Wednesday, April 17, 2019

സര്‍ക്കാര്‍ ആശുപത്രികളുടെ ദുരവസ്ഥഃ മാറ്റണം

മംഗലാപുരത്തു നിന്ന് കൊച്ചിവരെയുള്ള ജനങ്ങളും ട്രാഫിക് സം‌വിധാനങ്ങളും ഒരേ ബിന്ദുവില്‍ കേന്ദ്രീകരിച്ച സംഭവമാണ് ഇപ്പോള്‍ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരിക്കുന്നത്. വെറും പതിനഞ്ചു ദിവസം മാത്രം പ്രായമുള്ള പിഞ്ചുകുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് 400 കിലോമീറ്ററോളം ആംബുലന്‍സില്‍ സഞ്ചരിച്ച് നാലര മണിക്കൂര്‍ കൊണ്ട് കൊച്ചിയിലെ അമൃത ആശുപത്രിയിലെത്തിച്ച സംഭവം വളരെ പ്രാധാന്യത്തോടെയാണ് മാധ്യമങ്ങള്‍ പ്രചരിപ്പിച്ചത്. മംഗലാപുരത്ത്‌ നിന്നും കൊച്ചിയിലേക്കുള്ള ദൂരം 417 കിലോമീറ്ററാണ്. ആ യാത്രക്കെടുത്തതാകട്ടേ വെറും 4 മണിക്കൂറും 20 മിനുട്ടും. അതായത്‌ മണിക്കൂറില്‍ ഏകദേശം 105 കി.മീ വേഗത !!

കാസര്‍ഗോഡ് സ്വദേശികളായ സാനിയ-മിത്താഹ്‌ ദമ്പതികളുടെയാണ് കുഞ്ഞ്. ജന്മനാ ഹൃദ്രോഗിയായിരുന്ന കുട്ടി മംഗലാപുരത്തെ ഫാദര്‍ മുള്ളര്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ കൂടുതല്‍ മികച്ച ചികിത്സയും പരിചരണവും ആവശ്യമായതുകൊണ്ടാണ് ആദ്യം തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാന്‍ മാതാപിതാക്കളും ആശുപത്രി അധികൃതരും തീരുമാനിച്ചത്‌. അപകട സാധ്യത മുന്‍പിലുള്ളതുകൊണ്ട് അത്തരം സന്ദര്‍ഭങ്ങള്‍ വിജയകരമായി കൈകാര്യം ചെയ്ത് പേരെടുത്തിട്ടുള്ള ചൈല്‍ഡ്‌ പ്രൊട്ടക്ഷന്‍ ടീമിന്റെ (സി.പി.ടി) സഹായം അവര്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു എന്ന് പറയുന്നു.

എട്ടു മണിക്കൂര്‍ കൊണ്ട് ശ്രീചിത്ര ആശുപത്രിയില്‍ കുഞ്ഞിനെ എത്തിക്കുകയായിരുന്നുവത്രേ ലക്ഷ്യം. ഇതിനായി കേരളാ ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമും സന്നദ്ധ പ്രവര്‍ത്തകരും ആംബുലന്‍സ് നെറ്റ്‌വര്‍ക്കും സജീവമായി രംഗത്തുണ്ടായിരുന്നു എന്നു പറയുന്നു. വഴിയില്‍ തടസ്സങ്ങളുണ്ടാക്കരുതെന്ന് ഫെയ്‌സ്ബുക്ക് വഴി ആഹ്വാനം ചെയ്തു. ആംബുലന്‍സില്‍ നിന്നും ഫേസ്ബുക്ക് ലൈവും തയ്യാറാക്കി. വഴിയിലുടനീളം സന്നദ്ധ പ്രവര്‍ത്തകരും രാഷ്ട്രീയ കക്ഷികളും പോലീസും സുരക്ഷയൊരുക്കി. ഇതിനിടെ ആരോഗ്യവകുപ്പ് മന്ത്രി കെ.കെ ഷൈലജ വിഷയത്തില്‍ ഇടപെട്ടതിന് പിന്നാലെ അമൃത ആശുപത്രിയിലെത്തിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു പറയുന്നു. ഹൃദ്യം പദ്ധതിയില്‍ ഉള്‍പ്പെടുത്തി മുഴുവന്‍ ചികിത്സാ ചിലവും സര്‍ക്കാര്‍ വഹിക്കാന്‍ മുഖ്യമന്ത്രിയും ഉത്തരവിട്ടു. ശ്രീചിത്ര വേണോ അമൃത വേണോ എന്നതിനെക്കുറിച്ച്‌ ആശയക്കുഴപ്പങ്ങള്‍ ഉണ്ടായിരുന്നെങ്കിലും കുട്ടിയുടെ സുരക്ഷക്ക്‌ നല്ലത്‌ എന്ന് തോന്നിയതിനാലാണ്‌ അമൃതയില്‍ പ്രവേശിപ്പിച്ചതെന്നാണ് ആരോഗ്യമന്ത്രി പറയുന്നത്. ആംബുലന്‍സ് തൃശൂര്‍ എത്തിയപ്പോഴാണ് അമൃതയിലേക്ക് കൊണ്ടുപോകാന്‍ ആരോഗ്യമന്ത്രിയില്‍ നിന്ന് അറിയിപ്പ് വന്നതെന്ന് ഡ്രൈവര്‍ പറയുന്നു.

മംഗലാപുരത്തുനിന്ന് ഈ ആംബുലന്‍സ് പുറപ്പെടുന്നതും ഗ്രാമങ്ങളും പട്ടണങ്ങളും പിന്നിട്ട് റോഡിലൂടെ ചീറിപ്പായുന്നതുമൊക്കെ ഹൃദയമിടിപ്പോടെ ലൈവ് ആയി ജനങ്ങള്‍ കണ്ടു. എല്ലാവരും ആംബുലന്‍സ് ഡ്രൈവറേയും ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീമിനേയും വാനോളാം പുകഴ്ത്തി. ആ കുഞ്ഞ് ജീവനോടെയിരിക്കാന്‍ കേരള ജനത മുഴുവന്‍ പ്രാര്‍ത്ഥിച്ചു.
ഏപ്രില്‍ 16-നാണ് ഈ സംഭവം നടന്നത്.

സമാനമായ സംഭവം ഇന്നും (ഏപ്രില്‍ 17) നടന്നു. ഇപ്രാവശ്യം മൂന്നു ദിവസം പ്രായമുള്ള കുഞ്ഞുമായാണ് മലപ്പുറം പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് ആംബുലന്‍സ് കുതിച്ചത്. മലപ്പുറം വേങ്ങൂര്‍ കളത്തില്‍ നജാദ് ഇര്‍ഫാന ദമ്പതികളുടെ മകനെ ഹൃദ്രോഗത്തെ തുടര്‍ന്നാണ് ശ്രീചിത്രയിലേക്ക് കൊണ്ടുപോയത്.  പെരിന്തല്‍മണ്ണയില്‍ നിന്നും അഞ്ച് മണിക്കൂര്‍ കൊണ്ടാണത്രേ എല്ലാ സം‌വിധാനങ്ങളുമൊരുക്കിയ ആംബുലന്‍സ് തിരുവനന്തപുരത്തെത്തിയത്..!!  എത്രയും പെട്ടെന്ന് ലക്ഷ്യത്തിലെത്തിക്കേണ്ടതിനാലാണ് വീണ്ടുമൊരു ആംബുലന്‍സ് മിഷന് കേരളം കൈകോര്‍ത്തതെന്നു പറയുന്നു. അടിയന്തര ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ തീരുമാനിച്ചതോടെയാണ് ആ കുരുന്നിനെ പെരിന്തല്‍മണ്ണയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് കൊണ്ടുപോയതെന്നാണ് അധികൃതരുടെ ഭാഷ്യം.

സമാനമായ സംഭവങ്ങള്‍ ഇതിനു മുന്‍പും കേരളത്തില്‍ സംഭവിച്ചിട്ടുണ്ട്. ഇത്രയധികം ട്രാഫിക് കുരുക്കുകളുള്ള റോഡുകളില്‍ കൂടി ആംബുലന്‍സ് മരണപ്പാച്ചില്‍ നടത്തുമ്പോള്‍ പൊതുജനങ്ങളുടെ ജീവനും അപകടത്തിലാകുമെന്ന സത്യം അധികൃതര്‍ മനസ്സിലാക്കണം. അതനുസരിച്ച് ട്രാഫിക് സം‌വിധാനങ്ങളിലും കാലക്രമേണ മാറ്റങ്ങളും വരുത്തണം.

ഇവിടെ വിഷയം അതല്ല. മംഗലാപുരത്തുനിന്ന് കുഞ്ഞിനെ തിരുവനന്തപുരത്തെ ശ്രീചിത്രയിലേക്ക് കൊണ്ടുപോകാനും, ഇടക്ക് ആരോഗ്യമന്ത്രി ഇടപെട്ട് അമൃതയിലേക്ക് മാറ്റിയതും യുക്തിക്ക് നിരക്കാത്ത പണിയല്ലേ എന്ന് ഒരുനിമിഷം ആരും ചിന്തിച്ചു പോകും. "അമൃതയില്‍ കൊണ്ടുപോകാനാണ് ഞാന്‍ നല്‍കിയ നിര്‍ദ്ദേശം. ശ്രീചിത്രയില്‍ തന്നെ കൊണ്ടുവരണമെന്ന് ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം വാശിപിടിക്കുന്നുണ്ടെങ്കില്‍ അതിന്‍റെ ഉത്തരവാദിത്വം അവര്‍ക്കാണ്. എന്നെ സംബന്ധിച്ച്, എന്‍റെ ഉത്തരവാദിത്വം കുഞ്ഞിന്‍റെ ജീവന്‍ രക്ഷിക്കലാണ്. മുഴുവന്‍ ചിലവും സര്‍ക്കാര്‍ വഹിക്കുന്നതാണ്. ചൈല്‍ഡ് പ്രൊട്ടക്ഷന്‍ ടീം എന്തിനാണ് വാശി പിടിക്കുന്നതെന്ന് എനിക്ക് അറിയില്ല. ജീവന്‍ രക്ഷിക്കുകയെന്നതാണ് പ്രധാനം. നേരത്തെ കുഞ്ഞിനെ കോഴിക്കോട് മിംസില്‍ പ്രവേശിപ്പിക്കാമായിരുന്നു. അവിടം കഴിഞ്ഞുപോയതിനാല്‍ ഇനി അമൃതയിലേ പ്രവേശിപ്പിക്കാനാവൂ" - ആരോഗ്യ മന്ത്രി കെ കെ ശൈലജയുടെ  വാക്കുകളാണിത്.

മുഖ്യമന്ത്രി പിണറായി വിജയന്റെ ഫെയ്സ്ബുക്ക് പോസ്റ്റ് ഇങ്ങനെ.... "15 ദിവസം മാത്രം പ്രായമുള്ള പിഞ്ചു കുഞ്ഞിനെ ഹൃദയ ശസ്ത്രക്രിയക്കായി മംഗലാപുരത്തുനിന്ന് തിരുവനന്തപുരം ശ്രീചിത്ര ആശുപത്രിയിലേക്ക് കൊണ്ടുവരികയാണ്. ആംബുലന്‍സ് കോഴിക്കോട് പിന്നിട്ടു. കാസര്‍കോട് സ്വദേശികളായ സാനിയ  മിത്താഹ് ദമ്പതികളുടെ കുട്ടിയെയാണ് 
 KL - 60- J 7739 എന്ന നമ്പര്‍ ആംബുലന്‍സില്‍ കൊണ്ടുവരുന്നത്. ഓരോ നിമിഷവും കുഞ്ഞിന്‍റെ ജീവന്‍ വിലപ്പെട്ടതാണ്. ആംബുലന്‍സ് എത്രയും വേഗം ലക്ഷ്യസ്ഥാനത്തെത്തിക്കാന്‍ എല്ലാവരും സഹകരിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു."

ഇത് കേള്‍ക്കുമ്പോള്‍ ആര്‍ക്കായാലും മുഖ്യമന്ത്രിയെയും ആരോഗ്യമന്ത്രിയേയും അഭിനന്ദിക്കാന്‍ തോന്നും. ഉചിതമായ തീരുമാനമെന്നും തോന്നിയേക്കാം. അഭിനന്ദിക്കപ്പെടേണ്ട ഒരു തീരുമാനമായി പലര്‍ക്കും തോന്നിയേക്കാം. ആരോഗ്യ മന്ത്രിയുടെ ആത്മാര്‍ത്ഥത, തീരുമാനം എടുക്കാനുളള കഴിവ് എന്നൊക്കെ പലരും അഭിപ്രായം പ്രകടിപ്പിച്ചത് സമൂഹമാധ്യമങ്ങളിലുണ്ട്. ഒരു പരിധിവരെ അത് ശരിയാണുതാനും..! എന്നാല്‍ സാമാന്യ ബുദ്ധിയോടെ ചിന്തിച്ചാല്‍ ഈ അമൃതയിലും മിംമ്സിലുമൊക്കെയുണ്ട് എന്നു പറയുന്ന ചികിത്സാ സൗകര്യങ്ങള്‍ സര്‍ക്കാര്‍ ആശുപത്രികളിലും ഉണ്ടാകേണ്ടതല്ലേ? മെഡിക്കല്‍ കോളേജില്‍ പോലും ആ കുട്ടിക്ക് വേണ്ട ചികിത്സ നല്‍കാനുളള സൗകര്യങ്ങള്‍ ഇല്ലെങ്കില്‍ അത് സര്‍ക്കാരിന്‍റേയും ആരോഗ്യമന്ത്രിയുടേയും പരാജയം തന്നെയാണ്. സര്‍ക്കാര്‍ ആശുപത്രികളില്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കാതെ ഖജനാവിലെ പണം അമൃതയും മിംമ്സും പോലെയുളള സ്വകാര്യ ആശുപത്രികള്‍ക്ക് കൊളളയടിക്കാനുളള അവസരം ഉണ്ടാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. അടിയന്തിര ചികിത്സക്കായി കീലോമീറററുകളോളം ഒരു ജീവനും കൊണ്ട് ആംബുലന്‍സുകള്‍ അതിവേഗതയില്‍ ചീറിപ്പായേണ്ടിവരുന്ന അവസ്ഥ ഒരു ഗതികേട് തന്നെയാണ് !

ഈ അവസ്ഥക്ക് മാറ്റം വരണമെങ്കില്‍, സര്‍ക്കാര്‍ ആശുപത്രികളില്‍ എല്ലാ സജ്ജീകരണങ്ങളും ഒരുക്കണമെങ്കില്‍, ഒരൊറ്റ വഴിയേ ഉള്ളൂ. മന്ത്രിമാരും, എം.എല്‍.എമാരും, എം.പി.മാരും സര്‍ക്കാര്‍ ആശുപത്രികളില്‍ മാത്രമേ ചികിത്സ തേടാവൂ എന്നൊരു നിയമം കൊണ്ടുവരണം.  അവര്‍ക്ക് വിദേശ ചികിത്സയും അനുവദിക്കരുത്. അപ്പോള്‍ കാണാം ദിവസങ്ങള്‍ക്കുള്ളില്‍ അന്താരാഷ്ട്ര ചികിത്സാ സൗകര്യങ്ങള്‍ കേരളത്തിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ എത്തുന്നത്.

ജില്ലകള്‍ തോറും അന്താരാഷ്ട്ര വിമാനത്താവളം വേണമെന്ന് ശഠിക്കുന്നവര്‍ എന്തുകൊണ്ട് അതേ നിലവാരമുള്ള ആശുപത്രികള്‍ ജില്ലകളില്‍ വേണമെന്ന് വാശി പിടിക്കുന്നില്ല?

Tuesday, April 16, 2019

സൈനികരുടെ വീര്യം കെടുത്തരുത്

ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതുമുതല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുവാന്‍ തുടങ്ങിയത് ആശങ്കയ്ക്ക് വഴിവെക്കുന്നു. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ സൈന്യത്തിന്‍റെയും സൈനികരുടെയും ചിത്രങ്ങളും അടയാളങ്ങളും ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാവുന്നതല്ല. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചില പരാമര്‍ശങ്ങളിലും സൈനികരും അല്ലാത്തവരും വലിയ തോതിലുള്ള എതിര്‍പ്പും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. പുല്‍വാമയില്‍ സിആര്‍പിഎഫ് കോണ്‍വോയ്ക്കു നേരേ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 27നു വ്യോമസേന പാക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണമാണു പലരും തെരഞ്ഞെടുപ്പിനു ദുരുപയോഗം ചെയ്യുന്നത്. അതിര്‍ത്തി കടന്നുചെന്ന് പാക് യുദ്ധ വിമാനം തകര്‍ത്തെന്ന് പറയുന്ന എയര്‍ മാര്‍ഷല്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ ഫോട്ടൊ പതിച്ച പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് സര്‍വീസിലുള്ളവരെയും വിരമിച്ചവരെയും ഒരുപൊലെ പ്രകോപിതരാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനികരുടെ ഫോട്ടൊകളും മറ്റും ഉപയോഗിക്കുന്നതു വിലക്കണമെന്നു കാണിച്ചു നാവിക സേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍. രാംദാസ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.

ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സിറ്റിയില്‍ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അഭിനന്ദന്‍ വര്‍ധമാന്‍റെ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും ബലാകോട്ട് സൈനിക നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. ലോകത്തേക്കും വലിയ അച്ചടക്കവും രാജ്യസ്നേഹവും ജനാധിപത്യമൂല്യങ്ങളും പുലര്‍ത്തുന്നവരാണ് ഇന്ത്യന്‍ സേന. എത്ര ശക്തനായ ഭരണാധികാരി അധികാരത്തിലിരുന്നപ്പോഴും സൈന്യം രാഷ്‌ട്രീയത്തോടല്ല, രാഷ്‌ട്രത്തോടു മാത്രമാണു വിധേയത്വവും കൂറും പുലര്‍ത്തിയത്. വളരെ ദുര്‍ബലരായ ഭരണാധികാരികളും സര്‍ക്കാരും രാജ്യം ഭരിച്ചപ്പോഴും അതിര്‍ത്തിക്കു കാവലിരിക്കാനല്ലാതെ, ഭരണകൂടങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സൈന്യം മെനക്കെട്ടില്ല. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ തൊട്ടയല്‍ രാജ്യത്ത് ഇതിനകം പല തവണ സൈന്യം ഭരണം പിടിക്കുകയും ഭരണാധികാരികളെ ഇല്ലായ്മ ചെയ്യുകയും ചെയ്തപ്പോഴും ഇന്ത്യയുടെ രാജ്യസ്നേഹികളായ സൈനികര്‍ ത്രിവര്‍ണ പതാകയുടെ സംരക്ഷകരായി സമാധാനത്തിന്‍റെ കാവല്‍ തീര്‍ക്കുകയായിരുന്നു.

അതിര്‍ത്തി കടന്നുവരുന്ന ഭീകരതയെ തുരത്താന്‍ തോക്കെടുത്ത സൈന്യം ഒരിക്കല്‍പ്പോലും ആഭ്യന്തര ഭീകരവാദത്തിനെതിരേ പോലും ആയുധമെടുത്തിട്ടില്ല. മാവോയിസ്റ്റ് ഭീകരര്‍ ചില സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ അക്രമം അഴിച്ചു വിടുകയും സുരക്ഷാ സേനാംഗങ്ങളെപ്പോലും കൂട്ടക്കൊലയ്ക്കു വിധേയരാക്കുകയും ചെയ്തപ്പോള്‍, അവരെ നേരിടാന്‍ സൈന്യത്തിന്‍റെ സഹായം തേടിയ ഭരണാധികാരികളുണ്ട്. എന്നാല്‍, രാജ്യത്തിനുള്ളില്‍ ഉണ്ടാകുന്ന ഏത് സംഘട്ടനവും സംഘര്‍ഷവും നേരിടേണ്ട ചുമതല സൈന്യത്തിനില്ലെന്നും അത് സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും കടമയാണെന്നുമായിരുന്നു അന്നെല്ലാം സൈന്യം സ്വീകരിച്ച നിലപാട്. അതേ സമയം, വെള്ളപ്പൊക്കവും പേമാരിയും പ്രളയവും വേനലും വറുതിയും രോഗങ്ങളും പ്രകൃതി ക്ഷോഭങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ സുരക്ഷയുടെ ബലിഷ്ഠ കരങ്ങളുമായി ഓടിയെത്തുന്ന സൈന്യം വളരെ നിശബ്ദമായി തങ്ങളെ ഏല്പിച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുകയാണു പതിവ്.

രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും അങ്ങേയറ്റത്തെ കൂറും വിശ്വാസവും പുലര്‍ത്തുന്നു എന്നല്ലാതെ ആരുടെയും രാഷ്‌ട്രീയത്തില്‍ സൈന്യത്തിന് ഒരു താത്പര്യവുമില്ല. നൂറു ശതമാനം രാഷ്‌ട്രീയ മുക്തമാണു വീര സേന. ഓരോ സൈനികനും വ്യക്തിപരമായ രാഷ്‌ട്രീയം കണ്ടേക്കാം. രഹസ്യ ബാലറ്റിലൂടെ ഒരു സാധാരണ പൗരനെപ്പോലെ അവര്‍ അതു വിനിയോഗിക്കുകയും ചെയ്തേക്കാം. അതിനപ്പുറം സൈന്യത്തിനോ സൈനികര്‍ക്കോ രാഷ്‌ട്രീയ താത്പര്യങ്ങളൊന്നുമില്ല. പുല്‍വാമയിലും ബലാക്കോട്ടുമുണ്ടായ സൈനിക നടപടികള്‍ക്ക് ദേശീയ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. അഭിനന്ദന്‍ വര്‍ധമാന്‍ എന്ന വീര സൈനികന്‍ ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയുടെ പ്രതീകമല്ല. പതിനഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സൈനികരുടെ ധീരതയുടെ പ്രതിനിധിയാണ്. അദ്ദേഹത്തെപ്പോലുള്ള വീര സൈനികരുടെ സേവനങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ, വിരമിച്ച ഏതാനും സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാഷ്‌ട്രപതിക്കു നല്‍കിയതെന്നു പറയുന്ന കത്തും ഇപ്പോള്‍ വിവാദത്തിലാണ്. മുന്‍ കരസേനാ മേധാവി റിട്ടയേര്‍ഡ് ജനറല്‍ എസ്.എഫ്. റൊഡ്രിഗോ അടക്കമുള്ളവരുടെ പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിന്‍റെ ഉറവിടത്തെക്കുറിച്ചു വ്യക്തത ഇല്ലാത്തതാണു വലിയ വിവാദത്തിനു വഴി തുറന്നത്. ആ കത്തില്‍ താന്‍ ഒപ്പിടുകയോ, തന്‍റെ അനുവദാം ആരും വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് ജനറല്‍ റൊഡ്രിഗോയും മറ്റ് ചിലരും അവകാശപ്പെടുന്നത്. ഈ കത്തില്‍ പേരു വച്ചിട്ടുള്ള മറ്റു ചിലരും പങ്ക് നിഷേധിച്ചിട്ടുണ്ട്. സൈന്യത്തില്‍ നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ രേഖ ചമയ്ക്കുന്നതും സര്‍വസൈന്യാധിപനായ രാഷ്‌ട്രപതിയുടെ പേര് ദുരുപയോഗപ്പെടുത്തുന്നതും അങ്ങേയറ്റം നിരുത്തരവാദപരവും ശിക്ഷാര്‍ഹവുമാണ്. രാഷ്‌ട്രീയത്തിനും വിവാദങ്ങള്‍ക്കും അതീതമാണു വീരസൈനികരെന്ന് എല്ലാവരും തിരിച്ചറിയണം.

Tuesday, April 9, 2019

കേരള രാഷ്ട്രീയത്തിലെ അതികായകന് വിട

കേരള സംസ്ഥാന രാഷ്ട്രീയത്തില്‍ ചരിത്രമെഴുതി അര നൂറ്റാണ്ടിലധികം തിളങ്ങി നിന്ന നേതാവെന്ന ബഹുമതി കരസ്ഥമാക്കിയ കെ എം മാണി വിടവാങ്ങി. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് എക്കാലത്തും രാഷ്ട്രീയ കേരളത്തിന്റെ മുന്‍നിരയില്‍ തന്റെ സ്ഥാനം ഉറപ്പുവരുത്തിയ അപൂര്‍വ പ്രതിഭകളിലൊരാളായിരുന്നു കെ എം മാണി. അറുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള ഐക്യകേരളം എന്ന മാതൃഭൂമിയുടെ ഭരണസാരഥ്യത്തില്‍ 51 വര്‍ഷവും മൂന്നു മാസവും ഒന്‍പതു ദിവസവും പൂര്‍ത്തിയാക്കി ഇന്നലെ വിടപറഞ്ഞ കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ എം മാണി അത്തരക്കാരില്‍ അത്യപൂര്‍വമാണ്. കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തോളം അനുഭവജ്ഞാനവും പരിചയസമ്പത്തും ഭരണപാടവവുമുള്ള നേതാക്കള്‍ കുറയുമെന്നല്ല, ഇല്ലെന്നു തന്നെ പറയണം.

ഇ.എം.എസ്, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ ദിശയെ നിര്‍വചിക്കുകയും നയിക്കുകയും ചെയ്ത അതികായരുടെ കൂട്ടത്തില്‍ മാണിയുടെ പേരുമുണ്ട്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിയമസഭക്കകത്തും പുറത്തും ഇവര്‍ നടത്തിയ ഇടപെടലുകള്‍ക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. ആ അര്‍ഥത്തില്‍ മാണിയുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ സ്മരണകളുടെ അവസാനം കൂടിയാണ്. ആദരാഞ്ജലികള്‍.

ഒരു നിയോജക മണ്ഡലത്തെ മാത്രം ആയുഷ്കാലം പ്രതിനിധീകരിച്ചു എന്നു മാണിക്ക് അവകാശപ്പെടാം. എന്നാല്‍ തങ്ങളുടെ സ്വന്തം മാണി സാര്‍ ജീവിച്ചിരുന്ന കാലത്തോളം, അദ്ദേഹത്തെയല്ലാതെ വേറൊരാളെയും തങ്ങള്‍ നിയമസഭയിലേക്ക് അയച്ചില്ലെന്ന പാലാക്കാരുടെ അവകാശവാദത്തിനാണു കൂടുതല്‍ ബലം. അത്രമാത്രം ഇഴപിരിയാത്ത ആത്മബന്ധമായിരുന്നു മാണിയും പാലായും തമ്മിലുണ്ടായിരുന്നത്. ഇരുകൂട്ടരുടെയും ഈ വിടവാങ്ങല്‍ രണ്ടു കൂട്ടര്‍ക്കും താങ്ങാന്‍ കഴിയുന്നതല്ലതാനും. 1965ല്‍ പാലാ നിയമസഭ മണ്ഡലം പിറവിയെടുത്തതു മുതല്‍ അവിടെ ഒരൊറ്റ എം.എല്‍.എയേ ഉണ്ടായിട്ടുള്ളൂ - മാണി. അങ്ങനെയാണ് അദ്ദേഹം പാലായുടെ മാണിക്യമായത്.

ഒരു സാധാരണ രാഷ്‌ട്രീയ നേതാവോ, ജനപ്രതിനിധിയോ, മന്ത്രിയോ ആയിരുന്നില്ല കെ.എം. മാണി. രാഷ്‌ട്രീയ മിത്രങ്ങളെപ്പോലെ, ശത്രുക്കള്‍ക്കും പ്രാപ്യനായ നേതാവായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിലെ ഔന്നത്യം കീഴടക്കുമ്പോഴും അദ്ദേഹം സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്നു. റവന്യു മന്ത്രിയായിരിക്കെ, മലയോര മേഖലയെ ഇളക്കിമറിച്ച് പട്ടയ മേളയിലൂടെ അദ്ദേഹം കൈയടി നേടി. ഏറ്റവും കൂടുതല്‍ മലയോര കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കിയ റവന്യൂ മന്ത്രിയാണ് മാണി. കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം കര്‍ഷകർക്കും പെൻഷന്‍, ചെറുകിട കച്ചവടക്കാര്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്കുവരെ ക്ഷേമനിധി മുതലായവ മാണിയുടെ സംഭാവനയായിരുന്നു. കേസും ഫീസുമില്ലാതെ കോടതികളില്‍ വന്നുപോകുന്ന ആയിരക്കണക്കിന് അഭിഭാഷകര്‍ക്ക് വാര്‍ധക്യകാലത്ത് മാന്യമായ പെന്‍ഷന്‍ ലഭ്യമാക്കുന്ന അഭിഭാഷക ക്ഷേമനിധിയും മാണിയുടെ ക്രഡിറ്റില്‍ ചേര്‍ക്കാവുന്നതാണ്.

ഒട്ടേറെ ഭരണ നേട്ടങ്ങള്‍ൾ അവകാശപ്പെടുമ്പോഴും കെ.എം. മാണിയെന്ന മനുഷ്യ സ്നേഹി, പൊതുസമൂഹത്തില്‍ ഇന്നും, ഇനിയെന്നും ഓര്‍മിക്കപ്പെടുന്നത് കാരുണ്യ ബനവലന്‍റ് പദ്ധതി എന്ന ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയാകും. പതിനായിരക്കണക്കിനു പാവപ്പെട്ട രോഗികള്‍ക്ക് ഇതു നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല.

കാരുണ്യ പദ്ധതി മാത്രമല്ല, കേരള സംസ്ഥാന ലോട്ടറി എന്ന കാമധേനുവിനെ കേരളത്തിന്‍റെ വികസന പന്ഥാവിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ കഴിഞ്ഞതും നേട്ടമായി. മദ്യവില്പന കഴിഞ്ഞാല്‍ സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ നികുതി വരുമാന സ്രോതസാണ് ഇപ്പോള്‍ ഭാഗ്യക്കുറി. പതിനായിരക്കണക്കിനു രൂപ കേരളത്തില്‍ നിന്നു കൊള്ളയടിച്ചിരുന്ന ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിക്കുന്നതിനും അദ്ദേഹം വലിയ പങ്ക് വഹിച്ചു. കഷ്ടിച്ച് ഒരു വര്‍ഷക്കാലം മാത്രം വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹത്തിന്‍റെ കാലത്താണു വെളിച്ച വിപ്ലവം എന്ന പേരില്‍ സാര്‍വത്രിക വൈദ്യുതീകരണത്തിനു തുടക്കം കുറിച്ചത്.

പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രണേതാവ് എന്ന നിലയില്‍ അഴിമതിയുടെ ചളിക്കുണ്ടില്‍ കൈപുരളുകയെന്നത് മാണിയെ സംബന്ധിച്ച് അനിവാര്യത തന്നെയായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ അതും സംഭവിച്ചു. അവസാനമായി അവതരിപ്പിച്ച ബജറ്റ് പ്രസംഗം സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍, അതുവരെ നേടിയെടുത്ത റെക്കോഡുകളൊക്കെയും ഒരു നിമിഷമെങ്കിലും അപ്രസക്തമായതുപോലെ തോന്നി. അപ്പോഴും ജനാധിപത്യത്തിന്റെ സ്പിരിറ്റില്‍ രാഷ്ട്രീയ സൗഹാര്‍ദം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചത് കാണാതിരുന്നുകൂടാ. ആ സൗഹൃദമാണ് ഇടഞ്ഞുനിന്ന പി.ജെ. ജോസഫിനെപ്പോലും അനുനയത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും വീണ്ടുമൊരു പിളര്‍പ്പ് ഒഴിവാക്കാനും സാധിച്ചത്. ഇരുമുന്നണികള്‍ക്കും മാണിസാര്‍ ഒരുപോലെ സ്വീകാര്യനാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.

12 മന്ത്രിസഭകളിലായി 24 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹത്തിന്‍റെ കൈയൊപ്പ് പതിയാത്ത മേഖലകളില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങളെ മറക്കുന്ന പല ജനപ്രതിനിധികള്‍ക്കും കെ.എം. മാണി അത്ഭുതം തന്നെയാണ്. ജനങ്ങളും ജനപ്രതിനിധിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ പ്രതീകമാണ് പാലായും കെ.എം. മാണിയും. മരണം വരെ ഈ വിശ്വാസ്യത കാത്തു സൂക്ഷിച്ചാണു മാണി വിട പറയുന്നത്.