Friday, June 4, 2010

പ്രവാസികള്‍ ഭീകരവാദികളോ..?



പ്രവാസികളെ ഒന്നടങ്കം മുള്‍മുനയില്‍ നിര്‍ത്തി അമേരിക്കയിലെ ഇന്ത്യന്‍ എംബസ്സി-കോണ്‍സുലേറ്റുകള്‍ നടപ്പാക്കിയ പുതിയ പാസ്പോര്‍ട്ട് സറണ്ടര്‍ നിയമത്തിന്‌ കടിഞ്ഞാണിടാന്‍ അരയും തലയും മുറുക്കി രംഗത്തിറങ്ങിയ എല്ലാ മലയാളി നേതാക്കള്‍ക്കും അഭിവാദനങ്ങള്‍...! ഇന്ത്യന്‍ സര്‍ക്കാരിന്റെ പ്രവാസികളോടുള്ള അവഗണനയ്ക്ക് കടിഞ്ഞാണിടാനും മേലില്‍ ഇത്തരം കുടിലതന്ത്രങ്ങള്‍ പ്രവാസികള്‍ക്കു നേരെ പ്രയോഗിക്കാതിരിക്കാനുമുള്ള മുന്നറിയിപ്പിനും ഈ സംഭവവികാസങ്ങള്‍ ഉപകരിക്കുമെന്ന് പ്രതീക്ഷിക്കാം. സൂചികൊണ്ടെടുക്കേണ്ടത് തൂമ്പകൊണ്ടെടുക്കേണ്ട ഗതികേടിലായി നയതന്ത്രകാര്യാലയങ്ങള്‍.

യഥാര്‍ത്ഥത്തില്‍ ഇന്ത്യാ ഗവണ്മെന്റ് ധൃതിപിടിച്ച് ഇപ്പോഴൊരു നിയമം അനാവശ്യമായി വിദേശ ഇന്ത്യക്കാരില്‍ അടിച്ചേല്പ്പിക്കാനുണ്ടായ കാരണമെന്താണ് ? അതും മെയ് മാസത്തില്‍..! ഇന്ത്യയിലേക്ക് ഭീകരന്മാര്‍ നുഴഞ്ഞു കയറി രാജ്യത്ത് അക്രമം അഴിച്ചു വിടുന്നു എന്ന ന്യായം ഒരു വശത്തും, വിദേശ പൗരത്വമെടുത്തതിനു ശേഷവും ഇന്ത്യന്‍ പാസ്പോര്‍ട്ട് കൈവശം വെച്ച് പലരും യാത്ര ചെയ്യുന്നു എന്ന് മറുവശത്തും അവര്‍ നിരത്തുന്നുണ്ടെങ്കിലും അവ രണ്ടും പ്രായോഗികമല്ല എന്ന് സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് മനസ്സിലാകും. സത്യത്തില്‍ പണത്തോടുള്ള അത്യാര്‍ത്തികൊണ്ടാണെന്ന യാഥാര്‍ത്ഥ്യവും തള്ളിക്കളയാനാവില്ല. വേനലവധിക്കാലമായതിനാല്‍ അനേകം പേര്‍ ഇന്ത്യയിലേക്ക് യാത്ര ചെയ്യുമെന്നും, ഈ സമയത്ത് ഏതെങ്കിലും നിയമത്തിന്റെ പേരു പറഞ്ഞ് പരമാവധി ഇന്ത്യക്കാരില്‍നിന്ന് പിഴിഞ്ഞെടുക്കാമെന്നുള്ള കണക്കുകൂട്ടലല്ലേ ഇത്തരമൊരു നീക്കത്തിനു പിന്നിലെന്നും സംശയിക്കുന്നതിലെന്താണ് തെറ്റ് ? വിമാനക്കമ്പനിക്കാര്‍ ചെയ്യുന്നതും അതുതന്നെയല്ലേ.

അതല്ല ഇനി ഭീകരാക്രമണം തടയാനാണെങ്കില്‍ ഭീകരര്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന വിദേശങ്ങളിലെ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥരെയാണ്‌ ആദ്യം പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തേണ്ടത്. ഇക്കഴിഞ്ഞ ഏപ്രില്‍ മാസത്തിലാണല്ലോ പാക്കിസ്ഥാനിലെ ഇസ്ലാമാബാദിലുള്ള ഇന്ത്യന്‍ എംബസ്സി ഉദ്യോഗസ്ഥ മാധുരി ഗുപ്തയെ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സി അറസ്റ്റു ചെയ്തത്. ഇന്ത്യയുടെ തന്ത്രപ്രധാനമായ  പല രഹസ്യ പാക്കിസ്ഥാന്‍ ചാരസംഘടനയ്ക്ക് ചോര്‍ത്തിക്കൊടുത്തുകൊണ്ടിരിക്കുകയായിരുന്നു ഈ സെക്കന്റ് സെക്രട്ടറി. പഞ്ചാബിലെ ഭക്രാ അണക്കെട്ടിനു സമീപത്തുനിന്ന് കഴിഞ്ഞയാഴ്ച അറസ്റ്റിലായ ജര്‍മ്മനിയിലെ ഹാംബര്‍ഗ് സ്വദേശി തോമസ് കുഹന്‍ ജര്‍മ്മനിയ്ക്കുവേണ്ടി ചാരപ്പണി നടത്തുവാനാണ്‌ ഇന്ത്യയിലെത്തിയതെന്നും, ഭക്രാ അണക്കെട്ടിനു സമീപമുള്ള ഒരു അമ്പലത്തില്‍ നിന്നാണ്‌ ഇയാളെ അറസ്റ്റു ചെയ്തതെന്നും കേള്‍ക്കുമ്പോള്‍ ഇന്ത്യയുടെ ആഭ്യന്തര സുരക്ഷയുടെ സുതാര്യത എത്ര ബലഹീനമാണെന്നു മനസ്സിലാക്കാം. ഏറ്റവും ഞെട്ടിപ്പിക്കുന്ന സത്യം ഈ ചാരന്റെ കൈയില്‍ പാസ്പോര്‍ട്ടോ വിസയോ മറ്റു യാത്രാ രേഖകളോ ഒന്നുമില്ലത്രേ..! പിന്നെ ഇയാല്‍ എങ്ങനെ ഇന്ത്യയിലെത്തി..?

രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായിരുന്നു മുംബൈയില്‍ നടന്നത്. അതിന്റെ സൂത്രധാരകന്‍ ഒരു പാക്കിസ്ഥാനി-അമേരിക്കക്കാരനും. അയാള്‍ക്ക് മള്‍ട്ടിപ്പിള്‍ എന്‍ട്രി വിസ നല്‍കിയതോ ഷിക്കാഗോയിലെ  ഇന്ത്യന്‍ കോണ്‍സുലേറ്റും. തീര്‍ന്നില്ല, കോണ്‍സുലേറ്റിലെ തന്നെ  ചില ഉദ്യോഗസ്ഥര്‍ ഈ ഭീകരനുമായി വളരെ ബന്ധം സ്ഥാപിച്ചിരുന്നത്രേ. അതുകൊണ്ടാണ്‌ അയാള്‍ക്ക് നിഷ്പ്രയാസം ഇന്ത്യയിലേക്ക് യഥേഷ്ടം സഞ്ചരിക്കാന്‍ കഴിഞ്ഞതും..! ദാവൂദ് സെയ്ദ് ഗിലാനി ഒരു പാക്കിസ്ഥാന്‍ വംശജനായിരുന്നു എങ്കിലും അയാളുടെ പേര് പൂര്‍ണ്ണമായി മാറ്റി ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി എന്ന അമേരിക്കന്‍ പേര് സ്വീകരിക്കാനുണ്ടായ കാരണം ഇന്ത്യയിലേക്ക് അനായാസം യാത്ര ചെയ്യുവാനും വിധ്വംസക പ്രവര്‍ത്തനങ്ങള്‍ നടത്തുവാനുമാണെന്ന് പിന്നീടു നടന്ന സംഭവവികാസങ്ങള്‍ തെളിയിക്കുന്നുണ്ട്. തന്നെയുമല്ല, ഈ ഭീകരപ്രവര്‍ത്തകന്റെ പേര് ഇന്ത്യയുടെ കരിമ്പട്ടികയില്‍ ഉണ്ടായിരുന്നുതാനും. പക്ഷെ, ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്കോ അയാള്‍ക്ക് വിസ നല്‍കിയ ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനോ അതു കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല. അയാളുടെ ചരിത്രം പരിശോധിക്കാതെ വിസ അനുവദിച്ചതിന്റെ ശിക്ഷ അനുഭവിച്ചതോ നിരപരാധികളായ മുബൈ നിവാസികളും സ്വന്തം ജീവന്‍ ബലിയര്‍പ്പിക്കേണ്ടി വന്നത് രാജ്യത്തിന്റെ ധീരജവാന്മാരുമായിരുന്നു. ഇപ്പോഴിതാ പ്രവാസികളെ ആ പേരു പറഞ്ഞ് ഭീഷണിപ്പെടുത്തി പണം പിരിക്കുന്നു.

ഡേവിഡ് കോള്‍മാന്‍ ഹെഡ് ലി എന്ന ദാവൂദ് സെയ്ദ് ഗിലാനിയും കൂട്ടാളിയായ കനേഡിയന്‍ പാക്കിസ്ഥാനിയുമായ തഹാവൂര്‍ റാണയ്ക്കും ഇന്ത്യയില്‍ നിര്‍ബാധം യാത്ര ചെയ്യുവാനും തന്ത്രപ്രധാനമായ പല സ്ഥലങ്ങളും സന്ദര്‍ശിക്കാനും അവസരമൊരുക്കുകയും ചെയ്തതു മാത്രമല്ല, ഇവരുടെ ചലനങ്ങള്‍ നിരീക്ഷിക്കാനോ ഇവരുടെ യാത്രയുടെ ഉദ്ദേശത്തെക്കുറിച്ച് അന്വേഷിക്കാനോ ഇന്ത്യന്‍ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറായില്ല. യാതൊരു അന്വേഷണവും നടത്താതെ ഈ ഭീകരര്‍ക്ക് വിസ അനുവദിച്ചു കൊടുത്തത് ഷിക്കാഗോയിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആയിരുന്നു. ഇപ്പോള്‍ ഇന്ത്യന്‍ വിദേശകാര്യമന്ത്രിയും, ആഭ്യന്തരകാര്യമന്ത്രിയും, പ്രവാസികാര്യമന്ത്രിയും പറയുന്നതുപോലെ ഭീകരവാദികളെ തടയാനാണ് ഈ പാസ്പോര്‍ട്ട് സറണ്ടര്‍ നിയമം കൊണ്ടുവന്നതെങ്കില്‍ അവരോട് ഒന്നേ പറയാനുള്ളൂ. പ്രവാസികള്‍ എന്നും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിക്കാണിക്കാനേ ശ്രമിച്ചിട്ടുള്ളൂ. ഇന്ത്യയുടെ സമ്പദ്ഘടനയില്‍ കാതലായ മാറ്റം വന്നതും പ്രവാസികള്‍ ഇന്ത്യയിലേക്കയക്കുന്ന നിക്ഷേപങ്ങളിലൂടെയാണ്. അവരെ ചൂഷണം ചെയ്യുന്ന ഇന്ത്യന്‍ നയതന്ത്രകാര്യാലയവും ഉദ്യോഗസ്ഥവൃന്ദവുമാണ്‌ യഥാര്‍ത്ഥത്തില്‍ ഇന്ത്യയുടെ സല്പേരിന്‌ കളങ്കം ചാര്‍ത്തുന്നവര്‍. ന്യൂയോര്‍ക്ക് കോണ്‍സുലേറ്റിനു മുന്‍പില്‍ പ്രകടനം നടത്തിയവര്‍ ആരും തന്നെ ഭീകരരായിരുന്നില്ല. പല സംഘടനകളേയും പ്രതിനിധീകരിച്ച് മാന്യമായി പ്രകടനം നടത്താന്‍ എത്തിയ സംഘടനാ ഭാരവാഹികളേയും ദേശീയ നേതാക്കളേയും കാണാന്‍ പോലും തയ്യാറാകാതിരുന്ന കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ ഏതു വിഭാഗത്തില്‍ പെടുത്താമെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ. കുറഞ്ഞ പക്ഷം അവര്‍ക്ക് പറയാനുള്ളതെങ്കിലും കേള്‍ക്കാന്‍ സന്മനസ്സ് കാണിക്കാതിരുന്ന ഉദ്യോഗസ്ഥരാണോ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിപ്പിടിക്കുന്നവര്‍? ഭീകരര്‍ക്ക് ഒത്താശ ചെയ്യുകയും മുപ്പതു വെള്ളിക്കാശിന്‌ മാതൃരാജ്യത്തെ ഒറ്റിക്കൊടുക്കുന്നവരുമാണ്‌ യഥാര്‍ത്ഥ ഭീകരര്‍. അങ്ങനെയുള്ളവരെ തിരിച്ചറിയാനും മേല്‍നടപടികള്‍ സ്വീകരിക്കാനും ഇന്ത്യ തയ്യാറായില്ലെങ്കില്‍ ഇനിയും അനേകം ഭീകരര്‍ പല രാജ്യങ്ങളില്‍ നിന്നും ഇന്ത്യയില്‍ വന്ന് ഭീകരാക്രമണം നടത്തുമെന്ന് തീര്‍ച്ച.

വൈകിയാണെങ്കിലും ഇന്ത്യന്‍ കോണ്‍സുലേറ്റ് വീണ്ടുവിചാരം കൈക്കൊണ്ട് പ്രകടനത്തിന്റെ പേരില്‍ അവഹേളിച്ചുവിട്ട നേതാക്കളെ നേരില്‍ കാണാന്‍ സന്മനസ്സു കാണിക്കുകയും പാസ്പോ ര്‍ട്ട് സറണ്ടര്‍ ഫീയുടെ കാര്യത്തില്‍ മാറ്റം വരുത്തുകയും ചെയ്തതില്‍ മലയാളി സമൂഹം ഒന്നടങ്കം കൃതജ്ഞരാണെന്നതില്‍ സംശയമില്ല. മേലില്‍ ഇത്തരം നിയമങ്ങള്‍ പ്രാബല്യത്തില്‍ കൊണ്ടുവരുന്നതിനു മുന്‍പ് പ്രവാസികളുമായും അവരുടെ സംഘടനകളുമായും ആലോചിച്ചേ തീരുമാനമെടുക്കൂ എന്നും പ്രത്യാശിക്കാം. ഫോമ, ഫൊക്കാന മുതലായ സംഘടനകളുടെ അഭ്യുദയകാംക്ഷിയും, പ്രവാസികാര്യമന്ത്രിയുമായ ശ്രീ വയലാര്‍ രവി കണ്‍‌വന്‍‌ഷനുകളില്‍ പങ്കെടുക്കുവാന്‍ എത്തുന്നുണ്ടെന്നതും നമുക്ക് ആശയ്ക്കു വക നല്‍കുന്നു. ഈ രണ്ടു സംഘടനകളും കാര്യങ്ങളുടെ ഗൗരവം മന്ത്രിയെ ധരിപ്പിക്കുമെന്ന് വിശ്വസിക്കാം.

No comments:

Post a Comment