സാമൂഹ്യവിപത്തായി സ്ത്രീധനം ചോദിക്കരുത്, കൊടുക്കരുത്, വാങ്ങരുത് എന്ന ശക്തമായ നിരോധന നിയമം നിലനില്‍ക്കുന്നുണ്ട്. സ്ത്രീധനനിരോധന നിയമം കൂടാതെ സ്ത്രീധനവുമായി ബന്ധപ്പെട്ട് ഐ പി സി 498 (എ), 305 (ബി) തുടങ്ങിയ വകുപ്പുകളും ശക്തമായുണ്ട്. നിയമപ്രകാരം സ്ത്രീധനത്തിന്റെ പേരില്‍ മാനസികമായോ ശാരീരികമായോ പീഡിപ്പിക്കാന്‍ പാടില്ലാത്ത നമ്മുടെ നാട്ടില്‍ സ്ത്രീധന പീഡനങ്ങള്‍ വര്‍ധിച്ചുവരുന്നു. ക്രൈം റിക്കോര്‍ഡുകള്‍ വെളിപ്പെടുത്തുന്നത് 2000 മാണ്ടില്‍ 6995 സ്ത്രീധന മരണമെങ്കില്‍, 2010 ല്‍ 8391 ആയി വര്‍ധിച്ചു എന്നാണ്. 2010 മായി താരതമ്യപ്പെടുത്തുമ്പോള്‍ 2011 ല്‍ 27.7 ശതമാനം വര്‍ധനവുണ്ടായി. 498 (എ) വകുപ്പുകളില്‍ പത്തൊമ്പത് ശതമാനം കേസുകളില്‍ മാത്രമേ ശിക്ഷ നല്‍കാന്‍ കഴിഞ്ഞിട്ടുള്ളൂ- സ്ത്രീധനനിരോധന നിയമവുമായി ബന്ധപ്പെട്ട് വെറും 2.7 ശതമാനം കേസുകളില്‍ മാത്രമേ ശിക്ഷ ലഭിച്ചിട്ടുള്ളൂ. കോടതികളുടെ ഭാഗത്ത് നിന്ന് സ്ത്രീകള്‍ക്ക് ആശ്വാസകരമായ വിധികള്‍ ലഭിച്ചിട്ടുണ്ടെങ്കിലും സ്ത്രീധനനിരോധന നിയമവുമായി ബന്ധപ്പെട്ട ചിലവിധികള്‍ സ്ത്രീകള്‍ക്ക് പ്രയാസമുണ്ടാക്കുന്നുണ്ട്. വിവാഹവുമായി ബന്ധപ്പെട്ട് നല്‍കുന്ന സമ്മാനങ്ങള്‍ സ്ത്രീധനമായി കരുതുന്നില്ല എന്നതും കോടതി വിധിയുടെ മറവില്‍ സമ്മാനങ്ങള്‍ എന്ന പേരില്‍ സ്ത്രീധനം വാങ്ങാനുള്ള സാഹചര്യങ്ങള്‍ ഒരുക്കുന്നു.
ശൈശവ വിവാഹനിരോധനനിയമം പൂര്‍ണമായും അവഗണിക്കുന്നു എന്ന് തെളിയിക്കുന്നതാണ് യൂനിസെഫ് ഈയിടെ നടത്തിയ വെളിപ്പെടുത്തല്‍. 2000 ത്തിനും 2009 നുമിടയ്ക്ക് ഇന്ത്യയില്‍ 43 ശതമാനം പെണ്‍കുട്ടികളെ പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പ് വിവാഹം കഴിപ്പിച്ചു. ഇന്ത്യ ഇപ്പോള്‍ ശൈശവവിവാഹത്തില്‍ ലോകത്ത് എട്ടാം സ്ഥാനത്ത് എത്തിനില്‍ക്കുന്നു. 9-3-2011 ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ടുചെയ്ത ശൈശവവിവാഹത്തിലേര്‍പ്പെട്ട 2.4 ലക്ഷം കുഞ്ഞുങ്ങള്‍ ഇപ്പോള്‍ ഗര്‍ഭിണികളും അമ്മമാരുമാണ്. കേരളത്തില്‍ സുപ്രിംകോടതിയുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 2008 ലെ കേരളവിവാഹ രജിസ്‌ട്രേഷന്‍ (പൊതു) ചട്ടങ്ങള്‍ക്ക് രൂപംകൊടുത്തിട്ടുള്ളത് ശൈശവവിവാഹങ്ങള്‍ നിയന്ത്രിക്കാന്‍ ഒരു പരിധിവരെ ഗുണകരമായിട്ടുണ്ട്.
ഇന്ത്യയില്‍ ക്രിമിനല്‍ നടപടിക്രമം 125-ാം വകുപ്പുപ്രകാരം ഭാര്യക്കും കുട്ടികള്‍ക്കും നിയമപരമായതും അല്ലാത്തതും തന്റെ ജീവിതകാലയളവില്‍ ചെലവിന് കൊടുത്തുസംരക്ഷിക്കേണ്ട ചുമതല ഹിന്ദുപുരുഷനുണ്ട്. ആണ്‍കുട്ടിക്കും പെണ്‍കുട്ടിക്കും 18 വയസുവരെ വിവാഹചെലവിനും അവകാശമുണ്ട്. എന്നാല്‍ 1986 ലെ ഷാബാനു കേസിലെ വിധിന്യായം സ്ത്രീകള്‍ക്ക് അഭിമാനകരമായിരുന്നു. മൊഴിചൊല്ലപ്പെട്ട സ്ത്രീക്ക് സി ആര്‍ പി സി 125 ബാധകമാണെന്ന് വിധിച്ചപ്പോള്‍ മതമേധാവിത്വം രംഗത്തുവന്നു. മതമൗലികവാദികളെ തൃപ്തിപ്പെടുത്താന്‍ 1986 ലെ ദി മുസ്‌ലിം വുമണ്‍ പ്രൊട്ടക്ഷന്‍ ഓഫ് റൈറ്റ്‌സ് ഓണ്‍ ഡൈവോഴ്‌സ് യുദ്ധകാല ചെലവ് കൊടുക്കാനും മത്താഹ് ആയി ഒരുസംഖ്യ നല്‍കാനും വ്യവസ്ഥചെയ്തിട്ടുണ്ട്. മതപൗരോഹിത്വം സ്ത്രീസംരക്ഷണ നിയമങ്ങളില്‍ കടന്നാക്രമണം നടത്തുന്നതിന്റെ ഉദാഹരണമാണിത്.
സ്ത്രീയുടെ മാന്യതയ്ക്ക് കോട്ടംതട്ടുന്ന വ്യാച്യമോ വ്യംഗ്യമോ ആയ പെരുമാറ്റം സ്ത്രീയെ അപമാനിക്കുന്ന ചിത്രങ്ങള്‍, ലഘുലേഖകള്‍ പ്രദര്‍ശിപ്പിക്കുന്നത് ഐ പി സി 509 പ്രകാരം കുറ്റകരമാണ്. കൂടാതെ സ്ത്രീയുടെ മാന്യതക്ക് ഭംഗം വരുത്തുന്ന പ്രവൃത്തികള്‍ സെക്ഷന്‍ 354 പ്രകാരം കുറ്റകരമാണ്.
ഗര്‍ഭസ്ഥശിശു ലിംഗിര്‍ണയനിരോധനനിയമം നമ്മുടെ രാജ്യത്ത് നടപ്പിലായപ്പോള്‍ വളരെയേറെ പ്രതീക്ഷയോടെ സ്ത്രീകള്‍ ഇതിനെ സ്വീകരിച്ചു. എന്നാല്‍ 1991, 2001, 2011 എന്നീ വര്‍ഷങ്ങളിലെ ലിംഗാനുപാതം പരിശോധിച്ചാല്‍ ജനസംഖ്യയിലെ സ്ത്രീകളുടേയും പുരുഷന്മാരുടെയും എണ്ണത്തിലുള്ള വിടവ് വര്‍ധിക്കുന്നതായി മനസിലാക്കാന്‍ കഴിയും. ഗര്‍ഭസ്ഥശിശുവിനെ ഭ്രൂണാവസ്ഥയില്‍ പരിശോധിച്ചു ലിംഗനിര്‍ണയം ഉറപ്പുവരുത്തി പെണ്‍കുഞ്ഞിനെ നശിപ്പിക്കുന്ന രീതി ഇന്ത്യയില്‍ വളര്‍ന്നുവരുന്നു. 20-10-2011 ന് ടൈംസ് ഓഫ് ഇന്ത്യ പുറത്തുവിട്ട കണക്കുകള്‍ പറയുന്നത് നഗരങ്ങളിലുള്ള പൊരുത്തക്കേട് ഗ്രാമങ്ങളിലേക്കാള്‍ കൂടുതലെന്നാണ്. പുതിയ സെന്‍സസ് പ്രകാരം ആയിരം ആണ്‍കുട്ടികള്‍ക്ക് 914 പെണ്‍കുട്ടികള്‍ ആണ്. ഇന്ത്യയിലെ രജിസ്ട്രാര്‍ ജനറലും സെന്‍സസ് കമ്മിഷണറുമായ ചന്ദ്രമൗലിയ പറയുന്നത് സ്വാതന്ത്ര്യാനന്തര ഇന്ത്യയില്‍ പെണ്‍കുട്ടികളുടെ എണ്ണം ഏറ്റവും കുറഞ്ഞത് 2011 ലെന്നാണ്. ഗര്‍ഭസ്ഥ ശിശുലിംഗനിര്‍ണയം നിരോധനനിയമം നിലവിലുണ്ടെങ്കിലും അത് വെറും നോക്കുകുത്തിയാണ്. ഈ നിയമമനുസരിച്ച് ആകെ 61 കേസുകളാണ് 2011 ല്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഗര്‍ഭഛിദ്രവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഇരുപത് വര്‍ഷത്തിനിടയ്ക്ക് 10 മില്യണ്‍ സ്ത്രീകളാണ് മരണപ്പെട്ടത്. ഭ്രൂണപരിശോധനയും അതിന്റെ ഭാഗമായി നടത്തുന്ന ഗര്‍ഭഛിദ്രത്തിലുമായി അഞ്ച് ലക്ഷം പെണ്‍കുട്ടികള്‍ മരണപ്പെടുന്നു. ഇതും നിര്‍ബന്ധിത ഗര്‍ഭഛിദ്രം തടയല്‍ നിയമം നിലനില്‍ക്കുമ്പോഴാണ് എന്നതും ഓര്‍ക്കേണ്ടതാണ്. സ്ത്രീകള്‍ വിവേചനം കൂടുതല്‍ അനുഭവിക്കുന്നത് വ്യക്തിനിയമങ്ങളിലാണ്. പ്രത്യേകിച്ച് മുസ്‌ലിം വ്യക്തിനിയമത്തിലെ വിവാഹ, വിവാഹമോചന നിയമങ്ങളിലും സ്വത്തവകാശ നിയമങ്ങളിലെല്ലാം തന്നെ ഇത് ദര്‍ശിക്കാവുന്നതാണ്. സൈബര്‍ കുറ്റകൃത്യങ്ങളിലും കൂടുതല്‍ ഇരയാവുന്നത് സ്ത്രീകളാണ്. സൈബര്‍ നിയമങ്ങള്‍ ഫലപ്രദമായി ഉപയോഗപ്പെടുത്തിയാല്‍ ഏറെ ഗുണകരമാവും.
ആഭാസസ്ത്രീചിത്രീകരണ നിരോധനനിയമം, വ്യഭിചാരവ്യാപാരനിരോധനനിയമം, സ്ത്രീനിരോധന നിയമം, പ്രസവാനുകൂല്യ നിയമം, തൊഴില്‍ നിയമങ്ങള്‍ ഇന്ത്യന്‍ പീനല്‍ കോഡില്‍ വിവക്ഷിച്ചിട്ടുള്ള 304 (ബി), 306 (സി) ആത്മഹത്യക്ക് പ്രേരിപ്പിക്കുക. 312 (ഗര്‍ഭഛിദ്രം)- 406 ഐ പി സി, 493 ഐ പി സി (വിവാഹം കഴിച്ചുവെന്ന് വിശ്വസിപ്പിച്ച് ശാരീരികബന്ധത്തിലേര്‍പ്പെടുക- 495 ദ്വിഭാര്യാത്വം, 497 അഡല്‍റ്ററി തുടങ്ങിയ നിയമങ്ങളും സ്ത്രീപക്ഷനിയമങ്ങളാണ്.
ഏറ്റവും വലിയ ഭരണഘടനയും നിയമസംവിധാനങ്ങളും ജനാധിപത്യവും നമ്മുടേതാണെന്ന് നാം അവകാശപ്പെടുന്നു. എന്നിട്ടും ഭരണഘടന അനുശാസിക്കുന്ന നിയമങ്ങള്‍ക്ക് വിധേയമായിപ്പോലും സ്ത്രീ പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ നമുക്ക് കഴിയുന്നില്ല എന്നത് ദുഃഖകരമാണ്. അവകാശലംഘനങ്ങളെ കണ്ടറിഞ്ഞ് തടയാനോ നിയമത്തിന്റെ പിന്‍ബലത്താല്‍ ഫലപ്രദമായി പ്രവര്‍ത്തിക്കുവാനോ ഭരണകൂടത്തിന് കഴിയുന്നില്ല എന്നതാണ് ഈ അവസ്ഥയ്ക്ക് കാരണം. നിയമം നിര്‍ദേശിക്കുന്ന പരിഹാരമാര്‍ഗങ്ങള്‍ ഫലപ്രദമാകുന്നില്ലെങ്കില്‍ നിയമം മൃതാവസ്ഥയിലും ക്രമേണ അര്‍ഥശൂന്യവും ആകും.
No comments:
Post a Comment