Friday, December 16, 2016

തിയ്യേറ്ററുകളിലൊതുങ്ങുന്ന ദേശസ്നേഹം

സിനിമാ തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് ദേശീയഗാനം കേള്‍പ്പിക്കണമെന്നും, ആ സമയത്ത് എല്ലാവരും എഴുന്നേറ്റു നില്‍ക്കണമെന്നുമുള്ള സുപ്രീം കോടതിയുടെ ഉത്തരവും തുടര്‍ന്നുള്ള കോലാഹലങ്ങളും വിവാദങ്ങളും അടങ്ങുന്നതിനു മുന്‍പുതന്നെ വിവാദം കൊഴുപ്പിക്കാന്‍ കച്ചകെട്ടിയിറങ്ങിയവരുടെ ഉദ്ദേശശുദ്ധിയെ ചോദ്യം ചെയ്യേണ്ട ഘട്ടത്തിലെത്തിയിരിക്കുകയാണ് പുതിയ സംഭവ വികാസങ്ങള്‍.
തിരുവനന്തപുരത്ത് നടക്കുന്ന അന്താരാഷ്‌ട്ര ചലച്ചിത്ര മേളയില്‍ ആസ്വാദനത്തിന്റെ പുത്തന്‍‌തലങ്ങള്‍ക്കപ്പുറം അരാജകത്വത്തിന്റെ പുതിയ പാഠങ്ങളാണ് ദേശീയഗാനത്തിന്റെ കാരണം പറഞ്ഞ് അരങ്ങേറിക്കൊണ്ടിരിക്കുന്നത്. ദേശീയഗാനം വര്‍ഗീയവത്ക്കരിക്കുന്നതും, ദേശീയഗാനത്തോടുള്ള അനാദരവും ചലച്ചിത്രമേളയില്‍ ഒരു പതിവു കാഴ്ചയായെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. തിയേറ്ററുകളില്‍ ദേശീയ ഗാനം കേള്‍പ്പിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തവരെ അറസ്റ്റു ചെയ്യാന്‍ പോലീസ് തിയ്യേറ്ററുകള്‍ക്ക് ചുറ്റും റോന്തു ചുറ്റുന്ന കാഴ്ചയാണത്രേ തിരുവനന്തപുരത്തെ ചലച്ചിത്ര മേളയില്‍ പങ്കെടുത്തവര്‍ പറയുന്നത്. ആരൊക്കെ ഇരിക്കുന്നു, ആരൊക്കെ ദേശീയഗാനത്തെ ആദരിക്കുന്നില്ല, ആരൊക്കെ മൊബൈലില്‍ സംസാരിക്കുന്നു, ആരൊക്കെ അപശബ്ദങ്ങള്‍ പുറപ്പെടുവിക്കുന്നു എന്നെല്ലാം കൃത്യമായി കണ്ടുപിടിക്കാന്‍ ചിലര്‍ തിയ്യേറ്ററിനകത്തുതന്നെയുണ്ടുതാനും. അനാദരവ് കാണിക്കുന്നവരുടെ ഫോട്ടോ എടുത്ത് വാട്സ്‌ആപ്പ് വഴി പുറത്തു കാത്തുനില്‍ക്കുന്ന പോലീസിന് കൈമാറുകയാണ് ഇക്കൂട്ടര്‍ ചെയ്യുന്നത്. കൂട്ടത്തില്‍ ഒരു പ്രാദേശിക ചാനലിന്റെ പ്രവര്‍ത്തകരും ക്യാമറയുമായി അകത്തുണ്ടെന്നും, അവര്‍ കൈമാറുന്ന ദൃശ്യങ്ങള്‍ നോക്കി ദേശീയഗാനാലാപനം കഴിഞ്ഞയുടനെ പോലീസ് അകത്തു കയറി അതീവ സന്തോഷത്തോടെ ഇരയുടെ അടുത്തേയ്ക്ക് പാഞ്ഞടുത്ത് അയാളെ അല്ലെങ്കില്‍ അവരെ കൈയ്യോടെ പിടികൂടുകയും ചെയ്യുന്നു. എതിര്‍ത്താല്‍ അറസ്റ്റ്, ഇല്ലെങ്കില്‍ സ്റ്റേഷനിലേക്ക് കൊണ്ടുപോയി ദേശസ്നേഹത്തെക്കുറിച്ച് സ്റ്റഡി ക്ലാസെടുത്ത് ജാമ്യത്തില്‍ വിടുക. ഇതാണ് ഇപ്പോള്‍ ദൈവത്തിന്റെ സ്വന്തം നാട്ടില്‍ നടക്കുന്നത്.

ഇത്രയുമായപ്പോള്‍ സ്വാഭാവികമായി ആരും ചോദിച്ചുപോകുന്ന ഒരു ചോദ്യമാണ്... 'ഇതെന്താ ഇപ്പോള്‍ ഇങ്ങനെ' എന്ന്. ആദ്യകാലങ്ങളില്‍ സിനിമ കഴിഞ്ഞയുടനെ സ്‌ക്രീനില്‍ ദേശീയപതാക കാണിച്ച് ദേശീയഗാനവും കേള്‍പ്പിക്കുമായിരുന്നു. ആ പതിവ് നിര്‍ത്തിയിട്ട് എത്രയോ കാലങ്ങളായി. അതിനുശേഷം എത്രയോ സര്‍ക്കാരുകള്‍ മാറിമാറി ഭരിച്ചു, എത്രയോ ജഡ്ജിമാര്‍ സുപ്രീം കോടതിയില്‍ മാറിമാറി വന്നു പോയി. ഇപ്പോള്‍ ഇങ്ങനെ ഒരു ദേശസ്നേഹം സുപ്രീം കോടതി ചീഫ് ജസ്റ്റിസിന്റെ മനസ്സിലുദിക്കാന്‍ കാരണമെന്ത്? അതിലെന്തെങ്കിലും ദുരൂഹതയുണ്ടോ? എന്തെങ്കിലും ഗൂഢാലോചന നടന്നിട്ടുണ്ടോ? അതില്‍ സുപ്രീം കോടതിക്കും പങ്കുണ്ടോ? നാഴികക്കു നാല്പതു വട്ടം ദേശീയഗാനം പാടിയാലോ, കേട്ടാലോ മാത്രമേ ദേശസ്നേഹം തോന്നുകയുള്ളോ? ചലച്ചിത്ര മേളയില്‍ എഴുന്നേറ്റു നില്‍ക്കാത്തവരുടെ ഫോട്ടോ എടുക്കാനും പോലീസിനെക്കൊണ്ട് പിടിപ്പിക്കാനും ഉത്സാഹം കാണിക്കുന്നത് ബി.ജെ.പി. പ്രവര്‍ത്തകരാണെന്നു കേള്‍ക്കുമ്പോള്‍ മേല്പറഞ്ഞ സംശയങ്ങള്‍ക്ക് ആക്കം കൂടും. ചലച്ചിത്രങ്ങളെ എപ്പോഴും വെറുപ്പോടെ കണ്ടിരുന്ന ചില സംഘടനകളുടെ പ്രവര്‍ത്തകരാണ് ചലച്ചിത്ര മേളയിലേക്ക് ഇടിച്ചു കയറിക്കൊണ്ടിരിക്കുന്നതത്രേ. ഒരു പ്രത്യേക ഗ്രൂപ്പായാണ് അവര്‍ തീയേറ്ററുകളില്‍ എത്തുന്നത്. അവര്‍ക്കു വേണ്ട എല്ലാ സൗകര്യങ്ങളും, താമസവും ഭക്ഷണവുമുള്‍പ്പടെ, അവരുടെ മാതൃസംഘടനയുടെ ഓഫീസില്‍ ചെയ്തുകൊടുക്കുന്നു. ഓരോ ദിവസവും പ്രതിഷേധിക്കാനുള്ള പ്ലക്കാര്‍ഡുകളും പോസ്റ്ററുകളുമൊക്കെ ഈ ഓഫീസിലിരുന്ന് എഴുതി തയ്യാറാക്കി, അന്നന്ന് കാണേണ്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് വാട്‌സാപ്പില്‍ മെസേജ് നല്‍കി കൂട്ടമായാണ് ഇവര്‍ തീയേറ്റിലെത്തുന്നതെന്ന് ദൃക്സാക്ഷികള്‍ പറയുന്നു. ഇവരോടൊപ്പം അരാജകവാദികളായ പതിവ് ബുദ്ധിജീവികളും കൂടി ചേര്‍ന്നാണ് ദേശീയ ഗാനവിവാദം കൊഴുപ്പിക്കുന്നതെന്നും പറയുന്നു. സുപ്രീം കോടതി എന്തു കാരണത്താലാണ് തിയ്യേറ്ററുകളില്‍ സിനിമ തുടങ്ങുന്നതിനു മുന്‍പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്ന് ഉത്തരവിട്ടതെന്നാണ് ഇപ്പോഴും മനസ്സിലാകാത്തത് ! തിയ്യേറ്ററിനെന്താണ് പ്രത്യേകത? സിനിമ കാണാന്‍ തിയ്യേറ്ററിലിരിക്കുന്നവര്‍ക്ക് മാത്രം മതിയോ ദേശസ്നേഹം? മറ്റുള്ളവര്‍ക്ക് വേണ്ടേ? എന്തുകൊണ്ട് സുപ്രീം കോടതിയടക്കം എല്ലാ കോടതികളിലും അത് നടപ്പിലാക്കുന്നില്ല? ജഡ്ജിമാര്‍ക്കും, അഭിഭാഷകര്‍ക്കും മറ്റു കോടതി ജീവനക്കാര്‍ക്കാര്‍ക്കും ദേശസ്നേഹം വേണ്ടേ? എന്തുകൊണ്ട് കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍ ഓഫീസുകള്‍, കോളേജുകള്‍, പ്രൈവറ്റ് ഓഫീസുകള്‍, കമ്പനികള്‍, ഫാക്ടറികള്‍, റെയില്‍‌വേ സ്റ്റേഷനുകള്‍, ബസ് സ്റ്റേഷനുകള്‍, വിമാനത്താവളങ്ങള്‍ എന്നിവിടങ്ങളിലൊക്കെ ദേശീയ ഗാനം കേള്‍പ്പിച്ചുകൂടാ? അവിടെയുള്ളവര്‍ക്കൊന്നും ദേശസ്നേഹം വേണമെന്നില്ലേ? ആരാധനാലയങ്ങളില്‍ വരുന്നവര്‍ക്ക് ദേശസ്നേഹം വേണ്ടെ? എന്തുകൊണ്ട് സിനിമാ തിയ്യേറ്ററുകളില്‍ മാത്രം ദേശീയഗാനം കേള്‍പ്പിക്കാനും ജനങ്ങള്‍ എഴുന്നേറ്റു നില്‍ക്കാനും സുപ്രീം കോടതി ഉത്തരവിറക്കി? ആരുടെ പ്രേരണയില്‍? ബി.ജെ.പി-ആര്‍‌എസ്‌എസ്-ശിവസേന-സംഘ്‌പരിവാര്‍ അജണ്ടയാണോ സുപ്രീം കോടതി നടപ്പിലാക്കിയത്?

ഈ ദേശീയഗാനത്തിന്റേയും ദേശഭക്തിയുടേയും പിറകില്‍ ഒളിഞ്ഞിരിക്കുന്ന രഹസ്യമെന്താണെന്ന് ഇപ്പോഴല്ലെങ്കില്‍ പിന്നീട് ജനങ്ങള്‍ക്ക് മനസ്സിലാകും. കഴിഞ്ഞ വര്‍ഷം (2015-ല്‍) സ്‌കൂളുകളില്‍ സൂര്യനമസ്ക്കാരം നിര്‍ബ്ബന്ധമാക്കിക്കൊണ്ട് കേന്ദ്ര സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയതു തന്നെ ഒരു ഉദാഹരണമായിട്ടെടുക്കാം. ഒരു മതേതര രാഷ്‌ട്രമായ ഇന്ത്യയിലെ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളും അദ്ധ്യാപകരും എന്നും സൂര്യനമസ്ക്കാരം ചെയ്യണമെന്ന നിര്‍ദ്ദേശത്തിന് പിന്നില്‍ പതിയിരിക്കുന്ന അപകടം മണത്തറിഞ്ഞ് രാജ്യവ്യാപകമായി പ്രതിഷേധം ആളിക്കത്തി. പ്രപഞ്ചം ഉണ്ടായ നാള്‍ മുതല്‍ ദേവന്മാര്‍ സൂര്യനെ വന്ദിച്ചിരുന്നു എന്നാണ് ഹിന്ദുമത/സനാതന ധര്‍മ്മ വിശ്വാസം. ഹിന്ദുമതത്തിലെ ആദ്ധ്യാത്മിക ഗ്രന്ഥങ്ങളില്‍ അതിനു തെളിവുകളുമുണ്ട്. ശ്രീരാമന്‍, ശ്രീകൃഷ്ണന്‍ മുതലായ ദേവന്മാരും, അസുരന്മാരും സൂര്യനമസ്ക്കാരം ചെയ്തിരുന്നതായി പറയുന്നുണ്ട്. സൂര്യനെ നമസ്ക്കരിക്കുന്നതും ദൈവപരിവേഷം നല്‍കുന്നതും ക്രൈസ്തവരും, മുസ്ലീങ്ങളും, മറ്റു ചില മതവിഭാഗങ്ങളും വിശ്വസിക്കുന്നില്ല. അതവരുടെ വിശ്വാസങ്ങളെ ഹനിക്കുന്നതാണ്. അതേച്ചൊല്ലിയാണ് വിവാദങ്ങളും പ്രതിഷേധങ്ങളും രാജ്യത്ത് ആളിപ്പടര്‍ന്നത്. അപകടം മണത്ത ബി.ജെ.പി. കണ്ടുപിടിച്ച മറ്റൊരു പോം‌വഴിയാണ് എല്ലാ സ്‌കൂളുകളിലും യോഗാ നിര്‍ബ്ബന്ധമാക്കല്‍. ആയുരാരോഗ്യപരിപാലനത്തിന് യോഗയാണ് ഏറ്റവും ഉത്തമമായ മാര്‍ഗം. ആ യോഗയുടെ പേരിലായിരുന്നു പിന്നീടുള്ള വിവാദങ്ങള്‍. യോഗ ചെയ്യുന്നതിനു മുന്‍പ് സൂര്യ നമസ്ക്കാരം നിര്‍ബ്ബന്ധമാണല്ലോ. ജൂണ്‍ 21-ന് യോഗ ദിനാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചിരുന്ന സൂര്യനമസ്‌ക്കാരം മുസ്ലീം സംഘടനകളുടെ കടുത്ത എതിര്‍പ്പിനെതുടര്‍ന്ന് പിന്‍ വലിച്ചിരുന്നു. ഇഷ്ടമുള്ളവര്‍ മാത്രം സൂര്യനമസ്‌ക്കാരം ചെയ്താല്‍ മതിയെന്ന നിലപാടാണ് കേന്ദ്ര സര്‍ക്കാര്‍ ഈ വിവാദത്തോട് സ്വീകരിച്ചത്. അപ്പോഴും പ്രതിഷേധത്തിന് ആക്കം കൂടിയതല്ലാതെ കുറഞ്ഞില്ല. കാരണം 'ഓം' ഉരുവിട്ടുകൊണ്ട് യോഗ അഭ്യസിക്കണമെന്ന കാര്യം കേന്ദ്ര സര്‍ക്കാര്‍ നിര്‍ബന്ധമാക്കാന്‍ തയ്യാറെടുക്കുന്നുവെന്ന വിവരമാണ് കൂടുതല്‍ വിവാദങ്ങളിലേക്ക് വലിച്ചിഴച്ചത്. അതിനെതിരെ ബിജെപി മുസ്ലീം അനുകൂല സംഘടനകളും രംഗത്തെത്തിയതോടെ സൂര്യനമസ്ക്കാരം, 'ഓം' മുതലായവ വേണമെങ്കില്‍ മാത്രം ചെയ്താല്‍ മതിയെന്ന നിബന്ധന വെച്ചതോടെയാണ് പ്രതിഷേധക്കാര്‍ അടങ്ങിയത്.

യോഗയെക്കുറിച്ച് ഇവിടെ പ്രതിപാദിച്ചതിന്റെ കാരണം ഇപ്പോള്‍ ദേശഭക്തിയുടെ മറവില്‍ ദേശീയഗാനം അടിച്ചേല്പിക്കുന്നതിന്റെ അനൗചിത്യത്തെക്കുറിച്ച് പറയാനാണ്. ബി.ജെ.പി.-ആര്‍.എസ്.എസ്.-സംഘ്‌പരിവാര്‍ പ്രവര്‍ത്തകരാണ് ദേശീയഗാനത്തിന്റെ 'രക്ഷകരായി' അവതരിച്ച് തിയ്യേറ്ററുകളില്‍ കടന്നുകൂടി എഴുന്നേറ്റു നില്‍ക്കാത്തവരെ കണ്ടുപിടിച്ച് പോലീസിനെക്കൊണ്ട് അറസ്റ്റു ചെയ്യിപ്പിക്കുന്നതെന്നതു തന്നെയാണ് അതിന്റെ മറ്റൊരു കാരണവും. ഒരു ചെറിയ സംഭവം പോലും വലിയൊരു പ്രസ്ഥാനമാക്കി മാറ്റാനുള്ള മോദിയുടെ കഴിവ് ഒന്നു വേറെ തന്നെയാണല്ലോ. ജൂണ്‍ 21 അന്താരാഷ്ട്ര യോഗാ ദിനമായി ആചരിപ്പിക്കണമെന്ന മോദിയുടെ നിര്‍ദ്ദേശം ഐക്യരാഷ്ട്ര സംഘടന അംഗീകരിച്ചത് മോദി ഭക്തരില്‍ ആവേശം ജനിപ്പിച്ചിരുന്നു. ഇത് മോദി വിരുദ്ധര്‍ക്കെതിരായ ഭക്തരുടെ പ്രവര്‍ത്തനങ്ങളുടെ വീര്യം കൂട്ടുകയും ചെയ്തിരുന്നു. ആ വീരസ്യമാണ് ഇപ്പോള്‍ ദേശീയഗാനത്തില്‍ കയറിപ്പിടിച്ചിരിക്കുന്നത്. ദേശീയഗാനത്തെ ആദരിക്കരുത് എന്നല്ല ഇപ്പറഞ്ഞതിനര്‍ത്ഥം. പത്തുപേര്‍ കൂടുന്നിടത്തൊക്കെ ദേശീയഗാനമാലപിക്കണമെന്ന സുപ്രീം കോടതിയുടെ അടുത്ത വിധി വരുമ്പോള്‍ അതനുസരിക്കാന്‍ നിര്‍ബ്ബന്ധിതരാകേണ്ടിവരുന്ന പൗരന്മാരുടെ നിസ്സഹായവസ്ഥയും മുന്‍‌കൂട്ടി കാണണമല്ലോ. ആരാധനാലയങ്ങളിലെ ഉച്ചഭാഷിണി നിരോധിച്ചുകൊണ്ട് ഈ അടുത്തയിടെ സര്‍ക്കാര്‍ ഒരു സര്‍ക്കുലര്‍ ഇറക്കിയിരുന്നു. 'ശബ്ദമലിനീകരണ'മാണ് അതിന് കാരണം കണ്ടുപിടിച്ചത്. എന്നാല്‍, അതും മറ്റൊരു രഹസ്യ അജണ്ടയുടെ ഭാഗമാണോ എന്ന സംശയം ബലപ്പെടണമെങ്കില്‍ ആരാധനാലയങ്ങളില്‍ ഇനി മുതല്‍ ദേശീയഗാനം കേള്‍പ്പിക്കണമെന്ന ഉത്തരവ് വരുന്നതുവരെ കാത്തിരിക്കണം. യോഗയുടെ മറവില്‍ സൂര്യനമസ്ക്കാരം നിര്‍ബ്ബന്ധമാക്കാന്‍ ശ്രമിച്ചതുപോലെ, ദേശഭക്തിയുടെ മറവില്‍ ദേശീയ ഗാനം കൊണ്ടുവന്നതുപോലെ അതും സംഭവിക്കാം.

ഈ വിഷയത്തില്‍ പലരും പല അഭിപ്രായങ്ങളും പറയുന്നത് ചാനലുകളിലൂടെയും വാര്‍ത്താ മാധ്യമങ്ങളിലൂടെയും അറിഞ്ഞതില്‍ നിന്ന് മനസ്സിലാകുന്നത്, ദേശീയഗാനം കേള്‍ക്കുമ്പോള്‍ എഴുന്നേല്‍ക്കാത്തവര്‍ ദേശവിരുദ്ധരാണെന്നോ, അവരെ പോലീസിനെക്കൊണ്ട് പിടിപ്പിക്കുന്നവര്‍ ദേശസ്നേഹികളാണെന്നോ അല്ല. മറിച്ച്, പ്രകോപനങ്ങള്‍ സൃഷ്ടിച്ച് ജാതി-മത-വിശ്വാസങ്ങളില്‍ വിഷം കലര്‍ത്തുക എന്ന ഗൂഢലക്ഷ്യമാണെന്നാണ്. അതിന്റെ പ്രത്യക്ഷ ഉദാഹരണമാണല്ലോ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമലിന്റെ കൊടുങ്ങല്ലൂരിലുള്ള വീടിനു മുന്നില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ നടത്തിയ പ്രതിഷേധ പ്രകടനം. പ്രകടനം നടത്തിയതോ ബി.ജെ.പി.ക്കാരും. മറ്റൊരു പാര്‍ട്ടിക്കാരും അങ്ങോട്ടു ചെന്നതുമില്ല. പ്രകടനക്കാരില്‍ ആരും തന്നെ ദേശീയ പതാക ഏന്തിയിരുന്നില്ല, പകരം ബി.ജെ.പി.യുടെ കൊടിയായിരുന്നു കൈയില്‍. കൂടാതെ പ്രകടനക്കാര്‍  ദേശീയഗാനത്തെ മുദ്രാവാക്യം പോലെയാണ് വിളിച്ചതെന്നും, അത് ഭരണഘടനയുടെ ലംഘനമാണെന്നും കാണിച്ച് റവല്യൂഷണറി യൂത്ത് ഭാരവാഹികള്‍ പരാതി കൊടുത്തപ്പോള്‍ പോലീസിന്റെ ഭാഷ്യം ഇങ്ങനെയായിരുന്നു.... "പ്രതിഷേധസൂചകമായി ദേശീയഗാനം ആലപിച്ചതില്‍ കേസെടുക്കാനാകില്ല, നിലവിലെ നിയമവ്യവസ്ഥ അനുസരിച്ച് ഈ വിഷയത്തില്‍ കേസെടുക്കാനാകില്ല, ദേശീയഗാനം ആലപിക്കുമ്പോള്‍ ബിജെപി പ്രവര്‍ത്തകര്‍ എഴുന്നേറ്റുനില്‍ക്കുകയായിരുന്നു....!" ഇതില്‍ നിന്നും മനസ്സിലാകുന്നത് ദേശീയഗാനം എങ്ങനെയാണ് ആലപിക്കേണ്ടതെന്നും, അത് ആലപിക്കുമ്പോള്‍ പാലിക്കേണ്ട ഭരണഘടനാപരമായ മര്യാദകളെന്താണെന്നും പോലീസിനോ ബി.ജെ.പി. പ്രവര്‍ത്തകര്‍ക്കോ അറിയില്ല എന്നാണ്. പോലീസിന്റെ നോട്ടത്തില്‍ പ്രകടനക്കാര്‍ കമലിന്റെ വീട്ടു പടിക്കല്‍ കൊടിയുമേന്തി നിന്ന് അട്ടഹസിക്കുകയും മുഷ്ടി ചുരുട്ടി ദേശീയഗാനം മുദ്രാവാക്യമായി വിളിച്ചുകൂവുകയുമായിരുന്നു. കൊടുങ്ങല്ലൂര്‍ പോലീസിന്റെ വിവരക്കേട് ഇതില്‍ നിന്നുതന്നെ മനസ്സിലാക്കാവുന്നതല്ലേ ഉള്ളൂ. മറ്റൊരു വശം ചിന്തിച്ചാല്‍ പോലീസിനെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ഉത്തരവുകള്‍ അനുസരിക്കുക എന്നതാണല്ലോ അവരുടെ ഉത്തരവാദിത്വം. നമ്മുടെ ഭരണകൂടവും നീതിന്യായപീഠവും ദേശസ്‌നേഹത്തിന്റെ മാര്‍ക്കറ്റിംഗ് ഏറ്റെടുത്താല്‍ ഇതല്ല, ഇതിലപ്പുറവും സംഭവിക്കും. ദേശസ്‌നേഹം എന്താണ്, അത് എങ്ങനെയാണ് ഓരോരുത്തരിലും ഉളവാകുന്നത് എന്നെല്ലാം മനസ്സിലാക്കാതെയുള്ള നടപടികള്‍ ജനാധിപത്യവിരുദ്ധവും ജനദ്രോഹപരവുമാണെന്ന് പറയാതെ വയ്യ.

അന്താരാഷ്ട്ര ചലച്ചിത്ര മേളയില്‍ ഓരോ സിനിമകളും പ്രദര്‍ശിപ്പിക്കുമ്പോള്‍ ദേശീയഗാനം കേള്‍പ്പിക്കുന്നത് അപ്രായോഗികമാണെന്ന് പറഞ്ഞ കമലിന്റെ വസതിക്കു മുമ്പില്‍ ബി.ജെ.പി. പ്രവര്‍ത്തകര്‍ ദേശീയഗാനം മുദ്രാവാക്യമായി ആലപിച്ചതാണോ അനാദരവ് അതോ കമല്‍ പറഞ്ഞതാണോ ശരി? ബി.ജെ.പി.-ആര്‍‌.എസ്.എസ്. ആണോ ഭാരതീയരെ ദേശസ്നേഹം പഠിപ്പിക്കേണ്ടത്? രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ഘാതകന്‍ നാഥുറാം ഗോദ്സെയെ പൊടിതപ്പിയെടുത്ത് രാഷ്‌ട്രപിതാവായി വാഴിക്കാനുള്ള ശ്രമങ്ങള്‍ തുടങ്ങിയത് ബി.ജെ.പി. സഖ്യകക്ഷികള്‍ കേന്ദ്രഭരണത്തില്‍ വന്നതിനു ശേഷമാണ്. ഈ സഖ്യകക്ഷികള്‍ക്ക് ദേശീയഗാനത്തിന്റെ പേരില്‍ മുതലക്കണ്ണീരൊഴുക്കാനും മറ്റുള്ളവരെ പാഠം പഠിപ്പിക്കാനും അര്‍ഹതയുണ്ടോ? ദേശീയ പതാകയോടും, ദേശീയഗാനത്തോടും അതുപോലെ ദേശസ്നേഹപരമായ എന്തിനോടും ആദരവ് കാണിക്കാത്തവരാണ് ആര്‍.എസ്.എസ്. ഇന്ത്യയൊട്ടാകെ കാവിക്കൊടി പറത്താനും, ദേശസ്നേഹത്തിന്റെ പേരില്‍ ഇന്ത്യയെ കാവിവത്ക്കരിക്കാനുമുള്ള ഗൂഢമായ നീക്കമാണ് ഇപ്പോള്‍ ഉന്നയിക്കുന്ന ദേശീയഗാന ഭക്തി. ദേശീയഗാനം ഒരു പാര്‍ട്ടിയുടേയും സ്വത്തല്ല. അത് രാഷ്‌ട്രത്തിന്റെ സ്വത്താണ്. അതായത് ഓരോ ഭാരതീയന്റേയും സ്വത്ത്. ദേശീയഗാനത്തെ അനാദരിച്ചവരുടെ പേരില്‍ കേസെടുക്കണമെന്നു വിധിച്ച സുപ്രീം കോടതിയോടും, ആ വിധിയെ അപ്പാടെ തലയിലേറ്റി കൈവിലങ്ങുമായി നടക്കുന്ന പോലീസിനോടും ഒന്നേ ചോദിക്കാനുള്ളൂ. സിനിമാ തിയ്യേറ്ററുകളില്‍ പോകുന്നവര്‍ക്ക് മാത്രം മതിയോ ദേശഭക്തി? ദേശീയഗാനത്തെ അവര്‍ മാത്രം ആദരിച്ചാല്‍ മതിയോ? ദേശഭക്തി പ്രകടിപ്പിക്കാന്‍ ദേശീയഗാനം കേള്‍ക്കണമെന്നുണ്ടോ? അതുപോലെ ദേശീയഗാനം കേള്‍ക്കുന്നവരൊക്കെ ദേശഭക്തിയുള്ളവരാണോ?
ഇത്തരുണത്തില്‍ Prevention of Insults to National Honour Act 1971 പ്രകാരം 1986-ലെ സുപ്രീം കോടതിയുടെ തന്നെ ഒരു സുപ്രധാന വിധി പരിശോധിക്കാം..... "1986- ലെ ബിജോ ഇമ്മാനുവേല്‍ വേര്‍സസ് സ്റ്റേറ്റ് ഓഫ് കേരള കേസില്‍ ദേശീയ ഗാനം ചൊല്ലുന്ന തങ്ങളുടെ മതവിശ്വാസത്തിന് എതിരാണെന്നും അങ്ങനെ ചൊല്ലാതിരുന്നതിനെ തുടര്‍ന്ന് സ്‌കൂളില്‍ നിന്ന് തങ്ങളെ പുറത്താക്കിയ നടപടി റദ്ദ് ചെയ്യണം എന്നാവശ്യപ്പെട്ട് യഹോവ സാക്ഷി വിശ്വാസികളായ മൂന്ന് കുട്ടികളുടെ ഹര്‍ജി സുപ്രീം കോടതി പരിഗണിക്കുകയുണ്ടായി. കേസില്‍ വിധി പറഞ്ഞ ജഡ്ജി ജസ്റ്റീസ് ഒ. ചിന്നപ്പ റെഡ്ഡി ദേശിയഗാനം ആലപിക്കുമ്പോള്‍ കൂടെ ചൊല്ലണം എന്നില്ലെന്നും സംസാരിക്കാന്‍ അവകാശമുള്ളത് പോലെ മിണ്ടാതിരിക്കാനും അവകാശം ഉണ്ടെന്നും പ്രസ്താവിച്ചു. മതവിശ്വാസ പ്രകാരം ഒരാള്‍ക്ക് ദേശിയഗാനം ചൊല്ലുന്നതില്‍ വിയോജിപ്പ് ഉണ്ടെങ്കില്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം അതനുവദിച്ചു തരുന്നുണ്ടെന്നും വിധിയില്‍ പറയുന്നു. Prevention of Insults to national honor act 1971 പ്രകാരം ദേശീയ ഗാനം ചൊല്ലാതിരിക്കുന്നത് നിയമലംഘനം ആയി കണക്കാക്കാം എന്നിരിക്കെ പ്രസ്തുത വിധിപ്രകാരം ദേശീയഗാനം ആലപിക്കാതിരിക്കാനുള്ള അവകാശം ഭരണഘടന അനുവദിച്ച് തരുന്നു..." (Bijoe Emmanuel & Ors V. State of Kerala & Ors [1986] INSC 167), എന്നാണ് പറഞ്ഞിരിക്കുന്നത്.

ദേശീയ ഗാനത്തോട് ആദരവ് കാണിക്കണമെന്ന് ഓരോ ഭാരതീയനും അറിയാം. അത് ഓരോരുത്തരുടെയും ഭരണഘടനാപരമായ കടമയാണ്. ഭരണഘടന നല്‍കുന്ന മൗലിക അവകാശങ്ങള്‍ നമ്മള്‍ അനുഭവിക്കുമ്പോള്‍ ആ ഭരണഘടന അനുശാസിക്കുന്ന കടമകള്‍ നിര്‍വ്വഹിക്കാനും ഓരോരുത്തരും ബാധ്യസ്ഥരാണ്. എന്നാല്‍ എഴുന്നേറ്റ് നിന്നുകൊണ്ട് വേണം ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കാന്‍ എന്ന് ഭരണഘടനയില്‍ എവിടെയും പറയുന്നില്ല. മേല്പറഞ്ഞ1971 ലെ ദേശീയതയെ അവഹേളിക്കുന്നത് തടയല്‍ നിയമത്തിലെ സെക്ഷന്‍ മൂന്നില്‍ ഇക്കാര്യം വ്യക്തമായി പറഞ്ഞിട്ടുണ്ട്. "ആരെങ്കിലും മനഃപ്പൂര്‍വ്വം ദേശീയ ഗാനാലാപനത്തെ തടയുകയോ ദേശീയ ഗാനം ആലപിക്കുന്ന സമ്മേളനത്തെ അലങ്കോലപ്പെടുത്തുകയോ ചെയ്താല്‍ ആ വ്യക്തി മൂന്ന് വര്‍ഷം വരെ തടവോ പിഴയോ രണ്ടും ഒരുമിച്ചോ അനുഭവിക്കേണ്ടതാണ്" എന്നാണ് നിയമം. ഇവിടെ എവിടെയും എഴുന്നേറ്റ് നിന്ന് ദേശീയ ഗാനത്തോട് ആദരവ് പ്രകടിപ്പിക്കണമെന്ന് പറഞ്ഞിട്ടില്ല. ദേശീയഗാനം ആലപിക്കാത്തവരേയും എഴുന്നേറ്റു നില്‍ക്കാത്തവരെയും രാജ്യദ്രോഹികളായി കണക്കാക്കണമെന്നോ ശിക്ഷിക്കണമെന്നോ പറഞ്ഞിട്ടില്ല. തന്നെയുമല്ല, സിനിമാ തിയ്യേറ്ററില്‍ മാത്രം ദേശീയഗാനം കേള്‍പ്പിക്കണമെന്നും പറഞ്ഞിട്ടില്ല. ദേശസ്നേഹം പ്രകടിപ്പിക്കാന്‍ ദേശീയഗാനം കേള്‍ക്കണമെന്നും പറഞ്ഞിട്ടില്ല. പിന്നെയെങ്ങനെ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തത് അനാദരവാകും?
ഇപ്പോള്‍ അതേ സുപ്രീം കോടതി തന്നെ രാജ്യത്തെ എല്ലാ തിയേറ്ററുകളിലും സിനിമാ പ്രദര്‍ശനത്തിന് മുമ്പ് ദേശീയ ഗാനം കേള്‍പ്പിക്കണമെന്നും ആ സമയത്ത് തിയേറ്ററിലുള്ളവരെല്ലാം എഴുന്നേറ്റ് നിന്ന് ആദരവ് കാണിക്കണമെന്നും ഉത്തരവിറക്കിയത് കുറുന്തോട്ടിക്ക് വാതം പിടിച്ച പോലെയാണ്. സുപ്രീം കോടതി തന്നെ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ചിരിക്കുന്നു. ഉത്തരവ് പാലിച്ച പോലീസും ഭരണഘടനാ വിരുദ്ധവുമായാണ് പ്രവര്‍ത്തിച്ചിരിക്കുന്നത്. ഇപ്പോള്‍ നിലവിലുള്ള നിയമമനുസരിച്ചു മാത്രമേ ഒരു വ്യക്തിക്കെതിരെ കേസെടുക്കാന്‍ സാധിക്കൂ. നിയമം തന്നെ നിലവിലില്ലെങ്കില്‍ കുഴങ്ങുന്നത് പോലീസായിരിക്കും. ഒരു സംഘടനയുടെ, അല്ലെങ്കില്‍ ഒരു പാര്‍ട്ടിയുടെ ആഗ്രഹപൂര്‍ത്തീകരണത്തിനായി ഇല്ലാത്ത നിയമത്തിന്റെ പേരില്‍ കേസെടുത്താല്‍ അത് മൗലീകാവകാശ ധ്വംസനത്തില്‍ പെടും. ഇന്ത്യന്‍ ഭരണഘടനയുടെ ഭാഗം മൂന്നിലെ 20-ാം അനുച്ഛേദത്തില്‍ അത് വ്യക്തമായി സൂചിപ്പിച്ചിട്ടുണ്ട്. (Article 20 {Protection in respect of conviction for offenses} No person shall be convicted of any offence except for violation of a law in force at the time of the commission of the act charged as an offence, not be subjected to a penalty greater than that which might have been inflicted under the law in force at the time of the commission of the offence). അതായത് ഒരു കുറ്റത്തിന് ശിക്ഷ നല്‍കേണ്ടത് ആ കുറ്റം ചെയ്യപ്പെടുന്ന സമയത്ത് നിലവിലുള്ള നിയമപ്രകാരമാണ്. ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കാത്തവരെ ശിക്ഷിക്കാന്‍ നിലവിലുള്ള ഒരു നിയമവും പറയുന്നില്ല.

ദേശീയഗാനാലാപന സമയത്ത് എഴുന്നേറ്റു നില്‍ക്കാത്തവരെ മര്‍ദ്ദിച്ച സംഭവവും നടക്കുന്നുണ്ട്. മര്‍ദ്ദിച്ചവര്‍ ദേശസ്നേഹികളായതുകൊണ്ടല്ല, മറിച്ച് അവര്‍ പ്രതിനിധാനം ചെയ്യുന്ന പാര്‍ട്ടിയുടെ ആവശ്യപ്രകാരമാണ് അവരത് ചെയ്തത്. അത്തരം 'ദേശസ്നേഹികളുടെ' ഉദ്ദേശശുദ്ധിയെയാണ് ചോദ്യം ചെയ്യപ്പെടേണ്ടത്. ഒരു പൗരന്റെ മൗലികാവകാശത്തെ ചോദ്യം ചെയ്യപ്പെടാനോ അവരെ അനാവശ്യമായി ആക്രമിക്കാനോ ഒരു നിയമവും അനുശാസിക്കുന്നില്ല. ദേശീയ ഗാനാലാപന സമത്ത് എഴുന്നേറ്റു നില്‍ക്കാത്തവരെ രാജ്യദ്രോഹികളായി മുദ്രകുത്തുന്നത് നിയമലംഘനവും, ശിക്ഷിക്കപ്പെടേണ്ടതുമാണ്. ഇവിടെ ബി.ജെ.പി. അഭിനവ രാജ്യസ്നേഹികളായി വേഷം മാറിയെങ്കില്‍ തീര്‍ച്ചയായും ഇത് അവരുടെ 'രഹസ്യ അജണ്ട'യുടെ ഭാഗം തന്നെയാണ്. നിയമലംഘനം നടത്തുന്ന പോലീസുകാരേയും, അവരെ സം‌രക്ഷിക്കുന്ന സര്‍ക്കാരുകളേയും, ആ സര്‍ക്കാരുകളെ നിയന്ത്രിക്കുന്ന പാര്‍ട്ടിയേയും ശിക്ഷിക്കേണ്ട സുപ്രീം കോടതി തന്നെയാണ് ഈ വിപത്തുകളെല്ലാം വരുത്തി വെച്ചിരിക്കുന്നത്. ആ കോടതിയെ ആര് നിയന്ത്രിക്കും? ഒരാളുടെ ദേശസ്‌നേഹം വിലയിരുത്തപ്പെടേണ്ടതും കണക്കിലെടുക്കേണ്ടതും അയാള്‍ ദേശീയ ഗാനാലാപന സമയത്ത് എഴുന്നേറ്റ് നില്‍ക്കുന്നുണ്ടോ ഇല്ലയോ എന്ന് പരിശോധിച്ചിട്ടു വേണ്ട. ദേശസ്നേഹം സിനിമാ തിയ്യേറ്ററുകളില്‍ ഒതുങ്ങേണ്ട ഒന്നല്ല. ദേശസ്നേഹം രാജ്യത്തെ സ്നേഹിക്കുന്ന എല്ലാ ഭാരതീയന്റേയും രക്തത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുള്ളതാണ്. അത് പ്രകടിപ്പിക്കേണ്ടത് ഏതൊരു ഭാരതീയന്റേയും പൗരാവകാശവുമാണ്.
ജയ് ഹിന്ദ്

No comments:

Post a Comment