ഭക്ഷണത്തിനു മുമ്പില്‍ നമ്മുടെ ജീവിതത്തിനു എല്ലാ അര്‍ത്ഥത്തിലും തീപിടിച്ചുകൊണ്ടിരിക്കുകയാണ്. മലയാളികള്‍ ഇന്ന് ഭക്ഷണത്തിന് വളരെ കൂടുതല്‍ പണം ചെലവാക്കുന്നുണ്ട്. ഭക്ഷണത്തേക്കാള്‍ പണം ചെലവാക്കുന്നത് മദ്യത്തിനാണെന്ന കാര്യം വേറെയുമുണ്ട്. മാംസാഹാരത്തില്‍ ഇന്ന് ഇന്ത്യയില്‍ മുന്നിട്ടുനില്ക്കുന്നത് മലയാളികളാണ്. മലയാളിയുടെ ജീവിതത്തിലൂടെ മാംസവും മദ്യവും കൈകോര്‍ത്തുകൊണ്ടാണ് നീങ്ങുന്നത്. ദിനവും മലയാളിയുടെ മുമ്പില്‍ ആടും പശുവും കോഴിയും താറാവും പന്നിയും കാടക്കോഴികളും ചിലപ്പോഴൊക്കെ മാനും മുയലും ഭീകരമായി വേവുകയാണ്.
മണ്ണും പൊന്നും വാങ്ങിക്കൂട്ടുന്നതുപോലെത്തന്നെ കൂടിയ വിലകൊടുത്ത് മലയാളികള്‍ രോഗങ്ങളും വിലയ്ക്കുവാങ്ങുന്നു. സൂപ്പര്‍ സ്‌പെഷ്യാലിറ്റി ഹോസ്പിറ്റലുകളെ തീറ്റിപ്പോറ്റുകയാണ് മലയാളികളുടെ ഇപ്പോഴത്തെ ഒരു വിനോദം. മലയാളിയുടെ ഉപഭോക്തൃസംസ്‌കൃതിയുടെ വികലമായ ഭക്ഷണവികാസം കച്ചവടക്കാര്‍ക്കും ഹോട്ടലുടമകള്‍ക്കും കുബേരവര്‍ഗങ്ങളായിത്തീരാനുള്ള സാധ്യതകള്‍ ചൂണ്ടിക്കാണിച്ചുകൊടുത്തു. ഉപഭോക്താക്കള്‍ എന്ന വര്‍ഗത്തെ കച്ചവടക്കാര്‍ നല്ല മേനി വിളയുന്ന കൊയ്ത്തുപാടമായി കരുതി. അങ്ങനെ മലയാളികള്‍ കച്ചവടക്കാരുടെ അടിമകളായിത്തീരുന്നു.
പലവ്യഞ്ജനം വില്ക്കുന്നവരുടെയും മീന്‍ വില്ക്കുന്നവരുടെയും ഭക്ഷണം വില്ക്കുന്നവരുടെയും (ഹോട്ടലുകള്‍) അടിമകളായിത്തീര്‍ന്നു. പാരമ്പര്യങ്ങളും പരമ്പരാഗതശീലങ്ങളും കച്ചവടക്കാര്‍ നമ്മളില്‍ നിന്നരിഞ്ഞുതള്ളിക്കളഞ്ഞു. കച്ചവടക്കാര്‍ അവരുടെ ഫാസ്റ്റ്ഫുഡ് സെന്ററുകളിലേക്കും മാളുകളിലേക്കും മലയാളികളെ റാഞ്ചിക്കൊണ്ടുപോയി. മലയാളികള്‍ അവരുടെ അടുക്കളകളെ വിസ്മരിച്ചു. ആഹാരത്തിലും അമേരിക്കന്‍ ശൈലിയിലേക്ക് നമ്മള്‍ മലയാളികള്‍ തള്ളിക്കയറി. സ്വന്തം വീടിന്റെ അടുക്കളകളെ വിസ്മരിച്ച മലയാളികളെ ഹോട്ടലിലെ ഭക്ഷണം ചതിക്കാന്‍ തുടങ്ങിയിരിക്കുന്നു. ഹോട്ടലുകളെ കൂടാതെ നഗരവാസികള്‍ക്ക് ജീവിക്കാനാവില്ല. പഴകാത്തതും മായം കലരാത്തതുമായ ഭക്ഷണം ലഭിക്കുന്നതിനാവശ്യമായ നിയമങ്ങള്‍ ഉണ്ടാവേണ്ടിയിരിക്കുന്നു. കേരളത്തിലെ ഇന്നത്തെ അവസ്ഥ ഇതാണ് സര്‍ക്കാരിനോടാവശ്യപ്പെടുന്നത്.
എല്ലാവര്‍ക്കും ഭക്ഷണം ലഭിക്കുകയെന്നതാണ് ഭക്ഷ്യസുരക്ഷകൊണ്ടുദ്ദേശിക്കുന്നത്. എല്ലാവര്‍ക്കും നല്ല ഭക്ഷണം ലഭിക്കുക എന്നതുകൂടി ഭക്ഷ്യസുരക്ഷയുടെ ഭാഗംതന്നെയാണ്. ജനങ്ങള്‍ക്ക് സ്വന്തം വീടിനു പുറത്തു കിട്ടുന്ന ഭക്ഷണത്തിന്റെ സുരക്ഷ ഉറപ്പുവരുത്താനുള്ള നിയമങ്ങള്‍ ബലപ്പെടുകതന്നെ വേണം. ഭക്ഷ്യസുരക്ഷയും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവുമാണ് കേരളത്തിലെ ഇന്നത്തെ ഏറ്റവും വലിയ പ്രശ്‌നം. ഹോട്ടലുകളിലെ ഭക്ഷ്യപദാര്‍ത്ഥങ്ങളെക്കുറിച്ച് സംസ്ഥാനത്താകമാനം അടിയന്തരമായി ഒരു മിന്നല്‍ പരിശോധന നടത്തിയപ്പോള്‍ കേരളനഗരങ്ങളിലെ ഹോട്ടലുകള്‍ വിറ്റഴിക്കുന്ന ഭക്ഷണാവസ്ഥയെക്കുറിച്ച് ചില സൂചനകളും തെളിവുകളും ലഭ്യമായിട്ടുണ്ട്.
സര്‍ക്കാര്‍ അധികൃതര്‍ ഹോട്ടല്‍ പരിശോധനയ്ക്ക് തുനിഞ്ഞത് തിരുവനന്തപുരത്തെ ഒരു ലൈസന്‍സില്ലാത്ത ഹോട്ടലില്‍ നിന്ന് ഓമനപ്പേരില്‍ അറിയപ്പെട്ട 'ഷവര്‍മ' എന്ന അകേരളീയമായ കോഴി ഭക്ഷണം ഒരു യുവാവ് പാര്‍സലായി വാങ്ങി ബാംഗ്ലൂരിലേക്കു പോകുന്ന വഴി ബസ്സില്‍ വച്ച് കഴിച്ച് ബാംഗ്ലൂരിലെത്തി മരിച്ചപ്പോഴാണ്. ഹോട്ടല്‍ അടച്ചുപൂട്ടുകയും ഹോട്ടലുടമ അറസ്റ്റിലാവുകയും ചെയ്തു. ഷവര്‍മ തിന്ന യുവാവിന്റെ മരണത്തിനുശേഷമാണ് ഭക്ഷ്യ സുരക്ഷാ കമ്മീഷണറേറ്റിനെക്കുറിച്ചൊക്കെ സാധാരണ ജനങ്ങള്‍ അറിയുന്നത്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റ് ഭക്ഷ്യ പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നു പറയപ്പെടുന്നു.
തിരുവനന്തപുരം നഗരത്തില്‍ ഈ പരിശോധനകള്‍ക്കും ഹോട്ടലുകള്‍ അടച്ചിട്ടതിനാലും ചില്ലറ പ്രയോജനങ്ങളൊക്കെ ഉണ്ടായിട്ടുണ്ട്. ഹോട്ടലുകളില്‍നിന്നും ആഹാരം കഴിക്കുന്ന ആളുകളെയും ഭക്ഷ്യ സുരക്ഷാകമ്മീഷണറേറ്റിലെ ഉദ്യോഗസ്ഥന്മാരെയുമൊക്കെ ചെറിയൊരു ഭയം ഹോട്ടലുടമകള്‍ക്കുണ്ടായിട്ടുണ്ട്. ഈ ഭയം ദൈവവിശ്വാസത്തോടുകൂടിയുള്ള ഒരു ധാര്‍മികതയായി മാറുകയാണ് വേണ്ടത്. ഈ ധാര്‍മ്മികതയ്ക്ക് മനസ്സില്‍ ഇടമില്ലാത്തിടത്തോളം കാലം നിയമങ്ങള്‍ക്കൊന്നും തെറ്റുചെയ്യുന്നവരുടെ മുമ്പില്‍ ഒരു സ്ഥാനവുമുണ്ടാകില്ല.
ഹോട്ടലുകളില്‍ മാത്രം ഒതുങ്ങിനിന്ന ഭക്ഷ്യസുരക്ഷാ പരിശോധന പാക്കറ്റുകളില്‍ വരുന്ന ഭക്ഷ്യോത്പന്നങ്ങളുടെ കാര്യത്തിലും കര്‍ശനമായി നടക്കേണ്ടതാണ്. പലവ്യഞ്ജനപൊടികള്‍, പഞ്ചസാര, എണ്ണകള്‍ എന്നിവ പ്രധാനമായും പരിശോധനകള്‍ക്ക് വിധേയമാക്കേണ്ടതുണ്ട്. പച്ചക്കറികളിലാണ് ഏറ്റവും കൂടുതല്‍ വിഷാംശങ്ങള്‍ പതിയിരിക്കുന്നത് എന്നത് ഇന്ന് ഒരു ഭീകരയാഥാര്‍ത്ഥ്യമാണ്. നിങ്ങള്‍ ഒരു ഹോട്ടലില്‍ കയറി കോഴിഇറച്ചിയോ ആട്ടിറച്ചിയോ കഴിക്കുന്നുവെന്നിരിക്കട്ടെ നിങ്ങള്‍ക്ക് ഭക്ഷ്യവിഷബാധയേല്‍ക്കുന്നുവെന്നുമിരിക്കട്ടെ. വിഷബാധയേറ്റ് ആശുപത്രിയിലെത്തുന്നത് ഇറച്ചി കഴിച്ചിട്ടാണ് എന്നാല്‍ ഇറച്ചിയുടെ കൂടെ കഴിച്ച സാലഡില്‍ നിന്നുമാവാം വിഷബാധയേറ്റിരിക്കുക.
സാലഡിനെക്കുറിച്ച് നമ്മള്‍ ആലോചിക്കുന്നില്ല. കടുക്, ജീരകം, മഞ്ഞള്‍, ഉലുവ, പഞ്ചസാര, പലവിധ പലവ്യഞ്ജനപ്പൊടികള്‍ മുതല്‍ പച്ചക്കറികള്‍ വരെയും, നെത്തോലിമീന്‍ മുതല്‍ നെയ്മീന്‍ വരെയും വിഷം കലര്‍ത്തിയിരിക്കുന്നുവെന്ന യാഥാര്‍ത്ഥ്യത്തിനു മുമ്പില്‍ വച്ചാണ് നമ്മള്‍ ആഹാരം കഴിക്കുന്നത്. ഭക്ഷ്യസുരക്ഷാപരിശോധന ബാറുകളിലേക്കും നീങ്ങേണ്ടതാണ്. തലസ്ഥാന നഗരിയില്‍ മുപ്പതിലധികം ബാറുകളുണ്ട്. ഭക്ഷ്യസുരക്ഷാ കമ്മീഷണറേറ്റിന്റെ ഫുഡ്‌സേഫ്റ്റി ഓഫീസര്‍മാര്‍ ബാറുകളിലെ ഭക്ഷണത്തിന്റെയും മദ്യത്തിന്റെയും നേരെ നീങ്ങിയിട്ടില്ല. പഴക്കംചെന്ന ഭക്ഷണങ്ങള്‍ ഏറ്റവും കൂടുതല്‍ വിറ്റഴിക്കപ്പെടുന്നത് ബാറിലാണെന്നു പറയപ്പെടുന്നു.
ബാറുകളിലെ ഭക്ഷണത്തിന്റെ പഴക്കം അധികമൊന്നും ചോദ്യം ചെയ്യപ്പെടാറില്ല. ചോദ്യം ചെയ്യുമ്പോള്‍ ബാറുകള്‍ പോറ്റിവളര്‍ത്തുന്ന ഗുണ്ടകളുടെ കൈ മേല് വീഴും. ബാറുകാരാണ് ഭക്ഷണകാര്യത്തില്‍ ഫ്രീസറിനെ പരമാവധി പ്രയോജനപ്പെടുത്തുന്നത്. ബാറുകളില്‍ ഏറ്റവും കൂടുതല്‍ വിലയുള്ള ഭക്ഷണം മീനാണ്. ആവോലിയും നെയ്മീനുമൊക്കെ കരുവാടായി (ഉണക്കമീന്‍) ത്തീരുന്നതുവരെ ഫ്രീസറില്‍ കിടക്കും. ബാറുകളിലെ മീനിന്റെ വില നിങ്ങളെ അത്ഭുതപ്പെടുത്തുന്നു. ഒരു പ്ലേറ്റ് കപ്പയുടെയും മീന്‍ കറിയുടെയും വില ബാറില്‍ നൂറ് രൂപയാണ്. രണ്ട് മുട്ട കൊണ്ടുണ്ടാക്കുന്ന ഡബിള്‍ ഓംലറ്റിന്റെ വില ഇരുപത് രൂപയാണ്.
ഏറ്റവും വില കൂടുതലും, ഏറ്റവും പഴകിയ ഭക്ഷണം വിറ്റഴിക്കപ്പെടുന്നതും ഇക്കാലത്ത് ബാറുകളില്‍ നിന്നാണ്. ബീഫ് ഫ്രൈ കല്ലും നെയ്മീന്‍ ഫ്രൈ ഉണക്കമീനും മുട്ടത്തോരന്‍ മുളകുപ്പേരിയുമൊക്കെയാണ് ബാറുകളില്‍. അതുകൊണ്ട് നമ്മുടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥന്മാരുടെ അടിയന്തിരശ്രദ്ധ പതിയേണ്ട ഒരു ഭക്ഷണ വില്‍പ്പന മേഖലയാണ് ബാറുകള്‍.
No comments:
Post a Comment