ആല്‍ബനി (ന്യൂയോര്‍ക്ക്): ഒരു മാസം നീണ്ടുനിന്ന വ്രതാനുഷ്ഠാനത്തിനു ശേഷം ഇസ്ലാം മതവിശ്വാസികള്‍ ലോകമെങ്ങും ഈദുല്‍ ഫിത്വര്‍ അഥവാ ചെറിയ പെരുന്നാള്‍ ആഘോഷിച്ച ജൂണ്‍ 6 ബുധനാഴ്ച ന്യൂയോര്‍ക്ക് അപ്‌സ്റ്റേറ്റിലെ ഇസ്ലാം മതവിശ്വാസികളും ചെറിയ പെരുന്നാള്‍ ആഘോഷിച്ചു. നിറഞ്ഞ വ്രതശുദ്ധിയോടും ആത്മസമര്‍പ്പണത്തോടും കൂടി 30 ദിവസം പൂര്‍ത്തിയാക്കിയ വിശ്വാസികളുടെ കൂട്ടായ്മയായി ഈദ് ആഘോഷം.
ഇന്ന് (ജൂണ്‍ 6 ബുധനാഴ്ച) രാവിലെ 6:30 മുതല്‍ ലേഥമിലെ അല്‍-ഹിദായ ഇസ്ലാമിക് സെന്ററിലേക്ക് വിശ്വാസികള്‍ എത്തിത്തുടങ്ങിയിരുന്നു. ആല്‍ബനി, സ്‌കെനക്ടഡി, ട്രോയ്, ലൗഡന്‍വില്‍, ലേഥം മുതലായ സ്ഥലങ്ങളിലെയും സമീപപ്രദേശങ്ങളിലേയും ഇസ്ലാം മതവിശ്വാസികളാണ് അല്‍-ഹിദായയില്‍ ഒത്തുകൂടിയത്. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള, വിവിധ ഭാഷ സംസാരിക്കുന്ന ഏകദേശം ആയിരത്തി എണ്ണൂറോളം പേരാണ് പെരുന്നാള്‍ നമസ്ക്കാരത്തിനും തുടര്‍ന്നുള്ള ആഘോഷച്ചടങ്ങുകള്‍ക്കുമായി അല്‍-ഹിദായയില്‍ ഒത്തുചേര്‍ന്നത്.
കൃത്യം 7:30-ന് തക്ബീര്‍ ആരംഭിച്ചു. പെരുന്നാള്‍ ദിനത്തിലെ പ്രധാനകര്‍മമായ ഫിത്വര്‍ സക്കാത്ത് നിസ്ക്കാരത്തിനു മുന്‍പുതന്നെ എല്ലാവരും കൊടുത്തു. ഫിത്വര്‍ സക്കാത്ത് സ്വീകരിക്കുവാന്‍ പ്രത്യേകം സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നു. 30 ദിവസം നീണ്ടുനില്‍ക്കുന്ന വ്രതാനുഷ്ഠാനത്തില്‍ സംഭവിച്ചേക്കാവുന്ന ചെറിയ വീഴ്ചകള്‍ ഫിത്വര്‍ സകാത്തിലൂടെ പരിഹരിക്കപ്പെടുന്നു എന്നാണ് ഇസ്ലാം മതവിശ്വാസം. പെരുന്നാള്‍ ദിനത്തിലെ ഭക്ഷണം, വസ്ത്രം, കടം എന്നിവ കഴിച്ച് സമ്പാദ്യത്തില്‍ ബാക്കിയുള്ള എല്ലാവരും ഫിത്വര്‍ സക്കാത്ത് കൊടുക്കണമെന്ന് നിര്‍ബ്ബന്ധമാണ്. സക്കാത്തിലൂടെ സമ്പത്ത് ശുദ്ധീകരിച്ച വിശ്വാസി ഫിത്വര്‍ സക്കാത്ത് കൂടി നല്‍കി കൂടുതല്‍ സൂക്ഷ്മത പുലര്‍ത്തിയാണ് ഈദുല്‍ ഫിത്വര്‍ ആഘോഷിക്കുന്നത്. പെരുന്നാള്‍ ദിനത്തില്‍ ആരും പട്ടിണി കിടക്കാന്‍ പാടില്ലെന്നതു കൂടിയാണു ഫിത്വര്‍ സക്കാത്തിലൂടെ നല്‍കുന്ന സന്ദേശം.
അല്‍-ഹിദായ ഇസ്ലാമിക് സെന്ററിന്റെ പാര്‍ക്കിംഗ് ലോട്ടുകള്‍ നിറഞ്ഞതുകാരണം ദൂരെ ദിക്കില്‍ നിന്ന് വരുന്നവര്‍ക്ക് വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാന്‍ ബുദ്ധിമുട്ടനുഭവപ്പെട്ടു. എങ്കിലും സ്‌ത്രീപുരുഷഭേദമന്യേ ആബാലവൃദ്ധം ജനങ്ങളും ആഘോഷത്തില്‍ പങ്കെടുക്കാന്‍ എത്തി. ദൈവ മഹത്വമോതുന്ന തക്ബീര്‍ ധ്വനികള്‍കൊണ്ട് പള്ളിയങ്കണം മുഴങ്ങി. ഇമാം ജാഫര്‍ സെബ്‌ഖൗഇയുടെ കാര്‍മ്മികത്വത്തില്‍ കൃത്യം 8 മണിക്ക് പെരുന്നാള്‍ നിസ്കാരം തുടങ്ങി. അതു കഴിഞ്ഞായിരുന്നു ഖുത്ബ.
സുഭിക്ഷമായി ഭക്ഷണം കഴിച്ചിരുന്ന നമ്മള്‍ കഴിഞ്ഞ 30 ദിനങ്ങള്‍ അന്നപാനീയങ്ങള്‍ ഉപേക്ഷിച്ച്, കോപങ്ങളും വിദ്വേഷങ്ങളും സ്വയം അടക്കിവെച്ച്, തന്നോട് കോപിക്കുന്നവരോടുപോലും സംയമനത്തോടെ സ്നേഹത്തിന്റെ മറുവാക്ക് മൊഴിഞ്ഞ്, സ്വന്തമെന്നു കരുതിപ്പോന്ന ധനം മറ്റുള്ളവര്‍ക്കായി പങ്കുവെച്ച് ആത്മനിയന്ത്രണത്തിന്റെ പാഠങ്ങള്‍ സ്വയം പരിശീലിക്കുകയും, സ്വയം നിയന്ത്രിക്കാന്‍ കഴിയുന്ന ഒരു സാമൂഹിക ശരീരത്തെ കെട്ടിപ്പടുക്കാന്‍ നമുക്കു സാധിച്ചെങ്കില്‍ തീര്‍ച്ചയായും സ്നേഹബന്ധങ്ങളിലൂടെ ഒരു നല്ല രാഷ്‌ട്രത്തെ നമുക്ക് കെട്ടിപ്പടുക്കാനാകുമെന്ന് ഇമാം തന്റെ ഖുത്ബയിലൂടെ ഉദ്ബോധിപ്പിച്ചു.
"അറിഞ്ഞോ അറിയാതെയോ നാം തെറ്റു ചെയ്തിട്ടുണ്ടെങ്കില്‍, പാപകര്‍മ്മങ്ങള്‍ ചെയ്തിട്ടുണ്ടെങ്കില്‍ കുറ്റബോധത്താല്‍ നിസ്സംഗനാകാതെ ആ പാപങ്ങള്‍ അല്ലാഹുവിനോട് ഏറ്റുപറഞ്ഞ് മാപ്പിരക്കുകയാണ് വേണ്ടത്. പരിശുദ്ധ റമദാന്‍ മാസം പാപമോചനത്തിന്റേയും മാപ്പാക്കലിന്റേയും മാസമായിരുന്നു. അല്ലാഹുവിന്റെ അനുഗ്രഹത്തെക്കുറിച്ച് നിരാശരാവാതെ, പ്രതീക്ഷയോടെ നാളെയിലേക്ക് നോക്കാനാണ് ഇക്കഴിഞ്ഞ റമദാന്‍ മാസം നമ്മെ പഠിപ്പിച്ചത്. ആ അനുഗ്രഹ മാസത്തിന്റെ ആഹ്ലാദകരമായ പരിസമാപ്തിയാണ് ഈദുല്‍ഫിത്ര്‍. ഈ ദിനം സന്തോഷിക്കാനുള്ളതാണ്. അല്ലാഹുവിനെ കൂടുതല്‍ ഉച്ചത്തിലും ആഴത്തിലും സ്തുതിക്കാനുള്ളതാണ്. മഹത്തായ ഈ ദിനം സന്തോഷത്തിലൂടെ കടന്നു പോകുമ്പോള്‍ റമദാനില്‍ ആര്‍ജിച്ച വ്യക്തിവൈശിഷ്ട്യങ്ങള്‍ നഷ്ടപ്പെടാനല്ല; അതിനെ കൂടുതല്‍ തെളിമയുള്ളതാക്കാനാണ് ശ്രദ്ധിക്കേണ്ടത്. അടുത്ത പതിനൊന്ന് മാസക്കാലത്തേക്കുള്ള പ്രയാണത്തിനുള്ള ഊര്‍ജമാണ് വിശ്വാസികള്‍ നേടിയെടുത്തത്. അത് കൈമോശം വന്നുപോകരുത്. അതിനെ കൂടുതല്‍ തിളക്കമുള്ളതാക്കുക. പെരുന്നാളിന്റെ സന്തോഷങ്ങളില്‍ മുഴുകുക. കുടുംബക്കാരോടും അയല്‍വാസികളോടും സുഹൃത്തുക്കളോടുമൊപ്പം ആഘോഷിക്കുക. ജാതിമതഭേദമെന്യേ എല്ലാവരെയും ആ സന്തോഷത്തില്‍ പങ്കാളികളാക്കുക. അങ്ങനെ ഭൂമിയില്‍ ആഹ്ലാദം നിറയുന്ന സന്ദര്‍ഭങ്ങള്‍ സൃഷ്ടിക്കുക. നമ്മുടെ നാടിനും കാലത്തിനും ഏറ്റവും ആവശ്യമായിരിക്കുന്നത് അത് തന്നെയാണ്...." - ഇമാം തന്റെ ഖുത്‌ബയില്‍ വിശ്വാസികളോട് ആഹ്വാനം ചെയ്തു.
അന്യായമായി തടവറകളില്‍ അകപ്പെട്ടവര്‍, സ്വാതന്ത്ര്യവും മനുഷ്യാവകാശങ്ങളും നിഷേധിക്കപ്പെട്ടവര്‍, അധിനിവേശത്തിന്റെ കൊടുംക്രൂരതകള്‍ക്ക് വിധേയമാവുന്നവര്‍, നിലനില്‍പിനായുള്ള പോരാട്ടങ്ങളില്‍ മുഴുകിയിരിക്കുന്നവര്‍... അവരെ മറക്കരുത്. പ്രാര്‍ഥനകളില്‍ അവരെയും ഉള്‍പ്പെടുത്തുക. ഐക്യദാര്‍ഢ്യത്തിന്റെ കരുത്ത് നിറഞ്ഞ സന്ദേശം അവര്‍ക്ക് കൈമാറുക.
അകലാനല്ല; അടുക്കാനും സ്‌നേഹിക്കാനുമാണ് നമുക്ക് സാധിക്കുക എന്ന സന്ദേശം എല്ലാവരും ഉയര്‍ത്തിപ്പിടിക്കുക. പെരുന്നാള്‍ സാമൂഹിക ഐക്യദാര്‍ഢ്യത്തിന്റെ ഒരു മഹാനാളാകും എന്ന് പ്രത്യാശിക്കാം. ഇമാം ജാഫര്‍ സെബ്‌ഖൗഇയുടെ പ്രഭാഷണം പള്ളിയങ്കണം നിറഞ്ഞുകവിഞ്ഞ വിശ്വാസികള്‍ ശ്രദ്ധയോടെ കേട്ടു.
നിസ്കാരത്തിനുശേഷം എല്ലാവരും പരസ്പരം ഹസ്തദാനം ചെയ്തും, ആശ്ലേഷിച്ചും പെരുന്നാളിന്റെ സന്തോഷം പങ്കുവെച്ചു.
No comments:
Post a Comment