Tuesday, May 9, 2017

ജനാധിപത്യത്തിലെ നാലാം തൂണിന്റെ ആണിക്കല്ല് ഇളകുന്നുവോ?

ലജിസ്ലേച്ചര്‍, എക്സിക്യൂട്ടിവ്, പ്രസ് എന്നിങ്ങനെ ജനാധിപത്യത്തിന്‍റെ മൂന്നു നെടുംതൂണുകള്‍ക്കും പൊതുജനങ്ങള്‍ക്കും തെറ്റു പറ്റുമ്പോള്‍, തിരുത്താനും തിരുത്തിക്കാനുമുള്ള അവസാനത്തെ ആയുധമാണു ജുഡീഷ്യറി. അതിശക്തവും പരമ പവിത്രവുമാണ് ഇന്ത്യയുടെ ജുഡീഷ്യറി. ഇന്ത്യ ഒരു മതേതര ജനാധിപത്യ റിപ്പബ്ലിക് പരമാധികാര രാഷ്‌ട്രമായതോടെ, മഹാനായ ഡോ. അംബേദ്കറുടെ നേതൃത്വത്തില്‍ തയാറാക്കിയ ഭരണഘടനയാണു ജുഡീഷ്യറിയുടെ ആണിക്കല്ല്. ലോകത്തെ ഒട്ടുമിക്ക രാജ്യങ്ങളുടെയും ഭരണഘടന അംബേദ്കറുടെ നേതൃത്വത്തിലുള്ള സമിതി ആഴത്തില്‍ പഠിച്ചിരുന്നു. അതിന്‍റെ നല്ലതും ചീത്തയും പരിശോധിച്ച് ഏറ്റവും അനുയോജ്യമെന്നു കരുതിയ നിയമങ്ങളാണ് ഇന്ത്യയുടെ ഭരണഘടനാ ശില്‍പ്പികള്‍ കടം കൊണ്ടത്. അതുകൊണ്ടു തന്നെ, ലോകത്തെ ഏറ്റവും മികച്ച ഭരണഘടനകളില്‍ ഒന്നാണു ഇന്ത്യയുടേതെന്നും കരുതപ്പെടുന്നു.

ഭരണഘടനയില്‍ ഉള്‍പ്പെട്ടിട്ടുള്ളതും അതില്‍ കാലാകാലങ്ങളായി നിയമനിര്‍മാണ സഭകള്‍ വരുത്തുന്ന ഭേദഗതികളും അടിസ്ഥാനമാക്കിയുള്ള വിധിന്യായങ്ങള്‍ പുറപ്പെടുവിക്കുകയാണ് ന്യായാസനങ്ങളുടെ കടമ. നിലവിലുള്ള നിയമം സംരക്ഷിക്കുക, നിഷേധിക്കപ്പെടുന്ന നീതി നടപ്പാക്കുക എന്നീ ധര്‍മങ്ങളാണു കോടതികള്‍ പൊതുവേ നിര്‍വഹിക്കുന്നത്. നിയമങ്ങളെ വ്യാഖ്യാനിക്കാന്‍ കോടതികള്‍ക്ക് അധികാരമുണ്ടെങ്കിലും പുതിയ നിയമങ്ങള്‍ നിര്‍മിക്കാന്‍ ഒരു കോടതിക്കും കഴിയില്ല. സാധാരണ മജിസ്ട്രേട്ട് കോടതി മുതല്‍ പരമോന്നത നീതിപീഠമായ സുപ്രീം കോടതി വരെ നീളുന്ന അതിസമ്പന്നമായ ജുഡീഷ്യല്‍ നെറ്റ്‌വര്‍ക്ക് ഇന്ത്യക്കുണ്ട്.

സാധാരണക്കാര്‍, ജനപ്രതിനിധികള്‍, ഉദ്യോഗസ്ഥ പ്രമുഖര്‍, മന്ത്രിമാര്‍, പ്രധാനമന്ത്രിമാര്‍ തുടങ്ങി സമൂഹത്തിന്‍റെ നാനാ മുഖങ്ങളില്‍പ്പെട്ടവരെല്ലാം പല അവസരങ്ങളില്‍ കോടതികളുടെ പരാമര്‍ശങ്ങള്‍ക്കും ചിലപ്പോഴെല്ലാം കോടതിവിധികള്‍ക്കും ഇരകളായിട്ടുണ്ട്. കേരളത്തിലെ സമുദ്രതീരത്ത് ഏതാനും മത്സ്യത്തൊഴിലാളികളെ വെടിവച്ചു കൊലപ്പെടുത്തിയ കേസില്‍ മൂന്ന് ഇറ്റാലിയന്‍ മറീനുകളെ സുപ്രീം കോടതി നിര്‍ത്തിപ്പൊരിച്ചു. അന്താരാഷ്‌ട്ര കോടതികളും ഉന്നതതലത്തിലുള്ള നയതന്ത്ര ഇടപെടലുകളും വന്നിട്ടുപോലും കോടതിയുടെ നിരീക്ഷണങ്ങള്‍ക്കും നിര്‍ദേശങ്ങള്‍ക്കും നടപടികള്‍ക്കും മാത്രമായിരുന്നു പ്രസക്തി. അത്ര ശക്തവും കര്‍ക്കശവുമായതിനാലാണ് ഇന്ത്യയുടെ നീതിന്യായ വ്യവസ്ഥയെ ജനം അംഗീകരിക്കുന്നതും ആദരിക്കുന്നതും.

മുകളില്‍പ്പറഞ്ഞ എല്ലാവരും നിയമത്തിന്‍റെ പരിധിയില്‍ വരുമ്പോള്‍, ഇന്ത്യയിലെ ഒരു ന്യായാധിപന്‍ നിയമങ്ങള്‍ കാറ്റില്‍പ്പറത്തുകയും വിചിത്രമായ വിധിന്യായങ്ങള്‍ പറഞ്ഞ് ഭരണകൂടത്തെയും കോടതികളെയും വട്ടം കറക്കുകയും ചെയ്ത സംഭവ വികാസങ്ങളാണ് കോല്‍ക്കത്ത ഹൈക്കോടതി ചീഫ് ജസ്റ്റിസ് സി.എസ്. കര്‍ണന്‍ കാട്ടിക്കൂട്ടിയത്. അദ്ദേഹത്തിനു മാനസിക വൈകല്യമുണ്ടെന്നായിരുന്നു ഒരു ഘട്ടത്തില്‍ സുപ്രീം കോടതിയുടെ നിരീക്ഷണം. കോടതി നിയോഗിച്ച മെഡിക്കല്‍ സംഘത്തിനു മുന്നില്‍ ഹാജരാകാതിരുന്ന ജസ്റ്റിസ് കര്‍ണന്‍ തനിക്ക് ഒരു തകരാറുമില്ലെന്ന് സുപ്രീം കോടതിയെ ധരിപ്പിക്കുകയായിരുന്നു. മാനസിക പ്രശ്നങ്ങള്‍ ഇല്ലാത്തയാള്‍ ചെയ്യുന്നതെല്ലാം ഉത്തമ വിശ്വാസത്തോടെയായിരിക്കണം. അതുകൊണ്ടു തന്നെ, ജസ്റ്റിസ് കര്‍ണനെതിരേ സുപ്രീം കോടതി സ്വീകരിച്ച നടപടികളെ അദ്ദേഹം സ്വമേധയാ ഉള്‍ക്കൊള്ളേണ്ടതായിരുന്നു. അതു ചെയ്യാതെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് അടക്കം ഏതാനും ജഡ്ജിമാരെ തുറുങ്കിലടയ്ക്കാനുള്ള സമാന്തര വിധി, ഒരു സാധാരണ സംഭവമായി കാണാന്‍ കഴിയില്ല.

ജസ്റ്റിസ് കര്‍ണന്‍റെ വിധി സുപ്രീം കോടതിയിലെ ജസ്റ്റിസ്മാര്‍ക്കെതിരേ ആയതുകൊണ്ടുമാത്രമാണ് നടപ്പിലാക്കാന്‍ കഴിയാതെ പോയത്. ഏതെങ്കിലും സാധാരണക്കാരനോ, ഉദ്യോഗസ്ഥനോ, ജനപ്രതിനിധിക്കോ മന്ത്രിക്കു പോലുമോ എതിരായിരുന്നെങ്കില്‍ എന്താകുമായിരുന്നു അവസ്ഥ. ഏതെങ്കിലും ജസ്റ്റിസിന്‍റെ മനോനില അളക്കാനോ ചോദ്യം ചെയ്യാനോ, അദ്ദേഹം പുറപ്പെടുവിക്കുന്ന വിധി നടപ്പാക്കാന്‍ ചുമതലപ്പെട്ട ഉദ്യോഗസ്ഥന് അധികമാരമില്ല. ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസ് പുറപ്പെടുവിക്കുന്ന ഉത്തരവ് പരിശോധിക്കാനുള്ള അധികാരം സുപ്രീം കോടതിക്കു മാത്രമാണ്. അങ്ങനെ ഒരു പരിശോധന നടത്തുന്നതിനു തന്നെ മാസങ്ങളോ വര്‍ഷങ്ങളോ എടുത്തേക്കാം. അതുവരെ ശിക്ഷിക്കപ്പെട്ടയാള്‍ ശിക്ഷ അനുഭവിക്കുക തന്നെ വേണം. ആ‍യിരം അപരാധികള്‍ വിട്ടയയ്ക്കപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നു ഭരണഘടന നല്‍കുന്ന ഉറപ്പ് ഇത്തരം ജഡ്ജിമാരുടെയും അവര്‍ നടത്തുന്ന വിധിന്യായങ്ങളുടെയും അടിസ്ഥാനത്തില്‍ എങ്ങനെ പാലിക്കപ്പെടും?

വിധിന്യായങ്ങള്‍ വിമര്‍ശിക്കാനും ചോദ്യം ചെയ്യാനും പൗരന് അവകാശമുണ്ട്. എന്നാല്‍ വിധി പറഞ്ഞ ജഡ്ജിയെ വിമര്‍ശിക്കുന്നതു കോടതിയലക്ഷ്യമാണ്. ജസ്റ്റിസ് കര്‍ണന്‍ ഇനി പുറപ്പെടുവിക്കുന്ന വിധ്യന്യായങ്ങള്‍ പ്രസിദ്ധപ്പെടുത്തുന്നതില്‍ നിന്നു മാധ്യമങ്ങളെ സുപ്രീം കോടതി വിലക്കിയിട്ടുണ്ട്. ഭരണഘടനയോടു കൂറു പുലര്‍ത്താത്തവരും നീതി നിഷേധിക്കുന്നവരുമായ ജഡ്ജിമാരെ ഇംപീച്ച് ചെയ്യാനും നിയമമുള്ള രാജ്യത്ത് ജസ്റ്റിസ് കർണന്‍റെ കാര്യത്തില്‍ എന്തിനാണിത്ര കാലതാമസം എന്നതും പരിഗണിക്കപ്പെടണം. എന്നാല്‍ ഇതുവരെ പുറപ്പെടുവിച്ച വിധികളോ? കേരളത്തിലെ ഹൈക്കോടതിയിലും വിവിധ കോടതികളിലും നടക്കുന്ന കോടതി നടപടികള്‍ റിപ്പോര്‍ട്ട് ചെയ്യാന്‍ മാധ്യമങ്ങളെ അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ വിധി വന്നിട്ടു മാസങ്ങളായി. പക്ഷേ, ഇപ്പോഴും മാധ്യമങ്ങളെ കോടതിയില്‍ പ്രവേശിക്കാന്‍ അഭിഭാഷകര്‍ സമ്മതിക്കുന്നില്ല. കോടതികളെ മാനിക്കാന്‍ അതിന്‍റെ തന്നെ ഭാഗങ്ങളായ ന്യായാധിപനും അഭിഭാഷകനുമൊന്നും തയാറാകുന്നില്ലെങ്കില്‍, നമ്മുടെ ജുഡീഷ്യറിയുടെ വിശ്വാസ്യത മാത്രമല്ല, കെട്ടുറപ്പിനെയും വല്ലാതെ ബാധിക്കും.