2019, മാർച്ച് 23, ശനിയാഴ്‌ച

എവിടെ സ്ത്രീ സുരക്ഷ ?

ഓച്ചിറയില്‍ രാജസ്ഥാന്‍ സ്വദേശിയായ പെണ്‍കുട്ടിയെ ഒരു സംഘമാളുകള്‍ തട്ടിക്കൊണ്ടുപോയത് സാക്ഷര കേരളമെന്ന് അഭിമാനിക്കുന്ന സംസ്ഥാനത്ത് സംഭവിക്കാന്‍ പാടില്ലാത്തതാണ്. മാതാപിതാക്കളെ മര്‍ദ്ദിച്ച് അവശരാക്കിയതിനുശേഷമാണ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയിരിക്കുന്നത്. സ്ഥലത്തെ ഇടതുപക്ഷ പ്രവര്‍ർത്തകന്‍റെ മകനാണു തട്ടിക്കൊണ്ടുപോകലിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചതെന്നാണ് വാര്‍ത്തകള്‍. ഈ കേസിനെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭാംഗം സുരേഷ് ഗോപി പെണ്‍കുട്ടിയുടെ മാതാപിതാക്കളുടെ അടുത്തെത്തി അവരെ ആശ്വസിപ്പിക്കുകയും, ഉന്നത പൊലീസ് ഉദ്യോഗസ്ഥന്‍ സ്ഥലത്തെത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. തട്ടിക്കൊണ്ടു പോകല്‍ കേസിലെ പ്രതിയുടെ രാഷ്‌ട്രീയ ബന്ധവും സുരേഷ് ഗോപിയുടെ രാഷ്‌ട്രീയവുമാണ് ഓച്ചിറയില്‍ ഏറ്റുമുട്ടിയത് എന്ന് ആരോപിക്കുന്നവരുണ്ടെങ്കില്‍പ്പോലും അതു പറഞ്ഞ് സംഭവത്തിന്‍റെ ഗൗരവസ്വഭാവം വഴിമാറ്റാനാവില്ല.

സമീപകാലത്ത് കേരളത്തില്‍ സ്ത്രീകള്‍ക്കെതിരേ, പ്രത്യേകിച്ചു യുവതികള്‍ക്കെതിരേ ഉണ്ടാകുന്ന അതിക്രമങ്ങള്‍ അതിരുവിടുകയാണ്. ഏതു പ്രായത്തിലുള്ളവരും സുരക്ഷിതരല്ലെന്നാണു സമീപകാല സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. തൊഴിലിടങ്ങളിലും ദേവാലയങ്ങളിലും എന്നുവേണ്ട പാര്‍ട്ടി ഓഫീസുകള്‍ വരെ പീഡന കേന്ദ്രങ്ങളാകുന്നു. പൊതുനിരത്തുകളിലെ അതിക്രമങ്ങള്‍ ഭയാനകമാകുന്നു എന്നതിനു തെളിവാണ് അടുത്ത കാലത്തു തിരുവല്ലയിലും സംഭവിച്ചത്. പ്രണയിച്ചും പ്രണയം നടിച്ചും വിവാഹം കഴിച്ചും വിവാഹ വാഗ്ദാനങ്ങള്‍ നൽകിയുമൊക്കെ പലതരത്തിലാണു പീഡനങ്ങള്‍ക്ക് ഇരകളെ കണ്ടെത്തുന്നത്.

തിരുവല്ലയില്‍ പെണ്‍കുട്ടിയെ ദാരുണമായി കൊലപ്പെടുത്തിയത് പ്രണയത്തിന്റെ പേരിലായിരുന്നു. സഹപാഠിയായ പെണ്‍കുട്ടിയോട് പ്രേമം തോന്നുകയും പെണ്‍കുട്ടി അത് നിരസിച്ചതിന്റെ പേരില്‍ പട്ടാപ്പകല്‍ നഗരമധ്യത്തില്‍ പെട്രോളൊഴിച്ചു പച്ചയ്ക്കു തീകൊളുത്തുന്ന മാനസികാവസ്ഥ സാധാരണ മനുഷ്യരുടേതല്ല. ദേഹമാസകലം പൊള്ളലേറ്റ് ആശുപത്രിയില്‍ പ്രാണവേദനയോടെ കഴിഞ്ഞ ഈ പെണ്‍കുട്ടിയുടെ ദൈന്യതയ്ക്കും വേദനയ്ക്കും അവളുടെ മരണത്തോടെയാണു ശമനമുണ്ടായത്. തിരുവനന്തപുരം ജില്ലയില്‍ സ്കൂൾ വിദ്യാർഥിനിയെ പ്രലോഭിപ്പിച്ച് കാറിൽ കയറ്റി കൊണ്ടുപോയി റബ്ബര്‍ തോട്ടത്തിലെ ആളൊഴിഞ്ഞ പ്രദേശത്ത് വെച്ച് പീഡിപ്പിച്ചത് ഒരു മതപുരോഹിതനാണ്. മനുഷ്യരെ സാന്മാര്‍ഗത്തിലേക്ക് നയിക്കാനുള്ള ഉപദേശ നിര്‍ദ്ദേശങ്ങള്‍ കൊടുത്ത്, അവരെ നേരിന്‍റെയും നന്മയുടെയും വഴിയിലേക്കു നയിക്കേണ്ടവരാണ് മതപുരോഹിതന്മാരും നേതാക്കളും. അവര്‍ തന്നെ പീഡനക്കേസുകളില്‍ പ്രതിയാകുന്നത് സമൂഹത്തിനുണ്ടാകുന്ന അപചയത്തിന്‍റെ നേര്‍സാക്ഷ്യം തന്നെ.

ഷൊര്‍ണൂരില്‍ പാര്‍ട്ടി ഓഫീസില്‍ വെച്ച് പാര്‍ട്ടി എംഎല്‍എ മോശമായി പെരുമാറി എന്ന ഒരു യുവതിയുടെ പരാതി രാഷ്‌ട്രീയ കോളിളക്കം തന്നെ സൃഷ്ടിച്ചിരുന്നു. പാര്‍ട്ടി തലത്തില്‍ വലിയ അന്വേഷണമൊക്കെ നടന്നെങ്കിലും ഇരയ്ക്കു നീതി കിട്ടിയില്ല എന്ന ആരോപണം ശക്തമാണ്. ഇപ്പോള്‍, പാലക്കാട് ജില്ലയില്‍ത്തന്നെയുള്ള ചെര്‍പ്പുളശേരിയില്‍ ഒരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഓഫിസില്‍, യുവതി പീഡിപ്പിക്കപ്പെട്ടതായി പരാതി ഉയര്‍ന്നിരിക്കുന്നു. യുവതി പ്രസവിച്ച ചോരക്കുഞ്ഞിനെ ഉപേക്ഷിക്കുകയും ചെയ്ത ഈ സംഭവം തെരഞ്ഞെടുപ്പു കാലത്ത് വലി‍യ കോളിളക്കം സൃഷ്ടിക്കുകയാണ്. യുവാവിനെയും യുവതിയെയും പാര്‍ട്ടി കൈവിട്ടു എന്നതുകൊണ്ട് പ്രശ്നം അവസാനിക്കുന്നില്ല, അവസാനിപ്പിക്കുകയുമരുത്. കുട്ടികള്‍ ഇങ്ങനെ പെരുവഴിയില്‍ ഉപേക്ഷിക്കപ്പെടുന്ന തരത്തില്‍ തിന്മകള്‍ വളര്‍ന്നുവലുതാകുന്നത് സമൂഹം തിരിച്ചറിയേണ്ടതാണ്.

ഏതാനും ദിവസങ്ങള്‍ക്കോ മാസങ്ങള്‍ക്കോ ഉള്ളില്‍ നടന്ന ചില സംഭവങ്ങള്‍ മാത്രമാണ് ഇവിടെ വിശദീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഇത്തരത്തിലുള്ള സംഭവങ്ങള്‍ ഒന്നും രണ്ടുമല്ല, ആയിരക്കണക്കിനു വരും. 2017ല്‍ 1656 ലൈംഗിക പീഡന കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കഴിഞ്ഞ വര്‍ഷം ഇത് 3068 ആയി വളര്‍ന്നു. 26 കുട്ടികളാണു കഴിഞ്ഞ വര്‍ഷം കേരളത്തില്‍ ലൈംഗിക പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്. 304 സ്ത്രീകള്‍ ഈ കാലയളവില്‍ കൊല്ലപ്പെട്ടു. 4498 പീഡന ശ്രമക്കേസുകളും 581 കൊലപാതക ശ്രമക്കേസുകളും റിപ്പോര്‍ട്ട് ചെയ്തു.
വിദ്യാഭ്യാസ നിലവാരത്തിലും സ്ത്രീശാക്തീകരണത്തിലും വളരെ മുന്നില്‍ നില്‍ക്കുന്ന സംസ്ഥാനമാണു കേരളം. സ്ത്രീപീഡനത്തിലും അതിക്രമങ്ങളിലും മുന്നിട്ടു നില്‍ക്കുന്നതും കേരളം തന്നെ എന്നതു നിസാരമായി കാണാനാവില്ല. കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കുകയാണ് അതിക്രമങ്ങള്‍ കുറയാനുള്ള പ്രധാന മാര്‍ഗം. എന്നാല്‍, അതിക്രമങ്ങള്‍ക്കും പീഡനങ്ങള്‍ക്കും സ്വയം വശംവദരാകാതിരിക്കാനുള്ള വിവേകം കൂടി പ്രകടിപ്പിക്കട്ടെ, നമ്മുടെ പെണ്‍കുട്ടികള്‍.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ