Sunday, April 2, 2017

കുടിപ്പിച്ച് കുടിപ്പിച്ച് കുടി നിര്‍ത്തിച്ചു

അവസാനം കേരളത്തിലെ മദ്യഷാപ്പുകള്‍ക്കും ബിയര്‍ പാര്‍ലറുകള്‍ക്കും പൂട്ട് വീണു. കേരളത്തെ സമ്പൂര്‍ണ്ണ മദ്യ വിമുക്തമാക്കുമെന്ന് വിവിധ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ മാറിമാറി ഭരിക്കുമ്പോള്‍ പറഞ്ഞ പോലെയല്ല ഇത്തവണ സംഭവിച്ചത്. എന്നാലും സമ്പൂര്‍ണ്ണ മദ്യവിമുക്തമാണോ അതോ മദ്യനിരോധനമാണോ എന്ന സംശയം ബലപ്പെടുത്തുന്നതാണ് എക്‌സൈസ് വകുപ്പിന്റെ ചുമതലയുള്ള  മന്ത്രി ജി. സുധാകരന്റെ പ്രസ്താവന വായിച്ചപ്പോള്‍ തോന്നിയത്. പൂട്ടിയത് പൂട്ടട്ടേ...നല്ല മദ്യ ഷാപ്പുകള്‍ തുറക്കാം എന്ന ശുഭാപ്തിവിശ്വാസം കുടിയന്മാര്‍ക്ക് കൊടുക്കാന്‍ മന്ത്രിക്ക് കഴിഞ്ഞു. അപ്പോഴും സംശയം ബാക്കി. അങ്ങനെ നല്ല മദ്യം ചീത്ത മദ്യം എന്നൊന്നുണ്ടോ?

എങ്ങനെയാണ് ദൈവത്തിന്റെ സ്വന്തം നാടായ കേരളം മദ്യപാനികളുടെ പറുദീസയായി മാറിയത്? ജനങ്ങളാണോ അതോ സര്‍ക്കാരാണോ അതിനുത്തരവാദികള്‍? മന്ത്രി സുധാകരന്‍ പറഞ്ഞപോലെ 'നല്ല' മദ്യശാലകള്‍ തുറക്കണമെങ്കില്‍ എവിടെ തുറക്കും? സുപ്രീം കോടതിയുടെ വിധിയെത്തുടര്‍ന്നാണ് ബിവറേജസ് കോര്‍പറേഷന്റെ മദ്യവില്‍പനശാലകളും അടച്ചു പൂട്ടിയത്. അടച്ചുപൂട്ടിയതിനു പകരമായി മറ്റെവിടെയെങ്കിലും മാറ്റി സ്ഥാപിക്കാമെന്നു വെച്ചാല്‍ അതിനും കഴിയാതെ സര്‍ക്കാര്‍ ഇപ്പോള്‍ ഇരുട്ടില്‍ തപ്പുകയാണ്. ഈയൊരു അവസ്ഥ വരുത്തിവെച്ചത് കേരളം മാറിമാറി ഭരിച്ച ഇടത്-വലത് സര്‍ക്കാരുകള്‍ തന്നെയാണ്. പ്രതിവര്‍ഷം 8000 കോടി രൂപയാണ് മദ്യവില്പനയിലൂടെ സര്‍ക്കാര്‍ ഖജനാവിലെത്തുന്നതെന്ന് കേള്‍ക്കുമ്പോള്‍ കേരളത്തിലെ കുടിയന്മാരുടെ ആസക്തി എത്രയുണ്ടെന്ന് ഊഹിക്കാവുന്നതേ ഉള്ളൂ.

രാജ്യത്ത് അപകടങ്ങള്‍ പെരുകാനും കുടുംബ ബന്ധങ്ങള്‍ അതിവേഗം ശിഥിലമാകാനും ആത്മഹത്യയുടെ എണ്ണം വര്‍ധിക്കാനും പ്രധാന കാരണം മദ്യമാണെന്ന് പറഞ്ഞാല്‍ നിഷേധിക്കാന്‍ നമുക്ക് സാധ്യമല്ല. മദ്യ ഉപഭോഗത്തില്‍ ഇന്ത്യയില്‍ ഒന്നാം സ്ഥാനത്തുള്ള കേരളം തന്നെയാണ് ആത്മഹത്യയിലും ഒന്നാമതുള്ളതെന്ന് നാം ഓര്‍ക്കണം.  മദ്യമെന്ന മഹാമാരി നമ്മുടെ നാട്ടിലും സമൂഹത്തിലും വരുത്തിവെക്കുന്ന വിപത്ത് എത്രമാത്രം വലുതാണെന്ന് ഭരണനേതൃത്വം ഇനിയും മനസ്സിലാക്കണം.

കേരളം മദ്യപാനികളുടെ സ്വന്തം നാടായി മാറിയിട്ട് കാലമേറെയായി. 2014-15ലെ കണക്കനുസരിച്ച് മൂന്നു കോടി മുപ്പത്തിനാല് ലക്ഷം ജനസംഖ്യയുണ്ടായിരുന്ന കേരളത്തില്‍ ഏകദേശം ഒന്നര കോടിയോളം പേര്‍ സ്ഥിരം മദ്യപാനികളാണെന്നായിരുന്നു കണക്ക്. മദ്യപാനത്തിന്റെ ആളോഹരി വിഹിതം പഞ്ചാബില്‍ 7.9 ലിറ്ററാണെങ്കില്‍ കേരളത്തില്‍ 8.3 ലിറ്ററാണ്. ഒരു കൊല്ലം കേരളം കുടിച്ചു തീര്‍ക്കുന്ന മദ്യത്തിന്റെ അളവ് ഏകദേശം 26 കോടി ലിറ്ററാണ്.

ആദ്യമൊക്കെ പ്രായപൂര്‍ത്തിയായവരാണ് മദ്യപാനം നടത്തിയിരുന്നതെങ്കില്‍ പിന്നീടത് ശരാശരി 13 വയസ്സ് പ്രായമുള്ളവരിലായി എന്നാണ് സര്‍‌വ്വേ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. കൂടാതെ യുവാക്കള്‍, വിദ്യാര്‍ത്ഥികള്‍ എന്നീ വിഭാഗങ്ങള്‍ കടന്ന് സ്ത്രീകളിലേക്കും മദ്യപാനം വ്യാപിച്ചു എന്ന നടുക്കുന്ന കാഴ്ചയാണ് ഇന്ന് കേരളത്തില്‍. സ്‌ത്രീപുരുഷഭേദമന്യേ സ്കൂള്‍ കുട്ടികള്‍ മുതല്‍ മുതിര്‍ന്നവര്‍ വരെ മദ്യത്തിന് അടിമകളായിത്തീര്‍ന്നു. മദ്യപാനം മൂലം എത്രയോ കുടുംബങ്ങള്‍ നശിക്കുന്നു. നാട്ടിന്‍പുറങ്ങളില്‍  കണ്ടുവന്നിരുന്ന ചെറിയ മദ്യഷാപ്പുകള്‍ ഇപ്പോള്‍ വന്‍ബാറുകളാണ് കൈയ്യടക്കിയിരിക്കുന്നത്. എല്ലാറ്റിനും സ്റ്റാര്‍ പദവിയുമുണ്ട്. ഏത് ഓണംകേറാമൂലയാണെങ്കിലും ഒരു ബാറോ സര്‍ക്കാര്‍ നേരിട്ട് നടത്തുന്ന മദ്യവില്പനശാലയോ കാണാതിരിക്കില്ല. അവിടെയെല്ലാം ജനക്കൂട്ടവും കാണാനാകും. ബാറുകളിലെ ജനക്കൂട്ടം കണ്ട് അതിനു ചുറ്റും വിവിധ കച്ചവട സ്ഥാപനങ്ങളും മുളച്ചുപൊന്തുന്നത് പതിവ് കാഴ്ച. അവരും കച്ചവടം പൊടിപൊടിക്കുന്നു. ചുരുക്കത്തില്‍ നാടിന്റെ സമ്പദ്‌വ്യവസ്ഥയുടെ ഉന്നമനത്തിന് ഇവ അത്യന്താപേക്ഷിതമായിരിക്കുന്നുവെന്ന് സാരം. സര്‍ക്കാരിനാണെങ്കില്‍ വര്‍ഷംതോറും നികുതിയിനത്തില്‍ ലഭിക്കുന്ന കോടിക്കണക്കിന് രൂപ മറ്റേത് വരുമാന സ്രോതസ്സില്‍ നിന്നുള്ളതിനെക്കാളും പതിന്മടങ്ങുതന്നെ. ഈ മദ്യഷാപ്പുകളും, മദ്യപാനികളും നാടിനും നാട്ടുകാര്‍ക്കും വരുത്തി വെക്കുന്ന ദോഷങ്ങള്‍ അവര്‍ കണ്ടിട്ടും കണ്ടില്ലെന്നു നടിച്ചു.

അങ്ങനെ യാതൊരു നിയന്ത്രണവുമില്ലാതെ യഥേഷ്ടം മദ്യം ലഭ്യമാക്കിയതിന്റെ പരിണിത ഫലമാണ് ഇപ്പോള്‍ സുപ്രീം കോടതി വിധിയില്‍ വരെ എത്തിയത്. അമിതമായാല്‍ മദ്യം മാത്രമല്ല അമൃതും വിഷമാകുമെന്ന സത്യമാണ് ജനങ്ങളും സര്‍ക്കാരും മനസ്സിലാക്കേണ്ടത്. പകലന്തിയോളം അദ്ധ്വാനിക്കുന്ന തൊഴിലാളികള്‍ ശാരീരിക ഉന്മേഷത്തിനായി അല്പം അന്തിക്കള്ള് മോന്തിയിരുന്ന കാലമുണ്ടായിരുന്നു. എന്നാല്‍ ഇന്നത് 24 മണിക്കൂറും ലഭ്യമാകാവുന്ന വിധത്തില്‍ സൗകര്യങ്ങളുണ്ടാക്കിക്കൊടുത്തത് സര്‍ക്കാരുകളാണ്. മദ്യവില്പനയിലൂടെ കിട്ടുന്ന കോടികളായിരുന്നു അബ്കാരികളടേയും അവരെ സം‌രക്ഷിക്കുന്ന സര്‍ക്കാരുകളുടെയും കണ്ണില്‍. അതിനായി നാടുനീളെ അവര്‍ മദ്യഷാപ്പുകള്‍ തുറന്നു. മദ്യപാനം മൂലം നാട്ടില്‍ നടക്കുന്ന സാമൂഹ്യപ്രശ്നങ്ങള്‍ അവര്‍ കണ്ടില്ലെന്നു നടിച്ചു. അതോടെ പൊറുതിമുട്ടിയ ജനങ്ങള്‍ കൂട്ടത്തോടെ ഇളകി. അതിന്റെ പര്യവസാനമാണ് ഈ സുപ്രീം കോടതി വിധി. ചുരുക്കിപ്പറഞ്ഞാല്‍ 'കുടിപ്പിച്ച് കുടിപ്പിച്ച് കുടി നിര്‍ത്തിച്ചു.'

ഇനിയും പാഠം പഠിക്കാത്ത സര്‍ക്കാര്‍ എങ്ങനെയെങ്കിലും എവിടെയെങ്കിലും മദ്യശാലകള്‍ തുറക്കാനുള്ള തത്രപ്പാടിലാണ്. എന്നാല്‍ മദ്യശാലകള്‍ക്കെതിരെ സംസ്ഥാനത്തെങ്ങും അതിശക്തമായ ജനകീയ പ്രക്ഷോഭം നടന്നുവരികയാണിപ്പോള്‍. ജനവികാരം മാനിക്കാതെ സര്‍ക്കാറിന് ബലപ്രയോഗത്തിലൂടെ ഒരിടത്തും മദ്യഷാപ്പ് തുറക്കാനുമാകില്ല. ജനസാന്ദ്രതയുള്ള സ്ഥലങ്ങളില്‍ ചില്ലറ മദ്യവില്‍പനശാലകളുടെ ദൂരപരിധി 220 മീറ്ററായി കുറച്ചിട്ടുണ്ടെങ്കിലും ഇത് കേരളത്തിന് ബാധകമാകില്ല.    കാരണം, ഏറ്റവും ജനസാന്ദ്രതയേറിയ സംസ്ഥാനമാണ് കേരളം. ഈ സാഹചര്യത്തില്‍ ഈ ഇളവില്‍ കേരളത്തില്‍ ഒരിടത്തും മദ്യശാലകള്‍ തുറക്കാനും സാധിക്കുകയില്ല.

സംസ്ഥാനത്തെ റോഡരികുകളില്‍ പ്രവര്‍ത്തിക്കുന്ന 31 പഞ്ചനക്ഷത്ര ബാറുകളാണ് സുപ്രീം കോടതി വിധിയെതുടര്‍ന്ന് പൂട്ടിയത്. കൂടാതെ 815 ബിയര്‍, വൈന്‍ പാര്‍ലറുകളും സംസ്ഥാത്ത് പ്രവര്‍ത്തിക്കുന്നുണ്ടത്രേ. ഇവയെല്ലാം ഏപ്രില്‍ ഒന്നുമുതല്‍ പ്രവര്‍ത്തിക്കാനും നിവൃത്തിയില്ലാതെ പൂട്ടേണ്ടി വന്നു. ബീവറേജസ് കോര്‍പറേഷന് 270 ചില്ലറ വിപണന ശാലകളാണുള്ളത്. ഇതില്‍ 180 എണ്ണം മാറ്റണം. എന്നാല്‍ 46 എണ്ണം മാത്രമാണ് ഇതുവരെ മാറ്റിയത്. 134 എണ്ണം മാറ്റാനുള്ള ശ്രമങ്ങള്‍ ജനകീയ പ്രതിഷേധത്തെതുടര്‍ന്ന് നടന്നില്ല. ഈ സാഹചര്യത്തില്‍ 134 ബീവറേജസ് ഷോപ്പുകളും ഞായറാഴ്ച മുതല്‍ അടച്ചിടേണ്ടിവരും. ചുരുക്കത്തില്‍ ഞായറാഴ്ച മുതല്‍ അടച്ചിടുന്ന മദ്യഷാപ്പുകളൊന്നും തുറക്കാനിടയില്ല. കോടതിവിധിയുടെ അടിസ്ഥാനത്തില്‍ മദ്യ ലൈസന്‍സുള്ള 18 ക്ളബുകളും മാറ്റണം. ആകെ 34 ക്ളബുകളാണ് കേരളത്തിലുള്ളത്. 1130 കള്ളുഷാപ്പുകള്‍ പൂട്ടിക്കഴിഞ്ഞു. ഇനിയും 5200 കള്ളു ഷാപ്പുകളുണ്ടെന്നാണ് കണക്കുകള്‍.

സുപ്രീം കോടതി വിധിയെ മറികടക്കാന്‍ സര്‍ക്കാര്‍ പല തന്ത്രങ്ങളും പയറ്റി നോക്കിയിരുന്നു. ആ ശ്രമമെല്ലാം വിഫലവുമായി. സ്കൂളുകള്‍, കോളേജുകള്‍, ആരാധനാലയങ്ങള്‍ എന്നിവയില്‍ നിന്ന് സുപ്രീം കോടതി നിഷ്ക്കര്‍ഷിച്ച ദൂരപരിധിയില്‍ മദ്യശാലകള്‍ സ്ഥാപിക്കാന്‍ സര്‍ക്കാരിന് കഴിയില്ല. അതുകൊണ്ട് പുതിയ സാഹചര്യത്തില്‍ അനുയോജ്യമായ പുതിയ കേന്ദ്രങ്ങളിലേക്ക് മാറ്റി സ്ഥാപിക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. എന്തു വില കൊടുത്തും സ്ഥലം കണ്ടെത്താനും അവര്‍ ശ്രമം തുടങ്ങിയിട്ടുണ്ടത്രേ. പക്ഷെ, പ്രബുദ്ധരായ കേരളീയര്‍ സര്‍ക്കാരിന്റെ എല്ലാ നീക്കത്തേയും ശക്തിയുക്തം എതിര്‍ക്കാനാണ് പദ്ധതിയിട്ടിരിക്കുന്നത്. ദൂരപരിധിയൊന്നും അവര്‍ക്കൊരു പ്രശ്നമല്ല. ഏതെങ്കിലും രീതിയില്‍ വീണ്ടും മദ്യശാലകള്‍ തുറന്നാല്‍ വമ്പിച്ച ജനകീയ പ്രക്ഷോഭം തന്നെയുണ്ടാകുമെന്ന് സര്‍ക്കാരിന് മുന്നറിയിപ്പ് കിട്ടിക്കഴിഞ്ഞു. അതാണ് ഇപ്പോള്‍ സര്‍ക്കാറിനെ കുഴയ്ക്കുന്നത്. മാത്രവുമല്ല, തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ അനുമതിയില്ലാതെ ഒരിടത്തും മദ്യശാലകള്‍ തുറക്കാനും കഴിയില്ല. അഥവാ ജനവികാരം മാനിക്കാതെ തുറന്നാല്‍ സ്ത്രീകളും കുട്ടികളുമെല്ലാം തെരുവിലിറങ്ങുന്ന അവസ്ഥയുണ്ടാകുമെന്നും മുന്നറിയിപ്പു നല്‍കിയിട്ടുണ്ട്.

ആഘോഷങ്ങള്‍ക്കും സല്‍ക്കാരങ്ങള്‍ക്കും മാത്രമല്ല ഹര്‍ത്താലുകള്‍ക്കു പോലും മദ്യസേവ നടത്തുക, കുടിച്ചു തിമര്‍ക്കുക എന്നത് ഇന്നത്തെ കാലത്ത് ഒരു ഫാഷനായി തീര്‍ന്നിരിക്കുകയാണ്. സമൂഹം ഈ അര്‍ഥത്തില്‍ മദ്യത്തില്‍ മതിമറന്ന് ഉല്ലസിക്കുകയും നിര്‍ലജ്ജം മുന്നോട്ട് പോകുകയും ചെയ്യുമ്പോള്‍ അതിന് തടയിടേണ്ടവര്‍ തന്നെ ഇതിന് വളം വെച്ചു കൊടുക്കുന്ന കാഴ്ചയും നമുക്ക് കാണേണ്ടി വരുന്നു.
മദ്യം പൂര്‍ണമായും ഇല്ലായ്മ ചെയ്യാനുള്ള ആത്മാര്‍ഥമായ നടപടികള്‍ സര്‍ക്കാറുകള്‍ സ്വീകരിക്കുകയാണ് ചെയ്യേണ്ടത്. അതിനുവേണ്ടി പരിശ്രമിക്കുകയും പണിയെടുക്കുകയും ചെയ്യുന്ന നിരവധി സന്നദ്ധ സംഘടനകള്‍ കേരളത്തിലുള്ളപ്പോള്‍ അവര്‍ക്ക് പ്രോത്സാഹനം നല്‍കുകയും അവരുടെ പ്രവര്‍ത്തനങ്ങളില്‍ സഹകരിച്ച് അവരോടൊപ്പം ചേര്‍ന്ന് നമ്മുടെ നാടിനെ ഈ മഹാമാരിയില്‍ നിന്നും രക്ഷിക്കാനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണം. ധാര്‍മിക ബോധവും ആരോഗ്യവുമുള്ള തലമുറ വളര്‍ന്നു വരണമെന്ന് ആഗ്രഹിക്കുന്ന ഭൂരിപക്ഷം ജനങ്ങളും ഇത്തരം നടപടികള്‍ക്ക് കൂട്ടായി സര്‍ക്കാറിനൊപ്പം എന്നും ഉണ്ടാകും.

'മദ്യവില്പനയും മദ്യപാനവും പൗരാവകാശമല്ല' എന്ന സുപ്രീം കോടതിയുടെ പ്രസ്താവനയും ഇതോടൊപ്പം കൂട്ടിവായിക്കേണ്ടതാണ്.

No comments:

Post a Comment