Tuesday, June 8, 2010

കൊതുകുകള്‍ പനി പരത്തുന്നു.....മാധ്യമങ്ങള്‍ പാനിക് സൃഷ്ടിക്കുന്നു

കേള്‍ക്കുമ്പോള്‍ കൗതുകം തോന്നുമെങ്കിലും, ചാനലുകാര്‍ ചോദിക്കുന്ന കുസൃതി ചോദ്യമല്ല ഇത്. ശരിയുത്തരത്തിന് സമ്മാനവും പ്രതീക്ഷിക്കേണ്ട. ഇത് ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരോഗ്യമന്ത്രിയുടെ കണ്ടുപിടുത്തമാണ്. ഈ പനിയും പാനികുമായി എന്താണു ബന്ധം? രണ്ടിന്റേയും അര്‍ത്ഥങ്ങള്‍ തമ്മില്‍ യാതൊരു സാമ്യവുമില്ല. പേടിപ്പിച്ച് (പാനിക്) വേണമെങ്കില്‍ പനിയുണ്ടാക്കാം. ആകാശം ഇടിഞ്ഞുവീണാലും
പേടിക്കാത്ത ദൈവത്തിന്റെ സ്വന്തം മക്കളെ പനി വരുന്നേ എന്നു പറഞ്ഞ് എങ്ങനെ പേടിപ്പിക്കും? എന്നാല്‍, പനി വരുന്നേ...പനി വരുന്നേ എന്നു വിളിച്ചു കൂവി പനിയില്ലാത്ത ജനങ്ങളെ പാനിക് ആക്കുന്നത് മാധ്യമങ്ങളാണെന്നാണ് ആരോഗ്യമന്ത്രി ശ്രീമതി ടീച്ചറുടെ അഭിപ്രായം. കൂടാതെ, ഇല്ലാത്ത പനി ഉണ്ടെന്നു വരുത്താന്‍ ശ്രമിക്കുന്നത് തദ്ദേശ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് മാധ്യമങ്ങള്‍ സൃഷ്ടിക്കുന്നതുമാണത്രേ ! കൊച്ചിയില്‍ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെ പുതിയ മന്ദിരത്തിന്റെ ഉദ്ഘാടനച്ചടങ്ങിലാണ് മന്ത്രി ഈ പമ്പര വിഢിത്തം എഴുന്നള്ളിച്ചത്.

ചുരുക്കിപ്പറഞ്ഞാല്‍ മാധ്യമ സൃഷ്ടി. ഈ മാധ്യമങ്ങളുടെ ഒരു കാര്യമേ..! മാധ്യമ മാഫിയ, മാധ്യമ ലോബി, മാധ്യമ സിന്‍ഡിക്കേറ്റ്, പ്രതിലോമശക്തി എന്നീ പദപ്രയോഗങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ മുതല്‍ നിത്യവും നാം കേള്‍ക്കുന്നതാണ്. ഇപ്പോഴിതാ മാധ്യമപ്പനി, മാധ്യമ പാനിക് എന്നീ
വിശേഷണങ്ങളും.

തെരഞ്ഞെടുപ്പും പനിയുമായി എന്താണ് ബന്ധം ? അതിനും ശ്രീമതി ടീച്ചര്‍ക്ക് ഉത്തരമൂണ്ട്. 2006ല്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഒരാഴ്ച കഴിഞ്ഞപ്പോഴാണത്രേ കേരളത്തില്‍ ഏറ്റവും കൂടുതല്‍ പനി പൊട്ടിപ്പുറപ്പെട്ടത്. അപ്പോള്‍ അതുവരെ കേരളത്തില്‍ പനിയില്ലായിരുന്നോ എന്ന ചോദ്യത്തിന് ഇവിടെ
പ്രസക്തിയില്ല. കേട്ടാല്‍ തോന്നും ഉമ്മന്‍ചാണ്ടി മാരകരോഗം പരത്തുന്ന കൊതുകുകളെ കസ്റ്റഡിയില്‍ വെച്ച് ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടന്‍ തുറന്നു വിട്ടതാണോ എന്ന്. അല്ലെങ്കില്‍ അത്രയും നാള്‍ ഇല്ലാതിരുന്ന മാരകരോഗങ്ങള്‍ എങ്ങനെ കേരളത്തില്‍ ഒരഴ്ചകൊണ്ട് പടര്‍ന്നു പിടിച്ചു? ഏതായാലും പഴി ചാരാന്‍ ശ്രീമതി ടീച്ചര്‍ക്ക് ഇപ്പോള്‍ കിട്ടിയത് മാധ്യമങ്ങളെയാണ്. അതുകൊണ്ട് മാധ്യമങ്ങള്‍ ജാഗ്രതരായിരിക്കുക. കേരളത്തിലെ ജനങ്ങളെ 'പാനിക്' ആക്കി പനി പിടിപ്പിക്കരുത്.

ചിക്കുന്‍ ഗുനിയ, എലിപ്പനി, ഡങ്കിപ്പനി, എച്ച്.വണ്‍.എന്‍.വണ്‍, തക്കാളിപ്പനി, കഴുതപ്പനി, കോളറ, അതിസാരം, മഞ്ഞപ്പിത്തം മുതലായ രോഗങ്ങളൊന്നും കേരളത്തിലില്ല. ഈ വക രോഗങ്ങള്‍ പിടിപെട്ട് ആരും ആശുപത്രികളിലെത്തുന്നില്ല. ആരും മരിച്ചിട്ടില്ല. ആര്‍ക്കും അംഗവൈകല്യങ്ങള്‍ സംഭവിച്ചിട്ടില്ല. വെറുതെ വിളിച്ചുകൂവി ഈ പനികളെയൊന്നും കേരളത്തിലേക്ക് വരുത്തരുതെന്നും ആരോഗ്യമന്ത്രി മാധ്യമങ്ങളോട്
അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. എന്തെങ്കിലും കേട്ടാല്‍ ഉടനെ ഒന്നാം പേജിലും നാലാം പേജിലും മുഴുനീള കളര്‍ വാര്‍ത്തകള്‍ കൊടുത്ത് സര്‍ക്കാരിന്റെ സല്പേരിന് കളങ്കം വരുത്തുന്നത് മാധ്യമങ്ങളാണെന്നും ആരോഗ്യമന്ത്രി പരാതിപ്പെട്ടിരിക്കുകയാണ്. അതുകൊണ്ട്, പൊതുസ്ഥലങ്ങളില്‍ മാലിന്യക്കൂമ്പാരങ്ങള്‍ കുന്നു കൂടുന്നതിനെക്കുറിച്ചോ, കരകവിഞ്ഞൊഴുകുന്ന നഗരങ്ങളിലെ അഴുക്കുചാലുകളെക്കുറിച്ചോ, ദിനം പ്രതി വന്‍കിട ഫാക്ടറികളില്‍ നിന്ന് നദികളിലേക്ക് ഒഴുക്കിവിടുന്ന വിഷം കലര്‍ന്ന വിസര്‍ജ്യങ്ങളെക്കുറിച്ചോ,
അറവുശാലകളില്‍ നിന്ന് പൊതുസ്ഥലങ്ങളിലേക്ക് പുറംതള്ളുന്ന അവശിഷ്ടങ്ങളെക്കുറിച്ചോ, മാരകരോഗങ്ങള്‍ക്കടിമപ്പെട്ട് വിവിധ ആശുപത്രികളില്‍ കഴിയുന്ന രോഗികളെക്കുറിച്ചോ, രോഗം മൂര്‍ഛിച്ച് ചികിത്സിക്കാന്‍ കഴിയാതെ കഷ്ടപ്പെടുന്ന പാവപ്പെട്ടവരെക്കുറിച്ചോ ഒന്നും എഴുതരുത്. എല്ലാ മാധ്യമങ്ങളും
ഇനി മുതല്‍ "പനിവിമുക്ത കേരളം" അല്ലെങ്കില്‍ "രോഗവിമുക്ത കേരളം" എന്നോ മറ്റോ ഉള്ള തലക്കെട്ടോടുകൂടി ഒരു പരമ്പര തന്നെ ആരംഭിക്കണമെന്നാണ് എന്റെ അഭിപ്രായം. കേരളത്തില്‍ ഹരിത വിപ്ലവം സൃഷ്ടിക്കാനൊരുങ്ങുന്ന സര്‍ക്കാരിന്റെ തൊപ്പിയില്‍ ഇരിക്കട്ടേ ഒരു പൊന്‍തൂവല്‍ കൂടി.

Friday, June 4, 2010

ഒരേ ജോലിക്ക് രണ്ടുതരം കൂലി

ഏറെ കോലാഹലങ്ങള്‍ക്കു ശേഷം ഇന്ത്യാ ഗവണ്മെന്റ് കണ്ണുതുറക്കുകയും ഇന്ത്യന്‍ കോണ്‍സുലേറ്റ് മുട്ടുമടക്കുകയും ചെയ്തു.പ്രവാസികളുടെ ന്യായമായ അവകാശങ്ങള്‍ അനുവദിച്ചുകൊടുത്തുവെങ്കിലും, അന്യായമായ ഫീസ് ഒരു വിഭാഗം ജനങ്ങളെ കാത്തിരിക്കുകയാണെന്ന് ആരും മനസ്സിലാക്കുന്നില്ല. 2010 മെയ് 31 വരെ അമേരിക്കന്‍ പൗരത്വമെടുത്തവര്‍ക്ക് 175 ഡോളറില്‍ നിന്ന് 20 ഡോളര്‍ ആക്കി സറണ്ടര്‍ ഫീസ് നിജപ്പെടുത്തിയെങ്കിലും, മെയ് 31നു ശേഷം അമേരിക്കന്‍ പൗരത്വമെടുക്കുന്നവര്‍ക്ക് വീണ്ടും 175 ഡോളര്‍ കൊടുക്കേണ്ടിവരുന്നത് ഇരട്ടത്താപ്പു നയമാണ്. ഒരു പാസ്‌പോര്‍ട്ട് സറണ്ടര്‍ ചെയ്യുവാന്‍ 20 ഡോളര്‍ (ഏകദേശം 900 രൂപ) കോണ്‍സുലേറ്റിന് അഡ്മിനിസ്‌ട്രേറ്റീവ് ഫീസിനത്തില്‍ ചിലവു വരുമോ എന്ന ചോദ്യം നിലനില്‍ക്കേ, ഏകദേശം 7875 രൂപയാണ് അതേ ജോലി ചെയ്യുന്നതിന് അവര്‍ ഈടാക്കുവാന്‍ പോകുന്നത്. ഒരേ ജോലിക്ക് രണ്ടുതരം കൂലി വാങ്ങുന്ന ഏര്‍പ്പാടാണിത്. അതു മാത്രമല്ല, അമേരിക്കന്‍ പൗരത്വം എടുക്കുന്നവരില്‍ നിന്ന് പിഴ ഈടാക്കുന്നതാണോ അതോ അമേരിക്കന്‍ പൗരത്വമെടുക്കുന്നതില്‍ നിന്ന് ജനങ്ങളെ നിരുത്സാഹപ്പെടുത്തുവാനാണോ ഈ നിയമം കൊണ്ടുവരുന്നതെന്ന് ഇന്ത്യന്‍ കോണ്‍സുലേറ്റ് വ്യക്തമാക്കേണ്ടിയിരിക്കുന്നു.ഇത് തികച്ചും അന്യായമാണ്.

മെയ് 31 വരെ മാത്രമല്ല, ഭാവിയിലും അതേ ഫീസോ അതില്‍ കുറവോ മാത്രമേ പാസ്‌പോര്‍ട്ട് സറണ്ടര്‍ ഫീസായി ഇന്ത്യന്‍ കോണ്‍സുലേറ്റ് ഈടാക്കാവൂ. ടൂറിസ്റ്റ് വിസ ഇല്ലാതാക്കി 'എന്‍ട്രി വിസ' എന്ന ഓമനപ്പേരിട്ട് മറ്റൊരു നിയമം കൊണ്ടൂവന്നതും പവാസികള്‍ അദ്ധ്വാനിച്ചുണ്ടാക്കുന്ന ഡോളര്‍ കണ്ടുകൊണ്ടാണ്. അതൊരിക്കലും വകവെച്ചുകൊടുത്തുകൂടാ.നഖശിഖാന്തം എതിര്‍ത്ത് ഇന്ത്യാ ഗവണ്മെന്റിന്റെ ഈ തലതിരിഞ്ഞ നയത്തില്‍ നിന്ന് ഏതു വിധേനയും സാധാരണക്കാരെ മോചിപ്പിക്കാന്‍ എല്ലാ സംഘടനകളും ഒത്തൊരുമയോടെ പ്രതികരിക്കണം. അതുപോലെ പുതിയ നിയമം പ്രാബല്ല്യത്തില്‍ വന്നയുടന്‍ പലരും 175 ഡോളര്‍ കൊടുത്ത് സറണ്ടര്‍ സര്‍ട്ടിഫിക്കറ്റ് എടുത്തിരുന്നു. അവര്‍ക്ക് റീഫണ്ട് ലഭിക്കാനുള്ള സംവിധാനം ഒരുക്കേണ്ടതും ഇന്ത്യന്‍ കോണ്‍സുലേറ്റുകളൂടെ ധാര്‍മ്മികമായ ഉത്തരവാദിത്വമാണ്.

ഇപ്പോള്‍ വാഷിംഗടണിലുള്ള ഇന്ത്യന്‍ വിദേശകാര്യമന്ത്രി എസ്.എം. കൃഷ്ണയേയും അടുത്തമാസം ഫോമയുടേയും ഫൊക്കാനയുടേയും കണ്‍വന്‍ഷനുകളില്‍ പൊന്നാട സ്വീകരിക്കാന്‍ വരുന്ന പ്രവാസികാര്യ മന്ത്രി വയലാര്‍ രവിയേയും കാര്യങ്ങള്‍ ധരിപ്പിക്കുന്നതോടൊപ്പം വേണ്ടിവന്നാല്‍ ഒരു സര്‍വ്വകക്ഷിപ്രകടനവും വേണമെന്നാണ് ആല്‍ബനിയിലെ ബഹുപൂരിപക്ഷം മലയാളികളുടേയും അഭിപ്രായം.''കരയുന്ന കുഞ്ഞിനേ പാലുള്ളൂ'' എന്നാണല്ലോ പ്രമാണം.

തലവെട്ടിയ അപരന്മാരും....തകരുന്ന കുടുംബങ്ങളും.."

മെയ് 22 പുലര്‍ച്ചെ 6:20ന് മംഗലാപുരം ബജ്പേ വിമാനത്താവളത്തിലുണ്ടായ എയര്‍ ഇന്ത്യാ എക്സപ്രസ്സ് വിമാനാപകടം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച ദുരന്തമായിരുന്നു. ദുബൈയില്‍ നിന്നു പറന്നുപൊങ്ങിയ ആ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഏറിയ പങ്കും വടക്കന്‍ കേരളത്തിലും മംഗലാപുരത്തും നിന്നുള്ളവരായിരുന്നു. വിമാനം ലാന്‍ഡു ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി എവിടെയോ ചെന്നിടിച്ച് പൊട്ടിത്തെറിക്കുകയും കത്തിച്ചാമ്പലാകുകയും 166 പേരില്‍ വെറും എട്ടു പേരൊഴികെ മറ്റെല്ലാവരും തിരിച്ചറിയാത്തവിധം അഗ്നിക്കിരയാകുകയും ചെയ്തെന്നു കേട്ടപ്പോള്‍ കേരളവും മംഗലാപുരവും മാത്രമല്ല, രാജ്യമൊട്ടാകെ തേങ്ങി. ദുബൈ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ വന്നവരും ബജ്പേ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയവരും തങ്ങളുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും എന്താണ്‌ സംഭവിച്ചതെന്നറിയാതെ നെട്ടോട്ടമോടുമ്പോള്‍ അപകടത്തില്‍ പെട്ടവരെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ നാട്ടുകാരും അധികൃതരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പരക്കം പായുകയായിരുന്നു.

പരിക്കുകളോടെ രക്ഷപ്പെട്ട എട്ടു പേരേയും മരിച്ചവരില്‍ 136 പേരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞെങ്കിലും, തിരിച്ചറിയാനാവാത്ത 22 മൃതദേഹങ്ങള്‍ അധികൃതരെ വിഷമസന്ധിയിലാക്കി. കാരണം, ഒരു മൃതദേഹത്തിന് ഒന്നിലധികം അവകാശികള്‍ രംഗത്തു വന്നതാണ്. ഏകദേശം പന്ത്രണ്ടു പേരെങ്കിലും വ്യാജ പാസ് പോര്‍ട്ടില്‍ ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു എന്ന് അധികൃതര്‍ അന്നേ വെളിപ്പെടുത്തിയിരുന്നു. അതായത് പാസ് പോര്‍ട്ട് പ്രകാരമുള്ള വ്യക്തിയായിരിക്കണമെന്നില്ല മരിച്ചത്. ഇതു തന്നെയാണ് അധികൃതരെ കുഴപ്പിച്ച പ്രശ്നവും. 20 പേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കിയതും ഇതേ കാരണത്താലാണ്. തങ്ങളുടെ വേണ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒരു നോക്കു കാണാനോ അവരെ തിരിച്ചറിയാനോ അവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുവാനോ കഴിയാതെ കുടുംബാംഗങ്ങള്‍ വിലപിക്കുമ്പോള്‍, ഡി.എന്‍.എ. പരിശോധനയിലും തിരിച്ചറിയാന്‍ കഴിയാത്ത 12 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്ക്കരിച്ചത് വിമാനാപകടത്തേക്കാള്‍ ഭയാനകമാണ്. ഇതില്‍ നിന്നും ഒരു കാര്യം നാം മനസ്സിലാക്കണം. മറ്റുള്ളവരുടെ പാസ് പോര്‍ട്ടിലെ ഫോട്ടോയുടെ തലവെട്ടിമാറ്റി സ്വന്തം ഫോട്ടോയുടെ തല വെച്ചുപിടിപ്പിച്ച് അനധികൃതമായി വിമാനയാത്ര ചെയ്യുന്നവര്‍ക്കൊരു ഗുണപാഠം കൂടിയാണ്‌ ഈ ദുരന്തം നല്‍കുന്നത്.

ഈ തലവെട്ടിമാറ്റല്‍ പ്രക്രിയയില്‍ കുടുങ്ങുന്നത് മുഴുവന്‍ ഗള്‍ഫ് മലയാളികളാണെന്നതാണ് സത്യം. ഈയടുത്ത നാളുകളില്‍ വ്യാജ പാസ് പോര്‍ട്ടില്‍ യാത്ര ചെയ്ത ഒട്ടനവധിപേരെ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടുകയുണ്ടായി. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞ ഒരു വ്യക്തിയുടെ പാസ് പോര്‍ട്ടുമായി കുവൈറ്റില്‍ ജോലി ചെയ്യുകയും പലതവണ ആ പാസ് പോര്‍ട്ടുമായി യാത്ര ചെയ്യുകയും ചെയ്ത ഒരു വിദ്വാനെ ഈയ്യിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്തു എന്നു കേള്‍ക്കുമ്പോള്‍ വ്യാജന്മാരാകാനുള്ള മലയാളിയുടെ ധ്വര എത്രത്തോളമുണ്ടെന്ന് ഊഹിക്കാം. സ്വന്തം ജീവന്‍ പണയപ്പെടുത്തിയുള്ള ഈ ഞാണിന്മേല്‍ കളി ഗള്‍ഫ് മലയാളികള്‍ അവസാനിപ്പിക്കുന്നില്ല എന്നതിനു വ്യക്തമായ തെളിവാണ് മംഗലാപുരം വിമാന ദുരന്തത്തില്‍ നിന്ന് നമുക്ക് നല്‍കുന്നത്. വ്യാജ പാസ് പോര്‍ട്ടില്‍ യാത്ര ചെയ്ത വ്യക്തി/വ്യക്തികള്‍ ആരുടെ പാസ് പോര്‍ട്ടാണോ ഉപയോഗിച്ചത് അവര്‍ ഗള്‍ഫിലെവിടേയോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകാം. പക്ഷേ, രേഖകളില്‍ അവര്‍ മരണപ്പെട്ടു കഴിഞ്ഞു. അതോടൊപ്പം തിരിച്ചറിയാന്‍ കഴിയാതെ അജ്ഞാത മൃതദേഹമായി പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ച മൃതദേഹങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ ഇനിയൊരിക്കലും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയാതെ ഉള്ളൂരുകി വിലപിക്കുകയുമാവാം. എത്ര ഭീതിതമാണ് ഈ അവസ്ഥ..!

എന്തുകൊണ്ടാണ് ഗള്‍ഫ് മലയാളികള്‍ ഇങ്ങനെയുള്ള ചതിക്കുഴികളില്‍ ചെന്നു ചാടുന്നത്? ബോധവല്‍ക്കരണത്തിന്റെ അഭാവമാണോ? അതോ വിവരമില്ലായ്മയാണോ? ഗള്‍ഫുകാരെ ചൂഷണം ചെയ്ത് ചതിക്കുഴികളില്‍ വീഴ്ത്തുവാന്‍ തക്കംനോക്കി നടക്കുന്ന വ്യാജന്മാരെ എന്തുകൊണ്ട് അവര്‍ തിരിച്ചറിയുന്നില്ല ? സ്വന്തം പാസ് പോര്‍ട്ട് അറബി പിടിച്ചു വെയ്ക്കുകയോ മറ്റേതെങ്കിലും തരത്തില്‍ നഷ്ടപ്പെടുകയോ അതുമല്ലെങ്കില്‍ പണയപ്പെടുത്തുകയോ ചെയ്തതിനുശേഷം ഏതെങ്കിലും ഏജന്റു വഴി ആരുടേയെങ്കിലും പാസ് പോര്‍ട്ട് പണം കൊടുത്തു വാങ്ങി തലവെട്ടി മാറ്റി അതുംകൊണ്ട് നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ സ്വയം കുഴിതോണ്ടുകയാണെന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല ? ഗള്‍ഫ് യാത്രക്കാരില്‍ വലിയൊരു വിഭാഗം വെറും സാധാരണക്കാരും കുടുംബം പോറ്റാന്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി, കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്നവരാണ്. അവരെ ലക്ഷ്യമിട്ടാണ് വ്യാജ ഏജന്റുമാര്‍ വട്ടം ചുറ്റുന്നത്. അവരെ മാത്രമേ എളുപ്പത്തില്‍ പാട്ടിലാക്കാന്‍ കഴിയൂ എന്ന് ഈ വ്യാജന്മാര്‍ക്കറിയാം. ഇങ്ങനെയുള്ള പാവപ്പെട്ടവരായ സാധാരണക്കരെ സം രക്ഷിക്കേണ്ട ധാര്‍മ്മിക കടമ അവരുടെ മാതൃരാജ്യത്തിനില്ലേ?

ഗള്‍ഫിലെ ഇന്ത്യന്‍ എംബസ്സികളും മറ്റു സാമൂഹിക-സാംസ്ക്കാരിക സംഘടനകളും സംയുക്തമായി ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും, വ്യാജ പാസ് പോര്‍ട്ടില്‍ യാത്ര ചെയ്യുമ്പോള്‍ വന്നു ഭവിക്കാവുന്ന വിപത്തുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധിവരെ മംഗലാപുരം വിമാന ദുരന്തങ്ങള്‍ പോലെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാം.

പ്രവാസികള്‍ ഭീകരവാദികളോ..?



പ്രവാസികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സി-കോണ്‍സുലേറ്റുകള്‍ നടപ്പാക്കിയ പുതിയ പാസ്പോര്‍ട്ട് സറണ്ടര്‍ നിയമത്തിന്‌ കടിഞ്ഞാണിടാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ എല്ലാ മലയാളി നേതാക്കള്‍ക്കും അഭിവാദനങ്ങള്‍...! ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണനയ്ക്ക് കടിഞ്ഞാണിടാനും മേലില്‍ ഇത്തരം കുടിലതന്ത്രങ്ങള്‍ പ്രവാസികള്‍ക്കു നേരെ പ്രയോഗിക്കാതിരിക്കാനുമുള്ള മുന്നറിയിപ്പിനും ഈ സംഭവവികാസങ്ങള്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. സൂചികൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കേണ്ട ഗതികേടിലായി നയതന്ത്രകാര്യാലയങ്ങള്‍.

യഥാര്‍ത്ഥത്തില്‍ ഇന്ത്യാ ഗവണ്മെന്റ് ധൃതിപിടിച്ച് ഇപ്പോഴൊരു നിയമം അനാവശ്യമായി വിദേശ ഇന്ത്യക്കാരില്‍ അടിച്ചേല്പ്പിക്കാനുണ്ടായ കാരണമെന്താണ് ? അതും മെയ് മാസത്തില്‍..! ഇന്ത്യയിലേക്ക് ഭീകരന്മാര്‍ നുഴഞ്ഞു കയറി രാജ്യത്ത് അക്രമം അഴിച്ചു വിടുന്നു എന്ന ന്യായം ഒരു വശത്തും, വിദേശ പൗരത്വമെടുത്തതിനു ശേഷവും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെച്ച് പലരും യാത്ര ചെയ്യുന്നു എന്ന് മറുവശത്തും അവര്‍ നിരത്തുന്നുണ്ടെങ്കിലും അവ രണ്ടും പ്രായോഗികമല്ല എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. സത്യത്തില്‍ പണത്തോടുള്ള അത്യാര്‍ത്തികൊണ്ടാണെന്ന യാഥാര്‍ത്ഥ്യവും തള്ളിക്കളയാനാവില്ല. വേനലവധിക്കാലമായതിനാല്‍ അനേകം പേര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമെന്നും, ഈ സമയത്ത് ഏതെങ്കിലും നിയമത്തിന്റെ പേരു പറഞ്ഞ് പരമാവധി ഇന്ത്യക്കാരില്‍നിന്ന് പിഴിഞ്ഞെടുക്കാമെന്നുള്ള കണക്കുകൂട്ടലല്ലേ ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നും സംശയിക്കുന്നതിലെന്താണ് തെറ്റ് ? വിമാനക്കമ്പനിക്കാര്‍ ചെയ്യുന്നതും അതുതന്നെയല്ലേ.

അതല്ല ഇനി ഭീകരാക്രമണം തടയാനാണെങ്കില്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന വിദേശങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയാണ്‌ ആദ്യം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണല്ലോ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥ മാധുരി ഗുപ്തയെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ  പല രഹസ്യ പാക്കിസ്ഥാന്‍ ചാരസംഘടനയ്ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു ഈ സെക്കന്റ് സെക്രട്ടറി. പഞ്ചാബിലെ ഭക്രാ അണക്കെട്ടിനു സമീപത്തുനിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ജര്‍മ്മനിയിലെ ഹാംബര്‍ഗ് സ്വദേശി തോമസ് കുഹന്‍ ജര്‍മ്മനിയ്ക്കുവേണ്ടി ചാരപ്പണി നടത്തുവാനാണ്‌ ഇന്ത്യയിലെത്തിയതെന്നും, ഭക്രാ അണക്കെട്ടിനു സമീപമുള്ള ഒരു അമ്പലത്തില്‍ നിന്നാണ്‌ ഇയാളെ അറസ്റ്റു ചെയ്തതെന്നും കേള്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ സുതാര്യത എത്ര ബലഹീനമാണെന്നു മനസ്സിലാക്കാം. ഏറ്റവും ഞെട്ടിപ്പിക്കുന്ന സത്യം ഈ ചാരന്റെ കൈയില്‍ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാ രേഖകളോ ഒന്നുമില്ലത്രേ..! പിന്നെ ഇയാല്‍ എങ്ങനെ ഇന്ത്യയിലെത്തി..?

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈയില്‍ നടന്നത്. അതിന്റെ സൂത്രധാരകന്‍ ഒരു പാക്കിസ്ഥാനി-അമേരിക്കക്കാരനും. അയാള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കിയതോ ഷിക്കാഗോയിലെ  ഇന്ത്യന്‍ കോണ്‍സുലേറ്റും. തീര്‍ന്നില്ല, കോണ്‍സുലേറ്റിലെ തന്നെ  ചില ഉദ്യോഗസ്ഥര്‍ ഈ ഭീകരനുമായി വളരെ ബന്ധം സ്ഥാപിച്ചിരുന്നത്രേ. അതുകൊണ്ടാണ്‌ അയാള്‍ക്ക് നിഷ്പ്രയാസം ഇന്ത്യയിലേക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ കഴിഞ്ഞതും..! ദാവൂദ് സെയ്ദ് ഗിലാനി ഒരു പാക്കിസ്ഥാന്‍ വംശജനായിരുന്നു എങ്കിലും അയാളുടെ പേര് പൂര്‍ണ്ണമായി മാറ്റി ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി എന്ന അമേരിക്കന്‍ പേര് സ്വീകരിക്കാനുണ്ടായ കാരണം ഇന്ത്യയിലേക്ക് അനായാസം യാത്ര ചെയ്യുവാനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമാണെന്ന് പിന്നീടു നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. തന്നെയുമല്ല, ഈ ഭീകരപ്രവര്‍ത്തകന്റെ പേര് ഇന്ത്യയുടെ കരിമ്പട്ടികയില്‍ ഉണ്ടായിരുന്നുതാനും. പക്ഷെ, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ അയാള്‍ക്ക് വിസ നല്‍കിയ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോ അതു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ ചരിത്രം പരിശോധിക്കാതെ വിസ അനുവദിച്ചതിന്റെ ശിക്ഷ അനുഭവിച്ചതോ നിരപരാധികളായ മുബൈ നിവാസികളും സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നത് രാജ്യത്തിന്റെ ധീരജവാന്മാരുമായിരുന്നു. ഇപ്പോഴിതാ പ്രവാസികളെ ആ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം പിരിക്കുന്നു.

ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി എന്ന ദാവൂദ് സെയ്ദ് ഗിലാനിയും കൂട്ടാളിയായ കനേഡിയന്‍ പാക്കിസ്ഥാനിയുമായ തഹാവൂര്‍ റാണയ്ക്കും ഇന്ത്യയില്‍ നിര്‍ബാധം യാത്ര ചെയ്യുവാനും തന്ത്രപ്രധാനമായ പല സ്ഥലങ്ങളും സന്ദര്‍ശിക്കാനും അവസരമൊരുക്കുകയും ചെയ്തതു മാത്രമല്ല, ഇവരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനോ ഇവരുടെ യാത്രയുടെ ഉദ്ദേശത്തെക്കുറിച്ച് അന്വേഷിക്കാനോ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. യാതൊരു അന്വേഷണവും നടത്താതെ ഈ ഭീകരര്‍ക്ക് വിസ അനുവദിച്ചു കൊടുത്തത് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും, ആഭ്യന്തരകാര്യമന്ത്രിയും, പ്രവാസികാര്യമന്ത്രിയും പറയുന്നതുപോലെ ഭീകരവാദികളെ തടയാനാണ് ഈ പാസ്പോര്‍ട്ട് സറണ്ടര്‍ നിയമം കൊണ്ടുവന്നതെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ. പ്രവാസികള്‍ എന്നും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിക്കാണിക്കാനേ ശ്രമിച്ചിട്ടുള്ളൂ. ഇന്ത്യയുടെ സമ്പദ്ഘടനയില്‍ കാതലായ മാറ്റം വന്നതും പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന നിക്ഷേപങ്ങളിലൂടെയാണ്. അവരെ ചൂഷണം ചെയ്യുന്ന ഇന്ത്യന്‍ നയതന്ത്രകാര്യാലയവും ഉദ്യോഗസ്ഥവൃന്ദവുമാണ്‌ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സല്പേരിന്‌ കളങ്കം ചാര്‍ത്തുന്നവര്‍. ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിനു മുന്‍പില്‍ പ്രകടനം നടത്തിയവര്‍ ആരും തന്നെ ഭീകരരായിരുന്നില്ല. പല സംഘടനകളേയും പ്രതിനിധീകരിച്ച് മാന്യമായി പ്രകടനം നടത്താന്‍ എത്തിയ സംഘടനാ ഭാരവാഹികളേയും ദേശീയ നേതാക്കളേയും കാണാന്‍ പോലും തയ്യാറാകാതിരുന്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഏതു വിഭാഗത്തില്‍ പെടുത്താമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കുറഞ്ഞ പക്ഷം അവര്‍ക്ക് പറയാനുള്ളതെങ്കിലും കേള്‍ക്കാന്‍ സന്മനസ്സ് കാണിക്കാതിരുന്ന ഉദ്യോഗസ്ഥരാണോ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നവര്‍? ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയും മുപ്പതു വെള്ളിക്കാശിന്‌ മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരുമാണ്‌ യഥാര്‍ത്ഥ ഭീകരര്‍. അങ്ങനെയുള്ളവരെ തിരിച്ചറിയാനും മേല്‍നടപടികള്‍ സ്വീകരിക്കാനും ഇന്ത്യ തയ്യാറായില്ലെങ്കില്‍ ഇനിയും അനേകം ഭീകരര്‍ പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ വന്ന് ഭീകരാക്രമണം നടത്തുമെന്ന് തീര്‍ച്ച.

വൈകിയാണെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് വീണ്ടുവിചാരം കൈക്കൊണ്ട് പ്രകടനത്തിന്റെ പേരില്‍ അവഹേളിച്ചുവിട്ട നേതാക്കളെ നേരില്‍ കാണാന്‍ സന്മനസ്സു കാണിക്കുകയും പാസ്പോ ര്‍ട്ട് സറണ്ടര്‍ ഫീയുടെ കാര്യത്തില്‍ മാറ്റം വരുത്തുകയും ചെയ്തതില്‍ മലയാളി സമൂഹം ഒന്നടങ്കം കൃതജ്ഞരാണെന്നതില്‍ സംശയമില്ല. മേലില്‍ ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു മുന്‍പ് പ്രവാസികളുമായും അവരുടെ സംഘടനകളുമായും ആലോചിച്ചേ തീരുമാനമെടുക്കൂ എന്നും പ്രത്യാശിക്കാം. ഫോമ, ഫൊക്കാന മുതലായ സംഘടനകളുടെ അഭ്യുദയകാംക്ഷിയും, പ്രവാസികാര്യമന്ത്രിയുമായ ശ്രീ വയലാര്‍ രവി കണ്‍‌വന്‍‌ഷനുകളില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ടെന്നതും നമുക്ക് ആശയ്ക്കു വക നല്‍കുന്നു. ഈ രണ്ടു സംഘടനകളും കാര്യങ്ങളുടെ ഗൗരവം മന്ത്രിയെ ധരിപ്പിക്കുമെന്ന് വിശ്വസിക്കാം.