ഇന്ത്യയില്‍ ലോക്സഭാ തെരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചതുമുതല്‍ മുന്‍പെങ്ങുമില്ലാത്ത വിധത്തില്‍ ചില രാഷ്ട്രീയ കക്ഷികള്‍ ഇന്ത്യന്‍ സൈന്യത്തിന്റെ പേര് ദുരുപയോഗം ചെയ്യുവാന്‍ തുടങ്ങിയത് ആശങ്കയ്ക്ക് വഴിവെക്കുന്നു. വിവിധ പാര്‍ട്ടികളുടെ സ്ഥാനാര്‍ത്ഥികള്‍ സൈന്യത്തിന്‍റെയും സൈനികരുടെയും ചിത്രങ്ങളും അടയാളങ്ങളും ഉപയോഗിക്കുന്നത് ഒരിക്കലും അംഗീകരിക്കാവുന്നതല്ല. യു.പി. മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്‍റെ ചില പരാമര്‍ശങ്ങളിലും സൈനികരും അല്ലാത്തവരും വലിയ തോതിലുള്ള എതിര്‍പ്പും ആശങ്കയും പ്രകടിപ്പിച്ചിട്ടുണ്ട്. പുല്‍വാമയില്‍ സിആര്‍പിഎഫ് കോണ്‍വോയ്ക്കു നേരേ ഭീകരര്‍ നടത്തിയ ഒളിയാക്രമണത്തെത്തുടര്‍ന്ന് കഴിഞ്ഞ ഫെബ്രുവരി 27നു വ്യോമസേന പാക് അധിനിവേശ കശ്മീരില്‍ നടത്തിയ മിന്നലാക്രമണമാണു പലരും തെരഞ്ഞെടുപ്പിനു ദുരുപയോഗം ചെയ്യുന്നത്. അതിര്‍ത്തി കടന്നുചെന്ന് പാക് യുദ്ധ വിമാനം തകര്‍ത്തെന്ന് പറയുന്ന എയര്‍ മാര്‍ഷല്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ ഫോട്ടൊ പതിച്ച പോസ്റ്ററുകള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചത് സര്‍വീസിലുള്ളവരെയും വിരമിച്ചവരെയും ഒരുപൊലെ പ്രകോപിതരാക്കി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് സൈനികരുടെ ഫോട്ടൊകളും മറ്റും ഉപയോഗിക്കുന്നതു വിലക്കണമെന്നു കാണിച്ചു നാവിക സേനാ മുന്‍ മേധാവി അഡ്മിറല്‍ എല്‍. രാംദാസ് തെരഞ്ഞെടുപ്പ് കമ്മിഷണര്‍ക്കു നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരുന്നു.
ഉത്തര്‍പ്രദേശിലെ പ്രയാഗ്‌രാജ് സിറ്റിയില്‍ ബിജെപി നടത്തിയ തെരഞ്ഞെടുപ്പ് പ്രചാരണത്തിലാണ് അഭിനന്ദന്‍ വര്‍ധമാന്‍റെ പോസ്റ്ററുകള്‍ വ്യാപകമായി പ്രചരിപ്പിച്ചത്. ബിജെപി ഡല്‍ഹി സംസ്ഥാന അധ്യക്ഷന്‍ മനോജ് തിവാരിയും ബലാകോട്ട് സൈനിക നടപടികള്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഉപയോഗിച്ചു. ലോകത്തേക്കും വലിയ അച്ചടക്കവും രാജ്യസ്നേഹവും ജനാധിപത്യമൂല്യങ്ങളും പുലര്‍ത്തുന്നവരാണ് ഇന്ത്യന്‍ സേന. എത്ര ശക്തനായ ഭരണാധികാരി അധികാരത്തിലിരുന്നപ്പോഴും സൈന്യം രാഷ്‌ട്രീയത്തോടല്ല, രാഷ്‌ട്രത്തോടു മാത്രമാണു വിധേയത്വവും കൂറും പുലര്‍ത്തിയത്. വളരെ ദുര്‍ബലരായ ഭരണാധികാരികളും സര്‍ക്കാരും രാജ്യം ഭരിച്ചപ്പോഴും അതിര്‍ത്തിക്കു കാവലിരിക്കാനല്ലാതെ, ഭരണകൂടങ്ങളെ ദുര്‍ബലപ്പെടുത്താന്‍ സൈന്യം മെനക്കെട്ടില്ല. ഇന്ത്യയോടൊപ്പം സ്വാതന്ത്ര്യം നേടിയ തൊട്ടയല്‍ രാജ്യത്ത് ഇതിനകം പല തവണ സൈന്യം ഭരണം പിടിക്കുകയും ഭരണാധികാരികളെ ഇല്ലായ്മ ചെയ്യുകയും ചെയ്തപ്പോഴും ഇന്ത്യയുടെ രാജ്യസ്നേഹികളായ സൈനികര്‍ ത്രിവര്‍ണ പതാകയുടെ സംരക്ഷകരായി സമാധാനത്തിന്‍റെ കാവല്‍ തീര്‍ക്കുകയായിരുന്നു.
അതിര്‍ത്തി കടന്നുവരുന്ന ഭീകരതയെ തുരത്താന്‍ തോക്കെടുത്ത സൈന്യം ഒരിക്കല്‍പ്പോലും ആഭ്യന്തര ഭീകരവാദത്തിനെതിരേ പോലും ആയുധമെടുത്തിട്ടില്ല. മാവോയിസ്റ്റ് ഭീകരര്‍ ചില സംസ്ഥാനങ്ങളില്‍ വലിയ തോതില്‍ അക്രമം അഴിച്ചു വിടുകയും സുരക്ഷാ സേനാംഗങ്ങളെപ്പോലും കൂട്ടക്കൊലയ്ക്കു വിധേയരാക്കുകയും ചെയ്തപ്പോള്‍, അവരെ നേരിടാന്‍ സൈന്യത്തിന്‍റെ സഹായം തേടിയ ഭരണാധികാരികളുണ്ട്. എന്നാല്‍, രാജ്യത്തിനുള്ളില്‍ ഉണ്ടാകുന്ന ഏത് സംഘട്ടനവും സംഘര്‍ഷവും നേരിടേണ്ട ചുമതല സൈന്യത്തിനില്ലെന്നും അത് സംസ്ഥാനങ്ങളുടെയും കേന്ദ്ര സര്‍ക്കാരിന്‍റെയും കടമയാണെന്നുമായിരുന്നു അന്നെല്ലാം സൈന്യം സ്വീകരിച്ച നിലപാട്. അതേ സമയം, വെള്ളപ്പൊക്കവും പേമാരിയും പ്രളയവും വേനലും വറുതിയും രോഗങ്ങളും പ്രകൃതി ക്ഷോഭങ്ങളുമൊക്കെ ഉണ്ടാകുമ്പോള്‍ സുരക്ഷയുടെ ബലിഷ്ഠ കരങ്ങളുമായി ഓടിയെത്തുന്ന സൈന്യം വളരെ നിശബ്ദമായി തങ്ങളെ ഏല്പിച്ചിരിക്കുന്ന ദൗത്യം പൂര്‍ത്തിയാക്കി മടങ്ങുകയാണു പതിവ്.
രാജ്യത്തോടും അവിടുത്തെ ജനങ്ങളോടും അങ്ങേയറ്റത്തെ കൂറും വിശ്വാസവും പുലര്‍ത്തുന്നു എന്നല്ലാതെ ആരുടെയും രാഷ്‌ട്രീയത്തില്‍ സൈന്യത്തിന് ഒരു താത്പര്യവുമില്ല. നൂറു ശതമാനം രാഷ്‌ട്രീയ മുക്തമാണു വീര സേന. ഓരോ സൈനികനും വ്യക്തിപരമായ രാഷ്‌ട്രീയം കണ്ടേക്കാം. രഹസ്യ ബാലറ്റിലൂടെ ഒരു സാധാരണ പൗരനെപ്പോലെ അവര്‍ അതു വിനിയോഗിക്കുകയും ചെയ്തേക്കാം. അതിനപ്പുറം സൈന്യത്തിനോ സൈനികര്‍ക്കോ രാഷ്‌ട്രീയ താത്പര്യങ്ങളൊന്നുമില്ല. പുല്‍വാമയിലും ബലാക്കോട്ടുമുണ്ടായ സൈനിക നടപടികള്‍ക്ക് ദേശീയ തെരഞ്ഞെടുപ്പുമായി ഒരു ബന്ധവുമില്ല. അഭിനന്ദന്‍ വര്‍ധമാന്‍ എന്ന വീര സൈനികന്‍ ഏതെങ്കിലും രാഷ്‌ട്രീയ കക്ഷിയുടെ പ്രതീകമല്ല. പതിനഞ്ചു ലക്ഷത്തോളം വരുന്ന ഇന്ത്യന്‍ സൈനികരുടെ ധീരതയുടെ പ്രതിനിധിയാണ്. അദ്ദേഹത്തെപ്പോലുള്ള വീര സൈനികരുടെ സേവനങ്ങളെ തെരഞ്ഞെടുപ്പ് പ്രചാരണങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനെതിരേ, വിരമിച്ച ഏതാനും സൈനിക ഉദ്യോഗസ്ഥര്‍ കഴിഞ്ഞ ദിവസം രാഷ്‌ട്രപതിക്കു നല്‍കിയതെന്നു പറയുന്ന കത്തും ഇപ്പോള്‍ വിവാദത്തിലാണ്. മുന്‍ കരസേനാ മേധാവി റിട്ടയേര്‍ഡ് ജനറല്‍ എസ്.എഫ്. റൊഡ്രിഗോ അടക്കമുള്ളവരുടെ പേരില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്തിന്‍റെ ഉറവിടത്തെക്കുറിച്ചു വ്യക്തത ഇല്ലാത്തതാണു വലിയ വിവാദത്തിനു വഴി തുറന്നത്. ആ കത്തില്‍ താന്‍ ഒപ്പിടുകയോ, തന്‍റെ അനുവദാം ആരും വാങ്ങുകയോ ചെയ്തിട്ടില്ലെന്നാണ് ജനറല്‍ റൊഡ്രിഗോയും മറ്റ് ചിലരും അവകാശപ്പെടുന്നത്. ഈ കത്തില്‍ പേരു വച്ചിട്ടുള്ള മറ്റു ചിലരും പങ്ക് നിഷേധിച്ചിട്ടുണ്ട്. സൈന്യത്തില്‍ നിന്നു വിരമിച്ച് വിശ്രമജീവിതം നയിക്കുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ പേരില്‍ വ്യാജ രേഖ ചമയ്ക്കുന്നതും സര്‍വസൈന്യാധിപനായ രാഷ്‌ട്രപതിയുടെ പേര് ദുരുപയോഗപ്പെടുത്തുന്നതും അങ്ങേയറ്റം നിരുത്തരവാദപരവും ശിക്ഷാര്‍ഹവുമാണ്. രാഷ്‌ട്രീയത്തിനും വിവാദങ്ങള്‍ക്കും അതീതമാണു വീരസൈനികരെന്ന് എല്ലാവരും തിരിച്ചറിയണം.
No comments:
Post a Comment