Sunday, December 23, 2018

ഹര്‍ത്താല്‍ വിമുക്ത കേരളം

അനാവശ്യവും ജനദ്രോഹപരവുമായ ഹര്‍ത്താലുകള്‍ കൊണ്ട് പൊറുതി മുട്ടിയ ജനം ഒടുവില്‍ പ്രതികരിക്കാന്‍ തീരുമാനിച്ചത് നല്ലൊരു തുടക്കമാണെന്നതില്‍ സംശയമില്ല. കേരളത്തില്‍ നിന്ന് ഹര്‍ത്താലുകളെ നാടുകടത്തി ശുദ്ധികലശം ചെയ്യാന്‍ വിവിധ സംഘടനകള്‍ തീരുമാനിച്ചെന്ന വാര്‍ത്ത ഏറെ ശുഭപ്രതീക്ഷകളാണ് നല്‍കുന്നത്.

പണ്ടൊക്കെ പ്രമുഖ പാര്‍ട്ടികള്‍ ആഹ്വാനം ചെയ്യുന്ന ഹര്‍ത്താലുകള്‍ക്ക് വ്യാപാരികളും കേരള സമൂഹവും പിന്തുണ നല്‍കിയിരുന്നു. എന്നാല്‍, പില്‍ക്കാലത്ത് തൊട്ടതിനും പിടിച്ചതിനുമെല്ലാം ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന സ്ഥിതി വന്നപ്പോള്‍ അത് ജനങ്ങളുടെ സ്വൈര്യജീവിതത്തിന് തടസ്സമായി. ഇപ്പോള്‍ ഒരു വ്യക്തി വിചാരിച്ചാല്‍ കേരളമൊട്ടാകെ സ്തംഭിപ്പിക്കാവുന്ന തരത്തില്‍ ഹര്‍ത്താലുകള്‍ മാറി. തിരുവനന്തപുരത്ത് ഏതെങ്കിലും ഒരു പാര്‍ട്ടി പ്രവര്‍ത്തകനെ ആരെങ്കിലും കൈയ്യേറ്റം ചെയ്താല്‍ കാസര്‍ഗോഡില്‍ ഹര്‍ത്താല്‍ ആചരിക്കുന്ന സ്ഥിതിവരെയെത്തി കാര്യങ്ങള്‍. ശബരിമല പ്രശ്നവുമായി ബന്ധപ്പെട്ട് എത്രയോ ഹര്‍ത്താലുകള്‍ അനാവശ്യമായി പ്രഖ്യാപിച്ച് ജനങ്ങളെ കഷ്ടപ്പെടുത്തി?

2018 പിറന്നതിനുശേഷം നവംബര്‍ വരെ 87 ഹര്‍ത്താലുകളാണു കേരളത്തില്‍ ന‌ടന്നത്. പ്രളയദുരന്തം സൃഷ്ടിച്ച പ്രതിസന്ധി സാഹചര്യം പോലും ചിന്തിക്കാതെ ഹര്‍ത്താല്‍ പ്രഖ്യാപനക്കാര്‍ മനുഷ്യത്വരഹിതമായാണ് സമരവുമായി രംഗത്തിറങ്ങിയത്. നൂറ്റാണ്ടിന്‍റെ ദുരന്തത്തില്‍ നിന്നുള്ള ജനങ്ങളുടെ അതിജീവനം പ്രഥമ പരിഗണനയര്‍ഹിക്കുമ്പോള്‍ ഓരോ ഹര്‍ത്താലും നഷ്ടപ്പെടുത്തുന്ന വിലയേറിയ മണിക്കൂറുകളുടെ വില ഹര്‍ത്താല്‍ പ്രഖ്യാപകര്‍ ഗൗനിച്ചില്ല. ഓരോ ഹര്‍ത്താലും ഏകദേശം ആയിരം കോടി രൂപയുടെ ഉത്പാദന നഷ്ടമുണ്ടാക്കുന്നു എന്നാണു റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതായത് പ്രതിവര്‍ഷം ഒരു ലക്ഷം കോടിയോളം രൂപയുടെ നഷ്ടം ഹര്‍ത്താലുകള്‍ വഴി സംസ്ഥാനത്തിനുണ്ടാകുന്നു എന്നര്‍ത്ഥം. കേരളത്തിന്റെ വാര്‍ഷിക പൊതുബജറ്റ് വിഹിതത്തിന്‍റെ മൂന്നില്‍ രണ്ടോളം വരുന്ന തുകയാണിത്. നോട്ട് നിരോധനം, ജി എസ് ടി, പ്രളയം തുടങ്ങിയ പ്രതിസന്ധികളില്‍ തകര്‍ന്നുപോയ കേരളത്തിന്റെ സാമ്പത്തിക അടിത്തറയുടെ അസ്ഥിവാരമിളക്കുന്നതാണു ഹര്‍ത്താലെന്ന് അറിവുള്ളവര്‍ തന്നെയാണ് നിരന്തരം ഹര്‍ത്താലുകള്‍ക്ക് ആഹ്വാനം ചെയ്യുന്നതെന്നതും വിരോധാഭാസം തന്നെ.

ഹര്‍ത്താലുകള്‍ ജനവിരുദ്ധമാണെന്ന് ആവര്‍ത്തിച്ചാവര്‍ത്തിച്ച് പ്രഖ്യാപനങ്ങളും പ്രസ്താവനകളും ഇറക്കുന്നവര്‍ തന്നെ അവയൊക്കെ വിസ്മരിച്ച് സ്വന്തം കാര്യസാധ്യത്തിനായി വീണ്ടും വീണ്ടും ഹര്‍ത്താല്‍ സംഘടിപ്പിക്കുന്നത് ജനവിരുദ്ധ സമരമുറയാണെന്നു മാത്രമല്ല, ജീവിക്കുന്നതിനുള്ള മനുഷ്യന്റെ പൗരാവകാശം നിഷേധിക്കുന്നതിനു തുല്യമാണ്. സമൂഹനന്മയ്ക്കായി നിലകൊള്ളേണ്ട ഭരണപ്രതിപക്ഷ പാര്‍ട്ടികളും സംഘടനകളും ജനദ്രോഹപരമായ നീക്കം അവസാനിപ്പിക്കാന്‍ തയ്യാറാകാത്തതുകൊണ്ടാണ് സമൂഹത്തിന്‍റെ നാനാതുറകളില്‍പ്പെട്ട ആയിരക്കണക്കിനാളുകള്‍ അടുത്ത വര്‍ഷം ഹര്‍ത്താലിനെ നാടുകടത്താനും 2019 ഹര്‍ത്താല്‍ മുക്ത വര്‍ഷമായി ആചരിക്കാനും തീരുമാനിച്ചിരിക്കുന്നത്. ഈ ആഹ്വാനം ഏറ്റെടുത്തുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി, കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി, മലബാര്‍ - കൊച്ചി ചേംബര്‍ ഒഫ് കൊമേഴ്സ് തുടങ്ങിയ സംഘടനകളും ഒട്ടേറെ സംരംഭകരും ചെറുകിട കച്ചവടക്കാരുമൊക്കെ ഈ പ്രഖ്യാപനത്തിന് ജീവന്‍ പകര്‍ന്നിരിക്കുകയാണ്. ഈ പ്രഖ്യാപനം മറ്റു തലങ്ങളിലേക്കും വ്യാപിച്ചതിന്റെ പരിണിതഫലമാണു വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്ന 64 സംഘടനകളും ഇന്ത്യന്‍ മര്‍ച്ചന്റ്സ് അസ്സോസിയേഷന്‍ കേരള ഘടകവും തീരുമാനമെടുത്തത്.

മനുഷ്യന്റെ സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുത്തുന്ന ഒരു രാജ്യമായി ഇന്ത്യ മാറുന്നത് അത്ര സുഖകരമായ വാര്‍ത്തയല്ല, അഭ്യസ്ഥവിദ്യരെന്ന് വിശേഷിപ്പിക്കുന്ന കേരളീയരെ സംബന്ധിച്ച് പ്രത്യേകിച്ചും. എല്ലാ വിഭാഗത്തിലും പെട്ടവരുടെ പൗരാവകാശ ലംഘനമാണു ഹര്‍ത്താലിലെ മനം മടുപ്പിക്കുന്ന ഏറ്റവും വലിയ ഘടകം. നിത്യരോഗികള്‍ മുതല്‍ ഉദ്യോഗാര്‍ഥികളും വിദ്യാര്‍ഥികളും വരെ അക്കൂട്ടത്തിലുണ്ട്. പൊതുമുതല്‍ നശിപ്പിക്കുന്നതും, പകലന്തിയോളം കഷ്ടപ്പെട്ട് പണിയെടുത്ത് കുടുംബം പോറ്റുന്നവരുടെ കഞ്ഞിയില്‍ മണ്ണു വാരിയിട്ട് പാവപ്പെട്ടവരെ കഷ്ടതയിലേക്ക് തള്ളിവിടുന്നതാണ് ഹര്‍ത്താലുകള്‍. സംസ്ഥാനത്തിനുണ്ടാകുന്ന നഷ്ടം പൊതുഗണത്തില്‍ പെടുത്തി എഴുതിത്തള്ളാനും കഴിയുന്നതല്ല.

ഹര്‍ത്താലുകള്‍ മൂലം നിരവധി പേര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടു പോയത്, പ്രത്യേകിച്ച് പ്രവാസികള്‍ക്ക്. ഗള്‍ഫ് രാജ്യങ്ങളില്‍ നിന്ന് ലീവിനു വന്ന് തിരിച്ചു പോകുന്നവര്‍ ജോലിക്ക് ഹാജരാകുന്നതിന്റെ തലേ ദിവസമായിരിക്കും നാട്ടില്‍ നിന്ന് തിരിച്ചു പോകുന്നത്. അന്നായിരിക്കും അപ്രതീക്ഷിത ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്നതും. വിമാനത്താവളത്തില്‍ എത്തിപ്പെടാനാകാതെ എത്രയോ പേര്‍ക്ക് അവരുടെ തൊഴില്‍ നഷ്ടപ്പെട്ടുപോയിട്ടുണ്ട്. അവര്‍ക്കൊന്നും യാതൊരു നഷ്ടപരിഹാരമോ മറ്റു സഹായങ്ങളോ ഈ ഹര്‍ത്താല്‍ ആഹ്വാനം ചെയ്യുന്ന പാര്‍ട്ടികള്‍ ചെയ്തുകൊടുക്കാറില്ല. അങ്ങനെ തൊഴില്‍ നഷ്ടപ്പെട്ടുപോയ അസംഖ്യം ഹതഭാഗ്യരുടെ നാടാണു കേരളം. സമൂഹത്തിന്‍റെ എല്ലാ തുറകളിലും പെട്ടവര്‍ ഹഹര്‍ത്താലിന് ഇരകളാണെങ്കിലും സംഘടിത രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള സ്വാതന്ത്ര്യമോ സന്നാഹങ്ങളോ പൊതുജനമെന്ന കൂട്ടായ്മക്കില്ല. ഈ ദൗര്‍ബല്യം മുതലെടുത്താണ്, ആഹ്വാനം ചെയ്യാന്‍ സംഘടനയോ സാരഥികളോ ഇല്ലെങ്കില്‍ പോലും ഹര്‍ത്താല്‍ വിജയിക്കുന്ന നാടായി കേരളം മാറിയത്.

ഹര്‍ത്താല്‍ പ്രഖ്യാപിച്ച് പൊതുനിരത്തിലിറങ്ങി സര്‍ക്കാര്‍ വാഹനങ്ങള്‍ തച്ചുടയ്ക്കുന്നതും, ജനങ്ങളെ ദേഹോപദ്രവമേല്പിക്കുന്നതും കൂടാതെ അക്രമാസക്തരായ ഹര്‍ത്താലനുകൂലികള്‍ കടകമ്പോളങ്ങള്‍ കൈയ്യേറുന്നതും അടിച്ചുതകര്‍ക്കുന്നതും പതിവു സംഭവമാണ്. അത്തരത്തിലുള്ള ഭീഷണികള്‍ക്ക് വഴങ്ങാന്‍ ഞങ്ങള്‍ക്ക് മനസ്സില്ല എന്ന ചിന്തയാണ് ഇപ്പോള്‍ വ്യാപാരി സമൂഹവും ടൂറിസം വ്യവസായ രംഗത്തെ വിവിധ സംഘടനകളും ചെറുത്തു തോല്പിക്കാന്‍ തീരുമാനമെടുക്കാന്‍ പ്രേരിപ്പിച്ചത്. ജനം എന്ന കൂട്ടായ്മയുടെ ഭാഗം തന്നെയാണ് ഈ സംഘടനകള്‍. ഈ തീരുമാനത്തില്‍ സമൂഹം ഉറച്ചു നിന്നാല്‍ ഇനി കേരളത്തില്‍ ഒരു ദിവസം പോലും ഹര്‍ത്താല്‍ ഉണ്ടാകില്ല. അതുകൊണ്ടുതന്നെ അവര്‍ ഉയര്‍ത്തിക്കാട്ടിയ ഹര്‍ത്താല്‍ വിരുദ്ധ പ്രഖ്യാപനം ഏറ്റവും വലിയ ജനകീയ മുന്നേറ്റവുമാണ്. സമസ്ത മേഖലയിലെയും ജനങ്ങള്‍ ഈ കൂട്ടായ്മയ്ക്കൊപ്പമുണ്ടാകും. ശക്തമായ ഈ ജനവികാരം ശരിയായി മനസിലാക്കാന്‍ എല്ലാ രാഷ്‌ട്രീയ-സാമൂഹ്യ-സാമുദായിക സംഘടനകള്‍ക്കും കഴിഞ്ഞാല്‍ നാനാതുറകളില്‍ പെട്ട ജനസമൂഹം ഈ തീരുമാനത്തില്‍ ഉറച്ചു നില്‍ക്കുകയും, ഹര്‍ത്താല്‍ പ്രഖ്യാപിക്കുന്ന പാര്‍ട്ടികള്‍, വ്യക്തികള്‍, സംഘടനകള്‍ എന്നിവയെ ബഹിഷ്ക്കരിക്കുകയും, പൊതുനിരത്തിലിറങ്ങി കാഹളം മുഴക്കുന്ന വിവിധ പാര്‍ട്ടി അനുകൂലികളെ ശാരീരികമായി കൈകാര്യം ചെയ്യുകയും ചെയ്താല്‍ കേരളത്തിന്‍റെ മണ്ണില്‍ നിന്ന് എന്നന്നേക്കുമായി നാടുകടത്തപ്പെടും, ഹര്‍ത്താല്‍ എന്ന സാമൂഹ്യ വിപത്ത്. ഭാവിയില്‍ ഹര്‍ത്താലെന്ന പേരില്‍ അവര്‍ രംഗത്തിറങ്ങുകയില്ല. പോലീസ് സം‌രക്ഷിച്ചുകൊള്ളും എന്ന വിശ്വാസം പാടെ ഉപേക്ഷിക്കുകയാണ് അഭികാമ്യം. കാരണം, പോലീസിലും ക്രിമിനലുകളുണ്ട്, പാര്‍ട്ടി അനുഭാവികളുമുണ്ട്. കോടതികളും ഇപ്പോള്‍ വിശ്വാസയോഗ്യമല്ലാതായിത്തീര്‍ന്നിരിക്കുന്നു. ഇരുമ്പും ചിതലരിക്കുന്ന അവസ്ഥ....!

No comments:

Post a Comment