Saturday, April 22, 2017

പിണറായി പിടിച്ച കുരിശ് ! (ഭാഗം ഒന്ന്)

മൂന്നു നേരവും അന്നം ഭക്ഷിക്കാന്‍ വകയില്ലെങ്കിലും കേരളീയര്‍ക്ക് ഭക്ഷിക്കാന്‍ ഇഷ്ടം പോലെ വിവാദങ്ങള്‍ വിളമ്പിക്കൊടുക്കുന്നുണ്ട് സര്‍ക്കാര്‍. ഒന്നൊഴിയുമ്പോള്‍ മറ്റൊന്ന്, വിവാദങ്ങളുടെ സ്വന്തം നാടായി കേരളം മാറുകയാണെന്നതിന്റെ ഉത്തമ ഉദാഹരണമാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മൂന്നാര്‍ കൈയ്യേറ്റവും കുടിയൊഴിപ്പിക്കലും.

2007-ല്‍ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന അച്യുതാനന്ദന്‍ മൂന്നു പൂച്ചകളേയും കൊണ്ട് മൂന്നാര്‍ മലനിരകള്‍ കയറി കൈയ്യേറ്റങ്ങളൊക്കെ ഇടിച്ചു നിരപ്പാക്കി മുന്നോട്ടു നീങ്ങിയപ്പോള്‍ ജനം കൈയ്യടിച്ചു, ആര്‍ത്തു വിളിച്ചു, അച്യുതാനന്ദന് കീജെയ് വിളിച്ചു. അന്നത്തെ ‘മൂന്നാര്‍ ദൗത്യസേന’ സമ്മര്‍കാസില്‍ എന്ന അഞ്ചു നിലയുള്ള റിസോര്‍ട്ട് ഇടിച്ചുനിരത്തിയപ്പോഴാണ് 'ലവന്‍ പുലിയാണ് കേട്ടാ' എന്ന് കൗതുകത്തോടെയെങ്കിലും അച്യുതാനന്ദന് ജനങ്ങളിട്ട ഓമനപ്പേര്. 2007 മെയ് പതിമൂന്നാം തിയ്യതിയായിരുന്നു സമ്മര്‍കാസില്‍ നിലം പൊത്തിയത്. അതും വെറും രണ്ടു മാസമേ ആയിരുന്നുള്ളൂ ആ റിസോര്‍ട്ട് അവിടെ പ്രവര്‍ത്തിച്ചുതുടങ്ങിയിട്ട്. ആ റിസോര്‍ട്ട് ഇടിച്ചുപൊളിച്ച് തവിടുപൊടിയാക്കുന്നത് മലയാളികള്‍ അവിശ്വസനീയതയോടെയാണ് ടെലിവിഷന്‍ സ്‌ക്രീനില്‍ കണ്ടിരുന്നത്. അനധികൃതമായി കൈയ്യേറിയ മൂന്നാറിലെ ഭൂമി തിരിച്ചു പിടിക്കുക എന്ന ദൗത്യവുമായി മുന്നിട്ടിറങ്ങിയ ദൗത്യസേനയെ ജനങ്ങള്‍ കൈയ്യടിച്ചു പ്രോത്സാഹിപ്പിച്ചു. കൈയ്യേറ്റമൊഴിപ്പിക്കലിന് പുതിയ പാത വെട്ടിത്തുറന്ന മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന് റെഡ് സല്യൂട്ടുകളുടെ പ്രവാഹമായിരുന്നു പിന്നീട്. അദ്ദേഹത്തിന്റെ ജനപ്രീതി കുത്തനെയുയര്‍ന്നു. മെയ് മാസം മുതല്‍ ജൂണ്‍ ആദ്യവാരം വരെ 91 കെട്ടിടങ്ങള്‍ ഇടിച്ചു നിരത്തിയപ്പോള്‍ സര്‍ക്കാരിലേക്ക് കണ്ടുകെട്ടാനായത് പന്തീരായിരത്തോളം ഏക്കര്‍ ഭൂമിയായിരുന്നു.

ഇടിച്ചുനിരത്തലില്‍ ഏറ്റവും പ്രമാദമായത് ‘ക്ലൗഡ് നയന്‍’ എന്ന റിസോര്‍ട്ട് ആയിരുന്നു. ഏറെ കാലത്തെ നിയമ പോരാട്ടത്തിനൊടുവിലാണ് ഹൈക്കോടതിയില്‍ നിന്ന് സര്‍ക്കാരിന് അനുകൂലമായ വിധിയുണ്ടായത്. ആ വിധിയാണ് ‘ക്ലൗഡ് നയന്‍’ നിലം ‌പൊത്താനിടയായതും. ഏലം കൃഷിക്ക് അനുവദിച്ച സ്ഥലത്ത് റിസോര്‍ട്ട് നിര്‍മ്മാണം നടത്തിയതിനാണ് ക്ലൗഡ് നയന്റെ മുന്‍പില്‍ അച്യുതാനന്ദന്റെ ബുള്‍ഡോസര്‍ ഉരുണ്ടു ചെന്നു നിന്നത്. ഒരു പ്രമുഖ യു.ഡി.എഫ്. മന്ത്രിയുടെ ബന്ധുവിന്റെ പേരിലുള്ളതായിരുന്നു ക്ലൗഡ് നയന്‍. 2.87 ഏക്കറോളം സ്ഥലത്ത് ഏകദേശം പത്തുകോടിയോളം രൂപ മുടക്കിയാണ് അത് പണിതിരുന്നത്. പക്ഷേ വി.എസ്. അയച്ച മൂന്നു ‘പൂച്ചകള്‍ക്ക്’ (ദൗത്യസംഘം സ്‌പെഷല്‍ ഓഫീസര്‍ കെ. സുരേഷ്‌കുമാര്‍, അന്ന് ഐ.ജി.യായിരുന്ന ഋഷിരാജ് സിംഗ്, അന്നത്തെ ഇടുക്കി ജില്ലാ കളക്ടര്‍ രാജുനാരായണസ്വാമി) പാലും പഴവും കൊടുത്ത് അച്യുതാനന്ദന്‍ പറഞ്ഞയച്ചത് ഇരയെ പിടിക്കാന്‍ തന്നെയായിരുന്നു. മുന്‍‌പിന്‍ നോക്കാതെ ക്ലൗഡ് നയനെ അവര്‍ നിലം‌പരിശാക്കി. പത്തോളം റിസോര്‍ട്ടുകളാണ് അവര്‍ പൊളിച്ചടുക്കിയത്. സുരേഷ്‌കുമാറും ഋഷിരാജ് സിംഗും രാജുനാരായണസ്വാമിയും ചൂണ്ടിക്കാണിച്ചിടത്തെല്ലാം ബുള്‍ഡോസര്‍ കയറിയിറങ്ങി. ഏതാണ്ട് മൂന്നു മാസത്തോളം ആ പൂച്ചകള്‍ മൂന്നാറില്‍ ക്യാമ്പ് ചെയ്തു. ചാനലുകാര്‍ അവരുടെ ഒബി വാനുകള്‍ തലങ്ങും വിലങ്ങും പാര്‍ക്ക് ചെയ്ത് ഇടിച്ചുനിരത്തല്‍ “തത്സമയം” സം‌പ്രേക്ഷണം ചെയ്തുകൊണ്ടുമിരുന്നു.

വി.എസ്സിനെ തരം കിട്ടുമ്പോഴൊക്കെ 'ഒതുക്കാന്‍' നടന്ന പിണറായി-കോടിയേരി കോക്കസിന് തിരിച്ചടിയായി വി.എസിന്റെ റേറ്റിംഗ് കുത്തനെ കൂടി. അതുകണ്ട് പാര്‍ട്ടിയില്‍ തന്നെ കുശുകുശുപ്പും ആരംഭിച്ചു. ഇങ്ങനെ പോയാല്‍ പിണറായിയേയും കൊടിയേരിയേയുമൊക്കെ പോളിറ്റ് ബ്യൂറോ മൂലയ്ക്കലിരുത്തുമെന്നുവരെ അന്ന് സംസാരമുണ്ടായിരുന്നു. പക്ഷെ മറുത്തൊന്നും പറയാതെ പാര്‍ട്ടിയും വി.എസിനെ പിന്തുണച്ചുകൊണ്ടിരുന്നു. എന്നാല്‍ സി.പി.ഐ.യുടെ നെഞ്ചകം പുകയുകയായിരുന്നു. കാരണം, അവരുടെ ഓഫീസും അച്യുതാനന്ദന്റെ ‘പൊളിച്ചടുക്കല്‍’ ലിസ്റ്റില്‍ ഉണ്ടായിരുന്നു. പൂച്ചകളുടെ കണ്ണുകള്‍ അധികം താമസിയാതെ മേല്പടി ഓഫീസ് കെട്ടിടത്തിലും പതിഞ്ഞു…ബുള്‍ഡോസര്‍ ഉരുണ്ടു…കെട്ടിടത്തിന്റെ ഒരുഭാഗം ഇടിച്ചുനിരത്തി…അതോടെ അന്നത്തെ റവന്യൂ മന്ത്രിയായിരുന്ന സി.പി.ഐ.യിലെ കെ.പി. രാജേന്ദ്രന്‍ കണ്ണുരുട്ടി. മുന്‍ മുഖ്യമന്ത്രി പി.കെ. വാസുദേവന്‍ നായരുടെ പേരില്‍ പട്ടയമുള്ള സ്ഥലത്താണ് കെട്ടിടം പണിതിരിക്കുന്നതെന്നും, അതില്‍ തൊട്ടാല്‍ കളി മാറുമെന്നും വി.എസിന് മുന്നറിയിപ്പ് കൊടുത്തു. ആ ‘പൊളി’ക്ക് സുല്ലിട്ട് പൂച്ചകള്‍ മറ്റൊരു ദിശയിലെക്ക് നീങ്ങി.

അവര്‍ നേരെ പോയത് മറ്റൊരു ഹോട്ടലിന്റെ മുന്നിലേക്കാണ്. ‘ധന്യശ്രീ’ എന്ന് പേരുള്ള ആ ഹോട്ടല്‍ പൊളിക്കാന്‍ ചെന്നപ്പോഴാണ് അറിയുന്നത് അത് മറ്റൊരു സി.പി.എം. നേതാവും വി.എസിന്റെ വിശ്വസ്തനുമായ പാര്‍ട്ടി ജില്ലാ സെക്രട്ടറി എം.എം. മണിയുടേതാണെന്ന് (ഇപ്പോഴത്തെ വിദ്യുച്ഛക്തി മന്ത്രി). അവിടെയും പൂച്ചകള്‍ക്ക് പിന്മാറേണ്ടി വന്നു. എം.എം. മണി വി.എസുമായി തെറ്റിപ്പിരിഞ്ഞത് അതോടെയാണ്. മണി നേരെ പോയി പിണറായി വിജയന്റെ കാല്‍ക്കല്‍ വീണു. അന്ന് പിണറായി മണിയ്ക്ക് വേദോപദേശം കൊടുത്തു. ഉപദേശം കിട്ടിയ മണി വീണ്ടും മൂന്നാറിലേക്ക് ചെന്നു... "ഇനിയെങ്ങാനും ഒഴിപ്പിക്കലെന്നും പറഞ്ഞ് ആരെങ്കിലും ഇങ്ങോട്ടു വന്നാല്‍ വരുന്നവരുടെ കാലു ഞാന്‍ വെട്ടും" എന്ന പ്രഖ്യാപനവും നടത്തി. മണി പറഞ്ഞാല്‍ പറഞ്ഞതുപോലെ ചെയ്യുമെന്നറിയാവുന്ന അച്യുതാനന്ദന്‍ കണ്ണടച്ചു പിന്മാറി.

പാര്‍ട്ടിയില്‍ നിന്നും സഖ്യകക്ഷിയായ സി.പി.ഐ.യില്‍ നിന്നും കലാപക്കൊടി ഉയര്‍ന്നതോടെ വി.എസ്സിന് ദൗത്യസംഘത്തെ പിന്‍വലിക്കേണ്ടിവന്നു. പൂച്ചകളേയും തിരിച്ചുവിളിച്ചു. അക്കാലത്ത് കേരളത്തിലും മറുനാട്ടിലുമൊക്കെ ഉയര്‍ന്നുവന്ന ഒരു ചോദ്യമായിരുന്നു "ആയിരക്കണക്കിന് ഏക്കര്‍ സര്‍ക്കാര്‍ ഭൂമി എങ്ങനെ അനധികൃതമായി ഓരോരുത്തര്‍ കൈവശപ്പെടുത്തി" എന്ന്. അതേക്കുറിച്ച് അന്വേഷണമാരംഭിച്ചപ്പോഴാണ് “രവീന്ദ്രന്‍ പട്ടയ”ത്തിന്റെ പേര് ഉയര്‍ന്നു വന്നത്. അതെന്തു പട്ടയം ??

പണ്ട് ദേവികുളം ഡപ്യൂട്ടി തഹസില്‍ദാരായിരുന്ന ഒരു രവീന്ദ്രന്‍ ഇല്ലാത്ത അധികാരം ഉപയോഗിച്ച് കുറെ പേര്‍ക്ക് പട്ടയം നല്‍കിയത്രേ. 1999ല്‍ തൊടുപുഴയില്‍ നടത്തിയ പട്ടയമേളയിലൂടെ രവീന്ദ്രന്‍ നല്‍കിയ പട്ടയങ്ങള്‍ പിന്നീട് ‘രവീന്ദ്രന്‍ പട്ടയം’ എന്ന പേരില്‍ വിവാദമായി മാറിയിരുന്നു. എല്ലാം അനധികൃതം. ഈ പട്ടയമേളയില്‍ പട്ടയവിതരണം നടത്തിയത് മന്ത്രി കെ.ഇ. ഇസ്മയില്‍ ആയിരുന്നു. അദ്ദേഹത്തിന്റെ നേരിട്ടുള്ള നിര്‍ദ്ദേശത്തിന്റെ പേരിലാണ് മൂന്നാറിലെ സി.പി.ഐ. ഓഫീസിന് പട്ടയം നല്‍കിയത്. സി.പി.ഐയ്ക്കു പുറമെ സി.പി.എം. ഓഫീസിനും പട്ടയം നല്‍കിയിട്ടുണ്ടായിരുന്നു. ഇങ്ങനെ പട്ടയം നല്‍കിയ ഭൂമിയുടെ കരം 2007 വരെ ബന്ധപ്പെട്ട വില്ലേജ് ഓഫീസുകളില്‍ സ്വീകരിക്കുകയും ചെയ്തിരുന്നുവത്രെ. വി.എസ്. മുഖ്യമന്ത്രിയായി ചുമതലയേറ്റ് ആദ്യത്തെ സം‌രംഭമായിരുന്നു മൂന്നാറിലെ കൈയ്യേറ്റഭൂമി തിരിച്ചു പിടിക്കുക എന്നത്. ആ തീരുമാനത്തിനു ശേഷം കൈയ്യേറ്റ ഭൂമിയുടെ കരം വാങ്ങുന്നത് നിര്‍ത്തി, ഭൂമി വില്‍ക്കുന്നതിനും ആധാരം നടത്തുന്നതിനും വിലക്ക് ഏര്‍പ്പെടുത്തി. സ്വന്തം പാര്‍ട്ടിയില്‍ നിന്നുപോലും കലാപക്കൊടി ഉയരുകയും, വി.എസിന്റെ ഒറ്റയാള്‍ പട്ടാള ശൈലിക്കു നേരെ വിമര്‍ശനങ്ങള്‍ ഉയരുകയും ചെയ്തതോടെ മൂന്നാര്‍ ദൗത്യം അദ്ദേഹത്തിന് ഉപേക്ഷിക്കേണ്ടി വന്നു എന്നു മാത്രമല്ല, അദ്ദേഹം പറഞ്ഞ വ്യാജ പട്ടയങ്ങളില്‍ ഒന്നുപോലും റദ്ദാക്കാന്‍ ഭരണത്തില്‍നിന്നും ഇറങ്ങുന്നതുവരെ അദ്ദേഹത്തിന് കഴിഞ്ഞതുമില്ല.

ആ പട്ടയത്തിന്റെ പേരില്‍ പിന്നീട് സംഭവിച്ചത് സര്‍ക്കാര്‍ തന്നെ നിയമക്കുരുക്കില്‍ അകപ്പെടുന്നതാണ്. നിയമവിരുദ്ധമായി കൈക്കലാക്കിയ സര്‍ക്കാര്‍ സ്വത്ത് തിരിച്ചു പിടിക്കാന്‍ ചെന്ന സര്‍ക്കാരിനെ കൈയ്യേറ്റക്കാര്‍ തന്നെ നിയമക്കുരുക്കിലാക്കി. അതായത് കടുവയെ കിടുവ പിടിച്ചതുപോലെയായി കാര്യങ്ങള്‍. കോടതി ഇടപെട്ട് എല്ലാ ദൗത്യങ്ങള്‍ക്കും തടയിട്ടു. അതോടെ ദൗത്യസംഘത്തിന്റെ ദൗത്യം സങ്കീര്‍ണമായി. പല ഫയലുകളും സ്റ്റേയില്‍ കുടുങ്ങി. നിരവധി വിവാദങ്ങളില്‍ കുടുങ്ങി ദൗത്യസംഘം മലയിറങ്ങി. പിന്നീടൊരിക്കലും അത്തരമൊരു ഒഴിപ്പിക്കല്‍ മൂന്നാറിലുണ്ടായില്ല.

കാലം മാറി, കഥ മാറി. യു.ഡി.എഫ്. ഭരിച്ചു. ഒന്നും ശരിയായില്ല. "എല്ലാം ശരിയാകും" എന്ന മാജിക് മന്ത്രവുമായാണ് പിണറായി വിജയന്‍ മുഖ്യമന്ത്രിയായത്. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. ആവേശത്തോടെ കൈയ്യേറ്റ ഭൂമി തിരിച്ചു പിടിയ്ക്കാന്‍ ഉദ്യോഗസ്ഥരെ നിയോഗിച്ചത് മന്ത്രിസഭാ തീരുമാനപ്രകാരമായിരുന്നു. രാജു നാരായണസ്വാമിയുടെ സ്ഥാനത്ത് ദേവികുളം സബ് കളക്ടര്‍ ശ്രീരാം വെങ്കട്ടരാമന്‍. യുവത്വത്തിന്റെ ചോരത്തിളപ്പുള്ള ഐ.എ.എസ്. ഉദ്യോഗസ്ഥന്‍. സുരേഷ്കുമാറിനേക്കാള്‍ ശൂരത്വമുള്ളവന്‍, മുഖം നോക്കാതെ നടപടിയെടുക്കാന്‍ കഴിവുള്ളവന്‍. മൂന്നാറില്‍ മാത്രമല്ല സംസ്ഥാനത്തെ മുഴുവന്‍ കൈയ്യേറ്റക്കാര്‍ക്കെതിരെയും നടപടിയെടുക്കുമെന്ന റവന്യൂ വകുപ്പ് മന്ത്രി ഇ. ചന്ദ്രശേഖരന്റെ പ്രഖ്യാപനം സബ് കളക്ടര്‍ക്ക് തുണയായി. അതോടെയാണ് മൂന്നാറിലും ദേവികുളത്തും സര്‍ക്കാര്‍ ഭൂമി കൈയ്യേറിയവരുടെ പട്ടിക അദ്ദേഹം പരിശോധിച്ചത്. അതില്‍ ഭൂരിഭാഗവും സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടേതായിരുന്നു. റവന്യൂ, വനം, വിദ്യാഭ്യാസ വകുപ്പിലെ ജീവനക്കാര്‍ക്ക് പുറമെ കോടതി ആമീനും കൈയ്യേറ്റക്കാരുടെ പട്ടികയിലുണ്ട്. ജനസേവകരാകേണ്ട ഉദ്യോഗസ്ഥരാണ് സര്‍ക്കാര്‍ ഭൂമി കൈയ്യേറിയിരിക്കുന്നതെന്നത് ഗുരുതരമായ കുറ്റമാണ്. അവര്‍ക്കെതിരെ നടപടിയുണ്ടാകുമെന്ന് മന്ത്രി പ്രഖ്യാപിക്കുകയും ചെയ്തു.

കൈയ്യേറ്റങ്ങള്‍ക്ക് കുപ്രസിദ്ധി നേടിയ പ്രദേശമാണ് ചിന്നക്കനാല്‍. അതുകൊണ്ടുതന്നെ അവിടത്തെ കൈയ്യേറ്റം ഒഴിപ്പിക്കല്‍ അത്ര എളുപ്പമാകില്ലെന്ന് ദൗത്യസംഘത്തിനറിയാമായിരുന്നു. കാരണം കൈയ്യേറ്റക്കാരില്‍ ഭൂരിഭാഗവും സിപിഐഎം നേതാക്കളുടേതാണ്. അതിനാല്‍ വലിയ പ്രതിഷേധം തന്നെ റവന്യൂ സംഘത്തിന് നേരിടേണ്ടി വരുമെന്ന് രഹസ്യ റിപ്പോര്‍ട്ട് കിട്ടിയിരുന്നു. ചിന്നക്കനാല്‍ മേഖലയില്‍ സ്വകാര്യ വ്യക്തികള്‍ വ്യാപകമായി സര്‍ക്കാര്‍ ഭൂമി കൈയ്യേറി വച്ചിരിക്കുന്നതായി മുന്‍ ജില്ലാ കളക്ടര്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. പക്ഷെ, സര്‍ക്കാര്‍ നടപടികളൊന്നും എടുത്തിരുന്നില്ല. കാരണം രാഷ്ട്രീയ സ്വാധീനം തന്നെ.

2007ല്‍ സിപിഐ ഓഫീസ് ഇടിച്ചു നിരത്താന്‍ ചെന്നപ്പോഴാണ് ദൗത്യസംഘത്തിന് പിന്തിരിയേണ്ടി വന്നതെങ്കില്‍ ഇപ്പോള്‍ ഒരു 'കുരിശ്' ആണ് അവര്‍ക്ക് കുരിശായത്. തൃശൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'സ്പിരിറ്റ് ഒാഫ് ജീസസ്' പ്രാര്‍ത്ഥനാ ഗ്രൂപ്പ് ഏതാനും മാസങ്ങള്‍ക്ക് മുമ്പാണ് പാപ്പാത്തിച്ചോലയില്‍ സര്‍ക്കാര്‍ ഭൂമി കൈയ്യേറി കുരിശ് സ്ഥാപിച്ചതത്രെ. 15 അടിയോളം ഉയരമുള്ള കുരിശ് കോണ്‍ക്രീറ്റ് അടിത്തറയിലാണ് സ്ഥാപിച്ചിരുന്നത്. അനുബന്ധമായി അതിനടുത്തുതന്നെ രണ്ട് താല്‍കാലിക ഷെഡുകളും അഞ്ഞൂറോളം പേര്‍ക്ക് ഇരിക്കാവുന്ന ഹാളിന്റെ നിര്‍മ്മാണവും നടന്നുകൊണ്ടിരിക്കുന്നു. ഏകദേശം രണ്ടായിരത്തോളം ഏക്കര്‍ വരുന്ന പ്രദേശത്ത് കുരിശ് സ്ഥാപിച്ച് ആധ്യാത്മിക ടൂറിസം നടത്താന്‍ സ്പിരിറ്റ് ഒാഫ് ജീസസ് നീക്കം നടത്തിയതെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വാര്‍ത്തകള്‍.

ആ കുരിശാണ് സബ് കളക്ടറും കര്‍മ്മ സേനയും പൊളിച്ചു നീക്കിയത്. ഇരുമ്പ് കൊണ്ട് നിര്‍മ്മിച്ച കുരിശ് കോണ്‍‌ക്രീറ്റിലാണ് ഉറപ്പിച്ചിരുന്നത്. ദേവികുളം തഹസില്‍‌ദാരുടെ നേതൃത്വത്തിലുള്ള സംഘത്തെ തടയാന്‍ ഗുണ്ടകളെ വരെ നിയോഗിച്ചിരുന്നുവെന്നും, ഇടുങ്ങിയ വഴിയില്‍ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്ത് മാര്‍ഗതടസ്സമുണ്ടാക്കാന്‍ ശ്രമിച്ചു എന്നുമൊക്കെ കേള്‍ക്കുമ്പോഴാണ് കാര്യത്തിന്റെ ഗൗരവം മനസ്സിലാകുന്നത്. ഇവര്‍ക്കെല്ലാം ഒത്താശ ചെയ്തുകൊടുത്തത് സര്‍ക്കാര്‍ ഭൂമി കൈയ്യേറി വീടു വെച്ചിരിക്കുന്ന മറ്റൊരു സി.പി.എം. എം‌എല്‍‌എയുമാണ്.

എല്ലാ നിയമവശങ്ങളും മനസ്സിലാക്കി, നിയമപ്രകാരം തന്നെയാണ് കൈയ്യേറ്റ ഭൂമി തിരിച്ചുപിടിക്കാന്‍ ഉദ്യോഗസ്ഥര്‍ മൂന്നാറിലേക്ക് പോയതെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, സബ് കളക്ടറേയും ദൗത്യസേനയേയും ഭൂമാഫിയകള്‍ കൈയ്യേറ്റം ചെയ്തപ്പോള്‍ കൈയ്യും കെട്ടി നോക്കി നിന്ന പോലീസുകാരെ നാമെല്ലാം കണ്ടതാണ്. സബ് കളക്ടറുടെ നേരെ കയര്‍ത്തു സംസാരിക്കുന്ന സിപി‌എം എം.എല്‍.എയും കണ്ടു. അപ്പോഴൊന്നും പിണറായി വിജയന്‍ പ്രതികരിച്ചില്ല. പക്ഷേ, കുരിശില്‍ തൊട്ടപ്പോള്‍ പിണറായി വിജയന്റെ ധാര്‍മ്മികരോഷം അണപൊട്ടി. "ആ കുരിശ് എന്തു പിഴച്ചു, എന്തിനതു മാറ്റി" എന്നൊക്കെ ചോദിക്കുന്നതു കേട്ടപ്പോള്‍ ഇതാണോ മുഖ്യമന്ത്രി പിണറായി വിജയന്‍ എന്ന് വൃഥാ ഓര്‍ത്തു പോയി. "പൊളിക്കലല്ല സര്‍ക്കാര്‍ നയം, ഒഴിപ്പിക്കല്‍ നടപടികളില്‍ കൂടിയാലോചന വേണമായിരുന്നു, സര്‍ക്കാര്‍ ഭൂമിയാണെന്ന് ഉറപ്പുണ്ടെങ്കില്‍ ബോര്‍ഡ് സ്ഥാപിച്ചാല്‍ മതിയായിരുന്നു, ആ കുരിശ് എന്ത് പിഴച്ചു, വലിയൊരു വിഭാഗം പ്രത്യാശയോടെയാണ് കുരിശിനെ കാണുന്നത്, കുരിശ് പൊളിക്കുന്ന സര്‍ക്കാരെന്ന പ്രതീതിയാണ് ഇതോടെ ഉണ്ടായത്" എന്നൊക്കെയുള്ള പിണറായി വിജയന്റെ പ്രസ്താവനകള്‍ അപഹാസ്യമായാണ്  തോന്നിയത്.

(തുടരും)

No comments:

Post a Comment