Tuesday, February 18, 2014

ലോകത്തെ ഏറ്റവും ക്രൂരയായ കൊലയാളിയുടെ പ്രായം 19 വയസ്സ്

സണ്‍ബറി (പെന്‍സില്‍വാനിയ) : 19 വയസ്സിനുള്ളില്‍ 22 പേരെ വധിച്ച യുവതിയുടെ  വെളിപ്പെടുത്തല്‍ സണ്‍ബറി പോലീസിനും പെന്‍സില്‍വാനിയ സ്‌റ്റേറ്റ്‌ പോലീസിനും അവിശ്വസനീയമായി. "22 കൊലപാതകങ്ങള്‍ മാത്രമേ ഞാന്‍ എണ്ണിയിട്ടുള്ളൂ....ബാക്കി എണ്ണാന്‍ വയ്യ...കൊലപാതകം എന്‍റെ ശീലമാണ്‌" എന്നാണ്‌ പെന്‍സില്‍വാനിയക്കാരിയായ 19 വയസ്സുള്ള മിറാന്‍ഡ ബാര്‍ബര്‍ എന്ന ലോകത്തെ ഏറ്റവും ക്രൂരയായ യുവതി പറഞ്ഞത്‌. "എനിക്കിത്‌ അവസാനിപ്പിക്കണം, നിങ്ങള്‍ വിശ്വസിച്ചാലും ഇല്ലെങ്കിലും ഇതാണ്‌ സത്യം" മിറാന്‍ഡ പറയുന്നു. അലാസ്‌ക മുതല്‍ നോര്‍ത്ത്‌ കരോലിന വരെ ആറു വര്‍ഷം കൊണ്ടാണ്‌ ഇത്രയും പേരെ താന്‍ കൊലപ്പെടുത്തിയിരിക്കുന്നതെന്നും മിറാന്‍ഡ വെളിപ്പെടുത്തി.

ക്രെയ്‌ഗ്‌ ലിസ്റ്റിലൂടെ പരിചയപ്പെട്ട ട്രോയ്‌ ലാഫെരാര എന്നയാളുടെ കൊലപാതകവുമായി ബന്ധപ്പെട്ടാണ്‌ മിറാന്‍ഡ അറസ്റ്റിലാകുന്നത്‌. ചോദ്യം ചെയ്യലിനിടയിലാണ്‌ താന്‍ ഇത്‌ വരെ നടത്തിയ കൊലപാതകങ്ങളെപ്പറ്റി പെണ്‍കുട്ടി പറഞ്ഞത്‌. മിറാന്‍ഡയ്‌ക്കൊപ്പം ഭര്‍ത്താവായ ഏലിയറ്റും അറസ്റ്റിലായിട്ടുണ്ട്‌. എഫ്‌.ബി.ഐ.യേയും മറ്റു സംസ്ഥാന പോലീസ്‌ ഡിപ്പാര്‍ട്ട്‌മെന്റുകളേയും തങ്ങള്‍ ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്ന്‌ സണ്‍ബറി പോലീസ്‌ ചീഫ്‌ സ്റ്റീവ്‌ മാസിയോ പറഞ്ഞു.

അലാസ്‌ക, ടെക്‌സാസ്‌, നോര്‍ത്ത്‌ കരോലിന, കാലിഫോര്‍ണിയ എന്നിവിടങ്ങളില്‍ പതിമൂന്നാമത്തെ വയസ്സുമുതലാണ്‌ മിറാന്‍ഡ കൊലപാതകങ്ങള്‍ ചെയ്യാനാരംഭിച്ചത്‌. ഒരു പൈശാചിക മതവിശ്വാസ സംഘത്തില്‍ അംഗമായതോടെയാണ്‌ മിറാന്‍ഡയുടെ ജിവിതം മാറിയത്‌. അലാസ്‌കയില്‍ പ്രവര്‍ത്തിയ്ക്കുന്ന ഈ സംഘടനയ്‌ക്ക്‌ വേണ്ടിയാണ്‌ മിറാന്‍ഡയുടെ കൊലപതാകങ്ങള്‍ ആരംഭിച്ചത്‌.

തനിക്ക് പണം തരാനുണ്ടായിരുന്ന ഒരാളെ വധിയ്‌ക്കാന്‍ സംഘതലവന്‍ ആവശ്യപ്പെട്ടതനുസരിച്ചാണ്‌ മിറാന്‍ഡ ആദ്യ കൊലപാതകത്തിനിറങ്ങുന്നത്‌. തോക്ക്‌ ഉപയോഗിക്കാന്‍ താത്‌പര്യം ഉണ്ടായിരുന്നില്ലെങ്കിലും പിന്നീട്‌ തോക്ക്‌ ഉപയോഗിക്കാന്‍ പരിശീലിച്ചെന്ന്‌ മിറാന്‍ഡ. ഇതുവരെ 22 പെരെയങ്കിലും കൊന്നു കാണുമെന്നും കൊല്ലുന്നവരുടെ കണക്കെടുക്കല്‍ നിര്‍ത്തിയെന്നും പെണ്‍കുട്ടി പറയുന്നു.

ലൈംഗിക പങ്കാളിയെ തിരഞ്ഞുള്ള ട്രോയുടെ പരസ്യത്തിലൂടെയാണ്‌ മിറാന്‍ഡ അയാളെ പരിചയപ്പെടുന്നത്‌. ട്രോയിയുമായി ലൈംഗിക ബന്ധത്തി്‌ന്‌ താല്‍പ്പര്യമുണ്ടെന്ന്‌ മിറാന്‍ഡ അയാളെ അറിയിച്ചു. ഒരു മാളില്‍ നിന്ന്‌ അയാളെ തനിക്കൊപ്പം കൂട്ടി. ഇവരുടെ കാറിന്‌ പിന്നില്‍ മിറാന്‍ഡയുടെ ഭര്‍ത്താവ്‌ ഏലിയറ്റ്‌ ഒളിച്ചിരുന്നു. ശേഷം ട്രോയുടെ കഴുത്തില്‍ ഇയാള്‍ ചരട്‌ മുറുക്കി. മിറാന്‍ഡ അയാളെ പലതവണ കുത്തുകയും കൊല്ലുകയുമായിരുന്നു.

കൊലപാതകം തനിയ്‌ക്കൊരു ശീലമാണെന്നാണ്‌ മിറാന്‍ഡ പറയുന്നത്‌. "എനിക്ക്‌ ജയിലില്‍ നിന്ന്‌ പുറത്തുവരേണ്ട. പുറത്തുവന്നാല്‍ ഞാന്‍ വീണ്ടും കൊല്ലും" മിറാന്‍ഡയുടെ വാക്കുകള്‍ അന്വേഷണ ഉദ്യോഗസ്ഥരെപ്പോലും ഞെട്ടിച്ചു. കുറ്റം തെളിയിക്കപ്പെട്ടാല്‍ മിറാന്‍ഡയ്‌ക്കും ഭര്‍ത്താവ്‌ ഏലിയറ്റിനും വധശിക്ഷ ലഭിയ്‌ക്കാനാണ്‌ സാധ്യത. 

Saturday, February 15, 2014

ഈ കേരള പോലീസ് എന്തേ ഇങ്ങനെ?

ഈ ചോദ്യം മനസ്സിലോടിയെത്തിയത് ഇന്നത്തെ ഒരു ചാനല്‍ ദൃശ്യമാണ്. വടകരയില്‍ ബുധനാഴ്ച ദേശീയപാത സ്ഥലമെടുക്കലിനെതിരെ പ്രതിഷേധിച്ച കര്‍മസമിതി പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം തകര്‍ക്കുന്ന ദൃശ്യം ഇന്ത്യാവിഷനിലൂടെ കണ്ടപ്പോള്‍ മലയാളിയുടെ മനഃസാക്ഷിക്കുനേരെ നിയമപാലകര്‍ കൊഞ്ഞനം കുത്തുകയാണോ എന്നു തോന്നിപ്പോയി. അറുപതുവയസ്സു കഴിഞ്ഞ ഒരു വിമുക്തഭടനെ വടകര സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെ സി സുഭാഷ്ബാബുവിന്റെ നേതൃത്വത്തില്‍ ഒരുകൂട്ടം പൊലീസുകാര്‍ വളഞ്ഞിട്ടു പിടിച്ച് അദ്ദേഹത്തിന്റെ ജനനേന്ദ്രിയം പിടിച്ചുടയ്ക്കുന്ന നിഷ്ഠൂര കൃത്യം മനുഷ്യ മനഃസ്സാക്ഷിയെ ഞെട്ടിപ്പിക്കുന്നതാണ്. സ്ത്രീകളും കുട്ടികളുമടങ്ങിയ സമരക്കാരെ തല്ലിയോടിച്ചശേഷമാണ് പോലീസിന്റെ ഈ ക്രൂരവിനോദം. ജനനേന്ദ്രിയം തകര്‍ന്ന് നിലത്തുവീണ വിമുക്തഭടനെ വലിച്ചിഴച്ച് വാനില്‍ കയറ്റുന്നതും മര്‍ദ്ദിക്കുന്നതും ചാനല്‍ ദൃശ്യങ്ങളില്‍ കാണാം.  ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ മൂന്നാംമുറ പ്രയോഗിച്ചുകൊണ്ട് അധികാരം നിലനിര്‍ത്താന്‍ കാണിക്കുന്ന അഭ്യാസങ്ങളാണോ കേരളത്തെ സംഘര്‍ഷഭരിതമാക്കുന്നതെന്നു തോന്നിപ്പോയി.  

വടകരയിലെ സിഐ കെ.സി. സുരേഷ് ബാബു ലാത്തി ഉപേക്ഷിച്ച് സ്വന്തം കൈകൊണ്ടുതന്നെയാണ് നാരായണന്‍നായരുടെ ജനനേന്ദ്രിയം പിടിച്ചുടയ്ക്കുന്നത്. തിരുവഞ്ചൂരിന്റെ പൊലീസ് വിളയാട്ടങ്ങള്‍ കുപ്രസിദ്ധിയാര്‍ജ്ജിച്ചിരുന്നു. തിരുവഞ്ചൂര്‍ പോയി രമേഷ് ചെന്നിത്തല ആഭ്യന്തരവകുപ്പ് ഏറ്റെടുത്തപ്പോള്‍ നേരിയ വ്യത്യാസമെങ്കിലും പ്രതീക്ഷിച്ചിരുന്ന ശുദ്ധാത്മാക്കള്‍ ഇപ്പോള്‍ പരിതപിക്കുന്നുണ്ടാവാം. 'ഏതു വിരുന്നുകാരന്‍ വന്നാലും കോഴിക്ക് കിടക്കപ്പൊറുതിയില്ല' എന്നു പറഞ്ഞതുപോലെ, ഏതു മന്ത്രി വന്നാലും സാധാരണക്കാരെ കിടത്തിപ്പൊറുപ്പിക്കില്ല നമ്മുടെ കേരളാ പോലീസ്. സി.ഐ. സുരേഷ് ബാബു 'കൈകാര്യം' ചെയ്ത നാരായണന്‍ നായര്‍ ഒരു ക്രിമിനലോ കൊലയാളിയോ അല്ല. അദ്ദേഹം ഒരു എക്‌സ് മിലിട്ടറിയാണ്. അതായത് രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍ യൗവനം ഹോമിച്ച് തിരിച്ചെത്തി സ്വസ്ഥജീവിതം നയിക്കുന്ന ഒരു ഉത്തമ പൗരന്‍ ! അദ്ദേഹത്തിന്റെ നേര്‍ക്കാണ് വടകര പൊലീസിന്റെ ഈ നരനായാട്ട്. ടി.പി. ചന്ദ്രശേഖരന്‍ കേസ് അന്വേഷണത്തിന്റെ വൈരാഗ്യം വിട്ടുമാറാത്ത പൊലീസുകാരായിരിക്കാം ഇവര്‍. 

ജനനേന്ദ്രിയം തകര്‍ക്കല്‍ പരിപാടി കേരള പോലീസ്  തെരുവുമുറയായി സ്വീകരിച്ചത് സോളാര്‍ അഴിമതിക്കെതിരായ പ്രക്ഷോഭത്തിനുനേരെ തിരുവനന്തപുരത്താണ്. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്കുനേരെ സമാധാനപരമായി കരിങ്കൊടി കാട്ടിയ ജയപ്രസാദ് എന്ന സിപിഐ എം പ്രവര്‍ത്തകന്റെ ജനനേന്ദ്രിയം ലാത്തികൊണ്ട് കുത്തി തകര്‍ക്കുകയായിരുന്നു തുമ്പ സ്‌റ്റേഷനിലെ ഗ്രേഡ് എസ്‌ഐ വിജയദാസും സംഘവും. 2011ലെ കേരള പോലീസ് ആക്ട് അനുസരിച്ച് എല്ലാ രീതിയിലുള്ള മൂന്നാം മുറകളും നിരോധിച്ച സംസ്ഥാനമാണ് കേരളം. നിയമം നടപ്പിലാക്കാന്‍ ബാധ്യതപ്പെട്ട പോലീസ് ഇപ്പോള്‍ നിയമലംഘനം നടത്തുന്നു. ജനനേന്ദ്രിയം തകര്‍ക്കുകയെന്നത് ലോകത്തൊരിടത്തും കേട്ടുകേള്‍വിയില്ലാത്തതാണ്. ലോക്കപ്പ് മുറിയില്‍ ഉരുട്ടല്‍ തുടങ്ങിയ പ്രാകൃത രീതികള്‍ ഇന്ദിരാഗാന്ധിയുടെ അടിയന്തരാവസ്ഥക്കാലത്ത് അരങ്ങേറിയിരുന്നു. ഇറാക്കില്‍ നിന്നും, അഫ്ഗാനിസ്ഥാനില്‍ നിന്നും കുവൈറ്റില്‍ നിന്നുമൊക്കെ 'ഭീകരരെ' പിടിച്ചുകൊണ്ടുവന്ന് ഗ്വാണ്ടനാമോ ജയിലിലിട്ട് ക്രൂരമായി ഭേദ്യം ചെയ്തിരുന്നു അമേരിക്ക. എത്രയോ നിരപരാധികള്‍ ആ ചുറ്റുമതിലിനുള്ളില്‍ ജീവിതം ഹോമിക്കപ്പെട്ടിരിക്കുമെന്ന് ആര്‍ക്കും അറിയില്ല. പക്ഷെ, നമ്മുടെ സാംസ്‌ക്കാരിക കേരളത്തില്‍, പട്ടാപ്പകല്‍ തെരുവില്‍ ജനക്കൂട്ടത്തിനിടയില്‍ വെച്ച്, ഒരു നിരായുധനെ പോലീസുകാര്‍ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്.  ജനക്കൂട്ടം നോക്കിനില്‍ക്കെ പ്രക്ഷാഭകനെ പിടിച്ചുവച്ച് ജനനേന്ദ്രിയം പിടിച്ചുതകര്‍ക്കുക എന്നത് കേരള പൊലീസില്‍നിന്ന് ആരെങ്കിലും പ്രതീക്ഷിക്കുന്ന നടപടിയാണോ! 

അമൃതാനന്ദമയി മഠത്തില്‍ അസ്വാഭാവികമായി പെരുമാറിയ, മാനസികരോഗിയായ ബീഹാര്‍ സ്വദേശി സത്‌നാം സിംഗ് പോലീസ് കസ്റ്റഡിയിലിരിക്കെ മരണപ്പെട്ടതും,   റബ്ബര്‍പ്പുര കത്തി നശിച്ചതിന്റെ പേരില്‍ കസ്‌റഡിയിലെടുത്ത കൊല്ലം സ്വദേശി അജികുമാറിനെക്കൊണ്ട് കുറ്റസമ്മതം നടത്തിപ്പിക്കാനായി മൂന്നാംമുറ പ്രയോഗിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലിരിക്കേ മരണപ്പെട്ടതുമൊക്കെ ആരോപിക്കപ്പെട്ട കുറ്റങ്ങള്‍ ഏതെങ്കിലും വിധേന തെളിയിച്ചെടുക്കാനായി പോലീസിന് സര്‍ക്കാര്‍ നല്‍കിയ അമിതാധികാരത്തിന്റെ അനന്തരഫലമാണ്. പിടികൂടുന്നവരെ പിടിച്ചയുടന്‍ മര്‍ദിക്കുക, ലോക്കപ്പില്‍ കൊണ്ടുപോയി സങ്കല്‍പ്പകസേരയില്‍ ഇരുത്തുക, തലകീഴായി കെട്ടിത്തൂക്കുക, ചെകിടത്ത് മാറിമാറി അടിച്ച് ശ്രവണപുടം തകര്‍ക്കുക, കൈകാലുകള്‍ ഒടിക്കുക, വിരലുകള്‍ക്കിടയില്‍ ചെറിയ മരക്കഷണമോ, പേനയോ വെച്ച് ഞെരിച്ചമര്‍ത്തുക, മലദ്വാരത്തില്‍ കമ്പി കയറ്റുക, മൂത്രദ്വാരത്തില്‍ മുളക് പുരട്ടി തേക്കുക തുടങ്ങി നിരവധി മര്‍ദ്ദന മുറകള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടക്കുന്നുണ്ടെന്നതിനുള്ള അനേകം ആക്ഷേപങ്ങള്‍ ഇതിനകം പുറത്തുവന്നുകഴിഞ്ഞു. ഇങ്ങനെ ക്രൂരമായി പീഢിപ്പിക്കാന്‍ കേരളാ പോലീസിനെ കയറൂരി വിട്ടിരിക്കുകയാണോ ?

രമേശ് ചെന്നിത്തലയാണ് അതിന് ഉത്തരം പറയേണ്ടത്. അമേരിക്കയില്‍ അദ്ദേഹത്തിന്റെ പാര്‍ട്ടി പ്രവര്‍ത്തകരും, അഭ്യുദയകാംക്ഷികളും, സഹപാഠികളുമൊക്കെയുണ്ട്. ഒരുപക്ഷേ, നിങ്ങള്‍ക്കെങ്കിലും കേരളാ പോലീസിന്റെ ഈ കിരാതഭരണത്തെക്കുറിച്ച് അദ്ദേഹത്തിന്റെ ശ്രദ്ധയില്‍ കൊണ്ടുവന്ന് ഒരു മാറ്റത്തിനായി ശ്രമിക്കാവുന്നതാണ്. 
https://www.youtube.com/watch?feature=player_embedded&v=ybvwHHobE5U

Monday, February 3, 2014

ജസീറയുടെ സമരം കുട്ടികളുടെ അവകാശ ലംഘനം

മണല്‍ മാഫിയക്കെതിരെ ഒറ്റയാള്‍ സമരം നടത്തുന്ന ജസീറ ഇന്ന്‌ മാധ്യമങ്ങളില്‍ നിറഞ്ഞുനില്‍ക്കുന്ന ഒരു വനിതയാണ്‌. ജസീറയും അവരുടെ അണയാത്ത സമരവീര്യവും എല്ലാം ഏറെ മാധ്യമശ്രദ്ധ നേടിക്കഴിഞ്ഞു. മനുഷ്യാവകാശ സംഘടനയുള്‍പ്പടെ നിരവധി സംഘടനകള്‍ ഇതിനോടകം അവര്‍ക്ക്‌ പിന്തുണയുമായി രംഗത്തു വന്നു.

മണല്‍ മാഫിയക്കെതിരെയാണ്‌ കണ്ണൂര്‍ സ്വദേശിനി ജസീറ സമരം നടത്തുന്നതെങ്കിലും, ഇവിടെ വിഷയം അതല്ല. കണ്ണൂരിലെ മാടായി കടപ്പുറത്തെ മണല്‍ കടത്തിനെതിരെ ജസീറ ആദ്യം പഴയങ്ങാടി പോലീസ്‌ സ്‌റ്റേഷന്‌ മുന്നിലും കണ്ണൂര്‍ കലക്ടറേറ്റിനു മുന്നിലും സമരം നടത്തി. പിന്നീട്‌ സമരം സെക്രട്ടറിയേറ്റിന്‌ മുന്നിലേക്ക്‌ മാറ്റുകയായിരുന്നു. 2013 ആഗസ്റ്റില്‍ തുടങ്ങിയ സെക്രട്ടറിയേറ്റിന്‌ മുന്നിലെ സമരം 64 ദിവസം പിന്നിട്ടിട്ടും നീതി ലഭിക്കാത്തതിനാലാണ്‌ ഡല്‍ഹിയില്‍ പാര്‍ലമെന്റിന്‌ മുന്നില്‍ സമരം നടത്താന്‍ തീരുമാനിച്ചത്‌. ജസീറ ഒറ്റയ്‌ക്കല്ല...അവരുടെ രണ്ടു പെണ്‍മക്കളും രണ്ട്‌ വയസ്സ്‌ മാത്രം പ്രായമുള്ള മകന്‍ മുഹമ്മദും ഉണ്ട്‌ കൂടെ. മൂത്ത കുട്ടികള്‍ അമ്മയുടെ സമരത്തെ പിന്തുണയ്‌ക്കുന്നു.

ഏഴാം ക്ലാസിലും അഞ്ചാം ക്ലാസിലും പഠിക്കുന്ന രണ്ടു കുട്ടികളും, വെറും രണ്ടു വയസ്സുമാത്രം പ്രായമുള്ള കുട്ടിയും അമ്മയുടെ കൂടെ തെരുവോരങ്ങളിലെ സമരപ്പന്തലില്‍ കഴിച്ചുകൂട്ടുന്നത്‌ കുട്ടികളോട്‌ രക്ഷിതാക്കള്‍ നടത്തുന്ന മനുഷ്യാവകാശലംഘനമല്ലേ എന്ന ചോദ്യമാണ്‌ ബഹുഭൂരിപക്ഷം ജനങ്ങള്‍ക്കും ചോദിക്കാനുള്ളത്‌. ആറു മാസമായി തിരുവനന്തപുരത്തും ഡല്‍ഹിയിലും നടത്തിയ സമരനാളുകളില്‍ ആ കുഞ്ഞുങ്ങള്‍ മഴയും വെയിലും ഏറ്റു, വിദ്യാഭ്യാസം മുടങ്ങി സ്വാഭാവികമായും പ്രാഥമിക ആവശ്യങ്ങള്‍ക്ക്‌ പോലും ബുദ്ധിമുട്ടി കഴിയേണ്ട സാഹചര്യം അമ്മ എന്ന നിലയില്‍ ജസീറ ചെയ്‌തത്‌ കുഞ്ഞുങ്ങളോടു ചെയ്‌ത മനുഷ്യാവകാശ ലംഘനമല്ലേ? തന്റെ മക്കളെ തന്റെ കൂടെത്തന്നെ നിര്‍ത്തുന്നു എന്ന വാദഗതിക്ക്‌ ഇവിടെ പ്രസക്തിയില്ല. കൂടെ നിര്‍ത്തിയതു കൊണ്ട്‌ മാത്രം അവരുടെ സംരക്ഷണം ഉറപ്പാക്കാന്‍ ജസീറക്ക്‌ എത്ര മാത്രം സാധ്യമാവും. എങ്കില്‍ പോലും അവരുടെ വിദ്യാഭ്യാസവും സാമൂഹ്യജീവിതവും നിഷേധിക്കാന്‍ ജസീറക്ക്‌ അവകാശമുണ്ടോ? രണ്ടു മക്കളുടെ വിദ്യാഭ്യാസം മുടക്കി ജസീറ നടത്തുന്ന സമരം രക്ഷിതാവിന്റെ ഉത്തരവാദിത്വം മറക്കുന്നതാണെന്നും കുട്ടികളുടെ വിദ്യാഭ്യാസ അവകാശം നിഷേധിക്കലാണെന്നും എന്തുകൊണ്ട്‌ സര്‍ക്കാരും ഇതര സന്നദ്ധസംഘടനകളും ജസീറയെ പറഞ്ഞു മനസ്സിലാക്കിയില്ല?

അനധികൃതവും വിവേചനരഹിതവുമായ മണല്‍വാരല്‍ തടയുന്നതിനാണ്‌ ജസീറ സമരം നടത്തുന്നതെന്നാണ്‌ പറയപ്പെടുന്നത്‌. ജസീറ ഒറ്റയ്‌ക്ക്‌ സമരം ചെയ്‌താല്‍ ഇക്കാര്യത്തില്‍ ഒരു തീര്‍പ്പ്‌ ഉണ്ടാകുമോ? ഡല്‍ഹിയിലെ ജന്തര്‍മന്തറില്‍ സമരം നടത്തിയ ജസീറയെ മനുഷ്യാവകാശ കമീഷന്‍ അംഗം ജസ്റ്റിസ്‌ സിറിയക്‌ ജോസഫും കമീഷന്‍ അംഗങ്ങളും ചെന്നു കണ്ടിരുന്നു. കൂടാതെ ജവഹര്‍ലാല്‍ നെഹ്‌റു യൂണിവേഴ്‌സിറ്റി (ജെ.എന്‍.യു.) വിദ്യാര്‍ത്ഥികളും ഏതാനും അദ്ധ്യാപകരും ചെന്നു കണ്ടിരുന്നു. 64 ദിവസം തിരുവനന്തപുരത്ത്‌ സെക്രട്ടേറിയറ്റിനു മുന്നില്‍ സത്യഗ്രഹം നടത്തിയ ജസീറക്ക്‌ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നല്‍കിയ ഉറപ്പ്‌ പാലിക്കപ്പെടാത്തതുകൊണ്ടാണ്‌ ഡല്‍ഹിയിലേക്ക്‌ സമരവേദി മാറ്റിയതെന്ന്‌ അന്ന്‌ അവര്‍ പറയുകയും ചെയ്‌തിരുന്നു.

പക്ഷേ, മക്കളായ റിസ്വാന (12), ഷിഫാന (10) എന്നിവരുടെ പഠനം മുടക്കി അവരെയും കൂട്ടി സത്യഗ്രഹം നടത്തുന്ന രീതിയോട്‌ ഒരിക്കലും യോജിച്ചുപോകാന്‍ കഴിയില്ല. ജസീറ രക്ഷിതാവിന്റെ ഉത്തരവാദിത്തമാണ്‌ അവഗണിക്കുന്നത്‌. ഭരണഘടനയുടെ 51എ(കെ) അനുഛേദ പ്രകാരവും വിദ്യാഭ്യാസാവകാശ നിയമത്തിലെ 10ാം വകുപ്പു പ്രകാരവും ഇത്‌ തെറ്റാണ്‌. മക്കളോടുള്ള മാതാപിതാക്കളുടെ കടമ നിര്‍വഹിക്കുന്നതില്‍ വീഴ്‌ച വരുത്തിയാല്‍ ഇടപെടാനുള്ള അധികാരവും ബാധ്യതയും സര്‍ക്കാരിനുണ്ട്‌. മാതാപിതാക്കള്‍ മക്കളെ പീഡിപ്പിച്ചാല്‍, അവരില്‍ വേണ്ടത്ര ശ്രദ്ധ നല്‍കാതിരുന്നാല്‍ സര്‍ക്കാര്‍ ഇടപെടണം. കുട്ടികള്‍ പൊതു സ്വത്താണ്‌. സമൂഹത്തിന്റെ ഭാവിയെ നിര്‍ണയിക്കുന്നവര്‍. അതിനാല്‍ തന്നെ അവരുടെ സ്വഭാവ രൂപീകരണത്തില്‍ സമൂഹത്തിനു താല്‌പര്യവും അവകാശവും ഉണ്ട്‌.

ഇന്ത്യന്‍ ഭരണഘടന കുട്ടികളുടെ അവകാശങ്ങളുടെ സംരക്ഷണം ഉറപ്പാക്കുന്നുണ്ട്‌. ഇത്‌ നടപ്പാക്കുന്നതിനായി നിലവില്‍ വന്നതാണ്‌ ശിശു സംരക്ഷണ നിയമങ്ങള്‍. ശിശു സംരക്ഷണ വകുപ്പ്‌ ഈ നിയമങ്ങളനുസരിച്ച്‌ നടപടി എടുക്കാന്‍ ബാദ്ധ്യസ്ഥരുമാണ്‌. പക്ഷെ കടമകള്‍ നിര്‍വ്വഹിക്കുവാന്‍ ഈ വകുപ്പുകള്‍ക്ക്‌ എന്തുകൊണ്ട്‌ കഴിയാതെ പോകുന്നു. ജസീറയുടെ സമരം ഗാര്‍ഹിക പീഡനത്തിനോ സ്വത്തുതര്‍ക്കത്തിനോ വേണ്ടിയുള്ളതല്ല. പൊതുകാര്യപ്രസക്തിയുള്ള വിഷയത്തിനാണ്‌. അതുകൊണ്ടുതന്നെ പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ സമരത്തില്‍ പങ്കെടുപ്പിക്കാനോ അവരെ അതിനു പ്രേരിപ്പിക്കാനോ അര്‍ഹതയില്ല.

ശിശു സംരക്ഷണ നിയമങ്ങളും, വകുപ്പും മറ്റും നിലവിലുള്ള കേരളത്തിലും ഡല്‍ഹിയിലും മൂന്നു കുഞ്ഞുങ്ങള്‍ അടിസ്ഥാന സൗകര്യങ്ങളും സംരക്ഷണയും നിഷേധിക്കപ്പെട്ടു കഴിയുന്നത്‌ എന്തുകൊണ്ട്‌ ശ്രദ്ധിക്കപ്പെടുന്നില്ല? അല്ലെങ്കില്‍ ജസീറക്കെതിരെ എന്തുകൊണ്ട്‌ നടപടി എടുക്കുന്നില്ല?

ഡല്‍ഹിയില്‍ നിന്ന്‌ സമരം അവസാനിപ്പിച്ച്‌ കേരളത്തിലേക്ക്‌ വണ്ടി കയറിയ ജസീറ ഇപ്പോള്‍ പ്രമുഖ വ്യവസായി കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളിയുടെ വസതിയ്‌ക്ക്‌ മുന്നില്‍ സമരം നടത്തുകയാണ്‌. അതാണ്‌ ഏറെ രസകരം. തിരുവനന്തപുരത്ത്‌ എല്‍.ഡി.എഫിന്റെ ക്ലിഫ്‌ ഹൗസ്‌ ഉപരോധത്തിനിടെ നേതാക്കളോട്‌ തട്ടിക്കയറിയ സന്ധ്യ എന്ന വീട്ടമ്മയ്‌ക്ക്‌ അഞ്ച്‌ ലക്ഷം രൂപ നല്‍കുമെന്ന്‌ കൊച്ചൗസേപ്പ്‌ ചിറ്റിലപ്പള്ളി പ്രഖ്യാപിച്ചിരുന്നു. കൂട്ടത്തില്‍ മണല്‍ മാഫിയയ്‌ക്കെതിരെ തെരുവില്‍ സമരം ചെയ്‌ത ജസീറയ്‌ക്കും അഞ്ചു ലക്ഷം രൂപ നല്‍കുമെന്നും പ്രഖ്യാപിച്ചു. സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിട്ടാല്‍ മാത്രമേ പണം നല്‍കൂവെന്നും ചിറ്റിലപ്പള്ളി പറഞ്ഞിരുന്നു.

ദല്‍ഹിയില്‍ സമരത്തിലായിരുന്ന ജസീറ സന്ധ്യയ്‌ക്കൊപ്പം വേദി പങ്കിടാന്‍ എത്തിയില്ല. ചിറ്റിലപ്പിള്ളി പുലിവാലിലാണ്‌ കയറിപ്പിടിച്ചതെന്ന്‌ അദ്ദേഹം അറിയുന്നത്‌ ഇപ്പോഴാണ്‌. തനിക്ക്‌ നല്‍കാമെന്നു പറഞ്ഞ പണം നല്‍കാത്തതില്‍ പ്രതിഷേധിച്ചും തന്റെ പേര്‌ പരസ്യത്തിനായി ഉപയോഗിച്ചു എന്നാരോപിച്ചുമാണ്‌ ജസീറ ഇപ്പോള്‍ ചിറ്റിലപ്പള്ളിയുടെ വസതിയ്‌ക്കു മുന്നില്‍ സമരം ചെയ്യാന്‍ തീരുമാനിച്ചിരിയ്‌ക്കുന്നത്‌ !

ചിറ്റിലപ്പിള്ളി പ്രഖ്യാപിച്ച തുക ജസീറയുടെ കുട്ടികളുടെ പേരില്‍ ബാങ്കില്‍ ഡെപ്പോസിറ്റ്‌ ചെയ്യാമെന്ന്‌ അദ്ദേഹം പറഞ്ഞെങ്കിലും കുട്ടികള്‍ക്കായി നല്‍കുന്ന പണം താന്‍ സ്വീകരിക്കില്ലെന്ന്‌ ജസീറയും പറയുന്നു. തന്നെയുമല്ല, തന്റെ കുട്ടികളില്‍ ചിറ്റിലപ്പിള്ളിക്ക്‌ യാതൊരു അവകാശവുമില്ലെന്നും സമരത്തിനായി തുക തരുന്നെങ്കില്‍ മാത്രമേ സ്വീകരിക്കുകയുള്ളുവെന്നും പറയുന്നു. ഇതില്‍ നിന്ന്‌ ഒരുകാര്യം വ്യക്തമാണ്‌. മണല്‍ മാഫിയയുടെ പേരും പറഞ്ഞ്‌ ജസീറ നടത്തുന്ന സമരം പബ്ലിസിറ്റിക്കുവേണ്ടിയും പണത്തിനു വേണ്ടിയുമാണ്‌. മണല്‍കടത്തലിനെതിരെ നടപടിയെടുക്കാമെന്ന്‌ മുഖ്യമന്ത്രി ഉറപ്പ്‌ നല്‍കിയതിനാലാണ്‌ സമരം നിര്‍ത്തുന്നതെന്ന്‌ നേരത്തേ ജസീറ അറിയിച്ചിരുന്നു.
മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ചയ്‌ക്ക്‌ ശേഷമാണ്‌ സമരം അവസാനിപ്പിക്കുന്നതായി ജസീറ അറിയിച്ചത്‌. എങ്കില്‍ പിന്നെ എന്തിനാണ്‌ ചിറ്റിലപ്പിള്ളിയില്‍ നിന്ന്‌ അഞ്ചു ലക്ഷം ജസീറ സ്വീകരിക്കുന്നത്‌?

കുട്ടികളുടെ അവസ്ഥ കണ്ടാണ്‌ സമ്മാനം പ്രഖ്യാപിച്ചതെന്നും അവരുടെ വിദ്യാഭ്യാസത്തിനുവേണ്ടിയാണ്‌ തുകയെന്നുമാണ്‌ ചിറ്റിലപ്പള്ളി പറയുന്നത്‌. കുട്ടികളെ സ്‌കൂളില്‍ അയക്കാതെയുള്ള സമരത്തിന്‌ ന്യായീകരണമില്ലെന്നും ജസീറയുടെ സമരത്തിനല്ല തുകയെന്നും ചിറ്റിലപ്പള്ളി പറയുന്നു. ജസീറയുടെ പോരാട്ടത്തിനാണ്‌ പാരിതോഷികമെന്ന്‌ 5 ലക്ഷം രൂപ പ്രഖ്യാപിച്ചതിനുശേഷം ചിറ്റിലപ്പള്ളി നേരത്തെ പറഞ്ഞിരുന്നു. പക്ഷെ, അതിപ്പോള്‍ ഇത്രയും വലിയ പുലിവാലാകുമെന്ന്‌ അദ്ദേഹം ഓര്‍ത്തതേ ഇല്ല എന്നാണ്‌ വിമര്‍ശകരുടെ വിലയിരുത്തല്‍. തന്റെ സമരം പിന്‍വലിക്കാന്‍ ചിറ്റിലപ്പള്ളി ഇടപെട്ടെന്ന്‌ ജസീറ കഴിഞ്ഞദിവസം പറഞ്ഞിരുന്നു. മാത്രമല്ല. സന്ധ്യയ്‌ക്കൊപ്പം സമ്മാനം സ്വീകരിച്ചില്ലെങ്കില്‍ 5 ലക്ഷം രൂപ പിന്നീട്‌ തരില്ലെന്ന്‌ ചിറ്റിലപ്പള്ളി പറഞ്ഞതായും ജസീറ പറയുന്നു. ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുമെന്നും അവര്‍ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

ജസീറയുടെ ഈ സമരരീതിക്ക്‌ ആരാണ്‌ ഒത്താശ ചെയ്യുന്നതെന്നും, രാഷ്‌ട്രീയ പ്രേരിതമാണോ ഈ സമരമെന്നും സര്‍ക്കാര്‍ അന്വേഷിക്കണം. അതുപോലെ ജസീറയില്‍ നിന്ന്‌ മൂന്നു കുട്ടികളേയും വേര്‍പെടുത്തി അവരെ ഏതെങ്കിലും ബോര്‍ഡിംഗ്‌ സ്‌കൂളില്‍ ചേര്‍ക്കുകയും ശരിയായ സംരക്ഷണവും വിദ്യാഭ്യാസവും നല്‍കണം. ബന്ധപ്പെട്ട അധികാരികള്‍ ഈ വിഷയം ഗൗരവമായി ചര്‍ച്ച ചെയ്‌ത്‌ തീരുമാനമെടുക്കുമെന്ന്‌ പ്രതീക്ഷിക്കുന്നു.