Sunday, April 30, 2017

ദുരുപയോഗം ചെയ്യപ്പെടുന്ന 'ത്വലാഖ്' അഥവാ 'മുത്വലാഖ്' (ലേഖനം)

മുസ്ലീം സമുദായത്തില്‍ നിലനില്‍ക്കുന്ന 'മുത്വലാഖ്' പ്രശ്നം ഒരു ദേശീയ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. സാധാരണ ചര്‍ച്ചാ വിഷയമല്ല, അതൊരു വിവാദമാക്കി 'രാഷ്ട്രീയ ചര്‍ച്ച'യാക്കുകയാണ് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും. ഈ വിഷയത്തില്‍ നിരവധി കേസുകളാണ് സുപ്രീം കോടതിയുടെ പരിഗണനയിലിരിക്കുന്നത്. 'കയ്ച്ചിട്ട് ഇറക്കാനും വയ്യ, മധുരിച്ചിട്ട് തുപ്പാനും വയ്യ' എന്ന സ്ഥിതിയിലാണ് സുപ്രിം കോടതി. മതപരമായ വിഷയമായതുകൊണ്ട് പൂര്‍ണ്ണമായ ഒരു വിധി പ്രസ്താവിക്കുന്നതിനു മുന്‍പ് നിരവധി കാര്യങ്ങള്‍ ചര്‍ച്ചാ വിഷയമാക്കേണ്ടതുണ്ട്.

ബിജെപി അധികാരത്തില്‍ വന്നതിനുശേഷം ഈ വിഷയം വളരെ ഗൗരവത്തോടെയാണ് കാണുന്നത്. അതിന് പല കാരണങ്ങളുമുണ്ട്. രാജ്യത്ത് ഏകീകൃത സിവില്‍ കോഡ് നടപ്പിലാക്കണമെന്ന നിര്‍ബ്ബന്ധം ബിജെപിക്കാണ്. പക്ഷെ, അവരുടെ ഓരോ നീക്കങ്ങളും മുസ്ലിം വ്യക്തിനിയമ ബോര്‍ഡ് സംശയത്തോടെ കാണുകയും നഖശിഖാന്തം എതിര്‍ക്കുകയും ചെയ്യുന്നതുകൊണ്ട് കോടതികളില്‍ കേന്ദ്രത്തിന്റെ ന്യായവാദങ്ങളൊന്നും വിലപ്പോകുന്നില്ല. അതിന്റെ മൂലകാരണം മനസ്സിലായതുകൊണ്ടാകാം മുത്വലാഖ്  വിവാദം രാഷ്ട്രീയ ചര്‍ച്ചയാക്കി മാറ്റരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഇപ്പോള്‍ ആവശ്യപ്പെട്ടിരിക്കുന്നത്.  ശരിഅത്ത് നിയമപ്രകാരം മുസ്ലിം സ്ത്രീകളെ മൊഴിചൊല്ലുന്നതിന് മുസ്ലിം വ്യക്തി നിയമ ബോര്‍ഡും അടുത്തിടെ അനുകൂലമായിട്ടാണു പ്രതികരിച്ചത്. ഇതിനിടെ വീണ്ടും വിഷയം ചര്‍ച്ചയാക്കുകയാണു പ്രധാനമന്ത്രി നരേന്ദ്ര മോഡി. ഈ പ്രശ്‌നം തന്റെ സര്‍ക്കാര്‍ അവസാനിപ്പിക്കുമെന്നാണു മോദി സംശയലേശമന്യേ വ്യക്തമാക്കുന്നത്. ഇതൊരു സാമൂഹിക വിഷയമായി കണ്ട് മുസ്ലിം വിഭാഗത്തില്‍ നിന്ന് പ്രബുദ്ധരായവര്‍ ഇതിനെതിരേ മുന്നോട്ടുവരണമെന്നും, ഇത്തരമൊരു ശിക്ഷയില്‍നിന്നു നമ്മുടെ മുസ്ലിം പെണ്‍കുട്ടികളെയും ഭാര്യമാരെയുമൊക്കെ മോചിപ്പിക്കണമെന്നുമാണ് അദ്ദേഹം ആവശ്യപ്പെടുന്നത്.

മുത്തലാഖിനെതിരേ സുപ്രീം കോടതിയില്‍ നിയമ പോരാട്ടം നടത്തുന്ന ഉത്തരാഖണ്ഡില്‍നിന്നുള്ള ഷയറാ ബാനു എന്ന മുപ്പത്തഞ്ചുകാരിയുടെ നിയമ പോരാട്ടാത്തെ പ്രകീര്‍ത്തിച്ചുകൊണ്ടാണു മോദിയുടെ ഈ പ്രസ്താവന. രണ്ടു കുട്ടികളുടെ അമ്മയായ ഷയറാ ബാനു, രാജ്യത്തുള്ള എല്ലാ മുസ്ലിം സ്ത്രീകള്‍ക്കും വേണ്ടിയാണു താന്‍ നിയമ പോരാട്ടം നടത്തുന്നതെന്ന് ചൂണ്ടിക്കാട്ടിയാണു മുസ്ലിം വ്യക്തി നിയമ ബോര്‍ഡിനെതിരേ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് മെയ് 11ന് ഈ വിഷയം പരിഗണിക്കാനിരിക്കേയാണു മോദിയുടെ പ്രസ്താവന പുറത്തു വന്നിരിക്കുന്നതെന്ന് ശ്രദ്ധേയമാണ്.

മുത്വലാഖ്, ബഹുഭാര്യത്വം, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരായ ഹര്‍ജിയാണ് ഷയറാ ബാനു സുപ്രീം കോടതിയില്‍ നല്‍കിയത്. എന്നാല്‍, മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലെ തന്നെ ചിലര്‍ ഹര്‍ജി പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിക്കൊണ്ടിരിക്കു കയാണെന്നും, വ്യക്തിപരമായിട്ട് ഒന്നും കിട്ടില്ലെന്ന് അറിഞ്ഞിട്ടും എന്തിനാണു മുസ്ലിം മതത്തെ അപമാനിക്കാന്‍ ഇറങ്ങിയിരിക്കുന്നത് എന്നൊക്കെയാണ് അവര്‍ ചോദിക്കുന്നതെന്നാണ് ഷയറ കേന്ദ്രത്തിനെ അറിയിച്ചിരിക്കുന്നത്. എന്നാല്‍, എന്നേപ്പോലെ ദുരിതത്തിലായ നൂറുകണക്കിനു സ്ത്രീകള്‍ക്കു വേണ്ടിയാണ് താനിതൊക്കെ ചെയ്യുന്നതെന്നും, മരിച്ചാലും പിന്മാറാന്‍ തയ്യാറല്ല എന്നുമാണ് അവരുടെ മറുപടി.

സോഷ്യോളജിയില്‍ പോസ്റ്റ് ഗ്രാജ്വേഷന്‍ കഴിഞ്ഞ ഷയറാ ബാനുവിന്റെ ജീവിതം വന്‍ ദുരന്തമാണ്. വിവാഹശേഷം ഭര്‍ത്താവില്‍നിന്നും ഒരു ദശകത്തോളം ക്രൂര പീഡനങ്ങളാണ് അവര്‍ക്ക് ഏറ്റുവാങ്ങേണ്ടിവന്നത്. ആറിലേറെ തവണ ഗര്‍ഭഛിദ്രത്തിനു വിധേയമാകേണ്ടിവന്നു. ഇതിനുള്ള ഗുളികകള്‍ നിര്‍ബന്ധപൂര്‍വം കഴിച്ചിപ്പിച്ചതോടെ ഇവരുടെ ആരോഗ്യവും താറുമാറായി. ഇതോടെ ഇവര്‍ 2015 ഒക്‌ടോബറില്‍ അവര്‍ സ്വന്തം വീട്ടിലേക്കു പോയി. പിന്നീട് ഒരു കത്താണ് ലഭിച്ചത്. ഇതില്‍ ‘ത്വലാഖ്’ എന്നു മൂന്നുവട്ടം എഴുതിയിട്ടുണ്ടായിരുന്നുവത്രേ. ഇതാണ് അവരെ നിയമപോരാട്ടത്തിനിറങ്ങാന്‍ പ്രേരിപ്പിച്ചത്. അവര്‍ക്കൊപ്പം മറ്റു ഏഴ് മുസ്ലിം സ്ത്രീകളുമുണ്ട് നിയമ പോരാട്ടത്തില്‍ പങ്കു ചേരാന്‍.

പര്‍ദ്ദകള്‍ക്കുള്ളില്‍ പൊതിഞ്ഞ് വീട്ടിനുള്ളില്‍ കഴിയാന്‍ വിധിക്കപ്പെട്ട മുസ്ലിം സ്ത്രീകള്‍ എന്തുകൊണ്ടാണ് അവയെല്ലാം വലിച്ചെറിഞ്ഞ് ഭര്‍ത്താക്കന്മാര്‍ക്കെതിരെ നിയമപോരാട്ടത്തിനിറങ്ങിത്തിരിച്ചിരിക്കു ന്നതെന്ന് ചിന്തിച്ചാല്‍ ഒരു കാര്യം വ്യക്തമാകും. 'ശരിഅത്ത്' നിയമത്തിന്റെ ദുര്‍പയോഗം തന്നെ. ഭാര്യയെ വിവാഹബന്ധത്തില്‍ നിന്ന് കാരണമില്ലാതെ ഒഴിവാക്കാം എന്ന മിഥ്യാധാരണയാണ് ഇതിനെല്ലാം കാരണം. ശരിഅത്ത് നിയമം എന്താണെന്നും, അതില്‍ നിഷ്ക്കര്‍ഷിച്ചിരിക്കുന്ന നിബന്ധനകളും മാനദണ്ഡങ്ങളും എന്തൊക്കെയാണെന്നും അറിയാവുന്നവര്‍ ഒരിക്കലും ഭാര്യയെ പീഡിപ്പിക്കുകയോ ബന്ധം ഒഴിവാക്കുകയോ  ചെയ്യുകയില്ല.

ശരിഅത്തിനെ ഓരോരോ കാലങ്ങളില്‍ രാഷ്ട്രീയവത്ക്കരിക്ക പ്പെട്ടപ്പോഴാണ് അതിന്റെ ദുരുപയോഗവും വര്‍ദ്ധിച്ചത്. മോദിയുടെ ഇപ്പോഴത്തെ പ്രസ്താവനക്കെതിരെയും ചില മുസ്ലിം സംഘടനകള്‍ രംഗത്തു വന്നു കഴിഞ്ഞു. കൂടുതല്‍ ശ്രദ്ധയൂന്നേണ്ട മറ്റു വിഷയങ്ങളുള്ളപ്പോള്‍ മോദി ഈ വിഷയം ഉയര്‍ത്തുന്നത് വിസ്മയകരമാണെന്നാണ് മുസ്ലിം വ്യക്തിനിയമ ബോര്‍ഡിലെ തന്നെ ഒരംഗം പറയുന്നത്. സ്ത്രീധനത്തിന്റെ പേരില്‍ പെണ്‍കുട്ടികള്‍ ചുട്ടുകൊല്ലപ്പെടുകയും ഗര്‍ഭഛിദ്രത്തിനു വിധേയമാകുകയും ചെയ്യുന്ന നാട്ടില്‍ ഇതിനേക്കാള്‍ പ്രാധാന്യമുള്ള വിഷയങ്ങളുണ്ടെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു. മറ്റു മത വിഭാഗങ്ങളെ അപേക്ഷിച്ചു മുസ്ലിം വിഭാഗക്കാര്‍ക്കിടയില്‍ വിവാഹ മോചനങ്ങള്‍ കുറവാണ്. മുംബൈ, ബംഗളുരു, കൊല്‍ക്കത്ത എന്നീ മെട്രോ നഗരങ്ങളിലാണു വിവാഹ മോചനങ്ങള്‍ കൂടുതലും. ഇന്ത്യയില്‍ പ്രതിവര്‍ഷം 12 ദശലക്ഷം പെണ്‍ഭ്രൂണഹത്യകള്‍ നടക്കുന്നുണ്ട്. ഇത്തരം കാര്യങ്ങളിലൊന്നും പ്രധാനമന്ത്രിക്ക് ആശങ്കയില്ലേയെന്നും അവര്‍ ചോദിക്കുന്നു. ഇതു തന്നെയാണ് ഇന്ത്യ നേരിടുന്ന പ്രശ്നവും. 'ചക്കയ്ക്കെന്തു വില എന്നു ചോദിച്ചാല്‍ ഇല വെച്ച് മുറിയ്ക്കണം' എന്നു പറഞ്ഞ പോലെ, ഗൗരവമായ വിഷയങ്ങളെക്കുറിച്ച് പറയുമ്പോള്‍ മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിച്ചുവിടുന്ന പ്രക്രിയ.

1937 ല്‍ ശരിയത്ത് നിയമങ്ങളെ അടിസ്ഥാനമാക്കി രൂപപ്പെടുത്തിയതാണ് ഇന്ന് നിലവിലുള്ള മുസ്ലീം വ്യക്തിനിയമങ്ങള്‍. ഇതിലെ വിവാഹ ബന്ധവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ 1937 നു ശേഷം യാതൊരു പരിഷ്‌കരണവുമില്ലാതെ നില്‍ക്കുന്ന മുസ്ലിം വ്യക്തിനിയമത്തിന്റെ അടിസ്ഥാനത്തിലാണ്. ത്വലാഖ് ചൊല്ലി വിവാഹ മോചിതയാകുന്ന സ്ത്രീകള്‍ക്ക് ചിലവിനു കൊടുക്കാന്‍ ശരിഅത്ത് നിയമം പറയുന്നില്ല. അവര്‍ക്ക് ഭര്‍ത്താവിന്റെ സ്വത്തുവകകളില്‍ അവകാശവുമില്ല. ഈ നിയമത്തെ സുപ്രീം കോടതി 1985 ല്‍ ഖണ്ഡിക്കുകയും ഭാര്യയ്ക്കും മക്കള്‍ക്കും വയസ്സായ മാതാപിതാക്കള്‍ക്കും ചിലവിനു കൊടുക്കേണ്ടത് ഭര്‍ത്താവിന്റെയോ മക്കളുടേയോ കടമയാണെന്ന് ചൂണ്ടിക്കാണിക്കുയും ചെയ്തിരുന്നു. വ്യക്തിനിയമം തിരുത്തിയാല്‍ സമുദായ വ്യക്തിത്വം നഷ്ടമാകുമെന്നൊരു പൊതു ധാരണയുണ്ടായിരുന്നു. മുസ്ലിം വ്യക്തിനിയമം ഖുര്‍‌ആന്‍ അനുശാസിക്കുന്നതും അതില്‍ മാറ്റം വരുത്താന്‍ വ്യക്തികള്‍ക്കോ കോടതികള്‍ക്കോ അധികാരമില്ല എന്നുമാണ് വയ്പ്പ്. ഏകികൃത സിവില്‍ കോഡിനെതിരെ മുസ്ലിം സംഘടനകളുടെ ശക്തമായ എതിര്‍പ്പു നിലനില്‍ക്കുന്നുമുണ്ട്. രാജ്യത്തെ മുസ്‌ലിം സ്ത്രീകളെല്ലാം മുത്തലാഖിന്റെ ഇരകളാണെന്നും മുസ്‌ലിംങ്ങളിലെ ബഹുഭൂരിപക്ഷവും ബഹുഭാര്യാത്വം ആചരിക്കുന്നവരാണെന്നുമുള്ള ഒരു പ്രചരണവും ഇതിനിടെയുണ്ട് എന്നുള്ളതും ഒരു വാസ്തവമാണ്. പരിഷ്കാരങ്ങള്‍ മുത്തലാഖ് പ്രശ്‌നത്തില്‍ മാത്രമായൊതുങ്ങാതെ മുസ്‌ലിം ജനവിഭാഗങ്ങളുടെ പൊതു ജീവിത ശൈലിയില്‍ കാതലായ പല പരിഷ്‌കാരങ്ങളും ആവശ്യമാണെന്ന് പുരോഗമന ചിന്താഗതിക്കാര്‍ കാലങ്ങളായി വാദിച്ചുകൊണ്ടിരിക്കുന്നുണ്ട്. ഹിന്ദു, ക്രിസ്ത്യന്‍ സമൂഹങ്ങളെപ്പോലെ സ്ത്രീകളുടെ കാര്യത്തില്‍ പല പിന്തിരിപ്പന്‍ നയങ്ങളും മുസ്ലിം സമൂഹവും പിന്തുടരുന്നുണ്ട് എന്നുള്ളതാണ് സത്യം.

ഇനി എന്താണ് ഈ മുത്വലാഖിന്റെ ചരിത്രമെന്ന് നോക്കാം:

മുത്വലാഖ് സമ്പ്രദായം ആദ്യമായി നടപ്പിലാക്കപ്പെട്ടത്, പ്രവാചകന്റെ രണ്ടാമത്തെ അനുയായിയായി അറിയപ്പെടുന്ന ഖലീഫ ഉമറിന്റെ ഭരണകാലത്താണ് എന്നാണ് ചരിത്രം. പ്രവാചകനുമായി സൗന്ദര്യപ്പിണക്കത്തില്‍ ഏര്‍പ്പെട്ട ഭാര്യമാരെ മൊഴി ചൊല്ലി ഒഴിവാക്കാം എന്ന ധ്വനിയില്‍, ഖലീഫാ ഉമര്‍ ഒരിക്കല്‍ പ്രവാചകനോടുള്ള തന്റെ സ്‌നേഹം ചൊരിഞ്ഞ സന്ദര്‍ഭത്തില്‍, പ്രവാചക പത്നിമാരുടെ കാര്യത്തില്‍ ഇടപെടാന്‍ ആരാണ് താങ്കളെ നിയോഗിച്ചത് എന്ന് നബിയുടെ പത്നി ആയിശാബീവി ഖലീഫ ഉമറിനോട് ദേഷ്യപ്പെടാന്‍ ഇടവന്നതായി ചില ഹദീസുകളില്‍ കാണുന്നു. പ്രവാചകന്റെ കാലത്ത് ഒരാള്‍ മൂന്നു
ത്വലാഖും ഒറ്റയിരിപ്പില്‍ ചൊല്ലിയതറിഞ്ഞപ്പോള്‍ നബി ക്ഷോഭിച്ചുകൊണ്ടു ചോദിച്ചുവത്രേ "ഞാൻ നിങ്ങള്‍ക്കിടയിലുള്ളപ്പോള്‍ നിങ്ങള്‍ ദൈവത്തിന്റെ ഗ്രന്ഥംകൊണ്ട് കളിക്കുന്നോ?" മറ്റൊരു സന്ദര്‍ഭത്തില്‍ മൂന്നു ത്വലാഖും ചൊല്ലി എന്നറിയിച്ച അനുയായിയോട് നബി ചോദിച്ചായി പറയപ്പെടുന്നു "മൂന്നു ത്വലാഖും  ചൊല്ലിയത് ഒരേ സദസ്സില്‍ വെച്ചാണോ?" അതെ എന്നായിരുന്നു അനുയായിയുടെ മറുപടി. നബിയുടെ വിധി ഇങ്ങനെയായിരുന്നു: "എങ്കില്‍ ഒന്ന് ആയതായി കണക്കു കൂട്ടിയാല്‍ മതിയാകും, നിങ്ങള്‍ അവളുമായി രമ്യതപ്പെടാന്‍ ആഗ്രഹിക്കുന്നുവെങ്കില്‍ അവളെ മടക്കിയെടുക്കുന്നതാണ് ഉത്തമം."

മുസ്ലിം ശരിഅത്ത് നിയമവും ന്യൂനതകളും

1. ഇസ്ലാമായ ഒരുവന് ഒന്നില്‍ കൂടുതല്‍ ഭാര്യമാരെ ഒരേസമയം നിലനിര്‍ത്താം (ഒരേ സമയം ഇത് 4 വരെയാകാമെന്നുണ്ട്).

2. ആ ഭാര്യമാരെ അവരുടെ യാതൊരു സമ്മതവും കൂടാതെ എപ്പോള്‍, ഏതു സമയത്തും ത്വലാഖ് (Divorce) ചൊല്ലി ഒഴിവാക്കാവുന്നതാണ്.

3. സ്വത്തുക്കളുടെ അവകാശത്തേക്കുറിച്ചു പറഞ്ഞാല്‍, മാതാപിതാക്കളുടെ സ്വത്തുവകകളില്‍ മുസ്ലിം പുരുഷന്മാര്‍ക്ക് ലഭിക്കുന്നതിന്റെ നേര്‍പകുതി അവകാശം മാത്രമേ അവള്‍ക്കു ലഭിക്കുകയുള്ളു.

4. പെണ്‍കുട്ടികള്‍ മാത്രമുള്ള മുസ്ലിം ദമ്പതികളില്‍, ആ വീട്ടിലെ കുടുംബനാഥന്‍ മരണപ്പെട്ടാല്‍ അദ്ദേഹത്തിന്റെ സ്വത്തുക്കളില്‍ അദ്ദേഹത്തിന്റെ വിധവക്കോ പെണ്‍മക്കള്‍ക്കോ യാതൊരു അവകാശവുമില്ല. ആ അവകാശം കിട്ടുന്നത് മരണപ്പെട്ട വ്യക്തിയുടെ സഹോദരങ്ങള്‍ക്കും മാതാപിതാക്കള്‍ക്കും ആകുന്നു.

5. മൂന്ന് ത്വലാഖ് (മുത്വലാഖ്) ചൊല്ലി ഒഴിവാക്കിയ തന്റെ മുന്‍ഭാര്യയെ ഒരു മുസ്ലിം പുരുഷന് തിരിച്ചെടുക്കാന്‍ സാധിക്കുന്നതാണ്. ആ സ്ത്രീയെ മറ്റൊരു പുരുഷന് ഉത്തരവാദിത്തപ്പെട്ടവരുടെ മധ്യസ്ഥതയില്‍ വിവാഹം ചെയ്തു നല്‍കി അയാളുമൊത്ത് ആ സ്ത്രീ കുറച്ചു നാള്‍ ജീവിച്ചതിനുശേഷം അയാളില്‍ നിന്നും വിവാഹമോചനം വാങ്ങി പുനര്‍വിവാഹം ചെയ്യാം.

6. ആണോ പെണ്ണോ ആയ ഒരു മുസ്ലിം വ്യക്തിയുടെ മാതാപിതാക്കള്‍ ജീവിച്ചിരിക്കേ അവനോ അവളോ മരണപ്പെട്ടാല്‍, മരണപ്പെട്ട ആളുടെ കുട്ടികള്‍ക്കോ ഭാര്യക്കോ ഈ മരണപ്പെട്ട വ്യക്തിയുടെ സ്വത്തില്‍ യാതൊരു അവകാശവുമില്ല.

7. ഭര്‍ത്താവില്‍നിന്നും വിവാഹമോചനം നേടിയ മുസ്ലിം വനിതയ്ക്ക് മൂന്നുമാസം (ഇത് ഇദ്ദ കാലയളവ് എന്ന് പറയുന്നു) മാത്രമേ ജീവനാംശം ലഭിക്കാനുള്ള അവകാശമുള്ളൂ. ഇന്ത്യന്‍ ക്രിമിനല്‍ നടപടി നിയമം 125 പ്രകാരമുള്ള നിയമ പരിരക്ഷ മുസ്ലിം സ്ത്രീക്ക് ലഭിക്കുന്നതല്ല.

രണ്ട് തവണയാണ് വിവാഹമോചനം. ഒറ്റത്തവണയായി മൊഴിചൊല്ലിയാല്‍തന്നെ വിവാഹമോചനം സാധുവാകും. എന്നാല്‍ 'ഇദ്ദ' കാലത്ത് ഭാര്യയെ തിരിച്ചെടുക്കാനും അതിന് സാധ്യമായില്ലെങ്കില്‍ അതിന് ശേഷം പുനര്‍വിവാഹം ചെയ്യാനും ഖുര്‍ആന്‍ പുരുഷന് അനുവാദം നല്‍കുന്നു. അതായത്, രണ്ട് തവണയാണ്‌ വിവാഹമോചനം. മൂന്നാം തവണ വിവാഹമോചനം അന്തിമമാണ്. പിന്നെ അവര്‍ തമ്മില്‍ വേര്‍പിരിയുക തന്നെ വേണം. ഖുര്‍ആന്‍ പറഞ്ഞു: 'വിവാഹമോചനം രണ്ട് പ്രാവശ്യമാകുന്നു. അനന്തരം മാന്യമായ രീതിയില്‍ കൂടെ നിറുത്തുകയോ നല്ല നിലയില്‍ പിരിച്ചയക്കുകയോ ചെയ്യണം. "മൂന്ന് വിവാഹമോചനവും ഒറ്റയടിക്ക് ചെയ്യുകയും പിന്നീട് തിരിച്ചെടുക്കണമെന്ന് തോന്നുകയും ചെയ്താല്‍ സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെ മൂന്ന് ത്വലാഖുകള്‍ (വിവാഹമോചനം) നിശ്ചയിച്ചത്. അതായത്, ഖുര്‍ആന്‍ നിയമമായി നിശ്ചയിച്ച വിവാഹമോചനരീതി ഒന്നിന് ശേഷം ഒന്ന് എന്ന നിലക്കാണ്. ഒന്നാമത്തെയും രണ്ടാമത്തെയും വിവാഹമോചനത്തിനു ശേഷം തിരിച്ചെടുക്കാവുന്നതാണ്. മൂന്നാമത്തേത് ചൊല്ലിക്കഴിഞ്ഞാല്‍ വിവാഹമോചനം പൂര്‍ണമായും നിലവില്‍ വരും. പിന്നീട് അവര്‍ക്ക് ദാമ്പതൃത്തില്‍ തുടരാന്‍ സാധ്യമല്ല. ആ സ്ത്രീയെ മറ്റൊരാള്‍ വിവാഹം കഴിക്കുകയും സ്വാഭാവികമായ രീതിയില്‍ അവര്‍ തമ്മില്‍ വിവാഹമോചനം ചെയ്തു വേര്‍പിരിയുകയും ചെയ്താല്‍ മാത്രമേ അവര്‍ക്ക് വീണ്ടും ഒരുമിക്കാന്‍ സാധിക്കുകയുള്ളൂ. അയാള്‍ അവളെ വിവാഹമോചനം ചെയ്താല്‍ അനന്തരം അവള്‍ മറ്റൊരു ഭര്‍ത്താവിനെ വിവാഹം കഴിക്കുന്നതുവരെ അയാള്‍ക്ക് അവള്‍ നിഷിദ്ധയാണ്."

ചുരുക്കത്തില്‍ വിവാഹം ഒരു കരാറാണ്. സ്‌നേഹവും കാരുണ്യവും, ക്ഷമയും, പരസ്പര വിശ്വാസവും, വിട്ടുവീഴ്ചാമനോഭാവവുമാണ് ഈ കരാറിന്റെ അഥവാ ദാമ്പതൃജീവിതത്തിന്റെ കാതല്‍. ചില സന്ദര്‍ഭങ്ങളില്‍ ഭര്‍ത്താവ് ഭാര്യയെ വെറുത്തെന്നുവരാം. ചിലപ്പോള്‍ തിരിച്ചും സംഭവിച്ചേക്കാം. അതിന് പ്രത്യേകിച്ച് കാരണവും കണ്ടേക്കാം. എന്നാല്‍ അത്തരം ഘട്ടങ്ങളില്‍ ക്ഷമിക്കുകയും പൊറുക്കുകയും ചെയ്ത് ദാമ്പത്യ ജീവിതം മുമ്പോട്ട് കൊണ്ടുപോകണമെന്നാണ് ഖുര്‍ആന്‍ നിര്‍ദ്ദേശിക്കുന്നത്. ദാമ്പത്യ രംഗത്തുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങള്‍ക്കും വിവാഹമോചനം ചെയ്യുകയല്ല ഖുര്‍ആന്റെ രീതി. ദമ്പതികള്‍ രണ്ടുപേരുടെയും കുടുംബങ്ങളില്‍ നിന്ന് ഓരോ പ്രതിനിധി വീതം ഒരുമിച്ചു കൂടുകയും വിഷയം പഠിച്ച് രണ്ടുപേരെയും രമ്യതയില്‍ എത്തിക്കാനുള്ള വഴികള്‍ ആരായുകയും ചെയ്യണമെന്ന് ഖുര്‍ആന്‍  അനുശാസിക്കുന്നുണ്ട്.
നിസ്സാര കാരണങ്ങള്‍ക്ക് വിവാഹമോചനം ചെയ്യാവുന്നതല്ല. എന്നാല്‍ ഇന്നത്തെ കാലഘട്ടത്തില്‍ വിവാഹമോചനം ഒരു ഹോബിയായിട്ടാണ് പലരും കാണുന്നത്. പുതിയ കാമുകിയെ കണ്ടെത്തിയാല്‍, അല്ലെങ്കില്‍ പരസ്ത്രീ ബന്ധം ആരംഭിച്ചാല്‍ ഭാര്യയെ ഒഴിവാക്കാനുള്ള തന്ത്രങ്ങള്‍ മെനഞ്ഞ് മുത്തലാഖിന്റെ പേരില്‍ അവരെ ഒഴിവാക്കുന്ന രീതി ഖുര്‍ആന്‍ സ്വീകരിക്കുകയില്ല. ദമ്പതികള്‍ തമ്മിലുണ്ടാകുന്ന എല്ലാ പ്രശ്‌നങ്ങളെ സംബന്ധിച്ചും പഠിക്കുകയും പോംവഴി ആരായുകയും സാധ്യമാകുന്ന വിട്ടുവീഴ്ചകള്‍ ചെയ്ത് പ്രശ്‌നം പരിഹരിക്കണമെന്നും ഖുര്‍ആന്‍ ആവശൃപ്പെടുന്നു. ഒരു വിവാഹമോചനം സംഭവിക്കാതാരിക്കാനാണത്.

മുത്വലാഖിലെ ന്യൂനതകള്‍:

ഗുണവും ദോഷവും ഒരുപോലെയുള്ള ഇരുതല മൂര്‍ച്ചയുള്ള ഒരു വാള്‍ പോലെയാണ് മുത്തലാഖ് എന്ന വ്യക്തി നിയമത്തിലെ സംവിധാനം. ആധുനിക കാലഘട്ടത്തില്‍ 3 തവണ മൊബൈലിലൂടെയോ, എസ്.എം.എസ്. ആയോ, ഇമെയില്‍ വഴിയോ ത്വലാഖ് എന്ന പദം ആവര്‍ത്തിച്ചാല്‍ വിവാഹബന്ധം വേര്‍പെട്ടതായിട്ടു മുത്തലാഖിനെ ദുര്‍വ്യാഖ്യാനം ചെയ്യപ്പെട്ടിരിക്കുന്നു. ഇത് ഒരേസമയം ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവും ജനാധിപത്യവിരുദ്ധവും സാമൂഹ്യ വിരുദ്ധവുമാണെന്നാണ് വനിതാ സംഘടനകളും മറ്റും വാദിക്കുന്നത്.

മേല്‍വിവരിച്ച ഷയറാ ബാനുവിനെപ്പോലെ മുത്തലാഖ് വിഷയം ദേശീയ-അന്തര്‍ദ്ദേശീയ ശ്രദ്ധയാകര്‍ഷിച്ചത് 1984-ലാണ്. ഏറ്റവും കൂടുതല്‍ വിവാദമായ ഷാബാനു കേസായിരുന്നു അത്. 1984 ല്‍ മദ്ധ്യപ്രദേശിലെ ഭോപ്പാലില്‍ നിന്നുള്ള ഷബാനു ബീഗം എന്ന 60 വയസുകാരിയായ വൃദ്ധ, തന്നെ മൊഴി ചൊല്ലിയ തന്റെ മുന്‍ ഭര്‍ത്താവായ മുഹമ്മദ് ഖാന്‍ എന്ന വ്യക്തിയില്‍ നിന്നും തനിക്കു ജീവനാംശം ലഭിക്കണമെന്ന ആവശ്യമുന്നയിച്ച് മദ്ധ്യപ്രദേശിലെ കീഴ്ക്കോടതിയില്‍ ഒരു അപ്പീല്‍ സമര്‍പ്പിച്ചു. വാര്‍ദ്ധക്യത്തിന്റെ പടിവാതിലിലെത്തി നില്‍ക്കുന്ന അവരെ 40 കൊല്ലത്തെ വിവാഹ ജീവിതത്തിനുശേഷം മുത്തലാഖ് ചൊല്ലി ഒഴിവാക്കുകയായിരുന്നു. മദ്ധ്യപ്രദേശ് കോടതി ഷബാനു ബീഗത്തിന് അനുകൂലമായി കേസ് വിധിച്ചു. ഈ വിധിക്കെതിരെ മുഹമ്മദ് ഖാന്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി. മുസ്ലീം വ്യക്തി നിയമപ്രകാരം തന്റെ മുന്‍ഭാര്യയായ ഷബാനു ബീഗത്തിന്റ ആവശ്യം നിലനില്‍ക്കുന്നില്ല എന്ന വാദമുയര്‍ത്തി. ചീഫ് ജസ്റ്റീസ് വൈ.വി. ചന്ദ്രചൂഢന്റെ നേതൃത്വത്തിലുള്ള ബെഞ്ച്, പുനര്‍വിവാഹതിയാകുന്നതുവരെ അവര്‍ക്ക് ആദ്യ ഭര്‍ത്താവില്‍ നിന്നും ജീവനാംശത്തിന് അവകാശമുണ്ടെന്ന് വ്യക്തമാക്കുന്ന ക്രിമിനല്‍ പ്രോസീജിയര്‍ കോഡ് (സി ആര്‍ സി പി സെക്‌ഷന്‍125) അനുസരിച്ചാണ് വിധി പ്രസ്താവിച്ചത്. ഈ വിധിക്കെതിരെ ഭാരതത്തിലാകെ വന്‍തോതിലുള്ള പ്രതിഷേധം സംഘടിപ്പിക്കപ്പെട്ടു. ശരീഅത്ത് നിയമങ്ങള്‍ അടിയന്തരമായി സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന കാര്യത്തില്‍ മുസ്ലിം സംഘടനകള്‍ യോജിച്ചു പ്രവര്‍ത്തിച്ചു. ഈ വിധി മതസ്വാതന്ത്ര്യം ഉയര്‍ത്തിപ്പിടിക്കുന്ന വ്യക്തിനിയമങ്ങള്‍ ഈ വിധി വഴി ദുർബലപ്പെടുമെന്നു പൊതുവേ വിലയിരുത്തപ്പെട്ടു. യോജിച്ച ഈ ചെറുത്തു നില്‍പ്പിന്റെ ഫലമായി അന്നത്തെ രാജീവ് ഗാന്ധി സര്‍ക്കാരില്‍ മുസ്ലീം സംഘടനകള്‍ സ്വാധീനം ചെലുത്തിയതിന്റെ ഫലമായി മുസ്ലിം വുമണ്‍സ് പ്രൊട്ടക്‌ഷന്‍  ആക്ട് (പ്രൊട്ടക്‌ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡിവോഴ്‌സ് ആക്ട് -1986) എന്ന പേരില്‍ ഒരു നിയമം പാസാക്കപ്പെട്ടു. (https://en.wikipedia.org/wiki/The Muslim Women Protection of Rights on Divorce Act 1986) ഈ പുതിയ നിയമം സി ആര്‍ സി പി 125 വകുപ്പിന്റെ പരിധിയില്‍ നിന്നു മുസ്ലിം പുരുഷന്മാരെ ഒഴിവാക്കി. ഇദ്ദ കാലയളവ് വരെ മാത്രം ജീവനാംശം നല്‍കിയാല്‍ മതിയെന്നും അതിനു ശേഷം സ്ത്രീ പുനര്‍വിവാഹിതയാകുന്നില്ലെങ്കില്‍ ആ സ്ത്രീയുടെ മറ്റു ബന്ധുക്കള്‍ക്കാണ് അവരെ സംരക്ഷിക്കാനുള്ള പൂര്‍ണ്ണ ബാദ്ധ്യതയെന്നും ബന്ധുക്കള്‍ക്ക് അതിനു കഴിവില്ലാത്ത അവസ്ഥയില്‍ വഖ്ഫ് സംവിധാനം വഴി അവരെ പുനരധിവസിപ്പിക്കണമെന്നു ഈ നിയമം അനുസാസിക്കുന്നു. സി ആര്‍ പി സി സെക്‌ഷന്‍ 125-ല്‍ നിന്ന് മുസ്‌ലിം പുരുഷനെ ഒഴിവാക്കി നിര്‍ത്തുക വഴി താത്കാലികമായി മുസ്ലിം വ്യക്തി നിയമത്തെ സംരക്ഷിക്കുകയെന്ന ദൗത്യമാണ് അന്നത്തെ കേന്ദ്ര സര്‍ക്കാര്‍ ചെയ്തത്. ആര്‍ട്ടിക്കിള്‍ 44 സംബന്ധിച്ച തീരുമാനങ്ങള്‍ കോടതിയല്ല, ഭരണകൂടമാണു കൈക്കോള്ളേണ്ടതെന്ന ഭരണഘടനയുടെ തീര്‍പ്പ് സര്‍ക്കാറിനെ അതിന് നിർബന്ധിതമാക്കിയെന്നു വേണം കരുതുവാന്‍. യഥാര്‍ത്ഥത്തില്‍ ഇതുവഴി മുസ്ലിം സ്ത്രീകള്‍ പരിപൂര്‍ണ്ണമായി മതനേതാക്കന്മാരാലും ഭരണ കോണ്‍ഗ്രസിനാലും അവഗണനയുടെ പടുകുഴിയിലേയ്ക്കു വീഴുകയായിരുന്നു. ഈ പുതിയ നിയമം മുസ്ലീം സ്ത്രീകളക്കു കൂടുതല്‍ ദുരിതങ്ങളിലേയ്ക്കു നയിക്കുവാനേ ഉപകരിച്ചുള്ളു എന്നതാണ് വസ്തുത.

 മുത്തലാഖ് വിഷയത്തില്‍ കോണ്‍ഗ്രസുകാര്‍ വര്‍ഷങ്ങളായി മൗനത്തിലായിരുന്നത് എന്തുകൊണ്ടാണെന്നതിന് അവര്‍ ഉത്തരം പറയണമെന്ന് ബിജെപി നേതാവ് വെങ്കയ്യ നായിഡു ഇപ്പോള്‍ ആവശ്യപ്പെട്ടതിന്റെ പൊരുള്‍ കോണ്‍ഗ്രസ്സുകാര്‍ക്ക് പോലും മനസ്സിലായിക്കാണുമെന്നു തോന്നുന്നില്ല. കോണ്‍ഗ്രസുകാര്‍ ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പോരാടുന്നവരാണെന്നു പറയുന്നതില്‍ യാതൊരു ആത്മാര്‍ത്ഥതയുമില്ലെന്ന് മേല്പറഞ്ഞ ഷബാനു ബീഗം കേസ് തന്നെ ഉദാഹരണമാണ്. ഇപ്പോള്‍ ബിജെപി കൈക്കൊണ്ട തീരുമാനം പോലെ അന്ന് രാജീവ് ഗാന്ധി സര്‍ക്കാര്‍ ചെയ്തിരുന്നെങ്കില്‍ എത്രയോ ന്യൂനപക്ഷ സമുദായങ്ങള്‍, പ്രത്യേകിച്ച് മുസ്ലിം സമുദായം, രക്ഷപ്പെട്ടേനെ. മതത്തിന്റെ അടിസ്ഥാനത്തില്‍ സ്ത്രീകള്‍ക്കെതിരെയുള്ള വിവേചനത്തിന്റെയും അസമത്വത്തിന്റെയും പ്രശ്‌നമാണിത്.

(തുടരും)

(അവലംബം: https://ml.wikipedia.org/wiki/മുത്തലാഖ്)

Friday, April 28, 2017

ശാപമോക്ഷം കിട്ടിയ മലയാളം (ലേഖനം)

മെയ് ഒന്നു മുതല്‍ കേരളത്തിലെ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഒൗദ്യോഗികഭാഷ പൂര്‍ണമായും മലയാളത്തിലായിരിക്കണമെന്ന വിജ്ഞാപനത്തെ സ്വീകരിക്കുന്നതോടൊപ്പം അന്യഭാഷകള്‍ സംസാരിക്കുന്നവരെക്കൂടി കണക്കിലെടുത്തതും സ്വാഗതാര്‍ഹമാണ്. 2013-ല്‍ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരുന്നെങ്കിലും, സംസ്ഥാന സര്‍ക്കാരിന് നാല് വര്‍ഷങ്ങള്‍ വേണ്ടിവന്നു മലയാളത്തിന് ഔദ്യോഗിക പദവി നല്‍കാന്‍. വൈകിയാണെങ്കിലും ഈയൊരു തീരുമാനമെടുത്തതില്‍ ഭാഷാസ്നേഹിയെന്ന നിലയില്‍ ലേഖകന്റെ അഭിനന്ദനങ്ങള്‍.

ഔദ്യോഗിക ഭാഷ മലയാളമാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈകോടതി, സുപ്രീം കോടതി, മറ്റു സംസ്ഥാനങ്ങള്‍ എന്നിവയുമായുള്ള കത്തിടപാടുകളില്‍ ഇംഗ്ളീഷ് ഭാഷ തന്നെ ഉപയോഗിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചതും സ്വാഗതാര്‍ഹം തന്നെ. അതങ്ങനെ തന്നെ വേണം താനും. മലയാള ഭാഷ മരിക്കുന്നു! മലയാള ഭാഷയെ രക്ഷിക്കണം! എന്നൊക്കെയുള്ള സാഹിത്യ-സാംസ്‌കാരിക-രാഷ്‌ട്രീയ നേതാക്കന്മാരുടെ മുറവിളി കേള്‍ക്കുമ്പോള്‍ ആത്മാഭിമാനമുള്ള, മലയാള ഭാഷയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയുടെയും ഉള്ളൊന്നു പിടയുക സ്വാഭാവികമാണ്. മലയാള നാട്ടില്‍ ജനിച്ച് ജീവിച്ചു വളരുന്ന ഏതൊരു മലയാളിക്കും അവന്റെ ഭാഷ മരിക്കുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ ഉദ്ഘണ്ഠയുണ്ടാകുന്നതും സ്വാഭാവികം.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതുതന്നെ പുതുതലമുറ ആ ഭാഷ ഉപേക്ഷിച്ചു തുടങ്ങുന്ന കാലത്താണ്. കേന്ദ്ര സര്‍വകലാശാലകളില്‍ പുതിയ മലയാളം ചെയറുകള്‍ സ്ഥാപിക്കുകയും ഭാഷാപഠനത്തിന് മികവിന്റെ കേന്ദ്രങ്ങള്‍ ഉണ്ടാകുകയും, പ്രത്യേക സ്കോളര്‍ഷിപ്പുകളും അംഗീകാരങ്ങളും നിലവില്‍ വരികയും ചെയ്തതും വിദ്യാര്‍ത്ഥികളുടെ തലമുറയെ ഭാഷയിലേക്ക് അടുപ്പിക്കാന്‍ സഹായകമായിയെന്നു മാത്രമല്ല, മലയാളം സര്‍വകലാശാലയുടെ സ്ഥാപനവും ഈ വഴിക്കുള്ള സുപ്രധാന നീക്കവുമായിരുന്നു. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള മലയാള ഭാഷ ഇതുവരെ ആര്യഭാഷയായ സംസ്‌കൃതത്തിലും ചെന്തമിഴിലും വേര്‍തിരിക്കാനാവാത്ത വിധം കൂടിക്കുഴഞ്ഞു കിടക്കുകയായിരുന്നു. അതായത് ഒരു ആശ്രിത ഭാഷ എന്നതില്‍ കവിഞ്ഞ് മലയാളത്തിന് തലയുയര്‍ത്തിപ്പിടിച്ച് സ്വയം അഭിമാനിക്കാനുള്ള വകയില്ലായിരുന്നു. ചെന്തമിഴില്‍ രചിക്കപ്പെട്ട സംഘകൃതികളിലെ ഒട്ടനവധി വാക്കുകള്‍ കടം കൊണ്ടതാണ് മലയാളം. ആര്യാധിനിവേശത്തിനു ശേഷം, തദ്ദേശീയരായിരുന്ന ദ്രാവിഡരുടെ ഭാഷയേയും സംസ്‌കാരത്തേയും നശിപ്പിക്കുകയെന്നതായിരുന്നു വിദേശീയരായിരുന്ന ആര്യന്മാരുടെ ലക്ഷ്യം. പാലി ഭാഷയിലുണ്ടായിരുന്ന ഒട്ടുമിക്ക വൈജ്ഞാനിക ഗ്രന്ഥങ്ങളും ചുട്ടുകരിക്കുകയും ചിലതിനെ സംസ്‌കൃതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുകയും ചെയ്‌തു ഇവര്‍. പിന്നീട്‌ സംസ്‌കൃത ഭാഷയെ ദേവഭാഷാഗണത്തില്‍ ഉള്‍പ്പെടുത്തി, ദ്രാവിഡര്‍ക്ക്‌ നിഷിദ്ധമാക്കുകയും ചെയ്‌തതോടുകൂടി നമ്മുടെ മേലുള്ള ഭാഷാധിനിവേശം പൂര്‍ണ്ണമായി.

തമിഴില്‍നിന്ന് കടം കൊണ്ട വാക്കുകളും സാഹിത്യവുമാണ് മലയാളത്തെ രൂപപ്പെടുത്തിയതെന്ന ഒരുതരം അഹങ്കാരം തമിഴര്‍ക്ക് എന്നുമുണ്ടായിരുന്നു. അത് പൊളിച്ചടുക്കിക്കൊണ്ടാണ് 2013-ല്‍ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയത്. ബി.സി 277-300 കാലത്ത് അശോകന്റെ ശിലാശാസനം മുതല്‍ ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിലെ ശിലാരേഖകളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന വ്യാകരണവും ഭാഷയുമാണ് മലയാളം എന്ന് തെളിയിക്കാനായത് സംഘകാല സാഹിത്യത്തില്‍ 40 ശതമാനം മലയാളം വാക്കുകളും വ്യാകരണവുമുണ്ടെന്ന ചരിത്രരേഖയായിരുന്നു. ഇതോടെ തമിഴില്‍ നിന്നല്ല മലയാളമുണ്ടായതെന്നും തമിഴും മലയാളവും ഒരൊറ്റ മൂലദ്രാവിഡഭാഷയില്‍നിന്ന് രൂപപ്പെട്ടതാണെന്നും തെളിഞ്ഞു. തമിഴില്‍ രചിക്കപ്പെട്ടതാണ് സംഘസാഹിത്യമെന്ന അവകാശവാദവും ഇല്ലാതായി. ഇങ്ങനെ വര്‍ഷങ്ങളായി കേരളത്തിലെ എഴുത്തുകാരും ചരിത്രകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഭാഷാപണ്ഠിതന്മാരും ഉള്‍പ്പെട്ട സംഘം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളാണ് മലയാളത്തിന് പുതുജീവന്‍ നല്‍കാന്‍ കാരണമായത്. കേരളത്തില്‍ ഉടലെടുത്ത ജന്മിത്വം എന്ന ഇരുണ്ടയുഗത്തില്‍ പിറന്ന സാഹിത്യകൃതികളൊക്കെയും വരേണ്യവര്‍ഗ്ഗഭാഷയില്‍ ഉള്ളവയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിമോചന പോരാളിയായിരുന്ന ശ്രീനാരായണഗുരുവിന്റെ സാഹിത്യരചനകളിലും ഈ സംസ്‌കൃത അധിനിവേശം കാണാം. അതുകൊണ്ട്‌ തന്നെ ഈ സാഹിത്യരചനകള്‍, ശ്രീനാരായണ ശിഷ്യന്മാരുടെ ലളിതമായ വ്യാഖ്യാനങ്ങളിലൂടെ മാത്രമേ സാധാരണക്കാരായ അധഃസ്ഥിത ജനതയ്‌ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. മറ്റ്‌ നവോത്ഥാന നായകരായിരുന്ന ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടേയും വാഗ്‌ഭടാനന്ദന്റേയും മറ്റും കൃതികള്‍ വായിച്ച്‌ യഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കാന്‍ ഇന്ന്‌, എത്ര മലയാളിക്ക്‌ സാധിക്കും?

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാല്‍ എഴുത്തച്ഛനു മുമ്പും മലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങള്‍ കേരളദേശത്ത് വന്നിരുന്നിട്ടും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണ്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യ പകര്‍ന്നു നല്‍കിയതിനു ബഹുമാനസൂചകമായി വിളിച്ചു പോന്നതുമാകാം.

എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തനിമലയാളത്തിലായിരുന്നില്ല, സംസ്കൃത പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചു കാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയില്‍ നാടോടി ഈണങ്ങള്‍ ആവിഷ്കരിച്ചതിലൂടെ കവിത കുറേക്കൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കർമ്മത്തില്‍ അദ്ദേഹത്തിനു സഹായകരമായി വര്‍ത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാള ഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടം വരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യര്‍ഹമായ ഈ സേവനങ്ങള്‍ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതില്‍ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജന്‍ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു (കടപ്പാട്: https://ml.wikipedia.org/wiki/).

സത്യത്തില്‍ മലയാളം ഏറ്റവുമധികം അവഗണിക്കപ്പെടുന്നത് കേരളത്തില്‍ തന്നെയല്ലേ എന്ന് ഒരു വിഹഗവീക്ഷണം നടത്തിയാല്‍ നമുക്ക് മനസ്സിലാകും. കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളത്തില്‍ സംസാരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി അവരെ ശിക്ഷിക്കുന്ന വിദ്യാലയങ്ങള്‍ ഇന്നും കേരളത്തില്‍ നിരവധിയുണ്ട്. പൊരിവെയിലത്ത് നിര്‍ത്തുക, ഗ്രൗണ്ടിലൂടെ ഓടിക്കുക, പിഴയീടാക്കുക, എന്തിനേറെ കുട്ടികളുടെ തല മുണ്ഠനം ചെയ്യുന്ന ശിക്ഷകള്‍ വരെ കൊടുക്കുന്ന സ്കൂളുകള്‍ കേരളത്തിലുണ്ട്. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ മലയാളം ഇന്നും തീണ്ടാപ്പാടകലെയാണ്. കോടതിയുടെയും സര്‍ക്കാറിന്റേയും വ്യവഹാരഭാഷ കൊളോണിയല്‍ ഇംഗ്ളീഷായിരുന്നു. ജഡ്ജിമാരുടെ വേഷം പോലെയാണ് അവരുടെ ഭാഷയും. ഇപ്പോള്‍ സര്‍ക്കാറിതര ഓഫീസുകളില്‍ മലയാളം ഔദ്യോഗിക ഭാഷയാക്കിയെങ്കിലും, കോടതി ഭാഷ മലയാളത്തിലാക്കാന്‍ സാധിച്ചിട്ടില്ല. അതിനല്പം കാലതാമസം വേണ്ടിവരുമെന്നത് സത്യം തന്നെ.

ഇനി മലയാള ഭാഷ മരിക്കുന്നു എന്ന് നമ്മുടെ സാഹിത്യ-സാംസ്ക്കാരിക ലോകം മുറവിളി കൂട്ടുന്നതെന്തുകൊണ്ടാണെന്ന് പരിശോധിക്കാം. മലയാളത്തെ 'മലയാല'മാക്കുന്ന പുതുതലമുറയെ കാണണമെങ്കില്‍ ഏതെങ്കിലും ഒരു മലയാളം ചാനലിലെ ന്യൂസ് റീഡര്‍മാരെ ശ്രദ്ധിച്ചാല്‍ മതി. 'ടെല‌പ്രോം‌റ്റില്‍' എഴുതിക്കാണിക്കുന്നത് മലവെള്ളം പോലെ അവര്‍ വായിച്ചുതീര്‍ക്കുന്നു. 'പദ്ധതി'യെ 'പദ്ദതി'യെന്നും, 'പ്രസിദ്ധീകരണ'ത്തെ 'പ്രസിദ്ദീകരണ'മെന്നും, 'അഭിമാന'ത്തെ 'അബിമാന'മെന്നും, 'സന്ധിസംഭാഷണ'ത്തെ 'സന്തിസംബാഷണ'മെന്നും, 'വിശേഷ'ത്തെ 'വിശേശ'മെന്നോ 'വിഷേഷ'മെന്നൊ ഒക്കെ വായിക്കുന്നതു കേള്‍ക്കുമ്പോള്‍ ഭാഷയെ സ്നേഹിക്കുന്ന ആരുടേയും മനസ്സൊന്നു പിടയും. അക്ഷരസ്ഫുടതയോടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ വളരെ വിരളമാണ്. എഴുപത്-എണ്‍‌പത് കാലഘട്ടങ്ങളില്‍ നാം കേട്ടിരുന്ന, സവിശേഷമായ വാര്‍ത്താ അവതരണ ശൈലിയിലൂടെ മലയാളികളെ ആകര്‍ഷിച്ചിരുന്ന 'ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍' എന്നുള്ള ന്യൂഡല്‍ഹി ആകാശവാണി റേഡിയോ നിലയത്തില്‍ നിന്ന് ഒഴുകിവന്നിരുന്ന ആ ശബ്ദം ഇന്ന് കേള്‍ക്കുന്നില്ല. അതുപോലെ ഗോപന്‍, ശങ്കരനാരായണന്‍ എന്നിവരുടെ അക്ഷരസ്ഫുടതയോടെയുള്ള അവതരണശൈലിയും ഇന്നത്തെ വാര്‍ത്താ അവതാരകര്‍ക്കില്ല. ഭാഷ അറിയാത്തതുകൊണ്ടല്ല, 'ഇത്രയൊക്കെ മതി' എന്ന ചിന്താഗതികൊണ്ടോ, അക്ഷരസ്ഫുടത കൈവരിക്കാത്തതുകൊണ്ടോ ആണ് അങ്ങനെയൊക്കെ സംഭവിക്കുന്നത്. അക്ഷരസ്ഫുടതയോടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല.

ഇനി ഈ ആധുനിക യുഗത്തില്‍ മലയാളം മാത്രം പഠിച്ചാല്‍ ജീവിക്കാനൊക്കുമോ എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്. ജീവിതായോധനത്തിനായി അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ചേക്കേറുന്ന മലയാളിക്ക് ആശയവിനിമയത്തിന്‌ അന്യഭാഷയെ തന്നെ ശരണം പ്രാപിക്കണം. മലയാള ഭാഷാസ്‌നേഹം മൂത്ത്‌ മലയാളം മാത്രം പഠിച്ച്‌ ഉത്തരേന്ത്യയിലെത്തുന്ന ഒരു മലയാളി, ഉത്തരേന്ത്യന്‍ ഭാഷയായ ഹിന്ദി പഠിക്കുവാന്‍ വേണ്ടി നടത്തുന്ന പങ്കപ്പാട്‌ നേരില്‍ കണ്ട്‌ അനുഭവിച്ചവരാരും പറയില്ല, മലയാളം മാത്രം പഠിച്ചാല്‍ മതിയെന്ന്‌. അങ്ങനെയൊരു വിഷമഘട്ടത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ലേഖകനും. 'ഭിണ്ടി' എന്നു പറഞ്ഞാല്‍ 'വെണ്ടയ്ക്ക'യാണെന്നും, 'ആലു' എന്നു പറഞ്ഞാല്‍ 'ഉരുളക്കിഴങ്ങ്' ആണെന്നും, 'ബേങ്ങന്‍' എന്നു പറഞ്ഞാല്‍ 'വഴുതനങ്ങ'യാണെന്നും 'അര്‍‌ബി' എന്നാല്‍ അറബിയല്ല 'ചേമ്പാണെ'ന്നും, 'ചാവല്‍' എന്നു പറഞ്ഞാല്‍ അരിയാണെന്നും, 'നാക്ക്' എന്നു പറഞ്ഞാല്‍ മൂക്ക് ആണെന്നുമൊക്കെ  പഠിപ്പിച്ചത് ഡല്‍ഹിക്കാരാണ്.   ജീവിക്കണമെങ്കില്‍ ഹിന്ദി പഠിച്ചേ തീരൂ എന്ന ചിന്ത  മാതൃഭാഷയോടൊപ്പം ഹിന്ദിയേയും നെഞ്ചോടു ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. മലയാളത്തെ സ്‌നേഹിക്കണമെന്ന്‌ പറഞ്ഞാല്‍ മലയാളം മാത്രം പഠിച്ചാല്‍ മതിയെന്നര്‍ത്ഥമാക്കുന്നവരാണ് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പരാജിതരാകുന്നത്. മാതൃഭാഷയോടൊപ്പം ഇംഗ്ലീഷും, കഴിയുമെങ്കില്‍ മറ്റു ഭാഷകളും കൂടി പഠിച്ചിരിക്കണം. ഒരു ഭാഷ പഠിക്കാന്‍ കഴിഞ്ഞാല്‍ ഒരായുസ്സ്‌ കൂട്ടി കിട്ടുന്നതിന്‌ തുല്യമാണ്‌. എന്നാല്‍ മലയാളത്തെ തഴഞ്ഞുകൊണ്ട്‌ ഇംഗ്ലീഷ്‌ മാത്രം പഠിക്കുകയുമരുത്‌. ആഗോളീകൃത ലോകവ്യവസ്ഥയില്‍ മലയാളിക്ക്‌ ചെന്നെത്താവുന്ന വിസ്‌തൃതമായ ഈ ഭൂഗോളത്തില്‍, ഒരു പക്ഷേ, അവനെ സഹായിക്കുന്ന ഭാഷ ഇംഗ്ലീഷായിരിക്കും.

മലയാളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മലയാളം കൊണ്ടുതന്നെ ജീവിക്കാനുതകുന്ന ഒരവസ്ഥ ഉണ്ടാകണമെന്നൊക്കെ വാദിക്കുന്നത് ഭാഷാമൗലികവാദമായിത്തീരും. പ്രത്യേകിച്ച് പ്രവാസത്തിന്റെ സമ്പന്നപാരമ്പര്യമുള്ള മലയാളിക്ക് ഇത്തരമൊരു ഭാഷാ മൗലികവാദത്തിന് അടിമപ്പെടാന്‍ തീര്‍ച്ചയായും കഴിയില്ല. അതിനുപകരം, ഭാഷാപഠനത്തെ സാംസ്കാരികപഠനമാക്കി പരിവര്‍ത്തനം ചെയ്ത് മത്സരാധിഷ്ഠിതമായ ആധുനികലോകത്തിന്റെ പ്രതിനിധിയായി മാറാന്‍ പുതിയ തലമുറയെ പര്യാപ്തമാക്കുകയാണ് വേണ്ടത്. മലയാളവും ഇംഗ്ളീഷും ഹിന്ദിയുമെല്ലാം പ്രയോഗിക്കുകയും അതേസമയം, മാതൃഭാഷ നല്‍കുന്ന ഉപ്പിലും ചോറിലും അഭിമാനിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരട്ടെ. മലയാളത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളെക്കൊണ്ട് "ഹരിശ്രീ ഗണപതായേ നമഃ അവിഘ്‌നമസ്‌തു" എന്ന സംസ്‌കൃതവാക്യം എഴുതിക്കുന്നതുതന്നെ വളരെ വിരോധാഭാസമാണ്‌. തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുന്നതിനു തുല്യമാണ്‌ എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുട്ടികളെക്കൊണ്ട് കടിച്ചാല്‍ പൊട്ടാത്ത ഭാഷയില്‍ തന്നെ ആദ്യാക്ഷരം കുറിപ്പിക്കുന്നത്‌.

ഇംഗ്ലീഷ്‌ വാക്കുകളെയെല്ലാം മലയാളീകരിച്ചെഴുതുന്നവരാണ് ഇന്ന് ഭൂരിഭാഗം മലയാളികളും. സ്വദേശത്തും വിദേശത്തും ഇത്തരക്കാരെ കാണാം. ആധുനിക സാമ്പത്തികനയമായ ഗ്ലോബലൈസേഷനെ മലയാളീകരിച്ച്‌ ആഗോളവല്‍ക്കരണം എന്നാക്കാമെങ്കില്‍ എന്തുകൊണ്ട്‌ മറ്റു വാക്കുകളേയും മലയാളീകരിച്ചുകൂടാ എന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു. ട്രെയിന്‍ എന്ന ഇംഗ്ലീഷ് വാക്കിന്‌ മലയാളത്തില്‍ തീവണ്ടി എന്നു പറയുന്നു. കാരണം തീയുടെ സഹായത്താല്‍ ഓടുന്ന വാഹനമാണല്ലോ തീവണ്ടി. എന്നാല്‍ ഇലക്‌ട്രിക്‌ ട്രെയിനിനെ മലയാളത്തില്‍ എന്തു വിളിക്കും. വൈദ്യുതവണ്ടിയെന്നോ?   ഇംഗ്ലീഷില്‍ കമ്പ്യൂട്ടര്‍ എന്നു പറയുന്നതിനു പകരം 'വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിര്‍വ്വഹിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു യന്ത്രം' എന്നൊക്കെ പറയുന്നത് സങ്കീര്‍ണ്ണമാണ്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പല വാക്കുകളും ഇംഗ്ലീഷില്‍ തന്നെ മറ്റു വസ്‌തുക്കള്‍ക്കും ജീവികള്‍ക്കും ഉപയോഗിക്കുന്നവയാണ്‌. ഉദാ. ഹാര്‍ഡ്‌ വെയര്‍, ക്യാബിനറ്റ്‌, മൗസ്‌, മോണിറ്റര്‍ തുടങ്ങിയവ. ഇവയെ മലയാളത്തിലാക്കുമ്പോള്‍ മൗസ്‌ എന്നതിനെ എലി എന്ന്‌ എഴുതേണ്ടിവരും. അതുപോലെ തമിഴ്‌, കന്നട, സംസ്‌കൃതം, അറബി, സുറിയാനി, ജൂത, ഇംഗ്ലീഷ്‌, ചൈനീസ്‌ തുടങ്ങി നിരവധി ഭാഷകളുടെ ഒരു സങ്കലനം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. ഇവയില്‍ ചിലത് ഒഴിവാക്കിയാലും ശുദ്ധമായ മലയാളം എഴുതാനോ പറയുവാനോ നമുക്ക് കഴിയില്ല. വസൂല്‍, കടലാസ്‌, ബാക്കി, ഹല്‍വ, അനാമത്ത്‌, അസല്‍, രാജി, കാപ്പി, കുറുമ, ശര്‍ക്കര, ചായ, ചാര്‍, ദശ, മസാല, ശര്‍ബത്ത്‌, സലാഡ്‌, സുലൈമാനി, കൂജ, കുപ്പി, പിഞ്ഞാണം, ഭരണി, കമീസ്‌, ഖദര്‍, ജുബ്ബ, പര്‍ദ, പൈജാമ, ഞാത്ത്‌, ദല്ലാള്‍, കലാസി, കശാപ്പുകാരന്‍, അക്കല്‍ തുടങ്ങിയ വാക്കുകളെല്ലാം അറബിയില്‍ നിന്നും മലയാളത്തിലേക്ക്‌ കടന്നുവന്നവയാണ്‌. ഈ വാക്കുകള്‍ ഇന്ന്‌ നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്‌. അപ്പോള്‍ മലയാള ഭാഷ മാത്രം പഠിച്ചാല്‍ മതിയെന്ന് ശഠിക്കുന്നതും ശരിയല്ല.

മലയാളിയായ ഒരു ഐ.ടി പ്രൊഫഷനലിന് ഇംഗ്ളീഷ് ഉപയോഗിച്ചായിരിക്കാം അയാളുടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം അനിവാര്യമാണ്. പക്ഷേ, അയാളുടെ ആശയവിനിമയങ്ങളുടെയും പ്രൊഫഷണല്‍ പ്രയോഗരീതികളുടെയും അടിസ്ഥാനം മാതൃഭാഷ നല്‍കിയ ബൗദ്ധികമായ തെളിച്ചവും അതുവഴിയുണ്ടാകുന്ന ആത്മവിശ്വാസവുമായിരിക്കും. ഈയൊരു ആത്മവിശ്വാസമാണ് മലയാളം മാത്രം കൈവശമുള്ള ഒരു മലയാളിയെ ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറഞ്ഞയക്കുന്നത്. ഗള്‍ഫില്‍ മലയാളം മാത്രം വിനിമയം ചെയ്ത് ജീവിക്കുന്ന വെറും സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികളെ കാണാം. ഇംഗ്ളീഷും അറബിയും ഈജിപ്ത്യനും തുടങ്ങി അനേകം ലോകഭാഷകള്‍ ഒരുമിച്ച് ഇടപഴകുന്ന ഒരു കോസ്മോപൊളിറ്റന്‍ സമൂഹത്തില്‍ സ്വന്തം മലയാളം മാത്രം മുറുകെപ്പിടിച്ച് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള ആത്മവിശ്വാസം ഇവര്‍ക്ക് എങ്ങനെ കൈവന്നു. തീര്‍ച്ചയായും അതില്‍ ഒരു പങ്ക് മാതൃഭാഷക്കുകൂടിയുള്ളതാണ്.

ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രവാസി മലയാളികളുടെ തലമുറകള്‍ അവരുടെ മക്കളെ മലയാളത്തിന്റെ സംസ്കാരത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഭാഷയെ ഒരു വികാരമായി ഏറ്റെടുക്കുന്നത് കേരളത്തിലുള്ളവരേക്കാള്‍ പ്രവാസി മലയാളികളാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. നാട്ടില്‍ നിന്ന് വരുന്ന എഴുത്തുകാരും രാഷ്ട്രീയക്കാരും കലാകാരന്മാരും ഏകസ്വരത്തില്‍ അഭിപ്രായപ്പെടാറുള്ള സത്യം. സ്വന്തം ഭാഷയെ അടയാളപ്പെടുത്താനുള്ള ഒരു സന്ദര്‍ഭവും നാം പാഴാക്കാറില്ല. ഓണവും വിഷുവും ക്രിസ്മസും റംസാനും പ്രവാസി മലയാളികള്‍ ആഘോഷിക്കുന്നത് മലയാളത്തിന്റെ വീണ്ടെടുപ്പിലൂടെയാണ്. മക്കളെ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകള്‍ നടത്തുന്ന മലയാളം ക്ളാസുകളില്‍ അയച്ച് ഭാഷ പഠിപ്പിക്കുന്നത്, വീട്ടില്‍ മലയാളം സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത്, കവിതയും കഥയും വായിക്കാന്‍ പ്രേരിപ്പിക്കുന്നത്...സംസ്കൃതിയുടെ അതിശയകരമായ തുടര്‍ച്ചയാണ് പ്രവാസി മലയാളി ജീവിതത്തില്‍ കാണുന്നത്. അതുകൊണ്ട്, മലയാളത്തിന് ലഭിക്കുന്ന ഓരോ അംഗീകാരവും പ്രവാസികളെ സംബന്ധിച്ച് വിലപ്പെട്ടതാണ്. മാത്രമല്ല, തൊഴിലിനെ അധിഷ്ഠിതമാക്കിയുള്ള മലയാളിയുടെ പ്രവാസം അരനൂറ്റാണ്ടിനുശേഷം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. ഈ സമയത്തുതന്നെ മലയാളത്തിന്റെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നുവെന്നത് യാദൃശ്ചികമെങ്കിലും ഒരു അനിവാര്യതയാണ്.

ഭാഷയെക്കുറിച്ച് പറയുമ്പോള്‍ നാം മറ്റൊരു കാര്യവും കൂടി പരിഗണനയിലെടുത്തേ മതിയാവൂ. നമ്മുടെ 'മാതൃഭാഷ' മലയാളമാണെന്ന് അഹങ്കാരത്തോടെ പറഞ്ഞിരുന്നത് മാറ്റിപ്പറയേണ്ട കാലഘട്ടമാണിത്. പണ്ടുകാലത്ത് കേരളത്തിലെ യുവതീയുവാക്കള്‍ സ്വസമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചിരുന്ന കാലത്ത് , അവര്‍ക്കു പിറക്കുന്ന മക്കളുടെ മാതാപിതാക്കളായി കേരളത്തില്‍ തന്നെ ജീവിച്ചിരുന്നു.  എന്നാല്‍, കാലം മാറി, മലയാളികള്‍ ലോകമെങ്ങും വ്യാപരിച്ചു, അവര്‍ക്കിഷ്ടപ്പെട്ട, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു, അവര്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നു. ചൈനാക്കാരിയെ വിവാഹം കഴിച്ച മലയാളിക്ക് ജനിച്ച കുഞ്ഞിന്റെ മാതൃഭാഷ ചൈനീസ് ആകുമോ? മെക്സിക്കന്‍ സ്ത്രീയില്‍ ജനിച്ച കുഞ്ഞിന്റെ മാതൃഭാഷ സ്പാനിഷ് ആകുമോ? ഇല്ല. ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കണമെങ്കില്‍ എന്താണ്‌ മാതൃഭാഷ എന്ന്‌ നാം മനസ്സിലാക്കിയിരിക്കണം. മാതാവിന്റെ ഭാഷയാണോ മാതൃഭാഷ? അല്ലേ അല്ല. ഒരു കുട്ടി, ജനിച്ച മണ്ണിനേയും അവന്‍ വളരുന്ന ചുറ്റുപാടുകളെയും പരിസ്ഥിതിയേയും അവന്റെ സംസ്‌കാരത്തേയും കുറിച്ച്‌ പഠിക്കുവാന്‍ അവനെ സഹായിക്കുന്ന ഭാഷയാണ്‌ അവന്റെ മാതൃഭാഷ. വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ മക്കളുടെ മാതൃഭാഷ മലയാളമാണെന്ന് ശഠിക്കുന്നത് ശരിയല്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഇവിടെ ഒരു കാര്യം സത്യമായി തന്നെ അവശേഷിക്കുന്നു. വില്ലന്‍ അന്യഭാഷാ അധിനിവേശമല്ല; നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിധമുള്ള കമ്പ്യൂട്ടറിന്റെ വളര്‍ച്ചയാണ്‌ കാരണം. കമ്പ്യൂട്ടര്‍ യുഗത്തില്‍ ഭാഷകള്‍ക്ക്‌ പ്രാധാന്യമേ ഇല്ല. വിവരസാങ്കേതിക വിദ്യയില്‍ എല്ലാം ചിഹ്നങ്ങള്‍ (ICON) കൊണ്ട്‌ കൈകാര്യം ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുന്നു. പ്രിന്റ്‌ എടുക്കാന്‍ (PRINT) എന്ന്‌ എഴുതിയ വാക്കില്‍ ക്ലിക്ക്‌ ചെയ്യുന്നതിനു പകരം ഒരു പ്രിന്ററിന്റെ പടം മാത്രം കൊടുത്തിരിക്കുന്നു. ആ പേജിന്റെ പ്രിന്റ്‌ എടുക്കാന്‍, ഈ പടത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ മതി. ഭാഷകള്‍ ഉടലെടുക്കുന്നതിന്‌ മുന്‍പ്‌ ശിലായുഗത്തിലെ മനുഷ്യന്‍ ആശയവിനിമയത്തിന്‌ ഉപയോഗിച്ചിരുന്ന രീതിയിലേക്ക്‌ ഇന്ന്‌ നാം തിരിച്ചെത്തിക്കഴിഞ്ഞു. ക്രമേണ പുസ്‌തകങ്ങള്‍ പ്രിന്റ്‌ ചെയ്‌ത്‌ ബുക്ക്‌ ആക്കി ഉപയോഗിക്കേണ്ട ആവശ്യം തന്നെ വരില്ല. പുസ്‌തകം മുഴുവനും സംഭാഷണ രീതിയിലേക്ക്‌ മാറ്റി വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്‌താല്‍ ഒറ്റ ക്ലിക്കില്‍ എല്ലാം മനസ്സിലാക്കാം. അല്ലെങ്കില്‍ ഒരു സിഡിയിലാക്കി സൂക്ഷിക്കാം. ഇവിടെയും ഭാഷ വായിക്കാന്‍ പഠിക്കേണ്ട ആവശ്യമില്ല. വിവരസാങ്കേതിക വിദ്യയ്‌ക്ക്‌ അഥവാ കമ്പ്യൂട്ടര്‍ മേഖലയ്‌ക്ക്‌ ഒരു ദൂഷ്യമുള്ളത്‌ ഇതു തന്നെയാണ്‌. അത്‌ ഏതു ഭാഷയേയും ക്രമേണ ഞെക്കിക്കൊല്ലും. ഭാഷകള്‍ക്ക്‌ പകരം ചിഹ്നങ്ങളുടെ ഉപയോഗം ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കും. എന്നിരുന്നാലും വിവരസാങ്കേതിക രംഗത്ത്‌ മലയാളത്തിന്റെ വളര്‍ച്ച നമ്മുടെ ഭാഷാ വൈജ്ഞാനികതയ്‌ക്ക്‌ ഒരു മുതല്‍കൂട്ടായിരിക്കുമെന്നതില്‍ സംശയം വേണ്ട.

മലയാള ഭാഷയെക്കുറിച്ച് പറയുമ്പോള്‍ പ്രൊഫ. എം.കെ. സാനുവിന്റെ അഭിപ്രായം കൂടി ശ്രദ്ധിച്ചിരിക്കുന്നത്‌ നല്ലതാണ്‌. "ജനാധിപത്യ സംവിധാനക്രമവും പ്രായപൂര്‍ത്തി വോട്ടവകാശവും എന്നുവരെ നിലനില്‍ക്കുമോ അന്നോളം നമ്മുടെ ഭാഷയ്‌ക്ക്‌ കാര്യമായ കോട്ടമൊന്നും സംഭവിക്കില്ലെന്ന വിശ്വാസമാണ്‌ എനിക്കുള്ളത്‌. മറ്റൊരു മനസ്സുമായുള്ള അര്‍ത്ഥപൂര്‍ണ്ണമായ സംവാദത്തിന്‌ മാതൃഭാഷ കൂടിയേതീരൂ. ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്കിടയില്‍ അവരുടെ പൈതൃകത്തെ ചൊല്ലിയുള്ള അഭിമാനം വര്‍ദ്ധിച്ചു വരികയാണ്‌. ഓരോ ജനതയും അവരുടെ പൈതൃക സമ്പത്തുകള്‍ വീണ്ടെടുക്കാനും സൂക്ഷിക്കാനുമുള്ള തയ്യാറെടുപ്പിലുമാണ്‌. അവനവന്റെ സാംസ്‌കാരികത്തനിമയില്‍ ഊറ്റം കൊള്ളാത്ത ഒരൊറ്റ മനുഷ്യനും ഇന്നില്ല. ഭാഷയെയും സംസ്‌കാരത്തെയും ആവേശത്തോടെ മുറുകെപിടിക്കുന്ന, ലോകത്തെമ്പാടും മുന്നേറ്റങ്ങള്‍ ശുഭപ്രതീക്ഷ ഉണര്‍ത്തുന്നു. ഭാഷയുടെ ഭാവിയെ സംബന്ധിക്കുന്ന വാഗ്‌ദാനമായി ഇതിനെ കാണേണ്ടതുണ്ട്‌.”

ഉയര്‍ന്ന വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും നേടിയ ബൗദ്ധിക തലമുറയെയാണ് വിദേശ രാജ്യങ്ങള്‍ കേരളത്തില്‍നിന്ന് ആവശ്യപ്പെടുന്നത്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പറിച്ചു നടപ്പെടുന്ന ഈ തലമുറയുടെ മാതൃഭാഷ ആധുനികമായ വിനിമയശേഷിയുള്ള ഒന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ശ്രമം തുടങ്ങാനുള്ള അവസരമാക്കി മാറ്റട്ടെ മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഭാഷാ പദവി.

Tuesday, April 25, 2017

വിവാദങ്ങളുടെയും വീഴ്ചകളുടെയും ഒന്നാം വാര്‍ഷികവുമായി പിണറായി സര്‍ക്കാര്‍

പിണറായി വിജയന്‍ സര്‍ക്കാര്‍ വിവാദങ്ങളുടെയും വീഴ്ചകളുടെയും ഒന്നാം വാര്‍ഷികം ആഘോഷിക്കാനൊരുങ്ങുന്നു. ഇതുവരെ കേരളത്തില്‍ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു സംസ്ഥാന സര്‍ക്കാറിനും സംഭവിച്ചിട്ടില്ലാത്ത അത്ര പ്രതിച്ഛായാ നഷ്ടവുമായാണ് പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുന്നത്.രു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാറിന്‍െറ ഒരേയൊരു തീരുമാനം മാത്രമാണ് പൊതുസമൂഹത്തിന്‍െറ അഭിനന്ദനം നേടിയെടുത്തുള്ളൂ. എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനമാണത്. ഈയൊരു തീരുമാനം ഒഴിച്ചുനിര്‍ത്തിയാല്‍ കൈവച്ചതെല്ലാം പിണറായിക്ക് പൊള്ളുന്ന അനുഭവമായിരുന്നു.

ഒരു വര്‍ഷത്തിനിടെ രണ്ടു മന്ത്രിമാരുടെ നാണം കെട്ട രാജിയാണ് ഏറ്റവും വലിയ പ്രതിസന്ധി സൃഷ്ടിച്ചത്. അതില്‍, സി.പി.എം കേന്ദ്ര കമ്മിറ്റി അംഗം കൂടിയായ ഇ.പി ജയരാജന്‍ രാജിവച്ചത് ബന്ധുനിയമന ആരോപണത്തിലാണ്. മന്ത്രിസഭയിലെ രണ്ടാമന്‍ തന്നെ അഴിമതിയുമായി ബന്ധപ്പെട്ട് പുറത്തായത് ഇടതുപക്ഷ സര്‍ക്കാറിന് കുറച്ചൊന്നുമല്ല നാണക്കേടായത്. മറ്റൊരു മന്ത്രിയായ എ.കെ ശശീന്ദ്രനാകട്ടെ, അതിനേക്കാള്‍ നാണംകെട്ട ആരോപണത്തിലും പുറത്തായി. പിണറായിയുടെ മറ്റൊരു വിശ്വസ്തനായ എം.എം മണിയാകട്ടെ സ്ത്രീകളുമായി ബന്ധപ്പെട്ട മറ്റൊരു വിവാദച്ചുഴിയിലാണിപ്പോള്‍. ഇത്തരം വിവാദങ്ങള്‍ ഭരണരംഗത്തെയും മുന്നണി ബന്ധങ്ങളെയും അടിമുടി ഉലച്ചു.

ആഭ്യന്തര മന്ത്രിസ്ഥാനം ഏറ്റെടുത്തപ്പോള്‍ പിണറായി വിജയന് പൊലീസിനുമേല്‍ ശക്തമായ നിയന്ത്രണമുണ്ടാകുമെന്നായിരുന്നു ഏവരുടെയും പ്രതീക്ഷ. എന്നാല്‍ നാളുകള്‍ക്കുള്ളില്‍ അത് പൊലിഞ്ഞു. യു.ഡി.എഫ് ഭരണത്തില്‍ പോലുമില്ലാത്തവിധം പൊലീസ് അഴിഞ്ഞാടി. നിസാര സംഭവങ്ങള്‍ക്കുപോലും യു.എ.പി.എ ചുമത്തി. ഇത് പൊലീസ് മേധാവിക്കുതന്നെ തള്ളിപ്പറയേണ്ടിവന്നു. നിലമ്പൂരില്‍ മാവോവാദികളെ വെടിവച്ചുകൊന്നത് ഇടതുപക്ഷ സര്‍ക്കാറിന്‍െറ മുഖത്തേറ്റ മറ്റൊരു കളങ്കമായി. ലോക്നാഥ് ബഹ്റയുടെ നേതൃത്വത്തിലുള്ള പൊലീസ് വലതുപക്ഷ പൊലീസ് ആണെന്ന് അതിന്‍െറ നടപടികള്‍ തെളിയിച്ചു. ഒരു ഇടതുപക്ഷ സര്‍ക്കാര്‍ വലതുപക്ഷ പൊലീസുമായി മുന്നോട്ടുപോകുന്ന കാഴ്ചയാണിപ്പോള്‍ കാണുന്നത്. പിണറായി വിജയന്‍ ആരോപണം നേരിടുന്ന ലാവ്‌ലിന്‍ കേസുമായി ബന്ധപ്പെട്ടാണ് ലോക്നാഥ് ബഹ്റയെ അപമാനം സഹിച്ചും ഡി.ജി.പിയായി തുടരാന്‍ അനുവദിച്ചിരിക്കുന്നതെന്നാണ് അണിയറ സംസാരം. മുന്നണിയില്‍ സി.പി.ഐയും സി.പി.എമ്മിലെ തന്നെ ഒരു വിഭാഗവും ബഹ്റക്കെതിരെ രംഗത്തുവന്നിട്ടും പിണറായി വിജയന്‍ ബഹ്റക്കുപിന്നില്‍ ഉറച്ചുനില്‍ക്കുന്നത് തന്‍െറ നേരെ തൂങ്ങിനില്‍ക്കുന്ന ലാവ്‌ലിന്‍ വാളില്‍നിന്ന് രക്ഷതേടിയാണെന്നാണ് സംസാരം.

വന്‍ പരാജയമായ മറ്റൊരു മന്ത്രി വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥാണ്. വിദ്യാഭ്യാസ വകുപ്പ് സി.പി. എം ഏറ്റെടുത്തത് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്നവരില്‍ വലിയ പ്രതീക്ഷയുണ്ടാക്കിയിരുന്നു. എന്നാല്‍, മൗലികമായ ഒരു സംഭാവനയും മന്ത്രിയില്‍നിന്നുണ്ടായില്ലെന്നു മാത്രമല്ല, എസ്.എസ്.എല്‍.പി പരീക്ഷ ചോദ്യപേപ്പര്‍ ചോര്‍ച്ചയൊക്കെ സര്‍ക്കാറിനുതന്നെ നാണക്കേടായി.

കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ അറുപതാം വാര്‍ഷികത്തിലാണ് മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റത്. വന്‍ പ്രതീക്ഷകളോടെയായിരുന്നു ജനം ഈ സര്‍ക്കാറിനെ കണ്ടത്. ‘ഇരട്ടച്ചങ്കന്‍’ എന്നൊക്കെ ഇരട്ടപ്പേരുള്ള ഒരു മുഖ്യമന്ത്രി അതിഗംഭീരമായ ഭരണം കാഴ്ചവക്കുമെന്നായിരുന്നു പാര്‍ട്ടി പ്രവര്‍ത്തകരുടെയും പ്രതീക്ഷ. എന്നാല്‍, ഇരട്ടച്ചങ്കുപോയിട്ട് ഒറ്റച്ചങ്കിന്‍െറ കരുത്തുപോലും ഇല്ലാത്ത ഒരാളാണ് പിണറായി എന്ന് അതിവേഗം തെളിയിച്ചു.

പിണറായിയുടെ പരാജയം യഥാര്‍ഥത്തില്‍ മുതലെടുത്തത് സി.പി.ഐയാണ്. മുമ്പെങ്ങുമില്ലാത്തവിധം ഇടതുപക്ഷത്തെ യഥാര്‍ഥ പ്രതിപക്ഷമായി സി.പി.ഐ മാറുന്ന കാഴ്ചയാണ് കേരളം കണ്ടത്. വി.എസ് അച്യുതാനന്ദന്‍ എന്ന പ്രതിപക്ഷം ഭരണപരിഷ്കാര കമീഷന്‍ കസേരയില്‍ സുഖസുഷുപ്തിയിലാണ്. അതുകൊണ്ടുതന്നെ അദ്ദേഹത്തിന്‍െറ ശൗര്യം പണ്ടേപ്പോലെ ഫലിക്കുന്നില്ല. ഈ ഗ്യാപാണ് സി.പി.ഐ മുതലാക്കിയത്. ഒരുപക്ഷെ, പിണറായി സര്‍ക്കാറിന്‍െറ ജനവിരുദ്ധ തീരുമാനങ്ങളുടെ ഏറ്റവും വലിയ ഗുണഭോക്താവ് സി.പി.ഐയാണ്.

സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണെങ്കിലും, ഭരണ നേതൃത്വത്തിന് വീഴ്ച സംഭവിച്ചാല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനാണ് കോട്ടം തട്ടുന്നത്. വീഴ്ചയില്‍ നിന്ന് ഗുണപാഠം പഠിക്കുന്ന നേതാക്കള്‍ ഇച്ഛാശക്തിയോടെ, തെറ്റുകള്‍ തിരുത്തി മുന്നോട്ടു നീങ്ങുമ്പോഴാണ് ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസം കൂടുതല്‍ തിളങ്ങുന്നത്. അങ്ങനെയൊരു തിളക്കം പിണറായി വിജയനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിതമാകട്ടേ എന്ന് ആശംസിക്കുന്നു.

പിണറായി പിടിച്ച കുരിശ് (ലേഖനം - രണ്ടാം ഭാഗം)

മൂന്നാറില്‍ ഭൂമി കൈയ്യേറി കുരിശ് മാത്രമല്ല സ്ഥാപിച്ചിട്ടുള്ളതെന്ന് ഇടതുവലതു സര്‍ക്കാരുകള്‍ക്ക് വ്യക്തമായി അറിവുള്ളതാണ്. അര്‍പ്പണ ബോധവും ഇച്ഛാശക്തിയുമുണ്ടായിരുന്നെങ്കില്‍ അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ ഭരണകാലത്തുതന്നെ അവയെല്ലാം ഒഴിപ്പിക്കാമായിരുന്നു. പക്ഷെ, അദ്ദേഹത്തെ ആ ഉദ്യമത്തില്‍ നിന്ന് പിന്തിരിപ്പിച്ചത് പാര്‍ട്ടി തന്നെയാണ്. യു.ഡി.എഫ്, സിപിഐ, സിപി‌എം പാര്‍ട്ടികളുടേയും, ടാറ്റ പോലുള്ള വന്‍‌കിട കൈയ്യേറ്റക്കാരുടെയും അനധികൃത നിര്‍മ്മാണങ്ങള്‍ ഒഴിപ്പിക്കുമെന്ന് ബോധ്യമായപ്പോഴാണ് അന്നത്തെ ദൗത്യസംഘത്തെ ഭീഷണിയിലൂടെ പുറത്താക്കിയത്. അതിനുശേഷം വന്ന യു.ഡി.എഫ്. സര്‍ക്കാരാകട്ടേ ആ വഴിക്ക് തിരിഞ്ഞു നോക്കിയതുപോലുമില്ല. ഇപ്പോള്‍ യുഡി‌എഫ് നേതാക്കള്‍ പിണറായി വിജയനെ പഴിചാരുന്നത് ഒരുതരം അവസരവാദമായിട്ടേ കാണാന്‍ കഴിയൂ.

‘സീസര്‍ക്കുള്ളത് സീസര്‍ക്കും ദൈവത്തിനുള്ളത് ദൈവത്തിനു’മെന്ന ക്രിസ്തുവചനം മതനിരപേക്ഷതയുടെയും മത-രാഷ്ട്രീയ ബന്ധങ്ങളുടെയും സമഗ്ര മൂര്‍ത്തീകരണമാണ്. രാഷ്ട്രീയ സമ്പത്തിന്മേല്‍ മതത്തിന്റെ പേരിലെ കൈയേറ്റത്തെയാണ് മൂന്നാറിലെ പാപ്പാത്തിച്ചോല പ്രതിനിധാനം ചെയ്യുന്നത്. അതിനെ അപലപിക്കാന്‍ മതമേലധ്യക്ഷന്മാര്‍ മടികൂടാതെ രംഗത്തുവന്നെന്നത് മതേതര ജനാധിപത്യത്തിന്റെ വിജയമായി ചരിത്രം അടയാളപ്പെടുത്തും. അനധികൃതമായി സ്ഥാപിച്ച കുരിശ് നീക്കം ചെയ്ത രീതിയോടുള്ള ചില വൈകാരിക പ്രതികരണങ്ങള്‍ ഒഴിച്ചാല്‍ സഭകള്‍ തന്നെ സര്‍ക്കാര്‍ നടപടിയെ ശ്ലാഘിക്കുകയായിരുന്നു.

ഇപ്പോള്‍ മൂന്നാറില്‍ സ്ഥാപിച്ചിട്ടുള്ള കുരിശ് അനധികൃതവും അനാവശ്യവുമാണെന്ന് വിവിധ സഭകള്‍ പ്രസ്താവിച്ചിട്ടും ആ കുരിശിന്റെ പേരില്‍ പിണറായി വിജയന്‍ കാട്ടിക്കൂട്ടിയ വെപ്രാളങ്ങള്‍ സ്വന്തം പാര്‍ട്ടിയേയും സഖ്യകക്ഷികളേയും രക്ഷിക്കാന്‍ തന്നെയാണ്. കുരിശ് പൊളിച്ച സംഭവം അറിഞ്ഞില്ലെന്ന്  പറയുന്നത് അപഹാസ്യമാണ്.  ക്രിസ്തുമത സമൂഹങ്ങള്‍ പൊതുവില്‍ അപലപിക്കാന്‍ മുതിര്‍ന്ന മതപ്രതീകങ്ങളുടെ ദുരുപയോഗത്തെ പിന്തുണക്കാന്‍ ശ്രമിക്കുന്നവര്‍ ഫലത്തില്‍ അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും സംരക്ഷണ കവചമൊരുക്കി പ്രോത്സാഹിപ്പിക്കുകയാണ് ചെയ്യുന്നത്. ഭൂരഹിത കുടിയേറ്റക്കാര്‍ വീടുവെക്കാന്‍ നല്‍കിയ അപേക്ഷകള്‍ക്ക് അനുമതി നല്‍കാതെ അവരുടെ പേരില്‍ കൈയേറ്റക്കാര്‍ക്കായി പ്രതിരോധം തീര്‍ക്കുന്നവരുടെ തനിനിറം ജനം തിരിച്ചറിയും. കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമം ആരംഭിക്കുമ്പോള്‍ അതിനെ തകര്‍ക്കാന്‍ നിക്ഷിപ്ത ഭൂ-റിസോര്‍ട്ട് മാഫിയ സംഘങ്ങളാണ് മുന്‍‌നിരയില്‍ നില്‍ക്കുന്നത്. അതില്‍ എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരുമുണ്ട്.

കൈയേറ്റത്തിനെതിരായ നിലപാട് ആത്മാര്‍ഥമാണെങ്കില്‍  രവീന്ദ്രന്‍ പട്ടയത്തിന്റെ പേരില്‍ റിസോര്‍ട്ടായി പ്രവര്‍ത്തിക്കുന്ന സിപി‌എം പാര്‍ട്ടി ഓഫീസ് പൊളിക്കുകയാണ് ആദ്യം ചെയ്യേണ്ടത്. രവീന്ദ്രന്‍ പട്ടയം വ്യാജമാണെന്ന് കെപി രാജേന്ദ്രന്‍ റവന്യൂ മന്ത്രിയായിരിക്കെ നിരവധി തവണ ഹൈക്കോടതിയില്‍ സത്യവാങ് മൂലം നല്‍കിയിട്ടുള്ളതാണ്. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരിക്കെ രവീന്ദ്രനെതിരെ അന്വേഷണത്തിന് ഉത്തരവിട്ടിട്ടും ഒരു ചെറുവിരല്‍ അനക്കാന്‍ പോലും യു.ഡി.എഫിനോ എല്‍‌ഡി‌എഫിനോ കഴിഞ്ഞില്ല. അനധികൃതമായി ഭൂമി കൈയ്യേറി കൈവശം വെച്ചിരിക്കുന്ന ടാറ്റക്കെതിരെ നടപടിയെടുക്കാന്‍ സിപി‌ഐയും റവന്യൂ വകുപ്പും ഇതുവരെ ശ്രമിച്ചിട്ടുമില്ല.

മതചിഹ്നങ്ങള്‍ സ്വാര്‍ഥതാല്‍പര്യത്തിന് ഉപയോഗിക്കുന്നവര്‍ ഏത് മതക്കാരായാലും മുഖം നോക്കാതെ നടപടിയെടുക്കണം. അതിനുള്ള ആര്‍ജ്ജവമാണ് വേണ്ടത്. എല്ലാ മാനദണ്ഡങ്ങളും പാലിച്ചാണ് കൈയ്യേറ്റമൊഴിപ്പിക്കാന്‍ ഇറങ്ങിത്തിരിച്ചതെന്ന് ദേവികുളം കലക്ടര്‍ പറയുമ്പോള്‍, സര്‍ക്കാരും പോലീസും അറിയാതെയാണ് ഇതൊക്കെ ചെയ്തതെന്ന് മുഖ്യമന്ത്രി പറയുന്നതിന്റെ പൊരുളാണ് സംശയത്തിനിട നല്‍കുന്നത്. സല്‍‌പ്രവൃത്തികള്‍ ചെയ്യുന്ന ഉദ്യോഗസ്ഥരെ ചിലരുടെ കുത്സിത ശ്രമങ്ങളിലൂടെ സ്ഥലം മാറ്റുന്ന പ്രവണത സര്‍ക്കാരുകള്‍ കാണിക്കാറുണ്ട്. അതുപോലെ ദേവികുളം സബ് കലക്ടറെ സ്ഥലം മാറ്റാനുമുള്ള ഗൂഢാലോചനയുടെ ഭാഗമാണോ മുഖ്യമന്ത്രിയുടെ വികാരപ്രകടനമെന്നും സംശയിക്കണം.

മൂന്നാര്‍ കുറിഞ്ഞി സങ്കേതത്തില്‍ 32 ഏക്കര്‍ കൈയ്യേറിയ സി.പി.എം എം.പി ജോയ്സ് ജോര്‍ജിനെയും, മൂന്നാറില്‍ തന്നെ സര്‍ക്കാര്‍ ഭൂമി കൈവശം വെച്ചിട്ടുള്ള പാര്‍ട്ടി എം.എല്‍.എ എസ്. രാജേന്ദ്രനേയും കുടിയൊഴിപ്പിച്ച് സര്‍ക്കാര്‍ ആത്മാര്‍ഥത തെളിയിച്ചിരുന്നെങ്കില്‍ പ്രശ്നം ഇത്ര സങ്കീര്‍ണ്ണമാകുകയില്ലായിരുന്നു. എം.എല്‍.എ. രാജേന്ദ്രനാണ് സബ് കലക്ടറേയും ഭൂസം‌രക്ഷണ സേനയേയും ആക്രമിക്കാന്‍ മുന്‍‌നിരയില്‍ തന്നെ ഉണ്ടായിരുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
കൈയ്യേറ്റങ്ങള്‍ കുരിശിന്റെ രൂപത്തിലായാലും മറ്റെന്തിന്റെയെങ്കിയെങ്കിലുമോ രൂപത്തിലായാലും ഒഴിപ്പിക്കണമെന്ന് മുന്‍ മുഖ്യമന്ത്രിയും ഇപ്പോള്‍ ഭരണപരിഷ്കാര കമീഷന്‍ അധ്യക്ഷനുമായ വി.എസ്. അച്യുതാനന്ദന്റെ പ്രസ്താവന തന്നെ സ്വന്തം പാര്‍ട്ടി കൈയ്യേറ്റക്കാരാണെന്ന് പറയാതെ പറഞ്ഞുവെച്ചതല്ലേ.

"ക്രൈസ്തവരെ സംബന്ധിച്ച് കുരിശ് എന്നത് വിശ്വാസത്തോടു വളരെയേറെ ബന്ധപ്പെട്ട അടയാളമാണ്. ഇതിനെ ആദരവോടെ സമീപിക്കണമെന്നാണ് സഭയുടെ ആഗ്രഹം. വനഭൂമി കൈയേറ്റത്തിനെ ന്യായീകരിക്കുന്നില്ല. എല്ലാ മതസ്ഥരും പൊതുസ്ഥലങ്ങളില്‍ അവരുടേതായ ചില കാര്യങ്ങള്‍ സ്ഥാപിക്കുന്ന രീതി ദശകങ്ങളായി ഉണ്ടായിരുന്നു. ഇപ്പോള്‍ അതിനെതിരെ നടപടി എടുക്കുകയാകും ചെയ്യുന്നത്. എന്തായാലും ഇക്കാര്യത്തില്‍ സഭയുടെ നിലപാട് വ്യക്തമാണ്. വനഭൂമി കൈയേറി കുരിശ് സ്ഥാപിക്കുന്നത് സഭയുടെ പ്രഖ്യാപിത നടപടിയല്ല. വനഭൂമി കൈയേറ്റത്തെ സഭ അംഗീകരിക്കുന്നില്ല" - കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുടെ വാക്കുകളാണിത്.

കത്തോലിക്കാ സഭയുടെ പഠനങ്ങളുമായി യോജിച്ചു പോകുന്നതല്ല സ്പിരിറ്റ് ഇന്‍ ജീസസിന്റെ രീതിയെന്നും ഇത് സംബന്ധിച്ച് ശ്രദ്ധയില്‍പെട്ടപ്പോള്‍ തിരുത്തണമെന്ന് നിര്‍ദേശം നല്‍കിയിരുന്നുവെന്നും തൃശൂര്‍ അതിരൂപത ആര്‍ച് ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പറയുന്നു. തന്നെയുമല്ല ഇവര്‍ക്കെതിരെ നിരവധി പരാതികളുണ്ടെന്നും ബിഷപ്പ് പറയുന്നു. സ്പിരിറ്റ് ഇന്‍ ജീസസിനേയോ അവരുടെ നിലപാടുകളെയോ കത്തോലിക്ക സഭ അംഗീകരിക്കുന്നില്ല. അവര്‍ക്ക് സഭയുമായി ബന്ധമില്ലെന്ന് നേരത്തെ വ്യക്തമാക്കിയതാണ്. ഇതുസംബന്ധിച്ച് പ്രത്യേക സര്‍ക്കുലര്‍ പുറപ്പെടുവിച്ചിരുന്നുവെന്നും ബിഷപ് പറയുന്നു. സ്ഥലം കൈയ്യേറി കുരിശ് സ്ഥാപിച്ചത് ക്രൈസ്തവ ദര്‍ശനത്തിന് എതിരാണ്. കൈയേറിയ സ്ഥലത്ത് മതചിഹ്നങ്ങള്‍ വെക്കുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറയുന്നു.

"കുരിശ് ആദരത്തിന്റെ പ്രതീകമാണ്. അത് അനാദരിക്കപ്പെടുന്ന രീതിയില്‍ പ്രതിഷ്ഠിക്കുന്നത് തെറ്റാണ്.   സഭ ഒരു സ്ഥലത്തും കൈയേറ്റത്തെ പ്രോത്സാഹിപ്പിക്കുന്നില്ല. അതേസമയം, കുരിശ് ഒരു വികാരവും വിശ്വാസവുമാണ്. ക്രൈസ്തവ ജീവിതത്തിന്റെ പ്രധാന ആണിക്കല്ലാണത്. അനധികൃതമായി ഭൂമി കൈയേറി അത് സ്ഥാപിക്കുന്നത് ശരിയല്ല." സീറോ മലബാര്‍ സഭാ വക്താവ് ഫാ. പോള്‍ തേലക്കാട്ടിന്റെ വാക്കുകളാണിവ. " ക്രൈസ്തവ സഭ ഒരിക്കലും കൈയ്യേറ്റത്തെ ന്യായീകരിക്കില്ല. സഭയുടെ വിശ്വാസത്തിന്റെ പ്രതീകമായ കുരിശിനെ കൈയേറ്റ ഭൂമിയിലല്ല സ്ഥാപിക്കേണ്ടത്." -  എറണാകുളം-അങ്കമാലി അതിരൂപത സഹായമെത്രാന്‍ ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ എടയന്ത്രത്ത് പറയുന്നു.

 മൂന്നാറിലെ ഇപ്പോഴത്തെ സംഭവവികാസങ്ങള്‍ നടക്കുന്നതുവരെ പാപ്പാത്തിച്ചോലയിലെ കുരിശിന്റെ ചരിത്രം ആര്‍ക്കും അറിയില്ലായിരുന്നു. 'സ്പിരിറ്റ് ഇന്‍ ജീസസ്' മേധാവി ടോം സക്കറിയയുടെ പിതാവ് അറുപതു വര്‍ഷം മുന്‍പ് സ്ഥാപിച്ചതാണത്രേ ആ കുരിശ് !! അത് ജീര്‍ണ്ണാവസ്ഥയിലെത്തിയപ്പോള്‍ 'പുതുക്കി' പണിതതെന്നാണ് സംഘടനയുടെ പ്രസ്താവന. കുരിശു പ്രശ്നം ഇപ്പോള്‍ എത്തിനില്‍ക്കുന്നത് ടോം സക്കറിയയും കുടുംബവും നടത്തിയ വന്‍ കൈയ്യേറ്റത്തിലേക്കാണ്. വൈദ്യുതി മന്ത്രി എം എം മണിയും സിപി‌എം എം.എല്‍.എ രാജേന്ദ്രനും ടോം സക്കറിയയെ ന്യായീകരിക്കാന്‍ കാരണം അവരുടെ അറിവോടെയാണ് ഈ കൈയ്യേറ്റങ്ങള്‍ നടത്തിയിരിക്കുന്നതെന്ന സത്യം മറച്ചു വെക്കാനായിരുന്നു. 'ഒരു കുരിശല്ലേ' എന്ന് ലാഘവത്തോടെ പറയുന്ന എം എം മണി യഥാര്‍ത്ഥത്തില്‍ പിണറായി വിജയനെ തെറ്റിദ്ധരിപ്പിക്കുകയാണ് ചെയ്യുന്നത്.

'സ്പിരിറ്റ് ഇന്‍ ജീസസ്' മേധാവി ടോം സക്കറിയയും കുടുംബവും ഉടുമ്പന്‍ചോല താലൂക്കിലെ പരിസ്ഥിതിലോല മേഖലയായ ചിന്നക്കനാലില്‍ എത്ര ഭൂമി കൈയേറിയെന്നതിനെക്കുറിച്ച് റവന്യൂ വകുപ്പിനുപോലും കണക്കില്ലെന്നു പറയുന്നു. പാപ്പാത്തിച്ചോലയില്‍ കുരിശാണ് സ്ഥാപിച്ചതെങ്കില്‍ മറ്റു സ്ഥലങ്ങളില്‍ ടോം സക്കറിയയുടെ വെള്ളുക്കുന്നേല്‍ കുടുംബം വ്യാജപട്ടയം മറയാക്കി വന്‍കിട റിസോര്‍ട്ടുകളാണ് പണിതുയര്‍ത്തിയിരിക്കുന്നത്. റവന്യൂ ഉദ്യോഗസ്ഥര്‍ നല്‍കിയ സ്റ്റോപ്പ് മെമ്മോകളും പട്ടയം റദ്ദാക്കണമെന്ന കലക്ടറുടെ ഉത്തരവും നോക്കുകുത്തിയാക്കിയാണ് ഈ കൈയേറ്റങ്ങള്‍ നടത്തിയത്. ടോം സക്കറിയയുടെ സഹോദരന്‍ ജിജി സക്കറിയയുടെ ഉടമസ്ഥതയിലുള്ള ഗ്രീന്‍ ജംഗിള്‍ റിസോര്‍ട്ട് സ്ഥിതിചെയ്യുന്ന ഭൂമി വ്യാജപട്ടയത്തിലൂടെ സ്വന്തമാക്കിയതാണെന്ന് റവന്യൂ കമീഷണര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ചിന്നക്കനാല്‍ വില്ലേജിലെ സര്‍ക്കാര്‍ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട് ആഭ്യന്തരവകുപ്പ് പുറത്തിറക്കിയ ഉത്തരവുകളില്‍ ടോമിന്റെ പിതാവ് സക്കറിയ ജോസഫിനെയും കുടുംബാംഗങ്ങളെയും പരാമര്‍ശിക്കുന്നുണ്ട്. ഭരണകക്ഷി എം.എല്‍.എയുമായും ടോം സക്കറിയയുമായും അടുത്ത ബന്ധമുള്ള പ്രദേശിക സി.പി.എം നേതാവാണ് ചിന്നക്കനാലിലെ കൈയേറ്റങ്ങളുടെ ഇടനിലക്കാരനെന്നും പറയുന്നു.

'സ്പിരിറ്റ് ഇന്‍ ജീസസി'ന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് സ്പെഷ്യല്‍ ബ്രാഞ്ച് അന്വേഷണം ആരംഭിച്ചു കഴിഞ്ഞു. തൃശൂര്‍ ജില്ലയിലെ ഒല്ലൂര്‍ തലോറിലാണ് സ്പിരിറ്റ് ഇന്‍ ജീസസിന്റെ ആത്മീയ പഠന കേന്ദ്രം.  ഇവരുടെ പ്രവര്‍ത്തനങ്ങളില്‍ ഇടുക്കി രൂപത നടപടിയെടുത്തപ്പോഴാണ് ടോം സ്കറിയ തൃശൂരിലെ പീച്ചിയില്‍ ‘വചനം കൂടാരം’ എന്ന പേരില്‍ ധ്യാനകേന്ദ്രം ആരംഭിച്ചത്. ജില്ലയില്‍ കേച്ചേരി, പുതുശേരി എന്നിവിടങ്ങളിലാണ് ടോമിനെ പിന്തുണക്കുന്നവരുള്ളതെന്ന് അന്വേഷണ സംഘത്തിന് വിവരം ലഭിച്ചിട്ടുണ്ട്. തൃശൂര്‍ കുരിയച്ചിറ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന സംഘമാണ് സ്പരിറ്റ് ഇന്‍ ജീസസ് മിനിസ്ട്രി. ഇടുക്കി ജില്ലയില്‍ ഇവര്‍ക്ക് അനുയായികളില്ല. കുരിശിനെ മാത്രം ആരാധിക്കുന്ന വ്യക്തി കേന്ദ്രീകൃത സഭയായതിനാല്‍ മറ്റ് ക്രൈസ്തവ സഭകളുടെ പിന്തുണയും ഇവര്‍ക്കില്ല. 24 വര്‍ഷം മുമ്പ് തനിക്ക് യേശുവിന്റെ വെളിപാടുണ്ടായി എന്നാണ് ടോം സക്കറിയ അവകാശപ്പെടുന്നത്.

കൈയ്യേറ്റ ഭൂമിയില്‍ നാട്ടിയ കുരിശ് വിവാദത്തില്‍ മാര്‍ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ പ്രസ്താവന ഏറെ ശ്രദ്ധേയമാണ്. "ആരായാലും അവരുടേതല്ലാത്ത ഭൂമി കൈയേറുന്നത് നീതിയല്ല, ഭൂമി കൈയേറി നാട്ടുന്ന കുരിശിന് വിശുദ്ധിയുമുണ്ടാകില്ല. സര്‍ക്കാര്‍ ജനങ്ങള്‍ക്കുവേണ്ടിയാണ്. ഭൂമിയുടെ ഒന്നാമത്തെ അവകാശി വീടില്ലാത്തവരാണ്. നിര്‍ധനര്‍ക്ക് വീടുവെക്കാന്‍ സ്ഥലം സര്‍ക്കാര്‍ നല്‍കണം. ഭൂമി ജനങ്ങള്‍ക്ക് കൊടുക്കണം. ആരാണെങ്കിലും അതിന്റെ ഉടമസ്ഥനോട് ചോദിക്കാതെ കൈയേറാന്‍ പാടില്ല. മറ്റുള്ളവരുടെ അടിസ്ഥാന ആവശ്യം നിഷേധിച്ച് കൈയേറ്റങ്ങള്‍ പാടില്ല." അതെ, അദ്ദേഹം പറഞ്ഞതാണ് ശരി. നിര്‍ധനരും തല ചായ്ക്കാന്‍ ഒരിടം പോലുമില്ലാത്ത പതിനായിരക്കണക്കിന് കുടുംബങ്ങളാണ് കേരളത്തിലുള്ളത്. 'പട്ടയ ദാന മേള' എന്ന പേരില്‍ എല്ലാ സര്‍ക്കാരുകളും കൊട്ടിഘോഷിച്ച് പട്ടയം നല്‍കുന്നു, മറുവശത്ത് പാര്‍ട്ടിക്കാരും ഗുണ്ടകളും അവരില്‍ നിന്ന് വ്യാജ രേഖകളിലൂടെ അതൊക്കെ തട്ടിയെടുക്കുന്നു. ഇതാണ് കേരളത്തില്‍ നടക്കുന്നത്.

കുരിശിന്റെ ചരിത്രമറിയാവുന്ന ക്രൈസ്തവ സഭകളും അവയുടെ നേതൃത്വവും ഇത്രയധികം പ്രസ്താവനകളിറക്കിയിട്ടും, ആ കുരിശിന്റെ പേരില്‍ പിണറായി വിജയന്‍ കാട്ടിക്കൂട്ടിയ വെപ്രാളങ്ങള്‍ ഒരുതരം കാപട്യമാണ്. പിണറായിയെപ്പോലെയുള്ള ഒരു നേതാവ് ഒരിക്കലും ചെയ്യാന്‍ പാടില്ലാത്ത പ്രവൃത്തി. കുരിശ് പൊളിച്ചു മാറ്റിയതിനെ ക്രൈസ്തവ സഭകള്‍ അനുകൂലിച്ചിട്ടും മുഖ്യമന്ത്രി എന്തിനാണ് വികാരം കൊള്ളുന്നതെന്നാണ് ബി.ജെ.പി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരന്‍ ചോദിക്കുന്നത്.
തിരുകേശ വിവാദത്തില്‍ 'ബോഡി വേസ്റ്റ്' പ്രയോഗം നടത്തിയപ്പോഴും, ശ്രീനാരായണ ഗുരുവിനെ അപമാനിച്ചപ്പോഴും മതവികാരം വ്രണപ്പെടുമെന്ന് തോന്നിയിട്ടില്ലാത്ത പിണറായിക്ക് ഇപ്പോള്‍ അങ്ങനെ തോന്നുന്നതിന്റെ കാരണമെന്താണെന്നുമാണ് കുമ്മനം ചോദിക്കുന്നത്. കൈയ്യേറ്റ വിഷയത്തില്‍ മത, രാഷ്ട്രീയ വിവേചനം പാടില്ല, ദേശദ്രോഹ നടപടിയെന്ന നിലക്ക് വേണം ഇതിനെ കാണാനെന്നും കുമ്മനം പറയുന്നു.  (2012ല്‍ അന്ന് സി പി എം സംസ്ഥാന സെക്രട്ടറിയായിരുന്ന പിണറായി വിജയനും കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാരും തമ്മില്‍ നടന്ന വാക്‌പോര് കേരളത്തില്‍ തരംഗം സൃഷ്ടിച്ചിരുന്നു. പ്രവാചകന്‍ മുഹമ്മദ് നബിയുടെ മുടിയാണെന്നു പറഞ്ഞ് എവിടെനിന്നോ ആരുടേയോ കുറച്ചു മുടി സംഘടിപ്പിച്ച് എ പി അബൂബക്കര്‍ മുസ്ലിയാര്‍ മുസ്ലിം സമുദായത്തെ തെറ്റിദ്ധരിപ്പിച്ച് പണപ്പിരിവ് നടത്തിയതിനെ വിമര്‍ശിക്കുകയായിരുന്നു പിണറായി വിജയന്‍.  പ്രവാചകന്റെ മുടിയ്ക്കല്ല വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടതെന്നും, മുടി ‘ബോഡി വെയ്സ്റ്റ്‘ ആണെന്നും പിണറായി വാര്‍ത്താ സമ്മേളനത്തില്‍ അഭിപ്രായപ്പെട്ടിരുന്നു. "മുറിച്ചു മാറ്റിയ മുടിയായാലും നഖമായാലും വിയര്‍പ്പായാലും അതെല്ലാം ബോഡി വെയ്സ്റ്റാണ്. ബോഡി വേസ്റ്റിനല്ല പ്രാധാന്യം നല്‍കേണ്ടത്. അതായത് പ്രവാചകന്റെ മുടിയ്ക്കല്ല, വാക്കുകള്‍ക്കാണ് പ്രാധാന്യം നല്‍കേണ്ടത്. പ്രവാചകന്റെ തിരുകേശം സൂക്ഷിക്കുന്നത് തെറ്റാണ്. സി പി എം മതപരമായ കാര്യങ്ങളില്‍ ഇടപെടില്ല.  അതേസമയം വര്‍ഗീയതയോട് വിട്ടുവീഴ്ചയില്ലാത്തവരാണ് സി പി എം. വര്‍ഗീയതയ്ക്ക് മുന്നില്‍ പാര്‍ട്ടി മുട്ടുമടക്കാറില്ല" - അന്ന് പിണറായി പത്രസമ്മേളനത്തില്‍ പറഞ്ഞതാണിവ). ക്രൈസ്തവ സഭാ പുരോഹിതരെ 'നികൃഷ്ട ജീവികള്‍' എന്നു വിളിച്ചപ്പോഴില്ലാത്ത ഈ വിശ്വാസികളോടുള്ള സ്‌നേഹവും ജാഗ്രതയും ഇപ്പോഴുണ്ടാകുന്നതില്‍ തീര്‍ച്ചയായും ദുരൂഹതയുണ്ട്.

കുരിശ് വിവാദത്തിന്റെ മറവില്‍ കൈയേറ്റം ഒഴിപ്പിക്കുന്നത് നിര്‍ത്താനുള്ള ഗൂഢാലോചനയാണോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അച്യുതാനന്ദന്‍ സര്‍ക്കാര്‍ ചെയ്തതുപോലെ ഇതും ഒരു പ്രഹസനമായിത്തീരാന്‍ സാധ്യതയുണ്ട്. മൂന്നാറില്‍ മാത്രമല്ല, കേരളത്തിലങ്ങോളമിങ്ങോളം മതവിശ്വാസത്തിന്റെ പേരില്‍ എല്ലാ വിഭാഗങ്ങളും സര്‍ക്കാര്‍ ഭൂമി കൈയ്യേറി അവരവരുടെ ആരാധനാലയങ്ങള്‍ പണിതുയര്‍ത്തിയിട്ടുണ്ട്. റവന്യൂ വകുപ്പ് സമഗ്രമായ ഒരനേഷണം നടത്തിയാല്‍ അവയുടെ വിവരങ്ങള്‍ ലഭ്യമാകും. കുരിശു കൃഷിയെ പ്രോത്സാഹിപ്പിക്കാതെ എല്ലാ വഴിയോരങ്ങളിലുമുള്ള മത അടയാളങ്ങള്‍ നീക്കം ചെയ്ത്, കൈയ്യേറിയിട്ടുള്ള ഭൂമിയെല്ലാം തിരിച്ചുപിടിച്ച് ഭൂരഹിതര്‍ക്ക് വിതരണം ചെയ്യാനുള്ള ആര്‍ജ്ജവം എല്‍‌ഡി‌എഫ് സര്‍ക്കാര്‍ കാണിക്കുകയാണെങ്കില്‍ അടുത്ത ഭരണവും അവര്‍ക്ക് നിഷ്പ്രയാസം കൈപ്പിടിയിലൊതുക്കാം.

കൈയ്യേറ്റം ഒഴിപ്പിക്കലിന് പ്രാദേശിക രാഷ്ട്രീയ നേതൃത്വങ്ങളുടേയും ജില്ലയില്‍നിന്നുള്ള മന്ത്രി എം.എം. മണിയുടെയും സഹകരണം ഉറപ്പാക്കണമെന്നാണ് മുഖ്യമന്ത്രി റവന്യൂ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുഖ്യമന്ത്രി പിണറായി വിജയന്‍ അത്രയ്ക്ക് ബുദ്ധിശൂന്യനാണെന്ന് വിശ്വസിക്കുന്നില്ലെങ്കിലും, കൈയ്യേറ്റങ്ങളില്‍ അഗ്രഗണ്യരായ മണിയുടേയും രാജേന്ദ്രന്റേയും സമ്മതം കലക്ടറും സബ് കലക്ടറും വാങ്ങണമെന്ന് പറയുന്നതിന്റെ ഔചിത്യം മനസ്സിലാകുന്നില്ല. മൂന്നാറില്‍ കൈയേറ്റമില്ലെന്ന് വാദിക്കുകയും സബ്കലക്ടറുടെ നപടിയെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്യുന്നയാളാണ് എം.എം. മണി. കൂടാതെ മണിയും മണിയുടെ സഹോദരനും കൈയ്യേറ്റക്കാരാണ്. രാജേന്ദ്രനാകട്ടെ സ്വയം കൈയ്യേറ്റക്കാരനും മറ്റു കൈയ്യേറ്റക്കാര്‍ക്ക് ഒത്താശ ചെയ്തു കൊടുക്കുന്ന എം.എല്‍.എ.യും. സബ് കലക്ടരെ കൈയ്യേറ്റം ചെയ്യാന്‍ മുതിര്‍ന്നത് രാജേന്ദ്രന്റെയും സിപി‌എമ്മിന്റേയും ഗുണ്ടകളാണ്. അവരോടാണ് സമ്മതം ചോദിക്കാന്‍ പിണറായി വിജയന്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്നത് അപഹാസ്യമല്ലാതെ മറ്റെന്താണ്?  കുരിശ് നീക്കം ചെയ്തതിന് മുഖ്യമന്ത്രി കലിപ്പ് തീര്‍ത്തത് ഇടുക്കി ജില്ലാ കലക്ടറും ദേവികുളം സബ്കലക്ടറും അടക്കമുള്ള ഉദ്യോഗസ്ഥരുടെ നേരെയാണ്.  മുഖ്യമന്ത്രി എത്ര വിയോജിപ്പ് പ്രകടിപ്പിച്ചാലും അവയെ എതിര്‍ത്ത് നില്‍ക്കുന്ന റവന്യൂ മന്ത്രിയാണ് മേല്പറഞ്ഞ ഉദ്യോഗസ്ഥര്‍ക്ക് ഉണര്‍‌വ്വ് നല്‍കുന്നത്. പാപ്പാത്തിച്ചോലയിലെ കുരിശിന്റെ മറവില്‍ കൈയ്യേറ്റമൊഴിപ്പിക്കലില്‍ അലംഭാവം കാണിച്ചാല്‍ ഒരു കുരിശല്ല അനേകം കുരിശുകള്‍ പിണറായി വിജയന്‍ ചുമക്കേണ്ടിവരുമെന്നുള്ളത് തീര്‍ച്ചയാണ്. ഇപ്പോള്‍ തന്നെ എം എം മണി ഒരു വലിയ കുരിശായി നിലകൊള്ളുകയാണ്.

വിവാദങ്ങള്‍ ഒന്നൊന്നായി എല്‍‌ഡി‌എഫ് സര്‍ക്കാരിനെ പിന്തുടരുമ്പോള്‍ ഒരു കാര്യം അവര്‍ മറന്നുപോകുന്നു. കേരളത്തിലെ ആദ്യ കമ്യൂണിസ്റ്റ് സര്‍ക്കാറിന്‍െറ അറുപതാം വാര്‍ഷികത്തിലാണ് പിണറായി വിജയന്റെ നേതൃത്വത്തില്‍ മറ്റൊരു ഇടതുപക്ഷ സര്‍ക്കാര്‍ കേരളത്തില്‍ അധികാരമേറ്റത്. വന്‍ പ്രതീക്ഷകളോടെയായിരുന്നു ജനം ഈ സര്‍ക്കാറിനെ വരവേറ്റത്. പക്ഷെ ആ പ്രതീക്ഷകള്‍ ഒന്നൊന്നായി തകര്‍ന്നു തരിപ്പണമാകുന്ന കാഴ്ചയാണ് ഇന്ന് ജനം കണ്ടുകൊണ്ടിരിക്കുന്നത്.
വിവാദങ്ങളുടെയും വീഴ്ചകളുടെയും ഒന്നാം വാര്‍ഷികമാണ് എല്‍‌ഡി‌എഫ് ആഘോഷിക്കാനൊരുങ്ങുന്നത്. ഇതുവരെ കേരളത്തില്‍ ഇത്ര ചുരുങ്ങിയ സമയത്തിനുള്ളില്‍ ഒരു സംസ്ഥാന സര്‍ക്കാറിനും സംഭവിച്ചിട്ടില്ലാത്ത അത്ര പ്രതിച്ഛായാ നഷ്ടവുമായാണ് പിണറായി സര്‍ക്കാര്‍ ഒന്നാം വാര്‍ഷികം പൂര്‍ത്തിയാക്കുന്നതെന്നതും വിരോധാഭാസമായി തോന്നാം. ഒരു വര്‍ഷത്തിനിടെ പിണറായി സര്‍ക്കാറിന്‍െറ ഒരേയൊരു തീരുമാനം മാത്രമാണ് പൊതുസമൂഹത്തിന്‍െറ അഭിനന്ദനം നേടിയെടുത്തുള്ളൂ. എല്ലാ സ്കൂളുകളിലും മലയാളം നിര്‍ബന്ധമാക്കിക്കൊണ്ടുള്ള തീരുമാനമാണത്. ഈയൊരു തീരുമാനം ഒഴിച്ചുനിര്‍ത്തിയാല്‍ കൈ വെച്ചതെല്ലാം പിണറായിക്ക് പൊള്ളുന്ന അനുഭവമായിരുന്നു.

സര്‍ക്കാരുകള്‍ മാറി മാറി ഭരിക്കുന്നത് സംസ്ഥാനങ്ങള്‍ക്ക് ഗുണകരമാണെങ്കിലും, ഭരണ നേതൃത്വത്തിന് വീഴ്ച സംഭവിച്ചാല്‍ ജനങ്ങള്‍ അര്‍പ്പിച്ച വിശ്വാസത്തിനാണ് കോട്ടം തട്ടുന്നത്. വീഴ്ചയില്‍ നിന്ന് ഗുണപാഠം പഠിക്കുന്ന നേതാക്കള്‍ ഇച്ഛാശക്തിയോടെ, തെറ്റുകള്‍ തിരുത്തി മുന്നോട്ടു നീങ്ങുമ്പോഴാണ് ജനങ്ങള്‍ അവരിലര്‍പ്പിച്ച വിശ്വാസം കൂടുതല്‍ തിളങ്ങുന്നത്. അങ്ങനെയൊരു തിളക്കം പിണറായി വിജയനില്‍ നിന്ന് പ്രതീക്ഷിക്കാന്‍ സാധിതമാകട്ടേ എന്ന് ആശംസിക്കുന്നു.

അവസാനിച്ചു

Saturday, April 22, 2017

പിണറായി പിടിച്ച കുരിശ് ! (ഭാഗം ഒന്ന്)

മൂന്നു നേരവും അന്നം ഭക്ഷിക്കാന്‍ വകയില്ലെങ്കിലും കേരളീയര്‍ക്ക് ഭക്ഷിക്കാന്‍ ഇഷ്ടം പോലെ വിവാദങ്ങള്‍ വിളമ്പിക്കൊടുക്കുന്നുണ്ട് സര്‍ക്കാര്‍. ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന്, വിവാദങ്ങളുടെ സ്വന്തം നാടായി കേരളം മാറുകയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാര്‍ കൈയ്യേറ്റവും കുടിയൊഴിപ്പിക്കലും.

2007-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ മൂന്നു പൂച്ചകളേയും കൊണ്ട് മൂന്നാര്‍ മലനിരകള്‍ കയറി കൈയ്യേറ്റങ്ങളൊക്കെ ഇടിച്ചു നിരപ്പാക്കി മുന്നോട്ടു നീങ്ങിയപ്പോള്‍ ജനം കൈയ്യടിച്ചു, ആര്‍ത്തു വിളിച്ചു, അച്യുതാനന്ദന് കീജെയ് വിളിച്ചു. അന്നത്തെ ‘മൂന്നാര്‍ ദൗത്യസേന’ സമ്മര്‍കാസില്‍ എന്ന അഞ്ചു നിലയുള്ള റിസോര്‍ട്ട് ഇടിച്ചുനിരത്തിയപ്പോഴാണ് 'ലവന്‍ പുലിയാണ് കേട്ടാ' എന്ന് കൗതുകത്തോടെയെങ്കിലും അച്യുതാനന്ദന് ജനങ്ങളിട്ട ഓമനപ്പേര്. 2007 മെയ് പതിമൂന്നാം തിയ്യതിയായിരുന്നു സമ്മര്‍കാസില്‍ നിലം പൊത്തിയത്. അതും വെറും രണ്ടു മാസമേ ആയിരുന്നുള്ളൂ ആ റിസോര്‍ട്ട് അവിടെ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട്. ആ റിസോര്‍ട്ട് ഇടിച്ചുപൊളിച്ച് തവിടുപൊടിയാക്കുന്നത് മലയാളികള്‍ അവിശ്വസനീയതയോടെയാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടിരുന്നത്. അനധികൃതമായി കൈയ്യേറിയ മൂന്നാറിലെ ഭൂമി തിരിച്ചു പിടിക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയ ദൗത്യസേനയെ ജനങ്ങള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൈയ്യേറ്റമൊഴിപ്പിക്കലിന് പുതിയ പാത വെട്ടിത്തുറന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റെഡ് സല്യൂട്ടുകളുടെ പ്രവാഹമായിരുന്നു പിന്നീട്. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെയുയര്‍ന്നു. മെയ് മാസം മുതല്‍ ജൂണ്‍ ആദ്യവാരം വരെ 91 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയപ്പോള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനായത് പന്തീരായിരത്തോളം ഏക്കര്‍ ഭൂമിയായിരുന്നു.

ഇടിച്ചുനിരത്തലില്‍ ഏറ്റവും പ്രമാദമായത് ‘ക്ലൗഡ് നയന്‍’ എന്ന റിസോര്‍ട്ട് ആയിരുന്നു. ഏറെ കാലത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായത്. ആ വിധിയാണ് ‘ക്ലൗഡ് നയന്‍’ നിലം ‌പൊത്താനിടയായതും. ഏലം കൃഷിക്ക് അനുവദിച്ച സ്ഥലത്ത് റിസോര്‍ട്ട് നിര്‍മ്മാണം നടത്തിയതിനാണ് ക്ലൗഡ് നയന്റെ മുന്‍പില്‍ അച്യുതാനന്ദന്റെ ബുള്‍ഡോസര്‍ ഉരുണ്ടു ചെന്നു നിന്നത്. ഒരു പ്രമുഖ യു.ഡി.എഫ്. മന്ത്രിയുടെ ബന്ധുവിന്റെ പേരിലുള്ളതായിരുന്നു ക്ലൗഡ് നയന്‍. 2.87 ഏക്കറോളം സ്ഥലത്ത് ഏകദേശം പത്തുകോടിയോളം രൂപ മുടക്കിയാണ് അത് പണിതിരുന്നത്. പക്ഷേ വി.എസ്. അയച്ച മൂന്നു ‘പൂച്ചകള്‍ക്ക്’ (ദൗത്യസംഘം സ്‌പെഷല്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍, അന്ന് ഐ.ജി.യായിരുന്ന ഋഷിരാജ് സിംഗ്, അന്നത്തെ ഇടുക്കി ജില്ലാ കളക്ടര്‍ രാജുനാരായണസ്വാമി) പാലും പഴവും കൊടുത്ത് അച്യുതാനന്ദന്‍ പറഞ്ഞയച്ചത് ഇരയെ പിടിക്കാന്‍ തന്നെയായിരുന്നു. മുന്‍‌പിന്‍ നോക്കാതെ ക്ലൗഡ് നയനെ അവര്‍ നിലം‌പരിശാക്കി. പത്തോളം റിസോര്‍ട്ടുകളാണ് അവര്‍ പൊളിച്ചടുക്കിയത്. സുരേഷ്‌കുമാറും ഋഷിരാജ് സിംഗും രാജുനാരായണസ്വാമിയും ചൂണ്ടിക്കാണിച്ചിടത്തെല്ലാം ബുള്‍ഡോസര്‍ കയറിയിറങ്ങി. ഏതാണ്ട് മൂന്നു മാസത്തോളം ആ പൂച്ചകള്‍ മൂന്നാറില്‍ ക്യാമ്പ് ചെയ്തു. ചാനലുകാര്‍ അവരുടെ ഒബി വാനുകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്ത് ഇടിച്ചുനിരത്തല്‍ “തത്സമയം” സം‌പ്രേക്ഷണം ചെയ്തുകൊണ്ടുമിരുന്നു.

വി.എസ്സിനെ തരം കിട്ടുമ്പോഴൊക്കെ 'ഒതുക്കാന്‍' നടന്ന പിണറായി-കോടിയേരി കോക്കസിന് തിരിച്ചടിയായി വി.എസിന്റെ റേറ്റിംഗ് കുത്തനെ കൂടി. അതുകണ്ട് പാര്‍ട്ടിയില്‍ തന്നെ കുശുകുശുപ്പും ആരംഭിച്ചു. ഇങ്ങനെ പോയാല്‍ പിണറായിയേയും കൊടിയേരിയേയുമൊക്കെ പോളിറ്റ് ബ്യൂറോ മൂലയ്ക്കലിരുത്തുമെന്നുവരെ അന്ന് സംസാരമുണ്ടായിരുന്നു. പക്ഷെ മറുത്തൊന്നും പറയാതെ പാര്‍ട്ടിയും വി.എസിനെ പിന്തുണച്ചുകൊണ്ടിരുന്നു. എന്നാല്‍ സി.പി.ഐ.യുടെ നെഞ്ചകം പുകയുകയായിരുന്നു. കാരണം, അവരുടെ ഓഫീസും അച്യുതാനന്ദന്റെ ‘പൊളിച്ചടുക്കല്‍’ ലിസ്റ്റില്‍ ഉണ്ടായിരുന്നു. പൂച്ചകളുടെ കണ്ണുകള്‍ അധികം താമസിയാതെ മേല്പടി ഓഫീസ് കെട്ടിടത്തിലും പതിഞ്ഞു…ബുള്‍ഡോസര്‍ ഉരുണ്ടു…കെട്ടിടത്തിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി…അതോടെ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐ.യിലെ കെ.പി. രാജേന്ദ്രന്‍ കണ്ണുരുട്ടി. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ പേരില്‍ പട്ടയമുള്ള സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നതെന്നും, അതില്‍ തൊട്ടാല്‍ കളി മാറുമെന്നും വി.എസിന് മുന്നറിയിപ്പ് കൊടുത്തു. ആ ‘പൊളി’ക്ക് സുല്ലിട്ട് പൂച്ചകള്‍ മറ്റൊരു ദിശയിലെക്ക് നീങ്ങി.

അവര്‍ നേരെ പോയത് മറ്റൊരു ഹോട്ടലിന്റെ മുന്നിലേക്കാണ്. ‘ധന്യശ്രീ’ എന്ന് പേരുള്ള ആ ഹോട്ടല്‍ പൊളിക്കാന്‍ ചെന്നപ്പോഴാണ് അറിയുന്നത് അത് മറ്റൊരു സി.പി.എം. നേതാവും വി.എസിന്റെ വിശ്വസ്തനുമായ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണിയുടേതാണെന്ന് (ഇപ്പോഴത്തെ വിദ്യുച്ഛക്തി മന്ത്രി). അവിടെയും പൂച്ചകള്‍ക്ക് പിന്മാറേണ്ടി വന്നു. എം.എം. മണി വി.എസുമായി തെറ്റിപ്പിരിഞ്ഞത് അതോടെയാണ്. മണി നേരെ പോയി പിണറായി വിജയന്റെ കാല്‍ക്കല്‍ വീണു. അന്ന് പിണറായി മണിയ്ക്ക് വേദോപദേശം കൊടുത്തു. ഉപദേശം കിട്ടിയ മണി വീണ്ടും മൂന്നാറിലേക്ക് ചെന്നു... "ഇനിയെങ്ങാനും ഒഴിപ്പിക്കലെന്നും പറഞ്ഞ് ആരെങ്കിലും ഇങ്ങോട്ടു വന്നാല്‍ വരുന്നവരുടെ കാലു ഞാന്‍ വെട്ടും" എന്ന പ്രഖ്യാപനവും നടത്തി. മണി പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നറിയാവുന്ന അച്യുതാനന്ദന്‍ കണ്ണടച്ചു പിന്മാറി.

പാര്‍ട്ടിയില്‍ നിന്നും സഖ്യകക്ഷിയായ സി.പി.ഐ.യില്‍ നിന്നും കലാപക്കൊടി ഉയര്‍ന്നതോടെ വി.എസ്സിന് ദൗത്യസംഘത്തെ പിന്‍വലിക്കേണ്ടിവന്നു. പൂച്ചകളേയും തിരിച്ചുവിളിച്ചു. അക്കാലത്ത് കേരളത്തിലും മറുനാട്ടിലുമൊക്കെ ഉയര്‍ന്നുവന്ന ഒരു ചോദ്യമായിരുന്നു "ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി എങ്ങനെ അനധികൃതമായി ഓരോരുത്തര്‍ കൈവശപ്പെടുത്തി" എന്ന്. അതേക്കുറിച്ച് അന്വേഷണമാരംഭിച്ചപ്പോഴാണ് “രവീന്ദ്രന്‍ പട്ടയ”ത്തിന്റെ പേര് ഉയര്‍ന്നു വന്നത്. അതെന്തു പട്ടയം ??

പണ്ട് ദേവികുളം ഡപ്യൂട്ടി തഹസില്‍ദാരായിരുന്ന ഒരു രവീന്ദ്രന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് കുറെ പേര്‍ക്ക് പട്ടയം നല്‍കിയത്രേ. 1999ല്‍ തൊടുപുഴയില്‍ നടത്തിയ പട്ടയമേളയിലൂടെ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ പിന്നീട് ‘രവീന്ദ്രന്‍ പട്ടയം’ എന്ന പേരില്‍ വിവാദമായി മാറിയിരുന്നു. എല്ലാം അനധികൃതം. ഈ പട്ടയമേളയില്‍ പട്ടയവിതരണം നടത്തിയത് മന്ത്രി കെ.ഇ. ഇസ്മയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തിന്റെ പേരിലാണ് മൂന്നാറിലെ സി.പി.ഐ. ഓഫീസിന് പട്ടയം നല്‍കിയത്. സി.പി.ഐയ്ക്കു പുറമെ സി.പി.എം. ഓഫീസിനും പട്ടയം നല്‍കിയിട്ടുണ്ടായിരുന്നു. ഇങ്ങനെ പട്ടയം നല്‍കിയ ഭൂമിയുടെ കരം 2007 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവത്രെ. വി.എസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആദ്യത്തെ സം‌രംഭമായിരുന്നു മൂന്നാറിലെ കൈയ്യേറ്റഭൂമി തിരിച്ചു പിടിക്കുക എന്നത്. ആ തീരുമാനത്തിനു ശേഷം കൈയ്യേറ്റ ഭൂമിയുടെ കരം വാങ്ങുന്നത് നിര്‍ത്തി, ഭൂമി വില്‍ക്കുന്നതിനും ആധാരം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും കലാപക്കൊടി ഉയരുകയും, വി.എസിന്റെ ഒറ്റയാള്‍ പട്ടാള ശൈലിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ മൂന്നാര്‍ ദൗത്യം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു എന്നു മാത്രമല്ല, അദ്ദേഹം പറഞ്ഞ വ്യാജ പട്ടയങ്ങളില്‍ ഒന്നുപോലും റദ്ദാക്കാന്‍ ഭരണത്തില്‍നിന്നും ഇറങ്ങുന്നതുവരെ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.

ആ പട്ടയത്തിന്റെ പേരില്‍ പിന്നീട് സംഭവിച്ചത് സര്‍ക്കാര്‍ തന്നെ നിയമക്കുരുക്കില്‍ അകപ്പെടുന്നതാണ്. നിയമവിരുദ്ധമായി കൈക്കലാക്കിയ സര്‍ക്കാര്‍ സ്വത്ത് തിരിച്ചു പിടിക്കാന്‍ ചെന്ന സര്‍ക്കാരിനെ കൈയ്യേറ്റക്കാര്‍ തന്നെ നിയമക്കുരുക്കിലാക്കി. അതായത് കടുവയെ കിടുവ പിടിച്ചതുപോലെയായി കാര്യങ്ങള്‍. കോടതി ഇടപെട്ട് എല്ലാ ദൗത്യങ്ങള്‍ക്കും തടയിട്ടു. അതോടെ ദൗത്യസംഘത്തിന്റെ ദൗത്യം സങ്കീര്‍ണമായി. പല ഫയലുകളും സ്റ്റേയില്‍ കുടുങ്ങി. നിരവധി വിവാദങ്ങളില്‍ കുടുങ്ങി ദൗത്യസംഘം മലയിറങ്ങി. പിന്നീടൊരിക്കലും അത്തരമൊരു ഒഴിപ്പിക്കല്‍ മൂന്നാറിലുണ്ടായില്ല.

കാലം മാറി, കഥ മാറി. യു.ഡി.എഫ്. ഭരിച്ചു. ഒന്നും ശരിയായില്ല. "എല്ലാം ശരിയാകും" എന്ന മാജിക് മന്ത്രവുമായാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ആവേശത്തോടെ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിയ്ക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു. രാജു നാരായണസ്വാമിയുടെ സ്ഥാനത്ത് ദേവികുളം സബ് കളക്ടര്‍ ശ്രീരാം വെങ്കട്ടരാമന്‍. യുവത്വത്തിന്റെ ചോരത്തിളപ്പുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. സുരേഷ്കുമാറിനേക്കാള്‍ ശൂരത്വമുള്ളവന്‍, മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിവുള്ളവന്‍. മൂന്നാറില്‍ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ കൈയ്യേറ്റക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രഖ്യാപനം സബ് കളക്ടര്‍ക്ക് തുണയായി. അതോടെയാണ് മൂന്നാറിലും ദേവികുളത്തും സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവരുടെ പട്ടിക അദ്ദേഹം പരിശോധിച്ചത്. അതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതായിരുന്നു. റവന്യൂ, വനം, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക് പുറമെ കോടതി ആമീനും കൈയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. ജനസേവകരാകേണ്ട ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുന്നതെന്നത് ഗുരുതരമായ കുറ്റമാണ്. അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

കൈയ്യേറ്റങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ പ്രദേശമാണ് ചിന്നക്കനാല്‍. അതുകൊണ്ടുതന്നെ അവിടത്തെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ അത്ര എളുപ്പമാകില്ലെന്ന് ദൗത്യസംഘത്തിനറിയാമായിരുന്നു. കാരണം കൈയ്യേറ്റക്കാരില്‍ ഭൂരിഭാഗവും സിപിഐഎം നേതാക്കളുടേതാണ്. അതിനാല്‍ വലിയ പ്രതിഷേധം തന്നെ റവന്യൂ സംഘത്തിന് നേരിടേണ്ടി വരുമെന്ന് രഹസ്യ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ചിന്നക്കനാല്‍ മേഖലയില്‍ സ്വകാര്യ വ്യക്തികള്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറി വച്ചിരിക്കുന്നതായി മുന്‍ ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പക്ഷെ, സര്‍ക്കാര്‍ നടപടികളൊന്നും എടുത്തിരുന്നില്ല. കാരണം രാഷ്ട്രീയ സ്വാധീനം തന്നെ.

2007ല്‍ സിപിഐ ഓഫീസ് ഇടിച്ചു നിരത്താന്‍ ചെന്നപ്പോഴാണ് ദൗത്യസംഘത്തിന് പിന്തിരിയേണ്ടി വന്നതെങ്കില്‍ ഇപ്പോള്‍ ഒരു 'കുരിശ്' ആണ് അവര്‍ക്ക് കുരിശായത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സ്പിരിറ്റ് ഒാഫ് ജീസസ്' പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചതത്രെ. 15 അടിയോളം ഉയരമുള്ള കുരിശ് കോണ്‍ക്രീറ്റ് അടിത്തറയിലാണ് സ്ഥാപിച്ചിരുന്നത്. അനുബന്ധമായി അതിനടുത്തുതന്നെ രണ്ട് താല്‍കാലിക ഷെഡുകളും അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളിന്റെ നിര്‍മ്മാണവും നടന്നുകൊണ്ടിരിക്കുന്നു. ഏകദേശം രണ്ടായിരത്തോളം ഏക്കര്‍ വരുന്ന പ്രദേശത്ത് കുരിശ് സ്ഥാപിച്ച് ആധ്യാത്മിക ടൂറിസം നടത്താന്‍ സ്പിരിറ്റ് ഒാഫ് ജീസസ് നീക്കം നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

ആ കുരിശാണ് സബ് കളക്ടറും കര്‍മ്മ സേനയും പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച കുരിശ് കോണ്‍‌ക്രീറ്റിലാണ് ഉറപ്പിച്ചിരുന്നത്. ദേവികുളം തഹസില്‍‌ദാരുടെ നേതൃത്വത്തിലുള്ള സംഘത്തെ തടയാന്‍ ഗുണ്ടകളെ വരെ നിയോഗിച്ചിരുന്നുവെന്നും, ഇടുങ്ങിയ വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മാര്‍ഗതടസ്സമുണ്ടാക്കാന്‍ ശ്രമിച്ചു എന്നുമൊക്കെ കേള്‍ക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. ഇവര്‍ക്കെല്ലാം ഒത്താശ ചെയ്തുകൊടുത്തത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി വീടു വെച്ചിരിക്കുന്ന മറ്റൊരു സി.പി.എം. എം‌എല്‍‌എയുമാണ്.

എല്ലാ നിയമവശങ്ങളും മനസ്സിലാക്കി, നിയമപ്രകാരം തന്നെയാണ് കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ ഉദ്യോഗസ്ഥര്‍ മൂന്നാറിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സബ് കളക്ടറേയും ദൗത്യസേനയേയും ഭൂമാഫിയകള്‍ കൈയ്യേറ്റം ചെയ്തപ്പോള്‍ കൈയ്യും കെട്ടി നോക്കി നിന്ന പോലീസുകാരെ നാമെല്ലാം കണ്ടതാണ്. സബ് കളക്ടറുടെ നേരെ കയര്‍ത്തു സംസാരിക്കുന്ന സിപി‌എം എം.എല്‍.എയും കണ്ടു. അപ്പോഴൊന്നും പിണറായി വിജയന്‍ പ്രതികരിച്ചില്ല. പക്ഷേ, കുരിശില്‍ തൊട്ടപ്പോള്‍ പിണറായി വിജയന്റെ ധാര്‍മ്മികരോഷം അണപൊട്ടി. "ആ കുരിശ് എന്തു പിഴച്ചു, എന്തിനതു മാറ്റി" എന്നൊക്കെ ചോദിക്കുന്നതു കേട്ടപ്പോള്‍ ഇതാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് വൃഥാ ഓര്‍ത്തു പോയി. "പൊളിക്കലല്ല സര്‍ക്കാര്‍ നയം, ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നു, സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു, ആ കുരിശ് എന്ത് പിഴച്ചു, വലിയൊരു വിഭാഗം പ്രത്യാശയോടെയാണ് കുരിശിനെ കാണുന്നത്, കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായത്" എന്നൊക്കെയുള്ള പിണറായി വിജയന്റെ പ്രസ്താവനകള്‍ അപഹാസ്യമായാണ്  തോന്നിയത്.

(തുടരും)

Sunday, April 2, 2017

കുടിപ്പിച്ച് കുടിപ്പിച്ച് കുടി നിര്‍ത്തിച്ചു

അവസാനം കേരളത്തിലെ മദ്യഷാപ്പുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും പൂട്ട് വീണു. കേരളത്തെ സമ്പൂര്‍ണ്ണ മദ്യ വിമുക്തമാക്കുമെന്ന് വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുമ്പോള്‍ പറഞ്ഞ പോലെയല്ല ഇത്തവണ സംഭവിച്ചത്. എന്നാലും സമ്പൂര്‍ണ്ണ മദ്യവിമുക്തമാണോ അതോ മദ്യനിരോധനമാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള  മന്ത്രി ജി. സുധാകരന്റെ പ്രസ്താവന വായിച്ചപ്പോള്‍ തോന്നിയത്. പൂട്ടിയത് പൂട്ടട്ടേ...നല്ല മദ്യ ഷാപ്പുകള്‍ തുറക്കാം എന്ന ശുഭാപ്തിവിശ്വാസം കുടിയന്മാര്‍ക്ക് കൊടുക്കാന്‍ മന്ത്രിക്ക് കഴിഞ്ഞു. അപ്പോഴും സംശയം ബാക്കി. അങ്ങനെ നല്ല മദ്യം ചീത്ത മദ്യം എന്നൊന്നുണ്ടോ?

എങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം മദ്യപാനികളുടെ പറുദീസയായി മാറിയത്? ജനങ്ങളാണോ അതോ സര്‍ക്കാരാണോ അതിനുത്തരവാദികള്‍? മന്ത്രി സുധാകരന്‍ പറഞ്ഞപോലെ 'നല്ല' മദ്യശാലകള്‍ തുറക്കണമെങ്കില്‍ എവിടെ തുറക്കും? സുപ്രീം കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകളും അടച്ചു പൂട്ടിയത്. അടച്ചുപൂട്ടിയതിനു പകരമായി മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാമെന്നു വെച്ചാല്‍ അതിനും കഴിയാതെ സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഈയൊരു അവസ്ഥ വരുത്തിവെച്ചത് കേരളം മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ തന്നെയാണ്. പ്രതിവര്‍ഷം 8000 കോടി രൂപയാണ് മദ്യവില്പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തുന്നതെന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ കുടിയന്മാരുടെ ആസക്തി എത്രയുണ്ടെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

രാജ്യത്ത് അപകടങ്ങള്‍ പെരുകാനും കുടുംബ ബന്ധങ്ങള്‍ അതിവേഗം ശിഥിലമാകാനും ആത്മഹത്യയുടെ എണ്ണം വര്‍ധിക്കാനും പ്രധാന കാരണം മദ്യമാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ നമുക്ക് സാധ്യമല്ല. മദ്യ ഉപഭോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം തന്നെയാണ് ആത്മഹത്യയിലും ഒന്നാമതുള്ളതെന്ന് നാം ഓര്‍ക്കണം.  മദ്യമെന്ന മഹാമാരി നമ്മുടെ നാട്ടിലും സമൂഹത്തിലും വരുത്തിവെക്കുന്ന വിപത്ത് എത്രമാത്രം വലുതാണെന്ന് ഭരണനേതൃത്വം ഇനിയും മനസ്സിലാക്കണം.

കേരളം മദ്യപാനികളുടെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. 2014-15ലെ കണക്കനുസരിച്ച് മൂന്നു കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുണ്ടായിരുന്ന കേരളത്തില്‍ ഏകദേശം ഒന്നര കോടിയോളം പേര്‍ സ്ഥിരം മദ്യപാനികളാണെന്നായിരുന്നു കണക്ക്. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.

ആദ്യമൊക്കെ പ്രായപൂര്‍ത്തിയായവരാണ് മദ്യപാനം നടത്തിയിരുന്നതെങ്കില്‍ പിന്നീടത് ശരാശരി 13 വയസ്സ് പ്രായമുള്ളവരിലായി എന്നാണ് സര്‍‌വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് സ്ത്രീകളിലേക്കും മദ്യപാനം വ്യാപിച്ചു എന്ന നടുക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍. സ്‌ത്രീപുരുഷഭേദമന്യേ സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മദ്യത്തിന് അടിമകളായിത്തീര്‍ന്നു. മദ്യപാനം മൂലം എത്രയോ കുടുംബങ്ങള്‍ നശിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍  കണ്ടുവന്നിരുന്ന ചെറിയ മദ്യഷാപ്പുകള്‍ ഇപ്പോള്‍ വന്‍ബാറുകളാണ് കൈയ്യടക്കിയിരിക്കുന്നത്. എല്ലാറ്റിനും സ്റ്റാര്‍ പദവിയുമുണ്ട്. ഏത് ഓണംകേറാമൂലയാണെങ്കിലും ഒരു ബാറോ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന മദ്യവില്പനശാലയോ കാണാതിരിക്കില്ല. അവിടെയെല്ലാം ജനക്കൂട്ടവും കാണാനാകും. ബാറുകളിലെ ജനക്കൂട്ടം കണ്ട് അതിനു ചുറ്റും വിവിധ കച്ചവട സ്ഥാപനങ്ങളും മുളച്ചുപൊന്തുന്നത് പതിവ് കാഴ്ച. അവരും കച്ചവടം പൊടിപൊടിക്കുന്നു. ചുരുക്കത്തില്‍ നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഉന്നമനത്തിന് ഇവ അത്യന്താപേക്ഷിതമായിരിക്കുന്നുവെന്ന് സാരം. സര്‍ക്കാരിനാണെങ്കില്‍ വര്‍ഷംതോറും നികുതിയിനത്തില്‍ ലഭിക്കുന്ന കോടിക്കണക്കിന് രൂപ മറ്റേത് വരുമാന സ്രോതസ്സില്‍ നിന്നുള്ളതിനെക്കാളും പതിന്മടങ്ങുതന്നെ. ഈ മദ്യഷാപ്പുകളും, മദ്യപാനികളും നാടിനും നാട്ടുകാര്‍ക്കും വരുത്തി വെക്കുന്ന ദോഷങ്ങള്‍ അവര്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

അങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം മദ്യം ലഭ്യമാക്കിയതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിയില്‍ വരെ എത്തിയത്. അമിതമായാല്‍ മദ്യം മാത്രമല്ല അമൃതും വിഷമാകുമെന്ന സത്യമാണ് ജനങ്ങളും സര്‍ക്കാരും മനസ്സിലാക്കേണ്ടത്. പകലന്തിയോളം അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ ശാരീരിക ഉന്മേഷത്തിനായി അല്പം അന്തിക്കള്ള് മോന്തിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് 24 മണിക്കൂറും ലഭ്യമാകാവുന്ന വിധത്തില്‍ സൗകര്യങ്ങളുണ്ടാക്കിക്കൊടുത്തത് സര്‍ക്കാരുകളാണ്. മദ്യവില്പനയിലൂടെ കിട്ടുന്ന കോടികളായിരുന്നു അബ്കാരികളടേയും അവരെ സം‌രക്ഷിക്കുന്ന സര്‍ക്കാരുകളുടെയും കണ്ണില്‍. അതിനായി നാടുനീളെ അവര്‍ മദ്യഷാപ്പുകള്‍ തുറന്നു. മദ്യപാനം മൂലം നാട്ടില്‍ നടക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു. അതോടെ പൊറുതിമുട്ടിയ ജനങ്ങള്‍ കൂട്ടത്തോടെ ഇളകി. അതിന്റെ പര്യവസാനമാണ് ഈ സുപ്രീം കോടതി വിധി. ചുരുക്കിപ്പറഞ്ഞാല്‍ 'കുടിപ്പിച്ച് കുടിപ്പിച്ച് കുടി നിര്‍ത്തിച്ചു.'

ഇനിയും പാഠം പഠിക്കാത്ത സര്‍ക്കാര്‍ എങ്ങനെയെങ്കിലും എവിടെയെങ്കിലും മദ്യശാലകള്‍ തുറക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍ മദ്യശാലകള്‍ക്കെതിരെ സംസ്ഥാനത്തെങ്ങും അതിശക്തമായ ജനകീയ പ്രക്ഷോഭം നടന്നുവരികയാണിപ്പോള്‍. ജനവികാരം മാനിക്കാതെ സര്‍ക്കാറിന് ബലപ്രയോഗത്തിലൂടെ ഒരിടത്തും മദ്യഷാപ്പ് തുറക്കാനുമാകില്ല. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ചില്ലറ മദ്യവില്‍പനശാലകളുടെ ദൂരപരിധി 220 മീറ്ററായി കുറച്ചിട്ടുണ്ടെങ്കിലും ഇത് കേരളത്തിന് ബാധകമാകില്ല.    കാരണം, ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ ഈ ഇളവില്‍ കേരളത്തില്‍ ഒരിടത്തും മദ്യശാലകള്‍ തുറക്കാനും സാധിക്കുകയില്ല.

സംസ്ഥാനത്തെ റോഡരികുകളില്‍ പ്രവര്‍ത്തിക്കുന്ന 31 പഞ്ചനക്ഷത്ര ബാറുകളാണ് സുപ്രീം കോടതി വിധിയെതുടര്‍ന്ന് പൂട്ടിയത്. കൂടാതെ 815 ബിയര്‍, വൈന്‍ പാര്‍ലറുകളും സംസ്ഥാത്ത് പ്രവര്‍ത്തിക്കുന്നുണ്ടത്രേ. ഇവയെല്ലാം ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിക്കാനും നിവൃത്തിയില്ലാതെ പൂട്ടേണ്ടി വന്നു. ബീവറേജസ് കോര്‍പറേഷന് 270 ചില്ലറ വിപണന ശാലകളാണുള്ളത്. ഇതില്‍ 180 എണ്ണം മാറ്റണം. എന്നാല്‍ 46 എണ്ണം മാത്രമാണ് ഇതുവരെ മാറ്റിയത്. 134 എണ്ണം മാറ്റാനുള്ള ശ്രമങ്ങള്‍ ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് നടന്നില്ല. ഈ സാഹചര്യത്തില്‍ 134 ബീവറേജസ് ഷോപ്പുകളും ഞായറാഴ്ച മുതല്‍ അടച്ചിടേണ്ടിവരും. ചുരുക്കത്തില്‍ ഞായറാഴ്ച മുതല്‍ അടച്ചിടുന്ന മദ്യഷാപ്പുകളൊന്നും തുറക്കാനിടയില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മദ്യ ലൈസന്‍സുള്ള 18 ക്ളബുകളും മാറ്റണം. ആകെ 34 ക്ളബുകളാണ് കേരളത്തിലുള്ളത്. 1130 കള്ളുഷാപ്പുകള്‍ പൂട്ടിക്കഴിഞ്ഞു. ഇനിയും 5200 കള്ളു ഷാപ്പുകളുണ്ടെന്നാണ് കണക്കുകള്‍.

സുപ്രീം കോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ പല തന്ത്രങ്ങളും പയറ്റി നോക്കിയിരുന്നു. ആ ശ്രമമെല്ലാം വിഫലവുമായി. സ്കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്ന് സുപ്രീം കോടതി നിഷ്ക്കര്‍ഷിച്ച ദൂരപരിധിയില്‍ മദ്യശാലകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ട് പുതിയ സാഹചര്യത്തില്‍ അനുയോജ്യമായ പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. എന്തു വില കൊടുത്തും സ്ഥലം കണ്ടെത്താനും അവര്‍ ശ്രമം തുടങ്ങിയിട്ടുണ്ടത്രേ. പക്ഷെ, പ്രബുദ്ധരായ കേരളീയര്‍ സര്‍ക്കാരിന്റെ എല്ലാ നീക്കത്തേയും ശക്തിയുക്തം എതിര്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദൂരപരിധിയൊന്നും അവര്‍ക്കൊരു പ്രശ്നമല്ല. ഏതെങ്കിലും രീതിയില്‍ വീണ്ടും മദ്യശാലകള്‍ തുറന്നാല്‍ വമ്പിച്ച ജനകീയ പ്രക്ഷോഭം തന്നെയുണ്ടാകുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് കിട്ടിക്കഴിഞ്ഞു. അതാണ് ഇപ്പോള്‍ സര്‍ക്കാറിനെ കുഴയ്ക്കുന്നത്. മാത്രവുമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ഒരിടത്തും മദ്യശാലകള്‍ തുറക്കാനും കഴിയില്ല. അഥവാ ജനവികാരം മാനിക്കാതെ തുറന്നാല്‍ സ്ത്രീകളും കുട്ടികളുമെല്ലാം തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ആഘോഷങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും മാത്രമല്ല ഹര്‍ത്താലുകള്‍ക്കു പോലും മദ്യസേവ നടത്തുക, കുടിച്ചു തിമര്‍ക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു ഫാഷനായി തീര്‍ന്നിരിക്കുകയാണ്. സമൂഹം ഈ അര്‍ഥത്തില്‍ മദ്യത്തില്‍ മതിമറന്ന് ഉല്ലസിക്കുകയും നിര്‍ലജ്ജം മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ അതിന് തടയിടേണ്ടവര്‍ തന്നെ ഇതിന് വളം വെച്ചു കൊടുക്കുന്ന കാഴ്ചയും നമുക്ക് കാണേണ്ടി വരുന്നു.
മദ്യം പൂര്‍ണമായും ഇല്ലായ്മ ചെയ്യാനുള്ള ആത്മാര്‍ഥമായ നടപടികള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അതിനുവേണ്ടി പരിശ്രമിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന നിരവധി സന്നദ്ധ സംഘടനകള്‍ കേരളത്തിലുള്ളപ്പോള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് അവരോടൊപ്പം ചേര്‍ന്ന് നമ്മുടെ നാടിനെ ഈ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ധാര്‍മിക ബോധവും ആരോഗ്യവുമുള്ള തലമുറ വളര്‍ന്നു വരണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ഇത്തരം നടപടികള്‍ക്ക് കൂട്ടായി സര്‍ക്കാറിനൊപ്പം എന്നും ഉണ്ടാകും.

'മദ്യവില്പനയും മദ്യപാനവും പൗരാവകാശമല്ല' എന്ന സുപ്രീം കോടതിയുടെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.