Sunday, August 19, 2012

യു ഡി എഫും നെല്ലിയാമ്പതിയും !!


മുന്നണിക്കുള്ളിലെ കലഹങ്ങളും തര്‍ക്കങ്ങളുംകൊണ്ട് സമ്പന്നമാണ് ഐക്യ ജനാധിപത്യ മുന്നണി എക്കാലവും. ഈ തര്‍ക്കങ്ങളൊന്നും ആശയപരമോ രാഷ്ട്രീയമോ അല്ല എന്നത് ഏവര്‍ക്കും അറിയാവുന്ന വസ്തുതയുമാണ്. യു ഡി എഫ് സര്‍ക്കാര്‍ അധികാരത്തില്‍ വരുമ്പോഴെല്ലാം തര്‍ക്കങ്ങളും വഴക്കും രൂക്ഷമാവുകയാണ് പതിവ്. ഇത്തവണയും സ്ഥിതി വ്യത്യസ്തമല്ല. മന്ത്രിസഭാ രൂപീകരണ ഘട്ടം മുതല്‍ തുടങ്ങിയ പടല പിണക്കങ്ങള്‍ നെല്ലിയാമ്പതി വിഷയത്തില്‍വരെ എത്തി നില്‍ക്കുകയാണ്.

നെല്ലിയാമ്പതിയിലെ പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ ഏറ്റെടുക്കുന്നതിനെ ചൊല്ലി ആദ്യം കലഹിച്ചത് ചീഫ് വിപ്പ് പി സി ജോര്‍ജും, വനം മന്ത്രി ഗണേഷ് കുമാറുമായാണ്. ഈ തര്‍ക്കം രൂക്ഷമായപ്പോഴാണ് മന്ത്രി എന്ന നിലയില്‍ ജോര്‍ജിനെ അനുസരിക്കാന്‍ തനിക്ക് ബാധ്യതയില്ലെന്ന് ഗണേഷ് നിയമസഭയില്‍ പരസ്യമായി പറഞ്ഞത്. ഇതിനെ തുടര്‍ന്ന് സഭയ്ക്ക് പുറത്ത് പത്രസമ്മേളനം നടത്തിയ ജോര്‍ജ്, ഗണേശന് എതിരെ രൂക്ഷമായ വിമര്‍ശനം നടത്തി. സിനിമാക്കാര്‍ ഭരിക്കാന്‍ വരേണ്ട എന്ന് തുറന്നടിച്ച ജോര്‍ജ്, ഗണേശന്റെ സ്വഭാവം മോശമാണെന്നും മാധ്യമങ്ങളിലൂടെ ജനത്തെ അറിയിച്ചു. ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തില്‍വെച്ച് ജോര്‍ജ് ഗണേശന്റെ തന്തയ്ക്ക് വിളിച്ചുവെന്നും മന്ത്രി ഇറങ്ങിപ്പോയി എന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. 

ഇതിനിടയില്‍ നെല്ലിയാമ്പതി വിഷയം പഠിക്കാന്‍ യു ഡി എഫ് ഒരു ഉപസമിതിയെ നിയോഗിച്ചു. സമിതി സന്ദര്‍ശനം നടത്തി തെളിവെടുത്തതിന്റെ പിറ്റേ ദിവസം കോണ്‍ഗ്രസ്സിലെ ഏതാനും എം.എല്‍ എമാര്‍ സമിതിയില്‍ അവിശ്വാസം രേഖപ്പെടുത്തി. തുടര്‍ന്ന് എം എല്‍ എ മാരുടെ ബദല്‍ സംഘം നെല്ലിയാമ്പതി സന്ദര്‍ശിച്ചു. ഇവര്‍ യു ഡി എഫ് സമിതിയുടെ നിഗമനങ്ങള്‍ തള്ളുകയും കഴിഞ്ഞ എല്‍ ഡി എഫ് സര്‍ക്കാര്‍ സ്വീകരിച്ച നടപടികളാണ് ശരിയെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു.  ഇതില്‍ പ്രതിഷേധിച്ച് യു ഡി എഫ് സമിതിയുടെ അധ്യക്ഷ സ്ഥാനം എം എം ഹസ്സന്‍ രാജിവെച്ചു. നെല്ലിയാമ്പതി വിഷയത്തില്‍ അഭിപ്രായം പറഞ്ഞ ടി എന്‍ പ്രതാപനോട്, മത്സ്യത്തൊഴിലാളികളുടെ കാര്യം നോക്കിയാല്‍ മതിയെന്ന് പി സി ജോര്‍ജ് ഉപദേശിച്ചത് വിവാദമായി. 

നെല്ലിയാമ്പതി വിഷയം യു ഡി എഫില്‍ കനത്ത പ്രതിസന്ധിയാണ് ഉണ്ടാക്കിയിരിക്കുന്നത്. കോണ്‍ഗ്രസ് എം എല്‍ എമാര്‍ സര്‍ക്കാര്‍ നടപടികളില്‍ പരസ്യമായി അവിശ്വാസവും സംശയവും പ്രകടിപ്പിക്കുന്ന സാഹചര്യമാണ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നത്. നെല്ലിയാമ്പതിയിലെ സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് വി എം സുധീരനും രംഗത്തുവന്നിട്ടുണ്ട്.

യു ഡി എഫിലെ തര്‍ക്കങ്ങള്‍ നെല്ലിയാമ്പതി വിഷയവുമായി ബന്ധപ്പെട്ട് മാത്രമുള്ളതല്ല. മന്ത്രിസഭാ രൂപീകരണ കാലംമുതല്‍തന്നെ കോണ്‍ഗ്രസ്സിന് ഉള്ളിലും ഘടകകക്ഷികള്‍ തമ്മിലും തര്‍ക്കം നിലനിന്നിരുന്നു. മന്ത്രിസഭാ രൂപീകരണ വേളയില്‍ കോണ്‍ഗ്രസ്  നേരിട്ട പ്രധാന പ്രശ്‌നം രമേശ് ചെന്നിത്തലയുടെ മന്ത്രിസഭാ പ്രവേശനമായിരുന്നു. മുഖ്യമന്ത്രി സ്ഥാനം ലക്ഷ്യമിട്ട് നിയമസഭാ തിരഞ്ഞെടുപ്പില്‍ മല്‍സരിച്ച ചെന്നിത്തല മന്ത്രിസഭയില്‍ ചേരാനാകാതെ നിയമസഭയില്‍ പ്രതിപക്ഷ നിരയിലെ സീറ്റില്‍ അനാഥനായിരിക്കുന്ന ദയനീയ കാഴ്ച കോണ്‍ഗ്രസ്സിന് ഇപ്പോഴും അസ്വസ്ഥത തന്നെയാണ് സൃഷ്ടിക്കുന്നത്. ആഭ്യന്തര വകുപ്പ് കിട്ടിയാല്‍ മന്ത്രിയാകാന്‍ ആഗ്രഹിച്ച ചെന്നിത്തലയോട് ആഭ്യന്തരം മുഖ്യമന്ത്രിക്കുതന്നെ വേണമെന്ന കടുംപിടിത്തമാണ് ഉമ്മന്‍ചാണ്ടി നടത്തിയത്. ഒടുവില്‍ ഉമ്മന്‍ചാണ്ടി ആഭ്യന്തരം തന്റെ വിശ്വസ്ഥനായ തിരുവഞ്ചൂര്‍ രാധാകൃഷ്ണന് കൈമാറിയപ്പോള്‍ ചെന്നിത്തലയോട് ആലോചിച്ചുമില്ല. മന്ത്രിസഭാ രൂപീകരണ വേളയില്‍തന്നെ ലീഗ് ഒരു സമ്മര്‍ദ്ദ ശക്തിയായി നിലകൊള്ളുകയാണ്. അഞ്ചാം മന്ത്രിക്കായി കാട്ടിക്കൂട്ടിയതൊന്നും കേരളം മറക്കാനിടയില്ല.

ഭരണപരമായ കാര്യങ്ങളില്‍ മന്ത്രിമാരും ഘടകകക്ഷികളും തമ്മിലുള്ള തര്‍ക്കങ്ങള്‍ സര്‍ക്കാരിന് വെല്ലുവിളിയായിരിക്കുന്നു. ജനസമ്പര്‍ക്ക പരിപാടിക്കെതിരെ ധനമന്ത്രി സ്വീകരിച്ച എതിര്‍നിലപാടുകള്‍ അന്ന് ചര്‍ച്ചയായിരുന്നു. 
സംസ്ഥാനത്തെ 32 അണ്‍-എയ്ഡഡ് സ്‌കൂളുകള്‍ എയ്ഡഡ് ആക്കാന്‍ മന്ത്രിസഭ തീരൂമാനിച്ചുവെന്ന് വിദ്യാഭ്യാസ മന്ത്രിയും അങ്ങിനെ തീരുമാനിച്ചിട്ടില്ല എന്ന് മുഖ്യമന്ത്രിയും നിയമസഭയില്‍ പറഞ്ഞത് വിവാദമായിരുന്നു. ഇതുസംബന്ധിച്ച ഫയല്‍ ധനമന്ത്രി തീരുമാനം എടുക്കാതെ തിരിച്ചയച്ചതും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. ഇതിനെ തുടര്‍ന്നാണ് ധനവകുപ്പിന് എതിരെ രൂക്ഷ വിമര്‍ശനവുമായി ലീഗ് നേതൃത്വം രംഗത്തു വന്നത്. 

നെല്‍വയല്‍-തണ്ണീര്‍തട നിയമം അട്ടിമറിക്കാനുള്ള സര്‍ക്കാര്‍ തീരുമാനം യു ഡി എഫില്‍ ശക്തമായ അഭിപ്രായ ഭിന്നത സൃഷ്ടിച്ചിരുന്നു. സര്‍ക്കാരിന്റെ തീരുമാനങ്ങള്‍ക്കു പിന്നില്‍ ബാഹ്യ ശക്തികളാണെന്ന് പരസ്യമായി പറഞ്ഞത് വി എം സുധീരനാണ്. ടി പി ചന്ദ്രശേഖരന്റെ വധത്തെ തുടര്‍ന്നുണ്ടായ രാഷ്ട്രീയ കാലാവസ്ഥയുടെ മറപിടിച്ച് സംശയകരമായ പലതും സംസ്ഥാന ഭരണത്തില്‍ നടന്നുവെന്ന് സൂധീരന്‍ തുറന്നടിച്ചു. താന്‍ അധികാരത്തില്‍ വന്നശേഷം ഒരു വയലും നികത്തിയിട്ടില്ല എന്ന ഉമ്മന്‍ചാണ്ടിയുടെ അവകാശവാദത്തെ സുധീരന്‍ പുഛിച്ചു തള്ളുന്നതും നമുക്ക് കേള്‍ക്കാനായി. സര്‍ക്കാരിന്റെ നടപടികളില്‍ കോണ്‍ഗ്രസ്സിന്റെ മുതിര്‍ന്ന നേതാവുതന്നെ സംശയാലുവാകുന്നത് ഭരണത്തില്‍ എന്താണ് നടക്കുന്നത് എന്നതിന്റെ തെളിവാണ്. 

സര്‍ക്കാരിന്റെ മദ്യനയം പ്രഖ്യാപിച്ച ഘട്ടത്തിലും സമാനമായ വിമര്‍ശനം ഉയര്‍ന്നു. വി ഡി സതീശന്‍, ടി എന്‍ പ്രതാപന്‍, കെ മുരളീധരന്‍ തുടങ്ങി സര്‍ക്കാരിനെതിരെ നിലകൊള്ളുന്ന കോണ്‍ഗ്രസ് എം എല്‍ എമാരുടെ എണ്ണം വളരെ കൂടുതലാണ്. കോണ്‍ഗ്രസ് പുനസംഘടനയോടെ അത് ഇനിയും വര്‍ധിക്കും.
യു.ഡി.എഫിലെ ഘടകകക്ഷികള്‍ സര്‍ക്കാരിനും കോണ്‍ഗ്രസ്സിനും എതിരെ നിരന്തരം പ്രസ്താവനകള്‍ നടത്തിക്കൊണ്ടിരിക്കന്നു. ബാലകൃഷ്ണപിള്ളയും എം വി രാഘവനും കെ ആര്‍ ഗൗരിയമ്മയും സര്‍ക്കാരിനേയും കോണ്‍ഗ്രസ്സിനേയും രൂക്ഷമായി വിമര്‍ശിച്ച് പലതവണ രംഗത്തു വന്നുകഴിഞ്ഞു. 

യു ഡി എഫില്‍ തന്റെ പാര്‍ട്ടി ഇല്ല എന്നാണ് ആര്‍ ബാലകൃഷ്ണപിള്ള പറയുന്നത്. ലീഗിന്റെ അപ്രമാദിത്വത്തേയും പിള്ള ചോദ്യം ചെയ്യുന്നു. കൂടിലായോചനകള്‍ നടക്കുന്നില്ല മുന്നണിയിലെന്നാണ് ഗൗരിയമ്മയുടെ വിമര്‍ശനം. ഫലത്തില്‍ മുന്നണിയിലെ സി എം പി, ജെ എസ് എസ്, പിള്ള ഗ്രൂപ്പ് ഇവയ്‌ക്കൊന്നും മുന്നണിയിലൊരു റോളും ഇല്ലാത്ത സ്ഥിതിയാണുള്ളത്.
മന്ത്രിസഭയില്‍ ഒന്നിനുംകൊള്ളാത്തവര്‍ ഉണ്ടെന്ന സുധീരന്റെ വെളിപ്പെടുത്തലുണ്ടായത് അടുത്ത ദിവസങ്ങളിലാണ്. മന്ത്രിമാരില്‍ ഒന്നിനും കൊള്ളാത്തവരുണ്ടെന്ന് ഒരു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുതന്നെ പറയുമ്പോള്‍ അത് അവിശ്വസിക്കേണ്ടതില്ല. 

ചുരുക്കത്തില്‍ യു ഡി എഫിനുള്ളിലെ അന്തഛിദ്രങ്ങളും പടലപിണക്കങ്ങളും സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുന്ന സ്ഥിതിയാണുള്ളത്. 'കഴിവുകെട്ട മന്ത്രിമാരും പരസ്പര വിശ്വാസം നഷ്ടപ്പെട്ട കക്ഷികളും എം എല്‍ എ മാരുടെപോലും വിശ്വാസമാര്‍ജിക്കാന്‍ ആവാത്ത കോണ്‍ഗ്രസ് നേതൃത്വവും ചേര്‍ന്ന് നയിക്കുന്ന സര്‍ക്കാരില്‍നിന്നും കേരളം ഒന്നും പ്രതീക്ഷിക്കേണ്ടതില്ല എന്ന് ഉറപ്പായിരിക്കുന്നു.

No comments:

Post a Comment