്റാലിയന്‍ കൊലയാളികളെ രക്ഷിക്കാന്‍ അവരുടെ രാജ്യത്തെ മന്ത്രിമാര്‍ നിരന്തരം ഇന്ത്യയിലെത്തി കാണേണ്ടവരെയെല്ലാം കണ്ട് ഏതു വിധേനയും അവരുടെ പൗരന്മാരെ രക്ഷിക്കാനുള്ള തന്ത്രങ്ങള്‍ മെനയുകയായിരുന്നു.

അമേരിക്കയില്‍ ആനന്ദ് ജോണിനുവേണ്ടി രംഗത്തിറങ്ങാന്‍ ഏതാനും ചില മനുഷ്യസ്നേഹികള്‍ മാത്രമാണ് ഇപ്പോഴുള്ളത്. അവരുടെ അശ്രാന്ത പരിശ്രമം ഏതാണ്ട് ഫലവത്താകുമെന്ന പ്രതീക്ഷയിലും പ്രാര്‍ത്ഥനയിലുമാണ് എല്ലാവരും. ഒരു മകന്റെ കാരാഗൃഹവാസത്തില്‍ മനം നൊന്തു കഴിയുന്ന മാതാവിന്റെ ഹൃദയവേദന മനസ്സിലാക്കിയ നല്ല ശമരിയക്കാര്‍ സദാസമയം ആനന്ദിന്റെ മോചനത്തിനായി കിണഞ്ഞു പരിശ്രമിക്കുന്നു. എന്നിട്ടും ഇന്ത്യന്‍ നയതന്ത്രകാര്യാലയമോ ഇന്ത്യന്‍ ഭരണാധികാരികളോ ഉണര്‍ത്തെഴുന്നേറ്റിട്ടില്ല. അവരിപ്പോഴും കുംഭകര്‍ണ്ണ സേവയിലാണ്. ഇന്ത്യയില്‍ വന്ന് ആര്‍ക്കും കൊള്ളയോ കൊലയോ നടത്തിയിട്ടു പോകാം എന്ന അവസ്ഥവരെ എത്തിച്ചതില്‍ ഈ ഭരണാധികാരികള്‍ തന്നെ ഉത്തരവാദികള്‍ .

Thursday, March 7, 2013

ലോക വനിതാ ദിനവും ചാനലുകളും

സ്ത്രീകള്‍ക്കുനേരെയുള്ള അതിക്രമങ്ങള്‍ക്ക് തടയിടുമെന്ന ഉറച്ച തീരുമാനത്തോടെ കേന്ദ്രവും കേരളവും സ്ത്രീ സുരക്ഷാ നിയമ നിര്‍മ്മാണത്തിന് ഒരുങ്ങിയിരിക്കുന്നത് അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധമായി വന്നത് യാദൃശ്ചികമാകാം. എല്ലാ രാജ്യത്തും സ്ത്രീപുരുഷ ഭേദമന്യേ പൗരന്മാരുടെ സുരക്ഷയ്ക്ക് നിയമസം‌വിധാനമുണ്ട്. എന്നിട്ടും പ്രത്യേകം സ്ത്രീ സംരക്ഷണ നിയമം നിര്‍മ്മിക്കുന്നതില്‍ നിന്നുതന്നെ ഈ ദിശയിലുള്ള നമ്മുടെ തിരിച്ചറിവിന്റെ ആഴം വ്യക്തമാണ്. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍ വിട്ടുവീഴ്ചയ്ക്കും മെല്ലെപ്പോക്കിനും നമ്മള്‍ തയ്യാറല്ല എന്ന പ്രഖ്യാപനം തന്നെയാണിത്.

ഡല്‍ഹിയില്‍ ബസിനുള്ളില്‍ ക്രൂരമായി മാനഭംഗം ചെയ്യപ്പെടുകയും മാരകമായി പരിക്കേല്‍ക്കുകയും ചെയ്തു മരിച്ച കോളേജ് വിദ്യാര്‍ത്ഥിനിയുടെ ദുരന്തം ഏല്പിച്ച ഞെട്ടലില്‍ നിന്നാണ് അതിവേഗത്തിലുള്ള ഇത്തരം നീക്കങ്ങള്‍ ഉണ്ടായത് എന്നു വേണമെങ്കില്‍ പറയാം. പക്ഷേ, സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും സുരക്ഷയുടെ കാര്യത്തില്‍, അവര്‍ക്ക് ഭയമില്ലാതെ ജീവിക്കാന്‍ കഴിയണം എന്ന സ്വാഭാവിക അവകാശത്തിന്റെ കാര്യത്തില്‍  പൊടുന്നനേയല്ല നമ്മള്‍ ജാഗരൂകരായത് എതാണു സത്യം. മാറിയ സാഹചര്യങ്ങളില്‍ നമ്മുടെ ഈ ജാഗ്രത കൂടുതല്‍ കാമ്പും കരുത്തും ഉള്ളതായേ പറ്റൂ എന്നത് ഇതിനോടു ചേര്‍ത്തു കാണണമെന്നു മാത്രം.

സ്ത്രീയുടെ സ്വകാര്യതയും അന്തസ്സും സംരക്ഷിക്കാനുള്ള ബാധ്യത സര്‍ക്കാരിനും നീതിപീഠത്തിനും മാത്രമല്ല സിനിമ, മാധ്യമങ്ങള്‍, ചാനലുകള്‍ എന്നിവര്‍ക്കും ഉത്തരവാദിത്വമുണ്ട്. എങ്ങോ എന്തോ നടന്ന സ്‌ഫോടനങ്ങളുടെ വാര്‍ത്തകള്‍ വായിച്ച് അമ്പരന്ന കാലത്തു നിന്നു നമ്മുടെ ചുറ്റുപാടുകള്‍ വളരെ മാറിപ്പോയിരിക്കുന്നു. വിധ്വംസക പ്രവര്‍ത്തനങ്ങളുടെ കാണാഭീഷണികള്‍ നിഴല്‍ പോലെ നമ്മുടെ മേലും വീണു കിടക്കുകയാണ്. ഇപ്പോള്‍. മാനഭംഗം ചെയ്യപ്പെടുന്ന സ്ത്രീയുടെ നിലവിളി സിനിമയിലെയും നാടകത്തിലെയും സീനുകളില്‍ നിന്നു നമ്മുടെ തൊട്ടടുത്തേക്ക്, കിടപ്പുമുറികളിലും സ്വീകരണ മുറികളിലും, ലൈവ് ആയി നമ്മെ കാണിച്ചു കൊണ്ടിരിക്കുന്ന ചാനലുകാര്‍ എല്ലാ മാനദണ്ഡങ്ങളും ഭേദിച്ച് അരങ്ങു തകര്‍ക്കുകയാണ്.

സന്ധ്യയാകുമ്പോള്‍ വീടുകളില്‍ പ്രാര്‍ത്ഥനാ മന്ത്രങ്ങള്‍ക്കു പകരം കുടുംബഛിദ്ര സീരിയലുകള്‍ ചാനലുകള്‍ തോറും മത്സരിച്ചാണ് സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരിക്കുന്നത്. സെന്‍സര്‍ ബോര്‍ഡിന്റെ കത്രിക വീഴാതെ പച്ചയായ ഭാഷയും അഭിനയവും കൊണ്ട് ഇന്ന് കേരളീയ മനസ്സുകളില്‍ വെറുപ്പിന്റേയും വിദ്വേഷത്തിന്റേയും വിഷം ചീറ്റുന്ന വിധമാണ് ഓരോ ചാലനലിലും വരുന്ന സീരിയലുകള്‍ . കുടുംബ ബന്ധങ്ങള്‍ക്ക് യാതൊരു വിലയും കല്പിക്കാത്തവരും, ഏതു ക്രൂര പ്രവൃത്തികളും ചെയ്യാന്‍ മടി കാണിക്കാത്ത കഥാപാത്രങ്ങളും, പരദൂഷണം, കുതികാല്‍‌വെട്ട്, ചതി, വഞ്ചന, കൊലപാതക, ക്വട്ടേഷന്‍ പ്രവര്‍ത്തനങ്ങള്‍, മോഷണം, സ്ത്രീകളെ വളരെ മോശമായി ചിത്രീകരിക്കുന്ന രംഗങ്ങള്‍ മുതലായവ കോര്‍ത്തിണക്കി, സമൂഹത്തിലെ ഏത് നിഷേധാത്മക ചലനങ്ങളുടെയും ഇരകളുടെ നിരയില്‍ സ്ത്രീയുടെ നിസ്സഹായമായ മുഖങ്ങളെ  കൂടുതല്‍ പൊലിപ്പിക്കുന്ന രംഗങ്ങളാണ് ചാനലുകളില്‍ നിറഞ്ഞു നില്‍ക്കുന്നതും.

സമൂഹത്തിന്റെ മൊത്തം പുരോഗതിക്കു വേണ്ടിയുള്ള ശ്രമങ്ങളില്‍ സര്‍ക്കാരും സാമൂഹിക പ്രസ്ഥാനങ്ങളും ഏര്‍പ്പെട്ടിരിക്കുമ്പോള്‍  അതിനെയാകെ തകിടം മറിക്കുന്ന തരത്തിലാണ് സീരിയലുകളിലെ സംഭാഷണങ്ങള്‍ . അവയിലേറെയും മാതാപിതാക്കള്‍, സഹോദരീ സഹോദരങ്ങള്‍, ഭാര്യാ ഭര്‍ത്താക്കന്മാര്‍ ബന്ധങ്ങള്‍ ശിഥിലമാക്കുന്ന രീതിയിലുള്ള തിരക്കഥകള്‍ എഴുതിപ്പിടിപ്പിച്ച് അതപ്പാടെ മത്സരിച്ചഭിനയിച്ചു തീര്‍ക്കുകയാണ് നടീനടന്മാര്‍ .

വെറും രണ്ടു മണിക്കൂര്‍ കൊണ്ട് തീരുന്ന ഒരു സിനിമ പ്രദര്‍ശിപ്പിക്കാന്‍ ഇത്രയും വലിയ 'സെന്‍സര്‍ ബോര്‍ഡ്' നിലവിലുണ്ടെങ്കില്‍ എന്തുകൊണ്ട്   വര്‍ഷങ്ങളോളം ദിനം‌പ്രതി ചാനലുകള്‍ വഴി സം‌പ്രേക്ഷണം ചെയ്യുന്ന സീരിയലുകളെ സെന്‍സര്‍ ബോര്‍ഡ് കണ്ടില്ലെന്നു നടിക്കുന്നു?റേറ്റിംഗ് കൂട്ടാന്‍ ചാനലുകള്‍ തമ്മിലുള്ള മത്സരമാണ് മന്ദബുദ്ധികളായ തിരക്കഥാകൃത്തുക്കളെക്കൊണ്ട് അധാര്‍മ്മികതയുടെ വിഷം ചീറ്റുന്ന സീരിയലുകള്‍ നിര്‍മ്മിച്ച് നമ്മുടെ സ്വീകരണ മുറിയിലെത്തിക്കുന്നത്. പണ്ടു കാലത്തെ ബലാത്സംഗം കാണാന്‍ വേണ്ടി മാത്രം സിനിമ കാണുന്നവരുണ്ടായിരുന്നു. ബലാത്സംഗ സീനുകളില്‍ അഭിനയിക്കാനായി ചില നടീനടന്മാരുമുണ്ടായിരുന്നു. ഒരു ബലാത്സംഗമില്ലാത്ത സിനിമ സിനിമയല്ല എന്നുപോലും പറയുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. പക്ഷെ, കാലം മാറിയപ്പോള്‍ ബലാത്സംഗത്തിന് പ്രസക്തിയില്ലാതായി. പകരം കുടുംബ ബന്ധങ്ങള്‍ക്ക് വിലകല്പിക്കാത്തതും സ്ത്രീകള്‍ക്കെതിരായ അനീതികള്‍ക്കും അതിക്രമങ്ങള്‍ക്കും മുന്‍‌തൂക്കം കൊടുത്തുകൊണ്ടുള്ള സീരിയലുകളുടെ നിര്‍മ്മാണം തുടങ്ങി. എന്തുകൊണ്ട് സെന്‍സര്‍ ബോര്‍ഡ് ഇവ കണ്ടില്ലെന്നു നടിക്കുന്നു?

സ്ത്രീയോടുള്ള  സമീപനം മാറേണ്ടത് ഓരോ വ്യക്തിയുടെയും ഉള്ളിലാണ്. ഇലക്ട്രിക് സ്വിച്ചും കമ്പ്യൂട്ടറിലെ ഡിലീറ്റ് കീയുമല്ല മനുഷ്യമനസ്സ്. സ്വിച്ചിടുമ്പോള്‍  തെളിയുന്ന ബള്‍ബും ഡിലീറ്റ് കീ അമര്‍ത്തുമ്പോള്‍ മാഞ്ഞുപോകുന്ന പ്രോഗ്രാമുമല്ല അത്. ഉള്ളിലെ സംസ്‌കാരം എന്താണോ അതുപോലെയല്ലാതെ മനുഷ്യനു പെരുമാറാന്‍ കഴിയില്ല. പക്ഷേ, നമ്മള്‍ സ്വയം സംസ്‌കരിച്ചുകൊണ്ടേയിരിക്കുന്നതുകൊണ്ടാണ് സാമൂഹിക ജീവി എന്ന നിലയില്‍ നിലനില്‍ക്കാനും സഹജീവിക്കൊപ്പം പെരുമാറാനും കഴിയുന്നത്. അത്തരം ആന്തരിക സംസ്‌കരണത്തിനു വിധേയരാകാത്തവര്‍, സമൂഹത്തിനു ഭീഷണിയായി മാറുന്നു. അങ്ങനെയാണല്ലോ ക്രിമിനലുകളും ഗൂണ്ടകളും ഉണ്ടാകുന്നത്. ചാനലുകള്‍ സമൂഹത്തിനു ഭീഷണിയാകുകയും അധികൃതര്‍ കണ്ണടക്കുകയും ചെയ്യുമ്പോഴാണ് രാജ്യത്ത് അധാര്‍മ്മികത്വം തഴച്ചു വളരുന്നത്.

മൂന്നു വയസ്സുള്ള കുഞ്ഞിന്റേതായാലും 80 വയസ്സുള്ള മുത്തശ്ശിയുടേതായാലും പെണ്‍ശരീരം ആസ്വാദ്യമായ ഉപഭോഗ വസ്തു മാത്രമാണെന്ന് ബോധത്തോടെയോ ലഹരി കെടുത്തിയ ബോധമില്ലായ്മയിലോ വിശ്വസിച്ചുപോകുന്ന പുരുഷന്മാര്‍ കേരളത്തില്‍ ദിനം‌പ്രതി വര്‍ദ്ധിച്ചു വരുന്ന ആപത്ക്കരമായ സാഹചര്യം സര്‍ക്കാരും നീതിപാലകരും ഗൗരവത്തോടെ കാണണം. മിക്കവാറും എല്ലാ സീരിയലുകളിലും പ്രദര്‍ശിപ്പിക്കുന്ന ചില രംഗങ്ങളില്‍ നീതി നിഷേധത്തെ പ്രോത്സാഹിപ്പിക്കുന്ന തരത്തിലുള്ളവയാണ്. ആര്‍ക്കും എന്തും ചെയ്യാമെന്നുള്ള അവസ്ഥ ജനങ്ങളുടെ, പ്രതേകിച്ച് യുവജനങ്ങളുടെ, മനസ്സില്‍ ആഴത്തില്‍ വേരുറപ്പിക്കാനുതകും വിധമാണ്. 'കുടുംബ പ്രേക്ഷകര്‍ക്ക്' ഒരുമിച്ചിരുന്ന് കാണാന്‍ കൊള്ളാവുന്ന ഒരൊറ്റ സീരിയലുകള്‍ പോലും ഇന്ന് ഒരു ചാനലിലും പ്രദര്‍ശിപ്പിക്കുന്നില്ല.

കഴിഞ്ഞ വര്‍ഷമാണെന്നു തോന്നുന്നു ഒരു പ്രമുഖ ചാനലില്‍ സം‌പ്രേക്ഷണം ചെയ്തുകൊണ്ടിരുന്ന ഒരു സീരിയലിനെതിരെ കേരളത്തിലെ വനിതാ കമ്മീഷന്‍ രംഗത്തെത്തിയത്. എന്നാല്‍ പിന്നീട് എന്താണു നടന്നതെന്നറിയില്ല. ചാനല്‍ ആ സീരിയലിന്റെ മുഴുവന്‍ എപ്പിസോഡുകളും പൂര്‍ത്തിയാക്കുകയും ചെയ്തു. സമൂഹത്തിന് നല്‍കാവുന്ന യാതൊരു നല്ല സന്ദേശവും ആ സീരിയലില്‍ ഉണ്ടായിരുന്നില്ല. ഇപ്പോഴാകട്ടേ തീരെയില്ലതാനും.

സമൂഹത്തിനു ഭീഷണിയായി പൊട്ടിമുളയ്ക്കുന്ന കുടില തന്ത്രക്കാരുടെ മാനസിക വൈകല്യത്തെ കഥയാക്കി മാറ്റുന്ന തിരക്കഥാകൃത്തുക്കളേയും അവ സീരിയലുകളാക്കി നേട്ടം കൊയ്യുന്ന ചാനലുകളേയും കടിഞ്ഞാണിടേണ്ട കാലം കഴിഞ്ഞിരിക്കുന്നു. അവരുടെ സ്വൈരവിഹാരത്തിനു നിയന്ത്രണമേര്‍പ്പെടുത്തിയില്ലെങ്കില്‍ ക്രിമിനിനല്‍ സ്വഭാവമുള്ളവരുടെ ഉള്ളില്‍ ഒളിപ്പിച്ചിട്ടുള്ള മൃഗീയത ഇനിയും ചുരമാന്തും. സര്‍ക്കാരും, ജനങ്ങളും, മാധ്യമങ്ങളും, നീതിപാലകരും അടങ്ങുന്ന സമൂഹത്തിന് മാറിച്ചിന്തിക്കാന്‍ വൈകിപ്പോയിട്ടില്ല. ലോക വനിതാ ദിനം അതിനുള്ള അവസരമായി മാറുമെന്നു പ്രത്യാശിക്കുക മാത്രമല്ല, അതിനു വേണ്ടി പ്രവര്‍ത്തിക്കുകയും ചെയ്യാം, നമുക്ക്.

Wednesday, March 6, 2013

ക്രിമിനല്‍ കേരളം

കേരളീയ സമൂഹത്തില്‍ ക്രിമിനലിസം അതിന്റെ അതിരുകള്‍ കടന്ന് കുതിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിലെ മാധ്യമങ്ങളില്‍ സമൂഹത്തിലെ താഴെ തട്ടുമുതല്‍ ഉപരിവര്‍ഗത്തില്‍ വരെ ഈ ക്രിമിനലിസത്തിന്റെ ഇരകളും വേട്ടക്കാരും നിറഞ്ഞുനില്‍ക്കുകയാണ്. കഴിഞ്ഞ ദിവസത്തെ ഒരു വാര്‍ത്ത ഇതായിരുന്നു: രണ്ടാം വിവാഹം കഴിക്കാന്‍ ഭര്‍ത്താവ് ഭാര്യയെ അതിക്രൂരമായി പീഡിപ്പിക്കുന്നു. ഒരു മനുഷ്യന് മറ്റൊരു മനുഷ്യനോട് ചെയ്യാന്‍ കഴിയുന്ന ക്രൂരതയുടെ സകല പരിധികളും ലംഘിച്ച ക്രൂരതയാണ് ഒരു യുവാവ് സ്വന്തം ഭാര്യയോട് കാണിച്ചത്. ഗര്‍ഭം അലസിപ്പിക്കാന്‍ പച്ചമുളക് അരച്ച് ചൂടുവെള്ളത്തില്‍ കലക്കി കുടിപ്പിക്കുക, ഗുഹ്യസ്ഥാനങ്ങളില്‍ മുളക് അരച്ചുതേക്കുക, മീന്‍മുറിക്കാന്‍ നല്‍കി അതിന്റെ മലിനജലം ദേഹത്ത് ഒഴിച്ച് കുളിക്കാന്‍ അനുവദിക്കാതെ നാല് ദിവസത്തിലേറെ മുറിയില്‍ പൂട്ടിയിടുക, മലവും മൂത്രവും ശരീരത്തിലൊഴിക്കുക, റേഷനരി ചോറ് വച്ചതുമുഴുവന്‍ ഒറ്റയടിക്ക് തീറ്റിച്ച് ഛര്‍ദ്ദിക്കുമ്പോള്‍ അതും തീറ്റിപ്പിക്കുക, ശരീരത്തിലുടനീളം ചട്ടുകം പഴുപ്പിച്ച് പൊള്ളിക്കുക, വീട്ടിലെ പട്ടിക്ക് നല്‍കുന്ന പാത്രത്തില്‍ ആഹാരം നല്‍കുക... വായിച്ചുതീര്‍ക്കാന്‍ പോലുമാകാത്ത ക്രൂരതകള്‍ .

സ്വന്തം ഭാര്യയെ നഗ്നയാക്കി രണ്ട് തോളെല്ലുകളും ഇറച്ചി വെട്ടുന്ന മരമുട്ടികൊണ്ട് അടിച്ചുതകര്‍ത്ത് ഗുഹ്യഭാഗത്ത് സിഗരറ്റ് ലൈറ്റര്‍ വച്ച് പൊള്ളിക്കുകയാണ് തൃശൂരിലെ ഒരു ഭര്‍ത്താവ് ചെയ്തത്. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള പീഡനം കേരളത്തില്‍ സകല അതിര്‍ത്തികളും ലംഘിച്ചിരിക്കുകയാണ്. മാധ്യമങ്ങളുടെ പ്രാദേശിക പേജുകളില്‍ ഒരു ദിവസത്തെ വാര്‍ത്ത മാത്രമായി ഇത് ഒതുങ്ങുന്നു. അതേസമയം, അതിന്റെ ഇരകള്‍ ഒരായുസ്സ് ഈ ക്രൗര്യത്തിന്റെ ജീവച്ഛവങ്ങളായി കഴിഞ്ഞുകൂടുന്നു. ഈ പീഡനത്തിന്റെ വേട്ടക്കാര്‍ നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടുകയും ചെയ്യുന്നു. വീടുകളില്‍ സ്ത്രീപീഡനം നടത്തുന്ന പുരുഷന്മാര്‍ക്ക് സമൂഹവും നിയമവ്യവസ്ഥയും ഒരു അപ്രഖ്യാപിത സംരക്ഷണം നല്‍കുന്നുണ്ട്. ഭര്‍ത്താവല്ലേ, അവള്‍ക്ക് സഹിച്ചുകൂടേ എന്ന ചോദ്യമായിരിക്കും ഇര നേരിടേണ്ടിവരിക. അതുകൊണ്ടുതന്നെ, എത്ര വലിയ ആത്മാഭിമാനഹിംസയുണ്ടായാലും അവള്‍ നിരന്തരം പൊറുത്തുകൊടുക്കുന്നു.

എന്താണ് ഇത്തരമൊരു സാഹചര്യത്തിലേക്ക് പ്രബുദ്ധമെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളീയ സമൂഹം എടുത്തെറിയപ്പെടുന്നത്? സമകാലികാവസ്ഥയില്‍ ഇതിന് നിരവധി മറുപടികളുണ്ട്. ഒന്നാമത്, സമൂഹത്തെ രാഷ്ട്രീയമായി നിയന്ത്രിക്കുകയും ഇത്തരം കുറ്റകൃത്യങ്ങള്‍ക്കെതിരെ നിയമനടപടിയെടുക്കുകയും ചെയ്യേണ്ട ഭരണകൂടത്തിന്റെ ധാര്‍മ്മികമായ നിലവാരവും വിശ്വാസ്യതയും അതിപ്രധാനമാണ്. ഇക്കാര്യത്തില്‍ കേരളം ഇപ്പോള്‍ ഭരിക്കുന്ന സര്‍ക്കാര്‍ വട്ടപ്പൂജ്യമാണ്. കാരണം, സ്ത്രീകളെ ലൈംഗികമായി പീഡിപ്പിച്ചു, സ്ത്രീകളെ അസാന്മാര്‍ഗികമായി ഉപയോഗിച്ചു തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന ഏതാനും മന്ത്രിമാര്‍ ഇന്ന് കേരളം ഭരിക്കുന്നുണ്ട്. മാത്രമല്ല, ഈ മന്ത്രിമാരെ നിര്‍ലജ്ജം സംരക്ഷിക്കാന്‍ ഭരണകൂടം അതിന്റെ സര്‍‌വ്വസന്നാഹങ്ങളും ഉപയോഗപ്പെടുത്തുന്നത് കേരളീയ സമൂഹം കണ്ടുകൊണ്ടിരിക്കുന്നു.

മന്ത്രി കെ.ബി ഗണേഷ് കുമാറുമായി ബന്ധപ്പെട്ട വിവാദമാണ് ഇതില്‍ ഒടുവിലത്തേത്. ഗണേഷ് കുമാറിന്റെ പ്രശ്നം യഥാര്‍ഥത്തില്‍ വ്യക്തിതലത്തില്‍ മാത്രം ഒതുങ്ങേണ്ടതായിരുന്നു. എന്നാല്‍, സര്‍ക്കാര്‍ ചീഫ് വിപ്പ് ഇടപെട്ടതോടെ അതിന് രാഷ്ട്രീയത്തിലെ ധാര്‍മ്മികതയുമായി ബന്ധപ്പെട്ട ഒരു തലം കൈവന്നു. വ്യക്തിയെന്ന നിലക്കല്ല, മന്ത്രിയെന്ന നിലക്കുള്ള സ്വാധീനം ചെലുത്തി ഗണേഷ് കുമാര്‍ ഒരു സ്ത്രീയുമായുള്ള ബന്ധത്തെ അവിഹിതമായി മാറ്റിയെടുത്തു എന്ന ആരോപണവും ഗൗരവമുള്ളതാണ്. ഒരു സാധാരണവ്യക്തിക്കെതിരെയാണ്, ഭാര്യ ഇത്തരമൊരാരോപണം ഉന്നയിച്ചിരുന്നത് എങ്കില്‍ (തന്റെ സുഹൃത്തിന് ലൈംഗികച്ചുവയുള്ള എസ്.എം.എസുകള്‍ അയക്കുന്നു, ബന്ധം ദുരുപയോഗപ്പെടുത്തുന്നു) അത് കേസെടുക്കാന്‍ മതിയായ കാരണമാകുമായിരുന്നു. എന്നാല്‍, ഇത് ഒരു മന്ത്രിക്കെതിരെയാകുമ്പോള്‍ നടപടിയെടുക്കേണ്ടവര്‍ നിശ്ശബ്ദരാകുന്നു. ഗണേഷ് കുമാറിന്റെ ഭാര്യ ആദ്യം ബാലകൃഷ്ണപിള്ളയെയും തുടര്‍ന്ന് മുഖ്യമന്ത്രിയെയും കണ്ട് ഇതേക്കുറിച്ച് പരാതി പറഞ്ഞിരുന്നുവെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുണ്ട്. ഗണേഷ്കുമാര്‍ ഭാര്യയുമായി ഇതുസംബന്ധിച്ച് തര്‍ക്കമുണ്ടായെന്നും അദ്ദേഹം ഭാര്യയെ മര്‍ദ്ദിച്ചെന്നുമൊക്കെ തിരുവനന്തപുരത്ത് പ്രചരിക്കുന്നുണ്ട്. അത് ശരിയോ തെറ്റോ ആകട്ടെ, പ്രശ്നം അതല്ല. സ്ത്രീകള്‍ക്കെതിരായ പീഡനങ്ങള്‍ തടയുന്നത് അടക്കമുള്ള നിരവധി നിയമ നിര്‍മ്മാണങ്ങള്‍ക്ക് നേതൃത്വം നല്‍കേണ്ട ഭരണകൂടത്തിലെ ഉത്തരവാദപ്പെട്ട ഒരു മന്ത്രി ഒരു സ്ത്രീയോട് അസാന്മാര്‍ഗികമായി പെരുമാറി എന്ന പരാതി ഉയരുമ്പോള്‍, അതിന്റെ ശരി തെറ്റുകള്‍ പൊതുസമൂഹത്തെ ബോധ്യപ്പെടുത്തേണ്ട ബാധ്യത ഭരണകൂടത്തിനുണ്ട്. മന്ത്രി സംശയത്തിന്റെ നിഴലിലായിരിക്കുന്നതും നടപടികളില്ലാതെ അയാള്‍ സംരക്ഷിക്കപ്പെടുന്നതും, സമാനമായ കുറ്റകൃത്യങ്ങളിലെ പ്രതികള്‍ക്കെല്ലാം സംരക്ഷണം നല്‍കുന്നതിന് തുല്യമാണ്. അത് ഇത്തരം കുറ്റകൃത്യങ്ങള്‍ക്ക് യഥാര്‍ത്ഥത്തില്‍ പ്രേരണ നല്‍കുന്നതിന് തുല്യമാണ്.

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെ സംരക്ഷിക്കാന്‍ കേരള സര്‍ക്കാര്‍ കൈക്കൊണ്ട ജാഗ്രത ഇതിലും ഗൗരവമേറിയതാണ്. ബലാത്സംഗ കേസുകളില്‍ ഇരകളുടെ മൊഴി മാത്രം പരിഗണിച്ച് നടപടിയെടുക്കാന്‍ നിലവിലുള്ള നിയമങ്ങള്‍ വ്യവസ്ഥ ചെയ്യുമ്പോള്‍ അത് മൂടിവച്ച്, ആരോപണവിധേയനായ ഒരാള്‍ക്കുവേണ്ടി നിയമോപദേശം സംഘടിപ്പിച്ചെടുക്കുകയാണ് സര്‍ക്കാര്‍ ചെയ്തത്. പൊതുസമൂഹത്തിന് മാതൃകയാകേണ്ട ഒരു രാഷ്ട്രീയ പ്രവര്‍ത്തകനും പരമോന്നത നിയമനിര്‍മാണസഭകളില്‍ ഒന്നിന്റെ അധ്യക്ഷനുമാണ് കുര്യന്‍ . അതുകൊണ്ടുതന്നെ അദ്ദേഹം സംശയത്തിന് അതീതനായിരിക്കേണ്ടത് രാഷ്ട്രീയ സദാചാരത്തിന്റെ മാത്രമല്ല, നീതിനിര്‍വഹണത്തിന്റെ കൂടി പ്രാഥമിക പാഠമാണ്. അത് അവഗണിക്കുന്നത് സമൂഹത്തില്‍ ഗുരുതര പ്രത്യാഘാതമുണ്ടാക്കും.

മന്ത്രി കുഞ്ഞാലിക്കുട്ടിയുമായി ബന്ധപ്പെട്ട ഐസ്ക്രീം പെണ്‍വാണിഭം ഇന്ന് വിസ്മരിക്കപ്പെട്ട ഏടാണ്. അത് വിസ്മരിക്കപ്പെടാന്‍ ഇരുമുന്നണികളുടെയും നേതൃത്വം നടത്തിയ അവിഹിതമായ ഇടപെടലുകള്‍ കേരളീയ സമൂഹത്തിലെ ദുര്‍ഗന്ധപൂരിതമായ ഓര്‍മ്മകളായി അവശേഷിക്കുന്നു. പെണ്‍കുട്ടികള്‍ക്കുനേരെയുള്ള പീഡനമെന്നതിലുപരി, അതുമായി ബന്ധപ്പെട്ട കേസ് അട്ടിമറിക്കാന്‍ നീതിന്യായവ്യവസ്ഥയെ വരെ സ്വാധീനിക്കാന്‍ നടന്ന ശ്രമങ്ങളാണ് ഈ കേസിനെ വ്യത്യസ്തമാക്കിയത്. ഒരിക്കല്‍ ജനം ശിക്ഷിച്ചിട്ടുപോലും കുഞ്ഞാലിക്കുട്ടി നിയമവ്യവസ്ഥയുടെ മുന്നില്‍നിന്ന് സദാ രക്ഷപ്പെട്ടുനിന്നു. ഈ രക്ഷപ്പെടല്‍ വ്യക്തിപരമായി അദ്ദേഹത്തിനുമാത്രമേ ഗുണമുണ്ടാക്കിയുള്ളൂ. ഭരണകൂടത്തിനും രാഷ്ട്രീയവ്യവസ്ഥക്കും അതുണ്ടാക്കിയ വിശ്വാസനഷ്ടം ഗുരുതരമായിരുന്നു.

ആരോപണവിധേയരായവര്‍ക്ക് ലഭിക്കുന്ന ഇത്തരം സുരക്ഷാകവചങ്ങള്‍, ഫലത്തില്‍ അവര്‍ക്കെതിരെ ആരോപിക്കപ്പെടുന്ന കുറ്റകൃത്യങ്ങള്‍ക്കുള്ള സുരക്ഷാകവചങ്ങള്‍ കൂടിയാണ്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി കേരളത്തില്‍ വര്‍ധിച്ചുവരുന്ന സ്ത്രീ പീഡനങ്ങള്‍ക്കും പെണ്‍വാണിഭങ്ങള്‍ക്കും ഭരണകൂടത്തിന്റെ ഇത്തരം ഇടപെടലുകള്‍ ഒരുതരം ന്യായം നല്‍കുന്നുണ്ട്. അത് കോടതി വിധികളില്‍ വരെ പ്രകടമാകുന്നു. സൂര്യനെല്ലി കേസിലെ ഹൈക്കോടതി വിധി ഈ പ്രവണതയുടെ ഏറ്റവും നികൃഷ്ടമായ ദൃഷ്ടാന്തമായിരുന്നു. എത്ര വലിയ കുറ്റകൃത്യങ്ങള്‍ക്കും കേരളം ഒരു സുരക്ഷിതതാവളമായി മാറിയത് അങ്ങനെയാണ്.

കേരളീയ സമൂഹത്തില്‍ സ്ത്രീജീവിതവുമായി ബന്ധപ്പെട്ട് മറ്റൊരു യാഥാസ്ഥിതികത്വം ശക്തിയാര്‍ജിക്കുന്നത് കാണാതിരുന്നുകൂടാ. ആണുങ്ങളും പെണ്ണുങ്ങളും തമ്മിലുള്ള സൗഹൃദങ്ങളും പരസ്പരബന്ധങ്ങളും ഒരുമിച്ചുള്ള പ്രവര്‍ത്തനങ്ങളുമെല്ലാം അന്യമായിക്കഴിഞ്ഞു. ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒരു ബഞ്ചിലിരുന്ന് പഠിച്ചിരുന്ന കാലം കേരളത്തെ സംബന്ധിച്ച് ഓര്‍മ്മയിലേക്ക് മാഞ്ഞുകൊണ്ടിരിക്കുന്നു. ‘ബോയ് ഫ്രണ്ട്’എന്ന ഒരുതരം അശ്ലീലം കലര്‍ന്ന ഭാവത്തോടെയാണ് ഇന്ന് ഏതൊരു വിദ്യാര്‍ഥിനിയും സ്വന്തം ആണ്‍ സഹപാഠിയെക്കുറിച്ച് അടക്കം പറയുക. മറിച്ചും. മുമ്പ് എസ്.എഫ്.ഐ, കെ.എസ്.യു, ശാസ്ത്രസാഹിത്യപരിഷത്ത് തുടങ്ങിയ സംഘടനകള്‍ ലിംഗവ്യത്യാസമില്ലാതെ പ്രവര്‍ത്തകരെ ഒരേപോലെയാണ് കണ്ടിരുന്നത്. ഒരു പൊതുആവശ്യത്തിനായി ഒരുമിക്കുന്ന സഖാക്കള്‍ എന്നതിലുപരി അവരെ തമ്മില്‍ വേര്‍തിരിക്കുന്ന മറ്റ് മതിലുകള്‍ അന്നുണ്ടായിരുന്നില്ല. ഇന്ന് ഇത്തരം സംഘടനാപ്രവര്‍ത്തനവും പൊതുഇടപെടലുകളും അവസാനിച്ചിരിക്കുന്നു. പകരം പെണ്ണ് ഒരു ആണിനോട് മിണ്ടിയാല്‍ സദാചാര പോലീസ് ഇടപെടുന്ന അവസ്ഥയുണ്ടായിരിക്കുന്നു. മതയാഥാസ്ഥിതികത ബന്ധങ്ങളുടെ ഈ അധഃപ്പതനത്തില്‍ പ്രധാന പങ്കുവഹിക്കുന്നു.

കേരളത്തിലെ ചില്ല ജില്ലകളില്‍ സ്ത്രീപുരുഷ സൗഹൃദം തീര്‍ത്തും അസാധ്യമാക്കുന്ന കടുത്ത സാഹചര്യം നിലനില്‍ക്കുന്നു. ഒരു മതത്തില്‍ പെട്ട പെണ്‍കുട്ടിക്ക് മറ്റു മതത്തിലെ ആണ്‍കുട്ടിയുമായി മിണ്ടാന്‍പോലും സദാചാര പോലീസ് അനുവദിക്കാത്ത സ്ഥലങ്ങളുണ്ട്. ഇത് സ്ത്രീപുരുഷ ബന്ധങ്ങളില്‍ നികത്താനാകാത്ത വിടവുകള്‍ സൃഷ്ടിക്കുന്നു. സമൂഹം അടിസ്ഥാനപരമായി പുരുഷമേധാവിത്തപരമായതിനാല്‍ സ്ത്രീകളാണ് ഇതിന്റെ ഇരകളാക്കപ്പെടുന്നത്. സ്ത്രീകള്‍ വീടിനുള്ളില്‍ അടങ്ങിയൊതുങ്ങി കഴിയാനുള്ളവരും പുരുഷന്മാരുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങാനുമുള്ളവരാണെന്ന ബോധം ചെറുപ്പത്തിലേ തന്നെ ഊട്ടിയുറപ്പിക്കപ്പെടുന്നു. ഇങ്ങനെ വളരുന്ന പെണ്‍കുട്ടികള്‍ വിവാഹം, കുടുംബം തുടങ്ങിയ പുരുഷാധിപത്യ സ്ഥാപനങ്ങളിലേക്ക് ഒതുക്കപ്പെടുമ്പോള്‍, അവരുടെ അധഃപ്പതനം പൂര്‍ണ്ണമാകുന്നു.

കുടുംബം കാലങ്ങളായി സ്ത്രീകളുടെ ഗ്യാസ്ചേംബറുകളാണ്. ഈ ഗ്യാസ്ചേംബറുകളുടെ സംഹാരശേഷി അനുദിനം ശക്തിപ്പെടുത്തുകയാണ്, നിസ്സാരമെന്നുകരുതുന്ന ഈ ആരോപണങ്ങള്‍ യഥാര്‍ഥത്തില്‍ ചെയ്യുന്നത്.