Tuesday, March 14, 2017

അമ്മയെ കാണാന്‍

സ്വന്തം അമ്മയെ നഷ്ടപ്പെട്ട് മാനസികരോഗിയായി തെരുവില്‍ അലഞ്ഞു നടന്ന ഒരു യുവാവിന്റെ സംഭവബഹുലമായ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്.

ടെക്സസിലാണ് ഈ സംഭവം നടന്നതെങ്കിലും സ്വന്തം അമ്മയെ എന്നോ നഷ്ടപ്പെട്ട ഒരു യുവാവാണ് വര്‍ഷങ്ങളായി തന്റെ അമ്മയെ അവസാനമായി കണ്ട അതേ സ്ഥലത്ത് ദിവസേന വന്നു നില്‍ക്കുന്നതെന്ന് പ്രദേശവാസികള്‍ക്കുപോലും അജ്ഞാതമായിരുന്നു. തന്നെ ഉപേക്ഷിച്ചുപോയ അമ്മ എന്നെങ്കിലും തിരിച്ചുവരുമെന്ന പ്രതീക്ഷയോടെയാണ് ഈ 32കാരന്‍ എല്ലാ ദിവസവും ഒരേ സ്ഥലത്തുതന്നെ നിലയുറപ്പിച്ചത്. പക്ഷെ, ആ യുവാവിന്റെ മാനസിക വ്യഥ എന്തെന്ന് കണ്ടുപിടിക്കാന്‍ ആരും തുനിഞ്ഞില്ല.

'ആരുമില്ലാത്തവര്‍ക്ക് ദൈവം തുണയാകും' എന്ന ചൊല്ല് അന്വര്‍ത്ഥമാക്കുന്നതാണ് ഈ യുവാവിന്റെ ജീവിതത്തിലും പിന്നീട് സംഭവിച്ചത്. ദൈവം സ്നേഹമാണ്, എന്നാല്‍ ദൈവത്തിന് നേരിട്ട് നമുക്കെന്തെങ്കിലും തരുവാനുള്ള കഴിവുണ്ടൊ, ദൈവത്തിന് പേരുണ്ടൊ? എന്നൊക്കെ ചോദിക്കുന്നവര്‍ക്ക് 'ദൈവം മനുഷ്യമനസ്സുകളില്‍ കുടിയിരിക്കുന്നു' എന്ന സത്യം മനസ്സിലാക്കാന്‍ ഈ സംഭവം ഉപകരിക്കും. മനുഷ്യര്‍ തമ്മില്‍ പകരുന്ന സ്നേഹവും കരുണയുമല്ലേ ദൈവീകം എന്നൊക്കെ നാം പഠിച്ചുവെച്ചിട്ടുണ്ടെങ്കിലും ആ ദൈവീകത നേരിട്ട് അനുഭവിച്ചവര്‍ക്കേ അതിന്റെ മഹത്വം മനസ്സിലാകൂ. നന്മയും തിന്മയും വേര്‍തിരിച്ച് മാത്രം സഹായിക്കുന്നവനാണ് ദൈവമെങ്കില്‍ തിന്മക്ക് മുകളില്‍ അവന്‍ പറന്നുയരുകയും നന്മക്ക് മുകളില്‍ കൃപ ചൊരിയുകയും ചെയ്യും. കാരുണ്യവും കരുതലുകളും സഹമനുഷ്യര്‍ക്ക്‌ നാം പകര്‍ന്നു നല്‍കുമ്പോഴാണ്‌ ദൈവസാന്നിധ്യം അനുഭവിച്ചറിയുവാന്‍ കഴിയുക. സല്‍‌പ്രവര്‍ത്തികളിലൂടെ അത് മറ്റുള്ളവരിലേക്ക് പകര്‍ന്നു നല്‍കുമ്പോള്‍ ദൈവ മഹത്വവും നാം പ്രചരിപ്പിക്കുന്നു.  പ്രാര്‍ത്ഥനകളിലൂടെ ദൈവാനുഗ്രഹവും പ്രവര്‍ത്തികളിലൂടെ ദൈവീകതയും കൈവരുമെന്നു തന്നെയാണ് സുമനസ്സുകള്‍ വിശ്വസിക്കുന്നത്.  

സ്വന്തം കാര്യസാധ്യത്തിനായി, ദൈവാനുഗ്രഹത്തിനായി, ദൈവത്തെ അന്വേഷിച്ച് ദൈവാലയങ്ങളില്‍ തപസ്സിരിക്കുന്നവര്‍ക്ക് ഒരു സന്ദേശം കൂടിയാണ് ടെക്സസിലെ ഈ യുവാവിനെ രക്ഷപ്പെടുത്താന്‍ മുന്നോട്ടു വന്ന ജിഞ്ചര്‍ ജോണ്‍സ് സ്‌പ്രൗസ്  എന്ന യുവതി നല്‍കുന്നത്. ക്ലിയര്‍ ലെയ്ക്കില്‍ 'ആര്‍ട്ട് ഓഫ് ദ മീല്‍' എന്ന സ്ഥാപനം നടത്തുകയാണ് ഈ യുവതി. എന്നും ജോലിക്കു പോകുമ്പോള്‍ എല്‍ കാമിനോ - നാസാ റോഡ് കൂടിച്ചേരുന്ന ഭാഗത്ത് ഒരു യുവാവ് ദൂരേക്കു നോക്കി നില്‍ക്കുന്നത് ഈ യുവതി കാണാറുണ്ടായിരുന്നു. ആദ്യമൊന്നും ശ്രദ്ധിച്ചില്ലെങ്കിലും അതേ റോഡിലൂടെ ദിവസവും നാലു പ്രാവശ്യമെങ്കിലും യാത്ര ചെയ്യുന്ന ഈ യുവതി കഴിഞ്ഞ മൂന്നു വര്‍ഷമായി നിത്യേനയെന്നോണം ഈ കാഴ്ച കാണുന്നു! വെയിലും മഴയും മഞ്ഞുമൊന്നും ഈ യുവാവിനെ അലട്ടുന്നതേയില്ല.  അതോടെയാണ് യുവതിക്ക് ആകാംക്ഷയായത്. എന്തുകൊണ്ടാണ് ഈ യുവാവ് ഒരേ സ്ഥലത്ത് കഴിഞ്ഞ മൂന്നു വര്‍ഷമായി നിലയുറപ്പിച്ചിരിക്കുന്നത് എന്ന് അന്വേഷിക്കാന്‍ തന്നെ യുവതി തീര്‍ച്ചപ്പെടുത്തി. അങ്ങനെയാണ് ലഞ്ച് ബ്രേക്ക് സമയത്ത് ഈ യുവതി യുവാവിനടുത്തെത്തിയത്. കുശലാന്വേഷണങ്ങള്‍ക്കൊടുവില്‍ കാര്യം തിരക്കി.

വിക്ടര്‍ ഹബ്ബാര്‍ഡ് എന്ന ഈ 32കാരന്‍ ഒരു ഭവനരഹിതനാണെന്നും, അമ്മ ഉപേക്ഷിച്ചുപോയതില്‍ മനം നൊന്ത് മാനസികരോഗത്തിന് അടിമപ്പെട്ടവനാണെന്നും യുവതിക്ക് മനസ്സിലായത് അപ്പോഴാണ്. തന്റെ അമ്മ തന്നെ ഉപേക്ഷിച്ചുപോയ അതേ സ്ഥലത്താണ് ആ യുവാവ് അമ്മയെ കാണാന്‍ കാത്തു നില്‍ക്കുന്നത്, അതും വര്‍ഷങ്ങളോളം. വിപരീത കാലാവസ്ഥയെപ്പോലും അവഗണിച്ചാണ് ഈ കാത്തു നില്പ്. ആരും ഇക്കാര്യം അന്വേഷിച്ചതുമില്ല, ആരോടും ഈ യുവാവ് ഒന്നും പറഞ്ഞതുമില്ല. എന്നെങ്കിലും തന്റെ അമ്മ വരും എന്ന പ്രതീക്ഷയിലാണ് ഇത്രയും കാലം ഒരേ സ്ഥലത്ത് നിന്നത്. തണുപ്പു കാലമാണ് വരുന്നത്, ഇങ്ങനെ റോഡ് സൈഡില്‍ നില്‍ക്കുന്നതും അപകടമാണെന്ന് യുവതി മനസ്സിലാക്കി  ഈ യുവാവിനെ സഹായിക്കാന്‍ തയ്യാറായി. തണുപ്പടിക്കാതെ തന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടുപോകാനും യുവതി തയ്യാറായി.

ഈ യുവാവിനെ സഹായിക്കാനായി യുവതി ആദ്യം ചെയ്തത് പ്രാദേശിക റേഡിയോ സ്റ്റേഷനില്‍ യുവാവിനെക്കുറിച്ചുള്ള വിവരങ്ങള്‍ നല്‍കുകയായിരുന്നു. പിന്നീട് ഒരു ഫെയ്സ്ബുക്ക് പേജും ആരംഭിച്ചു. ഈ യുവാവിനെ സം‌രക്ഷിക്കേണ്ടത് നമ്മുടെ കടമയാണെന്നും, എല്ലാവരും അതിനായി ശ്രമിക്കണമെന്നും പ്രദേശവാസികളോട് അഭ്യര്‍ത്ഥിച്ചു. അതിന്റെ മേല്‍നോട്ടവും സ്വയം ഏറ്റെടുത്തു.

യുവാവിന്റെ മാനസിക പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുകയായിരുന്നു ആദ്യത്തെ ലക്ഷ്യം. അതിനായി മെന്റല്‍ ഹെല്‍ത്ത് ക്ലിനിക്കില്‍ ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തി. കൂടാതെ തന്റെ സ്ഥാപനമായ ആര്‍ട്ട് ഓഫ് ദ മീല്‍ കിച്ചനില്‍ ഒരു ജോലിയും നല്‍കി. ഇതിനിടയില്‍ 'ഗോ ഫണ്ട് മീ' യില്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. ഇക്കഴിഞ്ഞ ഡിസംബറില്‍ ആരംഭിച്ച പ്രസ്തുത വെബ്സൈറ്റിലൂടെ 16,000.00 ഡോളര്‍ സമാഹരിക്കാന്‍ കഴിഞ്ഞു. കൂടാതെ ബ്ലോക്ക് പാര്‍ട്ടികള്‍ സംഘടിപ്പിച്ച് അതുവഴിയും ധനസമാഹരണം നടത്തി.

പതിനയ്യായിരത്തോളം പേരാണ് ഫെയ്സ്ബുക്ക് ലൈക്ക് ചെയ്തിരിക്കുന്നത്. മാത്രമല്ല, നിരവധി വ്യക്തികളും സംഘടനകളും വിക്ടര്‍ എന്ന ഈ യുവാവിനെ സഹായിക്കാന്‍ മുന്നോട്ടു വരികയും ചെയ്തുകൊണ്ടിരിക്കുന്നു. ലൈക്കുകളും സന്ദേശങ്ങളും ദിനം‌പ്രതി വര്‍ദ്ധിച്ചുകൊണ്ടിരിക്കുന്നു. വിക്ടറിന്റെ മാനസിക പ്രശ്നങ്ങള്‍ ചികിത്സയിലൂടെ ഭേദപ്പെട്ടുകൊണ്ടിരിക്കുന്നു. ഡോക്ടറുടെ പരിശോധനകളും മറ്റും മുറപോലെ നടക്കുന്നു. പ്രദേശവാസികളാണ് അതിനെല്ലാം സഹായങ്ങള്‍ ചെയ്യുന്നത്. മരുന്നുകളും വസ്ത്രങ്ങളും പ്രദേശത്തെ അഗ്നിശമന സേനാവിഭാഗം നല്‍കുന്നു. ഭവനരഹിതനായ വിക്ടറിന് താമസിക്കാന്‍ ഷെല്‍ട്ടര്‍ ലഭ്യമാക്കാനുള്ള ശ്രമത്തിലാണ് യുവതിയും പ്രദേശവാസികളും.

ഫെയ്സ്ബുക്ക്, റേഡിയോ സ്റ്റേഷന്‍, ഇതര സോഷ്യല്‍ മീഡിയകള്‍ വഴിയുള്ള പ്രചരണത്തെത്തുടര്‍ന്ന് യുവാവിന്റെ അമ്മാവനെ കണ്ടുപിടിക്കാന്‍ സാധിച്ചതാണ് പ്രധാന വഴിത്തിരിവായത്. അതുവഴി വിക്ടറിന്റെ അമ്മയെ കണ്ടുപിടിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ജിഞ്ചര്‍ ജോണ്‍സ് സ്‌പ്രൗസ്.

"അവസാനം എന്റെ കാത്തിരിപ്പിന് വിരാമമുണ്ടാകാന്‍ പോകുന്നു. അമ്മയെ കാണാനും സംസാരിക്കാനും എനിക്ക് കഴിയുമെന്ന് പ്രതീക്ഷയുണ്ട്" - സന്തോഷഭരിതനായി വിക്ടര്‍ പറയുന്നു.

"മണ്ണിലും വിണ്ണിലും തൂണിലും തുരുമ്പിലും
ദൈവമിരിക്കുന്നൂ അവന്‍
കരുണാമയനായ് കാവല്‍‌വിളക്കായ്
കരളിലിരിക്കുന്നൂ....."

Monday, March 13, 2017

പിന്തുടര്‍ച്ചാവകാശികളില്ലാത്തൊരു ഭരണാധികാരി

ഇന്ത്യന്‍ രാഷ്‌ട്രീയത്തില്‍ ഭരണനൈപുണനമോ കുടുംബ പാരമ്പര്യമോ അവകാശപ്പെടനില്ലാതെ, വ്യക്തിപ്രഭാവം കൊണ്ടും വാക്‌ചാതുരി കൊണ്ടും ജനമനസ്സുകളെ അമ്മാനമാടിക്കളിച്ച്, അവരുടെ മനസ്സുകളിലേക്ക് മാസ്മരികത വാരിവിതറി തന്നിലേക്ക് ആവാഹിച്ചെടുത്ത ഭരണാധികാരിയായ നരേന്ദ്ര ദാമോദർ ദാസ് മോദി ഇന്ത്യയുടെ പ്രധാനമന്ത്രി കസേരയില്‍ ഒന്നാം ഊഴം പൂര്‍ത്തിയാക്കാന്‍ ഇനി രണ്ടു വര്‍ഷം ബാക്കി. അതു കഴിഞ്ഞാല്‍ അദ്ദേഹത്തിന്‍റെ ഭരണ നേട്ടങ്ങളും കോട്ടങ്ങളും ഇന്ത്യന്‍ ജനാധിപത്യത്തിന്‍റെ കോടതി വിചാരണയ്ക്കെടുക്കും. മോദിയുടെ തുടര്‍ഭാവി തീരുമാനിക്കുന്ന ജനവിധിയാകും 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പ്. രണ്ടു വര്‍ഷത്തിനപ്പുറം മോദിയെ കാത്തിരിക്കുന്ന ജനവിധിയുടെ സൂചനയായി വേണം വടക്കേ ഇന്ത്യയിലും വടക്കു കിഴക്കന്‍ ഇന്ത്യയിലും കൊങ്കണിലുമുള്ള അഞ്ചു സംസ്ഥാനങ്ങളില്‍ ഇപ്പോള്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പിന്‍റെ ഫലങ്ങളെ കാണാന്‍.

താന്‍ എന്തായിത്തീരണം, എങ്ങനെയായിത്തീരണം, ഏതു വിധത്തില്‍ ഭരണം നടത്തണമെന്നുമൊക്കെ സ്വയം ഹോം‌വര്‍ക്ക് ചെയ്ത്, പരീക്ഷണനിരീക്ഷണങ്ങളിലൂടെ ലക്ഷ്യത്തിലെത്തിച്ചേര്‍ന്ന മോദിക്ക് ഗുജറാത്ത് എന്ന സംസ്ഥാനത്തിന്‍റെ മുഖ്യമന്ത്രി എന്നതില്‍ കവിഞ്ഞ ഭരണപരിചയമൊന്നുമില്ല. അധികാര പാരമ്പര്യത്തിന്‍റെ പിന്തുടര്‍ച്ചയും അവകാശപ്പെടാനില്ല. ഹാര്‍വാര്‍ഡിലും ഓക്സ്ഫഡിലും വിഖ്യാതമായ ലണ്ടന്‍ സ്കൂള്‍ ഒഫ് ഇക്കണോമിക്സിലും പഠിച്ച പ്രാഗത്ഭ്യവുമില്ല. പക്ഷേ, കഴിഞ്ഞ മൂന്നു വര്‍ഷത്തെ ഭരണംകൊണ്ട് ജനങ്ങളുടെ വിശ്വാസം കളഞ്ഞുകുളിച്ചില്ല അദ്ദേഹം. ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും ബിജെപി നേടിയ ചരിത്ര വിജയം നരേന്ദ്ര മോദിയെന്ന പ്രധാനമന്ത്രിക്ക് വരുംകാല ഭരണത്തുടര്‍ച്ചയ്ക്കുള്ള അനുമതി പത്രമായി കണക്കാക്കുന്നതില്‍ തെറ്റില്ല. രാഷ്ട്രീയ എതിരാളികളുടെ മുഴുവന്‍ കണക്കുകൂട്ടലുകളും തെറ്റിച്ചുകളഞ്ഞു അദ്ദേഹം. സാധാരണ ജനങ്ങള്‍ തനിക്കൊപ്പമെന്ന മോദിയുടെ ആവര്‍ത്തിച്ചുള്ള പ്രഖ്യാപനങ്ങള്‍ ശരിയെന്നു സമ്മതിക്കേണ്ടി വരുന്നു എതിരാളികള്‍ക്ക്.

ഇന്ത്യയുടെ ഹൃദയഭൂമിയെന്നറിയപ്പെടുന്ന ഉത്തര്‍പ്രദേശിലും ഉത്തരഖണ്ഡിലും നാലില്‍ മൂന്നു ഭൂരിപക്ഷം. കോണ്‍ഗ്രസിന്‍റെ ഉരുക്കു കോട്ടയായിരുന്ന മണിപ്പുരില്‍ രണ്ടാം സ്ഥാനത്തെത്തി സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത. ഗോവയിലും പിന്നിലായെങ്കിലും ഭരണത്തുടര്‍ച്ചയ്ക്കു ശ്രമിക്കാവുന്ന നില. പഞ്ചാബിലെ ഭരണനഷ്ടത്തിനിടയിലും കണ്ട മുന്നേറ്റങ്ങള്‍ ബിജെപിക്ക് അഭിമാനിക്കാന്‍ വക നല്‍കുന്നു. ഈ തെരഞ്ഞെടുപ്പു വിജയം നരേന്ദ്ര മോദിയെന്ന ഏക ഛത്രപതിയുടെ തൊപ്പിയിലെ തൂവാലയാണെന്ന കാര്യത്തില്‍ സംശയമില്ല. നാനാ ജാതി മതസ്ഥരും ഭിന്ന സംസ്കാരമുള്ളവരും പല ഭാഷകള്‍ സംസാരിക്കുന്നവരുമായ വലിയൊരു ജനസഞ്ചയത്തിന്‍റെ വിശ്വാസം നേടുക എന്നതു ചെറിയ കാര്യമല്ല. മുസ്‌ലിം വിരോധം അടിച്ചേല്‍പ്പിക്കപ്പെട്ടിരിക്കന്ന നരേന്ദ്ര മോദിയും ബിജെപിയും ഉത്തര്‍പ്രദേശില്‍ ഒരൊറ്റ മുസ്‌ലിം സ്ഥാനാർഥിയെപ്പോലും മത്സരിപ്പിച്ചില്ല. എന്നിട്ടും മുസ്‌ലിം ആധിപത്യ മേഖലകളിലും ബിജെപി വിജയിച്ചു. ജാതിയും മതവും നോക്കിയല്ല, മോദി സർക്കാര്‍ മുന്നോട്ടു വയ്ക്കുന്ന നയസമീപനങ്ങളിലാണ് ജനങ്ങള്‍ വിശ്വസിക്കുന്നതെന്നു ചുരുക്കം.

കറന്‍സി നിയന്ത്രണം മോദിക്കു തിരിച്ചടിയാകുമെന്നു കരുതിയവരാണ് അദ്ദേഹത്തിന്‍റെ പ്രതിയോഗികളെല്ലാം. പക്ഷേ, രാജ്യത്തിനകത്തും പുറത്തുമുള്ള ഇന്ത്യന്‍ രൂപയുടെ വിനിമയത്തിനു മൂല്യം നിശ്ചയിക്കപ്പെട്ടതോടെ കള്ളപ്പണത്തിന്‍റെ കുത്തൊഴുക്കു നിലച്ചു. ബഹുഭൂരിപക്ഷം ആളുകളും അത് ഇഷ്ടപ്പെടുന്നു എന്നതാണ് ഇപ്പോള്‍ തെരഞ്ഞെടുപ്പില്‍ മോദിക്കുണ്ടായ വിജയം സൂചിപ്പിക്കുന്നത്. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ വളരുന്നു എന്ന് അമെരിക്ക അടക്കമുള്ള വന്‍കിട രാജ്യങ്ങള്‍ പോലും അംഗീകരിക്കുന്നു. സ്റ്റേറ്റ് ബാങ്ക് ഗ്രൂപ്പുകളുടെ ഏകോപനമടക്കം നടപടികളിലൂടെ ലോകത്തെ ഏറ്റവും വലിയ ബാങ്കുകളിലൊന്ന് ഇന്ത്യയിലാവുകയാണ്. ബ്രിക് രാജ്യങ്ങളെ ഏകോപിപ്പിച്ചുണ്ടാക്കിയ അന്താരാഷ്ട്ര ധനകാര്യ സ്ഥാപനങ്ങള്‍ ലോക ബാങ്കിനു ബദലായി, ഇന്ത്യയടക്കമുള്ള മൂന്നാം ലോക രാജ്യങ്ങളുടെ സാമ്പത്തിക സ്രോതസുകളായി ലോകം അംഗീകരിച്ചിരിക്കുന്നു.

അഴിമതിയില്ലായ്മയും ഭരണത്തിലെ കാര്‍ക്കശ്യവുമാണ് ഭരണാധികാരികളിലെ മികവിന്‍റെ മാനദണ്ഡങ്ങളെങ്കില്‍ രണ്ടിലും എ പ്ലസ് ഉണ്ട് നരേന്ദ്ര മോദിക്ക്. ബോഫോഴ്സ്, കൽക്കരി, ടുജി സ്പെക്ട്രം, കോമണ്‍വെല്‍ത്ത് തുടങ്ങിയ അഴിമതി കേസുകളിലാണ് ഒരുകാലത്ത് ഇന്ത്യ അടക്കി വാണ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് അടി തെറ്റി വീണത്. നഷ്ടപ്രതാപത്തിലേക്ക് ആ പാര്‍ട്ടി നയിക്കപ്പെട്ടതാണ് ഒരുപക്ഷേ നരേന്ദ്രമോദിയെ ഇന്നത്തെ നിലയില്‍ കരുത്തനാക്കുന്നതും.

അധികാരത്തിലിരുന്ന മൂന്നു വര്‍ഷവും അഴിമതി രഹിതനായിരിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. മോദിയുടെ കീഴില്‍ സുസ്ഥിര ഭരണമുണ്ടാകുമെന്ന് ജനങ്ങള്‍ വിശ്വസിക്കുന്നു. പുതിയ സാമ്പത്തിക നടപടികള്‍ ഇന്ത്യയുടെ വികസനക്കുതിപ്പിന് ഉത്തേജകമാകുമെന്ന് ഉത്പാദകരും നിക്ഷേപകരും വ്യവസായികളും കരുതുന്നു. ഈ രാജ്യത്തിന്‍റെ സാമ്പത്തിക ഭദ്രതയില്‍ തങ്ങള്‍ സുരക്ഷിതരായിരിക്കുമെന്ന് യുവത്വം സ്വപ്നം കാണുകയും ചെയ്യുന്നു. കഴിഞ്ഞ മൂന്നു വര്‍ഷവും ഈ പ്രതീക്ഷ കാക്കാന്‍ മോദിക്കു കഴിഞ്ഞു എന്നതാണ് അദ്ദേഹത്തിന്‍റെ വിജയ രഹസ്യം. അതിനെ അതിജീവിക്കാന്‍ പോന്ന വേറിട്ട നയസമീപനങ്ങളുമായി ജനങ്ങളെ സമീപിക്കാന്‍ പുതിയൊരാള്‍ക്ക് കഴിയാത്തിടത്തോളം നരേന്ദ്ര മോദി തന്നെയാവും നവഭാരതത്തിന്‍റെ താരം.

Wednesday, March 8, 2017

അസാധു നോട്ടുകളും വിദേശ ഇന്ത്യക്കാരും

2016 നവംബര്‍ 8 അര്‍ദ്ധരാത്രിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച നോട്ട് നിരോധനം കുറച്ചൊന്നുമല്ല ജനങ്ങളെ ബുദ്ധിമുട്ടിച്ചത്. ആ ബുദ്ധിമുട്ട് വെറും 50 ദിവസങ്ങള്‍ കൊണ്ട് തീരുമെന്നും അതുകഴിഞ്ഞാല്‍ "അഛേ ദിന്‍" എത്തുമെന്ന വാഗ്ദാനവും പിന്നീട് പാഴ്‌വാക്കായി എന്ന് പലരും ഇതിനോടകം കാണുകയും കേള്‍ക്കുകയും അനുഭവിക്കുകയും ചെയ്തു. കൈയ്യിലുണ്ടായിരുന്നതും കക്ഷത്തില്‍ വെച്ചതും പോകുകയും ചെയ്തു "അഛേ ദിന്‍" വന്നതുമില്ല. പിന്നീടു വന്ന ദിനങ്ങള്‍ നരകതുല്യമാകുകയും ചെയ്തു.

ഇന്ത്യയെ മുഴുവന്‍ ഡിജിറ്റലൈസ് ചെയ്യാന്‍ മോദി കണ്ടുപിടിച്ച ഒരു ഉപായമായിരുന്നു നോട്ട് നിരോധനമെന്ന് മണ്ടന്മാരായ ജനങ്ങള്‍ മനസ്സിലാക്കിയത് ഏറെ വൈകിയാണ്. ടോട്ടല്‍ ക്യാഷ്‌ലസ് അല്ലെങ്കില്‍ സമ്പൂര്‍ണ്ണ ഡിജിറ്റലൈസേഷന്‍ നടപ്പില്‍ വരുത്തുന്നതിനു മുന്‍പ് അവശ്യം ചെയ്യേണ്ടതായ യാതൊരു സം‌വിധാനവും ഒരുക്കാതെയുള്ള എടുത്തു ചാട്ടമായിരുന്നു നോട്ട് നിരോധനം. ഇന്റര്‍നെറ്റ് സം‌വിധാനത്തിന്റെ ന്യൂനതകള്‍ പരിഹരിക്കാതെ ഡിജിറ്റലൈസേഷന്‍ കൊണ്ടുവന്നതിന് ബലിയാടുകളായത് ഗ്രാമവാസികളാണ്. ഇന്ത്യയുടെ പല സംസ്ഥാനങ്ങളിലും വിവിധ ഗ്രാമ പ്രദേശങ്ങളില്‍ ഇന്റര്‍നെറ്റ് എത്തിനോക്കിയിട്ടേയില്ല. രാജസ്ഥാനിലെ ഉദയ്‌പൂര്‍ തന്നെ ഉദാഹരണം. അവിടെ ഗ്രാമീണരുടെ ബയോമെട്രിക് വിവരങ്ങള്‍ ശേഖരിക്കാന്‍ പി‌ഒ‌എസ് മെഷീനുമായി ഉദ്യോഗസ്ഥര്‍ മരത്തിനു മുകളിലാണ് കയറി ഇരിക്കുന്നതത്രേ ! മരച്ചില്ലകളിലും താഴെയുമായി തങ്ങളുടെ ഊഴം നോക്കി ഗ്രാമീണരും. മണിക്കൂറുകള്‍ ഇരുന്നാല്‍ ലഭിക്കുന്ന ഇന്റര്‍നെറ്റ് കണക്റ്റിവിറ്റി സിഗ്നല്‍ കൊണ്ട് മെഷീന്‍ പ്രവര്‍ത്തിപ്പിക്കും. റേഷന്‍ സംവിധാനം പൂര്‍ണമായും സാങ്കേതികവല്‍ക്കരിക്കാനുള്ള സര്‍ക്കാറിന്റെ തീരുമാനമാണ് ഉദയ്‌പൂരിലെ ഗ്രാമീണരെ സ്ത്രീപുരുഷ വ്യത്യാസമില്ലാതെ മരം കയറ്റുന്നത്. ഇങ്ങനെ എത്രയെത്ര ഗ്രാമവാസികള്‍ മരം കയറുന്നുണ്ടെന്ന് കേന്ദ്ര സര്‍ക്കാരിനോ റിസര്‍‌വ്വ് ബാങ്കിനോ അറിയാമോ ആവോ. കോടികള്‍ കള്ളപ്പണമായി കെട്ടിപ്പൂഴ്ത്തി വെച്ചവരല്ല ഈ ഗ്രാമീണര്‍. അന്നന്നത്തെ ആഹാരത്തിന് അദ്ധ്വാനിച്ച് പണമുണ്ടാക്കുന്നവരാണവര്‍.

നോട്ട് അസാധുവാക്കലിലൂടെ മോദി ലക്ഷ്യമിട്ടത് അതിര്‍ത്തിവഴിയുള്ള കള്ളനോട്ടുകളുടെ പ്രവാഹം തടയുക എന്നതായിരുന്നു. പക്ഷെ, ആ ലക്ഷ്യവും പിന്നീട് പിഴച്ചു. കള്ളനോട്ടുകളുടെ പ്രവാഹം പതിന്മടങ്ങ് വര്‍ദ്ധിക്കുക മാത്രമല്ല, ബംഗ്ലാദേശ് അതിര്‍ത്തി വഴി കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഇന്ത്യയിലേക്കൊഴുകുകയും ചെയ്തു, അതും 2000 രൂപയുടെ കള്ളനോട്ടുകള്‍ ! അതിര്‍ത്തി സുരക്ഷാസേനയും ദേശീയ അന്വേഷണ ഏജന്‍സിയും അത് കണ്ടുപിടിക്കപ്പെട്ടപ്പോഴാണ് ആ രഹസ്യം കേന്ദ്ര സര്‍ക്കാര്‍ പോലും അറിയുന്നത്. പാക് ചാര സംഘടനയായ ഐ.എസ്.ഐ (ഇന്‍ര്‍ സര്‍വ്വീസ് ഇന്റലിജന്‍സ്) യുടെ സഹായത്തോടെ പാക്കിസ്ഥാനിലാണ് കള്ളനോട്ട് അച്ചടിക്കുന്നതെന്നും, 2000 രൂപയുടെ കള്ളനോട്ട് എത്തിച്ചാല്‍ 600 രൂപ വരെ കമ്മീഷന്‍ കിട്ടുമെന്നും അതിര്‍ത്തി പ്രദേശങ്ങളിലുള്ള ഇന്ത്യയിലെ കള്ളപ്പണ ഏജന്റുമാര്‍ പറഞ്ഞതായി ദേശീയ അന്വേഷണ ഏജന്‍സി വെളിപ്പെടുത്തുന്നു.

ഇന്റലിജന്‍സ് ഉദ്യോഗസ്ഥര്‍ക്ക് ഉറക്കമില്ലാത്ത രാത്രികളാണ് അതിര്‍ത്തി വഴി കടത്തുന്ന നോട്ടു കെട്ടുകള്‍ സമ്മാനിക്കുന്നത്. നിരവധി സുരക്ഷാ പ്രത്യേകതകളോടെയാണ് പുതിയ രണ്ടായിരം രൂപ നോട്ട് അച്ചടിച്ചതെന്ന് റിസര്‍‌വ്വ് ബാങ്ക് സാക്ഷ്യപ്പെടുത്തുന്നു. 17 പ്രത്യേകതകള്‍ അതിലുണ്ടെന്നും പറയുന്നു. എന്നാല്‍ 80 ശതമാനത്തോളം സവിശേഷതകള്‍ അതുപോലെ ചേര്‍ത്തിട്ടുള്ള വ്യാജനോട്ടുകളാണ് അതിര്‍ത്തി വഴി ഇന്ത്യയിലേക്ക് വന്നുകൊണ്ടിരിക്കുന്നതെന്നാണ് ബി.എസ്.എഫും ദേശീയ സുരക്ഷാ ഏജന്‍സിയും പറയുന്നത്. എല്ലാവര്‍ക്കും എ‌ടി‌എം കാര്‍ഡുകള്‍ നല്‍കി പണം പിന്‍‌വലിക്കാന്‍ നിബന്ധനകളും ഏര്‍പ്പെടുത്തി, പിന്‍‌വലിക്കുന്ന പണത്തിന് സര്‍‌വ്വീസ് ചാര്‍ജും ഈടാക്കുമ്പോള്‍ "അഛേ ദിന്‍" വന്നത് ബാങ്കുകള്‍ക്ക് മാത്രം. സാധാരണക്കാര്‍ക്ക് ഇപ്പോഴും "ബുരേ ദിന്‍" തന്നെ.

നോട്ട് നിരോധനത്തിലൂടെ ലക്ഷക്കണക്കിന് വിദേശ ഇന്ത്യക്കാര്‍ക്കും നഷ്ടങ്ങള്‍ ഏറെ സംഭവിച്ചു. ഇന്ത്യയില്‍ പോയി തിരിച്ചുവരുന്നവരുടെ കൈയ്യിലുള്ള ഇന്ത്യന്‍ രൂപ എങ്ങനെ മാറ്റിയെടുക്കുമെന്നതായിരുന്നു പലരുടേയും ചിന്ത. കുറച്ചു പണമുള്ളവര്‍ സുഹൃത്തുക്കള്‍ വഴിയോ ബന്ധുക്കള്‍ വഴിയോ അവ കൊടുത്തുവിടുന്നുണ്ടെന്ന് വാര്‍ത്തകളിലും മറ്റും കാണുന്നുണ്ട്. എന്നാല്‍, അതിനും കഴിയാതെ വരുന്നവര്‍ക്ക് വിദേശ രാജ്യങ്ങളിലുള്ള ഇന്ത്യന്‍ എംബസി വഴിയോ, കോണ്‍സുലേറ്റ് വഴിയോ അതുമല്ലെങ്കില്‍ ഏതെങ്കിലും ഇന്ത്യന്‍ ബാങ്കുകളുടെ ശാഖ വഴിയോ ഒക്കെ മാറ്റിയെടുക്കാന്‍ സൗകര്യങ്ങള്‍ ചെയ്യണമെന്നും ചെയ്യുമെന്നുമൊക്കെ നിരന്തരം പ്രസ്താവനകളുമൊക്കെ കാണാറുണ്ട്. റിസര്‍‌വ്വ് ബാങ്കിന്റെ ശാഖയില്‍ നേരിട്ടു ചെന്ന് പണമടച്ചാല്‍ മതിയെന്ന വാര്‍ത്തയും പിന്നീട് പുറത്തുവന്നു.

അമേരിക്കയിലുള്ള ഇന്ത്യന്‍ വംശജരില്‍ പലരും ഇക്കാര്യത്തില്‍ ആശങ്കയുള്ളവരായിരുന്നു. എന്നാല്‍, നാം വിചാരിക്കുന്നപോലെ അത്ര എളുപ്പമല്ല ഇന്ത്യന്‍ രൂപ മാറ്റിയെടുക്കല്‍ എന്നാണ് അനുഭവസ്ഥര്‍ പറയുന്നത്. 2017 ജനുവരി 2 മുതല്‍ 2017 ജൂണ്‍ 30 വരെ റിസര്‍‌വ്വ് ബാങ്കിന്റെ മുംബൈ, ന്യൂഡല്‍ഹി, ചെന്നൈ, കൊല്‍ക്കത്ത, നാഗ്‌പൂര്‍ ബ്രാഞ്ചുകളില്‍ വിദേശ ഇന്ത്യക്കാര്‍ക്ക് നിരോധിത നോട്ടുകള്‍ അവരവരുടെ ബാങ്ക് അക്കൗണ്ടുകളില്‍ ഡെപ്പോസിറ്റ് ചെയ്യാന്‍ സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് റിസര്‍‌വ്വ് ബാങ്കിന്റെ വിജ്ഞാപനത്തില്‍ പറയുന്നു. എന്നാല്‍, ഈ വിജ്ഞാപന പ്രകാരം പണം നിക്ഷേപിച്ച നിരവധി പേരുടെ പണം നഷ്ടമായി എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. അതിന്റെ കാരണം തേടുമ്പോള്‍ പലരും "ഫൈന്‍ പ്രിന്റ്" വായിച്ചില്ല എന്നാണ് മനസ്സിലാകുന്നത്.

2016 നവംബര്‍ 9 മുതല്‍ 2016 ഡിസംബര്‍ 30 വരെ ഇന്ത്യയിലില്ലാതിരുന്നവര്‍ക്കാണ് ബാങ്കുകളില്‍ നിരോധിത നോട്ടുകള്‍ നല്‍കാന്‍ അനുമതിയുള്ളതെന്ന് റിസര്‍‌വ്വ് ബാങ്കിന്റെ ആദ്യത്തെ വിജ്ഞാപനത്തില്‍ പറയുന്നു. പക്ഷെ, "വിദേശരാജ്യങ്ങളില്‍ താമസമാക്കിയിട്ടുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമേ അത് ലഭിക്കൂ എന്നും, വിദേശ പൗരത്വമുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നിരോധിത നോട്ടുകള്‍ നിക്ഷേപിക്കാന്‍ യോഗ്യതയുണ്ടായിരിക്കില്ല" എന്നും അവര്‍ പറഞ്ഞില്ല. എന്നാല്‍ അത് പിന്നീട് എഴുതിച്ചേര്‍ക്കുകയും ചെയ്തു. റിസര്‍‌വ്വ് ബാങ്കിന്റെ വിജ്ഞാപന പ്രകാരം നിരവധി പേര്‍ ഇന്ത്യയിലെ വിവിധ ബ്രാഞ്ചുകളില്‍ നോട്ടുകള്‍ നല്‍കിയിരുന്നെങ്കിലും വിദേശ പൗരത്വമുള്ളവരുടെ പണം സ്വീകരിക്കില്ല എന്ന് പറയാനുള്ള സന്മനസ്സ് ബാങ്ക് അധികൃതര്‍ കാണിച്ചില്ലെന്നു മാത്രമല്ല അവരുടെ പണവും വാങ്ങിയെന്നാണ് ലണ്ടനില്‍ റിട്ടെയ്ല്‍ കമ്പനി ഡയറക്ടറായ മയൂര്‍ പട്ടേല്‍ പറയുന്നത്. നിരോധിച്ച നോട്ടുകളുടെ മൂല്യം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കാനല്ലായിരുന്നെങ്കില്‍ എന്തിനാണ് അവ സ്വീകരിച്ചതെന്നാണ് അദ്ദേഹം ചോദിക്കുന്നത്. വിദേശ പാസ്പോര്‍ട്ടുള്ള ഇന്ത്യന്‍ വംശജര്‍ക്ക് നിരോധിത നോട്ടുകള്‍ മാറാനാകില്ലെന്ന വിജ്ഞാപനം റിസര്‍വ്വ് ബാങ്ക് വെബ്സൈറ്റില്‍ കണ്ടിട്ടില്ലെന്നും റിസര്‍വ് ബാങ്ക് പണം സ്വീകരിക്കുമെന്ന് തന്‍െറ ബാങ്ക് മാനേജര്‍ ഇ-മെയില്‍ വഴി നിര്‍ദേശിച്ചതായും മയൂര്‍ പട്ടേല്‍ പറയുന്നു. ലണ്ടനില്‍ തന്നെ ബാങ്ക് മാനേജരായ ഭാര്യ സ്വാതി പട്ടേലിനൊപ്പം മുംബൈയിലെ റിസര്‍വ് ബാങ്ക് കാര്യാലയത്തിലാണ് 66,500 രൂപയുടെ 1000,500 നോട്ടുകള്‍ പട്ടേല്‍ നല്‍കിയത്. ഭാര്യയുടെ പേരില്‍ 25,000വും ശേഷിച്ചത് അദ്ദേഹത്തിന്റെ പേരിലും നിക്ഷേപിക്കുകയായിരുന്നു. ഒരാള്‍ക്ക് 25,000 രൂപ പരിധിയെന്നത് ചൂണ്ടിക്കാട്ടി കൂടുതല്‍ പണമുണ്ടെന്ന് പറഞ്ഞപ്പോള്‍ അവിടത്തെ ഉദ്യോഗസ്ഥന്‍ ഉള്ളത് മുഴുവനായും നിക്ഷേപിക്കാന്‍ ആവശ്യപ്പെട്ടെന്നും, എന്നാല്‍ റിസര്‍വ് ബാങ്ക് സ്വീകരിച്ച പണം ഇതുവരെ ബാങ്ക് അക്കൗണ്ടില്‍ തിരിച്ചെത്തിയിട്ടില്ലെന്നും അദ്ദേഹം പറയുന്നു.

ജര്‍മ്മനിയില്‍ നിന്നുള്ള മലയാളി ദമ്പതികളായ ചാക്കോ അബ്രഹാം, ലീലാമ്മ എന്നിവരും സമാന അനുഭവമാണ് പങ്കുവെക്കുന്നത്. ജര്‍മ്മന്‍ പോലീസില്‍നിന്ന് വിരമിച്ച ചാക്കോയും അവിടെ നഴ്സായിരുന്ന ഭാര്യ ലീലാമ്മയും ഫെബ്രുവരി 10നാണ് നിരോധിച്ച നോട്ടുകളുമായി മുംബൈയിലെ റിസര്‍വ് ബാങ്കിലെത്തിയത്. ഇന്ത്യന്‍ പാസ്പോര്‍ട്ടുള്ള എന്‍.ആര്‍.ഐകള്‍ക്ക് മാത്രമേ നിരോധിച്ച നോട്ട് നിക്ഷേപിക്കാനാകൂ എന്ന പേരില്‍ ആദ്യം പണം വാങ്ങാന്‍ വിസമ്മതിച്ചെങ്കിലും, പിന്നീട് പണം വാങ്ങി. പുറത്തിറങ്ങി ഇരുവരുടെയും പേരിലായി 66,000 രൂപ നിക്ഷേപിച്ചതിന്‍െറ രസീത് കണ്ട അവര്‍ ഞെട്ടി ! സ്വീകരിച്ച പണം ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിക്കുമെന്നതിന് ഉറപ്പുനല്‍കാനാകില്ലെന്നാണത്രേ അതില്‍ എഴുതിയിരിക്കുന്നത്. 75,000 രൂപയുടെ നിരോധിച്ച നോട്ടുകള്‍ നിക്ഷേപിച്ച ലണ്ടനില്‍ കഴിയുന്ന ഡോ. ഹഷ്‌മുഖ് ഷാ, 25,000 രൂപ മാതാവിന്‍െറ പേരില്‍ നിക്ഷേപിച്ച ന്യൂസിലന്‍ഡില്‍ കഴിയുന്ന അനിന്ദിത സിന്‍ഗാള്‍ എന്നിവര്‍ക്കും സമാന അനുഭവങ്ങളാണുണ്ടായതെന്ന് പറയുന്നു.

ഏറ്റവും ഒടുവിലായി ഇന്ന് ഒരു അമേരിക്കന്‍ മലയാളിയും തന്റെ കൈവശമുള്ള അരലക്ഷത്തിലധികം രൂപയുടെ അസാധുനോട്ടുകള്‍ എന്തുചെയ്യണമെന്നറിയാതെ ഡല്‍ഹിയില്‍ നട്ടംതിരിയുകയാണെന്ന് കേട്ടു. തന്റെ കൈവശമുള്ള നോട്ടുകള്‍ സ്വീകരിക്കാന്‍ റിസര്‍വ് ബാങ്ക് തയ്യാറാകുന്നില്ലെന്നതാണ് ചെങ്ങന്നൂര്‍ സ്വദേശിയായ ഇദ്ദേഹത്തിന്റെ പരാതി. പഴയ നോട്ടു മാറാന്‍ പ്രവാസി ഇന്ത്യക്കാര്‍ക്ക് മാര്‍ച്ച് 31 വരെ സാവകാശമുണ്ടെന്ന വാര്‍ത്തകള്‍ കേട്ടാണ് അദ്ദേഹം അത്രയധികം നോട്ടുകളുമായി ഡല്‍ഹിയിലെത്തിയത്. എന്നാല്‍, അദ്ദേഹത്തിന്റെ അമേരിക്കന്‍ പൗരത്വമാണ് തിരിച്ചടിയായത്.

ഇരുപതിലധികം വര്‍ഷമായി ന്യൂയോര്‍ക്കിലാണ് അറുപത്തിയഞ്ചുകാരനായ അദ്ദേഹം താമസം. കഴിഞ്ഞ വര്‍ഷം നാട്ടില്‍ നിന്ന് തിരിച്ചുപോരുമ്പോള്‍ കൈയ്യില്‍ കരുതിയ അന്‍പത്തൊമ്പതിനായിരം രൂപയാണ് മാറ്റിയെടുക്കാന്‍ ഡല്‍ഹിയിലെത്തിയത്. പ്രവാസി ഇന്ത്യക്കാര്‍ക്ക് അസാധുനോട്ടുകള്‍ നിക്ഷേപിക്കാന്‍ സാവകാശമുണ്ടെന്നറിഞ്ഞാണ് റിസര്‍വ് ബാങ്കില്‍ ചെന്നത്. പക്ഷെ ബാങ്കുകാര്‍ അവ സ്വീകരിച്ചില്ല. ഒ.സി.ഐ. കാര്‍ഡ് ഉണ്ടെങ്കിലും അതൊന്നും ഇളവുനല്‍കാന്‍ പര്യാപ്തമല്ലെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കിയത്രേ. തുടര്‍ന്ന് പണം റിസര്‍വ് ബാങ്കിനു മുന്നില്‍ ഉപേക്ഷിക്കാന്‍ ശ്രമം നടത്തിയെങ്കിലും പോലീസും ഉദ്യോഗസ്ഥരും താക്കീതു ചെയ്തു. അസാധുനോട്ടുകള്‍ കൈവശം വെച്ചതിന്റെ പേരില്‍ നടപടി നേരിടേണ്ടിവരുമോ എന്ന ആശങ്കയിലാണ് അദ്ദേഹമിപ്പോള്‍. കോടതിയെ സമീപിക്കുന്നകാര്യവും പരിഗണനയിലുണ്ടെന്നു കേള്‍ക്കുന്നു. ഇതേ പ്രശ്‌നം നേരിടുന്ന നിരവധി പ്രവാസി ഇന്ത്യക്കാരാണ് ദിവസവും റിസര്‍വ് ബാങ്കിന്റെ മുന്നിലെത്തുന്നത്. വിദേശപൗരത്വമുള്ളതുകൊണ്ട് കൈവശമുള്ള പണം എന്തുചെയ്യണമെന്നറിയാതെ കുഴയുകയാണ് ഇക്കൂട്ടര്‍.

ഇവര്‍ക്കെല്ലാം ഈ അനുഭവമുണ്ടായത് റിസര്‍‌വ്വ് ബാങ്കിന്റെ വിജ്ഞാപനം ശ്രദ്ധയോടെ വായിക്കാതിരുന്നതിനാലാണ് എന്നു തോന്നുന്നു. അസാധു നോട്ടുകള്‍ മാറ്റിയെടുക്കാന്‍ വിദേശത്തു കഴിയുന്ന ഇന്ത്യക്കാര്‍ക്ക് മാത്രമേ അനുമതിയുള്ളൂ എന്നും, വിദേശ പാസ്പോര്‍ട്ടുള്ളവര്‍ക്ക് അനുമതിയില്ല എന്നും റിസര്‍‌വ്വ് ബാങ്കിന്റെ വെബ്സൈറ്റില്‍ വ്യക്തമായി കൊടുത്തിട്ടുണ്ട്. ലിങ്ക്: https://www.rbi.org.in/Scripts/FAQView.aspx?Id=122

അമേരിക്കയിലെ വിവിധ സംഘടനകള്‍ ഈ ആവശ്യമുന്നയിച്ച് കേന്ദ്ര സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടുണ്ടെന്നും, അമേരിക്കയില്‍ ഇന്ത്യന്‍ എംബസ്സിയിലോ കോണ്‍സുലേറ്റുകളിലോ അസാധു നോട്ടുകള്‍ മാറ്റിയെടുക്കാനുള്ള സൗകര്യം ചെയ്തുതരണമെന്നുമൊക്കെയുള്ള നിവേദനങ്ങള്‍ നല്‍കിയിട്ടുണ്ടെങ്കിലും, അവയൊക്കെ പ്രായോഗികമാകുമോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. അമേരിക്കന്‍ പൗരത്വമുള്ളവരും, ഒസിഐ, പിഐഒ കാര്‍ഡ് ഉള്ളവര്‍ക്കൊന്നും മേല്പറഞ്ഞ ആനുകൂല്യം ലഭിക്കുകയില്ലെന്നു മാത്രമല്ല, നിരോധിത ഇന്ത്യന്‍ കറന്‍സിയും കൊണ്ട് ഇന്ത്യയിലേക്ക് യാത്ര ചെയ്ത് പിടിക്കപ്പെട്ടാല്‍ പിഴയൊടുക്കുക മാത്രമല്ല ജയില്‍ ശിക്ഷയും കിട്ടും. മേല്പറഞ്ഞ അമേരിക്കന്‍ മലയാളിയുടെ അനുഭവം തന്നെ ഉദാഹരണം.