സംഭവം നടന്നത് ആഗസ്റ്റ് 8 ബുധനാഴ്ച ആല്‍ബനി കൗണ്ടി കോടതിയിലാണ്. ഏപ്രില്‍ 30, 2011 ല്‍ ആല്‍ബനിയില്‍ നടന്ന ഒരു കൊലപാതകത്തിലെ പ്രധാനപ്രതിയാണ് കഥാനായകനായ പുതുമണവാളന്‍. അഴികള്‍ക്കുള്ളില്‍ ഏകാന്തവാസം നയിക്കുമ്പോള്‍ മിനിറ്റുകള്‍ മാത്രം ദൈര്‍ഘ്യമുള്ള വിവാഹത്തിന്റെ മധുരിക്കുന്ന ഓര്‍മ്മകള്‍ അയവിറക്കാമല്ലോ എന്ന് ആ കുറ്റവാളിക്ക് തോന്നിയിരിക്കാം. തന്റെ ദീര്‍ഘകാല പ്രണയിനിയായ ഷാക്വാ വിത്സന് ജയിലിലേക്ക് പോകുന്നതിനു മുന്‍പ് സ്വന്തം ഭാര്യാപദവി നല്‍കാന്‍ ഈ പതിനേഴുകാരന് തോന്നിയ ചേതോവികാരം എന്താണെന്ന് ആര്‍ക്കും മനസ്സിലായില്ല.
കഴിഞ്ഞ വര്‍ഷം ആല്‍ബനി നഗരത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യുന്ന 'ഹോഫ്മാന്‍ പാര്‍ക്കില്‍' വെച്ച് ടൈലര്‍ റോഡ്‌സ് എന്ന പതിനേഴു വയസ്സുള്ള ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥിയുടെ നെഞ്ചിലേക്ക് കഠാര കുത്തിയിറക്കിയപ്പോള്‍ ഈ കുറ്റവാളി ഓര്‍ത്തില്ല തന്റെ സമപ്രായക്കാരനെയാണ് താന്‍ കൊലപ്പെടുത്തുന്നതെന്ന്.
ആല്‍ബനിയിലെ കറുത്ത വര്‍ഗ്ഗക്കാര്‍ക്കിടയില്‍ മാത്രമല്ല, സാമാധാനകാംക്ഷികളായ ഒട്ടേറെ പേര്‍ക്കിടയില്‍ ഏറെ സംസാരവിഷയമായ ഈ സംഭവത്തില്‍ പോലീസ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ സമയോചിതമായ ഇടപെടലും കൂര്‍മ്മനിരീക്ഷണ പാടവവും കൊണ്ട് മണിക്കൂറുകള്‍ക്കുള്ളില്‍ കുറ്റവാളികളെ അറസ്റ്റു ചെയ്യാന്‍ സാധിച്ചു. തന്നെയുമല്ല, മറ്റൊരാള്‍ ഈ കൊലപാതക രംഗം തന്റെ മൊബൈല്‍ ഫോണില്‍ പകര്‍ത്തിയതും കേസിന് നിര്‍ണ്ണായക തെളിവുമായി.
കുറ്റം തെളിയിക്കാനായി ജൂറിയുടെ മുമ്പാകെ പ്രദര്‍ശിപ്പിച്ചതും മേല്പറഞ്ഞ വീഡിയോ ദൃശ്യങ്ങളായിരുന്നു. 'ആ ദൃശ്യങ്ങള്‍ക്ക് ഒരു മില്യന്‍ വാക്കുകളുടെ വിലയുണ്ട്' എന്ന് ശിക്ഷ വിധിക്കുന്നതിനു മുന്‍പ് ജഡ്ജി ഡാന്‍ ലമോണ്ട് പറഞ്ഞതും ഏറെ ശ്രദ്ധേയമാണ്. ''എന്റെ മകന്റെ ജീവനെടുത്ത നീ ഒരമ്മയെ ഓര്‍ത്തില്ല, ഒരു സഹോദരിയെ ഓര്‍ത്തില്ല, ഒരു സഹോദരനെ ഓര്‍ത്തില്ല, എന്തിനു പറയുന്നു ഒരു സമൂഹത്തെപ്പോലും ഓര്‍ത്തില്ല. എന്റെ മകള്‍ക്ക് അവളുടെ സഹോദനെ മാത്രമല്ല അവളുടെ ബെസ്റ്റ് ഫ്രണ്ടിനേയുമാണ് നഷ്ടപ്പെട്ടത്. ഞങ്ങളുടെ കുടുംബത്തെ മാത്രമല്ല നീ ദ്രോഹിച്ചിരിക്കുന്നത്. നിന്റെ സ്വന്തം കുടുംബത്തെയാണെന്നുകൂടി ഓര്‍ക്കണം.'' ഗദ്ഗദകണ്ഠയായി ടൈലറുടെ അമ്മ സ്റ്റെയ്‌സി റോഡ്‌സ് കോടതി മുറിയില്‍ പൊട്ടിത്തെറിച്ചപ്പോള്‍ ജനങ്ങളും ജഡ്ജിയും നിശ്ശബ്ദമായി അതു കേട്ടു.
ടൈലറിനെ പട്ടാപ്പകല്‍ രണ്ടുപേര്‍ കൂടി വളഞ്ഞുവെച്ച് കുത്തുകയായിരുന്നു. രക്ഷപ്പെടാതിരിക്കാനായി ടൈലറിനെ തടഞ്ഞുവെച്ച ധോറുബാ ഷുഐബ് എന്ന ഇരുപതുകാരനെ കഴിഞ്ഞ ഫെബ്രുവരിയില്‍ 21 വര്‍ഷത്തേക്ക് ജയില്‍ ശിക്ഷ വിധിച്ചിരുന്നു.
ഒന്നാം പ്രതിയായ ജലാഹ് വാണ്ടര്‍ഹോഴ്‌സിന്റെ ശിക്ഷയാണ് ഇന്ന് (ആഗസ്റ്റ് 8) വിധിച്ചത്. പക്ഷേ, കൗണ്ടി ജഡ്ജ് ഡാന്‍ ലമോണ്ടിന്റെ മുന്‍പില്‍ ഹാജരാകുന്നതിനു തൊട്ടു മുന്‍പ് അതേ കോടതിയിലെ മറ്റൊരു ജഡ്ജിയായ സ്റ്റീഫന്‍ ഹെറിക്കിന്റെ കോടതി മുറിയില്‍ പ്രതി വിവാഹിതനായ വിചിത്ര സംഭവമാണ് അരങ്ങേറിയത്. തീര്‍ന്നില്ല, 'വിവാഹേതര കാര്യങ്ങളൊക്കെ' നടത്താനുള്ള സന്ദര്‍ശനത്തിന് ഈ ജീവപര്യന്ത തടവുകാരന് സൗകര്യവും കോടതി നല്‍കിയിട്ടുണ്ട്.അങ്ങനെ നികുതിദായകരുടെ നികുതിപ്പണം കൊണ്ട് ഈ കുറ്റവാളി ജയിലില്‍ സസുഖം വാഴുകയും ഹണിമൂണ്‍ ആഘോഷിക്കുകയും ചെയ്യും ! പുതുമണവാളന് വെറും പതിനേഴു വയസ്സേ പ്രായമുള്ളൂ എന്നതും, ഇപ്പോള്‍ തന്നെ മൂന്നു കുട്ടികളുടെ പിതാവുമാണെന്നുള്ളതാണ് അതിലേറെ വിചിത്രം !!
ഒരു കൊലയാളിയുടെ ശിക്ഷാവിധിക്ക് തൊട്ടുമുന്‍പേ നടന്ന വിവാഹത്തെ വിചിത്രമായാണ് ആല്‍ബനി കൗണ്ടി ഡിസ്ട്രിക്റ്റ് അറ്റോര്‍ണി കണ്ടത്. '' ഒരു കുടുംബവും അവരുടെ ബന്ധുക്കളുംതങ്ങള്‍ക്കുണ്ടായ ആഘാതത്തില്‍ നിന്ന് മുക്തി നേടും മുന്‍പേ, ക്ലേശകരമായ നിമിഷങ്ങളിലൂടെ കടന്നു പൊയ്ക്കൊണ്ടിരിക്കുമ്പോള്‍,ആ ക്ലേശത്തിനുത്തരവാദിയായ വ്യക്തിക്ക് ഇങ്ങനെയൊരുപരിഗണന കൊടുക്കുന്നത് തികച്ചുംബാലിശമാണെന്നാണ്'' അദ്ദേഹം പ്രതികരിച്ചത്.
ഇങ്ങനെ ഒരു നിയമം ലോകത്ത് മറ്റെവിടെയെങ്കിലുമുണ്ടോ എന്നു സംശയമാണ്. കട്ടവന്റെ കൈവെട്ടുകയും കൊന്നവന്റെ തലവെട്ടുകയും ചെയ്യുന്ന കാടന്‍ സമ്പ്രദായം ചില അറബ് രാജ്യങ്ങളിലുണ്ട്. അമേരിക്കയിലെ 33 സംസ്ഥാനങ്ങളില്‍ വധശിക്ഷ നിലവിലുണ്ട്.ന്യൂയോര്‍ക്ക് അടക്കം 17 സംസ്ഥാനങ്ങളില്‍ ക്യാപിറ്റല്‍ പണിഷ്‌മെന്റ് എന്ന വധശിക്ഷ ഇല്ല.നിയമങ്ങള്‍ കൊണ്ട് മാറാല കെട്ടി അവയില്‍ പൗരന്മാരെ ബന്ധനസ്ഥരാക്കുന്ന സമ്പ്രദായവും അമേരിക്കയിലെ എല്ലാ സംസ്ഥാനങ്ങളിലുമുണ്ട്. പക്ഷേ, പട്ടാപ്പകല്‍ ഒരു പതിനേഴുകാരനെ തടഞ്ഞുവെച്ച് നെഞ്ചിലേക്ക് കഠാര കുത്തിയിറക്കി മൃഗീയമായി കൊലപ്പെടുത്തിയ ഒരു കൊലയാളിക്ക് ശിക്ഷ വിധിക്കുന്നതിനു മിനിറ്റുകള്‍ക്കു മുന്‍പ് അതേ കോടതിയില്‍ വെച്ച് അയാളെ വിവാഹം കഴിപ്പിക്കുകയും ഭാര്യയെ 'സന്ദര്‍ശിക്കാനുള്ള' അനുമതി കൊടുക്കുകയും ചെയ്യുന്നത് ജനാധിപത്യ ഭരണത്തിന്റെകാവലാളുകളെന്ന് വീമ്പിളക്കുന്ന അമേരിക്കയിലെ നിയമവ്യവസ്ഥിതിക്ക് ഭൂഷണമാണോ?
ന്യൂയോര്‍ക്ക് സംസ്ഥാനത്തിന്റെവിവാഹ നിയമപ്രകാരം 18 വയസ്സാണ് വിവാഹത്തിനുള്ള പ്രായപരിധി. 14-15 വയസ്സുള്ളവര്‍ വിവാഹം കഴിക്കണമെങ്കില്‍ ഇരുകൂട്ടരുടെ മാതാപിതാക്കളുടെ സമ്മതപത്രവും സുപ്രീം കോടതി ജഡ്ജിയുടെയോ കുടുംബ കോടതി ജഡ്ജിയുടേയോ അനുമതി പത്രവും വേണം. 16-17 വയസ്സ് പ്രായമുള്ളവരാണെങ്കില്‍ ഇരുകൂട്ടരുടെയും മാതാപിതാക്കളുടെ സമ്മതപത്രം മതി. 18 വയസ്സുള്ളവര്‍ക്ക് ഇവ രണ്ടിന്റേയും ആവശ്യമില്ല.
പക്ഷേ, മേല്പറഞ്ഞ പ്രതി പതിനേഴു വയസ്സുകാരനാണെന്നതും മൂന്നു കുട്ടികളുടെ പിതാവാണെന്നുള്ളതുമാണ് വിരോധാഭാസം. പതിനേഴു വയസ്സിനിടയ്ക്ക് മൂന്നു കുട്ടികളുടെ പിതാവായ ഈ പ്രതി ആദ്യത്തെ കുട്ടിക്ക് ജന്മം കൊടുത്തപ്പോള്‍ എത്ര വയസ്സുകാരനായിരുന്നു എന്ന് നിയമം ചോദിക്കുന്നില്ല. വിവാഹം കഴിക്കാന്‍ നിയമവും നിയമാവലിയുംസൃഷ്ടിച്ചെടുത്തവര്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടികളും പെണ്‍കുട്ടികളും അവിഹിത ബന്ധത്തിലേര്‍പ്പെടാതിരിക്കാനും, കുട്ടികള്‍ക്ക് ജന്മം നല്‍കാതിരിക്കാനുമുള്ള നിയമനിര്‍മ്മാണം നടത്താന്‍ മറന്നു പോയി.അവിഹിത ബന്ധങ്ങള്‍ക്ക് പ്രോത്സാഹനം കൊടുക്കുകയും അതുവഴി കുട്ടികള്‍ക്ക് ജന്മം കൊടുക്കുന്നതും കണ്ടില്ലെന്നു നടിക്കുന്നു എന്ന നിയമവൈകൃതങ്ങളിലേക്കാണ് ഈ സംഭവംവിരല്‍ ചൂണ്ടുന്നത്.
No comments:
Post a Comment