Friday, September 29, 2017

വിരിയട്ടേ സൗഹൃദപ്പൂക്കള്‍

ഷാർജ ഭരണാധികാരി ഡോ. ഷെയ്ഖ് സുൽത്താൻ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം ഒരു ചരിത്ര നാഴികക്കല്ലായിത്തീര്‍ന്നിരിക്കുകയാണ്. ഒരു വിദേശ രാഷ്ട്രത്തലവനെന്നതിലുപരി അദ്ദേഹത്തിന്റെ വരവ് ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. കേരളത്തില്‍ നിന്നു തെരഞ്ഞെടുക്കപ്പെട്ട ഒരു ജനപ്രതിനിധിക്കു നല്‍കുന്ന സ്നേഹവും കരുതലുമാണ് മലയാളികള്‍ അദ്ദേഹത്തിനുവേണ്ടി ഒരുക്കിയിരുന്നത്. പല മതങ്ങളിലും ജാതിയിലും രാഷ്ട്രീയത്തിലും ഭിന്ന സംസ്കാരങ്ങളിലും വളര്‍ന്ന മുപ്പതു ലക്ഷത്തോളം ഇന്ത്യക്കാര്‍ക്ക് ജീവനോപാധി നല്‍കുന്ന ഒരു രാജ്യത്തിന്‍റെ സാരഥി എന്ന നിലയിലാണ് കേരളീയര്‍ ഷാര്‍ജ ഭരണാധികാരിയെ കാണുന്നതും ആദരിക്കുന്നതും.

ഏഴ് എമിറേറ്റുകളായി ഭിന്നിച്ചു നിന്ന ഒരു ഭൂപ്രദേശം, നാല്‍പ്പത്താറു വര്‍ഷം മുന്‍പാണ് യുനൈറ്റഡ് അറബ് എമിറേറ്റ്സ് എന്ന പേരില്‍ ഐക്യപ്പെട്ടത്. അതിലെ ശക്തമായ സാന്നിധ്യമാണ് ഷാര്‍ജ. യുഎഇ എന്ന രാജ്യത്തിന്‍റെ സാസ്കാരിക തലസ്ഥാനം. യുഎഇയിലെ പുരാതനവും വൈവിധ്യമാര്‍ന്നതുമായ എമിറേറ്റാണത്. നൂറ്റാണ്ടുകള്‍ക്കു മുന്‍പു തന്നെ പേര്‍ഷ്യന്‍ ഗള്‍ഫിലെ ഈ മേഖലയുമായി കേരളത്തിനു വാണിജ്യ ബന്ധങ്ങളുണ്ട്. ഐക്യ യുഎഇ രൂപപ്പെട്ടശേഷം, ആ രാജ്യത്തിന്‍റെ ഇന്നു കാണുന്ന പ്രൗഢിയുടെയും സമൃദ്ധിയുടെയും പിന്നില്‍ ലക്ഷക്കണക്കിനു മലയാളികളുടെ വിയര്‍പ്പുണ്ട്. മണലാരണ്യത്തില്‍ നിന്ന് ഇന്നത്തെ യുഎഇയെ പടുത്തുയര്‍ത്തിയതിന്‍റെ പ്രതിഫലമാണ് ഓരോ വര്‍ഷവും അവിടെനിന്ന് മലയാളികള്‍ കേരളത്തിലേക്ക് അയയ്ക്കുന്ന ഏതാണ്ട് ഒരു ലക്ഷത്തോളം കോടി രൂപ.

എന്നാല്‍, ഗള്‍ഫ് മേഖലയിലെ തൊഴില്‍ സാധ്യതകള്‍ മങ്ങുന്നു എന്ന ആശങ്കയിലാണ് മലയാളികള്‍. പ്രാദേശിക തൊഴില്‍വാദവും താരതമ്യേന കുറഞ്ഞ വേതനവും, കുറയുന്ന തൊഴിലവസരങ്ങളും സാമ്പത്തിക മാന്ദ്യവുമൊക്കെ ചേര്‍ന്ന് പഴയ പ്രതാപം നഷ്ടപ്പെട്ട അവസ്ഥയിലാണ് ഗള്‍ഫ് മലയാളികള്‍. അവര്‍ക്കും ഷാര്‍ജയിലെ തദ്ദേശവാസികള്‍ക്കും വളരെക്കൂടുതല്‍ പ്രയോജനം ചെയ്തേക്കാവുന്ന നിരവധി പദ്ധതികളും നിര്‍ദേശങ്ങളുമാണ് കേരളത്തിലെത്തിയ അല്‍ ഖാസിമിക്കു മുന്നില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ നേതൃത്വത്തിലുള്ള സംസ്ഥാന ഭരണകൂടം മുന്നോട്ടു വച്ചത്.

യുഎഇയില്‍ മലയാളികള്‍ ഏറ്റവും കൂടുതല്‍ താമസിക്കുന്നതു ഷാര്‍ജയിലാണ്. മറ്റ് എമിറേറ്റുകളില്‍ ജോലി ചെയ്യുന്നവര്‍ പോലും ഏറെ ദൂരം സഞ്ചരിച്ച് ഷാര്‍ജയിലെത്തി രാത്രി തങ്ങുന്നതു സുരക്ഷിതത്വം മാത്രം നോക്കിയല്ല. താരതമ്യേന കുറഞ്ഞ നിരക്കില്‍ താമസ സൗകര്യം ലഭിക്കുമെന്നതാണു മുഖ്യകാരണം. ഈ സാധ്യത മുന്‍നിര്‍ത്തി, ഷാര്‍ജയില്‍ പ്രാദേശിക ഭരണകൂടത്തിന്‍റെ സഹകരണത്തോടെ ഷാര്‍ജ ഫാമിലി സിറ്റി എന്ന പേരില്‍ വലിയ പാര്‍പ്പിട സമുച്ചയമാണു കേരളം മുന്നോട്ടു വയ്ക്കുന്ന വലിയ പദ്ധതി. പത്ത് ഏക്കര്‍ സ്ഥലത്ത് ഉയരം കൂടിയ പത്ത് അപ്പാര്‍ട്ട്മെന്‍റുകളും കേരളം വിഭാവന ചെയ്യുന്നു. ഇതു സാധ്യമായാല്‍, ഡോര്‍മെട്രികളിലും സുരക്ഷിതമല്ലാത്ത വെളിസ്ഥലങ്ങളിലുമൊക്കെ അന്തിയുറങ്ങുന്ന ആയിരക്കണക്കിനു മലയാളികള്‍ക്കു പ്രയോജനം ചെയ്യും.

ചികിത്സച്ചെലവാണ് ഗള്‍ഫില്‍ താങ്ങാന്‍ കഴിയാത്ത മറ്റൊരിനം. അല്‍പ്പവരുമാനക്കാരായ മലയാളികള്‍ ചെറിയ രോഗങ്ങള്‍ക്കു പോലും നാട്ടിലേക്കു വരേണ്ട അവസ്ഥയുണ്ട്. ഷാര്‍ജ ഫാമിലി സിറ്റി ആസ്ഥാനമായി മികച്ച ആശുപത്രികള്‍ സ്ഥാപിച്ച് കേരളത്തില്‍ നിന്നുള്ള വിദഗ്ധ ഡോക്റ്റര്‍മാരെയും ജീവനക്കാരെയും എത്തിച്ചു കുറഞ്ഞ ചെലവില്‍ ചികിത്സ സാധ്യമാക്കുന്ന പദ്ധതിയും ഷാര്‍ജ ഭരണാധികാരിക്കു മുന്നില്‍ കേരളം സമര്‍പ്പിച്ചിട്ടുണ്ട്. ഷാര്‍ജയില്‍ത്തന്നെ അന്താരാഷ്ട്ര നിലവാരത്തിലുള്ള ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്ന മെഡിക്കല്‍, എന്‍ജിനീയറിംഗ് കോളെജുകളും സ്റ്റാര്‍ട്ടപ്പുകളും തുടങ്ങാനും ആലോചിക്കുന്നു.

അടിസ്ഥാന സൗകര്യ വികസനത്തില്‍ അടുത്ത നാലു വര്‍ഷം കൊണ്ട് അമ്പതിനായിരം കോടി രൂപയുടെ നിക്ഷേപമാണു ലക്ഷ്യം വയ്ക്കുന്നത്. കേരളത്തിന്‍റെയും ഷാര്‍ജയുടെയും സംയുക്ത സംരംഭമായി വേറെയും ചില പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നുണ്ട്. ഷാര്‍ജ ഭരണാധികാരിയുടെ അനുവാദവും പ്രവാസി മലയാളികളുടെ സഹകരണവും സംസ്ഥാന സര്‍ക്കാരിന്‍റെ പിന്തുണയുമുണ്ടെങ്കില്‍, ഗള്‍ഫ് സാമ്പത്തിക മേഖലയിലെ പ്രതിസന്ധികളെല്ലാം വലിയ അളവില്‍ അതിജീവിക്കാന്‍ കഴിയും. ഷാര്‍ജ ഭരണാധികാരി ഡോ. ഷെയ്ഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമിയുടെ കേരള സന്ദര്‍ശനം അതിനുള്ള ഉത്പ്രേരകമാവട്ടെ എന്ന് ആശിക്കാം.

Monday, September 25, 2017

വടി കൊടുത്ത് അടി വാങ്ങി നാണം കെടുന്ന പാക്കിസ്ഥാന്‍

ഇന്ത്യക്കെതിരേ അടിക്കാന്‍ കിട്ടുന്ന ഒരു വടിയും പാക്കിസ്ഥാന്‍ പാഴാക്കാറില്ല. പക്ഷേ, അവര്‍ വെട്ടുന്ന വടിയുടെ അടി വാങ്ങുന്നതും അവര്‍ തന്നെ. അതിന്‍റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ഐക്യരാഷ്ട്ര സഭയുടെ ജനറല്‍ അസംബ്ലിയില്‍ പാക് പ്രതിനിധി മലീഹ ലോധിക്കു പറ്റിയ വിഡ്ഢിത്തം.

കശ്മീരിലെ മുസ്‌ലിംകള്‍ ഇന്ത്യന്‍ സേനയുടെ പീഡനത്തിനും ആക്രമണത്തിനും ഇരയാകുന്നു എന്നായിരുന്നു ലോധിയുടെ പ്രധാന ആരോപണം. ഇന്ത്യക്കെതിരേ മാത്രമല്ല, ലോകത്തിനു മൊത്തത്തില്‍ത്തന്നെ ഭീഷണി ഉയര്‍ത്തുന്ന ഭീകര സംഘടനകളെ വളര്‍ത്തുന്ന ഭീകരസ്ഥാനാണു പാക്കിസ്ഥാന്‍ എന്ന ഇന്ത്യന്‍ വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ആരോപണത്തിനു മറുപടി പറയുകയായിരുന്നു, പാക് നയതന്ത്ര പ്രതിനിധി. തന്‍റെ ആരോപണത്തിനു മൂര്‍ച്ച കൂട്ടാന്‍ കശ്മീരില്‍ സൈന്യത്തിന്‍റെ ഷെല്ലാക്രമണത്തില്‍ മുഖം തകര്‍ന്ന ഒരു യുവതിയുടെ ചിത്രവും അവര്‍ ഉയര്‍ത്തിക്കാട്ടി.

കശ്മീരിലെ നിരപരാധികളായ മുസ്‌ലിംകളെ ഇന്ത്യന്‍ സേന വേട്ടയാടുകയാണെന്നും ഇന്ത്യയുടെ നടപടി അപലപിക്കണമെന്നുമായിരുന്നു ലോധിയുടെ ആവശ്യം. എന്നാല്‍, ഇന്ത്യക്കെതിരേ അവര്‍ ആയുധമാക്കിയ ചിത്രം, 2014ല്‍ ഗാസയില്‍ ഭീകരര്‍ വര്‍ഷിച്ച ഷെല്ലു പതിച്ചു മുഖം നഷ്ടപ്പെട്ടു പോയ ഒരു പെണ്‍കുട്ടിയുടേതായിരുന്നു. ഇന്ത്യക്കെതിരേ ലോധി ഉയര്‍ത്തിക്കാണിച്ച ഈ ചിത്രം ഇപ്പോള്‍ ആഗോള മാധ്യമങ്ങള്‍ പാക്കിസ്ഥാന്‍റെ കള്ളത്തരങ്ങള്‍ക്കുള്ള തെളിവായി ആഘോഷിക്കുകയാണ്.

ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നത് ഈ സംസ്ഥാനത്തെ ജനങ്ങളാണ്. പാക്കിസ്ഥാനില്‍ നിന്നടക്കം വലിയ തോതില്‍ ഭീഷണി ഉയര്‍ന്നിട്ടും കശ്മീര്‍ നിയമസഭയിലേക്കും പാര്‍ലമെന്‍റിലേക്കും നടക്കുന്ന ഓരോ തെരഞ്ഞെടുപ്പിലും ചിട്ടയോടെ ക്യൂ പാലിച്ചു നിന്നാണ് കശ്മീരികള്‍ വോട്ട് രേഖപ്പെടുത്തുന്നത്. പാക്കിസ്ഥാനിലെപ്പോലെ പട്ടാളഭരണകൂടങ്ങളല്ല, ജനാധിപത്യപരമായി തെരഞ്ഞെടുക്കപ്പെടുന്ന സര്‍ക്കാരുകള്‍ക്കു കീഴിലാണു കശ്മീരികള്‍ ജീവിക്കുന്നത്.

ആഗോളതലത്തില്‍ത്തന്നെ ഭീഷണിയായ ഭീകരര്‍ക്ക് ആളും അര്‍ഥവും നല്‍കി, കശ്മീരിലേക്കു കടത്തിവിട്ട് ജനജീവിതം അട്ടിമറിക്കുന്ന പാക്കിസ്ഥാന്‍റെ ചെയ്തികളെ ബാലറ്റിലൂടെയാണു കശ്മീരികള്‍ ചെറുക്കുന്നത്. അവരുടെ മധ്യസ്ഥത ചമഞ്ഞ് ഇന്ത്യയുടെ സമാധാനം കെടുത്തുന്ന പാക്കിസ്ഥാന്‍റെ യഥാര്‍ഥ ചിത്രമാണ് സുഷമ സ്വരാജ് ഐക്യരാഷ്ട്ര സഭയില്‍ ചൂണ്ടിക്കാട്ടിയത്. അതിനു മറുപടി പറയാന്‍ വ്യാജ ചിത്രവുമായി വന്ന പാക് പ്രതിനിധി സ്വയം നാണം കെടുകയായിരുന്നു.

പാക്കിസ്ഥാന്‍ ഭീകരസംഘടനകള്‍ക്കു വളം വയ്ക്കുകയാണെന്ന വാദം ഇന്ത്യയുടേതു മാത്രമല്ല. പാക്കിസ്ഥാനു സൈനിക സഹായം വരെ നല്‍കിയിരുന്ന യുഎസ് അടക്കം സുഹൃത്തുക്കള്‍ എങ്ങനെയാണു നഷ്ടപ്പെട്ടതെന്ന് ലോധി ആലോചിക്കണം. ഒട്ടും സുരക്ഷിതമല്ലാത്ത കൈകളിലാണ് പാക്കിസ്ഥാന്‍റെ ആണവ പരീക്ഷണം എന്നായിരുന്നു യുഎസ് മുന്‍ സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്‍റന്‍ പറഞ്ഞത്. പാക്കിസ്ഥാന്‍ ഭീകര സംഘടനകള്‍ക്ക് അഭയമൊരുക്കുന്നു എന്നും പാക്കിസ്ഥാനു നല്‍കിവരുന്ന എല്ലാ സഹായങ്ങളും റദ്ദാക്കുന്നു എന്നും പറഞ്ഞത് ഇപ്പോഴത്തെ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപും.

പാക്കിസ്ഥാന്‍റെ ഇന്ത്യാ വിരുദ്ധ നിലപാടുകള്‍ക്ക് അല്‍പ്പമെങ്കിലും പിന്തുണ നല്‍കുന്നതു ചൈന മാത്രമാണ്. അതും ചൈനയുടെ താത്കാലികാവശ്യങ്ങള്‍ക്കു വേണ്ടി. അതെല്ലാം മറന്ന് അന്ധമായ ഇന്ത്യാവിരുദ്ധ നിലപാടുകളുമായി ഇനിയും പാക്കിസ്ഥാന്‍ മുന്നോട്ടുവന്നാല്‍ സ്വയം നാണംകെടുകയേ ഉള്ളൂ. അതാണിപ്പോള്‍ യുഎന്നില്‍ കണ്ടതും.

Wednesday, September 20, 2017

പി.സി. ജോര്‍ജിന്റെ വിടുവായത്തരം അവസാനിപ്പിക്കണം

പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്. ഔദ്യോഗിക സന്ദര്‍ശനമല്ല, തികച്ചും വ്യക്തിപരവും നാട്ടുകാരേയും സുഹൃത്തുക്കളേയുമൊക്കെ സന്ദര്‍ശിക്കാനായിരിക്കും അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഹ്യൂസ്റ്റണില്‍ നാശം വിതച്ച ഹാര്‍‌വി ചുഴലിക്കാറ്റ് അവസാനിക്കാറായപ്പോഴാണ് അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം എന്നത് തികച്ചും യാദൃശ്ചികമാകാം. ഫ്ലോറിഡയിലെ ഇര്‍മ ചുഴലിക്കാറ്റും അദ്ദേഹത്തിന്റെ വരവോടെ ആരംഭിക്കുകയും ചെയ്തു.

കേരളത്തിലായിരുന്നപ്പോള്‍ ദിലീപ് വിഷയത്തില്‍ പി.സി. ജോര്‍ജിന്റെ നിലപാട് മാധ്യമങ്ങളില്‍കൂടി നാം നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ എന്തുകൊണ്ടാണ് പി.സി. ജോര്‍ജ് സം‌യമനം പാലിക്കാത്തതെന്ന് എന്നെപ്പോലെ പലരും ചിന്തിച്ചിട്ടുണ്ടാകാം. പിന്നെ കേരളമല്ലേ, അവിടത്തെ സാഹചര്യമായിരിക്കാം അദ്ദേഹത്തെക്കൊണ്ട് അത് പറയിപ്പിക്കുന്നത് എന്നൊക്കെ ചിന്തിച്ച് സ്വയം സമാധാനിച്ചു. പക്ഷെ അമേരിക്കയില്‍ എത്തിയിട്ടും അദ്ദേഹത്തിന്റെ ആ നിലപാടില്‍ യാതൊരു മാറ്റവും കാണാതിരുന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇത് അഹങ്കാരമോ ധാര്‍ഷ്ട്യമോ ആണ്.

അമേരിക്കയില്‍ നടത്തിയ പത്രസമ്മേളനങ്ങളിലും ആമുഖങ്ങളിലുമൊക്കെ പി.സി. ജോര്‍ജ് കേരള പോലീസിനേയും നീതിന്യായ വ്യവസ്ഥിതിയേയും വെല്ലുവിളിക്കുകയായിരുന്നു. ദിലീപിനാല്‍ ആക്രമിക്കപ്പെട്ട നടിയെ നിശിതമായി വിമര്‍ശിക്കുകയും ദിലീപിനെ പുണ്യവാളനായി ചിത്രീകരിക്കാനും പി.സി. ജോര്‍ജ് കാണിക്കുന്ന വ്യഗ്രത എന്തുകൊണ്ടാണെന്ന് ഇന്നുവരെ ആരും ചോദിച്ചിട്ടുമില്ല, അദ്ദേഹം പറഞ്ഞിട്ടുമില്ല. അമേരിക്കയിലെ പത്രപ്രവര്‍ത്തകരാകട്ടേ പി.സി. ജോര്‍ജ് പറയുന്നത് വായും പൊളിച്ചിരുന്ന് കേട്ട് അത് പത്രങ്ങളില്‍ ഛര്‍ദ്ദിച്ചു വെച്ചു.

കേരളത്തില്‍ വെച്ച് പി.സി. ജോര്‍ജ്ജ് നിരന്തരം പറഞ്ഞിരുന്നത് നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞുവെന്നാണ്. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുത്, സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ എന്നൊക്കെയാണ് ജോര്‍ജിന്റെ ചോദ്യം. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ അതിര് ലംഘിച്ചപ്പോഴാണ് നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അതോടെ ജോര്‍ജിന്റെ ആവേശം ആളിക്കത്തുകയും നിലപാട് കടുപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്. പക്ഷെ വനിതാ കമ്മീഷനേയും അധിക്ഷേപിക്കാനാണ് ജോര്‍ജ് തുനിഞ്ഞത്.

യോഗ്യത ഇല്ലാത്തവരാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നതെന്നും, പല തവണ തോറ്റവരെയല്ല കമ്മീഷന്റെ തലപ്പത്ത് ഇരുത്തേണ്ടതെന്നും, തനിക്കെതിരെ ഒരു കുന്തവും ചെയ്യാന്‍ കഴിയില്ലെന്നുമാണ് ജോര്‍ജ് പിന്നീട് പറഞ്ഞത്. "നടി പരാതി നല്‍കിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ എന്തിനാണ് പരാതി നല്‍കുന്നത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് എനിക്കറിയില്ല. എനിക്ക് അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണ്. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നത്. ഇരയെ അറിഞ്ഞുകഴിഞ്ഞാല്‍ നടിയെക്കുറിച്ച് ഞാന്‍ പറയാം. ഡല്‍ഹിയിലെ നിര്‍ഭയ എന്ന പെണ്‍‌കുട്ടിയെ പീഡിപ്പിച്ചതിനേക്കാള്‍ അതിക്രൂരമായാണ് നടിയെ പീഡിപ്പിച്ചതെങ്കില്‍ പിന്നെ എങ്ങനെ അവര്‍ പിറ്റേ ദിവസം അഭിനയിക്കാന്‍ പോയി. സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതി" എന്ന ജോര്‍ജിന്റെ പ്രസ്താവന കേട്ടാല്‍ ജോര്‍ജിന് മാനസികമായി എന്തോ തകരാറുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. നിര്‍ഭയയെക്കാള്‍ ക്രൂരമായി നടിയെ പീഡിപ്പിച്ചെന്ന് ആരും പറഞ്ഞിട്ടില്ല. അത് ജോര്‍ജിന്റെ ഭാവനാ സൃഷ്ടിയാണ്. തന്നെയുമല്ല, ഇന്നുവരെ ഈ നടിയെ ജോര്‍ജ് സന്ദര്‍ശിക്കുകയോ ആശ്വാസവാക്കുകള്‍ പറയുകയോ ചെയ്തിട്ടില്ല. നടിയെ അറിയില്ല, കേട്ടിട്ടില്ല എന്നൊക്കെ പറയുന്നത് ഒരുതരം സാഡിസമാണ്.

നടിക്കെതിരെ ജോര്‍ജ് നടത്തുന്ന നിരന്തരമായ പരാമര്‍ശങ്ങള്‍ സ്പീക്കറുടെ രൂക്ഷ വിമര്‍ശനത്തിനിടയായതാണ്. "വിടുവായത്തം സകല അതിരും കടന്നിരിക്കുകയാണെന്നും സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പലാണ് പിസി ജോര്‍ജ് ഇപ്പോള്‍ ചെയ്യുന്നതെന്നും, മുഖത്ത് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‌വഴക്കമുണ്ട് ആരും അത് മറക്കരുത്' എന്നാണ് സ്പീക്കര്‍ പറഞ്ഞത്.

ഏതൊരു പൗരനെയും പോലെ പി.സി. ജോര്‍ജിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അദ്ദേഹം ഒരു ജനപ്രതിനിധിയായ നിലക്ക് നിയന്ത്രണങ്ങളുമുണ്ട്. പോലീസിനേയും, നീതിന്യായ കോടതിയേയും, ഭരണവ്യവസ്ഥയേയും വെല്ലുവിളിക്കുന്നവര്‍ ജനപ്രതിനിധിയല്ല. പൂഞ്ഞാറിലെ 90 ശതമാനം സ്ത്രീകളും ജോര്‍ജിനാണ് വോട്ടു ചെയ്തതെന്ന പ്രസ്താവന അമേരിക്കയിലെ ഒരു പത്ര സമ്മേളനത്തില്‍ അദ്ദേഹം നടത്തിയിരുന്നു. പൂഞ്ഞാറില്‍ നിന്ന് വോട്ടു നേടി വിജയിച്ചെങ്കിലും അദ്ദേഹം കേരളത്തിലെ മൊത്തം ജനങ്ങളുടെ പ്രതിനിധിയാണെന്ന ബോധമില്ലാതെയാണോ ഈ വെളിപ്പെടുത്തല്‍? അമേരിക്കയിലിരുന്ന് പിണറായി വിജയന് ദിലീപിന്റെ വിഷയത്തില്‍ പരാതിയയച്ചു എന്നൊക്കെ ഒരു ഇന്റര്‍‌വ്യൂവില്‍ പറഞ്ഞതായി കേട്ടു. എന്നാല്‍, അമേരിക്കയിലെ പത്രപ്രവര്‍ത്തകര്‍ തിരിച്ചൊരു ചോദ്യം ചോദിക്കാനോ, ജോര്‍ജിനെ പറഞ്ഞു മനസ്സിലാക്കാനോ ശ്രമിച്ചതായി കണ്ടില്ല. ഓണാഘോഷവും, സ്വീകരണച്ചടങ്ങുകളും പൊന്നാടയണിയിക്കലും, അവാര്‍ഡ് ദാനവുമൊക്കെയായി സംഘടനകള്‍ ജോര്‍ജിനെ പൊക്കിക്കൊണ്ടു നടന്നു.

ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ജോര്‍ജിന്റെ കൈയ്യിലുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്നതല്ലാതെ എന്ത് തെളിവുകളാണ് കൈയ്യിലുള്ളതെന്ന് പറയുന്നില്ല. തന്നെയുമല്ല, അങ്ങനെ തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ട് അവ കോടതിയില്‍ ഹാജരാക്കി ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നില്ല? 'ഞാനൊരു ഒറ്റയാനാണെന്ന്' എല്ലാവരേയും ബോധ്യപ്പെടുത്താനാണോ അതോ 'എന്നെത്തൊട്ടാല്‍ വിവരമറിയും' എന്നറിയിക്കാനാണോ ഈ നമ്പറുകളിറക്കുന്നതെന്ന് സംശയമുണ്ട്. ഇത്തരം സ്വഭാവ വൈകൃതമുള്ളവര്‍ ജനപ്രതിനിധികളാകുമ്പോഴാണ് കേരളത്തില്‍ ഗുണ്ടായിസവും അക്രമവും സ്ത്രീകള്‍ക്കു നേരെയുള്ള ആഭാസത്തരങ്ങളും വര്‍ദ്ധിക്കുന്നത്. കാരണം ആര് എന്ത് ക്രൂരത കാണിച്ചാലും പി.സി. ജോര്‍ജിനെപ്പോലെയുള്ള ജനപ്രതിനിധികള്‍ അവരുടെ രക്ഷകരാകുമല്ലോ.

ദിലീപിന് എന്തുകൊണ്ടാണ് നാലാം തവണയും ജാമ്യം നിഷേധിക്കുന്നതെന്ന് ജനം സംശയിക്കുന്നത് സ്വാഭാവികമാണ്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ആദ്യത്തേയോ രണ്ടാമത്തേയോ പ്രാവശ്യം ജാമ്യം കിട്ടിയേനെ എന്നൊക്കെ സമൂഹത്തില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സഹതാപ വാക്കുകളെ കുരുക്കിട്ട് പിടിച്ചുകെട്ടിയിരിക്കുകയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി.  പി.സി. ജോര്‍ജിനെപ്പോലെയോ സാധാരണ ജനങ്ങളെപ്പോലെയുള്ളവരോ അല്ലല്ലോ അന്വേഷണ സംഘവും മജിസ്‌ട്രേറ്റും ജഡ്ജിയുമൊക്കെ. ദിലീപിനെ ജയിലില്‍ തന്നെ പൂട്ടിയിടണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധവുമില്ല. ശക്തമായ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിയെ അന്വേഷണ സംഘം ഏല്പിച്ചു കഴിഞ്ഞു. സാധാരണ തുറന്ന കോടതിയില്‍ വാദം കേള്‍ക്കേണ്ടതിനു പകരം അടച്ചിട്ട കോടതിയിലാണ് ഈ കേസ് കേള്‍ക്കുന്നത്. അതിന്റെ കാരണം പലതാണ്. ഇതെല്ലാം അറിയാത്ത വ്യക്തിയാണ് പി.സി. ജോര്‍ജ് എന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. അന്വേഷണ സംഘത്തിന് സാവകാശം നല്‍കാന്‍ തക്കതായ കുറ്റം തന്നെയാണ് ദിലീപിനെതിരെയുള്ളതെന്ന്‌ കോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാലാം തവണയും ജാമ്യാപേക്ഷ തള്ളിയത്. അപ്പോള്‍ പി.സി. ജോര്‍ജിനെപ്പോലെയുള്ളവര്‍ കോടതിയുടെ ഉത്തരവിനെ മാനിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ദിലീപിന് നീതി നിഷേധിക്കപ്പെടുകയാണെന്ന പ്രസ്താവനകളിറക്കുകയല്ല വേണ്ടത്. തന്നെയുമല്ല, കൈയ്യിലുള്ള തെളിവുകള്‍ ജോര്‍ജ് കോടതിയില്‍ ഹാജരാക്കി ദിലീപിന് നീതി ലഭ്യമാക്കണം. അതല്ലാതെ ആള് കളിയ്ക്കാന്‍ വിടുവായത്തം പറയുകയല്ല.

ദിലീപിനെതിരെ അന്വേഷണ സംഘത്തിന്റെ പക്കല്‍ മതിയായ തെളിവില്ലെന്ന വാദവും ഇവിടെ അപ്രസക്തമാണ്. ദിലീപിന് നീതി നിഷേധിക്കപ്പെടുന്നുവെന്ന് പി.സി. ജോര്‍ജിനെപ്പോലെയുള്ള ജനപ്രതിനിധികളടക്കമുള്ളവര്‍ പറയുമ്പോള്‍ കേസ് ഡയറി വായിച്ച കോടതികള്‍ പ്രോസിക്യൂഷന്റെ തെളിവുകള്‍ നിസ്സാരമല്ലെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.

ദിലീപ് ഒരു സെലിബ്രിറ്റിയാണ്, ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എപ്പോഴേ ജാമ്യം കിട്ടിയേനെയെന്നും സഹതാപ തരംഗം ഒഴുക്കുന്നവര്‍ വാദിക്കുന്നു. ദിലീപ് ഒരു സെലിബ്രിറ്റിയാണെന്നത് തന്നെയാണ് പ്രശ്‌നം. ജയിലില്‍ കഴിയുമ്പോള്‍ തന്നെ അദ്ദേഹത്തിന് ആളുകളെ സ്വാധീനിക്കാനും തനിക്ക് അനുകൂലമായി സഹതാപ തരംഗം ഒഴുക്കാനും കഴിയുന്നുണ്ടെങ്കില്‍ അതിനെ ഗൗരവമായി കണക്കാക്കേണ്ടതാണ്. ഈ കേസില്‍ ആക്രമിക്കപ്പെട്ട വ്യക്തിയും കുറ്റം നടപ്പാക്കിയ ആളുകളും അതിന് ഗൂഢാലോചന നടത്തിയവരും സാക്ഷികളും എല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണ് ദിലീപിനെ കാണുവാനായി ജയിലില്‍ വന്നും പോയുമിരിക്കുന്നത്. കൂടാതെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെല്ലാം സഹതാപതരംഗത്തില്‍ പങ്കുചേരുന്നു. ഇത്രമാത്രം സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് തവണ ഹൈക്കോടതി വ്യക്തമാക്കി. തുടരെത്തുടരെയുള്ള ജാമ്യാപേക്ഷകള്‍ തള്ളി കീഴ്‌ക്കോടതികളും ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നു. ജാമ്യാപേക്ഷ തള്ളിയതുകൊണ്ട് കുറ്റാരോപിതന് നീതി നിഷേധിക്കപ്പെടുന്നുവെന്ന വാദം ശരിയല്ല.

പി.സി. ജോര്‍ജ് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി മാത്രമല്ല എത്തിക്സ് കമ്മീഷന്‍ അംഗവുമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എത്തിക്സ് കമ്മീഷന്‍ അഥവാ ധാര്‍മ്മിക ന്യായസഭയിലെ അംഗമെന്ന നിലയ്ക്ക് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് ജോര്‍ജ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള വ്യക്തികളെ ഈ കമ്മീഷനില്‍ വെച്ചുകൊണ്ടിരിക്കുന്നതും ധാര്‍മ്മികമല്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

Thursday, September 14, 2017

മരണമുഖത്തുനിന്ന് ജീവിത വെളിച്ചത്തിലേക്ക്

തോക്കിന്‍‌മുനയുടെ ഭീഷണികള്‍ നേരിട്ട് മരണമുഖത്തുനിന്ന് ജീവിത വെളിച്ചത്തിലേക്കുള്ള ആ പലായനം. ഒന്നും രണ്ടുമല്ല; ഒരു വര്‍ഷം, ആറു മാസം, എട്ടു ദിവസങ്ങള്‍. കോട്ടയം ജില്ലയിലെ രാമപുരം സ്വദേശിയായ കത്തോലിക്കാ വൈദികന്‍ ഫാ. ടോം ഉഴുന്നാലിലിന്‍റെ ജീവിതത്തിലെ പ്രക്ഷുബ്ധമായ ഈ ഒരേട് ആരിലും നടുക്കം ജനിപ്പിക്കും. കഴിഞ്ഞ ഒന്നര വര്‍ഷക്കാലം രാപകലുകളല്ലാതെ തനിക്കു ചുറ്റും സംഭവിച്ചതൊന്നും അദ്ദേഹം അറിഞ്ഞില്ല. യെമനിലെ ഭീകര താവളത്തില്‍ ബന്ദിയാക്കി, ജീവനു വില നിശ്ചയിക്കപ്പെട്ട ഇരയാണെന്നു മാത്രം അദ്ദേഹം മനസിലാക്കി. ജീവന്‍ തിരികെ തരണമെന്നു സാധ്യമായ എല്ലാ സമയത്തും എല്ലാവരോടും അഭ്യര്‍ഥിച്ചു. അതിനായി അകമഴിഞ്ഞു പ്രാര്‍ഥിച്ചു. അദ്ദേഹത്തോടൊപ്പം ഇന്ത്യ ഒന്നടങ്കമുണ്ടായിരുന്നു. കേന്ദ്ര- സംസ്ഥാന ഭരണകൂടങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍, മതാചാര്യന്മാര്‍, മനുഷ്യാവകാശ പ്രവര്‍ത്തകര്‍, മാധ്യമങ്ങള്‍… പിന്നെ അദ്ദേഹത്തെ മിഷനറി ദൗത്യം ഏല്‍പ്പിച്ചു കൊടുത്ത കത്തോലിക്കാ സഭാ നേതൃത്വവും. എല്ലാവരുടെയും ഒറ്റയ്ക്കും കൂട്ടായുമുള്ള അക്ഷീണ പരിശ്രമത്തിന്‍റെ ഫലമാണ് ഫാ. ടോം ഉഴുന്നാലിലിന്‍റെ മോചനം. അതിനുവേണ്ടി പരിശ്രമിച്ച എല്ലാവരും കൃതജ്ഞതയും ആദരവും അര്‍ഹിക്കുന്നു. പ്രത്യേകിച്ച് വൈദികന്‍റെ മോചനത്തിനു മധ്യസ്ഥ ശ്രമം നടത്തിയ ഒമാന്‍ ഭരണകൂടവും സുല്‍ത്താന്‍ ക്വാബൂസ് ബിന്‍ സയീദ് അല്‍ സയീദും.

ഫാ. ടോമിന്‍റെ മോചനവുമായി ബന്ധപ്പെട്ട് ചില വിവാദ പരാമര്‍ശങ്ങളും പ്രചരിക്കുന്നുണ്ട്. ഒന്ന്: മോചന ദ്രവ്യമായി ഭീകരര്‍ക്ക് വന്‍തുക നല്‍കേണ്ടി വന്നു. രണ്ട്: മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമല്ല, വത്തിക്കാന്‍റെ ഇടപെടലാണ്. യെമനില്‍ വൈദികനെ തട്ടിയെടുത്ത ഭീകര സംഘത്തിന് ഒരു കോടി ഡോളര്‍ പ്രതിഫലം നല്‍കിയെന്ന വാര്‍ത്ത ഇന്ത്യ തുടക്കത്തിലേ നിഷേധിച്ചു. ഈ ഇനത്തില്‍ പണമൊന്നും നല്‍കിയിട്ടില്ലെന്നു വിദേശകാര്യ സഹമന്ത്രി വി.കെ. സിംഗ് വാർത്താസമ്മേളനം വിളിച്ചു രാജ്യത്തെ അറിയിച്ചു. വത്തിക്കാന്‍റെ അഭ്യര്‍ഥന മാനിച്ചാണ് വൈദികന്‍റെ മോചനത്തിന് ഇടപെട്ടതെന്ന് ഒമാന്‍ ഭരണകൂടം വെളിപ്പെടുത്തിയിട്ടുണ്ട്. സഭ ഏല്‍പ്പിച്ച ദൗത്യം നിര്‍വഹിക്കാന്‍ പോയ വൈദികന്‍റെ മോചനത്തിനായി പ്രയത്നിച്ച എല്ലാവര്‍ക്കും നന്ദി എന്നാണ് ഇതു സംബന്ധിച്ച വത്തിക്കാന്‍റെ പ്രതികരണം. വൈദികന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമല്ല എന്ന് ആരെങ്കിലും പറഞ്ഞാല്‍ അംഗീകരിക്കാന്‍ ബുദ്ധിമുട്ടുണ്ട്. കാരണം, ഏതു സാഹചര്യത്തിലും വിദേശത്ത് അപകടത്തില്‍പ്പെടുന്ന ഇന്ത്യക്കാരുടെ മോചനത്തിന് എല്ലാ പഴുതും ഉപയോഗിക്കുന്ന ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയ മികവ് സുവദിതമാണ്. പ്രത്യേകിച്ചും വിദേശകാര്യ മന്ത്രി സുഷമ സ്വരാജിന്‍റെ ഓഫിസ്.

2014-ല്‍ ഇറാഖില്‍ അകപ്പെട്ടുപോയ 46 മലയാളി നഴ്സുമാരുടെ മോചനം മാത്രം മതി, ഈ കാര്യക്ഷമതയ്ക്കു മാറ്റു കൂട്ടാന്‍. ഐഎസ് ഭീകരരുടെ പിടിയില്‍പ്പെട്ടുപോയ ഇവരുടെ ജീവനെക്കാള്‍ വില നിശ്ചയിക്കപ്പെട്ടത് അവരുടെ അഭിമാനത്തിനായിരുന്നു. പിടിയിലായ നഴ്സുമാരെ മാംസക്കച്ചവടത്തിനു വിട്ടുകൊടുക്കാനുള്ള തീവ്രവാദികളുടെ നീക്കത്തിനു തടയിട്ടത് പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്, പ്രധാനമന്ത്രിയുടെ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവരാണ്. അന്താരാഷ്ട്ര മാധ്യമങ്ങളും ചില വിദേശ രാജ്യങ്ങളും അന്ന് ഇന്ത്യയുടെ നീക്കങ്ങളെ പ്രശംസിച്ചു. ഇറാഖില്‍ ഇന്ത്യയ്ക്കു സ്വാധീനിക്കാന്‍ കഴിയുന്ന ഭരണകൂടവും ബാഗ്ദാദില്‍ ഇന്ത്യയുടെ നയതന്ത്ര കാര്യാലയവുമുണ്ടായതുകൊണ്ടാണ് അതു സാധ്യമായത്.എന്നാല്‍ ഫാ. ടോം ഉഴുന്നാലില്‍ ബന്ദിയാക്കപ്പെട്ട യെമനിലെ സ്ഥിതി അതല്ല. അവിടെ പരമാധികാരമുള്ള ഒരു ഭരണകൂടമില്ല. വിവിധ തീവ്രവാദ വിഭാഗങ്ങള്‍ പല ഭാഗങ്ങളുടെയും നിയന്ത്രണം ഏറ്റെടുത്തിരിക്കയാണ്. വടക്കു പടിഞ്ഞാറ് ഹൗതി ഷിയാ വിമതർ, തെക്ക് വിഘടന വാദികളായ ഗോത്ര വര്‍ഗക്കാര്‍, കിഴക്ക് ഐഎസ് ആഭിമുഖ്യമുള്ള തീവ്ര മുസ്‌ലിം വിഭാഗക്കാര്‍. ഇവരില്‍ അവസാനത്തെ വിഭാഗത്തിന്‍റെ പിടിയിലായിരുന്നു ഫാ. ഉഴുന്നാലില്‍. ഇക്കൂട്ടര്‍ക്കു മേല്‍ ഗള്‍ഫ് മേഖലയിലെ രാജ്യങ്ങള്‍ക്കു പോലും നിയന്ത്രണമില്ല.

അവിടുത്തെ സാഹചര്യങ്ങള്‍ നന്നായി അറിയാവുന്നത് ഒമാനിലെ സുല്‍ത്താനേറ്റിനു മാത്രമാണ്. ഫാ. ഉഴുന്നാലില്‍ പിടിയിലാകുന്നതിനു മുന്‍പ് ഒരു ഓസ്ട്രേലിയന്‍ കായിക പരിശീലകനെ ഭീകരര്‍ റാഞ്ചി. ഓസ്ട്രേലിയന്‍ ഭരണകൂടത്തിന്‍റെ ആവശ്യപ്രകാരം ഒമാന്‍ ഇടപെട്ട് അദ്ദേഹത്തെ മോചിപ്പിച്ചു. ഈ മുന്‍വിധിയാകാം, ഫാ. ഉഴുന്നാലിലിന്‍റെ മോചനത്തിനും ഒമാന്‍ സുല്‍ത്താനേറ്റിന്‍റെ സഹായം തേടാന്‍ എല്ലാവരെയും പ്രേരിപ്പിച്ചത്. അദ്ദേഹം അപകടത്തില്‍പ്പെട്ട വാര്‍ത്തയറിഞ്ഞ് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ സാധ്യമായ എല്ലാ ഇടപെടലുകളും നടത്തി. കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഒഫ് ഇന്ത്യ അധ്യക്ഷന്‍ കര്‍ദിനാള്‍ ബസേലിയോസ് മാര്‍ ക്ലീമിസ്, സീറോ മലബാര്‍ മേജര്‍ ആര്‍ച്ച് ബിഷപ് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ മാര്‍ ജോസഫ് ചിന്നയ്യ തുടങ്ങിയവര്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി, വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് എന്നിവരുമായി നിരന്തരം സമ്പര്‍ക്കപ്പെട്ടു. ഒപ്പം വത്തിക്കാനില്‍ ഫ്രാന്‍സിസ് മാര്‍പാപ്പയുടെ സഹായവും തേടി.

ഒന്നിലേറെത്തവണ വിഷയം പാര്‍ലമെന്‍റില്‍ ചര്‍ച്ചയ്ക്കു വന്നു. നിരവധി തവണ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയും വിദേശ ഇടപെടലുകള്‍ക്കു വേണ്ടി സമ്മര്‍ദ്ദം ചെലുത്തി. ഒരു വ്യക്തിയുടെ മോചനത്തിനുവേണ്ടി ഇത്ര ശക്തമായ സമ്മര്‍ദം പാര്‍ലമെന്‍റിലോ പുറത്തോ നയതന്ത്രതലത്തില്‍ അപൂര്‍വമാണ്. എന്നിട്ടും ഫാ. ഉഴുന്നാലിലിന്‍റെ മോചനം ഇന്ത്യയുടെ നയതന്ത്ര വിജയമല്ല എന്നു വാദിക്കുന്നവര്‍ കഥയറിയാതെ ആട്ടം കാണുന്നവരാണ്.

ലോകത്തിന്‍റെ ഏതു കോണിലുമുള്ള ഏത് ഇന്ത്യന്‍ പൗരനും സുരക്ഷിതനാണെന്ന് ഉറപ്പു വരുത്തേണ്ട പ്രതിബദ്ധത ഇന്ത്യന്‍ ഭരണകൂടങ്ങള്‍ക്കുണ്ട്. ഫാ. ഉഴുന്നാലിലിന്‍റെ കാര്യത്തിലും അത് അങ്ങനെ തന്നെ. അദ്ദേഹത്തെ സുരക്ഷിതനായി ജീവിതത്തിലേക്കു മടക്കിക്കൊണ്ടുവരുന്നതില്‍ വത്തിക്കാന്‍റെ ഇടപെടലും അഭിനന്ദനം അര്‍ഹിക്കുന്നു. പ്രാര്‍ഥനാ ശുശ്രൂഷകളടക്കം, സാധ്യമായ എല്ലാ പരിശ്രമങ്ങളും സഭാ സമൂഹത്തില്‍ നിന്നുണ്ടായത് വൈദികനു കൂടുതല്‍ കരുത്തു പകര്‍ന്നേക്കാം. ഏതായാലും വത്തിക്കാനില്‍ സുരക്ഷിതനായി കഴിയുന്ന അദ്ദേഹത്തിന്‍റെ കേരളത്തിലേക്കുള്ള മടക്കയാത്രയ്ക്കു കാത്തിരിക്കാം. വിവാദങ്ങളില്ലാതെ, പ്രാര്‍ഥനയും ആശ്വാസവും പകരുന്ന പ്രശാന്തിയിലേക്ക് അദ്ദേഹത്തെ സ്വാഗതം ചെയ്യാം.