മലയാള സിനിമയുടെ മണിമുഴക്കം നിലച്ചിട്ട് ഇന്നേക്ക് മൂന്ന് വര്‍ഷം. നാടന്‍ പാട്ടിന്റെ താളവും തനതു ശൈലിയിലുള്ള അഭിനയ മികവും കൊണ്ട് തെന്നിന്ത്യന്‍ സിനിമാ ലോകത്ത് താരമായി മാറിയ പ്രിയപ്പെട്ട കലാകാരന്‍ 2016 മാര്‍ച്ച് ആറാം തീയതിയാണ് കലാലോകത്തെ കണീരിലാഴ്ത്തി നമ്മെ വിട്ടുപിരിഞ്ഞത്. ഈ ചാലക്കുടിക്കാരനും അദ്ദേഹം സമ്മാനിച്ച കഥാപാത്രങ്ങളും നാടന്‍ പാട്ടുകളുമെല്ലാം കാലത്തിന്റെ അതിര്‍വരമ്പുകള്‍ ഭേദിച്ച് ഈ ഭൂമിയില്‍ അനശ്വരമായി തുടരും.
കടുത്ത ദരിദ്രത്തിന്റെ ചൂടേറ്റാണ് കലാഭവന്‍ മണിയെന്ന കലാകാരന്‍ വളര്‍ന്നത്. കലയോടുള്ള അടക്കാനാവാത്ത അഭിനിവേശമാണ് മണിയെന്ന സാധാരണക്കാരനെ തെന്നിന്ത്യ മുഴുവന്‍ അറിയപ്പെടുന്ന വ്യക്തിയാക്കി മാറ്റിയത്. ചിരിപ്പിച്ചും കരയിപ്പിച്ചും വേറിട്ട ഭാവങ്ങളിലൂടെ സഞ്ചരിച്ച, ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി മാറിയെ മണിയെ മലയാളത്തിന് മറക്കാനാവില്ല. മണിയുടെ ചിരി മലയാളിക്ക് എന്നും ഹരമായിരുന്നു. മിമിക്രി, അഭിനയം, സംഗീതം,സാമൂഹ്യ പ്രവര്‍ത്തനം എന്നിങ്ങനെ മലയാള സിനിമയില്‍ മറ്റാര്‍ക്കും ചെയ്യാനാകാത്ത വിധം സര്‍വതല സ്പര്‍ശിയായി പടര്‍ന്നൊരു വേരിന്റെ പേരായിരുന്നു കലാഭവന്‍ മണി.
ഒരു സ്‌കൂളിന്റെയും ഇന്‍സ്റ്റിറ്റ്യൂട്ടിന്റെയും പിന്‍ബലമില്ലാതെ ചാലക്കുടിയിലെ ഓട്ടോ സ്റ്റാന്‍ഡില്‍ ദിവസക്കൂലിക്ക് ഓടിയിരുന്ന മണി മലയാള സിനിമയില്‍ പിടിമുറുക്കുമ്പോള്‍ തകര്‍ത്തെറിയപ്പെട്ടത് പല അഭിനയ സമ്പ്രദായങ്ങളുമായിരുന്നു.സിനിമാ താരം താരമായി മാത്രം നിലനില്‍ക്കുകയും അറിയപ്പെടുകയും ചെയ്യുമ്പോള്‍ മണി സിനിമതാരമായും വ്യക്തിയായും വൈവിധ്യങ്ങളിലെ തന്നെ ഒറ്റയാനായും മണ്ണില്‍ ചവിട്ടി നിന്നു.
ജനിച്ച് വളര്‍ന്ന നാടിനെയും നാട്ടുകാരെയും തന്റെ വളര്‍ച്ചയ്ക്കൊപ്പം ചേര്‍ത്തുപിടിച്ച വ്യക്തിയായിരുന്നു മണി. ആരെയും ആകര്‍ഷിക്കുന്ന തനത് ചിരിയാണ് ആ ഓര്‍മയെ കൂടുതല്‍ തെളിമയുള്ളതാക്കുന്നത്. പ്രേക്ഷകരെ കുടുകുടാ ചിരിപ്പിക്കാനും കരയിപ്പിക്കാനും മണിയെന്ന അഭിനേതാവിന് അസാമാന്യ കഴിവായിരുന്നു. കലാഭവനിലൂടെയാണ് മണിയിലെ കലാകാരന്‍ ചുവടുവെയ്ക്കുന്നത്. സിബി മലയിൽ സംവിധാനം ചെയ്‌ത ആദ്യ ചിത്രമായ അക്ഷരത്തിൽ (1995) ഒരു ഓട്ടോ ഡ്രൈവവറുടെ വേഷമായിരുന്നു മണിക്ക്. സുന്ദര്‍ദാസിന്റെ സല്ലാപത്തിലെ ചെത്തുകാരന്റെ വേഷത്തോടെ മണി മലയാളത്തില്‍ തന്റേതായ സ്ഥാനം ഉറപ്പാക്കി.
കൊച്ചു കൊച്ചു വേഷങ്ങളിലൂടെ ശ്രദ്ധേയനായ മണി പിന്നീട് നായക നിരയിലേക്ക് ഉയര്‍ന്നു. മണി എന്ന ചാലക്കുടിക്കാരന്‍ സ്വന്തമാക്കിയ വിജയങ്ങള്‍ക്ക് പിന്നില്‍ കണ്ണീരിന്റെയും കഷ്ടപ്പാടിന്റെയും പൊള്ളുന്ന ജീവിതാനുഭവങ്ങളാണുള്ളത്. ദുരൂഹമായ മരണമായിരുന്നു കലാഭവന്‍ മണിയുടേത്. ഏതു അഭിമുഖത്തിലും പൂര്‍വകാല കഷ്ടതകളെ അദ്ദേഹം യാതൊരും മറയും കുടാതെ വെളിപ്പെടുത്തി. മറ്റ് പലരും മറകളിലൂടെ സംസാരിക്കുമ്പോള്‍ മണി ഉച്ചത്തില്‍ സംസാരിച്ചു. 1990 കളുടെ പകുതിയോടെ ഒട്ടു മിക്ക മലയാളി വീടുകളിലും കാസറ്റ് പ്ലയറുകള്‍ അവിഭാജ്യ ഘടകമായപ്പോള്‍ അവിടെ മണിയും എത്തി. നാടന്‍ പാട്ടും തമാശകളുമായി മണിയുടെ ശബ്ദം നാട്ടിടവഴികളില്‍ മുഴങ്ങി.
സിനിമാ പാട്ടുകളില്‍ നിന്നും സാധാരണ മലയാളിയുടെ ഇഷ്ടം നാടന്‍ പാട്ടുകളിലേക്ക് കലാഭവന്‍ മണി പറിച്ചു നട്ടു. മണിയുടെ കണ്ണിമാങ്ങ പ്രായവും, ചാലക്കുടി ചന്തയും, ഓടപ്പഴവുമൊക്കെ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ ജീവിതത്തില്‍ നിന്നുള്ള ബിംബങ്ങള്‍ക്കൊണ്ടും അനുഭവങ്ങള്‍ക്കൊണ്ടും സമൃദ്ധമായിരുന്നു.
മലയാളി മറന്നുപോയ നാടന്‍പാട്ടുകള്‍ അവര്‍ പോലും അറിയാതെ താളത്തില്‍ ചുണ്ടുകളിലേക്ക് തിരികെ കൊണ്ടുവരാന്‍ മണിയോളം ശ്രമിച്ച കലാകാരന്‍ വേറെയില്ല.
ആടിയും പാടിയും സാധാരണക്കാരൊടൊപ്പം സംവദിച്ചും അവരിലൊരാളായി പകര്‍ന്നാട്ടം നടത്തിയും മണി മലയാളത്തിന്റെ സ്വന്തക്കാരനായി മാറി. പക്ഷേ മൂന്ന് വര്‍ഷങ്ങള്‍ക്കിപ്പുറവും ആ മണി മു!ഴക്കം നിലച്ച് പോയെന്ന്, പ്രിയപ്പെട്ടവരൊള്‍ മരിച്ച് പോയെന്ന് ചാലക്കുടി പുഴപോലും വിശ്വസിച്ചിട്ടില്ല. മൂന്നാണ്ട് പിന്നിടുമ്പോഴും വിവാദങ്ങള്‍ക്ക് ശമനമില്ല. സംശയങ്ങളും അവ്യക്തതകളും നീങ്ങാതെ നില്‍ക്കുന്നു. കേസന്വേഷണം എങ്ങുമെത്തിയില്ല. കലാഭവന്‍ മണിയെന്ന അനശ്വര കലാകാരനെ പ്രേക്ഷക ലക്ഷങ്ങള്‍ ഇപ്പോഴും ഹൃദയത്തോട് ചേര്‍ത്ത് വച്ചാണ് ആരാധിക്കുന്നത്.
No comments:
Post a Comment