കുമ്പസാര രഹസ്യം ദുരുപയോഗം ചെയ്ത് നാലു വൈദികര്‍ ഒരു വീട്ടമ്മയെ നിരന്തരം പീഡിപ്പിച്ചെന്ന വാര്‍ത്ത കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ മാത്രമല്ല, എല്ലാ മതവിഭാഗങ്ങളേയും ഞെട്ടിച്ചു. അത്ര സുഖകരമല്ലാത്ത ആ വാര്‍ത്തയെ പൊടിപ്പും തൊങ്ങലും വെച്ച് മറ്റു പലരും ദുരുപയോഗം ചെയ്തു എന്നത് മറ്റൊരു വശം. ഒരു കൂട്ടര്‍ ക്രൈസ്തവ വൈദികരെ ഒന്നടങ്കം കുറ്റക്കാരാക്കി മുദ്ര ചാര്‍ത്താന്‍ ശ്രമിച്ചപ്പോള്‍ മറ്റൊരു കൂട്ടരാകട്ടേ വീട്ടമ്മയെ ദുര്‍നടപ്പുകാരിയാക്കി ചിത്രീകരിക്കാനുമാണ് ശ്രമിച്ചത്.
കുമ്പസാരം മാത്രമല്ല എല്ലാ മതങ്ങള്‍ക്കും അവരുടെ വിശ്വാസാചാരങ്ങളില്‍ ചില അടിസ്ഥാന പ്രമാണങ്ങളുണ്ട്. വിശ്വാസ ജീവിതത്തിന്‍റെ ആധാരശിലകള്‍ എന്നറിയപ്പെടുന്ന, ജനകോടികള്‍ പിന്തുടരുന്ന ആചാരങ്ങള്‍ ഉരുത്തിരിയുന്നത് ഈ പ്രമാണങ്ങള്‍ വഴിയാണ്. എല്ലാ മതങ്ങളും ഉദ്ഘോഷിക്കുന്നത് ആത്യന്തികമായി നന്മയും സമാധാനവും ശാന്തിയും പുലരണമെന്നാണ്. ക്രൈസ്തവ സമൂഹത്തിലെ ഒരു വിശ്വാസമാണ് കുമ്പസാരം അഥവാ ദണ്ഡവിമോചനം (indulgences). കുമ്പസാരത്തിലൂടെ മോചനം ലഭിച്ച പാപങ്ങളുടെ താത്ക്കാലികമായ ശിക്ഷയില്‍നിന്നും ഒരു വ്യക്തിക്ക് സഭയില്‍നിന്നും ക്രിസ്‌തു ഭാരമേല്പിച്ച പുണ്യത്തിന്റെയും ഭണ്‌ഡാരത്തിന്റെയും യോഗ്യത മൂലം പൂര്‍ണ്ണമായോ ഭാഗികമായോ ലഭിക്കുന്ന ഇളവുകളാണ് ഇത്. ഒരു വ്യക്തി മരിച്ചു കഴിയുമ്പോള്‍ അയാള്‍ക്ക് ശുദ്ധീകരണസ്ഥലത്ത് (Purgatory) ലഭിക്കാവുന്ന ശിക്ഷയില്‍ ഇളവുകള്‍ അനുവദിക്കുവാന്‍ മാർപാപ്പയ്ക്ക് അധികാരമുണ്ടെന്ന വിശ്വാസമാണ് ദണ്ഡവിമോചനം എന്ന് അറിയപ്പെടുന്നത്. ഒരു വ്യക്തി മരിക്കുമ്പോള്‍ അയാളുടെ ആത്മാവ് ഒന്നുകില്‍ സ്വര്‍ഗത്തില്‍ അല്ലെങ്കില്‍ നരകത്തില്‍ പോകുമെന്നതായിരുന്നു പരമ്പരാഗതമായ വിശ്വാസം. കത്തോലിക്കാ വിശ്വാസമനുസരിച്ച് പാപസങ്കീര്‍ത്തനം അഥവാ കുമ്പസാരം എന്ന പ്രക്രിയയിലൂടെ താന്‍ ചെയ്ത പാപങ്ങള്‍ക്ക് പരിഹാരം ലഭിക്കുന്നു. പാപങ്ങളില്‍നിന്ന് മോചനം ലഭിച്ചാലും അയാളുടെ ആത്മാവിന് സ്വർഗത്തില്‍ പ്രവേശിക്കുന്നതിനുമുമ്പ് ശുദ്ധീകരണ സ്ഥലം എന്ന അവസ്ഥയില്‍ ഒരു നിശ്ചിതകാലം വലിയ പീഡനങ്ങള്‍ അനുഭവിച്ചുകൊണ്ടു കഴിയേണ്ടതുണ്ട്. ഭൂമിയിലെ ജീവിതകാലത്ത് ചെയ്ത പാപങ്ങളുടെ പരിഹാരാര്‍ഥം ഒരു പ്രായശ്ചിത്തം എന്ന നിലയിലാണ് ശുദ്ധീകരണസ്ഥലത്ത് ഈ വിധം കഴിയേണ്ടത്. എന്നാല്‍ ഭൂമിയിലെ ജീവിതകാലത്ത് ചില സദ്പ്രവൃത്തികള്‍ ചെയ്താല്‍ ശുദ്ധീകരണസ്ഥലത്തിലെ കാലാവധിയില്‍ കുറെ ഇളവുകള്‍ ലഭിക്കുമെന്ന് കത്തോലിക്കാ സഭ പഠിപ്പിക്കുന്നു. ഇപ്രകാരം ലഭിക്കുന്ന ശിക്ഷാ ഇളവിനെയാണ് ദണ്ഡവിമോചനം എന്നു പറയുന്നത്. പ്രാര്‍ഥന, പരിത്യാഗം, ഉപവാസം, ദാനധര്‍മങ്ങള്‍ തുടങ്ങിയ സദ്പ്രവൃത്തികളിലൂടെയാണ് ഇപ്രകാരം ദണ്ഡവിമോചനം നേടേണ്ടത്. ക്രൈസ്തവ സഭകള്‍ അതിവിശുദ്ധമെന്നു കരുതുന്ന ഈ വിശ്വാസ പ്രമാണങ്ങള്‍ ഒന്നോ രണ്ടോ അതുമല്ലെങ്കില്‍ വിരലിലെണ്ണാവുന്ന ചിലര്‍ ദുരുപയോഗം ചെയ്തെന്നു വെച്ച് ഒരു സമൂഹത്തെ തന്നെ അടച്ചാക്ഷേപിക്കുന്നതും, അവര്‍ തുടര്‍ന്നുവരുന്ന വിശ്വാസാചാരങ്ങളെ പാടേ നിരോധിക്കണമെന്നുമൊക്കെ നിര്‍ബ്ബന്ധം പിടിക്കുന്നത് രാഷ്ട്രീയ ലക്ഷ്യമല്ലാതെ പിന്നെന്താണ്.
കുമ്പസാരം നിര്‍ത്തലാക്കണമെന്ന ദേശീയ വനിതാ കമ്മിഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മയുടെ ശുപാര്‍ശയാണ് ഇപ്പോള്‍ വിവാദത്തിനും പ്രതിഷേധത്തിനും വഴിവച്ചിരിക്കുന്നത്. കുമ്പസാരം തന്നെ നിര്‍ത്തലാക്കണമെന്നും നിരോധിക്കണമെന്നും നല്‍കിയ പൊതുതാല്‍പര്യ ഹര്‍ജി ഹൈക്കോടതി തള്ളിയത് ഇന്നലെയാണ്. ഏത് മതത്തിലും വിശ്വസിക്കാനുള്ള അവകാശം ഇന്ത്യന്‍ ഭരണഘടന നല്‍കുന്നുണ്ടെന്നും, മതവിശ്വാസം വ്യക്തിയെ ഹനിക്കുന്നെങ്കില്‍ അത് ഉപേക്ഷിക്കാനുള്ള അവകാശവുമുണ്ടെന്നുമാണ് കോടതിയുടെ പരാമര്‍ശം. കുമ്പസാരിക്കണമെന്നത് നിയമപരമായ നിര്‍ബന്ധമല്ല. കുമ്പസാരം വ്യക്തി സ്വാതന്ത്യത്തെ ഹനിക്കുന്നുവെന്ന് പറയാന്‍ പറ്റില്ല. കുമ്പസാരിക്കുമ്പോള്‍ എന്ത് പറയണം എന്നത് വിശ്വാസികളുടെ സ്വാതന്ത്ര്യമാണെന്നും കോടതി പറഞ്ഞു.
അതേസമയം, കുമ്പസാരത്തിലൂടെ സ്ത്രീകള്‍ ബ്ലാക്മെയിലിങ്ങിന് ഇരകളാകുന്നുണ്ടെന്ന കണ്ടെത്തലിനെ തുടര്‍ന്നായിരുന്നു നടപടിയെന്നും, ഇതുമായി ബന്ധപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിനും ശുപാര്‍ശകളടങ്ങിയ റിപ്പോര്‍ട്ട് കമ്മിഷന്‍ സമര്‍പ്പിച്ചിരുന്നുവെന്നും ദേശീയ വനിതാ കമ്മീഷന്‍ അദ്ധ്യക്ഷ രേഖാ ശര്‍മ്മ പറയുന്നു. സ്ത്രീകള്‍ ലൈംഗിക ചൂഷണത്തിനും പുരുഷന്മാര്‍ സാമ്പത്തികതട്ടിപ്പിനും കുമ്പസാരത്തിലൂടെ ഇരകളാകുന്നു. ഇങ്ങനെ ഒട്ടേറെ പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണത്രേ കുമ്പസാരം നിരോധിക്കണമെന്ന് ശുപാര്‍ശ ചെയ്തതെന്നാണ് രേഖാ ശര്‍മ്മ പറയുന്നത്. പക്ഷെ, വനിതാ കമ്മിഷന്‍ സ്വന്തം നിലപാടുകള്‍ വ്യക്തമാക്കുന്നതില്‍ അപാകതയില്ല. എന്നാല്‍, അവ സുചിന്തിതവും മതവികാരങ്ങളെ വ്രണപ്പെടുത്താത്തതും സമൂഹത്തിന്‍റെ ഭദ്രത ഉറപ്പിക്കുന്നതുമാകണം. കുമ്പസാര രഹസ്യത്തിന്‍റെ മറവില്‍ വീട്ടമ്മയെ ഏതാനും വൈദികര്‍ ചേര്‍ന്നു പീഡിപ്പിച്ചതടക്കം കേസുകള്‍ ചൂണ്ടിക്കാട്ടിയാണു കമ്മിഷന്‍ അഭിപ്രായ പ്രകടനം നടത്തിയത് എന്നതു ശരിതന്നെ. എന്നാല്‍, കുമ്പസാരം വിശുദ്ധമായി കരുതപ്പെടുന്നത് എന്തുകൊണ്ടെന്നു കമ്മിഷന്‍ പഠിക്കുകയും ആ വിശുദ്ധിയിലേക്കുള്ള മടക്കം ഉറപ്പുവരുത്തുന്നതിനുള്ള നടപടികള്‍ക്കു പ്രേരിപ്പിക്കുകയുമായിരുന്നു ചെയ്യേണ്ടിയിരുന്നത്. ധാരാളം സ്ത്രീകളുടെ പരാതികള്‍ കമ്മിഷനിലേക്കു പ്രവഹിച്ചതിനെ തുടര്‍ന്നായിരുന്നു നിരീക്ഷണം. എന്നാല്‍, എല്ലാ തെറ്റും ക്ഷമിക്കാന്‍ സദാ സന്നദ്ധനായ ദൈവത്തിന്‍റെ മുന്നില്‍ വീഴ്ചകള്‍ ഏറ്റുപറഞ്ഞ് മനസിനെ ശുദ്ധമാക്കുന്നതിലൂടെ ജീവിതത്തില്‍ കൈവരുന്ന ആശ്വാസമാണ് സഭ പ്രധാനമായും കാണുന്നത്. അതു മനസിലാക്കിയിരുന്നെങ്കില്‍ വനിതാ കമ്മിഷന്‍ ഇപ്രകാരമൊരു വിമര്‍ശനം നടത്തുമായിരുന്നില്ല.
കുമ്പസാരത്തിന്‍റെ പ്രാധാന്യം മനസിലാക്കി അതിന്‍റെ പവിത്രത സൂക്ഷിക്കേണ്ട ചിലര്‍ തന്നെയാണ് അതു നഷ്ടമാക്കിയതെന്നും പറയേണ്ടിവരും. ഓര്‍ത്തഡോക്സ് സഭാ അദ്ധ്യക്ഷന്‍ പരി. ബസേലിയോസ് മാര്‍ത്തോമാ പൗലോസ് ദ്വിതീയന്‍ കാതോലിക്കാ ബാവയും, കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൂസൈപാക്യവും നടത്തിയ പ്രസ്താവനകള്‍ക്ക് ഇവിടെ പ്രസക്തിയേറുന്നു. ഭരണഘടന ഉറപ്പു നല്‍കുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണിതെന്നും ഒരു വ്യക്തി ചില വൈദികരുടെ മേല്‍ ഉന്നയിച്ചിട്ടുളള ‘കുമ്പസാരം ദുരുപയോഗപ്പെടുത്തി’ എന്ന ആരോപണം തെളിയിക്കപ്പെട്ടാല്‍ കുറ്റവാളികള്‍ ശിക്ഷിക്കപ്പെടണമെന്നും നിരപരാധികള്‍ ശിക്ഷിക്കപ്പെടരുതെന്നും തന്നെയാണു സഭയുടെ ആദ്യം മുതലുളള നിലപാടെന്നുമാണ് കാതോലിക്കാ ബാവാ പറഞ്ഞത്.
ലക്ഷക്കണക്കിനു വിശ്വാസികള്‍ക്ക് ആശ്വാസപ്രദമാണെന്നു തെളിഞ്ഞിട്ടുളള മതാനുഷ്ഠാനം നിരോധിക്കണമെന്ന് വാദിക്കുന്നത് അംഗീകരിക്കാനാവില്ലെന്നാണ് സൂസൈപാക്യം പറഞ്ഞത്. കുമ്പസാരം തെറ്റുകള്‍ക്കുള്ള മനശാസ്ത്ര പരിഹാരമാണ്. ജീവന് ബലി കഴിച്ചും മരണം വരെ കുമ്പസാര രഹസ്യം സൂക്ഷിക്കാന്‍ വിധിക്കപ്പെട്ടവരാണ് പുരോഹിതന്‍മാര്‍. എന്നാല്‍ മനുഷ്യരുടെ കൂട്ടമായ സഭയില്‍ പുഴുക്കുത്തുകള്‍ ഉണ്ടെന്ന് താന്‍ സമ്മതിക്കുന്നു. സഭയെ പിടിച്ചുകുലുക്കിയ ലൈംഗിക വിവാദത്തില്‍ പുരോഹിതന്മാര്‍ തെറ്റ് ചെയ്‌തെന്ന് ബോധ്യപ്പെട്ടാല്‍ തിരുത്തല്‍, ശിക്ഷാനടപടികള്‍ സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചിരുന്നു.
No comments:
Post a Comment