അമേരിക്കയിലെ മലയാളി സംഘടനകളുടെ ദേശീയ സംഘടനകളായ ഫൊക്കാനയും ഫോമയും അവരുടെ അംഗസംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കുന്നത് നല്ല പ്രവണതയല്ല. ഈ രണ്ടു സംഘടനകളുടേയും ദ്വൈവാര്‍ഷിക കണ്‍വന്‍ഷനോടനുബന്ധിച്ച് നടത്തുന്ന തിരഞ്ഞെടുപ്പുകള്‍ വിവാദങ്ങളിലാണ് കലാശിക്കാറുള്ളത്. ബൂത്തു പിടുത്തം, വോട്ടു പിടുത്തം, കുതികാല്‍ വെട്ട്, വിശ്വാസ വഞ്ചന എന്നിവ കൂടാതെ, ജനറല്‍ കൗണ്‍സിലിലെ വാക്‌പോരുകള്‍ പലപ്പോഴും കൈയ്യാങ്കളിയില്‍ വരെ എത്താറുണ്ടെന്ന് ഇരു സംഘടനകളിലേയും പ്രവര്‍ത്തകര്‍ പറയുന്നു. അതുകൂടാതെ വ്യാജന്മാരുടെ കടന്നു കയറ്റവും നിത്യസംഭവമായിരിക്കുന്നു. ഈ വ്യാജന്മാരെ സൃഷ്ടിക്കുന്നതാകട്ടേ ഇരു സംഘടനകളിലെ നേതാക്കന്മാരും. ഇന്ത്യന്‍ (കേരള) രാഷ്ട്രീയ പാര്‍ട്ടികളെ വെല്ലുന്ന രീതിയിലാണ് ഈ ദേശീയ സംഘടനകളിലെ ചില പ്രവര്‍ത്തകര്‍ വോട്ടിനു വേണ്ടി തന്ത്രങ്ങള്‍ പയറ്റുന്നത്. 'അരമന രഹസ്യം അങ്ങാടിപ്പാട്ട്' എന്നു പറഞ്ഞതുപോലെ, ഈ സംഘടനകളില്‍ നടക്കുന്ന കള്ളത്തരങ്ങളെല്ലാം ഇപ്പോള്‍ വാര്‍ത്തകളായും ലേഖനങ്ങളായും പുറത്തു വന്നുകൊണ്ടിരിക്കുന്നു. പലരും പല വിധത്തിലാണ് വാര്‍ത്തകള്‍ പടച്ചു വിടുന്നത്. അതുകൊണ്ട് ദോഷം സംഭവിക്കുന്നതും അവര്‍ക്കു തന്നെ.
തങ്ങള്‍ക്ക് വോട്ടു കിട്ടുകയില്ലെന്ന, അല്ലെങ്കില്‍ അനുകൂലമായി വോട്ടു ചെയ്യില്ലെന്ന് ബോധ്യം വന്നാല്‍ അംഗ സംഘടനകളില്‍ ഭിന്നിപ്പുണ്ടാക്കി 'ചാക്കിട്ട് പിടിക്കുന്ന' രീതിയും, വ്യാജ സംഘടനകളുണ്ടാക്കി (കടലാസ് സംഘടനകള്‍) അതുവഴി ഡെലിഗേറ്റുകളെ കൊണ്ടുവന്ന് വോട്ടു ചെയ്യിക്കുന്ന പ്രവണതയും കൂടി വരികയാണ്. 2006-ലെ ഫൊക്കാന പിളര്‍പ്പിനുശേഷം ഫൊക്കാനയും ഫോമയും മത്സരിച്ചാണ് അംഗസംഘടനകളില്‍ നിന്ന് അനുകൂലികളെ പാട്ടിലാക്കിയിരുന്നത്. തന്മൂലം നിരവധി സംഘടനകളിലെ പ്രവര്‍ത്തകര്‍ ചേരിതിരിഞ്ഞ് പ്രവര്‍ത്തിക്കാനും തുടങ്ങി. ഈയൊരു അവസ്ഥക്ക് വിരാമമിടേണ്ടത് ഫോമയും ഫൊക്കാനയുമാണ്.
ഒരു പ്രാദേശിക സംഘടനയ്ക്ക് ഫൊക്കാനയിലും ഫോമയിലും അംഗത്വം നല്‍കാനുള്ള വ്യവസ്ഥകള്‍ അവരുടെ ഭരണഘടനയില്‍ തന്നെ നിഷ്ക്കര്‍ഷിച്ചിട്ടുണ്ട്. അതുപോലെ, പുതിയതായി അംഗത്വമെടുക്കുമ്പോള്‍ അംഗസംഘടനകള്‍ പാലിക്കേണ്ട നിയമങ്ങളും നിബന്ധനകളും ഫോമയുടേയും ഫൊക്കാനയുടേയും ഭരണഘടനയില്‍ വിശദമായി നിഷ്ക്കര്‍ഷിച്ചിട്ടുമുണ്ട്. എന്നിട്ടും ആ ഭരണഘടനയെ പാടെ അവഗണിച്ചുകൊണ്ടുള്ള പ്രവര്‍ത്തികളാണ് തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ഇരു സംഘടനകളിലും കാണുന്നത്. ഭരണഘടനയില്‍ പറയാത്ത കാര്യങ്ങള്‍ ചെയ്യുക, അതിനെ ചോദ്യം ചെയ്യുന്നവരെ മറുചോദ്യങ്ങളും മുട്ടുന്യായങ്ങളും കൊണ്ട് നേരിടുക എന്നീ പ്രവണത സംഘടനയിലുള്ള വിശ്വാസം മാത്രമല്ല, ജനാധിപത്യ മര്യാദയും നഷ്ടപ്പെടുത്തും.
ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകളില്‍ ഫോമയില്‍ രണ്ട് അംഗസംഘടനകള്‍ക്ക് അംഗത്വം നല്‍കിയില്ലെന്നും, അതിലൊന്ന് ആല്‍ബനിയിലെ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ (സിഡിഎംഎ) ആണെന്നും കാണുകയുണ്ടായി. 1993-ല്‍ രൂപീകരിച്ച ഈ അസ്സോസിയേഷന്റെ സ്ഥാപക സെക്രട്ടറി എന്ന നിലയില്‍ ആറു വര്‍ഷത്തോളം സേവനം ചെയ്യുകയും രണ്ടു ടേമുകളിലായി മൂന്നു വര്‍ഷം (1999-2001 & 2006-2007) പ്രസിഡന്റ് പദവി വഹിക്കുകയും ചെയ്ത വ്യക്തിയെന്ന നിലയില്‍ ഈ സംഘടനയില്‍ എന്താണ് സംഭവിച്ചതെന്നും, എന്തുകൊണ്ടാണ് ഈ സംഘടന ഇങ്ങനെയൊരു വിവാദത്തില്‍ ചെന്നു പെട്ടതെന്നും വിവരിക്കുന്നത് ഉചിതമാണെന്നു തോന്നി.
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്‍ രൂപീകരിക്കുന്ന സമയത്ത് ആകെ 30-35 മലയാളി കുടുംബങ്ങളാണ് ആല്‍ബനിയിലും പരിസര പ്രദേശങ്ങളിലും താമസിച്ചിരുന്നത്. അവരില്‍ അസ്സോസിയേഷനില്‍ സജീവമായി പങ്കെടുത്തിരുന്നത് 20-25 കുടുംബങ്ങളും..! ഒരു മലയാളി അസ്സോസിയേഷന്‍ ആല്‍ബനിയില്‍ വേണമെന്ന ആവശ്യത്തിന് മുന്‍പന്തിയില്‍ നിന്ന് പ്രവര്‍ത്തിച്ച നാലഞ്ചു പേരില്‍ ഒരാളാണ് ഞാന്‍. അതനുസരിച്ച് അതിന്റെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ തുടങ്ങുകയും, നിരവധി പേരുടെ അക്ഷീണ പ്രയത്നം കൊണ്ട് ഒരു ഭരണഘടനക്ക് രൂപം നല്‍കി, രണ്ട് അറ്റോര്‍ണിമാര്‍ ദിവസങ്ങളോളം അത് ശ്രദ്ധയോടെ പഠിച്ച് മാറ്റങ്ങള്‍ വരുത്തി 1993 മാര്‍ച്ച് 26ന് അത് സുപ്രീം കോടതി ജഡ്ജി ലോറന്‍സ് ഇ കാഹ്‌ന്‍ അംഗീകരിച്ച് ഒപ്പിടുകയും, 1993 മാര്‍ച്ച് 31ന് ന്യൂയോര്‍ക്ക് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ രജിസ്റ്റര്‍ ചെയ്യുകയും ചെയ്തു. 1993 ആഗസ്റ്റ് 29-ന് അസ്സോസിയേഷന്റെ ഔദ്യോഗിക ഉദ്ഘാടനം നിര്‍വ്വഹിച്ചത് പ്രശസ്ത ഗായകന്‍ നിലമ്പൂര്‍ കാര്‍ത്തികേയന്‍ ആയിരുന്നു. 20 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയില്‍ സെക്രട്ടറിയായിരുന്നു ലേഖകന്‍. 1995ല്‍ ലേഖകന്‍ കൂടി മുന്‍കൈ എടുത്താണ് ഫൊക്കാനയില്‍ അംഗത്വമെടുത്തത്. ഈ അസ്സോസിയേഷന്‍ രൂപീകരിക്കാനും, തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഉപദേശ നിര്‍ദ്ദേശങ്ങള്‍ നല്‍കി ഞങ്ങള്‍ക്ക് പ്രോത്സാഹനം തന്നുകൊണ്ടിരുന്ന ശ്രീ ജെ. മാത്യൂസ് സാറിനെ ഇത്തരുണത്തില്‍ നന്ദിയോടെ സ്മരിക്കട്ടേ. ഫൊക്കാനയിലെ അന്നത്തെ നേതാവായിരുന്ന അദ്ദേഹത്തിന്റെ നിര്‍ദ്ദേശം സ്വീകരിച്ചുകൊണ്ടാണ് ഫൊക്കാനയില്‍ അംഗത്വമെടുത്തത്. തുടര്‍ന്ന് ഫൊക്കാനയുടെ ഒരു സജീവ അംഗസംഘടനയായി വര്‍ഷങ്ങളോളം നിലകൊണ്ടു. ഓരോ രണ്ടു വര്‍ഷം കൂടുമ്പോഴും അംഗത്വം പുതുക്കുകയും ചെയ്തിരുന്നു. 2006-2008 കാലയളവില്‍ ഞാന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നതിനുശേഷം ഫൊക്കാനയില്‍ 2008-10ലെ അംഗത്വവും പുതുക്കിയിരുന്നു. 2008 ആയപ്പോഴേക്കും ആല്‍ബനി ഏരിയയില്‍ മലയാളി കുടുംബങ്ങളുടെ എണ്ണവും കൂടി. ഇപ്പോള്‍ ഏകദേശം ഇരുന്നൂറോളം കുടുംബങ്ങളുണ്ട്.
2007-08ല്‍ എന്റെ പ്രസിഡന്റ് പദവി ഒഴിയുകയും പുതിയ ഭരണസമിതി നിലവില്‍ വരികയും ചെയ്തതോടെ 'താന്‍ പോരിമ'യും വര്‍ദ്ധിച്ചു. പുതുതായി വന്നവരെല്ലാം അസ്സോസിയേഷനില്‍ മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിച്ച കൂട്ടത്തില്‍ വ്യക്തി താല്പര്യം സംരക്ഷിക്കുവാന്‍ അവര്‍ ആദ്യം ചെയ്തത് അസ്സോസിയേഷന്റെ ഭരണഘടന തന്നെ മാറ്റിയെഴുതുകയായിരുന്നു. യാതൊരു പ്രശ്നവുമില്ലാതെ വളരെ നല്ല രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സിഡിഎംഎയുടെ ഭരണഘടന എന്തിനാണ് മാറ്റുന്നതെന്ന് അന്ന് പലര്‍ക്കും സംശയമുണ്ടായിരുന്നു. പക്ഷെ, പുതുതായി വന്നു ചേര്‍ന്നവര്‍ ദുരൂഹപരമായാണ് എല്ലാം ചെയ്തത്. ചോദ്യം ചെയ്യുന്നവരെ 'ഒതുക്കാന്‍' ഒരു കോക്കസ് തന്നെ അവര്‍ രൂപപ്പെടുത്തിയെടുത്തു. അവര്‍ തട്ടിക്കൂട്ടിയെടുത്ത ഭരണഘടന 2009 ആഗസ്റ്റ് 30ന് ചേര്‍ന്ന പൊതുയോഗത്തില്‍ (ഓണാഘോഷ വേളയില്‍) സമര്‍പ്പിച്ചെങ്കിലും അത് പാസ്സാക്കിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതിന്റെ കാരണം നിരവധി പോരായ്മകള്‍ തന്നെ. നിലവിലുള്ള ഭരണഘടനയില്‍ ഭേദഗതി (Amendment) വരുത്താതെ പുതിയതൊരെണ്ണം എഴുതിയുണ്ടാക്കുകയാണ് അവര്‍ ചെയ്തത്. അംഗങ്ങളുടെ അഭിപ്രായം അറിയാന്‍ അത് അയച്ചുകൊടുത്തിരുന്നെങ്കിലും, നിലവിലെ ഭരണഘടന അയച്ചുകൊടുത്തതുമില്ല. പുതിയ ഭരണഘടന എഴുതിയുണ്ടാക്കാനുള്ള കാരണം പറഞ്ഞത് പഴയ ഭരണഘടനയിലെ 'ഭാഷ' ശരിയല്ല എന്നാണ്. പൊതുയോഗത്തില്‍ അത് അവതരിപ്പിച്ചപ്പോള്‍ തന്നെ എതിര്‍പ്പുകള്‍ ഉയര്‍ന്നു. ലേഖകനും അന്ന് പല ചോദ്യങ്ങളും ചോദിച്ചെന്നു മാത്രമല്ല, ബൈലോ കമ്മിറ്റിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുകയും ചെയ്തു. കാരണം, അവരില്‍ മൂന്നു പേര്‍ സിഡിഎംഎയുടെ മുന്‍ പ്രസിഡന്റുമാരും സെക്രട്ടറിമാരുമൊക്കെ ആയിരുന്നു. 1993-ല്‍ അവര്‍ കൂടി ഉള്‍പ്പെട്ട കമ്മിറ്റിയായിരുന്നു സിഡിഎംഎയുടെ പ്രഥമ ഭരണഘടന തയ്യാറാക്കി സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റില്‍ ഫയല്‍ ചെയ്തത്. ആ ഭരണഘടനയ്ക്ക് അനുസൃതമായാണ് അവര്‍ പ്രവര്‍ത്തിച്ചിരുന്നതും. ബൈലോ റിവ്യൂ കമ്മിറ്റിയിലെ മറ്റു നാലുപേര്‍ പിന്നീട് ആല്‍ബനിയിലേക്ക് താമസം മാറ്റിയവരാണ്. അവരുടെ കൂടെ ചേര്‍ന്ന് നിലവിലെ ഭരണഘടന ശരിയല്ല എന്നു പറയുന്ന മുന്‍ ഭാരവാഹികള്‍, അവര്‍ അതുവരെ സംഘടനയെ നയിച്ചത് ഒരു തെറ്റായ ഭരണഘടന വെച്ചുകൊണ്ടാണെന്ന് പറയാതെ പറയുകയായിരുന്നു. തന്നെയുമല്ല, അങ്ങനെ ചെയ്തത് അസ്സോസിയേഷനിലെ അംഗങ്ങളേയും പൊതുജനങ്ങളേയും കബളിപ്പിക്കുകയുമായിരുന്നു എന്ന് അവര്‍ മനസ്സിലാക്കാതെ പോയി. അംഗങ്ങളുടെ നിരവധി ചോദ്യങ്ങള്‍ക്ക് ശരിയായ മറുപടി നല്‍കാന്‍ ബൈലോ കമ്മിറ്റിക്ക് കഴിഞ്ഞില്ല. ലേഖകന്റെ ചോദ്യങ്ങള്‍ ടൈപ്പ് ചെയ്ത് സെക്രട്ടറിയെ ഏല്പിച്ചിരുന്നു. അതില്‍ ഒന്നിനു പോലും മറുപടി തന്നില്ല. ബഹളം അനിയന്ത്രിതമായപ്പോള്‍ അംഗങ്ങളുടെ അഭിപ്രായങ്ങള്‍ ശേഖരിച്ച് അടുത്ത പൊതുയോഗത്തില്‍ അവതരിപ്പിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. അതോടെ ബൈലോ കമ്മിറ്റി ഫയലും മടക്കി സ്ഥലം വിടുകയും ചെയ്തു.
എന്നാല്‍, പിന്നീടാണ് അവര്‍ കൃത്രിമം നടത്തിയത്. പൊതുയോഗം അംഗീകരിക്കാത്ത/പാസ്സാക്കാത്ത ഭരണഘടന രണ്ട് പേരുടെ വീടുകളില്‍ ചെന്ന് അവരെ പ്രലോഭിപ്പിച്ച് ഒപ്പിടീച്ചു. ഈ വിവരം വളരെ വൈകിയാണ് ആ ഒപ്പിട്ട ഒരാളില്‍ നിന്ന് ലേഖകന്‍ അറിയുന്നത്. പൊതുയോഗത്തില്‍ എന്റെ തൊട്ടടുത്തിരുന്ന് ചോദ്യങ്ങള്‍ ചോദിച്ച് ബഹളമുണ്ടാക്കിയ അതേ വ്യക്തി തന്നെയാണ് ആ മാന്യദേഹമെന്നതാണ് ഏറെ വിചിത്രം. അദ്ദേഹം ഇപ്പോള്‍ അഡ്വൈസറി ബോര്‍ഡിലുണ്ട്. മറ്റേ വ്യക്തിയാകട്ടേ സിഡിഎംഎയുടെ സജീവ പ്രവര്‍ത്തകയും നിരവധി കമ്മിറ്റികളില്‍ വിവിധ തസ്തികയില്‍ പ്രവര്‍ത്തിച്ചിട്ടുള്ളതുമാണ്. 2009-നു ശേഷം ഇന്നുവരെയുള്ള 12 വര്‍ഷക്കാലം സിഡിഎംഎ ഭരിച്ച കമ്മിറ്റികള്‍ ഒരു 'വ്യാജ' ഭരണഘടനയുമായാണ് പ്രവര്‍ത്തിക്കുന്നതെന്നത് ലജ്ജാകരമാണ്. തന്നെയുമല്ല, വ്യാജ ഭരണഘടന തയ്യാറാക്കിയവരും അവര്‍ക്ക് കൂട്ടുനിന്നവരും പിന്നീട് ഈ സംഘടനയുടെ പ്രസിഡന്റുമാരും സെക്രട്ടറിമാരുമൊക്കെയായി ഇപ്പോള്‍ അഡ്വൈസറി ബോര്‍ഡ് എന്ന പേരില്‍ സംഘടനയെ നയിക്കുന്നു. അതേക്കുറിച്ച് ഇവിടെ ആരോടെങ്കിലും പറഞ്ഞാല്‍ ഓരോ 'മുട്ടുന്യായങ്ങള്‍' പറഞ്ഞ് ഒഴിഞ്ഞുമാറുകയാണ് പതിവ്.
ഏതു സംഘടനയായാലും, കാലാനുസൃതമായി ഭരണഘടനയില്‍ മാറ്റങ്ങള്‍ വരുത്തുന്നത് സംഘടനയുടെ അഭിവൃദ്ധി ലക്ഷ്യം വെച്ചുകൊണ്ടുള്ളതായിരിക്കണം. എന്നാല്‍, ഏതാനും ചില വ്യക്തികളുടെ താല്പര്യത്തിനാണെങ്കില്‍ ആ സംഘടന നാമാവശേഷമാകുമെന്നതില്‍ തര്‍ക്കമില്ല. അതു തന്നെയാണ് ഇപ്പോള്‍ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷനും സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഈ സംഘടനയെയാണ് ഇപ്പോള്‍ വ്യജമായി ഫോമയില്‍ അംഗമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ഫോമയിലെ തന്നെ ചിലര്‍ ശ്രമിക്കുന്നത്.
2010-ലെ ഫൊക്കാന കണ്‍വന്‍ഷന്‍ ആല്‍ബനിയില്‍ അരങ്ങേറിയെങ്കിലും അന്നത്തെ സിഡിഎംഎ ഭാരവാഹികള്‍ അത് ബഹിഷ്ക്കരിക്കുകയായിരുന്നു. അതിന്റെ കാരണം ഫൊക്കാന കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ ആല്‍ബനിയില്‍ രണ്ടു പേരെ കൂട്ടുപിടിച്ച് മറ്റൊരു സംഘടന രൂപീകരിക്കാന്‍ ശ്രമിച്ചതായിരുന്നു. ആ സംഭവം ഏറെ വിവാദങ്ങള്‍ക്ക് കാരണമായി എന്നു മാത്രമല്ല ഫൊക്കാന ഇവിടത്തെ സംഘടനയെ പിളര്‍ത്താന്‍ ശ്രമിച്ചു എന്ന പേരുദോഷവും നേടി. അതോടെ അന്നത്തെ സിഡിഎംഎ ഭാരവാഹികള്‍ ഒന്നടങ്കം ഫൊക്കാനയ്ക്കെതിരെ തിരിയുകയും കണ്‍വന്‍ഷനില്‍ ആരും പങ്കെടുക്കരുതെന്ന് ഇവിടത്തെ മലയാളികളോട് ആഹ്വാനം ചെയ്യുകയും ചെയ്തു.
2009-10 കാലഘട്ടത്തിലാണെന്നു തോന്നുന്നു ഫോമയുടെ വെബ്‌സൈറ്റില്‍ കൊടുത്തിരുന്ന അംഗസംഘടനകളുടെ ലിസ്റ്റില്‍ ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന്റെ പേര് കണ്ടപ്പോള്‍ അതേക്കുറിച്ച് ഞാന്‍ അന്വേഷണവും നടത്തി. അന്നത്തെ ഫോമ സെക്രട്ടറിയുമായും ഞാന്‍ സംസാരിച്ചു. അദ്ദേഹം പറഞ്ഞത് സിഡിഎംഎ ഫോമയില്‍ അംഗത്വമെടുത്തു എന്നാണ്. എന്നാല്‍, അതിന്റെ രേഖകള്‍ ആവശ്യപ്പെട്ടെങ്കിലും തന്നില്ല. സിഡിഎംഎയുടെ ട്രഷറര്‍ പറഞ്ഞത് ഫോമയ്ക്ക് അസ്സോസിയേഷന്റെ ചെക്ക് കൊടുത്തിട്ടില്ല എന്നാണ്. പിന്നെ എങ്ങനെ ഫോമയില്‍ അംഗത്വമെടുത്തു എന്ന ചോദ്യത്തിന് ഉത്തരം നല്‍കേണ്ടത് ഫോമ തന്നെയാണ്.
നിയമപരമായി ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് ഫോമയില്‍ അംഗത്വമെടുക്കാം, ഫൊക്കാനയിലെ അംഗത്വം പുതുക്കുകയും ചെയ്യാം. പക്ഷെ, എല്ലാം വളഞ്ഞ വഴിക്കേ ചെയ്യൂ എന്ന് ശാഠ്യം പിടിക്കുന്നവരോട് എത്ര പറഞ്ഞിട്ടും കാര്യമില്ല. 'മുന്‍വാതില്‍ തുറന്നു കിടന്നിട്ടും പിന്‍വാതിലിലൂടെ കയറുന്ന' സ്വഭാവം ആര്‍ക്കും നല്ലതല്ല. സിഡിഎംഎയുടെ ഫോമയിലെ അംഗത്വത്തെച്ചൊല്ലി നിരവധി സംശയങ്ങളും ചോദ്യങ്ങളും നിലനില്‍ക്കേ തന്നെ, 2018-ല്‍ ഏഴ് പേരുടെ ഒരു ഡെലിഗേറ്റ് ലിസ്റ്റ് ഈ സംഘടനയില്‍ നിന്ന് ഫോമയ്ക്ക് ലഭിച്ചിരുന്നു. അന്നത്തെ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായിരുന്ന അനിയന്‍ ജോര്‍ജ്, ഗ്ലാഡ്സണ്‍ വര്‍ഗീസ്, ഷാജി എഡ്വേര്‍ഡ് എന്നിവര്‍ ഡെലിഗേറ്റ് ലിസ്റ്റ് സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കുകയും ആല്‍ബനിയിലെ സിഡിഎംഎയുടെ ഡെലിഗേറ്റ് ലിസ്റ്റില്‍ സംശയം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ ഞാന്‍ അതേക്കുറിച്ച് അന്വേഷണവും നടത്തി. എന്റെ സുഹൃത്തു കൂടിയായ അന്നത്തെ സിഡിഎംഎ പ്രസിഡന്റിനോട് കാര്യങ്ങള്‍ തിരക്കിയപ്പോള്‍ അങ്ങനെയൊരു ഡെലിഗേറ്റ് ലിസ്റ്റ് അസ്സോസിയേഷന്‍ അയച്ചിട്ടില്ല എന്നാണ് അറിയാന്‍ കഴിഞ്ഞത്. തന്നെയുമല്ല ഡേലിഗേറ്റ് ലിസ്റ്റില്‍ പെട്ട ഏഴു പേരും ഒരു കുടുംബത്തിലെ അംഗങ്ങളായിരുന്നു. അവര്‍ അസ്സോസിയേഷന്റെ അനുമതിയോ അറിവോ ഇല്ലാതെയാണ് പേരുകള്‍ അയച്ചിട്ടുള്ളതെന്നും ലേഖകന്‍ തന്നെ ഫോമ തിരഞ്ഞെടുപ്പു കമ്മീഷണര്‍മാരെ അറിയിച്ചിരുന്നു. കൂടാതെ, സിഡിഎംഎ ഫോമയിലെ അംഗസംഘടനയല്ല എന്ന് പ്രസിഡന്റ് ഇ-മെയില്‍ വഴി അറിയിക്കുകയും ചെയ്തു. ഫോമ തിരഞ്ഞെടുപ്പ് കമ്മീഷണര്‍മാര്‍ക്ക് അംഗസംഘടനകളുടെ രജിസ്ട്രേഷന്‍ വിവരങ്ങളും അനുബന്ധ രേഖകളും ഔദ്യോഗികമായി സെക്രട്ടറിയാണ് നല്‍കുന്നതെന്നായിരുന്നു അന്ന് എനിക്ക് കിട്ടിയ മറുപടി. ഡെലിഗേറ്റുകളുടെ ലിസ്റ്റ് അയച്ച വ്യക്തിയോട് ഞാന്‍ കാര്യങ്ങള്‍ വിശദീകരിച്ച് ധരിപ്പിക്കുകയും, ഇനി മേലില്‍ സിഡിഎംഎ കമ്മിറ്റിയുടെ അറിവോ അനുമതിയോ ഇല്ലാതെ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യരുതെന്നും ഞാന്‍ നിര്‍ദ്ദേശിച്ചിരുന്നു. അദ്ദേഹം അതു സമ്മതിക്കുകയും ചെയ്തതാണ്.
പക്ഷെ, സിഡിഎംഎ വീണ്ടും മറ്റൊരു വിവാദത്തിലകപ്പെട്ടിരിക്കുകയാണിപ്പോള്‍. കഴിഞ്ഞ വര്‍ഷം (2019-ല്‍) നടന്ന തിരഞ്ഞെടുപ്പില്‍ മേല്പറഞ്ഞ വ്യക്തിയെ പ്രസിഡന്റായി തിരഞ്ഞെടുത്തു. ഫോമയുടെ അനുഭാവിയായ അദ്ദേഹത്തോട് ആദ്യം ഞാന്‍ പറഞ്ഞത് ഫോമയില്‍ അംഗത്വമെടുക്കാനുള്ള ഏര്‍പ്പാടുകള്‍ ചെയ്യണമെന്നാണ്. അതോടൊപ്പം ഫൊക്കാനയുടെ അംഗത്വം പുതുക്കുകയും വേണമെന്നും പറഞ്ഞു. ഫോമയില്‍ പുതിയ അംഗത്വത്തിന് അപേക്ഷ സമര്‍പ്പിക്കേണ്ടതിന്റെ വിവരങ്ങളും നല്‍കിയിരുന്നു. പക്ഷെ, ഫോമയിലെ തന്നെ ആരൊക്കെയോ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടെന്നതിന് തെളിവാണ് ഇപ്പോള്‍ അംഗത്വം പുതുക്കണമെന്ന ആവശ്യവുമായി അദ്ദേഹം ഫോമയെ സമീപിച്ചതില്‍ നിന്ന് മനസ്സിലാകുന്നത്. അംഗത്വമില്ലാതെ എങ്ങനെ അംഗത്വം പുതുക്കും എന്ന ചോദ്യമാണ് ഇവിടെ അവശേഷിക്കുന്നത്. ഫോമയിലെ കമ്മിറ്റിയില്‍പെട്ടവര്‍ തന്നെ അദ്ദേഹത്തെ തെറ്റിദ്ധരിപ്പിക്കുന്നുണ്ടോ എന്നും സംശയിക്കേണ്ടിയിരിക്കുന്നു.
മറ്റൊരു പ്രധാന വിഷയം, റോച്ചസ്റ്ററിലുള്ള 'നവരംഗ്' എന്ന ഒരു സംഘടനയുടെ 2016-ലെ ഡെലിഗേറ്റ് ലിസ്റ്റില്‍ മേല്‍പറഞ്ഞ വ്യക്തിയുടേയും ഭാര്യയുടേയും പേരുകള്‍ എങ്ങനെ കടന്നുകൂടി എന്നുള്ളതാണ്. അതേക്കുറിച്ചുള്ള ലേഖകന്റെ അന്വേഷണത്തില്‍ അങ്ങനെയൊരു സംഭവം നടന്നതായി ഈ വ്യക്തിക്ക് അറിയില്ല എന്ന മറുപടിയാണ് ലഭിച്ചത്. ആ ലിസ്റ്റില്‍ മറ്റൊരു വ്യക്തിയുടേയും പേരുണ്ട്. ആ വ്യക്തിയാകട്ടേ ആല്‍ബനി നിവാസിയല്ല. പക്ഷെ, ഫോണ്‍ നമ്പര്‍ മേല്പറഞ്ഞ വ്യക്തിയുടെ വീട്ടിലെ നമ്പറാണ് !! അതെങ്ങനെ സംഭവിച്ചു എന്ന് അന്വേഷിക്കേണ്ടത് ഫോമയാണ്. ചുരുക്കിപ്പറഞ്ഞാല്‍ വ്യാജ (കടലാസ്) സംഘടനകളേയും വ്യാജ ഡെലിഗേറ്റുകളേയും തിരിച്ചറിഞ്ഞ് അവര്‍ക്കെതിരെ ഉചിതമായ നടപടിയെടുക്കേണ്ടത് ഫോമ തന്നെയാണ്. അല്ലാതെ, കേവലം വോട്ടിനു വേണ്ടി അത്തരക്കാരെ സൃഷ്ടിക്കുന്നവരെ പ്രോത്സാഹിപ്പിക്കുകയല്ല വേണ്ടത്. വോട്ടുകള്‍ക്കു വേണ്ടി ഏത് വളഞ്ഞ വഴിയും സ്വീകരിക്കുന്ന പ്രവര്‍ത്തകര്‍ ഫോമയിലും ഫൊക്കാനയിലും തുടരുന്നിടത്തോളം കാലം സംഘടനകളുടെ വിശ്വാസ്യതയെ ചോദ്യം ചെയ്യുന്നവരുടെ എണ്ണവും കൂടും.
ക്യാപിറ്റല്‍ ഡിസ്ട്രിക്റ്റ് മലയാളി അസ്സോസിയേഷന് ഏത് സംഘടനയിലും അംഗത്വമെടുക്കാം. അതിന് ഒരു തടസ്സവുമില്ല. ഫോമയിലോ ഫൊക്കാനയിലോ അംഗത്വമെടുക്കരുതെന്ന് പൊതുയോഗം തീരുമാനിച്ചിട്ടുണ്ട് എന്നു പറയുന്നത് ശുദ്ധ അസംബന്ധമാണ്. അങ്ങനെയൊരു സംഭവം ഉണ്ടായിട്ടേ ഇല്ല. പൊതുയോഗം അംഗീകരിക്കാത്ത/പാസ്സാക്കാത്ത ബൈലോയ്ക്ക് നിയമസാധുതയില്ല എന്ന് ആര്‍ക്കാണ് അറിഞ്ഞുകൂടാത്തത്. ആരും അതേക്കുറിച്ച് ചോദിക്കാനോ വീണ്ടും പൊതുയോഗം കൂടി അത് അവതരിപ്പിക്കാനോ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നതാണ് സത്യം.
അവസാനമായി പറയാനുള്ളത് വ്യാജ രേഖകളുണ്ടാക്കി അംഗത്വമെടുക്കാന്‍ ശ്രമിക്കുന്നവര്‍ക്കെതിരെ എന്ത് നടപടി സ്വീകരിക്കണമെന്ന് തീരുമാനിക്കേണ്ടത് ഫോമയും ഫൊക്കാനയുമാണ്.