Thursday, August 10, 2017

ആളെക്കൊല്ലുന്ന ആശുപത്രികള്‍

ചികിത്സയെന്നല്ല, അൽപ്പം മനുഷ്യത്വം പോലും ലഭിക്കില്ല നമ്മുടെ സംസ്ഥാനത്തെ പല ആശുപത്രികളിലും എന്ന പരാതി പഴക്കം ചെന്നതാണ്. എത്രയെത്ര അനുഭവങ്ങൾ നിരത്താനുണ്ട് ഇതുമായി ബന്ധപ്പെട്ട്. തലവേദനയൊഴിവാക്കാൻ വാതിലുകൾ കൊട്ടിയടച്ച് കർത്തവ്യത്തിൽ നിന്ന് തടിതപ്പുന്നവയിൽ സർക്കാർ ആശുപത്രികൾ വരെയുണ്ട്. ഇത്തരം ആശുപത്രികൾക്കെതിരേ പരാതികൾ ഉയരുമ്പോൾ അന്വേഷണവും നടപടികളുമെല്ലാം പ്രഖ്യാപിക്കാറുമുണ്ട്. പക്ഷേ, അതൊന്നും ആരുടെയും മനം മാറ്റുന്നില്ല എന്നതിനു പ്രകടമായ ഉദാഹരണമാണ് മുരുകന്‍റെ ദാരുണാന്ത്യം. ഇനിയും ഇതാവർത്തിക്കരുതേയെന്ന് ആത്മാർഥമായി ആഗ്രഹിക്കാത്ത സുമനസുകളുണ്ടാവില്ല. പക്ഷേ, അതിലൊരുറപ്പും അവർക്കു തന്നെയും ഉണ്ടാവുകയുമില്ല. നമ്മുടെ ആതുര സേവന രംഗം അത്തരത്തിലായിപ്പോയിരിക്കുന്നു.

ഞായറാഴ്ച രാത്രി ദേശീയപാതയിൽ ചാത്തന്നൂരിനു സമീപം ബൈക്കപകടത്തിൽ പരുക്കേറ്റ തിരുനെൽവേലി സ്വദേശി മുരുകന് അടിയന്തര ചികിത്സ നൽകാൻ തയാറാകാതിരുന്ന വിവിധ ആശുപത്രികളിൽ തിരുവനന്തപുരം മെഡിക്കൽ കോളെജ് വരെ ഉൾപ്പെടുന്നുണ്ട്. കൂട്ടിരിക്കാൻ ആളില്ല, വെന്‍റിലേറ്റർ സൗകര്യമില്ല തുടങ്ങി പലവിധ കാരണങ്ങൾ പറഞ്ഞ് മുരുകനെ മടക്കിയയച്ച ആശുപത്രികൾ ആ യുവാവിന്‍റെ ജീവനെടുക്കുകയായിരുന്നു. ഒരു ജീവൻ രക്ഷിക്കാനുള്ള ഒരു രാത്രിയുടെ പരക്കം പാച്ചിലിനെ അര ഡസനോളം സ്വകാര്യ, സർക്കാർ ആശുപത്രികൾ യാതൊരു വിലയും കൽപ്പിക്കാതെ അവഗണിച്ചു എന്നത് അതീവ ഗുരുതരമായ സാഹചര്യത്തെയാണു കാണിക്കുന്നത്. ഒന്നു പ്രവേശിപ്പിക്കാമോ എന്ന് ഫോൺ വഴി അന്വേഷിച്ചപ്പോൾ മറ്റു നിരവധി ആശുപത്രികളും രക്ഷപെടാനുള്ള കാരണങ്ങൾ കണ്ടെത്തി ഒഴിഞ്ഞുമാറി എന്നാണു റിപ്പോർട്ടുകൾ. കൈനിറയെ പണവും ആവശ്യത്തിന് ആൾബലവും എല്ലാമായാണ് മുരുകനെ കൊണ്ടുചെന്നിരുന്നതെങ്കിൽ ഇങ്ങനെയൊരു ദുരവസ്ഥ ഉണ്ടാകുമായിരുന്നോ. സ്വാധീനശക്തിയുള്ള ആരെങ്കിലുമെല്ലാം രംഗത്തുണ്ടായിരുന്നെങ്കിൽ മെഡിക്കൽ കോളെജിൽ വെന്‍റിലേറ്റർ ഒഴിവില്ലാതെ വരുമായിരുന്നോ. മുരുകനെ കൊണ്ടുവന്നവർക്ക് അതിനൊന്നുമുള്ള ത്രാണിയില്ലാതെ പോയി.

എന്തിനേറെ, മുരുകന്‍റെ മൃതദേഹത്തോടു പോലും ക്രൂരത കാണിച്ചു മറ്റൊരു സർക്കാർ ആശുപത്രിയെന്നാണു റിപ്പോർട്ട്. കൊല്ലം ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ ശ്രമിക്കുന്നതിനിടെയാണ് അതിരാവിലെ മുരുകൻ സന്നദ്ധസംഘടനയുടെ ആംബുലൻസിൽത്തന്നെ മരിക്കുന്നത്. പിന്നീട് ഈ ആശുപത്രിയിൽ നിന്ന് മൃതദേഹം കൊണ്ടുപോകാൻ ജില്ലാ ആശുപത്രി മൃതദേഹം വിട്ടുനൽകിയില്ലത്രേ. ആശുപത്രി വളപ്പില്‍ മാറ്റിയിട്ടിരിക്കുന്ന ആംബുലൻസ് സ്ഥലത്തില്ലെന്നു പറഞ്ഞു ജില്ലാ ആശുപത്രി അധികൃതർ. ഇതര സംസ്ഥാനക്കാരനായതുകൊണ്ട് ഇത്രയൊക്കെ മതി എന്നാണോ മനോഭാവം. ഏതു ഭാഷക്കാരൻ, ഏതു ദേശക്കാരൻ, ഏതു വിഭാഗക്കാരൻ എന്നൊക്കെ നോക്കിയിട്ടാണോ ആശുപത്രി സൗകര്യങ്ങൾ തീരുമാനിക്കേണ്ടത്.

ഇപ്പോൾ ഈ സംഭവം സംസ്ഥാനമൊട്ടാകെ ചർച്ചാവിഷയമായിട്ടുണ്ട്. സർക്കാരുമായി ബന്ധപ്പെട്ടവരെല്ലാം ഞെട്ടൽ പ്രകടിപ്പിക്കുന്നുണ്ട്. ക്രൂരതയെ അപലപിക്കുന്നുണ്ട്. ആശുപത്രികള്‍ക്കെതിരേ പൊലീസും മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരേ ശക്തമായ നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്റ വ്യക്തമാക്കിയിട്ടുണ്ട്. വീഴ്ച വരുത്തിയ സ്വകാര്യ ആശുപത്രികളില്‍ പൊലീസ് പരിശോധന നടത്തിയിട്ടുണ്ട്. ഈ ചൂടെല്ലാം കഴിയുമ്പോൾ വീണ്ടും പഴയപടിയാവാതിരിക്കണം ആശുപത്രികൾ. അതിനുള്ള ജാഗ്രതയും നടപടികളും വീഴ്ചയില്ലാതെ ഉണ്ടാവുകയാണു വേണ്ടത്. ചികിത്സ നിഷേധിച്ച രോഗി മരിച്ചു, ആശുപത്രികൾ തള്ളിപ്പുറത്താക്കിയതിനാൽ ഓട്ടൊറിക്ഷയിൽ പ്രസവിച്ചു, കടവരാന്തയിൽ പുഴുവരിച്ചു കിടന്നു എന്നിങ്ങനെയുള്ള മനുഷ്യത്വരഹിതമായ സംഭവങ്ങൾ ദൈവത്തിന്‍റെ സ്വന്തം നാടെന്ന നമ്മുടെ അവകാശവാദത്തിനു മേലുള്ള കരിനിഴലുകളാണ്.

അപകടങ്ങളിൽ പരുക്കേറ്റവരെ ആരാണു കൊണ്ടുവന്നതെന്നുപോലും നോക്കാതെ അടിയന്തര ചികിത്സ ലഭ്യമാക്കണമെന്നാണ് കഴിഞ്ഞവർഷം സുപ്രീം കോടതി പുറപ്പെടുവിച്ച ഏറെ ശ്രദ്ധേയമായ മാർഗനിർദേശം. അതീവ ഗുരുതരാവസ്ഥയിൽ റോഡിൽ കിടക്കുന്നവരെയും കൊണ്ട് ആശുപത്രിയിലെത്തുന്ന സുമനസുകളെ ആശുപത്രി അധികൃതരും പൊലീസും എല്ലാം പലവിധത്തിൽ കഷ്ടപ്പെടുത്തുന്നതു മൂലം അപകടം കണ്ടാലും ജനങ്ങൾ മാറിപ്പോകുന്ന അവസ്ഥ മാറ്റിയെടുക്കാനായിരുന്നു ഇങ്ങനെയൊരു മാർഗനിർദേശം. ഇതൊന്നും അറിയാത്തവരല്ല കണ്ണിൽ ചോരയില്ലാതെ ചികിത്സാ സൗകര്യങ്ങൾ കണ്ണടച്ചു നിഷേധിക്കുന്നത്. ജീവൻ രക്ഷിക്കാൻ കഴിയാവുന്നതെല്ലാം ചെയ്യുക എന്നതാണ് ആതുര സേവന രംഗത്തുള്ളവരുടെ ദൗത്യം. അല്ലാതെ ജീവൻ നഷ്ടപ്പെടുത്താൻ ഇടവരുത്തുകയല്ല. ഇനിയും ഇത് ആവർത്തിച്ചു ബോധ്യപ്പെടുത്തേണ്ടതുണ്ടോ നമ്മുടെ ആശുപത്രികളെ.

No comments:

Post a Comment