അമൃതാനന്ദമയിയുടെ വള്ളിക്കാവിലെ ആസ്ഥാനത്തെത്തി ബഹളമുണ്ടാക്കി എന്നാരോപിക്കപ്പെട്ട ബീഹാര്‍ സ്വദേശി സത്‌നം സിംഗ് ക്രൂരമായി കൊല്ലപ്പെട്ട സംഭവം അതിഗൗരവമായ ചില ധാര്‍മ്മിക നിയമപ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. കേരളീയര്‍ തല്ലിക്കൊന്ന, ബുദ്ധിമാനും തത്വചിന്താപരമായ ദര്‍ശനങ്ങളില്‍ ആകൃഷ്ടനുമായിരുന്ന യുവാവായിരുന്നു സത്‌നം സിംഗ്. അദ്ദേഹത്തിന്റെ അതിദാരുണാന്ത്യത്തെപ്പറ്റി മുഖ്യധാരാ മാധ്യമങ്ങള്‍ തികഞ്ഞ മൗനം പാലിക്കുക മാത്രമല്ല, ആടിനെ പട്ടിയാക്കുന്നു എന്ന് പറയുമ്പോലെ തെളിവുകള്‍ വളച്ചൊടിക്കുകയും യാഥാര്‍ത്ഥ്യത്തെ വഴിതെറ്റിക്കുകയും ചെയ്തിരിക്കുന്നു.
അമ്മ ഭക്തരായ പോലീസ് ഉദ്യോഗസ്ഥരും അമ്മ ഭക്തിയുണ്ടെന്ന് അഭിനയിച്ചുകാണിക്കാനുള്ള ചില മന്ത്രിമാരും മേല്‍പറഞ്ഞ മാധ്യമങ്ങള്‍ക്കൊപ്പം അണിചേര്‍ന്നുകൊണ്ട് സത്‌നം സിംഗിന്റെ മരണം ഒരു കൈയബദ്ധം കൊണ്ടാണെന്ന അതിലഘൂകരണ കഥ പ്രചരിപ്പിക്കുന്നു.
സത്‌നം സിംഗിന്റെ മരണം സംബന്ധിച്ച വിവിധ മാധ്യമ റിപ്പോര്‍ട്ടുകളുടെ ചുരുക്കം ഏതാണ്ടിപ്രകാരമാണ്:
സത്‌നം സിംഗ് അമൃതാനന്ദമയിയെ ആക്രമിക്കാന്‍ ശ്രമിച്ചു. അമ്മക്കടുത്തേക്ക് എന്തോ ആക്രോശിച്ചുകൊണ്ടയാള്‍ പാഞ്ഞടുത്തു. ഉടന്‍ സുരക്ഷാഭടന്മാരും ഭക്തന്മാരും ചേര്‍ന്ന് അയാളെ കീഴ്‌പ്പെടുത്തി. അയാള്‍ക്ക് മാനസിക വിഭ്രാന്തിയുണ്ടായിരുന്നു.
അമൃതാനന്ദമയി കേന്ദ്രത്തില്‍നിന്ന് അയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി പിന്നീട് തിരുവനന്തപുരം ഭ്രാന്താശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഭ്രാന്തിന് ചികിത്സയില്‍ കഴിയുന്ന ഒരുകൂട്ടം പേരുടെ മുറിയില്‍ അയാളെ കിടത്തി. സത്‌നം സിംഗിന്റെ മുടിയും താടിയും ബലമായി വടിച്ചുകളഞ്ഞു. അയാള്‍ ബഹളമുണ്ടാക്കിയപ്പോള്‍ മനോരോഗികളും ആശുപത്രി ജീവനക്കാരും ചേര്‍ന്ന് അതിക്രൂരമായി മര്‍ദ്ദിച്ചു. സത്‌നം സിംഗ് വെള്ളത്തിനായി യാചിച്ചെങ്കിലും കൊടുത്തില്ല. അയാള്‍ മുട്ടിലിഴഞ്ഞ് കക്കൂസിലേക്ക് പോയി നിലത്തെ നനവ് നക്കിക്കുടിച്ചു. പിന്നെ ചേതനയറ്റ് വീണു. മനോരോഗികളും അവരുടെ കാവല്‍ക്കാരും നോക്കിനിന്നു. അന്വേഷണം വന്നു. നാല് ആശുപത്രി ജീവനക്കാരെ കൃത്യവിലോപത്തിന് സസ്‌പെന്‍ഡ് ചെയ്തു. സത്‌നം സിംഗിന്റെ ജഡം ബന്ധുക്കള്‍ ബീഹാറിലേക്ക് കൊണ്ടുപോയി.
അതിക്രൂരമായ ഈ കൃത്യം തീരെ ലഘുവായ ഒരു വാര്‍ത്തയായി ചില മാധ്യമങ്ങളില്‍ മാത്രം ഇടംപിടിച്ചു. എല്ലാ മാധ്യമങ്ങളും ഏതാണ്ട് ഇപ്രകാരം ആവര്‍ത്തിക്കുന്നതു കണ്ടു. സത്‌നം സിംഗിന് മര്‍ദ്ദനമേറ്റത് അമൃതാനന്ദമയി മഠത്തില്‍ വെച്ചല്ല. തിരുവനന്തപുരത്ത് മാനസികാരോഗ്യ കേന്ദ്രത്തില്‍ വെച്ചാണ്. അതായത്, ചില മനോരോഗികളും വാര്‍ഡന്മാരും മാത്രമാണ് ഈ നീചകൃത്യത്തിന് കാരണക്കാരെന്ന് ! അമൃതാനന്ദമയി മഠത്തോട് ദാസ്യഭാവമുള്ള കൊല്ലത്തെ പോലീസ് ഉദ്യോഗസ്ഥരില്‍ നല്ലൊരു പങ്ക് സത്‌നം സിംഗിന് മര്‍ദ്ദനമേറ്റത് കൊല്ലം വിട്ടതിനുശേഷമാണെന്ന് പ്രചരിപ്പിക്കാനും പ്രചാരണം മാധ്യമങ്ങളില്‍ പ്രസിദ്ധീകരിക്കാനും കൂട്ടയി യത്‌നിച്ചു. നിഷ്‌ക്കളങ്കരായ മാധ്യമപ്രവര്‍ത്തകരില്‍ പലരും അമ്മ ഭക്തരായ പോലീസ് ഉദ്യോഗസ്ഥരുടെ കൃത്യമായ വിവരങ്ങളില്‍ വിശ്വസിച്ചു.
അമ്മയെ കാണാന്‍ വള്ളിക്കാവില്‍ എത്തിയ സത്‌നം സിംഗിനെ കേരളീയര്‍ തല്ലിക്കൊന്നു. അത്രതന്നെ കേവലമായ ഒരു മരണം. എല്ലാം കഴിഞ്ഞു. തല്ലിക്കൊന്നവരില്‍ നാലുപേര്‍ കേവലം പ്രതികളായി. എന്നാല്‍, നരഹത്യക്ക് അവര്‍ക്കെതിരെ കേസില്ല ! അമൃതാനന്ദമയി മഠം പതിവുപോലെ അമ്മ മക്കള്‍ക്ക് ദര്‍ശനം കൊടുക്കല്‍ തുടരുന്നു.
എന്നാല്‍, ഇത്രമാത്രമാണോ വസ്തുത? ടി.പി. ചന്ദ്രശേഖരനും ഷുക്കൂറും വധിക്കപ്പെടുമ്പോള്‍ മാത്രം പ്രതികരിക്കേണ്ടവരും അന്വേഷണാത്മക വാര്‍ത്ത രചിക്കേണ്ടവരും മാത്രമാണോ നാം? ഒരു ബീഹാരി യുവാവിനെ തല്ലിക്കൊന്നതിനെ നിസ്സംഗമമായി കാണുക, അമ്മക്കും മഠത്തിനും കൊലയില്‍ പങ്കില്ലെന്ന് സ്ഥാപിക്കാന്‍ ശ്രമിച്ച് മിണ്ടാതിരിക്കുക. വേണ്ടപ്പെട്ടവരുടെ കാര്യത്തിലുള്ള മൗനവ്രതമാണ് ആധുനിക പത്രപ്രവര്‍ത്തനം.
കേരളത്തില്‍ പേപ്പട്ടിയെ പോലും തല്ലിക്കൊല്ലാന്‍ നിയമം അനുവദിക്കുന്നില്ല. പഞ്ചായത്തീരാജ് ആക്ട് പ്രകാരം ശല്യമുണ്ടാക്കുന്ന പട്ടികളെ നശിപ്പിക്കണമെന്ന് മാത്രമാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്കുള്ള നിര്‍ദ്ദേശം. അപ്പോഴാണ് ബീഹാറുകാരനായ താത്വിക ദര്‍ശനങ്ങളോട് ആഭിമുഖ്യമുള്ള ബുദ്ധിമാനായ ഒരു യുവാവ് പേപ്പട്ടിയേക്കാള്‍ ദയനീയമായി കൊല്ലപ്പെട്ടത്. ഈ അറുകൊലയുമായി ബന്ധപ്പെട്ടുയരുന്ന സംശയങ്ങള്‍ നിരവധിയാണ്.
1.അമൃതാനന്ദമയി കേന്ദ്രത്തില്‍ എത്തും മുമ്പ് വര്‍ക്കല ശിവഗിരി മഠത്തില്‍ സത്‌നം സിംഗ് 20 ദിവസത്തോളം താമസിച്ചു. പഠനവും ചര്‍ച്ചയും ഈ കാലയളവില്‍ അദ്ദേഹം നടത്തി. സത്‌നം സിംഗിന് ഒരു മാനസിക പ്രശ്‌നവുമുണ്ടായിരുന്നില്ല എന്നും അതീവ ബുദ്ധിമാനായിരുന്നു അയാളെന്നും ശിവഗിരിയിലെ മുനി നാരായണ പ്രസാദ് സാക്ഷ്യപ്പെടുത്തുന്നു. മാധ്യമങ്ങളില്‍ ഉള്‍പ്പടെ.
2.അമൃതാനന്ദമയിയുടെ നേരെ, സത്‌നം സിംഗ് ആക്രോശിച്ചടുത്തുവെന്നാണ് ആരോപണം. എന്താണദ്ദേഹം ആക്രോശിച്ചതെന്ന് അമൃതാനന്ദമയി സംഘം വെളിപ്പെടുത്തണം. ആക്രോശിച്ചതിന് എന്തോ കാരണമുണ്ട്. ആ കാരണം മറച്ചുവെച്ചിരിക്കുന്നു. അതില്‍ ദുരൂഹതയുണ്ട്.
3.ആക്രോശിച്ച സത്‌നം സിംഗിനെ അമൃതാനന്ദമയി സംഘം കീഴ്‌പ്പെടുത്തി. മഠത്തില്‍വെച്ചുതന്നെ ഇയാള്‍ക്ക് കാര്യമായി പരിക്കേറ്റിരുന്നുവെന്ന് അനുമാനിക്കേണ്ടിയിരിക്കുന്നു. മഠത്തിലെ ക്ലോസ്ഡ് സര്‍ക്യുട്ട് ടി.വി. ദൃശ്യങ്ങള്‍ എഡിറ്റ് ചെയ്ത ശേഷമാണ് പുറത്തുവിട്ടിട്ടുള്ളത്. അതുകൊണ്ട് ആക്രോശിച്ചയാളിനെ കൈകാര്യം ചെയ്യുന്ന രംഗങ്ങള്‍ പുറത്തുവന്നിട്ടില്ല.
4.സത്‌നം സിംഗിനെ അര്‍ധനഗ്നനാക്കി കൈയും കാലും ബന്ധിച്ചാണ് പോലീസ് ആംബുലന്‍സില്‍ കയറ്റിയത്. കൊല്ലം ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ ഹരീഷിന്റെ അടുത്ത് പോലീസ് ആംബുലന്‍സിലാണ് സത്‌നം സിംഗിനെ എത്തിച്ചത്. ഡോക്ടര്‍ ആംബുലന്‍സില്‍ കയറി സത്‌നം സിംഗിനെ പരിശോധിച്ചു. കൈയും കാലും ബന്ധിച്ചിരുന്ന നിലയിലാണ് സത്‌നം സിംഗിനെ താന്‍ കണ്ടതെന്ന് ഡോ. ഹരീഷ് ലേഖകനോട് വെളിപ്പെടുത്തി. അര്‍ധരാത്രി കഴിഞ്ഞ സമയത്തായിരുന്നു ഇത്. എന്നാല്‍, ബാഹ്യമായ പരിക്കുകള്‍ താന്‍ കണ്ടില്ലെന്നും മയങ്ങാന്‍ ഇഞ്ചക്ഷന്‍ നല്‍കി വിട്ടയച്ചുവെന്നും ഡോക്ടര്‍ പറയുന്നു. സത്‌നം സിംഗിനെ എന്തിന് കെട്ടിയിട്ടു ? അയാളുടെ ദേഹപരിശോധനാ റിപ്പോര്‍ട്ട് സംബന്ധിച്ച് പോലീസ് എന്തു പറയുന്നു?
5.ഈ സംഭവത്തില്‍ പോലീസ് എഫ്.ഐ.ആര്‍ തയ്യാറാക്കിയിരിക്കുന്നത് തിരുവനന്തപുരം മാനസികാരോഗ്യ കേന്ദ്രത്തില്‍ സത്‌നം സിംഗ് മരിച്ച സ്ഥലത്തു നിന്നാണ്. യഥാര്‍ത്ഥത്തില്‍ സംഭങ്ങളുടെ തുടക്കം അമൃതാനന്ദമയി കേന്ദ്രമാണ്. അവിടെ തുടങ്ങിയ സംഭവങ്ങള്‍ എഫ്.ഐ.ആറില്‍ ഉള്‍പ്പെടുത്തിയിട്ടില്ല.
6.അമൃതാനന്ദമയി മഠവുമായി നല്ല ബന്ധമുള്ള ഐ.ജി. ബി. സന്ധ്യക്കാണ് കേസന്വേഷണ ചുമതല. ഇത് വിരോധാഭാസമാണ്. സന്ധ്യയുടെ മകള്‍ അമൃതാനന്ദമയി സ്ഥാപനങ്ങളൊന്നില്‍ വിദ്യാര്‍ത്ഥിനിയാണ്. അതുകൊണ്ടുതന്നെ കേസന്വേഷണം ഭക്തിപ്രകടനമായി വഴിമാറുമെന്ന് സംശയിക്കപ്പെടുന്നു.
7.സംഭവത്തില്‍ അമൃതാനന്ദമയിയുടെ മൊഴിയെടുക്കാന്‍ ബി. സന്ധ്യ തയ്യാറായിട്ടില്ല. അമ്മ സ്ഥിരം ദര്‍ശനം നല്‍കുന്നിടത്ത് ഭക്തിപാരവശ്യത്തോടെ പോയി അമ്മയെ ദര്‍ശിച്ച് ഐ.ജി. തിരികെ പോന്നു. അമ്മയോടുള്ള മകളുടെ ഭക്തിപ്രകടനത്തെ കേസന്വേഷണം എന്ന് വിശേഷിപ്പിക്കാമോ?
8.സത്‌നം സിംഗ് അമൃതാനന്ദമയി മഠത്തില്‍ ബിസ്മില്ലാഹി എന്നു തുടങ്ങുന്ന പ്രാര്‍ത്ഥന ചൊല്ലിയതു കേട്ട ചിലര്‍ അദ്ദേഹത്തെ തെറ്റിദ്ധരിച്ചുവത്രേ. ശിവവിരിയില്‍ സര്‍വ്വമത പ്രാര്‍ത്ഥന ശീലിച്ച സത്‌നം സിംഗ് അവിടെനിന്ന് പഠിച്ച ഈ പ്രാര്‍ത്ഥനയും വള്ളിക്കാവില്‍ ഉരുവിട്ടതാവാം. സ്വന്തം മക്കളുടെ അന്തര്‍ഗതം തിരിച്ചറിയാന്‍ കഴിയാത്ത അമ്മക്ക് കേള്‍ക്കുന്ന പ്രാര്‍ത്ഥനയെങ്കിലും ബോധ്യപ്പെടേണ്ടതല്ലേ? ശിവഗിരിയിലെ സര്‍വ്വമത പ്രാര്‍ത്ഥനയില്‍ സത്‌നം സിംഗ് പങ്കെടുത്തിരുന്നതായി മുനി നാരായണ പ്രസാദ് വെളിപ്പെടുത്തിയിട്ടുണ്ട്.
അമൃതാനന്ദമയി കേന്ദ്രത്തിലെ ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി.യില്‍ സത്‌നം സിംഗിന് മര്‍ദ്ദനമേല്‍ക്കുന്നതിന്റെദൃശ്യങ്ങള്‍ ഇല്ലെന്നും അതിനാല്‍ വള്ളിക്കാവില്‍ അയാള്‍ സുരക്ഷിതനായിരുന്നുവെന്നുമാണ് പോലീസും അമൃതാനന്ദമയി കേന്ദ്രവും ഭൂരിപക്ഷം മാധ്യമങ്ങളൂം ഒരേ സ്വരത്തില്‍ പറയുന്നത്. ക്ലോസ്ഡ് സര്‍ക്യൂട്ട് ടി.വി. ദൃശ്യങ്ങളുടെ ആധികാരികത എന്നും തര്‍ക്കവിഷയമാണ്. എവിഡന്‍സ് ആക്ട് പ്രകാരം കോടതിയില്‍ ഈ ദൃശ്യങ്ങള്‍ ആധികാരിക രേഖയായി പരിഗണിക്കപ്പെടില്ല.
മക്കളുടെ അന്തര്‍ഗതങ്ങള്‍ തിരിച്ചറിയുമ്പോഴാണല്ലോ ഒരു അമ്മ, കേവലം ഒരു അമ്മയെന്ന നിലവിട്ട് ഭക്തരുടെ ദിവ്യപരിവേഷമുള്ള അമ്മയായി രൂപാന്തരപ്പെടുന്നത്. എങ്കില്‍ ആക്രോശിച്ചു എന്ന് പറയപ്പെടുന്ന സത്‌നം സിംഗിന്റെ അന്തര്‍ഗതം, അമ്മയ്ക്കു തിരിച്ചറിയാന്‍ കഴിയേണ്ടതായിരുന്നില്ലേ? ആ കുട്ടിക്ക് അമ്മയോട് എന്തോ പറയുവാനുണ്ടായിരുന്നില്ലേ?
അമൃതാനന്ദമയിയെ കാണാന്‍ കേരളത്തിലെത്തിയ ബീഹാറുകാരനായ മകന്‍ ചെയ്ത ഏക കുറ്റം അമ്മയോട് ആക്രോശിച്ചുവെന്നതാണ്. ആക്രോശിക്കുന്നവര്‍ മരണയോഗ്യന്‍ എന്നാവാം പുതിയ ആത്മീയ പ്രഖ്യാപനം. കേരളത്തില്‍ എ.കെ.ജി. സെന്ററിലോ ഇന്ദിരാഭവനിലോ എത്തിയ ഒരാള്‍ അവിടെ ആക്രോശിക്കുകയും തുടര്‍ന്ന് മണിക്കൂറുകള്‍ക്കകം കൊല്ലപ്പെടുകയും ചെയ്താല്‍ എന്ത് സംഭവിക്കുമെന്ന് ഊഹിക്കാം. ഒരിടത്ത് കുറ്റകൃത്യം നടക്കുമെന്നറിവുണ്ടായിട്ടും തടയാന്‍ ശ്രമിച്ചില്ല എന്ന കുറ്റാരോപണം മുന്‍നിര്‍ത്തി രാഷ്ട്രീയ നേതാവ് അറസ്റ്റിലാകുന്നു. മറ്റൊരിടത്ത് അമ്മയെ നോക്കി മകന്‍ ആക്രോശിക്കുന്നു. മണിക്കൂറുകള്‍ക്കകം തറയിലെ നനവുനക്കി മകന്‍ ചത്തുവീഴുന്നു.
കടപ്പാട്: മാധ്യമം
No comments:
Post a Comment