Friday, April 28, 2017

ശാപമോക്ഷം കിട്ടിയ മലയാളം (ലേഖനം)

മെയ് ഒന്നു മുതല്‍ കേരളത്തിലെ ഔദ്യോഗിക ഭാഷ പൂര്‍ണ്ണമായും മലയാളത്തിലാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ച സംസ്ഥാന സര്‍ക്കാരിന് അഭിനന്ദനങ്ങള്‍. സെക്രട്ടറിയേറ്റ് ഉള്‍പ്പെടെ സര്‍ക്കാര്‍, അര്‍ധസര്‍ക്കാര്‍, പൊതുമേഖല, സ്വയംഭരണ, സഹകരണ സ്ഥാപനങ്ങളില്‍ ഒൗദ്യോഗികഭാഷ പൂര്‍ണമായും മലയാളത്തിലായിരിക്കണമെന്ന വിജ്ഞാപനത്തെ സ്വീകരിക്കുന്നതോടൊപ്പം അന്യഭാഷകള്‍ സംസാരിക്കുന്നവരെക്കൂടി കണക്കിലെടുത്തതും സ്വാഗതാര്‍ഹമാണ്. 2013-ല്‍ മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിച്ചിരുന്നെങ്കിലും, സംസ്ഥാന സര്‍ക്കാരിന് നാല് വര്‍ഷങ്ങള്‍ വേണ്ടിവന്നു മലയാളത്തിന് ഔദ്യോഗിക പദവി നല്‍കാന്‍. വൈകിയാണെങ്കിലും ഈയൊരു തീരുമാനമെടുത്തതില്‍ ഭാഷാസ്നേഹിയെന്ന നിലയില്‍ ലേഖകന്റെ അഭിനന്ദനങ്ങള്‍.

ഔദ്യോഗിക ഭാഷ മലയാളമാക്കിയെങ്കിലും കേന്ദ്ര സര്‍ക്കാര്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, ഹൈകോടതി, സുപ്രീം കോടതി, മറ്റു സംസ്ഥാനങ്ങള്‍ എന്നിവയുമായുള്ള കത്തിടപാടുകളില്‍ ഇംഗ്ളീഷ് ഭാഷ തന്നെ ഉപയോഗിക്കണമെന്ന് നിഷ്ക്കര്‍ഷിച്ചതും സ്വാഗതാര്‍ഹം തന്നെ. അതങ്ങനെ തന്നെ വേണം താനും. മലയാള ഭാഷ മരിക്കുന്നു! മലയാള ഭാഷയെ രക്ഷിക്കണം! എന്നൊക്കെയുള്ള സാഹിത്യ-സാംസ്‌കാരിക-രാഷ്‌ട്രീയ നേതാക്കന്മാരുടെ മുറവിളി കേള്‍ക്കുമ്പോള്‍ ആത്മാഭിമാനമുള്ള, മലയാള ഭാഷയെ സ്നേഹിക്കുന്ന ഏതൊരു മലയാളിയുടെയും ഉള്ളൊന്നു പിടയുക സ്വാഭാവികമാണ്. മലയാള നാട്ടില്‍ ജനിച്ച് ജീവിച്ചു വളരുന്ന ഏതൊരു മലയാളിക്കും അവന്റെ ഭാഷ മരിക്കുന്നു എന്ന്‌ കേള്‍ക്കുമ്പോള്‍ ഉദ്ഘണ്ഠയുണ്ടാകുന്നതും സ്വാഭാവികം.

മലയാളത്തിന് ശ്രേഷ്ഠഭാഷാ പദവി ലഭിക്കുന്നതുതന്നെ പുതുതലമുറ ആ ഭാഷ ഉപേക്ഷിച്ചു തുടങ്ങുന്ന കാലത്താണ്. കേന്ദ്ര സര്‍വകലാശാലകളില്‍ പുതിയ മലയാളം ചെയറുകള്‍ സ്ഥാപിക്കുകയും ഭാഷാപഠനത്തിന് മികവിന്റെ കേന്ദ്രങ്ങള്‍ ഉണ്ടാകുകയും, പ്രത്യേക സ്കോളര്‍ഷിപ്പുകളും അംഗീകാരങ്ങളും നിലവില്‍ വരികയും ചെയ്തതും വിദ്യാര്‍ത്ഥികളുടെ തലമുറയെ ഭാഷയിലേക്ക് അടുപ്പിക്കാന്‍ സഹായകമായിയെന്നു മാത്രമല്ല, മലയാളം സര്‍വകലാശാലയുടെ സ്ഥാപനവും ഈ വഴിക്കുള്ള സുപ്രധാന നീക്കവുമായിരുന്നു. രണ്ടായിരത്തിലേറെ വര്‍ഷങ്ങളുടെ പഴക്കമുള്ള മലയാള ഭാഷ ഇതുവരെ ആര്യഭാഷയായ സംസ്‌കൃതത്തിലും ചെന്തമിഴിലും വേര്‍തിരിക്കാനാവാത്ത വിധം കൂടിക്കുഴഞ്ഞു കിടക്കുകയായിരുന്നു. അതായത് ഒരു ആശ്രിത ഭാഷ എന്നതില്‍ കവിഞ്ഞ് മലയാളത്തിന് തലയുയര്‍ത്തിപ്പിടിച്ച് സ്വയം അഭിമാനിക്കാനുള്ള വകയില്ലായിരുന്നു. ചെന്തമിഴില്‍ രചിക്കപ്പെട്ട സംഘകൃതികളിലെ ഒട്ടനവധി വാക്കുകള്‍ കടം കൊണ്ടതാണ് മലയാളം. ആര്യാധിനിവേശത്തിനു ശേഷം, തദ്ദേശീയരായിരുന്ന ദ്രാവിഡരുടെ ഭാഷയേയും സംസ്‌കാരത്തേയും നശിപ്പിക്കുകയെന്നതായിരുന്നു വിദേശീയരായിരുന്ന ആര്യന്മാരുടെ ലക്ഷ്യം. പാലി ഭാഷയിലുണ്ടായിരുന്ന ഒട്ടുമിക്ക വൈജ്ഞാനിക ഗ്രന്ഥങ്ങളും ചുട്ടുകരിക്കുകയും ചിലതിനെ സംസ്‌കൃതത്തിലേക്ക്‌ പരിവര്‍ത്തനം ചെയ്യുകയും ചെയ്‌തു ഇവര്‍. പിന്നീട്‌ സംസ്‌കൃത ഭാഷയെ ദേവഭാഷാഗണത്തില്‍ ഉള്‍പ്പെടുത്തി, ദ്രാവിഡര്‍ക്ക്‌ നിഷിദ്ധമാക്കുകയും ചെയ്‌തതോടുകൂടി നമ്മുടെ മേലുള്ള ഭാഷാധിനിവേശം പൂര്‍ണ്ണമായി.

തമിഴില്‍നിന്ന് കടം കൊണ്ട വാക്കുകളും സാഹിത്യവുമാണ് മലയാളത്തെ രൂപപ്പെടുത്തിയതെന്ന ഒരുതരം അഹങ്കാരം തമിഴര്‍ക്ക് എന്നുമുണ്ടായിരുന്നു. അത് പൊളിച്ചടുക്കിക്കൊണ്ടാണ് 2013-ല്‍ മലയാളത്തിന് ശ്രേഷ്ഠ ഭാഷാ പദവി നല്‍കിയത്. ബി.സി 277-300 കാലത്ത് അശോകന്റെ ശിലാശാസനം മുതല്‍ ക്രിസ്തുവര്‍ഷം അഞ്ചാം നൂറ്റാണ്ടിലെ ശിലാരേഖകളില്‍ വരെ നിറഞ്ഞുനില്‍ക്കുന്ന വ്യാകരണവും ഭാഷയുമാണ് മലയാളം എന്ന് തെളിയിക്കാനായത് സംഘകാല സാഹിത്യത്തില്‍ 40 ശതമാനം മലയാളം വാക്കുകളും വ്യാകരണവുമുണ്ടെന്ന ചരിത്രരേഖയായിരുന്നു. ഇതോടെ തമിഴില്‍ നിന്നല്ല മലയാളമുണ്ടായതെന്നും തമിഴും മലയാളവും ഒരൊറ്റ മൂലദ്രാവിഡഭാഷയില്‍നിന്ന് രൂപപ്പെട്ടതാണെന്നും തെളിഞ്ഞു. തമിഴില്‍ രചിക്കപ്പെട്ടതാണ് സംഘസാഹിത്യമെന്ന അവകാശവാദവും ഇല്ലാതായി. ഇങ്ങനെ വര്‍ഷങ്ങളായി കേരളത്തിലെ എഴുത്തുകാരും ചരിത്രകാരന്മാരും സാംസ്കാരിക പ്രവര്‍ത്തകരും ഭാഷാപണ്ഠിതന്മാരും ഉള്‍പ്പെട്ട സംഘം നടത്തിയ വിട്ടുവീഴ്ചയില്ലാത്ത ശ്രമങ്ങളാണ് മലയാളത്തിന് പുതുജീവന്‍ നല്‍കാന്‍ കാരണമായത്. കേരളത്തില്‍ ഉടലെടുത്ത ജന്മിത്വം എന്ന ഇരുണ്ടയുഗത്തില്‍ പിറന്ന സാഹിത്യകൃതികളൊക്കെയും വരേണ്യവര്‍ഗ്ഗഭാഷയില്‍ ഉള്ളവയായിരുന്നു. അടിച്ചമര്‍ത്തപ്പെട്ട ഒരു ജനതയുടെ വിമോചന പോരാളിയായിരുന്ന ശ്രീനാരായണഗുരുവിന്റെ സാഹിത്യരചനകളിലും ഈ സംസ്‌കൃത അധിനിവേശം കാണാം. അതുകൊണ്ട്‌ തന്നെ ഈ സാഹിത്യരചനകള്‍, ശ്രീനാരായണ ശിഷ്യന്മാരുടെ ലളിതമായ വ്യാഖ്യാനങ്ങളിലൂടെ മാത്രമേ സാധാരണക്കാരായ അധഃസ്ഥിത ജനതയ്‌ക്ക്‌ മനസ്സിലാക്കാന്‍ കഴിഞ്ഞുള്ളൂ. മറ്റ്‌ നവോത്ഥാന നായകരായിരുന്ന ബ്രഹ്മാനന്ദസ്വാമി ശിവയോഗിയുടേയും വാഗ്‌ഭടാനന്ദന്റേയും മറ്റും കൃതികള്‍ വായിച്ച്‌ യഥാര്‍ത്ഥ അര്‍ത്ഥം ഗ്രഹിക്കാന്‍ ഇന്ന്‌, എത്ര മലയാളിക്ക്‌ സാധിക്കും?

ആധുനിക മലയാളഭാഷയുടെ പിതാവ് എന്നു വിശേഷിപ്പിക്കപ്പെടുന്ന ഭാഷാകവിയാണ് തുഞ്ചത്ത് രാമാനുജന്‍ എഴുത്തച്ഛന്‍. അദ്ദേഹം പതിനഞ്ചാം നൂറ്റാണ്ടിനും പതിനാറാം നൂറ്റാണ്ടിനും ഇടയിലായി ജീവിച്ചിരുന്നുവെന്ന് കരുതപ്പെടുന്നു. എന്നാല്‍ എഴുത്തച്ഛനു മുമ്പും മലയാളത്തില്‍ ചെറുശ്ശേരി നമ്പൂതിരി പോലുള്ളവരുടെ പ്രശസ്തമായ കാവ്യങ്ങള്‍ കേരളദേശത്ത് വന്നിരുന്നിട്ടും രാമാനുജന്‍ എഴുത്തച്ഛനെ ആധുനിക മലയാളഭാഷയുടെ പിതാവായും മലയാളത്തിന്റെ സാംസ്കാരിക ചിഹ്നമായും കരുതിപ്പോരുന്നു. രാമാനുജന്‍ എഴുത്തച്ഛനാണ് 30 അക്ഷരമുള്ള വട്ടെഴുത്തിനുപകരം 51 അക്ഷരമുള്ള മലയാളം ലിപി പ്രയോഗത്തില്‍ വരുത്തിയതെന്നു കരുതുന്നു. പ്രൊഫസര്‍ കെ.പി.നാരായണപ്പിഷാരടി തുടങ്ങിയ ചരിത്രകാരന്മാരുടെ നിരീക്ഷണത്തില്‍ ‘ഹരിശ്രീ ഗണപതയേ നമഃ’ എന്നു മണലിലെഴുതി അക്ഷരമെഴുത്ത് കുട്ടികള്‍ക്ക് പരിശീലിപ്പിക്കുന്ന സമ്പ്രദായവും എഴുത്തച്ഛന്‍ തുടങ്ങിയതാണ്. എഴുത്തച്ഛന്‍ എന്ന സ്ഥാനപ്പേര് ഒരു പക്ഷെ അദ്ദേഹം ഇപ്രകാരം വിദ്യ പകര്‍ന്നു നല്‍കിയതിനു ബഹുമാനസൂചകമായി വിളിച്ചു പോന്നതുമാകാം.

എഴുത്തച്ഛന്റെ കാവ്യങ്ങള്‍ തനിമലയാളത്തിലായിരുന്നില്ല, സംസ്കൃത പദങ്ങള്‍ അദ്ദേഹം തന്റെ കാവ്യങ്ങളില്‍ യഥേഷ്ടം ഉപയോഗിച്ചു കാണുന്നുണ്ട്. എന്നിരുന്നാലും കവനരീതിയില്‍ നാടോടി ഈണങ്ങള്‍ ആവിഷ്കരിച്ചതിലൂടെ കവിത കുറേക്കൂടി ജനകീയമാക്കുകയായിരുന്നു എഴുത്തച്ഛന്‍. അദ്ദേഹം വിശ്വസിച്ചുപോന്നിരുന്ന ഭക്തിപ്രസ്ഥാനം ഈ ഒരു കർമ്മത്തില്‍ അദ്ദേഹത്തിനു സഹായകരമായി വര്‍ത്തിക്കുകയും ചെയ്തിരിക്കാം. കിളിപ്പാട്ട് എന്ന കാവ്യരചനാരീതിയായിരുന്നു എഴുത്തച്ഛന്‍ ആവിഷ്കരിച്ചത്. കിളിയെകൊണ്ട് കഥാകഥനം നടത്തുന്ന രീതിയോടെ സ്വതേ പ്രശസ്തമായിരുന്ന ഭാരതത്തിലെ ഇതിഹാസങ്ങള്‍ കുറേകൂടി ജനങ്ങള്‍ക്ക് സ്വീകാര്യമായി എന്നു വേണം കരുതുവാന്‍. മലയാള ഭാഷയ്ക്ക് അനുയോജ്യമായ അക്ഷരമാല ഉപയോഗിച്ചതിലൂടെയും, സാമാന്യജനത്തിനു എളുപ്പം സ്വീകരിക്കാവുന്ന രീതിയില്‍ ഇതിഹാസങ്ങളുടെ സാരാംശം വര്‍ണ്ണിച്ച് ഭാഷാകവിതകള്‍ക്കു ജനഹൃദയങ്ങളില്‍ ഇടം വരുത്തുവാന്‍ കഴിഞ്ഞതിലൂടെയും ഭാഷയുടെ സംശ്ലേഷണമാണ് എഴുത്തച്ഛനു സാധ്യമായത്. സ്തുത്യര്‍ഹമായ ഈ സേവനങ്ങള്‍ മറ്റാരേക്കാളും മുമ്പെ എഴുത്തച്ഛനു സാധ്യമായതില്‍ പ്രതി ഭാഷാശാസ്ത്രജ്ഞരും ചരിത്രകാരന്മാരും ഐകകണ്ഠ്യേന രാമാനുജന്‍ എഴുത്തച്ഛനെ മലയാളഭാഷയുടെ പിതാവെന്നു വിശേഷിപ്പിച്ചുപോരുന്നു (കടപ്പാട്: https://ml.wikipedia.org/wiki/).

സത്യത്തില്‍ മലയാളം ഏറ്റവുമധികം അവഗണിക്കപ്പെടുന്നത് കേരളത്തില്‍ തന്നെയല്ലേ എന്ന് ഒരു വിഹഗവീക്ഷണം നടത്തിയാല്‍ നമുക്ക് മനസ്സിലാകും. കൂണുകള്‍ പോലെ മുളച്ചുപൊന്തുന്ന ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളില്‍ കുട്ടികള്‍ മലയാളത്തില്‍ സംസാരിക്കുന്നത് കുറ്റകൃത്യമായി കണക്കാക്കി അവരെ ശിക്ഷിക്കുന്ന വിദ്യാലയങ്ങള്‍ ഇന്നും കേരളത്തില്‍ നിരവധിയുണ്ട്. പൊരിവെയിലത്ത് നിര്‍ത്തുക, ഗ്രൗണ്ടിലൂടെ ഓടിക്കുക, പിഴയീടാക്കുക, എന്തിനേറെ കുട്ടികളുടെ തല മുണ്ഠനം ചെയ്യുന്ന ശിക്ഷകള്‍ വരെ കൊടുക്കുന്ന സ്കൂളുകള്‍ കേരളത്തിലുണ്ട്. കേന്ദ്ര പാഠ്യപദ്ധതി പിന്തുടരുന്ന സ്കൂളുകളില്‍ മലയാളം ഇന്നും തീണ്ടാപ്പാടകലെയാണ്. കോടതിയുടെയും സര്‍ക്കാറിന്റേയും വ്യവഹാരഭാഷ കൊളോണിയല്‍ ഇംഗ്ളീഷായിരുന്നു. ജഡ്ജിമാരുടെ വേഷം പോലെയാണ് അവരുടെ ഭാഷയും. ഇപ്പോള്‍ സര്‍ക്കാറിതര ഓഫീസുകളില്‍ മലയാളം ഔദ്യോഗിക ഭാഷയാക്കിയെങ്കിലും, കോടതി ഭാഷ മലയാളത്തിലാക്കാന്‍ സാധിച്ചിട്ടില്ല. അതിനല്പം കാലതാമസം വേണ്ടിവരുമെന്നത് സത്യം തന്നെ.

ഇനി മലയാള ഭാഷ മരിക്കുന്നു എന്ന് നമ്മുടെ സാഹിത്യ-സാംസ്ക്കാരിക ലോകം മുറവിളി കൂട്ടുന്നതെന്തുകൊണ്ടാണെന്ന് പരിശോധിക്കാം. മലയാളത്തെ 'മലയാല'മാക്കുന്ന പുതുതലമുറയെ കാണണമെങ്കില്‍ ഏതെങ്കിലും ഒരു മലയാളം ചാനലിലെ ന്യൂസ് റീഡര്‍മാരെ ശ്രദ്ധിച്ചാല്‍ മതി. 'ടെല‌പ്രോം‌റ്റില്‍' എഴുതിക്കാണിക്കുന്നത് മലവെള്ളം പോലെ അവര്‍ വായിച്ചുതീര്‍ക്കുന്നു. 'പദ്ധതി'യെ 'പദ്ദതി'യെന്നും, 'പ്രസിദ്ധീകരണ'ത്തെ 'പ്രസിദ്ദീകരണ'മെന്നും, 'അഭിമാന'ത്തെ 'അബിമാന'മെന്നും, 'സന്ധിസംഭാഷണ'ത്തെ 'സന്തിസംബാഷണ'മെന്നും, 'വിശേഷ'ത്തെ 'വിശേശ'മെന്നോ 'വിഷേഷ'മെന്നൊ ഒക്കെ വായിക്കുന്നതു കേള്‍ക്കുമ്പോള്‍ ഭാഷയെ സ്നേഹിക്കുന്ന ആരുടേയും മനസ്സൊന്നു പിടയും. അക്ഷരസ്ഫുടതയോടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ വളരെ വിരളമാണ്. എഴുപത്-എണ്‍‌പത് കാലഘട്ടങ്ങളില്‍ നാം കേട്ടിരുന്ന, സവിശേഷമായ വാര്‍ത്താ അവതരണ ശൈലിയിലൂടെ മലയാളികളെ ആകര്‍ഷിച്ചിരുന്ന 'ആകാശവാണി, വാര്‍ത്തകള്‍ വായിക്കുന്നത് മാവേലിക്കര രാമചന്ദ്രന്‍' എന്നുള്ള ന്യൂഡല്‍ഹി ആകാശവാണി റേഡിയോ നിലയത്തില്‍ നിന്ന് ഒഴുകിവന്നിരുന്ന ആ ശബ്ദം ഇന്ന് കേള്‍ക്കുന്നില്ല. അതുപോലെ ഗോപന്‍, ശങ്കരനാരായണന്‍ എന്നിവരുടെ അക്ഷരസ്ഫുടതയോടെയുള്ള അവതരണശൈലിയും ഇന്നത്തെ വാര്‍ത്താ അവതാരകര്‍ക്കില്ല. ഭാഷ അറിയാത്തതുകൊണ്ടല്ല, 'ഇത്രയൊക്കെ മതി' എന്ന ചിന്താഗതികൊണ്ടോ, അക്ഷരസ്ഫുടത കൈവരിക്കാത്തതുകൊണ്ടോ ആണ് അങ്ങനെയൊക്കെ സംഭവിക്കുന്നത്. അക്ഷരസ്ഫുടതയോടെ വാര്‍ത്തകള്‍ വായിക്കുന്നവര്‍ ഇനി ഉണ്ടാകുമെന്നും തോന്നുന്നില്ല.

ഇനി ഈ ആധുനിക യുഗത്തില്‍ മലയാളം മാത്രം പഠിച്ചാല്‍ ജീവിക്കാനൊക്കുമോ എന്ന ചോദ്യത്തിനും ഇവിടെ പ്രസക്തിയുണ്ട്. ജീവിതായോധനത്തിനായി അന്യസംസ്ഥാനങ്ങളിലും വിദേശ രാജ്യങ്ങളിലും ചേക്കേറുന്ന മലയാളിക്ക് ആശയവിനിമയത്തിന്‌ അന്യഭാഷയെ തന്നെ ശരണം പ്രാപിക്കണം. മലയാള ഭാഷാസ്‌നേഹം മൂത്ത്‌ മലയാളം മാത്രം പഠിച്ച്‌ ഉത്തരേന്ത്യയിലെത്തുന്ന ഒരു മലയാളി, ഉത്തരേന്ത്യന്‍ ഭാഷയായ ഹിന്ദി പഠിക്കുവാന്‍ വേണ്ടി നടത്തുന്ന പങ്കപ്പാട്‌ നേരില്‍ കണ്ട്‌ അനുഭവിച്ചവരാരും പറയില്ല, മലയാളം മാത്രം പഠിച്ചാല്‍ മതിയെന്ന്‌. അങ്ങനെയൊരു വിഷമഘട്ടത്തിലൂടെ കടന്നുപോയ വ്യക്തിയാണ് ലേഖകനും. 'ഭിണ്ടി' എന്നു പറഞ്ഞാല്‍ 'വെണ്ടയ്ക്ക'യാണെന്നും, 'ആലു' എന്നു പറഞ്ഞാല്‍ 'ഉരുളക്കിഴങ്ങ്' ആണെന്നും, 'ബേങ്ങന്‍' എന്നു പറഞ്ഞാല്‍ 'വഴുതനങ്ങ'യാണെന്നും 'അര്‍‌ബി' എന്നാല്‍ അറബിയല്ല 'ചേമ്പാണെ'ന്നും, 'ചാവല്‍' എന്നു പറഞ്ഞാല്‍ അരിയാണെന്നും, 'നാക്ക്' എന്നു പറഞ്ഞാല്‍ മൂക്ക് ആണെന്നുമൊക്കെ  പഠിപ്പിച്ചത് ഡല്‍ഹിക്കാരാണ്.   ജീവിക്കണമെങ്കില്‍ ഹിന്ദി പഠിച്ചേ തീരൂ എന്ന ചിന്ത  മാതൃഭാഷയോടൊപ്പം ഹിന്ദിയേയും നെഞ്ചോടു ചേര്‍ക്കാന്‍ പ്രേരിപ്പിക്കുന്നു. മലയാളത്തെ സ്‌നേഹിക്കണമെന്ന്‌ പറഞ്ഞാല്‍ മലയാളം മാത്രം പഠിച്ചാല്‍ മതിയെന്നര്‍ത്ഥമാക്കുന്നവരാണ് ഇങ്ങനെയുള്ള സന്ദര്‍ഭങ്ങളില്‍ പരാജിതരാകുന്നത്. മാതൃഭാഷയോടൊപ്പം ഇംഗ്ലീഷും, കഴിയുമെങ്കില്‍ മറ്റു ഭാഷകളും കൂടി പഠിച്ചിരിക്കണം. ഒരു ഭാഷ പഠിക്കാന്‍ കഴിഞ്ഞാല്‍ ഒരായുസ്സ്‌ കൂട്ടി കിട്ടുന്നതിന്‌ തുല്യമാണ്‌. എന്നാല്‍ മലയാളത്തെ തഴഞ്ഞുകൊണ്ട്‌ ഇംഗ്ലീഷ്‌ മാത്രം പഠിക്കുകയുമരുത്‌. ആഗോളീകൃത ലോകവ്യവസ്ഥയില്‍ മലയാളിക്ക്‌ ചെന്നെത്താവുന്ന വിസ്‌തൃതമായ ഈ ഭൂഗോളത്തില്‍, ഒരു പക്ഷേ, അവനെ സഹായിക്കുന്ന ഭാഷ ഇംഗ്ലീഷായിരിക്കും.

മലയാളത്തില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി മലയാളം കൊണ്ടുതന്നെ ജീവിക്കാനുതകുന്ന ഒരവസ്ഥ ഉണ്ടാകണമെന്നൊക്കെ വാദിക്കുന്നത് ഭാഷാമൗലികവാദമായിത്തീരും. പ്രത്യേകിച്ച് പ്രവാസത്തിന്റെ സമ്പന്നപാരമ്പര്യമുള്ള മലയാളിക്ക് ഇത്തരമൊരു ഭാഷാ മൗലികവാദത്തിന് അടിമപ്പെടാന്‍ തീര്‍ച്ചയായും കഴിയില്ല. അതിനുപകരം, ഭാഷാപഠനത്തെ സാംസ്കാരികപഠനമാക്കി പരിവര്‍ത്തനം ചെയ്ത് മത്സരാധിഷ്ഠിതമായ ആധുനികലോകത്തിന്റെ പ്രതിനിധിയായി മാറാന്‍ പുതിയ തലമുറയെ പര്യാപ്തമാക്കുകയാണ് വേണ്ടത്. മലയാളവും ഇംഗ്ളീഷും ഹിന്ദിയുമെല്ലാം പ്രയോഗിക്കുകയും അതേസമയം, മാതൃഭാഷ നല്‍കുന്ന ഉപ്പിലും ചോറിലും അഭിമാനിക്കുകയും ചെയ്യുന്ന ഒരു തലമുറ വളര്‍ന്നുവരട്ടെ. മലയാളത്തില്‍ ആദ്യാക്ഷരം കുറിക്കുന്ന കുട്ടികളെക്കൊണ്ട് "ഹരിശ്രീ ഗണപതായേ നമഃ അവിഘ്‌നമസ്‌തു" എന്ന സംസ്‌കൃതവാക്യം എഴുതിക്കുന്നതുതന്നെ വളരെ വിരോധാഭാസമാണ്‌. തുമ്പിയെക്കൊണ്ട്‌ കല്ലെടുപ്പിക്കുന്നതിനു തുല്യമാണ്‌ എട്ടും പൊട്ടും തിരിയാത്ത കൊച്ചുകുട്ടികളെക്കൊണ്ട് കടിച്ചാല്‍ പൊട്ടാത്ത ഭാഷയില്‍ തന്നെ ആദ്യാക്ഷരം കുറിപ്പിക്കുന്നത്‌.

ഇംഗ്ലീഷ്‌ വാക്കുകളെയെല്ലാം മലയാളീകരിച്ചെഴുതുന്നവരാണ് ഇന്ന് ഭൂരിഭാഗം മലയാളികളും. സ്വദേശത്തും വിദേശത്തും ഇത്തരക്കാരെ കാണാം. ആധുനിക സാമ്പത്തികനയമായ ഗ്ലോബലൈസേഷനെ മലയാളീകരിച്ച്‌ ആഗോളവല്‍ക്കരണം എന്നാക്കാമെങ്കില്‍ എന്തുകൊണ്ട്‌ മറ്റു വാക്കുകളേയും മലയാളീകരിച്ചുകൂടാ എന്നും ഇക്കൂട്ടര്‍ ചോദിക്കുന്നു. ട്രെയിന്‍ എന്ന ഇംഗ്ലീഷ് വാക്കിന്‌ മലയാളത്തില്‍ തീവണ്ടി എന്നു പറയുന്നു. കാരണം തീയുടെ സഹായത്താല്‍ ഓടുന്ന വാഹനമാണല്ലോ തീവണ്ടി. എന്നാല്‍ ഇലക്‌ട്രിക്‌ ട്രെയിനിനെ മലയാളത്തില്‍ എന്തു വിളിക്കും. വൈദ്യുതവണ്ടിയെന്നോ?   ഇംഗ്ലീഷില്‍ കമ്പ്യൂട്ടര്‍ എന്നു പറയുന്നതിനു പകരം 'വിവിധോദ്ദ്യേശത്തോടെ പ്രോഗ്രാമുകളും കണക്കു കൂട്ടലുകളും നിര്‍വ്വഹിക്കാന്‍ വേണ്ടി നിര്‍മ്മിച്ചിട്ടുള്ള ഒരു യന്ത്രം' എന്നൊക്കെ പറയുന്നത് സങ്കീര്‍ണ്ണമാണ്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട പല വാക്കുകളും ഇംഗ്ലീഷില്‍ തന്നെ മറ്റു വസ്‌തുക്കള്‍ക്കും ജീവികള്‍ക്കും ഉപയോഗിക്കുന്നവയാണ്‌. ഉദാ. ഹാര്‍ഡ്‌ വെയര്‍, ക്യാബിനറ്റ്‌, മൗസ്‌, മോണിറ്റര്‍ തുടങ്ങിയവ. ഇവയെ മലയാളത്തിലാക്കുമ്പോള്‍ മൗസ്‌ എന്നതിനെ എലി എന്ന്‌ എഴുതേണ്ടിവരും. അതുപോലെ തമിഴ്‌, കന്നട, സംസ്‌കൃതം, അറബി, സുറിയാനി, ജൂത, ഇംഗ്ലീഷ്‌, ചൈനീസ്‌ തുടങ്ങി നിരവധി ഭാഷകളുടെ ഒരു സങ്കലനം മലയാളത്തില്‍ ഉണ്ടായിട്ടുണ്ട്‌. ഇവയില്‍ ചിലത് ഒഴിവാക്കിയാലും ശുദ്ധമായ മലയാളം എഴുതാനോ പറയുവാനോ നമുക്ക് കഴിയില്ല. വസൂല്‍, കടലാസ്‌, ബാക്കി, ഹല്‍വ, അനാമത്ത്‌, അസല്‍, രാജി, കാപ്പി, കുറുമ, ശര്‍ക്കര, ചായ, ചാര്‍, ദശ, മസാല, ശര്‍ബത്ത്‌, സലാഡ്‌, സുലൈമാനി, കൂജ, കുപ്പി, പിഞ്ഞാണം, ഭരണി, കമീസ്‌, ഖദര്‍, ജുബ്ബ, പര്‍ദ, പൈജാമ, ഞാത്ത്‌, ദല്ലാള്‍, കലാസി, കശാപ്പുകാരന്‍, അക്കല്‍ തുടങ്ങിയ വാക്കുകളെല്ലാം അറബിയില്‍ നിന്നും മലയാളത്തിലേക്ക്‌ കടന്നുവന്നവയാണ്‌. ഈ വാക്കുകള്‍ ഇന്ന്‌ നമ്മുടെ നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്തവയാണ്‌. അപ്പോള്‍ മലയാള ഭാഷ മാത്രം പഠിച്ചാല്‍ മതിയെന്ന് ശഠിക്കുന്നതും ശരിയല്ല.

മലയാളിയായ ഒരു ഐ.ടി പ്രൊഫഷനലിന് ഇംഗ്ളീഷ് ഉപയോഗിച്ചായിരിക്കാം അയാളുടെ കരിയര്‍ മുന്നോട്ടുകൊണ്ടുപോകുന്നതിന് ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം അനിവാര്യമാണ്. പക്ഷേ, അയാളുടെ ആശയവിനിമയങ്ങളുടെയും പ്രൊഫഷണല്‍ പ്രയോഗരീതികളുടെയും അടിസ്ഥാനം മാതൃഭാഷ നല്‍കിയ ബൗദ്ധികമായ തെളിച്ചവും അതുവഴിയുണ്ടാകുന്ന ആത്മവിശ്വാസവുമായിരിക്കും. ഈയൊരു ആത്മവിശ്വാസമാണ് മലയാളം മാത്രം കൈവശമുള്ള ഒരു മലയാളിയെ ഗള്‍ഫിലേക്കും യൂറോപ്പിലേക്കും അമേരിക്കയിലേക്കും പറഞ്ഞയക്കുന്നത്. ഗള്‍ഫില്‍ മലയാളം മാത്രം വിനിമയം ചെയ്ത് ജീവിക്കുന്ന വെറും സാധാരണക്കാരായ ലക്ഷക്കണക്കിന് മലയാളികളെ കാണാം. ഇംഗ്ളീഷും അറബിയും ഈജിപ്ത്യനും തുടങ്ങി അനേകം ലോകഭാഷകള്‍ ഒരുമിച്ച് ഇടപഴകുന്ന ഒരു കോസ്മോപൊളിറ്റന്‍ സമൂഹത്തില്‍ സ്വന്തം മലയാളം മാത്രം മുറുകെപ്പിടിച്ച് തലയുയര്‍ത്തിപ്പിടിച്ച് ജീവിക്കാനുള്ള ആത്മവിശ്വാസം ഇവര്‍ക്ക് എങ്ങനെ കൈവന്നു. തീര്‍ച്ചയായും അതില്‍ ഒരു പങ്ക് മാതൃഭാഷക്കുകൂടിയുള്ളതാണ്.

ഗള്‍ഫില്‍ മാത്രമല്ല, അമേരിക്കയിലും യൂറോപ്പിലുമുള്ള പ്രവാസി മലയാളികളുടെ തലമുറകള്‍ അവരുടെ മക്കളെ മലയാളത്തിന്റെ സംസ്കാരത്തില്‍ ജീവിക്കാന്‍ പ്രേരിപ്പിക്കുന്നു. ഭാഷയെ ഒരു വികാരമായി ഏറ്റെടുക്കുന്നത് കേരളത്തിലുള്ളവരേക്കാള്‍ പ്രവാസി മലയാളികളാണെന്നത് തര്‍ക്കമറ്റ സംഗതിയാണ്. നാട്ടില്‍ നിന്ന് വരുന്ന എഴുത്തുകാരും രാഷ്ട്രീയക്കാരും കലാകാരന്മാരും ഏകസ്വരത്തില്‍ അഭിപ്രായപ്പെടാറുള്ള സത്യം. സ്വന്തം ഭാഷയെ അടയാളപ്പെടുത്താനുള്ള ഒരു സന്ദര്‍ഭവും നാം പാഴാക്കാറില്ല. ഓണവും വിഷുവും ക്രിസ്മസും റംസാനും പ്രവാസി മലയാളികള്‍ ആഘോഷിക്കുന്നത് മലയാളത്തിന്റെ വീണ്ടെടുപ്പിലൂടെയാണ്. മക്കളെ സാമൂഹ്യ-സാംസ്ക്കാരിക-മത സംഘടനകള്‍ നടത്തുന്ന മലയാളം ക്ളാസുകളില്‍ അയച്ച് ഭാഷ പഠിപ്പിക്കുന്നത്, വീട്ടില്‍ മലയാളം സംസാരിക്കാന്‍ നിര്‍ബന്ധിക്കുന്നത്, കവിതയും കഥയും വായിക്കാന്‍ പ്രേരിപ്പിക്കുന്നത്...സംസ്കൃതിയുടെ അതിശയകരമായ തുടര്‍ച്ചയാണ് പ്രവാസി മലയാളി ജീവിതത്തില്‍ കാണുന്നത്. അതുകൊണ്ട്, മലയാളത്തിന് ലഭിക്കുന്ന ഓരോ അംഗീകാരവും പ്രവാസികളെ സംബന്ധിച്ച് വിലപ്പെട്ടതാണ്. മാത്രമല്ല, തൊഴിലിനെ അധിഷ്ഠിതമാക്കിയുള്ള മലയാളിയുടെ പ്രവാസം അരനൂറ്റാണ്ടിനുശേഷം ഒരു പുതിയ ഘട്ടത്തിലേക്ക് പ്രവേശിക്കുന്ന സമയമാണിത്. ഈ സമയത്തുതന്നെ മലയാളത്തിന്റെ ആധുനികവല്‍ക്കരണത്തിന് തുടക്കം കുറിക്കുന്നുവെന്നത് യാദൃശ്ചികമെങ്കിലും ഒരു അനിവാര്യതയാണ്.

ഭാഷയെക്കുറിച്ച് പറയുമ്പോള്‍ നാം മറ്റൊരു കാര്യവും കൂടി പരിഗണനയിലെടുത്തേ മതിയാവൂ. നമ്മുടെ 'മാതൃഭാഷ' മലയാളമാണെന്ന് അഹങ്കാരത്തോടെ പറഞ്ഞിരുന്നത് മാറ്റിപ്പറയേണ്ട കാലഘട്ടമാണിത്. പണ്ടുകാലത്ത് കേരളത്തിലെ യുവതീയുവാക്കള്‍ സ്വസമുദായത്തില്‍ നിന്ന് വിവാഹം കഴിച്ചിരുന്ന കാലത്ത് , അവര്‍ക്കു പിറക്കുന്ന മക്കളുടെ മാതാപിതാക്കളായി കേരളത്തില്‍ തന്നെ ജീവിച്ചിരുന്നു.  എന്നാല്‍, കാലം മാറി, മലയാളികള്‍ ലോകമെങ്ങും വ്യാപരിച്ചു, അവര്‍ക്കിഷ്ടപ്പെട്ട, വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ജീവിതപങ്കാളിയെ തിരഞ്ഞെടുത്തു, അവര്‍ക്ക് കുഞ്ഞുങ്ങള്‍ പിറന്നു. ചൈനാക്കാരിയെ വിവാഹം കഴിച്ച മലയാളിക്ക് ജനിച്ച കുഞ്ഞിന്റെ മാതൃഭാഷ ചൈനീസ് ആകുമോ? മെക്സിക്കന്‍ സ്ത്രീയില്‍ ജനിച്ച കുഞ്ഞിന്റെ മാതൃഭാഷ സ്പാനിഷ് ആകുമോ? ഇല്ല. ഇതിനെക്കുറിച്ച്‌ പരാമര്‍ശിക്കണമെങ്കില്‍ എന്താണ്‌ മാതൃഭാഷ എന്ന്‌ നാം മനസ്സിലാക്കിയിരിക്കണം. മാതാവിന്റെ ഭാഷയാണോ മാതൃഭാഷ? അല്ലേ അല്ല. ഒരു കുട്ടി, ജനിച്ച മണ്ണിനേയും അവന്‍ വളരുന്ന ചുറ്റുപാടുകളെയും പരിസ്ഥിതിയേയും അവന്റെ സംസ്‌കാരത്തേയും കുറിച്ച്‌ പഠിക്കുവാന്‍ അവനെ സഹായിക്കുന്ന ഭാഷയാണ്‌ അവന്റെ മാതൃഭാഷ. വിദേശ മലയാളികളെ സംബന്ധിച്ചിടത്തോളം അവരുടെ മക്കളുടെ മാതൃഭാഷ മലയാളമാണെന്ന് ശഠിക്കുന്നത് ശരിയല്ല.

കാര്യങ്ങള്‍ ഇങ്ങനെയൊക്കെയാണെങ്കിലും, ഇവിടെ ഒരു കാര്യം സത്യമായി തന്നെ അവശേഷിക്കുന്നു. വില്ലന്‍ അന്യഭാഷാ അധിനിവേശമല്ല; നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാന്‍ പറ്റാത്ത വിധമുള്ള കമ്പ്യൂട്ടറിന്റെ വളര്‍ച്ചയാണ്‌ കാരണം. കമ്പ്യൂട്ടര്‍ യുഗത്തില്‍ ഭാഷകള്‍ക്ക്‌ പ്രാധാന്യമേ ഇല്ല. വിവരസാങ്കേതിക വിദ്യയില്‍ എല്ലാം ചിഹ്നങ്ങള്‍ (ICON) കൊണ്ട്‌ കൈകാര്യം ചെയ്യാമെന്ന സ്ഥിതി വന്നിരിക്കുന്നു. പ്രിന്റ്‌ എടുക്കാന്‍ (PRINT) എന്ന്‌ എഴുതിയ വാക്കില്‍ ക്ലിക്ക്‌ ചെയ്യുന്നതിനു പകരം ഒരു പ്രിന്ററിന്റെ പടം മാത്രം കൊടുത്തിരിക്കുന്നു. ആ പേജിന്റെ പ്രിന്റ്‌ എടുക്കാന്‍, ഈ പടത്തില്‍ ക്ലിക്ക്‌ ചെയ്‌താല്‍ മതി. ഭാഷകള്‍ ഉടലെടുക്കുന്നതിന്‌ മുന്‍പ്‌ ശിലായുഗത്തിലെ മനുഷ്യന്‍ ആശയവിനിമയത്തിന്‌ ഉപയോഗിച്ചിരുന്ന രീതിയിലേക്ക്‌ ഇന്ന്‌ നാം തിരിച്ചെത്തിക്കഴിഞ്ഞു. ക്രമേണ പുസ്‌തകങ്ങള്‍ പ്രിന്റ്‌ ചെയ്‌ത്‌ ബുക്ക്‌ ആക്കി ഉപയോഗിക്കേണ്ട ആവശ്യം തന്നെ വരില്ല. പുസ്‌തകം മുഴുവനും സംഭാഷണ രീതിയിലേക്ക്‌ മാറ്റി വെബ്‌സൈറ്റില്‍ അപ്‌ലോഡ്‌ ചെയ്‌താല്‍ ഒറ്റ ക്ലിക്കില്‍ എല്ലാം മനസ്സിലാക്കാം. അല്ലെങ്കില്‍ ഒരു സിഡിയിലാക്കി സൂക്ഷിക്കാം. ഇവിടെയും ഭാഷ വായിക്കാന്‍ പഠിക്കേണ്ട ആവശ്യമില്ല. വിവരസാങ്കേതിക വിദ്യയ്‌ക്ക്‌ അഥവാ കമ്പ്യൂട്ടര്‍ മേഖലയ്‌ക്ക്‌ ഒരു ദൂഷ്യമുള്ളത്‌ ഇതു തന്നെയാണ്‌. അത്‌ ഏതു ഭാഷയേയും ക്രമേണ ഞെക്കിക്കൊല്ലും. ഭാഷകള്‍ക്ക്‌ പകരം ചിഹ്നങ്ങളുടെ ഉപയോഗം ഭാഷയുടെ പ്രാധാന്യം ഇല്ലാതാക്കും. എന്നിരുന്നാലും വിവരസാങ്കേതിക രംഗത്ത്‌ മലയാളത്തിന്റെ വളര്‍ച്ച നമ്മുടെ ഭാഷാ വൈജ്ഞാനികതയ്‌ക്ക്‌ ഒരു മുതല്‍കൂട്ടായിരിക്കുമെന്നതില്‍ സംശയം വേണ്ട.

മലയാള ഭാഷയെക്കുറിച്ച് പറയുമ്പോള്‍ പ്രൊഫ. എം.കെ. സാനുവിന്റെ അഭിപ്രായം കൂടി ശ്രദ്ധിച്ചിരിക്കുന്നത്‌ നല്ലതാണ്‌. "ജനാധിപത്യ സംവിധാനക്രമവും പ്രായപൂര്‍ത്തി വോട്ടവകാശവും എന്നുവരെ നിലനില്‍ക്കുമോ അന്നോളം നമ്മുടെ ഭാഷയ്‌ക്ക്‌ കാര്യമായ കോട്ടമൊന്നും സംഭവിക്കില്ലെന്ന വിശ്വാസമാണ്‌ എനിക്കുള്ളത്‌. മറ്റൊരു മനസ്സുമായുള്ള അര്‍ത്ഥപൂര്‍ണ്ണമായ സംവാദത്തിന്‌ മാതൃഭാഷ കൂടിയേതീരൂ. ലോകത്തെമ്പാടുമുള്ള മനുഷ്യര്‍ക്കിടയില്‍ അവരുടെ പൈതൃകത്തെ ചൊല്ലിയുള്ള അഭിമാനം വര്‍ദ്ധിച്ചു വരികയാണ്‌. ഓരോ ജനതയും അവരുടെ പൈതൃക സമ്പത്തുകള്‍ വീണ്ടെടുക്കാനും സൂക്ഷിക്കാനുമുള്ള തയ്യാറെടുപ്പിലുമാണ്‌. അവനവന്റെ സാംസ്‌കാരികത്തനിമയില്‍ ഊറ്റം കൊള്ളാത്ത ഒരൊറ്റ മനുഷ്യനും ഇന്നില്ല. ഭാഷയെയും സംസ്‌കാരത്തെയും ആവേശത്തോടെ മുറുകെപിടിക്കുന്ന, ലോകത്തെമ്പാടും മുന്നേറ്റങ്ങള്‍ ശുഭപ്രതീക്ഷ ഉണര്‍ത്തുന്നു. ഭാഷയുടെ ഭാവിയെ സംബന്ധിക്കുന്ന വാഗ്‌ദാനമായി ഇതിനെ കാണേണ്ടതുണ്ട്‌.”

ഉയര്‍ന്ന വിദ്യാഭ്യാസവും പരിശീലനവും വൈദഗ്ധ്യവും നേടിയ ബൗദ്ധിക തലമുറയെയാണ് വിദേശ രാജ്യങ്ങള്‍ കേരളത്തില്‍നിന്ന് ആവശ്യപ്പെടുന്നത്. കേരളത്തില്‍ നിന്ന് വിദേശത്തേക്ക് പറിച്ചു നടപ്പെടുന്ന ഈ തലമുറയുടെ മാതൃഭാഷ ആധുനികമായ വിനിമയശേഷിയുള്ള ഒന്നായിരിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള ശ്രമം തുടങ്ങാനുള്ള അവസരമാക്കി മാറ്റട്ടെ മലയാളത്തിന് ലഭിച്ച ശ്രേഷ്ഠഭാഷാ പദവി.

No comments:

Post a Comment