Wednesday, September 20, 2017

പി.സി. ജോര്‍ജിന്റെ വിടുവായത്തരം അവസാനിപ്പിക്കണം

പൂഞ്ഞാര്‍ എം.എല്‍.എ പി.സി. ജോര്‍ജ് ഇപ്പോള്‍ അമേരിക്കന്‍ പര്യടനത്തിലാണ്. ഔദ്യോഗിക സന്ദര്‍ശനമല്ല, തികച്ചും വ്യക്തിപരവും നാട്ടുകാരേയും സുഹൃത്തുക്കളേയുമൊക്കെ സന്ദര്‍ശിക്കാനായിരിക്കും അദ്ദേഹം ഇവിടെ എത്തിയിരിക്കുന്നത്. ഹ്യൂസ്റ്റണില്‍ നാശം വിതച്ച ഹാര്‍‌വി ചുഴലിക്കാറ്റ് അവസാനിക്കാറായപ്പോഴാണ് അദ്ദേഹത്തിന്റെ അമേരിക്കന്‍ സന്ദര്‍ശനം എന്നത് തികച്ചും യാദൃശ്ചികമാകാം. ഫ്ലോറിഡയിലെ ഇര്‍മ ചുഴലിക്കാറ്റും അദ്ദേഹത്തിന്റെ വരവോടെ ആരംഭിക്കുകയും ചെയ്തു.

കേരളത്തിലായിരുന്നപ്പോള്‍ ദിലീപ് വിഷയത്തില്‍ പി.സി. ജോര്‍ജിന്റെ നിലപാട് മാധ്യമങ്ങളില്‍കൂടി നാം നിത്യേന കാണുകയും കേള്‍ക്കുകയും ചെയ്തതാണ്. ഒരു ജനപ്രതിനിധിയെന്ന നിലയില്‍ എന്തുകൊണ്ടാണ് പി.സി. ജോര്‍ജ് സം‌യമനം പാലിക്കാത്തതെന്ന് എന്നെപ്പോലെ പലരും ചിന്തിച്ചിട്ടുണ്ടാകാം. പിന്നെ കേരളമല്ലേ, അവിടത്തെ സാഹചര്യമായിരിക്കാം അദ്ദേഹത്തെക്കൊണ്ട് അത് പറയിപ്പിക്കുന്നത് എന്നൊക്കെ ചിന്തിച്ച് സ്വയം സമാധാനിച്ചു. പക്ഷെ അമേരിക്കയില്‍ എത്തിയിട്ടും അദ്ദേഹത്തിന്റെ ആ നിലപാടില്‍ യാതൊരു മാറ്റവും കാണാതിരുന്നപ്പോള്‍ ഒരു കാര്യം മനസ്സിലായി. ഇത് അഹങ്കാരമോ ധാര്‍ഷ്ട്യമോ ആണ്.

അമേരിക്കയില്‍ നടത്തിയ പത്രസമ്മേളനങ്ങളിലും ആമുഖങ്ങളിലുമൊക്കെ പി.സി. ജോര്‍ജ് കേരള പോലീസിനേയും നീതിന്യായ വ്യവസ്ഥിതിയേയും വെല്ലുവിളിക്കുകയായിരുന്നു. ദിലീപിനാല്‍ ആക്രമിക്കപ്പെട്ട നടിയെ നിശിതമായി വിമര്‍ശിക്കുകയും ദിലീപിനെ പുണ്യവാളനായി ചിത്രീകരിക്കാനും പി.സി. ജോര്‍ജ് കാണിക്കുന്ന വ്യഗ്രത എന്തുകൊണ്ടാണെന്ന് ഇന്നുവരെ ആരും ചോദിച്ചിട്ടുമില്ല, അദ്ദേഹം പറഞ്ഞിട്ടുമില്ല. അമേരിക്കയിലെ പത്രപ്രവര്‍ത്തകരാകട്ടേ പി.സി. ജോര്‍ജ് പറയുന്നത് വായും പൊളിച്ചിരുന്ന് കേട്ട് അത് പത്രങ്ങളില്‍ ഛര്‍ദ്ദിച്ചു വെച്ചു.

കേരളത്തില്‍ വെച്ച് പി.സി. ജോര്‍ജ്ജ് നിരന്തരം പറഞ്ഞിരുന്നത് നടിയുടെ പരാതിയോടെ ദിലീപ് നിരപരാധിയാണെന്ന് തെളിഞ്ഞുവെന്നാണ്. പള്‍സര്‍ സുനി പറയുന്നത് വിശ്വസിക്കരുത്, സുനി പിണറായിയുടെ പേര് പറഞ്ഞാല്‍ അറസ്റ്റ് ചെയ്യുമോ എന്നൊക്കെയാണ് ജോര്‍ജിന്റെ ചോദ്യം. കടിഞ്ഞാണില്ലാത്ത കുതിരയെപ്പോലെ പി.സി. ജോര്‍ജിന്റെ പ്രസ്താവനകള്‍ അതിര് ലംഘിച്ചപ്പോഴാണ് നടി മുഖ്യമന്ത്രിക്ക് പരാതി നല്‍കിയത്. അതോടെ ജോര്‍ജിന്റെ ആവേശം ആളിക്കത്തുകയും നിലപാട് കടുപ്പിക്കുകയും ചെയ്തു. അങ്ങനെയാണ് വനിതാ കമ്മീഷന്‍ ഇടപെട്ടത്. പക്ഷെ വനിതാ കമ്മീഷനേയും അധിക്ഷേപിക്കാനാണ് ജോര്‍ജ് തുനിഞ്ഞത്.

യോഗ്യത ഇല്ലാത്തവരാണ് വനിതാ കമ്മീഷന്റെ തലപ്പത്ത് ഇരിക്കുന്നതെന്നും, പല തവണ തോറ്റവരെയല്ല കമ്മീഷന്റെ തലപ്പത്ത് ഇരുത്തേണ്ടതെന്നും, തനിക്കെതിരെ ഒരു കുന്തവും ചെയ്യാന്‍ കഴിയില്ലെന്നുമാണ് ജോര്‍ജ് പിന്നീട് പറഞ്ഞത്. "നടി പരാതി നല്‍കിയ സ്ഥിതിക്ക് ദിലീപ് നിരപരാധിയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. അല്ലെങ്കില്‍ എന്തിനാണ് പരാതി നല്‍കുന്നത്. ആക്രമണത്തിന് ഇരയാക്കപ്പെട്ട നടി ആരെന്ന് എനിക്കറിയില്ല. എനിക്ക് അറിയാവുന്നത് പൊലീസ് പറഞ്ഞ ഇരയെ മാത്രമാണ്. നടി ആരെന്ന് അറിയാതെ നടിയെപ്പറ്റി ആക്ഷേപമുന്നയിക്കുന്നത് എങ്ങനെയാണ്. ഏതെങ്കിലുമൊരു നടി പരാതി നല്‍കിയെന്നു പറഞ്ഞ് അവരെങ്ങനെയാണ് ഇരയാകുന്നത്. ഇരയെ അറിഞ്ഞുകഴിഞ്ഞാല്‍ നടിയെക്കുറിച്ച് ഞാന്‍ പറയാം. ഡല്‍ഹിയിലെ നിര്‍ഭയ എന്ന പെണ്‍‌കുട്ടിയെ പീഡിപ്പിച്ചതിനേക്കാള്‍ അതിക്രൂരമായാണ് നടിയെ പീഡിപ്പിച്ചതെങ്കില്‍ പിന്നെ എങ്ങനെ അവര്‍ പിറ്റേ ദിവസം അഭിനയിക്കാന്‍ പോയി. സിനിമ മേഖലയിലുള്ളവരെ ആരെയെങ്കിലും ഈ പറയുന്നവര്‍ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അവരെ കസ്റ്റഡിയിലെടുത്ത് പരമാവധി ശിക്ഷ നല്‍കണമെന്നാണ് തന്റെ ആഗ്രഹം. പക്ഷേ ഒരു നിരപരാധിയെ കുറ്റവാളിയാക്കിയെന്നു പറഞ്ഞതിന് എന്നെ ആക്രമിച്ചു നാടുകടത്താമെന്നു വച്ചാല്‍ അതങ്ങു മനസില്‍ വച്ചാല്‍ മതി" എന്ന ജോര്‍ജിന്റെ പ്രസ്താവന കേട്ടാല്‍ ജോര്‍ജിന് മാനസികമായി എന്തോ തകരാറുണ്ടെന്ന് ആര്‍ക്കെങ്കിലും തോന്നിയാല്‍ അത്ഭുതപ്പെടാനില്ല. നിര്‍ഭയയെക്കാള്‍ ക്രൂരമായി നടിയെ പീഡിപ്പിച്ചെന്ന് ആരും പറഞ്ഞിട്ടില്ല. അത് ജോര്‍ജിന്റെ ഭാവനാ സൃഷ്ടിയാണ്. തന്നെയുമല്ല, ഇന്നുവരെ ഈ നടിയെ ജോര്‍ജ് സന്ദര്‍ശിക്കുകയോ ആശ്വാസവാക്കുകള്‍ പറയുകയോ ചെയ്തിട്ടില്ല. നടിയെ അറിയില്ല, കേട്ടിട്ടില്ല എന്നൊക്കെ പറയുന്നത് ഒരുതരം സാഡിസമാണ്.

നടിക്കെതിരെ ജോര്‍ജ് നടത്തുന്ന നിരന്തരമായ പരാമര്‍ശങ്ങള്‍ സ്പീക്കറുടെ രൂക്ഷ വിമര്‍ശനത്തിനിടയായതാണ്. "വിടുവായത്തം സകല അതിരും കടന്നിരിക്കുകയാണെന്നും സാംസ്‌കാരിക കേരളത്തിന്റെ മുഖത്ത് കാര്‍ക്കിച്ചു തുപ്പലാണ് പിസി ജോര്‍ജ് ഇപ്പോള്‍ ചെയ്യുന്നതെന്നും, മുഖത്ത് തുപ്പുന്നവരോട് എങ്ങനെ പ്രതികരിക്കണമെന്ന് കീഴ്‌വഴക്കമുണ്ട് ആരും അത് മറക്കരുത്' എന്നാണ് സ്പീക്കര്‍ പറഞ്ഞത്.

ഏതൊരു പൗരനെയും പോലെ പി.സി. ജോര്‍ജിനും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്. പക്ഷെ, അദ്ദേഹം ഒരു ജനപ്രതിനിധിയായ നിലക്ക് നിയന്ത്രണങ്ങളുമുണ്ട്. പോലീസിനേയും, നീതിന്യായ കോടതിയേയും, ഭരണവ്യവസ്ഥയേയും വെല്ലുവിളിക്കുന്നവര്‍ ജനപ്രതിനിധിയല്ല. പൂഞ്ഞാറിലെ 90 ശതമാനം സ്ത്രീകളും ജോര്‍ജിനാണ് വോട്ടു ചെയ്തതെന്ന പ്രസ്താവന അമേരിക്കയിലെ ഒരു പത്ര സമ്മേളനത്തില്‍ അദ്ദേഹം നടത്തിയിരുന്നു. പൂഞ്ഞാറില്‍ നിന്ന് വോട്ടു നേടി വിജയിച്ചെങ്കിലും അദ്ദേഹം കേരളത്തിലെ മൊത്തം ജനങ്ങളുടെ പ്രതിനിധിയാണെന്ന ബോധമില്ലാതെയാണോ ഈ വെളിപ്പെടുത്തല്‍? അമേരിക്കയിലിരുന്ന് പിണറായി വിജയന് ദിലീപിന്റെ വിഷയത്തില്‍ പരാതിയയച്ചു എന്നൊക്കെ ഒരു ഇന്റര്‍‌വ്യൂവില്‍ പറഞ്ഞതായി കേട്ടു. എന്നാല്‍, അമേരിക്കയിലെ പത്രപ്രവര്‍ത്തകര്‍ തിരിച്ചൊരു ചോദ്യം ചോദിക്കാനോ, ജോര്‍ജിനെ പറഞ്ഞു മനസ്സിലാക്കാനോ ശ്രമിച്ചതായി കണ്ടില്ല. ഓണാഘോഷവും, സ്വീകരണച്ചടങ്ങുകളും പൊന്നാടയണിയിക്കലും, അവാര്‍ഡ് ദാനവുമൊക്കെയായി സംഘടനകള്‍ ജോര്‍ജിനെ പൊക്കിക്കൊണ്ടു നടന്നു.

ദിലീപ് നിരപരാധിയാണെന്ന് തെളിയിക്കാനുള്ള രേഖകള്‍ ജോര്‍ജിന്റെ കൈയ്യിലുണ്ടെന്ന് ആവര്‍ത്തിച്ചു പറയുന്നതല്ലാതെ എന്ത് തെളിവുകളാണ് കൈയ്യിലുള്ളതെന്ന് പറയുന്നില്ല. തന്നെയുമല്ല, അങ്ങനെ തെളിവുകളുണ്ടെങ്കില്‍ എന്തുകൊണ്ട് അവ കോടതിയില്‍ ഹാജരാക്കി ദിലീപിനെ ജയിലില്‍ നിന്ന് പുറത്തിറക്കുന്നില്ല? 'ഞാനൊരു ഒറ്റയാനാണെന്ന്' എല്ലാവരേയും ബോധ്യപ്പെടുത്താനാണോ അതോ 'എന്നെത്തൊട്ടാല്‍ വിവരമറിയും' എന്നറിയിക്കാനാണോ ഈ നമ്പറുകളിറക്കുന്നതെന്ന് സംശയമുണ്ട്. ഇത്തരം സ്വഭാവ വൈകൃതമുള്ളവര്‍ ജനപ്രതിനിധികളാകുമ്പോഴാണ് കേരളത്തില്‍ ഗുണ്ടായിസവും അക്രമവും സ്ത്രീകള്‍ക്കു നേരെയുള്ള ആഭാസത്തരങ്ങളും വര്‍ദ്ധിക്കുന്നത്. കാരണം ആര് എന്ത് ക്രൂരത കാണിച്ചാലും പി.സി. ജോര്‍ജിനെപ്പോലെയുള്ള ജനപ്രതിനിധികള്‍ അവരുടെ രക്ഷകരാകുമല്ലോ.

ദിലീപിന് എന്തുകൊണ്ടാണ് നാലാം തവണയും ജാമ്യം നിഷേധിക്കുന്നതെന്ന് ജനം സംശയിക്കുന്നത് സ്വാഭാവികമാണ്. ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ ആദ്യത്തേയോ രണ്ടാമത്തേയോ പ്രാവശ്യം ജാമ്യം കിട്ടിയേനെ എന്നൊക്കെ സമൂഹത്തില്‍ തരംഗമായിക്കൊണ്ടിരിക്കുന്ന സഹതാപ വാക്കുകളെ കുരുക്കിട്ട് പിടിച്ചുകെട്ടിയിരിക്കുകയാണ് അങ്കമാലി മജിസ്‌ട്രേറ്റ് കോടതി.  പി.സി. ജോര്‍ജിനെപ്പോലെയോ സാധാരണ ജനങ്ങളെപ്പോലെയുള്ളവരോ അല്ലല്ലോ അന്വേഷണ സംഘവും മജിസ്‌ട്രേറ്റും ജഡ്ജിയുമൊക്കെ. ദിലീപിനെ ജയിലില്‍ തന്നെ പൂട്ടിയിടണമെന്ന് അവര്‍ക്ക് നിര്‍ബ്ബന്ധവുമില്ല. ശക്തമായ തെളിവുകള്‍ സീല്‍ ചെയ്ത കവറില്‍ ഹൈക്കോടതിയെ അന്വേഷണ സംഘം ഏല്പിച്ചു കഴിഞ്ഞു. സാധാരണ തുറന്ന കോടതിയില്‍ വാദം കേള്‍ക്കേണ്ടതിനു പകരം അടച്ചിട്ട കോടതിയിലാണ് ഈ കേസ് കേള്‍ക്കുന്നത്. അതിന്റെ കാരണം പലതാണ്. ഇതെല്ലാം അറിയാത്ത വ്യക്തിയാണ് പി.സി. ജോര്‍ജ് എന്ന് അദ്ദേഹത്തിന്റെ പ്രസ്താവനകള്‍ കേള്‍ക്കുമ്പോള്‍ തന്നെ അറിയാം. അന്വേഷണ സംഘത്തിന് സാവകാശം നല്‍കാന്‍ തക്കതായ കുറ്റം തന്നെയാണ് ദിലീപിനെതിരെയുള്ളതെന്ന്‌ കോടതി അടിവരയിട്ട് ഉറപ്പിച്ചിട്ടുണ്ട്. അതുകൊണ്ടാണ് നാലാം തവണയും ജാമ്യാപേക്ഷ തള്ളിയത്. അപ്പോള്‍ പി.സി. ജോര്‍ജിനെപ്പോലെയുള്ളവര്‍ കോടതിയുടെ ഉത്തരവിനെ മാനിക്കുകയാണ് ചെയ്യേണ്ടത്. അല്ലാതെ ദിലീപിന് നീതി നിഷേധിക്കപ്പെടുകയാണെന്ന പ്രസ്താവനകളിറക്കുകയല്ല വേണ്ടത്. തന്നെയുമല്ല, കൈയ്യിലുള്ള തെളിവുകള്‍ ജോര്‍ജ് കോടതിയില്‍ ഹാജരാക്കി ദിലീപിന് നീതി ലഭ്യമാക്കണം. അതല്ലാതെ ആള് കളിയ്ക്കാന്‍ വിടുവായത്തം പറയുകയല്ല.

ദിലീപിനെതിരെ അന്വേഷണ സംഘത്തിന്റെ പക്കല്‍ മതിയായ തെളിവില്ലെന്ന വാദവും ഇവിടെ അപ്രസക്തമാണ്. ദിലീപിന് നീതി നിഷേധിക്കപ്പെടുന്നുവെന്ന് പി.സി. ജോര്‍ജിനെപ്പോലെയുള്ള ജനപ്രതിനിധികളടക്കമുള്ളവര്‍ പറയുമ്പോള്‍ കേസ് ഡയറി വായിച്ച കോടതികള്‍ പ്രോസിക്യൂഷന്റെ തെളിവുകള്‍ നിസ്സാരമല്ലെന്ന് വീണ്ടും വീണ്ടും ഓര്‍മ്മിപ്പിക്കുകയാണ്.

ദിലീപ് ഒരു സെലിബ്രിറ്റിയാണ്, ഒരു സാധാരണക്കാരനായിരുന്നെങ്കില്‍ എപ്പോഴേ ജാമ്യം കിട്ടിയേനെയെന്നും സഹതാപ തരംഗം ഒഴുക്കുന്നവര്‍ വാദിക്കുന്നു. ദിലീപ് ഒരു സെലിബ്രിറ്റിയാണെന്നത് തന്നെയാണ് പ്രശ്‌നം. ജയിലില്‍ കഴിയുമ്പോള്‍ തന്നെ അദ്ദേഹത്തിന് ആളുകളെ സ്വാധീനിക്കാനും തനിക്ക് അനുകൂലമായി സഹതാപ തരംഗം ഒഴുക്കാനും കഴിയുന്നുണ്ടെങ്കില്‍ അതിനെ ഗൗരവമായി കണക്കാക്കേണ്ടതാണ്. ഈ കേസില്‍ ആക്രമിക്കപ്പെട്ട വ്യക്തിയും കുറ്റം നടപ്പാക്കിയ ആളുകളും അതിന് ഗൂഢാലോചന നടത്തിയവരും സാക്ഷികളും എല്ലാം സിനിമാ മേഖലയില്‍ നിന്നുള്ളവരാണ്. സിനിമാ മേഖലയില്‍ നിന്നുള്ളവര്‍ തന്നെയാണ് ദിലീപിനെ കാണുവാനായി ജയിലില്‍ വന്നും പോയുമിരിക്കുന്നത്. കൂടാതെ രാഷ്ട്രീയക്കാരും ജനപ്രതിനിധികളുമെല്ലാം സഹതാപതരംഗത്തില്‍ പങ്കുചേരുന്നു. ഇത്രമാത്രം സ്വാധീനമുള്ളയാള്‍ക്ക് ജാമ്യം നല്‍കാന്‍ കഴിയില്ലെന്ന് രണ്ട് തവണ ഹൈക്കോടതി വ്യക്തമാക്കി. തുടരെത്തുടരെയുള്ള ജാമ്യാപേക്ഷകള്‍ തള്ളി കീഴ്‌ക്കോടതികളും ഇക്കാര്യം അടിവരയിട്ട് ഉറപ്പിക്കുന്നു. ജാമ്യാപേക്ഷ തള്ളിയതുകൊണ്ട് കുറ്റാരോപിതന് നീതി നിഷേധിക്കപ്പെടുന്നുവെന്ന വാദം ശരിയല്ല.

പി.സി. ജോര്‍ജ് ഉത്തരവാദിത്വപ്പെട്ട ഒരു ജനപ്രതിനിധി മാത്രമല്ല എത്തിക്സ് കമ്മീഷന്‍ അംഗവുമാണെന്ന് എടുത്തു പറയേണ്ടിയിരിക്കുന്നു. എത്തിക്സ് കമ്മീഷന്‍ അഥവാ ധാര്‍മ്മിക ന്യായസഭയിലെ അംഗമെന്ന നിലയ്ക്ക് ഒരിക്കലും പറയാന്‍ പാടില്ലാത്തതാണ് ജോര്‍ജ് നിരന്തരം പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇങ്ങനെയുള്ള വ്യക്തികളെ ഈ കമ്മീഷനില്‍ വെച്ചുകൊണ്ടിരിക്കുന്നതും ധാര്‍മ്മികമല്ല. കേരള മുഖ്യമന്ത്രി പിണറായി വിജയന്‍ ഇക്കാര്യത്തില്‍ ഉചിതമായ തീരുമാനമെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു.

No comments:

Post a Comment