Friday, August 31, 2012

നരോദപാട്യ വംശീയഹത്യ


നരോദപാട്യ വംശീയഹത്യയ്ക്ക് ഉത്തരവാദികളെന്ന് കോടതി കണ്ടെത്തിയ 32 പേര്‍ക്ക് ശിക്ഷവിധിച്ചു. മോഡി മന്ത്രിസഭയിലെ മുന്‍ അംഗവും നരോദപാട്യയില്‍ നിന്നു മൂന്നുതവണ എം എല്‍ എയുമായ ഡോ. മായാ കോട്‌നാനി, ഭജരംഗദള്‍ നേതാവ് ബാബു ഭജരംഗി എന്നിവരടക്കം ബി ജെ പി യുടെയും സംഘപരിവാറിന്റെയും ഉന്നതനേതാക്കളടക്കമുള്ളവരെയാണ് കുറ്റവാളികളെന്ന് കണ്ടെത്തി കോടതി ശിക്ഷിച്ചിരിക്കുന്നത്. 

നാളിതുവരെ ഗുജറാത്ത് വര്‍ഗീയകലാപങ്ങളില്‍ പലരും കുറ്റക്കാരെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ടിട്ടുണ്ട്. അവരെയെല്ലാം നിയമത്തിന്റെ പിടിയില്‍ നിന്നു രക്ഷിക്കാന്‍ ശ്രമിച്ച മോഡിസര്‍ക്കാരും ബി ജെ പിയും കുറ്റവാളികളെന്നു കണ്ടെത്തി ശിക്ഷിക്കപ്പെട്ടവരുമായി തങ്ങള്‍ക്ക് ബന്ധമൊന്നുമില്ലെന്നു വരുത്തി കൈകഴുകാനാണ് ശ്രമിച്ചിരുന്നത്. എന്നാല്‍ മായാ കോട്‌നാനിയെപ്പോലെ ഗുജറാത്തിലെ ഉന്നത ബി ജെ പി നേതാവ് കുറ്റക്കാരിയെന്ന് കോടതി കണ്ടെത്തിയതിനെ തുടര്‍ന്ന് ''ഇത് കീഴ്‌ക്കോടതിയാണ്, മുകളിലോട്ടും കോടതികളുണ്ടെ''ന്ന ബി ജെ പി വക്താവ് പ്രകാശ് ജാവേദ്കര്‍ പ്രതികരിച്ചതില്‍ നിന്നും ഗുജറാത്ത് കലാപത്തില്‍ ആ പാര്‍ട്ടിക്കുള്ള പങ്ക് വ്യക്തമാണ്. പുറമെ മായാ കോട്‌നാനിക്ക് സമുന്നത ബി ജെ പി നേതാവ് എല്‍ കെ അദ്വാനിയുമായുള്ള ഉറ്റബന്ധവും സുവിദിതമാണ്. 

ഗുജറാത്ത് കലാപത്തെപ്പറ്റിയുള്ള എല്ലാ അന്വേഷണങ്ങളും അട്ടിമറിക്കാന്‍ മോഡി സര്‍ക്കാര്‍ നിരന്തരം ശ്രമിച്ചിരുന്നു. ഇതിനെതിരെ കലാപത്തില്‍ കൊലചെയ്യപ്പെട്ട മുന്‍ കോണ്‍ഗ്രസ് എം പി എഹ്‌സാന്‍  ജഫ്രിയുടെ വിധവ സാക്കിയ ജഫ്രിയും ദേശീയ മനുഷ്യാവകാശ കമ്മിഷനും നല്‍കിയ പരാതിയെ തുടര്‍ന്നാണ് സുപ്രിംകോടതി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിക്കാനും പ്രത്യേക കോടതികള്‍ രൂപീകരിച്ച് വിചാരണ നടത്താനും ഉത്തരവായത്. എഹ്‌സാന്‍ വധിക്കപ്പെട്ട ഗുല്‍ബര്‍ഗ് സൊസൈറ്റിക്കേസില്‍ പ്രത്യേക അന്വേഷണസംഘം നരേന്ദ്രമോഡിയെ കുറ്റവിമുക്തനാക്കി അന്വേഷണം അവസാനിപ്പിച്ചത് ഏറെ സംശയങ്ങള്‍ ഉയര്‍ത്തിയിരുന്നു. പ്രത്യേക അന്വേഷണ സംഘത്തിന്റെ തലവന്‍ ആര്‍ കെ രാഘവന്‍ മോഡിയുടെ പ്രിയങ്കരനായി മാറിയ ടാറ്റയുമായുള്ള ഉറ്റബന്ധവും ചര്‍ച്ചാവിഷയമായിമാറിയിരുന്നു. നരോദപാട്യയിലെ വംശഹത്യയില്‍ ഇപ്പോഴുണ്ടായ വിധി പ്രത്യേക അന്വേഷണസംഘത്തെപ്പറ്റിയും രാജ്യത്തെ നീതിന്യായ വ്യവസ്ഥയെപ്പറ്റിയും ഉയര്‍ന്ന ആശങ്ക അല്‍പമെങ്കിലും ദൂരീകരിക്കാന്‍ സഹായകമായി.

നരോദപാട്യയിലെ കൂട്ടക്കൊല 2002 ഫെബ്രുവരി 27നുണ്ടായ ഗോധ്ര സംഭവത്തോടുള്ള ഭൂരിപക്ഷ സമുദായത്തിന്റെ പ്രതികരണമാണെന്നു വ്യാഖ്യാനിച്ച് സംഭവത്തെ നിസാരവല്‍ക്കരിക്കാനാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡിയും ബി ജെ പിയും സംഘപരിവാറും ശ്രമിച്ചു പോന്നിരുന്നത്. എന്നാല്‍ നരോദപാട്യയില്‍ നടന്നത് തികച്ചും ആസൂത്രിതവും ഗുജറാത്ത് സര്‍ക്കാരിന്റെയും പൊലീസ് സേനയുടെയും പിന്തുണയോടെയും അരങ്ങേറിയ വംശീയ ഉന്മൂലനമാണെന്ന് രാജ്യത്തെ മാധ്യമങ്ങളും ഇടത് മതേതര പാര്‍ട്ടികളും ആരോപിച്ചിരുന്നു. കലാപത്തെ തുടര്‍ന്ന് 2002 മാര്‍ച്ച് 11-12 തീയതികളില്‍ ജവഹര്‍ലാല്‍ നെഹ്‌റു സര്‍വകലാശാലയിലെ ഡോ. കമല്‍മിത്ര ചിനോയ്, വിഷ്ണു നാഗര്‍, പ്രസേന്‍ജിത്ത് ബോസ്, വിജു കൃഷ്ണന്‍ എന്നിവര്‍ ഗുജറാത്ത് സന്ദര്‍ശിക്കുകയും അവിടെ നടന്നത് ആകസ്മികമായ ഒരു വര്‍ഗീയ കലാപമല്ലെന്നും ആസൂത്രിതമായ 'വംശീയ വെടിപ്പാക്കലാ'ണെന്നും റിപ്പോര്‍ട്ട് ചെയ്തിരുന്നു. സംഘത്തെ നയിച്ച ഡോ. കമല്‍മിത്ര ചിനോയ് സി പി ഐ ദേശീയ കൗണ്‍സില്‍ അംഗമായിരുന്നു. അഹമ്മദാബാദിലെ ഏറ്റവും വലിയ മുസ്‌ലിം പാര്‍പ്പിട മേഖലകളില്‍ ഒന്നാണ് നരോദപാട്യ. അവിടെ നടന്ന അക്രമങ്ങളില്‍ സായുധരും പരിശീലനം സിദ്ധിച്ചവരുമായ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തിരുന്നു. പൊലീസും സ്‌പെഷല്‍ റിസര്‍വ് പൊലീസും കലാപം തടയുന്നതിനു പകരം മുസ്ലിങ്ങളെ കൂട്ടത്തോടെ രക്ഷപ്പെടാനാവാത്തവിധം കെണികളില്‍ ഒതുക്കി കൂട്ടക്കൊലയ്ക്ക് അവസരമൊരുക്കി നല്‍കുകയായിരുന്നു. എം എല്‍ എ മായാ കോട്‌നാനിയും മറ്റു ജനപ്രതിനിധികളും അവിടെ അരങ്ങേറിയ കൂട്ടക്കൊലകള്‍ക്കും കൊടും ക്രൂരതകള്‍ക്കും നേരിട്ട് നേതൃത്വം നല്‍കി എന്ന് സ്ഥലം സന്ദര്‍ശിച്ച സംഘം കണ്ടെത്തി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

നരോദാപാട്യ കൂട്ടക്കൊലയെപ്പറ്റിയുള്ള അന്വേഷണവും തുടര്‍ന്നുള്ള വിചാരണയും ശിക്ഷാവിധിയും രാജ്യത്തെ കുറ്റാന്വേഷണ സംവിധാനത്തിന്റെ നിഷ്പക്ഷത, കാര്യക്ഷമത എന്നിവ സംബന്ധിച്ചും നീതിന്യായ വ്യവസ്ഥയെപ്പറ്റിയും ജനങ്ങള്‍ക്കിടയില്‍ പൊതുവിലും ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ പ്രത്യേകിച്ചുമുള്ള ആശങ്കകള്‍ ഒരുപരിധിവരെ ദൂരീകരിക്കാന്‍ പര്യാപ്തമാണ്. അത്തരം  സംവിധാനങ്ങള്‍ ജനങ്ങള്‍ ആഗ്രഹിക്കുംവിധം നിഷ്പക്ഷവും നീതിപൂര്‍വവും പ്രവര്‍ത്തിക്കണമെങ്കില്‍ എത്രയെത്ര കടമ്പകള്‍ കടക്കണമെന്നത് ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട അന്വേഷണ പരമ്പരകളും കോടതി വ്യവഹാരങ്ങളും വ്യക്തമാക്കുന്നു. ശക്തവും നിര്‍ഭയവുമായ ഒരുപറ്റം മനുഷ്യസ്‌നേഹികളുടെ നിരന്തര പോരാട്ടമാണ് നരോദപാട്യയിലെ കൊലയാളികളെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ സഹായകമായത്. നമ്മുടെ നീതിന്യായ സംവിധാനത്തില്‍ അന്തര്‍ലീനമായ നന്മകള്‍പോലും വലിയ വിലനല്‍കി നേടേണ്ടതാണെന്ന് നരോദപാട്യ നമ്മെ പഠിപ്പിക്കുന്നു.

നരോദപാട്യ വംശഹത്യാവിചാരണയും വിധിന്യായവും ബി ജെ പിയും സംഘപരിവാറും നാളിതുവരെ ഗുജറാത്ത് കലാപത്തെപ്പറ്റി ഉന്നയിച്ചുപോന്നിരുന്ന വാദഗതികളുടെ കടപുഴക്കി. യഥാര്‍ഥ കുറ്റവാളിയായ നരേന്ദ്രമോഡിയുടെ പ്രധാനമന്ത്രി സ്വപ്നങ്ങള്‍ക്കുമേല്‍ കോടതിവിധി നിഴല്‍വീഴ്ത്തിയിരിക്കുന്നു. എന്നാല്‍, നരേന്ദ്രമോഡിയെപ്പോലെ ഒരു ഫാസിസ്റ്റ് തന്റെ ലക്ഷ്യത്തില്‍ നിന്നും വ്യതിചലിക്കുമെന്ന് കരുതുന്നത് മൗഢ്യമാണ്. നരോദപാട്യ ഗുജറാത്തില്‍ അരങ്ങേറിയ ഫാസിസ്റ്റ് കൂട്ടക്കുരുതിയുടെ ആസൂത്രണത്തിലേക്കും നിര്‍വഹണത്തിലേക്കുമുള്ള വാതില്‍ തുറക്കുകമാത്രമാണ് ചെയ്യുന്നത്. അത്തരം മനുഷ്യത്വഹീനവും ജുഗുപ്‌സാവഹമായ അന്യായങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ മോഡിയോളം നീണ്ടെത്തുന്ന അന്വേഷണം ആവശ്യമാണ്.


Monday, August 27, 2012

അമ്പിളിയമ്മാവനെ തൊട്ട ആദ്യ മനുഷ്യന്‍


ബഹിരാകാശ ഗവേഷണവും പര്യവേഷണവും ശീതയുദ്ധകാലത്ത് വന്‍ശക്തി 
രാഷ്ട്രങ്ങളുടെ മത്സരരംഗമായിരുന്നു. അങ്ങനെ അമേരിക്ക രണ്ട് മനുഷ്യരെആദ്യമായി ചന്ദ്രനില്‍ ഇറക്കി സോവിയറ്റ് റഷ്യയ്ക്കുമേല്‍ വിജയം ഉറപ്പിച്ചു. 'ചാന്ദ്രയാന്‍' മനുഷ്യരാശിക്ക് ഇന്ന് ശാസ്ത്രനേട്ടത്തിന്റെ ചിഹ്നമാണ്. ആകാശത്തെ അമ്പിളിയെ 
ആദ്യമായി സ്പര്‍ശിച്ച നീല്‍ ആംസ്‌ട്രോങ്ങ് ഒരു കാല്‍പനിക വിചാരത്തെ അട്ടിമറിച്ചു

ചാന്ദ്രദൗത്യത്തിലൂടെ ലോകത്തെ വിസ്മയിപ്പിച്ച നീല്‍ ആംസ്‌ട്രോങ് ഒടുവില്‍ ആകാശനീലിമയ്ക്ക് അപ്പുറമുള്ള അനന്തര ലോകത്തേക്ക്് യാത്രയായി. 1969 ജൂലായ് 20നാണ് നീല്‍ആംസ്‌ട്രോങ് ചന്ദ്രനില്‍ കാലുകുത്തിയത്. അപ്പോളോ-11 എന്ന വാഹനമാണ് അദ്ദേഹത്തെ ചന്ദ്രനിലെത്തിച്ചത്. ഒരുപാടു നീണ്ട ഒരുക്കങ്ങള്‍ക്കും പരീക്ഷണങ്ങള്‍ക്കും ശേഷമാണ് നീല്‍ ആംസ്‌ട്രോങ്, എഡ്വിന്‍ ആല്‍ഡ്രിന്‍, മൈക്കല്‍ കോളിന്‍സ് എന്നിവര്‍ ഉള്‍പ്പെട്ട അപ്പോളോ 11 യാത്രതിരിച്ചത്. രണ്ടര ദിവസം നീണ്ട യാത്രയ്ക്കു ശേഷം ചന്ദ്രന് അരികിലെത്തി. വേഗം കുറച്ച് കുറച്ച് അപ്പോളോ  11 ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചു. കോളിന്‍സ് വാഹനം നിയന്ത്രിച്ച് ചന്ദ്രനെ ചുറ്റിയപ്പോള്‍ ആംസ്‌ട്രോങ്ങും ആല്‍ഡ്രിനും ഈഗിള്‍ എന്നു പേരിട്ട ലൂണാര്‍ മൊഡ്യൂളില്‍ കയറി ചന്ദ്രനിലേക്കിറങ്ങി ചരിത്രം സൃഷ്ടിച്ചു. 1969 ജൂലായ് 20ന് ഈഗിള്‍ ചന്ദ്രനിലെത്തി. 21ന് പുലര്‍ച്ചെ അവര്‍ ചന്ദ്രനില്‍ ഇറങ്ങി. ആദ്യം പുറത്തിറങ്ങിയത് ആംസ്‌ട്രോങ്ങായിരുന്നു. ചന്ദ്രനില്‍ ആദ്യമായി ഇറങ്ങിയെന്നതിന്റെ പേരില്‍ ഇത്രമാത്രം പ്രശസ്തി വേണ്ടിയിരുന്നില്ലെന്നാണ് ആംസ്‌ട്രോങ് പിന്നീടു ലോകത്തോടു പറഞ്ഞത്.
പ്രശസ്തിയില്‍ നിന്നും പ്രശംസകളില്‍ നിന്നും മാറിനില്‍ക്കാനായിരുന്നു ആംസ്‌ട്രോങ് ഇഷ്ടപ്പെട്ടിരുന്നത്. ചന്ദ്രദൗത്യത്തിനുശേഷം സിന്‍സിനാറ്റി സര്‍വകാലാശാലയില്‍ അധ്യാപകനായി ചേര്‍ന്നെങ്കിലും തനിക്കു നല്‍കിയ താരപരിവേഷത്തില്‍ മനംമടുത്ത് അവിടെ നിന്നും രാജിവച്ചു. ചെറു വിമാനങ്ങളോടിക്കുകയായിരുന്നു പിന്നീട് അദ്ദേഹത്തിന്റെ പ്രധാന ഹോബി.
ആദ്യ ബഹിരാകാശയാത്ര 1966ല്‍ ജെമിനി 8 എന്ന ബഹിരാകാശവാഹനത്തിലായിരുന്നു. 1978 ഒക്ടോബര്‍ ഒന്നിന് ഇദ്ദേഹത്തിന് കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു. ബഹിരാകാസഞ്ചാരിയാവും മുമ്പ് ആംസ്‌ട്രോങ് യുണൈറ്റഡ് സ്‌റ്റേറ്റ്‌സ് നാവികസേനയിലായിരുന്നു. കൊറിയന്‍ യുദ്ധത്തില്‍ പങ്കെടുത്തിട്ടുണ്ട്. യുദ്ധത്തിനുശേഷം നാഷണല്‍ അഡൈ്വസറി കമ്മിറ്റി ഓഫ് എയ്‌റോനോട്ടിക്‌സ് ഹൈ സ്പീഡ് ഫ്‌ളൈറ്റ് സ്‌റ്റേഷനില്‍ സേവനമനുഷ്ഠിച്ചു. അവിടെ അദ്ദേഹം പല വിമാനങ്ങളിലായി 900ത്തിലധികം ആകാശയാത്രകള്‍ നടത്തി.
ഗവേഷക പൈലറ്റ് എന്ന നിലയില്‍ എഫ്100 സൂപ്പര്‍ സേബര്‍ എ ആന്‍ഡ് സി എയര്‍ക്രാഫ്റ്റ്, എഫ്101 വൂഡൂ, ലോക്ഹീഡ് എ104എ സ്റ്റാര്‍ഫൈറ്റര്‍ എന്നിവയില്‍ പ്രൊജക്ട് പൈലറ്റ് ആയി പ്രവര്‍ത്തിച്ചു. ബെല്‍ എക്‌സ്1ബി, ബെല്‍ എക്‌സ്5, നോര്‍ത്ത് അമേരിക്കന്‍ എക്‌സ്15, എഫ്105 തണ്ടര്‍ചീഫ്, എഫ്106 ഡെല്‍റ്റ ഡാര്‍ട്ട്, ആ47 സ്ട്രാറ്റോജെറ്റ്, കെസി135 സ്ട്രാറ്റോടാങ്കര്‍, പാര്‍സെവ് എന്നീ വിമാനങ്ങളും പറത്തിയിട്ടുണ്ട്. കഴിഞ്ഞ വ്യാഴാഴ്ചയാണ് ആംസ്‌ട്രോങ്് 82-ാം ജന്മദിനം ആഘോഷിച്ചത്. ചന്ദ്രോപരിതലത്തില്‍ ആദ്യം കാലുകുത്തിയത് ആംസ്‌ട്രോങ്ങായിരുന്നു എന്നുപറഞ്ഞു. പിന്നാലെ ബസ് ആല്‍ഡ്രിനും ചന്ദ്രനിലിറങ്ങി. എന്നാല്‍ സഹയാത്രികനായ മൈക്കിള്‍ കോളിന്‍സ് വാഹനത്തില്‍ ചന്ദ്രനെ ഭ്രമണം ചെയ്തുകൊണ്ടിരുന്നതിനാല്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങാന്‍ കഴിഞ്ഞില്ല. മൂവര്‍ സംഘം 2.5 മണിക്കൂര്‍ അവിടെ ചെലവഴിച്ചു.
ചന്ദ്രനില്‍ കാല് കുത്തിയ ഉടനെ അദ്ദേഹം ഉച്ഛരിച്ച ആദ്യവാചകം പിന്നീട് ചരിത്രത്തിലിടം നേടി. ''എനിക്ക് ഇതൊരു ചെറിയ കാല്‍വെപ്പ്, മനുഷ്യരാശിക്ക് വലിയ കുതിച്ച് ചാട്ടവും''.
1930 ഓഗസ്റ്റ് അഞ്ചിന് അമേരിക്കയിലെ ഒഹോയിലാണ് നീല്‍ ആംസ്‌ട്രോങ് ജനിച്ചത്. പതിനാറാമത്തെ വയസ്സില്‍ പൈലറ്റ് ലൈസന്‍സ് സ്വന്തമാക്കി. 1962ല്‍ യു.എസ് ബഹിരാകാശ ഏജന്‍സിയായ നാസയില്‍ പരിശീലനത്തിന് തിരഞ്ഞെടുക്കപ്പെട്ടു. 1971ല്‍ നാസയില്‍ നിന്ന് വിരമിച്ചശേഷം സിന്‍സിനാറ്റി സര്‍വകലാശാലയില്‍ എയ്‌റോസ്‌പേസ് എന്‍ജിനീയറിങ് അധ്യാപകനായി ഒരു ദശകത്തോളം പ്രവര്‍ത്തിച്ചു. 1978 ഒക്ടോബര്‍ ഒന്നിന് കോണ്‍ഗ്രഷനല്‍ സ്‌പേസ് മെഡല്‍ ഓഫ് ഓണര്‍ ലഭിച്ചു.

Saturday, August 25, 2012

നിയമങ്ങള്‍ അര്‍ഥശൂന്യമാകുമ്പോള്‍


സാമൂഹ്യവിപത്തായി സ്ത്രീധനം ചോദിക്കരുത്, കൊടുക്കരുത്, വാങ്ങരുത് എന്ന ശക്തമായ നിരോധന നിയമം നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനനിരോധന നിയമം കൂടാതെ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഐ പി സി 498 (എ), 305 (ബി) തുടങ്ങിയ വകുപ്പുകളും ശക്തമായുണ്ട്. നിയമപ്രകാരം സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാന്‍ പാടില്ലാത്ത നമ്മുടെ നാട്ടില്‍ സ്ത്രീധന പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നു. ക്രൈം റിക്കോര്‍ഡുകള്‍ വെളിപ്പെടുത്തുന്നത് 2000 മാണ്ടില്‍ 6995 സ്ത്രീധന മരണമെങ്കില്‍, 2010 ല്‍ 8391 ആയി വര്‍ധിച്ചു എന്നാണ്. 2010 മായി താരതമ്യപ്പെടുത്തുമ്പോള്‍ 2011 ല്‍ 27.7 ശതമാനം വര്‍ധനവുണ്ടായി. 498 (എ) വകുപ്പുകളില്‍ പത്തൊമ്പത് ശതമാനം കേസുകളില്‍ മാത്രമേ ശിക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ- സ്ത്രീധനനിരോധന നിയമവുമായി ബന്ധപ്പെട്ട് വെറും 2.7 ശതമാനം കേസുകളില്‍ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. കോടതികളുടെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്ക് ആശ്വാസകരമായ വിധികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനനിരോധന നിയമവുമായി ബന്ധപ്പെട്ട ചിലവിധികള്‍ സ്ത്രീകള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമായി കരുതുന്നില്ല എന്നതും കോടതി വിധിയുടെ മറവില്‍ സമ്മാനങ്ങള്‍ എന്ന പേരില്‍ സ്ത്രീധനം വാങ്ങാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു.

ശൈശവ വിവാഹനിരോധനനിയമം പൂര്‍ണമായും അവഗണിക്കുന്നു എന്ന് തെളിയിക്കുന്നതാണ് യൂനിസെഫ് ഈയിടെ നടത്തിയ വെളിപ്പെടുത്തല്‍. 2000 ത്തിനും 2009 നുമിടയ്ക്ക് ഇന്ത്യയില്‍ 43 ശതമാനം പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് വിവാഹം കഴിപ്പിച്ചു. ഇന്ത്യ ഇപ്പോള്‍ ശൈശവവിവാഹത്തില്‍ ലോകത്ത് എട്ടാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു. 9-3-2011 ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്ത ശൈശവവിവാഹത്തിലേര്‍പ്പെട്ട 2.4 ലക്ഷം കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ഗര്‍ഭിണികളും അമ്മമാരുമാണ്. കേരളത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2008 ലെ കേരളവിവാഹ രജിസ്‌ട്രേഷന്‍ (പൊതു) ചട്ടങ്ങള്‍ക്ക് രൂപംകൊടുത്തിട്ടുള്ളത് ശൈശവവിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ ഗുണകരമായിട്ടുണ്ട്.

ഇന്ത്യയില്‍ ക്രിമിനല്‍ നടപടിക്രമം 125-ാം വകുപ്പുപ്രകാരം ഭാര്യക്കും കുട്ടികള്‍ക്കും നിയമപരമായതും അല്ലാത്തതും തന്റെ ജീവിതകാലയളവില്‍ ചെലവിന് കൊടുത്തുസംരക്ഷിക്കേണ്ട ചുമതല ഹിന്ദുപുരുഷനുണ്ട്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും 18 വയസുവരെ വിവാഹചെലവിനും അവകാശമുണ്ട്. എന്നാല്‍ 1986 ലെ ഷാബാനു കേസിലെ വിധിന്യായം സ്ത്രീകള്‍ക്ക് അഭിമാനകരമായിരുന്നു. മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് സി ആര്‍ പി സി 125 ബാധകമാണെന്ന് വിധിച്ചപ്പോള്‍ മതമേധാവിത്വം രംഗത്തുവന്നു. മതമൗലികവാദികളെ തൃപ്തിപ്പെടുത്താന്‍ 1986 ലെ ദി മുസ്‌ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡൈവോഴ്‌സ് യുദ്ധകാല ചെലവ് കൊടുക്കാനും മത്താഹ് ആയി ഒരുസംഖ്യ നല്‍കാനും വ്യവസ്ഥചെയ്തിട്ടുണ്ട്. മതപൗരോഹിത്വം സ്ത്രീസംരക്ഷണ നിയമങ്ങളില്‍ കടന്നാക്രമണം നടത്തുന്നതിന്റെ ഉദാഹരണമാണിത്.

സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടംതട്ടുന്ന വ്യാച്യമോ വ്യംഗ്യമോ ആയ പെരുമാറ്റം സ്ത്രീയെ അപമാനിക്കുന്ന ചിത്രങ്ങള്‍, ലഘുലേഖകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഐ പി സി 509 പ്രകാരം കുറ്റകരമാണ്. കൂടാതെ സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തുന്ന പ്രവൃത്തികള്‍ സെക്ഷന്‍ 354 പ്രകാരം കുറ്റകരമാണ്.

ഗര്‍ഭസ്ഥശിശു ലിംഗിര്‍ണയനിരോധനനിയമം നമ്മുടെ രാജ്യത്ത് നടപ്പിലായപ്പോള്‍ വളരെയേറെ പ്രതീക്ഷയോടെ സ്ത്രീകള്‍ ഇതിനെ സ്വീകരിച്ചു. എന്നാല്‍ 1991, 2001, 2011 എന്നീ വര്‍ഷങ്ങളിലെ ലിംഗാനുപാതം പരിശോധിച്ചാല്‍ ജനസംഖ്യയിലെ സ്ത്രീകളുടേയും പുരുഷന്മാരുടെയും എണ്ണത്തിലുള്ള വിടവ് വര്‍ധിക്കുന്നതായി മനസിലാക്കാന്‍ കഴിയും. ഗര്‍ഭസ്ഥശിശുവിനെ ഭ്രൂണാവസ്ഥയില്‍ പരിശോധിച്ചു ലിംഗനിര്‍ണയം ഉറപ്പുവരുത്തി പെണ്‍കുഞ്ഞിനെ നശിപ്പിക്കുന്ന രീതി ഇന്ത്യയില്‍ വളര്‍ന്നുവരുന്നു. 20-10-2011 ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് നഗരങ്ങളിലുള്ള പൊരുത്തക്കേട് ഗ്രാമങ്ങളിലേക്കാള്‍ കൂടുതലെന്നാണ്. പുതിയ സെന്‍സസ് പ്രകാരം ആയിരം ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ ആണ്. ഇന്ത്യയിലെ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മിഷണറുമായ ചന്ദ്രമൗലിയ പറയുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ എണ്ണം ഏറ്റവും കുറഞ്ഞത് 2011 ലെന്നാണ്. ഗര്‍ഭസ്ഥ ശിശുലിംഗനിര്‍ണയം നിരോധനനിയമം നിലവിലുണ്ടെങ്കിലും അത് വെറും നോക്കുകുത്തിയാണ്. ഈ നിയമമനുസരിച്ച് ആകെ 61 കേസുകളാണ് 2011 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് 10 മില്യണ്‍ സ്ത്രീകളാണ് മരണപ്പെട്ടത്. ഭ്രൂണപരിശോധനയും അതിന്റെ ഭാഗമായി നടത്തുന്ന ഗര്‍ഭഛിദ്രത്തിലുമായി അഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ മരണപ്പെടുന്നു. ഇതും നിര്‍ബന്ധിത ഗര്‍ഭഛിദ്രം തടയല്‍ നിയമം നിലനില്‍ക്കുമ്പോഴാണ് എന്നതും ഓര്‍ക്കേണ്ടതാണ്. സ്ത്രീകള്‍ വിവേചനം കൂടുതല്‍ അനുഭവിക്കുന്നത് വ്യക്തിനിയമങ്ങളിലാണ്. പ്രത്യേകിച്ച് മുസ്‌ലിം വ്യക്തിനിയമത്തിലെ വിവാഹ, വിവാഹമോചന നിയമങ്ങളിലും സ്വത്തവകാശ നിയമങ്ങളിലെല്ലാം തന്നെ ഇത് ദര്‍ശിക്കാവുന്നതാണ്. സൈബര്‍ കുറ്റകൃത്യങ്ങളിലും കൂടുതല്‍ ഇരയാവുന്നത് സ്ത്രീകളാണ്. സൈബര്‍ നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഏറെ ഗുണകരമാവും.

ആഭാസസ്ത്രീചിത്രീകരണ നിരോധനനിയമം, വ്യഭിചാരവ്യാപാരനിരോധനനിയമം, സ്ത്രീനിരോധന നിയമം, പ്രസവാനുകൂല്യ നിയമം, തൊഴില്‍ നിയമങ്ങള്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ വിവക്ഷിച്ചിട്ടുള്ള 304 (ബി), 306 (സി) ആത്മഹത്യക്ക് പ്രേരിപ്പിക്കുക. 312 (ഗര്‍ഭഛിദ്രം)- 406 ഐ പി സി, 493 ഐ പി സി (വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ശാരീരികബന്ധത്തിലേര്‍പ്പെടുക- 495 ദ്വിഭാര്യാത്വം, 497 അഡല്‍റ്ററി തുടങ്ങിയ നിയമങ്ങളും സ്ത്രീപക്ഷനിയമങ്ങളാണ്.

ഏറ്റവും വലിയ ഭരണഘടനയും നിയമസംവിധാനങ്ങളും ജനാധിപത്യവും നമ്മുടേതാണെന്ന് നാം അവകാശപ്പെടുന്നു. എന്നിട്ടും ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായിപ്പോലും സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമുക്ക് കഴിയുന്നില്ല എന്നത് ദുഃഖകരമാണ്. അവകാശലംഘനങ്ങളെ കണ്ടറിഞ്ഞ് തടയാനോ നിയമത്തിന്റെ പിന്‍ബലത്താല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാനോ ഭരണകൂടത്തിന് കഴിയുന്നില്ല എന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. നിയമം നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ ഫലപ്രദമാകുന്നില്ലെങ്കില്‍ നിയമം മൃതാവസ്ഥയിലും ക്രമേണ അര്‍ഥശൂന്യവും ആകും.


Thursday, August 23, 2012

പീഡിപ്പിക്കപ്പെടുന്ന പുഷ്പ കുമാരികള്‍


അത്തം പത്തിന് പൊന്നോണം എന്നാണ് പാട്ട്. കേരളീയ ഭവനങ്ങളുടെ തിരുമുറ്റത്ത് പൂക്കളങ്ങള്‍ വിരിയുന്ന നാളുകള്‍. പല വര്‍ണ്ണത്തിലും മണത്തിലും തീര്‍ക്കുന്ന പൂപരവതാനി വിരിച്ച് ഐതീഹ്യത്തിലെ ചക്രവര്‍ത്തിയെ വരവേല്ക്കുന്നു ജനങ്ങള്‍.
ഭൂമുഖത്ത് വേറെങ്ങുമില്ല ഇങ്ങനെ ഒരു ഉത്സവം. മലയാളികളുടെ അനന്യതയില്‍ സമത്വബോധത്തിന്റെ പീലി ചാര്‍ത്തുന്ന ഓണം. പൂക്കളം ഒരുക്കാന്‍ പ്രഭാതങ്ങളില്‍ കുട്ടികള്‍ പൂവിളിയുമായി ഓടിനടന്ന ഗ്രാമജീവിതം ഇന്നത്തെ കേരളത്തില്‍ മഹാബലിയുടെ ഐതീഹ്യം പോലെ ഒരു പഴങ്കഥയാണ്. കാട്ടിലും മേട്ടിലും വയലിലും വേലിപ്പടര്‍പ്പിലും പലവര്‍ണ്ണങ്ങളിലുള്ള  പൂവുകള്‍ തേടി ഇന്ന് ഗ്രാമങ്ങളില്‍ പോലും ഒരു കുട്ടിയും അലയാറില്ല. ആവശ്യമുള്ള പൂവുകളെല്ലാം കിലോക്കണക്കിന് കമ്പോളത്തില്‍ നിന്നു വാങ്ങാം. അയല്‍ സംസ്ഥാനത്തുനിന്ന് യഥാസമയം അവ ലോറികളില്‍ എത്തിയിട്ടുണ്ട്. പണം കൊടുത്ത് വാങ്ങിയ വിലപിടിച്ച വിവിധതരം പൂവുകള്‍കൊണ്ട് വിശാലമായ പൂക്കളങ്ങള്‍ തീര്‍ത്ത് മത്സരിക്കുകയാണ് നമ്മള്‍. സംഘടനകളും സ്ഥാപനങ്ങളും നാടുനീളെ പൂക്കളമത്സരങ്ങള്‍ നടത്തുന്നു. സര്‍ക്കാരാഫീസുള്‍തോറും ജീവനക്കാര്‍ പൂക്കളം ഉണ്ടാക്കി കായികവിനോദങ്ങളില്‍ പങ്കെടുക്കുന്ന വികാരവായ്‌പ്പോടെ മത്സരിക്കുന്നു. വരുംദിവസങ്ങളില്‍ കേരളത്തില്‍ പൂക്കളമത്സരം ഒരു പ്രധാന കലയും കച്ചവടവുമാണ്.
 
ഓണാഘോഷം എങ്ങനെ വേണമെന്നൊന്നും ആരും എവിടെയും നിഷ്‌കര്‍ഷിച്ചിട്ടില്ല. മഹാബലി ചക്രവര്‍ത്തിയുടെ സ്മരണയില്‍ മനുഷ്യജീവിതത്തിന്റെ ഒരുമ എന്ന സങ്കല്പവും ഈ ഉത്സവാഘോഷത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുമ്പോഴും അപാരമായ വാണിജ്യവത്ക്കരണം ഓണത്തിന്റെ സ്ഥായീഭാവമാണ്. ഒരുപക്ഷേ എല്ലാ ഉത്സവങ്ങളും അങ്ങനെയാകാം. എങ്കിലും ഓണാഘോഷത്തിന്റെ മഹിമയും ലാളിത്യവും അനാര്‍ഭാടതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൂവായ പൂവെല്ലാം കുഞ്ഞുങ്ങള്‍ പണ്ടേ ഇറുത്തുമാറ്റിയപ്പോള്‍ എത്രയോ നാടന്‍ സസ്യ ഇനങ്ങളും പൂക്കളും ഇല്ലാതായി. ഓരോ പൂവും ജീവവ്യവസ്ഥയുടെ ഓരോ ഏകകമാണ്. ഓരോ പൂവും അനേകം പൂമ്പാറ്റകള്‍ക്കും തേനീച്ചകള്‍ക്കും പേരറിയാത്ത ചെറുപ്രാണികള്‍ക്കും കൃമികള്‍ക്കും ഭക്ഷണമാണ്. തേനുണ്ണാന്‍ പൂവില്‍ പറന്നെത്തുന്ന അവ പരാഗണം വഴി ജീവിതചക്രത്തിന്റെ വലിയ ഒരു ദൗത്യം അറിയാതെ പൂര്‍ത്തിയാക്കുന്നു. 
 
പ്രകൃതി ചെടിയില്‍ പൂവും പൂവിന് നിറവും സൗരഭവും ഉള്ളില്‍ മധുവും ഒരുക്കിവെച്ചത് സസ്യകുലത്തിന്റെ നിലനില്പിനുവേണ്ടിയാണ്. അതിന്റെ ഇടനിലക്കാരാണ് ഷഡ്പദങ്ങളും പ്രാണികളും. ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും ഭാവിയും തദ്വാര പ്രകൃതിയുടെ തന്നെ നിലനില്പും ഈ അടിസ്ഥാനത്തിലാണ്. ഓരോ പൂവിന്റെ നേരെയും നീണ്ടു ചെല്ലുന്ന കുഞ്ഞിളം കൈകള്‍ അനസ്യൂതമായ ഈ ജൈവ വ്യവസ്ഥയ്ക്ക് ഭംഗം വരുത്തുന്നു. നാടുനീളെ ഒരു പ്രസ്ഥാനം പോലെ പൂക്കളങ്ങള്‍ മത്സരപൂര്‍വ്വം ഒരുങ്ങുമ്പോള്‍ പ്രകൃതിക്ക് തന്മൂലമുണ്ടാകുന്ന കെടുതിയെക്കുറിച്ച് ഓര്‍ക്കേണ്ടതാണ്. അതിനാല്‍ പൂക്കള്‍ ഇറുത്തെടുക്കുന്നവരും കമ്പോളത്തില്‍ നിന്ന് കിലോക്കണക്കിന് തൂക്കിവാങ്ങുന്നവരും ഓരോ പുഷ്പകുമാരിയുടെയും പീഡാനുഭവത്തെക്കുറിച്ച് അറിയേണ്ടതാണ്. ആഘോഷങ്ങള്‍ വേണം. പൂക്കളങ്ങളാകാം, എന്നാല്‍ എല്ലാത്തിനും ഒരു മിതത്വം ആവശ്യമാണ്.
 
പൂവിനെയും പൂമ്പാറ്റകളെയുംക്കുറിച്ചൊക്കെ കുട്ടികള്‍ക്ക് മുമ്പ് നല്ല പാഠങ്ങള്‍ പാട്ടുകളായി ലഭിച്ചിരുന്നു. ''പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവ്, പൂക്കുന്നശോകം. വായ്ക്കുന്നവേലിക്ക് വര്‍ണ്ണങ്ങള്‍ തൂവാന്‍, ചോക്കുന്നുകാടന്തിമേഘങ്ങള്‍പോലെ'' എന്ന് ഒരു ബാലപാഠം ഉണ്ടായിരുന്നു. ''പൂവുകള്‍ തെണ്ടും പൂമ്പാറ്റ, പൂമ്പൊടിപൂശും പൂമ്പാറ്റ, ഒന്നുതൊടട്ടെ നോവാതെ, നിന്നു തരാമോ പോവാതെ.'' എന്ന് പണ്ടത്തെ നഴ്‌സറി ക്ലാസ്സില്‍ ഈണത്തില്‍ ചൊല്ലിയിരുന്നു. ഈ പാട്ടുകളൊന്നും ഇന്നത്തെ കുഞ്ഞുങ്ങള്‍ കേള്‍ക്കുന്നുണ്ടാകില്ല. പകരം '' ബാ ബാ ബ്ലാക് ഷീപ്പ്, ഹാവ് യു എനി വൂള്‍?''  എന്നാണ് ഇപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത്. കറുത്ത ചെമ്മരിയാടും കമ്പിളി കുപ്പായവും ഏത് രാജ്യത്തെ കുട്ടികളുടെ അനുഭവമാണ്? അനുഭവദരിദ്രമായ ഇത്തരം വിദ്യാഭ്യാസം പോലെ ആഭാസകരമാണ് നമ്മുടെ പല ശീലങ്ങളും. കേരളീയാനുഭവങ്ങള്‍  നഴ്‌സറി പാട്ടുകളായി കുഞ്ഞുങ്ങളുടെ നക്ഷത്രക്കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാലത്തിനായി കാത്തിരിക്കാം.

Monday, August 20, 2012

വേണം നമുക്ക് ഭക്ഷണനിയമം


ഭക്ഷണത്തിനു മുമ്പില്‍ നമ്മുടെ ജീവിതത്തിനു എല്ലാ അര്‍ത്ഥത്തിലും തീപിടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികള്‍ ഇന്ന് ഭക്ഷണത്തിന് വളരെ കൂടുതല്‍ പണം ചെലവാക്കുന്നുണ്ട്. ഭക്ഷണത്തേക്കാള്‍ പണം ചെലവാക്കുന്നത് മദ്യത്തിനാണെന്ന കാര്യം വേറെയുമുണ്ട്. മാംസാഹാരത്തില്‍ ഇന്ന് ഇന്ത്യയില്‍ മുന്നിട്ടുനില്ക്കുന്നത് മലയാളികളാണ്. മലയാളിയുടെ ജീവിതത്തിലൂടെ മാംസവും മദ്യവും കൈകോര്‍ത്തുകൊണ്ടാണ് നീങ്ങുന്നത്. ദിനവും മലയാളിയുടെ മുമ്പില്‍ ആടും പശുവും കോഴിയും താറാവും പന്നിയും കാടക്കോഴികളും ചിലപ്പോഴൊക്കെ മാനും മുയലും ഭീകരമായി വേവുകയാണ്.

മൂന്നുവയസ്സു മുതല്‍ മലയാളിക്കുട്ടികള്‍ കോഴിയിറച്ചിയും പൊറാട്ടയും തിന്നുതുടങ്ങുന്നു. അമ്മമാരിപ്പോള്‍ കുരുന്നുകളെ താരാട്ടിയുറക്കുന്നത്് അവരുടെ സ്വപ്‌നങ്ങളിലേക്ക് കോഴിയിറച്ചിയെയും പൊേറാട്ടയെയും കൂകിയുണര്‍ത്തിയാണ്. കേരളത്തിന്റെ മനസ്സ് ഇത്രയേറെ ക്രിമിനലാക്കിയതില്‍ മാംസാഹാരത്തിനു വലിയ പങ്കുണ്ട്. കേരളം മാംസാഹാരത്തിനു അന്ത്യം കുറിച്ചില്ലെങ്കില്‍ മാംസാഹാരം കേരളത്തിന്റെ അന്ത്യം കുറിക്കുമെന്നാണ് സസ്യാഹാരസംഘടനകള്‍ നല്‍കുന്ന മുന്നറിയിപ്പ്. മലയാളി മാംസാഹാരത്തിലൂടെയും മദ്യത്തിലൂടെയും മഹാരോഗങ്ങള്‍ വിലയ്ക്കുവാങ്ങിക്കൊണ്ടിരിക്കുന്നു.
 
മണ്ണും പൊന്നും വാങ്ങിക്കൂട്ടുന്നതുപോലെത്തന്നെ കൂടിയ വിലകൊടുത്ത് മലയാളികള്‍ രോഗങ്ങളും വിലയ്ക്കുവാങ്ങുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളെ തീറ്റിപ്പോറ്റുകയാണ് മലയാളികളുടെ ഇപ്പോഴത്തെ ഒരു വിനോദം. മലയാളിയുടെ ഉപഭോക്തൃസംസ്‌കൃതിയുടെ വികലമായ ഭക്ഷണവികാസം കച്ചവടക്കാര്‍ക്കും ഹോട്ടലുടമകള്‍ക്കും കുബേരവര്‍ഗങ്ങളായിത്തീരാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തു. ഉപഭോക്താക്കള്‍ എന്ന വര്‍ഗത്തെ കച്ചവടക്കാര്‍ നല്ല മേനി വിളയുന്ന കൊയ്ത്തുപാടമായി കരുതി. അങ്ങനെ മലയാളികള്‍ കച്ചവടക്കാരുടെ അടിമകളായിത്തീരുന്നു.
 
പലവ്യഞ്ജനം വില്ക്കുന്നവരുടെയും മീന്‍ വില്ക്കുന്നവരുടെയും ഭക്ഷണം വില്ക്കുന്നവരുടെയും (ഹോട്ടലുകള്‍) അടിമകളായിത്തീര്‍ന്നു. പാരമ്പര്യങ്ങളും പരമ്പരാഗതശീലങ്ങളും കച്ചവടക്കാര്‍ നമ്മളില്‍ നിന്നരിഞ്ഞുതള്ളിക്കളഞ്ഞു. കച്ചവടക്കാര്‍ അവരുടെ ഫാസ്റ്റ്ഫുഡ് സെന്ററുകളിലേക്കും മാളുകളിലേക്കും മലയാളികളെ റാഞ്ചിക്കൊണ്ടുപോയി. മലയാളികള്‍ അവരുടെ അടുക്കളകളെ വിസ്മരിച്ചു. ആഹാരത്തിലും അമേരിക്കന്‍ ശൈലിയിലേക്ക് നമ്മള്‍ മലയാളികള്‍ തള്ളിക്കയറി. സ്വന്തം വീടിന്റെ അടുക്കളകളെ വിസ്മരിച്ച മലയാളികളെ ഹോട്ടലിലെ ഭക്ഷണം ചതിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹോട്ടലുകളെ കൂടാതെ നഗരവാസികള്‍ക്ക് ജീവിക്കാനാവില്ല. പഴകാത്തതും മായം കലരാത്തതുമായ ഭക്ഷണം ലഭിക്കുന്നതിനാവശ്യമായ നിയമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കേരളത്തിലെ ഇന്നത്തെ അവസ്ഥ ഇതാണ് സര്‍ക്കാരിനോടാവശ്യപ്പെടുന്നത്.

എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുകയെന്നതാണ് ഭക്ഷ്യസുരക്ഷകൊണ്ടുദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും നല്ല ഭക്ഷണം ലഭിക്കുക എന്നതുകൂടി ഭക്ഷ്യസുരക്ഷയുടെ ഭാഗംതന്നെയാണ്. ജനങ്ങള്‍ക്ക് സ്വന്തം വീടിനു പുറത്തു കിട്ടുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിയമങ്ങള്‍ ബലപ്പെടുകതന്നെ വേണം. ഭക്ഷ്യസുരക്ഷയും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവുമാണ് കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. ഹോട്ടലുകളിലെ ഭക്ഷ്യപദാര്‍ത്ഥങ്ങളെക്കുറിച്ച് സംസ്ഥാനത്താകമാനം അടിയന്തരമായി ഒരു മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കേരളനഗരങ്ങളിലെ ഹോട്ടലുകള്‍ വിറ്റഴിക്കുന്ന ഭക്ഷണാവസ്ഥയെക്കുറിച്ച് ചില സൂചനകളും തെളിവുകളും ലഭ്യമായിട്ടുണ്ട്.
 
സര്‍ക്കാര്‍ അധികൃതര്‍ ഹോട്ടല്‍ പരിശോധനയ്ക്ക് തുനിഞ്ഞത് തിരുവനന്തപുരത്തെ ഒരു ലൈസന്‍സില്ലാത്ത ഹോട്ടലില്‍ നിന്ന് ഓമനപ്പേരില്‍ അറിയപ്പെട്ട 'ഷവര്‍മ' എന്ന അകേരളീയമായ കോഴി ഭക്ഷണം ഒരു യുവാവ് പാര്‍സലായി വാങ്ങി ബാംഗ്ലൂരിലേക്കു പോകുന്ന വഴി ബസ്സില്‍ വച്ച് കഴിച്ച് ബാംഗ്ലൂരിലെത്തി മരിച്ചപ്പോഴാണ്. ഹോട്ടല്‍ അടച്ചുപൂട്ടുകയും ഹോട്ടലുടമ അറസ്റ്റിലാവുകയും ചെയ്തു. ഷവര്‍മ തിന്ന യുവാവിന്റെ മരണത്തിനുശേഷമാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിനെക്കുറിച്ചൊക്കെ സാധാരണ ജനങ്ങള്‍ അറിയുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് ഭക്ഷ്യ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.
 
തിരുവനന്തപുരം നഗരത്തില്‍ ഈ പരിശോധനകള്‍ക്കും ഹോട്ടലുകള്‍ അടച്ചിട്ടതിനാലും ചില്ലറ പ്രയോജനങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഹോട്ടലുകളില്‍നിന്നും ആഹാരം കഴിക്കുന്ന ആളുകളെയും ഭക്ഷ്യ സുരക്ഷാകമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥന്മാരെയുമൊക്കെ ചെറിയൊരു ഭയം ഹോട്ടലുടമകള്‍ക്കുണ്ടായിട്ടുണ്ട്. ഈ ഭയം ദൈവവിശ്വാസത്തോടുകൂടിയുള്ള ഒരു ധാര്‍മികതയായി മാറുകയാണ് വേണ്ടത്. ഈ ധാര്‍മ്മികതയ്ക്ക് മനസ്സില്‍ ഇടമില്ലാത്തിടത്തോളം കാലം നിയമങ്ങള്‍ക്കൊന്നും തെറ്റുചെയ്യുന്നവരുടെ മുമ്പില്‍ ഒരു സ്ഥാനവുമുണ്ടാകില്ല.

ഹോട്ടലുകളില്‍ മാത്രം ഒതുങ്ങിനിന്ന ഭക്ഷ്യസുരക്ഷാ പരിശോധന പാക്കറ്റുകളില്‍ വരുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിലും കര്‍ശനമായി നടക്കേണ്ടതാണ്. പലവ്യഞ്ജനപൊടികള്‍, പഞ്ചസാര, എണ്ണകള്‍ എന്നിവ പ്രധാനമായും പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. പച്ചക്കറികളിലാണ് ഏറ്റവും കൂടുതല്‍ വിഷാംശങ്ങള്‍ പതിയിരിക്കുന്നത് എന്നത് ഇന്ന് ഒരു ഭീകരയാഥാര്‍ത്ഥ്യമാണ്. നിങ്ങള്‍ ഒരു ഹോട്ടലില്‍ കയറി കോഴിഇറച്ചിയോ ആട്ടിറച്ചിയോ കഴിക്കുന്നുവെന്നിരിക്കട്ടെ നിങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നുവെന്നുമിരിക്കട്ടെ. വിഷബാധയേറ്റ് ആശുപത്രിയിലെത്തുന്നത് ഇറച്ചി കഴിച്ചിട്ടാണ് എന്നാല്‍ ഇറച്ചിയുടെ കൂടെ കഴിച്ച സാലഡില്‍ നിന്നുമാവാം വിഷബാധയേറ്റിരിക്കുക.
 
സാലഡിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നില്ല. കടുക്, ജീരകം, മഞ്ഞള്‍, ഉലുവ, പഞ്ചസാര, പലവിധ പലവ്യഞ്ജനപ്പൊടികള്‍ മുതല്‍ പച്ചക്കറികള്‍ വരെയും, നെത്തോലിമീന്‍ മുതല്‍ നെയ്മീന്‍ വരെയും വിഷം കലര്‍ത്തിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ വച്ചാണ് നമ്മള്‍ ആഹാരം കഴിക്കുന്നത്. ഭക്ഷ്യസുരക്ഷാപരിശോധന ബാറുകളിലേക്കും നീങ്ങേണ്ടതാണ്.  തലസ്ഥാന നഗരിയില്‍ മുപ്പതിലധികം ബാറുകളുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാര്‍ ബാറുകളിലെ ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും നേരെ നീങ്ങിയിട്ടില്ല. പഴക്കംചെന്ന ഭക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ബാറിലാണെന്നു പറയപ്പെടുന്നു.
 
ബാറുകളിലെ ഭക്ഷണത്തിന്റെ പഴക്കം അധികമൊന്നും ചോദ്യം ചെയ്യപ്പെടാറില്ല. ചോദ്യം ചെയ്യുമ്പോള്‍ ബാറുകള്‍ പോറ്റിവളര്‍ത്തുന്ന ഗുണ്ടകളുടെ കൈ മേല് വീഴും. ബാറുകാരാണ് ഭക്ഷണകാര്യത്തില്‍ ഫ്രീസറിനെ പരമാവധി പ്രയോജനപ്പെടുത്തുന്നത്. ബാറുകളില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള ഭക്ഷണം മീനാണ്. ആവോലിയും നെയ്മീനുമൊക്കെ കരുവാടായി (ഉണക്കമീന്‍) ത്തീരുന്നതുവരെ ഫ്രീസറില്‍ കിടക്കും. ബാറുകളിലെ മീനിന്റെ വില നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഒരു പ്ലേറ്റ് കപ്പയുടെയും മീന്‍ കറിയുടെയും വില ബാറില്‍ നൂറ് രൂപയാണ്. രണ്ട് മുട്ട കൊണ്ടുണ്ടാക്കുന്ന ഡബിള്‍ ഓംലറ്റിന്റെ വില ഇരുപത് രൂപയാണ്.
 
ഏറ്റവും വില കൂടുതലും, ഏറ്റവും പഴകിയ ഭക്ഷണം വിറ്റഴിക്കപ്പെടുന്നതും ഇക്കാലത്ത് ബാറുകളില്‍ നിന്നാണ്. ബീഫ് ഫ്രൈ കല്ലും നെയ്മീന്‍ ഫ്രൈ ഉണക്കമീനും മുട്ടത്തോരന്‍ മുളകുപ്പേരിയുമൊക്കെയാണ് ബാറുകളില്‍. അതുകൊണ്ട് നമ്മുടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അടിയന്തിരശ്രദ്ധ പതിയേണ്ട ഒരു ഭക്ഷണ വില്‍പ്പന മേഖലയാണ് ബാറുകള്‍.


നെല്ലിയാമ്പതി സി ബി ഐ അന്വേഷണത്തിന് വിടുമോ?


നെല്ലിയാമ്പതി ഭൂമി കൈയ്യേറ്റം സി ബി ഐ അന്വേഷിക്കണമെന്ന് വനംമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരും ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെട്ട ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയാല്‍ പോരെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. യു ഡി എഫിലെ എം എല്‍ എമാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുടെയും എം എല്‍ എമാരുടെയും നിലപാട് അംഗീകരിച്ച് പ്രശ്‌നം സി ബി ഐയ്ക്ക് വിടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവുമോ? രാഷ്ട്രീയ ഇഛാശക്തിയോടെ ഭൂമാഫിയക്കെതിരെ നടപടി സ്വീകരിക്കാന്‍ യു ഡി എഫ് ഭരണത്തിന് കഴിയുമോ? പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമോ?

തോട്ടം ഉടമകളുമായി ഒത്തുകളിക്കുകയും അവരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതില്‍ ധനകാര്യമന്ത്രി കെ എം മാണിയും സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജും വിജിലന്‍സ് അന്വേഷണത്തെ നേരിടുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രശ്‌നം നേരത്തെ തന്നെ ഉയര്‍ത്തികൊണ്ട് വന്നിരുന്നു. ഭൂമാഫിയക്കെതിരെ ശക്തമായി ഉയര്‍ന്നുവന്ന പ്രതിഷേധമാണ് ചില നടപടികളിലേക്ക് പോകാന്‍ ഭരണപക്ഷത്തെ ചിലരെയും നിര്‍ബന്ധിതമാക്കിയതും. ഉമ്മന്‍ചാണ്ടിയാവട്ടെ യു ഡി എഫിന്റെ പേരില്‍ എം എം ഹസ്സന്റെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയോഗിച്ചു. കൈയേറ്റക്കാരെ സഹായിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ ഉപസമിതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും നെല്ലിയാമ്പതിയിലെ വനമേഖല സ്വന്തമാക്കാന്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് സമിതി അംഗങ്ങളില്‍ ചിലരെന്ന ആക്ഷേപവും ഉയര്‍ന്നു വരികയുമുണ്ടായി. സമിതി അംഗമായ പി സി ജോര്‍ജ്ജും കൂട്ടരും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് വി ഡി സതീശനും ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള എം എല്‍ എമാരും പ്രസ്താവിച്ചു. യു ഡി എഫിലെ 'ഹരിതവാദികള്‍' എന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്തിറങ്ങിയ ഇവര്‍ ജോര്‍ജിന്റെ നിലപാടിനെ കടന്നാക്രമിച്ചു. ഹൈബി ഈഡനും ബല്‍റാമും ശ്രേയംസ്‌കുമാറും അടക്കമുള്ളവരാണ് ജോര്‍ജിന്റെ നിലപാടിനെ എതിര്‍ത്തത്. മന്ത്രി എം കെ മുനീറും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി എം സുധീരനും ഇവര്‍ക്ക് ധാര്‍മിക പിന്‍തുണയുമായി രംഗത്തെത്തി. കോണ്‍ഗ്രസ് എം എല്‍ എമാരെ ഡല്‍ഹിയില്‍ വിളിപ്പിച്ച് രാഹുല്‍ഗാന്ധി തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടു. തോട്ടം മാഫിയയെ സഹായിക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഉറക്കം കെടുത്തി.

നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ചില തോട്ടമുടമകള്‍ പാട്ടകരാര്‍ ലംഘിച്ച് ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ വാങ്ങി. എല്‍ ഡി എഫിന്റെ കാലത്താവട്ടെ 4000 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മാത്രമല്ല സ്വകാര്യ തോട്ടങ്ങളുടെ പാട്ടം നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു. ബിനോയ് വിശ്വം മന്ത്രിയായിരുന്ന കാലത്തും രാഷ്ട്രീയ ഇച്ഛാശക്തിയോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒട്ടേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിട്ടും ശക്തമായ നടപടികളാണ് തോട്ടം കൈവശം വെക്കുന്നവര്‍ക്കെതിരെ സ്വീകരിച്ചത്. ഇപ്പോഴാവട്ടെ പാട്ടാക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുകയും തോട്ടം മുതലാളിമാര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. സര്‍ക്കാര്‍ അഭിഭാഷകരാവട്ടെ തോട്ടം ഉടമകള്‍ക്ക് വേണ്ടി ഒത്തുകളിച്ചു. ഫലപ്രദമായി കോടതിയില്‍ കേസ് വാദിക്കാന്‍ കഴിയുന്ന സീനിയര്‍ വക്കീലന്മാരെ ചുമതലപ്പെടുത്തിയില്ല. നെല്ലിയാമ്പതി കേസ് ദൈവം തമ്പുരാന്‍ വാദിച്ചാലും സര്‍ക്കാര്‍ ജയിക്കില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരെന്ന്  ജനത്തിന് മനസ്സിലായി. നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ എം മാണിയും പി സി ജോര്‍ജും നടത്തിയ അട്ടിമറിയായിരുന്നു ഇത്. തോട്ടം മാഫിയയെ സംരക്ഷിക്കുന്നതിനുള്ള വൃത്തികെട്ട നീക്കം. പി സി ജോര്‍ജാവട്ടെ കര്‍ഷകരെന്ന വ്യാജേന കുറേപ്പേരുടെ പരാതി മുഖ്യമന്ത്രിക്ക് നല്‍കി. അവരില്‍ 6 പേര്‍ കൃഷിക്കാരല്ലെന്ന് ഇപ്പോള്‍ കണ്ടെത്തി.

ഗുരുതരമായി ഉയര്‍ന്നുവന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ യു ഡി എഫ് കണ്ടെത്തിയ വഴി വിചിത്രമാണ്. എം എം ഹസ്സന്‍ ചെയര്‍മാനായി ഒരു ഉപസമിതിയെ നിയോഗിച്ചു. പി സി ജോര്‍ജ്ജ് അടക്കമുള്ളവരുടെ സമിതി ഭൂമാഫിയയെ സഹായിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങള്‍ അടങ്ങുന്ന ഉപസമിതി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് യു ഡി എഫ് എം എല്‍ എമാര്‍ വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത്. അവരുടെ റിപ്പോര്‍ട്ട് യു ഡി എഫിന് സമര്‍പ്പിച്ചതായി അറിയാന്‍ കഴിയുന്നു. ടി എന്‍ പ്രതാപന്‍ അയാളുടെ ജാതിയില്‍പ്പെട്ടവരുടെ കാര്യം നോക്കിയാല്‍ മതിയെന്ന പി സി ജോര്‍ജ്ജിന്റെ പ്രഖ്യാപനം കേരളത്തിന്റെ സമൂഹമനസ്സാക്ഷിയെ നടുക്കി. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റുമാവട്ടെ ജോര്‍ജ്ജിന്റെ പ്രസ്താവന നിസ്സാരവത്കരിച്ചു. ഇതിനിടയില്‍ ഉപസമിതിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് ആരോപിച്ചു എം എം ഹസ്സന്‍ രാജിവച്ചു. ഉര്‍വശിശാപം ഉപകാരം, ഹസ്സന്റെ രാജി പലര്‍ക്കും ആശ്വാസമായി. ഹസ്സന്‍ കണ്‍വീനറായി തുടരുന്നത് പലര്‍ക്കും അസൗകര്യമായിരുന്നു. നേരത്തെ തന്നെ പലകാരണങ്ങള്‍ കൊണ്ടും കോണ്‍ഗ്രസില്‍ നിന്ന് ഒറ്റപ്പെട്ട നേതാവാണ് എം എം ഹസ്സന്‍. മുഖ്യമന്ത്രിക്ക് പോലും ഹസ്സന്‍ ചെയര്‍മാനാവുന്നതിന് യോജിപ്പില്ലായിരുന്നുവത്രേ!

ഹസ്സന്‍ ചെയര്‍മാനായ നിയമസഭാസമിതിയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയാണ് പാമോലിന്‍ ഇടപാടിലെ ക്രമക്കേടും അഴിമതിയും തുറന്ന് കാട്ടിയത്. ഉമ്മന്‍ചാണ്ടി ആരോപണവിധേയനായ പാമോലിന്‍ കേസ് 1991 ല്‍ സംസ്ഥാന ഖജനാവിന് 4 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത് . തന്നെ പ്രതിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടെന്ന് പ്രസ്താവിച്ച് അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയും രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാവായ ടി എച്ച് മുസ്തഫ തന്നെ മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അന്ന് അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് സഹായിയായി ശക്തമായി രംഗത്ത് വന്നത് പി സി ജോര്‍ജായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഉയര്‍ന്ന വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ച ജഡ്ജിയെ പുകച്ച് പുറത്ത് ചാടിച്ചത് ജോര്‍ജായിരുന്നു . ജഡ്ജിയെ വിരട്ടി, ഉമ്മന്‍ചാണ്ടി അതിന് കൂട്ടുനിന്നു. പാമോലിന്‍കേസ് തീര്‍പ്പാവാതെ ഇപ്പോഴും ഹൈക്കോടതിയിലാണ്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഇതോടൊപ്പം തന്നെ മറ്റുചില അഴിമതിക്കേസുകളുടെ അന്വേഷണവും നടന്നുവരുന്നു. ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും വേഗം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഒരു മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ?

മുഖ്യമന്ത്രിയോടൊപ്പം തന്റെ മന്ത്രിസഭയിലെ 11 മന്ത്രിമാരും അഴിമതി ആരോപണത്തിന് വിധേയരും അന്വേഷണത്തെ നേരിടുന്നവരുമാണ്. റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെതിരെ റേഷന്‍ ഹോള്‍സെയില്‍ കച്ചവടവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ചത് മറ്റൊരു കോണ്‍ഗ്രസ് നേതാവായ അബ്ദുറഹിമാനാണ്. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനാണ്. നിയമസംവിധാനത്തെ തന്നെ വിലയ്ക്ക് വാങ്ങി എന്ന ആക്ഷേപവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നു. തദ്ദേശസ്വയംഭരണമന്ത്രി എം കെ മുനീറിന്റെ പേരിലാവട്ടെ ചെക്ക്‌കേസ് ഉള്‍പ്പെടെ നിരവധി വിജിലന്‍സ് കേസുകള്‍ നിലനില്‍ക്കുന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍ എന്നിവരും വിജിലന്‍സ് അന്വേഷണത്തെ നേരിടുന്നു. എക്‌സൈസ് മന്ത്രി കെ ബാബു, കൃഷിമന്ത്രി കെ പി മോഹനന്‍, വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്, ഷിബു ബേബി ജോണ്‍ എന്നിവരും അഴിമതി ആരോപണത്തിന് വിധേയരായി. അഴിമതിയുടെ അഗാധതലങ്ങളിലേക്ക് യു ഡി എഫ് ഭരണം മുങ്ങി താഴുകയാണ്.

ഭൂപരിഷ്‌കരണത്തെ തകിടം മറിക്കാനും ഭൂമാഫിയയെ സഹായിക്കാനുമുള്ള നടപടികള്‍ യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. തോട്ടങ്ങളുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥ റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതിനാണ്. 2005 ന് മുമ്പ് നികത്തിയ നെല്‍പ്പാടങ്ങള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും നിയമസാധുത നല്‍കുന്നതും ഭൂമാഫിയയെ സഹായിക്കുന്നതിന് തന്നെ. 2008 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണനിയമം ഇതിലൂടെ അട്ടിമറിക്കപ്പെടുകയായിരുന്നു. നെല്‍വയലുകളും കുളങ്ങളും നീര്‍ത്തടങ്ങളും കുന്നിടിച്ച് നികത്താന്‍ ലാഭക്കൊതിയന്മാരായ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ശ്രമിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി നികത്തി കൂടിയ വിലയ്ക്ക് വില്‍ക്കുന്നു. മൂന്നാറില്‍ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് എല്‍ ഡി എഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. യു ഡി എഫ് അതും ഉപേക്ഷിച്ചു. റിയല്‍ എസ്റ്റേറ്റുകാരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കുകയാണ്. സപ്തംബറില്‍ നടക്കുന്ന ''എമര്‍ജിങ്ങ് കേരള'' നിക്ഷേപ സംഗമം ആക്ഷേപത്തിന് വിധേയമായി. 700 കോടി രൂപയുടെ കിനാലൂര്‍ എസ്റ്റേറ്റ് 40 കോടി രൂപക്ക് വില്‍പ്പന നടത്താന്‍ പോകുന്നു. സംസ്ഥാന ഖജനാവിന് തന്നെ നഷ്ടം വരുത്തി നിക്ഷിപ്തതാല്‍പ്പര്യക്കാരെ വഴിവിട്ട് സഹായിക്കുന്നതിനുള്ള ഉദാരമായ നടപടി. യു ഡി എഫ് ഭരണത്തില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്.

ഉമ്മന്‍ചാണ്ടി നെല്ലിയാമ്പതി പ്രശ്‌നത്തില്‍ ഭൂമാഫിയയെ സഹായിക്കുന്നു എന്ന ആരോപണമുയര്‍ത്തി രംഗത്ത് വന്ന ഭരണകക്ഷി എം എല്‍ എമാരും ഭൂമാഫിയയെ സഹായിക്കുന്നതിനും കോടികള്‍ അഴിമതി നടത്തുന്നതിനും ഇടയാക്കുന്ന പ്രശ്‌നങ്ങളില്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാവുമോ? സംസ്ഥാനത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കുന്ന മാഫിയകള്‍ക്ക് കൂട്ട് നില്‍ക്കുന്ന യു ഡി എഫ് ഭരണത്തിനെതിരെ നാം ശക്തമായ പോരാട്ടത്തിന് തയ്യാറാവണം.



Sunday, August 19, 2012

യു ഡി എഫും നെല്ലിയാമ്പതിയും !!


മുന്നണിക്കുള്ളിലെ കലഹങ്ങളും തര്‍ക്കങ്ങളുംകൊണ്ട് സമ്പന്നമാണ് ഐക്യ ജനാധിപത്യ മുന്നണി എക്കാലവും. ഈ തര്‍ക്കങ്ങളൊന്നും ആശയപരമോ രാഷ്ട്രീയമോ അല്ല എന്നത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയുമാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം തര്‍ക്കങ്ങളും വഴക്കും രൂക്ഷമാവുകയാണ് പതിവ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. മന്ത്രിസഭാ രൂപീകരണ ഘട്ടം മുതല്‍ തുടങ്ങിയ പടല പിണക്കങ്ങള്‍ നെല്ലിയാമ്പതി വിഷയത്തില്‍വരെ എത്തി നില്‍ക്കുകയാണ്.

നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെ ചൊല്ലി ആദ്യം കലഹിച്ചത് ചീഫ് വിപ്പ് പി സി ജോര്‍ജും, വനം മന്ത്രി ഗണേഷ് കുമാറുമായാണ്. ഈ തര്‍ക്കം രൂക്ഷമായപ്പോഴാണ് മന്ത്രി എന്ന നിലയില്‍ ജോര്‍ജിനെ അനുസരിക്കാന്‍ തനിക്ക് ബാധ്യതയില്ലെന്ന് ഗണേഷ് നിയമസഭയില്‍ പരസ്യമായി പറഞ്ഞത്. ഇതിനെ തുടര്‍ന്ന് സഭയ്ക്ക് പുറത്ത് പത്രസമ്മേളനം നടത്തിയ ജോര്‍ജ്, ഗണേശന് എതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. സിനിമാക്കാര്‍ ഭരിക്കാന്‍ വരേണ്ട എന്ന് തുറന്നടിച്ച ജോര്‍ജ്, ഗണേശന്റെ സ്വഭാവം മോശമാണെന്നും മാധ്യമങ്ങളിലൂടെ ജനത്തെ അറിയിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍വെച്ച് ജോര്‍ജ് ഗണേശന്റെ തന്തയ്ക്ക് വിളിച്ചുവെന്നും മന്ത്രി ഇറങ്ങിപ്പോയി എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇതിനിടയില്‍ നെല്ലിയാമ്പതി വിഷയം പഠിക്കാന്‍ യു ഡി എഫ് ഒരു ഉപസമിതിയെ നിയോഗിച്ചു. സമിതി സന്ദര്‍ശനം നടത്തി തെളിവെടുത്തതിന്റെ പിറ്റേ ദിവസം കോണ്‍ഗ്രസ്സിലെ ഏതാനും എം.എല്‍ എമാര്‍ സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തി. തുടര്‍ന്ന് എം എല്‍ എ മാരുടെ ബദല്‍ സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ചു. ഇവര്‍ യു ഡി എഫ് സമിതിയുടെ നിഗമനങ്ങള്‍ തള്ളുകയും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ശരിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.  ഇതില്‍ പ്രതിഷേധിച്ച് യു ഡി എഫ് സമിതിയുടെ അധ്യക്ഷ സ്ഥാനം എം എം ഹസ്സന്‍ രാജിവെച്ചു. നെല്ലിയാമ്പതി വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ടി എന്‍ പ്രതാപനോട്, മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കിയാല്‍ മതിയെന്ന് പി സി ജോര്‍ജ് ഉപദേശിച്ചത് വിവാദമായി. 

നെല്ലിയാമ്പതി വിഷയം യു ഡി എഫില്‍ കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ സര്‍ക്കാര്‍ നടപടികളില്‍ പരസ്യമായി അവിശ്വാസവും സംശയവും പ്രകടിപ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി എം സുധീരനും രംഗത്തുവന്നിട്ടുണ്ട്.

യു ഡി എഫിലെ തര്‍ക്കങ്ങള്‍ നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് മാത്രമുള്ളതല്ല. മന്ത്രിസഭാ രൂപീകരണ കാലംമുതല്‍തന്നെ കോണ്‍ഗ്രസ്സിന് ഉള്ളിലും ഘടകകക്ഷികള്‍ തമ്മിലും തര്‍ക്കം നിലനിന്നിരുന്നു. മന്ത്രിസഭാ രൂപീകരണ വേളയില്‍ കോണ്‍ഗ്രസ്  നേരിട്ട പ്രധാന പ്രശ്‌നം രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ചെന്നിത്തല മന്ത്രിസഭയില്‍ ചേരാനാകാതെ നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ സീറ്റില്‍ അനാഥനായിരിക്കുന്ന ദയനീയ കാഴ്ച കോണ്‍ഗ്രസ്സിന് ഇപ്പോഴും അസ്വസ്ഥത തന്നെയാണ് സൃഷ്ടിക്കുന്നത്. ആഭ്യന്തര വകുപ്പ് കിട്ടിയാല്‍ മന്ത്രിയാകാന്‍ ആഗ്രഹിച്ച ചെന്നിത്തലയോട് ആഭ്യന്തരം മുഖ്യമന്ത്രിക്കുതന്നെ വേണമെന്ന കടുംപിടിത്തമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. ഒടുവില്‍ ഉമ്മന്‍ചാണ്ടി ആഭ്യന്തരം തന്റെ വിശ്വസ്ഥനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയപ്പോള്‍ ചെന്നിത്തലയോട് ആലോചിച്ചുമില്ല. മന്ത്രിസഭാ രൂപീകരണ വേളയില്‍തന്നെ ലീഗ് ഒരു സമ്മര്‍ദ്ദ ശക്തിയായി നിലകൊള്ളുകയാണ്. അഞ്ചാം മന്ത്രിക്കായി കാട്ടിക്കൂട്ടിയതൊന്നും കേരളം മറക്കാനിടയില്ല.

ഭരണപരമായ കാര്യങ്ങളില്‍ മന്ത്രിമാരും ഘടകകക്ഷികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുന്നു. ജനസമ്പര്‍ക്ക പരിപാടിക്കെതിരെ ധനമന്ത്രി സ്വീകരിച്ച എതിര്‍നിലപാടുകള്‍ അന്ന് ചര്‍ച്ചയായിരുന്നു. 
സംസ്ഥാനത്തെ 32 അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ എയ്ഡഡ് ആക്കാന്‍ മന്ത്രിസഭ തീരൂമാനിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രിയും അങ്ങിനെ തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച ഫയല്‍ ധനമന്ത്രി തീരുമാനം എടുക്കാതെ തിരിച്ചയച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ധനവകുപ്പിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് നേതൃത്വം രംഗത്തു വന്നത്. 

നെല്‍വയല്‍-തണ്ണീര്‍തട നിയമം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യു ഡി എഫില്‍ ശക്തമായ അഭിപ്രായ ഭിന്നത സൃഷ്ടിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കു പിന്നില്‍ ബാഹ്യ ശക്തികളാണെന്ന് പരസ്യമായി പറഞ്ഞത് വി എം സുധീരനാണ്. ടി പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ കാലാവസ്ഥയുടെ മറപിടിച്ച് സംശയകരമായ പലതും സംസ്ഥാന ഭരണത്തില്‍ നടന്നുവെന്ന് സൂധീരന്‍ തുറന്നടിച്ചു. താന്‍ അധികാരത്തില്‍ വന്നശേഷം ഒരു വയലും നികത്തിയിട്ടില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദത്തെ സുധീരന്‍ പുഛിച്ചു തള്ളുന്നതും നമുക്ക് കേള്‍ക്കാനായി. സര്‍ക്കാരിന്റെ നടപടികളില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുതന്നെ സംശയാലുവാകുന്നത് ഭരണത്തില്‍ എന്താണ് നടക്കുന്നത് എന്നതിന്റെ തെളിവാണ്. 

സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ച ഘട്ടത്തിലും സമാനമായ വിമര്‍ശനം ഉയര്‍ന്നു. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, കെ മുരളീധരന്‍ തുടങ്ങി സര്‍ക്കാരിനെതിരെ നിലകൊള്ളുന്ന കോണ്‍ഗ്രസ് എം എല്‍ എമാരുടെ എണ്ണം വളരെ കൂടുതലാണ്. കോണ്‍ഗ്രസ് പുനസംഘടനയോടെ അത് ഇനിയും വര്‍ധിക്കും.
യു.ഡി.എഫിലെ ഘടകകക്ഷികള്‍ സര്‍ക്കാരിനും കോണ്‍ഗ്രസ്സിനും എതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കന്നു. ബാലകൃഷ്ണപിള്ളയും എം വി രാഘവനും കെ ആര്‍ ഗൗരിയമ്മയും സര്‍ക്കാരിനേയും കോണ്‍ഗ്രസ്സിനേയും രൂക്ഷമായി വിമര്‍ശിച്ച് പലതവണ രംഗത്തു വന്നുകഴിഞ്ഞു. 

യു ഡി എഫില്‍ തന്റെ പാര്‍ട്ടി ഇല്ല എന്നാണ് ആര്‍ ബാലകൃഷ്ണപിള്ള പറയുന്നത്. ലീഗിന്റെ അപ്രമാദിത്വത്തേയും പിള്ള ചോദ്യം ചെയ്യുന്നു. കൂടിലായോചനകള്‍ നടക്കുന്നില്ല മുന്നണിയിലെന്നാണ് ഗൗരിയമ്മയുടെ വിമര്‍ശനം. ഫലത്തില്‍ മുന്നണിയിലെ സി എം പി, ജെ എസ് എസ്, പിള്ള ഗ്രൂപ്പ് ഇവയ്‌ക്കൊന്നും മുന്നണിയിലൊരു റോളും ഇല്ലാത്ത സ്ഥിതിയാണുള്ളത്.
മന്ത്രിസഭയില്‍ ഒന്നിനുംകൊള്ളാത്തവര്‍ ഉണ്ടെന്ന സുധീരന്റെ വെളിപ്പെടുത്തലുണ്ടായത് അടുത്ത ദിവസങ്ങളിലാണ്. മന്ത്രിമാരില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുതന്നെ പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ടതില്ല. 

ചുരുക്കത്തില്‍ യു ഡി എഫിനുള്ളിലെ അന്തഛിദ്രങ്ങളും പടലപിണക്കങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയാണുള്ളത്. 'കഴിവുകെട്ട മന്ത്രിമാരും പരസ്പര വിശ്വാസം നഷ്ടപ്പെട്ട കക്ഷികളും എം എല്‍ എ മാരുടെപോലും വിശ്വാസമാര്‍ജിക്കാന്‍ ആവാത്ത കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് നയിക്കുന്ന സര്‍ക്കാരില്‍നിന്നും കേരളം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് ഉറപ്പായിരിക്കുന്നു.

അമ്മയെ കാണാന്‍


അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ ആസ്ഥാനത്തെത്തി ബഹളമുണ്ടാക്കി എന്നാരോപിക്കപ്പെട്ട ബീഹാര്‍ സ്വദേശി സത്‌നം സിംഗ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം അതിഗൗരവമായ ചില ധാര്‍മ്മിക നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കേരളീയര്‍ തല്ലിക്കൊന്ന, ബുദ്ധിമാനും തത്വചിന്താപരമായ ദര്‍ശനങ്ങളില്‍ ആകൃഷ്ടനുമായിരുന്ന യുവാവായിരുന്നു സത്‌നം സിംഗ്. അദ്ദേഹത്തിന്റെ അതിദാരുണാന്ത്യത്തെപ്പറ്റി മുഖ്യധാരാ മാധ്യമങ്ങള്‍ തികഞ്ഞ മൗനം പാലിക്കുക മാത്രമല്ല, ആടിനെ പട്ടിയാക്കുന്നു എന്ന് പറയുമ്പോലെ തെളിവുകള്‍ വളച്ചൊടിക്കുകയും യാഥാര്‍ത്ഥ്യത്തെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു.

അമ്മ ഭക്തരായ പോലീസ് ഉദ്യോഗസ്ഥരും അമ്മ ഭക്തിയുണ്ടെന്ന് അഭിനയിച്ചുകാണിക്കാനുള്ള ചില മന്ത്രിമാരും മേല്‍പറഞ്ഞ മാധ്യമങ്ങള്‍ക്കൊപ്പം അണിചേര്‍ന്നുകൊണ്ട് സത്‌നം സിംഗിന്റെ മരണം ഒരു കൈയബദ്ധം കൊണ്ടാണെന്ന അതിലഘൂകരണ കഥ പ്രചരിപ്പിക്കുന്നു.

സത്‌നം സിംഗിന്റെ മരണം സംബന്ധിച്ച വിവിധ മാധ്യമ റിപ്പോര്‍ട്ടുകളുടെ ചുരുക്കം ഏതാണ്ടിപ്രകാരമാണ്:

സത്‌നം സിംഗ് അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു. അമ്മക്കടുത്തേക്ക് എന്തോ ആക്രോശിച്ചുകൊണ്ടയാള്‍ പാഞ്ഞടുത്തു. ഉടന്‍ സുരക്ഷാഭടന്മാരും ഭക്തന്മാരും ചേര്‍ന്ന് അയാളെ കീഴ്‌പ്പെടുത്തി. അയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നു.

അമൃതാനന്ദമയി കേന്ദ്രത്തില്‍നിന്ന് അയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി പിന്നീട് തിരുവനന്തപുരം ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭ്രാന്തിന് ചികിത്സയില്‍ കഴിയുന്ന ഒരുകൂട്ടം പേരുടെ മുറിയില്‍ അയാളെ കിടത്തി. സത്‌നം സിംഗിന്റെ മുടിയും താടിയും ബലമായി വടിച്ചുകളഞ്ഞു. അയാള്‍ ബഹളമുണ്ടാക്കിയപ്പോള്‍ മനോരോഗികളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു. സത്‌നം സിംഗ് വെള്ളത്തിനായി യാചിച്ചെങ്കിലും കൊടുത്തില്ല. അയാള്‍ മുട്ടിലിഴഞ്ഞ് കക്കൂസിലേക്ക് പോയി നിലത്തെ നനവ് നക്കിക്കുടിച്ചു. പിന്നെ ചേതനയറ്റ് വീണു. മനോരോഗികളും അവരുടെ കാവല്‍ക്കാരും നോക്കിനിന്നു. അന്വേഷണം വന്നു. നാല് ആശുപത്രി ജീവനക്കാരെ കൃത്യവിലോപത്തിന് സസ്‌പെന്‍ഡ് ചെയ്തു. സത്‌നം സിംഗിന്റെ ജഡം ബന്ധുക്കള്‍ ബീഹാറിലേക്ക് കൊണ്ടുപോയി.

അതിക്രൂരമായ ഈ കൃത്യം തീരെ ലഘുവായ ഒരു വാര്‍ത്തയായി ചില മാധ്യമങ്ങളില്‍ മാത്രം ഇടംപിടിച്ചു. എല്ലാ മാധ്യമങ്ങളും ഏതാണ്ട് ഇപ്രകാരം ആവര്‍ത്തിക്കുന്നതു കണ്ടു. സത്‌നം സിംഗിന് മര്‍ദ്ദനമേറ്റത് അമൃതാനന്ദമയി മഠത്തില്‍ വെച്ചല്ല. തിരുവനന്തപുരത്ത് മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ്. അതായത്, ചില മനോരോഗികളും വാര്‍ഡന്മാരും മാത്രമാണ് ഈ നീചകൃത്യത്തിന് കാരണക്കാരെന്ന് ! അമൃതാനന്ദമയി മഠത്തോട് ദാസ്യഭാവമുള്ള കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥരില്‍ നല്ലൊരു പങ്ക് സത്‌നം സിംഗിന് മര്‍ദ്ദനമേറ്റത് കൊല്ലം വിട്ടതിനുശേഷമാണെന്ന് പ്രചരിപ്പിക്കാനും പ്രചാരണം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും കൂട്ടയി യത്‌നിച്ചു. നിഷ്‌ക്കളങ്കരായ മാധ്യമപ്രവര്‍ത്തകരില്‍ പലരും അമ്മ ഭക്തരായ പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ വിവരങ്ങളില്‍ വിശ്വസിച്ചു.

അമ്മയെ കാണാന്‍ വള്ളിക്കാവില്‍ എത്തിയ സത്‌നം സിംഗിനെ കേരളീയര്‍ തല്ലിക്കൊന്നു. അത്രതന്നെ കേവലമായ ഒരു മരണം. എല്ലാം കഴിഞ്ഞു. തല്ലിക്കൊന്നവരില്‍ നാലുപേര്‍ കേവലം പ്രതികളായി. എന്നാല്‍, നരഹത്യക്ക് അവര്‍ക്കെതിരെ കേസില്ല ! അമൃതാനന്ദമയി മഠം പതിവുപോലെ അമ്മ മക്കള്‍ക്ക് ദര്‍ശനം കൊടുക്കല്‍ തുടരുന്നു.

എന്നാല്‍, ഇത്രമാത്രമാണോ വസ്തുത? ടി.പി. ചന്ദ്രശേഖരനും ഷുക്കൂറും വധിക്കപ്പെടുമ്പോള്‍ മാത്രം പ്രതികരിക്കേണ്ടവരും അന്വേഷണാത്മക വാര്‍ത്ത രചിക്കേണ്ടവരും മാത്രമാണോ നാം? ഒരു ബീഹാരി യുവാവിനെ തല്ലിക്കൊന്നതിനെ നിസ്സംഗമമായി കാണുക, അമ്മക്കും മഠത്തിനും കൊലയില്‍ പങ്കില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് മിണ്ടാതിരിക്കുക. വേണ്ടപ്പെട്ടവരുടെ കാര്യത്തിലുള്ള മൗനവ്രതമാണ് ആധുനിക പത്രപ്രവര്‍ത്തനം.

കേരളത്തില്‍ പേപ്പട്ടിയെ പോലും തല്ലിക്കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല. പഞ്ചായത്തീരാജ് ആക്ട് പ്രകാരം ശല്യമുണ്ടാക്കുന്ന പട്ടികളെ നശിപ്പിക്കണമെന്ന് മാത്രമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. അപ്പോഴാണ് ബീഹാറുകാരനായ താത്വിക ദര്‍ശനങ്ങളോട് ആഭിമുഖ്യമുള്ള ബുദ്ധിമാനായ ഒരു യുവാവ് പേപ്പട്ടിയേക്കാള്‍ ദയനീയമായി കൊല്ലപ്പെട്ടത്. ഈ അറുകൊലയുമായി ബന്ധപ്പെട്ടുയരുന്ന സംശയങ്ങള്‍ നിരവധിയാണ്.

1.അമൃതാനന്ദമയി കേന്ദ്രത്തില്‍ എത്തും മുമ്പ് വര്‍ക്കല ശിവഗിരി മഠത്തില്‍ സത്‌നം സിംഗ് 20 ദിവസത്തോളം താമസിച്ചു. പഠനവും ചര്‍ച്ചയും ഈ കാലയളവില്‍ അദ്ദേഹം നടത്തി. സത്‌നം സിംഗിന് ഒരു മാനസിക പ്രശ്‌നവുമുണ്ടായിരുന്നില്ല എന്നും അതീവ ബുദ്ധിമാനായിരുന്നു അയാളെന്നും ശിവഗിരിയിലെ മുനി നാരായണ പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. മാധ്യമങ്ങളില്‍ ഉള്‍പ്പടെ. 

2.അമൃതാനന്ദമയിയുടെ നേരെ, സത്‌നം സിംഗ് ആക്രോശിച്ചടുത്തുവെന്നാണ് ആരോപണം. എന്താണദ്ദേഹം ആക്രോശിച്ചതെന്ന് അമൃതാനന്ദമയി സംഘം വെളിപ്പെടുത്തണം. ആക്രോശിച്ചതിന് എന്തോ കാരണമുണ്ട്. ആ കാരണം മറച്ചുവെച്ചിരിക്കുന്നു. അതില്‍ ദുരൂഹതയുണ്ട്. 

3.ആക്രോശിച്ച സത്‌നം സിംഗിനെ അമൃതാനന്ദമയി സംഘം കീഴ്‌പ്പെടുത്തി. മഠത്തില്‍വെച്ചുതന്നെ ഇയാള്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മഠത്തിലെ ക്ലോസ്ഡ് സര്‍ക്യുട്ട് ടി.വി. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തുവിട്ടിട്ടുള്ളത്. അതുകൊണ്ട് ആക്രോശിച്ചയാളിനെ കൈകാര്യം ചെയ്യുന്ന രംഗങ്ങള്‍ പുറത്തുവന്നിട്ടില്ല.

4.സത്‌നം സിംഗിനെ അര്‍ധനഗ്നനാക്കി കൈയും കാലും ബന്ധിച്ചാണ് പോലീസ് ആംബുലന്‍സില്‍ കയറ്റിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഹരീഷിന്റെ അടുത്ത് പോലീസ് ആംബുലന്‍സിലാണ് സത്‌നം സിംഗിനെ എത്തിച്ചത്. ഡോക്ടര്‍ ആംബുലന്‍സില്‍ കയറി സത്‌നം സിംഗിനെ പരിശോധിച്ചു. കൈയും കാലും ബന്ധിച്ചിരുന്ന നിലയിലാണ് സത്‌നം സിംഗിനെ താന്‍ കണ്ടതെന്ന് ഡോ. ഹരീഷ് ലേഖകനോട് വെളിപ്പെടുത്തി. അര്‍ധരാത്രി കഴിഞ്ഞ സമയത്തായിരുന്നു ഇത്. എന്നാല്‍, ബാഹ്യമായ പരിക്കുകള്‍ താന്‍ കണ്ടില്ലെന്നും മയങ്ങാന്‍ ഇഞ്ചക്ഷന്‍ നല്‍കി വിട്ടയച്ചുവെന്നും ഡോക്ടര്‍ പറയുന്നു. സത്‌നം സിംഗിനെ എന്തിന് കെട്ടിയിട്ടു ? അയാളുടെ ദേഹപരിശോധനാ റിപ്പോര്‍ട്ട് സംബന്ധിച്ച് പോലീസ് എന്തു പറയുന്നു?

5.ഈ സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്‌നം സിംഗ് മരിച്ച സ്ഥലത്തു നിന്നാണ്. യഥാര്‍ത്ഥത്തില്‍ സംഭങ്ങളുടെ തുടക്കം അമൃതാനന്ദമയി കേന്ദ്രമാണ്. അവിടെ തുടങ്ങിയ സംഭവങ്ങള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. 

6.അമൃതാനന്ദമയി മഠവുമായി നല്ല ബന്ധമുള്ള ഐ.ജി. ബി. സന്ധ്യക്കാണ് കേസന്വേഷണ ചുമതല. ഇത് വിരോധാഭാസമാണ്. സന്ധ്യയുടെ മകള്‍ അമൃതാനന്ദമയി സ്ഥാപനങ്ങളൊന്നില്‍ വിദ്യാര്‍ത്ഥിനിയാണ്. അതുകൊണ്ടുതന്നെ കേസന്വേഷണം ഭക്തിപ്രകടനമായി വഴിമാറുമെന്ന് സംശയിക്കപ്പെടുന്നു.

7.സംഭവത്തില്‍ അമൃതാനന്ദമയിയുടെ മൊഴിയെടുക്കാന്‍ ബി. സന്ധ്യ തയ്യാറായിട്ടില്ല. അമ്മ സ്ഥിരം ദര്‍ശനം നല്‍കുന്നിടത്ത് ഭക്തിപാരവശ്യത്തോടെ പോയി അമ്മയെ ദര്‍ശിച്ച് ഐ.ജി. തിരികെ പോന്നു. അമ്മയോടുള്ള മകളുടെ ഭക്തിപ്രകടനത്തെ കേസന്വേഷണം എന്ന് വിശേഷിപ്പിക്കാമോ?

8.സത്‌നം സിംഗ് അമൃതാനന്ദമയി മഠത്തില്‍ ബിസ്മില്ലാഹി എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലിയതു കേട്ട ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചുവത്രേ. ശിവവിരിയില്‍ സര്‍വ്വമത പ്രാര്‍ത്ഥന ശീലിച്ച സത്‌നം സിംഗ് അവിടെനിന്ന് പഠിച്ച ഈ പ്രാര്‍ത്ഥനയും വള്ളിക്കാവില്‍ ഉരുവിട്ടതാവാം. സ്വന്തം മക്കളുടെ അന്തര്‍ഗതം തിരിച്ചറിയാന്‍ കഴിയാത്ത അമ്മക്ക് കേള്‍ക്കുന്ന പ്രാര്‍ത്ഥനയെങ്കിലും ബോധ്യപ്പെടേണ്ടതല്ലേ? ശിവഗിരിയിലെ സര്‍വ്വമത പ്രാര്‍ത്ഥനയില്‍ സത്‌നം സിംഗ് പങ്കെടുത്തിരുന്നതായി മുനി നാരായണ പ്രസാദ് വെളിപ്പെടുത്തിയിട്ടുണ്ട്.

അമൃതാനന്ദമയി കേന്ദ്രത്തിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യില്‍ സത്‌നം സിംഗിന് മര്‍ദ്ദനമേല്‍ക്കുന്നതിന്റെദൃശ്യങ്ങള്‍ ഇല്ലെന്നും അതിനാല്‍ വള്ളിക്കാവില്‍ അയാള്‍ സുരക്ഷിതനായിരുന്നുവെന്നുമാണ് പോലീസും അമൃതാനന്ദമയി കേന്ദ്രവും ഭൂരിപക്ഷം മാധ്യമങ്ങളൂം ഒരേ സ്വരത്തില്‍ പറയുന്നത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. ദൃശ്യങ്ങളുടെ ആധികാരികത എന്നും തര്‍ക്കവിഷയമാണ്. എവിഡന്‍സ് ആക്ട് പ്രകാരം കോടതിയില്‍ ഈ ദൃശ്യങ്ങള്‍ ആധികാരിക രേഖയായി പരിഗണിക്കപ്പെടില്ല. 

മക്കളുടെ അന്തര്‍ഗതങ്ങള്‍ തിരിച്ചറിയുമ്പോഴാണല്ലോ ഒരു അമ്മ, കേവലം ഒരു അമ്മയെന്ന നിലവിട്ട് ഭക്തരുടെ ദിവ്യപരിവേഷമുള്ള അമ്മയായി രൂപാന്തരപ്പെടുന്നത്. എങ്കില്‍ ആക്രോശിച്ചു എന്ന് പറയപ്പെടുന്ന സത്‌നം സിംഗിന്റെ അന്തര്‍ഗതം, അമ്മയ്ക്കു തിരിച്ചറിയാന്‍ കഴിയേണ്ടതായിരുന്നില്ലേ? ആ കുട്ടിക്ക് അമ്മയോട് എന്തോ പറയുവാനുണ്ടായിരുന്നില്ലേ?

അമൃതാനന്ദമയിയെ കാണാന്‍ കേരളത്തിലെത്തിയ ബീഹാറുകാരനായ മകന്‍ ചെയ്ത ഏക കുറ്റം അമ്മയോട് ആക്രോശിച്ചുവെന്നതാണ്. ആക്രോശിക്കുന്നവര്‍ മരണയോഗ്യന്‍ എന്നാവാം പുതിയ ആത്മീയ പ്രഖ്യാപനം. കേരളത്തില്‍ എ.കെ.ജി. സെന്ററിലോ ഇന്ദിരാഭവനിലോ എത്തിയ ഒരാള്‍ അവിടെ ആക്രോശിക്കുകയും തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം കൊല്ലപ്പെടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാം. ഒരിടത്ത് കുറ്റകൃത്യം നടക്കുമെന്നറിവുണ്ടായിട്ടും തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റാരോപണം മുന്‍നിര്‍ത്തി രാഷ്ട്രീയ നേതാവ് അറസ്റ്റിലാകുന്നു. മറ്റൊരിടത്ത് അമ്മയെ നോക്കി മകന്‍ ആക്രോശിക്കുന്നു. മണിക്കൂറുകള്‍ക്കകം തറയിലെ നനവുനക്കി മകന്‍ ചത്തുവീഴുന്നു.

കടപ്പാട്: മാധ്യമം

Thursday, August 9, 2012

വിചിത്രമീ നിയമം ! വിചിത്രമീ വിധി !!

 
ജലാഹ് വാണ്ടര്‍ഹോഴ്‌സ് ബുധനാഴ്ച വിവാഹം കഴിച്ചു. പക്ഷെ, ജീവപര്യന്തം തടവിനു ശിക്ഷ വിധിക്കുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പായിരുന്നു വിവാഹം എന്നത് അത്ഭുതാവഹം !! ഹണിമൂണും തുടര്‍ന്നുള്ള ജീവിതകാലം മുഴുവനും ജയിലില്‍ കഴിയണം. !! ഈ വാര്‍ത്ത കേള്‍ക്കുമ്പോള്‍ തന്നെ ഇത് അമേരിക്കയിലാണോ നടന്നതെന്ന്സംശയിക്കാം. 

സംഭവം നടന്നത് ആഗസ്റ്റ് 8 ബുധനാഴ്ച ആല്‍ബനി കൗണ്ടി കോടതിയിലാണ്. ഏപ്രില്‍ 30, 2011 ല്‍ ആല്‍ബനിയില്‍ നടന്ന ഒരു കൊലപാതകത്തിലെ പ്രധാനപ്രതിയാണ് കഥാനായകനായ പുതുമണവാളന്‍. അഴികള്‍ക്കുള്ളില്‍ ഏകാന്തവാസം നയിക്കുമ്പോള്‍ മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിവാഹത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാമല്ലോ എന്ന് ആ കുറ്റവാളിക്ക് തോന്നിയിരിക്കാം. തന്റെ ദീര്‍ഘകാല പ്രണയിനിയായ ഷാക്വാ വിത്സന് ജയിലിലേക്ക് പോകുന്നതിനു മുന്‍പ് സ്വന്തം ഭാര്യാപദവി നല്‍കാന്‍ ഈ പതിനേഴുകാരന് തോന്നിയ ചേതോവികാരം എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല.

കഴിഞ്ഞ വര്‍ഷം ആല്‍ബനി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 'ഹോഫ്മാന്‍ പാര്‍ക്കില്‍' വെച്ച് ടൈലര്‍ റോഡ്‌സ് എന്ന പതിനേഴു വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയപ്പോള്‍ ഈ കുറ്റവാളി ഓര്‍ത്തില്ല തന്റെ സമപ്രായക്കാരനെയാണ് താന്‍ കൊലപ്പെടുത്തുന്നതെന്ന്. 

ആല്‍ബനിയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ മാത്രമല്ല, സാമാധാനകാംക്ഷികളായ ഒട്ടേറെ പേര്‍ക്കിടയില്‍ ഏറെ സംസാരവിഷയമായ ഈ സംഭവത്തില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമയോചിതമായ ഇടപെടലും കൂര്‍മ്മനിരീക്ഷണ പാടവവും കൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കുറ്റവാളികളെ അറസ്റ്റു ചെയ്യാന്‍ സാധിച്ചു. തന്നെയുമല്ല, മറ്റൊരാള്‍ ഈ കൊലപാതക രംഗം തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും കേസിന് നിര്‍ണ്ണായക തെളിവുമായി.

കുറ്റം തെളിയിക്കാനായി ജൂറിയുടെ മുമ്പാകെ പ്രദര്‍ശിപ്പിച്ചതും മേല്പറഞ്ഞ വീഡിയോ ദൃശ്യങ്ങളായിരുന്നു. 'ആ ദൃശ്യങ്ങള്‍ക്ക് ഒരു മില്യന്‍ വാക്കുകളുടെ വിലയുണ്ട്' എന്ന് ശിക്ഷ വിധിക്കുന്നതിനു മുന്‍പ് ജഡ്ജി ഡാന്‍ ലമോണ്ട് പറഞ്ഞതും ഏറെ ശ്രദ്ധേയമാണ്. ''എന്റെ മകന്റെ ജീവനെടുത്ത നീ ഒരമ്മയെ ഓര്‍ത്തില്ല, ഒരു സഹോദരിയെ ഓര്‍ത്തില്ല, ഒരു സഹോദരനെ ഓര്‍ത്തില്ല, എന്തിനു പറയുന്നു ഒരു സമൂഹത്തെപ്പോലും ഓര്‍ത്തില്ല. എന്റെ മകള്‍ക്ക് അവളുടെ സഹോദനെ മാത്രമല്ല അവളുടെ ബെസ്റ്റ് ഫ്രണ്ടിനേയുമാണ് നഷ്ടപ്പെട്ടത്. ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല നീ ദ്രോഹിച്ചിരിക്കുന്നത്. നിന്റെ സ്വന്തം കുടുംബത്തെയാണെന്നുകൂടി ഓര്‍ക്കണം.'' ഗദ്ഗദകണ്ഠയായി ടൈലറുടെ അമ്മ സ്റ്റെയ്‌സി റോഡ്‌സ് കോടതി മുറിയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ ജനങ്ങളും ജഡ്ജിയും നിശ്ശബ്ദമായി അതു കേട്ടു. 

ടൈലറിനെ പട്ടാപ്പകല്‍ രണ്ടുപേര്‍ കൂടി വളഞ്ഞുവെച്ച് കുത്തുകയായിരുന്നു. രക്ഷപ്പെടാതിരിക്കാനായി ടൈലറിനെ തടഞ്ഞുവെച്ച ധോറുബാ ഷുഐബ് എന്ന ഇരുപതുകാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ 21 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു.

ഒന്നാം പ്രതിയായ ജലാഹ് വാണ്ടര്‍ഹോഴ്‌സിന്റെ ശിക്ഷയാണ് ഇന്ന് (ആഗസ്റ്റ് 8) വിധിച്ചത്. പക്ഷേ, കൗണ്ടി ജഡ്ജ് ഡാന്‍ ലമോണ്ടിന്റെ മുന്‍പില്‍ ഹാജരാകുന്നതിനു തൊട്ടു മുന്‍പ് അതേ കോടതിയിലെ മറ്റൊരു ജഡ്ജിയായ സ്റ്റീഫന്‍ ഹെറിക്കിന്റെ കോടതി മുറിയില്‍ പ്രതി വിവാഹിതനായ വിചിത്ര സംഭവമാണ് അരങ്ങേറിയത്. തീര്‍ന്നില്ല, 'വിവാഹേതര കാര്യങ്ങളൊക്കെ' നടത്താനുള്ള സന്ദര്‍ശനത്തിന് ഈ ജീവപര്യന്ത തടവുകാരന് സൗകര്യവും കോടതി നല്‍കിയിട്ടുണ്ട്.അങ്ങനെ നികുതിദായകരുടെ നികുതിപ്പണം കൊണ്ട് ഈ കുറ്റവാളി ജയിലില്‍ സസുഖം വാഴുകയും ഹണിമൂണ്‍ ആഘോഷിക്കുകയും ചെയ്യും ! പുതുമണവാളന് വെറും പതിനേഴു വയസ്സേ പ്രായമുള്ളൂ എന്നതും, ഇപ്പോള്‍ തന്നെ മൂന്നു കുട്ടികളുടെ പിതാവുമാണെന്നുള്ളതാണ് അതിലേറെ വിചിത്രം !!

ഒരു കൊലയാളിയുടെ ശിക്ഷാവിധിക്ക് തൊട്ടുമുന്‍പേ നടന്ന വിവാഹത്തെ വിചിത്രമായാണ് ആല്‍ബനി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കണ്ടത്. '' ഒരു കുടുംബവും അവരുടെ ബന്ധുക്കളുംതങ്ങള്‍ക്കുണ്ടായ ആഘാതത്തില്‍ നിന്ന് മുക്തി നേടും മുന്‍പേ, ക്ലേശകരമായ നിമിഷങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍,ആ ക്ലേശത്തിനുത്തരവാദിയായ വ്യക്തിക്ക് ഇങ്ങനെയൊരുപരിഗണന കൊടുക്കുന്നത് തികച്ചുംബാലിശമാണെന്നാണ്'' അദ്ദേഹം പ്രതികരിച്ചത്.

ഇങ്ങനെ ഒരു നിയമം ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്നു സംശയമാണ്. കട്ടവന്റെ കൈവെട്ടുകയും കൊന്നവന്റെ തലവെട്ടുകയും ചെയ്യുന്ന കാടന്‍ സമ്പ്രദായം ചില അറബ് രാജ്യങ്ങളിലുണ്ട്. അമേരിക്കയിലെ 33 സംസ്ഥാനങ്ങളില്‍ വധശിക്ഷ നിലവിലുണ്ട്.ന്യൂയോര്‍ക്ക് അടക്കം 17 സംസ്ഥാനങ്ങളില്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വധശിക്ഷ ഇല്ല.നിയമങ്ങള്‍ കൊണ്ട് മാറാല കെട്ടി അവയില്‍ പൗരന്മാരെ ബന്ധനസ്ഥരാക്കുന്ന സമ്പ്രദായവും അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. പക്ഷേ, പട്ടാപ്പകല്‍ ഒരു പതിനേഴുകാരനെ തടഞ്ഞുവെച്ച് നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി മൃഗീയമായി കൊലപ്പെടുത്തിയ ഒരു കൊലയാളിക്ക് ശിക്ഷ വിധിക്കുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് അതേ കോടതിയില്‍ വെച്ച് അയാളെ വിവാഹം കഴിപ്പിക്കുകയും ഭാര്യയെ 'സന്ദര്‍ശിക്കാനുള്ള' അനുമതി കൊടുക്കുകയും ചെയ്യുന്നത് ജനാധിപത്യ ഭരണത്തിന്റെകാവലാളുകളെന്ന് വീമ്പിളക്കുന്ന അമേരിക്കയിലെ നിയമവ്യവസ്ഥിതിക്ക് ഭൂഷണമാണോ?

ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെവിവാഹ നിയമപ്രകാരം 18 വയസ്സാണ് വിവാഹത്തിനുള്ള പ്രായപരിധി. 14-15 വയസ്സുള്ളവര്‍ വിവാഹം കഴിക്കണമെങ്കില്‍ ഇരുകൂട്ടരുടെ മാതാപിതാക്കളുടെ സമ്മതപത്രവും സുപ്രീം കോടതി ജഡ്ജിയുടെയോ കുടുംബ കോടതി ജഡ്ജിയുടേയോ അനുമതി പത്രവും വേണം. 16-17 വയസ്സ് പ്രായമുള്ളവരാണെങ്കില്‍ ഇരുകൂട്ടരുടെയും മാതാപിതാക്കളുടെ സമ്മതപത്രം മതി. 18 വയസ്സുള്ളവര്‍ക്ക് ഇവ രണ്ടിന്റേയും ആവശ്യമില്ല.

പക്ഷേ, മേല്പറഞ്ഞ പ്രതി പതിനേഴു വയസ്സുകാരനാണെന്നതും മൂന്നു കുട്ടികളുടെ പിതാവാണെന്നുള്ളതുമാണ് വിരോധാഭാസം. പതിനേഴു വയസ്സിനിടയ്ക്ക് മൂന്നു കുട്ടികളുടെ പിതാവായ ഈ പ്രതി ആദ്യത്തെ കുട്ടിക്ക് ജന്മം കൊടുത്തപ്പോള്‍ എത്ര വയസ്സുകാരനായിരുന്നു എന്ന് നിയമം ചോദിക്കുന്നില്ല. വിവാഹം കഴിക്കാന്‍ നിയമവും നിയമാവലിയുംസൃഷ്ടിച്ചെടുത്തവര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവിഹിത ബന്ധത്തിലേര്‍പ്പെടാതിരിക്കാനും, കുട്ടികള്‍ക്ക് ജന്മം നല്‍കാതിരിക്കാനുമുള്ള നിയമനിര്‍മ്മാണം നടത്താന്‍ മറന്നു പോയി.അവിഹിത ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കുകയും അതുവഴി കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നു എന്ന നിയമവൈകൃതങ്ങളിലേക്കാണ് ഈ സംഭവംവിരല്‍ ചൂണ്ടുന്നത്.

ദേ പോയി?..ദാ വന്നൂ' (ഫൊക്കാന കണ്‍വന്‍ഷന്‍ കാഴ്‌ചകള്‍)

`മോനേ.... ഈ പൊന്മുടി എവിടാ..?' കിഴക്കേ കോട്ടവഴി (Ballroom Lobby) ഊട്ടുപുര തേടി (San Jacinto) പോകുകയായിരുന്ന ഞാന്‍ ചോദ്യം കേട്ട്‌ തിരിഞ്ഞു നോക്കി. ഒരു അമ്മച്ചിയാണ്‌ പൊന്മുടി തേടി ഹൂസ്റ്റണിലെ ക്രൗണ്‍ പ്ലാസയില്‍ എത്തിയിരിക്കുന്നത്‌ !

ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസ ഫൊക്കാനയുടെ പതിനഞ്ചാമത്‌ കണ്‍വന്‍ഷന്‍ വേദിയായി സംഘാടകര്‍ തെരഞ്ഞെടുത്തതുതന്നെ വിപുലമായ സ്ഥലസൗകര്യം കണക്കിലെടുത്താണ്‌. അനന്തപുരിയെ അങ്ങനെതന്നെ പറിച്ചു നടുമെന്നായിരുന്നു പ്രഖ്യാപനം. അതനുസരിച്ച്‌ അനന്തപുരി തപ്പി ഹൂസ്റ്റണിലെത്തിയവര്‍ക്ക്‌ നിരാശരാകേണ്ടി വന്നു. കാരണം, അനന്തപുരിയുടെ പൊടിപോലും എങ്ങും കാണാന്‍ കഴിഞ്ഞില്ല.

പൊന്മുടി അന്വേഷിച്ചു വന്ന അമ്മച്ചിയേയും കൊണ്ട്‌ ഞാന്‍ മുന്നോട്ടു നടന്നു. എവിടെയാണ്‌ ഈ പൊന്മുടി എന്നൊന്നും എനിക്കറിയില്ലായിരുന്നു. എന്നാലും ഞാന്‍ നടന്നു. അപ്പോള്‍ അതാ വരുന്നു മറ്റൊരാള്‍ ! എന്റെ നെഞ്ചത്തു കുത്തിയിരിക്കുന്ന ബാഡ്‌ജും കഴുത്തില്‍ തൂക്കിയിരിക്കുന്ന ഐഡി കാര്‍ഡുമൊക്കെ കണ്ടപ്പോള്‍ ഞാന്‍ ഔദ്യോഗികവിഭാഗമാണെന്ന്‌ ധരിച്ചതുകൊണ്ടാകാം അയാള്‍ അടുത്തുവന്നു ചോദിച്ചു `ഈ കനകക്കുന്ന്‌ എവിടാ?'. ഞാന്‍ വീണ്ടും കുഴങ്ങി. `ഈ പേരൊക്കെ അങ്ങ്‌ തിരുവനന്തപുരത്താണ്‌' എന്നു പറയണമെന്നു തോന്നി.

നമ്മള്‍ മലയാളികള്‍ക്ക്‌ ഒരു കുഴപ്പമുണ്ട്‌. ഒന്നും അറിയാത്ത മണ്ടശിരോമണികളാണെങ്കിലും എല്ലാം അറിയാമെന്ന ഭാവത്തില്‍ വല്ല പൊട്ടത്തരവും വെച്ചു കാച്ചും. സദസ്സിലും സമ്മേളനങ്ങളിലും പങ്കെടുക്കുമ്പോള്‍ ഷര്‍ട്ടില്‍ കുത്താന്‍ ഒരു ബാഡ്‌ജ്‌ കിട്ടിയാല്‍ പിന്നെ പറയാനുമില്ല.`എല്ലാം എന്റെ അണ്ടറിലാണെന്ന' ഭാവമായിരിക്കും പിന്നീട്‌. ആദ്യമായി ഹൂസ്റ്റണ്‍ കാണുന്ന ഞാനും ആ ഭാവത്തിന്‌ ഒട്ടും പിശുക്ക്‌ കാണിച്ചില്ല. വല്ലപ്പോഴും വീണുകിട്ടുന്ന അവസരമല്ലേ. വരുന്നിടത്തുവെച്ചു കാണാം എന്ന മട്ടില്‍ ഞാനും പൊന്മുടിക്കു പോകേണ്ട അമ്മച്ചിയേയും കനകക്കുന്നിലേക്ക്‌ പോകേണ്ട ചേട്ടനേയും കൂട്ടി മുന്നോട്ടു നടന്നു.

അവസാനം ഈ രണ്ടു സ്ഥലത്തും എത്തിയില്ലെങ്കില്‍ എന്റെ ഗതി എന്താകുമെന്ന്‌ മനസ്സില്‍ നല്ല നിശ്ചയമുണ്ട്‌. `സത്യം പറഞ്ഞാല്‍ ബാപ്പ ഉമ്മാനെ കൊല്ലും. സത്യം പറഞ്ഞില്ലെങ്കില്‍ ബാപ്പ പട്ടിയിറച്ചി തിന്നും.' എന്നു പറഞ്ഞ അവസ്ഥയായി എന്റേത്‌. ഒന്നുകില്‍ അമ്മച്ചി ചീത്ത പറയും അല്ലെങ്കില്‍ കനകക്കുന്നുകാരന്‍ ചേട്ടന്‍ എനിക്കിട്ട്‌ രണ്ടു തരും. അതുറപ്പ്‌. കാരണം, ചേട്ടന്‍ അല്‌പം വീശിയിട്ടുണ്ടെന്ന്‌ ആ മുഖഭാവം കണ്ടാലറിയാം. ക്രൗണ്‍ പ്ലാസയിലെ മീറ്റിംഗ്‌ റൂമുകള്‍ക്ക്‌ അവരിട്ട പേരുകളുണ്ട്‌. അതു മാറ്റി പകരം തിരുവനന്തപുരത്തെ പേരുകളിടാനുള്ള ബുദ്ധി ആര്‍ക്കാണാവോ തോന്നിയത്‌. ഒരുപക്ഷേ, അമേരിക്കന്‍ പേരുകള്‍ മനസ്സിലാക്കാന്‍ രാജാവിനു ബുദ്ധിമുട്ടായിരിക്കുമെന്നു കരുതി അദ്ദേഹത്തിനു എളുപ്പത്തില്‍ വായിക്കാനുള്ള സൗകര്യത്തിനായിരിക്കാം.

കിഴക്കേ കോട്ട വഴിയാണ്‌ ഞങ്ങള്‍ പോകുന്നത്‌. റോഡിനിരുവശവും (ചുമരില്‍) കേരളത്തിന്റെ ചരിത്രവും പൈതൃകവും വിളിച്ചോതുന്ന അനേകം ചുവര്‍ച്ചിത്രങ്ങള്‍ നിരത്തിവെച്ചിട്ടുണ്ട്‌. അവയിലൊന്ന്‌ മഹാബലിയെ വാമനന്‍ പാതാളത്തിലേക്ക്‌ ചവിട്ടിത്താഴ്‌ത്തുന്നതായിരുന്നു. അതു കണ്ടപ്പോള്‍ അമ്മച്ചിക്കൊരു സംശയം ! ഈ മഹാബലിയെന്താ കൊച്ചുകുട്ടിയായിരുന്നോ അമ്മച്ചിയുടെ സംശയം ശരിയായിരുന്നു. കൊമ്പന്‍ മീശയും കുടവയറും സര്‍വ്വാഭരണവിഭൂഷിതനുമായ ഒരു ചക്രവര്‍ത്തിയായിരുന്നത്രേ മഹാബലി. പക്ഷേ പടത്തില്‍ വാമനന്‍ വലുതും മഹാബലി ഒരു കൊച്ചു പയ്യനും !! അമ്മച്ചിയുടെ സംശയദൂരീകരണത്തിനായി ഞാന്‍ പറഞ്ഞു `അമ്മച്ചീ...മഹാവിഷ്‌ണു വാമനനായി അവതരിച്ച്‌ മഹാബലിയോട്‌ മൂന്നടി മണ്ണു ചോദിക്കുകയും, കൊടുക്കാമെന്നേറ്റയുടനെ വളര്‍ന്നു്‌ വലുതായി മഹാവിഷ്‌ണുവിന്റെ യഥാര്‍ത്ഥരൂപമാകുകയും ചെയ്‌തെന്നല്ലേ ഐതിഹ്യം. വാമനന്‍ മഹാവിഷ്‌ണുവിന്റെ യഥാര്‍ത്ഥ രൂപഭാവമെടുത്തപ്പോള്‍?മഹാബലി ചെറുതായിപ്പോയതാ....' എന്റെ വിശദീകരണം കേട്ട്‌ അമ്മച്ചി വായുംപൊളിച്ച്‌ എന്നെ രൂക്ഷമായി ഒന്നു നോക്കി. `ഇവനേതു കോത്താഴത്തുകാരനാണെന്ന്‌' അമ്മച്ചിക്കു തോന്നിയതായി ആ മുഖഭാവം കണ്ടപ്പോള്‍ മനസ്സിലായി.

സെമിനാറുകള്‍ക്കായി നീക്കിവെച്ചിരിക്കുന്ന മുറികളാണ്‌ ആകെ കണ്‍ഫ}ഷനാക്കിയത്‌. അലാമോ 2 എന്ന മുറിക്ക്‌ കനകക്കുന്ന്‌ എന്നും, ട്രിനിറ്റി എന്ന മുറിക്ക്‌ പൊന്മുടി എന്നുമൊക്കെയുള്ള പേര്‌ കൊടുത്തിട്ടുണ്ടെങ്കിലും അതൊക്കെ കടലാസില്‍ മാത്രമേ കണ്ടുള്ളൂ. ഗള്‍ഫ്‌ കോസ്റ്റ്‌ എന്ന പേരില്‍ അഞ്ചു മുറികളുണ്ട്‌. അവയെല്ലാം ശംഖുമുഖം എന്ന പേരിട്ട്‌ മുഖം മാറ്റി. അതിനിടയില്‍ ഗള്‍ഫ്‌ കോസ്റ്റ്‌ 5-ല്‍ നടക്കുന്ന ഇന്‍ഡോര്‍ ഗെയിംസിലേക്ക്‌ വരാന്‍ ആരോ സെല്‍ ഫോണില്‍ വിളിച്ചുപറഞ്ഞത്‌ ഗള്‍ഫ്‌ ഗേറ്റ്‌ എന്ന്‌ തെറ്റായി കേട്ട്‌ ഒരു ചേട്ടന്‍ ഗള്‍ഫ്‌ ഗേറ്റിന്റെ ബൂത്തില്‍ ചെന്ന്‌ ഷാജഹാനോട്‌ തട്ടിക്കയറിയത്രേ ഇന്‍ഡോര്‍ ഗെയിമില്‍ ചീട്ടുകളിക്കാനാണ്‌ അയാള്‍ ഷാജഹാന്റെ അടുത്തു ചെന്നത്‌. മുടി ഫിറ്റു ചെയ്യുന്ന ഗള്‍ഫ്‌ ഗേറ്റാണിതെന്ന്‌ പറഞ്ഞപ്പോഴാണ്‌ വന്നയാള്‍ക്ക്‌ അക്കിടി പറ്റിയത്‌. തലനിറയെ മുടിയുള്ള അയാള്‍ക്കെന്തിനാ വേറെ മുടി

ഏതായാലും ഷെഡ്യൂളുകള്‍ എഴുതിയ ലിസ്റ്റ്‌ എന്റെ പോക്കറ്റിലുണ്ട്‌. ഞാന്‍ ചുളുവില്‍ അത്‌ പുറത്തെടുത്ത്‌ ഒന്നോടിച്ചു നോക്കി. പൊന്മുടിയും കനകക്കുന്നും എവിടെയാണെന്നുപോലും എനിക്കറിയില്ലെന്നുള്ള കാര്യം പുറത്തറിഞ്ഞാല്‍ `എല്ലാം അറിയാം' എന്ന എന്റെ അഹങ്കാരത്തിനു പോറലേല്‍ക്കുകയില്ലേ എന്ന (അഹം)ഭാവം എന്നെ വ്യാകുലനാക്കി. ഏതായാലും അനര്‍ത്ഥങ്ങളൊന്നും സംഭവിക്കാതെ അമ്മച്ചിയെ പൊന്മുടിയിലും ചേട്ടനെ കനകക്കുന്നിലും കൊണ്ടാക്കി ഇംഗ്ലീഷിലെഴുതിയിരിക്കുന്ന ലിസ്റ്റിന്‌ സ്‌തോത്രം ചൊല്ലി ഞാന്‍ പിരിഞ്ഞു. കംപ്യൂട്ടറില്‍ അച്ചടിച്ച്‌ ഒട്ടിച്ചുവെച്ച പേരുകള്‍ ആരോ വലിച്ചുകീറിക്കളഞ്ഞതുകൊണ്ട്‌ ഏതൊക്കെ എവിടെ എന്ന്‌ തപ്പി ജനത്തിന്‌ തേരാപാരാ നടക്കേണ്ടി വന്നു. അടുത്ത കണ്‍വന്‍ഷന്‍ വേദിയില്‍ ഈ കുറവ്‌ നികത്തുമെന്ന്‌ പ്രതീക്ഷിക്കാം.

ആനയും അമ്പാരിയും ആലവട്ടവും വെഞ്ചാമരവുമൊക്കെയായി മഹാരാജാവ്‌ എഴുന്നെള്ളും, അനന്തപുരിയുടെ പ്രതിരൂപം ഹൂസ്റ്റണ്‍ ക്രൗണ്‍ പ്ലാസയില്‍ പുനര്‍ജ്ജനിക്കുന്നു, കേരളത്തില്‍ അതിന്റെ പണികള്‍ നടന്നുകൊണ്ടിരിക്കുന്നു എന്നൊക്കെ പൊടിപ്പും തൊങ്ങലും വെച്ച്‌ പത്രങ്ങളില്‍ എഴുതിപ്പിടിപ്പിച്ചത്‌ ഞാനായിരുന്നു. അതെനിക്ക്‌ പാരയാകുകയും ചെയ്‌തു. തേനീച്ചകളെപ്പോലെ ഈ ജനങ്ങളൊക്കെ എന്റെ പുറകെ എന്തിനാ വരുന്നതെന്ന്‌ ആലോചിച്ചപ്പോഴാണ്‌ സംഗതിയുടെ ഗുട്ടന്‍സ്‌ എനിക്ക്‌ പിടികിട്ടിയത്‌. ഇതൊക്കെ കണ്‍വന്‍ഷന്‍ കമ്മിറ്റിക്കാര്‍ പറഞ്ഞ്‌ എന്നെക്കൊണ്ട്‌ എഴുതിച്ചതാണെന്നു പറഞ്ഞാല്‍ അവരുണ്ടോ അടങ്ങുന്നു.

ഇക്കണക്കിനുപോയാല്‍ എന്റെ തടി കേടാകും എന്നു കരുതി ഇടക്കിടെ ഞാന്‍ മുങ്ങും. പിന്നെ പൊങ്ങുന്നത്‌ കുറെ കഴിഞ്ഞായിരിക്കും. ഒരിക്കല്‍ മുങ്ങിപ്പൊങ്ങി വടക്കേ കോട്ടവഴി പമ്മി പമ്മി നടന്ന ഞാന്‍ ചെന്നു പെട്ടത്‌ ഫിലഡല്‍ഫിയായില്‍ നിന്നുവന്ന ഒരു പത്രക്കാരന്റെ മുന്‍പിലാണ്‌. മാധ്യമപ്രവര്‍ത്തകര്‍ക്ക്‌ എല്ലാ സൗകര്യങ്ങളും റെഡിമണിയാക്കി വെച്ചിട്ടുണ്ടെന്ന്‌ അറിയിച്ചത്‌ ഞാനായിരുന്നതുകൊണ്ട്‌ എന്നെത്തേടിയാണ്‌ പുള്ളിക്കാരന്റെ വരവ്‌. `ആകെ ടയേഡ്‌ ആയി. ഒന്നു ഫ്രഷ്‌ ആകണം. എവിടെ എന്റെ മുറി ' ആഗതന്റെ ചോദ്യം കേട്ട്‌ ഞാനൊന്നു പരുങ്ങി. കാരണം, ചക്കയില്‍ ഈച്ച പൊതിഞ്ഞപോലെ പേരു പതിക്കല്‍ വാതായത്തിനടുത്ത്‌ ജനങ്ങള്‍ കൂട്ടംകൂടി നില്‍ക്കുകയാണ്‌. അങ്ങോട്ടു ചെന്നാല്‍ ആകെ കലിതുള്ളി നില്‍ക്കുന്ന ജനങ്ങള്‍ പത്രക്കാരനാണെന്നൊന്നും നോക്കാതെ വല്ല ഏനക്കേടും കാണിച്ചാലോ എന്നു ഭയന്ന്‌ ഞാനദ്ദേഹത്തെ ഒരു മൂലയില്‍ നിര്‍ത്തി `ദാ വന്നൂ' എന്നും പറഞ്ഞ്‌ വീണ്ടും മുങ്ങി.

കുറെ കഴിഞ്ഞ്‌ ശംഖുമുഖത്തുകൂടെ കനകക്കുന്നു വഴി കവടിയാറും കഴിഞ്ഞ്‌ കിഴക്കേ കോട്ടയിലെത്തിയപ്പോള്‍ മേപ്പടി പത്രക്കാരന്‍ ദാണ്ടേ ഞാന്‍ നിര്‍ത്തിയിടത്തുതന്നെ നില്‌ക്കുന്നു. മുങ്ങാനുള്ള അവസരം എനിക്കു ലഭിക്കുന്നതിനു മുന്‍പേ അദ്ദേഹം എന്നെ കണ്ടു കഴിഞ്ഞു. നാണക്കേടോര്‍ത്ത്‌ രണ്ടും കല്‌പിച്ച്‌ ഞാന്‍ പേരു പതിക്കല്‍ വാതായനത്തിനടുത്തു ചെന്ന്‌ എന്റെ നിസ്സഹായാവസ്ഥ പറഞ്ഞ്‌ ഒരു ബാഡ്‌ജ്‌ തരപ്പെടുത്തി.

പണ്ടൊക്കെ നാട്ടിലെ കല്യാണവീടുകളുടെ മുന്‍പില്‍ ഉയരുന്ന കല്യാണപ്പന്തലിന്റെ കവാടത്തിനിരുവശവും ചെന്തെങ്ങിന്റെ കുലവെട്ടി തൂക്കിയിടുകയോ വാഴ വെട്ടി സ്ഥാപിക്കുകയോ ഒക്കെ ചെയ്യുമായിരുന്നു. മുകളില്‍ `സ്വാഗതം' എന്നോ `വെല്‍കം' എന്നോ എഴുതിയും വെക്കുമായിരുന്നു. ചില സമ്മേളന നഗരികളുടെ കവാടത്തിലും ഈ കാഴ്‌ച കാണാം. മലയാളിയുടെ പൈതൃക പാരമ്പര്യത്തിന്റേയും അന്തസ്സിന്റേയും പ്രതീകങ്ങളത്രേ വാഴക്കുലയും തേങ്ങാക്കുലയും !

അനന്തപുരിയുടെ (ക്രൗണ്‍ പ്ലാസ) കവാടത്തിലെത്തിയവര്‍ തേങ്ങാക്കൊലയും വാഴക്കൊലയും അനന്തപുരിയും കാണാതെ നിരാശരാകുന്നതു കണ്ടു. `എന്നോടു പറയുകയായിരുന്നെങ്കില്‍ എന്റെ പറമ്പില്‍ നിന്ന്‌ രണ്ടു വാഴകള്‍ വെട്ടി കൊണ്ടുവരുമായിരുന്നല്ലോ' എന്ന്‌ ഒരു ഹൂസ്റ്റണ്‍ മലയാളി പറയുന്നതു കേട്ടു. അദ്ദേഹത്തിന്റെ പറമ്പില്‍ നിറയെ വാഴയുണ്ടത്രേ ! തേങ്ങാക്കൊലയും ഉള്ള മലയാളികളും ഇഷ്ടംപോലെയുണ്ട്‌ ഹൂസ്റ്റണില്‍ എന്നും പറയുന്നതു കേട്ടു. എങ്കില്‍പിന്നെ പോയി കുറച്ചു വെട്ടിക്കൊണ്ടു വരരുതോ എന്നു ചോദിച്ചതിന്‌ ക്രൗണ്‍ പ്ലാസയില്‍ `കൊലകള്‍' നിരോധിച്ചിരിക്കുകയാണെന്ന്‌ സംഘാടകരിലൊരാള്‍ പറഞ്ഞ്‌ ആ രംഗം ശാന്തമാക്കി.

ഊട്ടുപുരയിലേക്കുള്ള വഴി മാത്രം എല്ലാവര്‍ക്കും ബൈഹാര്‍ട്ട്‌ ആയിരുന്നു. കാരണം നാടന്‍ ഭക്ഷണത്തിന്റെ അരോമ അന്തരീക്ഷത്തിലങ്ങനെ വിലയം പ്രാപിച്ചിരിക്കുകയായിരുന്നു. ആ മണം പിടിച്ചങ്ങ്‌ പോയാല്‍ മതി ഊട്ടുപുരയുടെ മുന്‍പില്‍ നാം തനിയെ എത്തും. വിഭവസമൃദ്ധമായ സദ്യ എല്ലാവരും ആസ്വദിച്ചു. പകല്‍ മുഴുവന്‍ വെറും `പച്ച'യായി നടന്നതുകൊണ്ട്‌ വൈകുന്നേരമാകുമ്പോഴേക്കും വിറയലനുഭവപ്പെട്ട ചിലര്‍ `വൈകീട്ടെന്താ പരിപാടി' എന്നന്വേഷിച്ച്‌ നടക്കുന്നത്‌ കൗതുകമായി.

പേരു പതിക്കുന്ന വാതായനത്തിനടുത്ത്‌ ബിവറേജസ്‌ കോര്‍പ്പറേഷന്റെ ചില്ലറ വില്‌പനശാലയുടെ മുന്‍പില്‍ 
ക്യൂ നില്‍ക്കുന്നതുപോലെ കുറെ പേര്‍ അടങ്ങിയൊതുങ്ങി നില്‌പുണ്ട്‌. ചിലരാകട്ടേ മുറുമുറുത്തും പൊട്ടിയും ചീറ്റിയും നില്‌പുണ്ട്‌. അവരുടെ ചലനങ്ങള്‍ സൂക്ഷ്‌മമായി നിരീക്ഷിച്ചുകൊണ്ട്‌ സെക്യൂരിറ്റിയും പോലീസും !! `മാസങ്ങള്‍ക്കു മുന്‍പ്‌ രജിസ്റ്റര്‍ ചെയ്‌തതാ....ഇവന്മാര്‌ എന്തെടുക്കുകയായിരുന്നു' എന്ന്‌ ചിലരും, ഭഇതൊരുമാതിരി മണകൊണ എടവാടായിപ്പോയി'എന്നു പറഞ്ഞ്‌ മറ്റു ചിലരും !! സംഗതി പന്തിയല്ലെന്നു കണ്ട്‌ ഞാനവിടെ നിന്നു സ്ഥലം വിട്ടു. തവളകളെ പിടിച്ച്‌ എണ്ണം വെച്ച പോലെ ക്യൂവില്‍ നിന്ന്‌ മാറിപ്പോകുന്നവരെ സെക്യൂരിറ്റി പിടിച്ച്‌ നേരെ നിര്‍ത്തി മറ്റൊരു സ്ഥലത്തേക്ക്‌ നീങ്ങുമ്പോള്‍ മറ്റു ചിലര്‍ വീണ്ടും ക്യൂവില്‍ നിന്ന്‌ മാറും. മലയാളികളുടെ ആ സ്വഭാവത്തിന്‌ ഒരിക്കലും മാറ്റം വരില്ല എന്ന്‌ സെക്യൂരിറ്റിക്കാരുണ്ടോ അറിയുന്നു.

നെഞ്ചില്‍ വട്ടത്തിലുള്ള ബാഡ്‌ജ്‌ കുത്തിയവരോട്‌ വല്ലതും തിരക്കാമെന്നു വെച്ചാല്‍ അവര്‍ `ദാ ഇപ്പ വരാം' എന്നു പറഞ്ഞ്‌ ഒരൊറ്റ പോക്കാണ്‌. പിന്നെ മഷിയിട്ടു നോക്കിയാല്‍ കാണില്ല. ഫോണ്‍ ചെയ്‌താല്‍ `ദാ വന്നൂ' എന്ന മറുപടിയും കിട്ടും.`കല്യാണത്തിരക്കിനിടക്ക്‌ താലികെട്ടാന്‍ മറന്നുപോയി' എന്നു പറഞ്ഞതുപോലെ ജനറല്‍ കൗണ്‍സില്‍, ഇലക്ഷന്‍ ഇത്യാദി കാര്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച സംഘാടകര്‍ പുറത്തു നടക്കുന്ന സംഭവങ്ങളൊന്നും അറിയാതെ പോയി.?

കറങ്ങി നടക്കുന്നതിനിടയില്‍ ചിലര്‍ മുറുമുറുത്തുകൊണ്ട്‌ നടക്കുന്നതു കണ്ടു. `ഇവരെയൊക്കെ എന്തിനാ ഇപ്പോള്‍ ഇങ്ങോട്ട്‌ കെട്ടിയെടുത്തത്‌' എന്ന്‌ മറ്റു ചിലരും പറയുന്നതു കേട്ടു. എന്തോ പന്തികേടുണ്ടല്ലോ എന്നു ഞാനും കരുതി. പിന്നീടാണ്‌ മനസ്സിലായത്‌ ക്രൈസ്‌തവ സഭയില്‍ ഒരു വിഭാഗത്തിന്റെ ബൂത്തും പോസ്റ്ററുമാണ്‌ അവരെ അലോസരപ്പെടുത്തിയിരിക്കുന്നതെന്ന്‌.`തലമൊട്ടയടിച്ചപ്പോള്‍ കല്ലുമഴ പെയ്‌തു' എന്നു പറഞ്ഞതുപോലെ കുറേ ശെമ്മാശന്മാരും ബിഷപ്പുമാരുമൊക്കെ വരുന്നതുകണ്ട്‌ ഞാനുമൊന്ന്‌ അന്ധാളിച്ചു. മതസൗഹാര്‍ദ്ദ സെമിനാറില്‍ പങ്കെടുത്ത ഇവര്‍ പോയില്ലേ എന്ന്‌ സ്വയം ചോദിക്കുകയും ചെയ്‌തു. അപ്പോഴാണറിയുന്നത്‌ ആ സഭയുടെ ചാനലിന്റെ ഉദ്‌ഘാടനവും നടക്കുന്നു എന്നറിഞ്ഞത്‌. ദൈവമേ...മറ്റൊരു കോലഞ്ചേരി അനന്തപുരിയില്‍ ആവര്‍ത്തിക്കുമോ എന്ന ശങ്കയില്‍ തിരിഞ്ഞു നടക്കാന്‍ തുടങ്ങിയ എന്നെ ആരോ തള്ളി ഒരു മുറിയിലേക്കു കയറ്റി. ആ ഉദ്‌ഘാടനച്ചടങ്ങുകളുടെ ഫോട്ടോ ഞാനെടുക്കണം. അതാണവരുടേ ആവശ്യം.

ഫൊക്കാന ഓര്‍ത്തഡോക്‌സ്‌ വിഭാഗം കൈയ്യടക്കി എന്ന കിംവദന്തി പരക്കാന്‍ അധികം നേരം വേണ്ടിവന്നില്ല. ആകെ ജഗപൊഗ. പക്ഷേ പൊട്ടുന്നില്ല (പിന്നീട്‌ പൊട്ടി. മനസ്സില്‍ ലഡുവല്ല. വര്‍ഗീയത). `ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ സര്‍വ്വരും സോദരത്വേന വാഴുന്ന മാതൃകാ സംഘടന' യായ ഫൊക്കാനയില്‍ വര്‍ഗീയതയോ അണ്‍സഹിക്കബിള്‍ !! കുറച്ചു മുന്‍പേ `മതസൗഹാര്‍ദ്ദ സെമിനാറില്‍' ഘോരഘോരം പ്രസംഗിച്ച ഞാനടക്കമുള്ളവര്‍ ഓര്‍ത്തഡോക്‌സ്‌ വിഭാഗത്തിന്‌ ഓശാന പാടുകയോ  അസംഭാവ്യം ! അവിശ്വസനീയം ! ആശ്ചര്യം !! ഇതനുവദിച്ചുകൂടാ. പ്രതികരിക്കണം. അല്ലെങ്കില്‍ ഈ അനീതി അവര്‍ വീണ്ടും ആവര്‍ത്തിക്കും.

പ്രതികരിക്കാന്‍ ചെന്ന ഞാന്‍ കാറ്റഴിച്ചുവിട്ട ബലൂണ്‍ പോലെയായി. കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ എന്നെക്കൊണ്ടുപോയി നിര്‍ത്തിയത്‌ സാക്ഷാല്‍ ഗുരുവായൂരപ്പന്റെ മുന്‍പിലാണ്‌ !. ഹൂസ്റ്റണിലെ പ്രസിദ്ധമായ `ശ്രീ ഗുരുവായൂരപ്പന്‍ ടെംബിളിന്റെ' ബൂത്തിനു മുന്‍പില്‍ ഞാന്‍ വിഷണ്ണനായി നിന്നു. വളരെ ഭംഗിയായി പ്രൗഢമായി സജ്ജീകരിച്ചിരിക്കുന്ന ആ അമ്പലത്തിന്റെ ബൂത്തില്‍ ഹൈന്ദവര്‍ക്കു മാത്രമല്ല, അന്യമതസ്ഥര്‍ക്കും കാണാനും പഠിക്കാനും ഏറെയുണ്ടായിരുന്നു. അതിന്റെ തൊട്ടടുത്തതാ ഷാജഹാന്റെ ബൂത്ത്‌. ക്രൈസ്‌തവ സഭയും, അമ്പലവും, ഷാജഹാനുമൊക്കെ ഫൊക്കാന കണ്‍വന്‍ഷന്റെ സ്‌പോണ്‍സര്‍മാരായിരുന്നു എന്നറിഞ്ഞപ്പോള്‍ `വാനരന്മാരെന്തറിയുന്നു വിഭോ' എന്ന കവിവചനം ഓര്‍മ്മ വന്നു.പണം കൊടുത്ത്‌ സ്‌പോണ്‍സര്‍ഷിപ്പ്‌ എടുക്കുന്നവര്‍ക്ക്‌ അവരുടെ ബിസിനസ്സ്‌ വിപുലപ്പെടുത്തുന്നതാണ്‌ മുഖ്യലക്ഷ്യമെന്ന സാമാന്യവിവരം നാം മലയാളികള്‍ക്കുണ്ടാകണം. അതിന്‌ റോക്കറ്റ്‌ സയന്റിസ്റ്റിന്റെ ബുദ്ധിയൊന്നും വേണ്ട.

കേന്ദ്ര-സംസ്ഥാന മന്ത്രിമാരുടേയും എം.എല്‍.എ.മാരുടേയും അഭാവം ഇത്തവണത്തെ കണ്‍വന്‍ഷന്റെ ഒരു പ്രത്യേകതയായിരുന്നു. അവരെ ഒഴിവാക്കാനുള്ള അമേരിക്കന്‍ മലയാളികളുടെ മുറവിളിക്ക്‌ ഇനിയെങ്കിലും അറുതി വരുത്തിയില്ലെങ്കില്‍ ദൂരവ്യാപകമായ അന്വര്‍ത്ഥങ്ങള്‍ക്ക്‌ വഴിയൊരുക്കുമെന്നാണ്‌ കണ്‍വന്‍ഷനില്‍ പങ്കെടുത്ത ഭൂരിഭാഗം പേരുടേയും അഭിപ്രായം. ഈ അഭിപ്രായം മുഖവിലയ്‌ക്കെടുത്ത്‌ ആവര്‍ത്തനവിരസത ഒഴിവാക്കാന്‍ പുതിയ ഭരണസമിതിക്ക്‌ കഴിയട്ടേ എന്ന്‌ ആശംസിക്കുന്നു. 

മതസംഘടനകളില്‍ സജീവമായവര്‍ സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിക്കരുത്

ഈ അടുത്ത നാളുകളില്‍ ഏറെ ചര്‍ച്ച ചെയ്യപ്പെട്ട വിഷയമാണ് മതസംഘടനകളുടെ അതിപ്രസരം സാമൂഹ്യസംഘടനകള്‍ക്ക് ദോഷം ചെയ്യുന്നു എന്നത്. ഒളിഞ്ഞും തെളിഞ്ഞും മതസംഘടനകളുടേയും സാമൂഹ്യ-സാംസ്‌ക്കാരിക സംഘടകളുടേയും നേതാക്കളും വക്താക്കളും പ്രസ്താവനകളിറക്കുകയും പരസ്പരം ആരോപണ പ്രത്യാരോപണങ്ങളുന്നയിക്കുകയും ചെയ്തിരുന്നു. എന്നാല്‍ 'വഞ്ചി ഇപ്പോഴും തിരുനക്കരെ തന്നെ' എന്നു പറഞ്ഞതുപോലെ ആ വിഷയം ഇപ്പോഴും സജീവമായി നിലകൊള്ളുന്നു.

ജൂണ്‍ മാസം മുതല്‍ സെപ്തംബര്‍ മാസം വരെ കണ്‍വന്‍ഷനുകളുടെ ഘോഷയാത്ര തന്നെയാണ് അമേരിക്കയിലങ്ങൊളമിങ്ങോളം ! ഒന്നിനോടൊന്ന് മെച്ചപ്പെടുത്താന്‍ സംഘാടകര്‍ പരസ്പരം മത്സരിച്ച് പരക്കം പായുന്നു.സാമൂഹ്യ-സാംസ്‌ക്കാരിക സംഘടനകളുടെ കണ്‍വന്‍ഷനും മതസംഘടനകളുടെ കണ്‍വന്‍ഷനും താരതമ്യപ്പെടുത്തിയാല്‍ രണ്ടാമത്തേതിനാണ് മുന്‍തൂക്കം എന്നു തോന്നുന്നു. ഈ പ്രതിഭാസം വരുംകാലങ്ങളില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കാനേ തരമുള്ളൂ. 

ഇപ്പോള്‍ സാമൂഹ്യസംഘടനകളുടെ തലപ്പത്തിരിക്കുന്നവരും മറ്റു തസ്തികകളില്‍ പ്രവര്‍ത്തിക്കുന്നവരും വിവിധ മതസംഘടനകളില്‍ പ്രവര്‍ത്തിച്ചവരോ ഇപ്പോഴും സജീവമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നവരോ ആണ്. മതസംഘടനകളോട് അവര്‍ കൂടുതല്‍ പ്രതിപത്തി കാണിക്കുന്നത് സ്വഭാവികം. പക്ഷേ, അതിന്റെ പേരില്‍ പിന്നീട് കുണ്ഠിതപ്പെട്ടിട്ട് യാതൊരു പ്രയോചനവുമില്ല. സാമൂഹ്യസംഘടനകളില്‍ പ്രവര്‍ത്തിച്ചുകൊണ്ടുതന്നെ അവരവരുടെ മതസംഘടനകളിലേക്ക് ആളെക്കൂട്ടിയവര്‍ ഇപ്പോള്‍ അവര്‍ക്കുതന്നെ പാരയാകുകയും ചെയ്തു. അമേരിക്കന്‍ മലയാളികളുടെ പൊതുനന്മയാണ് ഉദ്ദേശിക്കുന്നതെങ്കില്‍ എല്ലാവരേയും സമഭാവനയോടെ കാണാനുള്ള സന്മനസ്സാണ് സാമൂഹ്യസംഘടനാ നേതാക്കള്‍ക്ക് വേണ്ടത്.

മതസംഘടനകളുടെ അതിപ്രസരം സാമൂഹ്യസംഘടനകള്‍ക്ക് വിഘാതമായി എന്നു മുറവിളി കൂട്ടുന്നവര്‍ ഒന്നു തിരിഞ്ഞു നോക്കിയാല്‍ അവര്‍ക്കുതന്നെ അതിന്റെ ഉത്തരം കിട്ടും. രണ്ടു വഞ്ചികളിലും കാലെടുത്തുവെച്ച് തുഴഞ്ഞതിന്റെ തിക്താനുഭവങ്ങളാണ് ഇപ്പോള്‍ അവര്‍ അനുഭവിച്ചുകൊണ്ടിരിക്കുന്നത്.

കേരളത്തിലേതിനേക്കാള്‍ ശക്തമായ സാമുദായിക തരംതിരിവുകള്‍ അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍ ഉണ്ട്. സാമൂഹിക സംഘടനകളില്‍ സാമുദായിക തത്പരകക്ഷികള്‍ നുഴഞ്ഞു കയറി സ്വന്തം സമുദായക്കാരെ വശത്താക്കുകയോ സംഘടനകളില്‍ തന്നെ ചേരിതിരിവ് ഉണ്ടാക്കുകയോ ചെയ്യുന്നു.ഈ സങ്കുചിത മനോഭാവത്തിനടിമപ്പെടാത്തവരും, ഈ രാഷ്ട്രീയ ചൂതുകളിയില്‍ താല്പര്യമില്ലാതെ അകന്നുനില്ക്കുന്നവരുമായ സാധാരണ ജനങ്ങള്‍ സംഘടനകളേയും സംഘടനാ നേതാക്കളേയും പുച്ഛിക്കുന്നുണ്ടെങ്കില്‍ അതിന്റെ ഉത്തരവാദികള്‍ നേതാക്കള്‍ തന്നെയാണ്. കാറ്റു വിതച്ച് കൊടുങ്കാറ്റു കൊയ്യുകയാണെന്ന് അവര്‍ പോലും അറിയുന്നില്ല. 

മാനവസമൂഹങ്ങള്‍ സാമുദായികമായി വേര്‍തിരിയാന്‍ തുടങ്ങിയതോടെ സാമ്പത്തിക മേല്‍ക്കോയ്മയ്ക്കു വേണ്ടിയുള്ള മത്സരം തുടങ്ങി. ഇവിടെയും അതാണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. സാമൂഹ്യസംഘടനയുടെ സാമ്പത്തിക സ്രോതസ്സിന്റെ നല്ലൊരു ഭാഗം സാമുദായിക സംഘടനകളിലേക്ക് ഒഴുകുന്നു, അല്ലെങ്കില്‍ ഒഴുക്കുന്നു. ഇതിനെതിര പ്രതികരിക്കാന്‍ ആര്‍ക്കും ധൈര്യമില്ല.

സാമൂഹ്യസംഘടനകളുടെ അപചയത്തിനു പരിഹാരം കണ്ടെത്തിയില്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍കൊണ്ട് ഈ സംഘടനകള്‍ക്ക് ചരമഗീതം പാടേണ്ടിവരുമെന്നു തീര്‍ച്ച. സാമുദായിക വൈകൃതങ്ങളിലേക്ക് അമേരിക്കന്‍ മലയാളി സംഘടനകള്‍ അധ:പ്പതിക്കാതിരിക്കണമെങ്കില്‍ ഒരൊറ്റ പോംവഴിയേ ഉള്ളൂ. മതസംഘടനകളില്‍ സജീവമായവര്‍ സാമൂഹ്യ സംഘടനകളില്‍ പ്രവര്‍ത്തിക്കാതിരിക്കുക. അതുപോലെ തിരിച്ചും.