Tuesday, April 9, 2019

കേരള രാഷ്ട്രീയത്തിലെ അതികായകന് വിട

കേരള സംസ്ഥാന രാഷ്ട്രീയത്തില്‍ ചരിത്രമെഴുതി അര നൂറ്റാണ്ടിലധികം തിളങ്ങി നിന്ന നേതാവെന്ന ബഹുമതി കരസ്ഥമാക്കിയ കെ എം മാണി വിടവാങ്ങി. പ്രതിസന്ധികളെയെല്ലാം അതിജീവിച്ച് എക്കാലത്തും രാഷ്ട്രീയ കേരളത്തിന്റെ മുന്‍നിരയില്‍ തന്റെ സ്ഥാനം ഉറപ്പുവരുത്തിയ അപൂര്‍വ പ്രതിഭകളിലൊരാളായിരുന്നു കെ എം മാണി. അറുപത്തിമൂന്നു വയസു മാത്രം പ്രായമുള്ള ഐക്യകേരളം എന്ന മാതൃഭൂമിയുടെ ഭരണസാരഥ്യത്തില്‍ 51 വര്‍ഷവും മൂന്നു മാസവും ഒന്‍പതു ദിവസവും പൂര്‍ത്തിയാക്കി ഇന്നലെ വിടപറഞ്ഞ കരിങ്ങോഴയ്ക്കൽ മാണി മാണി എന്ന കെ എം മാണി അത്തരക്കാരില്‍ അത്യപൂര്‍വമാണ്. കേരള രാഷ്‌ട്രീയത്തില്‍ അദ്ദേഹത്തോളം അനുഭവജ്ഞാനവും പരിചയസമ്പത്തും ഭരണപാടവവുമുള്ള നേതാക്കള്‍ കുറയുമെന്നല്ല, ഇല്ലെന്നു തന്നെ പറയണം.

ഇ.എം.എസ്, സി. അച്യുതമേനോന്‍, കെ. കരുണാകരന്‍, ഇ.കെ. നായനാര്‍ തുടങ്ങി കേരളത്തിന്റെ രാഷ്ട്രീയ ദിശയെ നിര്‍വചിക്കുകയും നയിക്കുകയും ചെയ്ത അതികായരുടെ കൂട്ടത്തില്‍ മാണിയുടെ പേരുമുണ്ട്. ആധുനിക കേരളത്തെ രൂപപ്പെടുത്തുന്നതില്‍ നിയമസഭക്കകത്തും പുറത്തും ഇവര്‍ നടത്തിയ ഇടപെടലുകള്‍ക്ക് അത്രമേല്‍ പ്രാധാന്യമുണ്ട്. ആ അര്‍ഥത്തില്‍ മാണിയുടെ വിയോഗം ഒരു കാലഘട്ടത്തിന്റെ സ്മരണകളുടെ അവസാനം കൂടിയാണ്. ആദരാഞ്ജലികള്‍.

ഒരു നിയോജക മണ്ഡലത്തെ മാത്രം ആയുഷ്കാലം പ്രതിനിധീകരിച്ചു എന്നു മാണിക്ക് അവകാശപ്പെടാം. എന്നാല്‍ തങ്ങളുടെ സ്വന്തം മാണി സാര്‍ ജീവിച്ചിരുന്ന കാലത്തോളം, അദ്ദേഹത്തെയല്ലാതെ വേറൊരാളെയും തങ്ങള്‍ നിയമസഭയിലേക്ക് അയച്ചില്ലെന്ന പാലാക്കാരുടെ അവകാശവാദത്തിനാണു കൂടുതല്‍ ബലം. അത്രമാത്രം ഇഴപിരിയാത്ത ആത്മബന്ധമായിരുന്നു മാണിയും പാലായും തമ്മിലുണ്ടായിരുന്നത്. ഇരുകൂട്ടരുടെയും ഈ വിടവാങ്ങല്‍ രണ്ടു കൂട്ടര്‍ക്കും താങ്ങാന്‍ കഴിയുന്നതല്ലതാനും. 1965ല്‍ പാലാ നിയമസഭ മണ്ഡലം പിറവിയെടുത്തതു മുതല്‍ അവിടെ ഒരൊറ്റ എം.എല്‍.എയേ ഉണ്ടായിട്ടുള്ളൂ - മാണി. അങ്ങനെയാണ് അദ്ദേഹം പാലായുടെ മാണിക്യമായത്.

ഒരു സാധാരണ രാഷ്‌ട്രീയ നേതാവോ, ജനപ്രതിനിധിയോ, മന്ത്രിയോ ആയിരുന്നില്ല കെ.എം. മാണി. രാഷ്‌ട്രീയ മിത്രങ്ങളെപ്പോലെ, ശത്രുക്കള്‍ക്കും പ്രാപ്യനായ നേതാവായിരുന്നു അദ്ദേഹം. രാഷ്‌ട്രീയത്തിലെ ഔന്നത്യം കീഴടക്കുമ്പോഴും അദ്ദേഹം സാധാരണ ജനങ്ങള്‍ക്കൊപ്പം നിന്നു. റവന്യു മന്ത്രിയായിരിക്കെ, മലയോര മേഖലയെ ഇളക്കിമറിച്ച് പട്ടയ മേളയിലൂടെ അദ്ദേഹം കൈയടി നേടി. ഏറ്റവും കൂടുതല്‍ മലയോര കുടിയേറ്റക്കാര്‍ക്ക് പട്ടയം നല്‍കിയ റവന്യൂ മന്ത്രിയാണ് മാണി. കര്‍ഷകത്തൊഴിലാളികള്‍ക്കൊപ്പം കര്‍ഷകർക്കും പെൻഷന്‍, ചെറുകിട കച്ചവടക്കാര്‍ മുതല്‍ മത്സ്യത്തൊഴിലാളികള്‍ക്കുവരെ ക്ഷേമനിധി മുതലായവ മാണിയുടെ സംഭാവനയായിരുന്നു. കേസും ഫീസുമില്ലാതെ കോടതികളില്‍ വന്നുപോകുന്ന ആയിരക്കണക്കിന് അഭിഭാഷകര്‍ക്ക് വാര്‍ധക്യകാലത്ത് മാന്യമായ പെന്‍ഷന്‍ ലഭ്യമാക്കുന്ന അഭിഭാഷക ക്ഷേമനിധിയും മാണിയുടെ ക്രഡിറ്റില്‍ ചേര്‍ക്കാവുന്നതാണ്.

ഒട്ടേറെ ഭരണ നേട്ടങ്ങള്‍ൾ അവകാശപ്പെടുമ്പോഴും കെ.എം. മാണിയെന്ന മനുഷ്യ സ്നേഹി, പൊതുസമൂഹത്തില്‍ ഇന്നും, ഇനിയെന്നും ഓര്‍മിക്കപ്പെടുന്നത് കാരുണ്യ ബനവലന്‍റ് പദ്ധതി എന്ന ആരോഗ്യ സുരക്ഷാ പദ്ധതിയിലൂടെയാകും. പതിനായിരക്കണക്കിനു പാവപ്പെട്ട രോഗികള്‍ക്ക് ഇതു നല്‍കിയ ആശ്വാസം കുറച്ചൊന്നുമല്ല.

കാരുണ്യ പദ്ധതി മാത്രമല്ല, കേരള സംസ്ഥാന ലോട്ടറി എന്ന കാമധേനുവിനെ കേരളത്തിന്‍റെ വികസന പന്ഥാവിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ കഴിഞ്ഞതും നേട്ടമായി. മദ്യവില്പന കഴിഞ്ഞാല്‍ സംസ്ഥാനത്തിന്‍റെ ഏറ്റവും വലിയ നികുതി വരുമാന സ്രോതസാണ് ഇപ്പോള്‍ ഭാഗ്യക്കുറി. പതിനായിരക്കണക്കിനു രൂപ കേരളത്തില്‍ നിന്നു കൊള്ളയടിച്ചിരുന്ന ഇതര സംസ്ഥാന ലോട്ടറികള്‍ കേരളത്തില്‍ നിരോധിക്കുന്നതിനും അദ്ദേഹം വലിയ പങ്ക് വഹിച്ചു. കഷ്ടിച്ച് ഒരു വര്‍ഷക്കാലം മാത്രം വൈദ്യുതി വകുപ്പ് കൈകാര്യം ചെയ്ത അദ്ദേഹത്തിന്‍റെ കാലത്താണു വെളിച്ച വിപ്ലവം എന്ന പേരില്‍ സാര്‍വത്രിക വൈദ്യുതീകരണത്തിനു തുടക്കം കുറിച്ചത്.

പ്രായോഗിക രാഷ്ട്രീയത്തിന്റെ പ്രണേതാവ് എന്ന നിലയില്‍ അഴിമതിയുടെ ചളിക്കുണ്ടില്‍ കൈപുരളുകയെന്നത് മാണിയെ സംബന്ധിച്ച് അനിവാര്യത തന്നെയായിരുന്നു. രാഷ്ട്രീയ ജീവിതത്തിന്റെ അവസാന കാലങ്ങളില്‍ അതും സംഭവിച്ചു. അവസാനമായി അവതരിപ്പിച്ച ബജറ്റ് പ്രസംഗം സംഘര്‍ഷത്തില്‍ കലാശിച്ചപ്പോള്‍, അതുവരെ നേടിയെടുത്ത റെക്കോഡുകളൊക്കെയും ഒരു നിമിഷമെങ്കിലും അപ്രസക്തമായതുപോലെ തോന്നി. അപ്പോഴും ജനാധിപത്യത്തിന്റെ സ്പിരിറ്റില്‍ രാഷ്ട്രീയ സൗഹാര്‍ദം നിലനിര്‍ത്താന്‍ അദ്ദേഹം ശ്രമിച്ചത് കാണാതിരുന്നുകൂടാ. ആ സൗഹൃദമാണ് ഇടഞ്ഞുനിന്ന പി.ജെ. ജോസഫിനെപ്പോലും അനുനയത്തിന്റെ പാതയിലേക്ക് കൊണ്ടുവരാനും വീണ്ടുമൊരു പിളര്‍പ്പ് ഒഴിവാക്കാനും സാധിച്ചത്. ഇരുമുന്നണികള്‍ക്കും മാണിസാര്‍ ഒരുപോലെ സ്വീകാര്യനാകുന്നതിന്റെ രഹസ്യവും മറ്റൊന്നല്ല.

12 മന്ത്രിസഭകളിലായി 24 വര്‍ഷം മന്ത്രിയായിരുന്ന അദ്ദേഹത്തിന്‍റെ കൈയൊപ്പ് പതിയാത്ത മേഖലകളില്ല. തെരഞ്ഞെടുപ്പ് കഴിയുമ്പോള്‍ ജനങ്ങളെ മറക്കുന്ന പല ജനപ്രതിനിധികള്‍ക്കും കെ.എം. മാണി അത്ഭുതം തന്നെയാണ്. ജനങ്ങളും ജനപ്രതിനിധിയും തമ്മിലുള്ള ആത്മബന്ധത്തിന്‍റെ പ്രതീകമാണ് പാലായും കെ.എം. മാണിയും. മരണം വരെ ഈ വിശ്വാസ്യത കാത്തു സൂക്ഷിച്ചാണു മാണി വിട പറയുന്നത്.

No comments:

Post a Comment