Sunday, December 23, 2018

ഹര്‍ത്താല്‍ വിമുക്ത കേരളം

അനാവശ്യവും ജനദ്രോഹപരവുമായ ഹര്‍ത്താലുകള്‍ കൊണ്ട് പൊറുതി മുട്ടിയ ജനം ഒടുവില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത് നല്ലൊരു തുടക്കമാണെന്നതില്‍ സംശയമില്ല. കേരളത്തില്‍ നിന്ന് ഹര്‍ത്താലുകളെ നാടുകടത്തി ശുദ്ധികലശം ചെയ്യാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചെന്ന വാര്‍ത്ത ഏറെ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്.

പണ്ടൊക്കെ പ്രമുഖ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകള്‍ക്ക് വ്യാപാരികളും കേരള സമൂഹവും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സ്ഥിതി വന്നപ്പോള്‍ അത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമായി. ഇപ്പോള്‍ ഒരു വ്യക്തി വിചാരിച്ചാല്‍ കേരളമൊട്ടാകെ സ്തംഭിപ്പിക്കാവുന്ന തരത്തില്‍ ഹര്‍ത്താലുകള്‍ മാറി. തിരുവനന്തപുരത്ത് ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ആരെങ്കിലും കൈയ്യേറ്റം ചെയ്താല്‍ കാസര്‍ഗോഡില്‍ ഹര്‍ത്താല്‍ ആചരിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് എത്രയോ ഹര്‍ത്താലുകള്‍ അനാവശ്യമായി പ്രഖ്യാപിച്ച് ജനങ്ങളെ കഷ്ടപ്പെടുത്തി?

2018 പിറന്നതിനുശേഷം നവംബര്‍ വരെ 87 ഹര്‍ത്താലുകളാണു കേരളത്തില്‍ ന‌ടന്നത്. പ്രളയദുരന്തം സൃഷ്ടിച്ച പ്രതിസന്ധി സാഹചര്യം പോലും ചിന്തിക്കാതെ ഹര്‍ത്താല്‍ പ്രഖ്യാപനക്കാര്‍ മനുഷ്യത്വരഹിതമായാണ് സമരവുമായി രംഗത്തിറങ്ങിയത്. നൂറ്റാണ്ടിന്‍റെ ദുരന്തത്തില്‍ നിന്നുള്ള ജനങ്ങളുടെ അതിജീവനം പ്രഥമ പരിഗണനയര്‍ഹിക്കുമ്പോള്‍ ഓരോ ഹര്‍ത്താലും നഷ്ടപ്പെടുത്തുന്ന വിലയേറിയ മണിക്കൂറുകളുടെ വില ഹര്‍ത്താല്‍ പ്രഖ്യാപകര്‍ ഗൗനിച്ചില്ല. ഓരോ ഹര്‍ത്താലും ഏകദേശം ആയിരം കോടി രൂപയുടെ ഉത്പാദന നഷ്ടമുണ്ടാക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് പ്രതിവര്‍ഷം ഒരു ലക്ഷം കോടിയോളം രൂപയുടെ നഷ്ടം ഹര്‍ത്താലുകള്‍ വഴി സംസ്ഥാനത്തിനുണ്ടാകുന്നു എന്നര്‍ത്ഥം. കേരളത്തിന്റെ വാര്‍ഷിക പൊതുബജറ്റ് വിഹിതത്തിന്‍റെ മൂന്നില്‍ രണ്ടോളം വരുന്ന തുകയാണിത്. നോട്ട് നിരോധനം, ജി എസ് ടി, പ്രളയം തുടങ്ങിയ പ്രതിസന്ധികളില്‍ തകര്‍ന്നുപോയ കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ അസ്ഥിവാരമിളക്കുന്നതാണു ഹര്‍ത്താലെന്ന് അറിവുള്ളവര്‍ തന്നെയാണ് നിരന്തരം ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യുന്നതെന്നതും വിരോധാഭാസം തന്നെ.

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഇറക്കുന്നവര്‍ തന്നെ അവയൊക്കെ വിസ്മരിച്ച് സ്വന്തം കാര്യസാധ്യത്തിനായി വീണ്ടും വീണ്ടും ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത് ജനവിരുദ്ധ സമരമുറയാണെന്നു മാത്രമല്ല, ജീവിക്കുന്നതിനുള്ള മനുഷ്യന്റെ പൗരാവകാശം നിഷേധിക്കുന്നതിനു തുല്യമാണ്. സമൂഹനന്മയ്ക്കായി നിലകൊള്ളേണ്ട ഭരണപ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും ജനദ്രോഹപരമായ നീക്കം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ അടുത്ത വര്‍ഷം ഹര്‍ത്താലിനെ നാടുകടത്താനും 2019 ഹര്‍ത്താല്‍ മുക്ത വര്‍ഷമായി ആചരിക്കാനും തീരുമാനിച്ചിരിക്കുന്നത്. ഈ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, മലബാര്‍ - കൊച്ചി ചേംബര്‍ ഒഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളും ഒട്ടേറെ സംരംഭകരും ചെറുകിട കച്ചവടക്കാരുമൊക്കെ ഈ പ്രഖ്യാപനത്തിന് ജീവന്‍ പകര്‍ന്നിരിക്കുകയാണ്. ഈ പ്രഖ്യാപനം മറ്റു തലങ്ങളിലേക്കും വ്യാപിച്ചതിന്റെ പരിണിതഫലമാണു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 64 സംഘടനകളും ഇന്ത്യന്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍ കേരള ഘടകവും തീരുമാനമെടുത്തത്.

മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നത് അത്ര സുഖകരമായ വാര്‍ത്തയല്ല, അഭ്യസ്ഥവിദ്യരെന്ന് വിശേഷിപ്പിക്കുന്ന കേരളീയരെ സംബന്ധിച്ച് പ്രത്യേകിച്ചും. എല്ലാ വിഭാഗത്തിലും പെട്ടവരുടെ പൗരാവകാശ ലംഘനമാണു ഹര്‍ത്താലിലെ മനം മടുപ്പിക്കുന്ന ഏറ്റവും വലിയ ഘടകം. നിത്യരോഗികള്‍ മുതല്‍ ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും വരെ അക്കൂട്ടത്തിലുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നതും, പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുത്ത് കുടുംബം പോറ്റുന്നവരുടെ കഞ്ഞിയില്‍ മണ്ണു വാരിയിട്ട് പാവപ്പെട്ടവരെ കഷ്ടതയിലേക്ക് തള്ളിവിടുന്നതാണ് ഹര്‍ത്താലുകള്‍. സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പൊതുഗണത്തില്‍ പെടുത്തി എഴുതിത്തള്ളാനും കഴിയുന്നതല്ല.

ഹര്‍ത്താലുകള്‍ മൂലം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടു പോയത്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലീവിനു വന്ന് തിരിച്ചു പോകുന്നവര്‍ ജോലിക്ക് ഹാജരാകുന്നതിന്റെ തലേ ദിവസമായിരിക്കും നാട്ടില്‍ നിന്ന് തിരിച്ചു പോകുന്നത്. അന്നായിരിക്കും അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും. വിമാനത്താവളത്തില്‍ എത്തിപ്പെടാനാകാതെ എത്രയോ പേര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അവര്‍ക്കൊന്നും യാതൊരു നഷ്ടപരിഹാരമോ മറ്റു സഹായങ്ങളോ ഈ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികള്‍ ചെയ്തുകൊടുക്കാറില്ല. അങ്ങനെ തൊഴില്‍ നഷ്ടപ്പെട്ടുപോയ അസംഖ്യം ഹതഭാഗ്യരുടെ നാടാണു കേരളം. സമൂഹത്തിന്‍റെ എല്ലാ തുറകളിലും പെട്ടവര്‍ ഹഹര്‍ത്താലിന് ഇരകളാണെങ്കിലും സംഘടിത രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള സ്വാതന്ത്ര്യമോ സന്നാഹങ്ങളോ പൊതുജനമെന്ന കൂട്ടായ്മക്കില്ല. ഈ ദൗര്‍ബല്യം മുതലെടുത്താണ്, ആഹ്വാനം ചെയ്യാന്‍ സംഘടനയോ സാരഥികളോ ഇല്ലെങ്കില്‍ പോലും ഹര്‍ത്താല്‍ വിജയിക്കുന്ന നാടായി കേരളം മാറിയത്.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പൊതുനിരത്തിലിറങ്ങി സര്‍ക്കാര്‍ വാഹനങ്ങള്‍ തച്ചുടയ്ക്കുന്നതും, ജനങ്ങളെ ദേഹോപദ്രവമേല്പിക്കുന്നതും കൂടാതെ അക്രമാസക്തരായ ഹര്‍ത്താലനുകൂലികള്‍ കടകമ്പോളങ്ങള്‍ കൈയ്യേറുന്നതും അടിച്ചുതകര്‍ക്കുന്നതും പതിവു സംഭവമാണ്. അത്തരത്തിലുള്ള ഭീഷണികള്‍ക്ക് വഴങ്ങാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന ചിന്തയാണ് ഇപ്പോള്‍ വ്യാപാരി സമൂഹവും ടൂറിസം വ്യവസായ രംഗത്തെ വിവിധ സംഘടനകളും ചെറുത്തു തോല്പിക്കാന്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ജനം എന്ന കൂട്ടായ്മയുടെ ഭാഗം തന്നെയാണ് ഈ സംഘടനകള്‍. ഈ തീരുമാനത്തില്‍ സമൂഹം ഉറച്ചു നിന്നാല്‍ ഇനി കേരളത്തില്‍ ഒരു ദിവസം പോലും ഹര്‍ത്താല്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ അവര്‍ ഉയര്‍ത്തിക്കാട്ടിയ ഹര്‍ത്താല്‍ വിരുദ്ധ പ്രഖ്യാപനം ഏറ്റവും വലിയ ജനകീയ മുന്നേറ്റവുമാണ്. സമസ്ത മേഖലയിലെയും ജനങ്ങള്‍ ഈ കൂട്ടായ്മയ്ക്കൊപ്പമുണ്ടാകും. ശക്തമായ ഈ ജനവികാരം ശരിയായി മനസിലാക്കാന്‍ എല്ലാ രാഷ്‌ട്രീയ-സാമൂഹ്യ-സാമുദായിക സംഘടനകള്‍ക്കും കഴിഞ്ഞാല്‍ നാനാതുറകളില്‍ പെട്ട ജനസമൂഹം ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടികള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയെ ബഹിഷ്ക്കരിക്കുകയും, പൊതുനിരത്തിലിറങ്ങി കാഹളം മുഴക്കുന്ന വിവിധ പാര്‍ട്ടി അനുകൂലികളെ ശാരീരികമായി കൈകാര്യം ചെയ്യുകയും ചെയ്താല്‍ കേരളത്തിന്‍റെ മണ്ണില്‍ നിന്ന് എന്നന്നേക്കുമായി നാടുകടത്തപ്പെടും, ഹര്‍ത്താല്‍ എന്ന സാമൂഹ്യ വിപത്ത്. ഭാവിയില്‍ ഹര്‍ത്താലെന്ന പേരില്‍ അവര്‍ രംഗത്തിറങ്ങുകയില്ല. പോലീസ് സം‌രക്ഷിച്ചുകൊള്ളും എന്ന വിശ്വാസം പാടെ ഉപേക്ഷിക്കുകയാണ് അഭികാമ്യം. കാരണം, പോലീസിലും ക്രിമിനലുകളുണ്ട്, പാര്‍ട്ടി അനുഭാവികളുമുണ്ട്. കോടതികളും ഇപ്പോള്‍ വിശ്വാസയോഗ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. ഇരുമ്പും ചിതലരിക്കുന്ന അവസ്ഥ....!

Friday, December 21, 2018

നവോത്ഥാനവും വനിതാ മതിലും കേരളത്തെ എങ്ങോട്ട് നയിക്കും?

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീം കോടതി പുറപ്പെടുവിച്ച വിധി കേരളത്തിന്റെ സാമൂഹ്യ ജീവിതത്തിലുണ്ടാക്കിയ ചലനങ്ങളുടെ പശ്ചാത്തലത്തിലാണ് ജനുവരി ഒന്നിന് കേരളത്തില്‍ വനിതാ മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. നവോത്ഥാന മൂല്യങ്ങളെയും മതനിരപേക്ഷ ആശയങ്ങളെയും സ്ത്രീ-പുരുഷ സമത്വത്തെയും ഉയര്‍ത്തിപ്പിടിക്കാനാണ് ഈ വനിതാ മതില്‍ ആശയം രൂപപ്പെട്ടതെന്നാണ് മുഖ്യമന്ത്രി പറയുന്നതെങ്കിലും, ഈ മതില്‍ കേരളത്തില്‍ വീണ്ടുമൊരു വിഭാഗീയത സൃഷ്ടിക്കാനിടവരില്ലേ? ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് ഹിന്ദു വര്‍ഗീയ ശക്തികളാണ് വ്യാജ പ്രചരണങ്ങളുമായി തെരുവുകളെ അക്രമ കേന്ദ്രങ്ങളാക്കിയത്. ഈ സാഹചര്യത്തിലാണ് നവോത്ഥാന മൂല്യങ്ങള്‍ക്കായി പൊരുതിയ ഹിന്ദു സംഘടനകളുടെ വര്‍ത്തമാനകാല നേതാക്കളുടെ ഒരു യോഗം സര്‍ക്കാര്‍ വിളിച്ചുചേര്‍ത്തത്. നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാനുള്ള നീക്കങ്ങളെ പ്രതിരോധിക്കുക എന്ന നാടിന്റെ താത്പര്യമാണ് അവിടെ മുഖ്യമന്ത്രി അവതരിപ്പിച്ചത്. അതിന്റെ പശ്ചാത്തലത്തില്‍ ഉയര്‍ന്നുവന്ന ആശയമായിരുന്നുവത്രേ വനിതാ മതിലെന്നത്. അപ്പോള്‍ ക്രിസ്ത്യന്‍-മുസ്ലിം വിഭാഗങ്ങള്‍ക്കും വേണ്ടേ നവോത്ഥാനം? അവരിലുമില്ലേ വിഭാഗീയത?

കേരളത്തിന്റെ ചരിത്രത്തിലൂടെ കടന്നുപോകുമ്പോള്‍ നാം ഉള്‍ക്കൊള്ളുന്ന പാഠം നവോത്ഥാനം എന്നത് ഏറിയും കുറഞ്ഞും എല്ലാ ജനവിഭാഗങ്ങളെയും ആധുനികവത്കരിക്കാന്‍ നടത്തിയ മുന്നേറ്റമാണെന്ന യാഥാര്‍ത്ഥ്യത്തിലേക്കാണ്. പത്തൊന്‍പതാം നൂറ്റാണ്ടില്‍ കേരളത്തിലുണ്ടായ സാംസ്കാരികവും മതപരവുമായ പരിഷ്കരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീനാരായണഗുരു, മന്നത്ത് പത്മനാഭന്‍, അയ്യന്‍കാളി, വി.ടി. ഭട്ടതിരിപ്പാട്, വക്കം മുഹമ്മദ് അബ്ദുല്‍ ഖാദര്‍ മൗലവി, സനാഹുള്ള മക്തി തങ്ങള്‍, പോയ്കയില്‍ യോഹന്നാന്‍ എന്നിവര്‍ ഏതെങ്കിലും പ്രത്യേക വിഭാഗത്തെ വേര്‍തിരിച്ചല്ല നവോത്ഥാനത്തിന് നേതൃത്വം നല്‍കിയത്. അവിടെ ലിംഗ സമത്വമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോള്‍ നവോത്ഥാന മൂല്യങ്ങള്‍ സംരക്ഷിക്കാനും, സ്ത്രീ-പുരുഷ സമത്വത്തിന്റെ ആശയങ്ങളെ ഉയര്‍ത്തിപ്പിടിക്കാനും, കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്ന പ്രഖ്യാപിച്ചുകൊണ്ട് പുതുവത്സര ദിനത്തില്‍ ഉയരാന്‍ പോകുന്ന വനിതാ മതില്‍ യഥാര്‍ത്ഥത്തില്‍ കേരളത്തെ ഒരു മുഴു മതഭ്രാന്താലയമാക്കുമെന്നുറപ്പാണ്.

ഹിന്ദു മതവിഭാഗങ്ങള്‍ എന്ന് പില്‍ക്കാലത്ത് വിളിക്കപ്പെട്ടവരിലാണ് തൊട്ടുകൂടായ്മയും തീണ്ടിക്കൂടായ്മയും സൃഷ്ടിച്ച ജാതി വ്യവസ്ഥ നിലനിന്നിരുന്നത്. ആധുനിക മനുഷ്യനായി മാറണമെങ്കില്‍ ആ വ്യവസ്ഥ തിരുത്തേണ്ടത് അനിവാര്യമായിരുന്നു.  ആധുനിക മനുഷ്യനെ സൃഷ്ടിക്കാനുള്ള നവോത്ഥാനം അതുകൊണ്ട് തന്നെ ജാതീയതയ്‌ക്കെതിരായുള്ള സമരമായിട്ടാണ് വികസിച്ചത്. ജാതി വ്യവസ്ഥ മറ്റു മത വിഭാഗങ്ങള്‍ക്കിടയില്‍ പൊതുവില്‍ നിലനില്‍ക്കുന്ന ഒന്നല്ല എന്നതിനാല്‍ അത്തരത്തിലുള്ള സമരങ്ങള്‍ ന്യൂനപക്ഷ വിഭാഗങ്ങളില്‍ ഉയര്‍ന്നുവന്നതുമില്ല. നവോത്ഥാനത്തിലെ ആദ്യ നായകര്‍ തൊട്ട് ഹിന്ദു വിഭാഗങ്ങള്‍ക്കിടയിലെ നവോത്ഥാന മുന്നേറ്റം ഊന്നിയത് ജാതിവ്യവസ്ഥയ്‌ക്കെതിരായിരുന്നു. അതിന്റെ ഭാഗമായിരുന്ന മുദ്രാവാക്യങ്ങളിലാണ് അവര്‍ കേന്ദ്രീകരിച്ചിരുന്നതും.

ശ്രീനാരായണ ഗുരുവിനെപ്പോലുള്ള നവോത്ഥാന നായകര്‍ മതപരമായ യോജിപ്പിന്റെ തലങ്ങളും ഇതോടൊപ്പം വികസിപ്പിച്ചിരുന്നു. 1924 ല്‍ ആലുവയില്‍ ചേര്‍ന്ന സര്‍വ്വമത സമ്മേളനം തന്നെ ഇതിനുദാഹരണമാണ്. വാദിക്കാനും ജയിക്കാനുമല്ല, അറിയാനും അറിയിക്കാനുമാണ് ഈ സമ്മേളനം ചേരുന്നതെന്ന് സമ്മേളന കവാടത്തില്‍ തന്നെ ശ്രീനാരയണ ഗുരു എഴുതിവച്ചിരുന്നു. 'പല മത സാരമേകം' എന്ന കാഴ്ചപ്പാട് തന്നെ ശ്രീനാരായണ ഗുരു അവിടെ അവതരിപ്പിക്കുകയും ചെയ്തു. നവോത്ഥാനം ജാതീയതയ്‌ക്കെതിരെയും മതനിരപേക്ഷതയുടെയും കാഴ്ചപ്പാടുകളെ മുന്നോട്ടുവച്ചുകൊണ്ടാണ് ഇടപെട്ടത് എന്നര്‍ത്ഥം.

വനിതാ മതില്‍ എന്ന ആശയം കൊണ്ടുവന്നപ്പോള്‍ തന്നെ അതിന്റെ പ്രായോഗിക വശങ്ങളെക്കുറിച്ച് നിരവധി ചോദ്യങ്ങളും സംശയങ്ങളും പൊന്തിവന്നിരുന്നു. അതില്‍ പ്രധാനമായത് ജനുവരി ഒന്നിനു തന്നെ എന്തുകൊണ്ട് വനിതാ മതില്‍ തീര്‍ക്കണം എന്നതായിരുന്നു. തുടര്‍ന്ന് ആര്‍ക്കൊക്കെ അതില്‍ പങ്കെടുക്കാം, അതിന്റെ ചിലവുകള്‍ ആര് വഹിക്കും എന്നിങ്ങനെയുള്ള ചോദ്യങ്ങളില്‍ പ്രധാനമായത് ചിലവിന്റെ കാര്യമായിരുന്നു. സര്‍ക്കാരിന്റെ ഒരു പൈസ പോലും ചിലവാക്കില്ല എന്നും സ്പോണ്‍സര്‍മാരുടെ ചിലവിലായിരിക്കുമെന്നും വനിതാ മതില്‍ എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ വ്യക്തമാക്കിയതാണ്.  പക്ഷെ പത്തു ദിവസം കഴിഞ്ഞപ്പോള്‍ മുഖ്യമന്ത്രി പറഞ്ഞത് വിഴുങ്ങി മറ്റൊരു പ്രസ്താവന പുറത്തിറക്കുകയും ചെയ്തു.  സ്ത്രീ സുരക്ഷിത്വത്തിന് വേണ്ടി ബജറ്റില്‍ ഉള്‍പ്പെടുത്തിയ 50 കോടി രൂപ മതിലിന് വേണ്ടി മുടക്കുമെന്നാണ് ഇപ്പോള്‍ ഹൈക്കോടതിയില്‍ സത്യവാങ്മൂലം നല്‍കിയിരിക്കുന്നത്. ഈ 'സത്യവാങ്മൂലം' എന്നാല്‍ എന്താണെന്നറിയാത്തവരാണോ മന്ത്രിസഭയിലുള്ളത്? കോടതികളില്‍ നിത്യവും സത്യവാങ്മൂലം മാറ്റിപ്പറയുന്ന സര്‍ക്കാരിനെ എങ്ങനെ വിശ്വസിക്കും?

ഇനി 50 കോടി രൂപ ബജറ്റില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണെങ്കില്‍ കൂടി അത് സ്ത്രീ സുരക്ഷിതത്വത്തിനു വേണ്ടിയാണെന്നും, സര്‍ക്കാര്‍ ഖജനാവിലെ പണമാണെന്നും ആ പണം നികുതിദായകരുടേതാണെന്നും അറിവില്ലാഞ്ഞിട്ടാണോ? സ്ത്രീ സുരക്ഷയ്ക്കെന്ന വകുപ്പില്‍ ഒരു വേറെ ഫണ്ട് ഖജനാവില്‍ ഉണ്ടാവാന്‍ വഴിയില്ല. എന്തുകൊണ്ടാണ് തെറ്റിദ്ധാരണാജനകമായ പ്രസ്താവനകള്‍ നിയമസഭയില്‍ പറഞ്ഞ് ജനങ്ങളെ വഞ്ചിക്കുന്നത്? സത്യം പറഞ്ഞാല്‍ എന്താണ് കുഴപ്പം? ഏതെങ്കിലും വകുപ്പിനു വേണ്ടി ബജറ്റില്‍ തുക മാറ്റി വെച്ചാല്‍ ആ തുക നിശ്ചിത കാലയളവില്‍ തന്നെ ചെലവാക്കണമെന്നാണ് നിയമം. ഓഖി ദുരന്ത നിവാരണത്തിന് കേന്ദ്രം അനുവദിച്ച തുക ഇതുവരെ ചെലവാക്കാത്തതുകൊണ്ട് (ഏകദേശം 160 കോടിയോളം) ആ പണം കഴിച്ച് ബാക്കി മാത്രമേ പ്രളയദുരന്ത നിവാരണത്തിന് നല്‍കിയുള്ളൂ എന്നതും ഇവിടെ പ്രസക്തമാണ്. ഇപ്പോള്‍ സ്ത്രീ സുരക്ഷാ ക്രമീകരണത്തിനായി മാറ്റിവെച്ച 50 കോടി രൂപ ഇതുവരെ ചിലവാക്കാത്തതുകൊണ്ട് ഈ സാമ്പത്തിക വര്‍ഷം  വിനിയോഗിക്കേണ്ടതാണത്രെ. സാമ്പത്തിക വര്‍ഷം അവസാനിക്കുക 2019 മാര്‍ച്ച് 31 ആണെന്ന് അരിയാഹാരം കഴിക്കുന്നവര്‍ക്കറിയാം. എന്നാല്‍ അത് ഡിസമ്പര്‍ 31 ന് തീരുമെന്നത് സര്‍ക്കാര്‍ പറയുമ്പോഴാണ് നികുതിദായകര്‍ മനസ്സിലാക്കുക. അമ്പമ്പോ ഫണ്ട് ചെലവാക്കുന്നതില്‍ എന്തോരു നിഷ്‌ക്കര്‍ഷ!

മഹാപ്രളയം വന്ന് കേരളത്തിന്റെ ഒരു ഭാഗം തകര്‍ന്നു തരിപ്പണമാകുകയും ആ മഹാദുരന്തത്തില്‍ കരകയറാനാവാതെ പതിനായിരങ്ങള്‍ ഒരു കൈ സഹായത്തിന്നായി സര്‍ക്കാര്‍ ഓഫീസുകളുടെ തിണ്ണകള്‍ നിരങ്ങുമ്പോഴാണ് ഈ വഴിമാറി ചെലവാക്കല്‍. കിടപ്പാടം നഷ്ടപ്പെട്ട് അന്യന്റെ വരാന്തകളിലും സര്‍ക്കാര്‍ ഓഫീസുകളുടേയും സ്‌ക്കൂളുകളുടെയും എന്തിന് ആതുരാലയങ്ങളുടെയും മട്ടുപ്പാവുകളില്‍ കടലാസും ചാക്കും മറച്ചു അന്തിയുറങ്ങുന്ന എണ്ണമറ്റ കുടംബങ്ങളുടെ കഥ മാസങ്ങളായി മാധ്യമങ്ങളിലൂടെ ജനങ്ങള്‍ അറിഞ്ഞുകൊണ്ടിരിക്കുന്നു. സര്‍ക്കാര്‍ അതൊന്നും കാണാറില്ലേ? കണ്ണീരും കൈയുമായി കഴിയുന്ന ആ പാവങ്ങളില്‍ പാവങ്ങളായ ആ കുടുംബങ്ങളില്‍ കുറച്ചു പേര്‍ക്കെങ്കിലും  ഒരു കിടപ്പാടം ഉണ്ടാക്കി കൊടുക്കാന്‍ ഈ തുക വിനിയോഗിച്ചിരുന്നുവെങ്കില്‍ ഇടത് സര്‍ക്കാറിന് ഒരു പുണ്യമാവുമായിരുന്നു. പുണ്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളും ഭരണ പക്ഷത്തുണ്ടല്ലൊ. ആരും തുണയില്ലാതെ ആയിരക്കണക്കിന് സഹോദരിമാരും അമ്മമാരും ഒരു നേരത്തെ വിശപ്പടക്കാന്‍ പോലും വഴികാണാതെ നരകിക്കുമ്പോഴാണ് പലരും ചികഞ്ഞു നോക്കി രാഷ്ട്രീയ മതിലെന്നും  വര്‍ഗീയമതിലെന്നുമൊക്കെ ആക്ഷേപമുയരുന്ന ഈ സംരംഭത്തിന് സര്‍ക്കാര്‍ അമ്പത് കോടി മുടക്കി പെടാപ്പാട് നടത്തുന്നത്.

എത്ര ഉപദേശകരാണ് മുഖ്യമന്ത്രിക്കുള്ളത്? അവര്‍ക്കെങ്കിലും മുഖ്യമന്ത്രിയെ ഉപദേശിക്കാമായിരുന്നല്ലോ. അല്ലെങ്കില്‍ ഭരണ പരിഷ്‌ക്കാര കമ്മീഷന്‍ അദ്ധ്യക്ഷന്‍ വിഎസ് അച്യുതാനന്ദന്‍ ഉണ്ടല്ലോ. അദ്ദേഹത്തിനെങ്കിലും ഈ സര്‍ക്കാരിന് നേര്‍‌വഴി കാണിച്ചുകൊടുക്കാമായിരുന്നല്ലോ. സ്ത്രീ സുരക്ഷയ്ക്കായുള്ള ഫണ്ട് വകമാറ്റുന്നത് ശരിയോ എന്ന് ചോദിക്കാമായിരുന്നല്ലൊ.  അതോ ഈ വകമാറ്റി ചിലവഴിക്കലും ഒരു തരത്തില്‍ ഭരണപരിഷ്‌ക്കാരത്തിന്റെ ഭാഗമാവുമോ?

അമേരിക്കയടക്കം നിരവധി രാജ്യങ്ങളില്‍ പ്രവാസികള്‍ കേരളത്തിന്റെ പുനര്‍നിര്‍മ്മാണത്തിനായി ഫണ്ടുകള്‍ ശേഖരിക്കുന്നുണ്ട്. തുടക്കത്തില്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന അയച്ചിരുന്നവര്‍ പിന്നീട് അത് മാറ്റി പ്രാദേശിക സഹായങ്ങള്‍ക്കായി നല്‍കുന്ന വാര്‍ത്തകളാണ് നിരന്തരം വന്നുകൊണ്ടിരിക്കുന്നത്. പ്രാദേശിക സംഘടനകള്‍ വഴിയും, പഞ്ചായത്ത്, മുനിസിപ്പാലിറ്റി, ചര്‍ച്ചുകള്‍, വിവിധ മത സംഘടനകള്‍ എല്ലാം ഇങ്ങനെയുള്ള ഫണ്ടുകള്‍ യഥാവിധി അര്‍ഹതപ്പെട്ടവര്‍ക്ക് എത്തിച്ചുകൊണ്ടിരിക്കുന്നു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവനകള്‍ അയച്ചാല്‍ അത് ദുരുപയോഗം ചെയ്യപ്പെടുകയും വകമാറ്റി ചെലവഴിക്കുകയും ചെയ്യുമെന്ന ചിന്തയാണ് അതിനു കാരണം. ചുരുക്കിപ്പറഞ്ഞാല്‍ സര്‍ക്കാരിലുള്ള വിശ്വാസം ജനങ്ങള്‍ക്ക് നഷ്ടപ്പെട്ടു എന്നര്‍ത്ഥം. ആ നഷ്ടപ്പെട്ട വിശ്വാസം തിരിച്ചു പിടിക്കുകയാണ് സര്‍ക്കാരിന് മുന്നിലുള്ള ഒരേയൊരു പോം‌വഴി. 

Saturday, December 15, 2018

ജീവിതം എത്ര സുന്ദരം (കഥ)

വളരെ ആര്‍ഭാടമായിരുന്നു അവളുടെ വിവാഹം. മനസ്സിനിണങ്ങിയ പുരുഷന്‍. ബന്ധുമിത്രാദികളും സുഹൃത്തുക്കളും വാനോളം പുകഴ്ത്തി.

അന്നു വൈകുന്നേരം അവളുടെ അമ്മ ഒരു വിവാഹ സമ്മാനം അവള്‍ക്കു നല്‍കി. ആകാംക്ഷയോടെ അവള്‍ ആ കവര്‍ തുറന്നു. ഒരു സേവിംഗ്സ് ബാങ്ക് പാസ്സ്ബുക്ക് !

"പാസ്സ് ബുക്കോ?" അവള്‍ അമ്മയോട് ചോദിച്ചു.

"അതെ മോളെ, നിന്‍റെ ജീവിതത്തിലെ അനര്‍ഘ നിമിഷങ്ങളിലൊന്നാണ് ഇന്ന് നടന്നത്. ഈ പാസ്സ് ബുക്ക് നീ ഭദ്രമായി സൂക്ഷിക്കുക. വിവാഹ ജീവിതത്തില്‍ പ്രധാനപ്പെട്ട എന്തു സംഭവങ്ങളുണ്ടായാലും നീ കുറച്ചു പണം ഇതില്‍ നിക്ഷേപിക്കണം. ഓരോ പ്രാവശ്യവും നീ അതു ചെയ്യുമ്പോള്‍ എന്തിനു ചെയ്തു എന്ന് എഴുതിയിടുകയും വേണം. നിന്‍റെ ഭര്‍ത്താവിനോടും ഇക്കാര്യം പറയണം. ആദ്യത്തെ നിക്ഷേപം ഞാന്‍ ചെയ്തിട്ടുണ്ട്. പിന്നെ ഒരു കാര്യം. ഈ പണം ഒരു കാരണവശാലും ചിലവാക്കരുത്."

അമ്മയുടെ വാക്കുകള്‍ കേട്ട് അവള്‍ക്ക് ചിരി വന്നു. അവള്‍ ആ പാസ്സ് ബുക്ക് തുറന്നു നോക്കി. ആയിരം രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു !

"ഈ അമ്മയുടെ ഒരു കാര്യം...." അവള്‍ സ്വയം പറഞ്ഞു.

ദിവസങ്ങളും മാസങ്ങളും വര്‍ഷങ്ങളും കടന്നു പോയി. അവരുടെ ജീവിതത്തില്‍ പല സംഭവങ്ങളും നടന്നു. നല്ല ജോലി, പുതിയ വീട്, ഉദ്യോഗക്കയറ്റം, ശമ്പള വര്‍ദ്ധന, പുതിയ വാഹനം എന്നിങ്ങനെ പലതും അവര്‍ക്ക് ലഭിച്ചു. ഇതിനോടകം രണ്ടു കുട്ടികളും ജനിച്ചു. ഓരോ സംഭവങ്ങള്‍ നടക്കുമ്പോഴും ഇരുവരും ബാങ്കില്‍ പണം നിക്ഷേപിക്കാന്‍ മറന്നില്ല.
പക്ഷെ, ആ സന്തോഷ ദിനങ്ങള്‍ക്ക് മങ്ങലേല്‍ക്കാന്‍ അധിക നാള്‍ വേണ്ടിവന്നില്ല. നിസ്സാര കാര്യങ്ങളെച്ചൊല്ലി പരസ്പരം പഴിചാരി ഇരുവരും വഴക്കടിക്കുക ഒരു പതിവായി. പരസ്പരം സംസാരിക്കുന്നതുതന്നെ വിരളമായി. പ്രശ്നങ്ങള്‍ ഓരോന്നായി അവരുടെ ജീവിതത്തിന്‍റെ താളം തെറ്റിച്ചു തുടങ്ങി. ഇങ്ങനെ ജീവിക്കുന്നതില്‍ ഭേദം വേര്‍പിരിയുകയാണ് നല്ലതെന്ന് അവര്‍ തീരുമാനിച്ചു.

അവള്‍ ഈ വിവരം അമ്മയോടു പറഞ്ഞു.

"എനിക്ക് ഈ ജീവിതം മടുത്തു അമ്മേ. ഞങ്ങള്‍ വേര്‍പിരിയാന്‍ തീരുമാനിച്ചു."

അമ്മ പറഞ്ഞു, "അതിനെന്താ മോളെ, വേര്‍പിരിയാന്‍ തീരുമാനിച്ചെങ്കില്‍ അങ്ങനെ ചെയ്യുക. പക്ഷേ, ഒരു കാര്യം. വേര്‍പിരിയുന്നതിനു മുന്‍പ് ഞാന്‍ തന്ന ആ പാസ്സ് ബുക്കിലെ പണം മുഴുവന്‍ പിന്‍വലിക്കാന്‍ മറക്കരുത്. ഒരു രേഖയും ബാക്കി വെക്കരുത്."

അമ്മയുടെ ഉപദേശം കേട്ട് അവള്‍ സന്തോഷിച്ചു.

"ശരിയാണ്, ഈ പണം മുഴുവന്‍ ഞാന്‍ പിന്‍വലിക്കും."

അവള്‍ നേരെ ബാങ്കിലേക്ക് പോയി. അക്കൗണ്ട് ക്ലോസ് ചെയ്യാനുള്ള പേപ്പറുകള്‍ ശരിയാക്കിക്കൊണ്ടിരുന്ന സമയം അവളുടെ കണ്ണുകള്‍ പാസ്സ് ബുക്കില്‍ ഉടക്കി. അതിലെ ഓരോ പേജുകളും അവള്‍ ശ്രദ്ധയോടെ നോക്കി.  ആവശ്യത്തിലധികം പണം. അവള്‍ വീണ്ടും വീണ്ടും നോക്കി. ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങള്‍ അവള്‍ ഓര്‍ത്തു. അവളുടെ ഓര്‍മ്മകള്‍ പുറകിലേക്ക് സഞ്ചരിച്ചു......ഓരോ ഡെപ്പോസിറ്റുകളുടേയും കാരണങ്ങളോര്‍ത്ത് അവളുടെ കണ്ണുകള്‍ നിറഞ്ഞു. നിയന്ത്രിക്കാന്‍ കഴിയാത്ത വിധം കവിള്‍ത്തടങ്ങളിലൂടെ കണ്ണീര്‍ ഒഴുകി.

പാസ്സ് ബുക്ക് ബാഗിലിട്ട് അവള്‍ വീട്ടിലേക്ക് തിരിച്ചു. ഭര്‍ത്താവിനെ പാസ്സ് ബുക്ക് ഏല്പിച്ചിട്ടു പറഞ്ഞു..

 "വിവാഹമോചനത്തിനു മുന്‍പ് അതില്‍ കാണുന്ന പണം മുഴുവന്‍ എടുത്ത് ചിലവാക്കുക" എന്ന്.

ഒന്നും പറയാതെ ഭര്‍ത്താവ് ആ പാസ്സ് ബുക്ക് വാങ്ങി നിസ്സംഗതനായി നടന്നു നീങ്ങി.

അവളുടെ മനസ്സു വിങ്ങി. ഇണക്കങ്ങളും പിണക്കങ്ങളുമായി ജീവിച്ച ആ കാലങ്ങളെ ഓര്‍ത്ത് അവള്‍  നല്ല നാളുകളെയോര്‍ത്ത് അവള്‍ നെടുവീര്‍പ്പിട്ടു. ഒരുപാട് കരഞ്ഞു. ഇനി അധികം വൈകാതെ ഞങ്ങള്‍ തമ്മില്‍ എന്നന്നേക്കുമായി പിരിയുകയാണ്.

അടുത്ത ദിവസം അയാള്‍ ആ പാസ്സ്ബുക്ക് തിരിച്ച് അവള്‍ക്ക് നല്‍കി. അത്ഭുതത്തോടെയും  സംശയത്തോടെയും അവള്‍ അതു തുറന്നു നോക്കി.

5000 രൂപ ഡെപ്പോസിറ്റ് ചെയ്തിരിക്കുന്നു ! തൊട്ടടുത്ത് ഒരു കുറിപ്പും. ആ കുറിപ്പില്‍ ഇപ്രകാരം എഴുതിയിരിക്കുന്നു....
"നീ എനിക്ക് ഏറ്റവും പ്രിയപ്പെട്ടവളാണെന്ന് ഇന്ന് ഞാന്‍ മനസ്സിലാക്കി. ഇത്രയും വര്‍ഷങ്ങള്‍ നാം ഇരുവരും പങ്കുവെച്ച സ്നേഹവും പരിചരണവും മനസ്സിലാക്കാന്‍ വൈകിപ്പോയി. എന്നോട് ക്ഷമിക്കുക.  നമുക്ക് വേര്‍പിരിയാനാകുമോ?"

അയാളുടെ കൈകള്‍ അവളുടെ തോളില്‍ അമര്‍ന്നു. അനുസരണയുള്ള ഒരു കുട്ടിയെപ്പോലെ അവള്‍ മെല്ലെ അയാളുടെ തോളിലേക്ക് ചാഞ്ഞു. അയാളുടെ കരവലയത്തിലമര്‍ന്നപ്പോള്‍ അവളുടെ മനസ്സ് മന്ത്രിച്ചു... "ഞാനെത്ര ഭാഗ്യവതിയാണ്."

ഇരുവരും കെട്ടിപ്പിടിച്ച് കരഞ്ഞു.... സ്നേഹത്തിന്‍റെ കണ്ണീര്‍ !

ആ പാസ്സ് ബുക്ക് പെട്ടിയില്‍ വെക്കുന്നിനിടയില്‍ അവര്‍ പറഞ്ഞു...

 "ജീവിതത്തിലെ തെറ്റുകുറ്റങ്ങള്‍ പരസ്പരം മനസ്സിലാക്കി ജീവിച്ചാല്‍ എത്ര സുന്ദരമായിരിക്കും ആ ജീവിതം..!"


Monday, December 3, 2018

ശബരിമലയും വനിതാ മതിലും

ശബരിമലയില്‍ നടന്ന അക്രമങ്ങളുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ മുഖം മിനുക്കാനാണോ അതോ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാനാണോ എന്നറിയില്ല ഒരു "പുതിയ നവോത്ഥാന മൂവ്മെന്റ്" കേരളത്തില്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചെന്നു കേട്ടപ്പോള്‍ തോന്നിയത് 'ചങ്ങലയ്ക്കും ഭ്രാന്തിളകി' എന്നാണ്. സുപ്രീം കോടതി വിധി സര്‍ക്കാര്‍ ചോദിച്ചു വാങ്ങിയതാണെന്ന് ലോകം പറയുമ്പോള്‍ അതല്ല സത്യം സുപ്രീം കോടതി വിധി നടപ്പാക്കാന്‍ ഞങ്ങള്‍ ബാധ്യസ്ഥരാണെന്നാണ് പിണറായി വിജയന്‍ പറയുന്നത്. അങ്ങ് ഇന്ദ്രപ്രസ്ഥത്തില്‍ സ്ഥിതി ചെയ്യുന്ന സുപ്രീം കോടതി വിധിയെഴുതിയതിന്റെ മഷി ഉണങ്ങുന്നതിനു മുന്‍പേ ഇങ്ങ് കേരളത്തില്‍ സ്ഥിതി ചെയ്യുന്ന ശബരിമലയിലേക്ക് പോലീസും പട്ടാളവുമായി ചെന്ന് 'ഉത്തരവ് നടപ്പിലാക്കാന്‍' ശ്രമിച്ചപ്പോള്‍ തന്നെ അരിയാഹാരം തിന്നുന്ന മലയാളികള്‍ക്ക് മനസ്സിലായിരുന്നു ഈ വിധി ചോദിച്ചു വാങ്ങിയതു തന്നെ എന്ന്.

 ശക്തവും സമ്പന്നവുമായ ഭ​ര​ണ​ഘ​ട​ന​യും അ​ത്ര​ത്തോ​ളം ശ​ക്ത​മാ​യ ജ​നാ​ധി​പ​ത്യ​വും നി​യ​മ​വാ​ഴ്ച​യും നി​ല​നി​ല്‍​ക്കു​ന്ന ഇന്ത്യയില്‍ ആ സം‌വിധാനങ്ങളെ ധി​ക്ക​രി​ച്ചു മു​ന്നോ‌​ട്ടു​പോ​കാന്‍ ജ​ന​ങ്ങ​ളാ​ല്‍ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ഒ​രു ഭ​ര​ണ​കൂ​ട​ത്തി​നും ക​ഴി​യി​ല്ല. അ​പ്പോ​ഴും ഈ ​സം​വി​ധാ​ന​ങ്ങ​ളെ​ല്ലാം ജ​ന​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണെ​ന്നും അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളു‌​ടെ​യും അ​വ​കാ​ശ​ങ്ങ​ളു​ടെ​യും സം​ര​ക്ഷ​ണ​ങ്ങ​ള്‍​ക്കു വേ​ണ്ടി​യാ​ണെ​ന്നു​ള്ള യാ​ഥാര്‍​ഥ്യ​വും നി​ല​നി​ല്‍​ക്കു​ന്നു. ഈ ​ര​ണ്ടു യാ​ഥാ​ര്‍​ഥ്യ​ങ്ങ​ളും ഏ​റ്റു​മു​ട്ടു​ന്ന അ​വ​സ​ര​ങ്ങള്‍ വ​ള​രെ അ​പൂര്‍​വ​മാ​ണ്. അ​ത്ത​ര​മൊ​രു അ​പൂ​ര്‍​വ​ത​യ്ക്കാ​ണു കേ​ര​ള​ത്തി​ന്‍റെ മ​തേ​ത​ര സം​സ്കാ​ര​ത്തി​ന്‍റെ​യും സ​നാ​ത​ന ധ​ര്‍​മ​ത്തി​ന്‍റെ​യും വി​ശ്വാ​സ പാ​ര​മ്പ​ര്യ​ത്തി​ന്‍റെ​യും പ്ര​തീ​ക​മാ​യ ശ​ബ​രി​മ​ല​യി​ലെ ഈ ​വ​ര്‍​ഷ​ത്തെ തീര്‍​ഥാ​ട​ന കാ​ലം സാ​ക്ഷ്യം വ​ഹിക്കു​ന്ന​ത്. എ​ല്ലാ​ക്കാ​ല​ത്തും ഭ​ക്തി​സാ​ന്ദ്ര​മാ​യി​രു​ന്ന തീര്‍​ഥാ​ട​നം ഇ​ക്കു​റി സം​ഘ​ര്‍​ഷ​ഭ​രി​ത​മാ​യി. ആരാണ് ഇതിനുത്തരവാദി? ജനങ്ങളോ അതോ സര്‍ക്കാരോ? പ്രശ്നങ്ങളോരോന്നും പൊട്ടിമുളയ്ക്കുമ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകുന്ന പ്രകോപനപരമായ പ്രവര്‍ത്തികള്‍ കൂടുതല്‍ പ്രശ്നങ്ങളിലേക്ക് കാര്യങ്ങള്‍ കൊണ്ടെത്തിക്കുകയായിരുന്നു.

ശ​ബ​രി​മ​ല എ​ന്നാല്‍ വി​ശ്വാ​സ​മു​ള്ള​വ​രു​ടെ​യെ​ല്ലാം തീ​ര്‍​ഥാ‌​ട​ന കേ​ന്ദ്ര​മാ​ണ്. അ​ങ്ങ​നെ​യു​ള്ള തീ​ര്‍​ഥാ​ട​കര്‍​ക്കാ​വ​ണം അ​വി​ടെ എ​ല്ലാ പ​രി​ഗ​ണ​ന​യും ല​ഭി​ക്കേ​ണ്ട​ത്. അ​വ​രു​ടെ വി​ശ്വാ​സ​ങ്ങ​ളും അ​വര്‍ പു​ലര്‍​ത്തി​പ്പോ​രു​ന്ന ആ​ചാ​ര​ങ്ങ​ളും സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും വേ​ണം. ഭ​ര​ണ​ഘ​ട​ന​യും കോ​ട​തി​യും സ​ര്‍​ക്കാ​രു​മൊ​ക്കെ ഈ ​വി​ശ്വാ​സ സം​ര​ക്ഷ​ണ​ത്തി​നു ബാ​ധ്യ​സ്ഥ​വു​മാ​ണ്. ത​ങ്ങ​ളു​ടെ ആ​ചാ​ര​ങ്ങ​ളും വി​ശ്വാ​സ​ങ്ങ​ളും വെ​ല്ലു​വി​ളി​ക്ക​പ്പെ​ടു​ന്നു എ​ന്ന ധാ​ര​ണ ഭ​ക്ത​രി​ല്‍ ഉ​ണ്ടാ​കാന്‍ പാ​ടി​ല്ലാ​ത്ത​താ​ണ്. പക്ഷെ സംഭവിക്കാന്‍ പാടില്ലാത്തത് പലതും സംഭവിച്ചു. കേരളത്തെക്കുറിച്ചും ശബരിമലയെക്കുറിച്ചും ഇതര ദേശങ്ങളില്‍ പേരുദോഷമുണ്ടായി. തെറ്റു തിരുത്താന്‍ സര്‍ക്കാരിന് സമയം യഥേഷ്ടമുണ്ടായിരുന്നിട്ടു കൂടി അതൊന്നും ഗൗരവത്തിലെടുത്തില്ല. പോലീസിനെ ഉപയോഗിച്ച് എല്ലാം ശാന്തമാക്കാമെന്നു ധരിച്ചുവശായ സര്‍ക്കാര്‍ ജനങ്ങള്‍ക്ക് അടിയറവു പറയേണ്ട ഘട്ടത്തിലെത്തി.

പ്ര​ള​യ​കാ​ല​ത്ത് ജാ​തി-​മ​ത-​വര്‍ഗ-​രാ​ഷ്ട്രീ​യ വ്യ​ത്യാ​സ​ങ്ങ​ള്‍ മ​റ​ന്ന് ഒ​രൊ​റ്റ ജ​ന​ത​യാ​യി പ്ര​വ​ര്‍ത്തി​ച്ചു മാ​തൃ​ക കാ​ട്ടി​യ മ​ല​യാ​ളി​കള്‍ വ​ള​രെ കു​റ​ഞ്ഞ ദി​വ​സ​ങ്ങ​ള്‍കൊ​ണ്ടാ​ണ് ഒ​രി​ക്ക​ലു​മു​ണ്ടാ​യി​ട്ടി​ല്ലാ​ത്ത​ത്ര വ​ലി​യ വി​ഭാ​ഗീ​യ​ത​യി​ലേ​ക്കു മാ​റി​യ​ത്. അ​വ​രെ അ​ങ്ങ​നെ മാ​റ്റി​യെ​ടു​ത്ത​തി​ല്‍ എ​ല്ലാ രാ​ഷ്ട്രീ​യ ക​ക്ഷി​കള്‍ക്കും കേ​ന്ദ്ര-​സം​സ്ഥാ​ന സ​ര്‍ക്കാ​രു​ക​ള്‍ക്കു​മാ​ണ് പ​ങ്ക്. സര്‍ക്കാരിന്റെ പരാജയം മറച്ചു പിടിക്കാന്‍ പുതിയ നയവുമായി ഇപ്പോള്‍ രംഗപ്രവേശം ചെയ്തിരിക്കുകയാണ്. നവോത്ഥാന വനിതാ മതില്‍ എന്ന പേരില്‍ നടത്താന്‍ പോകുന്ന പ്രകടനം നവോത്ഥാനമല്ല മറിച്ച് രാഷ്ട്രീയ പ്രഹസനമല്ലേ എന്ന ചോദ്യമാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്നത്.  ജാതി സംഘടനകളെ കൂട്ടുപിടിച്ചാണ് സംസ്ഥാന സര്‍ക്കാര്‍ ഈ രാഷ്ട്രീയ നാടകം കളിക്കാന്‍ പോകുന്നത്. നാല് ലക്ഷം സ്ത്രീകളെ അണിനിരത്തി കാസര്‍കോഡ് മുതല്‍ തിരുവനന്തപുരം വരെ നീളുന്ന മതില്‍ തീര്‍ക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് ഹിന്ദു സമുദായ സംഘടനകളുമായി നടത്തിയ യോഗത്തില്‍ വെച്ചാണ്. ശബരിമലയില്‍ നാമജപപ്രതിഷേധം നടത്തിയ സ്ത്രീകള്‍ക്കെതിരെയും അവിടെ നടമാടിയ രാഷ്ട്രീയപാര്‍ട്ടികളുടെ പേക്കൂത്തുകള്‍ക്കെതിരെ യുമാണ് ഈ വന്‍മതിലെന്ന് സര്‍ക്കാര്‍ പറയുന്നു. എന്നാല്‍ സമുദായ സംഘടനകളുടെ നേതൃത്വത്തിലാണ് ഈ വനിതാമതിലെന്നതുകൊണ്ട് പല കോണുകളില്‍ നിന്നും വിമര്‍ശനവും ഉയരുകയാണ്.

കേരളത്തെ ഭ്രാന്താലയമാക്കാന്‍ അനുവദിക്കില്ലെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപനം. ഇതിനായി പക്ഷേ, ഹിന്ദു സമുദായസംഘടനകളായ എഎസ്എന്‍ഡിപിയെയും കെപിഎംഎസിനെയുമൊക്കെ കൂടെ നിര്‍ത്തി ബലം ഉറപ്പിക്കുന്നതിലാണ് വിമര്‍ശനം. നവോത്ഥാന സംഘടനകള്‍ എന്ന പേരില്‍ മുഖ്യമന്ത്രി വിളിച്ചു ചേര്‍ത്ത യോഗത്തില്‍ പങ്കെടുത്തവ രിലേറെയും ജാതി സംഘടനകളുടെ പ്രതിനിധികളായിരുന്നു. ജാതിയും മതവും പറയുന്ന ഇത്തരം സംഘടനകളാണ് നവോത്ഥാനം എന്ന പേരില്‍ നടത്തുന്ന സമരത്തിന്റെ മുമ്പില്‍ നില്‍ക്കുന്നത്. അതിനാല്‍ നവോത്ഥാനം എന്ന് വിളിക്കുന്നതിലെ വൈരുധ്യം വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല, സര്‍ക്കാര്‍ ചെലവിലാണ് ഈ പരിപാടി സംഘടിപ്പിക്കുന്നത്. ചീഫ് സെക്രട്ടറി ഉള്‍പ്പെടുന്ന യോഗത്തിലാണ് വനിതാ മതില്‍ എന്ന തീരുമാനം വരുന്നത്.

അതേസമയം വനിതാ മതിലിനിറങ്ങുന്ന സ്ത്രീകള്‍ക്കൊക്കെയും ശബരിമലയിലെ സ്ത്രീപ്രവേശനത്തോട് അനുകൂല നിലപാടായിരിക്കുകയി ല്ലെന്നതാണ് വസ്തുത. മതില്‍ തീര്‍ക്കാന്‍ ഇറങ്ങുന്ന പെണ്ണുങ്ങള്‍ പാര്‍ട്ടിയോടും പാര്‍ട്ടിയുടെ പല സംവിധാനങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നവരായിരിക്കും. മൈക്രോഫിനാനന്‍സിലും സമുദായ സംഘടനകളുടെ അയല്‍ക്കൂട്ട ങ്ങളിലും കുടുംബശ്രീ അയല്‍ക്കൂട്ടങ്ങളിലുമൊക്കെയുള്ളവര്‍. ഇവര്‍ക്കൊക്കെ ശബരിമലയില്‍ സ്ത്രീകള്‍ പ്രവേശിക്കുന്നതിനോട് എതിര്‍പ്പായിരിക്കും. എങ്കില്‍പ്പോലും പാര്‍ട്ടിയെ നിഷേധിക്കാന്‍ ഇവര്‍ക്ക് കഴിയില്ല. പാര്‍ട്ടിയോടുള്ള കൂറുകൊണ്ടോ പേടിച്ചിട്ടോ ഇത്തരം സ്തീകള്‍ 'മതില്‍' കെട്ടാനിറങ്ങും. ഇവരെയെല്ലാം ശബരിമലയില്‍ കൊണ്ടുപോകാന്‍ നോക്കിയാല്‍ ഇപ്പറയുന്ന നവോത്ഥാനമെല്ലാം കുപ്പത്തൊട്ടിയില്‍ കിടക്കും.