Saturday, July 16, 2016

ഭീകരതയെ വേരോടെ പിഴുതെറിയേണ്ടത് ഭരണാധികാരികളുടെ ഉത്തരവാദിത്വം

വടക്കന്‍ കേരളത്തില്‍ നിന്ന് ഒരു സംഘം യുവതീയുവാക്കള്‍ ദുരൂഹ സാഹചര്യത്തില്‍ അപ്രത്യക്ഷരാകുകയും, അവസാനം അവര്‍ സിറിയയില്‍ എത്തിയെന്നും ഐഎസില്‍ ചേര്‍ന്നെന്നുമുള്ള സുഖകരമല്ലാത്ത വാര്‍ത്തകളാണ് പുറത്തുവന്നു കൊണ്ടിരിക്കുന്നത്. ഇന്ത്യയുടെ ഇതര ഭാഗങ്ങളില്‍ തീവ്രവാദപ്രവര്‍ത്തനങ്ങള്‍ നടക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും, കേരളത്തില്‍ നിന്ന് ഒറ്റയും തെറ്റയുമായി ചിലര്‍ അങ്ങനെയുള്ളവരുടെ കൂടെ കൂടിയിട്ടുണ്ടെങ്കിലും, 21 പേര്‍ ഒരുമിച്ച്, അതും കുടുംബത്തിലെ എല്ലാ അംഗങ്ങളും, ഐസിസില്‍ ചേരാന്‍ ഇറങ്ങിപ്പുറപ്പെട്ടത് ഞെട്ടലുണ്ടാക്കുന്നു. ക്രൈസ്തവ വിശ്വാസികളായ ചിലര്‍ മതം മാറിയാണ് ഈ പ്രവര്‍ത്തനത്തിനിറങ്ങിത്തിരിച്ചതെന്നു കേള്‍ക്കുമ്പോള്‍ അവിടെ മതപരിവര്‍ത്തനവും ലൗ ജിഹാദുമൊക്കെ കടന്നു വരുന്നു.

നിര്‍ഭാഗ്യവശാല്‍ ഇന്ന് ലോകമാകെ പടര്‍ന്നു പിടിച്ചിരിക്കുന്ന 'ജിഹാദ് ജ്വരം' ഇസ്ലാമിന്റെ പേരിലാണ്. സമാധാനം കാംക്ഷിക്കുന്ന ഒരു ജനസമൂഹമാണ് ഇസ്ലാം മത വിശ്വാസികള്‍. അവരില്‍‌പെട്ട ചിലര്‍ തീവ്രവാദികളായതും നിരപരാധികളെ കൊന്നൊടുക്കുന്നതും ഇസ്ലാം മതവിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുര്‍‌ആന്‍ സൂക്തങ്ങളെ ദുര്‍‌വ്യാഖ്യാനം ചെയ്തതുകൊണ്ടാണ്. അതുകൊണ്ടുതന്നെ ഇസ്ലാമിന്റെ പേരില്‍, ഇസ്ലാമിന്റെ കാവല്‍ക്കാരാണെന്ന വ്യാജേന യുദ്ധം ചെയ്യുന്നവര്‍ക്ക് അവരുടേതായ ന്യായീകരണങ്ങളുമുണ്ടാകാം.

യുദ്ധക്കൊതിയന്മാരല്ല ദൈവങ്ങള്‍. എല്ലാ മതഗ്രന്ഥങ്ങളും മാനവകുലത്തെ നന്മകളിലേക്ക് നയിക്കാന്‍ വേണ്ടി സൃഷ്ടിക്കപ്പെട്ടതാണ്. 'നമ്മളില്‍ വിശ്വസിക്കാത്തവരെ ഉന്മൂലനം ചെയ്യാന്‍' ഒരു വേദഗ്രന്ഥത്തിലും പറഞ്ഞിട്ടില്ല. എന്നാല്‍ എല്ലാ വേദഗ്രന്ഥങ്ങളും ദുര്‍‌വ്യാഖ്യാനം ചെയ്യപ്പെടുകയും അതില്‍ ചിലര്‍ വിശ്വസിക്കുകയും ചെയ്യപ്പെടുമ്പോഴാണ് പരസ്പര വിശ്വാസവും സ്നേഹവും മനുഷ്യമനസ്സുകളില്‍ നിന്ന് ഓടിയൊളിക്കുന്നത്. യുദ്ധം ചെയ്യാന്‍ അഹ്വാനം ചെയ്ത ദൈവത്തെക്കുറിച്ച് തെറ്റിദ്ധാരണാജനകമായ അറിവുകള്‍ ഇന്നു പലരിലുമുണ്ട്. ഇത് ചരിത്രത്തെക്കുറിച്ച് വ്യക്തമായ അവബോധം ഇല്ലാത്തതുകൊണ്ടാണ്. യുദ്ധം കൊതിക്കുന്ന ഒരു ദൈവത്തിലല്ല ഇസ്ലാം വിശ്വസിക്കുന്നത്. എങ്കിലും യുദ്ധം അനിവാര്യമായ പല കാലഘട്ടങ്ങളുമുണ്ടായിട്ടുണ്ട്. ആ യുദ്ധങ്ങളെക്കുറിച്ച് അറിയണമെങ്കില്‍ ഖുര്‍‌ആനിലൂടെ തന്നെ അറിയേണ്ടിയിരിക്കുന്നു. ബദ്‌ര്‍ യുദ്ധം, ഉഹ്‌ദ് യുദ്ധം, ഖന്‍ദഖ് യുദ്ധം എന്നിവ അവയില്‍ ചിലത്.

സഹോദരന്മാരായ ഈസയും (ബെക്സണ്‍) യഹ്യയും (ബെറ്റ്സണ്‍)
ഇസ്‌ലാമിക ചരിത്രത്തിലെ ആദ്യത്തെ സായുധ പോരാട്ടമാണ് ബദ്‌ര്‍ യുദ്ധം. പ്രവാചകന്‍ മുഹമ്മദ് നബി (സ്വ)യുടെ നേതൃത്വത്തില്‍ മദീനയിലെ മുസ്‌ലിങ്ങളും മക്കയിലെ ഖുറൈശികളും തമ്മില്‍ ക്രിസ്തുവര്‍ഷം 624 മാര്‍ച്ച് 13-നാണ് ഈ യുദ്ധം നടന്നത്. ഇസ്‌ലാമിക ചരിത്രത്തില്‍ നിര്‍ണ്ണായകമായ ഈ യുദ്ധത്തിന്റെ വിജയം ദൈവിക ഇടപെടല്‍ മൂലമാണെന്ന് ഇസ്‌ലാമിക വിശ്വാസികളും മുഹമ്മദിന്റെ യുദ്ധതന്ത്രങ്ങളുടെ വിജയമാണെന്ന് മറ്റുള്ളവരും കരുതുന്നു. ഖുര്‍ആനില്‍ കൃത്യമായി പരാമര്‍ശമുള്ള ചുരുക്കം യുദ്ധങ്ങളിലൊന്നാണിത്.

എന്നാല്‍, മനുഷ്യര്‍ ധാര്‍മ്മീകമായി അധഃപതിക്കുമ്പോള്‍ ആദ്യപടിയായി അവരെ യുദ്ധത്തിലൂടെ ഇല്ലായ്മ ചെയ്യാന്‍ ഖുര്‍‌ആനിലൂടെ ദൈവം പഠിപ്പിച്ചിട്ടില്ല. അവരെ അധര്‍മ്മത്തില്‍നിന്ന് മോചിപ്പിക്കാന്‍ എല്ലാ മാര്‍ഗ്ഗങ്ങളും തേടണമെന്നാണ് പഠിപ്പിച്ചിട്ടുള്ളത്. പാപവും പാപം വഴിയുള്ള ധാര്‍മ്മീക അധഃപതനവും ലോകത്തിനു മുഴുവന്‍ ഭീഷണിയാണ്. ഖുര്‍‌ആന്റേയും ഇസ്ലാമിന്റേയും പേരുപറഞ്ഞ് ലോകത്താകെ ഭീതി പരത്തുകയും നിരപരാധികളെ കൊന്നൊടുക്കുകയും ചെയ്യുന്ന ഐസിസ് പോലുള്ള ഭീകരസംഘടനയെ ഉന്മൂലനം ചെയ്യാന്‍ ലോകരാഷ്‌ട്രങ്ങള്‍ ഒറ്റക്കെട്ടായി നിലകൊള്ളണം. ഭീകരരുടേ ലക്ഷ്യം ഒന്നേയുള്ളൂ..... ദുഷ്ടത പ്രവര്‍ത്തിപ്പിച്ച് ലോകത്തെ പൂര്‍ണ്ണമായും സാത്താന്‍റെ അധീനതയില്‍ എത്തിക്കുക. മനുഷ്യര്‍ പാപത്തില്‍ പതിച്ച് ആത്മാവ് നഷ്ടപ്പെടുമ്പോള്‍, നഷ്ടം പ്രധാനമായും ഓരോ വ്യക്തികള്‍ക്കും തന്നെയായിരിക്കും. ഒരു വ്യക്തിയുടേയോ സമൂഹത്തിന്‍റെയോ പ്രവര്‍ത്തിയുടെ ഫലം ലോകം മുഴുവന്‍ അനുഭവിക്കേണ്ടിവരുന്നത് നീതിയല്ല. 'ക്യാന്‍സര്‍' ബാധിച്ച അവയവം മുറിച്ചുനീക്കുന്നത് ആദ്യത്തെ ഘട്ടമല്ല. മറിച്ച്, മറ്റു ചികിത്സാവിധികള്‍ ഫലിക്കാതെ വരുമ്പോഴാണ്. പാപികള്‍ സമൂഹത്തിന് ആകമാനം ഭീഷണിയാകുമ്പോള്‍ അവരെ നീക്കം ചെയ്യേണ്ടത് സമാധാനകാംക്ഷികളായ മനുഷ്യകുലത്തിന്‍റെ ആവശ്യമാണ്.

എവിടെയാണ് ഈ ഭീകരര്‍ ഒളിഞ്ഞിരിക്കുന്നതെന്ന് മുന്‍‌കൂട്ടി പറയാനാവാത്ത ഒരവസ്ഥയിലാണ് ഇന്ന് നാം ജീവിക്കുന്നത്. ഏതു നിമിഷവും എവിടേയും ഭീകരര്‍ ചാടിവീഴാം..റോഡുകളില്‍, പാര്‍ക്കുകളില്‍, ആശുപത്രികളില്‍, ദൈവാലയങ്ങളില്‍, ഷോപ്പിംഗ് മാളുകളില്‍, വിമാനത്താവളങ്ങളില്‍, റെയില്‍‌വേ സ്റ്റേഷനുകളില്‍ എന്നുവേണ്ട എവിടെയൊക്കെയോ ജനങ്ങള്‍ സ്വൈര്യജീവിതം നയിക്കുന്നുണ്ടോ അവിടെയെല്ലാം ഇക്കൂട്ടരുണ്ട്. ചിലപ്പോള്‍ നമ്മുടെ കണ്‍‌മുന്‍പിലായിരിക്കാം. പ്രവചനാതീതമായി അവര്‍ എല്ലായിടത്തുമുണ്ട്. അവരെ പെട്ടെന്ന് തിരിച്ചറിയാനും ബുദ്ധിമുട്ടാണ്.

ഇക്കഴിഞ്ഞ ജൂണ്‍ 14-ന് ദക്ഷിണ ഫ്രാന്‍സില്‍ ഭീകരതയുടെ കറുത്ത കൈകള്‍ 84 നിരപരാധികളെയാണ് കൊന്നൊടുക്കിയത്. ഫ്രഞ്ച്‌ ദേശീയ ദിനം ആഘോഷിക്കാനെത്തിയ ജനക്കൂട്ടത്തിലേക്ക് ട്രാക്ടര്‍ ട്രെയ്‌ലര്‍ ഓടിച്ചു കയറ്റിയാണ് ഒരു കൊടും ഭീകരന്‍ അത്രയും പേരെ കുരുതി കൊടുത്തത്. അപ്രതീക്ഷിതമായ ആ ആക്രമണത്തില്‍ ഒന്നനങ്ങാന്‍ പോലും സമയം കൊടുക്കാതെ ആ കൂറ്റന്‍ ട്രക്കിനടിയില്‍ പെട്ടാണ് അത്രയും പേരുടെ ജീവന്‍ പോയത്. സ്ത്രീകളും കുഞ്ഞുങ്ങളുമടക്കം അനേകം പേര്‍ക്ക്‌ പരിക്കേറ്റു. ഇന്ത്യയ്ക്കു സ്വാതന്ത്ര്യ ദിനം എങ്ങനെയാണോ അതാണ് ഫ്രഞ്ചുകാര്‍ക്ക് അവരുടെ ദേശീയ ദിനം. ലോകത്ത് അഭിപ്രായ സ്വാതന്ത്ര്യത്തിനും വ്യക്തിസ്വാതന്ത്ര്യത്തിനുമൊക്കെ ഏറ്റവും വിലകല്‍പ്പിക്കുന്ന ജനതയ്ക്കു നേരേയാണ് ഭീകരന്‍ അക്രമം അഴിച്ചുവിട്ടത്.

പ്രവാചകനെ അധിക്ഷേപിച്ച് കാര്‍ട്ടൂണ്‍ പ്രസിദ്ധീകരിച്ചെന്ന ആരോപണമുന്നയിച്ച് ഷാര്‍ളി ഹെബ്‌ദോ ആക്രമിച്ച് 12 പേരെയാണ് കൊലയാളികള്‍ തോക്കിനിരയാക്കിയത്. അതിന്റെ ഞെട്ടല്‍ മാറും മുന്‍പ് ഭക്ഷ്യ മാര്‍ക്കറ്റില്‍, അതിനുശേഷം കഴിഞ്ഞ നവംബറില്‍ പാരിസിലെ ഒരു സംഗീതവിരുന്നിനിടെ നൂറിലേറെ പേരെ ഭീകരര്‍ വെടിവച്ചു കൊലപ്പെടുത്തിയതിന്‍റെ നടുക്കം ഇപ്പോഴും മാറിയിട്ടില്ല ഫ്രഞ്ചു ജനതയുടെ മനസില്‍ നിന്ന്. വെടിയേറ്റ് സാരമായി പരുക്കേറ്റ പലരും ഇപ്പോഴും ആശുപത്രികളിലാണ്. പലര്‍ക്കും മനസിന്‍റെ സമനില തന്നെ തെറ്റിയിരിക്കുന്നു. ഇതിനു പിന്നാലെയായിരുന്നു ഫ്രഞ്ച് പ്രസിഡന്‍റെ ഫ്രാന്‍സ്വ ഒളാന്ദ് ഉള്‍പ്പെടെ പ്രമുഖര്‍ പങ്കെടുത്ത ഫുട്ബോള്‍ ടൂര്‍ണമെന്‍റിനിടെ ആക്രമണം. ഫ്രാന്‍സ്- ജര്‍മനി മത്സരം കാണാനെത്തിയ 89 പേരെയാണ് ഭീകരര്‍ കൊലപ്പെടുത്തിയത്. പിന്നീടു നാലു റസ്റ്റോറന്റുകളും ഭീകരരുടെ പൈശാചികതയ്ക്കു വേദിയായി. 2015ന്‍റെ തുടക്കം മുതല്‍ 2016ന്‍റെ പാതി വരെ പിന്നിടുമ്പോള്‍ തുടര്‍ച്ചയായ ആക്രമണങ്ങളില്‍ ഭയക്കുകയാണു ഫ്രാന്‍സ്.

സമത്വവും സ്വാതന്ത്ര്യവും സാഹോദര്യവും പ്രഖ്യാപിച്ച 1789 ജൂലൈ 14ന്റെ ബാസ്റ്റീ കലാപത്തിന്റെ വാര്‍ഷികാഘോഷങ്ങളുടെ സമാപനവേളയിലാണ്‌ അതിദാരുണമായ ഭീകരത അരങ്ങേറിയതെന്നത്‌ യാദൃച്ഛികമാവാം. മുപ്പത്തിയൊന്നുകാരനായ അക്രമി ഫ്രാന്‍സില്‍ ജനിച്ച ടുണീഷ്യന്‍ വംശജനാണെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയിലും, ഫ്രാന്‍സിലും, ബ്രിട്ടനിലും മറ്റു പല രാജ്യങ്ങളിലും വിദേശ വംശജര്‍ ജനിക്കുന്നുണ്ട്. അവര്‍ക്ക് വിദ്യാഭ്യാസവും ജോലിയുമെല്ലാം ലഭിക്കുന്നുമുണ്ട്. മാന്യമായി തൊഴില്‍ ചെയ്ത് ജീവിക്കുന്നതിനു പകരം ഇത്തരത്തിലുള്ള തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ഇതര വംശജര്‍ക്കും ഭീഷണിയാണ്. കഴിഞ്ഞ 18 മാസങ്ങള്‍ക്കിടയില്‍ ഫ്രാന്‍സില്‍ നടക്കുന്ന മൂന്നാമത്തെ ഭീകരാക്രമണമാണിത്‌. ഷാര്‍ലി ഹെബ്ദോയ്ക്കും തുടര്‍ന്ന്‌ പാരിസിലും നടന്ന കൂട്ടക്കൊലകളില്‍ ഭീകരര്‍ ആസൂത്രിതവും കൂട്ടായതുമായ ആക്രമണമാണ്‌ നടത്തിയതെന്ന്‌ തെളിയിക്കപ്പെട്ടിരിക്കുന്നു. അടിയന്തരാവസ്ഥ മൂന്നുമാസത്തേക്കു കൂടി നീട്ടിയ ഫ്രഞ്ച് പ്രസിഡന്റ്‌ ഫ്രാന്‍ന്‍സ്‌ ഇസ്ലാമിക ഭീകരതയ്ക്കെതിരെ യുദ്ധത്തിലാണെന്ന്‌ പ്രഖ്യാപിക്കുകയും, ഇറാഖിലും സിറിയയിലും നടക്കുന്ന ഭീകരവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക്‌ 10,000 കരുതല്‍ സേനകളെ കൂടി വിന്യസിക്കുമെന്നും അദ്ദേഹം പ്രഖ്യാപിക്കുകയും ചെയ്തു.

ഐഎസിന്റെ ഭീകരപ്രവര്‍ത്തനങ്ങള്‍ ലോകമൊട്ടാകെ പടര്‍ന്നു പിടിച്ചിട്ടുണ്ടെങ്കിലും, കേരളത്തില്‍ അതിന്റെ വേരുകളുണ്ടെന്ന് ഇപ്പോഴാണ് മനസ്സിലാകുന്നത്. ഇങ്ങനെ ഒരു പ്രതിഭാസം ഉടലെടുക്കാന്‍ കാരണമെന്താണെന്ന് ഇനിയും കണ്ടുപിടിക്കേണ്ടിയിരിക്കുന്നു. ഇസ്ലാം മത വിശ്വാസികള്‍ പറയുന്നു അവരെ മനഃപ്പൂര്‍‌വ്വം ഭീകരരായി ചിത്രീകരിക്കാന്‍ ബി.ജെ.പി. ആര്‍ എസ് എസ് സംഘ്പരിവാര്‍ എന്നീ സംഘടനകള്‍ ശ്രമിക്കുന്നതാണെന്ന്. അതോടൊപ്പം തന്നെ മുസ്ലിം സമുദായത്തില്‍ നിന്നു തന്നെ പരസ്പരം ആരോപണ പ്രത്യാരോപണങ്ങളും നടക്കുന്നുണ്ട്. തീവ്ര ആത്മീയതയില്‍ അഭയം തേടിയവര്‍ വീണ്ടുവിചാരത്തിന് തയ്യാറാവണമെന്നാണ് ഒരു വിഭാഗം പറയുന്നത്. ഖുര്‍ആനും നബിചര്യയും അനുസരിച്ച് പതിറ്റാണ്ടുകളോളം പ്രബോധനം ചെയ്ത മുജാഹിദ് പ്രസ്ഥാനത്തിന് തീവ്രതപോരെന്ന് ആരോപിച്ച് പുറത്തുപോയവര്‍ എത്തിപ്പെട്ട ആത്മീയതീവ്രതയും നിഗൂഢതയും ലജ്ജാവഹമാണെന്നും, ദുരൂഹമായ സാഹചര്യത്തില്‍ കാണാതായ ചെറുപ്പക്കാരുടെ തീവ്ര ആത്മീയ ആഭിമുഖ്യം പുറത്തുകൊണ്ടുവരണമെന്നും, മന്ത്രവാദം, മാരണം തുടങ്ങിയ വിഷയങ്ങളില്‍ അതിരുവിട്ട ചര്‍ച്ചകള്‍ നടത്തി യുവാക്കളുടെ മനസ്സും മസ്തിഷ്കവും നശിപ്പിച്ചവരാണ് യുവാക്കളുടെ തിരോധാനത്തിന് പിന്നില്‍ ആശയപരിസരമൊരുക്കിയതെന്നും അവര്‍ കുറ്റപ്പെടുത്തുന്നു. അതിനര്‍ത്ഥം കേരളത്തില്‍ നിന്ന് കാണാതായവര്‍ ഐഎസ് ക്യാമ്പിലെത്താന്‍ സാധ്യതയുണ്ടെന്നാണ്.

ഭീകരതയുടെ വേരറുക്കുക എന്നത്‌ ഭരണാധികാരികളുടെ ഉത്തരവാദിത്തവും ജനങ്ങളുടെ ആവശ്യവുമാണ്‌. കൂടുതല്‍ കൂടുതല്‍ സൈനികശേഷികൊണ്ടും ആയുധശേഷികൊണ്ടും മാത്രം കൈവരിക്കാവുന്ന ഒന്നല്ല ജനങ്ങളുടെ ജീവിതസുരക്ഷ. മതപരമോ ആശയപരമോ ആയ ഭീകരതയെ ഔദ്യോഗികവും സൈനികവുമായ ഭീകരതകൊണ്ട്‌ നേരിട്ട്‌ പരാജയപ്പെടുത്താമെന്നും അതുവഴി ജനങ്ങള്‍ക്ക്‌ സുരക്ഷ നല്‍കാമെന്നുമുള്ള സങ്കല്‍പ്പം തന്നെ അസ്ഥാനത്തും അടിസ്ഥാനരഹിതവുമാണെന്ന്‌ സംഭവഗതികള്‍ ഒന്നൊന്നായി തെളിയിക്കുന്നു.

മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയുമായി നടന്ന കൂടിക്കാഴ്ചയില്‍ കേന്ദ്രത്തിന്റെ സഹായം അഭ്യര്‍ത്ഥിച്ചത് ശുഭസൂചകമാണ്. സമഗ്രമായ അന്വേഷണത്തിന് കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ കൂടുതല്‍ സഹായം വേണമെന്ന് അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടതായാണ് അറിവ്. മലയാളികള്‍ ഐ.എസില്‍ ചേരുന്നുവെന്നത് സംസ്ഥാന സര്‍ക്കാര്‍ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞിട്ടുണ്ട്. നിയമപരമായ അതീവ സൂക്ഷ്മതയോടെയാണ് ഈ വിഷയം കൈകാര്യം ചെയ്യുന്നതെന്നും, ഇക്കാര്യത്തില്‍ കേന്ദ്രത്തിന്‍െറ എല്ലാ സഹായവും ഉണ്ടാകണമെന്നും അദ്ദേഹം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ് വിവിധ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.


No comments:

Post a Comment