Sunday, December 31, 2017

പുതുമ നിറഞ്ഞതാകട്ടേ ഈ പുതുവര്‍ഷം

കാലത്തിന്‍റെ ഈടു വെയ്പില്‍ ഒരു സംവത്സരം കൂടി ഇതള്‍ കൊഴിച്ചു. പുതിയൊരെണ്ണത്തിന് നാമ്പു മുളയ്ക്കുന്നു. ഹിമകണങ്ങള്‍ വകഞ്ഞുമാറ്റി, കുളിരണിഞ്ഞു കടന്നുവരുന്ന പുതുവര്‍ഷം സമസ്ത മാനവരാശിക്കും നന്മയുടേയും വിജയത്തിന്‍റേയും സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റേതുമായിരിക്കട്ടേയെന്ന് ആശംസിക്കുന്നു.

ആധുനിക മാനവരാശിയുടെ വളര്‍ച്ച റോക്കറ്റിനെ വെല്ലുന്നതാണ്. മുന്നിലുള്ള പ്രതിബന്ധങ്ങളെല്ലാം തകര്‍ത്തെറിഞ്ഞു മുന്നേറാനുള്ള വ്യഗ്രതയില്‍ മാനവിക മൂല്യങ്ങള്‍ക്കു വില കല്പിക്കാന്‍ കഴിയുന്നില്ല എന്നതാണ് 2018-ന്‍റെ പടിവാതില്‍ക്കലെത്തി നില്‍ക്കുന്ന മനുഷ്യന്‍റെ ഏറ്റവും വലിയ ന്യൂനത. പരസ്പരം സ്നേഹിക്കാനും വിശ്വസിക്കാനും അംഗീകരിക്കാനും മടിക്കുന്ന നാം, എല്ലാവരേയും എല്ലാത്തിനേയും സംശയത്തിന്‍റെ കണ്ണിലൂടെ മാത്രമാണ് നോക്കിക്കാണുന്നത്. സ്നേഹവും കാരുണ്യവും പകയ്ക്കും വിദ്വേഷത്തിനും വഴി മാറുന്നു. ജീവിതത്തേക്കാള്‍ മരണത്തിനു പ്രാമുഖ്യം ലഭിക്കുന്നു. സൃഷ്ടിക്കപ്പെടുന്നതിനേക്കാള്‍ തകര്‍ക്കപ്പെടുന്നതിനു മുന്‍തൂക്കം ലഭിക്കുന്നു. കലുഷിതമായ ഈ അന്തരീക്ഷം മാനവരാശിയുടെ വളര്‍ച്ചയുടേതു തന്നെയോ എന്നു ശാന്തമായി ചിന്തിക്കണം.

പോയ വര്‍ഷം ലോകത്ത് ശാന്തിയേക്കാളധികം പുലര്‍ന്നത് അശാന്തിയായിരുന്നു. സമാധാനത്തേക്കാള്‍ മുന്നിട്ടു നിന്നത് സംഘര്‍ഷങ്ങളായിരുന്നു. നിരപരാധികളായ ലക്ഷോപലക്ഷം അമ്മമാരും കുഞ്ഞുങ്ങളും വൃദ്ധരും ആയോധനമത്സരത്തിന്‍റെ ബലിയാടുകളായി. വിശ്വാസത്തിന്‍റെ പേരില്‍ കൂട്ടക്കുരുതികളും ഭീകരാക്രമണങ്ങളും ലോകത്ത് പെരുകി. യുദ്ധക്കെടുതികളുടെ കണക്കെടുപ്പ് ഒരിക്കലും പൂര്‍ത്തിയാവുന്നില്ല. ഐഎസ് എന്ന പേരില്‍ ലോകജനതയ്ക്ക് ഭീഷണിയായി വളര്‍ന്ന ഭീകര സംഘടനയെ ഉന്മൂലനം ചെയ്യാന്‍ ഇസ്ലാമിക രാജ്യങ്ങളടക്കം ലോകത്തെ ഒട്ടെല്ലാ രാജ്യങ്ങളും ഒരുമിച്ച് നിന്ന് പോരാടിക്കൊണ്ടിരിക്കുമ്പോള്‍ തന്നെ അറിഞ്ഞും അറിയാതെയും അതില്‍ പെട്ടുപോയ ഹതഭാഗ്യരായ ചെറുപ്പക്കാരുടെ ദുരന്തങ്ങളും ദുരനുഭവങ്ങളും നാമെല്ലാം മാധ്യമങ്ങളിലൂടെ അറിഞ്ഞു. കൊല്ലാനും മരിക്കാനും മാത്രം അതിലേക്ക് റിക്രൂട്ട് ചെയ്തവരില്‍ ഭൂരിഭാഗവും യുവാക്കളാണെന്ന ഞെട്ടിക്കുന്ന സത്യവും നാമറിഞ്ഞു.

ആയുധത്തിന്‍റേയും അഹന്തയുടേയും കണക്കെടുക്കുന്നവര്‍ കാണാതെ പോകുന്ന മറ്റൊരു യാഥാര്‍ത്ഥ്യമുണ്ട്. ലോകത്താകമാനമുള്ള 7.3 ബില്യണ്‍ ജനസംഖ്യയില്‍ 795 ദശലക്ഷം ആളുകള്‍ അല്ലെങ്കില്‍ ഒന്‍പതു പേരില്‍ ഒരാള്‍ സ്ഥിരമായി പോഷകാഹാരക്കുറവ് അനുഭവിക്കുന്നവരാണ്. അതില്‍ 780 ദശലക്ഷം പേര്‍ വികസ്വര രാജ്യങ്ങളില്‍ ജീവിക്കുന്നവരാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഫുഡ് ആന്‍ഡ് അഗ്രിക്കള്‍ച്ചര്‍ ഓര്‍ഗനൈസേഷന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നു. അതായത് 12.9 ശതമാനം, അല്ലെങ്കില്‍ എട്ടു പേരില്‍ ഒരാള്‍. ആഗോളതലത്തില്‍ 2.6 ദശലക്ഷം കുട്ടികള്‍ 2016-ലെ ആദ്യ മാസത്തില്‍ മരണമടഞ്ഞു. ദിവസത്തില്‍ ഏകദേശം 7000 നവജാതശിശുക്കള്‍ മരിക്കുന്നു. ഇതില്‍ 5 വയസ്സിനു താഴെയുള്ള കുട്ടികളുടെ മരണങ്ങളില്‍ 46 ശതമാനമാണിത്.

ഇങ്ങനെ ആഹാരം കിട്ടാതെയും പോഷകാഹാരക്കുറവുമൂലവും കുഞ്ഞുങ്ങള്‍ മരിച്ചുവീഴുമ്പോഴാണ് സമ്പത്തും അഹന്തയും ആയുധത്തിന്‍റെ രൂപത്തിലെത്തി നിരപരാധികളുടെ ചോര കുടിച്ചു മദിക്കുന്നത്.

വിദ്വേഷത്തിന്‍റെ വിഷബീജങ്ങളെ ഉന്മൂലനം ചെയ്യാനുള്ള ബാധ്യത മാനവകുലത്തിനു മൊത്തത്തിലുള്ളതാണ്. സ്വയം വിദ്വേഷത്തില്‍ നിന്ന് അകന്നു നില്‍ക്കുകയും മറ്റുള്ളവരെ അകറ്റി നിര്‍ത്തുകയും ചെയ്യുകയാണ് ലോക സമാധാനത്തിനുള്ള ഏക വഴി. സഹോദരന്‍റെ ചോരയില്‍ കണ്ണു വെയ്ക്കുന്നതിനു പകരം അവന്‍റെ വിശപ്പിന്‍റെ ആഴം കുറയ്ക്കാന്‍ ആവുന്നതു ചെയ്യാമെന്ന് പ്രതിജ്ഞയെടുക്കാന്‍ ഈ പുതുവര്‍ഷപ്പുലരിയില്‍ നമുക്ക് കഴിഞ്ഞെങ്കില്‍. ലോകത്തിന് ആര്‍ഷഭാരതത്തിന്‍റെ എക്കാലത്തേയും മഹത്തായ സംഭാവനയായ മോഹന്‍ദാസ് കരംചന്ദ് ഗാന്ധിയെന്ന മഹാത്മാഗാന്ധിയുടെ വീക്ഷണത്തിന് ഓരോ പുതുവര്‍ഷപ്പുലരിയിലും പ്രസക്തിയുണ്ട്. സമാധാനത്തോടും സഹവര്‍ത്തിത്തത്തോടും പരസ്പരം പങ്കുവെയ്ക്കാന്‍ കഴിഞ്ഞാല്‍ ലോകത്തിലുള്ള എല്ലാവരേയും തീറ്റിപ്പോറ്റാനുള്ള വക ചെറുതെങ്കിലും നമ്മുടെ ഭൂമിയിലുണ്ട്. പക്ഷെ, നമുക്കില്ലാതെ പോകുന്നത് സമാധാനവും സഹവര്‍ത്തിത്തവുമാണ്. അതുതന്നെയാണ് ലോക സമാധാനത്തിനുള്ള ഏറ്റവും വലിയ പ്രതിബന്ധവും.

ദൈവത്തിന്‍റെ സ്വന്തം നാടെന്നു പുകള്‍പെറ്റ നമ്മുടെ കൊച്ചു കേരളം എക്കാലവും ശാന്തിയുടേയും സമാധാനത്തിന്‍റേയും സന്ദേശവാഹകയാണ്. എന്നാല്‍, ആ പുണ്യഭൂമിയിലും അശാന്തിയുടെ ലാഞ്ഛനകളുണ്ടാകുന്നു എന്ന ആശങ്ക സമീപകാലത്ത് ഉയര്‍ന്നു കേള്‍ക്കുന്നുണ്ട്. കേരളത്തിന്‍റെ മണ്ണില്‍ തീവ്രവാദം വളര്‍ത്താന്‍ വിദേശത്തുള്ള ഭീകര സംഘടനകളില്‍ ചേരാന്‍ പോയത് അഭ്യസ്ഥവിദ്യരായ യുവതീയുവാക്കളാണെന്ന ഞെട്ടിക്കുന്ന സത്യം അശാന്തിയുടേയും അസമാധാനത്തിന്‍റേയും പാത പിന്തുടരാനുള്ള യുവാക്കളുടെ ത്വരയേയാണ് സൂചിപ്പിക്കുന്നത്. അവരെ തിരുത്തി നേര്‍വഴിക്ക് നടത്തേണ്ടത് ഓരോ വ്യക്തിയുടേയും ഉത്തരവാദിത്വമാണ്. ആരെങ്കിലും അറിവില്ലായ്മകൊണ്ട് അത്തരം ബന്ധങ്ങളില്‍ ചെന്നു ചാടുന്നുണ്ടെങ്കില്‍ അവരെ പിന്തിരിപ്പിക്കേണ്ടത് സമൂഹത്തിന്‍റെ കടമയാണ്. അവരെ കണ്ടെത്തി നിയമത്തിന്‍റെ മുന്‍പില്‍ കൊണ്ടുവരേണ്ടതും, പുനരധിവാസത്തിലൂടെ പൊതുസമൂഹത്തിന്‍റെ ഭാഗമാക്കേണ്ടതും സര്‍ക്കാരിന്‍റെ ചുമതലയുമാണ്. ഇത്തരമൊരു ചിന്തയ്ക്കുപോലും ഇടമില്ലെന്ന് പ്രതിജ്ഞയെടുക്കാനും, സമൂഹത്തെ ബോധ്യപ്പെടുത്താനുമുള്ള അവസരം കൂടിയാണ് മലയാളികളുടെ പുതുവര്‍ഷം.

സ്നേഹത്തിന്‍റേയും സാഹോദര്യത്തിന്‍റേയും കാരുണ്യത്തിന്‍റേയും സനാതനമായ മാനവിക മൂല്യങ്ങളുടെയും സന്ദേശവാഹകരായി പ്രവര്‍ത്തിക്കാമെന്ന് ഈ പുതുവര്‍ഷപ്പുലരിയില്‍ നമുക്ക് പ്രതിജ്ഞയെടുക്കാം. നമ്മുടെ മനസ്സുകളില്‍ പകയ്ക്കും വിദ്വേഷത്തിനും സ്ഥാനമില്ലെന്ന് ഉറപ്പാക്കാം.

എല്ലാവര്‍ക്കും നന്മകള്‍ നിറഞ്ഞ പുതുവത്സരം ആശംസിക്കുന്നു.

Sunday, December 24, 2017

അഗ്നിപരീക്ഷ (കഥ)

എത്ര നേരമായി ഈ കടല്‍ത്തീരത്ത് താനിങ്ങനെ ഒറ്റയ്ക്കിരിക്കുന്നു! നീലാകാശവും കടലിന്റെ നീലിമയും അകലെ ചക്രവാളത്തിൽ സൂര്യകിരണങ്ങൾ ഏറ്റു തിളങ്ങുന്ന ഒരു വെൺമേഘവും തന്റെ ഭാവനയെ തോൽപ്പിക്കുന്ന പ്രകൃതി സൗന്ദര്യം പോലെ നിലകൊണ്ടു. ആ വെൺമേഘം വെള്ളത്തിൽ പൊങ്ങിക്കിടക്കുന്ന ഒരു ഹിമമലപോലെ എനിക്ക് തോന്നി. വിശാലമായ ഈ തീരവും സമുദ്രത്തിലെ തിരമാലകളുമൊക്കെ കാണുവാൻ ചെറുപ്പം മുതലേ തനിക്ക് ഹരമായിരുന്നു.

ബീച്ചിലൂടെ ഒറ്റയ്ക്കും തെറ്റയ്ക്കും കുടുംബവുമായും ജനങ്ങള്‍ നടന്നു നീങ്ങുന്നു. കടലപ്പൊതികളില്‍ നിന്ന് അങ്ങോട്ടുമിങ്ങോട്ടും കൈമാറി കൊറിച്ചുകൊണ്ടു നടക്കുന്ന കാമുകീകാമുകന്മാര്‍. അലക്ഷ്യമായി അവരെ സാകൂതം നോക്കിക്കൊണ്ടിരുന്നപ്പോഴാണ് പെട്ടെന്ന് അത് എന്റെ ശ്രദ്ധയില്‍ പെട്ടത്! അല്പം അകലെയായി തിരമാലകളെ നോക്കി നില്‍ക്കുന്ന ആ സ്ത്രീ! എവിടെയോ കണ്ടു മറന്ന മുഖം! എവിടെയാണ്? ശരിക്കും നല്ല പരിചയമുണ്ടല്ലോ...! ഇനി എനിക്ക് തോന്നിയതാണോ? കണ്ടുമറന്ന നിരവധി മുഖങ്ങള്‍ മനസ്സില്‍ മിന്നായം പോലെ തെളിഞ്ഞു വന്നു... കാലമെത്ര കഴിഞ്ഞാലും പ്രായമെത്ര കഴിഞ്ഞാലും ചിലരുടെ മുഖം നമ്മുടെ മനസ്സില്‍ മായാതെ പതിഞ്ഞുകിടക്കും.. എത്ര കാലം കഴിഞ്ഞാലും അവരെ മറക്കാനും കഴിയില്ല.

ഏതായാലും ഒന്ന് അന്വേഷിക്കുക തന്നെ. ഇരിക്കുന്നിടത്തുനിന്ന് എഴുന്നേറ്റ് അവരുടെ അടുത്തേക്ക് നടന്നു. അപ്പോഴേക്കും ആ സ്ത്രീ എതിര്‍ ദിശയിലേക്ക് നടന്നു കഴിഞ്ഞിരുന്നു.. ഞാന്‍ നടത്തത്തിനു വേഗത കൂട്ടി. പക്ഷെ, മണലിലൂടെയുള്ള നടത്തമായതുകൊണ്ട് വേഗത പോരാ...

"ഒന്നു നില്‍ക്കണേ...."

എന്റെ ശബ്ദം കേട്ട് അവര്‍ തിരിഞ്ഞു നോക്കി. അടുത്തു ചെന്ന എന്റെ മുഖത്തേക്ക് സംശയത്തോടെ ഉറ്റുനോക്കിക്കൊണ്ടു അവര്‍ നിന്നു. എന്റെ ഉള്ളൊന്നു പിടഞ്ഞു. ഞാന്‍ അടുത്തേക്ക് ചെന്നു അവരെ സൂക്ഷിച്ചു നോക്കി. മുഖത്ത് അവിടവിടെ ചുളിവുകള്‍ വീണിട്ടുണ്ട്. അല്പാല്പം നര കയറിയ തലമുടി ഭംഗിയായി ഒതുക്കി കെട്ടിവെച്ചിരിക്കുന്നു.  എന്റെ നോട്ടവും മുഖഭാവവും കണ്ടിട്ടെന്നോണം അവരുടെ മുഖത്തും അമ്പരപ്പ് നിഴലിക്കുന്നത് എനിക്ക് കാണാന്‍ കഴിഞ്ഞു.

"ഏട്ടത്തീ......!" രണ്ടും കല്പിച്ച് ഞാന്‍ വിളിച്ചു.

"ഇന്ദൂ... നീ... ഇവിടെ?"

"ഏട്ടത്തീ... ഏട്ടത്തി ഇവിടെ? എന്തൊരത്ഭുതമായിരിക്കുന്നു..!"

ഏട്ടത്തി എന്റെ കൈ കവര്‍ന്ന് ആലിംഗനം ചെയ്തു.

"നീയെന്നെ മറന്നിട്ടില്ല അല്ലേ...?"

ഏട്ടത്തിയുടെ ചോദ്യം കേട്ട് എന്റെ മനസ്സ് നൊന്തു.

"എന്ത് ചോദ്യമാ ഏട്ടത്തീ ഈ ചോദിക്കുന്നത്? ഞാന്‍ മറക്കാനോ? എനിക്ക് ഏട്ടത്തിയെ മറക്കാന്‍ കഴിയ്വോ ?"

ഏട്ടത്തി എന്റെ കൈപിടിച്ച് അല്പം അകലേക്ക് മാറി ഇരുന്നു.

"നീയെങ്ങനെ എന്നെ കണ്ടു പിടിച്ചു? ഞാനിവിടെയുണ്ടെന്ന് നിനക്കെങ്ങനെ മനസ്സിലായി?"

ഏട്ടത്തിയുടെ ചോദ്യങ്ങള്‍ക്ക് ഞാന്‍ ചുരുക്കത്തില്‍ മറുപടി പറഞ്ഞു.

ഏട്ടത്തി എന്റെ കൈകളിലുള്ള പിടി വിട്ടില്ല... കുറെ നേരം മുഖത്തേക്കു നോക്കിയിരുന്നു. വാക്കുകളേക്കാൾ സ്പർശന ഭാഷയായിരിക്കും ചിലപ്പോള്‍ കൂടുതല്‍ നമുക്കു മനസ്സിലാകുക. ഏട്ടത്തിയുടെ മൗനം അവരുടെ മാനസിക സംഘര്‍ഷത്തിന്റെ ആഴമെത്രയെന്ന് ഞാന്‍ മനസ്സിലാക്കി. ആ മുഖത്ത് എന്തൊക്കെയോ ഭാവപ്രകടനങ്ങള്‍.. എന്തോക്കെയോ ഓര്‍ത്തെടുക്കാനുള്ള വെമ്പലാണോ അതെന്ന് ഞാന്‍ ഓര്‍ത്തുപോയി... ഒടുവില്‍ ഞാന്‍ തന്നെ മുഖവുരയിട്ടു.

"ഏട്ടത്തീ... ഏട്ടത്തിയെ ഇവിടെ കണ്ടുമുട്ടുമെന്ന് ഞാന്‍ ഒരിക്കലും പ്രതീക്ഷിച്ചതേ ഇല്ല. ഇതാണ് പറയുന്നത് മനുഷ്യന്‍ ചിന്തിക്കുന്നത് ഒന്ന് ദൈവം വിധിക്കുന്നത് മറ്റൊന്ന് എന്ന്. മനുഷ്യന്റെ ചിന്തയും പ്രവൃത്തിയും വ്യത്യസ്ഥ അച്ചുതണ്ടില്‍ കറങ്ങുന്നു. എന്നാല്‍ ദൈവം വിധിക്കുന്നതേ നടപ്പിലാകൂ. ഇതാണോ ഏട്ടത്തി ജീവിതത്തിന്റെ വഴിത്തിരിവ് എന്നു പറയുന്നത്."

ഒരു നിമിഷം ഞാന്‍ ഭൂതകാലത്തേക്ക് ഊളിയിട്ടു.

"നീ ഇവിടെ എങ്ങനെ എത്തിയെന്ന് ആദ്യം പറ" ഏട്ടത്തി ചോദിച്ചു.

"ഏട്ടത്തീ... തിരുവനന്തപുരത്താണ്  ഭര്‍ത്താവ് വിഷ്ണുവിനു ജോലി. മൂന്നു വർഷമായി ഞാൻ തിരുവനന്തപുരത്ത് താമസിക്കുന്നു. ഇന്ന് ഇവിടെ വരേണ്ട ആവശ്യമുണ്ടായിരുന്നു. അല്പം കാറ്റുകൊള്ളാമെന്ന് വെച്ചാണ് ഈ ബീച്ചില്‍ വന്നത്..."

എന്തിനാണ് ഇവിടെ വന്നതെന്ന് തല്‍ക്കാലം ഏട്ടത്തിയോട് പറയേണ്ടെന്ന് ഞാന്‍ തീരുമാനിച്ചു. ഇന്ന് രാവിലെയാണ് ഏട്ടന്റെ ഫോൺ വന്നത്. കോളേജ് വിദ്യാർത്ഥികളുമായി ഒരു സ്റ്റഡി ടൂറിന് വരുന്നുണ്ടെന്നും, കോവളത്തെ ഹോട്ടലിലാണ് താമസം ഏര്‍പ്പാടു ചെയ്തിരിക്കുന്നതെന്നും പറഞ്ഞു. ഭര്‍ത്താവിനാണെങ്കില്‍ കൂടെ വരാന്‍ കഴിയില്ലെന്നു പറഞ്ഞു. അതുകൊണ്ട് ഒറ്റയ്ക്കാണ് വന്നത്. ഹോട്ടലില്‍ എത്തിയപ്പോള്‍ എല്ലാവരും പുറത്തുപോയി എന്ന് പറഞ്ഞു. കാത്തു നില്‍ക്കാന്‍ സമയമില്ല. ഫോണില്‍ സംസാരിക്കാമെന്നു വെച്ചാല്‍ സെല്‍‌ഫോണ്‍ റേഞ്ച് ഇല്ല എന്ന അറിയിപ്പാണ് വരുന്നത്. അതുകൊണ്ട് ഏട്ടന് കൊടുക്കാന്‍ ഒരു കുറിപ്പെഴുതി റിസപ്ഷനില്‍ കൊടുത്തിട്ട് ഞാനിങ്ങു പോന്നു. തിരിച്ചു പോകുന്നതിനു മുന്‍പ് ഈ ബീച്ചിലൊന്നു വരണമെന്നു തോന്നി. അതുകൊണ്ട് ഏട്ടത്തിയേയും കാണാന്‍ കഴിഞ്ഞു.

"ഏട്ടത്തി ഇപ്പോള്‍ എവിടെയാണ്? എന്തു ചെയ്യുന്നു?" ആകാംക്ഷയോടെ ഞാന്‍ ചോദിച്ചു.

"ഞാനും തിരുവനന്തപുരത്ത് തന്നെയാണ്. അവിടെ ഒരു സ്‌കൂളില്‍ അദ്ധ്യാപികയാണ്..."

"ങേ....! തിരുവനന്തപുരത്തോ? എത്ര നാളായി അവിടെ?"

"കുറച്ചു നാളുകളായി" ഏട്ടത്തി തുടര്‍ന്നു

"ഇന്ദൂ നീ ഇവിടെത്തന്നെ ഇരിക്ക്. ഞാനൊരു പത്തുപതിനഞ്ച് മിനിറ്റിനകം തിരിച്ചുവരാം. നീ എങ്ങും പോയേക്കരുത്.."

അത്രയും പറഞ്ഞ് ഏട്ടത്തി പോയി. വിധിയുടെ വിളയാട്ടം ഒന്നു വേറെ തന്നെ. ഞാന്‍ ആത്മഗതം ചെയ്തു.

കാലം മറവിയുടെ മടിത്തട്ടില്‍ ഒളിപ്പിച്ചു വെച്ച ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് ഓടിയെത്താന്‍ തുടങ്ങി. ഏറെക്കാലത്തിനുശേഷം എന്റെ അസ്ഥിരമായ മനസ്സ് ഒരിക്കൽ കൂടി ഞങ്ങളുടെ ബംഗ്ലൂരുവിലെ ആ വീട്ടിലെത്തി. സന്തോഷഭരിതമായ ഞങ്ങളുടെ കുടുബത്തിലേക്ക് വധുവിന്റെ വേഷത്തില്‍ ഏട്ടത്തി എത്തിയ നിമിഷം.! കുടുംബാംഗങ്ങളെല്ലാവരും ആഹ്ലാദത്തോടെയാണ്  ഏട്ടത്തിയെ സ്വീകരിച്ചത്. ഞങ്ങളുടെ കുടുംബവുമായി ഏട്ടത്തി പൊരുത്തപ്പെട്ടു പോകുമോ എന്ന ആശങ്കയെ നിഷ്‌പ്രഭമാക്കി ഏട്ടത്തി എല്ലാവരേയും കൈയ്യിലെടുത്തു. സത്യത്തില്‍ ഞാന്‍ പോലും അത്ഭുതപ്പെട്ടുപോയിട്ടുണ്ട്.

ദിവസങ്ങള്‍ കഴിയുന്തോറും ഏട്ടത്തിയുടെ പെരുമാറ്റം എല്ലാവരിലും സ്വാധീനം ചെലുത്തിക്കൊണ്ടിരുന്നു. ഏട്ടനാണെങ്കില്‍ സമയം കിട്ടുമ്പോഴൊക്കെ ഏട്ടത്തിയുമായി സല്ലപിക്കാനും തമാശകള്‍ പറയാനും ചുറ്റും കൂടും. രണ്ടുപേരുടേയും സംസാരവും തമാശ പറച്ചിലും പൊട്ടിച്ചിരികളുമൊന്നും അമ്മയ്ക്ക് അത്ര രസിക്കുന്നുണ്ടായിരുന്നില്ല. എന്നാല്‍ ഏട്ടന്റെ പ്രകൃതം ശരിക്കാറിയാവുന്ന അച്ഛനും ഞാനും അതത്ര കാര്യമായെടുക്കാറില്ല. അന്ന് ഹൈസ്കൂള്‍ വിദ്യാര്‍ത്ഥിനിയായിരുന്ന എനിക്ക് ഏട്ടത്തി ഒരു കൂട്ടുകാരിയെപ്പോലെയായിരുന്നു. ഏട്ടത്തിയുമായി സംസാരിച്ചിരുന്നാല്‍ സമയം പോകുന്നതറിയില്ല.

ഏട്ടനാകട്ടെ ഈ ലോകത്തൊന്നുമല്ല എന്ന പോലെയാണ് ഏട്ടത്തിയുമായി ചുറ്റിക്കറങ്ങിക്കൊണ്ടിരുന്നത്. അമ്മയാകട്ടെ ദിവസങ്ങള്‍ കഴിയുന്തോറും ആധിയെടുത്ത് എന്തൊക്കെയോ ചിന്തിച്ചുകൊണ്ടു നടക്കുന്ന  പോലെയായിരുന്നു. തന്റെ സ്നേഹം മറ്റൊരാള്‍ പങ്കിട്ടെടുക്കുന്നത് അമ്മയ്ക്ക് സഹിക്കാവുന്നതിനപ്പുറമായിരുന്നു. അതുകൊണ്ടുതന്നെ ഏട്ടത്തിയുടെ ചെറിയ ചെറിയ തെറ്റുകള്‍ക്കു വരെ അമ്മ ശാസിക്കാനും കുറ്റം പറയാനും തുടങ്ങി. അമ്മയുടെ പെരുമാറ്റം ചില സന്ദര്‍ഭങ്ങളില്‍ അതിരു വിടുമ്പോള്‍ ഞാന്‍ ഉപദേശിക്കും. പക്ഷെ, അമ്മ അമ്മയുടെ ലോകത്ത് അമ്മയ്ക്കിഷ്ടമുള്ള പോലെയായിരുന്നു ജീവിച്ചത്. ഏട്ടനേയും അത് അസ്വസ്ഥനാക്കി. അമ്മയുടെ അസൂയയാണ് ഇതിനെല്ലാം കാരണമെന്ന് ഏട്ടന്‍ ഏട്ടത്തിയെ പറഞ്ഞു മനസ്സിലാക്കാന്‍ ശ്രമിച്ചിരുന്നു. ഞാനും എന്റെ കഴിവിന്റെ പരമാവധി അമ്മയെ പറഞ്ഞു മനസ്സിലാക്കിക്കാന്‍ ശ്രമിച്ചെങ്കിലും എല്ലാം വൃഥാവിലയാകുകയായിരുന്നു.

ഏട്ടത്തി അമ്മയെ ഒരു അമ്മായിയമ്മയായിട്ടല്ല കണ്ടിരുന്നത്. സ്വന്തം അമ്മയെപ്പോലെ തന്നെ എല്ലാ ബഹുമാനങ്ങളും നല്‍കിയിരുന്നു. അമ്മ എന്തു പറഞ്ഞാലും യാതൊരു എതിര്‍പ്പോ നീരസമോ പ്രകടിപ്പിക്കാറില്ല. അമ്മ വഴക്കു പറയുമ്പോള്‍ ഒരു പുഞ്ചിരി സമ്മാനിച്ച് അകന്നു പോകാറാണ് പതിവ്. ഒരു ഇംഗ്ലീഷ് മീഡിയം സ്കൂളിലെ അദ്ധ്യാപികയായിരുന്ന ഏട്ടത്തി വിവാഹം പ്രമാണിച്ച് അവധിയെടുത്തിരിക്കുകയായിരുന്നു. അതും അമ്മയെ ചൊടിപ്പിച്ചു. ഇംഗ്ലീഷ് മീഡിയം അദ്ധ്യാപിക എന്നു പറഞ്ഞാല്‍ നല്ല ശമ്പളം കിട്ടുന്ന ജോലിയാണെന്ന് അമ്മയ്ക്കറിയാം. മകന്റെ ഭാര്യ വീട്ടില്‍ തന്നെ അടങ്ങിയൊതുങ്ങി ജീവിച്ച്, വെച്ചുവിളമ്പിയാല്‍ മതിയെന്നാണ് അമ്മയുടെ ചിന്താഗതി. ഇടയ്ക്കിടെ അമ്മ അത് സൂചിപ്പിക്കുകയും ചെയ്തിരുന്നു.

വീട്ടില്‍ ഇങ്ങനെയുള്ള പ്രശ്നങ്ങള്‍ നടന്നിരുന്നുവെങ്കിലും അവയെല്ലാം ബന്ധുമിത്രാദികളില്‍ നിന്ന് മറച്ചു വെയ്ക്കാന്‍ ഞങ്ങള്‍ ഏറെ ശ്രദ്ധിച്ചിരുന്നു. പക്ഷെ, ദൗര്‍ഭാഗ്യവശാല്‍ എല്ലാം തകര്‍ന്നു വീഴുന്നതിന് ഞങ്ങളുടെ കുടുംബം സാക്ഷിയാകേണ്ടി വന്നു. എല്ലാ പ്രശ്നങ്ങളും സന്ദര്‍ഭോചിതമായി കൈകാര്യം ചെയ്ത് നിഷ്‌പ്രഭമാക്കാറുള്ള ഏട്ടത്തി പോലും അടി തെറ്റി വീണു.

ആ ദിവസം ശിശുദിനമായിരുന്നു. ഏട്ടത്തിയുടെ സ്കൂളിലെ അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും രണ്ടു ദിവസത്തെ പഠന ടൂറിനായി പോയതാണ്. പോകാന്‍ നേരം അമ്മ എതിര്‍ത്തുവെങ്കിലും അച്ഛനും ഏട്ടനും ഞാനുമൊക്കെ അമ്മയെ പറഞ്ഞു മനസ്സിലാക്കി. 'കണ്ടവരുടെ കൂടെയൊക്കെ കറങ്ങിയടിക്കുന്നത്' അമ്മയ്ക്ക് സ്വീകാര്യമായിരുന്നില്ല. അമ്മയുടെ സ്വഭാവം അറിയാമായിരുന്ന ഏട്ടനും ഏട്ടത്തിയും അത് കാര്യമാക്കിയില്ല.

ഏട്ടത്തി യാത്ര തിരിക്കുന്നതിനു തലേ ദിവസം അതേക്കുറിച്ച് വീട്ടില്‍ സംസാരവുമുണ്ടായിരുന്നു. പക്ഷേ ഏട്ടത്തിക്ക് പോയേ പറ്റൂ. ജോലിയുടെ ഒരു ഭാഗമാണതെന്ന് അമ്മയ്ക്കറിയില്ലല്ലോ. രണ്ടു ബസ്സുകളിലായാണ് ടൂര്‍ പോയത്. നിർഭാഗ്യവശാൽ രണ്ടു ദിവസത്തെ യാത്ര കഴിഞ്ഞ് തിരിച്ചു വരാന്‍ ആരംഭിച്ചപ്പോഴാണ് ഹര്‍ത്താല്‍ പ്രഖ്യാപിച്ച വിവരം അറിയുന്നത്. ഒരു വാഹനവും ഓടാന്‍ ഹര്‍ത്താലുകാര്‍ അനുവദിച്ചില്ല. മൈസൂരില്‍ നിന്ന് പുറപ്പെട്ട ബസുകളെല്ലാം വഴിയില്‍ തടഞ്ഞു. ഗത്യന്തരമില്ലാതെ കുട്ടികളേയും കൂട്ടി അദ്ധ്യാപകര്‍ അടുത്തുള്ള ഹോട്ടലിലെത്തി. എന്നാല്‍, പരിമിതമായ മുറികളാണ് അവിടെയുണ്ടായിരുന്നത്. തൊട്ടടുത്തുള്ള മറ്റൊരു ഹോട്ടലിലും അതുതന്നെ ഗതി. രണ്ടു ഹോട്ടലുകളിലും ലഭ്യമായ മുറികള്‍ ബുക്ക് ചെയ്ത് അന്ന് അവിടെ കഴിച്ചുകൂട്ടി. പിറ്റേ ദിവസം ഉച്ചയോടെയാണ് അവര്‍ക്ക് അവിടെ നിന്ന് യാത്ര തിരിക്കാനായത്.

തിരിച്ച് സ്കൂളിലെത്തിയപ്പോഴേക്കും ഏട്ടത്തിക്ക് അവരുടെ അമ്മയുടെ ഫോണ്‍ വന്നു. അച്ഛന് പെട്ടെന്ന് അറ്റാക്ക് വന്നെന്നും ആശുപത്രിയിലാണെന്നും കേട്ടപ്പോള്‍ ഏട്ടത്തിയാകെ വിഷമിച്ചു. ഏട്ടന് ഫോണ്‍ ചെയ്ത് വിവരങ്ങള്‍ പറഞ്ഞപ്പോള്‍ ഏട്ടര്‍ തന്നെയാണ് പറഞ്ഞത് നേരെ വീട്ടിലേക്ക് പൊയ്ക്കൊള്ളാന്‍. അതുകൊണ്ടുതന്നെ അടുത്ത ട്രെയ്നിന് ഏട്ടത്തി പാലക്കാട്ടുള്ള അവരുടെ വീട്ടിലേക്ക് പോയി.

ഈ വിവരങ്ങളൊന്നും ഏട്ടന്‍ അമ്മയോട് പറഞ്ഞിരുന്നില്ല. ഏട്ടനറിയാം അമ്മ അറിഞ്ഞാലത്തെ അവസ്ഥ. അതുകൊണ്ടുതന്നെ രണ്ടു ദിവസം കഴിഞ്ഞിട്ട് പറയാമെന്ന് ഏട്ടന്‍ വിചാരിച്ചു. പക്ഷെ, എന്നോട് കാര്യങ്ങളെല്ലാം പറഞ്ഞു. അമ്മയോട് ഇപ്പോള്‍ പറയേണ്ടെന്ന് പറയുകയും ചെയ്തു.

പാലക്കാട്ടു നിന്ന് ഏട്ടത്തി ഒന്നുരണ്ടു പ്രാവശ്യം ഫോണ്‍ ചെയ്തു. അച്ഛന് ഭേദമായെന്നും രണ്ടു ദിവസത്തിനുള്ളില്‍ തിരിച്ചെത്തുമെന്നുമായിരുന്നു പറഞ്ഞത്. എന്നാല്‍ അതിനിടെ അമ്മയ്ക്കും ചില സംശയങ്ങളായി. സ്കൂളില്‍ നിന്ന് ടൂറിനു പോയ ഏട്ടത്തി എന്തേ തിരിച്ചുവരാത്തതെന്നായിരുന്നു അമ്മയ്ക്കറിയേണ്ടിയിരുന്നത്. ഒന്നു രണ്ടു പ്രാവശ്യം ഏട്ടന്‍ അമ്മയുമായി തര്‍ക്കിക്കുന്നതും ഞാന്‍ കേട്ടു. ഒടുവില്‍ ഏട്ടന് സത്യം തുറന്നു പറയേണ്ടി വന്നു. അമ്മ പിന്നീട് ഒരക്ഷരം ഉരിയാടിയില്ല. മൗനമായിരുന്നു പിന്നീടുള്ള ദിവസങ്ങളില്‍. എന്തോ നിശ്ചയിച്ചുറപ്പിച്ച പോലെയായിരുന്നു അമ്മയുടെ മുഖഭാവം. ഞാനെന്തെങ്കിലും ചോദിച്ചാല്‍ കടിച്ചുകീറാന്‍ വരും. അതുകൊണ്ട് പിന്നീട് ഒന്നും ചോദിക്കാന്‍ നില്‍ക്കാറില്ല.

ദിവസങ്ങള്‍ക്കുശേഷമാണ് ഏട്ടത്തി തിരിച്ചെത്തിയത്. അച്ഛന്റെ അസുഖവും യാത്രയും അലച്ചിലുമെല്ലാം കൊണ്ട് മാനസികവും ശാരീരികവുമായ വിഷമതകള്‍ ഏട്ടത്തിയെ അലട്ടിയിരുന്നു. വീട്ടിലെത്തിയാല്‍ എല്ലാത്തിനും ആശ്വാസമാകുമെന്നു കരുതിയ ഏട്ടത്തിയെ എതിരേറ്റത് മ്‌ളാനമുഖങ്ങളായിരുന്നു. എന്താണ് സംഭവിച്ചതെന്നറിയാതെ ഏട്ടത്തി കുഴഞ്ഞു. എല്ലാവര്‍ക്കും ഒരു അകല്‍ച്ച പോലെ.

വൈകീട്ട് സ്കൂളില്‍ നിന്നെത്തിയ ഞാന്‍ വീട്ടിലെ മൂകത കണ്ട് അത്ഭുതപ്പെട്ടു. ആരും ആരോടും ഉരിയാടുന്നില്ല. ഏട്ടനാണെങ്കില്‍ എത്തിയിട്ടുമില്ല. ഏട്ടത്തി ഏകയായി അവരുടെ മുറിയിലിരിക്കുന്നു. എന്തോ പ്രശ്നമുണ്ട്. ഞാന്‍ മനസ്സിലൂഹിച്ചു. ഏട്ടത്തിയുടെ അടുത്തിരുന്ന് ഞാന്‍ കാര്യങ്ങള്‍ തിരക്കി. അവരുടെ മുഖം മ്‌ളാനത കൊണ്ട് മൂടിയിരുന്നു. ഞാന്‍ കുറെ സമാധാനിപ്പിച്ചു. ഏട്ടത്തി ഒന്നു പുഞ്ചിരിച്ചു. ആ പുഞ്ചിരിയില്‍ അവരനുഭവിക്കുന്ന മാനസിക പിരിമുറുക്കങ്ങളുടെ പ്രതിബിംബമുണ്ടായിരുന്നു. എല്ലാം ശരിയാകുമെന്ന് സാന്ത്വനപ്പെടുത്തി ഞാന്‍ അമ്മയുടെ അടുത്തേക്ക് ചെന്നു. പക്ഷെ, അമ്മ എന്നെ ഒരക്ഷരം പറയാന്‍ അനുവദിച്ചില്ല.

ഏട്ടന്‍ വൈകിയാണ് എത്തിയത്. ഏട്ടത്തി വന്ന വിവരം ഞാന്‍ ഫോണ്‍ ചെയ്ത് പറഞ്ഞിരുന്നു. നിസ്സംഗതയോടെയുള്ള ഒരു മൂളലാണ് ഏട്ടനില്‍ നിന്ന് കേട്ടത്. വീട്ടിലെത്തിയ ഏട്ടന്‍ മുറിയിലേക്ക് പോയെങ്കിലും ഏട്ടത്തിയുമായി സംസാരിക്കുന്നത് കേട്ടില്ല. എന്താണ് ഈ ഏട്ടന് സംഭവിച്ചതെന്ന് ഞാനോര്‍ത്തു.

ഏട്ടന്‍ വരുമ്പോള്‍ ആശ്വസിപ്പിക്കും എന്ന് മോഹിച്ച ഏട്ടത്തിക്ക് കിട്ടിയ പ്രഹരം പോലെയായി ഏട്ടന്റെ പ്രതികരണം. ഹൃദയം പുറത്തെടുത്ത് മുള്ളില്‍ കൊരുത്തുവെച്ചപോലെയായി ഏട്ടത്തിയുടെ അവസ്ഥ.

"നിങ്ങള്‍ക്കെന്താണ് സംഭവിച്ചത്. ആരെങ്കിലും എന്നോട് അതൊന്നു പറയൂ..."

ഏട്ടത്തി ഏട്ടനോട് പറയുന്നത് കേട്ടു.

എന്നാല്‍ ഏട്ടനാകട്ടേ അത് കേള്‍ക്കാത്ത ഭാവം നടിച്ച് പുറത്തേക്കിറങ്ങി. ഞാന്‍ ഏട്ടന്റെ പുറകെ കൂടി. കുറെ ചോദ്യങ്ങള്‍ ചോദിച്ചു. ഒന്നിനും ഏട്ടന്‍ വ്യക്തമായ ഉത്തരം തന്നില്ല. ഈ വീട്ടില്‍ എല്ലാവര്‍ക്കും ഇതെന്തു പറ്റി? ഞാന്‍ ആലോചിച്ചു. വൈകിട്ട് അച്ഛന്‍ വന്നപ്പോഴും സ്ഥിതി അതു തന്നെ. ഏട്ടത്തിയോട് വീട്ടിലെ വിവരങ്ങളും അച്ഛന്റെ അസുഖവിവരവുമൊക്കെ അച്ഛന്‍ തിരക്കി. പക്ഷെ, എന്തുകൊണ്ടാണ് അമ്മയും ഏട്ടനും ഏട്ടത്തിയോട് അകലം ഭാവിക്കുന്നതെന്നു മാത്രം പറഞ്ഞില്ല.

ഏട്ടന്റെ കണ്ണിൽ ഇത്രയും സംശയത്തിന് കാരണമെന്താണെന്നു മനസ്സിലായില്ല. അമ്മ കെട്ടിച്ചമച്ച കഥകള്‍ കേട്ടിട്ടാണോ ഏട്ടന്റെ ഈ സ്വഭാവ മാറ്റം? ചൂടുപിടിച്ച വീട്ടിലെ അന്തരിക്ഷത്തില്‍ ഏട്ടത്തി വീര്‍പ്പുമുട്ടുകയായിരുന്നു. ഏട്ടത്തി ടൂറിനു പോയതും പാലക്കാട്ട് പോയതുമൊക്കെയാണോ ഇവര്‍ കുറ്റമായി കണ്ടിരിക്കുന്നത്. ഏട്ടത്തിയുടെ മാനസികാവസ്ഥയെക്കുറിച്ച് ആലോചിക്കാതെ ഏട്ടനും അവരെ വിചാരണ ചെയ്യുകയാണോ. ഒരു മാസം എങ്ങനെയോ കടന്നുപോയി. അമ്മയാണെങ്കില്‍ ഏതു നിമിഷവും ഏട്ടത്തിയുടെ കുറ്റം കണ്ടുപിടിക്കാന്‍ അവരുടെ പുറകെയാണ്. അച്ഛൻ അമ്മയെ ഉപദേശിച്ചു നോക്കി. ഏട്ടനാണെങ്കില്‍ അമ്മ പറയുന്നതിനപ്പുറം പോകുന്നുമില്ല. വീട്ടിലെ പ്രശ്നങ്ങള്‍ അയല്‍ക്കാരില്‍ പലരും അറിയാന്‍ തുടങ്ങി. അതോടെ ഏട്ടത്തിയെ കാണുമ്പോള്‍ അവര്‍ അര്‍ത്ഥം വെച്ച് നോക്കുകയും കുശുകുശുക്കലുമായി. ഏട്ടത്തിയെ സംബന്ധിച്ചിടത്തോളം അത് സഹിക്കാവുന്നതിലപ്പുറമായിരുന്നു. അതേക്കുറിച്ച് അവര്‍ ഏട്ടനുമായി സംസാരിക്കുകയും ചെയ്തു.

എന്റെ മനസ്സില്‍ ഭീതിയായിരുന്നു. എന്തായിരിക്കും ഇനി സംഭവിക്കാന്‍ പോകുക.. നിഷ്ക്കളങ്ക മനസ്സിനുടമയായിരുന്ന ഏട്ടന്‍ എന്തിനാണ് ഏട്ടത്തിയെ ഇങ്ങനെ അകറ്റി നിര്‍ത്തുന്നതെന്ന് ഒരിക്കല്‍ ഞാന്‍ ചോദിക്കുകയും ചെയ്തു. തന്റെ നിരപരാധിത്വം പറഞ്ഞു മനസ്സിലാക്കാന്‍ ഏട്ടത്തിയും ശ്രമിച്ചു. പക്ഷെ, ഏട്ടന്റെ പ്രതികരണം അന്നുവരെ ഏട്ടനോട് തോന്നിയിരുന്ന ബഹുമാനവും ആദരവും ഇല്ലാതാക്കി. ഭര്‍ത്താവിനെയോര്‍ത്ത് അഭിമാനിച്ചിരുന്ന ഏട്ടത്തിക്ക് സ്നേഹത്തിന്റെയും സംരക്ഷണത്തിന്റെയും പ്രത്യാശ നശിച്ചു.

ഞാനും ഒരു പ്രതിസന്ധിയിലായിരുന്നു. ഏട്ടത്തിയെ ഇത്രയും വെറുക്കാന്‍ ഏട്ടത്തി ചെയ്ത കുറ്റമെന്ത് എന്നായിരുന്നു എന്റെ ചിന്ത. ടൂറ് പോയതാണെങ്കില്‍, അതിൽ എന്താണ് ഏട്ടത്തിയുടെ പിഴവ് എന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല. ഏട്ടനു ഏട്ടത്തിയുമായുള്ള ബന്ധം ഇരുവരും മനസ്സിൽ ബന്ധിപ്പിക്കുകയും വിശ്വാസത്തിൽ മുറുകെ പിടിക്കുകയും ചെയ്യുന്നുണ്ടെങ്കില്‍, ആ വിശ്വാസത്തില്‍ ആരെങ്കിലും വിള്ളൽ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കില്‍, അതിനെ നിഷ്‌പ്രഭമാക്കാന്‍ അവര്‍ക്ക് കഴിയില്ലേ? ഭർത്താവിന്റെ അവഗണന ഭാര്യയെ സംബന്ധിച്ച് ഭയാശങ്കകള്‍ക്കല്ലേ ഇടവരുത്തൂ.

വീട്ടില്‍ ഇത്രയധികം പ്രശ്നങ്ങളുണ്ടായിട്ടും ഏട്ടത്തി അവരുടെ വീട്ടില്‍ അത് അറിയിച്ചിരുന്നില്ല. ഹൃദ്രോഗിയായ അച്ഛന്‍ തന്നെ അതിനു കാരണം. ഒരു സഹോദരനുള്ളത് തിരുവനന്തപുരത്ത് എവിടെയോ ആണെന്നു മാത്രം ഞങ്ങള്‍ക്കറിയാം. വിവാഹ ദിവസം കണ്ടതാണ്. ഏട്ടത്തി എല്ലാ വിവരങ്ങളും സഹോദരനെ അറിയിച്ചിരുന്നുവെന്ന് ഞങ്ങളറിയുന്നത് ഒരു ദിവസം ഏട്ടന്‍ ദ്വേഷ്യപ്പെട്ട് ഏട്ടത്തിയോട് സംസാരിക്കുന്നതു കേട്ടാണ്.

അതുവരെ സം‌യമനം പാലിച്ചിരുന്ന ഏട്ടത്തിയുടെ ശബ്ദം ഉയര്‍ന്നതും അന്നാണ്.

"ഞാന്‍ ഇതുവരെ ആരോടും ഒന്നും പറയാതെ എല്ലാം സഹിച്ചു ജീവിക്കുകയായിരുന്നു. ഇനി എനിക്ക് വയ്യ" എന്ന് ഏട്ടത്തി തീര്‍ത്തു പറഞ്ഞു. തന്നെയുമല്ല ഏട്ടത്തിയുടെ സഹോദരന്‍ വരുന്നുണ്ടെന്നും പറഞ്ഞപ്പോള്‍ വീട്ടിലുള്ളവരെല്ലാം അല്പം പരിഭ്രമിച്ചോ എന്ന് തോന്നി. പറഞ്ഞതുപോലെ രണ്ടു ദിവസത്തിനുശേഷം അദ്ദേഹം വീട്ടിലെത്തി. ഏട്ടത്തി എന്തോ തീരുമാനിച്ചുറച്ചാണ് നിന്നിരുന്നത്.

"അഭിലാഷ്, അവളെന്നോട് കാര്യങ്ങളെല്ലാം പറഞ്ഞിട്ടുണ്ട്. പ്രശ്നങ്ങള്‍ കൂടുതല്‍ വഷളാകാതിരിക്കാന്‍ കുറച്ചു നാള്‍ അവള്‍ ഞങ്ങളുടെ വീട്ടില്‍ നില്‍ക്കട്ടെ. അതുവരെ അവള്‍ക്ക് ലോംഗ് ലീവ് എടുക്കാമല്ലോ. നിങ്ങളുടെയൊക്കെ മനസ്സ് ശാന്തമാകുമ്പോള്‍ അറിയിച്ചാല്‍ മതി. ഞാന്‍ തന്നെ അവളെ ഇവിടെ കൊണ്ടുവിടാം..."

ഏട്ടത്തിയുടെ സഹോദരന്‍ ഏട്ടനോട് പറഞ്ഞു. അതിന് ഏട്ടന്‍ മറുപടി പറയുന്നതിനു മുന്‍പേ അമ്മ ഇടപെട്ടു..

"അതു തന്നെയാണ് നല്ലത്. നിങ്ങളുടെ വീട്ടിലാകുമ്പോള്‍ എല്ലാറ്റിനും സൗകര്യവുമാകും. ഇവിടെ പറ്റില്ല...."

അമ്മ പറഞ്ഞതിന്റെ പൊരുള്‍ മനസ്സിലാകാതെ ഞാന്‍ അച്ഛന്റെ മുഖത്തേക്കു നോക്കി. ഏട്ടനാണെങ്കില്‍ ഒരക്ഷരം മിണ്ടുന്നുമില്ല. ഇതിനോടകം ഏട്ടത്തി തന്റെ ഡ്രസ്സുകളെല്ലാം അടങ്ങുന്ന സ്യൂട്ട് കേസുമായി പുറത്തേക്ക് വന്നു. ആരും ഒന്നും മിണ്ടുന്നില്ല. ഏട്ടന്റെ മുഖത്തേക്ക് ഉറ്റു നോക്കി നിന്ന ഏട്ടത്തിക്ക് ഒരുപാട് കാര്യങ്ങള്‍ പറയാനുണ്ടെന്ന് ആ മുഖഭാവം കണ്ടാലറിയാമായിരുന്നു. എന്നാല്‍ നിസ്സംഗനായി, ദൂരേക്ക് കണ്ണുപായിച്ച് ഏട്ടന്‍ നിന്നതേ ഉള്ളൂ. പടിയിറങ്ങുമ്പോള്‍ നിറഞ്ഞ കണ്ണുകളോടെ ഏട്ടത്തി എന്നെ നോക്കി ഒന്നു പുഞ്ചിരിച്ചു...വേദനയില്‍ നിറഞ്ഞ ഒരു ചിരി....!

ഏട്ടത്തി പോയതിനുശേഷം ഏട്ടന്‍ ആകെ അസ്വസ്ഥനായിരുന്നു. പണ്ടത്തെപ്പോലെ ആരോടും അധികം സംസാരിക്കാറില്ല. ഞാനും പലതവണ അതേക്കുറിച്ച് ചോദിച്ചു. ദ്വേഷ്യപ്പെട്ടില്ലെങ്കിലും കുറ്റബോധം ആ മനസ്സിനെ അലട്ടുന്നുണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. ഏട്ടത്തി പോയി ഒരു മാസത്തോളമായപ്പോഴാണ് പ്രശ്നം എന്തായിരുന്നുവെന്ന് ഞാന്‍ മനസ്സിലാക്കിയത്. സ്കൂള്‍ ടൂറിനു പോയതും അതുകഴിഞ്ഞ് ഏട്ടത്തിയുടെ വീട്ടില്‍ പോയി ദിവസങ്ങളോളം താമസിച്ചതുമൊക്കെ ഏട്ടത്തിക്ക് മറ്റാരുമായോ ബന്ധമുണ്ടായിരുന്നതുകൊണ്ടാണെന്ന് അമ്മ ധരിച്ചുവശായതാണ് എല്ലാത്തിനും കാരണം. അമ്മ അത് ഏട്ടനെ പറഞ്ഞു ധരിപ്പിക്കുന്നതില്‍ വിജയിക്കുകയും ചെയ്തു. അതറിഞ്ഞപ്പോള്‍ മുതല്‍ ഞാന്‍ അസ്വസ്ഥയായി. ദൈവമേ എന്തൊരു കൊടും പാതകമാണ് അമ്മ ചെയ്തത്. ഏട്ടത്തിയെപ്പോലെ ഇത്രയും നിഷ്ക്കളങ്കയായ ഒരു സ്ത്രീയെ ഇങ്ങനെ അപമാനിക്കാന്‍ അമ്മയ്ക്ക് എങ്ങനെ തോന്നി. മനസ്സിനെ ഏറെ വേദനിപ്പിച്ചു. ഏതായാലും ഏട്ടനോട് ചോദിക്കുകതന്നെ എന്ന് തീരുമാനിച്ചാണ് അന്ന് ഞാന്‍ ഏട്ടന്റെ അടുത്തെത്തിയത്.

"എന്തിനാണ് ഏട്ടാ ഈ പാതകത്തിന് ഏട്ടന്‍ കൂട്ടു നിന്നത്? മനഃസ്സാക്ഷിയെ വഞ്ചിക്കാന്‍ ഏട്ടനെങ്ങനെ തോന്നി"

തന്റെ ചോദ്യത്തിന് ഏട്ടന്‍ പ്രതികരിച്ചില്ല. എന്നാല്‍ ഒരു കാര്യം പറഞ്ഞു....

"നിന്റെ ചോദ്യത്തിന് ഉത്തരം പറയാന്‍ ഞാന്‍ അശക്തനാണ്. അമ്മയെ ധിക്കരിച്ച് ഈ വീട്ടില്‍ കഴിയാമെന്ന് നിനക്ക് തോന്നുന്നുണ്ടോ?"

മറുചോദ്യത്തിന് മറുപടി പറയാന്‍ എനിക്ക് കഴിഞ്ഞില്ല. അച്ഛനും അതേ അവസ്ഥയിലായിരുന്നു. എല്ലാം മൗനമായി കാണുകയും കേള്‍ക്കുകയും ചെയ്യുന്നു.

സംശയ രോഗം പിടിപെട്ടാല്‍ വ്യക്തിയെ മാത്രമല്ല കുടുംബ ബന്ധങ്ങളേയും സമൂഹത്തെപ്പോലും ഛിന്നഭിന്നമാക്കും. സ്‌നേഹക്കൂടുതലായാലും അസൂയ കൊണ്ടായാലും സംശത്തിന്റെ വിത്ത്‌ മനസ്സില്‍ പതിഞ്ഞ്‌ കഴിഞ്ഞാല്‍ അത്‌ വളര്‍ന്ന്‌ ഒരു വന്‍വൃക്ഷം പോലെ പടര്‍ന്നു പന്തലിക്കും. മുളയിലേ നുള്ളിക്കളഞ്ഞില്ലെങ്കില്‍ പലരുടേയും ജീവിതങ്ങള്‍ കത്തിയമര്‍ന്നു ചാമ്പലാകും. ഏട്ടനും വന്നു ഭവിച്ചത് അതാണ്. ഏട്ടത്തിയോടുള്ള അമിത സ്നേഹവും കരുതലും അമ്മയില്‍ അസൂയയുണ്ടാക്കി. തളിര്‍ത്ത് പൂത്തുവളര്‍ന്ന അവരുടെ സ്നേഹവല്ലരിയെ അമ്മ വേരോടെ പിഴുതെറിഞ്ഞു.

"ഇന്ദു ഇരുന്ന് മുഷിഞ്ഞോ?"

ചോദ്യം കേട്ട് ഞാന്‍ തിരിഞ്ഞുനോക്കി. ഏട്ടത്തിയാണ്. പതിനഞ്ചു മിനിറ്റ് കഴിഞ്ഞ് വരാമെന്ന് പറഞ്ഞ് പോയതാണ്.

"ഇല്ല ഏട്ടത്തീ.. ഞാന്‍ മുഷിഞ്ഞതൊന്നുമില്ല. ഓരോ കാര്യങ്ങള്‍ ഓര്‍ത്ത് അങ്ങനെ ഇരുന്നതാണ്..."

"ങാ, പഴയ കാര്യങ്ങള്‍ ഓര്‍ത്ത് മനസ്സ് പുണ്ണാക്കാതെ പുതിയതിനെക്കുറിച്ച് ആലോചിച്ച് ഭാവിയെ ശോഭനമാക്കണം. അതല്ലെങ്കില്‍ ജീവിതം പരാജയമാണെന്ന് ധരിച്ച് വേണ്ടാത്തതൊക്കെ ചെയ്യാന്‍ തോന്നും.."

ഏട്ടത്തിയുടെ ഫിലോസഫി കേട്ട് ഞാനൊന്നു ചിരിച്ചു.

എന്തൊക്കെയോ ഏട്ടത്തിയോട് ചോദിക്കണമെന്നുണ്ട്. ചോദ്യങ്ങളെല്ലാം മനസ്സില്‍ നമ്പറിട്ട് സൂക്ഷിക്കുകയും ചെയ്തിരുന്നു. എന്നാല്‍ ഏത് ചോദ്യമാണ് ആദ്യം ചോദിക്കേണ്ടതെന്ന കണ്‍ഫ്യൂഷനില്‍ ഏട്ടത്തിയുടെ മുഖത്തേക്ക് തന്നെ നോക്കിയിരുന്നു. ആ മുഖത്തെ പേശികള്‍ അവരുടെ പ്രായം വിളിച്ചോതുന്നുണ്ടായിരുന്നു. താന്‍ അറിഞ്ഞ ഏട്ടത്തി തന്നെയാണോ ഇതെന്നുപോലും സംശയിച്ചു.

"എന്താ ഇന്ദൂ ഇങ്ങനെ നോക്കുന്നത്? എന്താണ് ഇന്ദുവിന് ചോദിക്കാനുള്ളത്?"

"ദൈവമേ ഈ ഏട്ടത്തി എന്റെ മനസ്സു വായിച്ചറിഞ്ഞോ?"

"എനിക്കറിയാം ഇന്ദുവിന് ഒരുപാട് ചോദ്യങ്ങള്‍ എന്നോട് ചോദിക്കാനുണ്ടെന്ന്."

"ഏട്ടത്തീ, എനിക്കങ്ങനെ വിളിക്കാമോ എന്നറിയില്ല" ഞാന്‍ സംശയം ചോദിച്ചു..

"അതിനെന്താ ഇന്ദൂ. ഏട്ടത്തി എന്നാല്‍ ഒരു സ്ഥാനപ്പേരല്ല, ബഹുമാനമാണ്. ഇന്ദുവിന്റെ വീട്ടില്‍ ഒരു വധുവും, ഭാര്യയും, മരുമകളും, ഏട്ടത്തിയുമായിട്ടല്ലേ ഞാന്‍ വന്നു കയറിയത്. ഒരുപാട് സ്നേഹവും പരിചരണവും നിങ്ങളെനിക്ക് തന്നിട്ടുണ്ട്. ഞാനതൊക്കെ സന്തോഷത്തോടെ ഓര്‍ക്കാറുമുണ്ട്. കാലങ്ങള്‍ കഴിയുമ്പോള്‍ ചിലര്‍ പലതും മറക്കാറുണ്ട്. ഇപ്പോള്‍ ഏകദേശം പതിനാറു വര്‍ഷങ്ങള്‍ കഴിഞ്ഞില്ലേ ഇന്ദുവിന്റെ വീട്ടില്‍ നിന്ന് ഞാന്‍ ഇറങ്ങിപ്പോന്നിട്ട്...! ഇവിടെ ഇപ്പോള്‍ ഇന്ദു എന്നെ തിരിച്ചറിഞ്ഞു, ഏട്ടത്തീ എന്ന് വിളിച്ചു. എനിക്ക് സന്തോഷമായി. ഇന്ദു അങ്ങനെ തന്നെ വിളിച്ചാല്‍ മതി..."

"ഏട്ടത്തീ, ഒരു കാര്യം ചോദിക്കട്ടെ... എന്തിനാണ് ഏട്ടത്തീ ആയുധം വെച്ച് കീഴടങ്ങി ഞങ്ങളുടെ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോയത്. ഏട്ടത്തിക്ക് കുറച്ചുകൂടി ക്ഷമിക്കാമായിരുന്നില്ലേ?"

"ഞാന്‍ ആയുധങ്ങൾ വെച്ച് കീഴടങ്ങിയതല്ല ഇന്ദൂ. അതത്ര എളുപ്പവുമായിരുന്നില്ല. എന്നോട് കാണിച്ച അനീതി ശക്തമായി എതിർത്തിരുന്നെങ്കില്‍ എന്താകുമായിരുന്നു എന്റെ അവസ്ഥ എന്ന് ഒരുനിമിഷം നിങ്ങള്‍ ചിന്തിച്ചിരുന്നോ? അതാണ് ഞാന്‍ ഇറങ്ങിപ്പോന്നത്. ഞാനങ്ങനെ ചെയ്തില്ലായിരുന്നെങ്കില്‍ ഒരുപക്ഷേ നിങ്ങളുടെ വീട്ടില്‍ ഞാനൊരു അധികപ്പറ്റായേനെ. തന്നെയുമല്ല ആ വീട്ടിലെ സ്വൈര്യത എല്ലാം തകര്‍ന്നു തരിപ്പണവുമാകുമായിരുന്നു. എന്റെ അവകാശങ്ങൾക്കു വേണ്ടി ഞാൻ പോരാടിയിരുന്നില്ലേ? പക്ഷെ, സ്വന്തം മനഃസ്സാക്ഷിയെ വഞ്ചിക്കുന്നത് ചിലര്‍ക്ക് ഒരു രസമാണ്. എന്റെ അഗ്നിപരീക്ഷണ കാലഘട്ടമായിരുന്നു അത്. ചിലര്‍ പറയും ജാതക ദോഷമാണെന്ന്.

"മമ്മീ, ആരാ മമ്മീ ഇത്?"

ഞങ്ങളുടെ അടുത്തേക്ക് ഒരു പത്തുപതിനഞ്ചു വയസ്സു തോന്നിക്കുന്ന ഒരു കുട്ടി ഓടി വന്നു.

"ങാ, മോനെ ഇതാണ് ഇന്ദു. ഇന്ദു ആന്റി"

"ഹായ് ആന്റി" അവന്‍ തന്റെ നേരെ നോക്കി പറഞ്ഞു.

"ഹായ് മോനെ, മോന്റെ പേരെന്താ?"

"അജയ്"

ദൈവമേ, ഈ കുട്ടിയെ ഞാന്‍ എവിടെയോ കണ്ടു പരിചയമുണ്ടല്ലോ. നല്ല പരിചയമുള്ള മുഖഛായ..! ആ കുട്ടിയുടെ മുഖത്തേക്ക് കണ്ണിമയ്ക്കാതെ നോക്കിയിരിക്കുന്ന എന്നെ ഏട്ടത്തി ശ്രദ്ധിക്കുന്നത് ഞാന്‍ കണ്ടില്ല.

"മോന്‍ പോയി കളിച്ചോ, മമ്മി ഇപ്പോള്‍ വരാം കേട്ടോ" ഏട്ടത്തിയുടെ സംസാരം എന്നെ പരിസരബോധത്തിലേക്ക് തിരികെ കൊണ്ടു വന്നു.

നടന്നകലുന്ന അവനെത്തന്നെ ഞാന്‍ നോക്കിയിരുന്നു. കൈവീശിയുള്ള ആ നടത്തം, ആ ആകാരം എല്ലാം ഏട്ടന്റേതു തന്നെ. ഞാന്‍ ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി.

"ഇന്ദു സംശയിക്കുന്നതു തന്നെ... അവന്‍ ഇന്ദുവിന്റെ ഏട്ടന്‍ അഭിലാഷിന്റെ മകനാണ്..!!"

"ഏട്ടത്തീ....." എന്റെ ശബ്ദം അല്പം ഉയര്‍ന്നോ എന്നൊന്നു സംശയിച്ചു.

"അതെ ഇന്ദൂ. അന്ന് ഞാന്‍ വീട്ടില്‍ നിന്ന് ഇറങ്ങിപ്പോന്ന, അല്ല ഇറക്കിവിട്ട, ആ സമയത്ത് ഇവന്‍ എന്റെയുള്ളില്‍ രൂപപ്പെട്ടു വരുന്നതേ ഉണ്ടായിരുന്നുള്ളൂ. ഏട്ടനോട് അത് പറയാനിരുന്ന ദിവസമാണ് എനിക്ക് അവിടെ നിന്ന് ഇറങ്ങിപ്പോരേണ്ടി വന്നത്."

ഏട്ടത്തി പറഞ്ഞത് കേട്ട് തലയ്ക്കകത്ത് വെള്ളിടി വെട്ടിയ പോലെ തോന്നി. മനസ്സില്‍ ഒരായിരം ചോദ്യങ്ങള്‍ പതിഞ്ഞു. ദൈവമേ എന്തൊരു പരീക്ഷണമാണിത്. എനിക്കിതു വിശ്വസിക്കാന്‍ കഴിയുന്നില്ല.

"ഏട്ടത്തീ, ഇത് സത്യമാണോ? എന്നിട്ട് എന്തുകൊണ്ട് ഈ കാര്യം അന്ന് ഏട്ടത്തി പറഞ്ഞില്ല. ഒരുപക്ഷേ, അത് കേള്‍ക്കുമ്പോഴെങ്കിലും ഏട്ടന്‍ അമ്മയെ പറഞ്ഞ് മനസ്സിലാക്കുമായിരുന്നില്ലെ? അച്ഛനോടോ എന്നോടോ പറഞ്ഞു കൂടായിരുന്നോ?"

"ഇന്ദൂ, നീ പതിനഞ്ചു വര്‍ഷം മുന്‍പ് നടന്ന സംഭവങ്ങളെക്കുറിച്ചാണ് ഇപ്പോള്‍ പറയുന്നത്. അഥവാ ഞാന്‍ ഇക്കാര്യം അന്ന് പറഞ്ഞെന്നിരിക്കട്ടെ. എന്തായിരിക്കും നിങ്ങളുടെയൊക്കെ പ്രതികരണം. എന്നെ ഒരു അഴിഞ്ഞാട്ടക്കാരിയെന്ന് മുദ്യകുത്തി വീട്ടില്‍ നിന്ന് ഇറക്കി വിടാനൊരുങ്ങുന്ന സമയത്ത് ഇക്കാര്യം കൂടി കേട്ടാല്‍ നല്ല മനസ്സോടെ അമ്മയും ഏട്ടനും എന്നെ സ്വീകരിക്കുമായിരുന്നോ? അമ്മയുടെ വാക്കുകേട്ട് തന്റെ ഭാര്യയെ സംശയിക്കുന്ന ഒരു വ്യക്തിയില്‍ നിന്ന് എന്തായിരിക്കും പ്രതികരണമെന്ന് എനിക്ക് നന്നായി അറിയാമായിരുന്നു. അത് എല്ലാ പ്രശ്നങ്ങളുടെയും മൂലകാരണമായി മാറുകയും ചെയ്യും.

രണ്ടാമതായി, അഭിലാഷും ഞാനുമായി ഒരിക്കലും വേര്‍പിരിയാനാകാത്ത വിധം സ്നേഹിച്ചിരുന്നു. അത് അഭിലാഷിനും അറിയാം. പക്ഷേ ജീവിതത്തിലെ ഏറ്റവും ദുർബലമായ നിമിഷം വന്നപ്പോള്‍ എന്നെ ഒറ്റപ്പെടുത്തി. ആ സമയത്ത്, എന്റെ നേരെ ആരോപണങ്ങൾ ഉന്നയിക്കപ്പെടുന്ന സമയത്ത്, ഏതെങ്കിലും തീവണ്ടിയുടെ മുന്‍പില്‍ ചാടി ആത്മഹത്യ ചെയ്താലോ എന്നുവരെ എനിക്ക് തോന്നിയിട്ടുണ്ട്. ഒരു പേടിത്തൊണ്ടനെപ്പോലെ എന്റെ രക്ഷകനാകുന്നതിനു പകരം എന്നെ തള്ളിപ്പറഞ്ഞ് ഉപദ്രവിക്കാനല്ലേ ഏട്ടന്‍ മുതിര്‍ന്നത്. എന്നെ ഒരു പരിഹാസ കഥാപാത്രമാക്കി. അദ്ദേഹത്തിന്റെ ഭാര്യയായ ഞാന്‍ ഒരു മനുഷ്യ സ്ത്രീയാണെന്ന പരിഗണന പോലും തന്നില്ല."

"ഏട്ടത്തീ, നിങ്ങള്‍ തമ്മില്‍ വേര്‍പിരിയുമെന്ന് ഒരിക്കലും ഞാന്‍ ചിന്തിച്ചിരുന്നില്ല. എന്തെങ്കിലും സൗന്ദര്യപ്പിണക്കമായിരിക്കുമെന്നാണ് ഞാന്‍ കരുതിയത്. അമ്മയുടെ സ്വഭാവം അറിയാമായിരുന്നല്ലോ. പക്ഷെ ഏട്ടന്‍ അങ്ങനെ മാറുമെന്ന് ഒരിക്കലും ചിന്തിച്ചില്ല.... എല്ലാം എത്ര പെട്ടെന്നായിരുന്നു..."

"ഇന്ദൂ, അതാണ് മനുഷ്യന്‍. സ്വന്തം ജീവിതത്തെക്കുറിച്ച് ചിന്തിക്കാതെ, പരിഗണിക്കാതെ ഒരു ഭര്‍ത്താവിനും നീതി പുലര്‍ത്താനാവില്ല. ഭാര്യ, കുടുംബം, സമൂഹം ഇവയൊക്കെ പരസ്പര പൂരകങ്ങളാണ്. ഭാര്യയെ സംബന്ധിച്ചിടത്തോളം ഭര്‍ത്താവിനേയും ഭര്‍ത്താവിന്റെ കുടുംബത്തേയും ഒരു പരിധിവരെ സഹിക്കാം. എന്നാല്‍ സമൂഹത്തില്‍ നിന്നുള്ള അവഗണനയും പരിഹാസവും എല്ലായ്പ്പോഴും നിർദ്ദയവും ക്രൂരവുമായിരിക്കും. അത് സഹിക്കുന്നത് അത്ര എളുപ്പവുമല്ല. ഭാര്യയും ഭര്‍ത്താവും തമ്മില്‍ യഥാർത്ഥ സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ, ആര്‍ക്കും അവരെ വേപെടുത്താനാവില്ല. നിരപരാധിയാണെങ്കിലും, എനിക്കെതിരെ വ്യാജ ആരോപണങ്ങൾ ഉണ്ടായിരുന്നു. ഞാൻ എല്ലാം കേൾക്കുന്നുണ്ടായിരുന്നു. അമ്മ പലരോടും പലതും പറയുന്നതും ഞാന്‍ കേട്ടു. അഗ്നികുണ്ഡത്തില്‍ വീണ് ഉരുകുന്ന അവസ്ഥയിലായിരുന്നു ഞാന്‍. എന്നാല്‍ അത് ഇന്ദുവിന്റെ ഏട്ടന്‍ പോലും തിരിച്ചറിഞ്ഞില്ല. ഭര്‍ത്താവിനെ മാത്രം മനസ്സില്‍ ധ്യാനിച്ച് ജീവിച്ച ഒരു ഭാര്യയെ ആരോ എന്തോ പറയുന്നതുകേട്ട് നിര്‍ദ്ദാക്ഷിണ്യം വീടിനു പുറത്താക്കി കുടുംബ മഹിമ കാത്തുസൂക്ഷിക്കുന്ന ഭര്‍ത്താക്കന്മാര്‍ ഒരിക്കലും സത്യസന്ധരായിരിക്കില്ല എന്നാണ് ഇന്ദുവിന്റെ ഏട്ടന്റെ പെരുമാറ്റത്തില്‍ നിന്ന് ഞാന്‍ പഠിച്ചത്. ഭാര്യക്ക് പിന്തുണ നല്‍കുന്നതിനു പകരം അമ്മ പറയുന്നത് കേട്ട് അവളുടെ ചാരിത്ര്യശുദ്ധിയെ ചോദ്യം ചെയ്യുന്ന ഭര്‍ത്താവ് എങ്ങനെ നീതിമാനാകും? എങ്ങനെ ഒരു പുരുഷനായിത്തീരും?"

ഏട്ടത്തിയുടെ ഓരോ വാക്കുകളും കാരമുള്ളുകള്‍ പോലെ എന്റെ മനസ്സില്‍ തറച്ചു. ശരിയാണ് ഏട്ടത്തി പറയുന്നത്. തെറ്റിദ്ധാരണകള്‍ മനസ്സിലിട്ട് ഊതി വീര്‍പ്പിച്ച് മറ്റുള്ളവരെ തേജോവധം ചെയ്യുന്നവരെ എങ്ങനെ വിശ്വസിക്കും? അത് അച്ഛനായാലും അമ്മയായാലും സഹോദരങ്ങളായാലും.

"ശ്ശോ, കഷ്ടമായിപ്പോയി. ഇപ്പോള്‍ ഏട്ടന്‍ ഇവിടെയുണ്ടായിരുന്നെങ്കില്‍.... ഏട്ടന്റെ മകനെ കണ്ടിരുന്നെങ്കില്‍.... ഒരുപക്ഷെ...!"

ഞാന്‍ പൂര്‍ത്തിയാക്കുന്നതിനു മുന്‍പ് ഏട്ടത്തിയുടെ പൊട്ടിച്ചിരിയാണ് മുഴങ്ങിയത്.

"ഹഹഹ.... നീ എന്തു വിചാരിച്ചു ഇന്ദൂ. എന്റെ മകന്‍ ജനിച്ചപ്പോള്‍ അവനേയും കൊണ്ട്, അവന്‍ അഭിലാഷിന്റെ മകനാണെന്ന സര്‍ട്ടിഫിക്കറ്റുമായി നിങ്ങളുടെ വീട്ടില്‍ വരുമെന്നോ? എന്റെ നിരപരാധിത്വം തെളിയിക്കുമെന്നോ? ഒരിക്കലുമുണ്ടാകുകയില്ല. കാരണം, അഭിലാഷിന്റെ ജീവന്റെ തുടിപ്പ് എന്റെ ഉദരത്തില്‍ വളര്‍ന്നു തുടങ്ങിയപ്പോഴാണ് എന്നെ അവിടെ നിന്ന് ഒഴിവാക്കിയത്. പിന്നീട് വിവാഹ മോചനത്തിനുള്ള നോട്ടീസ് കൈപ്പറ്റുമ്പോള്‍ എന്റെ ശരീരം വിറയ്ക്കുകയായിരുന്നു. ഇതൊന്നുമറിയാതെ ആറു മാസമെത്തിയ ഭ്രൂണം എന്റെ ഉദരത്തില്‍ ഗാഢനിദ്രയിലായിരുന്നു. അഭിലാഷിനെ സംബന്ധിച്ചിടത്തോളം എന്നിലുള്ള ഉത്തരവാദിത്വം അവിടം കൊണ്ട് തീര്‍ന്നു. പക്ഷേ എനിക്ക് ജീവിക്കണമായിരുന്നു. എന്റെ ഉദരത്തില്‍ വളരുന്ന കുഞ്ഞിന് അമ്മ വേണം. എനിക്ക് ആ കുഞ്ഞും. മനസ്സാന്നിദ്ധ്യം വീണ്ടെടുക്കാന്‍ മാസങ്ങള്‍ വേണ്ടി വന്നുവെങ്കിലും ഞാന്‍ എന്റെ ആഗ്രഹം പൂര്‍ത്തീകരിച്ചു. ദൈവം എന്നെ കാത്തു എന്നുവേണം പറയാന്‍...."

"എന്റെ തെറ്റിന് ഞാന്‍ ഇപ്പോള്‍ മാപ്പു ചോദിക്കാം സുനന്ദേ... പൊറുക്കാന്‍ കഴിയാത്ത അപരാധമാണ് ഞാന്‍ ചെയ്തത്.."

ശബ്ദം കേട്ട് രണ്ടുപേരും ഞെട്ടി...!! അഭിലാഷ് അവരുടെ പുറകില്‍ നില്‍ക്കുന്നത് ഇരുവരും കണ്ടില്ല.

"അയ്യോ ഏട്ടന്‍" ഇന്ദു ഞെട്ടിത്തരിച്ചു നിന്നു...

"ഏട്ടന്‍ എപ്പോള്‍ വന്നു? ഇവിടെ ഇപ്പോള്‍?"

"ഞാന്‍ ഹോട്ടലില്‍ എത്തിയപ്പോള്‍ നീ കൊടുത്ത എഴുത്തു കണ്ടു. ഇവിടെ കാണുമെന്നു എഴുതിയിരുന്നുവല്ലോ. അതുകൊണ്ട് വന്നതാണ്."

ഏട്ടത്തിയാണെങ്കില്‍ നിര്‍‌വ്വികാരതയോടെ ഇരിക്കുന്നു. ഏട്ടന്‍ ഞങ്ങളുടെ അടുത്ത് വന്നിരുന്നു. ഏട്ടത്തിയെ അവിടെ കാണുമെന്നോ ഞങ്ങള്‍ തമ്മില്‍ കണ്ടുമുട്ടുമെന്നോ ഒരിക്കലും കരുതിയില്ല. എല്ലാം ഒരു വിസ്മയം പോലെ. ഏട്ടനാണെങ്കില്‍ ആകെ കണ്‍ഫ്യൂഷനിലായി. ഏട്ടത്തിയെ അഭിമുഖീകരിക്കാനുള്ള പ്രയാസം ആ മുഖത്ത് പ്രതിഫലിക്കുന്നുണ്ടായിരുന്നു.

"അയാം റിയലി സോറി സുനന്ദ. എന്റെ തെറ്റുകള്‍ മനസ്സിലാക്കിയപ്പോഴേക്കും വളരെ വൈകിയിരുന്നു. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം നീ എനിക്ക് തന്ന സ്നേഹം മാത്രമായിരുന്നു. ഞാന്‍ നിന്നോട് കടപ്പെട്ടിരിക്കുന്നു. നിന്നെ കണ്ടുമുട്ടുന്നതിനു മുന്‍പ് ഞാന്‍ ഒരിക്കലും സ്നേഹം തിരിച്ചറിഞ്ഞില്ലായിരുന്നു. നിന്റെ സ്നേഹം എന്റെ ഹൃദയത്തെ തലോടിയപ്പോഴും അത് ഞാന്‍ അറിഞ്ഞില്ലായിരുന്നു. നീ എന്നെ എല്ലാം കാണാന്‍ പഠിപ്പിച്ചു. എല്ലാം മനസ്സിലാക്കാന്‍ പഠിപ്പിച്ചു. നിന്നെയോര്‍ത്ത് ഞാന്‍ വളരെ വേദനിച്ചിട്ടുണ്ട്. ഞാന്‍ എന്നെത്തന്നെ ശപിച്ചാണ് ജീവിതം തള്ളിനീക്കിയിരുന്നത്. ദേ ഇവള്‍ക്കറിയാം. എന്നെ നിരന്തരം കുറ്റപ്പെടുത്തിയിരുന്നത് ഇവളാണ്. അച്ഛനും അമ്മയും മരിച്ചതിനുശേഷം ഞാന്‍ ഒറ്റപ്പെട്ടതുപോലെയായി. ഇവളാണെങ്കില്‍ വിവാഹം കഴിഞ്ഞ് ഭര്‍ത്താവിനോടൊപ്പം പോകുകയും ചെയ്തു. ബാംഗ്ലൂരുവിലെ വീട്ടിലിപ്പോള്‍ ശ്മശാന മൂകതയാണ്. അതുകൊണ്ട് ഞാന്‍ അങ്ങോട്ട് പോകാറേ ഇല്ല. അമ്മാവന്റെ ഒരു മകന്‍ അവിടെ ഇടക്കിടെ താമസിക്കും. അവരാണ് ആ വീട് ഇപ്പോള്‍ നോക്കുന്നത്. നിനക്കറിയാമോ ഞാന്‍ പല തവണ പാലക്കാട്ട് വന്നിരുന്നു. പക്ഷെ നിങ്ങള്‍ അവിടം വിട്ട് പോയെന്നും അച്ഛനും അമ്മയും മരിച്ചുവെന്നുമൊക്കെ ഞാന്‍ അറിഞ്ഞിരുന്നു.. എന്നാലും എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു എന്നെങ്കിലും എവിടെയെങ്കിലും വെച്ച് നിന്നെ കണ്ടുമുട്ടുമെന്ന്..."

ഇത്രയും പറഞ്ഞ് ഏട്ടന്‍ ഏട്ടത്തിയുടെ കൈ നുകര്‍ന്നു. പെട്ടെന്ന് ഏട്ടത്തി കൈ പിന്‍‌വലിച്ചു.

"വേണ്ട...ഇനിയൊരു കുമ്പസാരം വേണ്ട. ഇപ്പോള്‍ വിശദീകരണം നല്‍കി നിങ്ങള്‍ പരിശുദ്ധനാകാന്‍ ശ്രമിക്കുകയും വേണ്ട. എന്നെ വിശ്വസിപ്പിക്കാനും ശ്രമിക്കേണ്ട. ഇറ്റ് ഈസ് ടൂ ലേറ്റ്. ഞാന്‍ എന്നെത്തന്നെ ശപിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു. നിങ്ങള്‍ എന്നോട് ചെയ്ത ക്രൂരതയില്‍ ഞാന്‍ വെന്തു വെണ്ണീറായില്ല. പകരം തിളച്ചുമറിയുന്ന തീച്ചൂളയില്‍ ചുട്ടെടുത്ത കാരിരുമ്പ് പോലെ എന്റെ മനസ്സ് ഉറച്ചു പോയി. ആര്‍ക്കും ഇനി അത് തകര്‍ക്കാനാവില്ല. ഞാന്‍ എന്റെ മനഃസ്സാക്ഷിയെ ഒരിക്കലും വഞ്ചിച്ചിട്ടില്ല. നിങ്ങള്‍ ഇപ്പോള്‍ പറഞ്ഞില്ലേ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് എന്നെ കണ്ടുമുട്ടുമെന്ന്. അതെ, പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം നാം വീണ്ടും ഈ പ്രദേശത്ത് കണ്ടുമുട്ടി. അത് നിയോഗമാണ്. ദൈവ നിശ്ചയമാണ്. ദൈവമാണ് നമ്മളെ ഇവിടെ എത്തിച്ചത്. ചിലത് അറിയാനും അറിയിക്കാനും...."

ഏട്ടത്തി തറപ്പിച്ചു തന്നെ പറഞ്ഞു. തിരിച്ചുപറയാനൊന്നുമില്ലാതെ ഞാനും ഏട്ടനും സ്തംബ്ധരായി നിന്നു.

"തെറ്റുകള്‍ മനസ്സിലാക്കി നിങ്ങള്‍ എന്നെത്തേടി വരുമെന്നും, എന്നെയും മകനേയും കൂട്ടിക്കൊണ്ടുപോകുമെന്നും പ്രതീക്ഷിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. പക്ഷെ പുരുഷനാണെന്നും, സ്ത്രീയോട് മാപ്പ് പറയുന്നത് കുറച്ചിലാണെന്നും അഭിമാനത്തിന്റെ പ്രശ്നമാണെന്നും ധരിച്ചുവശായി ജീവിക്കുന്ന നിങ്ങളെപ്പോലെയുള്ളവര്‍ സ്ത്രീയുടെ അഭിമാനത്തേയും സ്ത്രീത്വത്തേയും ചവിട്ടി മെതിച്ചാലല്ലേ തൃപ്തിയാകൂ. നിങ്ങൾ എന്നെ പുറന്തള്ളുകയും എന്നെ വിവാഹമോചനത്തിന് നിർബന്ധിതയാക്കുകയും ചെയ്ത ആ അപരാധത്തിന്റെ നീര്‍ച്ചുഴിയില്‍ പെട്ട് ഞാന്‍ ഉഴലുകയായിരുന്നു. നിങ്ങളുടെ തെറ്റ് മനസ്സിലാക്കി തീർച്ചയായും എന്റെയടുത്തു വരുമെന്ന് ഞാന്‍ വൃഥാ ആശിച്ചുപോയിരുന്നു. എന്നാൽ നിങ്ങളുടെ മനുഷ്യത്വമില്ലായ്മയും അഹങ്കാരവും അഹന്തയും നിങ്ങളെ എന്നെന്നേക്കുമായി എന്നില്‍ നിന്നകറ്റി."

"സുനന്ദേ, നീ എന്നെ വിശ്വസിക്കൂ. എല്ലാം എന്റെ തെറ്റാണെന്ന് ഞാന്‍ സമ്മതിച്ചില്ലേ... ഈ കൂടിക്കാഴ്ച ഒരു നിയോഗമാണെന്ന് നീ തന്നെ പറഞ്ഞില്ലേ. ശരിയാണ്, ഒരു നിയോഗമാണ്. അതുകൊണ്ട്....."

"അതുകൊണ്ടെന്താ? ഞാന്‍ വീണ്ടും നിങ്ങള്‍ പറയുന്നതു വിശ്വസിച്ച് നിങ്ങളുടെ കൂടെ കൂടുമെന്നോ? ഒരിക്കലുമില്ല. ഇപ്പോള്‍ പറഞ്ഞില്ലേ തെറ്റു പറ്റിയെന്ന്. ശരികളെ മുറുകെ പിടിച്ച് ജീവിച്ച എനിക്കുണ്ടായ നഷ്ടങ്ങൾ തന്നെയല്ലേ ശരികളില്ല എന്നുള്ളതിന്‌ തെളിവ്‌. തെറ്റുകള്‍ ചെയ്തുകൂട്ടുന്ന നിങ്ങള്‍ അതൊക്കെ ശരികളാക്കി മാറ്റി. എന്നെ ആരും വിശ്വസിച്ചില്ല. ഭർത്താവു കൂടെ നിൽക്കുമെന്നു കരുതിയെങ്കിലും അതും ഉണ്ടായില്ല. മാനസികമായി പൂർണ്ണമായും തകർന്ന എന്നെ ജീവിക്കാന്‍ പഠിപ്പിച്ചത് എന്റെ അച്ഛനാണ്. ഞാൻ സാവധാനം ജീവിക്കാൻ പഠിച്ചു. നിങ്ങളുടെ പ്രലോഭനം ജീവിതത്തിൽ മുൻകൂട്ടി കാണാതെ പോയി, കാരണം ജീവിതകാലം മുഴുവൻ നിങ്ങള്‍ പറയുന്നതുപോലെ ജീവിക്കാൻ എനിക്ക് കഴിയില്ലായിരുന്നു. നിങ്ങള്‍തന്നെ നെയ്തെടുത്ത സംശയത്തിന്റെ വലയില്‍ എന്നെ കുരുക്കി, അതിന്റെ പേരില്‍ എന്നെ ഉപേക്ഷിച്ച ആ മനുഷ്യന് ഇനി എന്റെ ജീവിതത്തിൽ ഇടമില്ലെന്നുതന്നെ ഞാന്‍ നിശ്ചയിച്ചു."

"സുനന്ദേ, നീ പറഞ്ഞല്ലോ മകന്‍ എന്ന്. എവിടെ? എവിടെ ആ മകന്‍?"

"നിങ്ങള്‍ എന്നെ ഉപേക്ഷിച്ച സമയം നിങ്ങളുടെ ജീവന്റെ തുടിപ്പ് എന്നില്‍ വളരുന്നുണ്ടായിരുന്നു. ആ സത്യം മറച്ചുവെച്ചുകൊണ്ടു തന്നെയാണ് നിങ്ങളയച്ച ഡൈവൊഴ്സ് പേപ്പറുകളില്‍ ഞാന്‍ ഒപ്പു വെച്ചത്. എന്റെ ഉദരത്തില്‍ നിങ്ങളുടെ കുഞ്ഞ് വളരുന്നുണ്ടെന്നറിഞ്ഞാല്‍ ആ അവകാശം പറഞ്ഞുകൊണ്ട് നിങ്ങളും നിങ്ങളുടെ അമ്മയും എന്നെ സ്വൈര്യമായി ജീവിക്കാന്‍ സമ്മതിക്കില്ലായിരുന്നു. അതുകൊണ്ടു തന്നെ മനഃപ്പൂര്‍‌വ്വം അത് രഹസ്യമായിത്തന്നെ ഞാന്‍ സൂക്ഷിച്ചു."

അതു കേട്ട ഏട്ടന്‍ സ്തംബ്ധനായി. ആ മുഖം വലിഞ്ഞു മുറുകുന്നത് ഞാന്‍ കണ്ടു. കൈകള്‍ കൊണ്ട് തല താങ്ങിപ്പിടിച്ച് കുറെ നേരം കീഴ്പ്പോട്ടു നോക്കിയിരുന്നു.

"ഏട്ടാ", ഞാന്‍ വിളിച്ചു. തന്റെ നേരെ നോക്കിയ ഏട്ടന്റെ കണ്ണുകള്‍ ചുവന്നു കലങ്ങിയിരുന്നു.

"ഏട്ടത്തി പറയുന്നത് ശരിയാണ്. ഞാന്‍ ആ മോനെ കണ്ടു. അവന്‍ ഇവിടെയുണ്ട്."

എന്റെ സംസാരം കേട്ട് ഏട്ടന്‍ ചാടിയെഴുന്നേറ്റു.

"ങേ.... എവിടെ, എവിടെ എന്റെ മോന്‍?"

ഒരു ഭ്രാന്തനെപ്പോലെ ഏട്ടന്‍ ചുറ്റുപാടും നോക്കി. ബീച്ചില്‍ ഇരുള്‍ പരക്കാന്‍ തുടങ്ങിയിരുന്നു.

"സുനന്ദേ, പ്ലീസ്. എന്റെ മോനെ ഒന്ന് കാണാന്‍ അനുവദിച്ചുകൂടെ. അവന്‍ എവിടെയാണെന്നു പറ. ഞാന്‍ ദൂരെ നിന്ന് കണ്ടുകൊള്ളാം. ഒരിക്കലും ഞാന്‍ നിങ്ങളെ ബുദ്ധിമുട്ടിക്കുകയില്ല. എവിടെയായിരുന്നാലും സുഖമായി ജീവിക്കുന്നുണ്ടെന്ന് കേട്ടാല്‍ മാത്രം മതി." ഏട്ടന്‍ കെഞ്ചി.

ഞാനും ഏട്ടത്തിയോട് യാചിച്ചു. ഒരു പ്രാവശ്യം ഏട്ടന് ആ മകനെ കാണാനുള്ള അനുവാദം നല്‍കാന്‍ അപേക്ഷിച്ചു. ഏട്ടത്തി ദൃഢനിശ്ചയത്തിലാണെന്ന് അറിയാമായിരുന്നിട്ടും ഒരുപക്ഷെ അവരെ രണ്ടുപേരെയും വീണ്ടും ഒരുമിപ്പിക്കാന്‍ കഴിഞ്ഞാല്‍ അതില്പരം സന്തോഷം വേറെ എന്തുണ്ട് എന്ന് എന്റെ മനസ്സ് മന്ത്രിക്കുന്നുണ്ടായിരുന്നു. എന്നാല്‍ ഏട്ടത്തിയുടെ പ്രതികരണം അതിനുള്ള സാധ്യതയ്ക്ക് മങ്ങലേല്പിച്ചെങ്കിലും ഒരുപക്ഷെ പിന്നീട് മനസ്സു മാറിയാലോ എന്ന ചിന്തയും മനസ്സില്‍ ഉരുണ്ടുകൂടി. ഇതൊരു നല്ല തുടക്കമാകണേ എന്ന് ഞാന്‍ മൗനമായി പ്രാര്‍ത്ഥിച്ചു. ഇത്രയുമായ സ്ഥിതിക്ക് ഏട്ടത്തിയോട് അത് ചോദിക്കാനും ഒരു പേടി.

"ഇന്ദൂ, നീ എന്താണ് ചിന്തിക്കുന്നതെന്ന് എനിക്ക് ഊഹിക്കാന്‍ കഴിയും. ഞാന്‍ നേരത്തെ സൂചിപ്പിച്ചപോലെ ഞാനിപ്പോള്‍ ദുര്‍ബ്ബലയായ, പ്രലോഭനങ്ങള്‍ക്ക് വഴങ്ങുന്ന സ്ത്രീയല്ല. എനിക്കെന്റേതായ ലക്ഷ്യങ്ങളുണ്ട്, അഭിപ്രായങ്ങളുണ്ട്. എന്റെ അഭിപ്രായങ്ങള്‍ മാനിക്കാന്‍ ചുറ്റും നല്ലവരായ മനുഷ്യരുണ്ട്. അവരെ തള്ളിപ്പറഞ്ഞ് ജീവിക്കാന്‍ എനിക്കാവില്ല."

"ഏട്ടത്തീ, ഞാന്‍ പറഞ്ഞുവരുന്നത് ...............?"

"മനസ്സിലായി. വീണ്ടും നിന്റെ ഏട്ടനുമായി ജീവിക്കാന്‍ സാധിക്കുമോ എന്നല്ലേ നീ ചോദിക്കാന്‍ തുനിഞ്ഞത്? എങ്കില്‍ കേട്ടോളൂ.... അത് ഒരിക്കലും സാധ്യമല്ല..."

"ഏട്ടത്തീ, ഇപ്പോള്‍ അതിനൊരു മറുപടി തരേണ്ട. ആലോചിച്ച് മറുപടി തന്നാല്‍ മതി. എത്ര വര്‍ഷങ്ങള്‍ കഴിഞ്ഞാണ് ഇപ്പോള്‍ ഇങ്ങനെയൊരു സാഹചര്യം ഒത്തുവന്നത്. ഏട്ടത്തിക്കറിയാമോ, ഏട്ടന്റെ മനസ്സില്‍ നിന്ന് ഏട്ടത്തി ഇതുവരെ പോയിട്ടില്ല. അതുകൊണ്ട് വേറെ വിവാഹവും കഴിച്ചിട്ടില്ല. നേരത്തെ പറഞ്ഞതുപോലെ എന്നെങ്കിലും എവിടെയെങ്കിലും വെച്ച് ഏട്ടത്തിയെ കണ്ടുമുട്ടും എന്ന് പ്രതീക്ഷിച്ചിരിക്കുകയാണ് ഏട്ടന്‍....."

എല്ലാം ശ്രദ്ധയോടെ കേട്ട് സുനന്ദ ഊറിച്ചിരിച്ചു. സ്വാര്‍ത്ഥതയാണ് മനുഷ്യനെ മനുഷ്യനല്ലാതാക്കുന്നത്. എത്ര ലാഘവത്തോടെയാണ് ഇവര്‍ എന്നോട് ആവശ്യപ്പെടുന്നത്. പതിനഞ്ചു വര്‍ഷങ്ങള്‍ക്കു മുന്‍പ് നിസ്സഹായയായി ഞാന്‍ ഇവരുടെ മുന്‍പില്‍ നിന്നിട്ടുണ്ട്. മനുഷ്യത്വത്തിന്റെ ലാഞ്ഛന പോലും കാണിക്കാതെ നിഷ്ക്കരുണം എന്നെ ഒഴിവാക്കിയവരാണ് ഇപ്പോള്‍ തിരിച്ചു വിളിക്കുന്നത്.

"എന്താ സുനന്ദേ ആലോചിക്കുന്നത്. ഇന്ദു പറഞ്ഞത് ശരിയാണ്. ഞാന്‍ ഇപ്പോഴും അവിവാഹിതനായി കഴിയുന്നതു തന്നെ നിനക്കു വെണ്ടിയാണ്..." അഭിലാഷ് പറഞ്ഞു നിര്‍ത്തി.

"അഭിലാഷ്, ഞാന്‍ നേരത്തെ പറഞ്ഞില്ലേ... പ്രതീക്ഷകള്‍ ഉണ്ടായിരുന്നു എനിക്ക്. നിങ്ങളുടെ മകനെ പ്രസവിച്ച് അഞ്ച് വയസ്സാകുന്നതുവരെ ആ പ്രതീക്ഷയുടെ തിരിനാളം ഞാന്‍ കെടാതെ സൂക്ഷിച്ചു, നിഷ്ഫലമാണെന്നറിഞ്ഞിട്ടും.."

സുനന്ദ അകലേക്ക് കൈചൂണ്ടി.

"അതാ അവിടെ ഒരാള്‍ മൂന്നു കുട്ടികളുമായി ഇരിക്കുന്നതു കണ്ടോ? അതില്‍ ആ വലിയ കുട്ടിയാണ് അഭിലാഷിന്റെ മകന്‍ അജയ്. മറ്റേ ആണ്‍കുട്ടിയെ കണ്ടോ അവനാണ് അര്‍ജുന്‍. ആ പെണ്‍കുട്ടിയെ കണ്ടോ അവളാണ് സൗമ്യ." ഏട്ടത്തി പറഞ്ഞു നിര്‍ത്തി.

ഞങ്ങള്‍ ആകാംക്ഷയോടെ ഏട്ടത്തിയുടെ മുഖത്തേക്ക് നോക്കി. ഇരുള്‍ പരക്കാന്‍ തുടങ്ങിയ ബീച്ചില്‍ അകലെയായി ആ നാലു പേരെയും അവ്യക്തമായി ഞങ്ങള്‍ കണ്ടു.

സങ്കോചമൊന്നുമില്ലാതെ ഏട്ടത്തി തുടര്‍ന്നു....

"ആ ആള്‍ അവരുടെ അച്ഛനാണ്, അതായത് എന്റെ ഭര്‍ത്താവ്. അര്‍ജുനും സൗമ്യയും ഞങ്ങള്‍ക്കുണ്ടായ മക്കള്‍. അജയ് അവരുടെ വല്യേട്ടനും. ഞങ്ങള്‍ അഞ്ചു പേരടങ്ങുന്ന കുടുംബം ഇന്ന് സന്തുഷ്ടമാണ്. ഞാന്‍ പറഞ്ഞില്ലേ അഭിലാഷിന്റെ മകനെ പ്രസവിച്ച് അഞ്ച് വര്‍ഷം ഞാന്‍ കാത്തിരുന്നുവെന്ന്. എന്റെ എല്ലാ കാര്യങ്ങളും വ്യക്തമായി അറിയാവുന്ന, എല്ലാ വിട്ടുവീഴ്ചകള്‍ക്കും തയ്യാറായി വന്ന ചന്ദ്രബോസ് ആണ് എന്നെ വിവാഹം കഴിച്ചത്. മൂന്നു മക്കളേയും സ്വന്തം മക്കളായിട്ടു തന്നെയാണ് അദ്ദേഹം വളര്‍ത്തുന്നത്. അദ്ദേഹം ഇം‌പോര്‍ട്ട്-എക്സ്പോര്‍ട്ട് ബിസിനസ് നടത്തുന്നു. ഞങ്ങള്‍ തിരുവനന്തപുരത്ത് താമസം തുടങ്ങിയിട്ട് വര്‍ഷങ്ങളേറെയായി. ബാക്കി വിവരങ്ങള്‍ ഞാന്‍ ഇന്ദുവിനോട് പറഞ്ഞിട്ടില്ലേ."

ഏട്ടത്തി എഴുന്നേറ്റു... ഏട്ടന്റെ വധുവായി വീട്ടിലേക്ക് കയറി വന്ന ഏട്ടത്തിയല്ല ഇപ്പോള്‍ മുമ്പില്‍ നില്‍ക്കുന്നത്. ആ മുഖത്ത് എന്തൊക്കെയോ വെട്ടിപ്പിടിച്ച യോദ്ധാവിന്റെ ഭാവമുണ്ടായിരുന്നു... ഇനിയൊരിക്കലും ഇങ്ങനെ കണ്ടുമുട്ടാനുള്ള സാഹചര്യം സൃഷ്ക്കാന്‍ ശ്രമിക്കാതിരിക്കാം എന്നു പറഞ്ഞ് ഞങ്ങളെ സ്തംബ്ധരാക്കി ഏട്ടത്തി തിരിഞ്ഞു നടന്നു.

പകലിനോട് വിട ചൊല്ലി അങ്ങകലെ ചെഞ്ചായം പൂശിയ ചക്രവാളത്തില്‍, ഓടി ഒളിക്കാന്‍ തിടുക്കം കൂട്ടിയ പകലിന്റെ നെറുകയില്‍ അസ്തമന സൂര്യന്‍ സിന്ധൂരപൊട്ട് ചാര്‍ത്തി മറ്റൊരു രാത്രിയെ കൂടി വരവേറ്റു.

ശുഭം

Thursday, December 14, 2017

ഗവർണ്ണറുടെ എൻ‌വയോണ്മെന്റല്‍ അവാർഡ്' തിളക്കവുമായി സഞ്ജന

ന്യൂജെഴ്സി: 2017 ലെ ഗവർണ്ണറുടെ 'എന്‍‌വയോണ്മെന്റല്‍ എക്സലൻസ്' പുരസ്കാരം സഞ്ജന കാലോത്തിന്. വിദ്യാർത്ഥികളുടെ വിഭാഗത്തിലാണ് സഞ്ജനക്ക് പുരസ്കാരം ലഭിച്ചത്. ഈ മാസം 11 ന് ട്രെന്റണിലുള്ള ന്യൂജേഴ്സി സ്റ്റേറ്റ്
മ്യൂസിയത്തിൽ നടന്ന ചടങ്ങിൽ സഞ്ജന അവാർഡ്‌ ഏറ്റുവാങ്ങി.

ഭൗമദിനമായ ഏപ്രിൽ 22 ന് സഞ്ജന ആരും പറയാതെ സ്വന്തം ഇഷ്ടപ്രകാരം തന്റെ വീടിന്റെ പിൻവശത്തെയും താൻ താമസിക്കുന്ന തെരുവിലെയും പ്ലാസ്റ്റിക് ഉൾപ്പടെയുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നത് കണ്ട സഞ്ജനയുടെ മാതാവ് അത് വീഡിയോയിൽ പകർത്തുകയായിരുന്നു. തുടർന്ന് ഈ തെരുവിലെ മുഴുവൻ ആളുകളും ഇതുപോലെ ചെയ്താൽ അവിടം എത്രമാത്രം മനോഹരമാകുമെന്ന ആശയം അവൾ പിതാവിനോട് പങ്കുവെച്ചു. തുടർന്ന് ഇരുവരും ചേർന്ന് S.E.E  (സേവ് എർത്ത് & എൻവയോൺമെൻറ്) എന്ന പേരിൽ ഒരു മത്സരം നടത്താൻ തീരുമാനിക്കുകയായിരുന്നു. അവർ അംഗങ്ങളായ ഡബ്ല്യൂ.എം.സി. എന്ന സംഘടന വഴിയായിരുന്നു പരിപാടി സംഘടിപ്പിച്ചത്.

പരിസ്ഥിതി ദിനമായ ജൂൺ 5 ന് മത്സരത്തിൽ പങ്കെടുക്കാൻ അവർ എല്ലാവരെയും ക്ഷണിച്ചു. ജൂൺ 5 മുതൽ ആ സമ്മർ   വെക്കേഷൻ പൂർണമായും പരിസ്ഥിതിയെ സംരക്ഷിക്കാനായി ചെയ്ത പ്രവൃത്തികൾ ഓരോരുത്തരും റെക്കോർഡ് ചെയ്യാനായിരുന്നു മത്സരം.75 പേരോളം പങ്കെടുത്ത ഒരു മത്സരം സംഘടിപ്പിക്കുന്നതിന്‌ പ്രേരണ നല്‍കുക വഴി    നിരവധിയാളുകളിൽ പരിസ്ഥിതി അവബോധം സൃഷ്ടിക്കാനും സഞ്ജനക്കായി. ഈ പ്രവർത്തനമാണ് സഞ്ജനയെ ഗവർണറുടെ പുരസ്കാരത്തിന് അര്‍ഹയാക്കിയത്. ഈ പുരസ്കാരം തന്നെയാണ് പരിസ്ഥിതി സംബന്ധമായി സംസ്ഥാനത്തെ പ്രധാന അവാർഡും.

ന്യൂജെഴ്സിയില്‍ പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട് വിലമതിക്കാനാകാത്ത സംഭാവന നൽകുന്ന വ്യക്തികൾ, സ്ഥാപനങ്ങൾ, വിദ്യാഭ്യാസ പ്രവർത്തകർ, കൂട്ടായ്‌മകൾ, യുവാക്കൾ തുടങ്ങിയവർക്കാണ് ഈ പുരസ്കാരം നൽകപ്പെടുന്നത്. ന്യൂജെഴ്സി ഡിപ്പാർട്ട്മെന്റ് ഓഫ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ, ദ ന്യൂജേഴ്സി എൻവയോൺമെന്റൽ ഇൻഫ്രാസ്ട്രക്ചർ ട്രസ്റ്റ്, ന്യൂജേഴ്സി കോർപറേഷൻ സ്പോൺസർ എന്നിവ ന്യൂജേഴ്സി സ്റ്റേറ്റ് ലീഗ് ഓഫ് മുനിസിപ്പാലിറ്റീസുമായി സഹകരിച്ചാണ് അവാർഡ് നൽകുന്നത്.

Monday, December 11, 2017

ന്യൂയോര്‍ക്ക് സിറ്റിയില്‍ ചാവേര്‍ ബോംബാക്രമണം

ന്യൂയോര്‍ക്ക്:  തിങ്കളാഴ്ച രാവിലെയായിരുന്നു ന്യൂയോര്‍ക്ക് സിറ്റിയിലെ പോര്‍ട്ട് അഥോറിറ്റി ബസ് ടെര്‍മിനലിനും സബ്‌വേ സ്റ്റേഷനുമിടയിലെ ഇടനാഴിയില്‍  സ്ഫോടനമുണ്ടായത്.  സ്ഫോടനത്തിൽ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ ചാവേറിനെ ന്യൂയോര്‍ക്ക് ബെല്ലവ്യൂ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ച് അടിയന്തിര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. പരിക്കേറ്റവരില്‍ രണ്ടുപേരുടെ നില ഗുരുതരമാണ്. ഒരാളെ സെന്റ് ലൂയിസ്-റൂസ്‌വെല്‍റ്റ് ആശുപത്രിയിലും മറ്റൊരാളെ മൗണ്ട് സീനായ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

നഗരഹൃദയത്തിലെ പ്രശസ്തമായ ടൈംസ് സ്‌ക്വയറില്‍ പോര്‍ട്ട് അഥോറിറ്റി ബസ് ടെര്‍മിനലിനു സമീപം 42-ാം സ്‌ട്രീറ്റും 8-ാം  അവന്യുവും സന്ധിക്കുന്ന സ്ഥലത്താണ് സ്‌ഫോടനം നടന്നത്. ആള്‍ക്കൂട്ടത്തിലൂടെ നടക്കുകയായിരുന്ന ചാവേറിന്റെ അരയില്‍ കെട്ടിയിരുന്ന പൈപ്പ് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. ബസ് ടെര്‍മിനലിന്റേയും  ട്രെയിന്‍ സ്റ്റേഷന്റെയും ഇടനാഴിയിലൂടെ സഞ്ചരിക്കുമ്പോഴായിരുന്നു അപ്രതീക്ഷിതമമായി ബോംബ് പൊട്ടിയത്. ഈ സമയത്ത് അക്രമിയുടെ മുന്‍പിലും പിന്‍പിലും മറ്റും നടന്നിരുന്നവര്‍ നാലുപാടും ചിതറിയോടി. ബോംബ് പൊട്ടിയയുടനെ ചാവേര്‍ താഴെ വീഴുന്നതും മറ്റും സിസി ടിവി ക്യാമറാ ദൃശ്യങ്ങളില്‍ കാണാം. മൂന്നു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് അറിയിച്ചു. 

സംഭവം നടന്നത് രാവിലെ 7:40നായതുകൊണ്ട് നല്ല തിരക്കുള്ള സമയമായിരുന്നു. സംഭവത്തിനുശേഷം ബസ്-ട്രെയിന്‍ ഗതാഗതവും താറുമാറായി.

ബംഗ്ലാദേശ് വംശജനും അമേരിക്കയിലെ സ്ഥിരതാമസത്തിനുള്ള ഗ്രീന്‍ കാര്‍ഡുമുള്ള അകയ്ദുള്ള എന്ന ഇരുപത്തേഴുകാരനാണ് ചാവേറായി സ്ഫോടനം നടത്തിയതെന്ന് ന്യൂയോര്‍ക്ക് സിറ്റി പോലീസ് പറഞ്ഞു. 5 ഇഞ്ച് വലിപ്പമുള്ള പൈപ്പ് ബോംബും ബാറ്ററികളും വയറുകളും ചാവേറില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. പോലീസ് കസ്റ്റഡിയില്‍ ആശുപത്രിയില്‍ കഴിയുന്ന അക്രമിയെ വിശദമായി ചോദ്യം ചെയ്താലേ മുഴുവന്‍ വിവരങ്ങളും ലഭിക്കൂ എന്നും പോലീസ് പറഞ്ഞു.  എങ്കിലും താന്‍ ജോലി ചെയ്യുന്ന ഇലക്‌ട്രിക്കല്‍ കമ്പനിയില്‍ വെച്ചാണ് ബോംബുണ്ടാക്കിയതെന്ന് അയാള്‍ പറഞ്ഞതായി പോലീസ് സ്ഥിരീകരിച്ചു.

അമേരിക്ക മുസ്ലിം രാജ്യങ്ങളെ ആക്രമിക്കുന്നതും ഈയ്യിടെ ഇസ്രയേലിന്റെ തലസ്ഥാനം ജറുസലേമിലേക്ക് മാറ്റാന്‍ ട്രം‌പ് തീരുമാനിച്ചതുമൊക്കെ തന്നെ പ്രകോപിപ്പിച്ചുവെന്ന് അക്രമി പറഞ്ഞതായി പോലീസ് വ്യക്തമാക്കി. ഇയ്യാളുടെ ഐസിസ് ബന്ധവും പോലീസ് അന്വേഷിക്കുന്നുണ്ട്.

സംഭവം നടക്കുന്ന സമയത്ത് ബസ് ടെര്‍മിനലിലേക്കും ട്രെയിന്‍ സ്റ്റേഷനിലേക്കും പോകുകയായിരുന്ന നിരവധി പേര്‍ സ്വരക്ഷയ്ക്കായി നാലുപാടും ഓടുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ വെളിപ്പെടുത്തി. ന്യൂയോര്‍ക്ക് സിറ്റി മേയര്‍ ബില്‍ ഡി ബ്ലാസിയോ സംഭവത്തെ അപലപിച്ചു. ചാവേര്‍ ബസ്സിലോ ട്രെയിനിലോ കയറിയതിനു ശേഷമാണ് ബോംബ് പൊട്ടിയിരുന്നെങ്കില്‍ സംഭവം മറ്റൊന്നാകുമായിരുന്നു എന്നും എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

സംഭവം നടന്ന സ്ഥലത്ത് പോലീസും എഫ്.ബി.ഐ.യും മറ്റു അന്വേഷണ ഉദ്യോഗസ്ഥരും ക്യാമ്പ് ചെയ്ത് അന്വേഷണം തുടരുന്നു.

ഇതിനിടെ അക്രമിയുടെ ബ്രൂക്ക്‌ലിനിലുള്ള വീട്ടില്‍ എഫ്.ബി.ഐ. തിരച്ചില്‍ നടത്തി. ആരോടും സൗഹൃദമനോഭാവം കാണിക്കാത്ത വ്യക്തിയാണ് അകയ്ദുള്ള എന്ന് സമീപവാസികള്‍ പറയുന്നു. അടുത്ത കാലം വരെ ടാക്സി ഡ്രൈവറായിരുന്നു. 2011-ലാണ് അമേരിക്കയിലെത്തിയത്. 2015 മുതല്‍ ഒരു ഇലക്ട്രിക് കമ്പനിയില്‍ ജോലി തുടങ്ങി. മാതാപിതാക്കളും ഒരു സഹോദരനും സഹോദരിയുമടങ്ങുന്നതാണ് കുടുംബം. ചിലപ്പോള്‍ ആ വീട്ടില്‍ നിന്ന് വഴക്കിടുന്നതും ഒച്ച വെയ്ക്കുന്നതുമൊക്കെ കേള്‍ക്കാമെന്ന് അയല്‍‌വാസി പറഞ്ഞതായി പോലീസ്. ഇന്നലെയും വീട്ടിനകത്ത് ഉച്ചത്തിലുള്ള സംസാരവും വാഗ്വാദവും കേട്ടതായി ചുറ്റും താമസിക്കുന്നവര്‍ പറഞ്ഞെന്നും പോലീസ് അറിയിച്ചു. 


Sunday, December 10, 2017

മൂന്നാം 'ഇന്‍‌തിഫാദ'യ്ക്ക് വഴിമരുന്നിട്ട ട്രം‌പ്

ഇസ്രായേലിന്റെ തലസ്ഥാനമായി ജറുസലേമിനെ അംഗീകരിച്ചതു വഴി അമേരിക്ക ചെയ്തത് ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചാ പ്രക്രിയക്ക് തടസ്സം സൃഷ്ടിക്കുകയായിരുന്നു. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഈ തീരുമാനം ഇസ്രായേല്‍-ഫലസ്തീന്‍ സംഘര്‍ഷത്തെ കൂടുതല്‍ രൂക്ഷമാക്കും. മൂന്ന് അബ്രഹാമിക് മതങ്ങളുടെ വിശുദ്ധ സ്ഥലങ്ങളുള്ള ജറുസലേം, ഇസ്രായേലികളും ഫലസ്തീനികളും അവരവരുടേതെന്ന് അവകാശവാദമുന്നയിക്കുന്നതിന്റെ കേന്ദ്ര ബിന്ദുവാണ്.

1967 ലെ യുദ്ധത്തിലാണ് ഇസ്രായേല്‍ പടിഞ്ഞാറന്‍ ജറുസലേമില്‍ ആധിപത്യം സ്ഥാപിച്ചത്. എന്നാല്‍ കിഴക്കന്‍ ജറുസലേം അവരുടെ ഭാവി സംസ്ഥാനത്തിന്റെ തലസ്ഥാനമായിരിക്കണമെന്ന് ഫലസ്തീനികളും നിര്‍ബ്ബന്ധം പിടിച്ചു. ടെല്‍ അവീവില്‍ നിന്നും ജറുസലേമിലേക്ക് തങ്ങളുടെ സ്ഥാനപതി കാര്യാലയം മാറ്റാന്‍ വാഷിംഗ്ടണില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ യു.എസ്. കണ്‍‌ഗ്രഷണല്‍ പ്രമേയം ഉണ്ടെങ്കിലും, മുന്‍ അമേരിക്കന്‍ പ്രസിഡന്റുമാര്‍ എല്ലാവരും ഈ പ്രശ്നത്തിന്റെ നിയമപരവും, സദാചാരപരവും, രാഷ്ട്രീയപരവുമായ പ്രത്യാഘാതങ്ങള്‍ മുന്‍നിര്‍ത്തി ഒഴിഞ്ഞു മാറുകയായിരുന്നു.

മുന്‍ പ്രസിഡന്റുമാരുടെ അഭിപ്രായത്തോട് യോജിക്കാതെ, അവരുടെ നയതന്ത്രത്തെ മാനിക്കാതെ ട്രം‌പിന്റെ ഏകപക്ഷീയമായ തീരുമാനമാണ് ഇസ്രായേലിന്റെ അവകാശവാദത്തെ ഉയര്‍ത്തിക്കാട്ടി ജറുസലേമിനെ തലസ്ഥാനമായി പ്രഖ്യാപിച്ചിരിക്കുന്നത്. വാഷിംഗ്ടണിലെ യഹൂദ ലോബിക്കും ട്രം‌പിന്റെ സാമൂഹ്യ അടിത്തറയായ അമേരിക്കന്‍ സുവിശേഷ അപ്പൊസ്തലന്മാരുടെയിടയിലും അദ്ദേഹത്തിന്റെ പ്രതിച്ഛായ ഉയര്‍ത്താന്‍ മാത്രമേ ഇത് സഹായിക്കൂ. ഇസ്രായേല്‍ ജനത തീര്‍ച്ചയായും സന്തുഷ്ടരാണ്. അറബ് രാജ്യങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടക്കുന്നുണ്ടെങ്കിലും അതെത്രത്തോളം ഫലവത്താകുമെന്ന് കണ്ടറിയണം. അമേരിക്കയുടെ തീരുമാനത്തെ വെല്ലുവിളിക്കാന്‍ അവര്‍ക്കാവുമോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.

ജറുസലേം പ്രശ്നം കൈകാര്യം ചെയ്തതു വഴി ട്രം‌പിന്റെ യു എസ് നയതന്ത്രത്തെ ചോദ്യം ചെയ്യപ്പെടുകയാണിവിടെ. ട്രം‌പ് ചെയ്തത് ഇസ്രായേല്‍-ഫലസ്തീന്‍ മേഖലയിലെ സമാധാന ശ്രമങ്ങളില്‍ പുതിയ പ്രതിസന്ധി സൃഷ്ടിക്കലാണ്. ജറുസലേം "പൂര്‍ണ്ണവും ഐക്യവുമായ" തലസ്ഥാനമാണെന്ന ഇസ്രായേലിന്റെ അവകാശവാദത്തെ ഐക്യരാഷ്ട്ര സഭയുടെ 'പ്രമേയം 478' നിരാകരിക്കുന്നുവെന്നാണ് ഇസ്രായേല്‍ പറയുന്നത്. അംഗരാജ്യങ്ങള്‍ വിശുദ്ധ നഗരത്തില്‍ നിന്നും നയതന്ത്ര ദൗത്യങ്ങള്‍ പിന്‍വലിക്കാന്‍ ആവശ്യപ്പെടുന്നതാണ് 'പ്രമേയം 478.' ഈ പ്രമേയത്തിന്റെ സാധുതയാണ് ട്രം‌പ് ഇപ്പോള്‍ തള്ളിക്കളഞ്ഞത്. അതായത് പ്രമേയത്തിന് ഘടകവിരുദ്ധമായാണ് ട്രം‌പ് പ്രവര്‍ത്തിച്ചതെന്ന് ചുരുക്കം.

ജറുസലേമിന്റെ ചതുരംഗക്കളിയില്‍ ഉള്‍പ്പെട്ട പ്രവിശ്യകളില്‍ പ്രതിഷേധങ്ങളുടേയും അടിച്ചമര്‍ത്തലുകളുടേയും മറ്റൊരു മുഖമാണ് രൂപാന്തരപ്പെട്ടുകൊണ്ടിരിക്കുന്നത്. 2000-ത്തില്‍, പഴയ നഗരത്തിലെ അല്‍ അഖ്സയില്‍ ഏരിയല്‍ ഷാരോണ്‍ നടത്തിയ സന്ദര്‍ശനത്തെ രണ്ടാമത്തെ 'ഇന്‍തിഫാദ' എന്നാണ് ഫലസ്തീന്‍ പേരിട്ടിരിക്കുന്നത്. ഫലസ്തീന്‍ പ്രദേശങ്ങളിലെ ഇസ്രായേല്‍ അധിനിവേശത്തിന് എതിരെയുള്ള ഫലസ്തീനികളുടെ ഉയര്‍ത്തെഴുന്നേല്പുകളാണ് 'ഇന്‍‌തിഫാദ' എന്ന പേരില്‍ അറിയപ്പെടുന്നത്. ഇതുവരെ രണ്ട് ഇന്‍തിഫാദകളാണ് ഫലസ്തീനില്‍ നടന്നത്. അതില്‍ ഒന്നാമത്തേത് 1987 ഡിസംബര്‍ 8 ന് ആരംഭിച്ച് 1993 സെപ്റ്റംബര്‍ 13 വരെ നീണ്ടു നിന്നു. ജബൈലിയാ അഭയാര്‍ത്ഥി ക്യാമ്പില്‍ വെച്ചാണ് ഇത് ആരംഭിച്ചത്. ഇസ്രായേല്‍ മനുഷ്യാവകാശ സംഘടനയായ ബത്‌സെലേം (B’Tselem) പുറത്തു വിട്ട കണക്കുപ്രകാരം 1987-1993 കാലഘട്ടത്തില്‍ നടന്ന ഒന്നാം ഇന്‍തിഫാദയില്‍ 304 കുട്ടികളുള്‍പ്പടെ 1489 ഫലസ്തീനികള്‍ കൊല്ലപ്പെട്ടു. എന്നാല്‍ ഇസ്രായേല്‍ പക്ഷത്ത് 91 സൈനികരുള്‍പ്പെടേ 185 പേരാണ് കൊല്ലപ്പെട്ടത്. (http://www.btselem.org/)

രണ്ടാം ഇന്‍തിഫാദ 'അല്‍ അഖ്‌സ ഇന്‍തിഫാദ' എന്ന പേരിലാണ് അറിയപ്പെടുന്നത്. ഇസ്രയേല്‍ അധിനിവേശത്തിന് എതിരെയുള്ള ഫലസ്തീനികളുടെ രണ്ടാമത്തെ ഉയര്‍ത്തെഴുന്നേല്‍പാണത്. ഇസ്രായേലിനും ഫലസ്തീനുമിടയിലെ പോരാട്ടം ഏറ്റവും കൊടുമ്പിരി കൊണ്ട നാളുകളിലൊന്നായിരുന്നു അത്. 2000 സെപ്റ്റംബര്‍ 28 ന് ആരംഭിച്ച പോരാട്ടം 2005 ഫെബ്രുവരി 8 നാണ് അവസാനിച്ചത്. ഇസ്രയേല്‍ പ്രധാനമന്ത്രി ഏരിയല്‍ ഷാരോണ്‍ ടെം‌മ്പിള്‍ മൗണ്ട് (Temple Mount) സന്ദര്‍ശിച്ചതോടെയാണ് പോരാട്ടം ആരംഭിച്ചത്. ഇരുപക്ഷത്തും വലിയ ആള്‍നാശമുണ്ടാവുകയും ഇസ്രയേലികള്‍ അക്ഷരാര്‍ത്ഥത്തില്‍ ഭയന്നു പോവുകയും ചെയ്ത സന്ദര്‍ഭമായിരുന്നു അത്.

രണ്ടാം ഇന്‍തിഫാദ കാലഘട്ടത്തില്‍ 4,000ത്തിലധികം ഫലസ്തീനികളും 1,000ത്തിലധികം ഇസ്രായേലികളും കൊല്ലപ്പെട്ടു. 2005 ന്റെ അവസാനത്തില്‍ രണ്ടാം ഇന്‍ത്തിഫാദ അവസാനിച്ചെങ്കിലും മരണ നിരക്കും പരിക്കേറ്റവരുടെ എണ്ണവും വീണ്ടും വര്‍ധിച്ചുകൊണ്ടിരുന്നതായി B'Tselem വ്യക്തമാക്കുന്നുണ്ട്. '10 years to the second Intifada' എന്ന റിപ്പോര്‍ട്ടില്‍ 1,317 കുട്ടികളുള്‍പ്പെടെ ഏകദേശം 6,371 ഫലസ്തീനികളെ ഇസ്രായേല്‍ സുരക്ഷാ സേന കൊലപ്പെടുത്തിയതായി ഇസ്രായേല്‍ സംഘടന സൂചിപ്പിക്കുന്നുണ്ട്. രണ്ടാം ഇന്‍തിഫാദയുടെ അനന്തരഫലമായി ഇസ്രായേല്‍ ഗസ്സയില്‍ നിന്ന് പിന്‍വാങ്ങുകയും വെസ്റ്റ് ബാങ്കില്‍ അക്രമങ്ങള്‍ക്ക് കുറവു വരികയും ചെയ്തു.

ഫലസ്തീന്‍- ഇസ്രായേല്‍ പോരാട്ട ചരിത്രത്തിലെ ഈ രണ്ട് ഉയര്‍ത്തെഴുന്നേല്പുകളും ഇസ്രായേലിന് കനത്ത നഷ്ടങ്ങളാണ് വരുത്തിവെച്ചത്. ഇസ്രായേലിന് തങ്ങളുടെ പൗരന്മാരെ ഏറ്റവുമധികം ബലി കൊടുക്കേണ്ടി വന്ന ഒരു സന്ദര്‍ഭം കൂടിയായിരുന്നു അത്. ഈ വര്‍ധിച്ച ആളപായം തീര്‍ച്ചയായും ഇന്‍തിഫാദയെക്കുറിച്ചുള്ള ഭീതികള്‍ ഇസ്രായേലി മനസ്സുകളില്‍ സൃഷ്ടിക്കാന്‍ കാരണമായിരുന്നു. കാരണം, പൊതുവെ ഭീരുക്കളാണ് ഇസ്രായേലികള്‍. അവരിലെ ഓരോ പൗരന്റെയും ജീവന് അവര്‍ വലിയ വില കല്‍പിച്ചിരുന്നു. മുമ്പ് ഹമാസ് തടവിലാക്കിയ ഷാലിത് എന്ന ഇസ്രായേലി ഭടനെ വിട്ടുകിട്ടാന്‍ ആയിരത്തിലധികം ഫലസ്തീനികളെ തടവറകളില്‍ നിന്നും മോചിപ്പിച്ച സംഭവം ലോകം ദര്‍ശിച്ചതാണ്. അപ്പോള്‍ രണ്ടാം ഇന്‍തിഫാദയില്‍ ആയിരത്തിലധികം വരുന്ന ഇസ്രായേലികള്‍ കൊല്ലപ്പെട്ടത് അവരില്‍ എത്ര ആഘാതം സൃഷ്ടിച്ചിട്ടുണ്ടാകുമെന്നത് ഊഹിക്കാവുന്നതാണ്.

ഈ സംഭവങ്ങള്‍ കഴിഞ്ഞതിനു ശേഷം മുന്നാം ഇന്‍തിഫാദയെക്കുറിച്ച ആലോചനകള്‍ വാര്‍ത്താമാധ്യമങ്ങളില്‍ അന്ന് ഉയര്‍ന്നു വന്നിരുന്നു. പടിഞ്ഞാറന്‍ ജലുസലേമിലെ ഹാര്‍നോഫ് മേഖലയില്‍ സ്ഥിതി ചെയ്യുന്ന സിനഗോഗില്‍ പ്രാര്‍ത്ഥനക്കെത്തിയവരെ രണ്ട് ഫലസ്തീനികള്‍ ചേര്‍ന്ന് ആക്രമിക്കുകയും അഞ്ച് ഇസ്രായേലികള്‍ കൊല്ലപ്പെട്ടതുമാണ് ഇത്തരം വാര്‍ത്തകള്‍ ഉയര്‍ന്നു വരാന്‍ കാരണം. ഇസ്രായേല്‍ ഭരണകൂടം സംഭവത്തെ അപലപിച്ച് രൂക്ഷമായി പ്രതികരിക്കുകയും ഫലസ്തീന്‍ ഭരണകൂടത്തെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ലോക മുസ്‌ലിംകളുടെ വിശുദ്ധഗേഹമായ മസ്ജിദുല്‍ അഖ്‌സയില്‍ പ്രാര്‍ത്ഥനക്കെത്തുന്ന ഫലസ്തീനികളെ നിരന്തരമായി ആക്രമിക്കുകയും അവരെ തടയുകയും ചെയ്ത ഇസ്രായേലികളുടെ നടപടികള്‍ ഫലസ്തീനികളെ പ്രകോപിപ്പിക്കുകയും ചെയ്തിരുന്നു.

ഇപ്പോള്‍ സമാനമായ ദുരിതങ്ങളാണ് ഫലസ്തീനികള്‍ അനുഭവിക്കുന്നത്. ഇസ്രായേല്‍ ക്രമേണ തങ്ങളുടെ അധിനിവേശത്തെ ശക്തിപ്പെടുത്തുകയും പുതിയ കുടിയേറ്റം കെട്ടിപ്പടുക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍ സമാധാന പ്രക്രിയ ഒരിക്കലും പൂര്‍ത്തിയാകുകയില്ലെന്ന് അവര്‍ സംശയിക്കുന്നു. ഹമാസാകട്ടേ ഒരു "മൂന്നാം ഇന്‍തിഫാദ" അനിവാര്യമാണെന്ന് പ്രഖ്യാപിക്കുകയും ചെയ്തിരിക്കുന്നു. ദീര്‍ ഘകാലാടിസ്ഥാനത്തില്‍, ട്രം‌പ് ഈ രണ്ടു രാജ്യങ്ങള്‍ക്കിടയില്‍ നടന്നുവരുന്ന സമാധാന-പരിഹാര പ്രക്രിയകള്‍ കൂടുതല്‍ സങ്കീര്‍ണ്ണമാക്കിയിരിക്കുകയാണ്. അതായത് ഒരു മൂന്നാം ഇന്‍തിഫാദയ്ക്ക് വഴിമരുന്നിട്ടിരിക്കുന്നു.

ജറുസലേമിന്റെ പദവിയെക്കുറിച്ചുള്ള സ്ഥിരീകരണത്തിനുശേഷം മാത്രമേ ഇസ്രായേലി-ഫലസ്തീന്‍ സംഘര്‍ഷം പരിഹരിക്കാന്‍ കഴിയൂ. 1947 ലെ ഐക്യരാഷ്ട്രസഭയുടെ പദ്ധതിയില്‍ ഫലസ്തീന്‍ ഇസ്രായേലിന്റെ ഭാഗമേ ആയിരുന്നില്ല. ഒരു അന്തര്‍ദേശീയ ട്രസ്റ്റീഷിപ്പിന്റെ ഭരണത്തിന്‍ കീഴിലാകേണ്ട ജറുസലേമിനെ ഇസ്രായേല്‍ പിടിച്ചെടുക്കുകയായിരുന്നു. അതുകൊണ്ടാണ് ജറുസലേം ഇസ്രായേലിന്റെ തലസ്ഥാനമായി ഐക്യരാഷ്‌ട്ര സഭ അംഗീകരിക്കാതിരുന്നത്. ഇപ്പോള്‍ ട്രം‌പ് ചെയ്തതാകട്ടേ ഇസ്രായേലിന്റെ ആ അധിനിവേശത്തെ അംഗീകരിക്കുകയായിരുന്നു. അതുവഴി ഇസ്രായേല്‍-ഫലസ്തീന്‍ സമാധാന ചര്‍ച്ചകളിൽ അമേരിക്ക നിഷ്പക്ഷമായി നിലകൊള്ളുന്ന 'ഏജന്റ്' ആണെന്ന നിലപാടിനെ അട്ടിമറിക്കുകയാണ് ട്രം‌പ് ചെയ്തത്. ചുരുക്കത്തില്‍, അദ്ദേഹം സമാധാന പ്രക്രിയയ്ക്ക് തിരിച്ചടി നല്‍കിയിരിക്കുകയാണ്.

Friday, December 8, 2017

'ജിമിക്കി കമ്മലും' മുസ്ലിം പെണ്‍‌കുട്ടികളും (ലേഖനം)

ലോക എയ്ഡ്സ് ദിനത്തില്‍ എയ്ഡ്സിനെതിരെയുള്ള ബോധവല്‍ക്കരണത്തിന്റെ ഭാഗമായി മലപ്പുറത്ത് ചില മുസ്ലിം പെണ്‍‌കുട്ടികള്‍ ഹിജാബ് ധരിച്ച് "ജിമിക്കി കമ്മല്‍" ഗാനത്തിനൊത്ത് ഫ്ലാഷ് മോബ് നൃത്തം ചെയ്ത സംഭവം ഏറെ വിവാദമാക്കിയിരിക്കുകയാണ് "ഇസ്ലാമിന്റെ കാവല്‍ക്കാര്‍" എന്ന് സ്വയം അവകാശപ്പെടുന്ന ചില സദാചാരവാദികള്‍.

മലപ്പുറത്തെ തെരുവുകളിലാണ് ഈ മുസ്ലിം പെണ്‍കുട്ടികള്‍ എയ്ഡ്സിനെതിരെ ബോധവല്‍ക്കരണം നടത്താനുളള ആഹ്വാനവുമായി ഫളാഷ് മോബുമായി കടന്നുവന്നത്. ഹിജാബ് ധരിച്ച് ഫ്ളാഷ് മോബ് കളിച്ച പെണ്‍കുട്ടികള്‍ക്കെതിരെ സമൂഹമാധ്യമങ്ങളില്‍ അസഭ്യങ്ങളും പുലഭ്യങ്ങളും എഴുതിയാണ് സദാചാര ആക്രമണം രൂക്ഷമാക്കിയിരിക്കുന്നത്.  ഫ്ളാഷ് മോബിന്റെ വീഡിയോ വൈറലായതോടെയാണ് പെണ്‍കുട്ടികള്‍ക്കെതിരെ അധിക്ഷേപവുമായി ഇവര്‍ സൈബര്‍ ആക്രമണം തുടങ്ങിയത്.

https://youtu.be/L0CFWilMKn8

ഈ പെണ്‍കുട്ടികളെ മാത്രമല്ല അവരുടെ മാതാപിതാക്കളേയും കുടുംബാംഗങ്ങളേയും വരെ സൈബര്‍ സദാചാര വാദികള്‍ വെറുതെ വിടുന്നില്ല. വളര്‍ത്തുദോഷത്തിന്റെ ഫലമാണിതെന്നും, അവരെ വളര്‍ത്തിയ മാതാപിതാക്കളെ പച്ചമടല്‍ കൊണ്ട് അടിക്കണമെന്നും, നൃത്തം ചെയ്യുന്നത് സ്വന്തം വീട്ടില്‍ മാത്രം മതിയെന്നും മഹല്ലില്‍ നിന്ന് പുറത്താക്കുമെന്നു വരെയാണ് ഭീഷണികള്‍ മുഴക്കുന്നത്. മുന്നും പിന്നും കുലുക്കി ഡാന്‍സ് കളിച്ചാല്‍ എയ്ഡ്സ് വരാനുള്ള സാധ്യത കുറയുമോ?, നടുറോഡില്‍ അന്യപുരുഷന്മാരുടെ മുന്‍പില്‍ കൂത്താടുന്നതല്ല സംസ്‌ക്കാരം, വീട്ടില്‍ നിന്ന് അഴിച്ചു വിട്ടിരിക്കുകയാണോ? ഇവളുമാരെ തല്ലിക്കൊല്ലണം ഇങ്ങനെ പോകുന്നു സദാചാര ആക്രമണം. എന്നാല്‍ ഈ പെണ്‍കുട്ടികള്‍ക്ക് പിന്തുണയുമായി നിരവധി പേരാണ് രംഗത്തു വന്നിരിക്കുന്നത്. ഏതെല്ലാം വിധത്തില്‍ ഈ പെണ്‍കുട്ടികളെ അധിക്ഷേപിക്കാമോ അതെല്ലാം ദിനം‌പ്രതി സോഷ്യല്‍ മീഡിയയില്‍ കൂടി പ്രചരിപ്പിക്കുന്നുണ്ട്. ആക്രമണോത്സുകരായ സൈബര്‍ സദാചാര ഗുണ്ടകളുടെ അശ്ലീല പ്രചരണങ്ങള്‍ വ്യാപകമാകുന്നത് ശ്രദ്ധയില്‍ പെട്ടതോടെ സംസ്ഥാന വനിതാ കമ്മീഷന്‍ സ്വമേധയാ കേസെടുക്കുകയും സൈബര്‍ സെല്ലിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെടുകയും ചെയ്തെന്ന വാര്‍ത്ത പുറത്തുവന്നതോടെ മേല്പറഞ്ഞ "ഇസ്ലാമിന്റെ കാവല്‍ക്കാരുടെ" പോസ്റ്റുകളും, ലൈവും എല്ലാം ഒന്നൊന്നായി അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. 

ആ പെണ്‍കുട്ടികള്‍ ചെയ്തത് ശരിയോ തെറ്റോ എന്തുമായിക്കൊള്ളട്ടേ, അവരെ ഉപദേശിക്കാനോ ശിക്ഷിക്കാനോ സോഷ്യല്‍ മീഡിയയിലെ ദീനി പ്രബോധകരെ ആരും ചുമതലയേല്പിച്ചിട്ടില്ല. തന്നെയുമല്ല ഇക്കൂട്ടരെക്കൊണ്ടാണ് സത്യത്തില്‍ ഇസ്ലാം മതം നാറിക്കൊണ്ടിരിക്കുന്നത്. എവിടേയും എന്തും വിളിച്ചുപറയാനും പ്രവര്‍ത്തിക്കാനും യാതൊരു മടിയും കാണിക്കാത്ത ഇവരെയാണ് മുക്കാലിയില്‍ കെട്ടി ചാട്ടവാറുകൊണ്ട് അടിക്കേണ്ടത്.

പൊതുജന നന്മ ലക്ഷ്യമാക്കി ആ പെണ്‍കുട്ടികള്‍ സ്വന്തം സ്വത്വം മുറുകെ പിടിച്ച്‌ നൃത്തം ചെയ്തപ്പോള്‍ ഇസ്ലാം ആകെ തകര്‍ന്നു തരിപ്പണമായ പോലെയാണ് ചിലരുടെ പ്രതികരണം. നേരെ മറിച്ച് അവരവിടെ ജിമിക്കി കമ്മലിനു പകരം ഒപ്പന കളിച്ചെങ്കില്‍ ഈ സോഷ്യല്‍ മീഡിയ സദാചാരവാദികള്‍ ലൈക്കുകളും ഷെയറുകളും നല്‍കി അവരെ പ്രോത്സാഹിപ്പിച്ചേനെ. ഇസ്ലാം എന്താണെന്ന് അറിയാത്തവരാണ് ഇത്തരത്തില്‍ ആക്രമണം നടത്താന്‍ ഇറങ്ങിത്തിരിക്കുന്നത്. വാക്കു കൊണ്ടോ പ്രവൃത്തികോണ്ടോ മറ്റുള്ളവരെ വേദനിപ്പിക്കരുതെന്നാണ് പ്രവാചകന്‍ പഠിപ്പിച്ചിരിക്കുന്നത്. പുരുഷ മേധാവിത്വമാണ് ഇതിനെല്ലാം കാരണം. പുരുഷന്മാര്‍ക്ക് എന്തുമാകാം എന്നാല്‍ സ്ത്രീകള്‍ക്ക് അത് പാടില്ല എന്ന നയം ജാഹിലിയ്യ കാലഘട്ടത്തിലേതാണ്.  സ്ത്രീക്ക്‌ ഇസ്ലാം നല്‍കിയ സ്വാതന്ത്ര്യത്തെ ഹനിയ്ക്കാനും ചോദ്യം ചെയ്യാനും ഈ സോഷ്യല്‍ മീഡിയ പ്രബോധകരെ ആരാണു ഏല്‍പ്പിച്ചത്‌? പെണ്‍കുട്ടികള്‍ ആടും പാടും സംസാരിക്കും. പൊതുസ്ഥലങ്ങള്‍ പുരുഷന് മാത്രമല്ല സ്ത്രീകള്‍ക്ക് കൂടി അവകാശപ്പെട്ടതാണ്, നാലു ചുമരുകള്‍ക്കുള്ളില്‍ നിന്ന് മുസ്ലിം പെണ്‍കുട്ടികള്‍ പുറത്തിറങ്ങിയാല്‍ മാത്രം വരുന്ന ദീനീ സ്നേഹം ഒരു രോഗമാണു. വ്രണം ബാധിച്ച ഹൃദയമാണത്‌. നൃത്തമാടിയ പെണ്‍കുട്ടികളുടെ സ്വാതന്ത്ര്യത്തെയും നാം മാനിക്കണം, ബഹുമാനിക്കണം, അവര്‍ക്ക് ഒരു മനസ്സുണ്ടെന്നും സ്വന്തമായ ചിന്തയുണ്ടെന്നും കുടുംബമുണ്ടെന്നും അവര്‍ സമൂഹത്തിന്റെ ഭാഗമാണെന്നും അംഗീകരിക്കണം. ഈ പെണ്‍കുട്ടികളുടെ നൃത്തം ഒരുപക്ഷെ ഒരു തുടക്കമായിരിക്കാം. ഇതുപോലുള്ള ഫ്ലാഷ് മോബുകളും നൃത്തങ്ങളും ഗാനങ്ങളും ഇനി കൂടുതല്‍ വ്യാപകമാകാനേ സാധ്യതയുള്ളൂ.

ഇസ്ലാം മതത്തെ ലോകവ്യാപകമായി സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുന്ന പ്രവൃത്തികള്‍ ചെയ്യുന്നവരെ നിലയ്ക്കു നിര്‍ത്തേണ്ടത് കാലഘട്ടത്തിന്റെ ആവശ്യകതയാണ്. ഖുര്‍‌ആനെ ആയുധമാക്കിയാണ് സൈബര്‍ സദാചാരവാദികള്‍ അക്രമങ്ങള്‍ അഴിച്ചുവിടുന്നത്. അവരെയാണ് ബോധവല്‍ക്കരിക്കേണ്ടത്. അവരുടെ സദാചാര പ്രവര്‍ത്തനങ്ങള്‍ യാതൊരു കാരണവശാലും പ്രോത്സാഹിപ്പിക്കരുത്. മലപ്പുറത്ത് പെണ്‍‌കുട്ടികള്‍ 'ജിമിക്കി കമ്മല്‍' ഗാനത്തിനൊത്ത് ചുവടുവെച്ചപ്പോള്‍ ഇസ്ലാം ഒലിച്ചുപോയി എന്നു പറയുന്നവരോട് ചോദിക്കാന്‍ നിരവധി ചോദ്യങ്ങളുണ്ട്.

ഒപ്പന, കോല്‍ക്കളി, അറവന മുട്ട്, ഗാനമേള, ദഫ് മുട്ട്, ആനയെ എഴുന്നെള്ളിച്ചുള്ള ചന്ദനക്കുടം, ദര്‍ഖകളിലെ പ്രാര്‍ത്ഥനകള്‍ എന്നിവ ഇസ്ലാമില്‍ അനുവദനീയമാണോ? ഇന്ന് മുസ്ലിം വിവാഹങ്ങളില്‍ ഒപ്പന ഒഴിച്ചുകൂടാന്‍ വയ്യാത്ത ഒരു ഘടകമായിത്തീര്‍ന്നിരിക്കുകയാണ്. പണക്കാരന്റേയും പാവപ്പെട്ടവന്റേയും വീടുകളില്‍ പല രീതിയില്‍ പല വേഷത്തില്‍ ഒപ്പന അവതരിപ്പിക്കപ്പെടുന്നു. അതില്‍ പങ്കെടുക്കുന്നതോ പെണ്‍‌കുട്ടികളും. വിവാഹ വേദികളില്‍ മാത്രമല്ല, പരസ്യമായി സ്റ്റേജുകളിലും സ്കൂള്‍/കോളേജ് കലോത്സവങ്ങളിലും മത്സര വേദികളിലും ഒപ്പന അവതരിപ്പിക്കപ്പെടുന്നു. വിവാഹ വീടുകളില്‍ ഗാനമേളയും നൃത്തവുമെല്ലാം ഇന്ന് വ്യാപകമായിക്കൊണ്ടിരിക്കുന്നു. അപ്പോഴൊന്നും ഈ സദാചാരവാദികള്‍ ഇസ്ലാമിന്റെ പേരും പറഞ്ഞ് രംഗപ്രവേശം ചെയ്യുന്നതു കണ്ടിട്ടില്ല. അതുപോലെ തന്നെ ദഫ് മുട്ട്/അറവന മുട്ട്, കോല്‍ക്കളി എന്നിവയും മുസ്ലിം സമൂഹത്തില്‍ നിലനില്‍ക്കുന്നുണ്ട്. മുസ്ലിം പെണ്‍‌കുട്ടികള്‍ ഭരതനാട്യം, മോഹിനിയാട്ടം പോലുള്ള നൃത്തകലകള്‍ അവതരിപ്പിക്കുന്നതും നാം കാണുന്നുണ്ട്.

ഇനി മറ്റൊന്ന് ഉറൂസ്, ചന്ദനക്കുടം എന്നിവയാണ്. ചെണ്ട മേളം, ശിങ്കാരിമേളം എന്നിവയുടെ അകമ്പടിയോടെ ആനയെ എഴുന്നെള്ളിച്ച് കേരളത്തിലെ വിവിധ സ്ഥലങ്ങളില്‍ നടത്തുന്ന ചന്ദനക്കുടം നേര്‍ച്ച ഇസ്ലാമിന് വിരുദ്ധമാണെന്ന് ഈ സദാചാരവാദികള്‍ക്ക് അറിവില്ലാത്തതാണോ?  ദഫ് മുട്ടിന്റേയും കോല്‍ക്കളിയുടേയും അകമ്പടിയോടെ നാടാകെ നടത്തുന്ന നബിദിന റാലികള്‍ ഇസ്ലാമില്‍ പറഞ്ഞിട്ടുണ്ടോ? കഴിഞ്ഞയാഴ്ചയായിരുന്നു നബിദിനം. അന്നത്തെ ദിവസം കുട്ടികളെ ഒരു പ്രത്യേക യൂണിഫോം ധരിപ്പിച്ച് പല ഗ്രൂപ്പുകളായി തിരിച്ച് കൈകളില്‍ ഏതോ കൊടിയും കൊടുത്ത് തെരുവുകളിലൂടെ നടത്തിച്ചത് ഇസ്ലാം അംഗീകരിക്കുന്നുണ്ടോ? അങ്ങനെ വേണം തന്റെ ജന്മദിനം ആഘോഷിക്കാനെന്ന് പ്രവാചകന്‍ എവിടെയെങ്കിലും പറഞ്ഞിട്ടുണ്ടോ? ഇതെല്ലാം പരസ്യമായി നടക്കുമ്പോഴെല്ലാം നിശ്ശബ്ദരായിരുന്ന സൈബര്‍ സദാചാരവാദികള്‍ അല്ലെങ്കില്‍ ഇസ്ലാമിന്റെ കാവല്‍ക്കാര്‍ യഥാര്‍ത്ഥത്തില്‍ കപടവിശ്വാസികളല്ലേ..!

അടുത്തത് റാതീബുകളാണ്. ഈ റാതീബുകളില്‍ ദൈവത്തെ വാഴ്ത്തുക, ദൈവ നാമങ്ങളും, സ്തോത്രങ്ങളും, പ്രാര്‍ത്ഥന ശകലങ്ങളും ഉരുവിടുക, ഖുര്‍ആനിലെ വചനങ്ങള്‍ ഉരുവിടുക, പ്രവാചകന്മാരുടെയും, സയ്യിദന്മാരുടെയും, സൂഫി യോഗികളുടെയും ക്ഷേമത്തിനായി പ്രാര്‍ത്ഥിക്കുക, പ്രവാചകന്മാരുടെ ഗുണ മേന്മകള്‍ വര്‍ണ്ണിക്കുക, വിവിധ സൂഫി സന്യാസികളുടെ മേന്മകളും അത്ഭുതങ്ങളും വാഴ്ത്തി പാടുക എന്നതൊക്കെയാണ് ഉള്‍പ്പെട്ടിട്ടുള്ളത്. ആത്മീയ ചലനങ്ങളെന്ന പേരില്‍ ആട്ടവും, കറക്കവും മറ്റുമുണ്ടാകും. അകമ്പടിയായി വായ്പാട്ട്, ദഫ്, അറബന മുട്ട് എന്നിവയുമുണ്ടാകും. ചില റാത്തീബുകളില്‍ ആയുധ പ്രയോഗങ്ങളും, അഭ്യാസ മുറകളും നടത്താറുണ്ട്. വുഷു, കുങ്ഫു, സിലറ്റ്, കളരി എന്നീ ആയോധന കലകളും റാത്തീബുകളില്‍ പ്രദർശിപ്പിക്കാറുണ്ട്.

മറ്റൊരു റാതീബാണ് കുത്ത് റാതീബ് അഥവാ വെട്ടും കുത്തും റാതീബ്. സാധാരണ റാതീബുകളില്‍ നിന്നും വ്യത്യസ്തമായി റാതീബ് നടത്തുന്നടിന്നിടയിലോ ശേഷമോ ആയുധാഭ്യാസം ഉണ്ടായിരിക്കും. നെഞ്ചിലും തലയിലും മൊട്ടു സൂചിയോ കത്തിയോ ഉപയോഗിച്ച് കുത്തുക, തീ ചുമക്കുക, ആളിക്കത്തുന്ന തീ കുണ്ഡത്തില്‍ ഇരിക്കുക, തീ തിന്നു കെടുത്തുക, കത്തി മറിയുന്ന തീകൊണ്ട് കളിക്കുക, ജീവനുള്ള പാമ്പിനെ തിന്നുക തുടങ്ങിയ കാര്യങ്ങള്‍ ഇത്തരം റാത്തീബുകള്‍ക്കിടയില്‍ അരങ്ങേറും. റാത്തീബുകള്‍ക്കു ശേഷം പുണ്യം പ്രതീക്ഷിച്ചു ഭക്ഷണ വിതരണവും നടത്തുക പതിവാണ്. ഇങ്ങനെയുള്ള റാതീബുകള്‍ ഇന്ന് കേരളത്തില്‍ പലയിടങ്ങളിലും, പ്രത്യേകിച്ച് മലബാര്‍ മേഖലകളില്‍, വ്യാപകമാണ്. ഇതില്‍ പങ്കെടുക്കുന്നവരാകട്ടേ മതപുരോഹിതരും, മത പണ്ഡിതരും അനുയായികളുമാണ്. ഇവയൊക്കെ അന്ധവിശ്വാസങ്ങളാണെന്ന് ഇക്കൂട്ടര്‍ക്ക് അറിയാഞ്ഞിട്ടാണോ? അതേ മലബാറിലാണ് മൂന്ന് മുസ്ലിം പെണ്‍‌കുട്ടികള്‍ സദുദ്ദേശപരമായ ഒരു ലക്ഷ്യം നേടുന്നതിന് പൊതുസ്ഥലത്ത് നൃത്തച്ചുവട് വെച്ചതിന് പുലഭ്യങ്ങള്‍ കേള്‍ക്കേണ്ടിവരുന്നതെന്നത് വിരോധാഭാസമായി തോന്നുന്നില്ലേ?

ഇനി സിനിമാ മേഖലയിലേക്ക് നോക്കിയാല്‍ എത്രയെത്രെ മുസ്ലിം നടീനടന്മാരെ കാണാം. പ്രേം നസീര്‍ മുതല്‍ മമ്മൂട്ടി, സിദ്ദിഖ് പോലെയുള്ള നടന്മാര്‍ ഏതെല്ലാം വേഷങ്ങളില്‍ അഭിനയിച്ചിരിക്കുന്നു, അഭിനയിച്ചുകൊണ്ടിരിക്കുന്നു. മദ്യപാനവും, വ്യഭിചാരവും, ചൂതുകളിയും, കൊലപാതകവും, ഗുണ്ടായിസവും, ക്വട്ടേഷന്‍ ജോലിയുമൊക്കെ അവരുടെ അഭിനയത്തിലൂടെ നാം കണ്ടിട്ടുണ്ട്. തിയ്യേറ്ററുകള്‍ കത്തിക്കാനോ പ്രതിഷേധങ്ങള്‍ മുഴക്കാനോ അവരെ കല്ലെറിയാനോ ആരും മുതിരുന്നില്ല. ഇസ്ലാമിനെക്കുറിച്ച് ആകുലപ്പെടുന്നവര്‍ അവരേയും കല്ലെറിയേണ്ടതല്ലേ?  സത്യത്തില്‍ ഈ സദാചാരവാദികളെ വാര്‍ത്തെടുക്കുന്നതും വഴിതെറ്റിക്കുന്നതും ഗുരുക്കന്മാരായി നടിക്കുന്ന ചില അല്പജ്ഞാനികളാണ്. അവരാണ് യഥാര്‍ത്ഥത്തില്‍ സം‌യമനം പാലിക്കേണ്ടത് എങ്ങനെയെന്നും, ഏതു ഭാഷയില്‍ എങ്ങനെ, എപ്പോള്‍, എവിടെ പ്രതികരിക്കേണ്ടതെന്നും പഠിപ്പിക്കേണ്ടത്. അങ്ങനെ പഠിപ്പിക്കുന്നത് അവരുടെ നിലനില്പിനെ ബാധിക്കുമെന്നു തോന്നിയതുകൊണ്ടാകാം അവരും ഇക്കാര്യത്തില്‍ മൗനം ദീക്ഷിക്കുന്നത്.

കപടവിശ്വാസികള്‍ അങ്ങനെയാണ്. മറ്റുള്ളവരെ ആക്ഷേപിക്കാനും അധിക്ഷേപിക്കാനും അവര്‍ ഇസ്ലാം തുറുപ്പു ചീട്ടായി ഉപയോഗിക്കും.  ലോകത്ത്‌ നടക്കുന്ന മറ്റൊന്നും തന്നെ അവര്‍ കണ്ടില്ല കേട്ടില്ല എന്നു നടിക്കും. ഇസ്ലാമിക കാര്യങ്ങള്‍ പറയാനുള്ള സ്വാതന്ത്ര്യം എന്തും പറയാനുള്ള സ്വാതന്ത്ര്യമാക്കി മാറ്റി പുരുഷ പൗരോഹിത്യ മേധാവിത്വം നിലനിര്‍ത്തലാണു അവരുടെ ലക്ഷ്യം. നായക്ക്‌ വെള്ളം നല്‍കിയ വേശ്യ സ്വര്‍ഗ്ഗത്തിലാണു എന്നു പറഞ്ഞ ഇസ്ലാമിന്റെ വിശാലത ഇടുങ്ങിയ ചിന്തയിലേക്ക്‌ തളച്ചിടുന്ന ഇത്തരക്കാരാണു ഇസ്ലാമിന്റെ ശാപം.



Sunday, December 3, 2017

മകള്‍ (കഥ)

"എന്തു പറ്റിയെടി ലിയാ, എന്താ സംഭവിച്ചത്?"

ദുഃഖം നിഴലിക്കുന്ന മുഖവുമായി, മൗനമായി ഇരിക്കുന്ന ലിയയെ കണ്ട് സെയ്‌ന ചോദിച്ചു.

"ഒന്നുമില്ലെടീ.." പെട്ടെന്ന് ലിയ മറുപടി പറഞ്ഞു.

ജെന്‍സിയുടെ ജന്മദിനം ആഘോഷിക്കാനാണ് ലിയയും സെയ്നയും അവരുടെ സുഹൃത്തുക്കളും മന്‍‌ഹാട്ടനിലെ ആ ഹോട്ടലില്‍ ഒത്തു ചേര്‍ന്നത്. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥികളായ ജെന്‍സിയും ലിയയും സെയ്നയും അടുത്ത സുഹൃത്തുക്കളാണ്. അതുകൊണ്ടു തന്നെ ജെന്‍സിയുടെ ബര്‍ത്ത്ഡേ പാര്‍ട്ടി അടിച്ചു പൊളിക്കാന്‍ ഫിഫ്ത്ത് അവന്യൂവിലുള്ള ഈ ഹോട്ടല്‍ തിരഞ്ഞെടുത്തത് മനഃപ്പൂര്‍‌വ്വമാണ്. കുടുംബങ്ങളില്‍ നടക്കുന്ന പാര്‍ട്ടിയില്‍ അടിച്ചുപൊളി നടക്കില്ലെന്ന് അറിയാവുന്നതുകൊണ്ടു തന്നെയാണ് ഇങ്ങനെയൊരു പാര്‍ട്ടി അറേഞ്ച് ചെയ്തത്. പാര്‍ട്ടിയില്‍ ത്രില്ലടിച്ചു നില്‍ക്കുമ്പോഴാണ് പെട്ടെന്ന് ലിയയുടെ മുഖം വാടുന്നതും മൗനമായി ഒരു മൂലയിലേക്ക് ഒതുങ്ങുന്നതും സെയ്നയുടെ ശ്രദ്ധയില്‍ പെട്ടത്.

ഇനി വല്ല തലവേദനയോ മറ്റോ ആണോ! സെയ്ന സംശയിച്ചു. കൂടുതല്‍ വിശദീകരിക്കാതെ ലിയ പെട്ടെന്ന് പറഞ്ഞു..

"എടീ എനിക്കൊരു ചെറിയ തലവേദന പോലെ. കുറച്ചു കഴിയുമ്പോള്‍ മാറിക്കൊള്ളും. നീയിത് വലിയൊരു ഇഷ്യൂ ആക്കേണ്ട. പാര്‍ട്ടി നടക്കട്ടെ... ഞാനിവിടെ അല്പനേരം ഇരിക്കട്ടെ.."

പാര്‍ട്ടിയില്‍ പങ്കെടുക്കുന്ന മറ്റുള്ളവരുടെ കണ്ണില്‍ പെടാതെ ലിയ മാറി ഒരു കസേരയിലിരുന്നു.. അവളുടെ കണ്ണുകള്‍ അപ്പോഴും പാര്‍ട്ടി നടക്കുന്ന ഹാളിന്റെ എതിര്‍‌വശത്തുള്ള ഹാളില്‍ ആരെയോ തെരയുകയായിരുന്നു.

"ദൈവമേ... ഞാന്‍ കണ്ടത് സത്യമാണോ? അത് ഡാഡി തന്നെയാണോ? അവളുടെ നെഞ്ചിടിപ്പ് കൂടി"

പാര്‍ട്ടി നടക്കുന്ന ഹാളില്‍ മങ്ങിയ വെളിച്ചമേ ഉണ്ടായിരുന്നുള്ളൂ എന്നതുകൊണ്ട് ആരൊക്കെയാണ് പാര്‍ട്ടിയിലുള്ളതെന്ന് പെട്ടെന്ന് കണ്ടുപിടിക്കാന്‍ പ്രയാസമാണ്. എന്നാല്‍ എതിര്‍വശത്തുള്ള ഹാളില്‍ നില്‍ക്കുന്നവരെ വ്യക്തമായി കാണുകയും ചെയ്യാം. അതെ, ഞാന്‍ വ്യക്തമായി കണ്ടതാണ്. അത് ഡാഡി തന്നെ. പക്ഷെ കൂടെയുള്ള ആ സ്ത്രീ ആരാണ്? ഇതിനു മുന്‍പ് എങ്ങും കണ്ടു പരിചയമേ ഇല്ലല്ലോ. അവരാണെങ്കില്‍ ഡാഡിയോടു തൊട്ടുരുമ്മിയാണ് നടക്കുന്നത്. ഡാഡിയുടെ ഒരു കൈ അവരെ ചുറ്റിപ്പിടിച്ചിട്ടുണ്ടോ? ലിയ സംശയിച്ചു. അവളുടെ മനസ്സിലൂടെ ഒരായിരം ചിന്തകള്‍ മിന്നിമറഞ്ഞു. ആ സ്ത്രീയെ കണ്ടാല്‍ ഒരു സുന്ദരി തന്നെ. ഡാഡിയുടെ ഓഫീസ് സ്റ്റാഫില്‍ പെട്ടവരാരുമല്ല. അവരെയൊക്കെ തനിക്ക് പരിചയമുണ്ട്. ഇതൊരു പരിചയമില്ലാത്ത മുഖം...!

ലിയ കുറച്ചുകൂടെ മാറി നിന്ന് ഹാളിലേക്ക് നോക്കി. അതാ... അവര്‍ ഭാര്യാഭര്‍ത്താക്കന്മാരെപ്പോലെ എന്തൊക്കെയോ പറഞ്ഞ് ചിരിക്കുന്നുണ്ട്. ബാറിനടുത്തുനിന്ന് രണ്ടു പേരും എന്തോ കുടിക്കുന്നുണ്ട്... ദൈവമേ, ഡാഡിയും ആ സ്ത്രീയും മദ്യപിക്കുന്നോ? അവള്‍ക്ക് കണ്ണുകളെ വിശ്വസിക്കാന്‍ കഴിഞ്ഞില്ല. ഗ്ലാസ്സുമായി അവര്‍ മറ്റൊരു സ്ഥലത്തേക്ക് മാറി. ലിയയ്ക്ക് തല കറങ്ങുന്നതുപോലെ തോന്നി. അവളുടെ ആകാംക്ഷ വര്‍ദ്ധിച്ചു. എങ്ങനെ ഈ സാഹചര്യം നേരിടും എന്ന വ്യഥ അവളെ അസ്വസ്ഥയാക്കി. കൂട്ടുകാര്‍ക്കിടയില്‍ അവള്‍ ഒളിഞ്ഞു നിന്ന് ഡാഡിയുടെയും ആ സ്ത്രീയുടേയും ചലനങ്ങള്‍ നിരീക്ഷിച്ചുകൊണ്ടിരുന്നു. ഡാഡിയുടെ കണ്ണില്‍ പെടാതെ എന്നാല്‍ അവള്‍ക്ക് ഡാഡിയേയും സ്ത്രീയേയും വ്യക്തമായി കാണാവുന്ന തരത്തില്‍ അവള്‍ മറഞ്ഞു നിന്നു.

പാര്‍ട്ടി പൊടിപൊടിക്കുമ്പോഴും ലിയയുടെ ശ്രദ്ധ അവിടെയൊന്നുമായിരുന്നില്ല. അവള്‍ക്ക് ഡാഡിയോട് അടങ്ങാത്തെ ദ്വേഷ്യം തോന്നി. അതേ സമയം തന്നെ മമ്മിയെക്കുറിച്ചുള്ള ഓര്‍മ്മകളും അവളെ വ്യാകുലയാക്കി. പാവം മമ്മി, ഇതു വല്ലതും അറിയുന്നുണ്ടോ ആവോ. അവളുടെ മനസ്സ് വിങ്ങി. ഇനി ഞാനീ കാണുന്നത് സത്യം തന്നെയാണോ? അവള്‍ ഒരു നിമിഷം ആലോചിച്ചു. സത്യമല്ലാതാകുന്നതെങ്ങനെ. തന്റെ കണ്‍‌മുമ്പിലല്ലേ ഡാഡി മറ്റൊരു സ്ത്രീയുമായി സല്ലപിക്കുന്നത്. ആ സ്ത്രീയാകട്ടേ ഡാഡിയെ മുട്ടിയുരുമ്മി കൊഞ്ചിക്കുഴയുകയല്ലേ....! ലിയയുടെ ഹൃദയമിടിപ്പ് കൂടി. ഈയ്യിടെയായി ഡാഡിയില്‍ വന്ന മാറ്റങ്ങള്‍ ഞാന്‍ ശ്രദ്ധിച്ചിരുന്നു. ദിനചര്യകളിലും സ്വഭാവത്തിലും വളരെ മാറ്റങ്ങള്‍. തൊട്ടതിനും പിടിച്ചതിനുമൊക്കെ മമ്മിയോട് കയര്‍ക്കുന്നതും ശ്രദ്ധിച്ചിരുന്നു. ഈ സ്ത്രീയായിരിക്കുമോ അതിന് കാരണക്കാരി? ഡാഡി വളരെ വൈകി വീട്ടിലെത്തുന്നതും ഈയ്യിടെ പതിവാണ്. ലിയയുടെ മനസ്സ് വീണ്ടും ചഞ്ചലമായി.

ലിയയുടെ മനസ്സില്‍ അവളുടെ ഡാഡിയോടുള്ള വെറുപ്പ് ഉരുണ്ടുകൂടി. ഇനി ഡാഡിയോട് ഞാന്‍ സംസാരിക്കില്ല. അവള്‍ മനസ്സിലുറച്ചു. അതേസമയം മമ്മിയ്ക്ക് ഈ വിവരം അറിയാമോ എന്നും അവള്‍ ശങ്കിച്ചു. അറിയില്ലെങ്കില്‍ മമ്മി എപ്പോഴെങ്കിലും ഇത് അറിയാനിടവന്നാല്‍ മമ്മിയുടെ അവസ്ഥ എന്താകും? അവള്‍ ഭയപ്പെട്ടു.

മമ്മിയും ഡാഡിയും അകലുമെന്ന് തീര്‍ച്ച. അങ്ങനെ വന്നാല്‍ ഡാഡി മമ്മിയെ ഉപേക്ഷിക്കും, ഈ സ്ത്രീയെ വിവാഹം കഴിക്കുകയും ചെയ്യും. അതോടെ കുടുംബം തകരും. സമൂഹത്തില്‍ മമ്മി അപഹാസ്യയായിത്തീരും. ഭര്‍ത്താവ് അന്യസ്ത്രീയെ തേടിപ്പോകുന്നത് ഭാര്യയുടെ പിടിപ്പുകേടാണെന്നല്ലെ ജനം കരുതൂ... അതേക്കുറിച്ച് ചിന്തിച്ചപ്പോഴേക്കും ലിയ അസ്വസ്ഥയായി. ഇനി എന്തു ചെയ്യും? ആരോട് ഈ വിവരം പറയും? ആര്‍ക്കാണ് ഞങ്ങളെ സഹായിക്കാന്‍ കഴിയുക? ദൈവമേ, അങ്ങനെയൊന്നും സംഭവിക്കല്ലെ..അവള്‍ മനമുരുകി പ്രാര്‍ത്ഥിച്ചു.

പാര്‍ട്ടി അവസാനിക്കുന്നതുവരെ അവള്‍ കാത്തിരുന്നു. അതിനിടെ ആരൊക്കെയോ വന്ന് എന്തൊക്കെയോ തമാശകള്‍ പറഞ്ഞ് പൊട്ടിച്ചിരിച്ചതൊന്നും ലിയ കണ്ടതുമില്ല കേട്ടതുമില്ല. ഓരോരുത്തരായി പിരിഞ്ഞു പൊയ്ക്കൊണ്ടിരുന്നു. അപ്പോള്‍ അവള്‍  വീണ്ടും കണ്ടു ഡാഡിയുടെ കൈയ്യില്‍ തൂങ്ങി ആ സ്ത്രീ പുറത്തേക്ക് പോകുന്നു. ഡാഡിയുടെ ഓഫീസ് ലെക്സിംഗ്ടണ്‍ അവന്യൂവിലാണ്. അവര്‍ എങ്ങോട്ടായിരിക്കും പോയിരിക്കുക. ഓഫീസിലേക്ക് പോകാന്‍ സാധ്യതയില്ല. കാരണം മറ്റുള്ളവര്‍ കണ്ടാല്‍ ആ നിമിഷം മമ്മിയെ അറിയിക്കും. അപ്പോള്‍ എങ്ങോട്ടായിരിക്കും അവര്‍ പോയിരിക്കുക? അവള്‍ വെമ്പല്‍ പൂണ്ടു.

ജെന്‍സിയോടും സെയ്നയോടും യാത്ര പറഞ്ഞ് അവള്‍ ഇറങ്ങി. ആരൊക്കെയോ ബൈ ബൈ പറയുന്നുണ്ടായിരുന്നു. യാന്ത്രികമായി അവരോടൊക്കെ കൈവീശി ബൈ പറഞ്ഞു. വെസ്റ്റ് സൈഡ് ഹൈവേയിലൂടെ കാറോടിച്ചു പോകുമ്പോഴും ഹോട്ടലില്‍ കണ്ട രംഗങ്ങള്‍ വെള്ളിത്തിരയിലെന്നപോലെ അവളുടെ മനോമുകുരത്തില്‍ തെളിഞ്ഞു വന്നു. സാധാരണ ട്രാഫിക് കുരുക്ക് ഉണ്ടാകാറുള്ള ഹെന്‍‌ട്രി ഹഡ്സണ്‍ പാര്‍ക്ക്‌വേ ഇന്ന് ശൂന്യമായതുപോലെ. എങ്ങോട്ടാണ് പോകേണ്ടത്? നേരെ വീട്ടിലേക്കോ അതോ മറ്റെവിടെക്കെങ്കിലുമോ? എത്ര സമയം ഡ്രൈവ് ചെയ്തെന്നറിയില്ല വീടിന്റെ ഡ്രൈവ് വേയില്‍ കാര്‍ നിര്‍ത്തി കുറച്ചു നേരം അതിനകത്തു തന്നെ ഇരുന്നു. കോളേജ് അവധിയായതുകൊണ്ട് പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ല. വീട്ടിലാണെങ്കില്‍ അമ്മ ഒറ്റയ്ക്കിരുന്ന് എന്തു ചെയ്യുകയായിരിക്കും? അനിയന്‍ കുട്ടു സ്കൂളിലായിരിക്കും....! ലിയ കാറില്‍ നിന്നിറങ്ങി. ഡ്രൈവ് വേയില്‍ അവളുടെ കാര്‍ നിര്‍ത്തിയിരിക്കുന്നതു ജനലിലൂടെ കണ്ട് മമ്മി മുന്‍‌വശത്തെ കതകു തുറന്നു. മമ്മിക്ക് മുഖം കൊടുക്കാതെ അവള്‍ നേരെ മുറിയിലേക്ക് പോയി, പുറകെ മമ്മിയും.

"എന്തു പറ്റി മോളെ, നിന്റെ മുഖമെന്താ വല്ലാതിരിക്കുന്നത്?"

മമ്മിയുടെ ചോദ്യത്തില്‍ നിന്ന് അവള്‍ ഒഴിഞ്ഞു മാറി.

"ഒന്നുമില്ല മമ്മീ, ചെറിയൊരു തലവേദന. കുറച്ചു നേരം ഞാനൊന്നു കിടക്കട്ടേ, കുറെ കഴിയുമ്പോള്‍ മാറിക്കൊള്ളും"

അത്രയും പറഞ്ഞ് അവള്‍ കതകടച്ചു.

ബെഡിലേക്ക് വീണ ലിയ കണ്ണുകളടച്ചു. പക്ഷെ അവള്‍ക്ക് ഉറങ്ങാന്‍ കഴിഞ്ഞില്ല. ഹോട്ടലില്‍ കണ്ട കാഴ്ചയാണ് കണ്ണടയ്ക്കുമ്പോള്‍ തെളിഞ്ഞു വരുന്നത്. അവള്‍ തിരിഞ്ഞും മറിഞ്ഞും കിടന്നു നോക്കി. എന്നാല്‍ മനസ്സിനേറ്റ ആഘാതം അവളെ തളര്‍ത്തിയിരുന്നു. അവള്‍ നിശ്ശബ്ദയായി കണ്ണുകളടച്ചു കിടന്നു.

"ദൈവമേ, ഞാനിത് എങ്ങനെ മമ്മിയോട് പറയും?" അവളുടെ മനസ്സ് അതുതന്നെ ഉരുവിട്ടു കൊണ്ടിരുന്നു.

എപ്പോഴാണ് ഉറക്കം അവളെ കനിഞ്ഞതെന്നറിയില്ല. ഡാഡിയുടെ ശബ്ദം കേട്ടാണ് അവള്‍ ഉണര്‍ന്നത്.

"സുമേ, ചൂടോടെ ഒരു ചായ വേണം. ശരീരത്തിന് നല്ല ക്ഷീണമുണ്ട്. ഇന്ന് ഓഫീസില്‍ പിടിപ്പത് പണിയുണ്ടായിരുന്നു..." ഡാഡി മമ്മിയോട് വിളിച്ചു പറയുന്നതു കേട്ടാണ് ലിയ കണ്ണു തുറന്നത്.

"ഓ, നേരം വളരെ വൈകിയിരിക്കുന്നു." അവള്‍ എഴുന്നേറ്റിരുന്നു.

ഡാഡിയുടെ കള്ളത്തരം പറയുന്നതു കേട്ടപ്പോള്‍ അവള്‍ക്ക് അടങ്ങാത്ത ദ്വേഷ്യമാണ് തോന്നിയത്. നേരെ ചെന്ന് മമ്മിയോട് താന്‍ കണ്ട കാര്യങ്ങള്‍ പറഞ്ഞാലോ എന്ന് അവള്‍ ഒരു നിമിഷം ആലോചിച്ചു. പക്ഷെ, അതോടെ എല്ലാം തകര്‍ന്നുപോയാലോ? അവള്‍ ഭയന്നു. ചിലപ്പോള്‍ എല്ലാം കൈവിട്ട് പോകാനും മതി. അവള്‍ വീണ്ടും ചിന്തിച്ചു.

ഡാഡിയ്ക്ക് മുഖം കൊടുക്കാതെ രാത്രിവരെ അവള്‍ കഴിച്ചുകൂട്ടി. ഉറക്കം വരാത്ത രാത്രിയായിരുന്നു അവള്‍ക്കന്ന്. എത്ര ശ്രമിച്ചിട്ടും മനസ്സിനെ നിയന്ത്രിക്കാന്‍ കഴിയുന്നില്ല. പകല്‍ കണ്ട ദൃശ്യങ്ങളായിരുന്നു മനസ്സു നിറയെ... പിന്നെ എങ്ങനെ ഉറങ്ങാന്‍. ചിന്തകള്‍ അവളുടെ മനസ്സില്‍ കാടു കയറി. രാത്രിയുടെ ഏതോ യാമത്തില്‍ അവള്‍ ഉറക്കത്തിലേക്ക് വഴുതിവീണു. പക്ഷെ ആ ഉറക്കത്തിലും സ്വപ്നങ്ങളുടെ വേലിയേറ്റമായിരുന്നു അവളെ എതിരേറ്റത്.

പതിവിലും വൈകിയാണ് രാവിലെ ഉറക്കമുണര്‍ന്നത്. ഡാഡി ഓഫീസില്‍ പോയിരുന്നു. പതിവുപോലെ മമ്മി ടെലഫോണില്‍ ആരോടോ സംസാരിക്കുകയാണ്. അവള്‍ എഴുന്നേറ്റു വന്നതൊന്നും കണ്ട ഭാവമില്ല. അര മണിക്കൂറോളം ടെലഫോണിലെ സംസാരം കഴിഞ്ഞ് മമ്മി ഫോണ്‍ വെച്ചു...

"നിനക്കിതെന്തു പറ്റി മോളെ. ഇന്നലെ മുതല്‍ നീയാകെ മൂഡിയാണല്ലോ? തലവേദന മാറിയില്ലെ?" മമ്മിയുടെ ചോദ്യത്തില്‍ നിന്ന് അവള്‍ മനഃപ്പൂര്‍‌വ്വം ഒഴിഞ്ഞു മാറാന്‍ ശ്രമിച്ചു.

"ഞാന്‍ ചൂടുള്ള ചായ ഇപ്പോള്‍ കൊണ്ടുവരാം. തലവേദന പമ്പ കടക്കും" മമ്മി അതു പറഞ്ഞ് അടുക്കളയിലേക്ക് പോയി.

തന്റെ തലവേദന മാറാന്‍ ചായയൊന്നും പോരാ എന്ന് മമ്മിയെങ്ങനെ അറിയാന്‍. അവള്‍ മനസ്സില്‍ പറഞ്ഞു. ടി.വി. ഓണ്‍ ചെയ്തപ്പോള്‍ ഏതോ ഒരു മലയാളം സീരിയലാണ് ഓടുന്നത്. വെറുതെ അലക്ഷ്യമായി അതില്‍ നോക്കിയിരുന്നു. കണ്ണ് ഒപ്പിയെടുക്കുന്നതല്ല മനസ്സില്‍ രേഖപ്പെടുത്തുന്നത്. എല്ലാം ഒരേ ടൈപ്പ് സീരിയലുകള്‍.. സമൂഹത്തിനോ, സംസ്കാരത്തിനോ ഗുണകരമല്ലാത്ത എന്തൊക്കെയോ കൂട്ടിയിണക്കി സീരിയല്‍ എന്ന പേരും നല്‍കി കുടുംബ പ്രേക്ഷകരിലെത്തിക്കാന്‍ മത്സരിക്കുന്ന ചാനലുകാര്‍ അറിയുന്നുണ്ടോ ഈ സീരിയലുകള്‍ എത്രയോ കുടുംബങ്ങളില്‍ വിദ്വേഷത്തിന്റെ വിഷവിത്തുകള്‍ പാകുന്നുണ്ടെന്ന്. ഭൂരിഭാഗം സീരിയലുകളും ദൃശ്യവല്‍ക്കരിക്കുന്നത് അമ്മായിഅമ്മ-മരുമകള്‍ പോരും, ബാലവേലകളും, അവിഹിതബന്ധങ്ങളും, അമിത ആഭരണ വസ്ത്ര ഭ്രമങ്ങളും ഒക്കെ തന്നെയല്ലേ ? ഇതിനൊക്കെ പുറമെയാണ് കേട്ടാല്‍ ദഹിക്കാത്ത ദ്വയാര്‍ഥ പ്രയോഗങ്ങളും, യാതൊരു യുക്തിയുമില്ലാത്ത കഥാ-ഉപകഥാ സന്ദര്‍ഭങ്ങളും ഒക്കെ. ഇതൊക്കെ കുടുംബങ്ങള്‍ക്കോ, അതുവഴി സമൂഹത്തിനോ ഏതെങ്കിലും തരത്തിലുള്ള നല്ല സന്ദേശങ്ങള്‍ നല്‍കുന്നുണ്ടോ? ഇപ്പോള്‍ കാണിക്കുന്നതും അതേ ടൈപ്പ് സീരിയല്‍ തന്നെ. തനിക്കിതില്‍ താല്പര്യമൊന്നുമില്ല. മമ്മിയാണ് സീരിയലിന്റെ അഡിക്ട്. മിക്കവാറും എല്ലാ സീരിയലുകളും തുടക്കം മുതല്‍ ഒടുക്കം വരെ കാണും. ചില സമയങ്ങളില്‍ ഇരുന്ന് കരയുന്നതു കാണാം. തലേ ദിവസം കണ്ട സീരിയല്‍ തന്നെയായിരിക്കും പിറ്റേ ദിവസവും കാണുക. അതു കാണുമ്പോള്‍ താന്‍ ചോദിക്കാറുണ്ട്.. മമ്മിക്ക് ബോറടിക്കുന്നില്ലേ എന്ന്. അപ്പോള്‍ മമ്മിയുടെ ഉത്തരം ഇങ്ങനെയായിരിക്കും... 'നീയല്ലല്ലോ ഞാനല്ലേ കാണുന്നതെന്ന്..'

അലക്ഷ്യമായി അവള്‍ ടി.വിയിലേക്ക് കണ്ണും നട്ടിരുന്നു. അപ്പോഴേക്കും മമ്മി ചൂടു ചായയുമായെത്തി. അതു വാങ്ങി കുടിക്കുമ്പോള്‍ സീരിയലില്‍ ഭാര്യയും ഭര്‍ത്താവുമായി വഴക്കിടുന്ന രംഗമാണ് വന്നത്. അവളത് ശ്രദ്ധിച്ചു. വീട്ടില്‍ ഭാര്യ കാത്തിരിക്കുന്നു. ഭര്‍ത്താവ് മറ്റൊരു സ്ത്രീയുമായി ചുറ്റിക്കറങ്ങുന്നു... വൈകീട്ട് വീട്ടിലെത്തുന്ന ഭര്‍ത്താവിനോട് ഭാര്യ പരിഭവം പറയുന്നു. ഭര്‍ത്താവ് ഭാര്യയുടെ നേരെ തട്ടിക്കയറുന്നു....

"ഞാന്‍ ഈ കുടുംബത്തിനുവേണ്ടി എന്തെല്ലാം ചെയ്തു. ഇപ്പോഴും അതല്ലേ ചെയ്തുകൊണ്ടിരിക്കുന്നത്. എന്നോട് സ്നേഹത്തോടെ സംസാരിച്ചിട്ട് എത്ര നാളായി. ഒരു ജീവഛവം കണക്കെ ഞാനിവിടെ കഴിയുന്നുണ്ടെന്ന ചിന്തപോലും നിങ്ങള്‍ക്കുണ്ടോ? എന്റെ കാര്യം നോക്കാന്‍ നിങ്ങള്‍ക്ക് സമയവുമില്ല" കരഞ്ഞുകൊണ്ട് ഭാര്യ പറയുന്നു.

"അതിന് നിനക്കിവിടെ എന്തിന്റെ കുറവാടീ" എന്ന് ഭര്‍ത്താവ് ആക്രോശിക്കുന്നു.

"അതു പറയുമ്പോഴല്ലേ നിങ്ങള്‍ക്ക് കലിയിളകുന്നത്. എനിക്ക് എന്തിന്റെ കുറവായിട്ടാണ് നിങ്ങള്‍ എന്നെ അവഗണിക്കുന്നത്. മക്കളോട് കാണിക്കുന്ന സ്നേഹത്തിന്റെ ഒരംശം എനിക്കും തന്നു കൂടെ. അതോ നിങ്ങള്‍ക്ക് മറ്റാരെങ്കിലുമായി വല്ല ബന്ധവുമുണ്ടോ?" ഭാര്യ വിതുമ്പുകയാണ്. അതുകേട്ട് ദ്വേഷ്യത്തോടെ ഭര്‍ത്താവ് ഇറങ്ങിപ്പോകുന്നു. സീരിയലിലെ ഈ രംഗങ്ങള്‍ കണ്ടുകൊണ്ട് ലിയ നിര്‍‌വ്വികാരതയോടെ ഇരുന്നു.

എല്ലാ വീടുകളിലും ഈ പ്രശ്നമുണ്ടോ. ഈ സീരിയലുകളാണോ കുടുംബങ്ങളെ ഛിന്നഭിന്നമാക്കുന്നത്? അവള്‍ ചിന്തിച്ചു.

ഒരു കണക്കിന് ഇതു തന്നെയല്ലേ ഈ വീട്ടിലും നടക്കുന്നത്. ഡാഡി ഞങ്ങളെ വളരെയധികം സ്നേഹിക്കുന്നുണ്ട്. ഞങ്ങളുടെ ചെറിയ ചെറിയ കാര്യങ്ങള്‍ പോലും ഡാഡി സാധിച്ചു തരുന്നു. സമൂഹത്തിലും ഡാഡിക്ക് നല്ല മതിപ്പാണ്. മലയാളി അസ്സോസിയേഷനുകളിലും മറ്റു നിരവധി സംഘടനകളിലും ഡാഡിയുടെ സ്വാധീനം വളരെ വലുതാണ്. ന്യൂയോര്‍ക്കില്‍ എത്തിയ നാള്‍ മുതല്‍ ഡാഡി മലയാളി അസ്സോസിയേഷനുമായി അടുത്ത ബന്ധമാണ് സ്ഥാപിച്ചെടുത്തിട്ടുള്ളത്. അതിലെ മിക്ക സ്ഥാനമാനങ്ങളും വഹിച്ചിട്ടുണ്ട്. ഇതുവരെ യാതൊരു പേരുദോഷവും കേള്‍പ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ എല്ലാവരും ബഹുമാനിക്കപ്പെടുന്ന വ്യക്തിത്വത്തിനുടമയാണ് ഡാഡി. പിന്നെ എന്തുകൊണ്ടാണ് ഡാഡി ഞങ്ങളില്‍ നിന്ന് ഓടിയൊളിക്കാന്‍ ശ്രമിക്കുന്നത്? എത്ര ആലോചിച്ചിട്ടും അവള്‍ക്ക് അതിനുത്തരം കണ്ടുപിടിക്കാന്‍ കഴിഞ്ഞില്ല.

മമ്മിയില്‍ നിന്ന് ഡാഡി അകന്നതാണോ അതോ ഡാഡിയില്‍ നിന്ന് മമ്മിയാണോ അകലുന്നത്. അവള്‍ വീണ്ടും ആലോചനയിലാണ്ടു. മൂത്ത മകളാണെന്ന പരിഗണന തനിക്ക് വേണ്ടുവോളം തരുന്നുണ്ട്. തനിക്ക് പന്ത്രണ്ട് വയസ്സും കുട്ടുവിന് അഞ്ച് വയസ്സുമായിരുന്നു ഞങ്ങള്‍ അമേരിക്കയിലെത്തുമ്പോള്‍. അതുവരെ നാട്ടില്‍ ഒരു കൂട്ടുകുടുംബം പോലെയാണ് ജീവിച്ചത്. മുത്തച്ഛനും മുത്തശ്ശിയും വെല്യച്ചനും വെല്യമ്മയും അവരുടെ മക്കളുമൊക്കെയായി സന്തോഷപൂര്‍ണ്ണമായ ജീവിതം. മുത്തച്ഛനും മുത്തശ്ശിയും പറയുന്നതാണ് കുടുംബത്തിലുള്ളവരെല്ലാം അനുസരിക്കാറ്. വെല്യച്ഛനെ വരെ മുത്തച്ഛന്‍ വഴക്കു പറയുന്നത് കേട്ടിട്ടുണ്ട്. ഒരക്ഷരം തിരിച്ചുപറയില്ല വെല്യച്ഛന്‍. നല്ല അച്ചടക്കത്തോടും അനുസരണയോടും കൂടി വളര്‍ന്ന അന്തരീക്ഷത്തില്‍ നിന്ന് അമേരിക്കയിലേക്കുള്ള പറിച്ചുനടല്‍ ഞങ്ങള്‍ക്ക് ആദ്യമൊക്കെ അഡ്ജസ്റ്റ് ചെയ്യാന്‍ ബുദ്ധിമുട്ടായിരുന്നു. ഹൈസ്കൂളില്‍ ചേര്‍ത്തിയപ്പോള്‍ കൂട്ടുകാരികളൊക്കെ ഉണ്ടാകുമെന്നു സമാധാനിച്ചു. പക്ഷെ, പ്രതീക്ഷകളൊക്കെ അസ്ഥാനത്താകുകയായിരുന്നു. ഇംഗ്ലീഷ് ഭാഷ ഒരു പ്രശ്നമായിരുന്നു. തന്റെ ആക്സന്റ് മറ്റു കുട്ടികള്‍ക്ക് പരിഹസിക്കാന്‍ ആയുധമായി. എന്നാല്‍, തന്റെ നിസ്സഹായവസ്ഥ കണ്ട് തന്നോട് ഏറ്റവും അടുപ്പം കാണിച്ചവരാണ് സെയ്‌നയും ജെന്‍സിയും. ആ അടുപ്പം അടുത്ത സുഹൃദ്ബന്ധത്തിലേക്ക് വളര്‍ന്നു. സ്റ്റോണിബ്രൂക്ക് യൂണിവേഴ്സിറ്റിയില്‍ മൂവര്‍ക്കും അഡ്മിഷന്‍ കിട്ടിയപ്പോള്‍ ഏറ്റവും കൂടുതല്‍ സന്തോഷിച്ചത് ഞാനായിരുന്നു..... അവളുടെ ചിന്തകള്‍ കാടു കയറി.

മിക്ക കുട്ടികളുടെയും കുടുംബങ്ങളില്‍ പ്രശ്നങ്ങളുണ്ടെന്ന് ജെന്‍സി പറഞ്ഞ അറിവുണ്ട്. അമേരിക്കക്കാരുടെ കുടുംബങ്ങളില്‍ മാത്രമല്ല, മലയാളി കുടുംബങ്ങളിലുമുണ്ട് പ്രശ്നങ്ങള്‍. പൊരുത്തപ്പെട്ടു പോകാന്‍ പറ്റാതെ നിരവധി പേര്‍ വിവാഹ മോചനമോ മാറിത്താമസിക്കലോ ഒക്കെ ചെയ്യുന്നുണ്ട്. അങ്ങനെയുള്ള കുടുംബങ്ങളിലെ കുട്ടികളാണ് ആഴക്കടലിലെ പൊങ്ങുതടി പോലെ ലക്ഷ്യമില്ലാതെ ഒഴുകി നടക്കുന്നത്.

നാട്ടില്‍ നിന്ന് അമേരിക്കയിലെത്തിയ ആദ്യ നാളുകളില്‍ പ്രശ്നങ്ങളൊന്നും തന്റെ കുടുംബത്തില്‍ ഉണ്ടായിരുന്നില്ല.  ഹൈസ്കൂള്‍ പാസായി കോളെജിലേക്ക് പോകുന്നതുവരെ എല്ലാം ശാന്തമായിരുന്നു. മിഡില്‍ സ്കൂള്‍ വിദ്യാര്‍ത്ഥിയായ അനിയനും ഞാനും ഡാഡിയും മമ്മിയുമടങ്ങുന്ന കൊച്ചുലോകത്ത് സന്തോഷത്തോടെയാണ് കഴിഞ്ഞിരുന്നത്. എന്നെ ദൂരെയുള്ള കോളേജുകളിലൊന്നും പഠിപ്പിക്കാന്‍ താല്പര്യമില്ലാത്തതുകൊണ്ടാണ് സ്റ്റോണിബ്രൂക്കില്‍ തന്നെ അഡ്മിഷന്‍ തരപ്പെടുത്തിയത്. വീട്ടില്‍ നിന്ന് പോയി വരാമെന്നായിരുന്നു മമ്മിയുടെ അഭിപ്രായം. എന്നാല്‍, ആദ്യത്തെ വര്‍ഷം കാമ്പസില്‍ തന്നെ താമസിക്കണമെന്ന നിബന്ധന കൊണ്ട് അവിടെ താമസിച്ചു. വീക്കെന്‍ഡിലും അവധി ദിവസങ്ങളിലും വീട്ടിലേക്ക് പോരും. ആ ആദ്യ വര്‍ഷത്തിലാണ് മമ്മിയും ഡാഡിയും തമ്മിലുള്ള അകല്‍ച്ച താന്‍ ശ്രദ്ധിച്ചത്... ലിയ ഓര്‍ത്തു.

ഒരു ക്രിസ്മസ് അവധിക്ക് വീട്ടിലെത്തിയപ്പോഴാണ് അവര്‍ തമ്മിലുള്ള അകല്‍ച്ചയുടെ ആഴം മനസ്സിലാക്കിയത്. മമ്മി വന്ന് തന്റെയടുത്ത് വന്നു കിടന്നു. കോളേജിലെ വിവരങ്ങളൊക്കെ ചോദിച്ചറിഞ്ഞ് മമ്മി അതേ കിടപ്പ്. മമ്മി തന്നെ നെറുകയില്‍ തലോടലും സ്നേഹ ചുംബനങ്ങള്‍ നല്‍കലുമൊക്കെയായപ്പോള്‍ ഇതെന്താ മമ്മി എന്നെ ആദ്യം കാണുന്നതുപോലെ എന്നു തോന്നി.

"ഇന്ന് ഞാന്‍ മോളുടെ കൂടെയാണ് ഉറങ്ങുന്നത്..." മമ്മിയുടെ സംസാരം കേട്ടപ്പോള്‍ അവള്‍ക്ക് സന്തോഷം തോന്നി. എത്ര വര്‍ഷങ്ങളായി മമ്മിയെ കെട്ടിപ്പിടിച്ച് കിടന്നിട്ട്. അവള്‍ കൊച്ചുകുഞ്ഞിനെപ്പോലെ മമ്മിയുടെ ചൂടുപറ്റി ചുരുണ്ടുകൂടി.

ക്രിസ്മസ് അവധി തീരുന്നതുവരെ അത് തുടര്‍ന്നപ്പോള്‍ അവള്‍ക്ക് സംശയമായി. ഡാഡി രാത്രി വൈകി വരുന്നതും മമ്മിയെക്കുറിച്ച് അന്വേഷിക്കാത്തതും അവളില്‍ സംശയത്തിന്റെ മുളകള്‍ പൊട്ടിമുളച്ചെങ്കിലും അതൊക്കെ വെറും തോന്നലായിരിക്കുമെന്ന് കരുതി അവള്‍ വിട്ടുകളഞ്ഞു.

കോളേജിലെ ആദ്യത്തെ വര്‍ഷം കഴിഞ്ഞപ്പോള്‍ പിന്നെ വീട്ടില്‍ നിന്ന് പോയി വരാമെന്നായി. അതിനായി ഡാഡി ഒരു കാറും വാങ്ങിത്തന്നു. അപ്പോള്‍ കൂടുതല്‍ സൗകര്യവുമായി.

മക്കള്‍ രണ്ടുപേരും മമ്മിയോടാണ് കൂടുതല്‍ അടുപ്പം കാണിക്കുന്നതെങ്കിലും ഡാഡിക്ക് അതില്‍ പരിഭവമില്ല. ഞങ്ങള്‍ എന്തു കഴിയ്ക്കണം എന്തു ചെയ്യണം എന്നുപോലും മമ്മിയുടെ തീരുമാനത്തിനാണ് വിടുന്നത്. ചുരുക്കത്തില്‍ എല്ലാത്തിനും മമ്മിയെ പൂര്‍ണ്ണമായും ആശ്രയിക്കുന്നു.

ലിയയുടെ മനസ്സ് കലുഷിതമായിരുന്നു. മമ്മിയേയും ഡാഡിയേയും എങ്ങനെയെങ്കിലും ഒന്നിപ്പിക്കണം. ഇരുവരും തുറന്നു സംസാരിച്ച് കാര്യങ്ങള്‍ ഗ്രഹിക്കണം. അതല്ലെങ്കില്‍ ഡാഡി ഞങ്ങളില്‍ നിന്നൊക്കെ അകന്നുപോകാന്‍ സാധ്യതയുണ്ട്. ഒരുപക്ഷെ ഇരുവരും മനസ്സു തുറന്നു സംസാരിച്ചാല്‍ പ്രശ്നം ഗുരുതരമാകാതെ പരിഹരിക്കപ്പെട്ടേക്കാം. അവള്‍ ചിന്തിച്ചു.

മക്കളോടുള്ള മമ്മിയുടെ അടുപ്പം ശരിതന്നെ. പക്ഷെ അത് ഡാഡിയില്‍ നിന്ന് അകന്നിട്ടു വേണ്ട. മാതാപിതാക്കളാണെങ്കിലും അവര്‍ ഭാര്യാഭര്‍ത്താക്കന്മാരാണെന്ന കാര്യം അവള്‍ മറന്നുപോയി. ഇരുവരും ഒന്നിച്ച് സമയം ചെലവഴിക്കണമെന്ന കാര്യവും അവള്‍ മറന്നു. എപ്പോഴാണ് മമ്മിയും ഡാഡിയും അവസാനമായി ഒരു സിനിമയ്ക്ക് അല്ലെങ്കില്‍ ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയിട്ടുള്ളത്! ലിയ ഓര്‍ക്കാന്‍ ശ്രമിച്ചു. അവരുടെ വിവാഹ വാര്‍ഷികത്തില്‍ പോലും അവര്‍ മക്കളുമായിട്ടാണ് ഹോട്ടലില്‍ ഭക്ഷണം കഴിയ്ക്കാന്‍ പോയിട്ടുള്ളത്. അവരുടെ സ്വകാര്യതയില്‍ അമിതമായി താനും അനിയനും ഇടപെടുന്നുണ്ടോ? ലിയ ആലോചിച്ചു. മമ്മിയാണെങ്കില്‍ പൂര്‍ണ്ണമായും ഒരു വീട്ടമ്മയായിട്ടാണ് ജീവിക്കുന്നത്. നല്ല ജോലിയുണ്ടായിരുന്നെങ്കിലും ഡാഡിയുടെ ബിസിനസ്സ് വളര്‍ന്നതോടെ മക്കളായ ഞങ്ങളുടെ കാര്യം നോക്കാന്‍ രണ്ടു പേര്‍ക്കും സമയമില്ലാതായി. അങ്ങനെയാണ് ഡാഡിയുടെ നിര്‍ബ്ബന്ധത്തിനു വഴങ്ങി മമ്മി ജോലി രാജി വെച്ചത്. പിന്നെ മുഴുവന്‍ സമയവും ഞങ്ങളുടെ കാര്യങ്ങളില്‍ മുഴുകി മമ്മി ജീവിച്ചു. മറ്റുള്ളവരുമായി മമ്മി അടുപ്പം കാത്തു സൂക്ഷിച്ചിരുന്നത് ടെലഫോണിലൂടെയാണ്. താമസിയാതെ മമ്മിയുടെ ജീവിതവും ടെലഫോണ്‍ കോളുകളിലൊതുങ്ങി, അവധി ദിവസമായാലും അല്ലെങ്കിലും. ആരാണ് വിളിക്കുന്നതെന്നോ ആരെയാണ് വിളിക്കുന്നതെന്നോ ഡാഡി അന്വേഷിക്കാറില്ല. ഒരുപക്ഷെ നാട്ടില്‍ നിന്നാകാം, അല്ലെങ്കില്‍ കാലിഫോര്‍ണിയയില്‍ നിന്ന് ഇളയമ്മയാകാം. അതുമല്ലെങ്കില്‍ ഫ്ലോറിഡയില്‍ നിന്ന് അമ്മാവനോ അമ്മായിയോ ആകാം. മമ്മിയുടെ ദുഃഖങ്ങളും പരിഭവങ്ങളുമൊക്കെ അവരോട് പറഞ്ഞ് ആശ്വാസം കണ്ടെത്തുന്നുണ്ടായിരിക്കും. ഈ മാറ്റമാണോ ഡാഡിയെ മമ്മിയില്‍ നിന്ന് അകറ്റുന്നത്? അവര്‍ക്കിടയില്‍ എന്താണ് പ്രശ്നമെന്ന് മൂത്ത മകളെന്ന നിലയ്ക്ക് താന്‍ അന്വേഷിക്കേണ്ടതായിരുന്നില്ലേ? ലിയയുടെ മനസ്സില്‍ കുറ്റബോധം തോന്നി.

അവളോര്‍ത്തു ..... ഒരു ദിവസം ഡാഡിയുടെ തമാശ കേട്ട് എല്ലാവരും ചിരിച്ച കാര്യം !

"എന്നുമുതല്‍ ഒരു ഭാര്യയ്ക്ക് ടെലഫോണ്‍ വിളികള്‍ തുടരെത്തുടരെ വന്നുകൊണ്ടിരിക്കുന്നോ ആ നിമിഷം മുതല്‍ അവള്‍ക്ക് കുടുംബത്തിലെ മറ്റുള്ളവരെ ശ്രദ്ധിക്കാന്‍ സമയം കിട്ടുകയില്ല....!"

അന്നത്തെ ദിവസം മുഴുവന്‍ ഡാഡിയുടെ ഈ പരാമര്‍ശമായിരുന്നു ചര്‍ച്ചാ വിഷയം. അതു പറഞ്ഞ് എല്ലാവരും ചിരിച്ചെങ്കിലും കുടുംബത്തില്‍ നിന്ന് ഒറ്റപ്പെടുന്ന ഒരു മനുഷ്യന്റെ ആത്മരോദനമായിരുന്നോ അതെന്ന് ഇപ്പോള്‍ ഞാന്‍   സംശയിക്കുന്നു. എങ്കില്‍ അതൊരു വിപത്തിലായിരിക്കും കലാശിക്കുക. ഇപ്പോള്‍  എല്ലാം വ്യക്തമാകുന്നു. ഡാഡിയുടെ ഈ മാറ്റം കുടുംബത്തിന് ആഘാതമേല്പിക്കുമെന്ന് തീര്‍ച്ച. ഡാഡി വഴിതെറ്റിപ്പോകാന്‍ പാടില്ല. വര്‍ത്തമാന കാലത്തിലെ നേര്‍ക്കാഴ്ചകള്‍ കണ്ടില്ലെന്ന് നടിക്കുമ്പോള്‍ വരാനിരിക്കുന്ന കാലം ഭീകര രൂപം പ്രാപിക്കുമെന്ന് തീര്‍ച്ചയാണ്. മമ്മിയേയും ഡാഡിയേയും അവരുടെ വഴിക്ക് വിട്ടാല്‍ തനിക്കെന്നും സമാധാനമില്ലായ്ക മാത്രമായിരിക്കും സംഭവിക്കുന്നത്. ആകെക്കൂടി നിലയില്ലാക്കയത്തില്‍ അകപ്പെട്ടതുപോലെ ലിയ പെരുകി. കൂട്ടി യോജിപ്പിക്കാനാകാതെ കീഴ്‌മേല്‍ മറിഞ്ഞിരിക്കുന്ന ചിന്തകളെ അടുക്കിയെടുക്കാനോ അടുപ്പിക്കാനോ കഴിയാതെ വീര്‍പ്പുമുട്ടിയപ്പോള്‍ അവളുടെ തല പെരുത്തു. എന്തെങ്കിലും ചെയ്തേ പറ്റൂ. ഈ വീട്ടിലെ മൂത്തവളായ എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാന്‍ സാധിക്കും. ഡാഡി ഈ വീടുമായുള്ള ബന്ധം ഉപേക്ഷിക്കാന്‍ പാടില്ല. ഈ വീടാണ് ഞങ്ങളുടെ സ്വര്‍ഗം. ലിയ ഗാഢമായി ചിന്തിച്ചു. മനസ്സിനെ കടിഞ്ഞാണിട്ട് പിടിച്ചു നിര്‍ത്താന്‍ അവള്‍ ശ്രമിച്ചു.

ഒരു തീരുമാനത്തിലുറച്ചാണ് അന്നവള്‍ മമ്മിയുടെയടുത്ത് ചെന്നത്.

"മമ്മീ ഇന്ന് നമുക്ക് ബ്യൂട്ടി പാര്‍ലറിലൊന്നു പോകണം." മമ്മിയുടെ തോളിലൂടെ കൈയിട്ടുകൊണ്ട് ലിയ പറഞ്ഞു.

"അതിന് നിന്റെ കൂട്ടുകാരിയുടെ ബര്‍ത്ത്ഡേ പാര്‍ട്ടി ഇന്നലെ കഴിഞ്ഞില്ലേ? പിന്നെ എന്തിനാണ് ഇന്ന് ബ്യൂട്ടി പാര്‍ലറില്‍ പോകുന്നത്?" മമ്മി ചോദിച്ചു.

"ഹേയ്, എനിക്കുവേണ്ടിയല്ല, മമ്മിക്കുവേണ്ടി. മമ്മി എത്ര മാസമായി ബ്യൂട്ടി പാര്‍ലറിലൊക്കെ ഒന്നു പോയിട്ട്? കണ്ടില്ലേ മമ്മിയുടെ പുരികങ്ങള്‍ ഡാഡിയുടെ മീശ പോലെയായി." അവള്‍ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.

"അതിന്?" മമ്മി തിരിഞ്ഞുനിന്ന് സംശയത്തോടെ അവളെ നോക്കി.

"അപ്പൊഴേ, ഇന്ന് ബ്രേക്ക് ഫാസ്റ്റിന് എന്താണ് വേണ്ടത്?" അടുക്കളയിലേക്ക് പോകുന്നതിനിടയില്‍ മമ്മി ചോദിച്ചു.

"മമ്മീ, ഞാനിപ്പോള്‍ കൊച്ചു കുട്ടിയൊന്നുമല്ല, വളര്‍ന്നു വലുതായി. ഇന്നത്തെ ബ്രേക്ക് ഫാസ്റ്റ് ഞാനുണ്ടാക്കാം. മമ്മി എന്നെ ഒന്ന് സഹായിച്ചാല്‍ മതി." അവള്‍ മമ്മിയെ തടഞ്ഞുകൊണ്ടു പറഞ്ഞു.

"നിന്ന് കൊഞ്ചാതെ പെണ്ണെ. ഇതുവരെ അടുക്കളയില്‍ കയറാത്ത നീയാണോ ബ്രേക്ക് ഫാസ്റ്റുണ്ടാക്കാന്‍ പോകുന്നത്? നീ തനിയെ ഒരു ഗ്ലാസ് വെള്ളമെങ്കിലും എടുത്തു കുടിച്ചിട്ടുണ്ടോ? പോയിരുന്ന് വല്ലതും പഠിക്കാന്‍ നോക്ക്. ഞാന്‍ ബ്രേക്ക് ഫാസ്റ്റുണ്ടാക്കിക്കോളാം."

മമ്മിയുടെ വാക്കുകള്‍ കേട്ടവള്‍ പൊട്ടിച്ചിരിച്ചു.

"എന്റെ പൊന്നു മമ്മിയല്ലേ. ഇത്രയും കാലം മമ്മി ഒറ്റയ്ക്ക് എല്ലാം ചെയ്തില്ലേ.. ഞങ്ങളെ തീറ്റിപ്പോറ്റിയില്ലേ... ഇനിയെങ്കിലും മമ്മിയെ സഹായിക്കാന്‍ എന്നെ ഒന്ന് അനുവദിക്കൂ...പ്ലീസ്.."

മമ്മിയുടെ താടിയില്‍ പിടിച്ച് ലിയ കെഞ്ചി.

ഈ പെണ്ണിന് ഇന്നെന്തു പറ്റി! ഇവള്‍ക്കിപ്പോഴിങ്ങനെ തോന്നാന്‍ കാരണമെന്താണ്? മമ്മിക്ക് എത്ര ആലോചിച്ചിട്ടും ഒരെത്തും പിടിയും കിട്ടിയില്ല.

മമ്മിയുടെ നോട്ടവും ഭാവവും കണ്ടപ്പോള്‍ ലിയക്ക് ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ല. അവള്‍ മമ്മിയുടെ കഴുത്തിലൂടെ കൈ ചുറ്റി മമ്മിയുടെ കവിളില്‍ ഒരു ഉമ്മ കൊടുത്തിട്ടു പറഞ്ഞു....

"എന്റെ മമ്മീ ഞാന്‍ സത്യമാണ് പറയുന്നത്. കോളേജിലെ ആദ്യത്തെ വര്‍ഷം അല്പസ്വല്പമൊക്കെ കുക്കിംഗ് ഞാന്‍ പഠിച്ചു മമ്മീ.. ഇപ്പോള്‍ വെക്കേഷനല്ലേ.. ഇന്നു മുതല്‍ ഇവിടത്തെ ഫുള്‍ കുക്കിംഗ് ഞാന്‍ ഏറ്റെടുക്കുകയാണ്. മമ്മി അടുക്കളയില്‍ വന്നു നിന്ന് എങ്ങനെയൊക്കെയെന്ന് ഒന്ന് പറഞ്ഞു തന്നാല്‍ മതി."

മകളുടെ ഭാവമാറ്റം മമ്മിയില്‍ സന്തോഷത്തിന്റെ പൂത്തിരി കത്തി. ഇവള്‍ക്കിതെന്തു പറ്റി..! ഇങ്ങനെ മനസ്സു മാറാന്‍ തക്ക എന്താണ് കാരണം?

ലിയ എല്ലാം സ്വയം ചെയ്യാന്‍ തീരുമാനിച്ചുറച്ചു. ആദ്യം ചെറിയ കാര്യങ്ങളില്‍ നിന്ന് തുടക്കമിടാം. പിന്നീട് വലിയ കാര്യങ്ങള്‍ ചെയ്യാം. അങ്ങനെയെങ്കിലും മമ്മിക്ക് സമയവും ആശ്വാസവും ലഭിക്കട്ടെ.

പല രാത്രികളിലും മമ്മി പറയുന്നതു കേട്ടിട്ടുണ്ട് ഇന്ന് അല്പനേരം പോലും കിട്ടിയില്ല ഒന്ന് വിശ്രമിക്കാന്‍, ശരീരം മുഴുവന്‍ ഇടിച്ചു പിഴിഞ്ഞ പോലെയായി എന്ന്. അപ്പോഴൊക്കെ മമ്മിയുടെ ദുഃഖവും വേദനയും ഞാന്‍ തിരിച്ചറിഞ്ഞിരുന്നില്ല. ഇനി അത് പാടില്ല. ലിയ മനസ്സില്‍ തീരുമാനിച്ചുറച്ചു.

പതിവുപോലെ ഡാഡി വൈകിയാണ് വീട്ടിലെത്തിയത്. ലിയ കാത്തിരിക്കുകയായിരുന്നു. ഡാഡിയുടെ കാര്‍ ഡ്രൈവ് വേയിലേക്ക് കയറുന്നത് അവള്‍ കണ്ടു. പെട്ടെന്ന് ചായ റെഡിയാക്കി.

"ഡാഡീ, ഇതാ ഈ ചൂടു ചായ കുടിക്കൂ..."

കൈയ്യില്‍ ആവി പറക്കുന്ന ചായക്കപ്പുമായി നില്‍ക്കുന്ന മകളെ കണ്ട് അയാള്‍ ആശ്ചര്യപ്പെട്ടു ! ഇത് സ്വപ്നമോ ! അത്ഭുതത്തോടെ തന്നെ നോക്കി നില്‍ക്കുന്ന ഡാഡിയുടെ മുഖഭാവം കണ്ട് ലിയ ഉള്ളില്‍ ചിരിച്ചു. അയാള്‍ ചായ വാങ്ങിക്കൊണ്ടു ചോദിച്ചു....

"ഞാന്‍ എന്താണീ കാണുന്നത്. വിശ്വസിക്കാന്‍ കഴിയുന്നില്ലല്ലോ മോളെ..."

"ങാ പിന്നെ, ഇത് ഞാനുണ്ടാക്കിയ ചായയാണ്. കുറ്റമൊന്നും പറഞ്ഞേക്കരുത്"

നാടകീയമായി അത്രയും പറഞ്ഞ് അവള്‍ തിരിഞ്ഞു നടന്നു.

"ഹേയ്, ഇല്ല മോളെ, കുറ്റമൊന്നും പറയില്ല. എന്നാലും മോള്‍...."

"എന്റെ മോള്‍ വലുതായിരിക്കുന്നു...." അയാള്‍ ആത്മഗതമെന്നോണം പറഞ്ഞു..

രാത്രി ഡൈനിംഗ് ടേബിളില്‍ ഡിന്നര്‍ ഒരുക്കിവെച്ച് അവള്‍ എല്ലാവരേയും വിളിച്ചു. മമ്മിയും ഡാഡിയും അനിയന്‍ കുട്ടുവും എല്ലാവരും വന്ന് അതാതു സ്ഥാനങ്ങളില്‍ ഇരുന്നു. എല്ലാവര്‍ക്കും അവള്‍ തന്നെ വിളമ്പി. ഡാഡിയും മമ്മിയും മുഖത്തോടു മുഖം നോക്കുന്നത് ലിയ കണ്ടു.

"ഡാഡി, എന്റെ കുക്കിംഗ് എങ്ങനെയുണ്ടെന്ന് ഇന്ന് സര്‍ട്ടിഫിക്കറ്റ് തന്നാല്‍ നാളെ മുതല്‍ ഇതിലും ഗംഭീരമായി ഞാന്‍ കുക്ക് ചെയ്യാം ഓകെ... "

"ഓകെ മോളൂ.... നോ പ്രോബ്ലം"

"വല്ലതും വായില്‍ വെച്ച് തിന്നാന്‍ കൊള്ളാമോ ആവോ" കുട്ടുവിന്റെ പരിഹാസം അവളെ ചൊടിപ്പിച്ചു.

കുട്ടുവിന്റെ തലയില്‍ ഒരു തട്ടുകൊടുത്തിട്ട് അവള്‍ പറഞ്ഞു...

"എനിക്ക് നിന്റെ സര്‍ട്ടിഫിക്കറ്റൊന്നും വേണ്ട. മിണ്ടാതെ അവിടിരുന്ന് കഴിച്ചോ"

ഡിന്നര്‍ കഴിച്ചുകൊണ്ടിരുന്നപ്പോഴും ഡാഡിയുടെ മനസ്സില്‍ മകളുടെ മാറ്റങ്ങളെക്കുറിച്ചായിരുന്നു ചിന്ത. ഇതെന്താണ് ഇത്ര പെട്ടെന്ന് മകളില്‍ ഈ മാറ്റം വന്നതെന്ന് അയാള്‍ അത്ഭുതപ്പെട്ടു. ഭക്ഷണം കഴിഞ്ഞ് ലിയ തന്നെ പാത്രങ്ങളെല്ലാം എടുത്തുകൊണ്ടു പോയി. മമ്മിയെ ആ പ്രദേശത്തേക്കൊന്നും അടുപ്പിച്ചില്ല.

ലിവിംഗ് റൂമിലിരുന്ന് മമ്മിയും ഡാഡിയും സംസാരിക്കുന്നത് ലിയ അടുക്കളയില്‍ നിന്ന് കേട്ടു...

"ഇന്നെന്താ മോള്‍ക്ക് പറ്റിയത്. ഇതുവരെ ഇല്ലാത്ത സംഭവമാണല്ലോ" ഡാഡി ചോദിക്കുന്നു.

"അതു തന്നെയാണ് എനിക്കും ചോദിക്കാനുള്ളത്. ഇന്നലെ മോളുടെ സുഹൃത്തിന്റെ പാര്‍ട്ടി കഴിഞ്ഞ് വന്നതുമുതലാണ് ഈ മാറ്റം. അതിന്റെ കാരണമെന്താണെന്ന് അവളും പറയുന്നില്ല..." മമ്മി വിശദീകരിക്കുകയാണ്.

"ഓ.... അതെയോ? എവിടെയായിരുന്നു പാര്‍ട്ടി?" ഡാഡി ചോദിച്ചു

മമ്മി ഹോട്ടലിന്റെ പേരു പറഞ്ഞു. അതു കേട്ടപ്പോള്‍ അയാളൊന്നു ഞെട്ടി.

എല്ലാം കേട്ട് ലിയ അടുക്കളയില്‍ നിന്ന് പുഞ്ചിരിച്ചു.

രാത്രി ഉറങ്ങാന്‍ നേരം അവള്‍ മമ്മിയോടു പറഞ്ഞു..

"മമ്മീ ഇന്ന് എനിക്ക് കുറച്ചു പ്രോജക്ട് ചെയ്തു തീര്‍ക്കാനുണ്ട്. കുറെ നേരമെടുക്കും. മമ്മിക്ക് ഉറക്കം വരുന്നുണ്ടെങ്കില്‍ ഞാന്‍ കുട്ടുവിന്റെ മുറിയിലേക്ക് പൊയ്ക്കൊള്ളാം...മമ്മി ഉറങ്ങിക്കോളു. അവിടെയാകുമ്പോള്‍ എനിക്ക് സ്വസ്ഥമായി ഇരുന്ന് പ്രോജക്ട് പൂര്‍ത്തിയാക്കാനും സാധിക്കും."

"വേണ്ട മോളെ, മോള്‍ ഇവിടെത്തന്നെയിരുന്ന് പഠിച്ചോ" മമ്മി എഴുന്നേറ്റു പോകുന്നത് എങ്ങോട്ടാണെന്ന് അവള്‍ നോക്കി. അവളുടെ ഊഹം തെറ്റിയില്ല. ഡാഡി ഓഫീസ് റൂം ആയി ഉപയോഗിക്കുന്ന മുറിയിലേക്കാണ് മമ്മി പോയത്. അവിടെ ഫയലുകളും പേപ്പറുകളുമൊക്കെ അലങ്കോലമായി കിടക്കുകയാണ്. മമ്മി മുറി തുറന്ന് ലൈറ്റിട്ട് ചുറ്റുപാടും നോക്കി... തിരിഞ്ഞപ്പോള്‍ പുറകില്‍ മകള്‍! ലിയയുടെ മുഖഭാവം കണ്ട് മമ്മി വാതിലടച്ച് തിരിച്ചു നടന്ന് അവരുടെ ബെഡ്‌റൂം ലക്ഷ്യമാക്കി നടക്കുന്നതു കണ്ട് ലിയ ഊറിച്ചിരിച്ചു.

പിറ്റേന്ന് ഞായറാഴ്ചയായിരുന്നു. എല്ലാവരും വീട്ടില്‍ തന്നെയുണ്ട്. ഡൈനിംഗ് ടേബിളിന് ചുറ്റുമിരുന്ന് സംസാരിച്ചിരിക്കെ ഫോണ്‍ ബെല്ലടിച്ചു. പെട്ടെന്ന് ലിയ ഫോണെടുത്തു.

"ങാ... അമ്മായിയായിരുന്നോ? എന്തൊക്കെയാ വിശേഷങ്ങള്‍? സുഖമാണോ അമ്മായീ.. ഓ.. മമ്മി കിച്ചനില്‍ തിരക്കിലാണല്ലോ..എന്തെങ്കിലും വിശേഷമുണ്ടോ അമ്മായീ... ഓകെ, ശരി. അമ്മായി വിളിച്ച കാര്യം ഞാന്‍ മമ്മിയോടു പറയാം കേട്ടോ..." അവള്‍ ഫോണ്‍ കട്ട് ചെയ്തു.

മകളുടെ സംസാരം ശ്രദ്ധിച്ചുകൊണ്ടിരുന്ന മമ്മിക്ക് ദ്വേഷ്യം വന്നു.

"നീ എന്തു പണിയാണീ കാണിച്ചത്. ഞാന്‍ ഇവിടെ ഇരിക്കുന്നത് നീ കണ്ടില്ലേ? എന്തിനാണ് നുണ പറഞ്ഞത്?"

മമ്മി കോപത്തോടെ ചോദിച്ചു.

ലിയ കൂസലന്യേ മമ്മിയുടെ കഴുത്തിലൂടെ കൈ ചുറ്റിക്കൊണ്ട് പറഞ്ഞു...

"ഇന്ന് നല്ലൊരു ഞായറാഴ്ചയല്ലേ മമ്മീ. ദേ ഡാഡിയുമുണ്ട് കുട്ടുവുമുണ്ട് ഞാനുമുണ്ട്. ഇന്നത്തെ ദിവസം നമുക്കൊന്ന് ഫ്രീയാകാം. നോ ഫോണ്‍...നോ ഗോസിപ്പ്..ഓകെ"

"നീ അതിരു വിടുന്നുണ്ട് കേട്ടോ ലിയാ.. അമ്മായി എല്ലാ ഞായറാഴ്ചയും ഫോണ്‍ ചെയ്യാറുണ്ടെന്ന് നിനക്കറിയില്ലേ. പിന്നെ എന്തിനാണ് നുണ പറഞ്ഞ് ഫോണ്‍ കട്ട് ചെയ്തത്."

"എന്റെ പുന്നാര മമ്മീ.... ഈ അമ്മായി തന്നെയല്ലേ ആഴ്ചയില്‍ ഏഴു ദിവസവും ഫോണ്‍ ചെയ്യുന്നത്? ഇത്രയധികം പറയാന്‍ നിങ്ങള്‍ക്ക് രണ്ടു പേര്‍ക്കും എന്തു വിശേഷമാ ഉള്ളത്. എന്തായാലും ഈ ഞായറാഴ്ച നമ്മുടെതു മാത്രമാണ്. ഇവിടെ അമ്മായിയും വേണ്ട അമ്മാവനും വേണ്ട.."

അത്രയും പറഞ്ഞ് ലിയ ഡാഡിയുടെ നേരെ കണ്ണിറുക്കി കാണിച്ചു. ഇതെല്ലാം കണ്ട് ഡാഡി മന്ദഹസിച്ചതല്ലാതെ ഒന്നും പറഞ്ഞില്ല.

ദിവസങ്ങള്‍ കഴിയുന്തോറും ലിയ വീട്ടിലെ കാര്യങ്ങളെല്ലാം ഒരുവിധം നിയന്ത്രണ വിധേയമാക്കി. മമ്മിയുടെ ജന്മദിനത്തിന് ഡാഡി ലോംഗ് ഐലന്റിലെ ഒരു ഹോട്ടലില്‍ ഡിന്നര്‍ അറേഞ്ച് ചെയ്തിട്ടുണ്ടെന്നു പറഞ്ഞു. വീട്ടില്‍ കേക്ക് മുറിക്കുകയും ഡിന്നര്‍ ഹോട്ടലില്‍ നിന്ന് കഴിക്കുകയും ചെയ്യാമെന്ന ധാരണയിലാണ് ഡാഡി എല്ലാം അറേഞ്ച് ചെയ്തത്. അതുപ്രകാരം വൈകീട്ട് വീട്ടില്‍ കേക്ക് മുറിച്ചു. മമ്മിക്ക് ജന്മദിനാശംസകള്‍ നേര്‍ന്നതോടൊപ്പം സമ്മാനങ്ങളും നല്‍കി. മമ്മിക്ക് എന്തെന്നില്ലാത്ത സന്തോഷം തോന്നിയ നിമിഷങ്ങളായിരുന്നു അത്. വീട്ടിലെ പണികള്‍ ഭൂരിഭാഗവും ലിയ തന്നെയാണ് ചെയ്തു തീര്‍ത്തത്. മകളുടെ ഈ മാറ്റം കണ്ട് മമ്മി അത്ഭുതപ്പെട്ടു. അതോടൊപ്പം തന്നെ സംശയങ്ങളും കൂടി. ഇവള്‍ ഇങ്ങനെയൊക്കെ ചെയ്യാന്‍ കാരണമെന്താണെന്ന് എത്ര ആലോചിച്ചിട്ടും പിടികിട്ടിയില്ല.

ഹോട്ടലിലേക്ക് പോകേണ്ട സമയമായി. എല്ലാവരോടും പെട്ടെന്ന് ഒരുങ്ങാന്‍ ഡാഡി ആവശ്യപ്പെട്ടു.

ഡ്രസ് മാറാന്‍ അകത്തേക്ക് പോയ ലിയയ്ക്ക് പെട്ടെന്നാണ് വയറു വേദന തുടങ്ങിയത്. കൈകള്‍ രണ്ടും വയറ്റില്‍ അമര്‍ത്തിപ്പിടിച്ച് അവള്‍ കരയാന്‍ തുടങ്ങി.

"അയ്യോ മമ്മീ, എനിക്ക് ഭയങ്കര വയറു വേദന... അവള്‍ വേദന കൊണ്ട് പുളഞ്ഞു."

"എന്തു പറ്റീ മോളേ, ഡാഡിയും മമ്മിയും ഓടി വന്നു. അവര്‍ അവളെ താങ്ങിപ്പിടിച്ചു. രണ്ടു പേരും ആകെ വിളറി. എന്താണ് സംഭവിച്ചത്"

"അറിയില്ല ഡാഡീ... വയറിനകത്ത് വല്ലാത്തൊരു വേദന" അവള്‍ പ്രയാസപ്പെട്ട് പറഞ്ഞു.

"എങ്കില്‍ നമുക്ക് ഡോക്ടറുടെ അടുത്തു പോകാം" ഡാഡി പറഞ്ഞു.

"അതൊന്നും വേണ്ട ഡാഡീ... പെയ്ന്‍ കില്ലര്‍ എന്തെങ്കിലും കഴിച്ചാല്‍ മതി. ഐ വില്‍ ബി ഓള്‍ റൈറ്റ്. കുറച്ചു കഴിയുമ്പോഴേക്കും മാറിക്കോളും. നിങ്ങള്‍ രണ്ടു പേരും ഹോട്ടലിലേക്ക് പൊയ്ക്കോ... കുട്ടു ഉണ്ടല്ലോ എനിക്ക് കൂട്ടിന്....കുറച്ചു കഴിയുമ്പോള്‍ വേദന മാറിക്കൊള്ളും..."

പക്ഷേ മമ്മിയും ഡാഡിയും ആദ്യം പോകാന്‍ വിസമ്മതിച്ചു. കുട്ടു നിര്‍ബ്ബന്ധിച്ചപ്പോള്‍ മനസ്സില്ലാമനസ്സോടെ അവര്‍ പോയി. ഹോട്ടലില്‍ എത്തിയ ഉടനെ ഡാഡി ഫോണ്‍ ചെയ്തു..

"മോളേ...ഇപ്പോള്‍ എങ്ങനെയുണ്ട്? വേദന കുറഞ്ഞോ?"

അങ്ങേത്തലയ്ക്കല്‍ നിന്ന് ലിയയുടെയും കുട്ടുവിന്റേയും പൊട്ടിച്ചിരി കേട്ട് മമ്മിയും ഡാഡിയും അന്തം വിട്ടു..! ആകാംക്ഷയോടെ നില്‍ക്കുന്ന ഭാര്യയെ നോക്കി അയാള്‍ പറഞ്ഞു..

"നമ്മളെ രണ്ടുപേരെയും മാത്രമായി ഡിന്നറിന് വിടാന്‍ ലിയ കളിച്ച നാടകമാണ് ആ വയറു വേദനയെന്ന് തോന്നുന്നു..."

"ങേ..!! " മമ്മിയുടെ മനസ്സിലൂടെ ഒരായിരം ചിന്തകള്‍ കടന്നുപോയി.. കൂട്ടുകാരിയുടെ ബര്‍ത്ത്ഡേ പാര്‍ട്ടിയില്‍ പങ്കെടുത്ത് തിരിച്ചു വന്ന ദിവസം മുതല്‍ ലിയയില്‍ വന്ന മാറ്റങ്ങള്‍ അവര്‍ ശ്രദ്ധിച്ചിരുന്നു. എന്തോ ആ ഹോട്ടലില്‍ സംഭവിച്ചിട്ടുണ്ട്.... അത് തീര്‍ച്ച.... അവര്‍ ആലോചനയിലാണ്ടു...

"നീ എന്താ ആലോചിക്കുന്നത്?" അയാള്‍ ചോദിച്ചു.

കാര്യങ്ങള്‍ മനസ്സിലാകാന്‍ അവര്‍ക്ക് അധികം സമയം വേണ്ടി വന്നില്ല. മനസ്സിന്റെ മണിച്ചെപ്പില്‍ നിന്ന് കളഞ്ഞുപോയ മുത്തുകളും പവിഴങ്ങളും തിരിച്ചു കിട്ടിയ പോലെ അവര്‍ക്ക് തോന്നി. ഡിന്നര്‍ കഴിഞ്ഞപ്പോഴേക്കും ഇരുവരുടേയും മനസ്സില്‍ ഉരുണ്ടുകൂടിയിരുന്ന കാര്‍മേഘങ്ങള്‍ പെയ്തു തീര്‍ന്നിരുന്നു.

വളരെ താമസിച്ചാണ് ഹോട്ടലില്‍ നിന്ന് ഇരുവരും ഇറങ്ങിയത്. വര്‍ഷങ്ങള്‍ക്കുശേഷം വീണ്ടും അവര്‍ ഒന്നായ പോലെ... മനസ്സില്‍ അടക്കി വെച്ചിരുന്ന വികാരങ്ങള്‍ അണപൊട്ടിയൊഴുകി. നവ യുവമിഥുനങ്ങളെപ്പോലെ അവര്‍ കൈകോര്‍ത്തുകൊണ്ട് ഹോട്ടലിനു മുന്‍പിലെ പാര്‍ക്കിംഗ് ലോട്ടിലേക്ക് നടന്നു. ലോംഗ് ഐലന്റ് എക്സ്പ്രസ്‌വേയിലൂടെ കാര്‍ ഡ്രൈവ് ചെയ്യുമ്പോള്‍ അയാളുടെ മനസ്സ് കുറ്റബോധത്താല്‍ വിങ്ങിപ്പൊട്ടുകയായിരുന്നു. അവഗണനകള്‍ ഏറെ ഏല്‍ക്കേണ്ടി വന്നിട്ടും ക്ഷമയോടെ അതെല്ലാം സഹിച്ച് കുടുംബത്തിന്റെ ഭദ്രത കാത്തുസൂക്ഷിച്ച ഇവള്‍ ഒരു ദേവി തന്നെ. തന്റെ വഴിവിട്ട ബന്ധം ഇവള്‍ അറിഞ്ഞിട്ടില്ല. അറിഞ്ഞിരുന്നെങ്കില്‍ തന്റെ കുടുംബം ഇപ്പോള്‍ ഛിന്നഭിന്നമായിത്തീര്‍ന്നേനെ. അയാളുടെ മനസ്സില്‍ വികാരങ്ങളുടെ വേലിയേറ്റമുണ്ടായി.

"എന്താണ് ഇത്ര വലിയ ആലോചന..." കവിളത്ത് ഒരു ചെറിയ തട്ടു കൊടുത്തുകൊണ്ട് ഭാര്യ ചോദിച്ചു.

ചോദ്യം കേട്ട് അയാള്‍ ഗതകാല സ്മരണകളില്‍ നിന്ന് തിരിച്ചുവന്നു.

"ഹേയ് ഒന്നുമില്ല സുമേ.. ചുമ്മാതെ ഓരോന്ന് ആലോചിച്ചു കൂട്ടുകയായിരുന്നു.." അയാള്‍ പറഞ്ഞു.

"എനിക്കറിയാം നിങ്ങളെന്താണ് ആലോചിച്ചുകൂട്ടുന്നതെന്ന്. കുറെ കാലം നിങ്ങള്‍ ഒരു അന്ധനെപ്പോലെയായിരുന്നു. എന്റെ സ്നേഹത്തിന്റെ ആഴവും പരപ്പും നിങ്ങള്‍ കണ്ടില്ലെന്നു നടിച്ചു. എന്തിന്, എന്റെ ശരീരത്തിന്റെ ചൂടുപോലും നിങ്ങള്‍ മനഃപ്പൂര്‍‌വ്വം തിരസ്ക്കരിക്കുകയായിരുന്നു. നിങ്ങളൊരു സ്വപ്നലോകത്തായിരുന്നു. നിങ്ങളുടെ ശരീരത്തിന് മറ്റാരുടേയോ ഗന്ധമായിരുന്നു... അതാണ് കിടപ്പുമുറിയില്‍ നിന്നുപോലും ഞാന്‍ അകന്നു മാറിയത്.... "

സുമ പറഞ്ഞു നിര്‍ത്തി..

അയാളുടെ മനസ്സില്‍ വെള്ളിടി വെട്ടി.... ദൈവമേ ഇവള്‍ക്ക് എല്ലാം അറിയാമായിരുന്നോ? ലിയ മോള്‍ ഹോട്ടലില്‍ വെച്ച് എന്നേയും റാണിയേയും കണ്ടുകാണുമോ?

വീട്ടിലെത്തിയപ്പോഴേക്കും വളരെ വൈകിയിരുന്നു. മക്കള്‍ രണ്ടുപേരും ഉറക്കമായി... ഇനി അവരെ ഉണര്‍ത്തേണ്ടെന്നു കരുതി രണ്ടുപേരും തങ്ങളുടേതായ ലോകത്തേക്ക് ഊളിയിട്ടു....!

ദിവസങ്ങള്‍ കടന്നുപോകുന്തോറും ഡാഡിയിലും മമ്മിയിലും വന്നുകൊണ്ടിരുന്ന മാറ്റങ്ങള്‍ ലിയ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. രാവിലെ എഴുന്നേറ്റ് കുളിച്ചൊരുങ്ങി നില്‍ക്കുന്ന മമ്മിയും, ഉന്മേഷവാനായി മമ്മിയോട് തമാശകളൊക്കെ പറഞ്ഞ് ചുറുചുറുക്കോടെ ഓഫീസിലേക്ക് പോകുന്ന ഡാഡിയേയും കണ്ട് ലിയയുടേയും കുട്ടുവിന്റേയും മനസ്സു തണുത്തു. നേരം വെളുത്താല്‍ രാത്രിയാകുന്നതുവരെ ഇടതടവില്ലാതെ വന്നുകൊണ്ടിരുന്ന ടെലഫോണ്‍ കോളുകള്‍ ഒന്നൊന്നായി കുറഞ്ഞുവന്നു. ലിയയുടെ ചില പൊടിക്കൈകളാണ് അതിനു പിന്നിലെന്ന് മമ്മിയ്ക്ക് അറിയാമായിരുന്നുവെങ്കിലും അവരത് പുറത്തു കാണിച്ചില്ല.

ഒരു ദിവസം രാവിലെ ഡാഡി ആരോടോ സെല്‍ ഫോണില്‍ സംസാരിക്കുന്നതു കേട്ടാണ് ലിയ അവളുടെ മുറിയില്‍ നിന്ന് പുറത്തു വന്നത്. ഡാഡി മുന്‍വശത്തെ വാതിലിനു പുറത്തു നിന്നാണ് സംസാരിക്കുന്നത്. യെസ്, ഓകെ... എന്നൊക്കെ പറയുന്നുണ്ട്. മറുവശത്ത് ആരോ ദ്വേഷ്യത്തില്‍ സംസാരിക്കുന്നുണ്ടെന്ന് പിന്നീട് ഡാഡിയുടെ ശബ്ദത്തില്‍ നിന്ന് അവള്‍ക്ക് മനസ്സിലായി. അവള്‍ ശ്രദ്ധിച്ചു നിന്നു. ആരാണ് എന്താണ് അങ്ങേത്തലയ്ക്കല്‍ നിന്ന് സംസാരിക്കുന്നതെന്ന് കേള്‍ക്കാന്‍ കഴിഞ്ഞില്ലെങ്കിലും ഡാഡിയെ ദ്വേഷ്യം പിടിപ്പിക്കുന്നതെന്തോ ആണെന്ന് അവള്‍ക്ക് മനസ്സിലായി. ഒടുവില്‍ 'ഐ ഡോണ്ട് കെയര്‍. നീ എന്തു വേണമെങ്കിലും ചെയ്തോ...' എന്ന് പറഞ്ഞ് ഫോണ്‍ കട്ട് ചെയ്ത് ഡാഡി തിരിഞ്ഞപ്പോള്‍ ലിയയെ കണ്ടു. ഡാഡിയുടെ മുഖം ദ്വേഷ്യത്താല്‍ ചുവന്നു തുടുത്തിരുന്നു. തന്റെ അടുത്തേക്ക് വരുന്ന ഡാഡിയെ കണ്ട് ലിയ ഭയന്നു. ഫോണ്‍ സംഭാഷണം ഒളിഞ്ഞു നിന്ന് കേള്‍ക്കുകയാണെന്ന് തെറ്റിദ്ധരിച്ചാണോ ഡാഡി ദ്വേഷ്യപ്പെടുന്നതെന്ന് അവള്‍ സംശയിച്ചു. അടുത്തു വന്ന ഡാഡി അവളെ സൂക്ഷിച്ചു നോക്കി.

പെട്ടെന്നാണ് അത് സംഭവിച്ചത്......

ഡാഡി അവളെ മാറോടണച്ചു... ആ നെറ്റിയില്‍ ചുംബിച്ചു... അവളുടെ താടിയില്‍ പിടിച്ച് മുഖമുയര്‍ത്തി ആ മുഖത്തേക്ക് നോക്കി പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു.....

"താങ്ക് യൂ മോളൂ....! നീ എന്റെ കണ്ണു തുറപ്പിച്ചു... ഡാഡിയെ ഇത്രയും നാള്‍ വഴിവിട്ട് സഞ്ചരിപ്പിച്ചവളെ ഇതോടെ ഒഴിവാക്കി...!"

ലിയയെ തന്നോട് ചേര്‍ത്തു പിടിച്ച് തിരിഞ്ഞു നടന്ന അവര്‍ കണ്ടു അടുക്കള വാതില്‍ക്കല്‍ കണ്ണീരൊപ്പി നില്‍ക്കുന്ന മമ്മിയെ. ലിയയെ മമ്മി സൂക്ഷിച്ചു നോക്കി... കണ്ണീരില്‍ കുതിര്‍ന്ന ഒരു പുഞ്ചിരി മമ്മിയുടെ മുഖത്ത് ദൃശ്യമായി... ആ കണ്ണുകളില്‍ പ്രതീക്ഷയുടെ പ്രകാശം പരക്കുന്നത് ലിയ കണ്ടു... മമ്മിയുടെ ആ നോട്ടത്തില്‍ എല്ലാം മനസ്സിലായി എന്ന സൂചനയുമുണ്ടായിരുന്നു...