Thursday, August 23, 2012

പീഡിപ്പിക്കപ്പെടുന്ന പുഷ്പ കുമാരികള്‍


അത്തം പത്തിന് പൊന്നോണം എന്നാണ് പാട്ട്. കേരളീയ ഭവനങ്ങളുടെ തിരുമുറ്റത്ത് പൂക്കളങ്ങള്‍ വിരിയുന്ന നാളുകള്‍. പല വര്‍ണ്ണത്തിലും മണത്തിലും തീര്‍ക്കുന്ന പൂപരവതാനി വിരിച്ച് ഐതീഹ്യത്തിലെ ചക്രവര്‍ത്തിയെ വരവേല്ക്കുന്നു ജനങ്ങള്‍.
ഭൂമുഖത്ത് വേറെങ്ങുമില്ല ഇങ്ങനെ ഒരു ഉത്സവം. മലയാളികളുടെ അനന്യതയില്‍ സമത്വബോധത്തിന്റെ പീലി ചാര്‍ത്തുന്ന ഓണം. പൂക്കളം ഒരുക്കാന്‍ പ്രഭാതങ്ങളില്‍ കുട്ടികള്‍ പൂവിളിയുമായി ഓടിനടന്ന ഗ്രാമജീവിതം ഇന്നത്തെ കേരളത്തില്‍ മഹാബലിയുടെ ഐതീഹ്യം പോലെ ഒരു പഴങ്കഥയാണ്. കാട്ടിലും മേട്ടിലും വയലിലും വേലിപ്പടര്‍പ്പിലും പലവര്‍ണ്ണങ്ങളിലുള്ള  പൂവുകള്‍ തേടി ഇന്ന് ഗ്രാമങ്ങളില്‍ പോലും ഒരു കുട്ടിയും അലയാറില്ല. ആവശ്യമുള്ള പൂവുകളെല്ലാം കിലോക്കണക്കിന് കമ്പോളത്തില്‍ നിന്നു വാങ്ങാം. അയല്‍ സംസ്ഥാനത്തുനിന്ന് യഥാസമയം അവ ലോറികളില്‍ എത്തിയിട്ടുണ്ട്. പണം കൊടുത്ത് വാങ്ങിയ വിലപിടിച്ച വിവിധതരം പൂവുകള്‍കൊണ്ട് വിശാലമായ പൂക്കളങ്ങള്‍ തീര്‍ത്ത് മത്സരിക്കുകയാണ് നമ്മള്‍. സംഘടനകളും സ്ഥാപനങ്ങളും നാടുനീളെ പൂക്കളമത്സരങ്ങള്‍ നടത്തുന്നു. സര്‍ക്കാരാഫീസുള്‍തോറും ജീവനക്കാര്‍ പൂക്കളം ഉണ്ടാക്കി കായികവിനോദങ്ങളില്‍ പങ്കെടുക്കുന്ന വികാരവായ്‌പ്പോടെ മത്സരിക്കുന്നു. വരുംദിവസങ്ങളില്‍ കേരളത്തില്‍ പൂക്കളമത്സരം ഒരു പ്രധാന കലയും കച്ചവടവുമാണ്.
 
ഓണാഘോഷം എങ്ങനെ വേണമെന്നൊന്നും ആരും എവിടെയും നിഷ്‌കര്‍ഷിച്ചിട്ടില്ല. മഹാബലി ചക്രവര്‍ത്തിയുടെ സ്മരണയില്‍ മനുഷ്യജീവിതത്തിന്റെ ഒരുമ എന്ന സങ്കല്പവും ഈ ഉത്സവാഘോഷത്തിന്റെ അന്തര്‍ധാരയായി വര്‍ത്തിക്കുമ്പോഴും അപാരമായ വാണിജ്യവത്ക്കരണം ഓണത്തിന്റെ സ്ഥായീഭാവമാണ്. ഒരുപക്ഷേ എല്ലാ ഉത്സവങ്ങളും അങ്ങനെയാകാം. എങ്കിലും ഓണാഘോഷത്തിന്റെ മഹിമയും ലാളിത്യവും അനാര്‍ഭാടതയും നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. പൂവായ പൂവെല്ലാം കുഞ്ഞുങ്ങള്‍ പണ്ടേ ഇറുത്തുമാറ്റിയപ്പോള്‍ എത്രയോ നാടന്‍ സസ്യ ഇനങ്ങളും പൂക്കളും ഇല്ലാതായി. ഓരോ പൂവും ജീവവ്യവസ്ഥയുടെ ഓരോ ഏകകമാണ്. ഓരോ പൂവും അനേകം പൂമ്പാറ്റകള്‍ക്കും തേനീച്ചകള്‍ക്കും പേരറിയാത്ത ചെറുപ്രാണികള്‍ക്കും കൃമികള്‍ക്കും ഭക്ഷണമാണ്. തേനുണ്ണാന്‍ പൂവില്‍ പറന്നെത്തുന്ന അവ പരാഗണം വഴി ജീവിതചക്രത്തിന്റെ വലിയ ഒരു ദൗത്യം അറിയാതെ പൂര്‍ത്തിയാക്കുന്നു. 
 
പ്രകൃതി ചെടിയില്‍ പൂവും പൂവിന് നിറവും സൗരഭവും ഉള്ളില്‍ മധുവും ഒരുക്കിവെച്ചത് സസ്യകുലത്തിന്റെ നിലനില്പിനുവേണ്ടിയാണ്. അതിന്റെ ഇടനിലക്കാരാണ് ഷഡ്പദങ്ങളും പ്രാണികളും. ജന്തുജാലങ്ങളുടെയും സസ്യജാലങ്ങളുടെയും ഭാവിയും തദ്വാര പ്രകൃതിയുടെ തന്നെ നിലനില്പും ഈ അടിസ്ഥാനത്തിലാണ്. ഓരോ പൂവിന്റെ നേരെയും നീണ്ടു ചെല്ലുന്ന കുഞ്ഞിളം കൈകള്‍ അനസ്യൂതമായ ഈ ജൈവ വ്യവസ്ഥയ്ക്ക് ഭംഗം വരുത്തുന്നു. നാടുനീളെ ഒരു പ്രസ്ഥാനം പോലെ പൂക്കളങ്ങള്‍ മത്സരപൂര്‍വ്വം ഒരുങ്ങുമ്പോള്‍ പ്രകൃതിക്ക് തന്മൂലമുണ്ടാകുന്ന കെടുതിയെക്കുറിച്ച് ഓര്‍ക്കേണ്ടതാണ്. അതിനാല്‍ പൂക്കള്‍ ഇറുത്തെടുക്കുന്നവരും കമ്പോളത്തില്‍ നിന്ന് കിലോക്കണക്കിന് തൂക്കിവാങ്ങുന്നവരും ഓരോ പുഷ്പകുമാരിയുടെയും പീഡാനുഭവത്തെക്കുറിച്ച് അറിയേണ്ടതാണ്. ആഘോഷങ്ങള്‍ വേണം. പൂക്കളങ്ങളാകാം, എന്നാല്‍ എല്ലാത്തിനും ഒരു മിതത്വം ആവശ്യമാണ്.
 
പൂവിനെയും പൂമ്പാറ്റകളെയുംക്കുറിച്ചൊക്കെ കുട്ടികള്‍ക്ക് മുമ്പ് നല്ല പാഠങ്ങള്‍ പാട്ടുകളായി ലഭിച്ചിരുന്നു. ''പൂക്കുന്നിതാ മുല്ല, പൂക്കുന്നിലഞ്ഞി, പൂക്കുന്നു തേന്മാവ്, പൂക്കുന്നശോകം. വായ്ക്കുന്നവേലിക്ക് വര്‍ണ്ണങ്ങള്‍ തൂവാന്‍, ചോക്കുന്നുകാടന്തിമേഘങ്ങള്‍പോലെ'' എന്ന് ഒരു ബാലപാഠം ഉണ്ടായിരുന്നു. ''പൂവുകള്‍ തെണ്ടും പൂമ്പാറ്റ, പൂമ്പൊടിപൂശും പൂമ്പാറ്റ, ഒന്നുതൊടട്ടെ നോവാതെ, നിന്നു തരാമോ പോവാതെ.'' എന്ന് പണ്ടത്തെ നഴ്‌സറി ക്ലാസ്സില്‍ ഈണത്തില്‍ ചൊല്ലിയിരുന്നു. ഈ പാട്ടുകളൊന്നും ഇന്നത്തെ കുഞ്ഞുങ്ങള്‍ കേള്‍ക്കുന്നുണ്ടാകില്ല. പകരം '' ബാ ബാ ബ്ലാക് ഷീപ്പ്, ഹാവ് യു എനി വൂള്‍?''  എന്നാണ് ഇപ്പോള്‍ നമ്മുടെ കുഞ്ഞുങ്ങള്‍ പഠിക്കുന്നത്. കറുത്ത ചെമ്മരിയാടും കമ്പിളി കുപ്പായവും ഏത് രാജ്യത്തെ കുട്ടികളുടെ അനുഭവമാണ്? അനുഭവദരിദ്രമായ ഇത്തരം വിദ്യാഭ്യാസം പോലെ ആഭാസകരമാണ് നമ്മുടെ പല ശീലങ്ങളും. കേരളീയാനുഭവങ്ങള്‍  നഴ്‌സറി പാട്ടുകളായി കുഞ്ഞുങ്ങളുടെ നക്ഷത്രക്കണ്ണുകളെ വിസ്മയിപ്പിക്കുന്ന കാലത്തിനായി കാത്തിരിക്കാം.

No comments:

Post a Comment