നെല്ലിയാമ്പതി ഭൂമി കൈയ്യേറ്റം സി ബി ഐ അന്വേഷിക്കണമെന്ന് വനംമന്ത്രി കെ ബി ഗണേഷ്‌കുമാര്‍ ആവശ്യപ്പെട്ടിരിക്കുന്നു. ഉന്നത ഉദ്യോഗസ്ഥരും ധനകാര്യ സ്ഥാപനങ്ങളും ഉള്‍പ്പെട്ട ഈ കേസിന്റെ അന്വേഷണം ക്രൈംബ്രാഞ്ച് നടത്തിയാല്‍ പോരെന്നും അദ്ദേഹം വ്യക്തമാക്കുകയുണ്ടായി. യു ഡി എഫിലെ എം എല്‍ എമാരും ഇതേ ആവശ്യം ഉന്നയിച്ചിട്ടുണ്ട്. മന്ത്രിയുടെയും എം എല്‍ എമാരുടെയും നിലപാട് അംഗീകരിച്ച് പ്രശ്‌നം സി ബി ഐയ്ക്ക് വിടാന്‍ ഉമ്മന്‍ചാണ്ടി തയ്യാറാവുമോ? രാഷ്ട്രീയ ഇഛാശക്തിയോടെ ഭൂമാഫിയക്കെതിരെ നടപടി സ്വീകരിക്കാന്‍ യു ഡി എഫ് ഭരണത്തിന് കഴിയുമോ? പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ ഏറ്റെടുക്കുമോ?
തോട്ടം ഉടമകളുമായി ഒത്തുകളിക്കുകയും അവരെ വഴിവിട്ട് സഹായിക്കുകയും ചെയ്തതില്‍ ധനകാര്യമന്ത്രി കെ എം മാണിയും സര്‍ക്കാര്‍ ചീഫ്‌വിപ്പ് പി സി ജോര്‍ജ്ജും വിജിലന്‍സ് അന്വേഷണത്തെ നേരിടുകയാണ്. കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഉള്‍പ്പെടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പ്രശ്‌നം നേരത്തെ തന്നെ ഉയര്‍ത്തികൊണ്ട് വന്നിരുന്നു. ഭൂമാഫിയക്കെതിരെ ശക്തമായി ഉയര്‍ന്നുവന്ന പ്രതിഷേധമാണ് ചില നടപടികളിലേക്ക് പോകാന്‍ ഭരണപക്ഷത്തെ ചിലരെയും നിര്‍ബന്ധിതമാക്കിയതും. ഉമ്മന്‍ചാണ്ടിയാവട്ടെ യു ഡി എഫിന്റെ പേരില്‍ എം എം ഹസ്സന്റെ നേതൃത്വത്തില്‍ ഒരു ഉപസമിതിയെ നിയോഗിച്ചു. കൈയേറ്റക്കാരെ സഹായിക്കുകയായിരുന്നു ഇവരുടെ ലക്ഷ്യം. ഈ ഉപസമിതിയില്‍ നിന്ന് നീതി ലഭിക്കില്ലെന്നും നെല്ലിയാമ്പതിയിലെ വനമേഖല സ്വന്തമാക്കാന്‍ കൈയേറ്റക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് സമിതി അംഗങ്ങളില്‍ ചിലരെന്ന ആക്ഷേപവും ഉയര്‍ന്നു വരികയുമുണ്ടായി. സമിതി അംഗമായ പി സി ജോര്‍ജ്ജും കൂട്ടരും ഇതിന് കൂട്ടുനില്‍ക്കുകയാണെന്ന് വി ഡി സതീശനും ടി എന്‍ പ്രതാപന്‍ ഉള്‍പ്പെടെയുള്ള എം എല്‍ എമാരും പ്രസ്താവിച്ചു. യു ഡി എഫിലെ 'ഹരിതവാദികള്‍' എന്ന് സ്വയം വിശേഷിപ്പിച്ച് രംഗത്തിറങ്ങിയ ഇവര്‍ ജോര്‍ജിന്റെ നിലപാടിനെ കടന്നാക്രമിച്ചു. ഹൈബി ഈഡനും ബല്‍റാമും ശ്രേയംസ്‌കുമാറും അടക്കമുള്ളവരാണ് ജോര്‍ജിന്റെ നിലപാടിനെ എതിര്‍ത്തത്. മന്ത്രി എം കെ മുനീറും കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാവ് വി എം സുധീരനും ഇവര്‍ക്ക് ധാര്‍മിക പിന്‍തുണയുമായി രംഗത്തെത്തി. കോണ്‍ഗ്രസ് എം എല്‍ എമാരെ ഡല്‍ഹിയില്‍ വിളിപ്പിച്ച് രാഹുല്‍ഗാന്ധി തന്നെ പ്രശ്‌നത്തില്‍ ഇടപെട്ടു. തോട്ടം മാഫിയയെ സഹായിക്കാന്‍ നടക്കുന്ന ശ്രമത്തിനെതിരെ ഉയര്‍ന്നുവന്ന പ്രതിഷേധം കോണ്‍ഗ്രസിന്റെയും യു ഡി എഫിന്റെയും ഉറക്കം കെടുത്തി.
നെല്ലിയാമ്പതിയിലെ തോട്ടങ്ങള്‍ പാട്ടക്കാലാവധി കഴിഞ്ഞിട്ടും സര്‍ക്കാര്‍ ഏറ്റെടുക്കുന്നില്ല. ചില തോട്ടമുടമകള്‍ പാട്ടകരാര്‍ ലംഘിച്ച് ബാങ്കുകളില്‍ നിന്ന് കോടിക്കണക്കിന് രൂപ വായ്പ വാങ്ങി. എല്‍ ഡി എഫിന്റെ കാലത്താവട്ടെ 4000 ഏക്കര്‍ സര്‍ക്കാര്‍ ഏറ്റെടുത്തു. മാത്രമല്ല സ്വകാര്യ തോട്ടങ്ങളുടെ പാട്ടം നിരക്ക് ഗണ്യമായി വര്‍ധിപ്പിക്കുകയും ചെയ്തു. ബിനോയ് വിശ്വം മന്ത്രിയായിരുന്ന കാലത്തും രാഷ്ട്രീയ ഇച്ഛാശക്തിയോടെ എല്‍ ഡി എഫ് സര്‍ക്കാര്‍ ഒട്ടേറെ എതിര്‍പ്പുകള്‍ ഉയര്‍ന്നു വന്നിട്ടും ശക്തമായ നടപടികളാണ് തോട്ടം കൈവശം വെക്കുന്നവര്‍ക്കെതിരെ സ്വീകരിച്ചത്. ഇപ്പോഴാവട്ടെ പാട്ടാക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കാന്‍ വനംവകുപ്പ് നടപടി സ്വീകരിക്കുകയും തോട്ടം മുതലാളിമാര്‍ കോടതിയെ സമീപിക്കുകയും ചെയ്തു. സര്‍ക്കാര്‍ അഭിഭാഷകരാവട്ടെ തോട്ടം ഉടമകള്‍ക്ക് വേണ്ടി ഒത്തുകളിച്ചു. ഫലപ്രദമായി കോടതിയില്‍ കേസ് വാദിക്കാന്‍ കഴിയുന്ന സീനിയര്‍ വക്കീലന്മാരെ ചുമതലപ്പെടുത്തിയില്ല. നെല്ലിയാമ്പതി കേസ് ദൈവം തമ്പുരാന്‍ വാദിച്ചാലും സര്‍ക്കാര്‍ ജയിക്കില്ലെന്ന് ചീഫ് വിപ്പ് പി സി ജോര്‍ജ് പ്രസ്താവിച്ചു. കേസ് അട്ടിമറിക്കാന്‍ ശ്രമിച്ചത് ആരെന്ന് ജനത്തിന് മനസ്സിലായി. നിയമവകുപ്പ് കൈകാര്യം ചെയ്യുന്ന മന്ത്രി കെ എം മാണിയും പി സി ജോര്‍ജും നടത്തിയ അട്ടിമറിയായിരുന്നു ഇത്. തോട്ടം മാഫിയയെ സംരക്ഷിക്കുന്നതിനുള്ള വൃത്തികെട്ട നീക്കം. പി സി ജോര്‍ജാവട്ടെ കര്‍ഷകരെന്ന വ്യാജേന കുറേപ്പേരുടെ പരാതി മുഖ്യമന്ത്രിക്ക് നല്‍കി. അവരില്‍ 6 പേര്‍ കൃഷിക്കാരല്ലെന്ന് ഇപ്പോള്‍ കണ്ടെത്തി.
ഗുരുതരമായി ഉയര്‍ന്നുവന്ന ഈ പ്രശ്‌നം പരിഹരിക്കാന്‍ യു ഡി എഫ് കണ്ടെത്തിയ വഴി വിചിത്രമാണ്. എം എം ഹസ്സന്‍ ചെയര്‍മാനായി ഒരു ഉപസമിതിയെ നിയോഗിച്ചു. പി സി ജോര്‍ജ്ജ് അടക്കമുള്ളവരുടെ സമിതി ഭൂമാഫിയയെ സഹായിക്കുന്ന നിക്ഷിപ്ത താല്‍പര്യങ്ങള്‍ അടങ്ങുന്ന ഉപസമിതി തൃപ്തികരമല്ലെന്ന് പറഞ്ഞാണ് യു ഡി എഫ് എം എല്‍ എമാര്‍ വി ഡി സതീശന്റെയും ടി എന്‍ പ്രതാപന്റെയും നേതൃത്വത്തില്‍ നെല്ലിയാമ്പതി സന്ദര്‍ശിച്ചത്. അവരുടെ റിപ്പോര്‍ട്ട് യു ഡി എഫിന് സമര്‍പ്പിച്ചതായി അറിയാന്‍ കഴിയുന്നു. ടി എന്‍ പ്രതാപന്‍ അയാളുടെ ജാതിയില്‍പ്പെട്ടവരുടെ കാര്യം നോക്കിയാല്‍ മതിയെന്ന പി സി ജോര്‍ജ്ജിന്റെ പ്രഖ്യാപനം കേരളത്തിന്റെ സമൂഹമനസ്സാക്ഷിയെ നടുക്കി. മുഖ്യമന്ത്രിയും കെ പി സി സി പ്രസിഡന്റുമാവട്ടെ ജോര്‍ജ്ജിന്റെ പ്രസ്താവന നിസ്സാരവത്കരിച്ചു. ഇതിനിടയില്‍ ഉപസമിതിയുടെ വിശ്വാസ്യത തകര്‍ന്നുവെന്ന് ആരോപിച്ചു എം എം ഹസ്സന്‍ രാജിവച്ചു. ഉര്‍വശിശാപം ഉപകാരം, ഹസ്സന്റെ രാജി പലര്‍ക്കും ആശ്വാസമായി. ഹസ്സന്‍ കണ്‍വീനറായി തുടരുന്നത് പലര്‍ക്കും അസൗകര്യമായിരുന്നു. നേരത്തെ തന്നെ പലകാരണങ്ങള്‍ കൊണ്ടും കോണ്‍ഗ്രസില്‍ നിന്ന് ഒറ്റപ്പെട്ട നേതാവാണ് എം എം ഹസ്സന്‍. മുഖ്യമന്ത്രിക്ക് പോലും ഹസ്സന്‍ ചെയര്‍മാനാവുന്നതിന് യോജിപ്പില്ലായിരുന്നുവത്രേ!
ഹസ്സന്‍ ചെയര്‍മാനായ നിയമസഭാസമിതിയുടെ പബ്ലിക് അണ്ടര്‍ടേക്കിങ് കമ്മിറ്റിയാണ് പാമോലിന്‍ ഇടപാടിലെ ക്രമക്കേടും അഴിമതിയും തുറന്ന് കാട്ടിയത്. ഉമ്മന്‍ചാണ്ടി ആരോപണവിധേയനായ പാമോലിന്‍ കേസ് 1991 ല്‍ സംസ്ഥാന ഖജനാവിന് 4 കോടി രൂപയാണ് നഷ്ടപ്പെടുത്തിയത് . തന്നെ പ്രതിയാക്കി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി രക്ഷപ്പെട്ടെന്ന് പ്രസ്താവിച്ച് അന്നത്തെ ഭക്ഷ്യമന്ത്രി ടി എച്ച് മുസ്തഫയും രംഗത്തുവന്നു. കോണ്‍ഗ്രസ് നേതാവായ ടി എച്ച് മുസ്തഫ തന്നെ മുഖ്യമന്ത്രി അഴിമതിക്കാരനാണെന്ന് പ്രഖ്യാപിക്കുകയായിരുന്നു. അന്ന് അഴിമതിക്കാരനായ മുഖ്യമന്ത്രിക്ക് സഹായിയായി ശക്തമായി രംഗത്ത് വന്നത് പി സി ജോര്‍ജായിരുന്നു. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഉയര്‍ന്ന വിജിലന്‍സ് അന്വേഷണത്തിന് നിര്‍ദ്ദേശിച്ച ജഡ്ജിയെ പുകച്ച് പുറത്ത് ചാടിച്ചത് ജോര്‍ജായിരുന്നു . ജഡ്ജിയെ വിരട്ടി, ഉമ്മന്‍ചാണ്ടി അതിന് കൂട്ടുനിന്നു. പാമോലിന്‍കേസ് തീര്‍പ്പാവാതെ ഇപ്പോഴും ഹൈക്കോടതിയിലാണ്. ഉമ്മന്‍ചാണ്ടിയുടെ പേരില്‍ ഇതോടൊപ്പം തന്നെ മറ്റുചില അഴിമതിക്കേസുകളുടെ അന്വേഷണവും നടന്നുവരുന്നു. ജനങ്ങളുടെ വിശ്വാസ്യത നഷ്ടപ്പെട്ട മുഖ്യമന്ത്രിയായി ഉമ്മന്‍ചാണ്ടി. കേരളത്തിന്റെ ചരിത്രത്തില്‍ ഇത്രയും വേഗം ജനങ്ങളില്‍ നിന്ന് ഒറ്റപ്പെട്ട ഒരു മുഖ്യമന്ത്രി ഇതിന് മുമ്പ് ഉണ്ടായിട്ടുണ്ടോ?
മുഖ്യമന്ത്രിയോടൊപ്പം തന്റെ മന്ത്രിസഭയിലെ 11 മന്ത്രിമാരും അഴിമതി ആരോപണത്തിന് വിധേയരും അന്വേഷണത്തെ നേരിടുന്നവരുമാണ്. റവന്യൂമന്ത്രി അടൂര്‍ പ്രകാശിനെതിരെ റേഷന്‍ ഹോള്‍സെയില്‍ കച്ചവടവുമായി ബന്ധപ്പെട്ട് അഴിമതിയാരോപണം ഉന്നയിച്ചത് മറ്റൊരു കോണ്‍ഗ്രസ് നേതാവായ അബ്ദുറഹിമാനാണ്. വ്യവസായമന്ത്രി പി കെ കുഞ്ഞാലിക്കുട്ടി ഒട്ടേറെ അഴിമതി ആരോപണങ്ങള്‍ക്ക് വിധേയനാണ്. നിയമസംവിധാനത്തെ തന്നെ വിലയ്ക്ക് വാങ്ങി എന്ന ആക്ഷേപവും ഇദ്ദേഹത്തിനെതിരെ ഉയര്‍ന്നു വന്നു. തദ്ദേശസ്വയംഭരണമന്ത്രി എം കെ മുനീറിന്റെ പേരിലാവട്ടെ ചെക്ക്‌കേസ് ഉള്‍പ്പെടെ നിരവധി വിജിലന്‍സ് കേസുകള്‍ നിലനില്‍ക്കുന്നു. മന്ത്രിമാരായ ആര്യാടന്‍ മുഹമ്മദ്, സി എന്‍ ബാലകൃഷ്ണന്‍ എന്നിവരും വിജിലന്‍സ് അന്വേഷണത്തെ നേരിടുന്നു. എക്‌സൈസ് മന്ത്രി കെ ബാബു, കൃഷിമന്ത്രി കെ പി മോഹനന്‍, വിദ്യാഭ്യാസമന്ത്രി അബ്ദുറബ്ബ്, ഷിബു ബേബി ജോണ്‍ എന്നിവരും അഴിമതി ആരോപണത്തിന് വിധേയരായി. അഴിമതിയുടെ അഗാധതലങ്ങളിലേക്ക് യു ഡി എഫ് ഭരണം മുങ്ങി താഴുകയാണ്.
ഭൂപരിഷ്‌കരണത്തെ തകിടം മറിക്കാനും ഭൂമാഫിയയെ സഹായിക്കാനുമുള്ള നടപടികള്‍ യു ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ചു. തോട്ടങ്ങളുടെ അഞ്ച് ശതമാനം ടൂറിസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാമെന്ന വ്യവസ്ഥ റിയല്‍ എസ്റ്റേറ്റ് മാഫിയയെ സഹായിക്കുന്നതിനാണ്. 2005 ന് മുമ്പ് നികത്തിയ നെല്‍പ്പാടങ്ങള്‍ക്കും നീര്‍ത്തടങ്ങള്‍ക്കും നിയമസാധുത നല്‍കുന്നതും ഭൂമാഫിയയെ സഹായിക്കുന്നതിന് തന്നെ. 2008 ല്‍ എല്‍ ഡി എഫ് സര്‍ക്കാര്‍ നടപ്പാക്കിയ നെല്‍വയല്‍ - നീര്‍ത്തട സംരക്ഷണനിയമം ഇതിലൂടെ അട്ടിമറിക്കപ്പെടുകയായിരുന്നു. നെല്‍വയലുകളും കുളങ്ങളും നീര്‍ത്തടങ്ങളും കുന്നിടിച്ച് നികത്താന്‍ ലാഭക്കൊതിയന്മാരായ റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ ശ്രമിക്കുന്നു. കുറഞ്ഞ വിലയ്ക്ക് ഭൂമി വാങ്ങി നികത്തി കൂടിയ വിലയ്ക്ക് വില്‍ക്കുന്നു. മൂന്നാറില്‍ കൈയ്യേറ്റക്കാരെ ഒഴിപ്പിക്കുന്നതിന് എല്‍ ഡി എഫ് സര്‍ക്കാര്‍ ശക്തമായ നടപടി സ്വീകരിച്ചിരുന്നു. യു ഡി എഫ് അതും ഉപേക്ഷിച്ചു. റിയല്‍ എസ്റ്റേറ്റുകാരെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികള്‍ക്കും സര്‍ക്കാര്‍ രൂപം നല്‍കുകയാണ്. സപ്തംബറില്‍ നടക്കുന്ന ''എമര്‍ജിങ്ങ് കേരള'' നിക്ഷേപ സംഗമം ആക്ഷേപത്തിന് വിധേയമായി. 700 കോടി രൂപയുടെ കിനാലൂര്‍ എസ്റ്റേറ്റ് 40 കോടി രൂപക്ക് വില്‍പ്പന നടത്താന്‍ പോകുന്നു. സംസ്ഥാന ഖജനാവിന് തന്നെ നഷ്ടം വരുത്തി നിക്ഷിപ്തതാല്‍പ്പര്യക്കാരെ വഴിവിട്ട് സഹായിക്കുന്നതിനുള്ള ഉദാരമായ നടപടി. യു ഡി എഫ് ഭരണത്തില്‍ തീവെട്ടിക്കൊള്ളയാണ് നടക്കുന്നത്.
ഉമ്മന്‍ചാണ്ടി നെല്ലിയാമ്പതി പ്രശ്‌നത്തില്‍ ഭൂമാഫിയയെ സഹായിക്കുന്നു എന്ന ആരോപണമുയര്‍ത്തി രംഗത്ത് വന്ന ഭരണകക്ഷി എം എല്‍ എമാരും ഭൂമാഫിയയെ സഹായിക്കുന്നതിനും കോടികള്‍ അഴിമതി നടത്തുന്നതിനും ഇടയാക്കുന്ന പ്രശ്‌നങ്ങളില്‍ യോജിച്ച പോരാട്ടത്തിന് തയ്യാറാവുമോ? സംസ്ഥാനത്തിന്റെ പൊതുസ്വത്ത് കൊള്ളയടിക്കുന്ന മാഫിയകള്‍ക്ക് കൂട്ട് നില്‍ക്കുന്ന യു ഡി എഫ് ഭരണത്തിനെതിരെ നാം ശക്തമായ പോരാട്ടത്തിന് തയ്യാറാവണം.
No comments:
Post a Comment