2017, ഓഗസ്റ്റ് 26, ശനിയാഴ്‌ച

പൗരസ്വാതന്ത്ര്യം കീറിമുറിക്കുന്ന ഡിജിറ്റല്‍ യുഗത്തിന്റെ അന്ത്യം

അന്തസോടെ ജീവിക്കാനുള്ള പൗരന്‍റെ മൗലികാവകാശത്തിന്‍റെ ഭാഗമാണ് സ്വകാര്യതയെന്ന സുപ്രീം കോടതിയുടെ ഒന്‍പതംഗ ഭരണഘടനാ ബഞ്ചിന്‍റെ വിധി അവകാശങ്ങളെക്കുറിച്ചു സന്ദേഹം ജനിപ്പിക്കുന്ന ചുറ്റുപാടുകളില്‍ ജനങ്ങള്‍ക്ക് ആത്മധൈര്യം പകരുന്നതാണ്. ജീവിതസ്വാതന്ത്ര്യത്തിന്‍റെ അവിഭാജ്യ ഘടകമായി സ്വകാര്യതയെ നിര്‍വചിക്കുക വഴി പൗരന്‍റെ ആ മൗലികാവകാശം സംരക്ഷിക്കേണ്ടതിന്‍റെ ഉത്തരവാദിത്വം സര്‍ക്കാരിനാണെന്നും 547 പേജുള്ള വിധിന്യായത്തിലെ ആറു പ്രത്യേക വിധികളിലൂടെ പരമോന്നത കോടതി വ്യക്തമാക്കുന്നു. ചരിത്രപരമായ ഈ വിധി ന്യായം രാജ്യത്തിന്‍റെ ജനാധിപത്യത്തിനും ജനങ്ങളുടെ സ്വാതന്ത്ര്യബോധത്തിനും കൂടുതല്‍ കരുത്തു പകരുമെന്നതിൽ സംശയമില്ല.

സ്വകാര്യതയുടെ അതിര്‍വരമ്പുകൾ നിർവചിക്കുകയെന്നത് അതീവ സങ്കീര്‍ണമായ പ്രക്രിയയാണ്. വ്യക്തിക്കും സര്‍ക്കാരിനും മറ്റ് ഏജന്‍സികള്‍ക്കും ഇതു സംബന്ധിച്ച് വിഭിന്നങ്ങളായ കാഴ്ചപ്പാടുകളാണുള്ളത്. സ്വകാര്യത മൗലികാവകാശമല്ലെന്ന 1954 ലെയും 1962 ലെയും വിധിപ്രസ്താവങ്ങളെ അസാധുവാക്കിക്കൊണ്ടാണ് ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ ഉള്‍പ്പെട്ട ഭരണഘടനാ ബെഞ്ച് പുതിയ അധ്യായം എഴുതിച്ചേര്‍ത്തത്. ആധാര്‍ കാര്‍ഡ് നിര്‍ബന്ധമാക്കുന്നതിനെതിരേ സമര്‍പ്പിക്കപ്പെട്ട ഹര്‍ജി പരിശോധിക്കുന്നതിനിടയിലാണ് സ്വകാര്യത പ്രശ്നമായി കടന്നുവന്നത്. കാര്‍ഡ് നടപ്പാക്കുന്നതിലൂടെ സര്‍ക്കാര്‍ സ്വകാര്യതയുടെ ലംഘനമാണു നടത്തുന്നതെന്നായിരുന്നു ഹര്‍ജിയിലെ പ്രധാന ആക്ഷേപം. അതിനാല്‍ സ്വകാര്യത നിര്‍വചിക്കേണ്ടത് ആവശ്യമായിവന്നു. ഒരു പൗരന് തന്നെ സംബന്ധിച്ച സ്വകാര്യവിവരങ്ങളുടെ മേല്‍ എത്രത്തോളം അവകാശമുണ്ടെന്നു നിര്‍ണയിക്കാന്‍ സാധിക്കാതെയാണ് ഡിവിഷന്‍ ബെഞ്ച് പ്രശ്നം ഭരണഘടനാ ബഞ്ചിനു വിട്ടത്. സ്വകാര്യത നിര്‍വചിക്കപ്പെടുകയും ഭരണഘടനയുടെ ഇരുപത്തൊന്നാം അനുച്ഛേദത്തില്‍ ഉള്‍പ്പെടുത്തുകയും ചെയ്തതോടെ പല പുതിയ നിയമങ്ങളും ഇനി ഉണ്ടാകേണ്ടതുണ്ട്.

ജീവിതത്തിന്‍റെയും സ്വാതന്ത്ര്യത്തിന്‍റെയും അവിഭാജ്യഭാഗമാണ് സ്വകാര്യതയെന്നതിനാല്‍ അതിന്‍റെ ലംഘനം ഗൗരവമായി അധികാരികളും കോടതികളും കാണേണ്ടിവരും. ഭരണഘടന ഉറപ്പുനല്‍കുന്ന ഈ അവകാശം നിഷേധിക്കപ്പെടുന്ന ഏതു സാധാരണക്കാരനും, വിദേശപൗരനു തന്നെയും, നീതിക്കായി ഭരണഘടനയുടെ 32, 226 വകുപ്പുകള്‍ പ്രകാരം കോടതികളെ അഭയം പ്രാപിക്കാം. എല്ലാ മൗലികാവകാശങ്ങളും ഇനി സ്വകാര്യതയുമായി ചേര്‍ത്തുവായിക്കേണ്ടിവരുമെന്നതാണ് മറ്റൊരു കാര്യം. തുല്യത, അഭിപ്രായ സ്വാതന്ത്യം, സംസാര സ്വാതന്ത്ര്യം, മതവിശ്വാസം, ലൈംഗികത തുടങ്ങി അന്തസോടെ ജീവിക്കുന്നതിനു വേണ്ട എല്ലാ മേഖലകളിലും സ്വകാര്യതയ്ക്കുള്ള സ്ഥാനം ഇതോടെ വര്‍ധിക്കുകയാണ്.

ഡിജിറ്റല്‍ യുഗത്തില്‍ പൗരന്‍റെ സ്വകാര്യത വല്ലാതെ കീറിമുറിക്കപ്പെടുന്നുണ്ട്. ആധുനിക സാങ്കേതിക വിദ്യകള്‍ അതിനു സഹായിക്കുകയും ചെയ്യുന്നു. നവമാധ്യമങ്ങളുടെ വരവോടെ ആപത്തിലായ മേഖലയാണ് സ്വകാര്യത. ആരുടെ വ്യക്തിജീവിതത്തിലും എത്തിനോക്കുന്നതിനുള്ള സാങ്കേതികജ്ഞാനം കൈവന്നപ്പോള്‍ സ്വകാര്യതയെന്നതു പലര്‍ക്കും സങ്കല്‍പ്പമായി. സര്‍ക്കാരും സാധാരണ ജീവിതങ്ങളില്‍ കടന്നുകയറാന്‍ തുടങ്ങി. ജനങ്ങളില്‍നിന്നു സര്‍ക്കാര്‍ ഏജന്‍സികള്‍ ശേഖരിക്കുന്ന വിലപ്പെട്ട വിവരങ്ങള്‍ അവര്‍തന്നെ സ്വകാര്യ ഏജന്‍സികള്‍ക്കും സ്ഥാപനങ്ങള്‍ക്കും കൈമാറുന്ന പ്രവണതയും വര്‍ധിച്ചു. ഇത്തരം ഏര്‍പ്പാടുകള്‍ യഥേഷ്ടം നടക്കുമ്പോള്‍ അതിനു മുന്നില്‍ നിസഹായതയോടെ നില്‍ക്കാന്‍ മാത്രമേ ജനങ്ങള്‍ക്കു കഴിഞ്ഞിരുന്നുള്ളൂ. ഭരണഘടനയ്ക്കു രൂപം നല്‍കിയവര്‍ സ്വകാര്യതയെ വ്യക്തമായി നിര്‍വചിക്കാതിരുന്നതു മനഃപൂര്‍വമാണെന്നു കരുതാനാവില്ല. സ്വകാര്യതയ്ക്ക് അവര്‍ പ്രാധാന്യം കല്‍പ്പിക്കാതിരുന്നതുകൊണ്ടുമല്ല. വ്യക്തിയുടെ സ്വകാര്യ വിവരങ്ങള്‍ സര്‍ക്കാര്‍ ശേഖരിക്കുകയും അവ സ്വകാര്യ കച്ചവടക്കാര്‍ക്കു വില്‍ക്കുകയും ചെയ്യുന്ന കാലം അവര്‍ സ്വപ്നത്തില്‍പോലും കണ്ടിട്ടുണ്ടാവില്ല. ജനങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുകയും ഉറപ്പാക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്‍റെ ഉത്തരവാദിത്വമായാണ് അവര്‍ കണ്ടത്. എന്നാല്‍ ഡിജിറ്റല്‍ യുഗ ഭീകരതയില്‍ സര്‍ക്കാരും വഴിമാറി. ഭരണകൂടങ്ങള്‍ ഫോണ്‍ ചോര്‍ത്തല്‍ ഉള്‍പ്പെടെയുള്ള മാര്‍ഗങ്ങളിലൂടെ സ്വകാര്യത ഭഞ്ജിക്കുമ്പോള്‍ സേവനദാതാക്കള്‍ സ്വകാര്യ വിവരങ്ങള്‍ ഉപയോക്താക്കളെ കുരുക്കാനുള്ള ചൂണ്ടയാക്കുന്നു.

സ്വകാര്യത മൗലികാവകാശമായി കാണാനാവില്ലെന്നായിരുന്നു കേന്ദ്ര സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചത്. കേരളത്തിന്‍റെ നിലപാട് മറിച്ചുമായിരുന്നു. രാജ്യത്തെ കോടിക്കണക്കായ നിര്‍ധനരുടെ ജീവിതത്തെക്കാള്‍ വലുതല്ല, വരേണ്യവര്‍ഗത്തില്‍പ്പെട്ട ചിലരുടെ സ്വകാര്യതയെന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്‍റെ പ്രധാനവാദം. ഭൂരിപക്ഷം പൗരന്മാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ പോലും ലഭ്യമല്ലാത്ത സാഹചര്യത്തില്‍ സമൂഹത്തിന്‍റെ താഴെത്തട്ടിലുള്ളവര്‍ക്കു ക്ഷേമപദ്ധതികള്‍ എത്തിക്കാനുള്ള നീക്കങ്ങളെ തടയുന്നതിനാണ് സ്വകാര്യത ഉയര്‍ത്തിപ്പിടിക്കുന്നതെന്നും സര്‍ക്കാര്‍ വാദിച്ചെങ്കിലും കോടതി ചെവിക്കൊണ്ടില്ല. മാറിവരുന്ന ഭരണകൂടങ്ങളുടെ ദയാരഹിതമായ കടന്നുകയറ്റങ്ങള്‍ക്കു കടിഞ്ഞാണിടാന്‍ വിധിന്യായം വഴിതെളിക്കുമ്പോള്‍ ഇന്നലെ വരെ കാണാതിരുന്ന നീതിയുടെ പ്രകാശം പല മേഖലകളിലേക്കും കടന്നുചെല്ലുന്നത് വരുംനാളുകളില്‍ ദൃശ്യമാകും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ