മെയ് 22 പുലര്‍ച്ചെ 6:20ന് മംഗലാപുരം ബജ്പേ വിമാനത്താവളത്തിലുണ്ടായ എയര്‍ ഇന്ത്യാ എക്സപ്രസ്സ് വിമാനാപകടം രാജ്യത്തെ മുഴുവന്‍ ഞെട്ടിച്ച ദുരന്തമായിരുന്നു. ദുബൈയില്‍ നിന്നു പറന്നുപൊങ്ങിയ ആ വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ ഏറിയ പങ്കും വടക്കന്‍ കേരളത്തിലും മംഗലാപുരത്തും നിന്നുള്ളവരായിരുന്നു. വിമാനം ലാന്‍ഡു ചെയ്ത് ഏതാനും മിനിറ്റുകള്‍ക്കുള്ളില്‍ റണ്‍വേയില്‍നിന്ന് തെന്നിമാറി എവിടെയോ ചെന്നിടിച്ച് പൊട്ടിത്തെറിക്കുകയും കത്തിച്ചാമ്പലാകുകയും 166 പേരില്‍ വെറും എട്ടു പേരൊഴികെ മറ്റെല്ലാവരും തിരിച്ചറിയാത്തവിധം അഗ്നിക്കിരയാകുകയും ചെയ്തെന്നു കേട്ടപ്പോള്‍ കേരളവും മംഗലാപുരവും മാത്രമല്ല, രാജ്യമൊട്ടാകെ തേങ്ങി. ദുബൈ വിമാനത്താവളത്തില്‍ യാത്രയാക്കാന്‍ വന്നവരും ബജ്പേ വിമാനത്താവളത്തില്‍ സ്വീകരിക്കാന്‍ എത്തിയവരും തങ്ങളുടെ ഉറ്റവര്‍ക്കും ഉടയവര്‍ക്കും എന്താണ് സംഭവിച്ചതെന്നറിയാതെ നെട്ടോട്ടമോടുമ്പോള്‍ അപകടത്തില്‍ പെട്ടവരെ എങ്ങനെയെങ്കിലും രക്ഷിക്കാന്‍ നാട്ടുകാരും അധികൃതരും രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി പരക്കം പായുകയായിരുന്നു.
പരിക്കുകളോടെ രക്ഷപ്പെട്ട എട്ടു പേരേയും മരിച്ചവരില്‍ 136 പേരുടെ മൃതദേഹങ്ങളും തിരിച്ചറിഞ്ഞെങ്കിലും, തിരിച്ചറിയാനാവാത്ത 22 മൃതദേഹങ്ങള്‍ അധികൃതരെ വിഷമസന്ധിയിലാക്കി. കാരണം, ഒരു മൃതദേഹത്തിന് ഒന്നിലധികം അവകാശികള്‍ രംഗത്തു വന്നതാണ്. ഏകദേശം പന്ത്രണ്ടു പേരെങ്കിലും വ്യാജ പാസ് പോര്‍ട്ടില്‍ ആ വിമാനത്തില്‍ യാത്ര ചെയ്തിരുന്നു എന്ന് അധികൃതര്‍ അന്നേ വെളിപ്പെടുത്തിയിരുന്നു. അതായത് പാസ് പോര്‍ട്ട് പ്രകാരമുള്ള വ്യക്തിയായിരിക്കണമെന്നില്ല മരിച്ചത്. ഇതു തന്നെയാണ് അധികൃതരെ കുഴപ്പിച്ച പ്രശ്നവും. 20 പേരുടെ മൃതദേഹങ്ങള്‍ ഡി.എന്‍.എ. പരിശോധനയ്ക്ക് വിധേയമാക്കിയതും ഇതേ കാരണത്താലാണ്. തങ്ങളുടെ വേണ്ടപ്പെട്ടവരുടെ മൃതദേഹങ്ങള്‍ ഒരു നോക്കു കാണാനോ അവരെ തിരിച്ചറിയാനോ അവരുടെ അന്ത്യകര്‍മ്മങ്ങള്‍ നടത്തുവാനോ കഴിയാതെ കുടുംബാംഗങ്ങള്‍ വിലപിക്കുമ്പോള്‍, ഡി.എന്‍.എ. പരിശോധനയിലും തിരിച്ചറിയാന്‍ കഴിയാത്ത 12 പേരുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ സംസ്ക്കരിച്ചത് വിമാനാപകടത്തേക്കാള്‍ ഭയാനകമാണ്. ഇതില്‍ നിന്നും ഒരു കാര്യം നാം മനസ്സിലാക്കണം. മറ്റുള്ളവരുടെ പാസ് പോര്‍ട്ടിലെ ഫോട്ടോയുടെ തലവെട്ടിമാറ്റി സ്വന്തം ഫോട്ടോയുടെ തല വെച്ചുപിടിപ്പിച്ച് അനധികൃതമായി വിമാനയാത്ര ചെയ്യുന്നവര്‍ക്കൊരു ഗുണപാഠം കൂടിയാണ് ഈ ദുരന്തം നല്‍കുന്നത്.
ഈ തലവെട്ടിമാറ്റല്‍ പ്രക്രിയയില്‍ കുടുങ്ങുന്നത് മുഴുവന്‍ ഗള്‍ഫ് മലയാളികളാണെന്നതാണ് സത്യം. ഈയടുത്ത നാളുകളില്‍ വ്യാജ പാസ് പോര്‍ട്ടില്‍ യാത്ര ചെയ്ത ഒട്ടനവധിപേരെ നെടുമ്പാശ്ശേരിയിലും തിരുവനന്തപുരത്തും ഇമിഗ്രേഷന്‍ അധികൃതര്‍ പിടികൂടുകയുണ്ടായി. പതിനെട്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് മരണമടഞ്ഞ ഒരു വ്യക്തിയുടെ പാസ് പോര്‍ട്ടുമായി കുവൈറ്റില്‍ ജോലി ചെയ്യുകയും പലതവണ ആ പാസ് പോര്‍ട്ടുമായി യാത്ര ചെയ്യുകയും ചെയ്ത ഒരു വിദ്വാനെ ഈയ്യിടെ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ വെച്ച് അറസ്റ്റു ചെയ്തു എന്നു കേള്‍ക്കുമ്പോള്‍ വ്യാജന്മാരാകാനുള്ള മലയാളിയുടെ ധ്വര എത്രത്തോളമുണ്ടെന്ന് ഊഹിക്കാം. സ്വന്തം ജീവന്‍ പണയപ്പെടുത്തിയുള്ള ഈ ഞാണിന്മേല്‍ കളി ഗള്‍ഫ് മലയാളികള്‍ അവസാനിപ്പിക്കുന്നില്ല എന്നതിനു വ്യക്തമായ തെളിവാണ് മംഗലാപുരം വിമാന ദുരന്തത്തില്‍ നിന്ന് നമുക്ക് നല്‍കുന്നത്. വ്യാജ പാസ് പോര്‍ട്ടില്‍ യാത്ര ചെയ്ത വ്യക്തി/വ്യക്തികള്‍ ആരുടെ പാസ് പോര്‍ട്ടാണോ ഉപയോഗിച്ചത് അവര്‍ ഗള്‍ഫിലെവിടേയോ ഇപ്പോഴും ജീവിച്ചിരിപ്പുണ്ടാകാം. പക്ഷേ, രേഖകളില്‍ അവര്‍ മരണപ്പെട്ടു കഴിഞ്ഞു. അതോടൊപ്പം തിരിച്ചറിയാന്‍ കഴിയാതെ അജ്ഞാത മൃതദേഹമായി പൊതുശ്മശാനത്തില്‍ സംസ്ക്കരിച്ച മൃതദേഹങ്ങളുടെ യഥാര്‍ത്ഥ അവകാശികള്‍ ഇനിയൊരിക്കലും തങ്ങളുടെ പ്രിയപ്പെട്ടവരെ കാണാന്‍ കഴിയാതെ ഉള്ളൂരുകി വിലപിക്കുകയുമാവാം. എത്ര ഭീതിതമാണ് ഈ അവസ്ഥ..!
എന്തുകൊണ്ടാണ് ഗള്‍ഫ് മലയാളികള്‍ ഇങ്ങനെയുള്ള ചതിക്കുഴികളില്‍ ചെന്നു ചാടുന്നത്? ബോധവല്‍ക്കരണത്തിന്റെ അഭാവമാണോ? അതോ വിവരമില്ലായ്മയാണോ? ഗള്‍ഫുകാരെ ചൂഷണം ചെയ്ത് ചതിക്കുഴികളില്‍ വീഴ്ത്തുവാന്‍ തക്കംനോക്കി നടക്കുന്ന വ്യാജന്മാരെ എന്തുകൊണ്ട് അവര്‍ തിരിച്ചറിയുന്നില്ല ? സ്വന്തം പാസ് പോര്‍ട്ട് അറബി പിടിച്ചു വെയ്ക്കുകയോ മറ്റേതെങ്കിലും തരത്തില്‍ നഷ്ടപ്പെടുകയോ അതുമല്ലെങ്കില്‍ പണയപ്പെടുത്തുകയോ ചെയ്തതിനുശേഷം ഏതെങ്കിലും ഏജന്റു വഴി ആരുടേയെങ്കിലും പാസ് പോര്‍ട്ട് പണം കൊടുത്തു വാങ്ങി തലവെട്ടി മാറ്റി അതുംകൊണ്ട് നാട്ടിലേക്ക് യാത്ര ചെയ്യുന്നവര്‍ സ്വയം കുഴിതോണ്ടുകയാണെന്ന് എന്തുകൊണ്ട് മനസ്സിലാക്കുന്നില്ല ? ഗള്‍ഫ് യാത്രക്കാരില്‍ വലിയൊരു വിഭാഗം വെറും സാധാരണക്കാരും കുടുംബം പോറ്റാന്‍ മരുഭൂമിയില്‍ വിയര്‍പ്പൊഴുക്കി, കഠിനാദ്ധ്വാനം ചെയ്ത് ജീവിക്കുന്നവരാണ്. അവരെ ലക്ഷ്യമിട്ടാണ് വ്യാജ ഏജന്റുമാര്‍ വട്ടം ചുറ്റുന്നത്. അവരെ മാത്രമേ എളുപ്പത്തില്‍ പാട്ടിലാക്കാന്‍ കഴിയൂ എന്ന് ഈ വ്യാജന്മാര്‍ക്കറിയാം. ഇങ്ങനെയുള്ള പാവപ്പെട്ടവരായ സാധാരണക്കരെ സം രക്ഷിക്കേണ്ട ധാര്‍മ്മിക കടമ അവരുടെ മാതൃരാജ്യത്തിനില്ലേ?
ഗള്‍ഫിലെ ഇന്ത്യന്‍ എംബസ്സികളും മറ്റു സാമൂഹിക-സാംസ്ക്കാരിക സംഘടനകളും സംയുക്തമായി ബോധവല്‍ക്കരണ ക്യാമ്പുകള്‍ സംഘടിപ്പിക്കുകയും, വ്യാജ പാസ് പോര്‍ട്ടില്‍ യാത്ര ചെയ്യുമ്പോള്‍ വന്നു ഭവിക്കാവുന്ന വിപത്തുകളെക്കുറിച്ച് അവരെ ബോധവാന്മാരാക്കുകയും ചെയ്യുകയാണെങ്കില്‍ ഒരു പരിധിവരെ മംഗലാപുരം വിമാന ദുരന്തങ്ങള്‍ പോലെയുള്ള സംഭവങ്ങള്‍ ഒഴിവാക്കാം.
well said..nice article
ReplyDelete